Friday, December 3, 2010

തീവ്രവാദികളെ ഉണ്ടാക്കുന്നതെങ്ങനെ?

കാക്കിയെയും മാധ്യമങ്ങളെയും ഉപയോഗിച്ചുകൊണ്ട് പൊതു ബോധത്തിലൂടെ തീവ്രവാദികളെ സൃഷ്ടിച്ചെടുക്കുന്നതെങ്ങനെ എന്നതിന്റെ രണ്ട് ഞെട്ടിക്കുന്ന ഉദാഹരണങ്ങളാണ് കേരളത്തിലടുത്ത ദിവസങ്ങളില്‍ നടന്നത്. ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ മുഖ്യ പ്രതിയായി ആരോപിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയുടെ കേസുമായി ആരെങ്കിലും ബന്ധപ്പെടുകയോ പൊലീസ് വ്യാഖ്യാനത്തില്‍ നിന്ന് വ്യത്യസ്തമായി സംസാരിക്കുകയോ വാര്‍ത്തകൊടുക്കുകയോ ചെയ്താല്‍ അവരെ തീവ്രവാദികളും കൊടും കുറ്റവാളികളുമാക്കി മാറ്റാന്‍ എളുപ്പമാണെന്ന സ്ഥിതിഗതിയാണ് നിലനില്‍ക്കുന്നത്. ഇത്തരക്കാര്‍ മുസ്ളിങ്ങളോ മുസ്ളിം പേരുള്ളവരോ അതിനോട് സാമ്യമുള്ളവരോ ആണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വേഗത്തിലാവും. മഅ്ദനിയുടെ അറസ്റ്റിന്റെയും കേസിന്റെയും പിന്നാമ്പുറം അന്വേഷിച്ചു ചെന്ന തെഹല്‍ക ലേഖിക കെ കെ ഷാഹിനയോട് കര്‍ണാടക പൊലീസും ചില മാധ്യമങ്ങളും പ്രതികരിച്ചത് നോക്കുക. മഅ്ദനിക്കെതിരെ സാക്ഷിമൊഴി കൊടുത്ത രണ്ടു പേരെ കണ്ട് വാര്‍ത്ത ശേഖരിക്കുകയും അത് തെഹല്‍ക്കയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതിനാണ് ഷാഹിനക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തിരിക്കുന്നത്. ഈ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഐ പി സി 506 അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായ അറിയിപ്പുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ഷാഹിന ഡിസംബര്‍ ഒന്നാം തീയതി വൈഗാന്യൂസിനനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

മഅ്ദനിക്കെതിരെ ആരോപിക്കപ്പെട്ട തെളിവുകളും മൊഴികളും തീര്‍ത്തും ദുര്‍ബലവും പലതും കള്ളവും ആണെന്ന ബോധ്യമാണ് തന്റെ അന്വേഷണത്തില്‍ ലഭ്യമായതെന്ന് ഷാഹിന പറയുന്നു. ഇതാണ് പൊലീസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. മഅ്ദനിക്കെതിരെ മൊഴി നല്‍കിയെന്ന് പറയപ്പെടുന്ന ബി ജെ പി പ്രവര്‍ത്തകന്‍ യോഗാനന്ദയെ കാണാനായി കുടക് ഐഗൂര്‍ പഞ്ചായത്തിലെ കുംബൂര്‍, ഹോസതോട്ട എന്നിവിടങ്ങളില്‍ വിവരശേഖരണത്തിനായി പോയപ്പോള്‍ തന്നെ ഷാഹിന പോലീസിന്റെ ഭീഷണി നേരിട്ടിരുന്നു. നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം ഹോസതോട്ട സി ഐ വിളിച്ച് നിങ്ങളൊരു തീവ്രവാദിയാണെന്ന് സംശയമുണ്ടെന്ന് പറയുകയുമുണ്ടായത്രെ. ഇതിനെ തുടര്‍ന്ന് കന്നട പത്രങ്ങളില്‍ വാര്‍ത്ത വരുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. ഇത് തനിക്കെതിരായ കേസായി കാണുന്നില്ലെന്നും മാധ്യമസമൂഹത്തിനെതിരായ കേസായാണ് കാണുന്നതെന്നുമാണ് ഷാഹിന പ്രതികരിച്ചത്. ഭരണകൂടം പറയുന്നത് മാത്രം അനുസരിക്കുക, റിപ്പോര്‍ട് ചെയ്യുക എന്ന സന്ദേശം പ്രചരിപ്പിക്കുകയും പൊലീസ് ഏതുവിധേനയും തെളിവുണ്ടാക്കിയാല്‍ അവരെ ജയിലിടക്കാമെന്നുമുള്ള സ്ഥിതിഗതിയാണ് സംജാതമാക്കിയിരിക്കുന്നത്. പൊലീസും ഭരണകൂടവും ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചനകള്‍ നടത്തുകയും അത് പ്രാബല്യത്തില്‍ വരുത്തുകയുമാണ്. അത് പൊളിച്ചടുക്കുന്ന സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയാണ് വെപ്രാളത്തോടും വിറളിയോടും കൂടി പോലീസ് പാഞ്ഞടുക്കുന്നത്. മാതൃഭൂമിയും കേരളകൌമുദിയുമടക്കമുള്ള മലയാള മാധ്യമങ്ങള്‍ കന്നട പത്രങ്ങളില്‍ വന്ന വാര്‍ത്തകളും പോലീസ് വ്യാഖ്യാനങ്ങളും വെള്ളം തൊടാതെ പ്രസിദ്ധീകരിച്ചു എന്നതും ഞെട്ടിക്കുന്ന പരമാര്‍ത്ഥമായി മാറിയിരിക്കുന്നു.

നിരവധി വര്‍ഷങ്ങള്‍ ഏഷ്യാനെറ്റില്‍ ജോലി ചെയ്യുകയും വാര്‍ത്തകള്‍ വായിക്കുകയും ചെയ്തുകൊണ്ട് പൊതുജനമധ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ധീരയായ പത്രപ്രവര്‍ത്തകയാണ് കെ കെ ഷാഹിന. മിശ്രവിവാഹിതയായ ഷാഹിന എല്ലാ അര്‍ത്ഥത്തിലും പുരോഗമന ചിന്താഗതിക്കാരിയും സ്വതന്ത്ര മനോഭാവക്കാരിയുമാണ്. അത്തരമൊരാളെ തീവ്രവാദിയും ഭീകരപ്രവര്‍ത്തകയുമായി ആരോപിച്ച് കുടുക്കാന്‍ ഭരണകൂടവും കന്നട മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ ശ്രമത്തെ പിന്തുണച്ച മലയാള മാധ്യമങ്ങളെയും അതിലെ ലേഖകരെയും ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഷാഹിനക്ക് പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും സഹായവുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ മിക്കവാറും മുഖ്യാധാരാ ചാനലുകളും പത്രങ്ങളും ഈ സംഭവവികാസം കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യുന്നത്. 'മഅ്ദനി കുടകില്‍ പോയി' എന്നല്ലാതെ 'മഅ്ദനി കുടകില്‍ പോയി എന്ന് പോലീസ് പറയുന്നു' എന്ന് ഒരു പത്രവും ചാനലും റിപ്പോര്‍ട് ചെയ്യുന്നില്ല എന്ന് കൃത്യമായി ഷാഹിന ഈ അവസ്ഥയെ വിശദീകരിക്കുന്നുമുണ്ട്. കേരളത്തിലെ മാധ്യമങ്ങളടക്കമുള്ള പൊതു സമൂഹത്തെ ജനാധിപത്യ വിരുദ്ധമാക്കുന്നതിലും ഫാസിസ്റ് ചിന്താഗതികള്‍ക്ക് കീഴ്പ്പെടുത്തുന്നതിലും മുന്നേറ്റമുണ്ടായിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവാണ് ഈ സംഭവത്തിലൂടെ നാം ആര്‍ജ്ജിച്ചെടുക്കേണ്ടത്.

മതം പ്രാക്ടീസ് ചെയ്യുന്നില്ലെങ്കിലും തന്റെ മുസ്ളിം പേര് തന്നെ തടഞ്ഞു നിര്‍ത്തുക, കൂടുതല്‍ വിശദമായുള്ള ചോദ്യം ചെയ്യലിനു വിധേയയാക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ കടന്നു പോകാന്‍ കാരണമാകുന്നുണ്ടെന്ന് ഷാഹിന സാക്ഷ്യപ്പെടുത്തുന്നു. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ തന്റെ സഹപ്രവര്‍ത്തകര്‍ തന്നെ മുസ്ളിമായി കണ്ടതിനെ സംബന്ധിച്ച് മുമ്പൊരിക്കല്‍ ഷാഹിന എഴുതിയതോര്‍ക്കുന്നു. ഫേസ്ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റ് സമൂഹങ്ങളിലും പോര്‍ട്ടലുകളിലും ഇതു സംബന്ധമായി ഗൌരവമുള്ള ചര്‍ച്ചകളും ഒത്തുകൂടലുകളും നടക്കുന്നുണ്ടെന്നതാണ് ആശാവഹമായ സംഗതി. മുഖ്യധാരയിലുള്ള ടെലിവിഷന്‍ ചാനലുകളെയും ദിനപത്രങ്ങളെയും ആനുകാലികങ്ങളെയും അപ്രസക്തമാക്കിക്കൊണ്ട് പൌരത്വ ജേര്‍ണലിസം ഇനിയുള്ള നാളുകളില്‍ മുന്നോട്ടു കുതിക്കുമെന്നതിന്റെ ശക്തമായ തെളിവായി ഈ പ്രവണതയെ കാണാവുന്നതാണ്. മലയാള്‍ ഡോട്ട് എഎം, വൈഗ ന്യൂസ്, കഫില ഡോട്ട് ഓആര്‍ജി, കൌണ്ടര്‍ മീഡിയ ഡോട്ട് ഇന്‍ എന്നീ പോര്‍ട്ടലുകളില്‍ വിശദമായ കുറിപ്പുകളും അഭിമുഖങ്ങളും നല്‍കിയത് സൈബര്‍ ജനാധിപത്യത്തിന്റെ കരുത്തിനെ വെളിവാക്കുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സംയുക്തമായി ഒപ്പിട്ട് സമര്‍പ്പിച്ച ഒരു നിവേദനം കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോട് ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ബി ആര്‍ പി ഭാസ്ക്കര്‍, എസ് ജയചന്ദ്രന്‍ നായര്‍, എന്‍ ആര്‍ എസ് ബാബു, ശശികുമാര്‍, സക്കറിയ, എസ് ആര്‍ ശക്തിധരന്‍, എം പി അച്യുതന്‍ എം പി, എന്‍ മാധവന്‍ കുട്ടി, സെബാസ്റ്യന്‍ പോള്‍, നീലന്‍, എന്‍ പി രാജേന്ദ്രന്‍, കെ പി മോഹനന്‍, എന്‍ പി ചെക്കുട്ടി, വെങ്കിടേഷ് രാമകൃഷ്ണന്‍, വി എം ഇബ്രാഹിം, എം ജി രാധാകൃഷ്ണന്‍, എന്‍ പത്മനാഭന്‍, സി ഗൌരിദാസന്‍ നായര്‍, കെ സി രാജഗോപാല്‍, മനോഹരന്‍ മൊറായി എന്നിവരാണ് ഈ നിവേദനത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഇത് തികച്ചും സ്വാഗതാര്‍ഹമായ നീക്കമാണ്. ഈ കേസു സംബന്ധിച്ചും മഅ്ദനിയുടെ കേസ് സംബന്ധിച്ചും കുറെക്കൂടി നീതിയുക്തവും ജനാധിപത്യപരവുമായ സമീപനം തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളിലൂടെ പ്രയോഗവത്ക്കരിക്കാനും ഇവര്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം.

സമാനമായ മറ്റൊരു സംഭവം തിരുവനന്തപുരത്ത് നടക്കുകയുണ്ടായി. നവംബര്‍ 28ന് ലെനിന്‍ ബാലവാടിയില്‍ പെഡസ്ട്രിയന്‍ പിക്ച്ചേഴ്സ് സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍, യുവ ശ്രീലങ്കന്‍ തമിഴ് സംവിധായകനായ സോമീധരന്‍ സംവിധാനം ചെയ്ത മുല്ലൈത്തീവ് സാഗ എന്ന ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. എല്ലാ പത്രങ്ങളിലെയും ഇന്നത്തെ പരിപാടിയിലടക്കം കൊടുത്തുകൊണ്ട് പരസ്യമായി നടത്തിയ ഈ പ്രദര്‍ശനത്തെ സംബന്ധിച്ച് 30-ാം തീയതിയിലെ മാതൃഭൂമി പത്രത്തില്‍ വന്ന റിപ്പോര്‍ട്, തമിഴ് ദേശീയതക്കായി പ്രചാരണം, പോലീസ് അന്വേഷണം ആരംഭിച്ചു എന്ന തലക്കെട്ടോടെയായിരുന്നു. മാതൃഭൂമി വാരിക 2009ല്‍ സോമീധരനുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അപ്പോള്‍, മാതൃഭൂമി വാരികയും തമിഴ് വംശീയതക്കു വേണ്ടിയും എല്‍ ടി ടി ഇ ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്നു എന്ന് വ്യാഖ്യാനിക്കാമല്ലോ! പെഡസ്ട്രിയന്‍ പിക്ച്ചേഴ്സ് പ്രവര്‍ത്തകര്‍ മാതൃഭൂമി പത്രാധിപര്‍ക്കെഴുതിയ തുറന്ന കത്തില്‍ അഭിപ്രായപ്പെട്ടതു പോലെ, മാതൃഭൂമിയുടെ റിപ്പോര്‍ടര്‍മാര്‍ അവരുടെ പ്രസിദ്ധീകരണങ്ങള്‍ തന്നെ വായിക്കാറില്ല എന്നും ഇതിലൂടെ മനസ്സിലാക്കാവുന്നതാണ്. 79 ഡിഗ്രിസ് 6 മണിക്കൂര്‍ എന്ന ചിത്രവും ഒരു നാടകവും മുല്ലൈത്തീവ് സാഗക്കു പുറമെ അന്ന് പ്രദര്‍ശിപ്പിച്ചിരുന്നു. ആഴത്തിലുള്ള ചര്‍ച്ചയും നടന്നിരുന്നു. ശ്രീലങ്കയിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ചര്‍ച്ചയില്‍ മുഖ്യമായും അന്വേഷണവിധേയമായത്. ചരിത്രം, ഭൂമിശാസ്ത്രം, ഭാഷ, മതം, ജാതി എന്നിങ്ങനെയുള്ള വിഷയങ്ങളും അതോടൊപ്പം, കൊല്ലുക, കൊല്ലപ്പെടുക എന്നീ അവസ്ഥകളും ചര്‍ച്ചയില്‍ പൊന്തി വന്നിരുന്നു. ഈ പ്രദര്‍ശനങ്ങളെയും യോഗത്തെയുമാണ് രഹസ്യ യോഗം എന്ന നിലക്ക് മാതൃഭൂമി റിപ്പോര്‍ട് ചെയ്തിരിക്കുന്നത്.

ജനാധിപത്യ സ്വാതന്ത്ര്യത്തിന് കേരളത്തില്‍ സംഭവിച്ചിരിക്കുന്ന അപചയത്തെയാണ് ഈ രണ്ടു സംഭവങ്ങളും സൂചിപ്പിക്കുന്നത്. പൊലീസ് ഭാഷ്യങ്ങള്‍ക്കും ഫാസിസത്തിനും കീഴ്പ്പെട്ടുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തനം ജനങ്ങളെ മുഴുവന്‍ പോലീസാക്കുക എന്ന കര്‍ത്തവ്യമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. സങ്കീര്‍ണമായ രാഷ്ട്രീയ-സാംസ്ക്കാരിക അവസ്ഥകളെ കുറ്റം/ശിക്ഷ എന്ന ദ്വന്ദ്വത്തിലേക്ക് വെട്ടിച്ചുരുക്കാനുള്ള ലളിതവത്ക്കരണ പ്രവണതകളും പൊതുബോധത്തില്‍ വ്യാപകമായത് കാണാം. ഷാഹിനക്കു വേണ്ടി വ്യക്തികള്‍ എന്ന നിലക്ക് രംഗത്തു വന്നിരിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ നിയന്ത്രണത്തിലും സ്വാധീനത്തിലുമുള്ള മാധ്യമങ്ങള്‍ക്കുള്ളിലും ജനാധിപത്യ സംസ്ക്കാരത്തിനു വേണ്ടി കൂടുതല്‍ സൂക്ഷ്മതയോടെ നിലക്കൊള്ളുമെന്ന പ്രതീക്ഷ ഏതായാലും തള്ളിക്കളയുന്നില്ല.

17 comments:

suhailkechery said...

ഷാഹിനക്കു വേണ്ടി വ്യക്തികള്‍ എന്ന നിലക്ക് രംഗത്തു വന്നിരിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ നിയന്ത്രണത്തിലും സ്വാധീനത്തിലുമുള്ള മാധ്യമങ്ങള്‍ക്കുള്ളിലും ജനാധിപത്യ സംസ്ക്കാരത്തിനു വേണ്ടി കൂടുതല്‍ സൂക്ഷ്മതയോടെ നിലക്കൊള്ളുമെന്ന പ്രതീക്ഷ തള്ളിക്കളയുന്നില്ല.

vijayakumarblathur said...

പട്ടിയെ പേപ്പാട്ടിയാക്കി തല്ലികൊല്ലുന്നതിലും എളുപ്പമാണ് ഒരാളെ തീവ്രവാദിയാക്കി തമസ്കരിക്കൽ...ഷാഹിനയുടെ കാര്യത്തിൽ മാധ്യമങ്ങൾ എന്തേ ഇത്ര മൌനം പാലിക്കുന്നു?

Kmvenu said...

കേരളത്തിലെ പ്രമുഖ പത്ര മാധ്യമങ്ങള്‍ വിചാരിക്കുന്നത്, അവര്‍ എഴുതുന്നതും പറയുന്നതും എല്ലാം ജനങ്ങള്‍ അതേപടി തൊണ്ട തൊടാതെ
വിഴുങ്ങും എന്നാണ്; പക്ഷെ, അത് വേറൊരു കാലത്ത് ആയിരുന്നു. ഇന്ന് ചെറുകിട പത്രങ്ങളും ചാനലുകളും ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നു.
അവ അടിച്ചിറക്കുന്ന കോപ്പികള്‍ കുറവാണെങ്കിലും കൂടുതല്‍ ഉത്തരവാടിത്തത്തോടെ വാര്‍ത്തകളും വിശകലനങ്ങളും പ്രസിദ്ധീകരിക്കുന്ന അത്തരം
പത്രങ്ങള്‍, 'മുത്തശ്ശി' മാര്‍ക്ക് തീര്‍ച്ചയായും 'പാര' ആയിരിക്കും! പിന്നെ ഇന്റര്‍നെറ്റ്‌..'മുത്തശ്ശിമാര്‍' സ്വയം തിരുത്തിയില്ലെങ്കില്‍ അവരെ വായനക്കാര്‍
തിരുത്തുക.

Kmvenu said...

"To articulate the past historically does not mean to recognize it 'the way it really was.' It means to seize hold of a memory as it flashes up at a moment of danger"-
Walter Benjamin

"ഭൂതകാലത്തെ ചരിത്രപരമായി ആവിഷ്ക്കരിക്കുക എന്നുവച്ചാല്‍,സംഭവങ്ങളെ അവയുണ്ടായത്പോലെ ചികഞ്ഞെടുക്കല്‍ അല്ല. ആപത്തുകളുടെ വക്കില്‍ നില്‍ക്കുന്ന ഒരു നിമിഷത്തില്‍,ഒരു മിന്നല്‍പ്പിണര്‍ പോലെ ബോധത്തില്‍ പാഞ്ഞെത്തുന്ന ഭൂതകാലത്തിന്റെ ഉള്‍ക്കാഴ്ചയെ നാം മുറുകെ പിടിക്കുന്നു."

SimhaValan said...

"തീവ്രവാദികളെ ഉണ്ടാക്കുന്നതെങ്ങനെ?"

ഉത്തരം ലളിതമാണ്..!ഇത്രയധികം വ്യഖാനങ്ങളും വളഞ്ഞു പിടിക്കലും ആവശ്യമില്ല.

"മദുദി യുടെ പുസ്തകങ്ങള്‍ വായിക്കുക ..അല്ലെങ്കില്‍ മദനിയുടെ പഴയതും അസോക് സിംഗാള്‍ ,നരേന്ദ്ര മോഡി എന്നിങ്ങനെ ഉള്ളവരുടെ പുതിയതും ആയ പ്രസംഗങ്ങള്‍ കേള്‍ക്കുക "

paarppidam said...

സിംഹവാലോ പ്ലീസ്
“അസോക് സിംഗാള്‍ ,നരേന്ദ്ര മോഡി എന്നിങ്ങനെ ഉള്ളവരുടെ പുതിയതും ആയ പ്രസംഗങ്ങള്‍ കേള്‍ക്കുക.” ഇതു ലാവിഷായി പറഞ്ഞോളൂ.
പക്ഷെ മൌദൂദി, മദനി, പിന്നെ പല പേരു കളില്‍ അറിയപ്പെടുന്ന “ഇര” സംഘടനകള്‍ ഇവരെ പറ്റി പറയത്. അതൊക്കെ സംഘപരിവാറുകാരും, മൃദു ഹിന്ദുത്വവാദികള്‍, “ഭരണകൂട ഭീകരര്‍”, അമേരിക്കന്‍ സാമ്രാജ്യത്വം, സയണിസ്റ്റുകള്‍ തുടങ്ങിയവര്‍ ചുമ്മാ പറഞ്ഞുണ്ടാക്കുന്നതാണ്. അതിര്‍ത്തിയില്‍ ഒക്കെ നുഴഞ്ഞു കയറുന്നതും ഇന്ത്യന്‍ പട്ടാളവുമായി പോരടിക്കുന്നതും ഇക്കൂട്ടര്‍ ഒക്കെ “വെറുതെ“ പറഞ്ഞുണ്ടാക്കുന്നതാണെന്നേ. ഇനി അഥവാ അവര്‍ അങ്ങീനെ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ അത് സമാധാനം സ്ഥാപിക്കുവാനാണെന്ന് കരുതി സമാധാനിക്കുക.

Sandeep.G.Varier said...

ഷാഹിന ഇത്ര പുണ്യവതിയാണെന്ന് എന്താണ് ജീ.പി ഉറപ്പ്? കെ.കെ ഷാഹിനയുടേതായി വര്‍ഗീയരസം തുളുമ്പുന്ന ലേഖനങ്ങള്‍ നെറ്റിലുണ്ട്.

തീവ്രവാദികളെ വെള്ളപൂശുന്നതിന് ഇറങ്ങിത്തിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഷാഹിനയുടെ അനുഭവം പാഠമാകട്ടെ.

ഷൈജൻ കാക്കര said...

മദനി വിഷയത്തിൽ കൂടുതൽ തെളിവുകൾ നീതി ന്യായ കോടതിയുടെ മുന്നിലും പൊതു ജനത്തിന്റെ മുന്നിലും അനുകൂലമായും പ്രതികൂലമായും വരും... വരട്ടെ, അതിനായി ഷാഹിന എന്ന മാധ്യമ പ്രവർത്തകയുടെ സ്വാതന്ത്ര്യത്തെ പരിരക്ഷിക്കണം... അതിനായി മുതിരുന്ന ഷാഹിനയെ ഭീകരവാദിയാക്കാനുള്ള ഒരു ശ്രമവും വിജയിക്കരുത്‌... അതുകൊണ്ടാണ്‌ എന്റെ പിന്തുണ ഷാഹിനക്ക്‌... ഭരണകൂടഭീകരതക്കെതിരെയുള്ള നമ്മുടെ ആയുദ്ധമാണ്‌ മാധ്യമങ്ങൾ...

തെഹൽക്കയിലെ വിവരങ്ങുടെ അടിസ്ഥാനത്തിലെങ്ങിനെയാണ്‌ കണ്ണുമടച്ച്‌ മദനിക്ക്‌ പിന്തുണ പ്രഖ്യാപിക്കുക... എങ്ങിൽ പിന്നെ മറ്റേതെങ്ങിലും ഒരു പത്രത്തിൽ അടിച്ചു വന്നത്‌ പ്രകാരം മദനിയെ കുറ്റവാളിയാക്കാനും ആളുകൾ വരുമല്ലോ...

അതുകൊണ്ട് തന്നെ മദനിക്ക്‌ തൽക്കാലം കാക്കരയുടെ പിന്തുണയില്ല...

simhavaalan... ഒരു ചിരി സമ്മാനിക്കുന്നു...

ശ്രീജിത് കൊണ്ടോട്ടി. said...

ഷാഹിനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് പറഞ്ഞ മഹാന് തെറ്റി.. പേരില്‍ ആണ് എല്ലാം ഉള്ളത്. സെകുലര്‍ ആയി ചിന്തിക്കുന്ന എല്ലാര്‍ക്കും അവരുടെ പേര് ഒരു ശാപം തന്നെ ആകും എന്ന് തീര്‍ച്ച..

വിജു.വി.നായര്‍ക്ക്‌ എതിരെ ഒരു പെറ്റികേസ് പോലും ചാര്‍ജ്‌ ചെയ്യാത്ത പോലീസ്‌ (കേസെടുക്കണം എന്നല്ല) ഷാഹിനയെ തീവ്രവാദിനി ആക്കിയത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല.? വിജു എഴുതുന്നപോലെ ഒന്നും ഷാഹിന എഴുതിയിട്ടില്ല..!

kadathanadan:കടത്തനാടൻ said...

ഭരണകൂട വ്യവസ്ഥ ജനാധിപത്യത്തിന്റെ പൊയ് മുഖം വലിച്ചെറിഞ്ഞ് ഫൂഡൽ തെമ്മാടിത്തത്തിന്റെ തനി സ്വരൂപം ഇടക്കിടേ വെളിപ്പെടുത്താറുണ്ട്.അപ്പോഴാണ് ആസാദും വർഗീസും രാജനുമൊക്കെ ഉണ്ടാവുന്നത്.അരുന്ധതിയും ഷാഗിനമാരും രൂപപ്പെടുന്നതും ഇങ്ങിനേതന്നെ..... പ്രതിഷേധത്തിൽ പങ്ക് ചേരുന്നു.....

CKLatheef said...

Tracking..

paarppidam said...

താഴെ കാണുന്ന പ്രകാരം ഒരു കമന്റ് ഞാന്‍ ആദ്യം നല്‍കിയിരുന്നു. അത് ജി.പി അറിഞ്ഞു ഡിലീറ്റ് ചെയ്തതാണെങ്കില്‍ ഇതും ഡിലീറ്റ് ചെയ്യാവുന്നതാണ്. അതല്ലെങ്കില്‍ ഇത് അവിടെ കിടക്കട്ടെ. കാരണം ആദ്യം ഇട്ട ഈ കമന്റ് ഇല്ലാത്ത പക്ഷം രണ്ടാമത്തെ കമന്റ് മാത്രമാകും ആളുകള്‍ കാണുക.

ഷാഹിന എന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് ഉണ്ടായ അനുഭവം ഖേദകരവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണ്. കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ തന്നെ അവിസ്മരണീയമായ നിരവധി റിപ്പോര്‍ടുകള്‍ ഷാഹിനയുടേതായിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിലൂടെ ചിരപരിചിതയായ ഈ മാധ്യമപ്രവര്‍ത്തകയുടെ പെട്ടെന്നുള്ള പിന്‍ വലിയല്‍ ഞാനടക്കം നിരവധി പ്രേക്ഷകരെ നിരാശപ്പേടുത്തുകയും ചെയ്തിട്ടുണ്ട്. വസ്തുതകള്‍ അന്വേഷിക്കുകയും അതു പുറത്തുകൊണ്ടുവരികയും ചെയ്യുവാന്‍ ശ്രമിക്കുന്ന ഷാഹിനയെ ഒരു തീവ്രവാദിയാക്കുവാന്‍ ഉള്ള വിലകുറഞ്ഞ ശ്രമങ്ങളെ ശക്തമായി എതിര്‍ക്കേണ്ടതുണ്ട്.

ന്യൂസ് റൂമില്‍ ഇരുന്ന് ഭാവനയില്‍ വിരിയുന്ന വാര്‍ത്തകള്‍ പുറത്തുവിട്ട് ഇന്ന് പലരും ഏറെ ശ്രദ്ധിക്കപ്പെടുകയും വാര്‍ത്തകളിലേക്ക് ജനം ആകര്‍ഷിക്കപ്പെടുമെന്ന് ചിന്തിക്കുകയും ചെയ്യുമ്പോള്‍ പൊള്ളുന്ന യാദാര്‍ഥ്യങ്ങളിലേക്ക് കടന്നു ചെന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കിയതിലൂടെ ആണ് ഷഹിന ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ചില മാധ്യമപ്രവര്‍ത്തകരുടെ ക്രെഡിബിലിറ്റി എന്താണെന്ന് നീരാറാഡിയ സംഭവത്തില്‍ വ്യക്തമാകുന്നുണ്ട്. എന്നാല്‍ സ്പെക്ട്രം അഴിമതിയുടെ ഇടനാഴികളിലൂടെ സഞ്ചരിച്ച് അത് പുറത്തുകൊണ്ടുവന്നതും മലയാളി മാധ്യമപ്ര്വര്‍ത്തകനാണെന്നതും അഭിമാനാര്‍ഹമാണ്.

ഷാഹിന മുസ്ലീമാണോ ഹിന്ദുവാണോ എന്നത് ഒരു പ്രശ്നമേ അല്ല. ഒരു മാധ്യമപ്രവര്‍ത്തക എന്ന നിലയിലാണ് അവരെ വിലയിരുത്തേണ്ടത്. അതുപോലെ മിശ്രവിവാഹിതയായതിന്റെ പേരില്‍ ഷാഹിനയ്കുണ്ടായ “അനുഭവങ്ങള്‍“ എവിടെയോ വായിച്ചിട്ടുണ്ട്. ഒരു പക്ഷെ ഇപ്പോള്‍ ചിലര്‍ “മുസ്ലീം” ആയ ഷാഹിനയെ പീഠിപ്പിക്കുന്നേ എന്നും പറഞ്ഞ് മുതലക്കണ്ണീര്‍ ഒഴുക്കാന്‍ ഇടയുണ്ട്. അതില്‍ കാര്യമില്ല.

ഷാഹിനയെ പിന്തുണയ്ക്കുന്നവര്‍ മദനിയെ പിന്തുണയ്ക്കണം എന്നത് ചിന്തിക്കുന്നത് തന്നെ യുക്തിസഹമല്ല. ഷാഹിന എന്ന മാധ്യമ പ്രവര്‍ത്തക മലയാളി സമൂഹത്തിനു നല്‍കിയത്/നല്‍കിക്കൊണ്ടിരിക്കുന്നത് വിലമതിക്കാനാവാത്ത വലിയ ഒരു സേവനമാണ്. ഐ.എസ്.എസ് സ്ഥാപിച്ച മദനി മലയാളിക്ക് നലിയ സേവനം എന്താണെന്ന് ചരിത്രത്തില്‍ ഉണ്ട്.

കള്ള പാസ്പോര്‍ടുണ്ടാക്കുന്നവനേയും, കുഴല്പണക്കാരനേയും, കള്ളക്കടത്തുകാരനേയും, തീവ്രവാദിയേയും, കല്‍മാഡിയേയും, രജയേയും, ലാവ്‌ലിനേയും ഒക്കെ പറ്റി മാധ്യമ പ്രവര്‍ത്തകര്‍ അന്വേഷിക്കുകയും റിപ്പോര്‍ട്ടുണ്ടാക്കുകയും പതിവാണ്,ചിലപോഴെല്ലാം അവര്‍ ഇത്തരം പ്രശ്നങ്ങളില്‍ പെടുകയും ചെയ്യും. എന്നുകരുതി ആ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന പിന്തുണ പ്രതികള്‍ക്കും, കുറ്റാരോപിതര്‍ക്കും കളങ്കിതര്‍ക്കും പൊതുജനം നകേണ്ടതുണ്ടോ?

CKLatheef said...
This comment has been removed by the author.
madhu said...

മദനിയുടെ പ്രവര്‍ത്തനങ്ങളേയും ഷഹിനയുടെ പ്രവര്‍ത്തനങ്ങളേയും കൂട്ടിക്കുഴക്കുന്നതില്‍ കാര്യമില്ല. ദുരൂഹതകള്‍ ഏറെ ചൂഴ്ന്ന് നില്‍ക്കുന്ന വ്യക്തിയാണ് മദനി.

ഷാഹിന നമ്മുടെ എല്ലാം ശക്തമായ പിന്തുണ അര്‍ഹിക്കുന്നു. മികച്ച ഒരു മാധ്യമ പ്രവര്‍ത്തകയാണവര്‍. മലയാള മാധ്യമങ്ങള്‍ അവര്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കിയോ എന്ന കാര്യത്തില്‍ സംശയമാണ്.

എതിരഭിപ്രായം പ്രകടിപ്പിക്കുന്ന കമന്റുകള്‍ എല്ലായ്പോളും അവിടെ ഉണ്ടാകണം എന്ന് നിര്‍ബന്ധം പിടിക്കരുത്. അത് മുറിച്ചു മാറ്റുവാന്‍ ഉള്ള സ്വാതന്ത്രം ബ്ലോഗ്ഗിന്റെ ഉടമയ്ക്കുണ്ട്. വിമര്‍ശനങ്ങളെ എപ്രകാരം കാണുന്നു എന്നത് ബ്ലോഗ്ഗുടമയുടെ മാനസീക നിലവാരം അനുസരിച്ച് വ്യത്യസ്ഥമാകും.

CKLatheef said...
This comment has been removed by the author.
CKLatheef said...

@paarppidam

ഇവിടെ ഷാഹിനയും കുറ്റാരോപിതയല്ലേ. മാധ്യമ പ്രവര്‍ത്തക എന്ന നിലയിലാണോ ഇവര്‍ പരിഗണനയര്‍ഹിക്കുന്നത്. അതോ കേള്‍ക്കുമ്പോള്‍ തന്നെ അവിശ്വസനീയമാം വിധം യുക്തിരഹിതമായ പോലീസ് ഭാഷ്യം കൊണ്ടോ. രണ്ടാമത്തേതല്ലേ ശരി. അതേ പോലീസ് തന്നെയല്ലേ മഅ്ദനിയിലും കുറ്റമാരോപിച്ചത്. ആ ആരോപണത്തിന്റെ പൊള്ളത്തരമല്ലേ ഷാഹിന പൊളിക്കാന്‍ ശ്രമിച്ചത്. ഇത്തരം ശ്രമങ്ങള്‍ക്ക് ഇനിമേല്‍ ആരും മുതിരരുത് എന്ന് പാഠമല്ലേ പോലീസ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

ഒരാളെ പോലീസ് ഒരാഴ്ച പീഡിപ്പിച്ച് കള്ള സാക്ഷിയാക്കുന്നു. ഒരു സ്ത്രീ പത്രപ്രവര്‍ത്ത ചെന്ന് ചോദിക്കുമ്പോഴേക്ക് അത്തരമൊരാള്‍ സത്യം പറഞ്ഞെന്നിരിക്കും. മനുഷ്യന്‍ പൊതുവെ തിന്മയെ വെറുക്കുന്നതിനാല്‍ ഒരു നിരപരാധി താന്‍മൂലം പീഡിപ്പിക്കപ്പെടുന്നത് സാധാരണ ഗതിയില്‍ സഹിക്കാനാവില്ല. തന്റെ ജീവന്‍ നഷ്ടപ്പെട്ടാലും താന്‍മൂലം ആരും ദ്രോഹിക്കപ്പെടരുത് എന്നുള്ള മനുഷ്യനന്മയുടെ ഫലമാണ് ഇവര്‍ സമ്മര്‍ദ്ദമൊഴിവാകുമ്പോള്‍ വാക്ക് മാറുന്നത്. പക്ഷെ ഇതിനെ പോലീസ് ചിത്രീകരിക്കുന്നത് ഭീഷണിമൂലം സാക്ഷിമൊഴിമാറ്റി എന്നാണ്.

മഅ്ദനിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത് ഐ.എസ്.എസ് ഉണ്ടാക്കിയതിന്റെ പേരിലല്ല. അന്നങ്ങനെ ഒരു അബദ്ധം ചെയ്തിട്ടുണ്ട്. വാക്കുകള്‍ അവിവേകപൂര്‍വം ഉപയോഗിച്ചിട്ടുണ്ട്. അതിന് പത്ത് വര്‍ഷത്തോളം കഠിന പീഢനവും തടങ്കലും അനുഭവിച്ചിട്ടുണ്ട്.

അദ്ദേഹം തന്റെ കാല്‍ നഷ്ടപ്പെടുത്തിയവരോട് പോലും ക്ഷമിക്കുകയും കഴിഞ്ഞ സംഭവങ്ങളില്‍ ഖേദവും മാപ്പും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ പാര്‍പ്പിടം സുഹൃത്തേ ഇന്ത്യയില്‍ ഇത്തരം കുറ്റം ചെയ്യുന്നവര്‍ക്കൊക്കെ ഇതുപോലെ അനുഭവക്കേണ്ടി വരുന്നുണ്ടോ. ക്രൂരമല്ലാത്ത പ്രകൃതം ഇതില്‍ അദ്ദേഹം തെറ്റുകാരനാണെങ്കില്‍ പോലും ഇത്തരമൊരവസ്ഥയില് സമാധാനമടയേണ്ടതാണ്. അതാണ് ഇവിടെ ചിലര്‍ അനുകൂല മനോഭാവം പ്രകടിപ്പിക്കുന്നത്.

ഷാഹിനയെ കള്ളക്കേസില്‍ പിടിക്കപ്പെട്ടപ്പോള്‍ പിന്തുണക്കാന്‍ കാണിക്കുന്ന സന്‍മനസ്സിന്റെ നൂറിലൊന്ന് മനസ്സ് ഏത് കുറ്റാരോപിതരിലും നാം കാണിക്കണം. ഒരു നിരപരാധിയും നമ്മുടെ മാനസിക പിന്തുണകാരണമായി ശിക്ഷിക്കപ്പെടാതിരിക്കാന്‍ .നമ്മുടെ മനുഷ്യത്വം നമ്മില്‍നിന്ന് അത്രയെങ്കിലും ആവശ്യപ്പെടുന്നുണ്ട്.

varnashramam said...

"അദ്ദേഹം തന്റെ കാല്‍ നഷ്ടപ്പെടുത്തിയവരോട് പോലും ക്ഷമിക്കുകയും കഴിഞ്ഞ സംഭവങ്ങളില്‍ ഖേദവും മാപ്പും പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്"

അപ്പോള്‍ അദ്ദേഹം ആരോടാണ് ക്ഷമിച്ഹത് ? പോക്കറ്റില്‍ കിടന്ന ബോംബു പൊട്ടിയതാണ് കാലു പോകാന്‍ കാരിയം !!