Monday, September 29, 2008

മര്‍ദനാധികാരത്തിന്റെ ഇരകള്‍

നിയമത്തെ അനുസരിക്കുന്നത്, വ്യവസ്ഥാപിതം എന്നൊക്കെ വ്യാഖ്യാനിക്കപ്പെടുന്ന ഭരണകൂടാധികാരത്തിന്റെ വേട്ടയാടലുകളില്‍ എരിഞ്ഞും ചതഞ്ഞും ചീഞ്ഞും മറഞ്ഞും തീരുന്ന മനുഷ്യരുടെ ദുരന്തം എന്ന നൈരന്തര്യമാണ്, നടനും കഥാകൃത്തുമായ മധുപാല്‍ ആദ്യമായി സംവിധാനം ചെയ്ത തലപ്പാവ് എന്ന ചലച്ചിത്രത്തിന്റെ പ്രമേയം. വ്യക്തിയും അധികാരവും തമ്മില്‍, വിപ്ലവാവേശവും അടിച്ചമര്‍ത്തലും തമ്മില്‍, പുഛവും അനുകമ്പയും തമ്മില്‍, വിധേയത്വവും സഹാനുഭൂതിയും തമ്മില്‍, പ്രതികരണവും നുണയുടെ സാമൂഹികനിര്‍മിതിയും തമ്മില്‍ എന്നിങ്ങനെ ഇത്തരമൊരു ഇതിവൃത്തത്തിലൂടെ സംഘര്‍ഷഭരിതമാകുന്ന ദ്വൈതാവസ്ഥ(ഡൈക്കൊട്ടമി)കളുടെ മുഴക്കം അനുവാചകന്റെ ചരിത്രബോധത്തെ നൂല്‍പ്പാലത്തിലൂടെയെന്നോണം വലിച്ചിഴക്കുക തന്നെ ചെയ്യും.

കേരളത്തെ ഒരു കാലത്ത് പിടിച്ചു കുലുക്കിയ നക്സലൈറ്റ് മുന്നേറ്റത്തെ പിന്നീട് ചരിത്രം/ചരിത്രനാട്യം പല തരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ഭൂവുടമകളുടെയും ഭരണകൂടത്തിന്റെയും ചൂഷണങ്ങളും അക്രമങ്ങളും ന്യായീകരിച്ചെടുക്കുന്നതിനു വേണ്ടിയുള്ള സാംസ്കാരിക-മാധ്യമ പരിസരം രൂപീകരിക്കുന്ന കുത്തക പത്രങ്ങളും വലതുപക്ഷവും, നക്സലൈറ്റുകള്‍ ഇനി തങ്ങളുടെ നേര്‍ക്ക് കുന്തമുനയുമായി കടന്നു വരില്ല എന്നുറപ്പു വരുത്തിയതിനു ശേഷം അവരെ വാഴ്ത്തുന്ന രീതികളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും അശ്ലീലം. ചെറുപ്പക്കാരിയായിരുന്ന അജിതയെ അര്‍ധനഗ്നയാക്കി പോലീസ് ലോക്കപ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നത് ഇന്‍സ്റ്റന്റ് ഫോട്ടോയിലൂടെ പ്രചരിപ്പിക്കുകയും അവരെ ചോര കുടിക്കുന്ന യക്ഷിയായി അവതരിപ്പിക്കുകയും ചെയ്ത വലതുപക്ഷം കാലത്തിന്റെ അകലം എന്ന സുരക്ഷിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ അവരെ വീരനായികയാക്കി കൊണ്ടാടുന്നതും സാധാരണമായിരിക്കുന്നു. 1970ല്‍ വയനാട്ടില്‍ വെച്ച് പോലീസ് നിഷ്ഠൂരമായി കണ്ണു ചൂഴ്ന്നെടുത്ത് വെടി വെച്ച് കൊലപ്പെടുത്തിയ സഖാവ് വര്‍ഗീസിനെയും വലതുപക്ഷ ചരിത്രാഖ്യാനം ഇപ്രകാരം തെറ്റായി പ്രതിനിധാനപ്പെടുത്താറുണ്ട്.

നിക്ഷ്പക്ഷതയുടെ മുഖാവരണമണിഞ്ഞുകൊണ്ടുള്ള ഈ ഒളിച്ചുകളിയുടെ സൌകര്യങ്ങളെയല്ല തലപ്പാവ് അടിസ്ഥാനമാക്കുന്നത് എന്നത് എടുത്തുപറയേണ്ടതാണ്. (അറുപതുകളുടെ ഒടുവിലും എഴുപതുകളിലും മുതലാളിത്ത മാധ്യമങ്ങള്‍ നക്സലൈറ്റ് മുന്നേറ്റത്തെ എത്രമാത്രം ബീഭത്സമായിട്ടാവും അവതരിപ്പിച്ചിട്ടുണ്ടാവുക എന്നറിയാന്‍ അക്കാലത്തെ പത്രങ്ങള്‍ ലൈബ്രറിയില്‍ പോയി തിരയേണ്ട ആവശ്യമൊന്നുമില്ല. യുദ്ധം നടക്കുമ്പോഴത്തെ ടെലിവിഷന്‍/പത്ര വാര്‍ത്തകളും മേജര്‍ രവിയെപ്പോലുള്ള 'ദേശസ്നേഹി'കളുടെ സിനിമകളും ഇന്ത്യയിലെ ഭീകരവാദത്തെക്കുറിച്ച് ദ ഹിന്ദുവില്‍ പര്‍വീണ്‍ സ്വാമിയെപ്പോലുള്ളവര്‍ എഴുതുന്ന വിവരണങ്ങളും വായിച്ചാല്‍ മതി. ഈ ഏറ്റുമുട്ടല്‍ വിദഗ്ദ്ധരുടെ ആധിക്യമുണ്ടായിട്ടും എങ്ങിനെ 'ഭീകരര്‍' തുടര്‍ന്നും തങ്ങളുടെ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നു എന്ന പ്രഹേളിക തന്നെയാണ് ഒരു പക്ഷെ ഏറ്റവും 'ഭീകര'മായ തമാശ. മാസങ്ങള്‍ നീണ്ടു നിന്നതും പ്രയാസകരവുമായ അന്വേഷണത്തിലൂടെ തെഹല്‍ക ലേഖകന്‍ അജിത് സാഹി കണ്ടെത്തിയ കാര്യങ്ങള്‍ മാസികയുടെ ആഗസ്ത് 16ന്റെ ലക്കത്തില്‍ വിശദമായി കൊടുത്തിട്ടുണ്ട്. 16 കോടി വരുന്ന ഇന്ത്യയിലെ മുസ്ലിങ്ങളെ സംശയത്തിന്റെയും വെറുപ്പിന്റെയും വംശഹത്യയുടെയും നിഴലിലും വരുതിയിലും നിര്‍ത്തുന്നതിനുതകുന്ന തരത്തിലുള്ള വേട്ടയാടലുകളാണ് ഇന്റലിജന്‍സുകാരും സംസ്ഥാന/ദേശീയ പോലീസും പട്ടാളവും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം വിശദീകരിക്കുന്നു.)

പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന കര്‍ഷകസമരങ്ങളുടെയും ഭൂപരിഷ്ക്കരണത്തിന്റയും പരിണതഫലമായി കാര്‍ഷിക ജന്മിത്വവും ഭൂവുടമസ്ഥതാകുത്തകയും ഒരു പരിധി വരെ അവസാനിച്ച കാലത്താണ് ഇടതുതീവ്രവാദക്കാരായ നക്സലൈറ്റുകള്‍ കേരളത്തിലെ അവരുടെ പ്രവര്‍ത്തനം സജീവമാക്കിയത്. ചൈനീസ് വിപ്ലവത്തിന്റെയും പടിഞ്ഞാറന്‍ ബംഗാളിലെ നക്സല്‍ബാരിയില്‍ നടന്ന സായുധ മുന്നേറ്റത്തിന്റെയും ആവേശവും മാവോയുടെ ചിന്തകളുമായിരുന്നു അവരുടെ പ്രചോദനം. എന്നാല്‍ കേരളത്തിലെ ചൂഷിത ജനതയുടെ പ്രശ്നങ്ങള്‍ കാലത്തിനു യോജിച്ച തരത്തിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹത്തായ സാധ്യതകള്‍ അടിസ്ഥാനമാക്കിക്കൊണ്ടും പരിഹരിക്കുന്നതിനുള്ള പ്രായോഗികമായ സമരമാര്‍ഗങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനു പകരം സാഹസികമായ എടുത്തുചാട്ടങ്ങളായിരുന്നു അവരുടേതെന്നതിനാല്‍ ഏറെക്കാലം പിടിച്ചുനില്‍ക്കാനുള്ള ആത്മബലവും ജനപിന്തുണയും അവര്‍ക്ക് നേടിയെടുക്കാനായില്ല. എന്നാല്‍ വയനാട്ടിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. തദ്ദേശീയരായ ആദിവാസി ജനതയെയും കുടിയേറി വന്ന ദരിദ്രരായ തൊഴിലാളികളെയും കര്‍ഷകരെയും തൊഴിലിടങ്ങളിലും കിടപ്പറകളിലുമായി നിരന്തരമായി ചൂഷണം ചെയ്തുകൊണ്ടാണ് വയനാട്ടിലെ ജന്മിമാര്‍ തങ്ങളുടെ അധികാര-ആഹ്ലാദ വാഴ്ച തുടര്‍ന്നിരുന്നത്. പണവും സ്വാധീനവും ഉപയോഗിച്ച് പൊലീസിനെയും തങ്ങളുടെ പിണിയാളുകളാക്കാന്‍ അവര്‍ക്ക് നിഷ്പ്രയാസം സാധിച്ചിരുന്നു. പുതുതായി വിവാഹം ചെയ്തു കൊണ്ടുവരുന്ന യുവതികളെ കടന്നാക്രമിക്കുകയും നിസ്സഹായരായ അവരുടെ ഭര്‍ത്താക്കന്മാരെ കൊന്നു കെട്ടിത്തൂക്കുകയും മറ്റും ശീലമെന്നോണം അവര്‍ നടത്തിപ്പോന്നു. കേരളത്തിലെ മറ്റിടങ്ങളില്‍ ഒരു പരിധി വരെ മുന്നേറിയ കര്‍ഷക-തൊഴിലാളി ചെറുത്തുനില്‍പുകളും അവകാശ ബോധവും പല കാരണങ്ങളാല്‍ വയനാട്ടില്‍ വേണ്ടത്ര സജീവമാകാതിരുന്നതും ഈ പീഡനത്തെ രൂക്ഷമാക്കിത്തീര്‍ത്തു.

ഈ ചൂഷണത്തിനെതിരായ പ്രതിരോധത്തിനാണ് സഖാവ് വര്‍ഗീസ് അക്കാലത്ത് നേതൃത്വം നല്‍കിയത്. അതിലൂടെ അദ്ദേഹം വയനാട്ടിലെ ദരിദ്രരും സാധാരണക്കാരുമായ ജനങ്ങളുടെ ആശയും ആവേശവുമായിത്തീരുകയും അതോടൊപ്പം വലതുപക്ഷ ഭരണാധികാരത്തിന്റെ കണ്ണില്‍ കൊടും കുറ്റവാളിയായിത്തീരുകയും ചെയ്തു. ഒറ്റുകാരുടെ സഹായത്തോടെ പിടികൂടിയ സഖാവിനെ സംസ്ഥാന ഭരണത്തിലെയും പൊലീസിലെയും ഉന്നതരുടെ നേരിട്ടുള്ള അറിവോടെ ക്രൂരമായി മര്‍ദിക്കുകയും കണ്ണ് ചൂഴ്ന്നെടുക്കുകയും വെടിവെച്ചു കൊല്ലുകയുമാണുണ്ടായത്. ഈ കൊലയെ ഏറ്റുമുട്ടലില്‍ മരിച്ചു (എന്‍കൌണ്ടര്‍ ഡെത്ത്) എന്ന വിധത്തിലാണ് അക്കാലത്ത് പൊലീസ് ഭാഷ്യം പ്രകാരം പത്രങ്ങള്‍ റിപ്പോര്‍ട് ചെയ്തത്. രണ്ടു പതിറ്റാണ്ടിനു ശേഷം ആ കൊല തന്റെ കൈ കൊണ്ടാണ് നടത്തിയത് എന്ന് പത്രങ്ങളോടും ചാനലുകളോടും കോടതിയോടും കൂസലില്ലാതെ എന്നാല്‍ തികഞ്ഞ വേദനയോടെയും നിസ്സഹായതയോടെയും വിളിച്ചു പറഞ്ഞ രാമചന്ദ്രന്‍ നായരുടെ സത്യസന്ധതക്കു മുമ്പില്‍ കേരളത്തിന്റെ മനസ്സാക്ഷി മരവിച്ചുപോയതും രേഖപ്പെടുത്തപ്പെട്ട ചരിത്രയാഥാര്‍ത്ഥ്യം.

നക്സലൈറ്റ് പ്രസ്ഥാനചരിത്രത്തെ യാഥാര്‍ത്ഥ്യനിഷ്ഠമായി ചരിത്രവത്ക്കരിക്കാനുള്ള വളരെക്കുറച്ചു ശ്രമങ്ങള്‍ മാത്രമേ പില്‍ക്കാലത്ത് നടന്നിട്ടുള്ളൂ എന്നതാണ് ഏറ്റവും ഖേദകരമായ സംഗതി. ജോണ്‍ ഏബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സിനിമ, എം സുകുമാരന്റെ പിതൃതര്‍പ്പണം പോലുള്ള ഏതാനും നോവലുകളും കഥകളും, കെ ജി ശങ്കരപ്പിള്ളയുടെ ബംഗാള്‍ അടക്കമുള്ള അനവധി കവിതകള്‍, കെ വേണുവിന്റെ ലേഖനങ്ങളും പുസ്തകങ്ങളും എന്നിങ്ങനെ ശ്രദ്ധേയവും ആത്മാര്‍ത്ഥവും സത്യസന്ധവുമായ പരിശ്രമങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ സ്വീകരിച്ചിട്ടുള്ള വസ്തുനിഷ്ഠതയെ മൂടിനില്‍ക്കുന്ന വിധത്തില്‍ നാട്യങ്ങള്‍, സ്വയം വീരത്വം പ്രഖ്യാപിക്കല്‍, അമിത കാല്‍പനികവല്‍ക്കരണം, എന്നീ പ്രകടദൂഷ്യങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്ന നിരവധി വ്യാഖ്യാനങ്ങളുടെയും ആഖ്യാനങ്ങളുടെയും പ്രളയം തന്നെ കഴിഞ്ഞ കാലത്ത് സംഭവിച്ചിട്ടുണ്ട്.

പൈങ്കിളി സിനിമകളും, ഓണപ്പതിപ്പിലെ സൊറ പറച്ചിലുകളും, താന്‍ 'മൂവ്മെന്റി'ലുണ്ടായിരുന്നു എന്നു വരുത്താന്‍ ചിലര്‍ സ്വയം ജനനത്തീയതി പിറകിലേക്ക് പിടിച്ചുവലിക്കുന്നതും(സിനിമാനടികള്‍ ചെയ്യാറുള്ളതിന്റെ നേര്‍ വിപരീതം) വരെയുള്ള വിഡ്ഢിത്തങ്ങള്‍ മലയാളി സഹിക്കുകയുണ്ടായി. സക്കറിയ ഒരിക്കല്‍ പറഞ്ഞതുപോലെ മുന്‍ നക്സലൈറ്റാണെന്നു പറഞ്ഞില്ലെങ്കില്‍ എഴുത്തുകാരനും ബുദ്ധിജീവിയുമായി ആരും പരിഗണിക്കാത്ത ദുരവസ്ഥ പോലും കേരളത്തിലുണ്ട്. സഖാവ് വര്‍ഗീസിനെപ്പോലുള്ള യഥാര്‍ത്ഥ വിപ്ലവകാരികള്‍ മറവിയിലേക്കോ കേവല വീരാരാധനയിലേക്കോ മാഞ്ഞുപോകുകയും, പേരും ജനനത്തീയതിയും തിരുത്തുന്ന കപടരും ജാടക്കാരും മുഖ്യധാരയിലേക്ക് ഇടിച്ചുകയറുകയും ചെയ്യുകയാണ്. ഇതിന്റെ അനന്തരഫലമെന്നോണം ഇടതു തീവ്രവാദ നാട്യം വലതുപക്ഷ ആശയഗതിയുടെയും പലപ്പോഴും മൃദു / തീവ്ര ഹിന്ദുത്വ നിലപാടുകളുടെയും മുഖമറയാകുന്ന സ്ഥിതിവിശേഷവും സംജാതമായിട്ടുണ്ട്. വയനാട്ടിലൊഴിച്ചുള്ള നക്സലൈറ്റുകള്‍ ജനങ്ങളുടെ സമരങ്ങള്‍ക്കു പകരം ഭാഷയിലെ കലാപങ്ങള്‍ ഏറ്റെടുത്തു എന്നു പരിഹസിക്കപ്പെട്ടതും ഇതിന്റെ തുടര്‍ച്ചയാണ്. ആധുനികതയുടെ കാലത്ത് ആരംഭിക്കുകയും പിന്നീട് പൊതുമലയാളമായിത്തീരുകയും ചെയ്ത അമിത സംസ്കൃതവത്ക്കരിക്കപ്പെട്ട മലയാള ഭാഷയെ പ്രതിരോധിക്കുന്നതിനു പകരം അതിന്റെ പതാകാവാഹകരായിത്തീരുകയാണ് ജനാധിപത്യത്തെ അഭിമുഖീകരിക്കാന്‍ വിസമ്മതിച്ച നക്സലൈറ്റ് സാംസ്ക്കാരികപ്രവര്‍ത്തകര്‍ ചെയ്തത് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. നിരവധി വാക്കുകള്‍ അതിന്റെ രാഷ്ട്രീയ യുക്തിക്കു വിരുദ്ധമായി ഇതു മൂലം ഉപയോഗിക്കപ്പെട്ടു. ജനപ്രിയ സിനിമകളിലും മറ്റും ഇത് നൂറു മടങ്ങ് ആവര്‍ത്തിക്കപ്പെടുന്നുണ്ട്.

അതു കൊണ്ടാണ് ജനപ്രിയസിനിമയുടെ പാഠശാലയില്‍ പഠിച്ച ബാബു ജനാര്‍ദനനെപ്പോലൊരാള്‍ തലപ്പാവിനു വേണ്ടി എഴുതുന്ന സംഭാഷണം രാഷ്ട്രീയ ചരിത്രത്തിന്റെ യുക്തിയെ പലപ്പോഴും പരിഹസിക്കുന്നത്. ഒരുദാഹരണം നോക്കുക. രവീന്ദ്രന്‍ പിള്ള എന്ന നിരാശനായ പോലീസുകാരന്‍(ലാല്‍) പെന്‍ഷന്‍ മേടിക്കാനായി ആലപ്പുഴ നഗരത്തിലെത്തുമ്പോള്‍, അയാളുടെ കൈയാല്‍ വധിക്കപ്പെട്ട ജോസഫി(പൃഥ്വിരാജ്)ന്റെ പ്രേതത്തെ കണ്ടുമുട്ടുന്നു. കോടതിയലക്ഷ്യം ആരോപിക്കപ്പെട്ട മന്ത്രി രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി സമരജാഥ നയിക്കുന്ന ഖദര്‍ ധാരികളായ വലതുപക്ഷ രാഷ്ട്രീയകക്ഷിക്കാരുടെ പ്രസംഗത്തെ പരിഹസിച്ചുകൊണ്ടാണ് ജോസഫ് കാലം കൂടുതല്‍ ജീര്‍ണമായി എന്നു നിരീക്ഷിക്കുന്നത്. സ്വാശ്രയ കോളേജുകാരുടെ വിരുന്നില്‍ പങ്കെടുത്ത ജഡ്ജി തന്നെ സ്വാശ്രയ കോളേജ് കേസില്‍ വാദം കേള്‍ക്കാനും വിധി പറയാനുമിരിക്കുന്നതിന്റെ അയുക്തികതയും അസ്വാഭാവികതയും ചോദ്യം ചെയ്ത മന്ത്രിയുടെ മേലാണ് കോടതിയലക്ഷ്യം ആരോപിക്കപ്പെട്ടതെന്നും അതു പറയാതെ കേവലമായ രാഷ്ട്രീയലാഭത്തിനു വേണ്ടി സമരം ചെയ്യുന്ന ഈ പ്രതിപക്ഷത്തെ ചൂണ്ടിക്കാണിച്ച് അരാജകത്വമാണ് സമൂഹത്തെ ഭരിക്കുന്നതെന്ന് നിങ്ങളറിയുന്നുണ്ടോ എന്നാണ് ജോസഫ് രവീന്ദ്രന്‍ പിള്ളയോട് ചോദിക്കുന്നത്.

അരാജകത്വം അഥവാ അനാര്‍ക്കിസം അമിതാധികാരപ്രവണതക്കും വ്യവസ്ഥാപിതത്വത്തിനുമെതിരായ ഒരു സമരമാര്‍ഗമാണെന്നും ബുനുവലിനെപ്പോലുള്ള അനവധി പ്രതിഭാധനര്‍ അനാര്‍ക്കിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരാണെന്നുമുള്ള ചരിത്രയാഥാര്‍ത്ഥ്യം വിസ്മരിച്ചുകൊണ്ടോ അതോ അജ്ഞത കൊണ്ടോ ഈ പദം ഒരു ചീത്ത പദമായി തിരക്കഥ / സംഭാഷണത്തില്‍ കടന്നുവരുന്നതാണ് നാം അത്ഭുതത്തോടെ കാണുന്നത്. യഥാര്‍ത്ഥത്തില്‍ അരാജകത്വം എന്ന രാജകീയ(വ്യവസ്ഥാപിത)വിരുദ്ധ വാഴ്ചക്ക് അഥവാ വാഴ്ചാരാഹിത്യത്തിനു വേണ്ടിയാണ് വിപ്ലവകാരികള്‍ നിലക്കൊള്ളുന്നത്. അവരെക്കൊണ്ട് രാജഭരണത്തിന് അനുകൂലമായി സംസാരിപ്പിക്കുക എന്ന കൊടും പാതകം ഭാഷ, പദം, വാക്യഘടന, വ്യാകരണം, അര്‍ത്ഥം, പര്യായം, വിരുദ്ധാര്‍ത്ഥം എന്നിങ്ങനനെയുള്ള മേഖലകളിലെ ആധിപത്യ / വിധേയത്വ രൂപങ്ങളെക്കുറിച്ചും രാഷ്ട്രീയ ഘടനകളെക്കുറിച്ചും ധാരണയില്ലാത്ത വാചകമെഴുത്തുകാര്‍ (വാചകമടിക്കാര്‍) നടത്തുന്നത് കഥാകൃത്തു കൂടിയായ മധുപാല്‍ എന്തുകൊണ്ട് അനുവദിച്ചു എന്നറിയില്ല. അതോ നക്സലൈറ്റുകള്‍ വിശാലവും വൈവിദ്ധ്യപൂര്‍ണവുമായ ജനാധിപത്യപ്രസ്ഥാനത്തില്‍ അണിചേരാതിരുന്നതിനെ പരിഹസിക്കുന്നതിനു വേണ്ടിയാണോ ഈ ഭാഷാ വൈരുദ്ധ്യത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്?

തിരക്കഥയുടെ ഇത്തരത്തിലുള്ള ദൌര്‍ബല്യങ്ങള്‍ പക്ഷെ സിനിമയുടെ സമഗ്രമായ നിലപാടിനെയോ ദൃശ്യ / ശബ്ദ ഗാത്രത്തെയോ പരാജയപ്പെടുത്തുന്നില്ല. ദരിദ്രകുടുംബത്തില്‍ പെട്ട രവീന്ദ്രന്‍ പിള്ള എന്ന കുട്ടനാട്ടുകാരന്‍ പൊലീസ് കോണ്‍സ്റ്റബിളാകുമ്പോഴും അയാളുടെ വര്‍ഗസ്ഥാനത്തില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല. മാത്രമല്ല അയാള്‍ എന്ന ഇരയുടെ ദൈന്യതയും നിസ്സഹായതയും കൂടുതല്‍ രൂക്ഷമാകുകയാണ് ചെയ്യുന്നത്. സ്വന്തം വര്‍ഗത്തിന്റെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാവിനെ തടവില്‍ പിടികൂടാനും മര്‍ദിക്കാനും വെടി വെച്ചു കൊല്ലാനും വരെ നിയോഗിക്കപ്പെടുന്ന അയാള്‍ വര്‍ഗവഞ്ചകനായി മുദ്ര കുത്തപ്പെട്ടാലും അത്ഭുതമില്ല. അതോടൊപ്പം, ഈ പ്രവൃത്തികളില്‍ വേദനിച്ചാലോ അയാള്‍ സ്വന്തം ജോലിയോടും ജോലി സംരക്ഷിക്കുന്ന ഭരണകൂടവ്യവസ്ഥയോടും കൂറില്ലാത്തവനായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. പല വിധത്തിലുള്ള വേട്ടയാടലുകള്‍ക്കാണ് അയാളുടെ ശരീരവും മനസ്സും വിധേയമാകുന്നത്.

ജോസഫിനെപ്പോലെ ഉന്നതമായ വിവേകവും വകതിരിവുമുള്ള ഒരു സഖാവിനു മാത്രമേ അയാളിലെ മനുഷ്യനെ മനസ്സിലാക്കാനും കൂടെ നിര്‍ത്താനും സാധ്യമാവുകയുള്ളൂ. മറ്റുള്ള വിപ്ലവപ്രവര്‍ത്തകര്‍ക്കൊക്കെയും അയാള്‍ ഭരണകൂട മര്‍ദനാധികാരത്തിന്റെ ഒരു മുഖവും ഉപാധിയും ഉപകരണവും മാത്രമാണ്. അതുകൊണ്ടു തന്നെ ഭരണകൂടത്തിനെതിരായ സായുധ കലാപത്തില്‍ ഭരണകൂടത്തെ പ്രത്യക്ഷമായും പ്രതീകാത്മകമായും ആക്രമിക്കാന്‍ ഇയാളെ(ഇത്തരത്തിലൊരാളെ) ആക്രമിച്ചാല്‍ മതി എന്ന നിഗമനത്തില്‍ പ്രവര്‍ത്തകര്‍ എളുപ്പത്തില്‍ എത്തിച്ചേര്‍ന്നേക്കാം. വിപ്ലവകാരികളെ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് പിടികൂടാന്‍ കഴിയാതെപോകുന്ന അവസരത്തിലൊക്കെയും അയാള്‍ ഭരണഘടനാപരമായ കര്‍ത്തവ്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടവനായി വ്യാഖ്യാനിക്കപ്പെടുന്നു. പിന്നീട് പിടികൂടപ്പെടുന്ന വിപ്ലവകാരിയെയും അവരെ സഹായിച്ചവരെയും (അല്ലെങ്കില്‍ അപ്രകാരം ആരോപിക്കപ്പെട്ടവരെയും) ക്രൂരമായി മര്‍ദിച്ചും കൊലപ്പെടുത്തിയും ബലാല്‍സംഗം ചെയ്തും ആഹ്ലാദിച്ചില്ലെങ്കില്‍ അതും അയാളിലെ പോലീസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.

ബലാല്‍സംഗം ചെയ്യാത്ത പോലീസുകാരനും പട്ടാളക്കാരനും ഷണ്ഡനാണെന്നുവരെ ആക്ഷേപിക്കപ്പെടാറുണ്ട്. സ്വന്തം ജീവന്‍ തോക്കിന്‍ മുനയില്‍ ചിതറിപ്പോകുമെന്ന നിസ്സഹായമായ അവസ്ഥയിലാണ് അയാള്‍ ജോസഫിനു നേരെ വെടിയുതിര്‍ക്കുന്നത്. ഭയം, നിസ്സഹായത, തൊഴില്‍പരമായ യാന്ത്രികത എന്നിങ്ങനെ നിരവധി യുക്തികളും കാരണങ്ങളും തന്റെ ചെയ്തിയെ ന്യായീകരിക്കുന്നതിനായി അയാള്‍ക്ക് അയാളുടെ മനസ്സാക്ഷിക്കുമുമ്പില്‍ നിരത്താവുന്നതേ ഉള്ളൂ. എന്നിട്ടും മനസ്സാക്ഷിക്കു മുമ്പില്‍ അയാളുടെ സമചിത്തത ചിതറിപ്പോകുന്നു. നിശ്ശബ്ദനായ അയാളെ വീണ്ടും നിശ്ശബ്ദനാക്കുന്നതിനു വേണ്ടിയാണ് സഹപ്രവര്‍ത്തകരായ രണ്ടു പോലീസുകാര്‍ അയാളെക്കുറിച്ച് നിര്‍മിക്കപ്പെട്ട അപവാദം ഭാര്യയുടെ അടുത്ത് എത്തിക്കുന്നത്. കുട്ടിക്കാലത്തെ കാമുകിയായിരുന്ന സാറാമ്മ(ധന്യാമേരി)യോടൊത്താണ് അയാളുടെ വയനാട്ടിലെ കുടിപാര്‍പ്പ് എന്നായിരുന്നു ആ അപവാദം. ഇതു വിശ്വസിക്കേണ്ട ഗതികേടിലായിരുന്നു ഭാര്യ കാര്‍ത്ത്യായനി(രോഹിണി)യുടെ അവസ്ഥ. ദാരിദ്ര്യം, ഒറ്റപ്പെടല്‍, പറക്കമുറ്റാത്ത കുഞ്ഞുങ്ങള്‍, ഭര്‍ത്താവിന്റെ അനിയന്ത്രിതമായ മദ്യപാനവും സദാ ഉള്ള നിശ്ശബ്ദതയും എന്നീ ചുറ്റുപാടുകളില്‍ അവള്‍ ആ അപവാദം അപ്പാടെ വിശ്വസിച്ച് അയാളെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുന്നു. പിന്നീട് മരണം വരെയും അവളയാള്‍ക്കടുത്തേക്ക് തിരിച്ചു ചെല്ലുന്നില്ല. അവള്‍ നല്‍കിയ ഈ കടുത്ത ശിക്ഷ, കഥയുടെ നാടകീയതയെ സങ്കീര്‍ണവും തീവ്രവുമാക്കുന്നുണ്ട്. ഇരുപത് ഇരുപത്തഞ്ച് വര്‍ഷം ഈ നീറിപ്പുകയല്‍ സ്വന്തം നെഞ്ചിനകത്ത് ഒതുക്കിയ അയാള്‍ അവസാനം അത് തുറന്നുപറയാന്‍ സ്വയം നിര്‍ബന്ധിതനാകുകയാണ്. ജോസഫ് എന്ന വിപ്ലവകാരിയെപ്പോലെ തന്നെ വേട്ടക്കാരന്റെ കുപ്പായവും ആയുധവുമണിഞ്ഞ രവീന്ദ്രന്‍ പിള്ള എന്ന പോലീസുകാരനും ഒരു ഇര തന്നെയാണെന്ന സങ്കീര്‍ണയാഥാര്‍ത്ഥ്യം ഇപ്രകാരം അനുഭവവേദ്യമാക്കുന്നു എന്നതാണ് തലപ്പാവിന്റെ നിര്‍ണായക വിജയം.

ഛായാഗ്രഹണം, എഡിറ്റിംഗ്, ദൃശ്യങ്ങളുടെയും കാഴ്ചാകോണുകളുടെയും വിവേചന പൂര്‍ണമായ തെരഞ്ഞെടുപ്പ്, ശബ്ദക്രമീകരണം എന്നീ മേഖലകളില്‍ ശരാശരി മലയാള സിനിമയുടെ അപാകങ്ങളെ മറികടക്കുന്ന വിധത്തിലുള്ള മികച്ച നിലവാരമാണ് തലപ്പാവ് പുലര്‍ത്തുന്നത്. തിരക്കഥയുടെ ദൌര്‍ബല്യം അപ്രകാരം സംവിധായകന് മറികടക്കാനായി എന്നത് ആശ്വാസകരമാണ്. യാഥാര്‍ത്ഥ്യത്തിനു മേല്‍ തനിക്കാവശ്യമുള്ളിടത്തോളം ഭാവന സംവിധായകന്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും, ചരിത്രത്തിന്റെ പല റഫറന്‍സുകള്‍ കടന്നുവരുന്നത് ശ്രദ്ധേയമായിട്ടുണ്ട്. കുട്ടനാടന്‍ കായലിലെ ബോട്ടിലൂടെ നടത്തുന്ന, എന്‍ എസ് എസിന്റെ ധനശേഖരണാര്‍ത്ഥം ഉദയായുടെ ഭാര്യ പ്രദര്‍ശിപ്പിക്കുന്നതിന്റെ അനൌണ്‍‌സ്‌മെന്റ്; അക്കാലത്തെ ജനപ്രിയകലയും രാഷ്ട്രീയ /ചരിത്ര /സാഹിത്യ പാഠ്യപദ്ധതിയുമായിരുന്ന വി സാംബശിവന്റെ കഥാപ്രസംഗത്തിന്റെ വോയ്‌സ് ഓവര്‍; കെ പി എ സി നാടകഗാനമായ ചില്ലിമുളം കാടുകളില്‍.... മൂളുന്നത്; എന്നിവയൊക്കെ സാധാരണ സിനിമകളിലേതു പോലെ കേവലം എടുപ്പുകളും പടങ്ങളുമായി അനാഥമാകുന്നില്ല. കാലത്തോടും ചരിത്രത്തോടും രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തോടും സത്യസന്ധമാകുന്ന ഒരു നിലപാട് ചലച്ചിത്രകാരന്‍ എന്ന നിലക്ക് മധുപാലിന് പ്രത്യക്ഷപ്പെടുത്താനായി എന്നതാണ് എടുത്തുപറയേണ്ട സവിശേഷത.

ഭരണകൂട മര്‍ദനാധികാരത്തിന്റെ വേട്ടക്കാരന്‍ എന്ന വൃത്തികെട്ട വേഷമണിഞ്ഞുകൊണ്ട് അനുസരണയുള്ള ഒരു പട്ടിയുടെ പണി (കുരക്കുക, കടിക്കുക, കടിച്ചു കീറി കൊല്ലുക) ചെയ്യുന്ന പോലീസുകാരന്‍ പക്ഷെ മനസ്സിനുള്ളിലും കുടുംബത്തിനകത്തും നാട്ടിലും അനുഭവിക്കുന്ന നീറലുകളും പീഡനങ്ങളും അസഹനീയമാണ് എന്നു വിശദീകരിക്കുന്നതിലാണ് സിനിമയുടെ ഊന്നലുകളെങ്കിലും സാഹസികരായ നക്സലൈറ്റ് സഖാക്കളുടെ വിപ്ലവകരമായ ഇടപെടലുകളെ അതൊരു തരത്തിലും ഇകഴ്ത്തിക്കാണിക്കുന്നില്ല. അതേ സമയം അതാണ് വരുംകാലത്തിന്റെ രക്ഷാമാര്‍ഗം എന്ന് കൊട്ടിഘോഷിക്കുന്നുമില്ല.

*

Friday, September 26, 2008

പേടിസ്വപ്നത്തിന്റെ ഇടനാഴികള്‍

കമ്യൂണിസ്റ്റുകാരനായതുകൊണ്ട് ഹോളിവുഡില്‍ നിന്ന് നാടുകടത്തപ്പെടുന്നതിനു മുമ്പ് ജൂള്‍സ് ഡാസിന്‍ പൂര്‍ത്തിയാക്കിയ രാത്രിയും നഗരവും (നൈറ്റ് ആന്റ് ദ സിറ്റി /1950) എന്ന സിനിമ അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസാണെന്നാണ് ചില നിരൂപകരുടെ അഭിപ്രായം. ലണ്ടന്‍ നഗരത്തില്‍ വെച്ച് ചിത്രീകരിച്ച ഈ സിനിമയില്‍ ഗുസ്തി മത്സരത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ വേണ്ടത്ര പരിചയം സിദ്ധിച്ചിട്ടില്ലെങ്കിലും അതു ചെയ്തുകൊണ്ടിരിക്കുന്ന ഒരാളും നിശാനര്‍ത്തകശാലയുടെ ഉടമസ്ഥനായ മറ്റൊരാളുമാണ് പ്രധാന കഥാപാത്രങ്ങള്‍. ലണ്ടന്‍ നഗരത്തെ മുറിഞ്ഞ സ്വപ്നങ്ങളുടെയും പേടിസ്വപ്നങ്ങളുടെയും ഒരിടനാഴിയാക്കി ഡാസിന്‍ പരിവര്‍ത്തിപ്പിച്ചു എന്നാണ് മൈക്കിള്‍ സ്രാഗോ എഴുതിയത്.

ഹോളിവുഡിലെ കമ്യൂണിസ്റ്റുകാരെയും അനുഭാവികളെയും അനുഭാവികളും പ്രവര്‍ത്തകരും അംഗങ്ങളുമെന്ന് ആരോപിക്കപ്പെട്ടവരെയും കൂട്ടത്തോടെ നാടുകടത്തിയ കുപ്രസിദ്ധമായ മക്കാര്‍ത്തിയന്‍ കാലഘട്ടത്തിലാണ് മുമ്പ് പാര്‍ടിയിലംഗത്വമെടുത്തിരുന്ന ഡാസിനും പുറത്താക്കപ്പെട്ടത്. പിന്നീട് കുറെക്കാലം പാരീസിലാണ് അദ്ദേഹം അഭയാര്‍ത്ഥിയായി ജീവിച്ചത്. 1953ലാണ് സംഭവം. ഭക്ഷണശാലകളില്‍ ആവശ്യമുള്ള ഏതാനും ഫ്രഞ്ച് വാക്കുകള്‍ മാത്രം അറിയാമായിരുന്ന ഡാസിന്‍ അവിടെ ആദ്യത്തെ അഞ്ചുകൊല്ലം തൊഴിലില്ലാതെ അലഞ്ഞു. തികഞ്ഞ ദുരിതമായിരുന്നു ആ ബഹിഷ്കൃതന്‍ അനുഭവിച്ചത്.

പണം നേടാനായി അദ്ദേഹം അക്കാലത്ത് ആദ്യമായി സംവിധാനം ചെയ്തത് റിഫിഫി എന്ന ചിത്രമായിരുന്നു. ബാങ്ക് കൊള്ള ചെയ്യുന്നതിന്റെ കഥ വിവരിക്കുന്ന ഈ സിനിമയില്‍ മറക്കാനാവാത്ത ഒരു സീക്വന്‍സ് ബാങ്ക് കൊള്ള ചിത്രീകരിച്ച അര മണിക്കൂര്‍ തന്നെയായിരുന്നു. പശ്ചാത്തല സംഗീതമോ സംഭാഷണമോ ഇല്ലാത്ത ആ സീക്വന്‍സ് ശ്വാസമടക്കിപ്പിടിച്ചു കൊണ്ടു മാത്രമേ കണ്ടു തീര്‍ക്കാനാവുള്ളൂ. പെര്‍ലോ വിത്ത എന്ന കഥാപാത്രമായി അഭിനയിച്ചത് ഡാസിന്‍ തന്നെയായിരുന്നു. 1955ലെ കാന്‍ മേളയില്‍ ഏറ്റവും നല്ല നടനുള്ള പുരസ്കാരം ഈ വേഷത്തെ മുന്‍ നിര്‍ത്തി അദ്ദേഹത്തിന് ലഭിച്ചു.

ഇക്കാലത്തു തന്നെയാണ് നല്ല ഹൃദയമുള്ള വേശ്യയുടെ കഥ പറയുന്ന നെവര്‍ ഓണ്‍ സണ്‍ഡേ എന്ന പ്രസിദ്ധ ചിത്രം അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഡാസിന്‍ ഈ സിനിമയിലും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തു. മികച്ച സംഗീതസംവിധാനത്തിന് അക്കാദമി അവാര്‍ഡുകള്‍ നേടിയെടുത്ത ഈ സിനിമ ബോക്സ് ആപ്പീസ് വിജയവുമായിരുന്നു. ഇതിനകം, കമ്യൂണിസ്റ്റ് വിരുദ്ധ വേട്ട അസ്ഥാനത്താണെന്ന തിരിച്ചറിവ് ഹോളിവുഡില്‍ പ്രബലമായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സിനിമകള്‍ വീണ്ടും അവിടെ സ്വീകരിക്കപ്പെട്ടു. എന്നാല്‍ അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചു ചെന്ന് താമസിക്കാന്‍ കൂട്ടാക്കിയില്ല. നെവര്‍ ഓണ്‍ സണ്‍ഡേയില്‍ വേശ്യയുടെ വേഷത്തിലഭിനയിച്ച ഇറ്റാലിയന്‍ നടിയായ മെലിന മെര്‍ക്കോറിയെ 1966ല്‍ ഡാസിന്‍ വിവാഹം ചെയ്തു. ഇതദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു.

റഷ്യന്‍ വംശജനായ ഒരു ക്ഷുരകജോലിക്കാരന്റെ മകനായി 1911 ഡിസംബര്‍ 18ന് മിഡില്‍ടൌണില്‍ ജനിച്ച ഡാസിന്‍ കുടുംബത്തോടൊപ്പം തൊഴിലാളിനഗരമായ ഹാര്‍ലെമ്മിലേക്ക് താമസം മാറ്റി. അവിടത്തെ പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ജീവിതമാണ് അദ്ദേഹത്തെ കമ്യൂണിസ്റ്റാക്കിയത്. യൂറോപ്പില്‍ പോയി നാടകം പഠിച്ച ഡാസിന്‍ ന്യൂയോര്‍ക്കില്‍ തിരിച്ചെത്തി യിദ്ദിഷ് തിയറ്ററില്‍ നടനായും റേഡിയോ സ്ക്രിപ്റ്റുകളെഴുതിയുമാണ് കലാരംഗത്ത് സജീവമായത്. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട കാലമായിരുന്നു അത്. ഹിച്ച്കോക്ക് അടക്കമുള്ള പ്രമുഖ ഹോളിവുഡ് സംവിധായകരുടെ കീഴില്‍ പരിശീലിച്ച ഡാസിന്‍ എംജിഎമ്മിനു വേണ്ടി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇക്കൂട്ടത്തില്‍ റീയൂണിയന്‍ ഇന്‍ ഫ്രാന്‍സ് എന്ന ചിത്രം വളരെ ശ്രദ്ധേയമാണ്. കാമുകന്‍ ഒരു നാസി ഒറ്റിക്കൊടുപ്പുകാരനാണെന്ന് കണ്ടെത്തുന്ന നായികയാണ് ഈ സിനിമയിലുള്ളത്. 1957ല്‍ സംവിധാനം ചെയ്ത ഹി ഹു മസ്റ്റ് ഡൈയില്‍ ക്രെറ്റെ ദ്വീപിലെ നഗരവാസികള്‍ വര്‍ഷാന്ത്യ നാടകം കളിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ഇതിവൃത്തമായി വരുന്നത്. അധിനിവേശിതരായ ഗ്രീക്കുകാരാണ് ദ്വീപു നിവാസികള്‍. തുര്‍ക്കിയുടെ ആധിപത്യമായിരുന്നു അവരനുഭവിച്ചിരുന്നത്. പൌരോഹിത്യവും നാടകവും അധിനിവേശത്തിന്റെ സ്മരണകളും വീണ്ടുമാവര്‍ത്തിക്കുന്ന അധിനിവേശം എന്ന ദുസ്വപ്നവും കൂടിക്കുഴയുന്ന ഹി ഹു മസ്റ്റ് ഡൈയുടെ കഥാഗാത്രം വിസ്മയാവഹമാണ്. നിക്കോസ് കസാന്‍ദാക്കീസിന്റെ ക്രൈസ്റ്റ് റീക്രൂസിഫൈഡിനെ ആസ്പദമാക്കിയാണ് ഈ സിനിമ ഡാസിന്‍ വിഭാവനം ചെയ്തത്.

കടുത്ത ഫാസിസ്റ്റ് വിരുദ്ധയായിരുന്നു മെലിന മെര്‍ക്കോറി. 1967ല്‍ അവര്‍ താമസിച്ചിരുന്ന ഗ്രീസിലെ വലതുപക്ഷ സര്‍ക്കാര്‍ മെര്‍ക്കോറിയുടെ പൌരത്വം എടുത്തു കളഞ്ഞു. 1970ല്‍ ഭരണത്തിലിരുന്ന സ്വേഛാധിപത്യ ഭരണകൂടത്തെ അസ്ഥിരീകരിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടു എന്ന കുറ്റത്തിന് ഡാസിന്‍ വേട്ടയാടപ്പെട്ടു. ഇക്കാലങ്ങളില്‍ പാരീസില്‍ അഭയാര്‍ത്ഥിജീവിതം നയിച്ച ഡാസിനും മെര്‍ക്കോറിയും 1974ല്‍ വലതുപക്ഷ ഭരണം അവസാനിച്ച ശേഷമാണ് ഗ്രീസില്‍ തിരിച്ചെത്തിയത്. ഇതിനെ തുടര്‍ന്ന് മെര്‍ക്കോറി രാഷ്ട്രീയപ്രവര്‍ത്തകയാവുകയും പാര്‍ലമെന്റ് അംഗമായി മത്സരിച്ചു ജയിക്കുകയും ചെയ്തു. ഗ്രീക്ക് സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പു മന്ത്രിയായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1994ലാണ് അവര്‍ മരിച്ചത്. ഡാസിന്‍ 2008 മാര്‍ച്ച് 31 തിങ്കളാഴ്ച ഏതന്‍സില്‍ വെച്ച് അന്തരിച്ചു.

1960കളില്‍ അദ്ദേഹം സിനിമാസംവിധാനത്തില്‍ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചെങ്കിലും ഏതാനും ചില ചിത്രങ്ങള്‍ കൂടി അദ്ദേഹം സംവിധാനം ചെയ്യുകയുണ്ടായി. 1962ല്‍ ക്യൂ മാസികക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്, ഹി ഹു മസ്റ്റ് ഡൈയാണ് തന്റെ ചിത്രങ്ങളില്‍ വെച്ച് ഏറ്റവുമധികം തനിക്ക് ഇഷ്ടപ്പെട്ടതെന്നാണ്. 1978ല്‍ അദ്ദേഹം സംവിധാനം ചെയ്ത എ ഡ്രീം ഓഫ് പാഷന്‍ എന്ന ചിത്രത്തിന് കാന്‍ മേളയില്‍ ഗോള്‍ഡന്‍ പാം അവാര്‍ഡ് ലഭിക്കുകയുണ്ടായി.

Sunday, September 21, 2008

സൌന്ദര്യവും ജ്ഞാനാധികാരവും -ഓണത്തിനു മേല്‍ പിടിമുറുക്കുന്നതാര്?

മതകീയമായ എല്ലാ ആഘോഷങ്ങളെയും കമ്പോളം ഏറ്റെടുത്തതുകൊണ്ടാണ് ആധുനിക കാലത്തും അവ നിലനില്‍ക്കുന്നതും കൊണ്ടാടപ്പെടുന്നതും എന്നത് അടിസ്ഥാനപരമായ ഒരു വസ്തുത മാത്രമാണ്. അതിനര്‍ത്ഥം അത്തരം ആഘോഷങ്ങളില്‍ മതാധിഷ്ഠിതമോ ജാത്യാധിഷ്ഠിതമോ ദൈവാരാധാനാപരമോ പ്രാദേശികമോ ആയ സംസ്ക്കാരസവിശേഷതകള്‍ ഒന്നുമില്ലെന്നുമല്ല. ഇതിനെയെല്ലാം മൂടിനില്‍ക്കുകയും അതേ സമയം ഇതിനെയൊക്കെ അനുവദിക്കുകയും ചെയ്യുന്ന തരം ഉദാരമായ മുതലാളിത്തത്തിന്റെ ജനാധിപത്യ-സെക്കുലര്‍ വീക്ഷണങ്ങളാണ് മതാഘോഷങ്ങളെ അവയുടെ സങ്കുചിത പരിസരങ്ങളില്‍ നിന്നും വളര്‍ത്തിയെടുക്കുന്നത്. മൂഢരും തങ്ങളുടെ തന്നെ ഉള്ളിലേക്കു കുഴിഞ്ഞിരിക്കുന്നവരുമായ കപട കവികള്‍ എല്ലാ കൊല്ലവും വിലപിക്കാറുള്ളതു പോലെ എവിടെയെന്റെ തുമ്പപ്പൂ, എവിടെയെന്റെ തൃക്കാക്കരപ്പന്‍, എവിടെയെന്റെ ഓണപ്പുടവ, എവിടെയെന്റെ പൂക്കൊട്ട, എവിടെയെന്റെ ആര്‍പ്പുവിളികള്‍ എന്നിങ്ങനെയുള്ള വിഴുപ്പലക്കലുകളിലല്ല സാമാന്യജനം ഓണത്തെ ഓര്‍ത്തെടുക്കുന്നതും ആഘോഷിച്ചും സന്തോഷിച്ചും പെരുപ്പിക്കുന്നതും. ബോണസിലും അവധിയിലും ബീവറേജസിലും നന്തിലത്തിലും തുണിക്കടകളിലും തെരുവോരവില്‍പ്പനകളിലും ബമ്പര്‍ ലോട്ടറികളിലും ഓണം റിലീസുകളിലും ഓണക്കിറ്റിലും ടെലിവിഷനിലെ മിമിക്രികളിലും (ആരും വായിക്കാത്ത) ഓണപ്പതിപ്പുകളിലും മുതിര്‍ന്നവരിലേക്കുള്ള നിര്‍ബന്ധിക്കപ്പെട്ട സന്ദര്‍ശനങ്ങളിലും ഒക്കെയായി വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്ന ഓണം ഉത്പാദിപ്പിക്കുന്ന ദൈവ സങ്കല്‍പവും ആഹ്ളാദവും, സാംസ്കാരികത്തനിമാ വാദികളുടെയും അവരെ പ്രായോഗികമായി എതിര്‍ക്കുന്നവരെങ്കിലും അവരുടെ സാംസ്കാരിക വ്യാഖ്യാനങ്ങളെ അജ്ഞത കൊണ്ടും അനവധാനത കൊണ്ടും പിന്തുടരുന്നവരുമായവരുടെ സങ്കല്‍പങ്ങളെക്കാള്‍ ഭേദമാണ്.

ചരിത്രത്തെക്കുറിച്ച് ഏകദേശ ധാരണ ഉള്ളവര്‍ക്കു പോലും അറിയാവുന്ന സംഗതിയാണ് ഓണം സവര്‍ണ ഹൈന്ദവരുടെ നേതൃത്വത്തില്‍ കൊണ്ടാടിയിരുന്ന ഒരു നാട്ടുത്സവമായിരുന്നുവെന്നത്. ജന്മിക്കും നാടുവാഴിക്കും സവര്‍ണ ജാതിപ്രഭുവിനും മുമ്പില്‍ കാഴ്ചക്കുലയുമായി ഓഛാനിച്ചു നില്‍ക്കുന്ന അടിയാക്കള്‍ക്ക് മുണ്ടും നേര്യതും അടുക്കളപ്പുറത്തു നിന്ന് സദ്യയുടെ ഉച്ഛിഷ്ടവും ലഭ്യമായിരുന്നു. ഇല്ലായ്മകളുടെ വര്‍ഷപാതത്തിനിടയില്‍ ഈ ലബ്ധി വലിയ ആഹ്ളാദത്തിനിടയാക്കിയിരുന്നു എന്നത് ശ്രദ്ധേയമാണ്. അടിയാക്കളുടെ വയറും മനവും നിറയുന്നതു നോക്കിനില്‍ക്കാനും അവരുടെ സ്തുതി ഏറ്റുവാങ്ങാനും കഴിയുന്ന ജാതി-ജന്മി-നാടുവാഴിക്കും സന്തോഷം ലഭ്യമാവുന്നു. നവോത്ഥാനത്തിന്റെയും മുതലാളിത്തത്തിന്റെയും വ്യാപനത്തെ തുടര്‍ന്ന് കാഴ്ചക്കുല-സദ്യയുടെ ഉച്ഛിഷ്ടം-സന്തോഷം എന്ന ഈ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ അപ്രസക്തമായിത്തീര്‍ന്നു. എന്നാല്‍ സംസ്ക്കാരം എന്നത് ഓര്‍മകളുടെ സൌന്ദര്യവിവേചനം കൂടിയായതുകൊണ്ട് വര്‍ഗ-വംശ-ലിംഗ അടിസ്ഥാനങ്ങളിലുള്ള ആധിപത്യ-വിധേയത്വ ബന്ധങ്ങള്‍ ഓര്‍മ്മയില്‍ നിന്ന് മാഞ്ഞു പോകുകയും പൂക്കളം, പുടവ, കളികള്‍, പാട്ടുകള്‍, സദ്യവട്ടം എന്നിങ്ങനെയുള്ള കാഴ്ചകളും കല്‍പനകളും മുകളിലേക്ക് തള്ളിക്കയറിവരുകയും ചെയ്തു. ഇത്തരത്തിലുള്ള കാഴ്ച/കല്‍പനകളുടെ സൌന്ദര്യം കൂടുതല്‍ പ്രചരിപ്പിക്കുന്നതിന് കമ്പോളമാണ് എല്ലാ സഹായവും ഒരുക്കിയത്.

യഥാര്‍ത്ഥത്തില്‍ ഈ കമ്പോളവല്‍ക്കരണത്തിന് സമ്പൂര്‍ണമായി കീഴ്പ്പെട്ടവരാണ് ഓണം പോലുള്ള സവിശേഷവും സങ്കീര്‍ണവുമായ ഒരു സാംസ്ക്കാരിക/ചരിത്ര യാഥാര്‍ത്ഥ്യത്തെ അതിന്റെ കേവല സൌന്ദര്യത്തില്‍ ആകൃഷ്ടരായി സ്തുതിക്കുന്നതും ഇതും കൂടി നഷ്ടപ്പെട്ടാല്‍ കേരളം പിന്നെന്ത് എന്നൊക്കെ വലിയ വായില്‍ വിലപിക്കുന്നതും. ഇക്കൂട്ടര്‍ കേരളത്തെ ഓര്‍ത്തും സങ്കല്‍പിച്ചും നിവര്‍ത്തിയെടുക്കുന്നത്, മുണ്ട്, നേര്യത്, കൈകൊട്ടിക്കളി, താലപ്പൊലി എന്നിങ്ങനെയുള്ള ലളിതമെന്നു തോന്നിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ കൊണ്ടു മാത്രമാണ്. പുരോഗമനവിശ്വാസികളുടെ ജാഥകളില്‍ പോലും ബാനര്‍ പിടിക്കാന്‍ മുമ്പില്‍ രണ്ടറ്റത്തും വേഷ്ടിയും മുണ്ടും അണിഞ്ഞ 'കേരള'സ്ത്രീകളെ അണിനിരത്തുമ്പോള്‍ ഈ ചരിത്രമൌഢ്യത്തിന്റെയും കമ്പോളസംസ്കൃതിയുടെയും ബീഭത്സമായ ബഹിര്‍സ്ഫുരണമാണ് കാണുവാന്‍ കഴിയുക. ഈ ബഹിര്‍സ്ഫുരണം തനിമാവാദത്തിലേക്കും അതുവഴി ദേശ-രാഷ്ട്ര സങ്കല്‍പത്തിന്റെയും സൃഷ്ടിയുടെയും അപകടകരമായ അജണ്ടകളിലേക്കും വിലയം പ്രാപിക്കുകയും ചെയ്യും. മന്ത്രിമാരുടെയും കലക്ടര്‍മാരുടെയും പൊലീസ് സൂപ്രണ്ടുമാരുടെയും മുന്നില്‍ അണിനിരത്തുന്ന താലപ്പൊലി എന്ന അശ്ലീലരൂപത്തിന്റെ പ്രകടനവും മറ്റൊരു ധര്‍മമമല്ല നിര്‍വഹിക്കുന്നത്. നാടുവാഴിത്ത കാലത്ത് നാട്ടിലെ ഏതു സ്ത്രീശരീരവും നാടുവാഴി പ്രമാണിക്ക് പ്രാപ്യമാകേണ്ടതുണ്ട് എന്നതാണ് നിയമം. ഏതൊക്കെ സ്ത്രീകള്‍ക്ക് പ്രായപൂര്‍ത്തിയായി, ആരുടെയൊക്കെ ശരീരം മുഴുത്തു എന്നൊക്കെ പ്രമാണിക്കും കിങ്കരന്മാര്‍ക്കും നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനുവേണ്ടിയാണ് താലപ്പൊലി ഒരുക്കുന്നത്. അവരവരുടെ മാറിടത്തിനു തൊട്ടു താഴെയായി താലത്തില്‍ ദീപം തെളിയിച്ചുകൊണ്ട് പെണ്‍കൊടികള്‍ നിരന്നു നില്‍ക്കുന്നു. ഓരോരുത്തരുടെയും മാറിടത്തിന്റെ മുഴുപ്പ് പ്രമാണികളും കിങ്കരന്മാരും പരിശോധിച്ച് ഏതൊക്കെ ശരീരങ്ങള്‍ പ്രമാണിയുടെ കിടപ്പറയിലെത്തിക്കണം എന്ന കാര്യത്തില്‍ തീരുമാനത്തിലെത്തുന്നു. ഇത്രമാത്രം അശ്ലീലമായ ഒരു ലൈംഗികാക്രമണ സംവിധാനത്തെ പുതിയ കാലത്തും നിവര്‍ത്തിയെടുത്ത് അവതരിപ്പിക്കാന്‍ ആളുകള്‍ക്ക് ധൈര്യം ഉണ്ടാവുന്നു എന്നത് ഏറ്റവും ദു:ഖകരമായ കാര്യമാണ്. ഇതൊക്കെയാണ് കേരളത്തനിമ എന്നുണ്ടെങ്കില്‍ കേരളം തന്നെയില്ലാതായാലും തരക്കേടില്ല.

സ്വാതന്ത്ര്യസമരകാലത്ത് ഇംഗ്ളണ്ടിലും അമേരിക്കയിലും വിദ്യാര്‍ത്ഥിയായിരുന്ന അംബേദ്കറോട് താങ്കള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ എന്തുകൊണ്ട് ഭാഗഭാക്കാവുന്നില്ല എന്നു ചോദിച്ചപ്പോള്‍, ബ്രാഹ്മണരുടെയും ബനിയാക്കളുടെയും ഭരണം ഞങ്ങള്‍ ബഹുജന(അധഃസ്ഥിതര്‍ക്ക്)ങ്ങള്‍ക്ക് ബ്രിട്ടീഷ് ഭരണത്തേക്കാള്‍ ഭയാനകമായിരിക്കുമെന്ന മറുപടിയാണ് കൊടുത്തത്. മുണ്ടും നേര്യതും ഓണവും കൈകൊട്ടിക്കളിയും താലപ്പൊലിയുമാണ് കേരളം എന്നുണ്ടെങ്കില്‍ ഐക്യകേരളം പോലും വേണ്ടതില്ല എന്നാവും സമാനനായ ഒരു ധിഷണാശാലി കേരളത്തിന്റെ അവസ്ഥയില്‍ പ്രതികരിച്ചിട്ടുണ്ടാവുക. കഴിഞ്ഞ വര്‍ഷം ഐക്യകേരളത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍, പല പഞ്ചായത്തുകളിലും അതുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ സംബന്ധിച്ചപ്പോള്‍ ആവര്‍ത്തിച്ചു കണ്ട ഒരു കാഴ്ച എന്നില്‍ മടുപ്പും ആത്മ വിദ്വേഷവും ജനിപ്പിച്ചു. പാവപ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകരെ കേരള സാരി എന്ന യൂണിഫോം അണിയിച്ച് ജാഥകളായി അണിനിരത്തുന്ന അശ്ലീല ദൃശ്യമായിരുന്നു ആ വൃത്തികെട്ട കാഴ്ച.

ഓണം, കമ്പോളത്തിന്റെ ആര്‍പ്പുവിളികളില്‍ പൊങ്ങിയും താണും കഴിഞ്ഞ കാലങ്ങളില്‍ ഒരു നാടകമെന്ന നിലയില്‍ നാം അനുഭവിച്ചാവര്‍ത്തിച്ചുപോരുകയായിരുന്നു. അതിനിടയിലാണ് നേരത്തെ സൂചിപ്പിച്ചതുപോലെ ചില കവികള്‍ എവിടെയെന്റെ തുമ്പപ്പൂ, എവിടെയെന്റെ ആര്‍പ്പു വിളി എന്നിങ്ങനെയുള്ള പരിഹാസ്യമായ വിലാപങ്ങളുമായി പൊന്തിത്തിളച്ചുവന്നത്. ഇക്കൂട്ടരില്‍ ചിലര്‍ ടിവി വന്നതോടെ ഓണത്തിന്റെ പഴമയും തനിമയും നഷ്ടമായി എന്ന് ഓണദിവസം ടെലിവിഷനിലൂടെ തന്നെ പ്രഖ്യാപിക്കുന്നതു പോലുള്ള വിഡ്ഢിത്തങ്ങളും നാം സഹിക്കേണ്ടി വന്നു. ഇതു കണ്ട് സഹികെട്ടിട്ടാവണം, വിഗ്രഹഭഞ്ജകനായ ബാലചന്ദ്രന്‍ ചുള്ളിക്കാട് ഓണം, പി കുഞ്ഞിരാമന്‍ നായര്‍ എന്നീ കൊണ്ടാടലുകളിലെ സവര്‍ണതയെ ധീരമായി വെളിപ്പെടുത്തിയത്. ആ വാദത്തെ തത്വചിന്താപരമായ വ്യാഖ്യാനങ്ങളോടെ വിശദീകരിച്ചു എന്ന കുറ്റം ചെയ്തതിന് കെ ഇ എന്‍ വിചാരണ ചെയ്യപ്പെടുകയുണ്ടായി. കാരണം അദ്ദേഹം മുസ്ലിം വംശജനാണല്ലോ. ഓണത്തിന്നു പിറകിലെ സവര്‍ണത ഉച്ചത്തില്‍ വെളിപ്പെടുത്തിയ ചുള്ളിക്കാടിനെ വിട്ട് കെ ഇ എന്നെ പിടികൂടിയതിലൂടെ കേരളീയ പൊതുബോധത്തിലും കാവ്യ/സൌന്ദര്യ ബോധത്തിലും അന്തര്‍ ലീനമായിട്ടുള്ള അതിഗുരുതരമായ സവര്‍ണ-ബ്രാഹ്മണ്യ വിധേയത്വമാണ് പുറത്തു വന്നത് എന്ന കാര്യം നാം കണ്ടില്ലെന്നു നടിക്കുകയും ചെയ്തു.

മുതലാളിത്ത ഓണം നിലനിര്‍ത്തുന്നതിന് സൈദ്ധാന്തിക-സൌന്ദര്യ തത്വവല്‍ക്കരണങ്ങള്‍ ആവശ്യമില്ല. കമ്പോളത്തിന്റെ നിലനില്‍പും വളര്‍ച്ചയുമായി ബന്ധപ്പെട്ട് അത് നിര്‍വഹിക്കപ്പെട്ടുകൊള്ളും. ഓണക്കാലത്തേക്ക് വെട്ടാനായി തയ്യാര്‍ ചെയ്യുന്ന നേന്ത്രവാഴക്കുലകള്‍ മഴയും കാറ്റും വെയിലും ചതിച്ചില്ലെങ്കില്‍ തയ്യാറാകും. ആദ്യം വില കൂടിയും പിന്നെ കുറഞ്ഞും ആളുകള്‍ അത് വാങ്ങിക്കൂട്ടിക്കൊള്ളും. തിളപ്പിച്ച് തിളപ്പിച്ച് റീസൈക്കിള്‍ ചെയ്തതിലൂടെ അപകടകരമായിത്തീരുന്ന വെളിച്ചെണ്ണയിലും പാമോയിലിലും വറുത്തെടുത്ത കായവറുത്തത്/വറുത്തുപ്പേരി/വറുത്ത കായക്ക/വറ്റല്‍ എന്നിങ്ങനെ പ്രാദേശിക ഭാഷാഭേദങ്ങളോടെ നാലു മുറിച്ചതും വട്ടത്തിലുള്ളതുമായ ചിപ്സ് എന്ന പൊതു 'മലയാള'പ്പേരുള്ള നേരംകൊല്ലിയായ മുഖവ്യായാമ ഉത്പന്നം മക്‍ഡൊണാള്‍ഡ്‌സ് ഏറ്റെടുക്കുന്നതു വരെ റോഡരുകുകളില്‍ ഊറ്റിയെടുക്കപ്പെടും. അങ്ങിനെയങ്ങിനെ എത്ര ഓണങ്ങള്‍!

ഓണത്തിന്റെ സങ്കല്‍പങ്ങളേത് എന്ന് തര്‍ക്കിക്കുന്നതിലോ അത് എപ്രകാരമാണ് ആഘോഷിക്കപ്പെടുന്നത് എന്ന് അന്വേഷണാത്മക ഫീച്ചറെഴുതുന്നതിലോ അല്ല കാര്യമിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ജ്ഞാനാധികാരം എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് പ്രശ്നം. ഇന്ത്യന്‍ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ലൈംഗിക സൌന്ദര്യാനുഭൂതി പതിനായിരം തരത്തില്‍ ആഖ്യാനം ചെയ്യപ്പെട്ടു കിടക്കുന്നു. രാധയും കൃഷ്ണനും തമ്മിലുള്ള പ്രണയം സകല പ്രപഞ്ചങ്ങള്‍ക്കും അതീതമാണെന്ന കവിഭാവന ഭക്തര്‍ ആരാധനയോടെയും ആദരവോടെയും ഉള്‍ക്കൊള്ളുന്നു. ദേവാലയങ്ങള്‍, രാജസദസ്സുകള്‍, എന്നിവിടങ്ങളിലെ ശില്‍പങ്ങളിലും ചുമര്‍ചിത്രങ്ങളിലും മുതല്‍ നൃത്തവൈവിധ്യങ്ങളില്‍ വരെ ഈ അഗാധ പ്രണയം ആവിഷ്ക്കരിക്കപ്പെട്ടു വരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ജയദേവകവിയുടെ ഗീതാഗോവിന്ദം രാധാകൃഷ്ണ പ്രണയത്തെ കൊണ്ടാടുന്നു. ഇക്കാലത്തും ക്ഷേത്രസോപാനത്തില്‍ ഗീതാഗോവിന്ദം അഷ്ടപദി പാടുന്നത് കൃഷ്ണഭക്തര്‍ക്ക് ഏറെ പ്രിയമാണ്. ഗീതാഗോവിന്ദത്തിലെ ഒരു വരി ഇപ്രകാരമാണ്: ഗോപീ പീന പയോധര മര്‍ദന ചഞ്ചല കരയുഗ ശാലി - ഗോപികമാരുടെ തടിച്ച മുലകള്‍ കശക്കിക്കൊണ്ടിരിക്കുന്ന ചഞ്ചലങ്ങളായ കൈകളുള്ളവന്‍ എന്നാണ് കൃഷ്ണന്‍ വാഴ്ത്തപ്പെടുന്നത്. വൃന്ദാവനത്തില്‍ ആടുകളെ മേയ്ച്ചു നടന്നിരുന്ന ആയിരക്കണക്കിന് ഗോപികമാരുടെ എല്ലാവരുടെയും കാമുകനായ കൃഷ്ണന്‍ എല്ലാവര്‍ക്കും ഒരേ സമയത്ത് ലൈംഗിക സംതൃപ്തി പ്രദാനം ചെയ്തിരുന്ന അത്ഭുതപുരുഷനാണ്. ആ അത്ഭുതമാണ് അദ്ദേഹത്തിന്റെ ദൈവികത തന്നെ. എല്ലാ സ്ത്രീകളിലും കാമപൂര്‍ത്തി കൈവരിക്കുന്നതിലൂടെ ഭൂമിക്ക് തന്നെ നവീനതയും ഭാവിയും കൈവരിക്കുന്ന ഒന്നാണ് കൃഷ്ണന്റെ പ്രവൃത്തി എന്ന് പ്രശംസിക്കപ്പെടുന്നു. ഈ പ്രകീര്‍ത്തനങ്ങള്‍ മുതല്‍ താലപ്പൊലി വരെ ഉദാത്തവും കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് തെറി മാത്രമായും അടയാളപ്പെടുത്തപ്പെടുന്നത് സവര്‍ണ ജ്ഞാനാധികാരത്തിന്റെ പ്രവര്‍ത്തനം മൂലമാണെന്ന് കാണാം. എം എഫ് ഹുസൈന്റെ രചനകള്‍ ഹിന്ദു വിരുദ്ധമാണെന്നും സോണിയാഗാന്ധിയുടെ ഇന്ത്യന്‍ പൌരത്വം സംശയാസ്പദമാണെന്നും ആരോപിക്കപ്പെട്ടതും ഇതേ അധികാരവാഴ്ചയുടെ ലക്ഷണങ്ങളാണ്. സവര്‍ണ-ബ്രാഹ്മണ അധികാരവാഴ്ചക്ക് വോട്ടിന്റെയും നിയമത്തിന്റെയും പിന്‍ബലമില്ലാഞ്ഞിട്ടും 'സംസ്ക്കാര'ത്തിന്റെ ബലമുള്ളതുകൊണ്ട് നാം പൊരുത്തപ്പെട്ടു. ഓണവുമായി ബന്ധപ്പെട്ട് കെ ഇ എന്നെ അധിക്ഷേപിക്കാന്‍ കഴിഞ്ഞ വര്‍ഷം നടന്ന നീക്കവും ഇതേപോലെ ഫാസിസ്റ്റുകളുടെ പ്രയോഗത്തെ സാമാന്യജനത സ്വാംശീകരിക്കുന്നതിനു തുല്യമായ പ്രവണതകളിലൊന്നാണ്. തീവ്ര ഇടതുപക്ഷ മുഖം മൂടിയണിഞ്ഞ വലതുപക്ഷത്തിന്റെയും ഫാസിസത്തിന്റെയും മുതലാളിത്ത സാമ്രാജ്യത്വത്തിന്റെയും ഏജന്റുകള്‍ തന്നെയാണ് അതിന്റെ പിന്‍പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നതും രഹസ്യമായ ഒരു വസ്തുതയല്ല.

Thursday, September 18, 2008

കാഴ്ചയും അധികാരവും - മലയാളിയുടെ മൊബൈല്‍ ഭയങ്ങള്‍

എല്ലാ ഞായറാഴ്ചയും രാവിലെ ഓമഞ്ചിക്ക് ഒരു എണ്ണതേച്ചുകുളിയുണ്ട്.....അയ്യപ്പന്‍ ഒരു വലിയ പലകക്കട്ടില്‍, പനിനീര്‍പ്പൂന്തോപ്പിന്റെ മദ്ധ്യത്തില്‍ ഒരൊഴിഞ്ഞ സ്ഥലത്ത്, കൊണ്ടുവന്നു സ്ഥാപിക്കും-ഓമഞ്ചിയുടെ അഭ്യംഗസ്നാനപര്യങ്കം! ഓമഞ്ചി അതില്‍ മലര്‍ന്നു കിടക്കും, ചത്തുമലച്ച പോക്കാന്തവളയെപ്പോലെ.

'കൊണ്ടുവാടാ ബൈനോക്കുലര്‍സ്',

അയ്യപ്പന്‍ ഓടി അകത്തെ മേശപ്പുറത്തു നിന്ന് ഒരു പഴയ മിലിട്രി ബൈനോക്കുലര്‍സ് എടുത്തുകൊണ്ടുവന്ന് ഓമഞ്ചിയുടെ കൈയില്‍ കൊടുക്കും.

ആ കുന്നിന്‍ നെറുകയിലെ പറമ്പില്‍ നിന്നു നോക്കിയാല്‍ താഴെ നാലുപാടും വയലുകളും പറമ്പുകളും വയലിന്‍ നടുവിലായി ചില പുലയരുടെ പൊറ്റകളും തോടും തെളിഞ്ഞുകാണാം. തൊട്ടു താഴെയുള്ള വയലിന്റെ മറുകരയില്‍ ഒരു പഴയ ക്ഷേത്രവും, ക്ഷേത്രത്തിന്റെ പിറകില്‍ വലിയൊരു കുളവും കാണാം. സ്ഥലത്തെ ചില സ്ത്രീജനങ്ങള്‍ രാവിലെ ഈ കുളത്തില്‍ നിന്നു കൂട്ടത്തോടെ കുളിക്കുന്നുണ്ടാകും. ആ കാഴ്ചയും ഓമഞ്ചിയുടെ ആരാമത്തില്‍ നിന്നു നോക്കിയാല്‍ കാണാം. ഈ വനിതകളുടെ സ്നാനചര്യകള്‍ നോക്കിക്കൊണ്ടാണ് ഓമഞ്ചിയുടെ ഞായറാഴ്ചക്കുളി. ആ രംഗങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതിനുവേണ്ടിയാണ് ഈ ദൂരദര്‍ശിനിക്കുഴല്‍. ദൂരദര്‍ശിനിയും മുഖത്തു ചേര്‍ത്തുവെച്ച്, പലകക്കട്ടിലില്‍ തരം പോലെ മലര്‍ന്നും തിരിഞ്ഞും ചെരിഞ്ഞും കിടന്ന് ഓമഞ്ചി കുളക്കടവിലെ തമാശകള്‍ വീക്ഷിക്കും. അപ്പോള്‍ അയ്യപ്പന്‍, ചീനിക്കായോ അരച്ച ചെറുപയറോ കൊണ്ട് ഓമഞ്ചിയുടെ ദേഹത്തില്‍ മാലീസ് നടത്തി മെഴുക്കിളക്കിക്കൊണ്ടിരിക്കും. അങ്ങനെയിരിക്കെ ഓമഞ്ചിക്ക് പാട്ടും കവിതയും വരും.

വെണ്ണതോല്ക്കുമുടലില്‍ സുഗന്ധിയാം
എണ്ണതേച്ചരയിലൊറ്റമുണ്ടുമായ്
തിണ്ണമേലമരുമാ നതാംഗി മു-
ക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം.

(ഒരു തെരുവിന്റെ കഥ- അധ്യായം 10- എസ് കെ പൊറ്റക്കാട്ട്-ആദ്യമായി പ്രസിദ്ധീകരിച്ചത് സെപ്തംബര്‍ 1960)

*

മലയാളിക്ക് മൊബൈലിനോട് പ്രത്യേകമായി ഒരു ഭയമുണ്ടോ? നിയമസഭ, ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ടെലിവിഷന്‍ ചര്‍ച്ചകള്‍, പത്രത്തിലെ മുഖപ്രസംഗങ്ങള്‍, ദേശീയ/അന്തര്‍ദേശീയ/പ്രാദേശിക പേജുകള്‍, സാങ്കേതിക വികാസത്തെ സംബന്ധിക്കുന്നതും അറിവ് പകരാനുദ്ദേശിച്ചിട്ടുള്ളതുമായ പുള്ളൌട്ട് പേജുകള്‍, വനിതാ മാസികകള്‍, രാഷ്ട്രീയ വാരികകള്‍, രാഷ്ട്രീയ പ്രസംഗങ്ങള്‍, സാംസ്കാരിക നായകരുടെ പ്രഘോഷണങ്ങള്‍, മനശ്ശാസ്ത്രജ്ഞമാരുടെ 'കണ്ടെത്തല്‍' ലേഖനങ്ങളും മറുപടികളും എന്നിങ്ങനെ എല്ലായിടത്തും മൊബൈല്‍ വരുത്തിവെക്കുന്ന സദാചാര അപഭ്രംശത്തെക്കുറിച്ചും പുതിയ തലമുറയുടെ തെറ്റായ പോക്കിനെ സംബന്ധിച്ചുമുള്ള വിഭ്രമജനകമായ ഉത്ക്കണ്ഠകളാണ് നിറഞ്ഞുനില്‍ക്കുന്നത്. കേരള സംസ്ഥാനത്തിനകത്തെ വിദ്യാലയങ്ങളില്‍ പല തവണ മൊബൈല്‍ ഫോണ്‍ നിരോധിച്ചുകഴിഞ്ഞു. ഏത് ഉത്തരവാണ്, ഏത് നിയമമാണ്, ഏത് കോടതി വിധിയാണ്, ഏത് സര്‍ക്കാര്‍ ഓര്‍ഡറാണ്, ഏത് ഗസറ്റ് നോട്ടിഫിക്കേഷനാണ് ഇതു സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് എന്നത് പക്ഷെ വ്യക്തവുമല്ല. ഈ ലേഖനത്തിന്റെ ഉദ്ദേശ്യം, നിയമമെന്താണെന്നോ അതെങ്ങിനെ നടപ്പിലാക്കപ്പെടുന്നുവെന്നോ ലംഘിക്കപ്പെടുന്നുവെന്നോ ഉള്ള തരം പോലീസ് വേവലാതികള്‍ അല്ലാത്തതുകൊണ്ട് അതെന്തുമാവട്ടെ എന്നു കരുതി ഉപേക്ഷിക്കുന്നു. എന്നാല്‍, സാമാന്യ വ്യവഹാരത്തില്‍ മൊബൈല്‍ ഫോണ്‍ അതീവ ഗുരുതരമായ സദാചാര/ആരോഗ്യ/ലൈംഗിക പ്രശ്നങ്ങള്‍ വരുത്തിവെച്ചേക്കാവുന്ന ഒരു കുഴപ്പം പിടിച്ച ഉപകരണമാണെന്ന ധാരണ പ്രബലമായിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ('മുതിര്‍ന്നവര്‍' ഇതു സംബന്ധിച്ച വേവലാതികള്‍ പങ്കു വെക്കുന്നതിനും മൊബൈല്‍ ഫോണ്‍ മാധ്യമമായി ഉപയോഗിക്കുന്നുവെന്ന വിരോധാഭാസം കണ്ടില്ലെന്നു നടിക്കാം.)

മൊബൈല്‍ ഫോണിന്റെ ഏറ്റവും വലിയ ഉപദ്രവമായി സദാചാരസംരക്ഷകരായി സ്വയം അവരോധിക്കുന്ന ഭരണാധികാരികള്‍/പോലീസ്/പട്ടാളം/അധ്യാപക രക്ഷാകര്‍തൃ സമിതി/സാംസ്കാരിക പ്രഭാഷകര്‍/എഴുത്തുകാര്‍ കരുതുന്ന കാര്യം അത് വീഡിയോയും സ്റ്റില്‍ ഫോട്ടോയും എടുക്കാനുപയോഗിക്കുന്നു എന്നതാണ്. വേണമെങ്കില്‍ ഫോട്ടോയെടുക്കാനും വീഡിയോ ചിത്രീകരിക്കാനും പറ്റാത്ത തരം മൊബൈല്‍ ഹാന്റ്സെറ്റുകള്‍ കുട്ടികള്‍ ഉപയോഗിച്ചോട്ടെ എന്ന് മിതവാദികളായ ചില സദാചാര സംരക്ഷകര്‍ സ്വരം താഴ്ത്തി പറയുന്നുമുണ്ട്. അപ്പോഴും റിങ്ടോണുകള്‍, എസ് എം എസ്, മിസ്ഡ് കോള്‍, എഫ് എം റേഡിയോ തുടങ്ങിയ ഉപദ്രവങ്ങള്‍ ഒഴിവാകുന്നില്ല എന്നതിനാല്‍ സമ്പൂര്‍ണ മൊബൈല്‍ നിരോധനം മാത്രമാണ് അഭികാമ്യം എന്ന് സദാചാര തീവ്രവാദികള്‍ അവരെ തിരുത്തുന്നതോടെ മിതവാദികള്‍ മാളത്തിലേക്കൊളിക്കുന്നു.

സത്യത്തില്‍ ആരാണ് മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമാക്കിയത്? ഇപ്പോള്‍ കുറ്റവാളികളായി കരുതപ്പെടുന്ന പാവം വിദ്യാര്‍ത്ഥികളല്ല. സാങ്കേതിക/സാമ്പത്തിക ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവുമാണ് ഓരോ പുതിയ സാങ്കേതിക വിപ്ളവത്തെയും വ്യാപകമായ പരസ്യങ്ങളിലൂടെയും വിലകളിലും വാടകകളിലും മറ്റും അനുവദിക്കുന്ന കിഴിവുകളിലൂടെയും ഫാഷനിലൂടെയും മറ്റും മറ്റുമായി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. ഡിജിറ്റല്‍ വിപ്ളവം ആഗോള മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും കോര്‍പ്പറേറ്റിസത്തിന്റെയും അമിതാധികാരത്തെ ഉറപ്പിച്ചെടുക്കാന്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നത് വാസ്തവവുമാണ്. എന്നാല്‍, മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ സവിശേഷതയായ സര്‍ഗാത്മകതയും ഭാവനയും ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ നിരവധി വാതിലുകള്‍ അതോടൊപ്പം തുറന്നിടുന്നുണ്ടെന്ന ആഹ്ളാദകരമായ സത്യത്തെ കണ്ണടച്ചുകൊണ്ടില്ലാതാക്കാന്‍ ശ്രമിക്കുക എന്ന കുറ്റകരമായ വിഡ്ഢിത്തമാണ് സദാചാരസംരക്ഷണത്തിന്റെ പേരില്‍ കേരളീയ സമൂഹം ചെയ്തുകൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തെ പ്രതിരോധിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ ജാഗ്രതാരൂപമായി ആരും മൊബൈല്‍ ഫോണ്‍ നിരോധനത്തെയോ നിയന്ത്രണത്തെയോ പരിഗണിക്കുന്നില്ല. മൊബൈല്‍ സ്ക്രീനിലെ വാള്‍ പേപ്പറായോ സ്ക്രീന്‍ സേവറായോ ചെഗുവേരയുടെ ഒരു ചിത്രവും ഡയലര്‍ ടോണായി അറബിക്കഥയിലെ ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരത്തെക്കുറിച്ച് കഠോര ശബ്ദത്തിലുള്ള വിപ്ളവനാട്യ ഗാനവും സെറ്റ് ചെയ്താല്‍ താനൊരു കൂടിയതരം വിപ്ളവകാരിയാണെന്ന സ്വത്വബോധം ആര്‍ജ്ജിക്കാനും കഴിഞ്ഞേക്കുമെന്നിരിക്കെ ആരാണ് പരിധിക്കു പുറത്ത് കടക്കാന്‍ മാത്രം വിഡ്ഢിത്തം കാണിക്കുക!

ഫോട്ടോഗ്രാഫി, സിനിമോട്ടോഗ്രാഫി എന്നിവയുടെ വികാസത്തിനും വ്യവസ്ഥാപനത്തിനും ശേഷം പ്രചരിച്ച വീഡിയോഗ്രാഫിയുടെ ആദ്യ ദശകങ്ങളിലും സാമാന്യജനതക്ക് ക്യാമറ പ്രാപ്യമായിരുന്നില്ല. വീഡിയോ ക്യാമറക്ക് ഒരു ലക്ഷം രൂപയും വീഡിയോ കാസറ്റ് പ്ളെയറിനും റെക്കോഡറിനും പതിനായിരത്തില്‍ താഴെ രൂപയും എന്നിങ്ങനെയായിരുന്നു വിലനിലവാരം. അതായത്, ദൃശ്യങ്ങള്‍ ചിത്രീകരിക്കുക എന്നത് പരിമിതപ്പെടുത്താനും അതു വഴി കുത്തകാധികാരത്തിന് കീഴ്പ്പെടുത്താനും അതേ സമയം കാണികള്‍ എന്ന ഉപഭോക്തൃവിഭാഗത്തെ വളര്‍ത്തിയെടുക്കാനും ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു ആ വിലനിലവാരപ്പട്ടിക എന്നര്‍ത്ഥം. എന്നാല്‍, അനുനിമിഷം ആപ്ളിക്കേഷനുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന മൊബൈല്‍ ഹാന്റ്സെറ്റുകളും കണക്ഷനുകളും വ്യാപകമായി വിറ്റഴിച്ചുകൊണ്ടു മാത്രമേ അതുമായി ബന്ധപ്പെട്ട ഹാന്റ്സെറ്റ് നിര്‍മാതാക്കള്‍, സര്‍വീസ് പ്രൊവൈഡര്‍മാര്‍ എന്നിങ്ങനെയുള്ള കോര്‍പ്പറേറ്റ് മുതലാളിത്തത്തിന് വികസിക്കാനാവൂ എന്നതുകൊണ്ട് സൃഷ്ടിയെ പരിമിതപ്പെടുത്തുകയും കാണലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പഴയ തന്ത്രത്തെ ബാക്ക്‍സ്പേസ് കൊണ്ട് ഇറേസു ചെയ്ത് മുന്നേറുകയാണ് അവര്‍ ചെയ്തത്. അപ്രകാരമാണ്, വികസിക്കാന്‍ വെമ്പുന്ന മറ്റേതൊരു സമൂഹവുമെന്നതുപോലെ കേരളീയരുടെയും മുഖ്യ കളിപ്പാട്ടവും വിഗ്രഹവും ആയി മൊബൈല്‍ ഫോണ്‍ പരിണമിച്ചത്.

ടെലഫോണ്‍ എന്ന അടിസ്ഥാനപരമായ സൌകര്യത്തിനു പുറമെ, അക്ഷരങ്ങളും വാക്യങ്ങളും ചിഹ്നങ്ങളും വിടവുകളും ഉപയോഗിച്ചുള്ള ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കാവുന്ന എസ് എം എസ്, ഇ മെയില്‍, ഇന്റര്‍നെറ്റ്, ഗെയിമുകള്‍, ബ്ളൂടൂത്ത്, ഇന്‍ഫ്രാറെഡ്, വീഡിയോ റെക്കോഡിംഗ് സൌകര്യമുള്ള ക്യാമറയും ക്യാംകോഡേഴ്സും, ശബ്ദം റെക്കോഡ് ചെയ്യുന്നതിനുള്ള സൌകര്യം, എഫ് എം റേഡിയോ, ടെലിവിഷന്‍, എം പി ത്രീ, എം പി ഫോര്‍ സൌകര്യങ്ങള്‍, ഫോട്ടോ/വീഡിയോ ഫയലുകള്‍ കൈമാറുന്ന എം എം എസ് സൌകര്യങ്ങള്‍, വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളുടെ രേഖീകരണം, അലാറം, കാല്‍ക്കുലേറ്റര്‍, കലണ്ടര്‍, ഡയല്‍ ചെയ്തതും സ്വീകരിച്ചതും മുടങ്ങിപ്പോയതുമായ കോളുകളുടെ വിശദവിവരങ്ങള്‍, പെഴ്സണല്‍ കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും ഉപയോഗിക്കാവുന്ന ഒരു വയര്‍ലെസ് മോഡം തുടങ്ങി നൂറ്റാണ്ടുകളിലൂടെ ശാസ്ത്രസാങ്കേതിക വിദ്യ സ്വായത്തമാക്കിയ നിരവധി കാര്യങ്ങള്‍ ഈ ചെറിയ കളിപ്പാട്ടം പോലുള്ള 'യന്ത്രകുന്ത്രാണ്ട'ത്തില്‍ സംയോജിപ്പിച്ചിരിക്കുന്നു എന്നതാണ് വിസ്മയകരമായ വസ്തുത. മൊബൈല്‍ ഫോണ്‍ മത്സരിക്കുന്നത് ഇന്റര്‍നെറ്റിനോടാണ്. മൊബൈല്‍ ഫോണിലെ വാണിജ്യ സൌകര്യങ്ങളുടെ മൊത്തം വിറ്റുവരവ് ഇന്റര്‍നെറ്റിലേതിനെ കവച്ചു വെച്ചു കഴിഞ്ഞു.

എസ് എം എസിലൂടെ അശ്ളീല ടെക്സ്റ്റ് സന്ദേശങ്ങള്‍ കൈമാറുന്നു, ക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും രഹസ്യഭാഗങ്ങളുടെ ഫോട്ടോ എടുക്കുന്നു, അവരുടെ മുഖത്തിന്റെ ഫോട്ടോ എടുത്ത് അശ്ളീല ഭാഗങ്ങളുമായി മോര്‍ഫ് ചെയ്ത് ചേര്‍ക്കുന്നു, എന്നിട്ടിവയെല്ലാം എം എം എസ് വഴിയും ബ്ളൂടൂത്ത് വഴിയും കൈമാറ്റം ചെയ്യുന്നു എന്നതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികള്‍, പക്വതയില്ലാത്തവര്‍ എന്നിവര്‍ക്ക് അനുവദിക്കാന്‍ പാടില്ല എന്നാണ് പൊതുവായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അഭിപ്രായം. ഈ ആരോപണങ്ങള്‍ വ്യാപകമായി ഉന്നയിക്കപ്പെടുന്നതിന്റെ ഭാഗമായി ചില വാര്‍ത്തകള്‍ അമിത പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെടുന്നതായും കാണാം. ഹോട്ടലിലെ ടോയ്ലറ്റിന്റെ പൊട്ടിയ വെന്റിലേറ്ററിലൂടെ സ്ത്രീ മൂത്രമൊഴിക്കുന്നത് പകര്‍ത്താന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍, സ്കൂളിലെ അധ്യാപികമാരുടെ മുഖത്തിന്റെ ഫോട്ടോ എടുത്ത് നഗ്ന ചിത്രങ്ങളില്‍ മോര്‍ഫ് ചെയ്ത് ചേര്‍ത്ത് സൂക്ഷിച്ച പ്യൂണ്‍ അറസ്റ്റിലും സസ്പെന്‍ഷനിലും, സഹപാഠിയായ വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക കേളി നടത്തി അത് മൊബൈല്‍ ഫോണ്‍ വീഡിയോവില്‍ പകര്‍ത്തി എം എം എസ് ആയി പ്രചരിപ്പിച്ച സ്കൂള്‍ വിദ്യാര്‍ത്ഥി ദില്ലിയില്‍ അറസ്റ്റില്‍ എന്നിങ്ങനെയുള്ള വാര്‍ത്തകളാണ് വിഭ്രമം ജനിപ്പിച്ചുകൊണ്ട് അടുത്ത കാലത്ത് പത്രങ്ങളിലും ടിവിയിലും നിറഞ്ഞുനിന്നത്. പ്രാധാന്യം കിട്ടാതെ പോയ ഒരു വാര്‍ത്ത, മധ്യകേരളത്തിലെ ഒരു സ്വാശ്രയ കോളേജില്‍ കലോത്സവം നടന്നുകൊണ്ടിരിക്കെ പെണ്‍കുട്ടികള്‍ വസ്ത്രങ്ങള്‍ മാറ്റിയിരുന്ന മുറിയില്‍ സ്ഥാപിച്ച ക്ളോസ്ഡ് സര്‍ക്യൂട്ട് സര്‍വിലന്‍സ് ക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ നഗ്നത കണ്ടു രസിച്ചിരുന്ന പ്രിന്‍സിപ്പാളിനെക്കുറിച്ചുള്ളതാണ്. ആ പ്രിന്‍സിപ്പാളിന് സസ്പെന്‍ഷനെ അറസ്റ്റോ നേരിടേണ്ടതായി വന്നോ എന്നറിഞ്ഞില്ല. അതായത്, അധികാരം കൈയാളുന്നവരും അറിവിന്റെ അധിപന്മാരുമായ അധ്യാപകകേസരികള്‍ക്കും സാംസ്കാരിക നായകന്മാര്‍ക്കും ഏതു തരത്തിലും പുതിയ സാങ്കേതിക വിദ്യയുടെ അശ്ളീലാഹ്ളാദം നുകരാമെന്നും സ്കൂള്‍/കോളേജ് കുട്ടികള്‍, ഹോട്ടല്‍ ജീവനക്കാര്‍, ശിപായിമാര്‍ തുടങ്ങിയ അധഃസ്ഥിതരുടെ കൈയില്‍ ഈ ഉപകരണം എത്തുന്നതാണ് അപകടമെന്നുമുള്ള ഒരു വാദമാണ് ഇവിടെ പ്രബലമാവുന്നത്.

ലൈംഗിക കൌതുകം മുതല്‍ വികൃതമായ മാനസികാവസ്ഥ വരെ കൈമുതലായുള്ള ഏതാനും പേര്‍ ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് നവീനവും അതിവിപുലവുമായ ഉപയോഗങ്ങള്‍ ഉള്ള ഒരു ഉപകരണത്തെ(ഗാഡ്ജറ്റ്) പാടെ നിരോധിക്കുക എന്നതിലൂടെ സമൂഹത്തിന് പൊതുവെയും വിദ്യാര്‍ത്ഥി സമൂഹത്തിന് പ്രത്യേകിച്ചും ലഭിക്കുന്ന സന്ദേശവും പാഠവും എന്താണ്? കാര്യക്ഷമമായ രീതിയിലും വളരെ കുറഞ്ഞ ചിലവിലും സന്ദേശങ്ങള്‍ കൈമാറാനുള്ള ഉപകരണം എന്ന പ്രാഥമിക ധര്‍മമുള്ള മൊബൈല്‍ ഫോണിനെ കുറ്റങ്ങള്‍ നടത്താനുള്ള ഒരു ആയുധം എന്ന് സ്ഥാനപ്പെടുത്തുകയും ആ കുറ്റം ഉറപ്പിച്ച് സ്ഥാപിച്ചെടുക്കുകയും ചെയ്യപ്പെടുകയാണിവിടെ. സാങ്കേതികവിദ്യയെയും കുറ്റത്തെയും കൂടി കൂട്ടിക്കുഴക്കുന്നതിലൂടെ, പുതിയ കാലത്തെയും അതിന്റെ മാധ്യമ-സാങ്കേതിക-ആശയ സംവിധാനത്തെയും അഭിമുഖീകരിക്കാനുള്ള വ്യക്തിയുടെ മാനസിക-ബൌദ്ധിക വളര്‍ച്ച തടയപ്പെടുന്നു. ഇത്തരത്തിലുള്ള കുറ്റങ്ങളും സാമൂഹ്യ വിരുദ്ധ പ്രവൃത്തികളും ചെയ്യാന്‍ ഈ ഉപകരണങ്ങള്‍ വഴി സാധിക്കുമെന്ന ഒരു പാഠം അത് ശ്രദ്ധിച്ചിട്ടില്ലാത്തവരിലേക്കും ഉപയോഗിച്ചിട്ടില്ലാത്തവരിലേക്കും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ തന്നെ സാമൂഹ്യവിരുദ്ധമായി ഒന്നും ചെയ്യാത്തവരിലേക്കും വിനിമയം ചെയ്യപ്പെടുകയും അവരുടെ പ്രാഥമിക കാഴ്ചപ്പാട് തന്നെ അപ്രകാരമായി രൂപപ്പെടുകയും ഉറപ്പിക്കപ്പെടുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളിലും കുട്ടികളിലും ഈ പാഠമാണ് ആദ്യം കുത്തിച്ചെലുത്തപ്പെടുന്നത് എന്നോര്‍ക്കുക. തടയുന്നതിനെ സ്വായത്തമാക്കുക എന്ന മനുഷ്യസഹജമായ മനോഭാവം ഇതിലൂടെ പ്രവര്‍ത്തനക്ഷമമാകുകയും അങ്ങിനെ ഈ സാമൂഹ്യവിരുദ്ധ കാര്യങ്ങള്‍ക്കു മാത്രമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള ഇഛ ബഹുഭൂരിപക്ഷം പേരിലും ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു.

2007 നവംബറിലെ കണക്കുകള്‍ കാണിക്കുന്നത് ലോകജനസംഖ്യയുടെ അമ്പതു ശതമാനം വരുന്ന ആളുകള്‍, അതായത് മുന്നൂറ് കോടിയാളുകള്‍ മൊബൈല്‍ ഫോണ്‍ വരിക്കാരായിക്കഴിഞ്ഞു എന്നാണ്(ഇതില്‍ കുറെയെണ്ണം ഒന്നില്‍ കൂടുതല്‍ കണക്ഷനുകളുള്ളവരും ഒരിക്കലെടുത്തതും ഇപ്പോള്‍ പ്രവര്‍ത്തനം ഉപേക്ഷിച്ചതുമായ കണക്ഷനുകളും ആവാന്‍ സാധ്യതയുണ്ട്). അതായത്, ലോകചരിത്രത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വ്യാപിച്ച സാങ്കേതികവിദ്യയും ഏറ്റവും സാധാരണമായിക്കഴിഞ്ഞ ഇലക്ട്രോണിക് ഉപകരണവുമാണ് മൊബൈല്‍ ഫോണ്‍ എന്നര്‍ത്ഥം. മനുഷ്യകുലത്തിന്റെ വളര്‍ച്ച വിനാശത്തിലേക്കു മാത്രമാണ് നയിക്കപ്പെടുന്നത് എന്നും മനുഷ്യര്‍ മുഴുവന്‍ കുറ്റവാളികളാണ് എന്നുമുള്ള നിരാശാജനകമായ(നെഗറ്റീവ്)തും പരാജയത്തെ പ്രതീക്ഷിക്കുന്നതുമായ ജനാധിപത്യവിരുദ്ധ മനോഭാവമാണ്, ലോകജനതയില്‍ പകുതിയും സ്വന്തം അവയവം പോലെ ചേര്‍ത്തു വെച്ച് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിനെ കുറ്റം മാത്രം പേറുന്ന ഒരു ഉപദ്രവമായി സ്ഥാനപ്പെടുത്താന്‍ വെമ്പുന്നതെന്നു സാരം.

കുത്തകകള്‍ മുതല്‍ തീരെ ചെറിയ സംഘങ്ങള്‍ വരെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് മൊബൈല്‍ ഫോണിനെയാണ്. റോയിട്ടറും യാഹൂവും മുതല്‍ ശ്രീലങ്കയിലെ ചെറുകിട സ്വതന്ത്ര നെറ്റ്വര്‍ക്കായ ജാസ്മിന്‍ ന്യൂസ് വരെ എല്ലാ ഏജന്‍സികളും വാര്‍ത്താവിതരണത്തിനും ശേഖരണത്തിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. ജേര്‍ണലിസത്തിന്റെ പഴയ രീതിയിലുള്ള എല്ലാ ആധിപത്യ/വിധേയത്വ രീതികളും അധികാര സംഘടനാ രൂപങ്ങളും (ഹൈറാര്‍ക്കി) വിശ്വാസ്യതാപ്രമാണങ്ങളും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പൊതുജനം തന്നെ വാര്‍ത്തകള്‍ വിനിമയം ചെയ്തു തുടങ്ങിയതിലൂടെ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ടെലിവിഷന്‍ ഫ്ളാഷ് ന്യൂസുകളെ അപ്രസക്തമാക്കുന്നത് ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളാണ്. എല്ലാ ആക്ടിവിസ്റ്റുകളും മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമാക്കിക്കഴിഞ്ഞു. സാംസ്കാരിക സംഘടനകളുടെയും ഫിലിം സൊസൈറ്റികളുടെയും അറിയിപ്പുകള്‍ പോസ്റ്റ് കാര്‍ഡുകള്‍ക്കു പകരം എസ് എം എസിലൂടെ വേഗത പ്രാപിച്ചു കഴിഞ്ഞു. സ്വകാര്യത, കാര്യക്ഷമത, സ്വീകാര്യത, ശ്രദ്ധ, ശേഖരിച്ചു വെക്കുന്നതിനുള്ള സൌകര്യം എന്നിങ്ങനെ എഴുത്തുകുത്തുകളെ ഉപേക്ഷിക്കേണ്ടുന്ന വിധത്തില്‍ എസ് എം എസ് മുഴുവന്‍ ജനതയെയും ആവേശിച്ചുകഴിഞ്ഞിരിക്കുകയാണ്.

പ്രണയലേഖനങ്ങള്‍ മുതല്‍ വോട്ടഭ്യര്‍ത്ഥന വരെയും ബിസിനസ് പ്രചരണങ്ങള്‍ മുതല്‍ വിവാഹക്ഷണങ്ങള്‍ വരെയും നടത്തുന്നതിന് എസ് എം എസ് ആണ് ഏറ്റവും ഫലപ്രദമായ വിനിമയോപാധി എന്നതാണ് വര്‍ത്തമാനകാലയാഥാര്‍ത്ഥ്യം. ഇ-ടിക്കറ്റിംഗ് വ്യാപകമായതോടെ വിമാനത്തിലും തീവണ്ടിയിലും യാത്ര ചെയ്യുന്നതിനുള്ള ഐഡന്റിറ്റിയും ടിക്കറ്റും മൊബൈല്‍ ഫോണായി മാറിക്കൊണ്ടിരിക്കുകയാണ്. ബാങ്കിടപാടുകളും മൊബൈലിലൂടെ അറിയാനും നടത്താനുമുള്ള സൌകര്യങ്ങള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രൊഫഷണല്‍ കോഴ്സുകളിലേക്കും പ്ളസ് ടുവിലേക്കുമുള്ള പ്രവേശനം വിജയകരമായി ഏകജാലകം എന്ന സംവിധാനത്തിലൂടെ അഴിമതിമുക്തമാക്കിയ കേരള സര്‍ക്കാരടക്കം ഏത് ഔദ്യോഗിക വകുപ്പുകള്‍ക്കും ഹാള്‍ ടിക്കറ്റുകള്‍, പരീക്ഷാ അറിയിപ്പുകള്‍, ഫലങ്ങള്‍, ജോലി അറിയിപ്പുകള്‍, സ്ഥലം മാറ്റങ്ങള്‍, സ്ഥാനക്കയറ്റങ്ങള്‍ എന്നിവ കാര്യക്ഷമമായും കുറഞ്ഞ ചിലവിലും ഗുണഭോക്താവിനെ അറിയിക്കാന്‍ മൊബൈല്‍ ഫോണ്‍ സംവിധാനം ഉപയോഗിക്കേണ്ട കാലം സമാഗതമായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ വകുപ്പുകളില്‍ ശമ്പള/പെന്‍ഷന്‍ വിതരണം ബാങ്കുകളിലേക്കാക്കി സുഗമവും കേന്ദ്രീകൃതവുമാക്കി മാറ്റുമ്പോള്‍ ഇതു സംബന്ധിച്ച അറിയിപ്പുകള്‍, സാക്ഷ്യപ്പെടുത്തലുകള്‍ എന്നിവക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും അഭികാമ്യമാവും. മത്സ്യബന്ധനത്തൊഴിലാളികള്‍, ഓട്ടോറിക്ഷക്കാരും ടാക്സിക്കാരും എന്നിവര്‍ക്കൊക്കെ മൊബൈല്‍ ഇല്ലാത്ത തൊഴിലവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധ്യമല്ല.

കുറ്റകൃത്യത്തിനുള്ള ഉപകരണമാണ് മൊബൈല്‍ ഫോണ്‍ എന്ന തെറ്റും തെറ്റിദ്ധാരണാജനകവുമായ ജ്ഞാനത്തിനു പകരം, കുറ്റവാളികളെ പിടികൂടുന്നതിനും കുറ്റകൃത്യങ്ങളെ നിയന്ത്രണവിധേയമാക്കുന്നതിനും ഏറ്റവും നല്ല ഉപാധിയാണതെന്ന യാഥാര്‍ത്ഥ്യമാണ് ബോധ്യപ്പെടേണ്ടത്. എസ്തോണിയയില്‍ കാര്‍ പാര്‍ക്കിംഗ് ഫീസ് ക്രിമിനലുകള്‍ പിരിച്ചെടുക്കുന്നത് നിയന്ത്രിക്കാന്‍ പോലീസിന് സാധ്യമല്ലാതെ വന്നപ്പോള്‍, മൊബൈലിലൂടെ മാത്രം പാര്‍ക്കിംഗ് ഫീസ് അടക്കാനുള്ള രീതി വ്യവസ്ഥാപിതമാക്കുകയാണ് ചെയ്തത്. ചേലേമ്പ്ര ബാങ്ക് കൊള്ളയടക്കം കേരളത്തിലടുത്ത കാലത്ത് നടന്ന മിക്കവാറും കുറ്റകൃത്യങ്ങള്‍ പൊലീസിന് തെളിയിക്കാനായത്, കുറ്റവാളികളുടെ മൊബൈല്‍ ഫോണ്‍ സംസാരങ്ങള്‍ ട്രാക്ക് ചെയ്തതിലൂടെയാണ്. ഒരു ലക്ഷം കോളുകളാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കേരള പോലീസ് ഈ കേസില്‍ പരിശോധിച്ചത്. ഭീകരവാദികള്‍ നടത്തുന്നതായി ഭരണാധികാരികള്‍ കണ്ടെത്തുന്ന ബോംബ് സ്ഫോടനങ്ങളെ സംബന്ധിച്ച അന്വേഷണങ്ങളും മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലായ്പോഴും മുന്നേറുന്നത്. ഇരുട്ടില്‍ തപ്പുന്ന പഴയ രീതിയാണ് അഭികാമ്യം എന്നോ പാലം കെട്ടിക്കഴിഞ്ഞിട്ടും ഞാന്‍ പുഴയില്‍ ചാടി നീന്തിയേ അക്കര പിടിക്കൂ എന്നും വാശി പിടിക്കുന്നതിന് തുല്യമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും നമുക്ക് ജീവിക്കാം എന്നു തെളിയിക്കാനായി കേരള സമൂഹം പെടാപ്പാടു പെടുന്നതായി അഭിനയിക്കുന്നതു കാണുമ്പോള്‍ തോന്നുന്നത്.

ഏതായാലും വിദ്യാലയങ്ങളിലെ മൊബൈല്‍ നിരോധനം കേരളത്തില്‍ മാത്രമല്ല നടപ്പിലാക്കിയിട്ടുള്ളത്. അമേരിക്കന്‍ ഐക്യനാടുകളിലെ ഒട്ടു മിക്ക സ്കൂളുകളിലും ക്ളാസ് മുറികളില്‍ ശല്യമുണ്ടാക്കുന്നതിന്റെ പേരില്‍ മൊബൈല്‍ നിരോധിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ പരീക്ഷാഹാളില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. ഫിന്‍ലാന്റില്‍ പൊതുവാഹനങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ സംഭാഷണങ്ങളെപ്രകാരമായിരിക്കണമെന്നതിനെ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, മൊബൈലിന്റെ ഉപയോഗം പ്രത്യേകിച്ച് അടിയന്തിരസാഹചര്യങ്ങളില്‍ അനിവാര്യമായതിനാല്‍ ലോകവ്യാപകമായിത്തന്നെ അതു സംബന്ധിച്ച നിയന്ത്രണങ്ങളില്‍ പുനര്‍ചിന്തനം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും, ഹാളുകളിലും മറ്റും സ്ഥാപിക്കപ്പെട്ടിരുന്ന ജാമറുകള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. അതേ സമയം ടവറുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങള്‍, ഇ-വേസ്റ്റുകള്‍ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രതിസന്ധികള്‍ എന്നിവ ഗൌരവത്തോടെ നേരിടേണ്ടതുമാണ്. ഇതു സംബന്ധിച്ചുള്ള നിരവധി സര്‍വേകളും ശാസ്ത്രീയാന്വേഷണങ്ങളും ലോകവ്യാപകമായി നടന്നു വരുന്നുണ്ട്. എന്നാല്‍, തര്‍ക്കവിഷയമായ സദാചാരത്തിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണുകള്‍ കൂടുതലും സദാചാരവിരുദ്ധമായാണ് ഉപയോഗിക്കുന്നത് എന്ന കാര്യം ഏതെങ്കിലും സര്‍വേകളിലൂടെയും മറ്റും ഇതേ വരെ അന്വേഷിക്കപ്പെട്ടിട്ടില്ല. ഊഹാപോഹങ്ങളും അമിതമായി പ്രാധാന്യം നല്‍കപ്പെടുന്ന ചില വാര്‍ത്തകളും അടിസ്ഥാനപ്പെടുത്തി സ്വരൂപിക്കപ്പെടുന്ന സാമൂഹ്യ ഭയമാണ് മൊബൈല്‍ ഫോണിനു നേരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. മുതിര്‍ന്നവരുടെ സാങ്കേതികഭയവും ഈ പൊതുബോധനിര്‍മിതിയെ രൂക്ഷമാക്കുന്നുണ്ട്. തീരെ ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ മുതല്‍ കൌമാരക്കാര്‍ വരെ തങ്ങളെക്കാള്‍ വേഗത്തില്‍ മൊബൈല്‍ ആപ്ളിക്കേഷനുകളില്‍ പ്രാവീണ്യം നേടുന്നതില്‍ അസൂയ പൂണ്ടവരായ വയസ്സന്മാര്‍ സ്വന്തം കഴിവുകേടിനെ മറച്ചു വെക്കാനായും നിരോധനം എന്ന ആയുധത്തെ ആശ്രയിക്കുന്നു.

ആറ് എമ്മുകളെ അടിസ്ഥാനപ്പെടുത്തിയാണ് മൊബൈല്‍ ഫോണ്‍ ആപ്ളിക്കേഷനുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. മൂവ്മെന്റ്, മൊമെന്റ്, മി, മള്‍ട്ടി യൂസര്‍, മണി, മെഷീന്‍ എന്നീ എമ്മുകളിലൂടെ സ്ഥലം, സമയം, വ്യക്തി, സമൂഹം, പണം, യന്ത്രം എന്നിവയുടെ പരിമിതികള്‍ മറികടക്കുകയും സൌകര്യങ്ങളെ വിപുലീകരിക്കുകയുമാണ് മൊബൈല്‍ ഫോണ്‍ ചെയ്യുന്നത്. (Services for UMTS by Ahonen & Barrett). സിനിമക്കും ടെലിവിഷനും പിസിക്കും ശേഷം രൂപപ്പെട്ട നാലാമത്തെ സ്ക്രീനായും അച്ചടി, റെക്കോഡിംഗ്, സിനിമ, റേഡിയോ, ടിവി, ഇന്റര്‍നെറ്റ് എന്നിവക്കു ശേഷം രൂപപ്പെട്ട ഏഴാമത്തെ മാസ് മീഡിയ ആയും മൊബൈല്‍ ഫോണ്‍ നിര്‍വചിക്കപ്പെടുന്നു.

മൊബൈലിനെ പ്രധാനമായും ഭയക്കുന്നത് കുത്തകാധികാരമാണ്. സംഗീതം, വീഡിയോ എന്നിവയുടെ കുത്തകവല്‍ക്കരണത്തിനും അവകാശവില്‍പനക്കും വേണ്ടി വാദിക്കുന്ന പ്രോപ്പര്‍ട്ടി റൈറ്റ്സ് നിയമങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ പരസ്യസ്ഥലങ്ങളില്‍ വെച്ചു തന്നെ വെല്ലുവിളിച്ച് തകര്‍ക്കുന്നു. നാമെല്ലാവരും എംപി ത്രീയിലും എംപി ഫോറിലും ശേഖരിച്ചു വെച്ച് ബസിലും തീവണ്ടിയിലുമിരുന്ന് കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ആഹ്ളാദനിമിഷങ്ങളൊക്കെയും കോപ്പിറൈറ്റ് നിബന്ധനകളെ അപ്രസക്തമാക്കുന്നു. റിങ്ടോണുകളുടെയും ഡയലര്‍ ടോണുകളുടെയും അനുകരണസാധ്യതകളും ഇപ്രകാരം തന്നെ. കോപ്പിലെഫ്റ്റ് എന്ന വിജ്ഞാനമേഖലയിലെ സ്വതന്ത്ര-ജനാധിപത്യ വിമോചനപ്രസ്ഥാനക്കാര്‍ക്ക് കുത്തകകളുടെ വാണിജ്യവാഴ്ചയെ ഇത്രമാത്രം പരസ്യമായി വെല്ലുവിളിക്കാന്‍ മറ്റൊരുപകരണം കൊണ്ടും സാധിക്കുന്നില്ല.

മൊബൈല്‍ ക്യാമറയുടെ വ്യാപകമായ ഉപയോഗത്തിലൂടെ എല്ലാ വിദ്യാര്‍ത്ഥികളും പൌരന്മാരും സംഭവങ്ങള്‍ രേഖപ്പെടുത്തുന്ന പ്രവണത വ്യാപിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. ഡിജിറ്റല്‍ വിപ്ളവത്തിലൂടെ ക്യാമറയുടെ മേലുള്ളതും അതുവഴി ശേഖരിക്കപ്പെടുകയും വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്ന കാഴ്ച (സിനിമ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്) യുടെ മേലുള്ളതുമായ കുത്തകാധികാരം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങാത്ത ഏതു സാധാരണക്കാരനും തനിക്കു ചുറ്റുമുള്ള കാര്യങ്ങള്‍ ചിത്രീകരിക്കാന്‍ കഴിയും വിധത്തില്‍ ഉപകരണങ്ങള്‍ സാര്‍വജനീനമായിത്തീര്‍ന്നിരിക്കുന്നു. വിം വെന്റേഴ്സ് ലിസ്ബണ്‍ സ്റോറിയില്‍ ഭയപ്പെടുന്നതുപോലെ എല്ലാ കുട്ടികളും സിനിമ പിടിക്കാനായി ചെറിയ ക്യാമറകളുമായി ചുറ്റിത്തിരിയുമ്പോള്‍ ചലച്ചിത്രകാരന്‍ എന്ന ബിംബത്തിനും വിഗ്രഹത്തിനും എന്തു പ്രസക്തി? മ്യൂണിച്ച് ഫിലിം സ്കൂളില്‍ നിന്ന് കട്ടെടുത്ത ഒരു ക്യാമറ കൊണ്ടാണ് വെര്‍ണര്‍ ഹെര്‍സോഗ് തന്റെ പ്രസിദ്ധമായ അഗിറെ ദ റാത്ത് ഓഫ് ഗോഡ് (1972) ചിത്രീകരിച്ചത്. ഈ മോഷണത്തെക്കുറിച്ച് ഹെര്‍സോഗ് കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്രകാരം പറഞ്ഞു.

“അതൊരു സാധാരണ 35 എം എം ക്യാമറയായിരുന്നു. മറ്റനവധി സിനിമകള്‍ ഞാനതു വെച്ച് ചിത്രീകരിച്ചിട്ടുണ്ട്, അതുകൊണ്ട് ഞാനതൊരു മോഷണമായി കണക്കാക്കുന്നില്ല. എനിക്കത് വളരെ അത്യാവശ്യമായിരുന്നു. എനിക്ക് സിനിമകളെടുക്കേണ്ടതുണ്ട്, അതിന് ക്യാമറ ആവശ്യവുമാണ്. ഈ ഉപകരണത്തില്‍ എനിക്കൊരു നിലക്ക് സ്വാഭാവികമായ അവകാശം തന്നെയുണ്ട്. നിങ്ങളൊരു മുറിയില്‍ തടവിലകപ്പെട്ടിരിക്കുകയാണെന്നു കരുതുക, നിങ്ങള്‍ക്ക് ശ്വസിക്കാന്‍ വായു അത്യാവശ്യവുമാണ്. ഒരു ഉളിയും ചുറ്റികയും ഉപയോഗിച്ച് നിങ്ങള്‍ ചുമര്‍ കുത്തിപ്പൊളിക്കുക തന്നെ ചെയ്യും. അത് നിങ്ങളുടെ നിശ്ചിതമായ അവകാശമാണെന്നതില്‍ ഒരു സംശയവുമില്ല.“

ഇതു തെളിയിക്കുന്നത്, ചില കുറ്റവാളി മനോഭാവക്കാരോ, ലൈംഗികാഭാസക്കാരോ ദുരുപയോഗം ചെയ്തു എന്നതിന്റെ പേരില്‍ മൊബൈല്‍ ക്യാമറപോലെ നാനാവിധത്തില്‍ ഉപകാരമുള്ള ഒരു ഉപകരണം പാടെ നിരോധിക്കുക എന്നത് കൂടിയ തോതിലുള്ള വിഡ്ഢിത്തമാണെന്നാണ്. എന്തുകൊണ്ടാണ് അത്തരമൊരു വിഡ്ഢിത്തത്തിലേക്ക് മലയാളിയുടെ പൊതുബോധം വളരെ പെട്ടെന്ന് ചെന്നെത്തിയിട്ടുണ്ടാവുക? മലയാളിയില്‍ നിരന്തരമായി കുടികൊള്ളുന്ന നവയാഥാസ്ഥിതികത്വം (പ്രയോഗത്തിന് കടപ്പാട്: സക്കറിയ) തന്നെയാണ് ഒരു കാരണം. മറ്റൊന്ന് ജനാധിപത്യത്തോടുള്ള ഭയമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയ നിരോധനം, തുപ്പല്‍ നിരോധനം, അടക്കം പല കാര്യങ്ങളിലും ഇത്തരത്തില്‍ ജനാധിപത്യത്തെ അഭിമുഖീകരിക്കുന്നതില്‍ ഭയചകിതനാകുന്ന പൊതു മലയാളിയെ നാം അടുത്തകാലത്ത് പരിചയപ്പെടുകയുണ്ടായി. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മൊബൈല്‍ ക്യാമറ എന്ന ലളിതമായ ഉപകരണത്തിലൂടെ കുട്ടികളും തൊഴിലാളികളും സ്ത്രീകളും ദളിതരും മത്സ്യബന്ധനക്കാരും ചുമട്ടുകാരും ബാര്‍ബര്‍മാരും വേശ്യകളും തങ്ങള്‍ക്കു ചുറ്റുമുള്ള അനീതികള്‍ ചിത്രീകരിക്കട്ടെ. അല്ലെങ്കില്‍ വിസ്മയകരമെന്ന് അവര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ ശേഖരിക്കട്ടെ. അവരെല്ലാം സിനിമാക്കാരോ അതിനാവശ്യമുള്ള പ്രാഥമികമായ ശ്രദ്ധയും അര്‍പ്പണബോധവും പ്രകടിപ്പിക്കാന്‍ സൌകര്യമില്ലാത്തവരോ ആയിരിക്കാം. എങ്കിലും അവര്‍ ശേഖരിക്കുന്ന ഫൂട്ടേജുകള്‍ ഭാവനയുള്ളവരും ജനാധിപത്യ ജാഗ്രതയുള്ളവരുമായ സംവിധായകര്‍ക്കും എഡിറ്റര്‍മാര്‍ക്കും അടിസ്ഥാനമായി സ്വീകരിക്കാവുന്നതാണ്.

2002ലെ വംശഹത്യക്കു ശേഷമുള്ള ഗുജറാത്തില്‍ കാഴ്ചകളുടെ ഇത്തരം ശേഖരം പലര്‍/അനേകര്‍ ചേര്‍ന്ന് രൂപപ്പെടുത്തിവരുന്നുണ്ട്. രാകേശ് ശര്‍മക്കും ശുഭ്രദീപ് ചക്രവര്‍ത്തിക്കും ശബ്നം ഹാശ്മിക്കും മുതല്‍ ഗുജറാത്തില്‍ പ്രവേശിക്കാന്‍ മടിക്കുന്ന ആനന്ദ് പട്വര്‍ദ്ധനു വരെയുള്ള ഏതു ഡോക്കുമെന്ററി ആക്ടിവിസ്റുകള്‍ക്കും ഈ ശേഖരങ്ങള്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ഒരു കോമണ്‍ പൂളില്‍ നിക്ഷേപിക്കുകയാണ് ആക്ടിവിസ്റ്റുകള്‍ ചെയ്യുന്നത്. ഗുജറാത്തിലേതു പോലെ പ്രത്യക്ഷ ആക്രമണങ്ങള്‍ സജീവമല്ലെങ്കിലും നിശ്ശബ്ദവും പരോക്ഷവുമായ നിരവധി ആക്രമണങ്ങള്‍ കൊണ്ട് പീഡിപ്പിക്കപ്പെടുന്ന കേരളീയ സമൂഹത്തിലെ അധസ്ഥിതരുടെ വേദനകള്‍ ഇപ്രകാരം ആവിഷ്ക്കരിക്കാനും പൊതുജനമധ്യത്തിലെത്തിക്കാനും ഈ മാര്‍ഗത്തിലൂടെ സാധ്യമാവുന്നതാണ്. വ്യവസ്ഥാപിതത്വത്തിന്റെ വക്താക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ഭയക്കുന്നതും നിരോധിക്കുന്നതും മറ്റൊരു കാരണം കൊണ്ടല്ല.

നാവിഗേറ്റര്‍ സൌകര്യമുള്ള ഹാന്റ് സെറ്റുകളും സര്‍വിലന്‍സ് ക്യാമറകളുടെ വിപുലമായ ശൃംഖലകളും ഗ്ളോബല്‍ പൊസിഷനിംഗ് സിസ്റ്റവും (ജിപിഎസ്) ഇപ്പോഴുള്ള അവസ്ഥയില്‍ നിന്ന് കൂടുതല്‍ വ്യവസ്ഥാപിതവും സുദൃഢവുമാകുന്നതോടെ വ്യക്തിയുടെ സ്വതന്ത്ര സഞ്ചാരം, സ്വകാര്യത എന്നിവ മുഴുവനായും ഇല്ലാതാവാന്‍ പോകുകയാണ്. റെയില്‍വേ സ്റ്റേഷനുകള്‍, കമ്പാര്‍ടുമെന്റുകള്‍, ബസ് സ്റ്റേഷനുകള്‍, ബസ്സുകള്‍, എയര്‍പോര്‍ടുകള്‍, വിമാനങ്ങള്‍, ബാങ്കുകള്‍, എ ടി എമ്മുകള്‍, സര്‍ക്കാര്‍ ആപ്പീസുകള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ഇന്റര്‍നെറ്റ് കഫേകള്‍, റസ്റ്റാറന്റുകള്‍, ഹോട്ടലുകളും മോട്ടലുകളും റിസോര്‍ടുകളും ട്രാവലേഴ്സ് ബംഗ്ളാവുകളും, സിനിമാശാലകള്‍, പൊതുഹാളുകള്‍, മാളുകളും മള്‍ട്ടിപ്ളെക്സുകളും, പ്രധാന റോഡുകളും ഹൈവേകളും ജങ്ക്ഷനുകളും, സ്റേഡിയങ്ങള്‍, എന്നിങ്ങനെ മര്‍മപ്രധാനമെന്ന് അധികാരികളിലേതെങ്കിലും ഒരു വിഭാഗത്തിന് തോന്നലുള്ള മുഴുവന്‍ കേന്ദ്രങ്ങളും സര്‍വിലന്‍സ് ക്യാമറയുടെ ദൃഷ്ടിക്ക് കീഴ്പ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലണ്ടന്‍ പോലുള്ള നഗരത്തിലെ ഏതെങ്കിലുമൊരു മൂലയില്‍ നില്‍ക്കുന്ന ഒരു വ്യക്തി ശരാശരി പത്തു സര്‍വിലന്‍സ് ക്യാമറകളുടെയെങ്കിലും പരിധിക്കുള്ളിലായിരിക്കുമെന്നാണ് ഇതു സംബന്ധിച്ച വസ്തുതകള്‍ സൂചിപ്പിക്കുന്നത്. അതായത് ഓരോ വ്യക്തിയുടെയും ചലനം, ശരീരഭാഷ, സംഭാഷണങ്ങള്‍, ചെയ്തികള്‍ തുടങ്ങി എല്ലാം നിരന്തരം വീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയും റെക്കോഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. സുരക്ഷാകാരണങ്ങളാല്‍ ഇത് അനിവാര്യമാണെന്നാണ് ഭരണാധികാരികളുടെ മതം. ഇതേ അനിവാര്യതയുടെ പിന്‍ബലത്തിലാണ് മധ്യകേരളത്തിലെ സ്വാശ്രയകോളേജില്‍ പെണ്‍കുട്ടികളുടെ വസ്ത്രം മാറല്‍ പ്രിന്‍സിപ്പല്‍ കണ്ടു രസിച്ചത്. പസോളിനിയുടെ സാലോ ഓര്‍ 120 ഡേയ്സ് ഓഫ് സോദോമില്‍ ആഖ്യാനം ചെയ്തതുപോലെ പരപീഡനരതിയില്‍ ആസക്തരായ ഭരണാധികാരികള്‍ അവരുടെ സൌകര്യത്തിനും ആനന്ദത്തിനും അന്തമില്ലാത്ത അധികാരസ്ഥാപനത്തിനും വേണ്ടി ഇരകളായി പിടിച്ചെടുത്ത കൌമാരക്കാരെ പീഡിപ്പിച്ചും നിരീക്ഷിച്ചും സുഖിക്കുന്നതുപോലെ മുതിര്‍ന്നവര്‍/അധ്യാപക രക്ഷാകര്‍തൃ സമിതി കുട്ടികളെ നിയന്ത്രിച്ചു നിര്‍ത്തുന്നതിനു വേണ്ടിയാണ് ക്യാമറയുടെ ഉപയോഗത്തെ തങ്ങളിലേക്കു മാത്രമായി പരിമിതപ്പെടുത്തുന്നത്.

നാടുവാഴിത്തവും ജന്മിത്തവ്യവസ്ഥയും കൊടികുത്തിവാണിരുന്ന മുന്‍ നൂറ്റാണ്ടുകളില്‍ കാഴ്ച എപ്രകാരമായിരുന്നുവെന്ന് വെണ്‍മണിക്കവിതകളിലൂടെയും, നവോത്ഥാനത്തിനു ശേഷം കടന്നു വന്ന ആധുനികതയുടെ ആദ്യഘട്ടങ്ങളില്‍ അത് എപ്രകാരമായിരുന്നുവെന്ന് ഒരു തെരുവിന്റെ കഥയില്‍ ഓമഞ്ചിയുടെ ബൈനോക്കുലര്‍ കാഴ്ചയിലൂടെയും മലയാള സാഹിത്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ധാരാളമായി എടുത്തുദ്ധരിക്കാവുന്ന അനവധി ഉദാഹരണങ്ങളിലൂടെ തെളിയിക്കാവുന്ന പഴയ നൂറ്റാണ്ടുകളിലെയും ദശകങ്ങളിലെയും കാഴ്ചയുടെയും ആഹ്ളാദക്കാഴ്ചയുടെയും അധികാരം പുതിയ ജനാധിപത്യ അവകാശബോധത്തിന്റെ കാലത്താണ് വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുന്നത്. മാറുമറക്കല്‍ സമരം മുതല്‍, സാരിക്കു പകരം ചുരിദാര്‍ വേണം തുടങ്ങിയ കാര്യങ്ങളിലെ സംവാദങ്ങളും നിയമനിര്‍മാണവും വരെ പുരുഷക്കാഴ്ചയെ പ്രതിരോധിക്കുന്ന സ്ത്രൈണ ജനാധിപത്യത്തിന്റെ പുതിയ അടയാളങ്ങളായി തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഫിലിം ക്യാമറയും വീഡിയോ ക്യാമറയും കൈയടക്കിവെച്ചിരിക്കുന്ന പുരുഷാധികാരം സ്ത്രീകളെ ചിത്രീകരിക്കുന്നതിനു വേണ്ടിത്തന്നെയാണ് മൊബൈല്‍ ഫോണിലെ ക്യാമറയും വ്യാപകമായി ഉപയോഗിക്കുക എന്ന കാര്യത്തിലും തര്‍ക്കമില്ല. (The history of cinema is the history of boys photographing girls - Jean-Luc Godard). പുരുഷാധികാരത്തിന് ഇപ്രകാരം കീഴടക്കപ്പെട്ടു എന്നതുകൊണ്ട് സിനിമയും ടെലിവിഷനും വീഡിയോവും വിമോചനത്തിന്റെ സാധ്യതകളില്ലാത്ത മാധ്യമങ്ങളായി തീര്‍ന്നു എന്നു പക്ഷെ ആര്‍ക്കും പരാതിപ്പെടാനാവില്ല. പുരുഷാധികാരത്തിന്റെ കാഴ്ചാശേഖരണപ്രക്രിയയെ തുറന്നുകാട്ടുകയും ഗൊദാര്‍ദ് തന്നെ പറഞ്ഞതു പോലെ ക്യാമറയെ തോക്കായി സ്വയം ഉപയോഗിക്കുകയുമാണ് സ്ത്രീകളും ജനാധിപത്യവാദികളും ചെയ്യേണ്ടത്. അത്തരം വിമോചനാത്മക രാഷ്ട്രീയവല്‍ക്കരണത്തിന് മൊബൈല്‍ ക്യാമറയെ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള നിരോധനം സഹായകരമല്ലെന്നു മാത്രമല്ല, തെറ്റായ ദിശാബോധത്തിലേക്ക് മുഴുവനാളുകളെയും നയിക്കുകയാണത് ചെയ്യന്നത്.

Sunday, September 14, 2008

ഉയരങ്ങളില്‍ നിന്നുള്ള വീഴ്ചകള്‍

മലയാളത്തില്‍ നിന്നുള്ള ആദ്യത്തെ രാജ്യാന്തര നിലവാരമുള്ള (ഇന്റര്‍നാഷണല്‍) സിനിമ എന്ന വിശേഷണത്തോടെയാണ് ആകാശഗോപുരം 2008 ആഗസ്ത് 22ന് കേരളത്തിലും മലയാളികള്‍ ധാരാളമുള്ള മുംബൈ, ബങ്കളൂരു നഗരങ്ങളിലും പ്രദര്‍ശനമാരാംഭിച്ചത്. എഴുപതുകളില്‍ മലയാള സിനിമയില്‍ സംഭാവ്യമായ ഭാവുകത്വ പരിണാമത്തിന്റെ ആദ്യ പഥികരിലൊരാളും വഴികാട്ടിയുമായിരുന്ന കെ പി കുമാരന്‍ വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രയത്നത്തിലൂടെയാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ വിശേഷണത്തെ കാണികളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയുള്ള വെറുമൊരു പരസ്യവാചകമായി അവഗണിക്കുന്നതിനു പകരം, മലയാള സിനിമയുടെ ചരിത്രത്തിലും ഭാവിയിലും ഏതു തരത്തിലുള്ള സാന്നിദ്ധ്യവും സ്വാധീനവുമാണ് ആകാശഗോപുരം നിര്‍വഹിക്കാന്‍ പോകുന്നത് എന്നാലോചിക്കുന്നതിന് പ്രേരണയായി പരിഗണിക്കാവുന്നതാണ്.

1967ല്‍ പൂര്‍ത്തിയാക്കിയ ചെമ്മീന്‍ എന്ന സിനിമ മലയാള സിനിമയുടെ പ്രശസ്തിയും പ്രസക്തിയും കേരളത്തിനു പുറത്ത് വ്യക്തമായി തെളിയിക്കുകയുണ്ടായി. സംവിധായകനായ രാമു കാര്യാട്ട് തന്റെ സംഘാടനപാടവത്തിലൂടെ സ്വരൂപിച്ചെടുത്ത പാന്‍ ഇന്ത്യന്‍ സ്വഭാവമാണ് ചെമ്മീനെ ഒരു ഗതിനിര്‍ണായക സിനിമയാക്കി വളര്‍ത്തിയതും കേരളത്തിനകത്തും പുറത്തും ഒരു പോലെ സ്വീകാര്യമായ തലത്തിലേക്കതിനെ പാകപ്പെടുത്തിയതും. കേരളത്തില്‍ തന്നെ മുഴുവനാളുകള്‍ക്കും എന്തിന് സംസ്ഥാനത്തെ എല്ലാ കടല്‍ത്തീരവാസികള്‍ക്കും മനസ്സിലാവാത്ത തരം തനിമ മുറുകെപ്പിടിച്ചുകൊണ്ടുള്ള സംഭാഷണങ്ങളുള്ള ഒരു സിനിമ സൃഷ്ടിച്ച് പുറക്കാട് കടപ്പുറത്തിന്റെ മൌലികത കാര്യാട്ടിന് കാത്തുസൂക്ഷിക്കാമായിരുന്നു. എന്നാലതിനു പകരും മുക്കുവരുടെ സംസാരഭാഷയെ പൊതു മലയാളിക്ക് സ്വീകാര്യമാക്കുന്ന വിധത്തില്‍ ലഘൂകരിച്ചാണ് കാര്യാട്ട് ചെമ്മീനില്‍ പ്രയോഗിക്കുന്നത്. അതേ സമയം, അക്കാലത്ത് സിനിമകളില്‍ പതിവുണ്ടായിരുന്ന അച്ചടിഭാഷയുമല്ല അദ്ദേഹം ഉപയോഗിച്ചത്. യഥാര്‍ത്ഥ സംസാരഭാഷയുടെയും അച്ചടിഭാഷയുടെയും ഇടയില്‍ എവിടെയായിരിക്കണം താന്‍ സിനിമക്കുവേണ്ടി പ്രയോഗിക്കുന്ന (കൃത്രിമ)ഭാഷ ഉറച്ചു നില്‍ക്കേണ്ടത് എന്ന് രാമു കാര്യാട്ട് എടുക്കുന്ന നിശ്ചയദാര്‍ഢ്യത്തെയാണ് അദ്ദേഹത്തിന്റെ കേരളീയ സങ്കല്‍പവും കലാസങ്കല്‍പവുമായി നാം തിരിച്ചറിയുന്നത്. അതോടൊപ്പം ചിത്രത്തെ അഖിലേന്ത്യാതലത്തില്‍ സ്വീകാര്യമാക്കുന്നതിനു വേണ്ടി ക്യാമറ സംവിധാനം ചെയ്യാന്‍ മാര്‍ക്കസ് ബര്‍ട്ടലിയെയും എഡിറ്റിംഗിന് ഋഷികേശ് മുക്കര്‍ജിയെയും സംഗീതസംവിധാനത്തിന് സലില്‍ ചൌധരിയെയും അദ്ദേഹം ക്ഷണിച്ചു വരുത്തി. സാഹസികവും വിസ്മയകരവുമായ ഈ സംഘാടനത്തിലൂടെ മറ്റാര്‍ക്കും വിഭാവനം ചെയ്യാനാകാത്ത വിധത്തിലുള്ളതും ഐതിഹാസികമാനങ്ങളുള്ളതുമായ ഒരു സിനിമയാക്കി ചെമ്മീനിനെ അദ്ദേഹത്തിന് ചരിത്രത്തില്‍ ഉറപ്പിച്ചെടുക്കാന്‍ സാധിച്ചു എന്നത് നിസ്സാരമായ ഒരു കാര്യമല്ല.

മറ്റൊരു തരത്തിലും മറ്റൊരര്‍ത്ഥത്തിലും കെ പി കുമാരന്‍ ആകാശഗോപുരത്തിലൂടെ നിര്‍വഹിക്കുന്നതും സമാനമായ ഒരു പ്രവൃത്തിയാണ്. നൂറ്റാണ്ടുകളെ അതിജീവിക്കുന്നതും രാഷ്ട്രങ്ങളുടെ അതിര്‍ത്തികളെ ഭേദിക്കുന്നതും മനുഷ്യ സമുദായത്തെയാകെ ബാധിക്കുന്നതുമായ ഒരു പ്രമേയത്തെ സ്വീകരിക്കാന്‍ മലയാള ഭാഷയെയും സിനിമയെയും പാകപ്പെടുത്തിയെടുക്കാനും വളര്‍ത്തിയെടുക്കാനും സാധിച്ചു എന്നതാണ് ഏറ്റവും പ്രാഥമികമായ അര്‍ത്ഥത്തില്‍ ഈ സിനിമയുടെ വിജയം. അതോടൊപ്പം, സംഗീതം, ഛായ, സ്പെഷല്‍ ഇഫക്ട്സ്, ലൊക്കേഷന്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ അന്താരാഷ്ട്ര/അഖിലേന്ത്യാ സിനിമാരംഗത്തു നിന്നുള്ളവരെ സഹകരിപ്പിക്കാന്‍ അദ്ദേഹം തുനിഞ്ഞു എന്നതും പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ടൈറ്റാനിക്ക് അടക്കമുള്ള ഹോളിവുഡ് ചിത്രങ്ങളുടെ സംഗീതസംവിധാനം നിര്‍വഹിച്ച ജോണ്‍ ആള്‍ട്ട്മാനാണ് ആകാശഗോപുരത്തിന്റെ സംഗീതസംവിധായകന്‍. റീ റെക്കോഡിംഗ് മിക്സ് ചെയ്തത് റോബര്‍ട് ഫാറും (സ്റാര്‍ വാര്‍സ്) മാത്യു ഗോഘും (ഹാരി പോട്ടര്‍) ചേര്‍ന്നാണ്. ശബ്ദസംവിധാനം നിഗെല്‍ ഹോളണ്ടും (ബാറ്റ്മാന്‍ ബിഗിന്‍സ്, ബ്രേവ്ഹാര്‍ട്), വിഷ്വല്‍ ഇഫക്ടുകള്‍ ജോണ്‍ ഹാര്‍വിയും ജോനാതന്‍ ട്രസ്ലറും ചേര്‍ന്നും നിര്‍വഹിച്ചിരിക്കുന്നു. സെറ്റ് സംവിധാനം ചെയ്തിരിക്കുന്നത് സാബു സിറിളും (ഓം ശാന്തി ഓം, ഗുരു) ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് തുണ്ടിയിലു (ക്രിഷ്, കുച്ച് കുച്ച് ഹോത്താ ഹൈ) മാണ്.

സദാചാരം, സ്നേഹം, ഉയര്‍ച്ച, ലക്ഷ്യം, പരാജയം എന്നിങ്ങനെ മനുഷ്യന്‍(ര്‍) അന്വേഷിച്ചുകൊണ്ടിരിക്കുകയും ലക്ഷ്യം കണ്ടുവെന്ന് സ്വയം വിശ്വസിക്കുകയും ചെയ്യുന്ന പ്രതിഭാസങ്ങളും പ്രഹേളികകളുമാണ് കലുഷിതമായ ഒരു കാലഘട്ടത്തില്‍ ജീവിക്കുകയും നാടകരചന നിര്‍വഹിക്കുകയും ചെയ്ത ഹെന്റി ഇബ്സന്റെ പ്രതിഭയെ പിടിച്ചുകുലുക്കിയത്. മാസ്റര്‍ ബില്‍ഡര്‍ എന്ന മഹത്തായ നാടകവും ഇതേ പശ്ചാത്തലത്തിലാണ് പ്രകടിതമാവുന്നത്. ഏറ്റവും ലളിതമായി വ്യാഖ്യാനിക്കാന്‍ സാധിക്കും എന്നു എല്ലാവരും കരുതുന്ന മനുഷ്യ ബന്ധങ്ങളുടെയും മനസ്സിന്റെയും സങ്കീര്‍ണതകളിലേക്കാണ് അദ്ദേഹം തന്റെ മറ്റനേകം നാടകങ്ങളിലെന്നതുപോലെ മാസ്റര്‍ ബില്‍ഡറിലും വെളിച്ചം പായിക്കുന്നത്. വെളിച്ചം കടന്നു ചെല്ലുന്തോറും പക്ഷെ ആ ആന്തരികത കൂടുതല്‍ സങ്കീര്‍ണമായിത്തീരുകയും വ്യാഖ്യാനക്ഷമമല്ലാതെ കുഴഞ്ഞു മറിയുകയുമാണ് ചെയ്യുന്നത്. തനിക്ക് അഭിമുഖമായി തന്നോട് ചേര്‍ന്ന് ജീവിക്കുകയും ജോലി ചെയ്യുകയും അനുസരിക്കുകയും പ്രതികാരം ചെയ്യുകയും സ്നേഹിക്കുകയും അഥവാ സ്നേഹിക്കുന്നതായി നടിക്കുകയും ഒക്കെ ചെയ്യുന്ന തന്റെ പ്രിയപ്പെട്ടവര്‍ അഥവാ ശത്രുക്കള്‍ എന്ന ഒരു വിഭാഗം/വിഭാഗങ്ങള്‍ വ്യക്തിയുടെ ഉള്ളില്‍ തന്നെയല്ലേ രൂപം കൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും? വ്യക്തിയുടെ ആന്തരിക/ബാഹ്യ സത്തകളുടെ പാരസ്പര്യത്തെ ഇപ്രകാരം പ്രശ്നവത്ക്കരിക്കുന്നതിലൂടെ ആധുനിക വ്യക്തി എന്ന സമസ്യയെ വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

ദൈവത്തിനുള്ള അരമനകള്‍ക്കു പകരം താനിനി മനുഷ്യര്‍ പാര്‍ക്കുന്ന ഭവനങ്ങള്‍ നിര്‍മിക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിക്കുന്ന ആല്‍ബര്‍ട് സാംസന്റെ ദൃശ്യത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. മോഹന്‍ലാലാണ് ഈ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്വതസ്സിദ്ധവും തനിമയാര്‍ന്നതുമായ അഭിനയപാടവത്തിലൂടെ മലയാളികളെയും മറ്റുള്ളവരെയും വിസ്മയിപ്പിച്ച മോഹന്‍ലാലിനു വേണ്ടി താന്‍ നീണ്ട പതിനഞ്ചു കൊല്ലം കാത്തിരുന്നു എന്നാണ് കെ പി കുമാരന്‍ ഒരഭിമുഖത്തില്‍ പറഞ്ഞത്. സൂപ്പര്‍താരത്തിന്റെ ഡേറ്റ് എന്ന കടമ്പ താണ്ടലായിരുന്നില്ല ആ കാത്തിരിപ്പ്. പ്രായത്തിന്റെ അതായത് മധ്യവയസ്സിന്റെ പക്വത ദൃഢീകരിച്ച ഒരു മോഹന്‍ലാലിനെയായിരുന്നു ചലച്ചിത്രകാരന് ആവശ്യം. വിചിത്രവും അവിശ്വസനീയവുമായ ആ കാത്തിരിപ്പ് ചലച്ചിത്ര കല പോലെ സാഹസികതയും അപ്രതീക്ഷിതസംഭവങ്ങളും ഒരുമിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയില്‍ ഏര്‍പ്പെടുന്നവരുടെ അര്‍പ്പണബോധത്തിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ്. മലയാള സിനിമക്ക് ഇനി സഞ്ചരിക്കാവുന്ന മാര്‍ഗം എന്ന നിലക്കു കൂടിയാണ് താന്‍ ആകാശഗോപുരത്തെ വിഭാവനം ചെയ്തത് എന്ന കെ പി കുമാരന്റെ അവകാശവാദം ഈ അര്‍പ്പണബോധത്തിന്റെയും നിര്‍ബന്ധബുദ്ധിയുടെയും പിന്‍ബലത്തില്‍ നമുക്ക് അംഗീകരിക്കേണ്ടിവരും.

പ്രകൃതി, ബന്ധങ്ങള്‍, സ്ഥലകാലം, തന്റെ തന്നെ മനസ്സ് എന്നിങ്ങനെയുള്ള സങ്കീര്‍ണ പ്രതിഭാസങ്ങളെ വാസ്തുശില്‍പി അഥവാ ആര്‍ക്കിടെക്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി എപ്രകാരമാണ് അഭിമുഖീകരിക്കുന്നത് എന്നതാണ് ഇബ്സന്റെ നാടകത്തിന്റെയും അതിനെ ആസ്പദമാക്കിയുള്ള ഈ സിനിമയുടെയും ഒരു പ്രമേയം. അനേകം പ്രമേയങ്ങള്‍ പല ദിശയില്‍ പ്രവര്‍ത്തിക്കുകയും പലതും പരസ്പരം റദ്ദാകുകയും ചിലത് പരസ്പരപൂരകമായി സാര്‍ത്ഥകമാകുകയും ഒക്കെ ചെയ്യുന്ന അതിവിചിത്രവും വിസ്മയകരവുമായ ഒരു ഘടനയിലൂടെയാണ് ഇബ്സന്‍ താന്‍ സങ്കല്‍പിക്കുന്ന നാടകീയത സൃഷ്ടിച്ചെടുക്കുന്നത്. ദൈവങ്ങളുടെ അരമനകള്‍ക്കു പകരം മനുഷ്യന്‍ പാര്‍ക്കുന്ന ഭവനങ്ങള്‍ എന്ന അടയാളവാക്യം നായകനിലൂടെ അദ്ദേഹം പ്രഖ്യാപിക്കുമ്പോള്‍ സംവദിക്കപ്പെടുന്നത് പല വസ്തുതകളും തോന്നലുകളും അഭിപ്രായങ്ങളുമാണ്. അനവധി പള്ളികള്‍ സൌന്ദര്യത്തിന്റെയും സ്ഥലപ്രതലത്തിന്റെയും മാനങ്ങളെയും മാനദണ്ഡങ്ങളെയും മറികടന്നുകൊണ്ട് താന്‍ നിര്‍മിച്ചിട്ടും തനിക്ക് അതില്‍ കുടികൊള്ളുന്ന ദൈവത്തെ കണ്ടെത്താനായില്ല എന്നായിരിക്കുമോ മഹാശില്‍പി സൂചിപ്പിച്ചിട്ടുണ്ടാവുക? ഓരോ അരമനകള്‍ക്കും മുകളിലായി താന്‍ കെട്ടിയുയര്‍ത്തിയ ഒന്നിനൊന്ന് വ്യത്യസ്തവും മികവുള്ളതുമായ ഗോപുരങ്ങളില്‍ സാഹസികമായി വലിഞ്ഞുകയറി അവിടെ പുഷ്പചക്രമര്‍പ്പിക്കുക എന്നതദ്ദേഹത്തിന്റെ പതിവാണ്. മൃതദേഹങ്ങളിലും ശവകുടീരങ്ങളിലും അര്‍പ്പിക്കുന്നതുപോലുള്ള വൃത്താകൃതിയിലുള്ള പുഷ്പഹാരങ്ങളാണ്(റീത്തുകള്‍) ആല്‍ബര്‍ട് സാംസണ്‍ ഗോപുരങ്ങളുടെ മേല്‍ ചാര്‍ത്തുന്നത്. താന്‍ സൃഷ്ടിക്കുന്ന ഓരോ ശില്‍പവും പൂര്‍ത്തിയാകുമ്പോള്‍ തന്നെ സംബന്ധിച്ച് മൃതിയടഞ്ഞു/കഥ കഴിഞ്ഞു എന്നായിരിക്കുമോ അദ്ദേഹം അര്‍ത്ഥമാക്കുന്നത്? മാത്രമല്ല, അത്യന്തം അപകടകരമായ ആ വലിഞ്ഞുകേറലിനും ഹാരമര്‍പ്പിക്കലിനും ശേഷം താഴോട്ട് കുനിഞ്ഞു നോക്കുമ്പോള്‍ വിജയാരവം മുഴക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. താഴോട്ട് നോക്കുമ്പോള്‍ തല ചുറ്റുന്നതുപോലെ തോന്നുന്നു എന്നാണദ്ദേഹം പരിതപിക്കുന്നത്. ഓരോ വിജയവും വീഴ്ചയിലാണ് പരിസമാപ്തി പ്രാപിക്കുക എന്ന വിശ്വാസവും കാണിയുടെ അസൂയയുമാണോ വിജയിയുടെ മനസ്സില്‍ ഭീതി ജനിപ്പിക്കുന്നത് എന്നു കരുതാവുന്ന വിധത്തിലാണ് ഈ ഗതിപരിണാമം.

ഓരോരുത്തരുടെ സമീപത്തെത്തുമ്പോള്‍ അവരെക്കുറിച്ച് താനെന്താണ് വിചാരിക്കുന്നത് എന്നത് അവര്‍ക്കു തന്നെ ആന്തരികമായി ബോധ്യപ്പെടുന്നതായ ഒരു സംക്രമണവിദ്യ അയാള്‍ക്കും ഒപ്പമുള്ളവര്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കുന്നതായി കാണാം. അവരോട് ഞാന്‍ ഒരു വിചിത്രമായ കഥ പറയാം എന്നു തുടക്കമിട്ടുകൊണ്ട് തന്റെ തന്നെ വിചാരത്തെയും പഴയ സംഭവത്തെയും (അഥവാ സംഭവിച്ചിട്ടില്ലാത്ത കാര്യത്തെയും) കുറിച്ച് അയാള്‍ വിവരിക്കുന്നതാണ് ഇതിന്റെ തുടര്‍ച്ച. അലക്സിനെ(മനോജ് കെ ജയന്‍)യും കാതറിനെ(ഗീതു മോഹന്‍ദാസ്)യും അയാള്‍ കൂടെ നിര്‍ത്തുന്നതിന്റെ കാരണങ്ങള്‍ അയാള്‍ വിശദീകരിക്കുന്നത്, ഇപ്രകാരം വസ്തുതകളെയും അയാളുടെ തന്നെ മനോഭാവങ്ങളെയും കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്. തന്റെ ഗുരുവും ഒരു കാലത്ത് തന്റെ കൈ പിടിച്ച് വിജയത്തിലേക്ക് വഴി കാണിച്ചു തരുകയും ചെയ്ത ഏബ്രഹാം തോമസി(ഭരത് ഗോപി മരണത്തിനു മുമ്പ് പൂര്‍ത്തിയാക്കിയ അവിസ്മരണീയമായ കഥാപാത്രം)ന്റെ പ്രൊഫഷനെ സമ്പൂര്‍ണമായി തകര്‍ത്തുകൊണ്ടാണ് ആല്‍ബര്‍ട് വിജയത്തിന്റെ കൊടുമുടികള്‍ കീഴടക്കിയത്. ഏബ്രഹാം തോമസിന്റെ പുത്രനാണ് അലക്സ്. അയാളുമായി മനസ്സമ്മതം നടത്തിയ പ്രതിശ്രുത വധുവാണ് കാതറിന്‍. സുന്ദരിയായ കാതറിനെ തന്റെ സെക്രട്ടറിയായി ആല്‍ബര്‍ട് നിയമിക്കുന്നു. അവള്‍ക്ക് അവിടെ ജോലിയുള്ളതിന്റെ പേരില്‍ അലക്സിന്റെ സേവനം തനിക്ക് പ്രയോജനപ്പെടുത്താനാവും എന്നാണതിനുള്ള ഒരു കാരണമായി അയാള്‍ പറയുന്നത്. അതേ സമയത്തു തന്നെ, സ്ത്രീകളില്‍ കാമന ജനിപ്പിക്കുന്ന തരം ശരീരഭാഷയും സംഭാഷണ ചാതുര്യവും സാമീപ്യത്തിന്റെ പ്രസരിപ്പും ജനിപ്പിക്കുന്ന പ്രകൃതക്കാരനായ അയാള്‍ അവളുടെ കാമുകനായും മാറുന്നു(അഥവാ അഭിനയിക്കുന്നു). അവളോട് പറയുന്നത്, നിന്നെ എപ്പോഴും ഒപ്പമെനിക്കാവശ്യമുണ്ട്; അതുകൊണ്ടാണ് അലക്സിനെ താന്‍ സഹായിയായി വെച്ചിരിക്കുന്നത് എന്നാണ്. പരസ്പരവിരുദ്ധമായ ഈ വാദഗതികളില്‍ ഏതാണ് ശരി എന്ന് സിനിമ തീരുമ്പോഴും വ്യക്തമാകുന്നില്ല. ഒരു പക്ഷെ രണ്ടും ശരിയായിരിക്കില്ല, അല്ലെങ്കില്‍ രണ്ടും ശരിയായിരിക്കും. ഏബ്രഹാം തോമസിനെ ചവിട്ടിമെതിച്ചു കൊണ്ടാണ് താന്‍ വിജയങ്ങളിലെത്തിയതെന്ന് നല്ല നിശ്ചയമുള്ള ആല്‍ബര്‍ടിന് അലക്സ് ഒരു വരുംകാല വെല്ലുവിളിയായി മാറുമോ എന്ന ഭീതിയാണുള്ളതെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഒരു ദിവസം തന്റെ വീട്ടിന്റെ മുന്‍ വാതില്‍ തുറന്ന് ഒരു പുതുക്കക്കാരന്‍(ക്കാരി) കടന്നു വരും; പുതിയ തലമുറയില്‍ പെട്ട അയാള്‍ (അവള്‍) തന്നെ തോല്‍പിച്ചു കീഴടക്കും എന്നയാള്‍ കുടുംബ ഡോക്ടറോട് (ശ്രീനിവാസന്‍) ആശങ്കപ്പെടുന്നതും ഈ മനോഭാവത്തിന്റെ തെളിവാണ്.

അലക്സ് സ്വന്തമായി വരച്ച പ്ളാന്‍ അംഗീകരിക്കാനോ സ്വതന്ത്രമായി നിര്‍മാണപദ്ധതി മേല്‍ നോട്ടം വഹിക്കാനയാളെ അനുവദിക്കാനോ ആല്‍ബര്‍ട്ട് തയ്യാറാവുന്നതേ ഇല്ല. ഒരു കാലത്ത് തന്റെ വഴികാട്ടിയും തന്നെക്കാളും വലിയയാളുമായിരുന്ന ഏബ്രഹാം തോമസ് തന്റെ മകനു വേണ്ടി യാചിച്ചിട്ടും ഈ നിശ്ചയത്തില്‍ എന്തെങ്കിലും ഇളവു വരുത്താന്‍ അയാള്‍ തയ്യാറാകുന്നില്ല. ഈ അവസരത്തിലാണ് അയാളുടെ ഭീതിയെ സാധൂകരിക്കുന്ന വിധത്തില്‍ ഇരുപത്തിരണ്ടു വയസ്സു മാത്രം പ്രായമുള്ള ഹില്‍ഡ വര്‍ഗീസ്(നിത്യ എന്ന പുതുമുഖം) എന്ന യുവതി മഴ പെയ്ത ഒരു രാത്രിയില്‍ അയാളുടെ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെടുന്നത്. വാതില്‍ തുറന്ന അയാളുടെ അമ്പരപ്പിനെ വക വെക്കാതെ അവള്‍ അകത്തേക്കു കടന്നുവരുകയും അവിടെ പാര്‍പ്പുറപ്പിക്കുകയുമാണ്. അവള്‍ക്ക് പറയാനും ഓര്‍മപ്പെടുത്താനും പഴയ, വിഭ്രാമകമായ ഒരു കഥയുണ്ട്. ആദ്യമവളത് പറയുമ്പോള്‍, അതിലെ പല കാര്യങ്ങളും ആല്‍ബര്‍ട് അംഗീകരിക്കുന്നില്ല. എന്നാല്‍, പിന്നീടുള്ള അവസരങ്ങളില്‍ അയാളത് അയാളുടെ കഥയാക്കി മാറ്റി വിശദാംശങ്ങളിലൂടെ സമ്പന്നമാക്കുകയാണ് ചെയ്യുന്നത്. ഓര്‍മകളെയും സ്വപ്നങ്ങളെയും ഒറ്റ വ്യക്തിയുടെ മനസ്സിനകത്ത് എന്നതിനു പകരം അയാളുടെ തന്നെ അഭിമുഖമായെത്തുന്ന പല സമീപസ്ഥരുടെയും മനസ്സുകളിലായി പടര്‍ത്തുന്ന അസാമാന്യമായ ഒരു പ്രക്രിയയായി നാടകീയത പ്രവര്‍ത്തിക്കുകയാണിവിടെ. അവള്‍ നിറഞ്ഞ സാന്നിദ്ധ്യമാകുന്നതോടെ കാതറിന് പ്രാധാന്യം കുറയുകയോ തീരെ കാണാതാകുകയോ ചെയ്യുന്നുണ്ട്. അലക്സിന്റെ പ്ളാന്‍ ആല്‍ബര്‍ടിനെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള കാതറിന്റെ പരിശ്രമങ്ങള്‍ മുമ്പ് വിജയിച്ചിരുന്നില്ലെങ്കില്‍ ഹില്‍ഡയുടെ സ്നേഹമസൃണതക്കു മുമ്പില്‍ ആല്‍ബര്‍ട് വഴങ്ങുന്നു. അംഗീകരിക്കപ്പെട്ട പ്ളാനുമായി അലക്സിന്റെ വീട്ടിലെത്തുന്ന ഹില്‍ഡയെ അയാളും കാതറിനും നിരാശപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നത് മറ്റൊരു കാര്യം. തന്റെ പിതാവിനെ മരണക്കിടക്കയില്‍ നിന്ന് രക്ഷിക്കാനായില്ല എന്നതിനാലാണ് അലക്സ് നിരാശനാകുന്നതെങ്കില്‍, തന്റെ സ്ഥാനത്ത് ആല്‍ബര്‍ടിന്റെ സമീപസ്ഥ കാമുകിയായി ഹില്‍ഡ മാറിയതിലുള്ള പകപ്പും അസൂയയും പുഛവുമാണ് കാതറിനെ വിരക്തയാക്കുന്നത്. തന്റെ ശ്രമം എന്നിട്ടും ഹില്‍ഡ ഉപേക്ഷിക്കുന്നില്ല. അബോധസ്ഥനായ ഏബ്രഹാം തോമസിന്റെ അടുത്ത് അവള്‍ നെടുനാളത്തെ ആഗ്രഹസഫലീകരണമായ ആ ഒപ്പിട്ടതും നല്ല അഭിപ്രായങ്ങളെഴുതിയതുമായ പ്ളാനുമായെത്തുമ്പോള്‍ അയാള്‍ക്ക് ബോധം തെളിയുകയും നീയെതാ കൊച്ചേ എന്നയാള്‍ അന്വേഷിക്കുകയുമാണ്. തന്റെ മകന്റെ പ്രൊഫഷനില്‍ തന്റെ തന്നെ ശിഷ്യനും പിന്തുടര്‍ച്ചക്കാരനുമായ ആല്‍ബര്‍ട് വരുത്തിവെച്ച വിനാശങ്ങള്‍ മാത്രമേ അദ്ദേഹത്തെ അലട്ടിയിരുന്നുള്ളൂ എന്നാണ് ആ അന്വേഷണം തെളിയിക്കുന്നത്. തന്റെ മകന്റെ പ്രതിശ്രുത വധുവിനെ ആല്‍ബര്‍ട് കാമന കൊണ്ട് കീഴടക്കിയിരുന്നു എന്നും ഇപ്പോഴാ സ്ഥാനത്തേക്കാണ് ഈ കൊച്ചുപെണ്ണ് വന്നിരിക്കുന്നത് എന്നുമൊന്നും അയാള്‍ അറിയുന്നില്ല.

സ്നേഹബന്ധം, വിവാഹം എന്നീ പരികല്‍പനകളെയും നാടകകാരന്‍ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. തറവാട്ടുവീട് കത്തിപ്പോകുകയും അതില്‍പ്പെട്ട് തങ്ങളുടെ ഇരട്ടകളായ പിഞ്ചോമനകള്‍ വെന്തു മരിക്കുകയും ചെയ്തതിന്റെ ദുരന്തമേറ്റുവാങ്ങിയവരാണ് ആല്‍ബര്‍ട്ടും ഭാര്യ ആലീസും (ശ്വേതാ മേനോന്‍). പേടിസ്വപ്നങ്ങളുടെ കിടക്കയില്‍ മയങ്ങിയും ഉണര്‍ന്നും വേദനിക്കുന്ന അവളെ സാക്ഷി നിര്‍ത്തിക്കൊണ്ടാണ്, ദൈവങ്ങള്‍ക്കു പകരം മനുഷ്യര്‍ക്കു പാര്‍ക്കാനുള്ള ഭവനങ്ങള്‍ സൃഷ്ടിച്ച തനിക്ക് തെറ്റിപ്പോയി എന്നയാള്‍ വിലപിക്കുന്നത്. കാരണം, താന്‍ നിര്‍മിച്ച ഭവനങ്ങളിലൊന്നും സന്തോഷമുള്ള മനുഷ്യര്‍ക്ക് പാര്‍ക്കാനായില്ല എന്നയാള്‍ തിരിച്ചറിഞ്ഞു. സന്തോഷമില്ലെങ്കില്‍ അവരെങ്ങിനെയാണ് മനുഷ്യരാവുന്നത് എന്നും അവരില്‍ നിന്നൊക്കെയും സന്തോഷം തിരിച്ചെടുത്ത ദൈവമെങ്ങിനെയാണ് ദൈവമാകുന്നത് എന്നുമുള്ള ചോദ്യങ്ങളാണ് ഇബ്സണ്‍ ഉയര്‍ത്തുന്നത്. നൂറ്റാണ്ടുകളെ കടന്നുകൊണ്ട് ആ ചോദ്യങ്ങളുടെ മുഴക്കത്തെ അനുഭവിപ്പിക്കുവാന്‍ ചലച്ചിത്രകാരന് സാധിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്. ദൈവം ചേര്‍ത്തുവെച്ചത് മനുഷ്യന് വേര്‍പിരിക്കാനാവില്ല എന്ന സാക്ഷ്യപ്പെടുത്തലോടെ ദൈവസന്നിധിയില്‍ വിവാഹിതരാവുന്ന ദമ്പതികളുടെ പരസ്പരവിശ്വാസത്തിലും സ്നേഹത്തിലും പില്‍ക്കാലത്ത് വരുന്ന ഇടര്‍ച്ചകളെയും മുറിവുകളെയും ദൈവത്തിനെന്തുകൊണ്ട് പരിഹരിക്കാനാവുന്നില്ല എന്ന ചോദ്യമാണ് ഉയര്‍ത്തപ്പെടുന്നത്. വിവാഹത്തിന്റെ കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു മുമ്പു തന്നെ അലക്സിനെ കാതറിന്‍ വഞ്ചിക്കാനാരംഭിക്കുന്നതിനും ആരാണ് ഉത്തരവാദി? ആ വഞ്ചനക്കുള്ളിലും വഞ്ചന കാണപ്പെടുന്നത് (ആല്‍ബര്‍ടിന്റെ കാതറിനോടുള്ള കാമന വെറും നാട്യമായിരുന്നെന്ന ഭാഷ്യം) ദാക്ഷിണ്യമില്ലാത്ത ദൈവനീതിയുടെ ഉദാഹരണമാണോ?

കാമനയും സദാചാരവും തമ്മിലുള്ള പാരസ്പര്യവും വൈരുദ്ധ്യവുമാണ് നാടകത്തിലെയും സിനിമയിലെയും പ്രധാനപ്പെട്ട മറ്റൊരു പ്രമേയം. കുട്ടികള്‍ നഷ്ടമായ, നിരാശയായ തന്റെ മുമ്പില്‍ വെച്ച് മറ്റു ചെറുപ്പക്കാരികളുമായി സല്ലപിക്കുകയും വ്യഭിചരിക്കുകയും ചെയ്യുന്ന ഭര്‍ത്താവിന്റെ ചെയ്തികളെ ആലീസ് എതിര്‍ക്കുന്നതായി നമുക്കനുഭവപ്പെടുന്നില്ല. മഴയത്ത് കയറി വന്ന് അവരുടെ വീട്ടില്‍ സ്ഥിരതാമസക്കാരിയാകുന്ന ഹില്‍ഡയോട് ഒരിക്കലവള്‍ മനസ്സു തുറക്കുന്നു. തന്റെ കുഞ്ഞുങ്ങള്‍ നഷ്ടപ്പെട്ടതു പോലുമല്ല തന്നെ വേദനിപ്പിക്കുന്നത് എന്നാണവള്‍ പറഞ്ഞത്. കുഞ്ഞുങ്ങളെ ദൈവം വിളിച്ചതായിരിക്കും; അവരവിടെ സുരക്ഷിതരായിരിക്കും എന്നാണവള്‍ സമാധാനപ്പെടുന്നത്. എന്നാല്‍, ചുമരിലുണ്ടായിരുന്ന ഛായാചിത്രങ്ങള്‍, പട്ടുടുപ്പുകള്‍, തന്റെ പ്രിയപ്പെട്ട പാവക്കുട്ടികള്‍ എന്നിവ നഷ്ടമായതാണ് തന്റെ തീരാദു:ഖത്തിന്റെ കാരണം എന്നാണവള്‍ വിലപിക്കുന്നത്. നാടക സംഭാഷണത്തിലും മികവാര്‍ന്ന ചലച്ചിത്രവല്‍ക്കരണത്തിലും അവളുദ്ദേശിക്കുന്നത് പ്രത്യക്ഷാര്‍ത്ഥമാണോ അതോ വിരുദ്ധാര്‍ത്ഥമാണോ എന്ന് വ്യക്തമാകുന്നില്ല. ഇത്തരത്തിലുള്ള അവ്യക്തതകള്‍ ചേര്‍ന്നു രൂപീകരിക്കുന്ന സന്ദിഗ്ദ്ധതകളാണ് ഒരു കലാസൃഷ്ടിയുടെ സര്‍ഗാത്മകപ്രാധാന്യം എന്നിരിക്കെ നാടകത്തെയും നൂറ്റാണ്ടു കടന്ന് സൃഷ്ടിക്കപ്പെടുന്ന ചലച്ചിത്രഭാഷ്യത്തിന്റെയും ആഴങ്ങള്‍ അനുവാചകരെ അസ്വസ്ഥപ്പെടുത്തുക തന്നെ ചെയ്യും.

സങ്കീര്‍ണമായ സംഭാഷണങ്ങള്‍ കൊണ്ട് നിബിഡമായ മാസ്റര്‍ ബില്‍ഡര്‍എന്ന നാടകത്തെ കാര്യമായ ആഖ്യാനവ്യതിയാനങ്ങളില്ലാതെ ചലച്ചിത്രവത്ക്കരിക്കുക എന്ന സാഹസത്തില്‍ ദൃശ്യശില്‍പത്തിന്റെ സവിശേഷമായ വ്യതിരിക്തത പ്രകടിപ്പിക്കാനായി എന്നതും എടുത്തുപറയേണ്ടതാണ്. ആദ്യരംഗത്തിലും അവസാന രംഗത്തിലും യഥാക്രമം പള്ളിഗോപുരത്തിന്റെയും താന്‍ പുതുതായി പണിത തന്റെ തന്നെ വീടിന്റെ ഗോപുരത്തിന്റെയും മുകളില്‍ അള്ളിപ്പിടിച്ചു കയറുന്ന ആല്‍ബര്‍ടിന്റെ ദൃശ്യം താഴെ നിന്നും മുകളില്‍ നിന്നും മാറി മാറി ചിത്രീകരിക്കുമ്പോള്‍ ആഹ്ളാദം, അസൂയ, ഭീതി, വിജയാരവം, വീഴ്ച എന്നിങ്ങനെയുള്ള വികാരങ്ങളൊക്കെ ഒന്നിച്ചും ഒന്നിനു മേല്‍ ഒന്നായും പ്രേക്ഷകനില്‍ അനുഭവവേദ്യമാകന്നു. അവസാന രംഗത്തിലെ നായകന്റെ വീഴ്ച സിനിമയിലുടനീളമുള്ള സന്ദിഗ്ദ്ധതയുടെ പ്രത്യക്ഷമായി തിയേറ്റര്‍ വിട്ടുപോന്നിട്ടും നമ്മെ വേട്ടയാടിക്കൊണ്ടേയിരിക്കും. അന്ത്യദൃശ്യത്തിനു തൊട്ടുമുമ്പായി ആല്‍ബര്‍ട്ടും ഹില്‍ഡയും തമ്മിലുള്ള സംഭാഷണത്തിന്റെ ദൃശ്യം ഹില്‍ഡക്കു പിറകില്‍ നിന്ന് ലോ ആങ്കിളില്‍ അവള്‍ക്ക് അഭിമുഖമായുള്ള ആല്‍ബര്‍ടിനെ ചിത്രീകരിക്കുമ്പോള്‍ അയാള്‍ തന്നെ ഒരു ഗോപുരമായി നീണ്ടു നിവര്‍ന്നു വളരുന്നതായി തോന്നിപ്പിക്കും.

ഹില്‍ഡയുമായുള്ള ആല്‍ബര്‍ടിന്റെ ബന്ധം അഥവാ ഹില്‍ഡ എന്ന കഥാപാത്രമാണ് പ്രസക്തവും സങ്കീര്‍ണവുമായ മറ്റൊരു പ്രശ്നവിഷയം. ഹില്‍ഡ ഒരു യഥാതഥ കഥാപാത്രമല്ലെന്നും അയാളുടെ മനസ്സിലെ ആസക്തിയുടെ പ്രത്യക്ഷമാണെന്നും കരുതാവുന്നതുമാണ്. ചിത്രത്തിന്റെ ആരംഭത്തില്‍ താന്‍ പൂര്‍ത്തിയാക്കിയ പള്ളിഗോപുരത്തിനു മുകളില്‍ പുഷ്പഹാരമണിയിച്ച ശേഷം താനിനി മനുഷ്യര്‍ക്കുള്ള ആലയങ്ങളാണ് പണിയുന്നത് എന്നു പ്രഖ്യാപിക്കുന്നത് നോക്കി നിന്ന വെള്ള വസ്ത്രമണിഞ്ഞ നിരവധി കുട്ടികളിലൊരാളായിരുന്നു അവള്‍. അയാളോടുള്ള തികഞ്ഞ ആരാധനയുണ്ടായിരിക്കെത്തന്നെ ആ രാജശില്‍പിക്ക് കാലിടറിയാലോ എന്നാശങ്കിച്ച ഒരു കൊച്ചു പിശാചായിരുന്നു താനെന്നാണവള്‍ സ്മരണയെ ഉണര്‍ത്തുന്നത്. ആരാധനയും അസൂയയും ആരാധ്യപുരുഷന്റെ വീഴ്ചയെ പ്രതീക്ഷിക്കുന്ന ഒരു പൈശാചികാത്മാവും ഒരുമിച്ച് ഉള്ളില്‍ പേറുന്ന മനുഷ്യമനസ്സിന്റെ പ്രവര്‍ത്തനത്തെ ഈ ഓര്‍മയിലൂടെ വെളിപ്പെടുത്തപ്പെടുകയും വിചാരണ ചെയ്യപ്പെടുകയുമാണ്. ഗോപുരത്തില്‍ നിന്ന് ഇറങ്ങി വന്ന ആല്‍ബര്‍ട്ട് വിരുന്നിനായി അവളുടെ ഭവനത്തിലെത്തുകയും അവളുടെ മുറിയില്‍ കടന്നു വന്ന് അവളെ കോരിയെടുക്കുകയും ചുമരില്‍ ചേര്‍ത്തു നിര്‍ത്തി ആവോളം ചുണ്ടില്‍ ചുംബിക്കുകയും ചെയ്തു എന്നവള്‍ ഓര്‍മിക്കുമ്പോള്‍ ആദ്യമയാളത് നിഷേധിക്കുകയാണ് ചെയ്യുന്നത്. പത്തു വര്‍ഷം കഴിഞ്ഞ് താന്‍ തിരിച്ചുവരുമെന്നും അവളെ കൊണ്ടുപോകുമെന്നും അവളെ വാഴിക്കാനായി ഒരു സാമ്രാജ്യം തന്നെ പണിതുയര്‍ത്തുമെന്നു അയാളുറപ്പു നല്‍കിയിരുന്നു. ആ ഉറപ്പ് പാലിക്കപ്പെട്ടതായി കാണാത്തതിനാലാണ് അവളയാളെ അന്വേഷിച്ചവിടെയെത്തിയത്. ഇതൊക്കെ നീ കണ്ട സ്വപ്നമായിരിക്കുമെന്ന് ആദ്യം പറഞ്ഞ അയാള്‍ പിന്നെ പറഞ്ഞത് അല്ല, ഞാന്‍ കണ്ട സ്വപ്നമായിരുന്നിരിക്കാനും മതി എന്നാണ്. അതായത്, താന്‍ കാണുന്നതും വിഭാവനം ചെയ്യുന്നതും അനുഭവിക്കുന്നതുമായ സ്വപ്നങ്ങള്‍, യാഥാര്‍ത്ഥ്യങ്ങള്‍, അനുഭവങ്ങള്‍, ആഹ്ളാദങ്ങള്‍, വേദനകള്‍ എന്നിവയെല്ലാം അവരവര്‍ സ്വയം സൃഷ്ടിച്ചെടുക്കുന്നതാണ് എന്ന വ്യാഖ്യാനമാണിവിടെ വ്യക്തമാകുന്നത്. ചിലത് ആഗ്രഹിക്കാനും നേടിയെടുക്കാനും വേണ്ട ഇഛാശക്തി പ്രകടിപ്പിക്കുന്നവരുടെ മനസ്സുകള്‍ക്കും പ്രവൃത്തികള്‍ക്കുമനുസരിച്ചാണ് ലോകം മാറി മറിയുന്നത് എന്ന തത്വവല്‍ക്കരണവും ആല്‍ബര്‍ടിന്റെ സ്വരത്തിലൂടെ ഇബ്സണ്‍ പ്രഖ്യാപിക്കുന്നു. മറ്റാണുങ്ങളെ കൊന്നുതള്ളി പെണ്ണുങ്ങളെ കീഴടക്കുന്ന ഒരു പോരാളിയെയാണ് താന്‍ ആല്‍ബര്‍ടില്‍ ദര്‍ശിക്കുന്നതെന്നും അപ്രകാരം കീഴടങ്ങുന്ന ഒരു പെണ്ണായി താന്‍ സ്വയം വിചാരിക്കുകയാണെന്നും അതില്‍ താന്‍ കോരിത്തരിക്കുന്നുവെന്നും അവള്‍ വിവരിക്കുന്നുണ്ട്. നീ മരങ്ങള്‍ക്കിടയില്‍ പാറിനടക്കുകയും ഒളിച്ചിരിക്കുകയും ചെയ്യുന്ന ഒരു കാട്ടുപക്ഷിയാണെന്നയാള്‍ പറയുമ്പോള്‍ ആ ഉപമ തെറ്റിയെന്നും ആകാശഗോപുരങ്ങളെ വേട്ടയാടുന്ന ഒരു വേട്ടപ്പക്ഷിയാണെന്നും അവള്‍ തിരുത്തുന്നു. ഈ തിരുത്തല്‍ അയാളെ ഒരേ സമയം ആഹ്ളാദിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാരണം, നിന്റെ തീക്ഷ്ണയൌവനം ഉണര്‍ത്തിവിട്ട ഉന്മാദം എന്നെ ഉന്മത്തനാക്കിയെന്നും അതിന്റെ ലഹരിയില്ലാതെ തനിക്കിനി ജീവിക്കാനാവില്ലെന്നും അയാളവളോട് മുമ്പൊരവസരത്തില്‍ പറഞ്ഞിരുന്നുവല്ലോ. ആണ് പെണ്ണിനെ കരുത്ത് കൊണ്ട് കീഴടക്കുകയാണോ ചെയ്യുന്നത് അഥവാ പെണ്ണ് അവളുടെ മേനിമികവിലൂടെ ആണിനെ വേട്ടയാടുകയാണോ ചെയ്യുന്നത് എന്ന കാമത്തിന്റെയും കാമനയുടെയും ബലാത്സംഗമടക്കമുള്ള ബന്ധപൂര്‍ത്തീകരണങ്ങളുടെയും ന്യായാന്യായങ്ങളെ സംബന്ധിച്ച യുക്തിവിചാരമാണ് ഇബ്സണ്‍ ലോക മാനവികതക്കു മുമ്പില്‍ പ്രശ്നവല്‍ക്കരിക്കുന്നത്.

സ്ത്രീ പുരുഷ ബന്ധത്തെ സംബന്ധിച്ച ഈ സന്ദിഗ്ദ്ധതയും സങ്കീര്‍ണതയും നൂറു വര്‍ഷങ്ങള്‍ക്കു ശേഷവും മൂര്‍ഛിച്ചിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യമാണ് ആകാശഗോപുരത്തിലൂടെ കെ പി കുമാരന്‍ അടയാളപ്പെടുത്തുന്നത്. ദശകങ്ങളിലൂടെ പക്വതയാര്‍ജിച്ച മലയാള സിനിമയുടെയും നടീനടന്മാരുടെയും അടിസ്ഥാനോര്‍ജ്ജത്തെ പ്രയോജനപ്പെടുത്തിക്കൊണ്ട് അദ്ദേഹം കെട്ടിയുണ്ടാക്കുന്ന ഈ ചലച്ചിത്ര ശില്‍പം അനാവശ്യമായ എടുപ്പുകളായി കേരളം/കേരളീയത/മലയാളം എന്നിവയെ ഗോഷ്ഠിയാക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ ഒരു സവിശേഷത. ഷെക്സ്പിയറുടെ മാക്ബത്ത് ജാപ്പനീസ് സമുറായ് പോരാട്ടത്തിന്റെ ഐതിഹാസികതയിലേക്ക് പരിഭാഷപ്പെടുത്തുന്ന കുറോസാവയുടെ രീതികളെ(ത്രോണ്‍ ഓഫ് ബ്ളഡ്) സര്‍ഗാത്മകത ലവലേശമില്ലാത്ത ചിലര്‍ അന്ധമായി അനുകരിക്കാന്‍ മുമ്പ് മലയാളത്തില്‍ ശ്രമം നടത്തിയിരുന്നു. തെയ്യവും തിറയും കുറച്ചു വള്ളുവനാടന്‍ ഭാഷയും തിരുകിക്കയറ്റി ഉണ്ടാക്കുന്ന അത്തരം കയറ്റുമതിച്ചരക്കുകളുടെ അപകടത്തിലും വിഡ്ഢിത്തത്തിലും നിന്ന് എത്രയോ ഉയരത്തിലുള്ള ഗോപുരങ്ങളാണ് കെ പി കുമാരന്‍ വിഭാവനം ചെയ്തതും സാക്ഷാത്ക്കരിച്ചതും എന്നതാണ് ആഹ്ളാദകരമായ മറ്റൊരു കാര്യം. അതിനര്‍ത്ഥം, മലയാളിയുമായോ കേരളവുമായോ ഈ സിനിമ ഒരു തരത്തിലും ചേര്‍ന്നു നില്‍ക്കുന്നില്ല എന്നല്ല. കേരളീയസമൂഹം കഴിഞ്ഞ ദശകങ്ങളിലനുഭവിച്ചതും ഇപ്പോള്‍ സ്ഫോടനാത്മകമായ രീതിയിലെത്തിയിട്ടുള്ളതുമായ സദാചാരം, ലൈംഗിക കാമന, സ്ത്രീ പുരുഷ ബന്ധം, വിവാഹം, സ്നേഹം തുടങ്ങിയ സമസ്യകളെ ആകാശഗോപുരത്തിന്റെ ആസ്വാദനത്തിലൂടെ നാം അടുത്തറിയുന്നു. കഥകളിത്തലകളും വഞ്ചിപ്പാട്ടും നിലവിളക്കും താലപ്പൊലിയും കൈകൊട്ടിക്കളിയും പോലുള്ള സാംസ്കാരികബിംബങ്ങളെ എടുപ്പുഭാണ്ഡങ്ങളായി അശ്ളീലവത്ക്കരിക്കാതെ ലോകസാഹിത്യത്തെയും കലയെയും മലയാളത്തിന്റെ ഘനഗാംഭീര്യത്തോടെ അവതരിപ്പിക്കാനായി എന്നതു തന്നെയാണ് കെ പി കുമാരന്റെ ചലച്ചിത്രഭാഷ്യത്തെ വ്യതിരിക്തമാക്കുന്നത്.

Friday, September 12, 2008

ദരിദ്രരുടെ ചൂട്ടുവിളക്കുകള്‍

ആഫ്രിക്കയ്ക്കകത്തും പുറത്തുമായി ജീവിക്കുന്ന ആഫ്രിക്കക്കാരുടെ സിനിമകളെയാണ് പൊതുവെ ആഫ്രിക്കന്‍ സിനിമയായി പരിഗണിക്കുന്നത്. നൂറ്റാണ്ടുകളുടെ അടിമത്തമാണ് ആഫ്രിക്ക അനുഭവിച്ചത്. 1960കളോടെ ഏറെ രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും ഭാഷയിലും സംസ്കാരത്തിലും ജീവിത പരിതസ്ഥിതികളിലും കൊളോണിയലിസം സൃഷ്ടിച്ചുവെച്ച മുദ്രകളും ഭാണ്ഡക്കെട്ടുകളും പരിഹരിക്കാന്‍ ഇനിയും നൂറ്റാണ്ടുകളെടുത്തേക്കും. കറുപ്പ് എന്നാല്‍ തിന്മ എന്നും വെളുപ്പ് എന്നാല്‍ നന്മ എന്നുമുള്ള വിവേചനം പോലും വെളുത്ത വംശജരുടെ വര്‍ണവെറിയെയാണ് ആന്തരീകരിക്കുന്നതെന്ന് ബോധ്യപ്പെടാതെ ലോകം മുഴുവനും അംഗീകരിച്ചു പോരുകയാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കൊളോണിയല്‍ കാലഘട്ടത്തിലെ ആഫ്രിക്കന്‍ സിനിമ എന്നാല്‍ പാശ്ചാത്യ സിനിമാ സംവിധായകര്‍ ആഫ്രിക്കയെക്കുറിച്ചെടുത്ത സിനിമ എന്നാണ് വിശദീകരിക്കപ്പെടുക. അന്ന് ആ സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തമായി ചരിത്രവും സംസ്ക്കാരവും ഇല്ലാത്ത ഒരു താഴ്ന്ന തരം ജനതയായി ആഫ്രിക്കന്‍ വംശജര്‍ ഈ സിനിമകളില്‍ സ്ഥാനപ്പെടുത്തപ്പെട്ടു. ടാര്‍സന്‍, ഫാന്റം, ദ ആഫ്രിക്കന്‍ ക്യൂന്‍, കിംഗ് സോളമന്‍സ് മൈന്‍സ്, വൈല്‍ഡ് സ്റോറീസ് എന്നിങ്ങനെ സീരിയലൈസ് ചെയ്യപ്പെട്ട അനവധി ആഫ്രിക്കന്‍ കഥകള്‍ സിനിമകളായി തുരുതുരാ പുറത്തു വന്നപ്പോള്‍ അതിലൊക്കെ കാട്ടുമനുഷ്യരും ആദിവാസികളും ആഫ്രിക്കക്കാരും കറുത്ത തൊലി നിറമുള്ളവരും നിരന്തരമായി അപഹസിക്കപ്പെട്ടു. ആ പരിഹാസമായിരുന്നു അത്തരം ചിത്രങ്ങളുടെയെല്ലാം വിജയ ഫോര്‍മുല. ഫ്രഞ്ച് കോളനി രാജ്യങ്ങളില്‍ ആഫ്രിക്കന്‍ വംശജര്‍ സിനിമ യെടുക്കുന്നതിന് നിരോധനം തന്നെ നിലനിന്നിരുന്നു. ഫ്രഞ്ച് ആഫ്രിക്കയിലെ ആദ്യ 'ആഫ്രിക്കന്‍' സിനിമയായി പരിഗണിക്കപ്പെടുന്ന ല ആഫ്രിക്ക സര്‍ സീനെ (1955/സംവിധാനം: പോളിന്‍ സോമാനൌ വിയേറ) യഥാര്‍ത്ഥത്തില്‍ പാരീസിലാണ് ചിത്രീകരിക്കപ്പെട്ടത്. അതുപോലെ തന്നെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് കൊളോണിയല്‍ വിരുദ്ധ സിനിമകള്‍ അപൂര്‍വമായിട്ടേ പുറത്തുവന്നിരുന്നുള്ളൂ. ക്രിസ് മേക്കറും അലന്‍ റെനെയും ചേര്‍ന്ന് സംവിധാനം ചെയ്ത ലെസ് സ്റാറ്റ്യൂസ് മ്യോറന്റ് ഓസി എന്ന സിനിമ ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഈ ചിത്രം പത്തു വര്‍ഷക്കാലത്തോളം ഫ്രാന്‍സില്‍ നിരോധിക്കപ്പെട്ടിരുന്നു. ആഫ്രിക്കന്‍ കല യൂറോപ്യന്‍മാര്‍ മോഷ്ടിക്കുന്നതാണ് ചിത്രത്തിന്റെ പ്രതിപാദ്യം. കോട്ടെ ഡി ഐവറിയിലും അപ്പര്‍ വോള്‍ട്ടയിലും നടന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തെക്കുറിച്ചുള്ള ആഫ്രിക്കെ ഫിഫ്റ്റി (സംവിധാനം: റെനെ വോത്തിയര്‍) മറ്റൊരുദാഹരണമാണ്.

ആഫ്രിക്കന്‍ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരിലൊരാളായ ഒസ്മാന്‍ സെംബെനേയുടെ ല നോയര്‍ ദെ അഥവാ കറുത്ത പെണ്‍കുട്ടി (1966) ആണ് അന്താരാഷ്ട്ര പ്രശംസ പിടിച്ചു പറ്റിയ ആദ്യത്തെ പ്രധാനപ്പെട്ട ആഫ്രിക്കന്‍ സിനിമ. സെനെഗാളാണ് സെംബെനെയുടെ രാജ്യം. ആഫ്രിക്കന്‍ സിനിമയുടെ പിതാവായി സെംബെനെ വിശേഷിപ്പിക്കപ്പെടുന്നു. 1923 ജനുവരി 1ന് ജനിച്ച സെംബെനെ 2007 ജൂണ്‍ 9നാണ് മരിച്ചത്. മുസ്ളിം വോളോഫ് വംശജനായ സെംബെനെ ഒരു മീന്‍ പിടുത്ത തൊഴിലാളിയുടെ മകനാണ്. വോളോഫ് എന്ന മാതൃഭാഷക്കു പുറമെ അറബും ഫ്രഞ്ചും പഠിച്ച സെംബെനെ പ്രിന്‍സിപ്പാളുമായി കലഹിച്ചതിനെ തുടര്‍ന്ന് പതിമൂന്നാം വയസ്സില്‍ പുറത്താക്കപ്പെട്ടു. പിന്നീട് അദ്ദേഹം പല പണികളും ചെയ്തു. 1944ല്‍ അദ്ദേഹം ഫ്രഞ്ച് പട്ടാളത്തിലും ചേര്‍ന്നിരുന്നു. 1947ല്‍ രാജ്യത്ത് തിരിച്ചെത്തിയ സെംബെനെ റെയില്‍വെ സമരത്തില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ മഹത്തായ നോവല്‍ ഗോഡ്സ് ബിറ്റ്സ് ഓഫ് വൂഡ് ഈ റെയില്‍ സമരത്തെ അവലംബിച്ചെഴുതിയതാണ്. പിന്നീട് ഫ്രാന്‍സിലെത്തിയ സെംബെനെ അവിടെ തൊഴിലാളിയായി പണിയെടുക്കുകയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലും കമ്യൂണിസ്റ് പാര്‍ടിയിലും പ്രവര്‍ത്തിക്കുകയും ചെയ്തു. വിയറ്റ്നാമില്‍ അമേരിക്ക നടത്തിയ യുദ്ധത്തിനാവശ്യമായ സാധനങ്ങള്‍ കൊണ്ടുപോകാനുള്ള കപ്പല്‍ തടഞ്ഞ സമരത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്തു. ഫ്രഞ്ച് ഭാഷയിലും മാതൃഭാഷയിലും നിരവധി നോവലുകളും സാഹിത്യകൃതികളും ഇക്കാലത്ത് അദ്ദേഹം എഴുതി. സാഹിത്യകാരന്‍ എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട കൂട്ടത്തില്‍ മോസ്കോയിലെത്തിയ സെംബെനെ അവിടെ ഒരു വര്‍ഷം താമസിച്ച് ഗോര്‍ക്കി സ്റുഡിയോവില്‍ നിന്ന് സിനിമ പഠിക്കുകയും ചെയ്തിരുന്നു. 1960ല്‍ സെനെഗാളില്‍ തിരിച്ചെത്തിയ സെംബെനെ കൂടുതല്‍ ജനങ്ങളോട് സംവദിക്കുന്നതിന് യുക്തമായ മാധ്യമം സിനിമയാണെന്ന് തിരിച്ചറിയുകയും ചലച്ചിത്രസംവിധാനത്തിലേക്ക് തിരിയുകയുമായിരുന്നു. ഫ്രാന്‍സില്‍ വീട്ടു വേലക്കാരിയായി ജോലി ചെയ്യുന്ന ഒരു ആഫ്രിക്കന്‍ വംശജയുടെ കഥയാണ് ബ്ളാക്ക് ഗേള്‍ എന്ന ആദ്യ ഫീച്ചര്‍. നിരവധി അവാര്‍ഡുകള്‍ ഈ ചിത്രത്തിന് ലഭിച്ചു. മണ്ഡാപി, സാല, സെഡ്ഡോ, ക്യാമ്പ് ദെ തിയറോയെ, ഗോള്‍വാര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാന സിനിമകള്‍. സാമ്രാജ്യത്വത്തിന്റെ ചരിത്രം, മതത്തിന്റെ പരാജയങ്ങള്‍, പുതിയ ആഫ്രിക്കന്‍ ബൂര്‍ഷ്വായെക്കുറിച്ചുള്ള വിമര്‍ശനം, ആഫ്രിക്കന്‍ സ്ത്രീത്വത്തിന്റെ കരുത്ത് എന്നിവയാണ് അദ്ദേഹം നിരന്തരമായി പരിചരിക്കുന്ന ആശയങ്ങള്‍. ആഫ്രിക്കന്‍ സ്ത്രീകളുടെ ശിശ്നഛേദന കര്‍മവും അതു സംബന്ധിച്ചുള്ള ചടങ്ങുകളും അന്ധവിശ്വാസങ്ങളുമാണ് അദ്ദേഹത്തിന്റെ അവസാന ചിത്രമായ മൂലാദേ (2004)യുടെ മുഖ്യ ഇതിവൃത്തം. കാനിലടക്കം നിരവധി മേളകളില്‍ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു. സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കു വേണ്ടിയുള്ളതാണ് സെംബെനെയുടെ സിനിമകള്‍. വെളിച്ചത്തിന്റെ മഹാമാര്‍ഗത്തിലേക്ക് ദരിദ്രരെ വഴി തെളിയിച്ചുകൊണ്ടുപോയ ചൂട്ടു വിളക്കുകളാണവ.

ബര്‍ക്കിനാ ഫാസോ, ടുണീഷ്യയിലെ കാര്‍ത്താഗോ എന്നീ നഗരങ്ങളില്‍ മാറി മാറി നടക്കുന്ന ചലച്ചിത്രമേളകളില്‍ ആഫ്രിക്കന്‍ സിനിമകള്‍ കാണുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. ഫെപ്പാസി (ഫെഡറേഷന്‍ ഓഫ് ആഫ്രിക്കന്‍ ഫിലിം മേക്കേഴ്സ്) എന്ന സംഘടന ആഫ്രിക്കന്‍ സിനിമയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. മെഡ് ഹോണ്ടോ സംവിധാനം ചെയ്ത ഓ സൊളേല്‍ ഓ (1969) ഫ്രാന്‍സില്‍ കറുത്ത തൊലിനിറത്തോടെ ജീവിക്കുന്നതിന്റെ വൈഷമ്യങ്ങള്‍ കൂടുതല്‍ തീവ്രതയോടെ ആവിഷ്ക്കരിക്കുന്നു. ദിബ്രില്‍ ദ്യോപ്പ് മാമ്പെറ്റിയുടെ തൂക്കി ബൂക്കി (1973) ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്. ദാക്കറിലെ യുവകമിതാക്കള്‍ പാരീസിലേക്ക് എന്തു വിലകൊടുത്തും നടത്താന്‍ തുനിയുന്ന ഒരു യാത്രയുടെ തയ്യാറെടുപ്പുകളെക്കുറിച്ചാണ് ഈ ചിത്രം. സൂളിമേന്‍ സിസ്സെ സംവിധാനം ചെയ്ത യീലേന്‍ (മാലി/1987), ചീക്ക് ഓമര്‍ സീസോക്കോ സംവിധാനം ചെയ്ത ഗ്യൂംബ (മാലി/1995) എന്നീ സിനിമകള്‍ പാശ്ചാത്യ പ്രേക്ഷകരില്‍ വലിയ താല്‍പര്യം ജനിപ്പിക്കുകയുണ്ടായി. ഴാങ് പിയെറേ ബെക്കാലോ സംവിധാനം ചെയ്ത ക്വാര്‍ട്ടിയര്‍ മൊസാര്‍ട്ട് (കാമറൂണ്‍/1992) ആഗോളവല്‍ക്കരിക്കപ്പെട്ട ആഫ്രിക്കന്‍ മഹാനഗരം എന്ന പുതിയ യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുന്നു.

ആഫ്രിക്കയിലെ ഏറ്റവും ശ്രദ്ധേയനായ രണ്ടാം തലമുറ സംവിധായകനാണ് അബ്ദറഹ്മാന്‍ സിസാക്കോ(മൌറീഷ്യാന). അദ്ദേഹത്തിന്റെ സിനിമകള്‍, 1960കളിലെ ആദ്യകാല ആഫ്രിക്കന്‍ സംവിധായകരുടെ ധീരമായ കാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. തീര്‍ച്ചയായും ആദ്യകാല സിനിമകളില്‍ നിന്ന് അവ ഒരു പാട് മുന്നോട്ടു പോയിട്ടുണ്ട്. പുതിയ കാലത്ത് പ്രസക്തമാവുന്ന ഇതിവൃത്തമുള്ള ബമാക്കോ ഇരുത്തം വന്ന ഒരു സംവിധായകന്റെ കൈയൊതുക്കമുള്ള സൃഷ്ടിയാണ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം, കോളനിവല്‍ക്കരണത്തിനെതിരായ ചെറുത്തു നില്‍പ്, പുതിയ ഭാഷ കണ്ടെത്താനുള്ള ശ്രമം - നിരാസത്തിന്റെ സിനിമയുടെ വക്താക്കള്‍ക്കുണ്ടായിരുന്ന ഊര്‍ജ്ജം സിസാക്കോയിലൂടെയും അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിലൂടെയും നമുക്ക് കണ്ടെത്താനാവും. പ്രാദേശിക ചരിത്രഗാഥകള്‍ അടുത്ത തലമുറക്ക് കൈമാറിയിരുന്ന ഗോത്രഗായകരെപ്പോലെ, തന്റെ കാലത്തെ അടയാളപ്പെടുത്തുകയാണ് ചലച്ചിത്രകാരന്റെ കടമ എന്ന ചിന്താഗതിയാണ് അക്കാലത്തുണ്ടായിരുന്നത്.

ആഫ്രിക്കന്‍ സിനിമയിലെ ഒരു സ്ഥിരം ഘടകമാണ് പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷം. ആഫ്രിക്കയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള അടുപ്പമായും അകലമായും വ്യാഖ്യാനിക്കാവുന്ന ഈ ഘടകം സിസാക്കോയുടെ ചിത്രങ്ങളിലും സജീവമാണ്. ആഫ്രിക്കയില്‍ നിന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള ദൂരം ഇക്കാലത്ത് വളരെ കുറഞ്ഞിട്ടുണ്ട്. ആഫ്രിക്ക കൂടി പങ്കു ചേരാന്‍ നിര്‍ബന്ധിതമായ ആഗോളീകരണത്തിന്റെ പരിണത ഫലമായി വേണമെങ്കില്‍ ഇതിനെക്കാണാം. പക്ഷെ, ആഫ്രിക്കയെ ഇതര ലോകത്തിന് പിന്നിലാക്കുന്ന സംഗതികള്‍ ഇപ്പോഴും അവിടെത്തന്നെ ധാരാളമുണ്ട്. ലൈഫ് ഓണ്‍ എര്‍ത്തില്‍ ഈ അന്തരം വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ അപര്യാപ്തതയായി അവതരിപ്പിക്കുന്നു. ടെലിഫോണ്‍ വിളിച്ചു കിട്ടാനും ഒരു ഭാഗ്യം വേണം എന്നാണ് ചിത്രത്തിലെ പബ്ളിക് ടെലിഫോണ്‍ ഓപ്പറേറ്റര്‍ പറയുന്നത്. സഹസ്രാബ്ദത്തിന്റെ അവസാനമാണ് ഈ ചിത്രം നിര്‍മിച്ചത്. പുതിയ സഹസ്രാബ്ദത്തിലേക്ക് ഔത്സുക്യത്തോടെ ഉറ്റുനോക്കുന്ന ലോകത്തെ മുഴുവനായി വരച്ചുകാട്ടാനായി ആര്‍ട്ടെ ടെലിവിഷന്‍ ചാനല്‍ പണം മുടക്കി ആരംഭിച്ച ചലച്ചിത്ര സംഘാതത്തില്‍ പ്രകോപന സ്വഭാവമുള്ള ലൈഫ് ഓണ്‍ എര്‍ത്ത് നിര്‍മ്മിച്ചുകൊണ്ടാണ് സിസാക്കോ പങ്കു ചേര്‍ന്നത്. തന്റെ അഛന്റെ വീടു സ്ഥിതി ചെയ്യുന്ന മാലിയിലെ ഒറ്റപ്പെട്ട ഒരു ഗ്രാമമാണ് സിസാക്കോ ചിത്രത്തിനായി തെരഞ്ഞെടുത്തത്. സഹസ്രാബ്ദം അവസാനിക്കുന്നതോ തുടങ്ങുന്നതോ അവിടത്തെ ജീവിതങ്ങളെ ബാധിക്കുന്നതേയില്ല. അന്നും പതിവുപോലെ ജീവിതം കരുപ്പിടിപ്പിക്കാനിറങ്ങിത്തിരിക്കുന്ന ഗ്രാമീണരെ സംബന്ധിച്ചിടത്തോളം സഹസ്രാബ്ദാഘോഷം അപ്രസക്തമാണ്. അവിടെ ടെലിവിഷന്‍ ദൃശ്യങ്ങളോ ഉത്സവാലങ്കാരങ്ങളോ ആഹ്ളാദപ്രകടനങ്ങളോ ഇല്ല. ഫ്രാന്‍സിലെ ആഘോഷങ്ങളുടെ മാറ്റൊലി, ഏക മാധ്യമമായ റേഡിയോയിലൂടെ നാട്ടുകാര്‍ക്ക് താല്‍പര്യമില്ലെങ്കിലും അവിടെ എത്തുന്നുണ്ടായിരുന്നു. പുതിയ സഹസ്രാബ്ദത്തിലേക്ക് ആഫ്രിക്ക കടന്നത് പ്രത്യേകിച്ചൊരു മാറ്റവും കൂടാതെയാണെന്ന് അതിശക്തമായി അവതരിപ്പിക്കുന്ന ചിത്രമാണ് ലൈഫ് ഓണ്‍ എര്‍ത്ത്.

ഇതേ അടയാളങ്ങള്‍ വെയിറ്റിംഗ് ഫോര്‍ ഹാപ്പിനെസിലും വരുന്നുണ്ട്. അല്‍പം വ്യത്യസ്തമായ രീതിയില്‍, ഇവിടെ ഒരു ഇലക്ട്രിക് ബള്‍ബാണ് പടിഞ്ഞാറിനെ പ്രതിനിധീകരിക്കുന്നത്. വ്യവസായവത്കൃത സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുപിടുത്തമായ വൈദ്യുതി, മനുഷ്യനും പകല്‍വെളിച്ചവും തമ്മിലുള്ള ബന്ധത്തെ വരെ മാറ്റിമറിച്ചു. ചിത്രത്തില്‍ ആരും കാണാനില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ടെലിവിഷന്‍ നോക്കി മാതാ എന്ന പ്രായമായ ഇലക്ട്രീഷ്യന്‍ ചോദിക്കുന്നത് അവര്‍ക്ക് ശരിക്കും വൈദ്യുതി ആവശ്യമുണ്ടോ എന്നാണ്. അതേ സമയം സാമ്പത്തിക ആഗോളവല്‍ക്കരണത്തിന്റെ മുദ്രകള്‍ ചിത്രത്തില്‍ പലയിടത്തും കാണാം. പുത്തന്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ചൈനീസ് വഴിയോരക്കച്ചവടക്കാരന്‍, കരോക്കെകള്‍ തുടങ്ങിയവ ഉദാഹരണങ്ങള്‍. ആഫ്രിക്കയുടെ രണ്ടു മുഖങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. ഒരു വശത്ത് ആഗോളീകരണത്തിന്റെ ചിഹ്ന വ്യവസ്ഥ സമൂഹത്തെ ഗ്രസിക്കുമ്പോള്‍ മറുവശത്ത് ആഫ്രിക്കയിലെ ഗ്രാമീണരുടെ ജീവിതം മാറ്റമില്ലാതെ തുടരുന്നു. പാശ്ചാത്യ അധിനിവേശം പുതിയൊരു സമയക്രമം പോലും ഇവിടെ സൃഷ്ടിക്കുന്നുണ്ട്. ആഫ്രിക്കയും പടിഞ്ഞാറന്‍ ജിവിതവും തമ്മിലുള്ള ദൂരം, സിസാക്കോയുടെ ചിത്രങ്ങളില്‍ ഇപ്രകാരം വ്യക്തമായും ശക്തമായുമാണ് ആവിഷ്ക്കരിക്കപ്പെടുന്നത്. ഇവിടെ ഭൂഖണ്ഡാന്തര സംവാദമാകുകയാണ് സിസാക്കോയുടെ സിനിമ.

ആഗോളവല്‍ക്കരണം ആഫ്രിക്കന്‍ സമൂഹത്തില്‍ സൃഷ്ടിച്ച ഉച്ചനീചത്വങ്ങളെ പ്രതീകാത്മകമായ വിചാരണക്ക് വിധേയമാക്കുകയാണ് ബമാക്കോയില്‍. ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയുമാണ് ഈ വിചാരണയില്‍ പ്രതി ചേര്‍ക്കപ്പെടുന്നത്. മാലിയുടെ തലസ്ഥാനമായ ബമാക്കോയുടെ പ്രാന്തപ്രദേശത്തുള്ള ഒരു വീട്ടുമുറ്റത്താണ് പ്രതീകാത്മക വിചാരണ നടക്കുന്നത്.രംഗത്തുള്ള അഭിഭാഷകരെ സിസാക്കോ രണ്ടു ഗ്രൂപ്പാക്കിയിരിക്കുന്നു. ഒരു കൂട്ടര്‍ ആഫ്രിക്കന്‍ ജനതക്കു വേണ്ടിയും മറ്റൊരു കൂട്ടര്‍ പ്രതികള്‍ക്കു വേണ്ടിയും വാദിക്കുന്നു. ആഫ്രിക്കയെ തകര്‍ത്തതില്‍ ഈ രണ്ടു സംഘടനകള്‍ക്കുമുള്ള പങ്ക് വിചാരണ ചെയ്യപ്പെടുമ്പോള്‍ സാധാരണ ജീവിതം അഭംഗുരം തുടരുന്നു. സങ്കല്‍പനത്തേയും യാഥാര്‍ത്ഥ്യത്തെയും ചെറിയ അതിര്‍വരമ്പിട്ട് വേര്‍തിരിക്കുന്ന സിസാക്കോയുടെ പതിവുരീതി തന്നെയാണിവിടെയുമുള്ളത്. പലപ്പോഴും യഥാര്‍ത്ഥജീവിതത്തില്‍ നിന്നുള്ളവര്‍ ഈ ചെറിയ അതിര്‍വരമ്പ് ലംഘിച്ച് ഈ വിചാരണയില്‍ പങ്കെടുക്കുന്നു. പ്രതികള്‍ക്കെതിരെ തെളിവു നല്‍കാന്‍ പലപ്പോഴും ഗ്രാമീണര്‍ സാങ്കല്‍പികമായ കോടതിമുറിയിലേക്ക് ക്ഷണിക്കപ്പെടുകയാണ്. റെയില്‍ സര്‍വീസ് നിര്‍ത്തലാക്കിയതോടെ പൂര്‍ണ്ണമായും ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീ ഈ വിചാരണയില്‍ പങ്കെടുക്കുന്നു. റെയില്‍ഗതാഗതം സ്വകാര്യവല്‍ക്കരിച്ചതോടെ ഇത് സാധാരണക്കാര്‍ക്ക് അപ്രാപ്യമാവുന്നത് ആഫ്രിക്കയിലെ സാമൂഹ്യ യാഥാര്‍ത്ഥ്യമാണ്. പൊതു ഗതാഗതസംവിധാനം ഇല്ലാതാക്കിക്കൊണ്ട് എങ്ങനെ ഒരു സമൂഹത്തിന് വികസനപാതയിലെത്താന്‍ കഴിയുമെന്നാണ് ബമാക്കോയിലെ സാങ്കല്‍പികകോടതിയില്‍ ഉയരുന്ന ഒരു പ്രധാന ചോദ്യം. ആഫ്രിക്കന്‍ വന്‍കരയുടെ ദുരിതങ്ങള്‍ ലോകത്തിന് ഏറെ പരിചിതമാണ്. നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വന്‍കരയെ ചിത്രീകരിക്കുന്നത് ദുരിതങ്ങളിലൂടെ മാത്രമാണ്. എന്നാല്‍, പാശ്ചാത്യ ലോകവുമായി നടക്കുന്ന സംവാദങ്ങളുടെ കര്‍തൃസ്ഥാനത്ത് ആഫ്രിക്കയെ പ്രതിഷ്ഠിച്ചുകൊണ്ട് ഒരു വഴിത്തിരിവുണ്ടാക്കുകയാണ് സിസാക്കോയുടെ സിനിമ. കൃത്യമായ നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ സിനിമകളുടെ നിരാശാഭരിതവും വേദനിപ്പിക്കുന്നതുമായ ഭാവമല്ല. മറിച്ച് സംവേദനാത്മകമായ ആഹ്ളാദമാണ് ബമാക്കോയുടെ സവിശേഷത.

സംസ്ക്കാരം, കല, ജീവിതം, സാമ്പത്തിക വ്യവസ്ഥ എന്നീ പ്രതിഭാസങ്ങളെല്ലാം ആഗോള സാമ്രാജ്യത്വ ശക്തികളുടെ അധീശത്വത്തിനോ വിഴുങ്ങലിനോ വിധേയമാകുന്ന ദുരവസ്ഥയെ മൂന്നാംലോക രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ പ്രത്യേകിച്ച് ചലച്ചിത്രകാരന്മാര്‍ എപ്രകാരമാണ് അഭിമുഖീകരിക്കുന്നത് എന്നത് തുടരെ തുടരെ മുഴങ്ങുന്ന ഒരു ചോദ്യമാണ്. ഈ ചോദ്യത്തിന്റെ ഉത്തരം അവ്യക്തമാണെങ്കിലും ചോദ്യത്തിന്റെ പ്രസക്തി അതുകൊണ്ടില്ലാതാകുന്നില്ല. ആഫ്രിക്കന്‍ സിനിമ, 'ഇരുണ്ടുപോയതു' കൊണ്ട് മുഖ്യധാരയില്‍ നിന്ന് നിഷ്ക്കാസിതരാക്കപ്പെട്ട ജനങ്ങളെയാണ് പ്രത്യക്ഷ വിഷയമാക്കുന്നത്. അതുകൊണ്ടു തന്നെയാണ് ആ സിനിമകളെ വൈജാത്യങ്ങള്‍ക്കിടയിലും ഒന്നിച്ച് പോരാടുന്ന മാനുഷിക പ്രതിരോധത്തിന്റെ അടയാളമായി രേഖപ്പെടുത്താന്‍ ചരിത്രത്തെ നിര്‍ബന്ധിപ്പിക്കുന്നത്.