Tuesday, August 4, 2015

ആസക്തിയെ പിടിച്ചു കെട്ടുമ്പോള്‍ - കമിതാക്കള്‍ക്കും മലയാള സിനിമക്കുമിടയില്‍ 14 ഉപസംഹാരം



ഏതൊക്കെ ഘടകങ്ങളും പശ്ചാത്തലങ്ങളും രാഷ്‌ട്രീയ-സാമുദായിക-ലിംഗാധിഷ്‌ഠിത മുന്‍ ധാരണകളും പക്ഷപാതിത്വങ്ങളും സദാചാര (തെറ്റി)ധാരണകളുമാണ്‌ പ്രണയത്തെ സാധ്യമാക്കുന്നതും അസാധ്യമാക്കുന്നതും; പ്രസക്തമാക്കുന്നതും അപ്രസക്തമാക്കുന്നതും; വ്യക്തിമാത്രമാക്കുന്നതും സാമൂഹികമാക്കുന്നതും; എന്ന അന്വേഷണം തന്നെയാണ്‌ മലയാള സിനിമയുടെ പ്രണയചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോഴും നമ്മെ ഉത്‌ക്കണ്‌ഠാകുലരാക്കുന്നത്‌. അങ്ങിനെ തിരിഞ്ഞുനോക്കുമ്പോഴും മുന്നോട്ടു നോക്കുമ്പോഴുമാണ്‌; സ്വതന്ത്ര പ്രണയം മാത്രമല്ല, സ്വാതന്ത്ര്യബോധം തന്നെ നമുക്ക്‌ നഷ്‌ടമാകുകയാണെന്ന വസ്‌തുതയില്‍ നാം എത്തിച്ചേരുന്നത്‌.
#love #desire #malayalacinema

Monday, August 3, 2015

ആസക്തിയെ പിടിച്ചു കെട്ടുമ്പോള്‍ - കമിതാക്കള്‍ക്കും മലയാള സിനിമക്കുമിടയില്‍ 13 തട്ടത്തിന്‍ മറയത്ത്‌



അതീവ ഗുരുതരവും വര്‍ഗീയവുമായ ഒറ്റപ്പെടുത്തലുകള്‍ക്ക്‌ കേരളത്തിലെയും ഇന്ത്യയിലെയും മുസ്ലിം സമുദായം വിധേയമാകുന്ന സന്ദര്‍ഭത്തില്‍ വ്യവഹരിക്കപ്പെടുന്ന തട്ടത്തിന്‍ മറയത്ത്‌(2012/വിനീത്‌ ശ്രീനിവാസന്‍) മാതൃകയിലുള്ള പ്രണയം/പ്രണയതടസ്സം/വിഘാതം നീക്കല്‍/പ്രണയവിജയം എന്ന ആഖ്യാനം എന്തെന്തു ഫലങ്ങളാണ്‌ കേരളീയ സമൂഹത്തിലും മലയാള സിനിമയിലും ഉണ്ടാക്കുക എന്ന്‌ ആലോചിക്കേണ്ട ബാധ്യത അന്ന്‌ അവഗണിക്കപ്പെട്ടു. വിനോദ്‌ നായര്‍(നിവിന്‍ പോളി) എന്ന കാമുകാവതാരത്തിന്റെ കഥാപാത്രവത്‌ക്കരണം കുറെക്കൂടി സൂക്ഷ്‌മമായി വിശകലനം ചെയ്‌തു നോക്കുക. മുസ്ലിം പെണ്‍കുട്ടികളുടെ തട്ടമിടലിനെയും പര്‍ദാധാരണത്തെ തന്നെയും സഹിഷ്‌ണുതയോടെ മാത്രമല്ല, അനുഭാവത്തോടെയും ആരാധനയോടെയും രക്ഷാകര്‍തൃത്വത്തോടെയും പരിഗണിക്കുന്ന ഒരു വിശാലകാമുകഹൃദയവും സൗന്ദര്യാരാധകനുമാണിയാള്‍. അതേ സമയം, സമുദായത്തിനകത്തു തന്നെയുള്ള അബ്‌ദു(അജു വര്‍ഗീസ്‌) പര്‍ദയെയും തട്ടമിടലിനെയും രൂക്ഷമായി പരിഹസിക്കുകയും സമുദായത്തിനു മേല്‍ ആരോപണമായി വന്നു നിറയുന്ന സദാചാരപോലീസിനെതിരെ മെയ്‌ക്കരുത്തോടെ ചെറുത്തു നില്‍ക്കുകയും ചെയ്യുന്നുണ്ട്‌. പയ്യന്നൂര്‍ കോളേജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാലാ കലോത്സവവേളയില്‍ അവളെ അനുഗമിച്ചെത്തുന്ന വിനോദ്‌ ഒപ്പമുള്ള അബ്‌ദുവിനോട്‌ ചോദിക്കുന്നു: ഓള്‌ എന്നെ നോക്കി ചിരിച്ചില്ലേടാ? ആകെ അഞ്ചര ഇഞ്ച്‌ മാത്രം പുറത്തു വരുന്ന ശരീരഭാഗത്തു നിന്ന്‌ ഞാനെന്തു കണ്ടു പിടിക്കാനാണ്‌? 

പെണ്ണ്‌ കറുത്ത വസ്‌ത്രം കൊണ്ട്‌ മൂടിവെക്കേണ്ടത്‌ സ്വപ്‌നങ്ങളല്ല, അവളുടെ പരിശുദ്ധിയാണ്‌ എന്നൊക്കെയുള്ള ആദര്‍ശവത്‌ക്കരണങ്ങള്‍ക്കും സ്‌ത്രീ വേഷധാരണത്തെ വിധേയമാക്കുന്ന ഈ സിനിമ എല്ലാ അര്‍ത്ഥത്തിലും സ്‌ത്രീ വിരുദ്ധമാണെന്നതും എടുത്തു പറയേണ്ടതുണ്ട്‌. സ്‌ത്രീകളുടെ സ്വാതന്ത്ര്യം, സ്വാശ്രയത്വം, പുരോഗമനേഛ എന്നിവയൊക്കെ സ്വന്തം കാലില്‍ നില്‌ക്കാനുള്ള പ്രേരണകളും അഭിവാഞ്‌ഛകളുമല്ലെന്നും എവിടെ നിന്നോ കടന്നു വന്ന ഒരു ഒലിപ്പിക്കലുകാരന്റെ കൂടെ കൂടി അവനെ ആലിംഗനം ചെയ്യുന്നതാണെന്നുമുള്ള വാദമാണ്‌ ചിത്രത്തിലുയര്‍ന്നു നില്‍ക്കുന്നത്‌. തട്ടമിട്ട പെണ്ണിന്റെ മുഖചൈതന്യത്തെക്കുറിച്ച്‌ വാചാലനാകുന്ന കാമുകന്റെ ധാരണകള്‍, അവളെ പുരുഷനിര്‍മിതമായ വസ്‌ത്രധാരണശീലത്തിനകത്ത്‌ കുടുക്കിയിട്ട്‌ രക്ഷിക്കുന്ന മനോഭാവത്തിന്റെ പ്രദര്‍ശനമാണ്‌. 


നിരവധി പ്രണയങ്ങള്‍ക്കു ശേഷമാണ്‌ അവന്‍ ഈ തട്ടമിട്ടവളിലെത്തുന്നതെന്നും, അവന്റെ അകമ്പടിക്കാരനായ അബ്‌ദു ഒരേ സമയം അഞ്ചു, നിഞ്ചു, മഞ്ചു എന്നിവരോടൊക്കെ സല്ലപിക്കുന്നവനാണെന്നും സ്ഥാപിക്കുന്നുണ്ട്‌. ഇത്തരം പുരുഷകേസരിത്വങ്ങള്‍ക്കു പകരം; പുരുഷവര്‍ഗം കല്‍പിച്ചു നല്‍കിയിരിക്കുന്ന വസ്‌ത്ര കല്‍പനകളിലും സുരക്ഷിത പ്രണയ-വിവാഹ-കുടുംബ വ്യവസ്ഥക്കകത്തും ഒതുങ്ങിനില്‍ക്കുകയാണ്‌ സ്‌ത്രീ ചെയ്യേണ്ടത്‌ എന്ന ഉപദേശമാണ്‌ പൊതുബോധനിര്‍മിതിക്കായി ചിത്രം മുന്നോട്ടു വെക്കുന്നത്‌. 
#thattathinmarayathu #desire #love #malayalacinema #dresscode

Sunday, August 2, 2015

ആസക്തിയെ പിടിച്ചു കെട്ടുമ്പോള്‍ - കമിതാക്കള്‍ക്കും മലയാള സിനിമക്കുമിടയില്‍ 12 അരികെ




ശരീരങ്ങള്‍ തമ്മിലുള്ള ആകര്‍ഷണവും കാമാസക്തിയുമല്ലാതെ സ്‌ത്രീ പുരുഷ സ്‌നേഹവും പ്രണയവും `പരിശുദ്ധ' പ്രണയവും നിലനില്‍ക്കുന്നുണ്ടോ എന്ന അടിസ്ഥാനപരമായ പ്രഹേളിക വീണ്ടും അന്വേഷിക്കുകയാണ്‌ അരികെ(2012) എന്ന സിനിമയിലൂടെ ശ്യാമപ്രസാദ്‌. നിര്‍ബന്ധമായും സ്‌നേഹത്തിനായുള്ള ഒരു ത്വര, അഭിവാഞ്‌ഛ നമ്മളിലെല്ലാമുണ്ടെന്ന്‌ ശ്യാമപ്രസാദ്‌ പറയുന്നു. സ്‌നേഹത്തെ സംബന്ധിച്ച മിഥ്യകളും വിലക്കുകളും നമുക്കിടയില്‍ സജീവമാണ്‌, എന്നിരിക്കിലും അതിനായുള്ള അടക്കിനിറുത്താനാവാത്ത ഒരാഗ്രഹം നമ്മളില്‍ തങ്ങിനില്‍ക്കുന്നു. സ്‌നേഹത്തില്‍ നിന്ന്‌ ആഹ്ലാദമാണ്‌ നാം ആത്യന്തികമായി ലക്ഷ്യമിടുന്നത്‌. പക്ഷെ നമുക്കത്‌ ലഭിക്കുന്നുണ്ടോ എന്ന ചോദ്യമാണ്‌ താനീ സിനിമയിലൂടെ ഉന്നയിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ത്രികോണപ്രേമകഥയിലെ മൂന്നു മൂലകളായ ശന്തനു(ദിലീപ്‌), കല്‍പന(സംവൃത സുനില്‍), അനുരാധ(മംമ്‌ത മോഹന്‍ദാസ്‌) എന്നിവരല്ലാതെ നിരവധി കഥാപാത്രങ്ങള്‍ കാമാസക്തി, ശരീരാകര്‍ഷണം എന്നീ പ്രാഥമിക വികാരങ്ങളുമായി സിനിമയിലാകമാനം ചുറ്റിത്തിരിയുന്നുണ്ട്‌. അനുരാധ, സിനിമകളില്‍ പതിവുള്ള കേരളീയത നിറഞ്ഞു നില്‍ക്കുന്ന വലിയ തറവാട്ടു വീടില്‍ കൗമാരകാലം കഴിച്ചു വരവെയാണ്‌ എത്രയോ കഥകളില്‍ കണ്ടു മുട്ടിയ കസിന്‍ സഹോദരന്‍(വിനീത്‌), വിദേശത്തു നിന്ന്‌ ഫ്‌ളയിംഗ്‌ സന്ദര്‍ശനത്തിനെത്തുന്നത്‌. നാട്ടിലെ ബന്ധുക്കളോട്‌ അതും തന്നെക്കാളും പ്രായം കുറഞ്ഞവരോട്‌ പുഛവും സഹതാപവും കൗതുകവും എല്ലാം കലര്‍ന്ന ടിപ്പിക്കല്‍ മനോഭാവം തന്നെയാണയാള്‍ക്കുമുള്ളത്‌. ഇതിന്റെ മുഴുനീള വെര്‍ഷന്‍ കാണാന്‍ രഞ്‌ജിത്തിന്റെ നന്ദനമോ മറ്റോ കണ്ടാലും മതി. മദാമ്മമാര്‍ക്കൊക്കെയും പൂച്ചയുടെ മണമാണെന്നും(മലയാളികളല്ലാത്തവരോട്‌ വെറുപ്പോ വികര്‍ഷണമോ ഉണ്ടാക്കുന്ന കപടാഭിമാനത്തിന്റെ ലക്ഷണമാണോ ഇത്‌?) ഡിഗ്രി ഒന്നാം വര്‍ഷത്തിനു പഠിക്കുന്ന അനുരാധക്ക്‌ മഴ പെയ്‌ത ഉടനെയുള്ള തുളസിച്ചെടിയുടെ നറു മണമാണെന്നും മറ്റും പ്രലോഭിപ്പിച്ച്‌ അവന്‍ അവളുടെ ശരീരം ഉപയോഗിക്കുന്നു. 
നാളെ ദില്ലിയിലും മറ്റന്നാള്‍ യുകെയിലും എത്തുമെന്നും പിന്നെ തിരികെ വരുമെന്ന വാഗ്‌ദാനവുമായി കാണാതാകുന്ന അയാളിലൂടെ പുരുഷനെ മനസ്സിലാക്കിയെന്ന്‌ സ്വയം വിശ്വസിക്കുന്ന അവള്‍, പ്രകടമായ പുരുഷദ്വേഷിയല്ലെങ്കിലും തന്റെ സ്വകാര്യ ജീവിതത്തിലേക്ക്‌ അത്തരമൊരാളെ പ്രവേശിപ്പിക്കേണ്ടെന്ന കടുത്ത തീരുമാനവുമായിട്ടാണ്‌ നടപ്പ്‌. ആരെങ്കിലുമൊരാള്‍ വരട്ടെ, നിന്നോടെനിക്ക്‌ പ്രണയമാണെന്ന വര്‍ത്തമാനവുമായി; അയാളോട്‌ വയ്യ എന്നു പറയാനായി അവള്‍ തയ്യാറായിരിക്കുകയാണ്‌. എന്നാലാരും അതിനായി എത്തുന്നില്ല. അവസാനം, കല്‍പനയാല്‍ തിരസ്‌കരിക്കപ്പെട്ട ശന്തനു അവളോട്‌ ഇഷ്‌ടമാണെന്ന്‌ പറയാതെ പറയുമ്പോഴേക്കും അത്‌ നിരസിക്കാനാകാതെ അവള്‍ പ്രണയത്താല്‍ മൂടപ്പെടുകയും ചെയ്‌തിരുന്നു. സംവിധായകനാകട്ടെ, അത്‌ ആവിഷ്‌ക്കരിക്കാന്‍ കാത്തു നില്‍ക്കാതെ സിനിമ അവസാനിപ്പിക്കുകയും ചെയ്‌തു.

വിനീതില്‍ നിന്ന്‌, കൗമാരകാലത്ത്‌ തനിക്കുണ്ടായ ലൈംഗിക/പ്രണയ ദുരനുഭവത്തെ തുടര്‍ന്ന്‌ കാമാസക്തിയും ശാരീരികാകര്‍ഷണവുമല്ലാതെ പരിശുദ്ധ പ്രണയം എന്നൊന്ന്‌ നിലനില്‍ക്കുന്നില്ലെന്ന ധാരണയുമായി ജീവിച്ചിരുന്ന അനുരാധയുടെ മുന്നില്‍ അഥവാ അവള്‍ കൂടി മുഴുവന്‍ സമയവും പങ്കാളിയായിക്കൊണ്ട്‌ ശന്തനുവും കല്‍പനയും തമ്മിലുള്ള ഗാഢപ്രണയം ആവിഷ്‌ക്കരിക്കപ്പെടുകയാണ്‌. അവളാണ്‌ എല്ലായ്‌പോഴും എന്തെങ്കിലും നുണ പറഞ്ഞ്‌ കല്‍പനയെ അയാളിലേക്കെത്തിക്കുന്നത്‌. അയാളുടെ മധുരമനോജ്ഞമായ കത്തുകള്‍ക്കുള്ള കല്‍പനയുടെ മറുപടികളെപ്പോഴും എഴുതുന്നത്‌ അനുരാധയാണ്‌. 

കല്‍പന തന്നെ തിരസ്‌കരിച്ചപ്പോള്‍, തനിക്കാ തേന്‍ കിനിയുന്ന കത്തുകളിനി ലഭിക്കില്ലല്ലോ എന്നാണ്‌ ശന്തനു അനുരാധയോട്‌ പരിതപിക്കുന്നത്‌. കത്തുകളിലെ പ്രണയാതുരമായ ഭാഷ ശരീരം/മനസ്സ്‌ എന്ന മനുഷ്യാവസ്ഥയുടെ ഒരു ആവിഷ്‌ക്കാരം തന്നെയാണല്ലോ. ആ ആവിഷ്‌ക്കാരത്തില്‍ ശന്തനു ആകൃഷ്‌ടനാകുന്നത്‌, അതിനു പിറകിലെ ശരീരത്തോടുള്ള ആസക്തി തന്നെയാണ്‌. അപ്പോള്‍, സത്യത്തില്‍ ആ കത്തെഴുതിയിരുന്ന അനുരാധയോടു തന്നെയല്ലേ ശന്തനുവിന്റെ ആസക്തി? സിനിമക്കെന്നു പറഞ്ഞ്‌ ക്രൗണ്‍ തിയറ്ററിലെത്തുന്ന കല്‍പനയെ ബീച്ചില്‍ സല്ലാപത്തിനായി ശന്തനു കൊണ്ടു പോകുമ്പോള്‍ ഒഴിഞ്ഞുമാറുന്ന അനുരാധയെ നിര്‍ബന്ധിച്ച്‌ അവര്‍ രണ്ടു പേരും ചേര്‍ന്ന്‌ കൂടെക്കൂട്ടുന്നു. അവള്‍ കൂടി ആ അഗാധ പ്രണയത്തില്‍ മുഴുകുന്നതു കൊണ്ടാണ്‌, ഓട്ടോറിക്ഷ ഡ്രൈവര്‍ (എന്ന അധകൃതന്‍) പുറകിലിരിക്കുന്ന യാത്രക്കാരായ അവരുടെ സ്വകാര്യ സംഭാഷണങ്ങളിലേക്കും സ്‌ത്രീ ശരീരങ്ങളിലേക്കും തന്റെ ശ്രദ്ധ പതിപ്പിക്കുന്ന അശ്ലീല പ്രവൃത്തിയെ അവള്‍ കാണാതെ പോകുന്നത്‌. ശന്തനുവിന്റേതും കല്‍പനയുടേതും ലോകത്തിലവസാനത്തെ പ്രണയമാണെന്നാണ്‌ അനുരാധയുടെ വിലയിരുത്തല്‍. തനിക്കുണ്ടായ വഞ്ചനയുടേതായ പുരുഷാനുഭവത്തെത്തുടര്‍ന്ന്‌ മാംസനിബദ്ധമല്ലാത്ത രാഗം എന്ന കവി കല്‍പനയില്‍ തനിക്കിനി ഒരു കാലത്തും വിശ്വാസമര്‍പ്പിക്കാനാവില്ല എന്ന ദൃഢ നിശ്ചയം ആണ്‌ ആ നിരീക്ഷണത്തിന്റെ പ്രാഥമികാടിസ്ഥാനം. ലോകത്ത്‌ ആരും ഒന്നും തങ്ങള്‍ക്ക്‌ പ്രശ്‌നമല്ലെന്നു കരുതി അതിനെയെല്ലാം പുറന്തള്ളിക്കൊണ്ട്‌ ശന്തനുവും കല്‍പനയും ഗാഢപ്രണയത്തില്‍ മുഴുകുന്നതാകട്ടെ തനിക്ക്‌ മുന്നില്‍ അത്ഭുതമായി നിവരുകയുമാണ്‌. എന്നാലത്‌ കേവലം ശാരീരികാകര്‍ഷണം മാത്രമാണെന്ന തിരിച്ചറിവ്‌ അവള്‍ക്ക്‌ ലഭിക്കാതെ പോകുന്നു. വേണ്ടെന്നു പറഞ്ഞിട്ടും അവര്‍ക്കായി അനുരാധ അനുവദിച്ചു നല്‍കുന്ന സ്വകാര്യ നിമിഷങ്ങളില്‍, കല്‍പനയുടെ മനോഹരമായ കാല്‍പാദത്തെ ഓമനിക്കുന്ന ശന്തനു അവളുടെ ചെറു വിരല്‍ താന്‍ മുറിച്ചെടുത്ത്‌ സൂക്ഷിച്ചോട്ടെ എന്നു ചോദിക്കുന്നത്‌ ശാരീരികാകര്‍ഷണവും ആരാധനയും തന്നെയാണ്‌ പ്രണയത്തിന്റെ രൂപവും ഉള്ളടക്കവും എന്ന്‌ തെളിയിക്കാനാണ്‌. അപകടത്തില്‍ പെട്ട്‌ ആ ചാരുതയെല്ലാം നഷ്‌ടമാകുന്ന അവളില്‍ ശന്തനുവിന്റെ താല്‍പര്യം അവശേഷിക്കാനിടയില്ല എന്ന തോന്നല്‍ കൊണ്ടു കൂടിയായിരിക്കണം അവള്‍ അവനെ തിരസ്‌കരിച്ച്‌ സാമ്പ്രദായിക വിവാഹത്തിലേക്ക്‌ രക്ഷപ്പെടുന്നത്‌. മലര്‍ ഓര്‍മ നഷ്‌ടപ്പെട്ടവളായിത്തീര്‍ന്നിരിക്കുന്നു എന്ന്‌ തിരിച്ചറിയുന്നതോടെ ഒരു നിമിഷം പാഴാക്കാതെ സ്ഥലം കാലിയാക്കുന്ന പ്രേമത്തിലെ നായകനും ഇതേ പോലെ, ഉപയോഗിച്ചതിനു ശേഷം വലിച്ചെറിഞ്ഞു കളയുക(യൂസ്‌ ആന്റ്‌ ത്രോ എവേ) എന്ന ആശയമാണ്‌ പ്രാവര്‍ത്തികമാക്കുന്നത്‌.
#arike #truelove #desire #malayalacinema

Saturday, August 1, 2015

ആസക്തിയെ പിടിച്ചു കെട്ടുമ്പോള്‍ - കമിതാക്കള്‍ക്കും മലയാള സിനിമക്കുമിടയില്‍ 11 പ്രണയം



പ്രണയ(2011)ത്തിലെ പല സംഭാഷണങ്ങളും എഴുതുമ്പോള്‍ അവ തന്നെ തന്നെ ഭയപ്പെടുത്തിയിരുന്നു എന്നും ലൈംഗികത എന്ന വാക്ക്‌ ഉപയോഗിക്കുന്നതില്‍ പോലും അശ്ലീലം കാണുന്ന രീതിയിലേക്ക്‌ സാംസ്‌കാരിക കേരളം മാറിയത്‌ വെല്ലുവിളിയായിരുന്നു എന്നുമാണ്‌ സംവിധായകനായ ബ്ലെസി തുറന്നു പറയുന്നത്‌. പ്രണയം, ഒളിച്ചോട്ടം, കുടുംബം, കുടുംബരൂപീകരണം, മതവിശ്വാസം, മാതാപിതാക്കള്‍, ലൈംഗികത, കുട്ടികള്‍, അവരുടെ ദാമ്പത്യം, അവരുടെ കുട്ടികള്‍, അയല്‍ക്കാര്‍, സമുദായം, സ്വകാര്യത, ഒളിഞ്ഞുനോട്ടം എന്നിങ്ങനെ നിരവധി പൊള്ളുന്ന വിഷയങ്ങളാണ്‌ `പ്രണയം' എന്ന സിനിമയില്‍ കൈകാര്യം ചെയ്‌തും കൈകാര്യം ചെയ്യാന്‍ മടിച്ചും സജീവവും നിര്‍ജീവവുമാകുന്നത്‌. ലോക സിനിമ അനായാസം കൈകാര്യം ചെയ്യുന്നതാണ്‌ ഈ വിഷയങ്ങളെന്നിരിക്കെ ലോകനിലവാരമുണ്ടെന്നവകാശപ്പെടുന്ന മലയാള സിനിമ ഇതില്‍ നിന്നെല്ലാം ഒളിച്ചോടുന്നതെന്തുകൊണ്ട്‌? ഏതു കാലത്താണ്‌ ഇനി, മലയാള സിനിമക്ക്‌ പക്വമാവാനും ലോകാവസ്ഥയോട്‌ സമകാലികമാവാനും സാധിക്കുക? ഈ അസാധ്യതകളെ ഉത്‌പാദിപ്പിക്കുന്നത്‌ ആരാണ്‌? എന്തു ശക്തികളും ആശയങ്ങളുമാണ്‌? ഔദ്യോഗിക സെന്‍സറിംഗാണോ അതോ സജീവമായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക-സദാചാര പോലീസാണോ?
സ്വന്തം പിതാവിന്റെ ലൈംഗികാസക്തിയെ എപ്രകാരമാണ്‌ മക്കള്‍ അഭിമുഖീകരിക്കുന്നതെന്ന ഗുരുതരമായ സദാചാരപ്രതിസന്ധിയെയാണ്‌ ബ്ലസ്സി പരിചരിക്കാന്‍ ശ്രമിക്കുന്നത്‌. 


പക്ഷെ, മൂടി മൂടി വെച്ചിട്ട്‌, കാമ്പും കരുത്തും ചോര്‍ത്തിക്കളഞ്ഞിട്ടാണെന്നു മാത്രം. മാതാപിതാക്കളെ മാതാപിതാക്കളായിട്ടും തങ്ങളുടേതു പോലെ ആസക്തിയും മനസ്സും ശരീരവുമുള്ള മനുഷ്യ വ്യക്തിത്വങ്ങളായിട്ടും കാണാനും പരിഗണിക്കാനും മക്കള്‍ എന്നു തയ്യാറാവും എന്നത്‌ കേരളീയര്‍ അഭിമുഖീകരിക്കുന്ന ആഴത്തിലുള്ള ഒരു പ്രശ്‌നമാണ്‌. ഈ പ്രശ്‌നമായിരുന്നു, പ്രണയം എന്ന സിനിമയെ സമകാലികപ്രസക്തിയുള്ളതാക്കി മാറ്റുന്ന വിധത്തില്‍ വികസിപ്പിക്കാന്‍ പ്രേരകമാകേണ്ടിയിരുന്നത്‌. എന്നാലതിനു ധൈര്യമില്ലാതെ ശരീര സ്‌പര്‍ശന രംഗത്തോടെ ഗ്രേസിന്റെ ജീവിതം അവസാനിപ്പിക്കുന്ന തിരക്കഥയില്‍ ബ്ലസ്സി മുഖം പൂഴ്‌ത്തുകയാണ്‌ ചെയ്യുന്നത്‌. മകള്‍ ലൂസിയാന്റെ വീട്ടിലെത്തുന്ന ഡാനിയും അയാളുടെ സുഹൃത്ത്‌ ഭാര്‍ഗവിയും(ഡാനി/ടി വി ചന്ദ്രന്‍/2001) 

രാത്രിയാകുമ്പോള്‍ ഒരു മുറിയിലല്ല കിടന്നുറങ്ങുന്നത്‌ എന്നു മനസ്സിലാക്കിയ ലൂസിയാന്‍ ചോദിക്കുന്നു : പപ്പാ യൂ ആര്‍ നോട്ട്‌ മേന്‍ ഏന്റ്‌ വൈഫ്‌? ഭാര്യയും ഭര്‍ത്താവുമല്ലാത്തതു കൊണ്ട്‌ നിശബ്‌ദരായി നില്‍ക്കുന്ന ഡാനിയെയും ഭാര്‍ഗ്ഗവിയെയും നോക്കി അവള്‍ വീണ്ടും: ഛെ എന്താ ഇത്‌ പപ്പാ, ഈ വയസ്സ്‌ കാലത്ത്‌ - വാട്ട്‌ ഡു യു മീന്‍?, കാതറീന്‍, ഹൗ വള്‍ഗര്‍ - ഇവര്‍ ഹസ്‌ബന്റും വൈഫും അല്ലാന്ന്‌. മകളായ ലൂസിയാന്‍ അനുഭവിക്കുന്ന ഈ വിക്ഷോഭത്തിന്റെ അര്‍ത്ഥം, സ്വന്തം പിതാവ്‌ ഒരു സ്‌ത്രീ സുഹൃത്തിനോടൊപ്പം യാത്ര ചെയ്യുന്നു എന്നതിലെ സദാചാര പ്രതിസന്ധിയാണ്‌. സദാചാരവും സദാചാരപ്പൊലീസും മനുഷ്യജീവിതത്തെയും അതിന്റെ നൈസര്‍ഗിക-സ്വാഭാവിക വികാരങ്ങളെയും അസാധ്യമാക്കുകയും വിരുദ്ധമാക്കുകയും ചെയ്യുന്ന പ്രക്രിയയുടെ തടവുകാരാണ്‌ മുഴുവന്‍ മലയാളികളും എന്ന്‌ വ്യക്തമാക്കുന്ന ഒരു രംഗമായിരുന്നു ടി വി ചന്ദ്രന്‍ ആവിഷ്‌ക്കരിച്ചത്‌.
കാമൗര കാലത്ത്‌ മഴ നനഞ്ഞ്‌ പാട്ടു പാടിയും കല്‍ക്കരിപ്പുക തുപ്പുന്ന തീവണ്ടിയില്‍ അടുത്തടുത്തിരുന്ന്‌ യാത്ര ചെയ്‌തും ഉണ്ടായ സാമീപ്യത്തിലും വികാരത്തള്ളിച്ചയിലുമാണ്‌ പ്രണയത്തിലെ മുഖ്യ കഥാപാത്രങ്ങളായ അച്യുതമേനോനും(അനുപം ഖേര്‍) ഗ്രേസും(ജയപ്രദ) 


തമ്മില്‍ പ്രണയത്തിലാവുന്നത്‌. അസഹനീയമായ ഏതാനും പാട്ടുകളുടെ പശ്ചാത്തലത്തിലായതിനാലാകണം, ഈ പഴംപ്രണയം കാണികളെ അസ്വസ്ഥരാക്കുന്നുണ്ടായിരുന്നു. അവരവരുടെ മതബോധവും വിശ്വാസവും നിലനിര്‍ത്തിക്കൊണ്ടും എന്നാല്‍ പരസ്‌പരം സ്വാധീന/ആധിപത്യങ്ങള്‍ക്ക്‌ വിധേയമാക്കാതെയും ഒരു മതേതര-ആധുനിക കുടുംബം കെട്ടിപ്പടുക്കാനുള്ള അവരുടെ പരിശ്രമം വഴിയില്‍ വെച്ച്‌ തടസ്സപ്പെടുന്നു. മകനെ കൂടെ കൂട്ടാതെ ഒരമ്മ മറ്റൊരു വിവാഹത്തിലേക്ക്‌ കയറിപ്പോയി എന്ന്‌ മലയാളികള്‍ എപ്രകാരമായിരിക്കും വിശദീകരിക്കുകയും ബോധ്യപ്പെടുകയും ചെയ്യുക? കാമാര്‍ത്തി മൂത്ത്‌ അല്ലെങ്കില്‍ ധനാര്‍ത്തി മൂത്ത്‌ അവള്‍ പോയി എന്നാണ്‌ എളുപ്പത്തില്‍ കൊടുക്കാന്‍ പറ്റുന്ന വ്യാഖ്യാനം. കാമമാകട്ടെ; ഏറ്റവും പ്രാകൃതികവും ദൈവികവും പവിത്രവുമായ മാനുഷിക വികാരമായിട്ടും, കുറ്റം എന്ന നിലക്കാണ്‌ മലയാളി ആന്തരവത്‌ക്കരിച്ചിരിക്കുന്നത്‌. കാമാര്‍ത്തിക്കാരിയായ അമ്മയോട്‌, മാതൃദൈവ സങ്കല്‍പത്തിന്റെ പ്രാക്തനസ്‌മൃതികള്‍ കൂടി ബോധത്തില്‍ ലയിപ്പിച്ചിട്ടുള്ള മകന്‍ സുരേഷ്‌(അനൂപ്‌ മേനോന്‍) കടുത്ത വെറുപ്പാണ്‌ പ്രകടിപ്പിക്കുന്നത്‌. കൃസ്‌ത്യന്‍, നായര്‍ പോലുള്ള വരേണ്യ സമുദായങ്ങളില്‍ പെട്ടവരുടെ, ഉള്ളില്‍ വിക്ഷോഭം തിളച്ചു മറിയുന്നതും പുറമേക്ക്‌ വ്യാജ സമാധാനം നിലനില്‍ക്കുന്നതുമായ കുടുംബരൂപീകരണപ്രതിസന്ധിയാണ്‌ പ്രണയത്തിലുള്ളതെങ്കില്‍, ഇതേ കുടുംബം വിപരീതം വ്യക്തി എന്ന പ്രതിസന്ധി ദളിതര്‍ അനുഭവിക്കുന്നതിനെ വരേണ്യസമുദായാംഗം എപ്രകാരം കാണുന്നു എന്ന്‌ നോക്കാം. ഇന്ദുമേനോന്റെ ചക്‌ലിയന്‍ എന്ന കഥയില്‍ (ചുംബനശബ്‌ദതാരാവലി - ഡി സി ബുക്‌സ്‌ -പേജ്‌ 15 മുതല്‍ 23 വരെ) 

തുകല്‍ കൊണ്ട്‌ ചെരുപ്പും ബാഗും തുന്നുന്ന ജോലിയിലേര്‍പ്പെട്ട ഒരു ദളിതന്റെ ഭാര്യ അരുന്ധതി അവരുടെ രണ്ടു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം യാത്രയാകുന്നു. കഥയില്‍ മുഖ്യ കഥാപാത്രമായ അയാള്‍ക്ക്‌ ചക്‌ലിയന്‍ എന്നല്ലാതെ സ്വന്തമായി ഒരു പേരു പോലുമില്ല. ജീവിതത്തിലെ എല്ലാ തോല്‍വികള്‍ക്കും ശേഷം ഒരു മഴ പെയ്യാറുള്ളത്‌ ചക്‌ലിയന്‍ ഓര്‍ത്തു. അയാളുടെ ഭാര്യ അരുന്ധതി കുഞ്ഞുങ്ങളെയും അയാളെയും ഉപേക്ഷിച്ചു പോയ ഉഷ്‌ണകാല വൈകുന്നേരം. പിന്നീട്‌, മകളായ ആരതി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുന്നു. അവളുടെ ശരീരം ഇറക്കി കിടത്തി ക്രൂരനായ ദുര്‍മന്ത്രവാദിയേപ്പോലെ അയാള്‍ കുനിഞ്ഞു നിന്ന്‌ കത്തി കൊണ്ട്‌ മകളുടെ വസ്‌ത്രങ്ങള്‍ അറുത്തു കീറി. എണ്ണയുടെ നിറമുള്ള അവളുടെ പുറം വിവൃതമായി. കഴുത്തിനു താഴെ ഉളി വച്ച്‌ മേല്‍ത്തൊലിമേല്‍ വരഞ്ഞു. മരിച്ചിട്ടും ചൂടു വിടാത്ത അവളുടെ ചോര രത്‌നമണികള്‍ പോലെ തിളങ്ങി തിളങ്ങി വിടര്‍ന്നു. യെന്‍ രാസാത്തി മിറിഗം. അയാള്‍ കണ്ണുകള്‍ ഒന്നു കൂടി അമര്‍ത്തിത്തുടച്ചു. അതിനു ശേഷം ഒരു തുള്ളി ചോര പോലും നിലത്ത്‌ ചിന്തിപ്പോകാത്ത വിധം, മകളുടെ കഴുത്തരികില്‍ നിന്നും തൊലി പതിയെ ഉരിച്ച്‌ വലിച്ചു വലിച്ച്‌ താഴേക്ക്‌ കീറിയെടുത്തു. കട്ട പിടിച്ചു തുടങ്ങിയ ചോരയുടെ ഗന്ധത്തില്‍, അയാള്‍ ഉന്മാദിയായൊരു വൃദ്ധനെപ്പോലെ പണിയായുധങ്ങള്‍ രാകിയെടുത്ത്‌ പതുക്കെ, വളരെ പതുക്കെ മനുഷ്യത്തുകല്‍ കൊണ്ട്‌ ഒരു മാന്ത്രികച്ചെരിപ്പ്‌ ഉണ്ടാക്കുവാന്‍ തുടങ്ങി. മത സാമുദായികതയില്‍ ഊന്നിയതും ഉറപ്പിച്ചതുമായ കുടുംബമല്ലാതെ നിലനില്‍ക്കില്ല എന്ന ബ്ലെസിയുടെ നിര്‍ബന്ധം തന്നെയാണ്‌; സാമുദായികമായ കുലത്തൊഴില്‍ -തോലുരിച്ച്‌ ചെരിപ്പുണ്ടാക്കുക - സ്വന്തം മകളുടെ ശവശരീരത്തിന്മേല്‍ പോലും പ്രയോഗിക്കാന്‍ തയ്യാറാവുന്ന ദളിത ജാതിക്കാരനായ ചക്‌ലിയനെ ഭാവന ചെയ്യുന്നതിലൂടെ ഇന്ദുമേനോനും കല്‍പ്പിച്ചെടുക്കുന്നത്‌. ആധുനിക - നവോത്ഥാനാന്തര കേരളത്തിനു യോജിച്ച സിനിമകളും കഥകളും തന്നെ!
#pranayam #lust #desire #love #malayalacinema