Wednesday, June 5, 2024

നന്‍ പകല്‍ ട്യൂട്ടോറിയല്‍ 8 വല്ല മലയാളം പാട്ടും വെക്കടോ ഊവ്വേ എന്ന ജയിംസിന്റെ ശാസന കേട്ടാണ് ഡ്രൈവര്‍ അനുരാഗ നാടകത്തിന്‍ എന്നു തുടങ്ങുന്ന, ബാബുരാജ് ഈണം പകര്‍ന്ന നിണമണിഞ്ഞ കാല്പാടുകളിലെ പാട്ട് വെക്കുന്നത്. പാടാന്‍ മറന്നു പോയ മൂഢനാം വേഷക്കാരാ എന്ന വരികളാണ് നാം കേള്‍ക്കുന്നത്. ഈ പാട്ടു വെച്ചപ്പോഴും ജയിംസ് ശകാരിക്കുകയാണ് ചെയ്തത്. എടാ ഇതിനെക്കാളും പഴയതൊന്നുമില്ലേ, മലയാള സിനിമ തുടങ്ങുന്നേനും മുമ്പൊള്ളതാ! തീര്‍ത്ഥാടകരായ യാത്രക്കാരെല്ലാം ചേര്‍ന്ന് ഇത്തരം യാത്രകളില്‍ സ്ഥിരം പാടാറുള്ള മഞ്ഞക്കിളിയെ പിടിക്കാലോ (ഇതല്ലെങ്കില്‍ സുരാംഗനിയായിരുന്നു പാടുക) എന്ന പാട്ട് പാടിയപ്പോഴും ജയിംസ് പ്രകോപിതനാകുകയും അസ്വസ്ഥനാകുകയും സകലരെയും ചീത്ത പറയുകയും ചെയ്തിരുന്നു. തമിഴ് പാട്ടും മലയാളം പാട്ടും എല്ലാവരും ചേര്‍ന്ന് പാടുന്ന കൂട്ട-നാടന്‍ പാട്ടും ഇഷ്ടപ്പെടാത്ത ജയിംസൊരു അരസികനാണെന്നോ അല്ലെങ്കില്‍ അയാളുടെ രസനീയതയുടെ ലെവല്‍ വേറെയാണെന്നോ ആയിരിക്കും സംവിധായകന്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക. എല്ലാവരും ഉറക്കം പിടിക്കുന്നു. പാട്ടിന്റെ പശ്ചാത്തലശബ്ദത്തിനു മുകളിലൂടെ വണ്ടി ഓടിക്കുന്ന ശബ്ദവും മറ്റു വണ്ടികളുടെ ശബ്ദങ്ങളും കേള്‍ക്കാം. പെട്ടെന്ന് ഒരു തമിഴ്‌നാട് സര്‍ക്കാര്‍ ബസ്സ് (തമിഴ്‌നാട് അരശു പോക്കു വരത്തു കഴകം), ജയിംസും കൂട്ടരും സഞ്ചരിക്കുന്ന മലയാളികളുടെ ബസ്സിനെ ഓവര്‍ടേക്ക് ചെയ്യുന്നു. മധുരൈ റൂട്ടിലോടുന്ന ബസ്സാണെന്ന് പുറകിലെ കണ്ണാടിയിലെഴുതിയ എഴുത്തില്‍ നിന്ന് മനസ്സിലാക്കാം. ഈ ഓവര്‍ടേക്കിങ്ങിന് ഒപ്പം, മലയാളികളുടെ ബസ്സിലെ പാട്ട് വീണ്ടും തമിഴായി മാറുന്നു. അതായത്; വല്ല മലയാളം പാട്ടും വെക്കടാ ഊവ്വേ(തമിഴ് പാട്ട് വെച്ചപ്പോള്‍), എന്നും ഇതിനെക്കാളും പഴയതൊന്നുമില്ലേ(മലയാളം പാട്ട് വെച്ചപ്പോള്‍) എന്നുമുള്ള പഴയ തറവാട്ടു കാരണവര്‍ സ്റ്റൈലിലുള്ള ശകാരം കേട്ട് ഇനി വരുന്നിടത്തു വെച്ച് കാണാം എന്നോ എന്തെങ്കിലും ആവട്ടേ എന്നോ വിചാരിച്ച് ഡ്രൈവര്‍ നിസ്സംഗനായി വണ്ടി ഓടിക്കുന്നു. അപ്പോഴാണ് ബൈ ഡിഫോള്‍ട്ട് എന്നോണം വീണ്ടും തമിഴ് പാട്ട് തന്നെ റെക്കോഡറില്‍ നിന്ന് കേള്‍ക്കുന്നത്. പടിത്താല്‍ മറ്റും പോതുമാ (പഠിച്ചതു മാത്രം കൊണ്ട് എന്തു പ്രയോജനം) എന്ന 1962ലെ സിനിമയിലെ പൊന്‍ ഒണ്ട്രു കണ്ടേന്‍ എന്ന പാട്ടാണ് നാം അപ്പോള്‍ കേള്‍ക്കുന്നത്. പരമ്പര, നിഴല്‍കള്‍, നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്നീ മുന്‍ പരാമര്‍ശിത സിനിമകളിലെന്നതു പോലെ; ബന്ധം, സ്‌നേഹം, തെറ്റിദ്ധാരണ, പരസ്പരം മാറിപ്പോകല്‍ എന്നിങ്ങനെ മുഖ്യധാരാ സിനിമയുടെ ആവര്‍ത്തിത പ്രമേയം തന്നെയാണ്പടിത്താല്‍ മറ്റും പോതുമാ എന്ന സിനിമയിലുമുള്ളത്. ഈ സ്ഥിര പ്രമേയം തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന പുതിയ സിനിമയിലുമുള്ളത്. എന്നാല്‍, അവിശ്വസനീയവും അവിസ്മരണീയവുമായ രീതിയില്‍ അതിനെ നവീകരിച്ചിരിക്കുന്നു എന്നു മാത്രം. പ്രസിദ്ധ ബംഗാളി നോവലിസ്റ്റായ താരാശങ്കര്‍ ബന്ദോപാധ്യായയുടെ നാ എന്ന നോവലിനെ ആസ്പദമാക്കി എ ഭീംസിംഗ് സംവിധാനം ചെയ്ത പടിത്താല്‍ മറ്റും പോതുമാ വന്‍ ഹിറ്റായിരുന്നു. എല്ലാ റിലീസ് കേന്ദ്രങ്ങളിലും നൂറു ദിവസം കളിച്ച ഈ പടം മദ്രാസ് നഗരത്തിലെ മിഡ്‌ലാന്റ്, ബ്രോഡ് വേ, സയനി എന്നീ തിയേറ്ററുകളിലാണ് റിലീസ് ചെയ്തത്. ശിവാജി ഗണേശനും സാവിത്രിയും കെ ബാലാജിയും രാജസുലോചനയും എം ആര്‍ രാധയും മനോരമയും മറ്റുമാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. മോഹന്‍ലാലിന്റെ ഭാര്യാപിതാവായ കെ ബാലാജി പ്രമുഖ നിര്‍മാതാവ് കൂടിയാണ്. ശിവാജി ഗണേശന്‍ അവതരിപ്പിക്കുന്ന ഗോപാലും കെ ബാലാജി അവതരിപ്പിക്കുന്ന രാജുവും അര്‍ദ്ധസഹോദരങ്ങളാണ്. ഇതില്‍ രാജു പഠിച്ചവനും ഗോപാല്‍ പഠിക്കാത്തവനുമാണ്. ഇവര്‍ക്കായുള്ള വിവാഹോലോചനയുമായെത്തുന്ന ബ്രോക്കര്‍ കൈലാസം ആണ് സിനിമയുടെ കോമഡി ട്രാക്ക് നയിക്കുന്നത്. എം ആര്‍ രാധയാണ് കൈലാസമായെത്തുന്നത്. കൈലാസം ശൈവമതക്കാരനും ഭാര്യ ആണ്ടാള്‍ വൈഷ്ണവ മതക്കാരിയും (വൈണവി) ആണ്. ഇവരുടെ രണ്ടു പേരുടെയും വിശ്വാസ-ആചാര-അനുഷ്ഠാന ഭിന്നതകള്‍ ആണ് സിനിമയിലെ തമാശസീനുകളുടെ അടിസ്ഥാനം. പഠിച്ചവനായ രാജുവിനാലോചിച്ച മീനയെ കാണാന്‍ പഠിക്കാത്ത ഗോപാലും ഗോപാലിനാലോചിച്ച സീതയെ കാണാന്‍ രാജുവും പോകണം എന്ന വിചിത്രമായ തീരുമാനമാണ് ഗോപാലിന്റെ പിതാവ് ജമീന്ദാറും കല്യാണബ്രോക്കറും ചേര്‍ന്നെടുക്കുന്നത്. സ്‌നേഹം കൊണ്ട് കെട്ടിവരിഞ്ഞവരാകയാല്‍ ഓരോരുത്തരും അപരന്റെ ഇഷ്ടത്തെ പ്രതിനിധീകരിക്കുകയും അവര്‍ക്കു വേണ്ടിയുള്ള പരിശോധന ഏറ്റവും നന്നായി (അതായത് അവരേക്കാള്‍ നന്നായി) നടത്തുകയും ചെയ്യും എന്ന തത്വമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതനുസരിച്ച് അതാത് പെണ്ണുകാണല്‍ അഥവാ മാറിമാറിയുള്ള പെണ്ണുകാണല്‍ നടത്തിയതിനു ശേഷം അവര്‍ പരസ്പരം അത് വര്‍ണ്ണിക്കുന്ന രംഗത്തിലെ പാട്ടാണ് പൊന്‍ അണ്ട്രു കണ്ടേന്‍ എന്നത്. ധനികരായ കഥാപാത്രങ്ങള്‍ വിഹരിക്കുന്ന ഒരു ആധുനിക നീന്തല്‍ക്കുളത്തില്‍ കുളിച്ചാറാടവെ ആണ് അവരീ പാട്ട് പാടുന്നത്. ഒന്നാമന്‍: പൊന്‍ ഒണ്ട്രു കണ്ടേന്‍ പെണ്‍ അങ്കു ഇല്ലൈ ഏനെണ്ട്രു നാന്‍ സൊല്ലലാഗുമാ (ഒരു പൊന്നിനെ കണ്ടു, പെണ്ണവിടെ ഇല്ലായിരുന്നു, എന്തുകൊണ്ടെന്നു പറയട്ടെ?) രണ്ടാമന്‍: ഏനെണ്ട്രു നാന്‍ സൊല്ല വേണ്ടുമാ (എന്തു കൊണ്ടെന്ന് ഞാന്‍ പറയേണ്ടതില്ലേ?) രണ്ടാമന്‍: പൂ ഒണ്ട്രു കണ്ടേന്‍ മുഖം കാണവില്ലൈ (ഒരു പൂവിനെ കണ്ടു, മുഖത്തെ കണ്ടില്ല) ഒന്നാമന്‍: ഏനെണ്ട്രു നാന്‍ സൊല്ലലാഗുമാ (എന്തുകൊണ്ടെന്നു പറയട്ടെ?) രണ്ടാമന്‍: ഏനെണ്ട്രു നാന്‍ സൊല്ല വേണ്ടുമാ(എന്തു കൊണ്ടെന്ന് ഞാന്‍ പറയേണ്ടതില്ലേ?) ഒന്നാമന്‍: നടമാടും മേഘം നവ നാഗരീകം അഴകാന ചിന്നം അലൈപോല മിന്നും (ചലിക്കുന്ന മേഘം, പുതിയ പരിഷ്‌ക്കാരം, അഴകുള്ള അടയാളം, അലയടിക്കുന്നതു പോലെ മിന്നുന്നു) രണ്ടാമന്‍: നടമാടും ശെല്‍വം പണിവാന ദൈവം പലങ്കാല ചിഹ്നം ഉയിരാക മിന്നും (ചലിക്കുന്ന സമ്പത്ത്, എളിമയുള്ള ദൈവം, പലകാല അടയാളം, ലോകമാകെ മിന്നും) ഒന്നാമന്‍: തുള്ളിവരും വെള്ളിനില തുള്ളിവരും വെള്ളിനില (ഉദിച്ചുയരുന്ന വെള്ളി നിലാവ്) രണ്ടാമന്‍: തുവന്തു വിഴും കൊടി ഇടൈയാല്‍ തുവന്തു വിഴും കൊടി ഇടൈയാല്‍ (പറക്കുന്ന കൊടിയുടെ കീഴില്‍) ഒന്നാമന്‍: വിണ്ണോടു വിളൈയാടും പെണ്‍ അന്ത പെണ്ണല്ലവോ (വാനത്തോടും കളിക്കുന്ന പെണ്ണ് ആ പെണ്ണല്ലേ) ഒന്നാമന്‍: സെണ്ട്രേന്‍(ചെന്നു), രണ്ടാമന്‍: ഹും ഒന്നാമന്‍: കണ്ടേന്‍,(കണ്ടു) രണ്ടാമന്‍: ഹും ഒന്നാമന്‍: വന്തേന്‍(വന്നു) രണ്ടാമന്‍: ഹും ഒന്നാമന്‍: പൊന്‍ ഒണ്ട്രു കണ്ടേന്‍ പെണ്‍ അങ്കു ഇല്ലൈ ഏനെണ്ട്രു നാന്‍ സൊല്ലലാഗുമാ രണ്ടാമന്‍: ഏനെണ്ട്രു നാന്‍ സൊല്ല വേണ്ടുമാ ഒന്നാമന്‍: നാന്‍ പാര്‍ത്ത പെണ്ണൈ നീ പാര്‍ക്കവില്ലൈ നീ പാര്‍ത്ത പെണ്ണൈ നാന്‍ പാര്‍ക്കവില്ലൈ നാന്‍ പാര്‍ത്ത പെണ്ണൈ നീ പാര്‍ക്കവില്ലൈ (ഞാന്‍ കണ്ട പെണ്ണിനെ നീ കണ്ടില്ല, നീ കണ്ട പെണ്ണിനെ ഞാന്‍ കണ്ടില്ല) രണ്ടാമന്‍: ഉന്‍ പാര്‍വൈ പോലെ എന്‍ പാര്‍വൈ ഇല്ലൈ നാന്‍ കണ്ട കാട്ച്ചി നീ കാണവില്ലൈ നാന്‍ കണ്ട കാട്ച്ചി നീ കാണവില്ലൈ (നിന്റെ കാഴ്ച പോലെയല്ല എന്റെ കാഴ്ച. ഞാന്‍ കണ്ട കാഴ്ച നീ കണ്ടില്ല) ഒന്നാമന്‍: എന്‍ വിഴിയില്‍ നീ ഇരുന്തായ് എന്‍ വിഴിയില്‍ നീ ഇരുന്തായ് രണ്ടാമന്‍: ഉന്‍ വടിവില്‍ നാന്‍ ഇരുന്തേന്‍ ഉന്‍ വടിവില്‍ നാന്‍ ഇരുന്തേന്‍ ഒന്നാമന്‍: നീ ഇണ്ട്രി നാനില്ലൈ നാന്‍ ഇണ്ട്രി നീ ഇല്ലയൈ ഒന്നാമന്‍: സെണ്ട്രേന്‍, രണ്ടാമന്‍: ഹും ഒന്നാമന്‍: കണ്ടേന്‍, രണ്ടാമന്‍: ഹും ഒന്നാമന്‍: വന്തേന്‍ രണ്ടാമന്‍: ഹും ഒന്നാമന്‍: പൊന്‍ ഒണ്ട്രു കണ്ടേന്‍ പെണ്‍ അങ്കു ഇല്ലൈ ഏനെണ്ട്രു നാന്‍ സൊല്ലലാഗുമാ രണ്ടാമന്‍: ഏനെണ്ട്രു നാന്‍ സൊല്ല വേണ്ടുമാ രണ്ടാമന്‍: പൂ ഒണ്ട്രു കണ്ടേന്‍ മുഖം കാണവില്ലൈ ഒന്നാമന്‍: ഏനെണ്ട്രു നാന്‍ സൊല്ലലാഗുമാ രണ്ടാമന്‍: ഏനെണ്ട്രു നാന്‍ സൊല്ല വേണ്ടുമാ ഇവിടെ തങ്ങളോരോരുത്തരും അപര സഹോദരനു വേണ്ടി കണ്ട കാഴ്ച പൊലിപ്പിച്ചു പറയുകയും അപരരുടെ പ്രതിശ്രുത വധുവിനെ പരസ്പരം പുകഴ്ത്തി പറയുകയും ചെയ്യുകയാണ്. നന്‍പകലില്‍ ജെയിംസിന്റെയും സുന്ദരത്തിന്റെയും (രണ്ടും മമ്മൂട്ടി) ഭാര്യമാര്‍ സഹനശേഷിയും സൗന്ദര്യവും ക്ഷമയും എല്ലാം ഒത്തിണങ്ങിയവരാണ്. പുതിയ കാലത്തെയും ഭാര്യമാരെ ഒത്തിണക്കി നിര്‍മ്മിച്ചെടുക്കുന്നത് കഴിഞ്ഞ കാലത്തെ തമിഴ്/മലയാളം സിനിമകളും അവയിലെ പാട്ടുകളുമാണെന്നു ചുരുക്കം. പടിത്താല്‍ മറ്റും പോതുമാ എന്ന സിനിമയുടെ ഈ പാട്ടിനു ശേഷമുള്ള കഥാഗതി, അതേ സമയം നന്‍ പകലിലെ ആഖ്യാനത്തില്‍ തുടര്‍ന്ന് പ്രസക്തമാകുന്നില്ല. ജി പി രാമചന്ദ്രൻ

No comments: