Saturday, August 12, 2023

നന്‍പകല്‍ ട്യൂട്ടോറിയല്‍ 6 പരമ്പര എന്ന മലയാള സിനിമ ഇടയ്ക്കു വെച്ച് നിന്നു പോകുന്നതിനു ശേഷം, ബസ്സില്‍ നിന്ന് നിഴല്‍കള്‍ എന്ന സിനിമയിലെ മടൈ തിറന്ത് താവും നദി അലൈ നാന്‍ എന്ന ഗാനം കേള്‍ക്കാം. 1980ലാണ് ഭാരതിരാജ സംവിധാനം ചെയ്ത നിഴല്‍കള്‍ ഇറങ്ങിയത്. ഓഫ് ബീറ്റ് പടമെന്ന നിലയില്‍ ഇറങ്ങിയ കാലത്തും കള്‍ട്ട് ഫിലിമെന്ന നിലയില്‍ പില്‍ക്കാലത്തും പ്രശസ്തമായ നിഴല്‍കള്‍ വാണിജ്യപരാജയമായിരുന്നു. ഇന്ത്യന്‍ പനോരമയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട നിഴല്‍കള്‍ മികച്ച സംഗീത സംവിധായകനും (ഇളയരാജ), മികച്ച പിന്നണിഗായകനും (എസ് പി ബാലസുബ്രഹ്മണ്യം) ഉള്ള തമിഴ്‌നാട് സംസ്ഥാന ഫിലിം അവാര്‍ഡുകള്‍ നേടി. മടൈ തിറന്ത് എന്ന പാട്ടു പാടുന്നത് എസ് പിബി തന്നെയാണ്. വൈരമുത്തു ആദ്യമായി പാട്ടെഴുതിയത് നിഴല്‍കളിലാണെങ്കിലും ഈ പാട്ടെഴുതിയത് വാലിയാണ്. തിരക്കഥയും സംഭാഷണവുമെഴുതിയത് മണിവണ്ണന്‍. അദ്ദേഹത്തിന്റെയും ആദ്യ സിനിമയാണിത്. തേനി സ്വദേശികളായ ഭാരതിരാജ, ഇളയരാജ, വൈരമുത്തു എന്നിവരെല്ലാം തമിഴ് സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ സജീവമായിത്തുടങ്ങിയ കാലമായിരുന്നു അത്. നടപ്പു സിനിമകളുടെ പല രീതികളും അവര്‍ മാറ്റിയെഴുതി. തേനിയിലെയും മധുരൈയിലെയും നാട്ടുജീവിത സംസ്‌ക്കാര-സംഗീത-ഘടകങ്ങള്‍ അവരുടെ സിനിമകളിലും പാട്ടുകളിലും ധാരാളമായി കടന്നു വന്നു. മണിവണ്ണന്‍ കോയമ്പത്തൂരിലെ സൂളൂര്‍ സ്വദേശിയാണ്. എന്നാല്‍ നിഴല്‍കള്‍ പൂര്‍ണമായും മദ്രാസ്(ചെന്നൈ) നഗരത്തിലെ കഥ തന്നെയാണ് പറയുന്നത്. തൊഴിലില്ലായ്മയും യുവത്വത്തിന്റെ അനിശ്ചിതാവസ്ഥയും പ്രമേയമാകുന്ന നിയോ റിയലിസ്റ്റ് സ്വഭാവമാണ് നിഴല്‍കള്‍ പ്രകടിപ്പിക്കുന്നത്.
വേളാങ്കണ്ണിയില്‍ നിന്ന് എറണാകുളം ജില്ലയിലെ മുവ്വാറ്റുപുഴയിലേയ്ക്ക് ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് വഴിക്കാണോ കുമളി വഴിക്കാണോ വരുന്നത് എന്നത് വ്യക്തമല്ല. എന്നാല്‍ മധുരൈയില്‍ നിന്നുള്ളത് അഥവാ മധുരൈയിലേയ്ക്കുള്ളതായ ഒരു ബസ്സ് ഇവരുടെ ബസ്സിനെ ഓവര്‍ടേയ്ക്ക് ചെയ്തു പോകുന്നത് അടുത്ത സീനില്‍ കാണുന്നുണ്ട്. അതുകൊണ്ട് മധുരൈ പക്കത്തില്‍ (മധുരൈ അടുത്ത്) ആണ് ഈ ബസ്സ് കടന്നു പോകുന്നത് എന്നു മനസ്സിലാക്കാം. കുമളി വഴിക്കാണെങ്കില്‍ മധുരയിലൂടെ വന്നാലും തിരുച്ചിറാപ്പള്ളിയിലൂടെ വന്നാലും തേനി താണ്ടി വേണം വരാന്‍.ജയിംസ് സുന്ദരമായി (രണ്ടും മമ്മൂട്ടി) മാറുന്ന ഗ്രാമം പൊള്ളാച്ചിയ്ക്കടുത്താണ് ചിത്രീകരിച്ചതെന്ന് റിപ്പോര്‍ടുകളുണ്ട്. അതിനാല്‍ മധുരൈ, പൊള്ളാച്ചി, പാലക്കാട് വഴിക്കായിരിക്കണം ഈ സംഘം മുവാറ്റുപുഴയിലേയ്ക്ക് വരുന്നത് എന്നും കരുതാം. ഭാരതിരാജയുടെയും ഇളയരാജയുടെയും വൈരമുത്തുവിന്റെയും നാടായ തേനിയിലെത്തുമ്പോള്‍ അഥവാ തേനിയ്ക്കടുത്തെത്തുമ്പോള്‍ അവര്‍ക്ക് ബന്ധമുള്ള അവരുടെ സ്പര്‍ശമുള്ള ഈ പാട്ട് കേള്‍ക്കുന്നു എന്നു കാണാം. ഈ പാട്ടെഴുതിയ വാലി എന്ന ടി എസ് രങ്കരാജന്‍ തിരുച്ചിറാപ്പള്ളി ശ്രീരംഗം സ്വദേശിയും മണിവണ്ണന്‍ കോവൈ സ്വദേശിയുമാണ്. എഴുപതുകളില്‍ തമിഴ് നാട്ടുജീവിതാഴങ്ങള്‍ സിനിമയിലൂടെ ആവിഷ്‌ക്കരിച്ചതിലൂടെയാണ് ഭാരതിരാജ വ്യക്തിത്വം തെളിയിച്ചത്. പതിനാറു വയതിനിലെ, കിഴക്കേ പോകും റെയില്‍, ശികപ്പു റോജാക്കള്‍, അലൈകള്‍ ഓയ് വതില്ലൈ, മുതല്‍ മരിയാദൈ, വേദം പുതിത്, കിഴക്കു ചീമയിലെ, കറുത്തമ്മ എന്നിവയെല്ലാം അദ്ദേഹത്തിന്റെ സിനിമകളാണ്. ആറു ദേശീയ അവാര്‍ഡുകളടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കെ കണ്ണന്‍ എഴുതിയ സാതികള്‍ ഇല്ലൈയടി പാപ്പ (ജാതികള്‍ ഇല്ലാ പ്രിയപ്പെട്ടവളേ) എന്ന നാടകത്തെ അവലംബിച്ച് ഭാരതിരാജ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത വേദം പുതിത് (1987) ഇറങ്ങിയ കാലത്ത് ബ്രാഹ്മണസംഘടനകളില്‍ നിന്ന് എതിര്‍പ്പ് പിടിച്ചു പറ്റി. തേവര്‍ സമുദായത്തില്‍ ജനിച്ച ഭാരതിരാജയുടെ ഈ സിനിമയില്‍ ബാലുതേവറുടെയും (സത്യരാജ്) പേച്ചിയുടെയും മകന്‍ ശങ്കരപാണ്ടി ബ്രാഹ്മണജാതിക്കാരിയായ വൈദേഹിയെ പ്രണയിക്കുന്നതാണ് ഇതിവൃത്തം. ബാലുതേവര്‍ നിരീശ്വരവാദിയാണ്. ശക്തമായ ബ്രാഹ്മണവിരുദ്ധ പ്രമേയം സധൈര്യം അവതരിപ്പിക്കുന്ന ഈ സിനിമയെ, തേവര്‍ മകന്‍ അടക്കമുള്ള തേവര്‍ വാഴ്ത്തു സിനിമകളുടെയും അവയെ വിമര്‍ശിച്ചു കൊണ്ട് കടന്നു വന്ന മാരി ശെല്‍വരാജ് സിനിമകളായ പരിയേരും പെരുമാള്‍, കര്‍ണന്‍, മാമന്നന്‍ എന്നിവയുടെയും പശ്ചാത്തലത്തില്‍ കൂടുതല്‍ സൂക്ഷ്മമായി വായിക്കേണ്ടതാണ്. ഇളയരാജയുടെ ടീമില്‍ നാല്‍പത്തിനാലു വര്‍ഷം പ്രവര്‍ത്തിച്ച ഡ്രമ്മറായ പുരൂസിന്റെ (പുരുഷോത്തമന്‍) ഡ്രം വാദനവും മടൈ തിറന്തതിന്റെ മുഖ്യാകര്‍ഷണമാണ്. നിഴല്‍കളില്‍ ഈ ഗാനം ചിത്രീകരിച്ചതില്‍ പുരൂസിനെയും ഏതാനും മിനുറ്റുകള്‍ കാണാം. പുതുരാഗം പടൈപ്പതാലേ നാനും ഇരൈവനേ എന്നും ഈ പാട്ടിലുണ്ട്. மடை திறந்து தாவும் நதி அலை நான் (മടൈ തിറന്ത് താവും നദി അലൈ നാന്‍) മട തുറന്ന് ഒഴുകും നദിയുടെ ഒഴുക്കാണ് ഞാന്‍. மனம் திறந்து கூவும் சிறு குயில் நான் (മനം തിറന്ത് കൂവും സിറു കുയില്‍ നാന്‍) മനസ്സ് തുറന്ന് കരയുന്ന ഒരു ചെറുകുയിലാണ് ഞാന്‍. இசை கலைஞன் என் ஆசைகள் ஆயிரம் நினைத்தது பலித்தது ஹேய் (ഇശൈ കലൈഞന്‍ എന്‍ ആശൈകള്‍ ആയിരം നിനൈത്തതു പലിത്തതു ഹേയ്.)സംഗീതജ്ഞന്‍ ആയ എന്റെ ആയിരം ആഗ്രഹങ്ങള്‍ സഫലമായി വൈരമുത്തു എഴുതിയ പാട്ട് ഇതു ഒരു പൊന്മലൈ പൊഴുതു എന്നതാണ്. വൈരമുത്തു പില്‍ക്കാലത്ത് ഇളയരാജയുമായി അകന്നെങ്കിലും ഭാരതിരാജയുമായുള്ള ബന്ധം തുടര്‍ന്നു. അടുത്ത കാലത്ത് ചിന്മയിയും ഭുവന ശേഷനും അടക്കമുള്ളവര്‍ ഉയര്‍ത്തിയ ലൈംഗികാതിക്രമാരോപണം വൈരമുത്തുവിനോടുള്ള മനോഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും അധികാരകേന്ദ്രങ്ങളുമായുള്ള പ്രത്യേകിച്ച് ഡിഎംകെയുമായുള്ള അദ്ദേഹത്തിന്റെ ബാന്ധവം മൂലം സാംസ്‌ക്കാരിക മേധാവിത്തം തുടരുന്നു. ഗോപി, ഹരി, പ്രഭു എന്നീ മൂന്നു യുവാക്കളാണ് നിഴല്‍കളിലെ മുഖ്യ കഥാപാത്രങ്ങള്‍. ഇവരുടെ സുഹൃത്തായ മഹാ എന്ന മഹാലക്ഷ്മിയാണ് നായിക. രവിയാണ് ഗോപിയെ അവതരിപ്പിച്ചത്. പില്‍ക്കാലത്ത് നിഴല്‍കള്‍ രവി എന്ന പേരില്‍ അദ്ദേഹം അറിയപ്പെടാനും തുടങ്ങി. അഞ്ഞൂറിലധികം സിനിമകളിലഭിനയിച്ചിട്ടുണ്ട് നിഴല്‍കള്‍ രവി. ഹരിയെ അവതരിപ്പിച്ചത് ചന്ദ്രശേഖരനും പ്രഭുവെ അവതരിപ്പിച്ചത് രാജശേഖറുമാണ്. മഹാ ആയി രോഹിണി (രാധു)യും അഭിനയിച്ചു. ബിരുദാനന്തര ബിരുദധാരിയായ ഗോപി തൊഴിലന്വേഷിച്ചും സംഗീതജ്ഞനായ ഹരി ചാന്‍സന്വേഷിച്ചും അലയുന്നു. വാടക പോലും കൊടുക്കാനാവാതെ പട്ടിണി സഹിച്ച് തെരുവിലേയ്ക്ക് വലിച്ചെറിയപ്പെടുന്നു. ചിത്രകാരനായ പ്രഭു കഞ്ചാവിന്റെ ലഹരിയില്‍ ക്ലാസില്‍ കയറാതെ അലയുന്നവനുമാണ്. മഹാലക്ഷ്മിയ്ക്ക് ട്യൂഷനെടുക്കാന്‍ ചെന്ന ഗോപിയുമായി അവള്‍ പ്രണയത്തിലാവുന്നു. ഇതിനിടയില്‍ പ്രഭുവും അവളെ പ്രേമിക്കുന്നുണ്ട്. നഗരത്തെ ദുരന്തങ്ങളുടെ ഭൂമികയായി അവതരിപ്പിക്കുന്നതാണ് മുഖ്യപ്രമേയം. ഇന്ത്യന്‍ നഗരങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുള്ള കോടിക്കണക്കിന് ഗ്രാമീണരുടെ തീരാത്ത നിസ്സഹായത തന്നെയാണ് ഈ മഹാദുരന്തം. തിരക്കഥാ കൃത്തായ മണിവണ്ണന്‍ കീഴാള ജാതിക്കാരനായ ഒരു ഓട്ടോ ഡ്രൈവറായി അഭിനയിക്കുന്നു. നിര്‍ണായക സമയത്ത് ഗോപിയുടെയും ഹരിയുടെയും രക്ഷക്കെത്തുന്നത് അയാളാണ്. എന്നാല്‍, ഇത് നയിക്കുന്നത് അയാളുടെ മകന്റെ മരണത്തിലേയ്ക്കാണ്. എല്ലാം കൊണ്ടും അസഹനീയമായ കാര്യങ്ങളാണ് ഒന്നിനു പുറകെ ഒന്നായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിഴല്‍കളിന്റെ കഥയെഴുതിയ മണിവണ്ണന്‍ അമ്പതു സിനിമകള്‍ സംവിധാനം ചെയ്യുകയും നാനൂറിലധികം സിനിമകളിലഭിനയിക്കുകയും ചെയ്ത കലാകാരനും രാഷ്ട്രീയ നേതാവുമാണ്. ദ്രാവിഡ മുന്നേറ്റ്ര കഴകത്തിലും മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ്ര കഴകത്തിലും ഏറ്റവുമവസാനം നാം തമിഴര്‍ കക്ഷിയിലും (തീവ്ര പ്രാസംഗികനായ സീമാന്‍ ആണ് ഇപ്പോഴത്തെ പ്രമുഖ നേതാവ്) പ്രവര്‍ത്തിച്ച മണിവണ്ണന്‍ ശ്രീലങ്കന്‍ തമിഴ് വിമോചന ദേശീയതയുടെ തുറന്ന പിന്തുണക്കാരനാണ്. 2013ല്‍ അന്തരിച്ച മണിവണ്ണന്റെ ശരീരം തമിഴ് ഈഴപ്പതാക പുതപ്പിച്ച ശേഷമാണ് സംസ്‌ക്കരിച്ചത്. നിഴല്‍കളിനു പുറമെ അലൈകള്‍ ഓയ് വതില്ലൈയുടെയും കാതല്‍ ഓവിയത്തിന്റെയും കഥയെഴുതിയ മണിവണ്ണന്റെ അമൈതിപ്പടൈ ശക്തമായ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമാണ്. നൂറാവത് നാള്‍, ഇരുപത്തിനാല് മണിനേരം പോലുള്ള മണിവണ്ണന്‍ സിനിമകള്‍ കാണികളെ ത്രസിപ്പിക്കുന്ന ത്രില്ലറുകളാണ്. കലൈഞര്‍ കരുണാനിധി എഴുതിയ പാലൈ വന റോജാക്കള്‍ മണിവണ്ണന്‍ സംവിധാനം ചെയ്ത സിനിമയാണ്. ശിവാജി ഗണേശന്‍ സംവിധാനം ചെയ്ത ജല്ലിക്കെട്ട് (1987) അദ്ദേഹത്തിന്റെ സിനിമയാണ്. ഇളയരാജയെക്കുറിച്ചുള്ള ആലോചനകള്‍ നമ്മുടെയെല്ലാം സാമൂഹ്യ ഓര്‍മ്മയുടെയും ആനന്ദത്തിന്റെയും ഭാഗമായതുകൊണ്ട് പ്രത്യേകം വിവരിക്കുന്നില്ല. നിഴല്‍കള്‍ ഏറെ പരീക്ഷണാത്മകമായ സിനിമയാണെങ്കിലും; മറ്റേതൊരു സിനിമയിലുമെന്നതു പോലെ, തമിഴ് സമൂഹത്തിലെ ജാതി-വര്‍ഗ-ലിംഗ നിലകള്‍ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ അടയാളപ്പെടുന്നുവെന്നതും രേഖപ്പെടുത്തേണ്ടതുണ്ട്. അസ്വസ്ഥരായ മൂന്ന് ആധുനിക ചെറുപ്പക്കാരായ ഗോപി, ഹരി, പ്രഭു എന്നിവരും വീട്ടുകാരുടെ എതിര്‍പ്പു വക വെക്കാതെ അവരെ മൂന്നു പേരെയും സഹായിച്ച മഹാലക്ഷ്മിയും അവരെയെല്ലാവരെയും സഹായിച്ച ഓട്ടോ ഡ്രൈവര്‍ മണിയും അവരുടെ ഭാവിയെക്കുറിച്ച് ഗാഢമായ ആലോചനകളിലും ചര്‍ച്ചകളിലും ഏര്‍പ്പെട്ടിരിക്കുകയാണ്. അസ്വസ്ഥ-ആധുനിക യുവാക്കള്‍ പൂങ്കൈ(പൊതുപ്പൂന്തോട്ടം അഥവാ ഗാര്‍ഡന്‍)യിലെ ബഞ്ചില്‍ ഇരിക്കുകയോ നില്ക്കുകയോ ചെയ്യുമ്പോള്‍ മഹാലക്ഷ്മി സ്ത്രീകഥാപാത്ര സഹജമായ ഒതുക്കത്തോടെ വൃക്ഷത്തറയില്‍ ഇരിക്കുന്നു. കീഴാളനും ദരിദ്രനുമായ മണിയാകട്ടെ നിലത്ത് മണ്ണിലാണ് ഇരിക്കുന്നത്. ധരിച്ചിരിക്കുന്നത് കാക്കി അരട്രൗസറും. മേല്‍ജാതിക്കാരുടെയും ധനികരുടെയും വീട്ടിരിപ്പുമുറികളില്‍ ഇരിക്കുന്നതു പോലെയാണ് പൊതുപ്പൂന്തോട്ടത്തില്‍ പോലും അയാള്‍ ഇരിക്കുന്നത് എന്നതിലൂടെ അടയാളപ്പെടുന്ന സാമൂഹികതയും സാമാന്യബോധവും സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്.
മലയാളികളും തമിഴരും അല്ലാത്തവരുമായ സിനിമാ പ്രേമികളും അല്ലാത്തവരുമായ മനുഷ്യര്‍ മറന്നാലും ഇല്ലെങ്കിലും സിനിമാപരീക്ഷണങ്ങളും അന്വേഷണങ്ങളും സംഭാവനകളും സംസ്‌ക്കാര ചരിത്രങ്ങളില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെന്ന വാസ്തവം നന്‍പകലില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം. ജി പി രാമചന്ദ്രൻ

No comments: