Wednesday, June 5, 2024

നന്‍ പകല്‍ ട്യൂട്ടോറിയല്‍ 7 ജെയിംസ് (മമ്മൂട്ടി) നയിക്കുന്ന കേരളീയരുടെ യാത്രാ സംഘം തമിഴ് ഭക്ഷണം കഴിച്ച് തങ്ങളുടെ ടെമ്പോയില്‍ കയറിയ ഉടനെ ഡ്രൈവര്‍ തന്റെ ഭക്ഷണത്തിന്റെ ബില്ല് എടുത്തു കാണിച്ചു കൊണ്ട് ജെയിംസിനോട് പറയുന്നു: ഹലോ, എന്റെ മീന്‍ വറുത്തതിന്റെ പൈസ ഞാന്‍ കൊടുത്തിട്ടുണ്ട്. സ്വതസ്സിദ്ധമായ പുഛഭാവത്തോടെ ജെയിംസ് ഓ എന്നു മൂളുന്നു. എന്നുമുണ്ടാവണേ എന്നും പറയുന്നു. സാമാന്യ മലയാളിയുടെ ഒരു പൊതുവിചാരമാണ്, ഡ്രൈവര്‍മാര്‍ യാത്രക്കാര്‍ക്കായി ഭക്ഷണം കഴിക്കാന്‍ നിര്‍ത്തുന്ന ഹോട്ടലില്‍ നിന്ന് അവര്‍ക്ക് പ്രത്യേക ട്രീറ്റ്‌മെന്റ് കിട്ടുമെന്നും സ്‌പെഷ്യലുകള്‍ ലഭിക്കുമെന്നും അതുമല്ല, അവര്‍ കഴിക്കുന്ന സ്‌പെഷ്യലുകള്‍ യാത്രക്കാരുടെ ബില്ലില്‍ കൂട്ടിച്ചേര്‍ക്കുമെന്നുമെല്ലാം. ഈ പൊതുബോധത്തിലടങ്ങിയ തൊഴിലാളി വിരുദ്ധതയാണ് ഇവിടെ പരിഹസിക്കപ്പെടുന്നത്. മധ്യവര്‍ഗ മലയാളിയുടെ സാംസ്‌ക്കാരികാവബോധത്തെ നിര്‍ദ്ദയം കീറിമുറിക്കുന്ന തൊട്ടടുത്ത സന്ദര്‍ഭം; തമിഴ്പാട്ടു കേള്‍ക്കുമ്പോള്‍ വല്ല മലയാളം പാട്ടും വെക്കടോ ഊവ്വേ എന്ന ജെയിംസിന്റെ ശാസന കേട്ട ഉടനെ ഡ്രൈവര്‍ വെച്ച പാട്ടു കേള്‍ക്കുമ്പോളുള്ള ജെയിംസിന്റെ പ്രതികരണമാണ്. എടാ ഇതിനെക്കാളും പഴയതൊന്നുമില്ലേ. മലയാള സിനിമ തുടങ്ങുന്നേനും മുമ്പൊള്ളതാ! 1962ലെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന സിനിമയിലെ അനുരാഗ നാടകത്തിന്‍ എന്ന പാട്ടിലെ പാടാന്‍ മറന്നു പോയ മൂഢനാം വേഷക്കാരാ തേടുന്നതെന്തിനോ നിന്‍ ഓടക്കുഴല്‍ മണ്ണടിഞ്ഞു എന്ന വരികളാണ് നാം കേള്‍ക്കുന്നത്. പി ഭാസ്‌ക്കരന്‍ എഴുതി എം എസ് ബാബുരാജ് ഈണം നല്‍കി കെ പി ഉദയഭാനു പാടിയ ഈ ഗാനം, പല നിലയ്ക്കും ആധുനിക കേരള സംസ്‌ക്കാര രൂപീകരണത്തെ പ്രതിനിധീകരിക്കുന്നു. പാറപ്പുറത്തിന്റെ ഇതേ പേരിലുള്ള പ്രസിദ്ധ നോവലിനെ ആസ്പദമാക്കി എന്‍ എന്‍ പിഷാരടി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമയാണ് നിണമണിഞ്ഞ കാല്പാടുകള്‍. എന്‍ എന്‍ കരുണാകരപിള്ളയോടൊപ്പം ചേര്‍ന്ന് പ്രസിദ്ധ നിര്‍മ്മാതാവ് ശോഭന പരമേശ്വരന്‍ നായരാണ് ഈ ചിത്രം നിര്‍മ്മിച്ചത്. പ്രേംനസീറും മധുവും അംബികയും ഷീലയും മുഖ്യവേഷങ്ങള്‍ ചെയ്തു. മലയാളത്തിലെ മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. അമ്പത്തേഴു വര്‍ഷം മാത്രം ജീവിച്ചിരുന്ന പാറപ്പുറത്ത് എന്ന കെ ഇ മത്തായി ഇരുപത് നോവലുകളും പതിനാല് കഥാസമാഹാരങ്ങളും പതിനഞ്ച് തിരക്കഥകളുമെഴുതി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്നിവ നേടിയ അദ്ദേഹം മരിക്കുന്ന സമയത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡണ്ടായിരുന്നു. അരനാഴികനേരം, അന്വേഷിച്ചു കണ്ടെത്തിയില്ല, പണി തീരാത്ത വീട്, ആദ്യകിരണങ്ങള്‍ എന്നിവയെല്ലാം പാറപ്പുറത്തിന്റെ കഥകളാണ്. -- നവരത്നാ പ്രൊഡക്ഷൻസിനു വേണ്ടി കെ വി ഭവദാസ് , എൻ കെ കരുണാകരൻ പിള്ള , കെ പരശുരാമൻ നായർ എന്നിവർ ചേർന്നു നിർമ്മിച്ച “നിണമണിഞ്ഞ കാല്പാടുകൾ“ എന്ന ചിത്രത്തിന്റെ സംഭാഷണവും പാറപ്പുറത്ത് എഴുതിയതാണ്.പി ഭാസ്കരന്റെ രചനയ്ക്ക് ബാബുരാജ് ഈണം നൽകി. പി ലീല, എസ് ജാനകി, പി ബി ശ്രീനിവാസ്, ഉദയഭാനു, എം ബി ശ്രീനിവാസ് എന്നിവർ ആലപിച്ചു.സി ഗോപാലകൃഷ്ണന്റെ നൃത്തസംവിധാനം , ജി വെങ്കിട്ടരാമന്റെ ചിത്രസംയോജനം യു രാജഗോപാലിന്റെ ഛായാഗ്രഹണം എന്നിവയോടു കൂടി 1963 ഫെബ്രുവരി 3 നു റിലീസ് ചെയ്ത പ്രസ്തുത ചിത്രത്തിൽ പ്രേംനസീർ , കാമ്പിശ്ശേരി, പി ജെ ആന്റണി,എസ് പി പിള്ള , ബഹദൂർ , അടൂർ ഭാസി, പി ഒ തോമസ്,നാണുക്കുട്ടൻ നായർ, അടൂർ ഭവാനി, അംബിക, ലക്ഷ്മീദേവി,രാധാമണി,മാവേലിക്കര എൽ പൊന്നമ്മ , സുശീല, ശാന്തകുമാരി, കോട്ടയം ശാന്ത, ഷീല, എന്നിവരും പുതുമുഖമായ മധുവും അഭിനയിച്ചു. ജിജാ സുബ്രമണ്യന്‍ എഴുതിയ കഥാസാരം ഇപ്രകാരമാണ്. വ്യവഹാരം കൊണ്ടു മുടിയാറായ വടക്കേടത്തെ തോമ്മാച്ചനും അന്യസ്ഥലത്തു നിന്നു വന്നു താമസമുറപ്പിച്ച കോശിസാറും അവരുടെ കുടുംബങ്ങളും ഹൃദ്യമായ സൗഹൃദത്തോടെ പ്രകൃതിസുന്ദരമായ ആ നാട്ടിൻ പുറത്ത് കഴിഞ്ഞു വന്നു.തോമ്മാച്ചന്റെ മകൻ തങ്കച്ചനും അദ്ധ്യാപകനായ കോശിസാറിന്റെ മകൾ തങ്കമ്മയും വളർന്നു വന്നത് അവരുടെ ഹൃദയങ്ങളിൽ പ്രേമവും വളർത്തിക്കൊണ്ടാണ്.പെട്ടെന്നുണ്ടായ പിതാവിന്റെ മരണം തങ്കച്ചനെ കുടുംബഭരണത്തിന്റെ ഭാരം താങ്ങാൻ നിർബന്ധിതനാക്കി.അനിയത്തിയെയും അമ്മയെയും പോറ്റാൻ പൊരുളു തേടി തങ്കച്ചൻ പട്ടാളത്തിൽ ചേർന്നു.പട്ടാളക്യാമ്പിലെ പരുക്കൻ അന്തരീക്ഷത്തിൽ കഴിഞ്ഞു കൂടാൻ തങ്കച്ചനു കരുത്തേകിയത് മുഖ്യമായും രാഗസുരഭിലമായ തങ്കമ്മയുടെ കത്തുകളായിരുന്നു.അവളുടെ ഒരു കത്തിൽ നിന്നും നല്ലവനായ കോശിസാർ മരണമടഞ്ഞുവെന്നറിഞ്ഞ് പിതാവിന്റെ വിയോഗത്തിൽ വീർപ്പു മുട്ടി നാട്ടിൽ അനാഥാവസ്ഥയിൽ കഴിയുന്ന തങ്കമ്മയുടെ നിലയോർത്തു തങ്കച്ചൻ കരഞ്ഞു പോയി.കോശിസാറിന്റെ മരണം മൂലം ഗതിമുട്ടി നിന്ന തങ്കമ്മയെയും അമ്മയായ റാഹേലിനെയും ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്നും രക്ഷിക്കാനെന്ന ഭാവത്തിൽ സ്ഥലത്തെ ഒരു പണക്കാരനായ ഫിലിപ്പ് അവരോടടുത്തു. സാമ്പത്തിക സഹായം അയാളിൽ നിന്നും സ്വീകരിക്കേണ്ടി വന്ന തങ്കമ്മയെ പറ്റി നാട്ടിൽ അപവാദപ്രചാരണം ഉണ്ടായി.തങ്കച്ചനു ലീവു കിട്ടി. അമ്മയെയും കൊച്ചു സഹോദരിയെയും സർവോപരി തങ്കമ്മയെയും ഒരു നോക്കു കാണുവാൻ നാട്ടിലേയ്ക്ക് ഓടിയെത്തി.പക്ഷേ തങ്കമ്മയുടെ ചുറ്റിനും ഉയർന്നു പൊങ്ങിയ അപവാദ ധൂമം അവനെ ശ്വാസം മുട്ടിച്ചു.അവധി തീരും മുൻപ് തങ്കച്ചൻ തിരിച്ചു പോയി.ഏക അവലംബമായിരുന്ന അമ്മ കൂടി മരണമടഞ്ഞപ്പോൾ തങ്കമ്മ അകലെയുള്ള ബന്ധു ഗൃഹത്തിലേയ്ക്ക് പോയി.രണാങ്കണത്തിൽ വെച്ച് ബോംബാക്രമണത്തിൽ മുറിവേറ്റു തങ്കച്ചൻ ആശുപത്രിയിലായി.തകർന്ന ഹൃദയവും തളർന്ന ശരീരവുമായി കിടന്നിരുന്ന തങ്കച്ചനെ ശുശ്രൂഷിച്ചിരുന്ന നേഴ്സ് ലിസി അവന്റെ പ്രേമകഥ കേട്ടപ്പോൾ തങ്കമ്മ തികച്ചും നിരപരാധിയാണെന്ന് വാദിച്ചു. താൻ തെറ്റിദ്ധരിച്ചു നിർദ്ദയം ഭർത്സിച്ച കാമുകിയെ കണ്ട് മാപ്പിരക്കുവാൻ ചെന്ന തങ്കച്ചൻ കണ്ടു മുട്ടുന്നത് കുടിയനായ ഒരുവന്റെ ഭാര്യയായി കഴിയുന്ന തങ്കമ്മയെയാണ്.പ്രതീക്ഷകളെല്ലാം തകർന്നു തങ്കച്ചൻ വീണ്ടും രണഭൂമിയിലേയ്ക്കു മടങ്ങി.അവിടെ വെച്ച് തന്റെ ഉറ്റ ചങ്ങാതിയായ സ്റ്റീഫനെ വെടിയുണ്ടയോടൊപ്പമെത്തിയ മരണം വിഴുങ്ങിയപ്പോൾ അവന്റെ അന്തിമാഭിലാഷം തങ്കച്ചനെ അറിയിച്ചു. അന്നു കൂട്ടുകാരനു കൊടുത്ത വാക്കു പാലിക്കാൻ സ്റ്റീഫന്റെ സഹോദരി അമ്മിണിയെ തങ്കച്ചൻ വിവാഹം ചെയ്തു.ആദ്യരാത്രിയുടെ ചൂടാറും മുൻപ് സമരമുഖത്തെത്തുവാൻ ആ കാവൽ ഭടനു ഉത്തരവു കിട്ടി.കർത്താവു നിരതനായ യുവയോദ്ധാവ് സഹധർമ്മിണിയെ സാന്ത്വന വാക്കോതി സമാശ്വസിപ്പിച്ച് യുദ്ധക്കളത്തിലേയ്ക്ക് യാത്രയായി.ചന്ദ്രതാരാ പിക്ച്ചേഴ്സ് ഈ ചിത്രം വിതരണം ചെയ്തു. (അവലംബം: സിനിമാ ഡയറക്ട്ടറി/കടപ്പാട് : ബി വിജയകുമാര്‍) --മലയാള സംഗീതം ഡോട്ട് ഇന്‍ഫോയിലാണ് ഈ കഥാസാരം ഉള്ളത്. പഴയ മലയാള സിനിമകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ സൈറ്റിലും എം3ഡിബി ഡോട്ട് കോമിലും ലഭ്യമാണ്. നിസ്വാര്‍ത്ഥമായ സേവനമാണ് ഈ സൈറ്റുകള്‍ക്കു വേണ്ടി സന്നദ്ധ പ്രവര്‍ത്തകര്‍ നിര്‍വഹിക്കുന്നത്. മധു ആദ്യമായി അഭിനയിച്ചത് നിണമണിഞ്ഞ കാല്പാടുകളിലാണ്. മലയാള സംഗീതം ഡോട്ട് ഇന്‍ഫോയിലുള്ള മറ്റു ചില പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക: സത്യൻ അഭിനയിക്കേണ്ടിയിരുന്ന റോളിൽ നിന്നും അദ്ദേഹം പിന്മാറി. മരിച്ച കഥാപാത്രത്തിന്റെ ഫോട്ടോ(സത്യന്റെ) വച്ച് ഷൂട് ചെയ്യാൻ രംഗമൊരുക്കിയത് കണ്ട് സത്യൻ പിണങ്ങിപ്പിരിയുകയാണുണ്ടായത് എന്ന് ശോഭന പരമേശ്വരൻ നായർ ഓർമ്മിയ്ക്കുന്നു. പെട്ടെന്ന് ഒരാളെ കണ്ടെത്തി അദ്ദേഹം. ഡെൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ പരിശീലനം കഴിഞ്ഞെത്തിയ മാധവൻ നായർ എന്ന മധു. പ്രസിദ്ധസാഹിത്യകൃതികൾ ചലച്ചിത്രരൂപമെടുക്കുന്ന പ്രവണത ഇതോടെ ആഴത്തിൽ വേരുറച്ചു. നോവലിലെ ദുഃഖകരമായ അന്ത്യം മാറ്റി ശുഭോദർക്കമാക്കിയിട്ടുണ്ട് സിനിമയിൽ. “അനുരാഗനാടകത്തിൻ” എന്ന പാട്ട് ഉദയഭാനുവിനെ കൂടുതൽ പോപുലർ ആക്കി. അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു അരങ്ങിതിലാളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു പാടാന്‍ മറന്നു പോയ മൂഢനാം വേഷക്കാരാ (2) തേടുന്നതെന്തിനോ നിന്‍ ഓടക്കുഴല്‍ മണ്ണടിഞ്ഞു അനുരാഗനാടകത്തിന്‍ കണ്ണുനീരില്‍ നീന്തി നീന്തി ഗല്‍ഗദം നെഞ്ചിലേന്തി കൂരിരുളില്‍ ദൂരെ നിന്റെ കൂട്ടുകാരി മാഞ്ഞുവല്ലോ അനുരാഗനാടകത്തിന്‍ വ്യര്‍ഥമാം സ്വപ്നങ്ങള്‍തന്‍ പട്ടടക്കാടിനുള്ളില്‍ കത്തുമീ തീയിൻ മുന്നില്‍ കാവലിനു വന്നാലും നീ അനുരാഗനാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു അരങ്ങിതിലാളൊഴിഞ്ഞു കാണികള്‍ വേര്‍പിരിഞ്ഞു മറ്റൊരു പാട്ടാണ് ഭാരത മേദിനി പോറ്റിവളർത്തിയ എന്നു തുടങ്ങുന്നത്‌ വീരന്മാരാം പടയാളികളേ കർമ്മഭൂമിയായ് കരവാളൂരിയ ദേശഭക്തി തൻ അലയാഴികളേ നിങ്ങൾ തന്നപദാനം അമ്മയ്ക്കിന്നഭിമാനം(ഭാരത,...) തുംഗവീരരാം ബംഗാളികളേ ബംഗാളികളേ പങ്കാളികളാം പഞ്ചാബികളേ പഞ്ചാബികളേ ഹിമവാൻ പോറ്റിയ കുമയോണികളേ കുമയോണികളേ സമരവീരരാം ഒറിയാക്കാരേ ഉത്തമചരിത മറാത്താനാടിൻ പുത്രന്മാരേ ഗുജറാത്തികളേ നിങ്ങൾതന്നപദാനം അമ്മയ്ക്കിന്നഭിമാനം രാജപുത്രരാം രണനായകരേ രണനായകരേ വിശാലാന്ധ്രതൻ വീരന്മാരേ വീരന്മാരേ കന്നഡഭൂവിൻ തനയന്മാരേ തനയന്മാരേ ചെന്തമിഴ് നാട്ടിലെ വീരന്മാരേ മലമകളാകിയ കേരളനാടിൻ മടിയിലുണർന്നൊരു മലയാളികളേ നിങ്ങൾതന്നപദാനം അമ്മയ്ക്കിന്നഭിമാനം എന്തിലുമേതിലും ഇൻഡ്യയെന്നൊരു ചിന്തയിലമരും പോരാളികളേ ഒരേ രക്തമാർന്നൊരേ ലഹരിയിൽ രഥം തെളിക്കും തേരാളികളേ തേരാളികളേ നിങ്ങൾതന്നപദാനം അമ്മയ്ക്കിന്നഭിമാനം --ഇന്ത്യക്കാരായിരിക്കെ തന്നെ ഓരോ ഇന്ത്യക്കാരും അവരവരുടെ പ്രദേശത്തുകാരാണ്. ഇതുസംബന്ധമായ വിശദാംശങ്ങളിലേയ്ക്ക് ഗാനരചന പുരോഗമിക്കുന്നുണ്ട്. തമിഴനും മലയാളിയും തന്നെ എത്ര വ്യത്യാസപ്പെട്ടിരിക്കുന്നു. അവരെത്ര പരസ്പരം അറിയാത്തവരായിരിക്കുന്നു എന്നതാണല്ലോ നന്‍പകലിന്റെ ഒരു ആശയം. ഈ പശ്ചാത്തലത്തില്‍, ഭാരതമേദിനി പോറ്റിവളര്‍ത്തിയ എന്ന ഗാനം ചിത്രത്തിലില്ലെങ്കിലും പ്രസക്തമായി തോന്നി. പൊന്‍കുന്നം വര്‍ക്കി എഴുതിയ സ്‌നേഹസീമ(1954)യിലും പട്ടാളക്കഥയാണ് പരാമര്‍ശിക്കുന്നത്. യുദ്ധരംഗങ്ങള്‍ സ്‌നേഹസീമയിലും ഉണ്ടായിരുന്നു.സ്‌നേഹസീമയും നിണമണിഞ്ഞ കാല്പാടുകള്‍ പോലെ കൃസ്ത്യന്‍ പശ്ചാത്തലത്തിലുള്ള സിനിമയായിരുന്നു. മാനേജറുടെ ചൂഷണവും കടന്നാക്രമണവും സഹിക്കാതെ ജോണി അദ്ധ്യാപക ജോലി രാജി വെയ്ക്കുന്നു. ജോണിയെ അവതരിപ്പിക്കുന്നത് മഹാനായ സത്യനാണ്. കുറച്ചു കാലം ഇഷ്ടികക്കമ്പനിയില്‍ ചക്രം കറക്കുന്ന ജോലിയിലേര്‍പ്പെട്ടെങ്കിലും സാമ്പത്തിക പ്രയാസം മറി കടക്കാന്‍ അയാള്‍ പട്ടാളത്തില്‍ ചേരുന്നു. ഇതിനിടയില്‍ ഭാര്യ ഓമന ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുന്നുമുണ്ട്. യുദ്ധം പൊട്ടിപ്പുറപ്പെടുന്നു. യുദ്ധത്തിന്റെ കുറെയധികം ദൃശ്യങ്ങള്‍ സ്‌നേഹ സീമയുടെ കരുത്താണ്. അക്കാലത്ത്, മലയാള സിനിമാ പ്രേക്ഷകര്‍ക്ക് അതൊരു അത്ഭുതം തന്നെയായിരുന്നു. യുദ്ധത്തില്‍ ജോണി മരിച്ചതായി ഔദ്യോഗികമായി വീട്ടുകാരെ അറിയിക്കുന്നു. നന്‍പകലിലെ യാത്രക്കാര്‍ വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനം കഴിഞ്ഞു വരുന്ന ക്രിസ്ത്യാനികളാണെന്നതിനാല്‍ കൃസ്ത്യന്‍ പശ്ചാത്തലത്തിലുള്ള സിനിമയിലെ പാട്ട് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.ആകാശത്തിലെ പറവകള്‍ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല എന്നതു പോലുള്ള ബൈബിള്‍ വചനങ്ങളെല്ലാം സിനിമയിലുണ്ട്.ദു:ഖിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും ദൈവം സഹായിക്കും എന്ന വാചകവും ശ്രദ്ധേയമാണ്. കന്യാതനയാ കരുണാനിലയാ കൈവെടിയരുതേ മിശിഹായേ കൈവെടിയരുതേ മിശിഹായേ കന്യാതനയാ കരുണാനിലയാ... കുരുടന്നു കൈവടി നീയല്ലോ കൂരിരുളില്‍ തിരി നീയല്ലോ കരകാണാത്തൊരു കദനക്കടലില്‍ കനിവിന്‍ തീരം നീയല്ലോ കനിവിന്‍ തീരം നീയല്ലോ പാരില്‍ പാപക്കുരിശും പേറി കാല്‍വരിയേറിയ നായകനേ മുള്‍മുടി ചൂടുമ്പോഴും കരുണാ - മുരളികയൂതിയ നായകനേ നിന്നുടെ നിനവൊരു കൈത്തിരിയായി മണ്ണിന്‍ വഴിയില്‍ വാഴേണം മണ്ണിന്‍ വഴിയില്‍ വാഴേണം കന്യാതനയാ കരുണാനിലയാ കൈവെടിയരുതേ മിശിഹായേ കൈവെടിയരുതേ മിശിഹായേ കന്യാതനയാ കരുണാനിലയാ... എന്ന ഹൃദ്യമായ ക്രിസ്തീയ ഭക്തിഗാനം പി ഭാസ്‌ക്കരന്‍ എഴുതി, ബാബുരാജ് സംഗീതം നല്‍കി പി ലീലയും പുനിതയും ചേര്‍ന്ന് പാടിയതാണ്. മതമൈത്രിയ്ക്ക് ഏറ്റവും മികച്ച ഉദാഹരണം കൂടിയാണിത്. (പാട്ടുകളിലെ വരികളെല്ലാം എം3ഡിബി എന്ന സൈറ്റില്‍ നിന്നാണ് ലഭിക്കുന്നത്) പട്ടാളമെന്നാല്‍ എപ്പോഴും യുദ്ധമായിരിക്കുമെന്ന തോന്നലാണ് സ്‌നേഹസീമയെന്നതു പോലെ നിണമണിഞ്ഞ കാല്പാടുകളും പ്രേക്ഷകര്‍ക്ക് നല്കിയത്.വിരമിച്ച പട്ടാളക്കാരുടെ സ്വയം പുകഴ്ത്തിയ അനുഭവകഥനങ്ങളെ പരിഹസിക്കുന്നതിനായി എസ് പി പിള്ള അവതരിപ്പിക്കുന്ന ഒരു കഥാപാത്രവും നിണമണിഞ്ഞ കാല്പാടുകളിലുണ്ട്. കുഞ്ഞൂഞ്ഞ് എന്നു കഥാപാത്രപ്പേരുള്ള ഇങ്ങോര് പട്ടാളത്തില്‍ നിന്ന് ചാടിപ്പോന്നതിനാല്‍ പോലീസ് അറസ്റ്റിലാവുന്നു. പട്ടാളത്തെ ഇതുപോലെ പരിഹസിക്കാന്‍ പുതിയ കാലത്ത് സാധിക്കുമോ എന്ന് കണ്ടറിയണം. ഭാരതത്തിന്റെ അതിര്‍ത്തി സംരക്ഷിക്കാന്‍ രണാങ്കണത്തില്‍ അടരാടി വീരമൃത്യു വരിച്ച നമ്മുടെ ധീര ജവാന്മാരുടെ പാവനസ്മരണയ്ക്കാണ് നിണമണിഞ്ഞ കാല്പാടുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതൊന്നും തിരിച്ചറിയാതെയാണ് ഈ സിനിമയിലെ ഒരു പാട്ടുവരി കേള്‍ക്കുമ്പോഴേക്കും മലയാള സിനിമ തുടങ്ങുന്നേനും മുമ്പൊള്ളതാ എന്ന് രൂക്ഷമായി പരിഹസിക്കുന്നത്. കാലത്തോടും കലാ ചരിത്രത്തോടുമുള്ള സാമാന്യ മലയാളിയുടെ നിസ്സംഗമായ അവഗണനയും അജ്ഞതയും ആണിവിടെ യഥാര്‍ത്ഥത്തില്‍ വിമര്‍ശിക്കപ്പെടുന്നത്. ജി പി രാമചന്ദ്രൻ

No comments: