Wednesday, June 5, 2024

നന്‍ പകല്‍ ട്യൂട്ടോറിയല്‍ 9 പൊന്‍ ഒണ്ട്രു കണ്ടേന്‍ എന്ന പാട്ടിന്റെ തുടര്‍ച്ചയായി ഇരൈവന്‍ ഇരിക്കിണ്ട്രാനാ മനിതന്‍ കേട്ക്കിറാന്‍ എന്ന അവന്‍ പിത്തനാ (അവന്‍ ഭ്രാന്തനാണോ?/1966) എന്ന സിനിമയിലെ പാട്ടാണ് കേള്‍ക്കുന്നത്. ഈ പാട്ടുകളിലെയൊക്കെ ഒന്നോ രണ്ടോ വരികള്‍ മാത്രമേ നാം കേള്‍ക്കുന്നുള്ളൂ. മിമിക്രി അഭ്യാസങ്ങളില്‍ പതിവുള്ളതു പോലെ മൂന്നു മിനുറ്റില്‍ ആയിരം പാട്ടുകള്‍ എന്ന വിധത്തില്‍ പാട്ടുമാലയാണിതെന്നു തോന്നാമെങ്കിലും, സിനിമയുടെ ദൃശ്യ/ശബ്ദ വിന്യാസത്തിന്റെ പ്രത്യേകതയാണ് ഈ സന്നിവേശം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതായത്, കേള്‍ക്കുന്ന ഈ പാട്ടുകളൊക്കെയും മുഴുവനായും പാടിയിട്ടുണ്ടെന്നും എന്നാല്‍ അവ പശ്ചാത്തലമായി വരുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് ഒരു ശകലം മാത്രമേ ഇവിടെ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്നുമാണ്‌ മനസ്സിലാക്കേണ്ടത്. ഈ ബോധ്യമില്ലെങ്കില്‍, മിമിക്രി അഭ്യാസത്തിലെ പൊള്ളയായ പാട്ടുമാലയായി ഇതിനെ പരിമിതപ്പെടുത്തിയാവും നാം സ്വീകരിക്കുക. പടിത്താല്‍ മറ്റും പോതുമാ എന്ന സിനിമയിലെ പൊന്‍ ഒണ്ട്രു കണ്ടേന്‍ എന്ന ഗാനമെന്നതു പോലെ, അവന്‍ പിത്തനാ എന്ന സിനിമയിലെ ഇരൈവന്‍ ഇരിക്കിണ്ട്രാനായും എഴുതിയത് കവിഞ്ഞര്‍ കണ്ണദാസന്‍ ആണ്. ദാര്‍ശനികമായ മാനങ്ങളുള്ള ഗാനങ്ങളാണ് അദ്ദേഹത്തിന്റേത്. നടനും തിരക്കഥാകൃത്തും ആയെല്ലാം മികവു തെളിയിച്ച കണ്ണദാസന്റെ മറ്റു ചില പാട്ടുകളും കൂടി നന്‍പകല്‍ നേരത്ത് മയക്കത്തിലുണ്ട്. പുരുഷന്‍: ഇരൈവന്‍ ഇരുക്കിണ്ട്രാനാാ ഇരൈവന്‍ ഇരുക്കിണ്ട്രാനാാ മനിതന്‍ കേട്ക്കിറാന്‍ അവന്‍ ഇരുന്താല്‍ ഉലകത്തിലേ എങ്കേ വാഴ്കിറാന്‍ എങ്കേ വാഴ്കിറാന്‍ (ദൈവമുണ്ടോ ദൈവമുണ്ടോ മനുഷ്യന്‍ ചോദിക്കുന്നു അവന്‍ ഉണ്ടെങ്കില്‍ ലോകത്തില്‍ എവിടെ ജീവിക്കും?) ഞാന്‍ ആത്തിഗനാനേന്‍ അവന്‍ അഗപ്പടവില്ലൈ നാന്‍ നാതിഗനാനേന്‍ അവന്‍ ഭയപ്പെടവില്ലൈ (ഞാന്‍ വിശ്വാസിയായി അവന്‍ എന്നെ ചേര്‍ത്തു പിടിച്ചില്ല ഞാന്‍ അവിശ്വാസിയായി അവന്‍ പേടിക്കുന്നില്ല) സ്ത്രീ: മനിതന്‍ ഇരുക്കിണ്ട്രാനാാ മനിതന്‍ ഇരുക്കിണ്ട്രാനാാ ഇരൈവന്‍ കേട്ക്കിറാന്‍ അവന്‍ ഇരുന്താല്‍ ഉലകത്തിലേ എങ്കേ വാഴ്കിറാന്‍ എങ്കേ വാഴ്കിറാന്‍ (മനുഷ്യനുണ്ടോ മനുഷ്യനുണ്ടോ ദൈവം ചോദിക്കുന്നു അവന്‍ ഉണ്ടെങ്കില്‍ ലോകത്തില്‍ എവിടെ ജീവിക്കും?) നന്‍ അന്‍പു കാട്ടിനേന്‍ അവന്‍ ആട്‌ക്കൊള്ളവില്ലൈ ഇന്ത തുന്‍പം തീര്‍ക്കവും അവന്‍ തുണൈ വരവില്ലൈ (ഞാന്‍ സ്‌നേഹം കാണിച്ചു, അവന്‍ ഗൗനിച്ചില്ല ഈ ദുരിതം തീര്‍ക്കാന്‍ അവന്‍ കൂട്ടായി വന്നതുമില്ല) കണ്ണിലേ ഉരുതി ഇല്ലൈ കാതലുക്കോര്‍ നീതിയില്ലൈ ഒരു നാള്‍ ഇരുന്ത മനം മറുനാള്‍ ഇരുക്കവില്ലൈ കുടിശൈയില്‍ ഓര്‍ മനത് ഗോപുരത്തില്‍ ഓര്‍ മനത് കൂടാത സേര്‍ക്കൈ എല്ലാം കൂടിനാല്‍ പല മനത് (കണ്ണില്‍ നിശ്ചയദാര്‍ഢ്യമില്ല പ്രണയികള്‍ക്ക് നീതിയില്ല ഒരു ദിവസത്തെ മനസ്സ് പിറ്റേന്ന് റദ്ദാവുന്നു കുടിലില്‍ ഒരു മനസ്സ് കൊട്ടാരത്തില്‍ ഒരു മനസ്സ് യോജിക്കാത്ത ചേര്‍ച്ചകള്‍ കൂടിയാല്‍ പല മനസ്സുകള്‍) പുരുഷന്‍: പാര്‍പ്പവന്‍ കുരുടനടി പഠിപ്പവന്‍ മൂഢനടി ഉള്ളതൈ സൊല്‍ഭവനേ ഉലകത്തില്‍ പിത്തനടി നീരോ കൊതിക്കുതടി നെരുപ്പോ കുളിരിതടി വെണ്‍മയൈ കറുമൈ എന്‍ട്രു കണ്ണാടി കാട്ടുതടി (കാഴ്ചയുള്ളവന്‍ അന്ധനും പഠിച്ചവന്‍ മൂഢനുമാകുന്നു ഉള്ളത് ഉള്ളതു പോലെ പറയുന്നവനെ ഭ്രാന്തനാക്കുന്നു വെള്ളം ചൂട് നല്‍കുന്നു തീ കുളിരും നല്‍കുന്നു വെള്ളയെ കറുപ്പായി കണ്ണാടി മാറ്റുന്നു) സ്ത്രീ: ഒന്‍ട്രൈയേ നിനൈത്തിരുന്തും ഒണ്ട്രാഗ വാഴ്ന്തിരുന്തും പെണ്ണാക പിറന്തവരൈ കണ്ണാക യാര്‍ നിനൈത്താര്‍ ഇരുന്താല്‍ ഇരുന്ത ഇടം ഇല്ലൈയേല്‍ മറന്തു വിടും ഇവര്‍ താന്‍ മനിതരെണ്ട്രാല്‍ ഇയര്‍ക്കൈയും നിണ്ട്രു വിടും (ഒരുപോലെ ചിന്തിച്ചും ഒന്നായി ജീവിച്ചും പെണ്ണായി പിറന്നവരെ കണ്ണായിട്ടാണ് ആരാണ് കണക്കാക്കുന്നത്? ഒരിടത്തിരുന്നാല്‍ അത്, അല്ലെങ്കില്‍ അതു മറക്കും ഇവരെയാണ് മനുഷ്യരെന്ന് വിളിക്കുന്നതെങ്കില്‍ പ്രകൃതിയും നിശ്ചലമാവും) പുരുഷന്‍: സന്ദേഗം പിറന്തു വിട്ടാല്‍ സത്തിയവും ഫലിപ്പതില്ലൈ സത്തിയത്തെ കാപ്പവനും സാട്ച്ചി സൊല്ല വരുവതില്ലൈ വഴക്കും മുടിയവില്ലൈ മനിതരിന്‍ തീര്‍പ്പും ഇല്ലൈ മനിതനൈ മറന്തു വിട്ടു വാഴ്ഭവന്‍ ഇരൈവന്‍ ഇല്ലൈ (സംശയിക്കാന്‍ ആരംഭിച്ചാല്‍ സത്യം ഫലപ്രദമാവില്ല. സത്യത്തെ സംരക്ഷിക്കുന്നവനും സാക്ഷി ചൊല്ലാനെത്തില്ല. കേസ് തീരുകയുമില്ല, മനുഷ്യന് തീരുമാനവുമില്ല. മനുഷ്യനെ മറന്ന് ജീവിക്കുന്നവന്‍ ദൈവമല്ല) ടി എം സൗന്ദരരാജനും പി സുശീലയുമാണ് ഈ യുഗ്മഗാനം പാടുന്നത്.ആര്‍ പാര്‍ത്ഥസാരഥി ഈണം പകര്‍ന്നിരിക്കുന്നു. നീതിയോടനുസരണ കാട്ടി, അല്ലെങ്കില്‍ മനസ്സാക്ഷിയോടനുസരണ കാട്ടി പെരുമാറുന്നവനെ ഭ്രാന്തനാക്കി ചുറ്റുമുള്ളവര്‍ കണക്കാക്കും എന്നതാണ് അവന്‍ പിത്തനാ എന്ന സിനിമയുടെ മുഖ്യ സന്ദേശം. നന്‍ പകല്‍ നേരത്ത് മയക്കത്തിലെ ജെയിംസ്/സുന്ദരത്തിനും ഇതേ ഗതിയാണ്. അയാളുടെ മനസ്സാക്ഷി തെളിച്ച വഴിയേ ആണയാള്‍ പോയത്. അയാളെ ഭ്രാന്തനെന്നോ തെറ്റുകാരനെന്നോ മറ്റുള്ളവര്‍ കണക്കാക്കി. ചികിത്സിക്കാനും മയക്കിക്കിടത്താനും പൊലീസിനെ കൊണ്ട് പിടിപ്പിക്കാനും എല്ലാം നീക്കങ്ങളുണ്ടായെങ്കിലും അതൊന്നും വേണ്ടി വന്നില്ല. അവന്‍ പിത്തനായിലാവട്ടെ, കുമാര്‍(എസ് എസ് രാജേന്ദ്രന്‍) എന്ന ഭ്രാന്തനായി കണക്കാക്കപ്പെട്ടവനെ പൊലീസ് അറസ്റ്റ് ചെയ്യുകയും തടവിലിടുകയും ആള്‍ക്കൂട്ടം കല്ലെറിയുകയും എല്ലാം ചെയ്യുന്നുണ്ട്. ജെയിംസ്/സുന്ദരത്തിന്റെ ഒരു അഭാവമാണിതെന്നും കാണാം. കരുണാനിധിയാണ് അവന്‍ പിത്തനാ എന്ന സിനിമയുടെ തിരക്കഥാകൃത്ത്. വാട്ട്‌സാപ്പ് കേശവമ്മാമകളുടെ വിവരശേഖരണമനുസരിച്ചുള്ള 'തമിഴ്‌നാട്ടി'ലൂടെയാണ് ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘം വേളാങ്കണ്ണിയില്‍ നിന്ന് തിരിച്ചു വരുന്നത്. തമിഴ് ഭക്ഷണം ഇഷ്ടപ്പെടാത്ത, തമിഴ് പാട്ടും ഇഷ്ടപ്പെടാത്ത, തിരുവള്ളുവരിനെ അറിയാത്ത ജെയിംസ് എന്ന നായകന് (പ്രതിനിധാന മലയാളി) കരുണാനിധിയെ മുഖ്യമന്ത്രി എന്ന നിലയ്ക്കപ്പുറം അറിയാനും സാധ്യതയില്ല. എഴുപത്തഞ്ചോളം സിനിമകള്‍ക്ക് തിരക്കഥയെഴുതിയ കരുണാനിധിയുടെ ശീര്‍ഷക ബഹുമതി കലൈഞര്‍ (കലാകാരന്‍) എന്നാണ്. അഞ്ചു തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായ മുത്തുവേല്‍ കരുണാനിധി തൊണ്ണൂറ്റിനാല് വയസ്സിലാണ് മരണമടഞ്ഞത്. അതിസാധാരണക്കാര്‍ വിശിഷ്യാ പിന്നോക്കജാതിക്കാരും തൊഴിലാളികളും ദരിദ്രരും ആയ മനുഷ്യരുടെ നിത്യജീവിത വ്യവഹാരങ്ങളാണ് അദ്ദേഹത്തിന്റെ മിക്ക തിരക്കഥകളിലും ഇടം കണ്ടെത്തിയിരുന്നത്. യുക്തിവാദം, സമത്വ ചിന്ത എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയിരുന്ന അദ്ദേഹത്തിന്റെ നിലപാട് അതിമാനുഷ നായകര്‍ക്ക് എതിരായിരുന്നു. എന്നാല്‍, അദ്ദേഹം തന്നെ കൊണ്ടുവന്ന എം ജി ആര്‍ അദ്ദേഹത്തെ മറികടന്ന് ഇതു പോലൊരു അതിമാനുഷ നായകനായി വളരുകയും ദ്രാവിഡ രാഷ്ട്രീയത്തില്‍ കരുണാനിധിയ്ക്കു തന്നെ തലവേദനയും വെല്ലുവിളിയുമായി മാറുകയും ചെയ്തു. എം ജിആര്‍ നടിച്ച രാജകുമരിയിലാരംഭിച്ച കരുണാനിധിയുടെ തിരക്കഥാ യാത്ര 2011ലെഴുതിയ പൊന്നാര്‍ ശങ്കറിലാണ് സമാപിച്ചത്. തമിഴ് സിനിമയുടെ ചരിത്രം തിരുത്തിയെഴുതിയ പരാശക്തി കരുണാനിധി എഴുതിയ പ്രമുഖ സിനിമയാണ്. ഈ സിനിമയിലാണ് ശിവാജി ഗണേശന്‍ ആദ്യമായി അഭിനയിച്ചത്. പരാശക്തിയ്ക്കു മുമ്പായി അഭിമന്യു, മരുതനാട്ട് ഇളവരശി എന്നീ രണ്ടു സിനിമകള്‍ക്കാണ് അദ്ദേഹം തിരക്കഥയെഴുതിയത്. രണ്ടിലും എം ജി ആര്‍ തന്നെയായിരുന്നു നായകന്‍. അസമത്വത്തിനും അസഹിഷ്ണുതയ്ക്കും ആണധികാരത്തിനുമെതിരായ നിലപാടുകളെടുത്ത കരുണാനിധിയുടെ എഴുത്തുകളില്‍ സോഷ്യലിസ്റ്റ്, ആധുനിക ചിന്തകള്‍ക്ക് പ്രാബല്യം ഉണ്ടായിരുന്നു. തമിഴ് സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ജീവിതം ചിത്രീകരിക്കപ്പെടണമെന്ന വ്യക്തമായ ഉദ്ദേശ്യവും അദ്ദേഹത്തിന്റെ രചനകളില്‍ കാണാം. കരുണാനിധി പിന്തുടര്‍ന്നത് മറ്റാരെയുമായിരുന്നില്ല. തമിഴ്‌നാട്ടിലെ ആദ്യ കോണ്‍ഗ്രസിതര മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ്ര കഴകം സ്ഥാപക നേതാവുമായ സി എന്‍ അണ്ണാദുരൈയെ തന്നെയാണ്. അണ്ണാദുരൈയും തമിഴ് സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തായിരുന്നു. നാം എന്ന സിനിമയില്‍ തൊഴിലാളി വര്‍ഗ ആശയങ്ങള്‍ കരുണാനിധി ഉയര്‍ത്തിപ്പിടിച്ചു. കമ്യൂണിസ്റ്റ് ആശയങ്ങളോടും അദ്ദേഹത്തിന് പ്രതിപത്തി ഉണ്ടായിരുന്നു. തന്റെ മക്കളിലൊരാള്‍ക്ക് സ്റ്റാലിന്‍ എന്ന പേരിട്ടതും അതു കൊണ്ടാണ്. തായ് ഇല്ല പിള്ളൈ എന്ന സിനിമയില്‍ ജാത്യഹങ്കാരത്തിനെതിരായ അതിശക്തമായ നിലപാടാണുള്ളത്. പുരോഗമനാശയങ്ങളുള്ള നിരവധി നാടകങ്ങളും കരുണാനിധി എഴുതി. ഒരേ രത്തം, മണിമകുടം, നാനേ അറിവാളി, ഉദയസൂര്യന്‍ എന്നിവ ഇതില്‍ പ്രശസ്തമാണ്. കരുണാനിധിയുടെ ഏറ്റവും പ്രശസ്തമായ മറ്റേതാനും തിരക്കഥകളാണ് പൂംപുഹാര്‍, മനോഹര, മന്ത്രി കുമരി, മലൈക്കള്ളന്‍, തിരുമ്പി പാര്‍, പിള്ളയോ പിള്ള എന്നിവ. അവന്‍ പിത്തനായിലെ മൂന്നു പാട്ടുകളാണ് കണ്ണദാസന്‍ എഴുതിയത്. ഇതില്‍ നന്‍പകലില്‍ നാം കേള്‍ക്കുന്ന ഇരൈവന്‍ ഇരുക്കിണ്ട്രാനാ പോലെ ടി എം സൗന്ദരരാജനും പി സുശീലയും ചേര്‍ന്ന് പാടുന്ന മറ്റൊരു പാട്ടാണ് കിഴക്കു വെളുത്തതടി. കിഴക്ക് വെളുത്തതടി എന്നതിന്റെ പൊരുള്‍ സൂര്യന്‍ ഉദിച്ചു എന്നതാണല്ലോ. ഉദയസൂര്യന്‍ ആണ് ദ്രാവിഡ മുന്നേറ്റ്ര കഴകത്തിന്റെ തെരഞ്ഞെടുപ്പടയാളം. എസ് എസ് രാജേന്ദ്രന്‍ പാടി അഭിനയിക്കുന്ന ഈ ഗാനദൃശ്യത്തിന്റെ പശ്ചാത്തലത്തില്‍ ഉദയസൂര്യന്‍ ഉദിച്ചുയരുന്നതും കാണാം. ഏഴൈയിന്‍ സിരിപ്പില്‍ താന്‍ കടവുള്‍ ഇരിക്കിറാന്‍(ദരിദ്രരുടെ ചിരിയിലാണ് ദൈവം ഇരിക്കുന്നത്) പണം പണം അഹന്തൈയേ വളര്‍ത്തും പണം ആണവത്തെ ഉരുവാക്കും പണം ഏഴൈയേ കൊല്ലും (പണം അഹന്തയെ വളര്‍ത്തും, ധിക്കാരത്തെ സൃഷ്ടിക്കും, ദരിദ്രനെ കൊല്ലും,) തുടങ്ങി കാവ്യാത്മകവും പ്രാസങ്ങളോടു കൂടിയതും അര്‍ത്ഥഗര്‍ഭവും ആയ സംഭാഷണങ്ങളാണ് കരുണാനിധി ഈ സിനിമയ്ക്കു വേണ്ടിയും എഴുതിയിട്ടുള്ളത്. ഭ്രാന്താസ്പത്രിയില്‍ നിര്‍ബന്ധമായി അടയ്ക്കപ്പെട്ട കുമാറാണ് അഴിയ്ക്കുള്ളില്‍ നിന്ന് ഇരൈവന്‍ ഇരിക്കിണ്ട്രാനാ എന്നു പാടുന്നത്. നിരീശ്വരവാദിയായ കരുണാനിധിയുടെയും മതവിശ്വാസത്തിലേയ്ക്ക് തിരിച്ചു പോയ യുക്തിവാദിയായ കണ്ണദാസന്റെയും വീക്ഷണങ്ങളുടെ ഒരു സമ്മിശ്രണം ഈ ഗാനത്തിലുണ്ട്. ദൈവമുണ്ടോ എന്ന ചോദ്യത്തിന് മനുഷ്യനുണ്ടോ എന്ന മറു ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്. ജി പി രാമചന്ദ്രന്

No comments: