Wednesday, August 12, 2009

പേടിസ്വപ്‌നത്തിന്റെ തനിയാവര്‍ത്തനങ്ങള്‍


ലോഹിതദാസിനെ ഓര്‍മ്മിക്കുമ്പോള്‍

കേരളത്തിലെ നാട്ടുമ്പുറത്തുള്ള വെളിച്ചവും ഇരുട്ടും നിലാവും മഴയും കിളികളും മരങ്ങളും മണ്ണും പുഴയും കുളവും വേനലും കാറ്റും ഓലച്ചൂട്ടും ബന്ധങ്ങളും വൈരാഗ്യങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും സഹനങ്ങളും മറ്റും മറ്റുമാണ് ലോഹിതദാസിന്റെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും രൂപപ്പെടുത്തിയത്. ആ അര്‍ത്ഥത്തില്‍ വൈദേശിക സ്വാധീനം ഒട്ടും ആരോപിക്കാനാവാത്ത തരത്തില്‍ കേരളത്തനിമയുള്ള സിനിമയായിരുന്നു ലോഹിതദാസിന്റെ ലക്ഷ്യമെന്നും നിരൂപിക്കാവുന്നതാണ്. പഴമയെയും പരിഷ്‌ക്കാരത്തെയും ഒരേ സമയം വിമര്‍ശനബുദ്ധ്യാ നോക്കിക്കാണാനുള്ള വിവേകം അദ്ദേഹത്തിന്റെ സിനിമകളില്‍ പലപ്പോഴും കാണാനാകും. വ്യക്തിയെ അയാള്‍ക്ക് ചുറ്റുമുള്ള കുടുംബവും സമൂഹവും ഒരു ഉപകരണമെന്ന നിലക്കു കണക്കാക്കി, തുടക്കത്തില്‍ പരിതാപകരവും പിന്നീട് വിനാശകരവുമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതിന്റെ ദുരന്തങ്ങളാണ് അദ്ദേഹം മിക്കപ്പോഴും ആവിഷ്‌ക്കരിച്ചത്. തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും മുഖ്യധാരയിലുള്ള കച്ചവട സിനിമാമണ്ഡലത്തില്‍ തന്നെയായിരുന്നു അദ്ദേഹം പ്രവര്‍ത്തന നിരതനായിരുന്നത്. അമിതമായ അവകാശവാദങ്ങളോ അതിന്റെ ഭാഗമായുള്ള പിടിച്ചുപറി/ആര്‍ത്തിപ്പണ്ടാര/മേധാവിത്ത മനോഭാവമോ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. തന്റേതായ ഒരു ഇടം മലയാള സിനിമയില്‍ ഉറപ്പിച്ചു വെച്ചുകൊണ്ടാണ് ദൌര്‍ഭാഗ്യകരവും അകാലികവുമായ മരണത്തിലേക്ക് അദ്ദേഹം നടന്നടുത്തത്.

പാരമ്പര്യമായി ഭ്രാന്തിലേക്ക് വഴുതിവീഴുന്ന ആണ്‍തരികളുള്ള കൂട്ടുകുടുംബത്തിലെ നേരവകാശിയായതിനാല്‍, ബാലന്‍ മാഷ് (മമ്മൂട്ടി) എന്ന മറ്റു രീതിയില്‍ സാധാരണക്കാരനായിരിക്കുന്ന ഒരാളും അപ്രകാരമായിത്തീരുന്ന ദുരന്തമാണ് തന്റെ ആദ്യ തിരക്കഥയായ തനിയാവര്‍ത്തന (1987/സംവിധാനം സിബി മലയില്‍) ത്തില്‍ അദ്ദേഹം ആവിഷ്‌ക്കരിച്ചത്. ഒരു പേടിസ്വപ്‌നമായിരുന്നു തുടക്കം. കുടുംബത്തിലെ തനിക്കു മുമ്പുള്ള ഭ്രാന്തനായ അമ്മാമ(ബാബു നമ്പൂതിരി)യും ഇതേ പോലെ ഒരു പേടിസ്വപ്‌നം കണ്ടതിനെ തുടര്‍ന്നായിരുന്നു ചിത്തഭ്രമത്തിലേക്ക് കൂടുമാറിയത്. ഈ സംശയം അയാള്‍ക്ക് സ്വയമുണ്ടാവുന്നതോടെ ചുറ്റുമുള്ള സമൂഹവും അതേ പ്രകാരത്തില്‍ അയാളെ സംശയിച്ചു തുടങ്ങുന്നു. കേരളത്തിലെ നാട്ടിന്‍പുറത്തെക്കുറിച്ചുള്ള ഒരു വിമര്‍ശനം കൂടി ഇതിലൂടെ കടന്നുവരുന്നുണ്ട്. നഗരജീവിതത്തില്‍ നിന്ന് വ്യത്യസ്‌തമായി ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സ്വകാര്യതയിലേക്ക് ചുഴിഞ്ഞു നോക്കുന്ന ചുറ്റുമുള്ളവരുടെ രീതിയാണ് ഇവിടെ വിചാരണക്കു വിധേയമാകുന്നത്. ഈ ചുഴിഞ്ഞുനോട്ടത്തിലൂടെയും അതിനെ തുടര്‍ന്നുണ്ടാകുന്ന മാറ്റൊലി പോലുള്ള പരാമര്‍ശങ്ങളിലൂടെയുമാണ് ബാലന്‍ മാഷ് തികഞ്ഞ ഭ്രാന്തിലേക്ക് വളരുന്നത്. അയാളുടെ ഓരോ നീക്കവും നിശിതമായി വിലയിരുത്തപ്പെടുകയും ഇഴ കീറി പരിശോധിക്കപ്പെടുകയും ചെയ്യുന്നു. ആദ്യഘട്ടത്തില്‍ കുടുംബത്തിനു പുറത്തുള്ളവരാണ് ഇതു ചെയ്‌തിരുന്നതെങ്കില്‍ തുടര്‍ന്ന് കുടുംബത്തിനകത്തുള്ളവരും ഇതില്‍ പങ്കു ചേരുന്നു. ഭ്രാന്താശുപത്രിയില്‍ പരിശോധനക്കായി അയാളെ കൊണ്ടുചെന്നപ്പോള്‍ അയാള്‍ തികച്ചും നോര്‍മലാണെന്ന അഭിപ്രായമാണ് ഡോക്ടര്‍ പുറപ്പെടുവിക്കുന്നത്. സമൂഹത്തിന് അതു പക്ഷെ അംഗീകരിക്കാനാവുന്നില്ല. നിസ്സഹായനായ ബാലന്‍ മാഷ് സ്വയം ഭ്രാന്ത് അഭിനയിച്ചു തുടങ്ങുന്നു. തന്റെ നേരെയുള്ള നോട്ടവും തന്നെക്കുറിച്ചുള്ള സംസാരവും താന്‍ തന്നെയായി ഒരാള്‍ സ്വാംശീകരിക്കുന്ന വിചിത്രവും എന്നാല്‍ അത്ര അസാധാരണമല്ലാത്തതുമായ സ്ഥിതിവിശേഷമാണിവിടെ ചിത്രീകരിക്കപ്പെടുന്നത്. ബാലന്‍ മാഷായുള്ള മമ്മൂട്ടിയുടെ അഭിനയം അസാമാന്യമായ തരത്തില്‍ സ്വാഭാവികത തോന്നിപ്പിക്കുന്നതും ഗംഭീരവുമായിരുന്നു. തന്റെ വിദ്യാര്‍ത്ഥിനിയോട് സംസാരിക്കാന്‍ തുനിയുന്ന ബാലന്‍ മാഷുടെ മുമ്പില്‍ വിതുമ്പിക്കരയുന്ന കുട്ടിയോട് എന്തേ പറ്റിയത് എന്നാരായുന്ന അദ്ദേഹത്തോട് മാഷക്ക് ഭ്രാന്താണെന്ന് തന്റെ അമ്മ പറഞ്ഞിട്ടുണ്ടെന്നവള്‍ മറുപടി കൊടുക്കുമ്പോള്‍ നിശ്ചേഷ്‌ടനാവുന്ന ബാലന്റെ അവസ്ഥ പോലുള്ള ഘട്ടങ്ങളില്‍ തിരക്കഥയും സംവിധാനവും അഭിനയവും തികഞ്ഞ മികവ് കൈവരിക്കുന്നതായി കാണാന്‍ കഴിയും. ആര്‍ക്കാണ് ഭ്രാന്ത് ? സമൂഹത്തിനോ അതോ വ്യക്തിക്കോ എന്ന എക്കാലത്തെയും പ്രസക്തമായ ചോദ്യം തന്നെയാണ് ലോഹിതദാസ് തന്റെ ആദ്യ ചിത്രത്തിലൂടെ ഉയര്‍ത്തിയത്.

വിധിയും വ്യക്തിയുടെ പരാജയങ്ങളും ചേര്‍ന്ന് ഒരു മനുഷ്യന്റെ ആഗ്രഹങ്ങളെയും ലക്ഷ്യങ്ങളെയും പരാജയപ്പെടുത്തുന്നതായുള്ള ലളിതമായ ഇതിവൃത്തമാണെങ്കിലും, അഛനും മകനുമായുള്ള തിലകന്റെയും മോഹന്‍ലാലിന്റെയും മികവുറ്റ പ്രകടനങ്ങള്‍ കൊണ്ടും തിരക്കഥയിലും ആവിഷ്‌ക്കരണത്തിലും പുലര്‍ത്തുന്ന ആത്മാര്‍ത്ഥത കൊണ്ടും സവിശേഷമായി തീര്‍ന്ന ഒരു സിനിമയാണ് കിരീടം(1989/സംവിധാനം സിബി മലയില്‍). വ്യക്തികളെ ചുറ്റുമുള്ള സമൂഹം പ്രത്യേക കള്ളിയിലൊതുക്കുന്നതും അവര്‍ക്ക് അതിന്റെ അതിരുകള്‍ ഭേദിച്ച് പുറത്തുകടക്കാനാകത്തുമായ പ്രഹേളികയാണ് കിരീടത്തെ കൂടുതല്‍ മനുഷ്യാത്മകമാക്കുന്നത്. ഈയര്‍ത്ഥത്തില്‍ തനിയാവര്‍ത്തനത്തിന്റെ ഒരു തുടര്‍ച്ച കൂടിയാണ് കിരീടം. അച്ചുതന്‍നായര്‍ (തിലകന്‍) എന്ന പോലീസ് കോൺസ്‌റ്റബിളിന്റെ മകനാണ് സേതുമാധവന്‍(മോഹന്‍ലാല്‍). സേതുവിനെ ഒരു പോലീസ് ഇന്‍സ്പെക്ടറാക്കണമെന്നായിരുന്നു അഛന്റെ മോഹം. മകനും അതേ ആഗ്രഹം പിന്തുടരുന്നു. ഒരു നാള്‍, അഛന് സ്ഥലംമാറ്റം കിട്ടി പുതിയ ഗ്രാമത്തിലെത്തിയതിന്റെ പിന്നാലെ, ആ നാടിനെ വിറപ്പിക്കുന്ന തെരുവുഗുണ്ടയായ കീരിക്കാടന്‍ ജോസ്(മോഹന്‍രാജ്) അച്ചുതന്‍നായരെ ആക്രമിക്കുന്നത് കണ്ടുനില്‍ക്കാനാവാതെ സേതുമാധവന്‍ അയാളെ അടിച്ചു നിലത്തിടുന്നു. ഇതിന്റെ പേരില്‍ അറസ്‌റ്റിലാവുകയും പുറത്തിറങ്ങുകയും ചെയ്യുന്ന സേതുവിന്റെ ജീവന് കീരിക്കാടന്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും വേണ്ട സംരക്ഷണം ഏര്‍പ്പാടു ചെയ്യാന്‍ പോലീസിനാകുന്നില്ല. ഈ അവസരത്തില്‍ നിയമം കൈയിലെടുത്തുകൊണ്ട് സേതു കീരിക്കാടനെ അടിച്ചു കൊല്ലുന്നു.

കിരീടത്തിന്റെ തുടര്‍ച്ചയായ ചെങ്കോല്‍(1993/സംവിധാനം സിബി മലയില്‍) കൊലക്കുറ്റത്തിന്റെ പേരില്‍ തടവുശിക്ഷ അനുഭവിക്കുന്ന സേതുവിന് മോചനം ലഭിച്ചു കഴിഞ്ഞിട്ടും സമൂഹ മനസ്സില്‍ നിന്ന് മാപ്പു ലഭിക്കാത്തതിന്റെ കഥ വിവരിക്കുന്നു. സ്വന്തം അഛന്‍ പോലും അവനെ തള്ളിപ്പറയുന്നു. ഈ നിസ്സഹായതയുടെ തീക്ഷ്‌ണമായ ആവിഷ്‌ക്കരണമാണ് കിരീടത്തെയും ചെങ്കോലിനെയും എന്നും ഓര്‍മ്മിക്കുന്ന ചിത്രങ്ങളായി മലയാളിയുടെ മനസ്സില്‍ തങ്ങി നിര്‍ത്തുന്നത്. സ്വന്തം മകളെ വ്യഭിചാരത്തിന് കൂട്ടിക്കൊ ടുക്കുന്ന വിധത്തിലേക്ക് തരം താണ ഒരഛനായി അച്ചുതന്‍ നായര്‍ പരിണമിക്കുന്നുണ്ട്. അഭിമാനം, ചീത്തപ്പേര്, പണം എന്നീ അവസ്ഥകളുടെ പൊള്ളത്തരത്തെ തുറന്നുകാണിക്കുന്ന ചെങ്കോല്‍ കിരീടം പോലെ തന്നെ വന്‍ വാണിജ്യ വിജയം നേടിയെടുത്തു.

ഒരു സസ്‌പെന്‍സ് ത്രില്ലര്‍, കേരളീയ-സവര്‍ണ പശ്ചാത്തലത്തിലവതരിപ്പിച്ചതാണ് ഹിസ് ഹൈനസ് അബ്‌ദുള്ള(1990/സംവിധാനം സിബി മലയില്‍) എന്ന വമ്പന്‍ ഹിറ്റു സിനിമ. രാജകുടുംബങ്ങളിലെയും ബ്രാഹ്മണകുടുംബങ്ങളിലെയും സ്വത്തുടമസ്ഥതാ തര്‍ക്കവും അതിനെ തുടര്‍ന്നുള്ള രക്തരൂഷിതമായ സംഘട്ടനങ്ങളും ധാരാളമായി മലയാള സിനിമയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തൊണ്ണൂറുകളിലാണെങ്കില്‍ ഇതൊരു പതിവായിരുന്നു താനും. കര്‍ണാടക സംഗീതത്തിനു കൊടുത്ത അമിത പ്രാധാന്യവും മോഹന്‍ലാല്‍, നെടുമുടി വേണു തുടങ്ങിയവരുടെ സ്വതസ്സിദ്ധമായ അഭിനയവും ഹിസ് ഹൈനസ് അബ്‌ദുള്ളയെ കൂടുതല്‍ ജനപ്രിയമാക്കിയതിനാല്‍ ഇതു സംബന്ധിച്ചുയര്‍ന്ന വിമര്‍ശനങ്ങളൊന്നും കേള്‍ക്കാന്‍ അധികമാളുണ്ടായിരുന്നില്ല. തിരുവുള്ളക്കേട്, അടിയന്‍, റാന്‍, തമ്പുരാന്‍, തമ്പുരാട്ടി, ഉദയനാപുരം എന്നിങ്ങനെ സവര്‍ണഛര്‍ദിലുകളുടെ കൂമ്പാരം തന്നെയായ ഹിസ് ഹൈനസ് അബ്‌ദുള്ള പക്ഷെ ജനങ്ങളുടെ ഇഷ്‌ടസിനിമയായി മാറിയത് ലോഹിതദാസിന്റെ കൈമുദ്ര പതിഞ്ഞതുകൊണ്ടാണെന്നതാണ് വാസ്‌തവം. കൊലപാതകത്തിനായി കൊട്ടാരത്തിലെത്തിച്ച അബ്‌ദുള്ള(മോഹന്‍ലാല്‍) അനന്തന്‍ നമ്പൂതിരിയായി അഭിനയിക്കുകയാണ്. തിരുമേനി(നെടുമുടി വേണു)യുടെ മരണം ആഗ്രഹിക്കുന്ന ബന്ധുക്കളുടെ കൂട്ടുയോഗത്തിലേക്ക് അയാളെ വിളിക്കാന്‍ ചെന്ന രവിവര്‍മ(ശ്രീനിവാസന്‍), അയാള്‍ കത്തി അരയില്‍ തിരുകുന്നതു കാണുമ്പോള്‍ ചോദിക്കുന്നത് ഇതെന്തിനാണ് ഇപ്പോള്‍ കത്തിയെടുക്കുന്നത് എന്നാണ്. ഒരു കില്ലര്‍ എപ്പോഴും കരുതിയിരിക്കണമെന്നാണ് മോഹന്‍ലാലിന്റെ മറുപടി. നാടോടിക്കാറ്റ് സീരീസിലുള്ള മോഹന്‍ലാല്‍-ശ്രീനിവാസന്‍ ദ്വന്ദ്വത്തിന്റെ ഓര്‍മ്മയിലേക്ക് പ്രേക്ഷകനെ കൊണ്ടുപോയ ഒരു സീക്വന്‍സാണിത്. പിന്നീട് ഗുപ്തനു(ജഗദീഷ്)മായുള്ള ചില കോമ്പിനേഷന്‍ സീനുകളിലും ഇത്തരം ഹാസ്യം കാണാവുന്നതാണ്. എന്നാല്‍, പിന്നീട് തമ്പുരാനോടൊത്ത് അയാള്‍ അടുത്തിടപഴകുമ്പോള്‍, ചെസ്സുകളിക്കുമ്പോള്‍, മദ്യപാനത്തിനു ശേഷം നിലാവത്ത്, തുറസ്സായ സ്ഥലത്ത് നടക്കാന്‍ പോകുന്നതിനു മുമ്പും പോയതിനു ശേഷം കടലോരത്തും, എന്നീ രംഗങ്ങളില്‍ കൊലപാതകത്തിനായി എത്തിയ നായകന്‍/പ്രതിനായകനെ മഥിക്കുന്ന സന്ദേഹം വരച്ചുകാട്ടുന്നതില്‍ മോഹന്‍ലാല്‍ എന്ന നടന്‍ മാത്രമല്ല വിജയിക്കുന്നത്. ആ രംഗം വിഭാവനം ചെയ്‌ത തിരക്കഥാകൃത്തു കൂടിയാണ്. അബ്‌ദുള്ള എന്ന നാമധേയം ഉള്ളതുകൊണ്ട് അന്തിമമായി അയാള്‍ ചതിക്കുക (ഉപ്പു പുളിച്ചാല്‍ മാപ്പിള ചതിക്കും) തന്നെ ചെയ്യും, എന്ന മതേതര മുഖം മൂടിയണിഞ്ഞ സവര്‍ണഹിന്ദു മലയാളിയുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന വിധത്തിലുള്ള അന്ത്യമെഴുതാനും ലോഹിതദാസിന് കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതാണ്.

ഹിസ് ഹൈനസ് അബ്‌ദുള്ളയുടെ അഭൂതപൂര്‍വ്വമായ വിജയം ലോഹിതദാസ് /സിബി മലയില്‍ കൂട്ടുകെട്ടിനെ അതേ വിധത്തിലുള്ള സസ്‌പെന്‍സ് ത്രില്ലറുകള്‍ തുരുതുരാ പടച്ചുവിടുന്നതിന് പ്രേരിപ്പിച്ചില്ല. പകരം, കര്‍ണാടക സംഗീതത്തെയും സവര്‍ണ നൃത്തത്തെയും ഉപയോഗിച്ചുകൊണ്ടുള്ള രണ്ടു ചിത്രങ്ങളാണവര്‍ ഒരുക്കിയത്. ഭരത(1991)വും കമലദള(1992)വും. രാമനാഥന്‍ (നെടുമുടി വേണു) എന്ന സംഗീതജ്ഞന്റെ ഇളയ സഹോദരന്‍ ഗോപിനാഥന്‍ എന്ന ഗോപിയായി അഭിനയിച്ച മോഹന്‍ലാലിന് ഭരത് പുരസ്‌ക്കാരം ലഭിക്കുകയുണ്ടായി. മദ്യാസക്തനായതിനെ തുടര്‍ന്ന് രാമനാഥന്‍ സംഗീത വേദിയില്‍ പാടാനാകാതെ കുഴയുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഗോപി പാട്ടേറ്റെടുക്കുകയും തല്‍ക്കാലം തടി രക്ഷിക്കുകയുമാണ്. എന്നാല്‍ ഇത് പിന്നീട് ജ്യേഷ്ഠാനുജന്മാർ തമ്മിലുള്ള മൂപ്പിളമ തര്‍ക്കത്തിലേക്ക് വളരുന്നു. ജ്യേഷ്ഠന്‍ തീര്‍ത്ഥയാത്രക്കായി പോകുന്നതും അപകടത്തില്‍ പെട്ട് മരിക്കുന്നതും ഗോപി അത് മറച്ചുവെക്കുന്നതും പിന്നീട് എല്ലാം തെളിയുന്ന ശുഭപര്യവസാനവുമാണ് ഭരതത്തിനുള്ളത്. സാഹചര്യങ്ങളും സ്നേഹവും ബന്ധസൌഹൃദങ്ങളും വ്യക്തിയെയും അയാളുടെ സര്‍ഗാത്മകതയെയും വരിഞ്ഞുമുറുക്കുകയും കെട്ടഴിച്ചു വിടുകയും ചെയ്യുന്ന വൈരുദ്ധ്യത്തെയാണ് ഭരതം അനാവരണം ചെയ്യുന്നത്. ഭരതത്തിലുള്ള കഥയുടെ ഇഴയടുപ്പം കമലദളത്തില്‍ പിടി വിട്ടതു പോലെ അനുഭവപ്പെട്ടു. ഭാര്യ തീയില്‍ പെട്ട് മരണമടഞ്ഞതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും മദ്യാസക്തനായി അലഞ്ഞുനടക്കുകയും ചെയ്യുന്ന നന്ദഗോപാല്‍ എന്ന നൃത്താദ്ധ്യാപകനായിട്ടാണ് മോഹന്‍ലാലിന്റെ നായകവേഷം. ജോലി തിരിച്ചുകിട്ടുന്നതിനെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ നമ്പീശന്റെ മകള്‍ മാളവികയെ തന്റെ സ്വപ്‌നനൃത്തശില്‍പത്തില്‍ നായികയാക്കുന്നതും അവളുടെ കാമുകന്‍ അയാള്‍ക്കെതിരെ തിരിയുന്നതുമാണ് ഇതിവൃത്തം. കലാകാരന്റെ മഹത്വവത്ക്കരിക്കപ്പെട്ട ആദര്‍ശാത്മക സ്വത്വം അരാജകത്വ നാട്യത്തോടെ അവതരിപ്പിക്കുന്ന മോഹന്‍ലാലിന്റെ പരിവേഷം അസഹ്യമായിത്തീരുകയാണുണ്ടായത്.

ഭരതന്‍ സംവിധാനം ചെയ്ത ആദ്യ ലോഹിതദാസ് ചിത്രമായ അമരം 1991ല്‍ പുറത്തു വന്നു. അരയസമുദായക്കാരുടെ കഥയാണീ സിനിമയില്‍ ആവിഷ്‌ക്കരിക്കപ്പെട്ടത്. അച്ചൂട്ടി(മമ്മൂട്ടി)ക്ക് തന്റെ മകളെ ഡോൿടറാക്കണമെന്നാണ് മോഹം. എന്നാലവള്‍ തന്റെ കളിക്കൂട്ടുകാരനോട് പ്രണയത്തിലാവുന്നതോടെ അച്ചൂട്ടിയുടെ മോഹം തകരുന്നു. ലോഹിതദാസിന്റെ തിരക്കഥയെ അവലംബിച്ച് ഭരതന്‍ അടുത്തതായി സംവിധാനം ചെയ്‌ത ചിത്രം വെങ്കല(1993)മായിരുന്നു. മൂശാരി എന്ന കേരളീയ സമുദായത്തിന്റെ അധ്വാന-ലൈംഗിക പരിസരമാണ് ഇതിവൃത്താടിസ്ഥാനം. മൂശാരിമാര്‍ക്കിടയില്‍ നിലനിന്നിരുന്ന ബഹുഭര്‍ത്തൃത്വ ആചാരത്തെ ഏക പതീ പത്നി വ്രതത്തിലധിഷ്ഠിതമായ പുതിയ സദാചാരത്തിന്റെ നീതിസംഹിതക്കനുസരിച്ച് പരിശോധിക്കുകയാണീ സിനിമയില്‍ ചെയ്യുന്നത്.

1993ലിറങ്ങിയ വാത്സല്യം കൊച്ചിന്‍ ഹനീഫയാണ് സംവിധാനം ചെയ്തത്. വാത്സല്യം റെക്കോഡുകള്‍ തിരുത്തിക്കുറിച്ച ബമ്പര്‍ ഹിറ്റായിരുന്നു. കുടുംബപ്രേക്ഷകരെ ഒന്നടങ്കം തിയറ്ററുകളിലേക്ക് ആനയിച്ച വാത്സല്യത്തിലെ നന്മ നിറഞ്ഞ നായകകഥാപാത്രമായ മേലേടത്ത് രാഘവന്‍ നായരെ മമ്മൂട്ടി അനശ്വരനാക്കി. നായകനെ ആദ്യമായി പരിചയപ്പെടുത്തുന്നത്, കാളവണ്ടിയും നെല്‍ക്കറ്റയും ചെളി പുതഞ്ഞ വരമ്പുകളും കൊണ്ട് ചിഹ്നനം ചെയ്യപ്പെടുന്ന ഒരു ഗ്രാമത്തിലെ വയലില്‍ കാള പൂട്ടുന്ന ആളായിട്ടാണ്. ചിത്രത്തില്‍ രണ്ടു തവണ മാത്രം പെങ്ങളുടെ വീട്ടില്‍ ഗൂഢ ചിന്തകളുമായെത്തുന്ന വലിയമ്മാമയെപ്പോലെ, ഉമ്മറത്തെ ചാരുകസാരയില്‍ കാലിന്മേല്‍ കാലും കയറ്റി ഇരിക്കേണ്ട ഒരു തറവാടിക്കാണ് ജീവിതം പുലര്‍ത്താന്‍ ചെളിയിലേക്കും വിയര്‍പ്പിലേക്കും ആണ്ടിറങ്ങേണ്ടിവരുന്നത്. ചെളി, വിയര്‍പ്പ് എന്നീ അധ്വാനചിഹ്നങ്ങള്‍ക്ക് ചിത്രത്തില്‍ മൂന്ന് സ്വഭാവതലങ്ങളാണുള്ളത്. ഒന്നാമതായി, അധ്വാനത്തോടുള്ള അടിസ്ഥാന കര്‍ഷകന്റെയും തൊഴിലാളിയുടെയും ആത്മബന്ധത്തെ കാല്‍പനികത കൊണ്ട് പുതപ്പിക്കുന്ന അര്‍ത്ഥം. ഈ അര്‍ത്ഥ വിന്യാസത്തിലൂടെ സാധാരണക്കാരനായ മനുഷ്യന്‍ സിനിമയുമായി സമഭാവപ്പെടുന്നു. രണ്ടാമത്തേത്; സാക്ഷരത, സ്‌ത്രീവിദ്യാഭ്യാസം, പരിഷ്‌ക്കാരം, നാഗരിക മര്യാദകള്‍ എന്നിങ്ങനെ വികസിച്ച ആധുനിക ധാരണകള്‍ പ്രകാരം വിയര്‍പ്പിനെയും ചെളിയെയും വൃത്തികേട് മാത്രമായി തിരിച്ചറിയുന്ന കേവല വിശകലനം; നായകസഹോദരന്റെ ഭാര്യയായ ശോഭ(ഇളവരശി) ഉച്ചരിക്കുകയും, അത് നേരത്തെ പറഞ്ഞ കാല്‍പനികമൂല്യത്തെ അങ്ങേയറ്റം ഇടിച്ചു താഴ്ത്തുന്നതായതിനാല്‍ ചിത്രത്തിന്റെ മൂല്യഘടനയും പ്രേക്ഷകസമൂഹവും ഒന്നു ചേര്‍ന്ന് അതിനെ നിരാകരിക്കുകയും ചെയ്യുന്നു. മൂന്നാമത്തേതും, ചിത്രത്തിന്റെ പ്രത്യക്ഷതലത്തില്‍ അസന്നിഹിതമായിരിക്കുന്നതുമായ സ്വഭാവതലം, ഒരു അസ്സല്‍ തറവാടിക്ക് കുടുംബം പുലര്‍ത്താന്‍ ദേഹാധ്വാനത്തിലേക്ക് മുഴുകേണ്ടി വന്നു എന്ന വസ്‌തുതയെ നൈരാശ്യബോധത്തോടെ വീക്ഷിക്കുന്ന ചരിത്ര വിരുദ്ധതലമാണ്. പ്രത്യക്ഷത്തില്‍, കര്‍ഷകന്റെ ത്യാഗത്തെയും അധ്വാനത്തെയും മണ്ണിനോടുള്ള പ്രതിപത്തിയെയും ഉദാത്തീകരിക്കുന്നതായ തോന്നല്‍ ജനിപ്പിക്കുന്ന ചിത്രത്തിന്റെ മൂല്യധാരണ

പക്ഷേ പഴയ കര്‍ഷക-ജന്മി നാടുവാഴിത്ത സന്ദര്‍ഭത്തിലെ സ്‌ത്രീ പുരുഷ ബന്ധത്തെ കേന്ദ്രീകരിച്ചാണ് പിന്നീട് വികസിക്കുന്നത്. വിവാഹം എന്ന സമ്പ്രദായത്തിന്റെ നടപ്പു രീതികളെ അംഗീകരിച്ചും പുകഴ്ത്തിയും- സ്‌ത്രീധനം, വരന്റെ വീട്ടുകാര്‍ ആദ്യം അന്വേഷണം നടത്തണം, പെണ്ണുകാണല്‍, വിവാഹത്തിനു ശേഷമുള്ള ഭാര്യാഭര്‍ത്താക്കന്മാരുടെ താമസം ഭര്‍തൃഗൃഹത്തില്‍ തന്നെയായിരിക്കണം എന്നിങ്ങനെ - മുന്നേറുന്ന ചിത്രം ഭാര്യയടക്കമുള്ള സ്‌ത്രീകളെ എങ്ങനെയാണ് പുരുഷാധിപത്യത്തിനനുസരിച്ച് മെരുക്കിയെടുക്കേണ്ടത് എന്ന പ്രശ്നത്തിന് പരിഹാരം കാണാനാണ് അതിന്റെ ഊര്‍ജ്ജം മുഴുവനും ചെലവഴിക്കുന്നത്. കുടുംബം എന്ന അടഞ്ഞ വിനിമയവ്യവസ്ഥയിലെ അധികാരബന്ധങ്ങള്‍ക്ക് ശോഷണം സംഭവിച്ചാല്‍ അത് തകരുക എന്ന 'ഒരിക്കലും സംഭവിച്ചുകൂടാത്ത' ദുരന്തത്തിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തുക. വാത്സല്യത്തിന്റെ പുറം മോടിയുള്ള കുടുംബനാഥനായ പുരുഷന്റെ സ്വേഛാപരമായ ഇഷ്‌ടാനിഷ്‌ടങ്ങള്‍ - വീട്ടിലെ ജോലികളുടെ ക്രമീകരണം, സഹോദരനെ പഠിപ്പിക്കല്‍, സഹോദരിയുടെ പ്രേമം, അവളുടെ വിവാഹം, വരനെ നിശ്ചയിക്കലും മാറ്റലും എന്നിങ്ങനെ - തുടര്‍ച്ചയായി നടക്കുമ്പോള്‍ ഒരു കുഴപ്പവുമില്ല. ആ അധികാരം ചോദ്യം ചെയ്യപ്പെടുകയും കാരണവരുടെ ഭരണക്കുത്തക തകരുകയുമാണ്. അധികാരം, സ്‌ത്രീ വിരുദ്ധത എന്നീ ഘടകങ്ങളിലൂന്നി ചലിക്കുന്ന പിന്തിരിപ്പന്‍ കുടുംബഘടനയാണ് നന്ദി, ത്യാഗം എന്നിങ്ങനെയുള്ള ലാവണ്യപദങ്ങള്‍ കൊണ്ട് പുതപ്പിച്ച നന്മയുടെ ആന്തരിക തലങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത്. വാത്സല്യത്തിന്റെ അഭൂതപൂര്‍വമായ വിജയം; കുടുംബത്തെക്കുറിച്ചും സ്‌ത്രീജീവിതത്തെക്കുറിച്ചും മറ്റുമുള്ള ശരാശരി കേരളീയന്റെ ധാരണകള്‍ ലോഹിതദാസിലൂടെ എത്രമാത്രം ഫലപ്രദമായി പുനരാവിഷ്‌ക്കരിക്കപ്പെട്ടു എന്നതിന്റെ നിദര്‍ശനമാണ്.

അസ്വാഭാവികം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രണയം, പരാജയത്തില്‍ കലാശിക്കുന്നതിന്റെ ദുരന്തസ്‌മൃതികളുമായി പ്രേക്ഷകന്‍ തിയ്യേറ്റര്‍ വിടുന്ന വളരെ സ്വാഭാവികമായ ഒരു സിനിമയായേ ഉദ്യാനപാലകന്‍ (1996/സംവിധാനം ഹരികുമാര്‍) പ്രത്യക്ഷത്തില്‍ അനുഭവപ്പെടുകയുള്ളൂ. എന്നാല്‍, സമകാല സമൂഹത്തിലെ കുടുംബബന്ധങ്ങളും അതിന്റെ സാമ്പത്തിക ഉച്ചനീചത്വങ്ങളും വളരെ സ്വാഭാവികവും മാറ്റങ്ങള്‍ക്ക് വഴങ്ങാത്തതുമാണെന്ന് വരുത്തിത്തീര്‍ത്ത്, അതിനോട് പൊരുത്തപ്പെടാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു ഗുണപാഠതലം, കഥയുടെ അന്തര്‍യുക്തികളില്‍ നിന്ന് തലനീട്ടിക്കൊണ്ടാണ് ചിത്രത്തിന്റെ അന്ത്യഫലം നിര്‍ണയിച്ചെടുക്കുന്നത്. നിതാന്ത പരിചയം കൊണ്ട് നമ്മുടെ ഇഷ്‌ടങ്ങള്‍ തന്നെയായി കഴിഞ്ഞ സ്ഥിരം പ്രമേയങ്ങളെ പുതിയ കാലത്തിന്റെ പ്രശ്‌നങ്ങളുടെ പുറം മോടിയണിയിപ്പിച്ചുകൊണ്ടും വള്ളുവനാടന്‍ ഗൃഹാതുരതയുടെ സുഖദസാന്ത്വനം കൊണ്ടും വീണ്ടും ഇഷ്‌ടങ്ങളാക്കി മാറ്റുന്ന മായികമായ രീതിയിലൂടെയാണ് ലോഹിതദാസിന്റെ തിരക്കഥകള്‍ സവിശേഷമായത്. യാഥാസ്ഥിതികമായ സമുദായവ്യവസ്ഥയുടെ ജടിലാകൃതിയെ കീറിമുറിച്ചേക്കും എന്ന പ്രതീക്ഷ അന്ത്യം വരെ നിലനിര്‍ത്തുകയും അന്ത്യത്തില്‍ അത്തരമൊരു പ്രതീക്ഷയെ തല്ലിക്കെടുത്തി പൊരുത്തപ്പെടലിന്റെ ഗുണപാഠം കൊണ്ട് ഒത്തുതീരുകയും ചെയ്യുന്ന ഒരു ചാക്രികവ്യൂഹമാണ് ഇത്തരം സിനിമകളുടെ പ്രധാന സ്വഭാവം. ധനാധിപത്യവ്യവസ്ഥയുടെ പരിഗണനയില്‍ എല്ലാം കൊണ്ടും താഴ്ന്നവനായ സുധാകരനു(മമ്മൂട്ടി)മായി ഇന്ദു(കാവേരി)വിനുള്ള പ്രണയം സാക്ഷാത്ക്കരിക്കപ്പെടട്ടെ എന്ന ആഗ്രഹം പ്രേക്ഷകരോടൊപ്പം പങ്കിട്ടുകൊണ്ടാണ്, കഥയുടെ നാടകീയതകള്‍ മുന്നോട്ടു നയിക്കപ്പെടുന്നത്. വിധവയായി തീര്‍ന്ന സുമ, കുഞ്ഞിനോടൊപ്പം പഴയ കാമുകന്‍ ജോസിനോട് ചേരുന്നതിന്റെ അപരയാഥാര്‍ത്ഥ്യം ഈ സാക്ഷാത്കാര പ്രതീക്ഷയുടെ മുന്നോടിയുമായിരുന്നു. എന്നാല്‍, ഇത്തരം ഒരു അസ്വാഭാവികത നിര്‍വഹിക്കപ്പെടുകയാണെങ്കില്‍, അത് ഒത്തുതീര്‍പ്പിന്റെ പ്രത്യയശാസ്‌ത്രത്തിന് വിഘാതമാവും എന്നതുകൊണ്ട് ആ അപകടം തന്ത്രപൂര്‍വം ഒഴിവാക്കി, തിരശ്ശീല വെളുപ്പിച്ചെടുക്കപ്പെടുന്നു.

1996ലിറങ്ങിയ സല്ലാപ(സംവിധാനം സുന്ദര്‍ദാസ്)ത്തിന് ലഭിച്ച പ്രതീക്ഷയിലും കവിഞ്ഞ സാമ്പത്തികവിജയം മലയാള സിനിമ നന്മയിലേക്കും ലാളിത്യത്തിലേക്കും തിരിച്ചുവന്നതിന്റെ ലക്ഷണമായി നിരൂപിച്ചുകൊണ്ട് പരക്കെ ആഘോഷിക്കപ്പെട്ടു. നാടകീയമായ ത്രികോണപ്രേമം, ഇമ്പമാര്‍ന്ന ഗാനങ്ങള്‍, മഞ്ജുവാരിയര്‍ എന്ന നടിയുടെ നായികാപദവിയിലെ അരങ്ങേറ്റം എന്നീ ഘടകങ്ങളിലൂടെ കുടുംബസദസ്സുകളെ ചിത്രം വന്‍തോതില്‍ ആകര്‍ഷിച്ചു. സ്‌ത്രീയുടെ ശരീരം, അവള്‍ക്കും ബന്ധുക്കള്‍ക്കും ഒരു വശത്തുനിന്ന് ആകര്‍ഷണവസ്‌തുവും മറുവശത്തു നിന്ന് ബാധ്യതയുമാണെന്ന പൊതുബോധത്തിന്റെ അടിത്തറയിലാണ് സല്ലാപം സാക്ഷാത്ക്കരിക്കപ്പെട്ടത്. വീട്ടുവേലക്കാരിയായ രാധ (മഞ്ജുവാരിയര്‍)യെ മാനഭംഗപ്പെടുത്താന്‍ തുനിയുന്ന കുടുംബനാഥനായ ചന്ദ്രനി(എന്‍ എഫ് വര്‍ഗീസ്)ല്‍ കുറ്റം കാണുന്നതിനു പകരം ആ സാഹചര്യത്തെ നാം ശപിക്കുകയും അതേ സാഹചര്യത്തെ തന്നെ നാലാളറിയാതെ താല്‍ക്കാലികമായി ഇല്ലാതാക്കുന്ന പദ്മിനിയെ (ചന്ദ്രന്റെ ഭാര്യ /ബിന്ദു പണിക്കര്‍) നാം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. തന്റെയും കുട്ടികളുടെയും ഭാവി കരുതിയാണ്, ഭര്‍ത്താവിന്റെ 'വേലക്കാരിയെ കടന്നു പിടിക്കല്‍' എന്ന നിയമപരമായി ലഘു ശിക്ഷ ലഭിക്കാവുന്നതും പൊതുബോധത്തിന്‍ പ്രകാരം അപരാധമല്ലാത്തതുമായ കുറ്റകൃത്യത്തെ അവള്‍ ഒതുക്കുന്നത് എന്ന ന്യായമാണ് വ്യവസ്ഥാപനം ചെയ്യപ്പെടുന്നത്.

ത്രികോണപ്രേമകഥയുടെ അതിപരിചിതമായ വികാരമുഹൂര്‍ത്തങ്ങളുടെ ലോലലോലമായ നൂലിഴകള്‍ കൊണ്ടാണ് തൂവല്‍ക്കൊട്ടാരം (1996/സംവിധാനം സത്യന്‍ അന്തിക്കാട്) മുഴുമിപ്പിക്കുന്നത്. സകലകലാവല്ലഭന്‍ കൂടിയായ പ്രാരാബ്‌ധക്കാരന്‍ മോഹനചന്ദ്രന്‍ (ജയറാം) എന്ന വക്കീലും വാദ്യകലയില്‍ അയാളുടെ ഗുരുവും സന്തതസഹചാരിയുമായ അച്ചുവേട്ടന്റെ(ഒടുവില്‍ ഉണ്ണികൃഷ്ണന്‍) മകളും നര്‍ത്തകിയുമായ സുജാത(സുകന്യ)യും തമ്മിലുള്ള സുഘടിത പ്രണയത്തിനിടയിലാണ് ചിത്തഭ്രമക്കാരിയായ ദേവപ്രഭ(മഞ്ജുവാര്യരുടെ മികച്ചതും എടുത്തുപറയേണ്ടതുമായ അഭിനയം) എന്ന തമ്പുരാട്ടി വന്ന് കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുന്നതും അവസാനം 'ഞാന്‍ മോഹനനെ ഏട്ടനെപ്പോലെയാണ് കരുതിയത്' എന്ന പ്രഖ്യാപനത്തോടെ കാര്യങ്ങള്‍ കലങ്ങിത്തെളിയിക്കുന്നതും. ദേവപ്രഭയുടെയും സുജാതയുടെയും സ്വത്വങ്ങളുടെ ലിംഗ-വര്‍ഗ വൈരുദ്ധ്യങ്ങളും സമാനതകളും സൂക്ഷ്മമായി താരതമ്യം ചെയ്യുക. സ്‌ത്രീകളാണ് എന്നതുകൊണ്ട് പുരുഷനെ വശീകരിക്കലും അതിന്റെ പേരില്‍ കടിപിടി കൂടലും അതില്‍ തോല്‍ക്കലും ജയിക്കലും തന്നെയാണവരുടെയും മുഖ്യ ജീവിത ലക്ഷ്യങ്ങള്‍. പുരുഷനെപ്പോലെ 'ആരോഗ്യകരമായ ഹൃദയവിശാലത' പെണ്ണുങ്ങള്‍ക്കില്ല എന്നു സ്ഥാപിക്കപ്പെടുന്നു. എന്നാല്‍, ഈ സങ്കുചിതത്വം എല്ലാ സ്‌ത്രീകളിലും ഒരേ പോലെയല്ല പ്രകടമാകുന്നതെന്നും രാജകുടുംബത്തിലെ കുലീന വനിത പ്രജാകുടുംബത്തിലെ സാധാരണ പെണ്ണിനേക്കാള്‍ ഹൃദയവിശാലതയും സംസ്‌ക്കാരബോധവും പ്രകടിപ്പിക്കും എന്നുമുള്ള ധാരണ, നേരത്തെ സൂചിപ്പിച്ച ലിംഗധാരണയെ കവച്ചുവെച്ചുകൊണ്ട് നിര്‍ണീതമാകുന്നുണ്ട്. നൃത്തമത്സരത്തിലെ ഫലത്തെ പരസ്യമായി അട്ടിമറിച്ചതുകൊണ്ട് ക്ഷോഭിച്ച സുജാതക്ക് രഹസ്യമായി പാരിതോഷികം അയച്ച ദേവപ്രഭയുടെ വിശാലമനസ്‌ക്കത, കുലീനത്വം സാധാരണത്തത്തെക്കാള്‍ മികച്ചു നില്‍ക്കും എന്ന കണ്ടെത്തലിന്റെ പ്രഖ്യാപനമാണ്. മോതിരം രഹസ്യമായിട്ടാണ് സുജാതക്ക് എത്തിച്ചതെങ്കില്‍, മോഹനചന്ദ്രന്‍ എന്ന പാരിതോഷികത്തെ പരസ്യമായിതന്നെ കൈമാറി അവള്‍ തന്റെ പക്വതയെ അന്ത്യരംഗത്തില്‍ വെളിപ്പെടുത്തുന്നു.

1997ല്‍ ലോഹിതദാസ് ആദ്യമായി സംവിധാനം ചെയ്ത ഭൂതക്കണ്ണാടി ഏറ്റവും നല്ല നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയെടുത്തു. ഉപയോഗിച്ചതിനു ശേഷം എറിഞ്ഞുകളയുക എന്ന കണ്‍സ്യൂമര്‍ സംസ്‌ക്കാരത്തിന് കീഴ്പ്പെട്ടതിന്റെ അടുത്ത ഘട്ടമായി പ്ളാസ്‌റ്റിക് സഞ്ചി പോലെ പെണ്‍കുട്ടികളെ ഉപയോഗിക്കുകയും നശിപ്പിച്ച് എറിഞ്ഞുകളയുകയും ചെയ്യുന്ന പരിഷ്‌ക്കാരത്തിലേക്ക് കേരളീയ പുരുഷത്വം വളര്‍ന്നെത്തിയതിനെക്കുറിച്ചുള്ള ഉത്ക്കണ്ഠ പങ്കിടുന്നതിലൂടെയാണ് ഭൂതക്കണ്ണാടി ആത്മാര്‍ത്ഥവും സത്യസന്ധവുമായ ഒരാവിഷ്‌ക്കരണമായി മാറിയത്. നിരവധി പല്‍ച്ചക്രങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതും ദിവസേന താക്കോല്‍ കൊടുക്കേണ്ടതുമായ തരത്തിലുള്ള പഴയ കാലത്തെ വാച്ചുകള്‍ നന്നാക്കുക എന്ന ജോലി മാത്രമറിയാവുന്ന വിദ്യാധരന്‍ എന്ന മണി (മമ്മൂട്ടി) യാണ് ഭൂതക്കണ്ണാടിയിലെ നായകന്‍. നായര്‍ജാതിക്കാരനായ വിദ്യാധരന് തൊട്ടയല്‍പക്കത്തെ പുള്ളുവത്തി സരോജിനി(ശ്രീലക്ഷ്‌മി)യോട് ചെറുപ്പം മുതലേ ഇഷ്‌ടമായിരുന്നുവെങ്കിലും അവര്‍ക്ക് വിവാഹിതരാവാനാവുന്നില്ല. കുണ്ടനിടവഴിയില്‍ കിടന്ന് ഇണ ചേരുന്ന പാമ്പുകളിലൊന്നിനെ കല്ലെറിഞ്ഞുകൊന്നതിന്, മറ്റേ പാമ്പ് തന്റെ ജീവിതത്തോട് പക തീര്‍ക്കുകയാണെന്നാണ് വിദ്യാധരന്റെ വിശ്വാസം. കുഞ്ഞിന് രണ്ടു വയസ്സാകുമ്പോഴേക്കും അയാളുടെ ഭാര്യയെ പാമ്പു കടിച്ചു കൊന്നു. ഇത് ജാതകവിധിയുമാണ്. മറ്റൊരു വിവാഹം ആദ്യമേ കഴിക്കുകയും ഒരു കുട്ടിയെ ഗര്‍ഭം ധരിച്ച് മൂന്നുമാസത്തിനകം കാര്യം തീരുകയും ചെയ്‌ത് പഴയ കാമുകി സരോജിനി പിന്നെയും വിദ്യാധരനെ കാത്തുകാത്ത് കഴിയുകയാണ്. അവളുടെ മകള്‍, പതിനഞ്ചു വയസ്സുകാരിയായ മിനിയാണ് വിദ്യാധരന്റെ മകള്‍ ശ്രീക്കുട്ടിയുടെ കളിക്കൂട്ടുകാരിയും വേലക്കാരിയും എല്ലാം എല്ലാം. സന്ധ്യക്ക് തന്റെ കുടിലിലേക്ക് ഇടവഴിയിലൂടെ തിരിച്ചു പോവുന്ന മിനിയെ പെട്ടെന്ന് കാണാതാവുന്നു. രാത്രി മുഴുവന്‍ തപ്പിയിട്ടും അവളെ കണ്ടുകിട്ടുന്നില്ല. പിറ്റേന്ന്, കുന്നിന്‍ പുറത്തെ നരിമടയില്‍ കടിച്ചു ചീന്തപ്പെട്ട് കൊലപ്പെടുത്തിയ അവസ്ഥയില്‍ അവളുടെ ശവശരീരം. ശൂന്യതയിലേക്ക് നീണ്ട പൊലീസന്വേഷണം, വഴിയില്‍ വെച്ച് കുട്ടികളെയും ചോദിക്കാന്‍ ചെന്ന വിദ്യാധരനെയും തോക്കു കാണിച്ച് പേടിപ്പെടുത്തിയ ഒറ്റക്കണ്ണന്‍ വേട്ടക്കാരനെയാണ് വിദ്യാധരന് സംശയം. ഇത് പറഞ്ഞ് അവര്‍ നടത്തുന്ന ഏറ്റുമുട്ടലില്‍ വേട്ടക്കാരന്‍ കൊല്ലപ്പെടുന്നു. വിദ്യാധരന്‍ ജയിലിലടക്കപ്പെടുന്നു. അയാളുടെ ജയില്‍ വാസത്തിനിടയിലാണ് മകള്‍ പ്രായപൂര്‍ത്തിയാവുന്നത്. മിനിയുടെ അനുഭവവും മറ്റും ചേര്‍ന്ന് അവന്റെ മനസ്സില്‍ ഭീതി കത്തിപ്പടരുന്നു. ഈ ഭീതി അകക്കണ്ണിലെ സാങ്കല്‍പിക കാഴ്‌ചകളെ പുറം കണ്ണിലെ യഥാര്‍ത്ഥ കാഴ്‌ചകളായിതന്നെ അനുഭവപ്പെടുത്തുന്ന വിഭ്രമത്തിലേക്ക് അവനെ നയിക്കുന്നു. പ്രായപൂര്‍ത്തിയിലേക്ക് കാലെടുത്തുവെക്കുന്ന കൊച്ചുപെണ്‍കുട്ടികളുടെ പുരുഷരക്ഷാകര്‍ത്താക്കള്‍ കേരളത്തിലുടനീളം അനുഭവിക്കുന്ന ഭയാനകമായ ദു:സ്വപ്‌നങ്ങളാണ് വിദ്യാധരന്റെ അനുഭവയാഥാര്‍ത്ഥ്യങ്ങളിലും സങ്കല്‍പങ്ങളിലുമായി പ്രതിനിധാനം ചെയ്യപ്പെടുന്നത്. ഗൌരവബുദ്ധ്യാ ഉള്ളതും മനുഷ്യസ്നേഹത്തോട് വിശാലമായ അര്‍ത്ഥത്തില്‍ പ്രതിബദ്ധമായതുമായ അദ്ദേഹത്തിന്റെ മാധ്യമപരിചരണത്തിന്റെ ഉത്തമനിദര്‍ശനമാണ് ഭൂതക്കണ്ണാടി.

മുതലാളിത്ത വ്യവസ്ഥ ഏറ്റവും ക്രൂരമായി, മനുഷ്യരുടെ പഴയതരം ജീവിതസമീപനങ്ങളെ തകിടം മറിക്കുകയും പുതിയവ രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്നതുകൊണ്ടാണ് സര്‍വ്വീസിലിരിക്കുന്ന അച്‌ഛന്റെ മരണം എന്നതിന്റെ അര്‍ത്ഥം തനിക്കൊരു ജോലി എന്നതു മാത്രമാണെന്ന് ഒരു മകന്‍ തിരിച്ചറിയുന്നത്. പോര, അച്‌ഛന്റെ അപകടമരണത്തിനു വേണ്ടി ആ മകന്‍ കെണിയൊരുക്കുകയും ചെയ്യുന്നു. ലോഹിതദാസ് സംവിധാനം ചെയ്ത കാരുണ്യ(1997)ത്തിന്റെ അടിസ്ഥാന കഥാതന്തു സമകാലിക പ്രസക്തമായി തീരുന്നത്, സാധാരണ മനുഷ്യരുടെ ഉള്ളിന്റെ ഉള്ളില്‍ തറഞ്ഞിരിക്കുന്ന ഇത്തരമൊരു മുതലാളിത്ത ആശയം തെളിഞ്ഞുവരുന്നതു കൊണ്ടാണ്. സ്വന്തം അച്‌ഛനെ വേവിച്ച് തിന്ന് തന്റെ വിശപ്പു തീര്‍ക്കാം എന്ന പ്രാകൃതമായ ജന്തുസഹജമനോഭാവത്തിലേക്ക് മനുഷ്യന്‍ തിരിച്ചെത്തുന്നത് അവന്റെ നിവൃത്തികേടുകൊണ്ടാണ്. നിവൃത്തികേടിന്റെ കാരണമാകട്ടെ പണാധിപത്യ(പണമില്ലാത്തവന്‍ പിണം)വ്യവസ്ഥയും.

യാഥാസ്ഥിതികപക്ഷം പ്രോത്സാഹിപ്പിച്ചു വരുന്ന സ്‌ത്രീത്വ നിര്‍മ്മാണപ്രക്രിയയെ വിഘടിക്കുന്ന സ്വഭാവവത്ക്കരണങ്ങളെ പരാജയപ്പെടുത്തുക എന്നത് അധീശത്വ സിനിമയുടെ പ്രത്യയശാസ്‌ത്ര ധര്‍മ്മമാണ്. അത്തരമൊരു പ്രവൃത്തിയുടെ വിജയാഹ്ളാദമാണ് ലോഹിതദാസ് സംവിധാനം ചെയ്ത കന്മദ(1998) ത്തിലെ നായികയായ ഭാനു(മഞ്ജുവാര്യര്‍)വിനെ പെണ്ണാക്കി മാറ്റുന്നതിലൂടെ നായകന്‍, നായകനു പിന്നിലൊളിഞ്ഞിരിക്കുന്ന ചലച്ചിത്രകാരന്‍, നായകനുമായി സമഭാവപ്പെടുന്ന പ്രേക്ഷകന്‍ എന്നിവര്‍ പങ്കുവെക്കുന്നത്. ഭാനുവിന്റെ മുന്നനുഭവങ്ങള്‍ അവളെ ഒരു കരിങ്കാളിയാക്കി തീര്‍ത്തതിന്റെ ന്യായീകരണങ്ങളെന്ന നിലക്ക് അവതരിപ്പിച്ച് ആ അവസ്ഥയെ കഥക്കനുയോജ്യമായി സന്ദര്‍ഭവത്ക്കരിക്കുന്നുണ്ടെങ്കിലും, കഥ തീരുമ്പോഴും അത്തരം ഒരു കരിങ്കാളിയെ അങ്ങനെത്തന്നെ നിലനിര്‍ത്തി ശുഭം പറയാനുള്ള ധൈര്യമോ ആര്‍ജ്ജവമോ ചലച്ചിത്രകാരന്‍ പ്രകടിപ്പിക്കുന്നില്ല. വാണിജ്യവും ദര്‍ശനവും സമുദായരൂപവത്ക്കരണ പ്രക്രിയയും കൂടിക്കുഴഞ്ഞു കിടക്കുന്ന ചലച്ചിത്ര പ്രത്യയശാസ്‌ത്രം അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് നല്‍കുന്നില്ല എന്നതാണ് സത്യം.

നിരവധി സമ്പന്നഗൃഹങ്ങളില്‍ ഒരേസമയം വീട്ടുജോലിക്കു പോയി അതിന്റെ കൂലിയും എല്ലായിടത്തെയും ഭക്ഷണബാക്കിയും തുന്നിച്ചേര്‍ത്തു പുതുക്കിയ കുപ്പായങ്ങളും കൊണ്ട് പുറത്തുകടന്ന് കോളേജു പഠനത്തിന്റെ അടിപൊളിയിലേക്ക് പലായനപ്പെടുന്നവളാണ് ‘ലോഹിതദാസ് സംവിധാനം ചെയ്ത കസ്‌തൂരിമാന്‍’(2003) എന്ന ചിത്രത്തില്‍ മീരാ ജാസ്‌മിന്‍ അഭിനയിക്കുന്ന പ്രിയംവദ എന്ന കഥാപാത്രം. അധ്വാനത്തിന്റെ മഹനീയതയും ത്യാഗസന്നദ്ധതയുടെ ഉദാത്തതയും പ്രഘോഷിക്കുകയാണെന്നതാണ് ഇത്തരം കഥാതന്തുക്കളുടെ രചനക്കു പിറകിലെ ന്യായം. എന്നാല്‍ പരസ്യപ്പെടുത്താനാകാത്ത അധ്വാനജീവിതം കൊണ്ട് സമാഹരിക്കുന്ന പണം സമ്പന്നരുടെയും മധ്യവര്‍ഗക്കാരുടെയും ഈച്ചക്കോപ്പികളാകാന്‍ വേണ്ടി ദുര്‍വ്യയം ചെയ്യുകയാണ് മറ്റനവധി സമാന ചിത്രങ്ങളിലെന്നതുപോലെ“കസ്‌തൂരിമാനി”ലെയും കേന്ദ്രകഥാപാത്രങ്ങള്‍. ഈ ദുര്‍വ്യയവിനോദമല്ലാതെ അത്യധ്വാനികളായ ദരിദ്രര്‍ എന്താണ് ചെയ്യേണ്ടത് എന്ന പ്രശ്‌നത്തിനുള്ള കസ്‌തൂരിമാനിന്റെ പ്രതിവിധിയാണ്, കൂടുതല്‍ അധ്വാനിച്ച്, ടെമ്പററി ദരിദ്രനായ കാമുകനെ ഐ എ എസുകാരനാക്കാനുള്ള ട്യൂഷന് ദില്ലിക്കയക്കുക എന്ന തരം മാതൃകകള്‍. എന്നിട്ട് വിജയശ്രീലാളിതനായി വരുന്ന നായകന്‍ പുതിയ സാഹചര്യത്തിലും തന്നെ കൈ വെടിയാതിരിക്കുന്നത് എടുത്തു പ്രസ്‌താവിക്കുന്നതിലൂടെ എല്ലാ ആദര്‍ശപ്പട്ടങ്ങളും അവനു മേല്‍ ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്നു.

ലോഹിതദാസ് തിരക്കഥയെഴുതിയ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍ ജാതകം(1989/സുരേഷ് ഉണ്ണിത്താന്‍), ആധാരം (1992/ജോര്‍ജ്ജ് കിത്തു), ചകോരം(1994/എം എ വേണു), വീണ്ടും ചില വീട്ടുകാര്യങ്ങള്‍(1999/സത്യന്‍ അന്തിക്കാട്) എന്നിവയാണ്. അദ്ദേഹം സംവിധാനം ചെയ്തവയില്‍ ജോക്കര്‍(2000), സൂത്രധാരന്‍(2001) എന്നിവയും എടുത്തുപറയേണ്ടവയാണ്.

5 comments:

Raman said...

oru Lohithadas encyclopedia aayi veendum parichayappeduthiyathiu nannayi

cloth merchant said...

ഇത്രയും നല്ല ഒരു ഓര്‍മ്മ കുറിപ്പ് ലോതിതടാസിനു ആരും എഴുതി കാണില്ല.

Anonymous said...

ദലിതനായ ലോഹി സവർണ പശ്ചാത്തലത്തിൽ മിക്ക കഥകളിലായിരുന്നു എന്നതു സത്യമാണ്. അല്ലായിരുന്നെങ്കിൽ പണ്ടേ അദ്ദേഹം സിനിമയിൽനിന്നു പുറത്തായേനേ. ദലിതരെയും മറ്റും നന്മ നിറഞ്ഞവരായി അവതരിപ്പിക്കാനും അദ്ദേഹം ബോധപൂർവം ശ്രമിച്ചിരുന്നു എന്നും കാണാം.

Prem said...

ദശരഥവും അദ്ദേഹത്തിന്റെ ഒരു നല്ല തിരകഥയായിരുന്നു. വളരെ വ്യത്യസ്താമായ ഒരു കഥ !

G P RAMACHANDRAN said...

thank you all for the kind comments and observations