Thursday, November 11, 2010

അടഞ്ഞു പോയ ആഹ്ളാദകങ്ങള്‍ പാലക്കാടിന്റെ സിനിമാ ഭൂപടങ്ങളിലൂടെ




വാണിയങ്കുളത്ത് 1987ല്‍ തുടങ്ങിയ പൊറുതിയോടെയാണ് പാലക്കാട് സ്ഥിരമായത്. അക്കാലത്ത് ഷൊറണൂരില്‍ റിലീസ് ആരംഭിച്ചിരുന്നില്ല. റിലീസ് ചിത്രങ്ങള്‍ തച്ചിന് തച്ചിന് കണ്ട് വധിക്കുന്ന കോളങ്ങളും ആരംഭിച്ചിട്ടില്ലാതിരുന്നതു കൊണ്ട് അതൊരു കുറവായി തോന്നിയില്ല. അന്ന് ബാച്ചലേഴ്സായ ഞങ്ങള്‍ സഹമുറിയന്മാര്‍ വൈകുന്നേരങ്ങളില്‍ ഷൊറണൂരില്‍ സിനിമ കാണാന്‍ പോയാല്‍ ഡെസ്റ്റിനേഷന്‍ തനിയെ റെയില്‍ പാളം കടന്ന് കേരളീയ ആയുര്‍വേദ സമാജത്തിനു തൊട്ടുള്ള ജവഹര്‍ എന്നോ ഷണ്മുഖ എന്നോ പേരുള്ള ഓലടാക്കീസിലെത്തുമായിരുന്നു. അവിടെയായിരുന്നു അന്ന് കമ്പിപ്പടങ്ങള്‍ കാണിച്ചിരുന്നത്. അത്തരത്തില്‍ കമ്പിപ്പടങ്ങള്‍ കാണിച്ചിരുന്നതും അല്ലാത്തതുമായ അനവധി ടാക്കീസുകള്‍ പാലക്കാട് ജില്ലയില്‍ ഇതിനകം അടച്ചു പൂട്ടപ്പെട്ടു. സദാചാരം നീണാള്‍ വാഴട്ടെ. എല്ലാം ഒന്നൊന്നായി പൂട്ടി, പൊളിച്ചു മാറ്റി, നിരത്തി. പാലക്കാട്ടെ ഇരുദയ, സെന്‍ട്രല്‍, ശ്രീദേവി ദുര്‍ഗ(പഴയ ന്യൂ), ഗൌഡര്‍, ബള്‍ക്കീസ്(ഒലവക്കോട്); ചിറ്റൂരിലെ നെഹ്റു, ബീന; അട്ടപ്പാടിയിലെ അഗളി സ്റ്റാര്‍, കുക്കുപ്പടി ഷീനു, ഗൂളിക്കടവ് ശ്രീവേലന്‍, കോട്ടത്തറയിലെ തിയേറ്റര്‍; മണ്ണാര്‍ക്കാട് കലാവതി; കല്ലടിക്കോട് ദീപ; തച്ചമ്പാറ അലങ്കാര്‍, കലാബന്ധു; മുണ്ടൂര്‍ മീരാന്‍, കോങ്ങാട് സെന്‍ട്രല്‍, പുലാപ്പറ്റ ചിഞ്ചു, റെയില്‍വെ കോളനി രാജേന്ദ്ര, എന്നിങ്ങനെ എത്ര ടാക്കീസുകള്‍. ഇവയിലോരൊന്നിനെയും ചുറ്റിപ്പറ്റി ഓരോന്നിനുള്ളിലുമായി എത്ര ആഹ്ളാദാനുഭൂതികള്‍ നിറവേറ്റപ്പെട്ടിട്ടുണ്ടാകും! എത്രയെണ്ണം നിറവേറപ്പെടാതിരുന്നിട്ടുണ്ടാകും?

മുമ്പ് കേരളത്തിന്റെ പുറത്തുള്ളവരെല്ലാം സ്കൂളവധി ദിവസങ്ങളില്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നത് ഒലവക്കോട്ടിറങ്ങിക്കൊണ്ടാണ്. ഇന്ന് ആ സ്റ്റേഷന്റെ പേര് തന്നെ മാറ്റപ്പെട്ടിരിക്കുന്നു. പാലക്കാട് ജങ്ഷന്‍ എന്നാണ് സ്റ്റൈലില്‍ ആ ജങ്ഷന്‍ അറിയപ്പെടുന്നത്. ബോംബെയിലും ഭിലായിലും ദില്ലിയിലുമുള്ള ബന്ധുക്കള്‍ക്ക് തിരിച്ചു പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാനും, അവര്‍ വന്നിറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ പോകാനും തലേന്ന് രാത്രി ഉറക്കൊഴിച്ച് ഒലവക്കോട്ട് കാത്തിരിക്കുക എന്നത് അന്നത്തെ ഒരു വാര്‍ഷിക വിനോദമായിരുന്നു. അതിലെ ആകര്‍ഷകഘടകം ബള്‍ക്കീസില്‍ നിന്ന് സെക്കന്റ് ഷോ കാണാമെന്നതായിരുന്നു. ഉറങ്ങിപ്പോയാലും സാരമില്ല. ഗേറ്റ് കീപ്പര്‍ വന്ന് വിളിച്ചുണര്‍ത്തി പുറത്താക്കും. പിന്നെ കട്ടന്‍ ചായയും കുടിച്ച് മാതൃഭൂമിയിലോ മനോരമയിലോ കിടന്നുറങ്ങാം. ഉറക്കം വരാതിരിക്കാന്‍ തക്കവണ്ണമുള്ള തട്ടുപൊളിപ്പന്‍ സിനിമകളാണ് സ്വതേ പലപ്പോഴും ബള്‍ക്കീസില്‍ ഓടിയിരുന്നത്. കമലാഹാസന്റെ വിക്രം ബള്‍ക്കീസില്‍ ഇതുപോലൊരു ഉറക്കൊഴിക്കലിനായി കണ്ടതോര്‍ക്കുന്നു. ഒരു പോള പോലും കണ്ണടക്കാതിരിക്കാന്‍ തക്കവണ്ണമുള്ള അടിയും പൊടിയും ഗ്ളാമറും ഡാന്‍സും. അതിനും മുമ്പുള്ള കാലം ബള്‍ക്കീസ് കേരളത്തിലെ പ്രമുഖ റിലീസിംഗ് സെന്ററായിരുന്നു. അവളുടെ രാവുകളടക്കമുള്ള ഹിറ്റു ചിത്രങ്ങള്‍ അവിടെയായിരുന്നു റിലീസ് ചെയ്തത്. സിനിമയോടും സിനിമാ നടികളോടും അതിരു കവിഞ്ഞ ആസക്തി ഉണ്ടായിരുന്ന ആരോ ആണ് ബള്‍ക്കീസിന്റെ ഉടമകളിലൊരാള്‍ എന്ന കഥയും കേട്ടിട്ടുണ്ട്. കേരളത്തിലെ തിയറ്ററുകളെക്കുറിച്ച് താന്‍ തയ്യാറാക്കാന്‍ പോകുന്ന ഒരു ഡോക്കുമെന്ററിയില്‍ ബള്‍ക്കീസ് ചിത്രീകരിക്കാനാവുമോ എന്നാരാഞ്ഞ് വെങ്കിടി വിളിച്ച ദിവസം, തിയറ്റര്‍ പൊളിച്ചു നീക്കുകയായിരുന്നു. അന്നത്തെ ദേശാഭിമാനിയില്‍ വന്ന പകുതി പൊളിഞ്ഞ തിയറ്ററിന്റെ ചിത്രം സ്കാന്‍ ചെയ്ത് ഇ മെയില്‍ അയച്ചു. എന്തായാലും അത് പൊളിച്ചു നിരത്തി. ഇപ്പോള്‍, തൊട്ടടുത്തുള്ള ബിവറേജസ് വില്‍പനശാലയില്‍ നിന്ന് 'മൂന്നാളായി' എന്ന് പറഞ്ഞ് നാലാമനെ പിടിക്കുന്നവര്‍ക്ക് ക്വാര്‍ട്ടര്‍ വീതിക്കാന്‍ പറ്റിയ ഇരുട്ടുള്ള ഒരു കുറ്റിപ്പുല്‍മൈതാനം. തൊട്ടുമുമ്പില്‍ ബോട്ടിയും ചിക്കന്‍ പക്കവടയും. ആഹ്ളാദം അവസാനിച്ചിട്ടില്ല.

ഏറ്റവും അവസാനം കേട്ടത് മണ്ണാര്‍ക്കാട്ട് ആറാട്ടു കടവിലുള്ള കലാവതി തിയറ്റര്‍ നിന്ന സ്ഥലം റിയല്‍ എസ്റ്റേറ്റുകാര്‍ മുറിച്ചു വില്‍പനയാക്കിയതാണ്. ഒരു ലക്ഷത്തി അറുപത്തൊമ്പതിനായിരമാണത്രെ സെന്റിന് വില. മുന്‍ഭാഗത്തെ പത്ത് സെന്റ് പൂരക്കമ്മിറ്റി വാങ്ങി. പൂരത്തിന് തച്ചോളി അമ്പുവും കടത്തനാട്ട് മാക്കവും ഹൌസ്ഫുള്ളായി ഓടിയിരുന്ന കാലം ഇനി ഉണ്ടാവില്ല. അതു മാത്രമോ, മണ്ണാര്‍ക്കാട്ടെ പല ഫിലിം സൊസൈറ്റിക്കാലങ്ങളില്‍ കലാവതി ജ്വലിച്ചു നില്‍ക്കുന്നു. എണ്‍പതുകളുടെ അവസാനം ഒഡേസ പിരിച്ചു വിടുന്നതിനു തൊട്ടു മുമ്പ് പതിമൂന്നു ദിവസം നീണ്ട ഒരു ക്യാമ്പ് മണ്ണാര്‍ക്കാട് കെടിഎം സ്കൂളിലും കലാവതിയിലും കുന്തിപ്പുഴയിലും ജി എം യുപിയിലും കുമാരേട്ടന്റെ ഗോഡൌണിലുമായി നടത്തി. പ്രകൃതി ബഷീര്‍ മാഷായിരുന്നു മുഖ്യ സംഘാടകന്‍. ബംഗ്ളാദേശില്‍ നിന്നെത്തിയ ഏതാനും ഡോക്കുമെന്ററി സംവിധായകരും ക്യാമ്പിലുണ്ടായിരുന്നു. അവരോടൊപ്പം ഒരു ദിവസം കലാവതിയിലെ പ്രദര്‍ശനം കാണാനായി നടക്കുകയായിരുന്നു. എന്താണ് തിയറ്ററിന്റെ പേര് എന്നവര്‍ ആരാഞ്ഞു. കലാവതി എന്ന എന്റെ മറുപടി അവരെ തൃപ്തരാക്കിയില്ല. കലാബോതി എന്ന് പറഞ്ഞപ്പോഴാണ് തൃപ്തിയായത്. ഇനി അവിടെ നിരക്കാന്‍ പോകുന്ന ഹൌസ് പ്ളോട്ടുകളില്‍ വീടുകള്‍ നിറയുമ്പോള്‍ അവിടത്തെ വീടുകളില്‍ ഹോം തിയറ്ററുകളും അതിനു മുമ്പിലെ സ്വകാര്യാഹ്ളാദങ്ങളും. പാന്‍പരാഗ് തുപ്പുന്ന പൊതു ആഹ്ളാദങ്ങളേക്കാള്‍ വൃത്തി കൂടിയ ആ ആഹ്ളാദങ്ങള്‍ കാണികളെ തൃപ്തിപ്പെടുത്തുമോ?

7 comments:

Unknown said...

:)

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ ശ്രീ രാമചന്ദ്രന്‍,
പാലക്കാട്‌ എന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന നദിയാണെന്ന്‌ ഞാന്‍ പലരോടും പറഞ്ഞിട്ടുണ്ട്‌.പാലക്കാടിനെപ്പറ്റി എന്തുകേട്ടാലും എത്ര തിരക്കായാലും ഞാനവിടെ തറഞ്ഞുനില്‍ക്കും.ആരെങ്കിലും ചുമ്മാ പാലക്കാട്‌ പോകാന്‍ വിളിച്ചാല്‍ ഉടുത്ത വസ്‌ത്രത്തോടെ ഞാനങ്ങുപോകും.അത്രയ്‌ക്കിഷ്ടമാണ്‌ പാലക്കാടിനെ.
കൊടുമ്പിലും കൊഴിഞ്ഞാമ്പാറയിലും പാലക്കാടും എത്ര സിനിമകള്‍ ഞാനും കണ്ടിരിക്കുന്നു.കൊഴിഞ്ഞാമ്പാറ ജഗദാംബിക പൊളിച്ചല്ലോ.താര മാത്രമുണ്ട്‌.അതോ അതും പോയോ..!
അരോമയില്‍ വച്ചാണ്‌ അലൈപായുതേ ഞാന്‍ സെക്കന്റ്‌ ഷോ കാണുന്നത്‌.അന്ന്‌ എന്റെ ജീവിതം രണ്ടായി വിഭജിക്കപ്പെടാന്‍ മുഹൂര്‍ത്തം നോക്കി നില്‍ക്കുകയായിരുന്നു...അങ്ങനെ ഓര്‍ത്താല്‍ എന്തെല്ലാം..
ഇപ്പോള്‍,ഈ കുറിപ്പ്‌ വായിച്ചപ്പോള്‍ അതിനപ്പുറം ഓര്‍ത്തു.ആഹ്‌ളാദമാണോ വേദനയാണോ ആരോടൊക്കെയോ ദേഷ്യമാണോ ഉണ്ടായത്‌ എ‌ന്നറിയില്ല.ശുദ്ധമായ ശൂന്യത തോന്നാറുണ്ട്‌ പലപ്പോഴും.
നന്നായി ഈ കുറിപ്പ്‌.പ്രസക്തമാണ്‌ സാമൂഹിക ചരിത്രത്തില്‍.

നിശാഗന്ധി പൂക്കുന്ന രാത്രി said...

പാലക്കാട്ടേയ്ക്ക് ചുമ്മാ കറങ്ങാന്‍ പോകുന്നത് തന്നെ എന്ത് രസമാണ്. പ്രിയദര്‍ശിനിയും ആരോമയും ഒക്കെ വാഴുമ്പോള്‍ അങ്ങാടിയിലെ ഗൌഡര്‍ മുങ്ങിപ്പോയി. ഇപ്പോഴുണ്ടോ ആവോ.

ഏറനാടന്‍ said...

കാലത്തിന്‍റെ കുതിച്ചുപായലില്‍ ടാക്കീസ് ഇനി നമ്മുടെയൊക്കെ ഗതകാലസ്മരണകള്‍ സംസാരിക്കുന്നേരം മാത്രം വരുന്നവ ആയിമാറി.
എത്രയെത്ര കൊട്ടകകള്‍ വിസ്മൃതിയില്‍ ആയിക്കഴിഞ്ഞു. ഇനി ഓര്‍ക്കാന്‍ മാത്രം ബാക്കിയായി.

സുജനിക said...

സെക്കന്റ് ഷോക്ക് 5കി.മി.അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ‘ആരോമലുണ്ണി’ കണ്ട അനുഭവം എങ്ങനെ മറക്കാൻ? ആ റ്റാക്കീസ് ഇപ്പോഴും ഉണ്ട്-എസ്.എം.പി. ഷോർണൂർ.

keraladasanunni said...

പറളി കല്യാണി തിയേറ്ററില്‍ ഫസ്റ്റ് ഷോ കഴിഞ്ഞ് പാട്ട് വെച്ചാല്‍ കൂട്ടുകാരോടൊപ്പം 12 കിലോമീറ്റര്‍ 
അകലെയുള്ള പാലക്കാട്ടെ ഏതെങ്കിലും തിയേറ്ററിലേക്ക് സൈക്കിളില്‍ ഒരു പോക്കുണ്ടായിരുന്നു. ആ കാലം 
ഓര്‍മ്മ വന്നു.

paarppidam said...

വളരെ നന്നയി കുറിപ്പ്. പഴയ് ഓര്‍മ്മകളീലേക്ക് കൊണ്ടു പോകുന്നു. ഷണ്മുഖയില്‍ ഞാനും സിനിമ കണ്ടിട്ടുണ്ട്. അവിടെ അടുത്തുള്ള ഒരു മില്ലില്‍ സുഹൃത്തുക്കള്‍ കുങ്ഫു പടിക്കാന്‍ പോയിരുന്ന കാലത്താണ് ഞാന്‍ ആ തെയേറ്റര്‍ കണ്ടത്, പിന്നീട് അവിടെനും സിനിമ കണ്ടു. മേളവും സുമയും ഒക്കെ ഒരുകാലത്തെ സിനിമാ ആസ്വാദനത്തിന്റെ സ്ഥിരം വേദിയായി. അമരം ഒക്കെ സുമയില്‍ നിന്നും ആണെന്ന് തോന്നുന്നു കണ്ടത്.
കുളപ്പുള്ളി ഗീതയും ഒക്കെ പിന്നെ വന്നു.

അന്തിക്കാട് ആരാധനയും ചാഴൂര്‍ രമ്യയും തൃപ്രയാര്‍ സ്റ്റാറും എല്ലാം വിസ്മൃതിയിലേക്ക് എന്നോ അതിവേഗം കടന്നുപോയി. എങ്കിലും ഫാന്‍സ് ഭ്രന്തന്മാരുടെ (ഫാന്‍സ് കൂലിപ്പണിക്കാരുടെ) ബാലിശമായ ബഹളങ്ങള്‍ക്കിടയില്‍ അന്നത്തെ ബഞ്ചിലിരുന്നുള്ള ആസ്വാദനത്തിന്റെ ഭാഗമയുള്ള ശബ്ദങ്ങള്‍ മാധുര്യത്തോടെ ഇന്നും സ്മൃതിയുടെ കര്‍ണ്ണപുടങ്ങളില്‍ എത്തുന്നു.
അന്ന് മംഗലശ്ശേരി നീലകണ്ഠനേയും, റാംജിറാവുവിനേയും, കിരിക്കാടനെയും, ജോജിയേയും എല്ലാം ആസ്വദിച്ചത് പ്രേക്ഷകര്‍ ഒരേ ആഹ്ലാദത്തോടെ ആയിരുന്നു.

കമ്പിചിത്രങ്ങളുടേ കാര്യം പറയുമ്പോള്‍ തൃശ്ശൂര്‍ ഗിരിജ അതിന്റെ കേരളത്തിലെ ഒരു ചരിത്ര സ്മാരകമായി നിലനിര്‍ത്തേണ്ടതായിരുന്നു എന്ന് പലപ്പൊഴും തോന്നുന്നു.....ഹ്ഹ