സി പി ഐ എമ്മിന്റെ കേന്ദ്ര നേതൃത്വം തക്കസമയത്ത് ഇടപെട്ട് തടഞ്ഞില്ലായിരുന്നുവെങ്കില്‍ ഗുരുതരമായ ഒരപമാനഭാരം കൊണ്ട് കേരളത്തിന്റെയും കേരളീയരുടെയും അവസ്ഥ അങ്ങേയറ്റം പരിതാപകരമാകുമായിരുന്നു. ഗുജറാത്തിന്റെ ബ്രാന്റ് അംബാസഡറായി ഞെളിയുന്നതിലൂടെ നരേന്ദ്ര മോഡിയുടെ വംശഹത്യാവിനോദത്തിന് അംഗീകാരം നേടിക്കൊടുക്കാന്‍ തീരുമാനമെടുത്തതിനു തൊട്ടു പുറകെയാണ്, ബോളിവുഡിലെ ഒന്നാമനായി കണക്കാക്കപ്പെടുന്ന അമിതാബ് ബച്ചനെ കേരളത്തിന്റെയും ബ്രാന്റ് അംബാസഡറാക്കാന്‍ ചില ഉദ്യോഗസ്ഥരും മറ്റും ചേര്‍ന്ന് ക്ഷണിച്ചത്. ജനാധിപത്യ സംവിധാനത്തിനകത്തെ സംസ്ഥാന ഭരണം എന്നത് കേവലം സാങ്കേതികമായ ഗവര്‍ണന്‍സ് മാത്രമല്ലെന്നും അതെപ്പോഴും രാഷ്ട്രീയമായ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കും വിധേയമാണെന്നും നാം മറന്നു പോകാറുണ്ട്. അത്തരം മറവികള്‍ക്കെതിരായ ശക്തമായ പ്രഹരമായിരുന്നു കഴിഞ്ഞ ദിവസം പാര്‍ടിയുടെ അഖിലേന്ത്യാ നേതൃത്വം സ്വീകരിച്ച നടപടിയിലൂടെ സാക്ഷാത്കൃതമായത്.
ഹിന്ദിയിലെ പ്രസിദ്ധ കവിയായിരുന്ന ഡോക്ടര്‍ ഹരിവംശറായ് ബച്ചനായിരുന്നു അമിതാബ് ബച്ചന്റെ പിതാവ്. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന പ്രസിദ്ധമായ മുദ്രാവാക്യത്തിന്റെ കാവ്യാത്മകതയിലും ധ്വന്യാത്മകതയിലും ആകൃഷ്ടനായി ഇങ്ക്വിലാബ് എന്നായിരുന്നു ഹരിവംശറായ് ബച്ചന്‍ തന്റെ സീമന്തപുത്രന് പേരിട്ടത്. പിന്നീടതാണ് അണയാത്ത വെളിച്ചം എന്നര്‍ത്ഥം വരുന്ന അമിതാബ് എന്നാക്കി മാറ്റിയത്. നടന്‍, സൂപ്പര്‍ സ്റ്റാര്‍, റോള്‍ മോഡല്‍, പരസ്യ മോഡല്‍, ലൈംഗികാകര്‍ഷണം നഷ്ടപ്പെടാത്ത പിതൃരൂപം, സ്നേഹമയിയായ മുത്തഛന്‍ എന്നീ രൂപങ്ങളില്‍ സിനിമക്കകത്തും പുറത്തുമായി പ്രത്യക്ഷപ്പെടുകയും നിലനില്‍ക്കുകയും ചെയ്ത അമിതാബ് ബച്ചന്‍ തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുകയും വിരുദ്ധ സംസ്ക്കാരങ്ങളെ സംയോജിപ്പിക്കുകയും ചെയ്ത ബോളിവുഡിലെ ഏക വ്യക്തിത്വമായി വിലയിരുത്തപ്പെട്ടു. നൂറ്റിയമ്പതിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മാര്‍ക്സിസ്റ്റ് എഴുത്തുകാരനും സംവിധായകനുമായിരുന്ന കെ എ അബ്ബാസിന്റെ സാത് ഹിന്ദുസ്ഥാനിയിലെ ഏഴിലൊരാളായും ഇന്ത്യന്‍ സിനിമയുടെ ശക്തി ചൈതന്യങ്ങളിലൊരാളായി കണക്കാക്കപ്പെടുന്ന മൃണാള്‍ സെന്നിന്റെ വിഖ്യാത ചിത്രം ഭുവന്‍ഷോമില്‍ ശബ്ദാവതാരകനായും ആണ് അമിതാബ് സിനിമാരംഗത്തേക്ക് കാലെടുത്തു വെക്കുന്നത്. പിന്നീട് സത്യജിത് റായിയുടെ ഹിന്ദി സിനിമ ഛത്രംഗ് കി ഖിലാഡിയിലും ശബ്ദാവതാരകന്റെ ജോലി ബച്ചന്‍ ചെയ്തിരുന്നു. എന്നാല്‍ ചരിത്രം തുടങ്ങുന്നത് അവിടെ നിന്നൊന്നുമല്ല. കവിയും ഗാനരചയിതാവും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും പുരോഗമനചിന്തയുടെയും വക്താവായി അറിയപ്പെടുന്നയാളുമായ ജാവേദ് അഖ്തര്‍ (ശബാനാ ആസ്മിയുടെ ഭര്‍ത്താവു കൂടിയാണദ്ദേഹം) സലിം ഖാനോ(പ്രമുഖ നടന്‍ സല്‍മാന്‍ ഖാന്റെ പിതാവ്)ടൊത്തു ചേര്‍ന്നെഴുതിയ ത്രസിപ്പിക്കുന്ന തിരക്കഥകളുടെ (സലിം ജാവേദ്) ബലത്തില്‍ എഴുപതുകളില്‍ പുറത്തു വന്ന ഹിറ്റുകള്‍ - സഞ്ജീര്‍, ദീവാര്‍, ഷോലെ, ത്രിശൂല്‍ - അമിതാബ് ബച്ചന്‍ എന്ന സൂപ്പര്‍ സ്റ്റാറിനെ നിര്‍മിച്ചെടുത്തു. ചോക്കളേറ്റ് നായകന്മാര്‍ പാടി നടന്നിരുന്ന വഴുവഴുക്കന്‍ പ്രതലത്തില്‍ നിന്ന് ഹിന്ദി സിനിമയെ മാറ്റിയെടുത്ത രോഷാകുലനായ യുവ നായകനായി (ആംഗ്രി യങ് ഹീറോ) അമിതാബ് ബച്ചന്‍ സ്ഥിരബിംബമാകുന്നത് ഈ സിനിമകളിലൂടെയാണ്.
1970കളിലെ ഇന്ത്യന്‍ രാഷ്ട്രീയം ഓര്‍മ്മിച്ചെടുക്കുക. ഇന്ദിരാഗാന്ധി സോഷ്യലിസവും ഇടതുപക്ഷച്ചായ്‌വും പ്രസംഗിച്ചുകൊണ്ട് കടുത്ത ജനാധിപത്യ ധ്വംസനത്തിനും പീഡനവാഴ്ചക്കും വഴിതുറന്നിട്ട അടിയന്തിരാവസ്ഥയിലെത്തിയ കാലം. ഇന്ദിരയുടെ മകന്‍ സഞ്ജയ് അമിതാധികാരത്തിന്റെയും നിഷ്ഠൂരമായ ബലപ്രയോഗത്തിന്റെയും ആള്‍രൂപമായിരുന്നു. ഈ ആള്‍രൂപത്തിന്, അമിതാബ് ബച്ചന്‍ എന്ന രോഷാകുലനായ യുവനായകന്‍ തന്റെ സിനിമകളിലൂടെ സാംസ്ക്കാരികന്യായീകരണം നിര്‍മ്മിച്ചെടുക്കുകയായിരുന്നു എന്ന് സാമൂഹ്യ-മനശ്ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. മുഖന്തര്‍ കാ സിക്കന്തര്‍, ഡോണ്‍, കസ്മേ വാദേ, കാലാ പത്തര്‍, മിസ്റ്റര്‍ നറ്റ്‌വര്‍ലാല്‍, രാം ബല്‍റാം, ഷാന്‍, ലാവാറിസ്, ശക്തി തുടങ്ങി 1980കളുടെ തുടക്കം വരെ അദ്ദേഹത്തിന്റെ നിരവധി ഹിറ്റുകള്‍ പുറത്തു വന്നു. ഈ വിജയങ്ങള്‍ കണ്ടു കണ്ണു മഞ്ഞളിച്ചിട്ടാകണം വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരനായ ഫ്രാങ്കോ ത്രൂഫോ അമിതാബ് ബച്ചനെ വണ്‍ മാന്‍ വ്യവസായം എന്നു വിശേഷിപ്പിച്ചത്. പിന്നീട് കൂലിയിലെ അഭിനയത്തിനിടെ അദ്ദേഹത്തിന് ഗുരുതരമായ പരിക്കു പറ്റുകയും നീണ്ടു നിന്ന ചികിത്സയുടെ ഭാഗമായി ആരോഗ്യം തിരിച്ചു കിട്ടുകയും ചെയ്തു. ഇതിനിടയില്‍ രാജീവ് ഗാന്ധിയുടെ സൌഹൃദത്തിന് വഴങ്ങി അലഹാബാദ് മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ലോകസഭയിലേക്ക് മത്സരിക്കുകയും രാഷ്ട്രീയ പ്രമുഖനായ എച്ച് ആര്‍ ബഹുഗുണയെ റെക്കോഡ് ഭൂരിപക്ഷത്തിന് തോല്‍പ്പിക്കുകയും ചെയ്തു. രോഷാകുലനായ യുവനായകന് പക്ഷെ ലോകസഭയുടെ ചതുരവടിവുകള്‍ക്കകത്ത് തിളങ്ങാനായില്ല. ബോഫോഴ്സ് കുംഭകോണത്തില്‍ അദ്ദേഹവും കുറ്റക്കാരനാണെന്ന് ഏതോ പത്രത്തില്‍ വാര്‍ത്ത വന്നുവെന്ന പേരില്‍ അദ്ദേഹം ലോകസഭാംഗത്വം രാജിവെക്കുകയും കോണ്‍ഗ്രസിനോട് അകലുകയും ചെയ്തു.
പിന്നീട് എബിസിഎല്ലി ന്റെ പേരില്‍ അദ്ദേഹത്തിനുണ്ടായ കോടികളുടെ ധനനഷ്ടം തീര്‍ത്തു കൊടുത്ത വിവാദ രാഷ്ട്രീയ നേതാവ് അമര്‍സിംഗിനോടൊപ്പം സമാജ് വാദി പാര്‍ടിയിലാണ് അദ്ദേഹം ചേക്കേറിയത്. ബച്ചന്റെ പത്നി ജയാബച്ചന്‍ ഇപ്പോഴും സമാജ് വാദി ടിക്കറ്റില്‍ രാജ്യസഭാംഗമാണ്. അമര്‍സിംഗ് സമാജ് വാദി പാര്‍ടി വിട്ടതിനെ തുടര്‍ന്ന് നാഥനില്ലാതെ അലയുന്ന ബച്ചനെയാണ് നരേന്ദ്രമോഡി കൈപിടിച്ച് ഗുജറാത്തിലേക്ക് കര കയറ്റിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യ ദര്‍ശിച്ച അതിഭീകരമായ ജനാധിപത്യവിരുദ്ധതയുടെയും ഉന്മൂലനസിദ്ധാന്തത്തിന്റെയും പ്രയോക്താവായ സഞ്ജയ് ഗാന്ധിയില്‍ നിന്ന് അതേ സിദ്ധാന്തത്തിന്റെ അടുത്ത അവതാരം നരേന്ദ്ര മോഡിയിലേക്കുള്ള ഒരു പാലമായി അമിതാബ് ബച്ചനെ ചരിത്രം വിലയിരുത്തുമോ? (മറ്റൊരു പാലം വരുണ്‍ഗാന്ധിയാണ്)
സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം, 2002 ഫെബ്രുവരി 27നു തുടങ്ങി മാര്‍ച്ച് മധ്യം വരെ നീണ്ട വംശഹത്യയില്‍ നരേന്ദ്രമോഡിയുടെ പങ്കെന്തെന്ന് അന്വേഷിക്കാന്‍ മോഡിക്കു തന്നെ സമന്‍സ് അയച്ചിരിക്കുന്ന നിര്‍ണായക ഘട്ടത്തിലാണ് ഈ നാടകം അരങ്ങേറിയതെന്നതാണ് ശ്രദ്ധേയമായ സംഗതി. കോണ്‍ഗ്രസുകാരനായ മുന്‍ എം പി ഇഹ്സാന്‍ ജാഫ്രിയുടെ പത്നി സക്കിയ ജാഫ്രി നല്‍കിയ പെറ്റീഷനിലാണ് എസ് ഐ ടി മോഡിക്ക് സമന്‍സ് അയച്ചിരിക്കുന്നത്. ഗുല്‍ബര്‍ഗ് ഹൌസിംഗ് സൊസൈറ്റിയിലെ ജാഫ്രിയുടെ അപ്പാര്‍ട്മെന്റില്‍ അഭയം തേടിയ അറുപത്തിയെട്ട് നിരപരാധികളെയാണ് വി എച്ച് പിയുടെ കൊലയാളി സംഘം അരിഞ്ഞു തള്ളിയത്. അക്കൂട്ടത്തില്‍ ഇഹ്സാന്‍ ജാഫ്രിയും കൊല്ലപ്പെട്ടു. അദ്ദേഹം ഇന്ത്യന്‍ പ്രസിഡണ്ടു മുതല്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി വരെ അനേകരെ സഹായത്തിനായി വിളിച്ചിരുന്നു. അക്കൂട്ടത്തില്‍ മോഡി പറഞ്ഞ മറുപടിയെന്തായിരിക്കും എന്നൂഹിക്കുന്നതു പോലും ഞടുക്കമുണ്ടാക്കും. കാരണം, ഫെബ്രുവരി 27നു വൈകീട്ട് മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരുടെ യോഗം മോഡി വിളിച്ചു കൂട്ടിയിരുന്നു. ഹിന്ദുക്കള്‍ അവരുടെ ദേഷ്യം പ്രകടിപ്പിക്കട്ടെ; അതിലിടപെടണ്ട എന്നാണ് മോഡി പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തതെന്ന് അന്നവിടെ ഡിജിപിയായിരുന്ന ആര്‍ ബി ശ്രീകുമാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അസ്ഹര്‍ എന്ന പത്തു വയസ്സുകാരനായ പാഴ്സി കുട്ടിയും അന്ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നിന്ന് 'കാണാതായ'വരില്‍ ഉള്‍പ്പെടും. ആ കുട്ടിയുടെ കഥയാണ് പിന്നീട് ദേശീയ പുരസ്കാരമടക്കം ലഭിച്ച പര്‍സാനിയ എന്ന പ്രസിദ്ധ സിനിമയായി മാറിയത്.
ഇത്തരത്തിലുള്ള നരേന്ദ്രമോഡിയുടെ പ്രതിപുരുഷനായിരിക്കുന്നതില്‍ ആശങ്ക തോന്നാത്ത അമിതാബ് ബച്ചനെ കേരളത്തിന്റെയും പ്രതീകമാക്കിയിരുന്നുവെങ്കില്‍ ആ അപമാനം കൊണ്ട്, ഉന്നതമായ പ്രബുദ്ധത അവകാശപ്പെടുന്ന നമ്മുടെ സംസ്ഥാനം തല കുനിച്ച് അറബിക്കടലില്‍ മുങ്ങി മരിച്ചേനെ. കേരളം ഗുജറാത്തല്ലെന്നു മാത്രമല്ല, ഗുജറാത്തിനു പോലുമുള്ള മറുപടിയാണെന്നുമാണ് ഈ തിരസ്കാരത്തിലൂടെ പാര്‍ടി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.
ബച്ചനെ ക്ഷണിച്ചു വരുത്തിയതിനു ശേഷം വേണ്ടെന്നു പറയുന്നതിലൂടെ കേരളം അദ്ദേഹത്തെ അപമാനിച്ചു എന്നാണ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മുതല്‍ മുസ്ളിം ലീഗ് നേതാവ് മുനീര്‍ വരെ ആരോപിക്കുന്നത്. എം എഫ് ഹുസൈനെ കേരളം അപമാനിച്ചു എന്ന് എന്താണിവര്‍ ആരോപിക്കാത്തത്? പ്രഥമ രാജാരവിവര്‍മ്മ പുരസ്കാരത്തിന് കേരള സര്‍ക്കാര്‍ അദ്ദേഹത്തെ തെരഞ്ഞെടുത്തെങ്കിലും അത് ഇതു വരെ സമര്‍പ്പിക്കാനായിട്ടില്ല. കാരണം ഹുസൈനെ കേരളത്തിലെന്നല്ല, ഇന്ത്യയില്‍ എവിടെയും കാലു കുത്താന്‍ അനുവദിക്കില്ല എന്നാണ് സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ ആജ്ഞാപിക്കുന്നത്. ഈ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യന്‍ പൌരത്വം തന്നെ ഉപേക്ഷിച്ച് ഖത്തറില്‍ അഭയം തേടിയിരിക്കുകയാണ് അദ്ദേഹം.
സി പി ഐ എമ്മിനെതിരെ എന്തു കിട്ടിയാലും ആഞ്ഞടിക്കാമെന്നു കരുതിയിട്ടാവണം, കോണ്‍ഗ്രസും മുസ്ളിംലീഗും മനോരമ, ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍ ചാനലുകളും ബച്ചന്‍ വിവാദത്തില്‍ ഇത്തരം അഭിപ്രായം തട്ടിവിടുന്നതെന്ന് കരുതി സമാധാനിക്കുമ്പോഴും ഒരു കാര്യം തെളിഞ്ഞു വരുന്നുണ്ട്. അത് മറ്റൊന്നുമല്ല. കമ്യൂണിസ്റ്റ് വിരോധം എന്ന ഇക്കൂട്ടരുടെ മഹാഖ്യാനത്തിന്റെ ഉള്ളടക്കം ഹിന്ദുത്വ ഫാസിസത്തിന് പൊതുസമ്മതി ഉണ്ടാക്കി ക്കൊടുക്കുക എന്നതാണെന്നതാണത്.
10 comments:
THANKS G.P..
MURALI VETTATH
കേരളത്തില്‍ അമിതാഭിനെ വിലക്കിയതിണ്റ്റെ പേരില്‍ സി പി എമ്മിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് ദേശീയതലത്തില്‍ അമിതാഭിനെ പല ചടങ്ങുകളില്‍നിന്നും മാറ്റാന്‍ പ്രേരിപ്പിക്കുകയും അദ്ദേഹത്തോട് മോഡിയുടെ രാഷ്ട്രീയത്തെ കുറിച്ചുള്ള അഭിപ്രായം എന്തെന്ന് ആരായുകയും ചെയ്യുന്നു. മോഡി ഒരു പ്രതീകമാണു എതുപോലെ, ഹീറ്റ് ലറേ പോലെ, ഭീകരതയുടെ വംശഹത്യയുടെ പ്രതീകം. അത്തരം വ്യക്തികളുമായി കൂട്ടുകൂടുകയും അവര്‍ക്ക് സമൂഹത്തില്‍ നശിച്ചുപോയ മേല്‍ വിലാസം തിരിച്ചെടുക്കാന്‍ വഴികാണിക്കുകയും ചെയ്യുന്നവന്‍ ആരായാലും അത് സമൂഹത്തിനു ദോഷമല്ലാതെ ഗുണം ചെയ്യില്ലെന്നുറപ്പ്. എതായാലും സംഘ്പരിവാര്‍ അനുകുലികളെ ഉടനെ പലരൂപത്തിലും പ്രതീക്ഷിക്കാം.
ശരിയായ ഇടപെടല്‍...
Salute to GP.
ക്ഷണിച്ചത് കമ്യൂണിസ്റ്റ്കാരന്‍ തന്നെയായ കോടിയേരി ആണെന്നത് ഞാന്‍ അടിക്കുറിപ്പായി ചേര്‍ക്കട്ടെ.
ഒരു ചാനല്‍ അഭിമുഖത്തില്‍ ചാനലുകാരണ്റ്റെ ചോദ്യത്തിനുത്തരമെന്നോണം ബചന്‍ പറഞ്ഞു കേരളം ക്ഷണിച്ചാല്‍ സന്തോഷം സ്വീകരിക്കും. ഇതുകേട്ടപാടെ ടൂറിസം മന്ത്രി കൂടിയായ കോടിയേരിയോട് ചാനലുകാരന്‍ ബച്ചനെ ക്ഷണിക്കുമോ എന്നു ചോദിച്ചപ്പോള്‍, ആ, താല്‍പര്യമുണ്ടെങ്കില്‍ നോക്കാം എന്നു പറഞ്ഞു. ഇതാണു പിന്നീട് ടീകോമുമായി കരാര്‍ ഒപ്പിട്ട പോലെ അല്ലെങ്കില്‍ അത് ലംഘിച്ചപോലെ തല്‍പരകക്ഷികള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ജി.പി.
ബഹുമാനം നില നിര്‍ത്തി കൊണ്ട്ട് ചോദിക്കട്ടെ, സി പി എം എന്ന് പറയുന്ന സാധനം ഡല്‍ഹിയിലാണോ കിട്ടുക അതോ കേരളത്തില്‍ എവിടെയെങ്കിലുമാണോ ? ബച്ചന്‍ കേരള ടൂറിസം അമ്പാസിഡറാകാന്‍ തയ്യാറാണെന്ന് പറഞ്ഞപ്പോള്‍ കൊടിയേരി മന്ത്രി ഒരക്ഷരം മിണ്ടിയില്ല എന്ന് മാത്രമല്ല ബച്ചന്‍ സമ്മതിച്ചാല്‍ ആലോചിക്കാം എന്നാണ് പറഞ്ഞത്. പിന്നെ എപ്പോഴാണ് ഇപ്പോഴത്തെ സിപി എം ന് ഗുജറാത്തിനെ പറ്റിയൊക്കെ ഓഒര്‍ക്കാന്‍ സമയം കിട്ടിയത്. സിപി എം ഭരിക്കുമ്പോഴുണ്ടാകുകന്ന കൊള്ളരുതായ്മക്കൂക്കെ ഉദ്യോഗസ്ഥന്മാരെ കുറ്റപ്പെടുത്തുന്നത് ഇപ്പോള്‍ ഒരു ഫാഷനായിട്ടുണ്ട്. പോലീസ്, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റ് ഉദ്യോഗസ്ഥന്മാര്‍ എന്നിവയിലൊക്കെയുള്ള പ്രോപ്പഗണ്ടകളും അവരുടെ കൊള്ളരുതായ്മകളും എല്ലാം പുറത്ത് കൊണ്ട്റ്റ് വന്ന പാര്‍ട്ടിയാണ് പണ്ട് സിപി എം. പക്ഷെ സിപി എം ഭരിക്കുമ്പോള്‍ ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും, അവരുടെ കൊള്ളരുതായമ കണ്ടെത്താനും കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാര്‍ സി പി എം എന്ന് പറഞ്ഞ് ഭരിക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സിപി എം ന്റെ നിലപാടുകള്‍ അഭിന്ദനീയം തന്നെ. പക്ഷെ ബാബരി മസ്ജിദ് , ഗുജറാത്ത് കലാപം, കൂടാതെ അസംഖ്യം കലാപങ്ങള്‍ക്ക് ഒളീഞ്ഞൂം തെളിഞ്ഞൂം കാരണക്കാാരായ ആര്‍ എസ് എസിന്റെ പരിപാടി ഉല്‍ഘാടനം ചെയ്ത സിപി എം സംസഥാന കമ്മറ്റി അംഗം പത്മലോചനന് എന്തിന്റെ കുറവായിരുന്നു സഖാവെ. ലൌ ജിഹാദ് പ്രശ്നത്തില്‍ കേരളത്തിലെ സംഘപരിവാര്‍ , ക്യസ്തീയ വര്‍ഗ്ഗീയ വാദികള്‍ കാടിളക്കി വെട്റ്റി വെഛപ്പോഴും പാര്‍ട്ടിയും സര്‍ക്കാരും എവിടായിരുന്നു. ഇക്കഴിഞ്ഞ സി പി എം ഭരണം പോലെ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് കേരളം സാാക്ഷിയായ ഒരു കാല ഘട്ടം ഇതിന് മുമ്പുണ്ടായിട്ടില്ല എന്നതാണ് സത്യം. സംസ്ഥാനത്ത് പോളിറ്റ് ബ്യൂറോയും അല്ലാത്തതുമായ പുലികള്‍ ഉണ്ടായിട്ടും അങ്ങ് കേന്ദ്രത്തില്‍ നിന്ന് ആരോ പറയേണ്ണ്ടി വന്നു മോഡി എന്ന ക്രിമിനലിന്റെ അമ്പാസഡറെ കേരളം അമ്പാസിഡര്‍ ആക്കരുതെന്ന്. ആരും പറഞ്ഞില്ലെങ്കില്‍ പത്മലോചനന്‍മാര്‍ മോഡിയെ തന്നെ അമ്പാസിഡര്‍ ആക്കിയേനെ. അവസാനം തൊടുപുഴ ചോദ്യപേപ്പര്‍ വിഷയത്തില്‍ വരെ പോലീസിന്റെ വ്യക്തമായ പ്ക്ഷപാതിത്തം കൂടി കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ക്യസ്ത്യന്‍ സംഘപരിവാര്‍ ലോബിയാണോ കേരളം ഭരിക്കുന്നത് എന്ന് ഉറപ്പിച്ച് പറയാന്‍ തോന്നുകയാണ്. പ്രകാശനെ ഇടിച്ച് പീഡിപ്പിച്ച ടോമിന്‍ തച്ചങ്കരിയെ ചോഒദ്യം ചെയ്യാന്‍ സര്‍ക്കാര്‍ അനുവാദം വേണമെന്ന് തച്ചങ്കരിയെ കൊണ്ട്പറയിപ്പിക്കാന്‍ മാത്രം സര്‍ക്കാര്‍ ഇവരെയൊക്കെ പോലുള്ള കിങ്കരന്‍ മാര്‍ക്ക് അഭയം നല്‍കുന്നു എന്നതിന്റെ തെളിവാണ്. എവിടെയാണ് സാര്‍ ആ പഴയ വിപ്ലവമുള്ളത്. പാര്‍ട്ടി അണീകള്‍ (നേതാക്കന്‍ മാര്‍ ഒളിവില്‍ ആയിരുന്നല്ലോ) ഏതൊരു ബൂട്ട് കൊണ്ടാണോ ചവിട്ട്കൊണ്ടത് അത് ഈപ്പോള്‍ അതേ പാര്‍ട്ടിക്കാര്‍ ഭരിക്കുമ്പോള്‍ തന്നെ പോലീസിനെ കൊണ്ട് മര്‍ദ്ദന മേല്‍ക്കേണ്ട അവസ്ഥയാണിന്ന്. പോലീസിന്റെ ചെയ്ത്തിന് സര്‍ക്കാരെന്ത്പിഴച്ചു എന്നാണ് ഉത്തരമെങ്കില്‍ , പിന്നെ എന്തിനാണ് കുറെ മന്ത്രിമാര്‍ സെക്രട്ടറ്രിയ്യേറ്റിനു ചുറ്റും കറങ്ങിക്കളിക്കുന്നത് എന്ന് ചോദിക്കേണ്ടി വരും.
സര്‍ , ഇവിടെയുള്ള പിന്നോക്ക ന്യൂന പക്ഷം ചെങ്കൊടിക്ക് പിന്നില്‍ ഒളീഞ്ഞീരിക്കുന്ന മോഡിമാരെയും, തെഗാഡിയ മാരെയും കണ്ട് ഭയക്കുന്ന അവസ്ഥയാണിന്ന്. സംഘപരിവാര്‍ കണ്ണുരുട്ടുമ്പോള്‍ മൂത്രം പോകുന്ന സഖാക്കളെയും, മാധ്യമങ്ങള്‍ ഫ്ലാഷ് ന്യൂസുകള്‍ കൊടുക്കുമ്പോള്‍ ഉറക്കം പോകുന്ന സഖാക്കളും അരങ്ങ് വാഴുമ്പോള്‍.വിമര്‍ശന വെയിലില്‍ രക്തപതാകയുടെ ചുവപ്പ് മങ്ങുന്നുണ്ട് സാര്‍. പിന്നിയതുണിയില്‍ പഴയ നിറം ചുവപ്പ് തന്നെയാണോ എന്ന് സംശയം ഉണ്ട് സാര്‍ ഞങ്ങള്‍ പ്രജകള്‍ ചിലര്‍ക്ക്.
ഇത്തവണ ചേരുവ പോരാ സഖാവേ. സ്ഥിരം സംഗതികള്‍ ഒന്നും കാര്യമായി ഇല്ല. മദനി,സൂഫിയ,തടിയന്റവിട മാഹാന്‍ ഭരണകൂട ഭീകരത തുടങ്ങി ചിലതൊക്കെ കൂടെ വേണ്ടെ?
ഇവിടെ ചിലര്‍ ബോംബ് സ്ഫോടനം,നുഴഞ്ഞുയകറ്റം, തീവ്രവാദപ്രവര്‍ത്തനം എന്നിവയില്‍ ഉള്‍പ്പെട്ടവരെയോ സംശയിക്കപ്പെടുന്നവരേയോ
വെള്ളപൂശാന്‍ പെടാപാട് പെടുന്നത് കൊടിയേരി സഖാവ് അറിയുന്നുണ്ടാകില്ല. അല്ലെങ്കില്‍ തന്നെ ബ്ലോഗ്ഗൊക്കെ വായിക്കാന്‍ ആര്‍ക്കാ നേരം.
വിശുദ്ധമായ ഇന്ത്യാമഹാരാജ്യം കെട്ടിപ്പടുക്കാന്‍ ബോംബ് സ്പോടനം നടത്തിയും,സാമ്പത്തീക ഭദ്രത ഉറപ്പുവരുത്തുവാന്‍ കള്ളനോട്ടടിച്ചും പെടാപാടുപെടുന്ന “മഹാത്മാക്കളെ”
മാധ്യമങ്ങള്‍ ഭീകരന്മാരെന്നും തീവ്രവാദികളെന്നും ചിത്രീകരിക്കുമ്പോള്‍ അവര്‍ അത്തരക്കാരല്ലെന്നും
സാമ്രാജ്യത്വത്തിനെതിരായി പോരാടുന്നവരെ താറടിക്കുവാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുകയാണെന്നും ഒക്കെ ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍
ആകെ ഉള്ളത് കുറച്ച് വര്‍ഗ്ഗീയ ബുദ്ധിജീവികളും അവര്‍ക്കൊപ്പം നില്‍ക്കുന്ന ഭൂരിപക്ഷ നാമധാരികളായ ചിലരും മാത്രമേ ഉള്ളൂ.
കേരളമെന്ന്കേട്ടാല്‍ തീച്ചയായും തിളക്കും.അത്രക്ക് ദുരിതമയമല്ലേ ഇവിടെ ജീവിതം. എന്തായിരുന്നു വി.എസ്സ് അധികാരത്തില്‍ വന്നാല്‍ അതുചെയ്യും പെണ്‍വാണിഭക്കാരെ കയ്യാമം വെക്കും..
എന്നിട്ടെന്തേ കൊല്ലം നാലായല്ലോ? പ്രതിപക്ഷ നേതാവായിരിക്കുമ്പോല്‍ വി.എസ്സ് ഇടപെട്ട ഏതുവിഷയമാണ് പരിഹരിക്കപ്പെട്ടത്? ഒടുവില്‍
സ്മാര്‍ട് സിറ്റി നാലുകൊല്ലം ആയി അതിപ്പോള്‍ എന്തായി? വല്യവായില്‍ പ്രസംഗിക്കാം എന്നല്ലാതെ കേരളത്തിലെ സാധാരണക്കാര്‍ക്ക് വേണ്ടി ഈ ഭരണം എന്തുചെയ്തു സഖാവേ? കൊള്ളാവുന്ന എന്തെങ്കിലും പദ്ധതികള്‍ കേരളത്തില്‍ വന്നോ? ആകെ നടന്നത് കുറേ വിവാദ വ്യവസായം. ഒരു പുതിയ സംഗതിക്ക് മലപ്പുറത്ത് തറക്കല്ലിട്ടെങ്കിലും അത് ജനം കയ്യോടെ പൂട്ടിച്ചു. പി.ഡി.പി മാര്‍ക്കിസ്റ്റ് സഖ്യം. സംഗതി പാളിയ സ്ഥിതിക്ക് ഇനിയിപ്പോള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മറയത്ത് വല്ല കൂട്ടുകെട്ടും ഉണ്ടാകുമോ എന്ന് അറിയില്ല. സാമാന്യജനത്തിനു ബുദ്ധിയില്ലെന്നു തെറ്റിദ്ധരിച്ചു മദനിസത്തെ ത്വവല്‍ക്കരിക്കുവാനുള്ള
ശ്രമം ചീറ്റിയെങ്കിലും പുതിയ ലേബല്‍ അടിച്ച് വന്നുകൂടായ്കയില്ല.
ഈ ഉഗ്യോഗസ്ഥന്മാരുടെ ഒരു കാര്യം ബച്ചന്‍ ഒരു ചാനലിനു ഇന്റര്‍വ്യൂ നല്‍കിയപ്പോല്‍ ഒരു താല്പര്യം പറഞ്ഞു.അതേകേള്‍ക്കണ്ട താമസം ക്ഷണക്കത്തയച്ചു.എന്താ ചെയ്യാ. സമയത്തിനു ദില്ലി സഖാക്കളുടെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി.ബച്ചന്‍ ആരാ? മോഡി ഭരിക്കുന്ന
ഗുജറാത്തിന്റെ അംബാസിഡര്‍, ( ചില മന്ദ ബുദ്ധികള്‍ക്ക് ബച്ചന്‍ മോഡിയുടെ അംബാസിഡര്‍ ആണെന്നാണ് ധാരണ) അപ്പോല്‍ അംബാസിഡര്‍ വന്നാല്‍ മോഡി വന്നതിനു തുല്യമല്ലേ?
ഗുജറാത്തിലെ വ്യവസായ വികസനത്തെ പറ്റി പറഞ്ഞതിനു മുന്‍ എം.പിയെ വരെ പിടിച്ചു പുറത്താക്കിയ (അങ്ങേരു നേരത്തെ തന്നെ രാജി നല്‍കി സ്ഥലം വിട്ടിരുന്നു.വല്യ സഖാവിനെ പൊട്ടിച്ച് പാര്‍ളമെന്റില്‍ എത്തി. ജനത്തിന്റെ ഒരു കാര്യം മോഡിയെ പ്രശംസിച്ച പയ്യനെ ജയിപ്പിച്ചു!!) പാര്‍ടി ഭരിക്കുന്ന കേരളത്തില്‍, ആര്‍.എസ്.എസിന്റെ പരിപാടിയില്‍
പങ്കെടുത്തതിന്റെ പേരില്‍ മേയറെ ഒഴിവാക്കിയ കേരളത്തില്‍ ബച്ചന്‍ ടൂറിസത്തിന്റെ അംബാസിഡര്‍..ശിവ ശിവ.... ബച്ചന്റെ പോസ്റ്റര്‍ തന്നെ കേരളത്തില്‍ പതിക്കാന്‍ പാടില്ലാത്തതാണ്.എന്തായാലും ഈ പ്രവര്‍ത്തനത്തിലൂടെ പഞ്ചായത്ത്
തിരഞ്ഞെടുപ്പില്‍ നാലുവോട്ടിനു വകുപ്പായി.
എന്തു മഹത്തായ കലാസൃഷ്ടിയാണാവോ അങ്ങേര്‍ക്ക് അവാര്‍ഡ് നല്‍കുവാന്‍ “കേരളത്തിനു” (എന്നു ജി.പി പറയുന്നു) പ്രചോദനമായത്. ഹിന്ദു ദൈവങ്ങളെ നിന്ദിച്ച് ചിത്രം വരച്ചതോ?
സംഘപരിവാറിനെ വെല്ലുവിളിച്ച് അങ്ങേര്‍ക്ക് അവാര്‍ഡ് നല്‍കുവാന്‍ എന്തേ സഖാക്കള്‍ക്ക് ആകില്ലേ? അങ്ങേര്‍ക്ക് വേണ്ട പ്രൊടക്ഷന്‍ നല്‍കുവാന്‍ കേരളാ ഗവണ്മെന്റ് തയ്യാറാകുകയാണ് വേണ്ടത്.
നാലും മൂന്ന് ഏഴ് പഞ്ചായത്തില്‍ പോലും അംഗബലമില്ലത്ത പരിവാറിനെ എതിര്‍ക്കാന്‍ ആകില്ലെങ്കില്‍ പിന്നെ സഖാവേ ഈ ആദര്‍ശം പറഞ്ഞ് നടക്കരുത്. ഹുസൈനെ കൊണ്ടുവന്ന്
ആദരിച്ചാണ് ഫാസിസത്തിനു മറുപടി പറയേണ്ടത്. അതല്ല കേസു ഭയന്ന് ഇന്ത്യയില്‍ വരാതിര്‍ക്കുകയാണെങ്കില്‍ പിന്നെ ഈ മാതിരി വരട്ട് പറയരുത്.
രാമനേയും,സീതയേയും ഭാരതമാതാവിനേയും ഒക്കെ മോശമായി ചിത്രീകരിച്ച ഹുസൈനെ കലാകാരന്റെ സ്വാതന്ത്രം പറഞ്ഞ് പൊക്കിക്കൊണ്ടുനടക്കുന്നത് കണ്ട്
തനിക്കും അപ്രകാരം ഒരു പ്രശംസയും പിന്തുണയും മറ്റും കിട്ടും എന്ന് കരുതിയാണോന്നറിയില്ല തൊടുപുഴയിലെ ഏതോ അണ്ണന്‍ ഒരു ചോദ്യപേപ്പറ് ഇട്ടത്?
വിവരം ഇല്ലാണ്ടായാ എന്താ ചെയ്യാ, പോയി വല്ല സവര്‍ണ്ണരെ ഒക്കെ പുലഭ്യം റഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ എല്ലാ വര്‍ഗ്ഗീയ ബുദ്ധിജീവികളും അവരുടെ മൂടുതാങ്ങികളായ
വര്‍ഗ്ഗീയവാദികളും ഒക്കെ എത്തും. പ്രശംസയും സ്വീകരണവും ഒക്കെ ആയി രംഗം കൊഴുക്കും.
enaran അണ്ണാ, മരണത്തിണ്റ്റെ വ്യാപാരിയുടെ അബ്ബാസിഡറായി തന്നെയാണു ജനങ്ങള്‍ ബച്ചനെ കാണുന്നത്. അതിണ്റ്റെ ഒടുവിലത്തെ സൂചനയാണു കോമണ്‍ വെല്‍ത്ത് ഗെയിംസിണ്റ്റെ അബ്ബസിഡര്‍ സ്താനം മന്ത്രി നിരസിച്ചത്. ബച്ചനെ ന്യായികരിക്കാന്‍ ഉളുപ്പില്ലെങ്കില്‍ പിന്നെ എങ്ങിനെയാണു ഹേ നാം പിണറായി വിജയന്‍ മദനിയുടെ കൂടെ വേദി പങ്കിട്ടതിനെ വിമര്‍ശിക്കുക? വിജയന്‍ മദനിയുടെ 'അബ്ബാസിട്ടറൊന്നു'മല്ലായിരുന്നല്ലോ? എല്ലാം ഒരേ ലെന്‍സിലൂടെ കാണാനുള്ള കഴിവു വേണം, അണ്ണാ. ഇനി എം എഫ് ഹുസൈണ്റ്റെ കാര്യം. തൊള്ളായിരത്തി എഴുപത്തിമൂന്നില്‍ ഹുസൈന്‍ വരച്ച ചിത്രമാണു സംഘ്പരിവാര്‍ ദുഷ്ടശക്തികള്‍ തൊണ്ണൂറുകള്‍ക്കു ശേഷം രാജ്യത്ത് ചിദ്രതയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി പ്രശ്നം ഉണ്ടാക്കിയത്. സ്വാഭാവികമായും വിവേകമുള്ളവര്‍ ആവിഷ്കാരസ്വാതന്ത്യത്തെ കുറിച്ച് പറഞ്ഞു. എത്ര ആവിഷ്കാര സ്വാതന്ത്ര്യമുപയോഗിച്ചായാലും മത നിന്ദ ഒഴിവാക്കപെടേണ്ടതു തന്നെ എന്നാണെണ്റ്റെ അഭിപ്രായം. ഇതില്‍ എറെ രസകരമായ വസ്തുത ഇതേ മതനിന്ദയുടെ പേരില്‍ വിലക്ക് നേരിട്ട തസ്ളീമ നസ്രീനെ സ്വീകരിക്കാനും പിന്തുണക്കാനും സംഘ്പരിവാറിനു ഒരു വിധ മടിയും ഇല്ല എന്നുള്ളതാണു.ആവിഷ്കാരസ്വാതന്ത്ര്യത്തിണ്റ്റെ 'ഇരട്ടമുഖം' നമുക്ക് അവിടെ കാണാന്‍ സാധിക്കും.
മോഡിമോഡല് വംശഹത്യ രാജ്യമൊട്ടാകെ നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്നവര് സമൂഹത്തില് കൂടിക്കൂടിവരുകയാണ്. ആദ്യം ശത്രുവായി ഒരുകൂട്ടരെ പ്രഖ്യാപിക്കുക, അവര്ക്കെതിരെ മാധ്യമങ്ങളെയും പൊതുജനത്തെയും ഒരുമിപ്പിക്കുക, പിന്നീട് ശത്രുവിനെ കൂട്ടംചേര്ന്ന് കൊല്ലുക, എല്ലാംകഴിഞ്ഞ് കൂടെനിന്ന ഓരോരുത്തര്ക്കെതിരെയും തിരിയുക- ഇതാണജണ്ട. മതത്തിന്റെ പേരില് സ്വയംപിരിഞ്ഞുപോയ പാക്കിസ്ഥാന് ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. അവിടെ മതമല്ല പ്രശ്നം. അതുകൈകാര്യം ചെയ്യുന്ന രാഷ്ട്രീയക്കാരനാണ് വില്ലന്. മോഡിയുടെ വംശഹത്യാരാഷ്ട്രീയം വികസനത്തിന്റെ മറവിലാണെന്ന് മനസ്സിലാക്കാന് ബച്ചന് ഇനി അമര് സിങ് പറഞ്ഞുകൊടുക്കേണ്ട. എല്ലാം പണത്തിന്റെ കളികളാണ്. അതുണ്ടായാല് ഒക്കെത്തീരും.
മാധ്യമങ്ങളില് ഇടയ്ക്കൊക്കെ ചിലര് സത്യം വിളിച്ചുപറയുന്നത് ജി പി പറഞ്ഞ അതേ പൊതുബോധം ശക്തിപ്പെടുത്താന് തന്നെയാണ്. അല്ലാതെ, മരണത്തിന്റെ വ്യാപാരിക്കെതിരേ ശബ്ദമുയര്ത്തിയതൊന്നുമല്ല. ഭീകരതയുടെ രാഷ്ട്രീയം ചര്ച്ചചെയ്യാന് ആത്മാര്തഥയുള്ള ഒരു രാഷ്ട്രീയപ്രസ്ഥാനവും ഇന്നിന്ത്യയിലില്ല.
GP's post has more unintended sarcasm than the below one from Berly lol :-)
--------
അമിതാഭ് ബച്ചന്‍ പോലും ! ആരാണയാള്‍ ? കമ്മ്യൂണിസം എന്താണെന്ന്, സിപിഎം എന്താണെന്ന് അയാള്‍ക്കറിയാമോ ? കേരളത്തെപ്പറ്റി, കണ്ണൂരിനെപ്പറ്റി, ദേശാഭിമാനിയെപ്പറ്റിയൊക്കെ അയാള്‍ കേട്ടിട്ടുണ്ടോ ? ഇന്ത്യാമഹാരാജ്യത്ത് എന്തു സേവനമാണ് അയാള്‍ ചെയ്തിട്ടുള്ളത് ? മഹാത്മാഗാന്ധിയെപ്പോലെ, ഇഎംഎസിനെപ്പോലെ, അബ്ദുല്‍ നാസര്‍ മദനിയെപ്പോലെ രാജ്യപുരോഗതിക്കു വേണ്ടി എന്തെങ്കിലും നല്ല കാര്യം ചെയ്തിട്ടുള്ളയാളാണോ ഈ ബച്ചന്‍ ? എന്നിട്ടിപ്പോള്‍ വന്നിരിക്കുന്നു അംബാസിഡറാകാന്‍. ബച്ചന്‍ പോലും ബച്ചന്‍ !
http://berlytharangal.com/?p=4087
Post a Comment