ഉള്‍ക്കാഴ്ച ജി പി രാമചന്ദ്രന്
Monday, April 4, 2016
കുട്ടിപ്പൊലീസിന്റെ ജനമൈത്രി ഇന്‍സ്റ്റലേഷനുകള്‍
സ്പിരിറ്റ് കടത്തുകാരുടെയും മണലൂറ്റുകാരുടെയും വണ്ടികള്‍ പിടിച്ചെടുത്താല്‍, നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് അവ ഉടമക്കു വിട്ടു കൊടുക്കുകയോ അതുമല്ലെങ്കില്‍ ലേലം ചെയ്ത് പൊതുഖജാനയിലേക്ക് മുതല്‍ക്കൂട്ടുകയോ ആണ് വേണ്ടത്. പൊലീസിന്റെയും നീതിന്യായ വ്യവസ്ഥയുടെയും `അഭിമാനകരവും അനുകരണീയവുമായ കാര്യക്ഷമത' മൂലം ഇതൊന്നും നടക്കാറില്ല. നടന്നില്ലെങ്കിലും സാധാരണക്കാരായ പൊതുജനത്തെ സംബന്ധിച്ചിടത്തോളം അതൊരു തലപുകക്കേണ്ട വിഷയവുമല്ല. എന്നാല്‍, ഇത്തരത്തില്‍ നിയമപരമായും ഭരണപരമായും അവസാനിപ്പിക്കാന്‍ പറ്റാത്ത വാഹനങ്ങളും അവശിഷ്ടങ്ങളും സര്‍ക്കാര്‍ സ്ഥലങ്ങളിലും പുറമ്പോക്കുകളിലും കൂട്ടിയിട്ട് ജീര്‍ണിക്കുന്നത്; കൊച്ചി മുസിരിസ് ബിനാലെയുടെ ട്രെയിലറോ ട്രീസറോ ആയി വിലയിരുത്തി അടിക്കുറിപ്പും നമ്പറുമിടാവുന്നതാണെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഇപ്പോള്‍ തന്നെ ഇത്തരത്തിലുള്ള രണ്ട് നിയമ-നീതിന്യായ നിര്‍വഹണ കാര്യക്ഷമത എന്ന ഇന്സ്റ്റലേഷന് കാണണമെന്നുള്ളവര്‍, പെരിന്തല്‍മണ്ണയിലെത്തിയാല്‍ മതി. മണ്ണാര്‍ക്കാട് റോഡിലുള്ള സഖാവ് ആര് എന്‍ മനഴി മുനിസിപ്പല്‍ ബസ്സ്റ്റാന്റിനും സര്‍ക്കാര്‍ വക ബീവറേജസ് ഔട്ട്ലെറ്റിനുമിടയില് താഴ്ന്നും പൊന്തിയും കിടക്കുന്ന രണ്ട് നെടുമ്പാതകള്ക്കിടയിലായും;
നഗരത്തിന്റെ ഒത്ത നടുക്ക് സബ്ജയിലിനും പോലീസ് സ്റ്റേഷനും മുമ്പില്‍ നിന്ന് സബ്രീന ബീര്‍ ആന്റ് വൈന്‍ ഹോട്ടലിനു(ആദര്‍ശവാദികള്‍ക്കു മുമ്പുള്ള ബാര്‍ ഹോട്ടല്‍ എന്നും പറയാം)മുന്നിലേക്കുള്ള വഴിയുടെ ഓരത്തും ആയി കാലങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചെടുത്തിട്ടുള്ള രണ്ട് സര്‍ക്കാര്‍ വിലാസം ഇന്‍സ്റ്റലേഷനുകള്‍ കാഴ്ചയിലേക്കും ബോധത്തിലേക്കും കുത്തിക്കയറി വന്നത്; ഗുണപാഠ-ഉപദേശ പ്രവാഹമായി നിരവധി സ്റ്റേഷന് ഡയറിക്കുറിപ്പുകള്‍ കുത്തിക്കെട്ടി ഉണ്ടാക്കിയിരിക്കുന്ന ഇന്സ്റ്റലേഷന് സിനിമയായ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമ കാണാനിടയായപ്പോഴാണ്.
ഓരോരോ കേസായി തൊട്ടു നോക്കാം. കേരളത്തിന്റെ പേര് തന്നെ ഉദ്ഭവിച്ചതെന്ന് (മലപ്പുറം ഭാഷയില്‍ പറഞ്ഞാല്‍ ഉല്പം) കരുതപ്പെടുന്ന കേരവൃക്ഷത്തിന്റെ ഫലമൂലമായ തേങ്ങ തോര്‍ത്തില്‍ കെട്ടി; പ്രതികളെന്ന് സംശയിച്ചും ഉറപ്പിച്ചും പിടിച്ചെടുക്കുന്ന മനുഷ്യശരീരങ്ങളെ ഇടിക്കുന്നതാണ് ബിജു പൗലോസ്(നിര്‍മാതാവ് നിവിന്‍ പോളി തന്നെ അഭിനയിക്കുന്നു) എന്ന സബ് ഇന്‍സ്പെക്ടറുടെ രീതി. ഇടം കൈ കൊണ്ട് എഴുതുന്ന ആളായതിനാല്‍ ടിയാനെ ഇടതുപക്ഷക്കാരനായി കരുതണമെന്നില്ല. രാഷ്ട്രീയക്കാരോടെല്ലാം പരമമായ ദേഷ്യമുള്ള വ്യക്തിയായതിനാല്‍ മധ്യ പക്ഷക്കാരനോ പക്ഷരാഹിത്യക്കാരനോ ആവാനാണ് സാധ്യത. കല്യാണം ഉറപ്പിക്കപ്പെട്ടിരിക്കെ അതിനുള്ള തയ്യാറെടുപ്പും ക്ഷണങ്ങളും അച്ചടക്കം പാലിച്ചുകൊണ്ട് അവധിക്കപേക്ഷിക്കലും എല്ലാം നിര്വഹിക്കുന്നതിനിടയില് അമ്പതിനായിരത്തിലൊരാളായി തുടരുന്ന പൊലീസ് ഇന്‍സ്പെക്ടര്‍, ജനങ്ങളുടെ സൈ്വര്യവും ഉറക്കവും മാനവും ധനവും സംരക്ഷിക്കുന്നതെങ്ങനെ എന്നാണ് വിവരിക്കപ്പെടുന്നത്. സ്റ്റേഷനില്‍ സിസിടിവി ക്യാമറ ഉണ്ടോ അതോ വേണ്ട സമയത്ത് അത് ഓഫായി പോകുമോ എന്നൊന്നുമറിയില്ല. എന്തായാലും ജോലി സമയത്ത്; പ്രതികളെ കീഴ് കോണ്‍സ്റ്റബിള്‍ മാര്‍ക്ക് ഇടിക്കാനും തൊഴിക്കാനും വിട്ടുകൊടുത്ത് പ്രതിശ്രുതവധുവുമായി ഫോണിലൂടെ സൊള്ളുന്നത് ക്രമസമാധാന പാലനത്തിന്റെ അപ്രഖ്യാപിത ബോണസായി കരുതിയാല്‍ മതി.
പാവപ്പെട്ടവരുടെ ജില്ലാ കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും പോലീസ് സ്റ്റേഷനാണെന്നാണ് ടിയാന്റെ ഭാഷ്യം. നൂറുകണക്കിന് സിനിമകളില്‍ വിവരിച്ചിട്ടുള്ളതു പോലെ; അധോലോകവും പറയുന്നത് സമാനമായ കാര്യമാണ്. പാവപ്പെട്ടവരുടെ പോലീസാണ് ഗുണ്ടകളും ക്വട്ടേഷന്‍കാരും. മറുവശവും ആലോചിച്ചു നോക്കുക. രാഷ്ട്രീയക്കാരും രാഷ്ട്രീയവും നാടിന്റെ നാശമാണെന്ന് വിവരിക്കുന്ന അതേ പോലീസുകാരനാണ്; നിയമവാഴ്ച പാവങ്ങള്‍ക്ക് അപ്രാപ്യമായതിനാല്‍ പോലീസ് ആ കുറവ് നികത്തിക്കൊടുക്കുന്നു എന്ന വ്യാഖ്യാനമാണ് അവിടെ സ്ഥാപിച്ചെടുക്കുന്നത്. പട്ടാളത്തിനും പോലീസിനും സമ്പൂര്‍ണാധിപത്യമുള്ള ഒരു അമിതാധികാര വാഴ്ചയാണ് ആഖ്യാതാക്കളുടെയും നിര്‍മാതാക്കളുടെയും സ്വപ്നത്തിലെ കിനാശ്ശേരി എന്നു ചുരുക്കം. ഇന്ത്യയില്‍ നടപ്പിലാക്കേണ്ടത് എന്ന് അവര്‍ തീരുമാനിച്ചിട്ടുള്ള അടിയന്തിരാവസ്ഥക്കനുകൂലമായ ജനപ്രിയത സൃഷ്ടിച്ചെടുക്കാനാണ് ഇത്തരത്തിലുള്ള ഗുണപാഠ കുട്ടിക്കഥകള്‍ സിനിമകളാക്കി വൈഡ് റിലീസ് ചെയ്ത് പരത്തി വിടുന്നത്.
കുട്ടിയെ പട്ടിയെ വിട്ടു കടിപ്പിച്ചു എന്ന ആരോപണത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട് ബിജു പോലീസ് പിടിച്ചെടുക്കുന്ന സാബു എന്ന ധനികനോടുള്ള പെരുമാറ്റം ശ്രദ്ധിക്കുക. അയാളെ തല്ലിച്ചതക്കുകയും ജഡ്ജിനു മുന്നില്‍ അടി കിട്ടിയിട്ടില്ലെന്ന് നുണ പറയാന്‍ ഭീഷണിപ്പെടുത്തുകയും, അയാള്‍ക്കു വേണ്ടി ഹാജരാകുന്ന വക്കീലിനെയും മനുഷ്യാവകാശ പ്രവര്‍ത്തകയെയും പരിഹസിച്ചു വിടുകയും ചെയ്യുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകയെ, സ്ത്രീ വെറും ശരീരമാണെന്നും ശരീരത്തിനു നേര്‍ക്കുള്ള ആക്രമണങ്ങള്‍ ചെറുക്കാന്‍ വേണ്ടി തിരിച്ച് മര്‍ദനം മാത്രമേ (നിയമപരമായ പരിഹാരങ്ങളൊന്നുമില്ലെന്നര്ത്ഥം!) പോംവഴിയുള്ളൂ എന്നും ഉപദേശിക്കുന്നു. ഇതിന് കഴിവില്ലാത്ത ഭര്‍ത്താവിനെ അതും മൂക്കിനു താഴെ മീശ വെക്കാത്തവന് എന്നു രണ്ടാളുടെയും മുമ്പില്‍ വെച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നു. സാമൂഹ്യപ്രവര്‍ത്തകയായ സ്ത്രീ എന്നത് ഭര്‍ത്താവിന് ആണത്തം പോരാത്തതിനാല്‍ നിലക്കു നിര്ത്താനറിയാത്തവള് എന്നാണ് പോലീസ് വ്യാഖ്യാനിച്ചിരിക്കുന്നത്. ലിംഗപരമായ വിവേചനവും മര്ദനാധികാരവും സാധൂകരിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന ഭരണഘടനാ വിരുദ്ധമായ മനോഭാവമാണ് ഈ നായകപൊലീസിനുള്ളത് എന്നാണിതില്‍ നിന്നു തെളിയുന്നത്. മൂന്നാം ലിംഗക്കാരനാണെന്നു തോന്നിപ്പിക്കുന്ന ഒരാളെ ചാന്തുപൊട്ട് എന്ന മനുഷ്യത്വവിരുദ്ധ സിനിമയിലെ കഥാപാത്രത്തിനു സമാനമായി അവതരിപ്പിച്ചിരിക്കുന്നതും ഇതിന്റെ തുടര്‍ ത്തെളിവാണ്.
ചെറുപ്പക്കാരുടെ തലമുടി വെട്ടലിനെയും ഫാഷനെയും നിശിതമായി പരിഹസിക്കുകയും തിരുത്താന്‍ ഉത്തരവിടുകയും ചെയ്യുന്ന പോലീസിന് ഇതിനുള്ള നിയമപിന്‍ബലം എന്താണുള്ളതെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം. ഫ്രീക്കന്‍ മാര്‍ എന്നു വിളിക്കപ്പെടുന്ന മുടി സ്പൈക്ക് ചെയ്യലും ലോ വെയിസ്റ്റ് ജീന്സിടലുമടക്കമുള്ള ഫാഷനുകളാണ് തിരുത്താന്‍ ഉത്തരവിടപ്പെട്ടിരിക്കുന്നത്. എഴുപതുകളിലെ അടിയന്തിരാവസ്ഥക്കാലത്ത് ഇതിനു സമാനമായ നടപടികളുണ്ടായതില്‍ പ്രതിഷേധിച്ചാണ് സഖാവ് പന്ന്യന്‍ രവീന്ദ്രന് മുടി നീട്ടിയതെന്ന് കേട്ടിട്ടുണ്ട്. അവന്മാര്ക്കെന്തുമാവാം, നമ്മളൊന്ന് മുടി നീട്ടിയാല്‍ കുഴപ്പം, ഷഡ്ഢിയുടെ ബ്രാന്റ് നെയിം പുറത്തറിഞ്ഞാല്‍ കുറ്റം എന്നു വിമര്‍ശിക്കുന്ന ഞാന്‍ സ്റ്റീവ് ലോപ്പസിലെ ശീര്ഷകഗാനത്തെയും ഈ മര്‍ദനാധികാര ദുര്വാഴ്ചാ രംഗം ഓര്‍മ്മയിലേക്കു കൊണ്ടുവന്നു.
ബിരുദാനന്തരബിരുദവും എം ഫിലും പാസായി (നെറ്റ് പാസായോ എന്നു വ്യക്തമാക്കുന്നില്ല) കിട്ടിയ കോളേജ് അധ്യാപക ജോലി വലിച്ചെറിഞ്ഞാണ് താന്‍ ആഗ്രഹിച്ച് ഈ സബ് ഇന്‍സ്പെക്ടര്‍ കുപ്പായത്തിലെത്തിയതെന്ന് ബിജു അഹങ്കരിക്കുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമവും പോലീസ് മാന്വലും, ഇത്തരത്തില്‍ മാഷുടെ പണി ഉപേക്ഷിച്ച് പോലീസാകാന്‍ ആഗ്രഹിച്ചെത്തിയവര്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് കൊടുക്കുന്നതെന്നറിയില്ല. കേരളചരിത്രത്തിലാദ്യമായി സ്കൂളില്‍ ചൂരലും ചൂരല്‍ കൊണ്ടുള്ള അടിയും നിയമം മൂലം നിരോധിച്ചത് കെ ബഷീര്‍, മലപ്പുറം ജില്ലാ വിദ്യാഭ്യാസ ആപ്പീസറായിരിക്കെയാണ്. ഇത്തരം ഉത്തരവുകളും അധ്യയനത്തില്‍ സ്നേഹത്തിനാണ് മുന്‍തൂക്കം കൊടുക്കേണ്ടതും എന്നുള്ള കാഴ്ചപ്പാടുകളെ നിരാകരിച്ചുകൊണ്ട് കുട്ടികളെ അധ്യാപകന് തല്ലിത്തല്ലി വളര്‍ത്തണമെന്ന ഉപദേശമാണ് ബിജു പോലീസ് പരസ്യമായി നടത്തുന്നത്.
കറുത്ത നിറമുള്ളവര്‍, വിവാഹക്കമ്പോള നിയമമനുസരിച്ചുള്ള സൗന്ദര്യക്കുറവുള്ളവര്, തടിച്ചവര്‍, മെലിഞ്ഞവര്‍, നീളം കൂടിയവര്‍, കുറഞ്ഞവര്‍, നല്ല വസ്ത്രം ധരിക്കാത്തവര്‍, ലുങ്കി ഉടുത്തവര്‍, കുളിക്കാത്തവര്‍, അടിവസ്ത്രം ധരിക്കാത്തവര്‍, ധരിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് ഒട്ടും കാണാത്ത വിധത്തില്‍ മേല്‍ വസ്ത്രം കൊണ്ട് ഒളിപ്പിച്ചു വെക്കാത്തവര്‍, മദ്യപാനികള്‍, അയല്‍ സംസ്ഥാനക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെയൊക്കെ സംശയത്തിന്റെയും ഭീഷണിയുടെയും നിഴലിലും ആക്രമണത്തിലും പീഡിപ്പിച്ചെടുക്കുന്നു. വീട്ടു വേലക്കാരെയും ദരിദ്രരെയും പരിഹസിക്കുകയും അവരുടെ പ്രണയങ്ങളെയടക്കം ക്രൂരമായി പരിഹസിച്ച് വിവരിക്കുകയും ചെയ്യുന്ന പഴയ തിരുവിതാംകൂറിലെ പ്രഹസനത്തിന്റെ രീതി, ആദ്യകാല മലയാള സിനിമയുടെ പതിവ് ഫോര്‍മുലയായിരുന്നു. ഓട്ടോറിക്ഷക്കാരനും അയാളുടെ കാമുകിയും തമ്മിലുള്ള പ്രണയത്തെ സവര്ണശരീരമുള്ള ഇന്‍സ്പെക്ടര്‍ പരിഹസിക്കുന്നത് ഇതിന്റെ തുടര്‍ച്ചയാണ്. മഹേഷിന്റെ പ്രതികാര(ദിലീഷ് പോത്തന്)ത്തിലും നായകന്റെ പ്രണയത്തിന് സമാന്തരമായി തൊട്ട കടയിലെ പണിക്കാരനും കടയുടമയുടെ മകളും തമ്മിലുള്ള പ്രണയത്തെ പരിഹാസ്യമായി അവതരിപ്പിച്ചിരിക്കുന്നത് കാണാം.
വേലി ചാടിയ പശു കോലു കൊണ്ട് ചാവും എന്ന പഴമൊഴി പറഞ്ഞ് ഭര്‍ത്താവിനെ പിരിഞ്ഞ് കാമുകന്റെ ഒപ്പം പോയ സ്ത്രീയെ ഉപദേശിക്കുന്ന ഇന്‍സ്പെക്ടര്‍ കേരളീയ നാട്ടിന്‍പുറങ്ങളില്‍ അടുത്ത കാലത്ത് സജീവമായ സദാചാര പോലീസിന്റെ ദുരാചാരത്തിലേക്ക് തരംതാഴുന്നു. സ്കൂള്‍ കുട്ടി, മയക്കുമരുന്ന് ഉപയോഗിച്ച് സ്വന്തം അമ്മയെ തലക്കിടിച്ച് മാല മോഷ്ടിക്കുന്ന കേസ് അന്വേഷിക്കുന്ന പോലീസ് അവന്റെ മുറിയിലെ തൊണ്ടികളും തെളിവുകളും വിശദമാക്കുന്ന ദൃശ്യം ശ്രദ്ധിക്കുക. ചുമരില്‍ വിഖ്യാത ഗായകന് ബോബ് മാര്‍ലിയുടെ പടവുമുണ്ട്. ബോബ് മാര്‍ലിയുടെ പടമുള്ള ടീഷര്ട്ടിട്ടവരെയും അത് ചുമരില്‍ പതിച്ചവരെയും കേരള പോലീസ് വ്യാപകമായി അറസ്റ്റ് ചെയ്യുന്നുവെന്ന വാര്‍ത്ത അതീവ സന്തോഷത്തോടെ ഏതോ പത്രം റിപ്പോര്‍ട് ചെയ്തതോര്‍ക്കുന്നു. അത് സാധൂകരിക്കുന്ന ദൃശ്യമാണ് ആക്ഷന്‍ ഹീറോ ബിജുവിലുള്ളത്.
(പ്രസാധകന് മാസിക മാര്‍ച്ച് 2016 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
#actionherobiju #kuttipolice #janamaithri #khaki
Friday, April 1, 2016
സിനിമയുടെ മനുഷ്യവിജ്ഞാനകോശം
എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ എറണാകുളം പബ്ലിക് ലൈബ്രറിയില്‍ വെച്ച് കൊച്ചിന് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ, പത്തു ദിവസത്തിലധികം നീണ്ടു നിന്ന ഒരു ചലച്ചിത്രാസ്വാദനക്യാമ്പില്‍ പങ്കെടുക്കാനെനിക്കവസരമുണ്ടായി. ക്യാമ്പിന്റെ ഡയരക്ടരായി പ്രവര്‍ത്തിച്ചത് നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ ഡയരക്ടര്‍ പി കെ നായരായിരുന്നു. പൂനെയില്‍ നിന്നെത്തിയ മറ്റ് രണ്ടു പേര് സ്ഥിരാധ്യാപകരായും മറ്റ് ചലച്ചിത്രകാരന്മാരും നിരൂപകരും അതിഥികളായുമെത്തി. വിടാതെ എല്ലാത്തരം സിനിമകളും കാണാറുണ്ടായിരുന്നെങ്കിലും, അവയെ ഗൗരവമായി സമീപിക്കുന്നതിനെ സംബന്ധിച്ച് പ്രാഥമികം എന്നു കരുതാവുന്ന ധാരണകള്‍ മാത്രമേ കൈവശമുണ്ടായിരുന്നുള്ളൂ. എല്ലാ കണക്കുകൂട്ടലുകളും തിരുത്തിക്കുറിച്ച്, സിനിമയെ മുഴുവന്‍ സമയവുമെടുത്ത് മുഴുവന്‍ ജീവിതവുമെടുത്ത് പഠിക്കേണ്ടതുണ്ടെന്ന ബോധം ഉറച്ചത് ആ ക്യാമ്പോടെയാണ്. രണ്ടു കാര്യങ്ങളാണ് ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത്. ഒന്നാമത്തേത്, ആ ക്യാമ്പിലുള്പ്പെടുത്തിയ സിനിമകളുടെ പാക്കേജാണ്. ഫെര്‍ണാണ്ടോ സൊളാനസും ഗെറ്റിനോയും ചേര്‍ന്ന് സംവിധാനം ചെയ്ത ഹവര്‍ ഓഫ് ഫര്‍ണസ്(തീച്ചൂളകളുടെ മുഹൂര്‍ത്തം/അര്‍ജന്റീന), ഗൊദാര്‍ദിന്റെ വീക്കെന്റ്(വാരാന്ത്യം), അലന് റെനെയുടെ ലാസ്റ്റ് ഇയര്‍ അറ്റ് മരിയന്‍ബാദ്(രണ്ടും ഫ്രാന്‍സില്‍ നിന്ന്), പൊളാന്‍സ്കിയുടെ നൈഫ് ഇന്‍ ദ വാട്ടര്‍, കുറോസാവയുടെ റാഷോമോണ്‍(ജപ്പാന്), ഘട്ടക്കിന്റെ സുബര്‍ണരേഖ തുടങ്ങി എക്കാലത്തു കണ്ടാലും വിസ്മയങ്ങള്‍ മാത്രം ജനിപ്പിക്കുന്ന അതി ഗംഭീര സിനിമകളായിരുന്നു ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചത്. മുപ്പത്തിയഞ്ച് എം എം സിനിമകള്‍ കാലത്ത് കവിത തിയറ്ററിലും, പതിനാറ് എം എം സിനിമകള്‍ പിന്നീട് പബ്ലിക് ലൈബ്രറിയിലുമായാണ് പ്രദര്‍ശിപ്പിച്ചത്. എല്ലാത്തിനും മേല്‍നോട്ടം വഹിച്ച് നായര്‍ സാറുണ്ടായിരുന്നു. മാത്രമല്ല, ഓരോ സിനിമയിലെയും സൂക്ഷ്മ ഘടകങ്ങളും അവയുടെ ചരിത്ര-സാമൂഹ്യ-ചലച്ചിത്ര സവിശേഷതകളും അദ്ദേഹം സമയമെടുത്ത് വിശദീകരിച്ചു തരികയും ചെയ്തു. ഈ സൂക്ഷ്മതയും വിശദീകരണമികവുമാണ് രണ്ടാമത്തെ ഓര്‍മ്മ.
അന്നാണ് ആദ്യമായി പി കെ നായരെ കാണുന്നത്. അടുത്ത് ചെന്ന് പരിചയപ്പെടാന്‍ കഴിയാത്ത വിധത്തില്‍; തലയെടുപ്പും വേഷമികവും ഗൗരവവും സംസാരങ്ങള്ക്കിടയില് മൗനവും എല്ലാമുണ്ടായിരുന്നതിനാല്‍ അതിന് തുനിഞ്ഞില്ല. പിന്നീടും, നിരവധി ക്യാമ്പുകളിലും എല്ലാ അന്താരാഷ്ട്ര മേളകളിലുമായി അദ്ദേഹത്തിന്റെ സാന്നിദ്ധ്യം, നമ്മുടെ സിനിമകളുടെയും സിനിമാശേഖരങ്ങളുടെയും സിനിമാ സംസ്ക്കാരത്തിന്റെയും കാവല്‍ മാലാഖയുടെ റോള്‍ എന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ തുടര്‍ന്നു വന്നത് അത്യാദരവോടെ വീക്ഷിച്ചു പോന്നു. ചെറുപ്പകാലത്തു തന്നെ സിനിമയോട് ഇഷ്ടവും താല്പര്യവും പുലര്‍ത്തിപ്പോന്ന പരമേശ്വരന് കൃഷ്ണന് നായര്‍, വീട്ടുകാരുടെ എതിര്‍പ്പ് വക വെക്കാതെ ബോംബെയിലെ സിനിമാമേഖലയില്‍ പ്രവേശിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇരുപത്തഞ്ചാം വയസ്സില്‍ കേരളം വിട്ടു. സംവിധാനമോ മറ്റ് സാങ്കേതിക/സര്‍ഗാത്മക പങ്കാളിത്തങ്ങളോ തനിക്കു പറ്റിയ പണിയല്ലെന്ന് വളരെ വേഗം തന്നെ അദ്ദേഹത്തിന് മനസ്സിലായി. അക്കാലത്താരംഭിച്ച പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഗവേഷകസഹായിയായി സര്‍ക്കാര്‍ ജോലി സ്വീകരിച്ചു കൊണ്ടാണ് തന്റെ ജീവിതം സിനിമക്കുള്ളതാണെന്ന തീരുമാനത്തെ നായര്‍ പ്രയോഗവത്ക്കരിച്ചത്.
അമ്പതുകളിലും അറുപതുകളിലുമായി കേന്ദ്ര സര്‍ക്കാര്‍ രൂപപ്പെടുത്തിയ ചലച്ചിത്രനയത്തിന്റെ ഗാംഭീര്യവും ദിശാബോധവും ജനാധിപത്യപരതയും എന്തായിരുന്നു എന്ന് പിന്തിരിഞ്ഞു നോക്കുന്നത് ഇക്കാലത്ത് അത്യാവശ്യമാണ്. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, ഫിലിംസ് ഡിവിഷന്, ഫിലിം ഫിനാന്‍സ് കോര്പ്പറേഷന്(പിന്നീട് നാഷനല്‍ ഫിലിം ഡവലപ്മെന്റ് കോര്പ്പറേഷന്), അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍, ദേശീയ ഫിലിം അവാര്‍ഡുകള്‍ എന്നിവയെല്ലാം ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നു വിശേഷിപ്പിക്കപ്പെട്ട പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ആരംഭിച്ചത്. ബ്രിട്ടീഷുകാരുടെ ഭരണത്തുടര്‍ച്ചയായി നിലനിന്നത് സെന്‍സര്‍ബോര്‍ഡു മാത്രമായിരുന്നു. അതുകൊണ്ടു തന്നെ; അത് മര്‍ദക സ്വഭാവം തുടര്‍ന്നപ്പോള്‍, ഇന്‍സ്റ്റിറ്റിയൂട്ട് മുതല്‍ അവാര്‍ഡുകള്‍ വരെയുള്ള പുതിയ പദ്ധതികള്‍ വിദ്യാഭ്യാസപരവും സാംസ്ക്കാരികവുമായ മൂല്യങ്ങളെയാണ് ഉള്ളടക്കമാക്കിയത്. ആധുനിക ഇന്ത്യയുടെ നിര്‍മാണം എന്ന പ്രക്രിയയുടെ തന്നെ അനിവാര്യമായ ഉള്ളടക്കങ്ങളായി അവ പരിണമിക്കുകയും ചരിത്രത്തില്‍ സ്ഥാനം നേടുകയും ചെയ്തു. ആഗോളവത്ക്കരണത്തിന്റെയും വര്‍ഗീയ ഫാസിസത്തിന്റെയും പില്ക്കാല തേരോട്ടങ്ങളില്‍ പ്രഭ നഷ്ടപ്പെട്ടും വില കെടുത്തപ്പെട്ടും ഉപേക്ഷിക്കുകയോ നിസ്സാരവത്ക്കരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങളും നടപടികളുമായി ഇവ മാറിയതും നാം കാണുന്നുണ്ടല്ലോ. നെഹ്റുവിന്റെ നയങ്ങളുടെയും കാലത്തിന്റെയും തിളക്കം ഒന്നു കൂടി വര്‍ദ്ധിക്കുന്നത് ഈ പശ്ചാത്തലത്തിലുമാണ്. പുതിയ കാലത്തെ കോമരങ്ങള്‍, നെഹ്റുവിന്റെ ഭൂതങ്ങളോട് നിഴല്‍യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ദുരന്തപശ്ചാത്തലത്തിലാണ് ആ മഹനീയ സംസ്ക്കാരത്തിലൂടെ പ്രത്യക്ഷീഭവിച്ച രാജ്യസ്നേഹത്തിന്റെ വക്താവായിരുന്ന പി കെ നായര്‍ മണ്മറയുന്നതെന്നതും പ്രസ്താവ്യമാണ്.
ഇതേ ചലച്ചിത്ര നയത്തിന്റെ തുടര്‍ച്ചയായാണ്, സ്വദേശത്തുളളതും വിദേശത്തുള്ളതുമായ സിനിമകളുടെ ശേഖരണത്തിനും സംരക്ഷണത്തിനും പഠനാസ്വാദനത്തിനും മറ്റുമുതകുന്ന ഫിലിം ആര്‍ക്കൈവ്സ് പൂനെയില്‍ തന്നെ സ്ഥാപിക്കപ്പെടുന്നത്. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹസ്ഥാപനമായാണ് ആര്‍ക്കൈവ്സ് നിലവില്‍ വന്നതെങ്കിലും അതിന്റെ സ്വതന്ത്രാസ്തിത്വം ആദ്യമേ വിഭാവനം ചെയ്യപ്പെട്ടിരുന്നു. 1964ല്‍ അവിടെ അസിസ്റ്റന്റ് ക്യൂറേറ്ററായി ആര്‍ക്കൈവ്സില്‍ ചേര്‍ന്ന പി കെ നായര്‍, 1982ല്‍ ഡയരക്ടറാവുകയും 1991ല്‍ വിരമിക്കുകയും ചെയ്തു. പി കെ നായരെപ്പോലെ, സൂക്ഷ്മതയും കഠിനാധ്വാനശീലവും ചരിത്രബോധവും ചലച്ചിത്രാവഗാഹവുമുള്ള ഒരാള്‍, ആര്‍ക്കൈവ്സിന്റെ നിര്‍ണായക സ്ഥാനത്തിരുന്നതിലൂടെയാണ് നാം ഇന്ന് പങ്കിടുന്ന തരത്തിലുള്ള ഇന്ത്യന്‍ സിനിമാ ചരിത്രവും ലോക സിനിമാ പരിചയവും താല്പര്യമുള്ളവര്ക്കെല്ലാം സ്വായത്തമാക്കാനായത്. ഫാല്‍ക്കെയുടെ രാജാഹരിശ്ചന്ദ്രയും കാളിയമര്ദനും കണ്ടെടുത്ത് സംരക്ഷിച്ച് അര്‍ഹമായ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലൂടെ, ഇന്ത്യന്‍ സിനിമയുടെ ചരിത്രമെഴുത്തിനെ സുഗമമാക്കിത്തീര്ത്തത് പി കെ നായരായിരുന്നു. അത് അപ്രകാരം കണ്ടെടുക്കപ്പെടുകയും കൃത്യസ്ഥാനത്ത് രേഖപ്പെടുത്തുകയും പഠിക്കപ്പെടുകയും ചെയ്തിരുന്നില്ലെങ്കില്‍; തുടക്കം മുതല്‍ തന്നെ ശൂന്യതകളും നിരാകരണങ്ങളും നിറഞ്ഞ ഒന്നായി ഇന്ത്യന്‍ സിനിമാ ചരിത്രം നിസ്സാരവും കീറിമുറിഞ്ഞതുമായി മാറുമായിരുന്നു. ആയിരത്തി എഴുനൂറോളം സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടു എന്നു വിലയിരുത്തപ്പെട്ട നിശ്ശബ്ദ കാലഘട്ടത്തില്‍ നിന്ന് ഒമ്പതെണ്ണം മാത്രമേ അശ്രാന്ത പരിശ്രമം നടത്തിയിട്ടും അദ്ദേഹത്തിന് കണ്ടെടുക്കാനും സംരക്ഷിക്കാനുമായുള്ളൂ. അപ്പോള്‍, അദ്ദേഹത്തിന്റെ ഈ ശ്രമം കൂടിയില്ലായിരുന്നെങ്കില്‍ അതിലൊന്നു പോലും കണ്ടെടുക്കപ്പെടുമായിരുന്നോ എന്ന് സംശയമാണ്. കേസുകളില്‍ കുടുങ്ങി കാണാതായ, രണ്ടാമത്തെ മലയാള സിനിമ മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രിന്റും കണ്ടെടുത്ത് സംരക്ഷിച്ചത് പി കെ നായരാണ്. ബോംബേ ടാക്കീസിന്റെ അച്യുത് കന്യ, എസ് എസ് വാസന്റെ ചന്ദ്രലേഖ, ഉദയശങ്കറിന്റെ കല്പന എന്നിവയും അദ്ദേഹം അന്വേഷിച്ചു കണ്ടെത്തിയവയാണ്. സി എസ് വെങ്കിടേശ്വരന് കൃത്യമായി നിരീക്ഷിക്കുന്നതു പോലെ; പി കെ നായര്‍ ഫിലിം ആര്‍ക്കൈവ്സ് പടുത്തുയര്‍ത്തിയതിലൂടെ, സിനിമയെന്ന 'അധമ'കല ഇന്ത്യന്‍ കലാ ചരിത്രത്തിന്റെയും കഥാകഥന സംസ്ക്കാരത്തിന്റെയും ബൃഹദ് പാരമ്പര്യത്തിലെ അവിഭാജ്യ ഘടകവും രേഖയുമായി അംഗീകരിക്കപ്പെടുകയായിരുന്നു. ചരിത്രത്തില്‍ നിന്ന് സിനിമകള്‍ ചേര്‍ത്തു വെക്കുന്നതിലൂടെ അദ്ദേഹം രാഷ്ട്രത്തെ ചേര്‍ത്തു വെക്കുകയും നിര്‍മ്മിച്ചെടുക്കുകയുമായിരുന്നു എന്നും നിരീക്ഷിക്കാം.
ആര്ക്കൈവ്സിലെത്തിച്ച സിനിമകളെ കേവലം പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ച് അവക്കു പുറത്ത് അടയിരിക്കുകയല്ല അദ്ദേഹം ചെയ്തത്. ലോകോത്തര നിലവാരമുള്ള സംരക്ഷണ സംവിധാനങ്ങളൊരുക്കി; പ്രധാന ചിത്രങ്ങളുടെ ഫസ്റ്റ് പ്രിന്റ് കേടു വരാതെ സൂക്ഷിച്ചതിനു ശേഷം അവയുടെ സെക്കന്റ് പ്രിന്റുകളെടുത്ത് അവ ഫിലിം സൊസൈറ്റികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മേളകള്‍ക്കുമായി വിതരണം ചെയ്യുന്ന രീതിയും ആര്ക്കൈവ്സിനുണ്ടായിരുന്നു. ലോകത്തിന്റെ നാനാ കോണുകളില്‍ നിന്ന് പ്രധാനപ്പെട്ട സിനിമകള്‍ പല വിധത്തിലും ശേഖരിച്ച് ഇത്തരത്തില്‍, സൂക്ഷിക്കുകയും രാജ്യത്തിനകത്ത് പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ പി കെ നായര്‍ മുന്‍കൈയെടുത്തു. രാജ്യത്തിനകത്തേക്കും പുറത്തേക്കും തുറന്നു വെച്ച കണ്ണുകളും കാതുകളുമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു ചലച്ചിത്രാസ്വാദകന് ഏറ്റവും വേണ്ടതും ഈ തുറവുകള്‍ തന്നെ.
ചലച്ചിത്ര ശേഖരണത്തില്‍ മികവും വിസ്മയവും പ്രകടിപ്പിച്ച പാരീസിലെ ഹെന് റി ലാഗ്ലോയിസിനു (സിനിമാത്തെക്ക്) തുല്യമായ വ്യക്തിത്വമാണ് പി കെ നായരുടേത്. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ പുരസ്കാരങ്ങളും ആദരവുകളും നല്കി അദ്ദേഹത്തെ അപ്രകാരം അംഗീകരിക്കാന്‍ തയ്യാറായില്ല എന്ന വസ്തുതയും ഖേദകരമായി രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. ഫിലിം സൊസൈറ്റി ഫെഡറേഷന്റെ സത്യജിത് റായി പുരസ്കാരത്തിന് മാത്രമാണ് അദ്ദേഹം അര്‍ഹനായത്. ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂര്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് മാന്‍ എന്ന ഡോക്കുമെന്ററി പി കെ നായരെ സിനിമ എന്ന മാധ്യമത്തിലൂടെ തന്നെ അടയാളപ്പെടുത്താനും അംഗീകരിക്കാനും സ്ഥാനപ്പെടുത്താനുമുള്ള ഉജ്വലമായ ശ്രമമാണ്. ലോകമെമ്പാടുമുള്ള മേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ സിനിമക്ക് ദേശീയ അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ആ അവാര്‍ഡ് പ്രസ്തുത സിനിമക്കെന്നതിനേക്കാള് പി കെ നായര്ക്കവകാശപ്പെട്ടതാണെന്നും കരുതാം.
വി എച്ച് എസും സിഡിയും ഡിവിഡിയും ടോറന്റും സര്‍വസാധാരണമായിക്കഴിഞ്ഞ ഇക്കാലത്ത്, സെല്ലുലോയ്ഡ് മാത്രം ലഭ്യമായിരുന്ന അക്കാലത്തെക്കുറിച്ചാലോചിക്കുന്നതേ കൗതുകകരമാണ്. ആ കൗതുകങ്ങള്‍ക്കും പ്രയാസങ്ങള്ക്കുമിടയിലാണ് പി കെ നായര്‍ എന്ന വ്യക്തിത്വത്തെ നാം തേടേണ്ടത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റുമായി ഏതു സമയത്തും സിനിമകള്‍ പ്രദര്ശിപ്പിച്ചുകൊടുക്കാന് അദ്ദേഹം തയ്യാറായിരുന്നു. കാലത്ത് മൂന്നു മണിക്ക്, ജോണ്‍ ഏബ്രഹാമിനു വേണ്ടി പസോളിനിയുടെ സിനിമ - വിശുദ്ധ മത്തായിയുടെ സുവിശേഷം - കാണിച്ചതും; മറ്റൊരാള്‍ക്ക് ചലച്ചിത്ര വ്യാകരണം പഠിക്കാന്‍ ഒരു സിനിമ നൂറു തവണയെങ്കിലും കാണേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്റെ ഒരു പ്രിന്റ് തന്നെ അയാള്‍ക്ക് സമ്മാനിച്ചതും; ഗ്രാമീണ കര്‍ഷകര്‍ക്കു മുമ്പില്‍ ബൈസിക്കിള്‍ തീവ്സും പഥേര്‍ പാഞ്ചാലിയും പ്രദര്‍ശിപ്പിച്ചതും - പി കെ നായര്‍ക്ക് മാത്രം സാധ്യമാവുമായിരുന്ന രീതികള്‍ കൊണ്ട് ഇന്ത്യന്‍ സിനിമയെയും അതിന്റെ സര്‍ഗാത്മക സൃഷ്ടിപരതയെയും ഇന്ത്യക്കാരുടെ ആസ്വാദന പാടവത്തെയും അദ്ദേഹം ഗുണപരമായി മെച്ചപ്പെടുത്തി.
പി കെ നായര്‍ ഏറെ വര്‍ഷം ഒറ്റക്കാണ്, ഫിലിം ആര്‍ക്കൈവ്സിന്റെ പ്രവര്‍ത്തനം തികഞ്ഞ പ്രൊഫഷണലിസത്തോടെ മുന്നോട്ടു കൊണ്ടു പോയത്. പതിനേഴു ഭാഷകളിലായി ഏതാണ്ട് ആയിരം സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്ന ഇന്ത്യ പോലുള്ള അതിവിസ്തൃത രാജ്യത്ത് ഏറ്റവും സുപ്രധാനമായ സിനിമകളേതൊക്കെ എന്ന് കണ്ടെത്തി അവ സംരക്ഷിക്കുന്നതിന് അദ്ദേഹം നിതാന്ത ശ്രദ്ധ പുലര്‍ത്തിപ്പോന്നു. ഇതില്‍ പല ചിത്രങ്ങളും വിദേശ രാജ്യങ്ങളിലെ ആര്ക്കൈവ്സുകളുമായും ചലച്ചിത്രമന്ത്രാലയങ്ങളുമായും കൈമാറ്റം ചെയ്ത്; വിദേശ നാണ്യം ചിലവിടാതെ തന്നെ കുറെയധികം വിദേശ സിനിമകളുടെ പ്രിന്റുകളും അദ്ദേഹം ശേഖരിച്ചു. എണ്ണായിരം ഇന്ത്യന്‍ സിനിമകളടക്കം പന്തീരായിരം സിനിമാപ്രിന്റുകളാണ് അദ്ദേഹം വിരമിക്കുന്ന സമയത്ത് ആര്‍ക്കൈവ്സില്‍ ശേഖരിക്കപ്പെട്ടിരുന്നത്. ദുംഗാര്‍പൂര്‍ പറയുന്നതു പോലെ, ഇന്ത്യാ രാജ്യത്തെ ചലച്ചിത്രപരമായി ആരെങ്കിലും ഐക്യപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് പി കെ നായരല്ലാതെ മറ്റാരുമായിരുന്നില്ല.
നൊസ്റ്റാല്ജിയയായിരുന്നില്ല അദ്ദേഹത്തെ നയിച്ചത്, സമയം ഓടിപ്പോകുകയാണല്ലോ എന്ന വേദനയായിരുന്നു. ഓടിപ്പോയി മറയുന്ന സമയയാത്രക്കിടയില് തന്റെ കര്‍ത്തവ്യം സൂക്ഷ്മതയോടെ, പൂര്‍ണതയോടെ, മികവോടെ തീര്‍ക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന വേവലാതിയായിരുന്നു അദ്ദേഹത്തിന്റെ സ്ഥായീഭാവം. സിനിമകള്‍ എപ്പോഴും കാലത്തിന്റെ അടയാളങ്ങളാണെന്ന ധാരണ അദ്ദേഹത്തിലുറച്ചിരുന്നു. നാം ആരാണ്, എവിടെ നിന്നു വന്നു, എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന് ഒരു ജനതയെ പഠിപ്പിക്കുകയും ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നത് സിനിമയാണ് എന്നറിയാവുന്നതുകൊണ്ടാണ് ചലച്ചിത്രചരിത്രത്തിലും സൂക്ഷ്മാസ്വാദനത്തിലും അദ്ദേഹം ശ്രദ്ധ അര്‍പ്പിച്ചത്. അതിനുവേണ്ടിയാണ് അതീവ താല്പര്യത്തോടെ, പഴയതും പുതിയതുമായ സിനിമകള്‍ ഫിലിം ആര്‍ക്കൈവ്സില്‍ ശേഖരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്ന ബോധ്യം അദ്ദേഹം പുലര്‍ത്തിപ്പോന്നത്. തന്റെ മുഴുവന്‍ ജീവിതവുമെടുത്ത് ഒരിക്കലും മുടങ്ങാതെ നിര്‍വഹിച്ചു പോന്ന ഈ കര്‍മ്മത്തിലൂടെ; ഇന്ത്യയിലെയെന്നല്ല ലോകത്തിലെ തന്നെ സിനിമയുടെ മനുഷ്യ വിജ്ഞാനകോശമായി അദ്ദേഹം വളര്‍ന്നു. സര്‍ക്കാരിന്റെ വരണ്ട നിയമങ്ങളെ സര്‍ഗാത്മകമായി അതിലംഘിക്കാനുള്ള ധൈര്യം പി കെ നായര്‍ എപ്പോഴും പ്രകടിപ്പിച്ചു പോന്നു. വന്‍ നഗരങ്ങളോടൊപ്പം ചെറു പട്ടണങ്ങളിലും, ഞായറാഴ്ചകളില്‍ കാലത്ത് ആര്‍ക്കൈവ് പ്രദര്‍ശനങ്ങള്‍ എന്ന പേരില്‍ ഫിലിം സൊസൈറ്റികളുടെ സഹായത്തോടെ ലോക ക്ലാസിക്കുകള്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്ന പതിവ് തുടങ്ങിയത് അദ്ദേഹമാണ്. ഡിവിഡികള്‍ പ്രവഹിച്ചതിലൂടെയും പ്രഭാതപ്രദര്ശനസമയത്തെ വണിക്കുകള്‍ വിഴുങ്ങിയതിലൂടെയും ഈ സ്ലോട്ടും അപ്രത്യക്ഷമായി. കല്ലിന്മേല് കല്ലു വെച്ചും പെട്ടിക്കുമേല്‍ പെട്ടി വെച്ചും പി കെ നായര്‍ പണിതുയര്‍ത്തിയ ആര്‍ക്കൈവ്സില്‍ നിന്ന് അദ്ദേഹം വിരമിച്ചതിനു ശേഷം 2010ലാണ് ദുംഗാര്‍പൂര്‍ സെല്ലുലോയ്ഡ് മാന്‍ എന്ന സിനിമ ചിത്രീകരിക്കാനാരംഭിച്ചത്. പി കെ നായരുടെ അതേ ആര്‍ക്കൈവ്സില്‍ ഈ സിനിമ ചിത്രീകരിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിനു വേണ്ടി ദുംഗാര്പൂറിന് പതിനൊന്നു തവണയാണ് അധികാരികളുടെ കാല്ക്കീഴില് കാത്തു നില്‍ക്കേണ്ടി വന്നത്. അധികാരത്തെ മനുഷ്യനന്മക്കു വേണ്ടി വിനിയോഗിച്ച ആ മഹാമനീഷിയുടെ ചരിത്രം രേഖപ്പെടുത്താന്‍ തന്നെ ദുരധികാരം പന പോലെ വളര്‍ന്ന കാര്യവും നിശ്ശബ്ദമായി നിസ്സംഗതയോടെ സാക്ഷ്യം വഹിക്കേണ്ടി വന്നതും അദ്ദേഹത്തിനു തന്നെ.
സെല്ലുലോയ്ഡിനെ തള്ളി മാറ്റി, ഡിജിറ്റല്‍ യുഗം എല്ലാം നിശ്ചയിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്ന കാലത്ത് പി കെ നായരെപ്പോലെ ഒരാളുടെ ആവശ്യമുണ്ടായി എന്നു വരില്ല. പക്ഷെ, സിനിമക്ക് ഒരു ചരിത്രമുണ്ടെന്നും അത് മാനവികതയുമായി കെട്ടു പിണഞ്ഞു കിടക്കുകയുമാണെന്ന് ചലച്ചിത്രങ്ങള്‍ കണ്ടും കാണിച്ചും, തെളിയിക്കാനും തുറന്നു പറയാനുമുള്ള സൂക്ഷ്മതയും ജാഗ്രതയും മാറിയ കാലത്ത് അത്യന്താപേക്ഷിതമാണെന്ന വസ്തുത, മൗനങ്ങള്‍ക്കിടയിലെ നിറഞ്ഞ ശബ്ദത്തിലൂടെ പി കെ നായര്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും. തീര്‍ച്ച.
(മാധ്യമം ആഴ്ചപ്പതിപ്പിന്റെ 2016 മാര്‍ച്ച് 12 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
)
#pknair #nationalfilmarchive
Wednesday, November 18, 2015
Tuesday, November 17, 2015
ഫാസിസവും സിനിമയും 18
ഗ്രേറ്റ് ഡിക്റ്റേറ്ററിന്റെ അവസാനരംഗത്ത് നടത്തിയ ഈ പ്രസംഗത്തിലെ അമിതമായ രാഷ്ട്രീയ ധ്വനികളാണ് പില്ക്കാലത്ത് മക്കാര്‍ത്തിയന്‍ കമ്യൂണിസ്റ്റ് വേട്ടയുടെ കാലത്ത് ചാപ്ലിനെ തിരിച്ചു വരാനാകാത്ത വിധത്തില്‍ അമേരിക്കയില്‍ നിന്ന് നാടുകടത്തുന്നതിന് പ്രേരകമായത്. ഹിറ്റ്ലര്‍ രണ്ടു തവണ ഈ സിനിമ കണ്ടെന്നും ഗീബല്‍സ് ഒരിക്കല്‍ പോലും കാണാന്‍ കൂട്ടാക്കിയില്ലെന്നും പറയപ്പെടുന്നു. ചിത്രം കണ്ട് പ്രകോപിതനായ ഹിറ്റ്ലര്‍ ചാപ്ലിന് ജന്മം കൊടുത്ത ലണ്ടന്‍ നഗരം ചുട്ടുകരിക്കാന്‍ ആജ്ഞാപിച്ചതായി സ്ഥിരീകരിക്കപ്പെടാത്ത ഒരു കേട്ടുകേള്‍വിയുമുണ്ട്. അതിക്രൂരനായ ഹിറ്റ്ലറെ കേവലം ഒരു മന്ദനും ഭോഷനുമായി അവതരിപ്പിച്ചത് തെറ്റായി എന്ന് പിന്നീട് ചാപ്ലിന് പശ്ചാത്തപിച്ചിരുന്നു. അതെന്തായാലും, സിനിമയുടെ ചരിത്രത്തില്‍ മാത്രമല്ല ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത സ്ഥാനം എക്കാലത്തേക്കുമായി പിടിച്ചു വാങ്ങിയ മഹത്തായ സിനിമയായി ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍ ജനാധിപത്യവിശ്വാസികള്‍ കണ്ടുകൊണ്ടേയിരിക്കും എന്നതാണ് വസ്തുത.
#fightfascism
Monday, November 16, 2015
ഫാസിസവും സിനിമയും 17
(ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍)
ജൂതത്തടവുകാരനായ ഷുള്‍ട്സും ക്ഷുരകനും തടവു ചാടി രക്ഷപ്പെടുന്നതിനിടെ സൈനികരുടെ പിടിയിലാവുന്നു. ക്ഷുരകനായ ചാപ്ലിനെ പ്രസിഡണ്ടായി തെറ്റിദ്ധരിച്ച് അയാളെ പ്രസംഗവേദിയിലേക്ക് അവര്‍ ആനയിക്കുന്നു. അപ്പുറത്താകട്ടെ, പ്രസിഡണ്ടിനെ ക്ഷുരകനായി തെറ്റിദ്ധരിച്ച് അറസ്റ്റു ചെയ്യുകയും ചെയ്യുന്നു. ഹിങ്കലിന്റെ വിജയാഹ്ലാദപ്രസംഗം നിര്‍വഹിക്കാനായി ക്ഷുരകന് വേദിയിലേക്ക് ഹര്‍ഷാരവങ്ങളോടെ ക്ഷണിക്കപ്പെടുന്നു. പ്രചാരണ മന്ത്രി ഗാര്‍ബിഷ് സ്വതന്ത്രസംസാരം പോലുള്ള `ഭോഷ്ക്കു'കളെ പരിഹസിച്ചുകൊണ്ടാണ് ഹിങ്കല്‍/ക്ഷുരകനെ പ്രസംഗിക്കാനായി ക്ഷണിക്കുന്നത്. ഹിങ്കല്‍ ആയി നടിക്കുന്ന ക്ഷുരകനായ ചാപ്ലിനാകട്ടെ വിസ്മയകരമായ ഒരു പ്രസംഗമാണ് നിര്‍വഹിക്കുന്നത്. അതില്‍ ഹിങ്കലിന്റെയും ഗാര്‍ബിഷിന്റെയും അമിതാധികാര പ്രവണതകള്‍ക്കു പകരം ജനാധിപത്യത്തിന്റെ നവീനമായ ഒരു കാലമാണിനി എന്ന പ്രവചനപരമായ ആഹ്വാനമാണുണ്ടായിരുന്നത്. എനിക്ക് മാപ്പു തരിക, ഞാനൊരു ചക്രവര്‍ത്തിയാവാന്‍ ആഗ്രഹിക്കുന്ന ആളല്ല. എനിക്കെല്ലാവരെയും സഹായിക്കണമെന്നുണ്ട്. ജൂതനോ, കറുത്ത വംശക്കാരനോ, വെളുത്ത നിറമുള്ളവനോ ആരുമാകട്ടെ എല്ലാവരും പരസ്പരം സഹായിക്കുകയാണ് വേണ്ടത്. മറ്റുള്ളവരുടെ സന്തോഷമാണ് എല്ലാവരുടെയും ജീവിതത്തിന് പ്രചോദനമാകേണ്ടത്, അല്ലാതെ അവരുടെ ദുരിതങ്ങളല്ല. നാം പരസ്പരം വെറുക്കാനോ ദ്രോഹിക്കാനോ പാടില്ല. ഈ ലോകത്തില്‍ എല്ലാവര്ക്കും അവരവരുടെ ഇടമുണ്ട്. ജീവിതത്തിന്റെ വഴികള്‍ മനോഹരവും സ്വതന്ത്രവുമാണ്. പക്ഷെ നമുക്ക് വഴി നഷ്ടമായിരിക്കുന്നു. ഇപ്രകാരം തുടരുന്ന കാവ്യാത്മകവും അതേ സമയം ലളിതമായ പദാവലികളാല്‍ സാമാന്യ ജനങ്ങളെ ആകര്‍ഷിക്കുകയും ചെയ്യുന്ന പ്രഭാഷണം സമാപിക്കുന്നതിങ്ങനെയാണ്. ജനാധിപത്യത്തിന്റെ പേരില്‍ നമുക്കൊന്നിക്കാം. പ്രസംഗം കേള്‍ക്കാന്‍ തടിച്ചു കൂടിയ സൈനികരും അതേറ്റു പറയുന്നു.
#fightfascism
Subscribe to:
Posts (Atom)