Monday, June 8, 2009

അവാര്‍ഡ് എന്ന ചരിത്ര രേഖ


ഫിലിം സൊസൈറ്റി ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ ജോണ്‍ ഏബ്രഹാം ദേശീയ പുരസ്കാരത്തിനുള്ള 2008ലെ ജൂറി അധ്യക്ഷനായിരുന്നത് പ്രശസ്ത ചലച്ചിത്രകാരന്‍ മണികൌളായിരുന്നു. അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ചടങ്ങില്‍ റിപ്പോര്‍ട്ടവതരിപ്പിച്ച് സംസാരിക്കുന്നതിനു മുമ്പ് അദ്ദേഹം ഒരു പൊതു തത്വം പറയുകയുണ്ടായി. അവാര്‍ഡുകള്‍ ഒരേ സമയം രണ്ടു വസ്തുതകളെ പ്രതിഫലിപ്പിക്കുന്നുണ്ട്. ഒന്ന് അവാര്‍ഡിനര്‍ഹമാകുന്ന സിനിമയുടെ അല്ലെങ്കില്‍ കലാകാരന്റെ മേന്മയും സവിശേഷതയും. മറ്റൊന്ന് അവാര്‍ഡ് നിര്‍ണയിക്കുന്ന ജൂറിയുടെ മേന്മയും സവിശേഷതയും. 2004ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതിനെ തുടര്‍ന്ന് പുന:സംഘടിപ്പിക്കപ്പെട്ട ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ, തീരുമാനിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ചെയ്ത കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ കാര്യമെടുത്താല്‍ ഇത് എളുപ്പത്തില്‍ ബോധ്യമാവും. ചലച്ചിത്ര പ്രവര്‍ത്തകരും നിരൂപകരും സംഘാടകരുമായ പ്രമുഖ വ്യക്തികളാണ് അക്കാദമി കൌണ്‍സിലിലുള്ളത്. നിര്‍ഗുണ പരബ്രഹ്മങ്ങളല്ലാത്തതുകൊണ്ട് അവര്‍ക്കൊക്കെയും അതാതു കാലത്ത് പുറത്തിറങ്ങുന്ന സിനിമകളെക്കുറിച്ച് വ്യക്തമായ അഭിപ്രായങ്ങളുണ്ട്. യോജിപ്പിന്റെയും വിയോജിപ്പിന്റെയും ഘടകങ്ങള്‍ സജീവമായ അത്തരം അഭിപ്രായങ്ങള്‍ നിരൂപകരുടെ എഴുത്തിലൂടെയും മറ്റുള്ളവരുടെ പ്രതികരണങ്ങളിലൂടെയും കേരളജനത മനസ്സിലാക്കിക്കൊണ്ടിരിക്കുന്നതുമാണ്. എന്നാല്‍ ജൂറിയെ തെരഞ്ഞെടുക്കുന്നതിലോ അവരുടെ അവാര്‍ഡ് നിര്‍ണയ പ്രക്രിയയിലോ യാതൊരു വിധത്തിലുള്ള ഇടപെടലുകള്‍ക്കും തുനിയാത്ത സംവിധാനമായി അക്കാദമിയെയും സാംസ്ക്കാരിക വകുപ്പിനെയും പക്വവും മികവുറ്റതുമാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഇക്കാലയളവില്‍ സാധിച്ചു എന്നുള്ളതാണ് പരമപ്രധാനം. 2007ലേതെന്നതു പോലെ 2008ലെയും അവാര്‍ഡുകള്‍ പരിശോധിച്ചാല്‍ ഈ പ്രക്രിയയുടെ ഗൌരവവും സ്വതന്ത്ര സ്വഭാവവും വ്യക്തമാവും.

2008ലെ ഏറ്റവും നല്ല സിനിമക്കുള്ളതും സംവിധായകനുള്ളതും തിരക്കഥക്കുള്ളതുമടക്കം അഞ്ച് അവാര്‍ഡുകള്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു പെണ്ണും രണ്ടാണും എന്ന സിനിമക്കു ലഭിച്ചു. തകഴിയുടെ കഥകളെ ആസ്പദമാക്കി ദൂരദര്‍ശനു വേണ്ടി തയ്യാറാക്കിയ, എപ്പിസോഡുകളുടെ രീതിയിലുള്ള സിനിമയാണ് ഇത്. 2007ലിറങ്ങിയ നാലു പെണ്ണുങ്ങള്‍ എന്ന സിനിമയും ഇത്തരത്തിലുള്ളതായിരുന്നു. ആ വര്‍ഷം ആ ചിത്രത്തെ പ്രാധാന്യത്തോടെ പരിഗണിക്കാന്‍ അന്നത്തെ ജൂറി തയ്യാറായില്ല. അത്തരം തീരുമാനം തെറ്റാണെന്ന് അടൂര്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. ആ അര്‍ത്ഥത്തില്‍ ഇത്തവണത്തെ അവാര്‍ഡ് ഒരു തെറ്റു തിരുത്തലായി അദ്ദേഹത്തിന് ഉള്‍ക്കൊള്ളാവുന്നതാണ്. നാലു പെണ്ണുങ്ങളില്‍ കൈവരിച്ച മികവ് പുതിയ ചിത്രത്തില്‍ ചോര്‍ന്നു പോയതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലൈംഗികത എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ഒരു സ്ഫോടനാത്മകമായ വിഷയമായതുകൊണ്ടാണ് നാലു പെണ്ണുങ്ങള്‍ ശ്രദ്ധേയമായത്. സ്ത്രീത്വത്തെ പുരുഷഭാവന എങ്ങിനെയാണ് സങ്കല്‍പ്പിച്ചും വികസിപ്പിച്ചുമെടുക്കുന്നത് എന്നും ആ സങ്കല്‍പ/വികാസത്തിന്റെ അതിരുകള്‍ ഏതു വൈകാരികലോകത്തും സദാചാരഭൂമിയിലുമാണ് ചെന്ന് വഴിമുട്ടി നില്‍ക്കുന്നത് എന്നുമുള്ള അടിസ്ഥാനമാണ് ചെറുകഥകളിലെന്നതു പോലെ സിനിമയിലും ആവിഷ്ക്കരിക്കപ്പെട്ടത്. നാടുവാഴിത്തത്തിന്റെ രക്ഷാകര്‍തൃത്വത്തിന്‍ കീഴില്‍ രൂപപ്പെട്ട ലൈംഗികസദാചാരം എന്ന സ്ഥാപനം പെണ്ണിനെയും പെണ്ണത്തത്തെയും എപ്രകാരമാണ് നിര്‍ണയിച്ചത് അഥവാ തടവിലിട്ടത് എന്നതു തന്നെയാണ് നാലു പെണ്ണുങ്ങളിലെ ആഖ്യാനം(ങ്ങള്‍) അന്വേഷിക്കുന്നത്. എന്നാല്‍, ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തില്‍ കുറ്റം എന്ന ഘടകത്തെ ചില്ലറ മോഷണങ്ങളിലൊതുക്കാനുള്ള അടൂരിന്റെ ശ്രമം പൂര്‍ണത കൈവരിച്ചോ എന്നു സംശയമാണ്.

രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത് ടി വി ചന്ദ്രന്റെ ഭൂമിമലയാളത്തിനാണ്. വിവിധ കാലങ്ങളിലും വിവിധ സ്ഥലങ്ങളിലും ജീവിക്കുന്നവരാണെങ്കിലും മലയാളികളായ സ്ത്രീകളുടെ നിലവിളികളും പേടിസ്വപ്നങ്ങളും പരിഹാരമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നാണ് ഭൂമിമലയാളം ആഖ്യാനം ചെയ്തത്. ഒരു പക്ഷെ, ഐക്യകേരളം എന്ന മഹോന്നതവും ആവേശകരവുമായ സങ്കല്‍പ/യാഥാര്‍ത്ഥ്യത്തെ ഇല്ലായ്മ ചെയ്യുന്നതല്ലേ നല്ലത് എന്നു പോലും തോന്നിപ്പിക്കുന്ന തരത്തിലുള്ള സാമ്യവും സഹകരണവുമാണ് കേരളീയപുരുഷന്റെ സ്ത്രീ വീക്ഷണത്തിലും പരിഗണനയിലുമുള്ളത് എന്ന വസ്തുതയാണ് ഭൂമിമലയാളം വെളിപ്പെടുത്തുന്നത്. ഈ ചിത്രത്തിന് കുറെക്കൂടി മികച്ച പരിഗണന ലഭിക്കേണ്ടതായിരുന്നു എന്ന അഭിപ്രായമാണ് സംവിധായകനടക്കം പലരും പങ്കു വെച്ചത്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ചിത്രമായ വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയുടെ കഥാരചനക്ക് ആര്യാടന്‍ ഷൌക്കത്തിനും അഭിനയത്തിന് പ്രിയങ്കക്കും പുരസ്കാരങ്ങള്‍ ലഭിച്ചു.

തിരക്കഥ (രഞ്ജിത്), ഗുല്‍മോഹര്‍ (ദീദി/ജയരാജ്) എന്നീ ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധയും നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയവയായിട്ടും വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല എന്ന തോന്നല്‍ വ്യാപകമായി ഉയര്‍ന്നു വന്നിട്ടുണ്ട്. സിനിമയെ ഒരു കലാസൌന്ദര്യ വ്യവസ്ഥ എന്ന നിലക്കോ ഒരു വാണിജ്യ വ്യവസ്ഥ എന്ന നിലക്കോ ഒരു സാമൂഹ്യ രാഷ്ട്രീയ അവസ്ഥ എന്ന നിലക്കോ മാത്രമായി ആലോചിച്ചും വ്യാഖ്യാനിച്ചുമല്ല തിരക്കഥയില്‍ വിഭാവനം ചെയ്തത്. അതിലെല്ലാമുപരിയായി സിനിമയുടെ നിര്‍മാണ പ്രക്രിയയെ ചരിത്രപരമായി വിചാരണ ചെയ്യുകയും വിമര്‍ശനവിധേയമാക്കുകയുമാണ് രഞ്ജിത് ചെയ്തത്. ദേവാസുരവും ആറാം തമ്പുരാനും രാവണപ്രഭുവുമടക്കമുള്ള തട്ടുപൊളിപ്പന്‍ സവര്‍ണ-തെമ്മാടി സിനിമകളുടെ പേരില്‍ കണക്കറ്റ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുള്ള രഞ്ജിത്തില്‍ നിന്ന് നൂതനവും വ്യത്യസ്തവുമായ തരത്തില്‍, അതും ചലച്ചിത്ര വിമര്‍ശനമടക്കം നിര്‍വഹിക്കുന്ന ഒരു രചന ഉണ്ടാകുമ്പോള്‍ അത് ഔദ്യോഗിക തലത്തില്‍ യുക്തമായി അംഗീകരിക്കപ്പെടുന്നില്ല എന്നു വരുന്നത് ഖേദകരമാണ്. തന്റെ ചിത്രങ്ങളോട് പ്രമുഖ ചലച്ചിത്രകാരന്‍ കെ ജി ജോര്‍ജ് വൈരാഗ്യം പ്രകടിപ്പിക്കുന്നു എന്ന പരാതി രഞ്ജിത് നേരത്തെ പല സ്വകാര്യ സംഭാഷണങ്ങളിലും പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ അത്ഭുതകരമെന്നു പറയട്ടെ, കെ ജി ജോര്‍ജ് അധ്യക്ഷനായ ഒരു ജൂറി ഈ വര്‍ഷത്തെ പത്മരാജന്‍ പുരസ്കാരം തിരക്കഥക്കാണ് സമ്മാനിച്ചത്. കേരളീയ ജിവിതത്തിന്റെയും മലയാള സിനിമയുടെയും ഗതകാല ചരിത്രവും ഉള്‍ത്തുടിപ്പുകളും തിരിച്ചറിയുന്ന സൂക്ഷ്മശ്രദ്ധാലുവെന്ന നിലക്ക് കെ ജി ജോര്‍ജിന്റെ ഈ തിരഞ്ഞെടുപ്പ് വളരെ ഗാംഭീര്യമുള്ളതും അനവധി അര്‍ത്ഥധ്വനികള്‍ അടങ്ങിയതുമാണ്.

നിയമത്തെ അനുസരിക്കുന്നത്, വ്യവസ്ഥാപിതം എന്നൊക്കെ വ്യാഖ്യാനിക്കപ്പെടുന്ന ഭരണകൂടാധികാരത്തിന്റെ വേട്ടയാടലുകളില്‍ എരിഞ്ഞും ചതഞ്ഞും ചീഞ്ഞും മറഞ്ഞും തീരുന്ന മനുഷ്യരുടെ ദുരന്തം എന്ന നൈരന്തര്യമാണ്, നടനും കഥാകൃത്തുമായ മധുപാല്‍ ആദ്യമായി സംവിധാനം ചെയ്ത തലപ്പാവ് എന്ന ചലച്ചിത്രത്തിന്റെ പ്രമേയം. വ്യക്തിയും അധികാരവും തമ്മില്‍, വിപ്ലവാവേശവും അടിച്ചമര്‍ത്തലും തമ്മില്‍, പുഛവും അനുകമ്പയും തമ്മില്‍, വിധേയത്വവും സഹാനുഭൂതിയും തമ്മില്‍, പ്രതികരണവും നുണയുടെ സാമൂഹികനിര്‍മിതിയും തമ്മില്‍ എന്നിങ്ങനെ ഇത്തരമൊരു ഇതിവൃത്തത്തിലൂടെ സംഘര്‍ഷഭരിതമാകുന്ന ദ്വൈതാവസ്ഥ(ഡൈക്കൊട്ടമി)കളുടെ മുഴക്കം അനുവാചകന്റെ ചരിത്രബോധത്തെ നൂല്‍പ്പാലത്തിലൂടെയെന്നോണം വലിച്ചിഴക്കുക തന്നെ ചെയ്യും. ലോകസിനിമയുമായി നിതാന്തപരിചയം സമ്പാദിച്ചിട്ടുള്ള മധുപാലിന് കൈയൊതുക്കത്തോടെ ആദ്യ ചിത്രം തന്നെ സാക്ഷാത്ക്കരിക്കാനായി എന്നതും അത് പുരസ്കാരത്തിനര്‍ഹമായി എന്നതും അഭിമാനകരമാണ്. തലപ്പാവിലെ രവീന്ദ്രന്‍ പിള്ള എന്ന പോലീസുകാരനെ അസാമാന്യ മികവോടെ അവതരിപ്പിച്ച ലാലിനുള്ള പുരസ്കാരം വളരെ ശ്രദ്ധേയവും സുപ്രധാനവുമാണ്. സോപ്പുകമ്പനിക്കാരും തുണി വെളുപ്പിക്കുന്നവരും സ്പോണ്‍സര്‍ ചെയ്യുന്ന കേരളത്തിലെ നിരവധി സ്വകാര്യ ടെലിവിഷന്‍ ചാനല്‍ അവാര്‍ഡുകളില്‍ ഒരു വര്‍ഷം മികച്ച നടനായി മോഹന്‍ ലാലിനെ തെരഞ്ഞെടുക്കുകയും മമ്മൂട്ടിക്ക് പ്രത്യേക പുരസ്കാരം നല്‍കുകയും ചെയ്താല്‍ അടുത്ത വര്‍ഷം ഇത് പരസ്പരം കൈമാറ്റം ചെയ്യുകയാണ് പതിവ്. ഇത്തരം അസംബന്ധ നാടകങ്ങള്‍ സര്‍ക്കാര്‍ അവാര്‍ഡില്‍ ആവര്‍ത്തിക്കേണ്ട കാര്യമില്ല. കലാഭവന്‍ മണിയെ പണ്ട് നിരാകരിച്ചതു പോലുള്ള നിരാശാകരവും സംഭ്രമജനകവുമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കിയതില്‍ ജൂറിക്ക് അഭിമാനിക്കാം.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ കേവലം അതാതു വര്‍ഷത്തെ ഇത്തിരി സന്തോഷങ്ങളും ഒത്തിരി വിവാദങ്ങളുമായി അവസാനിക്കുന്ന ഒരു തുടര്‍ നാടകമല്ല. പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, ചരിത്ര വിദ്യാര്‍ത്ഥികള്‍ മറിച്ചു നോക്കുകയും പഠന ഗവേഷണങ്ങള്‍ക്ക് അനുബന്ധമാക്കുകയും ചെയ്യുന്ന രേഖകളാണ് ഓരോ സിനിമക്കും കലാകാരനും ലഭിക്കുന്ന അംഗീകാരങ്ങള്‍. 1969ലാണ് കേരള സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡുകളാരംഭിച്ചത്. ആദ്യത്തെ വര്‍ഷം കുമാരസംഭവം എന്ന നീലാ പ്രൊഡക്ഷന്‍സിന്റെ 'പുണ്യ പുരാണ വീരേതിഹാസ'ത്തിനായിരുന്നു മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്. മലയാള സിനിമയുടെ ഗതി മാറ്റി എന്നു ചരിത്രം നിര്‍ണയിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം ഇറങ്ങിയ 1972ല്‍ പണി തീരാത്ത വീട്, ചെമ്പരത്തി, ആരോമലുണ്ണി എന്നീ സിനിമകള്‍ക്കാണ് ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും മികച്ച ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചത്!. സ്വയംവരത്തിന് ലഭിച്ച സംസ്ഥാന അവാര്‍ഡുകള്‍, കേവലം ഛായാഗ്രഹണം(കറുപ്പും വെളുപ്പും), കലാസംവിധാനം എന്നിവക്കു മാത്രമായിരുന്നു. മണ്‍ മറഞ്ഞു പോയ ആ ജൂറികള്‍ക്ക് സംഭവിച്ച മഹാവിഡ്ഢിത്തങ്ങള്‍ ഒരിക്കലും തിരുത്തപ്പെടാനാവാതെ ചരിത്രത്തെയും കേരളീയ കലാസമൂഹത്തെയും കൊഞ്ഞനം കുത്തിക്കൊണ്ട് അവശേഷിക്കുകയാണ്. ഇനിയുള്ള വര്‍ഷങ്ങളില്‍ ജൂറിയായി നിശ്ചയിക്കപ്പെടുന്നവരില്‍ അര്‍പ്പിതമാവുന്നത് ഉന്നതവും മഹനീയവുമായ ഒരു കര്‍ത്തവ്യമാണെന്ന കാര്യം അവര്‍ മറക്കാതിരിക്കുമെന്ന് പ്രതീക്ഷിക്കാം.

5 comments:

Fayas said...
This comment has been removed by the author.
Fayas said...

ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന് ശേഷം നടക്കുന്ന ചില വിവാദങ്ങളെ നമുക്ക് തള്ളികളയാം. അതില്‍ കഴമ്പുണ്ടോ എന്നത് ചര്‍ച്ച ചെയ്യേണ്ടത് തന്നെ. എങ്കിലും 2008 ലെ ചലച്ചിത്ര അവാര്‍ഡ് ഏകദേശം നീതി പുലര്‍ത്തി എന്ന് പറയാം. ''വെറുതെ ഒരു ഭാര്യ'' എന്നെ ചിത്രത്തെ മികച്ച ജനപ്രിയ ചിത്രം എന്ന രീതിയിലേക്ക് പരിഗണിക്കേണ്ടതായിരുന്നു എന്നാണു എനിക്ക് തോന്നുന്നത്.

paarppidam said...

"തകഴിയുടെ കഥകളെ ആസ്പദമാക്കി ദൂരദര്‍ശനു വേണ്ടി തയ്യാറാക്കിയ, എപ്പിസോഡുകളുടെ രീതിയിലുള്ള സിനിമയാണ് ഇത്. 2007ലിറങ്ങിയ നാലു പെണ്ണുങ്ങള്‍ എന്ന സിനിമയും ഇത്തരത്തിലുള്ളതായിരുന്നു. ആ വര്‍ഷം ആ ചിത്രത്തെ പ്രാധാന്യത്തോടെ പരിഗണിക്കാന്‍ അന്നത്തെ ജൂറി തയ്യാറായില്ല. അത്തരം തീരുമാനം തെറ്റാണെന്ന് അടൂര്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. ആ അര്‍ത്ഥത്തില്‍ ഇത്തവണത്തെ അവാര്‍ഡ് ഒരു തെറ്റു തിരുത്തലായി അദ്ദേഹത്തിന് ഉള്‍ക്കൊള്ളാവുന്നതാണ്."
...

ഇതിനോട്‌ വിയോജിപ്പുണ്ട്‌.

അന്നത്തെ ജൂറിയ്ക്കു സംഭവിച്ചത്‌ തെറ്റല്ല ശരിയാണെന്നാണെനിക്ക്‌ തോന്നുന്നത്‌. നാലുപെണ്ണുങ്ങൾ ഞാനും കണ്ടിരുന്നു.നാലു ചെറുകഥകൾ.അവതമ്മിൽ ഒരു ബന്ധവും ഇല്ല.നാലുകഥകളും തകഴിയുടേതാണെന്നതും,ഒരു സംവിധയകന്റേതാണെന്നതും അതിനെ തുടർച്ചയായി പ്രദർശിപ്പിക്കുന്നു എന്നതും ഒഴിച്ചാൽ അതിനെ ഒറ്റ ചിത്രമായി കാണുവാൻ കഴിയുമോ?

സായ്പിനെ കണ്ടാൽ കവാത്തുമറക്കത്തവർ ആയിരുന്നു കഴിഞ്ഞ ജൂറിയെന്നാണ്‌ എനിക്കു തോന്നിയത്‌. ഈ ജൂറിയിലും പ്രഗൽഭർ ഉണ്ടായിരുന്നു. എന്തോ അവർ പക്ഷെ അടൂരിനായി ശ്രീ ടി.വി.ചന്ദ്രനേക്കാൾ പ്രാധാന്യം നൽകിയത്‌.

രൺജിതിനു കേവലം തട്ടുപൊളിപ്പൻ സിനിമ ചെയ്യാനേ അറിയൂ എന്ന പഴി അൽപം കുറഞ്ഞല്ലോ? പലപ്പോഴും അദ്ദേഹത്തിന്റെ പ്രതിഭ കൊമേഴ്സ്യൽ വിജയത്തിനു മുമ്പിൽ വഴങ്ങുന്നതായിരിക്കാം. അതിനായി സൃഷ്ടിക്കുന്ന മാടമ്പികഥാപാത്രങ്ങൾക്കും ഒരു പൂർണ്ണതയൊക്കെ ഉണ്ട്‌.അതുപോലത്തെ കഥാപാത്രങ്ങളെ വേറെ എത്രപേർക്ക്‌ സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്‌?

തലപ്പാവ്‌ തീർച്ചയായും ഒരു അവാർഡ്‌ അർഹിക്കുന്ന ചിത്രം തന്നെ. മഥുപാൽ എന്ന നടനെ മാത്രമേ പലർക്കും അറിയുമായിരുന്നുള്ളൂ..ഇപ്പോൾ ഇതാ നടനേക്കാൾ മികച്ച സംവിധായകൻ കൂടിയാണ്‌ താൻ എന്ന് അദ്ദേഹം തെളിയിച്ചിരിക്കുന്നു.

ഒരു കാഥിക said...

തലപ്പാവിനു കിട്ടിയ പ്രത്യഭിജ്ഞാനം നന്നായി .. എന്ത് കൊണ്ടോ ഗാനങ്ങളുടെ അവാര്‍ഡുകള്‍ പാട്ടറിയാത്തവര്‍ തീരുമാനിച്ച പോലുണ്ട് ഈ വര്‍ഷം

ചാർ‌വാകൻ‌ said...

അടൂരിന്റെ കാലം കഴിഞ്ഞെന്നു തന്നെ വിശ്വസിക്കുന്നവനാണു ഞാന്‍.ഫെസ്റ്റിവലിന്-നാലുപെണ്ണുങ്ങള്‍ ,നാലിലൊന്നു കണ്ടിരുന്നു.(ഒരെപ്പിസോഡ്)സഹിക്കവയ്യാതെ പുറത്തിറങ്ങി ക്രിഷണ്‍ മഹാരാജിനെ ,കഥക്കിനെ കേന്ദ്രപ്രമേയമാക്കിയ സിനിമ കണ്ടു.അടിസ്ഥാനപരമായി യാഥാസ്ഥിതികനാണ്-ഈ അടൂര്‍.ആദ്യകാലപ്രതിഭയെന്ന് -വാഴ്ത്തുന്നത് കൊള്ളാം .വളര്‍ച്ചയുടെ മാപ്പുമാത്രം പരിശോധിക്കരുത്.എന്തായാലും പുതിയ സിനിമാ കാണില്ല.രണ്ഞ്ജിതിനും ,മധുപാലിനു മൊക്കെ കൊടുക്കുന്ന ബോണസിനു അടൂര്‍ അര്‍ഹനാണോ...?