![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6mEujMmgFDeEVVs3879hnNvq-cBPXSokG3cNFuFQpp8pZ9-J-c_VVhRa0YEJrmNlt-TxjwpdxRp7dn9YUqPfb2e-HVkdITBz388kE9-dKn5j7KOBTwFYnryIkGU-5p5pOQUWEgKh8MxNz/s320/pazhassi+raja4.jpg)
മലയാള സിനിമയുടെ മുന്‍കാല ചരിത്രത്തില്‍ ആലോചിച്ചിട്ടുപോലുമില്ലാത്ത അത്ര അധികം തുക നിര്‍മ്മാണത്തിനും വിതരണത്തിനും പരസ്യത്തിനും മറ്റുമായി ചിലവിട്ടുവെന്ന പ്രഖ്യാപനത്തോടെയാണ് കേരളവര്‍മ്മ പഴശ്ശിരാജ ഒക്ടോബര്‍ 16ന് പ്രദര്‍ശനമാരംഭിച്ചത്. ഇരുപത്തേഴ് കോടി രൂപ ചിലവായി എന്നാണ് അവകാശവാദങ്ങള്‍. അത് വിശ്വസിക്കുകയല്ലാതെ തല്ക്കാലം മറ്റ് നിര്‍വാഹമൊന്നുമില്ല. മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ളീഷ്(സബ് ടൈറ്റില്‍ഡ്) എന്നീ ഭാഷകളിലും കേരളവര്‍മ്മ പഴശ്ശിരാജ തയ്യാറാക്കിയിട്ടുണ്ടെന്നാണ് പ്രചരിപ്പിച്ചിരുന്നതെങ്കിലും ആ മൊഴിമാറ്റപതിപ്പുകളുടെ പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്നതേ ഉള്ളൂ. സിനിമയുടെ ഇതിവൃത്തം പ്രാഥമികമായി ബന്ധപ്പെടുന്നത് കേരളവുമായിട്ടാകയാല്‍ കേരളീയര്‍ ഈ ചിത്രത്തെ എപ്രകാരം സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മറ്റുള്ളിടത്തെ വിജയ-പരാജയങ്ങള്‍ എന്ന ധാരണയും പ്രബലമാണ്. വമ്പിച്ച മുതല്‍ മുടക്കോടെ തയ്യാറാക്കപ്പെടുന്ന തമിഴ്, ഹിന്ദി, ഇംഗ്ളീഷ് സിനിമകളുടെ കടന്നുകയറ്റത്തെതുടര്‍ന്ന് മലയാള സിനിമക്ക് പിടിച്ചു നില്‍ക്കാനാവില്ല എന്ന ഭീതി കഴിഞ്ഞ കുറെക്കാലമായി വ്യാപകമായതിന്റെ പിന്നാലെയാണ് അത്തരം മുതല്‍മുടക്കുകളോട് കിടപിടിച്ചു കൊണ്ട് കേരളവര്‍മ്മ പഴശ്ശിരാജ പൂര്‍ത്തിയാക്കി പുറത്തു വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ ചിട്ടിക്കമ്പനി ഉടമയായ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്മാതാവെങ്കില് മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനും ജ്ഞാനപീഠജേതാവും തിരക്കഥാകൃത്തുമായ എം ടി വാസുദേവന്‍ നായര്‍ രചനയും പ്രമുഖ സംവിധായകന് ഹരിഹരന് സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഛായാഗ്രാഹകന്‍ രാമനാഥ് ഷെട്ടിയും എഡിറ്റര്‍ ശ്രീകര്‍ പ്രസാദുമാണ്. ഓസ്കാര്‍ പുരസ്കാര ജേതാവായ റസൂല്‍ പൂക്കുട്ടി ശബ്ദ സംവിധാനം നിര്‍വഹിച്ച ആദ്യ തെന്നിന്ത്യന്‍ സിനിമ കൂടിയാണ് കേരളവര്‍മ്മ പഴശ്ശിരാജ. ഇളയരാജയാണ് സംഗീതസംവിധാനം.
ചിത്രത്തിന്റെ ഏതാണ്ട് മുക്കാല്‍ ഭാഗവും യുദ്ധ-സംഘട്ടന രംഗങ്ങളാണ്. നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത് ഇവ പൂര്‍ത്തിയാക്കാന്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ സഹായം ഉപയോഗിച്ചിട്ടേ ഇല്ല എന്നാണ്. വയനാട്ടിലാണ് ചിത്രത്തിന്റെ നല്ലൊരു ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. ആദിവാസി ജനവിഭാഗമായ കുറിച്യരുടെ സഹായത്തോടെ പഴശ്ശി രാജ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന ആഖ്യാനമാണ് കേരളവര്‍മ്മ പഴശ്ശിരാജ. ലിഖിതവും അല്ലാത്തതുമായ ചരിത്രവും അതിലെ നായകത്വങ്ങളും ആധുനിക ജനപ്രിയമാധ്യമമായ സിനിമയും തമ്മിലുള്ള അഭിമുഖീകരണത്തിനു വേണ്ടി തിരക്കഥാകൃത്തും സംവിധായകനും മറ്റ് സാങ്കേതിക വിദഗ്ദ്ധരും നടീനടന്മാരും പ്രകടിപ്പിച്ചിട്ടുള്ള അര്‍പ്പണ ബോധം സിനിമയില്‍ പ്രകടമാണ്. കേരള സര്‍ക്കാര്‍ ചിത്രത്തിന് വിനോദ നികുതിയിളവ് അനുവദിച്ചിട്ടുമുണ്ട്. പ്രസ്തുത ഇളവു മൂലം ടിക്കറ്റു കൂലിയില്‍ ഇളവുണ്ടായിരിക്കുന്നതല്ല, മറിച്ച് നികുതിയിനത്തില്‍ പിരിക്കുന്ന പണമടക്കം സിനിമാശാല ഉടമസ്ഥരും വിതരണക്കാരും ചേര്‍ന്ന് പങ്കിട്ടെടുക്കും(സാധാരണ അവസരത്തില്‍ വില്‍ക്കുന്ന ടിക്കറ്റുകളില്‍ നിന്ന് ലഭിക്കുന്ന മുഴുവനും നികുതി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ അടക്കുന്നുണ്ടോ എന്നത് സംശയമാണ്. ആയതിനാല്‍ ഇപ്പോളനുവദിച്ച ഇളവിന്റെ ഗുണം മുതലാളിമാര്‍ക്ക് കാര്യമായ തോതില്‍ ലഭിക്കുമെന്ന് കരുതാനാവില്ല). ബ്രിട്ടീഷുകാര്‍ക്കു വേണ്ടി കര്‍ഷകരില്‍ നിന്നും ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കേണ്ട നികുതിപ്പണം പിരിച്ചെടുക്കാന്‍ വിസമ്മതിക്കുന്നതിലൂടെയാണ് പഴശ്ശിരാജ പ്രതിഷേധം ആരംഭിക്കുന്നത്. ആ വിസമ്മതത്തിന് അഭിവാദ്യമായി കേരള സര്‍ക്കാരിന്റെ തീരുമാനത്തെ കണക്കിലെടുക്കാം. മമ്മൂട്ടി പ്രൌഢോജ്വലമായി അവതരിപ്പിച്ചിരിക്കുന്ന പഴശ്ശിരാജയുടെ തീരുമാനത്തിനു വിരുദ്ധമായി അദ്ദേഹത്തിന്റെ അമ്മാമനായ വീരവര്‍മ്മ (തിലകന്) ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വിധേയപ്പെടുകയും നികുതി പിരിച്ചേല്‍പ്പിക്കാമെന്ന് ഓലയെഴുതി കമ്പനി അധികൃതര്‍ക്കെത്തിക്കുകയും ചെയ്യുന്ന രംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അമ്മാമനോട് അദ്ദേഹത്തിന്റെ പ്രവൃത്തിയിലെ അപ്രീതി അറിയിക്കാനായി എത്തുന്ന രംഗത്തിലാണ് മമ്മൂട്ടിയുടെ രംഗപ്രവേശം. എന്നാല്‍ ഈ സീനിനു ശേഷം തിലകന്റെ കഥാപാത്രത്തിന് എന്തു സംഭവിച്ചു എന്നറിയില്ല. അതിനുപകരം തെലുങ്കു താരം സുമന് അവതരിപ്പിക്കുന്ന പഴയം വീടന് ചന്തുവാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ സഹായിക്കുന്ന നാട്ടുപ്രമാണിയായി നിറഞ്ഞു നില്‍ക്കുന്നത്.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGfTVBFlSAv5Ob-kq3Er-55VzAKiS7yXiDjIn28uN4P0Og_QD7tOnJCS_pEM4obK2Cm7Npl-AIxW1-Ary5ZV1YyUtxJbwJEdQ3j_HlVcCTyCBfWo3tcq_CGXC0rdh-iB5PWx_YncMstDEs/s320/pazhassiraja+11.jpg)
സാധാരണ സൂപ്പര്‍ താരചിത്രങ്ങളില്‍ സൂപ്പര്‍ താരത്തിന്റെ ശരീരഭാഗങ്ങള്‍(മിക്കപ്പോഴും മുഖം) വെളിച്ചമധികമുള്ള പ്രതലത്തില്‍ എക്സ്ട്രീം ക്ളോസപ്പിലാണ് കടന്നുവരാറുള്ളതെങ്കില്‍, കേരളവര്‍മ്മ പഴശ്ശിരാജയില്‍ ഇരുട്ടില്‍ നിന്ന് ഇളം വെളിച്ചത്തിലേക്ക് ധാടിമോടികളില്ലാതെ മുഴുനീള മമ്മൂട്ടി കടന്നു വരുകയാണ് ചെയ്യുന്നത്. ആദ്യപ്രദര്‍ശനം മുതല്ക്കേ ദത്തശ്രദ്ധരായിരിക്കുന്ന ഫാന്‍സ് അസോസിയേഷന് പ്രവര്‍ത്തകര്‍ തയ്യാറായിരിക്കുന്നതുകൊണ്ട് ആര്‍പ്പു വിളിയും കൈയടിയും ടിക്കറ്റുകഷണങ്ങളും പാന്‍പരാഗ് പൊതികളും തിരശ്ശീലയിലേക്ക് അമിട്ടു പോലെ പൊട്ടിച്ചിതറിയുയര്‍ന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള സിനിമയുടെ ഗതി നിര്‍ണയിക്കുന്ന സൃഷ്ടിയാണോ കേരളവര്‍മ്മ പഴശ്ശിരാജ? ആഗോള സാമ്പത്തിക പ്രക്രിയയിലേക്ക് ഉദ്ഗ്രഥിക്കപ്പെട്ടുകഴിഞ്ഞ തമിഴ്, ഹിന്ദി സിനിമാവ്യവസായം പോലെ സാങ്കേതികവും സാമ്പത്തികവും ബ്രാന്റ് ഉല്‍പ്പന്നപരവുമായ തരത്തില്‍ വളര്‍ന്നു പന്തലിക്കാന്‍ മലയാള സിനിമക്ക് സാധിക്കുമോ? സിനിമ, മലയാളം, കേരളം, ചരിത്രം, സ്വാതന്ത്യസമരം എന്നീ പ്രതിഭാസങ്ങള്‍ കേരളവര്‍മ്മ പഴശ്ശിരാജയുടെ പശ്ചാത്തലത്തില്‍ ഭാവന ചെയ്യപ്പെടുകയും സങ്കല്പന-നിര്‍വഹണ-ആസ്വാദന തലങ്ങളില്‍ പരിചരിക്കപ്പെടുകയും ചെയ്യുന്നതെങ്ങനെ?
ബെന്ഹര്, ടെന്‍ കമാന്റ്മെന്റ്സ് പോലെയുള്ള ബൈബിളധിഷ്ഠിത ചിത്രങ്ങളുടെയും ഹോളിവുഡിലിറങ്ങിയ മറ്റു നാടോടിയുദ്ധ സിനിമകളുടെയും മാതൃകകളാണ് എം ടിയും ഹരിഹരനും പ്രയോജനപ്പെടുത്തിയിരിക്കുന്നത്. രാമു കാര്യാട്ടിനെ അതിശയിക്കുന്ന തരത്തില്‍ മികച്ച സാങ്കേതിക പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിലെ സംഘാടനപാടവം എടുത്തുപറയേണ്ടതാണ്. മലയാളത്തില്‍ നിന്ന് മമ്മൂട്ടി അടക്കമുള്ള ചില മികച്ച താരങ്ങളെയും തമിഴില്‍ നിന്ന് ശരത്കുമാര്, തെലുങ്കില്‍ നിന്ന് സുമന് എന്നിങ്ങനെയുള്ളവരെയും ഉള്‍പ്പെടുത്തി സിനിമയുടെ വിപണനമൂല്യം ഉയര്‍ത്താനുള്ള ശ്രമവും ശ്രദ്ധേയമാണ്. വിപണിവിജയം ഉറപ്പിക്കുന്ന ഒരു അടിസ്ഥാനപദ്ധതിയാണ് കേരളവര്‍മ്മ പഴശ്ശിരാജയിലൂടെ ഉദ്ദേശിക്കപ്പെടുന്നത് എന്നത് വ്യക്തമാണ്. ഇരുപത്തേഴ് കോടി രൂപ ചെലവായി എന്ന തുടര്‍ച്ചയായ പ്രഖ്യാപനം തന്നെ ഊഹക്കച്ചവടാധിഷ്ഠിതമായ വില്‍പനമൂല്യത്തെ ഊതിപ്പെരുപ്പിക്കാനാണെന്നതാണ് വാസ്തവം. ചാനല്‍ അവകാശങ്ങള്‍, കേരളത്തിനു പുറത്തുള്ള ഔട്ട്റൈറ്റ് വില്പനകള്, ഡിവിഡി അവകാശം, ആഡിയോ വില്പന, ഇന്റര്‍നെറ്റ് അവകാശം, തിരക്കഥാ വില്പന എന്നിങ്ങനെ പലതരം വില്പനകള് കേരള ബോക്സാപ്പീസ് വരുമാനം എന്ന അടിസ്ഥാനത്തിനു പുറത്ത് സിനിമയില്‍ ഇക്കാലത്ത് സാധ്യമാണ്. താരങ്ങളെ അവരുടെ വിപണിമൂല്യവും പ്രാദേശികമായ ജനപ്രിയതാനിലവാരങ്ങളും കണക്കിലെടുത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്; അല്ലാതെ അവരുടെ നടനമികവു മാത്രം അടിസ്ഥാനപ്പെടുത്തിയല്ല.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjj4IMvAPpkjXEbgPe2fBmX7uVhLyiGxxDZbelB4fjYFhhKpEHWUZo6AqpjAdl_opb3tEVNLMtVCt0XXR9cAuPU6NHjIvVYwVkDzDsKUYKULpIi3rnA2wLn-7V9llIvTa-A8kRrNKsB7Dm0/s320/pazhassi+raja+6.jpg)
നടികളുടെ അവതരണവും ഇതിന്റെ തുടര്‍ച്ചയാണ്. കനിഹ അവതരിപ്പിക്കുന്ന കൈതേരി മാക്കം എന്ന പഴശ്ശിരാജയുടെ ഭാര്യാകഥാപാത്രത്തെ ശ്രദ്ധിക്കുക. ലൈംഗികദരിദ്രരായ മലയാളികളെ മനസ്സില്‍ കണ്ടു കൊണ്ടാണ് ഈ നടി/കഥാപാത്രത്തിന്റെ വേഷവിധാനവും ശരീര ചലനങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏതു കലാസൃഷ്ടിക്കും ചരിത്രത്തോട് നൂറു ശതമാനം നീതി പുലര്‍ത്താനാവില്ല എന്നിരിക്കെ (അങ്ങിനെ നീതി പുലര്‍ത്തേണ്ടതില്ല എന്നുമിരിക്കെ), പതിനെട്ടാം നൂറ്റാണ്ടിലെ വേഷവിധാനം എന്നവകാശപ്പെട്ടുകൊണ്ട് അവതരിപ്പിക്കപ്പെടുന്ന വേഷങ്ങളുടെ കൃത്യത ആലോചിച്ച് സംവിധായകനോ വസ്ത്രസംവിധായകനോ നടിയോ കാണിയോ വിമര്‍ശകനോ തല പുകക്കേണ്ടതില്ല. അപ്പോള്‍, ഇത്തരമൊരു 'പീരിയഡ് സിനിമ'യിലെ നടിയുടെ വേഷം തിരഞ്ഞെടുക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എന്തായിരിക്കും? തീര്‍ച്ചയായും ചരിത്രത്തോടും ഇതിവൃത്തത്തോടും നൂറു ശതമാനം നീതിയും പ്രതിബദ്ധതയും പുലര്‍ത്തുക എന്ന നിഷ്കളങ്കവും ബൌദ്ധികവുമായ ഉദ്ദേശ്യമായിരിക്കുകയില്ല അത് എന്നതുറപ്പാണ്. നേരത്തെ പറഞ്ഞതു പോലെ ലൈംഗികദരിദ്രരായ മലയാളി പുരുഷ കാണിക്ക് അല്പമെങ്കില് അല്പസമയം കാമോത്തേജനവും ലിംഗോദ്ധാരണവും സാധ്യമാവുമെങ്കില്‍ അതു നടക്കട്ടെ എന്ന 'നിഷ്കളങ്കമായ' സാമര്‍ത്ഥ്യം മാത്രം.
ഒളിവില്‍ പാര്‍ക്കുന്ന നായകന് പഴശ്ശിരാജ ചിറക്കലില്‍ പോയി വരുന്നതു വഴി കൈതേരിയിലെ തന്റെ വീട്ടിലും വരുമെന്നറിഞ്ഞ നായിക കുന്നത്തെ കൊന്നക്കും പൊന്മോതിരം ഇന്നേതോ തമ്പുരാന് തന്നേപോയി എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ കുളിക്കടവില്‍ നിന്ന് കയറിവരുന്ന ദൃശ്യം ശ്രദ്ധിക്കുക. മുലക്കച്ചക്കുള്ളില്‍ നിന്ന് കുലുങ്ങുന്ന മുലകളുടെ തെളിച്ചമുള്ള ചലനദൃശ്യം മലയാളസിനിമയുടെ ഗതിനിര്‍ണായകസൃഷ്ടിയുടെ പുറകില്‍ അര്‍പ്പണം ചെയ്തവരുടെ ആണ്‍നോട്ട(മേല്‍ഗേസ്)ത്തിന്റെ ഉദാഹരണം മാത്രമാണ്. തിയറ്ററില്‍ ഈ സമയത്ത് ഉയരുന്ന ആരവങ്ങളുടെ ഗതിവിഗതികളും(സമൂഹത്തിന്റെ ആണ്‍നോട്ടം) മറ്റൊന്നല്ല സൂചിപ്പിക്കുന്നത്. കേരളവര്‍മ്മ പഴശ്ശിരാജയുടെ പ്രൊമോഷനുവേണ്ടി ടി വി ചാനലുകളില്‍(കുടുംബകത്തെ ആണ്‍നോട്ടം) വിതരണം ചെയ്തിട്ടുള്ളതും ആരാധകരാല്‍ അപ്ലോഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് യൂ ട്യൂബില്‍ ഏറ്റവുമധികം ഹിറ്റു കിട്ടുന്നതുമായ പാട്ടുദൃശ്യവും(ഒറ്റവ്യക്തിയുടെ ആണ്‍നോട്ടം) ഇതു തന്നെ.
ഹരിഹരനുമുമ്പ് മലയാള സിനിമയില്‍ സംഘാടനമിടുക്ക് കാണിച്ച രാമുകാര്യാട്ടും ഇതേ മാര്‍ഗം നന്നായി പ്രയോജനപ്പെടുത്തിയ ആളാണ്. ചെമ്മീനി(1966)ല്‍ കറുത്തമ്മ(ഷീല)യെ ആദ്യമായി അവതരിപ്പിക്കുമ്പോള്‍ ക്യാമറ മുകളില്‍ നിന്ന് അവളുടെ മാറിടത്തിനു മുകളിലായി തങ്ങിനില്ക്കുന്നു. ബ്ളൌസിനുമുകളിലായി രണ്ടു മുലകള്‍ക്കിടയിലെ വിടവ് വ്യക്തമാക്കിക്കൊണ്ടുള്ള ഷോട്ട് കാണിച്ചതിന്റെ ന്യായീകരണം തൊട്ടടുത്ത സംഭാഷണത്തിലാണുള്ളത്. പരീക്കുട്ടി മുതലാളി(മധു)യുടെ നോട്ടമാണത്. “എന്തൊരു നോട്ടം! എന്ന് കറുത്തമ്മ മധുരമായി പരിഭവിക്കുന്നു. തോട്ടിയുടെ കഥ ലിഖിത സാഹിത്യത്തിലാവിഷ്ക്കരിച്ചതിലൂടെ മലയാള സാഹിത്യത്തിന്റെ അസംസ്കൃത വസ്തു സംഭരണത്തില്‍ നിലനിന്നിരുന്ന വകതിരിവുകളെ അട്ടിമറിച്ച തകഴിയെപ്പോലുള്ള ഒരു അസാമാന്യ ‘പുരോഗമന’ സാഹിത്യ വ്യക്തിത്വം രചിച്ച ‘ചെമ്മീന്‍’ സിനിമയായപ്പോഴാണ് മുതലാളിത്തത്തിന്റെ നോട്ടത്തിന് കീഴ്പ്പെടുത്തപ്പെട്ടത് എന്നതാണ് ശ്രദ്ധേയം.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBSy20F29HioJEgRhC3Yy-EJc67YJbof-TKLtY9PLz9pj5y9rGLiT-OM2IWKWGQhtZkBJj9fr7-mcw3ndMUw2Y25KaWbLBuxDTtG6skeDVczfOSbK2YjJ1RDI8l32aiMhIXR_uxXIa5oqi/s320/pazhassiraja5.jpg)
അപ്പോള്‍ രാജ്യസ്നേഹത്തിലധിഷ്ഠിതവും സ്വാതന്ത്ര്യബോധത്താല്‍ ജ്വലിച്ചു നില്ക്കുന്നതുമായ കേരളവര്‍മ്മ പഴശ്ശിരാജയില്‍ ഒരു സെക്കന്റു നേരം നടിയുടെ മുലകള്‍ കുലുങ്ങിയാല്‍ അത് എടുത്തു പറയുന്ന ദോഷൈകദൃക്കുകളുടെ വിമര്‍ശനബോധത്തെ നമുക്കവഗണിക്കാം; അതിനു പകരം ചരിത്രബോധവും രാജ്യസ്നേഹവും സ്വാതന്ത്ര്യാവബോധവും സ്വദേശാഭിമാനവും നഷ്ടപ്പെട്ട കേരളീയര്‍ക്കും മറ്റിന്ത്യക്കാര്‍ക്കും അത് പ്രദാനം ചെയ്യുന്നതിനായി, നടിയുടെ വസ്ത്രമൊരിത്തിരി സ്ഥാനചലനം വന്നുവെന്നും അവയവങ്ങള്‍ കുറച്ചൊന്ന് കുലുങ്ങിയെന്നും കരുതി സമാധാനിക്കാം/അഭിമാനിക്കാം. സ്ത്രീകള്‍ക്കും ചരിത്രനിര്‍മാണ പ്രക്രിയയില്‍ കുറച്ച് പങ്കു ലഭിക്കട്ടെ! പത്മപ്രിയ അവതരിപ്പിക്കുന്ന നീലി എന്ന കുറിച്യപ്പോരാളിക്ക് വെടിയേറ്റതിനെ തുടര്‍ന്ന് അവളുടെ പ്രതിശ്രുതവരനായ തലക്കല്‍ ചന്തു (മനോജ് കെ ജയന്) തന്റെ മടിയില്‍ കിടത്തി അവളുടെ വെടിയുണ്ട നീക്കം ചെയ്യുന്ന ദൃശ്യവും കാണികള്‍ ഇതേ ആണ്‍നോട്ടത്തിന് കീഴ്പ്പെടുത്തി. വലത്തേ തുടയിലാണ് വെടിയേല്‍ക്കുന്നത് എന്നതിനാലാണ് ഈ ആണ്‍നോട്ട സാധ്യത പ്രാവര്‍ത്തികമായത്. അക്രമങ്ങളും അനീതികളും നിറഞ്ഞ കക്ഷിരാഷ്ട്രീയ പരിസരത്തെ വിചാരണ ചെയ്യുന്ന ഈനാട് (ടി ദാമോദരന്‍, ഐ വി ശശി/1982) എന്ന ഹിറ്റു സിനിമയില്‍ നഗരത്തിനുള്ളിലെ ചേരിയില്‍ നടക്കുന്ന വ്യാജമദ്യദുരന്തത്തില്‍ മരണപ്പെടുന്ന സ്ത്രീ കഥാപാത്രത്തിന്റെ (സുരേഖ അഭിനയിക്കുന്നു) മുക്കാലും നഗ്നമായ ശരീരം ക്യാമറ ആര്‍ത്തിയോടെ ഒപ്പിയെടുത്തതും കാണികള്‍ ആനന്ദാവേശത്തോടെ സ്വീകരിച്ചതും പോലെ ശവഭോഗാത്മകമായ ഒരു കാഴ്ചാരീതി ഈ ദൃശ്യത്തിലും നിര്‍വഹിക്കപ്പെട്ടു.
രാജ്യസ്നേഹമെന്ന് കേരളസര്‍ക്കാര്‍ തീരുമാനമെടുത്ത് നിര്‍ണയിച്ച കേരളവര്‍മ്മ പഴശ്ശിരാജക്ക് യു/എ സര്‍ട്ടിഫിക്കറ്റ് (നിയന്ത്രണങ്ങളൊന്നുമില്ലാത്ത പൊതുപ്രദര്‍ശന ലൈസന്‍സ്, പക്ഷെ 12 വയസ്സില്‍ താഴെയുള്ളവര്‍ രക്ഷിതാക്കളുടെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ചു മാത്രം കാണുക) നല്‍കാനാണ് ഫിലിം സര്‍ട്ടിഫിക്കേഷനായുള്ള കേന്ദ്ര ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത് എന്നത് ഈ രംഗങ്ങള്‍ കണക്കിലെടുത്തിട്ടാണോ അതോ യുദ്ധ-സംഘട്ടന രംഗങ്ങളിലുള്ള ചോരപ്പെയ്ത്ത് കണ്ടിട്ടാണോ എന്നറിയില്ല. സെന്‍സര്‍ഷിപ്പ് ധാര്‍മിക സദാചാരത്തെ സംബന്ധിച്ച അവസാന വാക്കായി പരിഷ്കൃത സമൂഹത്തിന് പരിഗണിക്കാനാവില്ല എന്നിരിക്കെ അത്തരമൊരു സര്‍ട്ടിഫിക്കറ്റിനെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ല. പക്ഷെ, ഒരു കാര്യമുറപ്പാണ്. രാജ്യസ്നേഹമല്ല ഏതു വിഷയവുമാകട്ടെ ഇന്ത്യന്‍ സിനിമയില്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കണമെന്നുണ്ടെങ്കില്‍ ലൈംഗിക ചിത്രീകരണത്തെ സംബന്ധിച്ച ഔദ്യോഗികവും അനൌദ്യോഗികവുമായ വിചാരങ്ങളും ധാരണകളും നിബന്ധനകളും മാറ്റിയെഴുതിയേ മതിയാവൂ എന്നതാണത്.
മലയാളത്തിലിറങ്ങിയ മറ്റൊരു 'രാജ്യസ്നേഹ' സിനിമയായ കീര്‍ത്തിചക്ര(മേജര്‍ രവി/2006)യില്‍ കശ്മീരിലെ ഒരു വീട്ടിനകത്ത് കടന്നു കയറുന്ന മുസ്ളിം ഭീകരര്‍ അവിടത്തെ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്റെ നീണ്ടു നില്ക്കുന്ന അതിസമീപ ദൃശ്യം വ്യക്തമായി കാണിച്ചതാണ് ആ ചിത്രത്തിന്റെ ജനപ്രിയതാഗ്രാഫ് ഉയര്‍ത്തിയത് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലൈംഗികതാ ചിത്രീകരണത്തെ സംബന്ധിച്ചുള്ള കപടസദാചാരവാദികളുടെ ധാരണകള്‍ മാറ്റിയെഴുതാന്‍ സാധിച്ചാല്‍, അതിനെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമക്കു ലഭ്യമാവുന്ന 'ലൈംഗികസ്വാതന്ത്ര്യ'ത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചതിനു ശേഷം കൂടുതല്‍ സുതാര്യവും മാന്യവുമായ രാജ്യസ്നേഹ സിനിമകള്‍ പുറത്തു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjkxTdXEjQaYgHFjIve5eopI-LdXPgGY3yOYaXT193vYWkTdgtKbKygpyE5Izdr_HxCMHuJhfMlqYQGxkJyKx7uNx0VuyZrnGAsuHio8zqLzWJodA04JuKQtjqXKIdhJ3NUxrSYgpfYa2vb/s320/pazhassiraja+12.jpg)
മുന്‍കാലത്ത് ഇറങ്ങിയിട്ടുള്ള ചില ഇന്ത്യന്‍ 'രാജ്യസ്നേഹ' സിനിമകളായ ഗാന്ധി(റിച്ചാര്‍ഡ് അറ്റന്‍ബറോ/ഇംഗ്ളീഷ്/1982), കാലാപാനി(പ്രിയദര്ശന്/മലയാളം/1996) എന്നിവയില്‍ ബ്രിട്ടീഷുകാര്‍ക്കനുകൂലമായ ചില പരസ്യ/രഹസ്യ ട്വിസ്റ്റുകള്‍ ഉള്ളതു പോലെ കേരളവര്‍മ്മ പഴശ്ശിരാജയിലും ഏതാനും അവ്യക്തതകള്‍ ഒളിഞ്ഞും തെളിഞ്ഞുമിരിപ്പുണ്ട്. ഗാന്ധിജിയുടെ നേതൃത്വ ഗുണങ്ങളെയും മാഹാത്മ്യത്തെയും കണ്ടെത്തുകയും അംഗീകരിക്കുകയും വാഴ്ത്തുകയും ചെയ്ത വെള്ളക്കാരുടെ മഹാമനസ്കത ഉയര്‍ത്തിക്കാട്ടുന്നതിനാണ് റിച്ചാര്‍ഡ് അറ്റന്‍ബറോ തന്റെ സിനിമയില്‍ കാര്യമായി പ്രയത്നിക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്ര ചിന്തകനായ രവീന്ദ്രന് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് (സിനിമയുടെ രാഷ്ട്രീയം/ബോധി-1990 എന്ന പുസ്തകത്തിലെ ഗാന്ധി - അഥവാ സാമ്രാജ്യത്വത്തിന്റെ മഹാമനസ്കത എന്ന ലേഖനം കാണുക). കാലാപാനിയിലെ നായകനും പ്രതിനായകനും ഓരോ ബ്രിട്ടീഷ് അപരസ്വത്വങ്ങളെ പ്രത്യേകം സൃഷ്ടിച്ചെടുത്താണ് കൊളോണിയല്‍ ദാസ്യമനോഭാവം പ്രകടമാക്കിയത്. (സിനിമയും മലയാളിയുടെ ജീവിതവും/എന്‍ ബി എസ്-1998 എന്ന പുസ്തകത്തിലെ വൃഥാ സാഹസങ്ങള്‍ എന്ന ലേഖനം കാണുക). ഭാര്യയെ അവളുടെ വീടായ കൈതേരിയില്‍ താമസിപ്പിച്ച് ഒളിപ്പോരിനായി വയനാട്ടിലേക്ക് പോകുന്ന പഴശ്ശിരാജ, ബ്രിട്ടീഷുകാര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറില്ല എന്നത് തനിക്കുറപ്പാണ് എന്നു പറയുന്നുണ്ട്. അതില്‍ നിന്ന് വ്യക്തമാകുന്നത്, ഇന്ത്യക്കാരായ മറ്റു ശത്രുക്കളില്‍ നിന്ന് അത്തരം മാന്യത പ്രതീക്ഷിക്കേണ്ട എന്നുമാണ്. ഇന്ത്യക്കാര്‍ ബ്രിട്ടീഷുകാരെ അപേക്ഷിച്ച് സംസ്കാരശൂന്യരാണ് എന്ന കൊളോണിയല്‍ ദാസ്യമനോഭാവം നായകകഥാപാത്രത്തിന്റെ സംഭാഷണത്തിലൂടെ പുറത്തുവരുകയാണിവിടെ. ചിത്രത്തിന്റെ അന്ത്യരംഗത്തില്‍ കൊലപ്പെടുത്തിയതിനു ശേഷം പഴശ്ശിരാജയുടെ മൃതദേഹത്തെ രാജാവിനു ചേര്‍ന്ന അന്തസ്സോടെ അഭിവാദ്യം ചെയ്ത് സംസ്ക്കരിക്കുന്നതിനായി കൊണ്ടുപോകുന്ന ദൃശ്യമാണുള്ളത്. അക്കാര്യത്തിലും ബ്രിട്ടീഷുകാര്‍ സംസ്കാര സമ്പന്നതയോടെ പെരുമാറി എന്നു വ്യക്തമാക്കാനുള്ള ഉദ്യമം വ്യക്തമാണ്. പഴശ്ശിരാജായുടെ മൃതശരീരം ഞാന്‍ സഞ്ചരിച്ച പല്ലക്കിലേക്ക് മാറ്റി എന്നും അടുത്ത ദിവസം പഴശ്ശിരാജയുടെ മൃതദേഹം, ശക്തമായ പട്ടാളക്കാവലോടെ മാനന്തവാടിക്കയച്ചു. മൃതശരീരത്തോടൊപ്പം അയച്ച ശിരസ്തദാര്‍ക്ക്, എല്ലാ ബ്രാഹ്മണരേയും വിളിച്ചു വരുത്തി ശവസംസ്ക്കാരം പാരമ്പര്യവിധിപ്രകാരം നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇങ്ങനെ ഒരു ബഹുമതിക്ക്, ഒരു പ്രഖ്യാപിത ലഹളത്തലവനാണെന്നിരിക്കിലും, രാജ്യത്തിലെ യഥാര്‍ത്ഥ നാടുവാഴികളില്‍ ഒരാളെന്ന നിലക്ക് അദ്ദേഹം സര്‍വ്വഥാ അര്‍ഹനാണെന്ന് എനിക്കു തോന്നി എന്നും, അന്നത്തെ അസിസ്റ്റന്റ് കലക്ടറായിരുന്ന ടി എച്ച് ബാബര്‍ 1805 ഡിസംബര്‍ 31-ാം തിയതി മലബാര്‍ പ്രവിശ്യയുടെ പ്രിന്‍സിപ്പല്‍ കലക്ടര്‍ക്ക് എഴുതിയ ദീര്‍ഘമായ കത്തില്‍ രേഖപ്പെടുത്തിയതിനെയാണ് (മലബാര്‍ മാന്വല്‍ - വില്യം ലോഗന്/വിവര്‍ത്തനം ടി വി കൃഷ്ണന് - പേജ് 352/മാതൃഭൂമി ബുക്സ് 2007) തിരക്കഥാകൃത്ത് അവലംബിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. കൊല്ലപ്പെട്ട പഴശ്ശിരാജായുടെ മൃതദേഹം ഗാംഭീര്യത്തോടെ മുഖമുയര്‍ത്തി വെച്ച് പല്ലക്കില്‍ കൊണ്ടു പോകുന്ന അവസാന ദൃശ്യം താരനായകന്റെ മരണം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന ആരാധകരെ സമാശ്വസിപ്പിക്കുന്നതിന് കൂടി ഉതകുന്ന തരത്തില്‍ സമര്‍ത്ഥമായി വിഭാവനം ചെയ്ത ഒന്നാണെന്നതും എടുത്തു പറയണം.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeqDiRI-EIsPJQVy2mZ1r787e7HjlkzJlGR5DdAII7iecupw0EQzB3aGRSjyO1YBnywpZ2bdTEZ2m4iwzAJKKAbmvi9CH9bIp7-fC8WWwbT4IZMGR5AF1t7J_BBaq4pSMX6_phPsL8I1Wf/s320/Pazhassi+Raja+9.jpg)
പഴശ്ശിയെ കൊലപ്പെടുത്തിയതാണോ അതോ അദ്ദേഹം തോല്‍വി മനസ്സിലാക്കിയപ്പോള്‍ ആത്മഹത്യ ചെയ്തതാണോ എന്ന കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കെ; ബ്രിട്ടീഷ് കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളതു പോലെ അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചതായി ചിത്രീകരിച്ചിരിക്കുകയാണ് സിനിമയില്‍. ബ്രിട്ടീഷുകാരുടെ കൈ കൊണ്ട് മരിക്കുന്നത് അപമാനമായി കരുതി അദ്ദേഹം തന്റെ വിരലിലെ വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തുവെന്ന് ഐതിഹ്യസമാനമായ കഥകളില്‍ പ്രചരിച്ചു വരുന്നുമുണ്ട്. അദ്ദേഹത്തിന്റെ പടനായകനായിരുന്ന എടച്ചേന കുങ്കന് (ശരത് കുമാര്‍) ഇപ്രകാരം ബ്രിട്ടീഷ് പട്ടാളത്താല്‍ വളയപ്പെട്ടപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന കഠാര വയറ്റിലേക്ക് കുത്തിയിറക്കി ആത്മഹത്യ ചെയ്യുന്നത് സിനിമയില്‍ വിശദമാക്കിയിട്ടുമുണ്ടല്ലോ! ചരിത്രയാഥാര്‍ത്ഥ്യവും അതിനെ തുടര്‍ന്ന് കെട്ടിയുണ്ടാക്കി പ്രചരിപ്പിക്കപ്പെട്ട നാടോടിക്കഥകളുമാണ് പഴശ്ശിരാജായെ സംബന്ധിച്ച് കേരളത്തില്‍ നിലനിന്നു പോരുന്നത്. ഈ നാടോടിക്കഥകളിലെ വീരാപദാനങ്ങളെക്കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ആധുനിക നാടോടിക്കഥാഖ്യാനരൂപമായ ചലച്ചിത്രത്തിനും ഇഷ്ടവിഷയമായി പഴശ്ശിരാജായുടെ കഥ മാറുന്നത്. അങ്ങനെയായിരിക്കെ, അദ്ദേഹത്തിന്റെ മരണം ആത്മഹത്യയല്ല, ബ്രിട്ടീഷുകാരുടെ കൊല തന്നെയാണെന്ന് ഉറപ്പിക്കുന്നതിലൂടെ തിരക്കഥാകൃത്ത് വിനിമയം ചെയ്യുന്ന സന്ദേശമെന്താണെന്നത് അപനിര്‍മ്മിച്ചെടുക്കേണ്ട ഒന്നാണ്. പ്രത്യേകിച്ചും, ചന്തുവിനെ സംബന്ധിച്ച സാമാന്യവിശ്വാസത്തെ തകിടം മറിച്ച വ്യാഖ്യാനം വിശദമാക്കിയ ഒരു വടക്കന്‍ വീരഗാഥയുടെ സ്രഷ്ടാക്കളാണ് കേരളവര്‍മ്മ പഴശ്ശിരാജയുടേതും എന്ന ഓര്‍മ്മപ്പെടുത്തല്‍ സജീവമായിരിക്കെ.
നായക/പ്രതിനായക കഥാപാത്രങ്ങളെ സന്ദിഗ്ദ്ധതകള്‍ക്കൊന്നും ഇടം കൊടുക്കാതെ നന്മ/തിന്മ എന്ന വെള്ളം കടക്കാത്ത അറകളില്‍ സ്ഥിരീകരിക്കുന്ന മുഖ്യധാരാ സിനിമയുടെ നിര്‍വഹണരീതി മുച്ചൂടും പിന്തുടരുന്ന കേരളവര്‍മ്മ പഴശ്ശിരാജയില്‍ പക്ഷെ, തിന്മയുടെയും പ്രതിനായകത്വത്തിന്റെയും പക്ഷത്തുള്ള ബ്രിട്ടീഷുകാരില്‍ ഒരാളെ മാനുഷികതയുടെ വക്താവായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു വേണ്ടി ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. അസിസ്റ്റന്റ് കലക്ടര്‍ ബാബരുടെ പ്രതിശ്രുത വധുവായെത്തുന്ന ഡോറ(ലിന്റ ആര്‍സെനിയോ)യെയാണിത്തരത്തില്‍ മനുഷ്യനന്മയുടെ വറ്റാത്ത ഉറവിടമായി മഹത്വവത്ക്കരിക്കുന്നത്. ഗാന്ധിയിലും കാലാപാനിയിലും ഇതേ പോലെ താരതമ്യേന നിസ്സാരരായ ബ്രിട്ടീഷ് കഥാപാത്രങ്ങളെ അമിതമായി മഹത്വവത്ക്കരിക്കുന്ന പ്രവണത ഉണ്ടായിരുന്നു.
സ്ത്രീ ശരീരപ്രദര്‍ശനത്തിലൂടെയും വിവാദങ്ങളെ ഭയന്നുള്ള ഒത്തുതീര്‍പ്പ്/വിധേയത്വ മനോഭാവത്തോടെയും രൂപീകരിച്ചെടുക്കുന്ന ജനപ്രിയത എന്ന പ്രതിഭാസത്തെ ഗുണപരമായ കാര്യങ്ങള്‍ക്കു വേണ്ടിയും വിനിയോഗിച്ചു എന്നതിലാണ് കേരളവര്‍മ്മ പഴശ്ശിരാജയുടെ മേന്മ നിലക്കൊള്ളുന്നത്. പഴശ്ശിരാജയെ മാപ്പിളവിരുദ്ധനായ ഒരു ഹിന്ദു രാജാവായും പോരാളിയായും ചരിത്രത്തില്‍ സ്ഥാനപ്പെടുത്താനുള്ള ഹിന്ദു വര്‍ഗീയ വാദികളുടെ ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത് ഭിന്നിപ്പിച്ചു ഭരിക്കുക, വര്‍ഗീയ വാദികളെ കൂട്ടാളികളാക്കി സാമ്രാജ്യത്വ വിരുദ്ധ സമരത്തെ തുരങ്കം വെക്കുക എന്നീ തന്ത്രങ്ങള്‍ പ്രയോഗിച്ച ബ്രിട്ടീഷുകാര്‍ തന്നെയാണ്. പഴശ്ശിരാജയെ സംബന്ധിച്ചുള്ള ബ്രിട്ടീഷ് ഔദ്യോഗിക ചരിത്രരചനയിലെ ഒരു പരാമര്‍ശം നോക്കുക:
1793 സെപ്തംബറില്‍ കൂടാളിയിലെ മാപ്പിളമാര്‍ ഒരു പള്ളി പുതുതായി പണിയാനോ പുതുക്കി പണിയാനോ പഴശ്ശിരാജയോട് അനുവാദം ചോദിച്ചു. തിരുമുല്ക്കാഴ്ച വെച്ചാല്‍ അതിനു സമ്മതിക്കാമെന്നായിരുന്നു രാജാവിന്റെ മറുപടി. കാഴ്ചപ്പണം കെട്ടാതെ മാപ്പിളമാര്‍ പള്ളി കെട്ടാന്‍ തുടങ്ങിയതറിഞ്ഞ്, മാപ്പിളത്തലവനെ (താലിബ് കുട്ടി അലി) തന്റെ മുമ്പാകെ ഹാജരാക്കാന്‍ കല്ല്യാടന്‍ ഏമാനനെ അഞ്ചു സായുധ ഭടന്മാരോടൊപ്പം പഴശ്ശിരാജ നിയോഗിച്ചയച്ചു. മാപ്പിളത്തലവന്‍ ഒഴിഞ്ഞു മാറാന്‍ നോക്കി. ഏമാനു അകമ്പടി സേവിച്ച ഭടന്മാരില് ഒരാള്‍ മാപ്പിള തലവനെ കടന്നു പിടിച്ചു. ഇതോടെ കുട്ടിയാലി (തലവന്‍) തന്റെ വാള് ഉറയില്‍ നിന്ന് വലിച്ചൂരി കല്ല്യാടന്‍ ഏമാനെ കൊല ചെയ്തു. കൊലയാളിയെ മറ്റു ഭടന്മാരും കൊന്നു. വിവരം അറിഞ്ഞ മാത്രയില്‍ ഒരു സായുധ സംഘത്തെ പഴശ്ശിരാജ കൂടാളിയിലെ മുഴുവന്‍ മാപ്പിളമാരെയും കൊന്നു കളയണമെന്ന നിര്‍ദ്ദേശത്തോടെ, പറഞ്ഞയച്ചു. സംഘം സംഭവസ്ഥലത്തേക്കു കുതിച്ച് ആറു മാപ്പിളമാരെ വധിച്ചു. (മലബാര്‍ മാന്വല്‍ - വില്യം ലോഗന്/വിവര്‍ത്തനം ടി വി കൃഷ്ണന് - പേജ് 322,323/മാതൃഭൂമി ബുക്സ് 2007)
ഇത്തരം പരാമര്‍ശങ്ങളുടെ ശരിതെറ്റുകളിലേക്ക് കാര്യമായി പ്രവേശിച്ച് വിവാദങ്ങളുണ്ടാക്കാനോ പഴശ്ശിരാജയെ മുസ്ളിം വിരുദ്ധനാക്കാനോ തിരക്കഥാകൃത്തും സംവിധായകനും തുനിഞ്ഞിട്ടില്ല എന്നതാശ്വാസകരമാണ്. ഈ ആശ്വാസം അനുവദിക്കില്ല എന്ന ഭീഷണിയോടെയാണോ എന്നറിയില്ല, ഹിന്ദു തീവ്രവാദാശയക്കാര്‍ ഒരു ഘട്ടത്തില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയുമുണ്ടായി. തൊപ്പിയോ വാളോ എന്ന കുപ്രസിദ്ധമായ ആഹ്വാനത്തോടെ മലബാര്‍ പിടിച്ചടക്കാന്‍ പടയോട്ടം നടത്തിയ മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്‍ വ്യാപകമായ മതപരിവര്‍ത്തനങ്ങളും കൊള്ളയും ക്ഷേത്രധ്വംസനങ്ങളും നടത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മലബാറില്‍ 'മൈസൂരിലെ സിംഹം' നടത്തിയത് കുത്തിക്കവര്‍ച്ചകളുടെ ഒരു തേര്‍വാഴ്ച തന്നെയായിരുന്നു. കേരളവര്‍മ്മ പഴശ്ശിരാജയടക്കമുള്ള വീരരായ ഹിന്ദു രാജാക്കന്മാരുടെയും പടയാളികളുടെയും സഹായത്തോടെയാണ് ഈസ്റ്റ് ഇന്ത്യാക്കമ്പനി ടിപ്പുവിനെ മലബാറില്‍ നിന്ന് തുരത്തിയോടിച്ചത്.(
പഴശ്ശിരാജ-മൂല്യമില്ലാത്ത ജീവനുകള്‍, വിലനിര്‍ണയിക്കാനാവാത്ത സ്വാതന്ത്ര്യം എന്ന പേരില്‍ രാം വി എഴുതിയ നിരൂപണത്തില്‍ നിന്ന്/പാഷന് ഫോര്‍ സിനിമ.കോം, ഒക്ടോബര്‍ 17,2009 )എന്ന തരത്തില്‍ പൊതുബോധത്തില്‍ ടിപ്പുവിനെതിരായ ബ്രിട്ടീഷുകാരുടെയും പഴശ്ശിയുടെയും ഐക്യമുന്നണിയെ സംബന്ധിച്ച ധാരണ നിലനില്‍ക്കുമ്പോഴാണ് ഇതേ നിരൂപകന്റെ വിശേഷണം കടം കൊണ്ടാല്‍ 'സുരക്ഷിതമാം വിധം സെക്കുലറാ'യ തരത്തില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ തിരക്കഥാകൃത്തിനും സംവിധായകനും സാധിച്ചത് എന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYAWDvZPRB6K8uKtyEn9ravYoec1WTugnMv0MOIfqNy8dHZWmwwoe8-FCf7Lz4uZFpIHjrxj2XW9zuB3GEfdh5i1LrcI0P1M5oRECQQKtU8yw4u1XiDqxG6OKMK-N8lcIVeH8BW8nogvlG/s320/Pazhassi+Raja+7.jpg)
ഒരിക്കല്‍ ബ്രിട്ടീഷ് കമ്പനിക്കുവേണ്ടി ടിപ്പുവിനോട് യുദ്ധം ചെയ്ത പഴശ്ശിരാജ പിന്നീട് ബ്രിട്ടീഷ് പട്ടാളത്തിന്റെ വേട്ടക്കു വിധേയനായപ്പോള്‍, ടിപ്പുവുമായി സന്ധിയിലേര്‍പ്പെടുകയും മൈസൂരില്‍ വെച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ കൂടിക്കാഴ്ചയുടെ ഐതിഹാസികമാനം ദൃശ്യവത്ക്കരിക്കാന്‍ സിനിമ തുനിയാത്തത് ദുരൂഹമാണ്. എന്നാല്‍, കവര്‍ച്ചക്കാരെന്ന് ബ്രിട്ടീഷുകാരാല്‍ വിശേഷിപ്പിക്കപ്പെട്ട് തടവിനും സ്വത്ത് കണ്ടെടുക്കലിനും വിധേയനായ ഉണ്ണിമൂത്ത മൂപ്പന്(ക്യാപ്റ്റന്‍ രാജു), അത്തന്‍ ഗുരുക്കള്‍ (മാമുക്കോയ) എന്നിവരുടെ സഹകരണം തേടുന്നതിന്റെ വിശദാംശങ്ങള്‍ ചിത്രീകരിച്ചിട്ടുമുണ്ട്. അത്രയും നല്ലത്. ആദിവാസി വിഭാഗമായ കുറിച്യപ്പോരാളികളെ തികഞ്ഞ ഗാംഭീര്യത്തോടെ കഥാപാത്രവത്ക്കരിച്ചതും പ്രശംസനീയമാണ്. സാധാരണ സിനിമകളില്‍ കാബറെ നൃത്തത്തിനു പകരം നഗ്നതാപ്രദര്‍ശനത്തിനായി ചേര്‍ക്കാറുള്ള 'കാട്ടുജാതി'ക്കാര്‍ക്കു പകരം വീറും പോരാളിത്തവും ബുദ്ധിയും വിവേകവുമുള്ള മനുഷ്യരായി ആദിവാസികളെ അവതരിപ്പിച്ചത് എം ടി യുടെ വിശാലവും മനുഷ്യസ്നേഹപരവുമായ സാമൂഹികബോധത്തിന്റെ നിദര്‍ശനമാണ്. ഒരു പക്ഷെ, മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദിവാസികഥാപാത്രങ്ങള്‍ക്ക് തികഞ്ഞ പ്രാധാന്യവും പ്രസക്തിയും നല്‍കിയതിന്റെ പേരിലായിരിക്കും കേരളവര്‍മ്മ പഴശ്ശിരാജ സ്ഥാനം പിടിക്കാന്‍ പോകുന്നത്.
*
കടപ്പാട്: ദേശാഭിമാനി വാരിക
18 comments:
സാധാരണ സിനിമകളില്‍ കാബറെ നൃത്തത്തിനു പകരം നഗ്നതാപ്രദര്‍ശനത്തിനായി ചേര്‍ക്കാറുള്ള 'കാട്ടുജാതി'ക്കാര്‍ക്കു പകരം വീറും പോരാളിത്തവും ബുദ്ധിയും വിവേകവുമുള്ള മനുഷ്യരായി ആദിവാസികളെ അവതരിപ്പിച്ചത് എം ടി യുടെ വിശാലവും മനുഷ്യസ്നേഹപരവുമായ സാമൂഹികബോധത്തിന്റെ നിദര്‍ശനമാണ്.
ആരും പറയാത്ത ഒരു കാര്യം.
സമൂഹത്തെ ഉദ്ധരിക്കാനുള്ള ഓരോ സിനിമകള്‍...!!!
ഉദ്ധാരണശേഷിയെങ്കിലും നഷ്ടപ്പെടാതിരിക്കാന്‍ ചലച്ചിത്രകാരന്മാര് ശ്രമിക്കുന്നത് ആശ്വാസംപകരുന്നു, ചിലര്‍ക്കെങ്കിലും. ദേശസ്നേഹമെന്നാല്‍ ദേശക്കാരെ സ്നേഹിക്കുകയെന്നുകൂടി അര്ത്ഥംവയ്ക്കാം.
ചിന്തോദ്ദീപകം തന്നെ, ലേഖനം.
മമ്മുട്ടിയും ശരത്കുമാറും...എനിക്കിഷ്ടായി. നമ്മുടെ സ്റ്റാർ ഒന്നുമല്ലെന്ന്. പിന്നെ സ്ത്രീപാത്രങ്ങൾ...ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ലയിരുന്നു.അവർക്കൊന്നും ചെയ്യാനില്ല. മനോജ് ഗംഭീരമാക്കി.
‘ട്രോയ്’യിൽ നുന്നു 2 സീൻ കൊപ്പി അടിച്ചു. പാട്ട് വെറുതെ ആയി. കലക്ട്രും ഭാര്യയും കാട്ടിൽ....അറുബോറ്..യുദ്ധരംഗങ്ങൾ ഒക്കെ സൂപ്പർ.പെർഫെക്ഷ്ൻ സൂപ്പർ.ആദിവാസിയായാലും അല്ലെങ്കിലും ഒക്കെ നല്ല സ്വർണ്ണനിറമുള്ള ആളുകൾ.കറുത്തവർ ഇല്ലേഇല്ല.ആകപ്പാടെ ഒരു ബ്ര്ഹ്മാണ്ഡ ചിത്രം.റസ്സൂൽ വിജയിച്ചു.ഇഷ്ടായി.മഴപെയ്ത്ത് എന്താ ഇഫക്ട്.
പിന്നെ ആൺനോട്ടം...അതിഷ്ടമ്പോലെ നടന്നു.പതമപ്രിയ....ഒരു തീക്കൊള്ളിയുമായി ഇറങ്ങിയപ്പ്പോൾ മുതൽ.നല്ല കാഴ്ച്ച.പിന്നെ നടന്മാരുടെ ഒക്കെ സംഭാഷണം(ശബ്ദം) മനസ്സിലായേ ഇല്ല. അതു തിയേറ്ററിന്റെ കുഴപ്പമാവുമോ.നിലാവിൽ മ മ്മുട്ടിയുടെ വരവ് നല്ല ഫോട്ടോഗ്രാഫി തന്നെ.
halo, dp ramachandran,
u r mental patient..
ananthan
a wonderfull analysis. congrats
നല്ല ലേഖനം
മുലക്കച്ചക്കുള്ളില്‍ നിന്ന് കുലുങ്ങുന്ന മുലകളുടെ തെളിച്ചമുള്ള ചലനദൃശ്യം മലയാളസിനിമയുടെ ഗതിനിര്‍ണായകസൃഷ്ടിയുടെ പുറകില്‍ അര്‍പ്പണം ചെയ്തവരുടെ ആണ്‍നോട്ട(മേല്‍ഗേസ്)ത്തിന്റെ ഉദാഹരണം മാത്രമാണ്. തിയറ്ററില്‍ ഈ സമയത്ത് ഉയരുന്ന ആരവങ്ങളുടെ ഗതിവിഗതികളും(സമൂഹത്തിന്റെ ആണ്‍നോട്ടം) മറ്റൊന്നല്ല സൂചിപ്പിക്കുന്നത്.
ക്ഷീരം നിറഞ്ഞ അകിടിന് ചുവട്ടിലും ചോരാകാംഷിക്കുന്ന വിലകുറഞ്ഞ വിമര്‍ശനങ്ങള്‍ .
നഗ്നതാപ്രദര്‍ശനം ഈ സിനിമയില്‍ അനാവശ്യമായി ഉപയോഗിച്ചിട്ടില്ല.വിദേശ ക്ലാസിക് സിനിമകളിലെ നഗ്നതാപ്രദര്‍ശനം വച്ചു നോക്കുകയാണെങ്കില്‍ ഒട്ടുമില്ല.
താങ്കളുടെ നിലവാരമുള്ള റിവ്യൂവില്‍ ഇത്തരത്തിലുള്ള ഫോക്കസ് ആണ് എന്നെ അലോസരപ്പെടുത്തുന്നത്;നഗ്നതാപ്രദര്ശനത്തെക്കാള്.
“ആദിവാസികഥാപാത്രങ്ങള്‍ക്ക് തികഞ്ഞ പ്രാധാന്യവും പ്രസക്തിയും നല്‍കിയതിന്റെ പേരിലായിരിക്കും കേരളവര്‍മ്മ പഴശ്ശിരാജ സ്ഥാനം പിടിക്കാന്‍ പോകുന്നത്“
എന്ന താങ്കളുടെ നിരീക്ഷണത്തോടും യോജിക്കാന്‍ കഴിയില്ല.
ചരിത്രസത്യങ്ങളെ നിരാകരിച്ചും കച്ചവടത്തിനുവേണ്ടി നിലവാരമില്ലാത്ത മുഹൂര്‍ത്തങ്ങള്‍ മെനഞ്ഞു എന്നതും ‘പഴശ്ശിരാജാ’യുടെ പോരായ്മ തന്നെ.
സംഭവങ്ങളുടെയും സാമ്പത്തികത്തിന്റെയും താരങ്ങളുടെയും ബാഹുല്യബഹളത്തില് ഉണ്ടായ അമ്പരപ്പിന്റെതാവാം,ഈ ഫോക്കസില്ലായ്മ.അമിതശ്രദ്ധയുടെ ഭാരത്തിലാവണം സാധാരണ ഷോട്ടുകള്‍ പോലും നന്നായി ചെയ്യാനായില്ല.
ഒന്നേ വായിച്ചുള്ളൂ. അതുകൊണ്ട് വിട്ടുപോയതാവും. മറ്റെല്ലാവരെക്കാളും ബുദ്ധിയുള്ള ലേഖകര്‍ ഒരിക്കലും ഒഴിവാക്കാത്ത “പരിസരം” എന്ന ആധുനിക മലയാളപദം ലേഖനത്തില്‍ കണ്ടില്ല. അതും കൂടി ചേര്‍ക്കുമല്ലോ.
ഒരു സ്വയം പ്രഖ്യാപിത ബു.ജിയായ എന്റെ സുഹൃത്ത് പണ്ടൊരു കണ്ടുപിടിത്തം നടത്തുകയുണ്ടായി: സ്ത്രീകൾക്കായുള്ള എല്ലാ സൗന്ദര്യവർദ്ധക ക്രീമുകളും പുരുഷ ലിംഗത്തിന്റെ ആകൃതിയിലുള്ള പാത്രങ്ങളിലാണ് ലഭിക്കുന്നതെന്നും, ഇത് സ്ത്രീകളെ ലൈംഗികമായി ഉത്തേജിപ്പിച്ച് അവയുടെ കച്ചവടം വർധിപ്പിക്കുവാൻ സഹായിക്കുന്നു എന്നും മറ്റുമായിരുന്നു ഇയാളുടെ സങ്കീർണ്ണമായ തിയറി.
ആണ്ടിലൊരിക്കൽ മാത്രമിറങ്ങിയിരുന്ന Deep Focus എന്ന സിനിമാ മാഗസിനിൽ 'മണിച്ചിത്രത്താഴി'നേക്കുറിച്ചൊരു ലേഖനമുണ്ടായിരുന്നു, ഒരു ബു.ജിയുടെ വകയായി. അതിൽ മോഹൻലാലിന്റെ കഥാപാത്രം പറയുന്ന 'കിണ്ടി' എന്ന ഒരൊറ്റ വാക്കിൽ തൂങ്ങി അദ്ദേഹം നീണ്ട ഒരു ലേഖനം തന്നെ എഴുതി. അദ്ദേഹത്തിന്റെ കണ്ടുപിടിത്തം ഈ ചിത്രത്തിലെ സ്വവർഗ്ഗ ലൈംഗികതയുടെ എലമന്റിനേക്കുറിച്ചായിരുന്നു!
സർവ്വസാധാരണമെന്ന് നമ്മേപ്പോലുള്ള സാധാരണക്കാർ കരുതുന്ന കാര്യങ്ങളിൽ ദുരൂഹത ആരോപിച്ച് നമ്മെ കുഴക്കുവാനുള്ള ഇന്ത്യൻ ബു.ജിയുടെ കഴിവ് അപാരം തന്നെ!
'പഴശ്ശിരാജ'യെ കുറിച്ചുള്ള ലേഖനം വായിച്ചപ്പോൾ തെല്ലും ദുരൂഹമല്ലാത്ത ഈ ചിന്തകൾ മനസ്സിൽകൂടി കടന്നു പോയി എന്നു മാത്രം.
ദേശാഭിമാനി വാരികയുടെ 2009 നവംബര്‍ 1 ലക്കത്തില്‍ പ്രസിദ്ധീകരിച്ച എന്റെ പഴശ്ശിരാജ - ജനപ്രിയതാ രൂപീകരണത്തിന്റെ സങ്കീര്‍ണയുക്തികള്‍ എന്ന ലേഖനം വമ്പിച്ച പ്രതികരണമാണുണ്ടാക്കിയത് എന്നറിയുന്നതില്‍ അതീവ സന്തോഷമുണ്ട്. ആ ലേഖനത്തിലെ ചില പരാമര്‍ശങ്ങള്‍ മാന്യവായനക്കാരുടെ സദാചാരമാന്യതക്കും വായനാ സുരക്ഷിതത്വത്തിനും കോട്ടം തട്ടിച്ചു എന്ന് വാരികയില്‍ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ ചില കത്തുകളില്‍ നിന്നും നേരിട്ടുള്ള പ്രതികരണങ്ങളില്‍ നിന്നും ബോധ്യപ്പെടുകയുണ്ടായി. ഇന്ത്യന്‍ സമൂഹത്തിലും കേരള സമൂഹത്തിലും നിലനില്‍ക്കുന്നതായി പൊതുബോധം വിശ്വസിക്കുന്നതും അവര്‍ നിലനിര്‍ത്താന്‍ ബദ്ധപ്പെടുന്നതുമായ സദാചാര സുരക്ഷിതത്വ വലയത്തെ ഭേദിക്കാനുള്ള ശ്രമം, ഈ ലേഖനത്തിലടക്കം പുതിയ തലമുറയിലെ സാംസ്ക്കാരിക വിമര്‍ശകര്‍ നടത്തുന്ന തുറന്നു പറച്ചിലുകളില്‍ നിശ്ചയമായും കടന്നുവരിക തന്നെ ചെയ്യുമെന്ന മുന്നറിയിപ്പായും ഈ വെപ്രാളങ്ങളെ വ്യാഖ്യാനിക്കാം. എന്റെ ലേഖനം പഴശ്ശിരാജ സിനിമയെക്കുറിച്ചുള്ള ഒരു വെറും അവലോകനം മാത്രമായിരിക്കുമെന്ന പ്രതീക്ഷയോടെ വായിച്ചവര്ക്കാണ് അബദ്ധം പിണഞ്ഞത്. ഓരോ സിനിമാവലോകനവും പരാമര്‍ശിക്കുന്ന സിനിമക്കു പുറത്ത് മുഴുവന്‍ സിനിമാചരിത്രത്തെ മാത്രമല്ല, പഴയ കാലത്തെയും പുതിയ കാലത്തെയും വരും കാലത്തെയും ദൃശ്യ/മാധ്യമ സംസ്ക്കാരങ്ങളെയും വിമര്ശനവിധേയമാക്കിക്കൊണ്ടേയിരിക്കും. അല്ലാതെയാകുമ്പോള്‍ നേരിട്ട് ചവറ്റുകുട്ടയിലേക്ക് സഞ്ചരിക്കുന്ന തരം പായാരം പറച്ചിലുകളായി അവ അധ:പതിക്കും.
കഴിഞ്ഞ നൂറ്റാണ്ടിലുടനീളം വ്യാപകമായി പ്രത്യക്ഷമായതും സൂക്ഷ്മപഠനങ്ങള്‍ക്ക് വിധേയമായതുമായ ആണ്‍നോട്ടം (മെയില്‍ ഗേസ്) എന്ന വിഷയത്തെ സംബന്ധിച്ച ഒരു സൂചന തരാനാണ് പഴശ്ശിരാജയിലെ ഒരു ഗാന-നൃത്ത രംഗത്തെ ഉദാഹരണമായെടുത്തത്. ദൃശ്യാനന്ദവും ആഖ്യാനാത്മക സിനിമയും എന്ന ലേഖനത്തില്‍, ലോറ മല്‍വി നിരീക്ഷിക്കുന്നതിപ്രകാരമാണ്:
ഒരു കാഴ്ചവസ്തുവെന്ന നിലക്കുള്ള സ്ത്രീയുടെ സൌന്ദര്യവും തിരശ്ശീലയുടെ സ്ഥലവിന്യാസവും സമ്മേളിച്ച്, അവളെ കുറ്റത്തിന്റെ ഒരു വാഹക എന്നതിനു പകരം എല്ലാം തികഞ്ഞ ഒരു ഉത്പന്നം എന്ന നിലക്ക് അവതരിപ്പിക്കുന്നു. അവളുടെ ശൈലീവത്കൃതമായ ശരീരഭാഗങ്ങളുടെ സമീപദൃശ്യങ്ങള്‍ സിനിമയുടെ ഉള്ളടക്കവും കാണിയുടെ നോട്ടത്തിന്റെ യഥാര്‍ഥ ലക്ഷ്യവുമായി മാറുന്നു. മറ്റൊരു വ്യക്തിയെ ലൈംഗികവസ്തു എന്ന നിലക്ക് കാണുമ്പോഴുള്ള ആനന്ദം, തിരശ്ശീലയിലെ കഥാപാത്രവുമായും ശരീരവുമായും താദാത്മ്യം പ്രാപിക്കല്‍ എന്നീ മാനസികഘടകങ്ങളാണ് ചലച്ചിത്രക്കാഴ്ചയുടെ അടിസ്ഥാന ജനപ്രിയതയെ ഉത്ഭവിപ്പിക്കുന്നത്. സ്ത്രീയുടെ സ്വയം നിര്ണായകവകാശമില്ലാത്ത ബിംബം ഒരു അസംസ്കൃത പദാര്‍ഥം എന്ന നിലക്ക് പുരുഷന്റെ ഊര്‍ജ്ജസ്വലമായ നോട്ടത്തിന് വിധേയമാവുകയും ഈ പ്രതിഫലനങ്ങള്‍ ഒരു പടി കൂടി കടന്ന് സിനിമയുടെ ഉള്ളടക്കത്തെയും പ്രതിനിധാനങ്ങളുടെ ഘടനയെയും നിര്‍ണയിക്കുകയും പുരുഷാധിപത്യ സമൂഹത്തിനാവശ്യമായ ഒരു പ്രത്യയശാസ്ത്ര സാധൂകരണം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു. ആഖ്യാനാത്മകവും അയഥാര്‍ത്ഥവുമായ ഒരു ചലച്ചിത്ര കഥാരൂപത്തെ സുസ്ഥിരമാക്കുന്നതും ഇതേ ആശയമാണ്.
സ്ത്രീ ശരീരം ഒരു കാഴ്ചവസ്തു എന്ന നിലക്ക് തിരശ്ശീലയിലവതരിപ്പിക്കപ്പെടുകയും സിനിമാശാലയിലെ ഇരുട്ടിലിരിക്കുന്ന പുരുഷനായ കാണിക്ക് ഒളിഞ്ഞുനോട്ടത്തിന്റെ ആനന്ദം ലഭിക്കുകയുമാണ് ചെയ്യുന്നത്. സ്ത്രൈണ ശരീരഘടകങ്ങളെ അമിത സൌന്ദര്യവത്ക്കരിച്ചും ചരക്കുവത്ക്കരിച്ചും ലൈംഗികത എന്ന പ്രതിഭാസത്തെ നിഗൂഢവത്ക്കരിക്കുകയും വഴി തെറ്റിച്ച് വികൃതഭാവനകളിലേക്ക് ആനയിക്കുകയും ചെയ്യുന്നതിനാണ് ഈ രീതി പ്രയോജനപ്പെടുന്നത്.
ലോറ മല്‍വി പറയുന്നത്, ലൈംഗികമായി അസന്തുലിതമായ ഒരു ലോകാവസ്ഥയില്‍, കാഴ്ചയുടെ ആനന്ദം ചലനോത്സുകമായ പുരുഷത്വവും നിശ്ചലമായ സ്ത്രീത്വവും എന്നിങ്ങനെ വിഭജിതമായിരിക്കുന്നു എന്നാണ്. പുരുഷന്റെ നോട്ടത്തിലെ ഭാവനകള്‍ സ്ത്രീശരീരത്തി•ല്‍ പ്രവര്‍ത്തിക്കുകയും സ്ത്രീശരീരം അതിന്റെ പരമ്പരാഗതമായ പ്രദര്‍ശനാത്മക സ്വത്വത്തി•ല്‍ തളച്ചിടപ്പെടുകയും അവളെ രത്യാത്മകമായ കാഴ്ചകള്‍ ചെന്നു തറയ്ക്കാനുള്ള ഒരു ഉത്പന്നമായി നിലനിര്‍ത്തുകയും ചെയ്യുന്നു. സ്വപ്രത്യയസ്ഥൈര്യമുള്ള ധീരകളായ വനിതകള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിറയുമ്പോഴും; സ്ത്രീയെ ലൈംഗിക അടിമകളാക്കി നിലനിര്‍ത്തിയും കൊണ്ടാടിയും തങ്ങളുടെ ആഹ്ളാദ ഗൃഹാതുരത്വങ്ങള്‍ സിനിമകളിലൂടെ തുടരാനുള്ള ഇന്ത്യന്‍ പുരുഷാധികാരത്തിന്റെ പരിശ്രമങ്ങള്‍ക്ക് തിരിച്ചടികളൊരു കാലത്തും നേരിടേണ്ടി വന്നിട്ടില്ല എന്നതിന്റെ വ്യക്തവും കൃത്യവുമായ തെളിവുകളാണ് ഭൂരിഭാഗം ഇന്ത്യന്‍ സിനിമകളും. ചെമ്മീന്‍ മുതല്‍ പഴശ്ശിരാജ വരെയുള്ള മലയാള സിനിമകളും മറ്റൊരു രീതിയല്ല പിന്തുടരുന്നത്.
കാമോത്തേജനം, ലിംഗോദ്ധാരണം തുടങ്ങിയ പദാവലികള്‍ കുഴപ്പം പിടിച്ചതാണെന്ന നിരീക്ഷണവും അത്യന്തം ശ്രദ്ധേയമാണ്. തെക്കന്‍ കാനറാ ജില്ലയിലും സമീപ ജില്ലകളിലും നടമാടിയ ശ്രീരാമസേനയുടെ ആക്രമണങ്ങളും കേരളത്തിലടുത്ത നാളുകളില്‍ കൊണ്ടു പിടിച്ച ലവ് ജിഹാദ് ആരോപണങ്ങളും പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പിടിച്ചത് സദാചാരത്തെ സംബന്ധിച്ച സാമാന്യബോധത്തിലൂടെയാണെന്ന് കാണാം. പെണ്‍കുട്ടികളെന്തിനാണ് ബിയര്‍ കഴിക്കുന്നത്?, യുവാക്കളെന്തിനാണ് പ്രേമിക്കുന്നത്? തുടങ്ങിയ 'നിഷ്കളങ്ക' സംശയങ്ങളുയര്ത്തുന്നവര് യഥാര്‍ത്ഥത്തില്‍ സഹായിക്കുന്നത് സംഘപരിവാറിന്റെ ഫാസിസ്റ് വളര്‍ച്ചയെയാണെന്ന് ഒരു പക്ഷെ അവരറിയുന്നില്ലെങ്കിലും തിരിച്ചറിയുന്നവര്‍ തുറന്നു പറയുക തന്നെ ചെയ്യും. ആശയങ്ങളും കണ്ടെത്തലുകളും മൂടിവെക്കുന്നവരല്ല, തുറന്നു പറയുന്നവരാണ് ജനാധിപത്യവത്ക്കരണപ്രക്രിയയെ മുന്നോട്ടു കൊണ്ടു പോകുക.
"പുരുഷന്റെ നോട്ടത്തിലെ ഭാവനകള്‍ സ്ത്രീശരീരത്തില്‍ പ്രവര്‍ത്തിക്കുകയും സ്ത്രീശരീരം അതിന്റെ പരമ്പരാഗതമായ പ്രദര്‍ശനാത്മക സ്വത്വത്തില്‍ തളച്ചിടപ്പെടുകയും അവളെ രത്യാത്മകമായ കാഴ്ചകള്‍ ചെന്നു തറയ്ക്കാനുള്ള ഒരു ഉത്പന്നമായി നിലനിര്‍ത്തുകയും ചെയ്യുന്നു" എന്നൊക്കെ താങ്കളും താങ്കളുടെ ഗുരുക്കന്മാരും നീട്ടിവലിച്ച്, കറക്കിത്തിരിച്ച് എഴുതുമ്പോൾ "ആണുങ്ങൾ പൊതുവെ വായിൽ നോക്കികളും തല്ലുകൊള്ളികളുമാണ്" എന്ന് ഞങ്ങൾ സാധാരണക്കാർ പച്ചമലയാളത്തിൽ പറയുന്നതിൽ കവിഞ്ഞൊരു അർത്ഥതലവും സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് തോന്നുന്നില്ല. സർവ്വസാധാരണമായ ഈ അറിവിനെ വലിയ എന്തോ കാണ്ടുപിടിത്തമെന്ന രീതിയിൽ തിയറികളുടെയും ഉദ്ധരണികളുടെയും ഒക്കെ പുകമറ സൃഷ്ടിച്ചുകൊണ്ട് അവതരിപ്പിക്കുന്നതിനെ ആയിരിക്കാം ഇവിടെ പലരും താങ്കളുടെ ലേഖനത്തിനെ 'തരംതാണ റിവ്യു' എന്നൊക്കെ വിമർശിച്ചത്. അല്ലാതെ "ആ ലേഖനത്തിലെ ചില പരാമർശങ്ങൾ മാന്യ വായനക്കാരുടെ സദാചാര മാന്യതക്കും വായനാ സുരക്ഷിതത്വത്തിനും കോട്ടം തട്ടിച്ചു" എന്നതുകൊണ്ടാവാൻ തരമില്ല. ഈ ദുർബല ലേഖനത്തിന് അതിനുള്ള ശക്തിയൊന്നുമില്ല എന്നതുതന്നെ കാരണം.
Gd
Gd
Post a Comment