Monday, September 29, 2008

മര്‍ദനാധികാരത്തിന്റെ ഇരകള്‍

നിയമത്തെ അനുസരിക്കുന്നത്, വ്യവസ്ഥാപിതം എന്നൊക്കെ വ്യാഖ്യാനിക്കപ്പെടുന്ന ഭരണകൂടാധികാരത്തിന്റെ വേട്ടയാടലുകളില്‍ എരിഞ്ഞും ചതഞ്ഞും ചീഞ്ഞും മറഞ്ഞും തീരുന്ന മനുഷ്യരുടെ ദുരന്തം എന്ന നൈരന്തര്യമാണ്, നടനും കഥാകൃത്തുമായ മധുപാല്‍ ആദ്യമായി സംവിധാനം ചെയ്ത തലപ്പാവ് എന്ന ചലച്ചിത്രത്തിന്റെ പ്രമേയം. വ്യക്തിയും അധികാരവും തമ്മില്‍, വിപ്ലവാവേശവും അടിച്ചമര്‍ത്തലും തമ്മില്‍, പുഛവും അനുകമ്പയും തമ്മില്‍, വിധേയത്വവും സഹാനുഭൂതിയും തമ്മില്‍, പ്രതികരണവും നുണയുടെ സാമൂഹികനിര്‍മിതിയും തമ്മില്‍ എന്നിങ്ങനെ ഇത്തരമൊരു ഇതിവൃത്തത്തിലൂടെ സംഘര്‍ഷഭരിതമാകുന്ന ദ്വൈതാവസ്ഥ(ഡൈക്കൊട്ടമി)കളുടെ മുഴക്കം അനുവാചകന്റെ ചരിത്രബോധത്തെ നൂല്‍പ്പാലത്തിലൂടെയെന്നോണം വലിച്ചിഴക്കുക തന്നെ ചെയ്യും.

കേരളത്തെ ഒരു കാലത്ത് പിടിച്ചു കുലുക്കിയ നക്സലൈറ്റ് മുന്നേറ്റത്തെ പിന്നീട് ചരിത്രം/ചരിത്രനാട്യം പല തരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഭൂവുടമകളുടെയും ഭരണകൂടത്തിന്റെയും ചൂഷണങ്ങളും അക്രമങ്ങളും ന്യായീകരിച്ചെടുക്കുന്നതിനു വേണ്ടിയുള്ള സാംസ്കാരിക-മാധ്യമ പരിസരം രൂപീകരിക്കുന്ന കുത്തക പത്രങ്ങളും വലതുപക്ഷവും, നക്സലൈറ്റുകള്‍ ഇനി തങ്ങളുടെ നേര്‍ക്ക് കുന്തമുനയുമായി കടന്നു വരില്ല എന്നുറപ്പു വരുത്തിയതിനു ശേഷം അവരെ വാഴ്ത്തുന്ന രീതികളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും അശ്ലീലം. ചെറുപ്പക്കാരിയായിരുന്ന അജിതയെ അര്‍ധനഗ്നയാക്കി പോലീസ് ലോക്കപ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് ഇന്‍സ്റ്റന്റ് ഫോട്ടോയിലൂടെ പ്രചരിപ്പിക്കുകയും അവരെ ചോര കുടിക്കുന്ന യക്ഷിയായി അവതരിപ്പിക്കുകയും ചെയ്ത വലതുപക്ഷം കാലത്തിന്റെ അകലം എന്ന സുരക്ഷിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ അവരെ വീരനായികയാക്കി കൊണ്ടാടുന്നതും സാധാരണമായിരിക്കുന്നു. 1970ല്‍ വയനാട്ടില്‍ വെച്ച് പോലീസ് നിഷ്ഠൂരമായി കണ്ണു ചൂഴ്ന്നെടുത്ത് വെടി വെച്ച് കൊലപ്പെടുത്തിയ സഖാവ് വര്‍ഗീസിനെയും വലതുപക്ഷ ചരിത്രാഖ്യാനം ഇപ്രകാരം തെറ്റായി പ്രതിനിധാനപ്പെടുത്താറുണ്ട്.

നിക്ഷ്പക്ഷതയുടെ മുഖാവരണമണിഞ്ഞുകൊണ്ടുള്ള ഈ ഒളിച്ചുകളിയുടെ സൌകര്യങ്ങളെയല്ല തലപ്പാവ് അടിസ്ഥാനമാക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. (അറുപതുകളുടെ ഒടുവിലും എഴുപതുകളിലും മുതലാളിത്ത മാധ്യമങ്ങള്‍ നക്സലൈറ്റ് മുന്നേറ്റത്തെ എത്രമാത്രം ബീഭത്സമായിട്ടാവും അവതരിപ്പിച്ചിട്ടുണ്ടാവുക എന്നറിയാന്‍ അക്കാലത്തെ പത്രങ്ങള്‍ ലൈബ്രറിയില്‍ പോയി തിരയേണ്ട ആവശ്യമൊന്നുമില്ല. യുദ്ധം നടക്കുമ്പോഴത്തെ ടെലിവിഷന്‍/പത്ര വാര്‍ത്തകളും മേജര്‍ രവിയെപ്പോലുള്ള 'ദേശസ്നേഹി'കളുടെ സിനിമകളും ഇന്ത്യയിലെ ഭീകരവാദത്തെക്കുറിച്ച് ദ ഹിന്ദുവില്‍ പര്‍വീണ്‍ സ്വാമിയെപ്പോലുള്ളവര്‍ എഴുതുന്ന വിവരണങ്ങളും വായിച്ചാല്‍ മതി. ഈ ഏറ്റുമുട്ടല്‍ വിദഗ്ദ്ധരുടെ ആധിക്യമുണ്ടായിട്ടും എങ്ങിനെ 'ഭീകരര്‍' തുടര്‍ന്നും തങ്ങളുടെ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്ന പ്രഹേളിക തന്നെയാണ് ഒരു പക്ഷെ ഏറ്റവും 'ഭീകര'മായ തമാശ. മാസങ്ങള്‍ നീണ്ടു നിന്നതും പ്രയാസകരവുമായ അന്വേഷണത്തിലൂടെ തെഹല്‍ക ലേഖകന്‍ അജിത് സാഹി കണ്ടെത്തിയ കാര്യങ്ങള്‍ മാസികയുടെ ആഗസ്ത് 16ന്റെ ലക്കത്തില്‍ വിശദമായി കൊടുത്തിട്ടുണ്ട്. 16 കോടി വരുന്ന ഇന്ത്യയിലെ മുസ്ലിങ്ങളെ സംശയത്തിന്റെയും വെറുപ്പിന്റെയും വംശഹത്യയുടെയും നിഴലിലും വരുതിയിലും നിര്‍ത്തുന്നതിനുതകുന്ന തരത്തിലുള്ള വേട്ടയാടലുകളാണ് ഇന്റലിജന്‍സുകാരും സംസ്ഥാന/ദേശീയ പോലീസും പട്ടാളവും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം വിശദീകരിക്കുന്നു.)

പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കര്‍ഷകസമരങ്ങളുടെയും ഭൂപരിഷ്ക്കരണത്തിന്റയും പരിണതഫലമായി കാര്‍ഷിക ജന്മിത്വവും ഭൂവുടമസ്ഥതാകുത്തകയും ഒരു പരിധി വരെ അവസാനിച്ച കാലത്താണ് ഇടതുതീവ്രവാദക്കാരായ നക്സലൈറ്റുകള്‍ കേരളത്തിലെ അവരുടെ പ്രവര്‍ത്തനം സജീവമാക്കിയത്. ചൈനീസ് വിപ്ലവത്തിന്റെയും പടിഞ്ഞാറന്‍ ബംഗാളിലെ നക്സല്‍ബാരിയില്‍ നടന്ന സായുധ മുന്നേറ്റത്തിന്റെയും ആവേശവും മാവോയുടെ ചിന്തകളുമായിരുന്നു അവരുടെ പ്രചോദനം. എന്നാല്‍ കേരളത്തിലെ ചൂഷിത ജനതയുടെ പ്രശ്നങ്ങള്‍ കാലത്തിനു യോജിച്ച തരത്തിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ സാധ്യതകള്‍ അടിസ്ഥാനമാക്കിക്കൊണ്ടും പരിഹരിക്കുന്നതിനുള്ള പ്രായോഗികമായ സമരമാര്‍ഗങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനു പകരം സാഹസികമായ എടുത്തുചാട്ടങ്ങളായിരുന്നു അവരുടേതെന്നതിനാല്‍ ഏറെക്കാലം പിടിച്ചുനില്‍ക്കാനുള്ള ആത്മബലവും ജനപിന്തുണയും അവര്‍ക്ക് നേടിയെടുക്കാനായില്ല. എന്നാല്‍ വയനാട്ടിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. തദ്ദേശീയരായ ആദിവാസി ജനതയെയും കുടിയേറി വന്ന ദരിദ്രരായ തൊഴിലാളികളെയും കര്‍ഷകരെയും തൊഴിലിടങ്ങളിലും കിടപ്പറകളിലുമായി നിരന്തരമായി ചൂഷണം ചെയ്തുകൊണ്ടാണ് വയനാട്ടിലെ ജന്മിമാര്‍ തങ്ങളുടെ അധികാര-ആഹ്ലാദ വാഴ്ച തുടര്‍ന്നിരുന്നത്. പണവും സ്വാധീനവും ഉപയോഗിച്ച് പൊലീസിനെയും തങ്ങളുടെ പിണിയാളുകളാക്കാന്‍ അവര്‍ക്ക് നിഷ്പ്രയാസം സാധിച്ചിരുന്നു. പുതുതായി വിവാഹം ചെയ്തു കൊണ്ടുവരുന്ന യുവതികളെ കടന്നാക്രമിക്കുകയും നിസ്സഹായരായ അവരുടെ ഭര്‍ത്താക്കന്മാരെ കൊന്നു കെട്ടിത്തൂക്കുകയും മറ്റും ശീലമെന്നോണം അവര്‍ നടത്തിപ്പോന്നു. കേരളത്തിലെ മറ്റിടങ്ങളില്‍ ഒരു പരിധി വരെ മുന്നേറിയ കര്‍ഷക-തൊഴിലാളി ചെറുത്തുനില്‍പുകളും അവകാശ ബോധവും പല കാരണങ്ങളാല്‍ വയനാട്ടില്‍ വേണ്ടത്ര സജീവമാകാതിരുന്നതും ഈ പീഡനത്തെ രൂക്ഷമാക്കിത്തീര്‍ത്തു.

ഈ ചൂഷണത്തിനെതിരായ പ്രതിരോധത്തിനാണ് സഖാവ് വര്‍ഗീസ് അക്കാലത്ത് നേതൃത്വം നല്‍കിയത്. അതിലൂടെ അദ്ദേഹം വയനാട്ടിലെ ദരിദ്രരും സാധാരണക്കാരുമായ ജനങ്ങളുടെ ആശയും ആവേശവുമായിത്തീരുകയും അതോടൊപ്പം വലതുപക്ഷ ഭരണാധികാരത്തിന്റെ കണ്ണില്‍ കൊടും കുറ്റവാളിയായിത്തീരുകയും ചെയ്തു. ഒറ്റുകാരുടെ സഹായത്തോടെ പിടികൂടിയ സഖാവിനെ സംസ്ഥാന ഭരണത്തിലെയും പൊലീസിലെയും ഉന്നതരുടെ നേരിട്ടുള്ള അറിവോടെ ക്രൂരമായി മര്‍ദിക്കുകയും കണ്ണ് ചൂഴ്ന്നെടുക്കുകയും വെടിവെച്ചു കൊല്ലുകയുമാണുണ്ടായത്. ഈ കൊലയെ ഏറ്റുമുട്ടലില്‍ മരിച്ചു (എന്‍കൌണ്ടര്‍ ഡെത്ത്) എന്ന വിധത്തിലാണ് അക്കാലത്ത് പൊലീസ് ഭാഷ്യം പ്രകാരം പത്രങ്ങള്‍ റിപ്പോര്‍ട് ചെയ്തത്. രണ്ടു പതിറ്റാണ്ടിനു ശേഷം ആ കൊല തന്റെ കൈ കൊണ്ടാണ് നടത്തിയത് എന്ന് പത്രങ്ങളോടും ചാനലുകളോടും കോടതിയോടും കൂസലില്ലാതെ എന്നാല്‍ തികഞ്ഞ വേദനയോടെയും നിസ്സഹായതയോടെയും വിളിച്ചു പറഞ്ഞ രാമചന്ദ്രന്‍ നായരുടെ സത്യസന്ധതക്കു മുമ്പില്‍ കേരളത്തിന്റെ മനസ്സാക്ഷി മരവിച്ചുപോയതും രേഖപ്പെടുത്തപ്പെട്ട ചരിത്രയാഥാര്‍ത്ഥ്യം.

നക്സലൈറ്റ് പ്രസ്ഥാനചരിത്രത്തെ യാഥാര്‍ത്ഥ്യനിഷ്ഠമായി ചരിത്രവത്ക്കരിക്കാനുള്ള വളരെക്കുറച്ചു ശ്രമങ്ങള്‍ മാത്രമേ പില്‍ക്കാലത്ത് നടന്നിട്ടുള്ളൂ എന്നതാണ് ഏറ്റവും ഖേദകരമായ സംഗതി. ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സിനിമ, എം സുകുമാരന്റെ പിതൃതര്‍പ്പണം പോലുള്ള ഏതാനും നോവലുകളും കഥകളും, കെ ജി ശങ്കരപ്പിള്ളയുടെ ബംഗാള്‍ അടക്കമുള്ള അനവധി കവിതകള്‍, കെ വേണുവിന്റെ ലേഖനങ്ങളും പുസ്തകങ്ങളും എന്നിങ്ങനെ ശ്രദ്ധേയവും ആത്മാര്‍ത്ഥവും സത്യസന്ധവുമായ പരിശ്രമങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ സ്വീകരിച്ചിട്ടുള്ള വസ്തുനിഷ്ഠതയെ മൂടിനില്‍ക്കുന്ന വിധത്തില്‍ നാട്യങ്ങള്‍, സ്വയം വീരത്വം പ്രഖ്യാപിക്കല്‍, അമിത കാല്‍പനികവല്‍ക്കരണം, എന്നീ പ്രകടദൂഷ്യങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്ന നിരവധി വ്യാഖ്യാനങ്ങളുടെയും ആഖ്യാനങ്ങളുടെയും പ്രളയം തന്നെ കഴിഞ്ഞ കാലത്ത് സംഭവിച്ചിട്ടുണ്ട്.

പൈങ്കിളി സിനിമകളും, ഓണപ്പതിപ്പിലെ സൊറ പറച്ചിലുകളും, താന്‍ 'മൂവ്മെന്റി'ലുണ്ടായിരുന്നു എന്നു വരുത്താന്‍ ചിലര്‍ സ്വയം ജനനത്തീയതി പിറകിലേക്ക് പിടിച്ചുവലിക്കുന്നതും(സിനിമാനടികള്‍ ചെയ്യാറുള്ളതിന്റെ നേര്‍ വിപരീതം) വരെയുള്ള വിഡ്ഢിത്തങ്ങള്‍ മലയാളി സഹിക്കുകയുണ്ടായി. സക്കറിയ ഒരിക്കല്‍ പറഞ്ഞതുപോലെ മുന്‍ നക്സലൈറ്റാണെന്നു പറഞ്ഞില്ലെങ്കില്‍ എഴുത്തുകാരനും ബുദ്ധിജീവിയുമായി ആരും പരിഗണിക്കാത്ത ദുരവസ്ഥ പോലും കേരളത്തിലുണ്ട്. സഖാവ് വര്‍ഗീസിനെപ്പോലുള്ള യഥാര്‍ത്ഥ വിപ്ലവകാരികള്‍ മറവിയിലേക്കോ കേവല വീരാരാധനയിലേക്കോ മാഞ്ഞുപോകുകയും, പേരും ജനനത്തീയതിയും തിരുത്തുന്ന കപടരും ജാടക്കാരും മുഖ്യധാരയിലേക്ക് ഇടിച്ചുകയറുകയും ചെയ്യുകയാണ്. ഇതിന്റെ അനന്തരഫലമെന്നോണം ഇടതു തീവ്രവാദ നാട്യം വലതുപക്ഷ ആശയഗതിയുടെയും പലപ്പോഴും മൃദു / തീവ്ര ഹിന്ദുത്വ നിലപാടുകളുടെയും മുഖമറയാകുന്ന സ്ഥിതിവിശേഷവും സംജാതമായിട്ടുണ്ട്. വയനാട്ടിലൊഴിച്ചുള്ള നക്സലൈറ്റുകള്‍ ജനങ്ങളുടെ സമരങ്ങള്‍ക്കു പകരം ഭാഷയിലെ കലാപങ്ങള്‍ ഏറ്റെടുത്തു എന്നു പരിഹസിക്കപ്പെട്ടതും ഇതിന്റെ തുടര്‍ച്ചയാണ്. ആധുനികതയുടെ കാലത്ത് ആരംഭിക്കുകയും പിന്നീട് പൊതുമലയാളമായിത്തീരുകയും ചെയ്ത അമിത സംസ്കൃതവത്ക്കരിക്കപ്പെട്ട മലയാള ഭാഷയെ പ്രതിരോധിക്കുന്നതിനു പകരം അതിന്റെ പതാകാവാഹകരായിത്തീരുകയാണ് ജനാധിപത്യത്തെ അഭിമുഖീകരിക്കാന്‍ വിസമ്മതിച്ച നക്സലൈറ്റ് സാംസ്ക്കാരികപ്രവര്‍ത്തകര്‍ ചെയ്തത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നിരവധി വാക്കുകള്‍ അതിന്റെ രാഷ്ട്രീയ യുക്തിക്കു വിരുദ്ധമായി ഇതു മൂലം ഉപയോഗിക്കപ്പെട്ടു. ജനപ്രിയ സിനിമകളിലും മറ്റും ഇത് നൂറു മടങ്ങ് ആവര്‍ത്തിക്കപ്പെടുന്നുണ്ട്.

അതു കൊണ്ടാണ് ജനപ്രിയസിനിമയുടെ പാഠശാലയില്‍ പഠിച്ച ബാബു ജനാര്‍ദനനെപ്പോലൊരാള്‍ തലപ്പാവിനു വേണ്ടി എഴുതുന്ന സംഭാഷണം രാഷ്ട്രീയ ചരിത്രത്തിന്റെ യുക്തിയെ പലപ്പോഴും പരിഹസിക്കുന്നത്. ഒരുദാഹരണം നോക്കുക. രവീന്ദ്രന്‍ പിള്ള എന്ന നിരാശനായ പോലീസുകാരന്‍(ലാല്‍) പെന്‍ഷന്‍ മേടിക്കാനായി ആലപ്പുഴ നഗരത്തിലെത്തുമ്പോള്‍, അയാളുടെ കൈയാല്‍ വധിക്കപ്പെട്ട ജോസഫി(പൃഥ്വിരാജ്)ന്റെ പ്രേതത്തെ കണ്ടുമുട്ടുന്നു. കോടതിയലക്ഷ്യം ആരോപിക്കപ്പെട്ട മന്ത്രി രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി സമരജാഥ നയിക്കുന്ന ഖദര്‍ ധാരികളായ വലതുപക്ഷ രാഷ്ട്രീയകക്ഷിക്കാരുടെ പ്രസംഗത്തെ പരിഹസിച്ചുകൊണ്ടാണ് ജോസഫ് കാലം കൂടുതല്‍ ജീര്‍ണമായി എന്നു നിരീക്ഷിക്കുന്നത്. സ്വാശ്രയ കോളേജുകാരുടെ വിരുന്നില്‍ പങ്കെടുത്ത ജഡ്ജി തന്നെ സ്വാശ്രയ കോളേജ് കേസില്‍ വാദം കേള്‍ക്കാനും വിധി പറയാനുമിരിക്കുന്നതിന്റെ അയുക്തികതയും അസ്വാഭാവികതയും ചോദ്യം ചെയ്ത മന്ത്രിയുടെ മേലാണ് കോടതിയലക്ഷ്യം ആരോപിക്കപ്പെട്ടതെന്നും അതു പറയാതെ കേവലമായ രാഷ്ട്രീയലാഭത്തിനു വേണ്ടി സമരം ചെയ്യുന്ന ഈ പ്രതിപക്ഷത്തെ ചൂണ്ടിക്കാണിച്ച് അരാജകത്വമാണ് സമൂഹത്തെ ഭരിക്കുന്നതെന്ന് നിങ്ങളറിയുന്നുണ്ടോ എന്നാണ് ജോസഫ് രവീന്ദ്രന്‍ പിള്ളയോട് ചോദിക്കുന്നത്.

അരാജകത്വം അഥവാ അനാര്‍ക്കിസം അമിതാധികാരപ്രവണതക്കും വ്യവസ്ഥാപിതത്വത്തിനുമെതിരായ ഒരു സമരമാര്‍ഗമാണെന്നും ബുനുവലിനെപ്പോലുള്ള അനവധി പ്രതിഭാധനര്‍ അനാര്‍ക്കിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരാണെന്നുമുള്ള ചരിത്രയാഥാര്‍ത്ഥ്യം വിസ്മരിച്ചുകൊണ്ടോ അതോ അജ്ഞത കൊണ്ടോ ഈ പദം ഒരു ചീത്ത പദമായി തിരക്കഥ / സംഭാഷണത്തില്‍ കടന്നുവരുന്നതാണ് നാം അത്ഭുതത്തോടെ കാണുന്നത്. യഥാര്‍ത്ഥത്തില്‍ അരാജകത്വം എന്ന രാജകീയ(വ്യവസ്ഥാപിത)വിരുദ്ധ വാഴ്ചക്ക് അഥവാ വാഴ്ചാരാഹിത്യത്തിനു വേണ്ടിയാണ് വിപ്ലവകാരികള്‍ നിലക്കൊള്ളുന്നത്. അവരെക്കൊണ്ട് രാജഭരണത്തിന് അനുകൂലമായി സംസാരിപ്പിക്കുക എന്ന കൊടും പാതകം ഭാഷ, പദം, വാക്യഘടന, വ്യാകരണം, അര്‍ത്ഥം, പര്യായം, വിരുദ്ധാര്‍ത്ഥം എന്നിങ്ങനനെയുള്ള മേഖലകളിലെ ആധിപത്യ / വിധേയത്വ രൂപങ്ങളെക്കുറിച്ചും രാഷ്ട്രീയ ഘടനകളെക്കുറിച്ചും ധാരണയില്ലാത്ത വാചകമെഴുത്തുകാര്‍ (വാചകമടിക്കാര്‍) നടത്തുന്നത് കഥാകൃത്തു കൂടിയായ മധുപാല്‍ എന്തുകൊണ്ട് അനുവദിച്ചു എന്നറിയില്ല. അതോ നക്സലൈറ്റുകള്‍ വിശാലവും വൈവിദ്ധ്യപൂര്‍ണവുമായ ജനാധിപത്യപ്രസ്ഥാനത്തില്‍ അണിചേരാതിരുന്നതിനെ പരിഹസിക്കുന്നതിനു വേണ്ടിയാണോ ഈ ഭാഷാ വൈരുദ്ധ്യത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്?

തിരക്കഥയുടെ ഇത്തരത്തിലുള്ള ദൌര്‍ബല്യങ്ങള്‍ പക്ഷെ സിനിമയുടെ സമഗ്രമായ നിലപാടിനെയോ ദൃശ്യ / ശബ്ദ ഗാത്രത്തെയോ പരാജയപ്പെടുത്തുന്നില്ല. ദരിദ്രകുടുംബത്തില്‍ പെട്ട രവീന്ദ്രന്‍ പിള്ള എന്ന കുട്ടനാട്ടുകാരന്‍ പൊലീസ് കോണ്‍സ്റ്റബിളാകുമ്പോഴും അയാളുടെ വര്‍ഗസ്ഥാനത്തില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല. മാത്രമല്ല അയാള്‍ എന്ന ഇരയുടെ ദൈന്യതയും നിസ്സഹായതയും കൂടുതല്‍ രൂക്ഷമാകുകയാണ് ചെയ്യുന്നത്. സ്വന്തം വര്‍ഗത്തിന്റെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാവിനെ തടവില്‍ പിടികൂടാനും മര്‍ദിക്കാനും വെടി വെച്ചു കൊല്ലാനും വരെ നിയോഗിക്കപ്പെടുന്ന അയാള്‍ വര്‍ഗവഞ്ചകനായി മുദ്ര കുത്തപ്പെട്ടാലും അത്ഭുതമില്ല. അതോടൊപ്പം, ഈ പ്രവൃത്തികളില്‍ വേദനിച്ചാലോ അയാള്‍ സ്വന്തം ജോലിയോടും ജോലി സംരക്ഷിക്കുന്ന ഭരണകൂടവ്യവസ്ഥയോടും കൂറില്ലാത്തവനായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. പല വിധത്തിലുള്ള വേട്ടയാടലുകള്‍ക്കാണ് അയാളുടെ ശരീരവും മനസ്സും വിധേയമാകുന്നത്.

ജോസഫിനെപ്പോലെ ഉന്നതമായ വിവേകവും വകതിരിവുമുള്ള ഒരു സഖാവിനു മാത്രമേ അയാളിലെ മനുഷ്യനെ മനസ്സിലാക്കാനും കൂടെ നിര്‍ത്താനും സാധ്യമാവുകയുള്ളൂ. മറ്റുള്ള വിപ്ലവപ്രവര്‍ത്തകര്‍ക്കൊക്കെയും അയാള്‍ ഭരണകൂട മര്‍ദനാധികാരത്തിന്റെ ഒരു മുഖവും ഉപാധിയും ഉപകരണവും മാത്രമാണ്. അതുകൊണ്ടു തന്നെ ഭരണകൂടത്തിനെതിരായ സായുധ കലാപത്തില്‍ ഭരണകൂടത്തെ പ്രത്യക്ഷമായും പ്രതീകാത്മകമായും ആക്രമിക്കാന്‍ ഇയാളെ(ഇത്തരത്തിലൊരാളെ) ആക്രമിച്ചാല്‍ മതി എന്ന നിഗമനത്തില്‍ പ്രവര്‍ത്തകര്‍ എളുപ്പത്തില്‍ എത്തിച്ചേര്‍ന്നേക്കാം. വിപ്ലവകാരികളെ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് പിടികൂടാന്‍ കഴിയാതെപോകുന്ന അവസരത്തിലൊക്കെയും അയാള്‍ ഭരണഘടനാപരമായ കര്‍ത്തവ്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടവനായി വ്യാഖ്യാനിക്കപ്പെടുന്നു. പിന്നീട് പിടികൂടപ്പെടുന്ന വിപ്ലവകാരിയെയും അവരെ സഹായിച്ചവരെയും (അല്ലെങ്കില്‍ അപ്രകാരം ആരോപിക്കപ്പെട്ടവരെയും) ക്രൂരമായി മര്‍ദിച്ചും കൊലപ്പെടുത്തിയും ബലാല്‍സംഗം ചെയ്തും ആഹ്ലാദിച്ചില്ലെങ്കില്‍ അതും അയാളിലെ പോലീസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.

ബലാല്‍സംഗം ചെയ്യാത്ത പോലീസുകാരനും പട്ടാളക്കാരനും ഷണ്ഡനാണെന്നുവരെ ആക്ഷേപിക്കപ്പെടാറുണ്ട്. സ്വന്തം ജീവന്‍ തോക്കിന്‍ മുനയില്‍ ചിതറിപ്പോകുമെന്ന നിസ്സഹായമായ അവസ്ഥയിലാണ് അയാള്‍ ജോസഫിനു നേരെ വെടിയുതിര്‍ക്കുന്നത്. ഭയം, നിസ്സഹായത, തൊഴില്‍പരമായ യാന്ത്രികത എന്നിങ്ങനെ നിരവധി യുക്തികളും കാരണങ്ങളും തന്റെ ചെയ്തിയെ ന്യായീകരിക്കുന്നതിനായി അയാള്‍ക്ക് അയാളുടെ മനസ്സാക്ഷിക്കുമുമ്പില്‍ നിരത്താവുന്നതേ ഉള്ളൂ. എന്നിട്ടും മനസ്സാക്ഷിക്കു മുമ്പില്‍ അയാളുടെ സമചിത്തത ചിതറിപ്പോകുന്നു. നിശ്ശബ്ദനായ അയാളെ വീണ്ടും നിശ്ശബ്ദനാക്കുന്നതിനു വേണ്ടിയാണ് സഹപ്രവര്‍ത്തകരായ രണ്ടു പോലീസുകാര്‍ അയാളെക്കുറിച്ച് നിര്‍മിക്കപ്പെട്ട അപവാദം ഭാര്യയുടെ അടുത്ത് എത്തിക്കുന്നത്. കുട്ടിക്കാലത്തെ കാമുകിയായിരുന്ന സാറാമ്മ(ധന്യാമേരി)യോടൊത്താണ് അയാളുടെ വയനാട്ടിലെ കുടിപാര്‍പ്പ് എന്നായിരുന്നു ആ അപവാദം. ഇതു വിശ്വസിക്കേണ്ട ഗതികേടിലായിരുന്നു ഭാര്യ കാര്‍ത്ത്യായനി(രോഹിണി)യുടെ അവസ്ഥ. ദാരിദ്ര്യം, ഒറ്റപ്പെടല്‍, പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍, ഭര്‍ത്താവിന്റെ അനിയന്ത്രിതമായ മദ്യപാനവും സദാ ഉള്ള നിശ്ശബ്ദതയും എന്നീ ചുറ്റുപാടുകളില്‍ അവള്‍ ആ അപവാദം അപ്പാടെ വിശ്വസിച്ച് അയാളെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുന്നു. പിന്നീട് മരണം വരെയും അവളയാള്‍ക്കടുത്തേക്ക് തിരിച്ചു ചെല്ലുന്നില്ല. അവള്‍ നല്‍കിയ ഈ കടുത്ത ശിക്ഷ, കഥയുടെ നാടകീയതയെ സങ്കീര്‍ണവും തീവ്രവുമാക്കുന്നുണ്ട്. ഇരുപത് ഇരുപത്തഞ്ച് വര്‍ഷം ഈ നീറിപ്പുകയല്‍ സ്വന്തം നെഞ്ചിനകത്ത് ഒതുക്കിയ അയാള്‍ അവസാനം അത് തുറന്നുപറയാന്‍ സ്വയം നിര്‍ബന്ധിതനാകുകയാണ്. ജോസഫ് എന്ന വിപ്ലവകാരിയെപ്പോലെ തന്നെ വേട്ടക്കാരന്റെ കുപ്പായവും ആയുധവുമണിഞ്ഞ രവീന്ദ്രന്‍ പിള്ള എന്ന പോലീസുകാരനും ഒരു ഇര തന്നെയാണെന്ന സങ്കീര്‍ണയാഥാര്‍ത്ഥ്യം ഇപ്രകാരം അനുഭവവേദ്യമാക്കുന്നു എന്നതാണ് തലപ്പാവിന്റെ നിര്‍ണായക വിജയം.

ഛായാഗ്രഹണം, എഡിറ്റിംഗ്, ദൃശ്യങ്ങളുടെയും കാഴ്ചാകോണുകളുടെയും വിവേചന പൂര്‍ണമായ തെരഞ്ഞെടുപ്പ്, ശബ്ദക്രമീകരണം എന്നീ മേഖലകളില്‍ ശരാശരി മലയാള സിനിമയുടെ അപാകങ്ങളെ മറികടക്കുന്ന വിധത്തിലുള്ള മികച്ച നിലവാരമാണ് തലപ്പാവ് പുലര്‍ത്തുന്നത്. തിരക്കഥയുടെ ദൌര്‍ബല്യം അപ്രകാരം സംവിധായകന് മറികടക്കാനായി എന്നത് ആശ്വാസകരമാണ്. യാഥാര്‍ത്ഥ്യത്തിനു മേല്‍ തനിക്കാവശ്യമുള്ളിടത്തോളം ഭാവന സംവിധായകന്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും, ചരിത്രത്തിന്റെ പല റഫറന്‍സുകള്‍ കടന്നുവരുന്നത് ശ്രദ്ധേയമായിട്ടുണ്ട്. കുട്ടനാടന്‍ കായലിലെ ബോട്ടിലൂടെ നടത്തുന്ന, എന്‍ എസ് എസിന്റെ ധനശേഖരണാര്‍ത്ഥം ഉദയായുടെ ഭാര്യ പ്രദര്‍ശിപ്പിക്കുന്നതിന്റെ അനൌണ്‍‌സ്‌മെന്റ്; അക്കാലത്തെ ജനപ്രിയകലയും രാഷ്ട്രീയ /ചരിത്ര /സാഹിത്യ പാഠ്യപദ്ധതിയുമായിരുന്ന വി സാംബശിവന്റെ കഥാപ്രസംഗത്തിന്റെ വോയ്‌സ് ഓവര്‍; കെ പി എ സി നാടകഗാനമായ ചില്ലിമുളം കാടുകളില്‍.... മൂളുന്നത്; എന്നിവയൊക്കെ സാധാരണ സിനിമകളിലേതു പോലെ കേവലം എടുപ്പുകളും പടങ്ങളുമായി അനാഥമാകുന്നില്ല. കാലത്തോടും ചരിത്രത്തോടും രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തോടും സത്യസന്ധമാകുന്ന ഒരു നിലപാട് ചലച്ചിത്രകാരന്‍ എന്ന നിലക്ക് മധുപാലിന് പ്രത്യക്ഷപ്പെടുത്താനായി എന്നതാണ് എടുത്തുപറയേണ്ട സവിശേഷത.

ഭരണകൂട മര്‍ദനാധികാരത്തിന്റെ വേട്ടക്കാരന്‍ എന്ന വൃത്തികെട്ട വേഷമണിഞ്ഞുകൊണ്ട് അനുസരണയുള്ള ഒരു പട്ടിയുടെ പണി (കുരക്കുക, കടിക്കുക, കടിച്ചു കീറി കൊല്ലുക) ചെയ്യുന്ന പോലീസുകാരന്‍ പക്ഷെ മനസ്സിനുള്ളിലും കുടുംബത്തിനകത്തും നാട്ടിലും അനുഭവിക്കുന്ന നീറലുകളും പീഡനങ്ങളും അസഹനീയമാണ് എന്നു വിശദീകരിക്കുന്നതിലാണ് സിനിമയുടെ ഊന്നലുകളെങ്കിലും സാഹസികരായ നക്സലൈറ്റ് സഖാക്കളുടെ വിപ്ലവകരമായ ഇടപെടലുകളെ അതൊരു തരത്തിലും ഇകഴ്ത്തിക്കാണിക്കുന്നില്ല. അതേ സമയം അതാണ് വരുംകാലത്തിന്റെ രക്ഷാമാര്‍ഗം എന്ന് കൊട്ടിഘോഷിക്കുന്നുമില്ല.

*

5 comments:

മൂര്‍ത്തി said...

തുടരുക..

paarppidam said...

മാധ്യമത്തിൽ വരുന്ന ലേഖനങ്ങൾ വായിക്കുമ്പോൾ എല്ലാം ജി.പിയുടെ നിരീക്ഷണങ്ങളിൽ ചിലതിനോട് പലപ്പോഴും ശക്തമായ എതിർപ്പ് തോന്നാറുണ്ട്.പക്ഷെ ഇത്...ജി.പി നന്നായിരിക്കുന്നു. ഒരുപക്ഷെ എന്നേപ്പൊലെ ഒരാളുടെ അഭിനന്ദനങ്ങൾ താങ്കളെ പ്പോലുള്ളവർക്ക് വലിയ കാര്യം ആകില്ലായിരിക്കാം..

G P RAMACHANDRAN said...

thank you paarpidam. all comments are worthwhile. keep in touch

‍ശരീഫ് സാഗര്‍ said...

അതു തന്നെയാണ്‌ ശരി എന്ന്‌ കൊട്ടിഘോഷിക്കുന്നുമില്ല.
തലപ്പാവ്‌ കണ്ടിറങ്ങുമ്പോള്‍ ഉളളില്‍ ഇളകിയടിച്ചതൊക്കെയും ഈയൊരു വരിയില്‍ തേടുന്നത്‌ ആശ്വാസമോ നിസ്സഹായതയോ...? അതോ വിധിയെന്ന തലയെഴുത്തിന്റെ ദുരൂഹതയോ... എന്തൊക്കെയായാലും ഒന്നുറപ്പാണ്‌. ഒരു കൊച്ചു നക്‌സല്‍ ജീവിക്കുന്നുണ്ട്‌. ചിലരുടെ ഉള്ളിടങ്ങളില്‍ അയാളിങ്ങനെ തിളയ്‌ക്കും...
എന്റെയും.....?

G P RAMACHANDRAN said...

thank you sharief sagar