Saturday, January 3, 2009

വായനയുടെ പരോളുകള്‍

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തുടങ്ങിയ, കൈകള്‍ ആകാശത്തേക്കുയര്‍ത്തിയും കാലുകള്‍ വിടര്‍ത്തി വെച്ചുമുള്ള നവോത്ഥാന (ആണ്‍) മനുഷ്യന്റെ 'മുന്നോട്ടുള്ള' പ്രയാണത്തെയാണോ അതോ മൃഗ-ജന്തു-പ്രാകൃതികതയിലേക്കുള്ള 'പിന്മടക്ക'ത്തെയാണോ യഥാര്‍ത്ഥത്തില്‍ കവിത 'വഹിക്കു'ന്നത്? അതിലളിതമായ ഭാഷയിലെഴുതിയ ടി പി വിനോദിന്റെ കവിതകള്‍ നടത്തുന്ന തീക്ഷ്‌ണവും സങ്കീര്‍ണവുമായ പാച്ചിലുകള്‍ പുരോഗമനത്തെക്കുറിച്ചുള്ള ഇത്തരം ചില സ്ഥലജലവിഭ്രമങ്ങളിലേക്ക് വായനക്കാരനെ(ക്കാരിയെ) നയിച്ചേക്കാം. ജര്‍മന്‍ സംവിധായകനായ വോള്‍ക്കര്‍ ഷ്ളോന്ദോര്‍ഫ് സംവിധാനം ചെയ്ത ഉള്‍ഷാന്‍ എന്ന ഖസാഖ് സിനിമയില്‍ സോവിയറ്റ് യൂണിയനും സ്വതന്ത്ര ഖസാഖ്‌സ്‌ഥാനും തമ്മിലുള്ള വ്യത്യാസമെന്തായിരുന്നു എന്ന് മുഖ്യകഥാപാത്രമായ ചാള്‍സ് ഉള്‍ഷാനോട് ചോദിക്കുന്നുണ്ട്. മുമ്പ് ഇത് മൃഗശാലയായിരുന്നു, ഇപ്പോഴിത് കാടാണ് എന്നാണ് അവള്‍ മറുപടി പറയുന്നത്. മൃഗശാലയില്‍ അളവുശാപ്പാടെങ്കിലും കിട്ടും, കാടില്‍ അനാഥത്വവും അരക്ഷിതത്വവുമാണുള്ളത് എന്നാണ് വ്യംഗ്യം. ടി പി വിനോദിന്റെ മൃഗശാല എന്ന കവിത അവസാനിപ്പിക്കുമ്പോഴുള്ള ഒരു മൃഗശാലയെങ്കിലും വേണം ഓരോ നഗരത്തിലും എന്ന വരിയെ ഈ സിനിമയുടെ അനുഭവത്തില്‍ ഞാനിങ്ങനെ വ്യാഖ്യാനിക്കുന്നു. അസ്വാതന്ത്ര്യം നിറഞ്ഞതെങ്കിലും ഭക്ഷണം ഉറപ്പുവരുത്തുന്ന ഒരു രാജ്യമെങ്കിലും ലോകത്ത് നിലനില്‍ക്കുന്നത് നല്ലതാണ്.

ഇരുമ്പിനെ കമ്പികളാക്കാമെന്നും കമ്പികളെ അഴികളാക്കാമെന്നും കണ്ടെത്തിയവരെ നന്ദിയോടെ ഓര്‍ക്കും എന്ന പ്രസ്‌താവനയില്‍ തടവറ, സ്‌കൂള്‍, ഭ്രാന്താലയം, ആശുപത്രി, സിനിമാതിയേറ്റര്‍ എന്നീ അടച്ചിടലുകളെക്കുറിച്ചുള്ള ആധിയാണ് നിറഞ്ഞുനില്‍ക്കുന്നത്. ഈ അച്ചടക്കങ്ങള്‍ പുറംകാണികള്‍ക്ക് ആനന്ദിക്കാനും സ്വയം നിയന്ത്രണങ്ങളുണ്ടെന്ന് പരസ്യപ്പെടുത്താനും വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണെന്ന പരമാര്‍ത്ഥവും വിനോദ് വെളിപ്പെടുത്തുന്നു. സ്വയം ഭോഗം ചെയ്യുന്ന കുരങ്ങുകള്‍ക്കു മുമ്പില്‍ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളുടെ ദേഹത്തു തട്ടാതെ ശ്രദ്ധാലുക്കളാകും. ദേശത്തും വിദേശത്തുമുള്ള മള്‍ട്ടിപ്ളെക്സ് പ്രേക്ഷകരുടെ ആധിക്യത്തോടെ പ്രമേയപരമായും ആവിഷ്‌ക്കാരപരമായും മാറി മറിഞ്ഞ ഹിന്ദി സിനിമയുടെ സംക്രമണങ്ങള്‍ മലയാളിക്കോ മലയാള സിനിമക്കോ ഉള്‍ക്കൊള്ളാനാവാത്തതു പോലെയാണ് ഈ കുരങ്ങുകളെ കാണുന്ന മനുഷ്യക്കുട്ടികളുടെ കാര്യം. പാഠത്തില്‍ അഭിനയമായി അവതരിപ്പിക്കുന്ന ദോസ്‌താനയിലെ സ്വവര്‍ഗാനുരാഗം ഉപപാഠത്തില്‍ യാഥാര്‍ത്ഥ്യമല്ലേ എന്ന വിധം സന്ദിഗ്ദ്ധതകള്‍ മുഖ്യധാരയില്‍ തന്നെ ശബ്‌ദായമാനമായി പൊന്തിവരുമ്പോള്‍ മലയാളി വെറുതെ ഒരു ഭാര്യയില്‍ തളച്ചിടപ്പെടുകയാണിപ്പോഴും. എന്നാല്‍ പാണ്ടിയും (തമിഴന്‍) ഗോസായിയും (വടക്കേ ഇന്ത്യക്കാരന്‍) സര്‍ദാര്‍ജിയും നമ്മുടെ മുമ്പിലിപ്പോഴും നൂറ്റാണ്ടിനപ്പുറത്തെവിടെയോ ഉള്ള പഴമക്കാരാണിപ്പോഴും. വംശഹത്യയിലേക്കു വരെ നീളുന്ന ഈ വെറുപ്പിന്റെ ലക്ഷണങ്ങളെ കുഴിച്ചുമൂടാനാണ് ഇടശ്ശേരി ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നു മൂഴിയില്‍ എന്ന് പറഞ്ഞത്.

പക്ഷെ, മലയാളിയല്ലേ പ്യൂരിറ്റന്‍ സമൂഹത്തെക്കുറിച്ചുള്ള ഭാവനകള്‍ ഇന്ത്യന്‍ മുഖ്യധാരാ സമൂഹത്തിന് പകര്‍ന്നുകൊടുക്കുന്നത് എന്നു സംശയിക്കാവുന്ന വിധത്തിലുള്ള നിയമനിര്‍മാണങ്ങളും കോടതി വിധികളും സംഭവിക്കുമ്പോള്‍ കാലവും കാര്യങ്ങളും തലകീഴ്‌മേല്‍ മറിയുന്നു. വ്യാജ സിഡി നിരോധനം, ബന്ദ് നിരോധനം, പുകവലി നിരോധനം, രാഷ്‌ട്രീയ നിരോധനം, തുപ്പല്‍ നിരോധനം, പൈറസി നിരോധനം, കെട്ടിട(മൂന്നാര്‍) നിരോധനം, മിമിക്രി നിരോധനം, സിനിമാറ്റിക് ഡാന്‍സ് നിരോധനം, മൊബൈല്‍ നിരോധനം എന്നിങ്ങനെ പ്യൂരിറ്റനായ സമൂഹത്തെക്കുറിച്ച് മലയാളിയുടെ സങ്കല്‍പങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന പൊലീസുകാര്‍, വക്കീലന്മാർ‍, ജഡ്‌ജികള്‍, ഫ്ളെൿസ് നേതാക്കള്‍, മാധ്യമപടങ്ങള്‍, അധ്യാപക രക്ഷാകര്‍തൃസമിതി എന്നിവര്‍ വിരാജിക്കുന്ന മലയാള/കേരളത്തിന്റെ ചുവടുപിടിച്ചുകൊണ്ടായിരിക്കണം, ഇന്റര്‍നെറ്റില്‍ പോര്‍ണോഗ്രാഫി കാണുന്നവരെ തടവിലിടും എന്ന പുതിയ ബില്ല് ലോകസഭ പാസാക്കിയത്. ഈ ബില്ലിനെ ടി പി വിനോദ് മുന്‍കൂട്ടി കാണുന്നു എന്നതാണ് സ്വയംഭോഗം ചെയ്യുന്ന കുരങ്ങുകളെ കാണുന്ന ആണ്‍കുട്ടികളെക്കുറിച്ചുള്ള വരികള്‍ തെളിയിക്കുന്നത്. പാരഡി എന്ന കവിതയില്‍ സങ്കടപ്പെടുകയോ ആഹ്ലാദിക്കുകയോ ചെയ്യുന്നതു പോലെ ഓരോരുത്തരും അവരവരുടെ പാരഡികളായി ജീവിക്കുന്ന ഈ അശ്ലീലകാലത്തില്‍ സ്വന്തം അശ്ലീലതയെ തുറന്നുകാണിക്കുക തന്നെയാണ് കവിതയുടെ ധര്‍മം എന്ന് വിനോദ് തിരിച്ചറിയുന്നു.

സിനിമ, അതും മുഖ്യധാരാ/ജനപ്രിയ സിനിമ വിനോദിന്റെ കവിതയില്‍ ബിംബമായി കടന്നുവരുന്നത് ഇപ്രകാരമാണ്. വാതില്‍ വിടവിലൂടെ ഒലിച്ചെത്തുന്ന ഓരോ ഒച്ചയും ഒരു ഞരക്കമല്ലെന്ന് നിങ്ങളും താക്കോല്‍പഴുതിലൂടെ നുഴഞ്ഞെത്തുന്ന ഒരോ നിശ്വാസവും ഒരു കരച്ചിലിന്റെ അറ്റത്തേതല്ലെന്ന് അയാളും സ്വയം വിശ്വസിപ്പിച്ചുകൊണ്ടേയിരിക്കും. നേരം പുലര്‍ന്ന് പരസ്‌പരം കാണുമ്പോള്‍ സിനിമയിലെ സംഘനര്‍ത്തകരെപ്പോലെ കാരണമില്ലാത്ത ഒരു ചിരി നിങ്ങളും അയാളും മുഖങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തിയിട്ടുണ്ടാവും. കാരണവും അര്‍ത്ഥവും ഉള്‍ക്കാമ്പുമില്ലാത്തതും കപടവുമായ ഭാവങ്ങളാണ് സിനിമയില്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്ന വിമര്‍ശനമാണ് കവി ഉയര്‍ത്തുന്നത്. സോഷ്യല്‍ ആനിമല്‍ എന്ന് പേരിട്ട കവിതയിലാണീ, 'മനുഷ്യത്വം' എന്ന കാപട്യത്തെ വിവരിക്കുന്നത്. അതായത്, ഏതു തരം മൃഗമാണ് മനുഷ്യന്‍ എന്ന പഴയതും നിരന്തരം ആവര്‍ത്തിക്കപ്പെടുന്നതുമായ ചോദ്യത്തിനു കിട്ടുന്ന, സാമൂഹ്യമായി ഇടപഴകുകയും ഐക്യപ്പെടുകയും വിയോജിക്കുകയും ചെയ്യുന്ന തരം മൃഗം എന്ന വ്യാഖ്യാനം കിട്ടുന്ന സോഷ്യല്‍ ആനിമല്‍ എന്ന നിര്‍വചനത്തെയാണ് കവി പരിഹസിക്കുന്നത്. ഈ കുറിപ്പിന്റെ തുടക്കത്തില്‍, മനുഷ്യത്വം എന്ന കല്‍പനയുടെ പുരോഗമന നാട്യങ്ങളോടാണോ അതോ മൃഗപരത (മൃഗീയത എന്ന് എഴുതാന്‍ പേടിയാവുന്നു) യുടെ സ്വാഭാവികതയോടാണോ കവിത പ്രതിബദ്ധമാകുന്നത് എന്ന ചോദ്യമുന്നയിച്ചത്. ചിലപ്പോഴൊക്കെ ഭൂകമ്പത്തില്‍ തകര്‍ന്ന ജയിലില്‍ നിന്നെന്നപോലെ ശരീരത്തില്‍ നിന്ന് സ്വതന്ത്രരായ ആത്മാവുകള്‍ നിയമങ്ങളെ കൊഞ്ഞനം കുത്താറുണ്ട്, കവിതകളില്‍ എങ്കിലും. ജീവിതമോ കവിതയോ ആദ്യമുണ്ടായതെന്നറിയുവാന്‍ ഒരു വായനക്കാരനും പരോളിലിറങ്ങുന്നില്ല എന്ന വ്യാഖ്യാനത്തില്‍ കവിതയുടെയും തന്റെയും നിലപാടുകള്‍ വിനോദ് വെളിപ്പെടുത്തുന്നു.

സ്വപ്‌നം നിരോധിക്കപ്പെട്ടേക്കാവുന്ന കാലത്തേക്കാണ് ഇന്ത്യ പോയിക്കൊണ്ടിരിക്കുന്നത്. മുലകളെയോ നദിച്ചുഴിയെയോ സ്വപ്‌നം കണ്ടുകൊണ്ട് ഒരാള്‍ക്ക് അപ്പോഴും കട്ടിലില്‍ ഉറങ്ങിക്കൊണ്ടിരിക്കാനാവുമോ? (പ്രാര്‍ത്ഥനയുടെ അധ്യായം). സ്വപ്‌നം ആവര്‍ത്തിക്കപ്പെടുന്ന ഒരു രൂപകമായി വിനോദിന്റെ കവിതകളില്‍ നിറയുന്നത് സ്വപ്‌നം കാണാനുള്ള അവകാശവും അവസരവും നഷ്‌ടമായേക്കാവുന്ന ഒരു പാവന പരിശുദ്ധ ഭാവിയെ പേടിക്കുന്നതുകൊണ്ടു തന്നെയാവണം.
പുതിയ കാലത്തെ നിരവധി കാര്‍ടൂണ്‍ ഇമേജറികളാല്‍ വിനോദ് പരിഹസിച്ചുകൊണ്ടേയിരിക്കുന്നു. അത് പ്രാകൃതികമായ ഒരു കാലത്തേക്കുള്ള മൃഗീയമായ തിരിച്ചുപോക്കിന്റെ ആശയത്തെയല്ല മുന്‍ നിര്‍ത്തുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വപ്‌നസഞ്ചാരത്തെയാണ് ആധുനികതയുടെ കാലഗണനയെ മറന്നുകൊണ്ട് കവി വാക്കുകളാക്കുന്നത്. വായനയുടെ പരോള്‍ എന്ന കവിയുടെ തന്നെ ദര്‍ശനം സാധൂകരിക്കപ്പെടുന്നതും അങ്ങിനെയാണ്.

****

ജി പി രാമചന്ദ്രന്‍

ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട കുറെ മലയാളികള്‍ ചേര്‍ന്ന് രൂപംകൊടുത്ത പരീക്ഷണ സംരംഭമാണ് ബുക്ക് റിപ്പബ്ലിക്. ഒരു സമാന്തര പ്രസാധന-വിതരണ സംവിധാനം ഉണ്ടാക്കുകയും അതു വഴി മലയാള പുസ്‌തകലോകത്തില്‍ നവീനവും സര്‍ഗാത്മകവുമായ സാന്നിധ്യമാവുകയുമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ബുക്ക് റിപ്പബ്ലിക്ക് പുറത്തിറക്കുന്ന ആദ്യ പുസ്‌തകമാണ് ലാപുട എന്ന പേരിൽ കവിതകളെഴുതുന്ന ശ്രീ ടി പി വിനോദിന്റെ ‘നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍’. ഇത് ടി പി വിനോദിന്റെ ആദ്യ കവിതാ സമാഹാരമാണ്.

ബുക്ക് റിപ്പബ്ലിക് എന്ന കൂട്ടായ്‌മയ്‌ക്കും ശ്രീ ടി പി വിനോദിനും എല്ലാ ഭാവുകങ്ങളും നേരുന്നു.

പുസ്‌തകത്തിന്റെ ഒരു കോപ്പി എല്ലാവരും വാങ്ങണമെന്നും കവിതയില്‍ താത്പര്യമുള്ള സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു. പുസ്‌തകം http://lapudabook.com/lapuda/lapuda.php എന്ന സൈറ്റിൽ ബുക്ക് ചെയ്യാവുന്നതാണ്.

ജനുവരി 10 ആം തിയതി എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌ക്കാരിക കേന്ദ്രത്തിൽ വെച്ച് ഈ പുസ്തകത്തിന്റെ പ്രകാശനം നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയില്‍ കഴിയാവുന്നത്ര എല്ലാവരും പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

പുസ്തകത്തെക്കുറിച്ച് ചില വിശദാംശങ്ങള്‍;

പേര് : നിലവിളിയെക്കുറിച്ചുള്ള കടങ്കഥകള്‍
പഠനം : ഡോ. സോമന്‍ കടലൂര്‍
കവര്‍, ലേ ഔട്ട് : ഉന്മേഷ് ദസ്തക്കിര്‍
ടൈപ്പ് സെറ്റിംഗ് : ശ്രീനി ശ്രീധരന്‍

എല്ലാവർക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ

6 comments:

വിഷ്ണു പ്രസാദ് said...

സന്ദര്‍ഭോചിതവും വേറിട്ടതുമായ വായന.

മൂര്‍ത്തി said...

നന്നായി ജി.പി.ആര്‍

ചിത്രകാരന്‍chithrakaran said...

വളരെ നന്നായിരിക്കുന്നു.
ഇനി വിനോദിന്റെ കവിത വായിക്കണം.
(ചിന്തകളില്‍ നിന്നും പരോളു ലഭിക്കാത്ത ചിത്രകാരന്റെ സ്വപ്നങ്ങള്‍ !)

paarppidam said...

സ്വപ്നങ്ങൾ നിരോധിക്കുന്നകാലം അതിവിദൂരമല്ല എന്നത് പലപ്പോഴും ചിന്തിച്ചിട്ടുള്ള വിഷയം ആണ്.നിയമം കൊണ്ടല്ലെങ്കിലും മറ്റുപലവിധത്തിൽ യുവതലമുറയ്യുടെ സ്വപ്നങ്ങളിൽ നിയാന്ത്രണമോ ഗതിതിരിച്ചുവിടലോ ആണിന്ന് നടക്കുന്നത്. “നിയന്ത്രിതസ്വപനങ്ങൾ” ഒരുതരട്ട്തിൽ പുതുതലമുറയും ആസ്വദിക്കുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു.കമ്പോളവൽക്കരണത്തിന്റെ അടയാളമായീ/പ്രലോഭനമായി അടിച്ചുപൊളിയെന്ന “അപ്കടകരമായ“ പദം ഒരു സമൂഹത്തിന്റെ മുകളിൽ ഡെമോക്ലീസിന്റെ വാൾപോലെ സദാ തൂങ്ങിനിൽക്കുന്നു.

വിനോദിന്റെ കവിതകളെകുറിച്ച് ഈഴുതിയ കുറിപ്പ് നന്നായിരിക്കുന്നു ജി.പി....വിനോദിനും ആശംസകൾ.

Sureshkumar Punjhayil said...

:)

Rajesh Kumar.Chekuri said...

we heartily inviting to my blog http://funevil.blogspot.com/ Ready to accept pain of FUN