Wednesday, November 19, 2008

ജീവിതവും അതിജീവനവും

പ്രസിദ്ധ ഇറാനിയന്‍ ചലച്ചിത്രകാരനായ അബ്ബാസ് ഖൈരസ്‌തമിയുടെ ജീവിതം അതല്ലാതെ ഒന്നുമില്ല (ലൈഫ് ആന്റ് നതിംഗ് മോര്‍/ഫാര്‍സി/1991/വര്‍ണം/95 മിനുറ്റ്), കഥാചിത്രം, ഡോക്കുമെന്ററി എന്നീ വേര്‍തിരിവുകളെ അപ്രസക്തമാക്കുന്ന ഒരു കാവ്യാത്മകമായ സിനിമയാണ്. പ്രതിനിധാനത്തിനും വാര്‍ത്താവതരണത്തിനും അപ്പുറത്ത് ലക്ഷണങ്ങളെ ഒപ്പിയെടുക്കുന്ന സവിശേഷമായ ഒരു പ്രക്രിയയായി ആഖ്യാനം പരിണമിക്കുന്നത് വിസ്‌മയത്തോടെ മാത്രമേ കണ്ടിരിക്കാനാവൂ. 1990ല്‍ ഇറാനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തെത്തുടര്‍ന്ന് ജീവിതവും മരണവും തമ്മിലുള്ള ഒളിച്ചുകളികളെക്കുറിച്ച് അന്വേഷിക്കുന്ന മൂന്നു ചിത്രങ്ങളടങ്ങിയ കോക്കര്‍ ത്രയത്തില്‍ രണ്ടാമത്തെ ചിത്രമാണ് സിന്ദഗി വാ ദിഗാര്‍ ഹിച്ച് (ലൈഫ് ആന്റ് നതിംഗ് മോര്‍).

അമ്പതിനായിരത്തില്‍ പരം ആളുകളാണ് ആ ഭൂകമ്പത്തില്‍ മരിച്ചുപോയത്. 1987 ല്‍ താന്‍ ചിത്രീകരിച്ച എവിടെയാണ് സുഹൃത്തിന്റെ വീട് (വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോം) എന്ന സിനിമയുടെ ലൊക്കേഷനായിരുന്ന കോക്കര്‍ പട്ടണം ഭൂകമ്പത്തില്‍ തകര്‍ന്നതായി മനസ്സിലാക്കിയ സംവിധായകന്‍ ആ നഗരത്തിലേക്ക് യാത്രയാകുകയാണ്. ഈ ചിത്രത്തില്‍ സംവിധായകനായി അഭിനയിക്കുന്നത് ഫര്‍ഹാദ് ഖെര്‍ദാമെന്റ് ആണ്. വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോമിലഭിനയിച്ച കുട്ടികളായ അഭിനേതാക്കള്‍ക്ക് എന്തു സംഭവിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഉത്ക്കണ്ഠ. തെഹ്റാനില്‍ നിന്ന് തന്റെ മകന്‍ പൂയയോടൊപ്പം ഒരു കാറില്‍ അദ്ദേഹം യാത്രയാകുന്നു. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പ് രക്ഷാപ്രവര്‍ത്തകരുടെ വാഹനക്കുരുക്കില്‍ പെട്ട് അവരുടെ യാത്ര തടസ്സപ്പെടുന്നു. പ്രധാന റോഡ് വിട്ട് ഇടറോഡുകളിലൂടെ യാത്ര തുടരുന്ന സംവിധായകന്‍, താല്‍ക്കാലിക ടെന്റുകള്‍ കെട്ടി ജീവിതത്തില്‍ ഇനിയും നല്ല കാലം വരും എന്നു പ്രതീക്ഷിച്ചിരിക്കുന്നവരെ വഴിയിലെമ്പാടും കണ്ടു മുട്ടുന്നു. തന്റെ മുന്‍ സിനിമയിലഭിനയിച്ച പലരെയും അദ്ദേഹം കാണുന്നുണ്ടെങ്കിലും പ്രധാനപ്പെട്ട വേഷത്തിലഭിനയിച്ച രണ്ടു കുട്ടികളുടെ അവസ്ഥ എന്താണ് എന്നറിയാനാണ് അദ്ദേഹത്തിന് തിടുക്കം. ലോകകപ്പ് ഫുട്ബാളിന്റെ സീസണിലാണ് ഭൂകമ്പം സംഭവിക്കുന്നത്. ബ്രസീലും സ്‌കോട്ട്‌ലന്‍‌റ്റും തമ്മിലുള്ള കളിയുടെ അന്നായിരുന്നു ഭൂകമ്പം. ടി വിയിലെ കളി കാണാന്‍ അമ്മാമന്റെ വീട്ടില്‍ പോയതുകൊണ്ടാണ് ഒരു കുട്ടി മരണത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. കുഴിമാടങ്ങളില്‍ നിന്ന് നിവര്‍ന്നു വരുന്നവരും ടെന്റ് കെട്ടി താമസിക്കുന്നവരുമാണെങ്കിലും ഫുട്ബാളിന്റെ ആവേശം അവരിലൊട്ടും കുറവല്ല. സംവിധായകന്റെ മകന്‍ പൂയ, ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള കളി കാണാന്‍ കോക്കറിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ടെന്റുകളില്‍ താല്‍ക്കാലികമായി ഘടിപ്പിച്ച ആന്റിനയുടെ താഴെ ടി വി കാണാന്‍ പോകുന്നത് മനുഷ്യരുടെ പരിഗണനകളെ ഏതളവ് വെച്ചാണ് ഗൌരവം / തമാശ എന്ന് വേര്‍തിരിക്കുന്നത് എന്ന് തീരുമാനിക്കാന്‍ നമ്മെ അപ്രാപ്‌തരാക്കുന്ന കഥാഗതിയാണ്.

നായകകഥാപാത്രം റൂഹി എന്ന തന്റെ സിനിമയിലഭിനയിച്ച 'നടനെ' കണ്ടു മുട്ടുന്നതും അവരുടെ ഒന്നിച്ചുള്ള യാത്രയും രസാവഹമാണ്. ഒരു ക്ളോസറ്റ് തലയിലേറ്റിക്കൊണ്ട് റൂഹി നടന്നുപോകുമ്പോഴാണ് നായകന് ‍/ സംവിധായകന്‍ അയാളെ കാണുന്നത്. ഭൂകമ്പത്തില്‍ തകര്‍ന്നാലും ജീവിച്ചിരിക്കുന്നവര്‍ക്ക് ആവശ്യങ്ങളില്ലേ എന്നാണ് റൂഹിയുടെ ന്യായം. തനിക്ക് വലിയ കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല എന്നു നുണ പറയുന്ന റൂഹി പക്ഷെ താന്‍ ഇപ്പോള്‍ താമസിക്കുന്നതായി കാണിച്ചുകൊടുത്ത വീട്ടിലെത്തുമ്പോഴാണ് സത്യം വെളിപ്പെടുത്തുന്നത്. തന്റെ വീടും തകര്‍ന്നു, ടെന്റിലാണ് താമസം, പക്ഷെ ഈ വീട് തകരാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അവിടെ താമസിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നൊക്കെ വിചിത്രമായിട്ടാണ് അയാള്‍ സംസാരിക്കുന്നത്. താന്‍ പ്രായം കൂടിയ ഒരാളെയാണ് വേര്‍ ഈസ് ദ ഫ്രണ്ട്സ് ഹോമില്‍ അവതരിപ്പിച്ചത് എന്നും അത് തീര്‍ത്തും തെറ്റായിരുന്നു എന്നും അയാള്‍ പറയുന്നുണ്ട്. പ്രായം കൂടിയ ആളെ ചെറുപ്പക്കാരനായും വിരൂപനെ സുന്ദരനും ആക്കുന്നതായിരിക്കണം കല എന്നാണ് അയാളുടെ വേദാന്തം. തകര്‍ച്ചയുടെയും അനിശ്ചിതത്വത്തിന്റെയും യാഥാര്‍ത്ഥ്യങ്ങളെ കാണികള്‍ക്ക് രുചിക്കുന്ന തരത്തിലുള്ള മനോഹരചിത്രമായി പാകപ്പെടുത്തുന്ന തന്റെ തന്നെ രീതിയെ ഭംഗ്യന്തരേണ കുറ്റപ്പെടുത്തുകയാണ് ഖൈരസ്‌തമി ഈ ആഖ്യാനഖണ്ഡത്തിലൂടെ.

കാവ്യനീതിയുടെ പ്രതിഫലനത്തിനായി സിനിമയുടെ അന്ത്യഭാഗത്ത് അതിവിദൂര ചിത്രീകരണ രീതി ഉപയോഗിച്ചത് സംവിധായകന്റെ മാധ്യമത്തിലുള്ള കൈയടക്കത്തിന്റെ ഒന്നാന്തരം സൂചനയാണ്. കുത്തനെയുള്ള കയറ്റവും വളവുതിരിവുകളുമുള്ള ചുരങ്ങള്‍ കയറാന്‍ പ്രയാസപ്പെടുന്ന കാറിന്റെ ദൃശ്യം സൂക്‍ഷ്‌മബിന്ദു പോലെയാണ് തിരശ്ശീലയില്‍ കാണുന്നത്. വഴിയില്‍ ഭാരമേറ്റിക്കൊണ്ടു പോകുന്ന ഒരാള്‍ കൈ കാണിച്ചിട്ടും അയാളെ കാറില്‍ കയറ്റാതെ പോകുന്നു. തുടര്‍ന്ന് കാറിന് കയറ്റം കയറാനാകാതെ തിരിച്ചിറങ്ങുമ്പോള്‍ അതേ ആളു കൂടി പുറകില്‍ നിന്ന് തള്ളിയതുകൊണ്ടാണ് കാറിന് യാത്ര തുടരാനാകുന്നത്. പിന്നീട് അയാളെയും കാറില്‍ കയറ്റുന്നു. താന്‍ അന്വേഷിച്ചു പോകുന്ന കുട്ടിയെ സംവിധായകന് കണ്ടെത്താനാവുമോ ഇല്ലയോ എന്ന പ്രശ്‌നം കാണിക്ക് വിട്ടുകൊടുത്തുകൊണ്ട് സിനിമ സമാപിക്കുന്നു.

ദൈവം എന്തുകൊണ്ടാണ് ചിലരെ രക്ഷപ്പെടുത്തുന്നത്, ചിലരെ മരണത്തിന് വിട്ടുകൊടുക്കുന്നത് എന്ന ദാര്‍ശനികമായ അന്വേഷണമാണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹം നടത്തുന്നത്. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും അതുപോലെ ചലച്ചിത്രരചനയുടെ ധാര്‍മികതയെക്കുറിച്ചും ആത്മവിചാരണനടത്തുന്ന ഒരു സന്ദര്‍ഭമായി ഈ സിനിമ പരിണമിക്കുന്നുണ്ട്. 1992ലെ കാന്‍ മേളയില്‍ റോസല്ലിനി പ്രൈസ് ഈ സിനിമക്കാണ് ലഭിച്ചത്.

*****

5 comments:

mumsy-മുംസി said...

കിരോസ്തമിയുടെ ദ ടേസ്റ്റ് ഓഫ് ചെറി എന്ന സിനിമ കണ്ടിരുന്നു. മനോഹരമായ സിനിമയായിരുന്നു അത്‌.അതിലും ഉണ്ടായിരുന്നു കുത്തനെയുള്ള കയറ്റം കയറി പോകുന്ന കാറിന്റെ വിദൂരദൃശ്യങ്ങള്‍. ഈ സിനിമയെ പരിചയപ്പെടുത്തി തന്നതിന്‌ നന്ദി.
മധ്യമത്തില്‍ വന്ന ലേഖനവും വായിച്ചിരുന്നു.

G P RAMACHANDRAN said...

നന്ദി മുംസി

Calicocentric കാലിക്കോസെന്‍ട്രിക് said...

രാമചന്ദ്രന്‍ പുതിയൊരു സംവിധായകനെ പടയക്ക്കുകയാണോ? നാട്ടിലെല്ലാരും പറയും പോലെ കിയരോസ്തമി എന്നു പറഞ്ഞാല്‍ പോരേ സുഹൃത്തേ?
വേണമെങ്കില്‍ ഇവിടെ കേള്‍ക്കുകയും ചെയ്യാം.
http://commons.wikimedia.org/wiki/Image:Fa-f-%D8%B9%D8%A8%D8%A7%D8%B3_%DA%A9%DB%8C%D8%A7%D8%B1%D8%B3%D8%AA%D9%85%DB%8C.ogg
നാട്ടാരൊക്കെ വിവരക്കേടു പറയുകയാണെങ്കില്‍ അതു പകര്‍ത്താന്‍ ആര്‍ക്കും തരക്കേടില്ല. കുറസാവ കുറസോവ ആയതുപോലെ.

paarppidam said...

താങ്കൾക്ക് എന്തിനുള്ള അവാർഡ് ആണു രാഷ്ട്രപതിയിൽ നിന്നും ലഭിച്ചത്?മുൻ പോസ്റ്റുകളിൽ സൂചിപ്പിച്ചിട്ടുണ്ടൊ ഇത്?

paarppidam said...

പ്രിയ ജി.പി
താങ്കൾ മാധ്യമത്തിൽ ഗുൽമോഹർ എന്ന സിനിമയെ കുറിച്ച് എഴുതിയതായി പുതിയ മാധ്യമത്തിലെ ഒരാൾ എഴുതിയ കത്തിൽ നിന്നുമ്മനസ്സിലായി.ഇവിടേ പലപ്പോഴും ബുക്കു ലഭിക്കുക ബുദ്ധിമുട്ടാണ് ദയവായി അതിന്റെ സ്കാൻ ചെയ്ത പേജുകൾ അയച്ചുതരാമോ?

paarppidam@gmail.com