Thursday, April 24, 2008

കാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി

ചലച്ചിത്രകലയുടെ ബാല്യകാലത്തു തന്നെ, ദൃശ്യവത്ക്കരണത്തിലും ആഖ്യാനത്തിലും നൂതനമായ ശൈലി ആവിഷ്ക്കരിച്ചുകൊണ്ടാണ് കാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി (ജര്‍മനി /1920 / ബ്ലാക്ക്&വൈറ്റ് / നിശ്ശബ്ദം /റോബര്‍ട് വീന്‍) വിസ്മയകരമായ അനുഭവമായിത്തീര്‍ന്നത് . സിനിമ പിന്നീട് സ്വായത്തമാക്കിയ വര്‍ണം, ശബ്ദം, മറ്റ് ടെക്നിക്കുകള്‍ എന്നിവ പ്രയോജനപ്പെടുത്തിയാലും കാലിഗരി ഇതിലും നന്നായി സങ്കല്‍പിച്ചെടുക്കാനാവില്ല എന്നാണ് വിദഗ്ദ്ധമതം. ചിത്രകലയില്‍ സജീവമായിത്തീര്‍ന്നിരുന്ന എക്സ്പ്രഷണിസ്റ്റ് ശൈലിയെ സിനിമയിലും വിജയകരമായി സാധ്യമാക്കിയ അപൂര്‍വമായ അനുഭവമായിരുന്നു കാലിഗരി. സെറ്റൊരുക്കുന്നതിലെ കലാസംവിധാനവും പ്രകാശ നിയന്ത്രണവും ഛായാഗ്രഹണത്തിലെ പരീക്ഷണങ്ങളും സിനിമയുടെ പരിചരണത്തിലെന്തുമാത്രം പ്രധാനമാണെന്ന് ആദ്യമായി ബോധ്യപ്പെടുത്തിയ സിനിമയാണത്. കഥാപാത്രങ്ങളുടെ ആന്തരിക യാഥാര്‍ത്ഥ്യത്തെ പ്രകടിപ്പിക്കാന്‍ ബാഹ്യവും സാധാരണഗതിയില്‍ പരിചിതവുമായ ദൃശ്യയാഥാര്‍ത്ഥ്യത്തെ മാറ്റിമറിക്കുകയാണ് സംവിധായകന്‍ ചെയ്തത്. മനുഷ്യരുടെ ചിത്തഭ്രമം എന്ന മോചനമില്ലാത്തതും അശുഭകരവുമായ അവസ്ഥയെ ആഴത്തില്‍ അന്വേഷിക്കുന്ന കാലിഗരി കല, കഥാഖ്യാനം, കഥാപാത്രവല്‍ക്കരണം എന്നീ മൂന്നു ഘടകങ്ങളെയും അതീവ ചാരുതയോടെ സംയോജിപ്പിച്ചു.
ഫ്രാന്‍സിസ് എന്ന ചെറുപ്പക്കാരനും ഒരു പാര്‍ക്ക് ബഞ്ചില്‍ അയാളുടെ അടുത്തിരിക്കുന്ന അലന്‍ എന്ന വൃദ്ധനും തമ്മിലുള്ള ബന്ധത്തിലൂടെയാണ് സിനിമയുടെ കഥ നിവരുന്നത്. ജര്‍മനിയിലെ ചെറുപട്ടണമായ ഹോള്‍സ്‌റ്റണ്‍വാളിലെത്തിയ സഞ്ചരിക്കുന്ന പ്രദര്‍ശന നഗരിയില്‍, പൈശാചികത്വം പ്രകടിപ്പിക്കുന്ന ഡോക്ടര്‍ കാലിഗരി തന്റെ സ്‌റ്റാളില്‍ സ്വപ്നാടനക്കാരനായ ഒരാളെ പരിചയപ്പെടുത്തുകയാണെന്ന് അവകാശപ്പെടുന്നു. സെസാറെ എന്നാണയാളുടെ പേര്. അയാള്‍ പ്രേക്ഷകരോട് ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങളുന്നയിക്കാന്‍ ആവശ്യപ്പെടുന്നു. നഗരത്തിലെ മാന്യന്മാര്‍ ഈ പ്രദര്‍ശനത്തെ നിസ്സാരമായ ഒന്നായാണ് ആദ്യം പരിഗണിക്കുന്നത്. എന്നാല്‍ പിറ്റേന്ന് കാലത്ത് ഗുമസ്തന്‍ അയാളുടെ കിടക്കയില്‍ മരിച്ചുകിടക്കുന്നതു കാണപ്പെട്ടപ്പോള്‍ എല്ലാവരുടെയും വികാരം കൌതുകത്തില്‍ നിന്ന് ഭീതിയിലേക്ക് വഴി മാറുന്നു.
പിറ്റേന്ന് ഫ്രാന്‍സിസും അലനും കാലിഗരിയുടെ കാബിനറ്റ് സന്ദര്‍ശിക്കുന്നു. ഡോക്ടറുടെ നിര്‍ദേശം കിട്ടിയാല്‍ മാത്രം കിടന്നുറങ്ങുന്ന ശവപ്പെട്ടിയില്‍ നിന്നെണീറ്റ് പുറത്തുവരുന്ന സെസാറെ മന്ദഗതിയില്‍ ഏതാനും ചുവടുകള്‍ വെക്കുകയാണ് ചെയ്യുക. അപ്പോഴാണ് അയാളോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടത്. താന്‍ എപ്പോഴാണ് മരിക്കുക എന്നായിരുന്നു അലന്റെ ചോദ്യം. നാളെ പുലരുന്നതിനു മുമ്പ് എന്നാണ് സെസാറെ മറുപടി പറഞ്ഞത്. അന്നു രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്ന അലന്റെ അരുകില്‍ ഒരു നിഴല്‍ പ്രത്യക്ഷപ്പെടുകയും ഹൃദയഭേദകമായ രീതിയില്‍ കത്തി കുത്തിയിറക്കപ്പെട്ട വിധത്തില്‍ അയാള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ഡോക്ടറും അയാളുടെ അനുചരനും തന്നെയായിരിക്കും ഈ ഹീനകൃത്യം ചെയ്തിരിക്കുക എന്നാണ് ഫ്രാന്‍സിസിന്റെ നിഗമനം. എന്നാല്‍ പോലീസ് അത് മുഴുവനായി അംഗീകരിക്കുന്നില്ല. പക്ഷെ പരിശോധന ആരംഭിക്കുന്നതിനു മുമ്പു തന്നെ അടുത്ത കൊലപാതകം സംഭവിക്കുന്നു. കൊലപാതകി ഉടന്‍ പിടിയിലാവുന്നു. രഹസ്യങ്ങള്‍ അവസാനിച്ചു എന്നു കരുതുമ്പോഴാണ്, മുമ്പു നടന്ന രണ്ടു കൊലപാതകങ്ങളുമായി തനിക്കൊരു ബന്ധവുമില്ല എന്ന് കൊലപാതകി പറയുന്നത്. ഭീതി നഗരത്തെ ചുറ്റിവളയുന്നു. അന്നു രാത്രിയില്‍ ഫ്രാന്‍സിസിന്റെ കാമുകി ജെയ്‌നിന്റെ കിടപ്പറയില്‍ സെസാറെ പ്രത്യക്ഷപ്പെടുന്നു. അവളുടെ ത്രസിപ്പിക്കുന്ന സൌന്ദര്യത്തില്‍ മയങ്ങി അയാള്‍ അവളെ കൊലപ്പെടുത്തുന്നതിനു പകരം അവളെയും റാഞ്ചി രാത്രിയുടെ ഇരുട്ടിലേക്കൊളിക്കുന്നു. ഇതേ സമയത്ത്, ഫ്രാന്‍സിസ് കാലിഗരിയുടെ സ്‌റ്റാളില്‍ അവരെത്തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയുമാണ്. അവര്‍ രണ്ടു പേരും സ്‌റ്റാള്‍ വിട്ട് പുറത്തു പോവുന്നില്ല എന്നാണയാളുടെ അനുഭവയാഥാര്‍ത്ഥ്യം.
സിനിമയില്‍ മുഴുവനും അസ്ഥിരമായ യാഥാര്‍ത്ഥ്യം പരന്നുകിടക്കുകയാണ് ചെയ്യുന്നത്. കെട്ടുപിണഞ്ഞ തെരുവുകള്‍, തൂങ്ങിയതുപോലെ നില്‍പ്പുറപ്പിക്കുന്ന കെട്ടിടങ്ങള്‍, ഉള്ളകം ഞെരുങ്ങിയതു പോലുള്ള അറകള്‍, വികൃതമാക്കപ്പെട്ട പ്രകൃതി എന്നിവയാണ് ദൃശ്യ പശ്ചാത്തലങ്ങള്‍. ഫ്രാന്‍സിസിന്റെയും കാലിഗരിയുടെയും ആന്തരികയാഥാര്‍ത്ഥ്യങ്ങളാണ് മാറി മറിഞ്ഞ് ആവിഷ്ക്കരിക്കപ്പെടുന്നത്. പ്രേക്ഷകന്‍ നന്മയുടെയും തിന്മയുടെയും പക്ഷങ്ങളിലുള്ള ഇരു കഥാപാത്രങ്ങളുമായി മാറി മാറി താദാത്മ്യപ്പെടുന്നു. ഒന്നാം ലോക യുദ്ധത്തിനു ശേഷമുള്ള ജര്‍മന്‍ ജനത ആന്തരീകരിച്ച ഭയങ്ങളും ഉത്ക്കണ്ഠകളുമാണ് കാലിഗരി പ്രത്യക്ഷവത്ക്കരിച്ചത്. പില്‍ക്കാലത്ത്, ഹൊറര്‍ സിനിമകളില്‍ സാധാരണമായിത്തീര്‍ന്ന പല ദൃശ്യവത്ക്കരണങ്ങളും ആദ്യമായി പരീക്ഷിക്കപ്പെട്ടത് ഈ സിനിമയിലായിരുന്നു.
റോബര്‍ട് വീന്‍
ഇപ്പോഴത്തെ പോളണ്ടില്‍ പെട്ട അന്നത്തെ ജര്‍മന്‍ സിലേഷ്യയിലെ ബ്രെസ്ലോ എന്ന സ്ഥലത്താണ് റോബര്‍ട് വീന്‍ ജനിച്ചത്. 1873 ഏപ്രില്‍ 27നാണ് ജനനം. അഛനും സഹോദരനും നാടകനടന്മാരായിരുന്നെങ്കിലും വീന്‍ ബര്‍ലിന്‍ സര്‍വകലാശാലയില്‍ നിന്ന് നിയമത്തിലാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. തിരക്കഥ രചിച്ചുകൊണ്ട് സിനിമാരംഗത്തേക്കു വന്ന വീന്‍ കാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരിയുടെ പേരിലാണ് ചരിത്രത്തില്‍ സ്ഥാനം നേടിയത് . ദസ്തയേവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന നോവലിനെ ആസ്പദമാക്കി ചെയ്ത റസ്ക്കോള്‍നിക്കോഫ്(1923) എന്ന സിനിമയും പ്രസിദ്ധമാണ്. ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നതോടെ വീന്‍ ജര്‍മനി വിട്ട് ആദ്യം ബുഡാപെസ്‌റ്റില്‍ താമസമാക്കി. അവിടെ വെച്ചാണ് വണ്‍ നൈറ്റ് ഇന്‍ വെനീസ്(1934) പൂര്‍ത്തിയാക്കിയത്. പിന്നീട് ലണ്ടനിലേക്കും തുടര്‍ന്ന് പാരീസിലേക്കും മാറിത്താമസിച്ച വീന്‍ അള്‍ട്ടിമേറ്റം എന്ന സിനിമ സംവിധാനം ചെയ്യുന്നതിനിടെ 1938 ജൂണ്‍ 16ന് കാന്‍സര്‍ ബാധിതനായി അന്തരിച്ചു.

2 comments:

vadavosky said...

Good review. Expecting more posts on classical cinema.

G P RAMACHANDRAN said...

thank you for your appreciation. i will post more posts in the coming days.