ഭക്ഷണവും നൃത്തവും ലൈംഗികതയും സംഗീതവും - ആര്‍ക്കാണ് പരാതി?
മൂന്നാം റീഷിന്റെ പദ്ധതികളോട് താരതമ്യം ചെയ്യാവുന്ന പദ്ധതികള്‍ തന്നെയാണ് ബുഷിന്റേതും. ഗ്വാണ്ടനാമോ അടക്കമുള്ള പീഡനപര്‍വ്വങ്ങളെ ന്യായീകരിക്കുന്ന തരം സിനിമകളെടുക്കാന്‍ പെന്റഗണ്‍ ഹോളിവുഡിനോട് ആവശ്യപ്പെടുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മൂന്നാം ലോകമഹായുദ്ധമാണ് ബുഷ് ഭരണകൂടം ലക്ഷ്യമിടുന്നത്. അവര്‍ ഫാസിസ്റുകള്‍ തന്നെയാണ്
- ഫത്തി അക്കിന്‍
ഒരു ടീഷര്‍ട്ട് ധരിച്ചതിന്റെ പേരില്‍ ജര്‍മന്‍ പോലീസിന്റെ നിരീക്ഷണത്തിന് കീഴിലായ വിവാദ ചലച്ചിത്രകാരനാണ് ഫത്തി അക്കിന്‍. ബുഷ് എന്ന പേരിലെ എസ്, നാസി സ്വസ്തിക രൂപത്തിലെഴുതിയ ടീഷര്‍ട്ടാണ് അക്കിന്‍ ധരിച്ചത്. കാഴ്ചയുടെയും ഫാഷന്റെയും രാഷ്ട്രീയ പ്രകോപനത്തെ യാഥാര്‍ത്ഥ്യവത്ക്കരിച്ച ജര്‍മന്‍-ടര്‍ക്കിഷ് സംവിധായകനായ അക്കിന്‍ പുതിയ കാലത്തെ സിനിമയുടെ പ്രതീകമായി കൊണ്ടാടപ്പെടുന്നു. ഗോവയിലെ പനാജിയില്‍ നടന്ന 41-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സാധാരണ പ്രതിനിധികള്‍ മുതല്‍ അനുരാഗ് കാശ്യപിനെപ്പോലെ, ബോളിവുഡിലെ കോടികള്‍ വാരുന്ന പുതുതലമുറ സംവിധായകരുടെ വരെ ആരാധനാപാത്രമായി മാറിക്കൊണ്ട്; അക്കിന്‍ തികഞ്ഞ ലാളിത്യത്തോടെയും ഫലിതങ്ങള്‍ നിറഞ്ഞ സംസാരത്തോടെയും മേളയെ കീഴടക്കി. മിരാമര്‍ ബീച്ചിലേക്കും ദോണ പൌളയിലേക്കും പോകുന്ന റോഡിനും മണ്ഡോവി നദിക്കും ഇടയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലായ മാരിയറ്റ് റിസോര്‍ടില്‍ ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് സംഘടിപ്പിച്ച ഫിലിം ബസാറില്‍ തിരക്കഥാരചനയെ സംബന്ധിച്ച് സംസാരിക്കാനാണ് അക്കിനെത്തിയത്. അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പുതിയ സിനിമയായ സോള്‍ കിച്ചന്(2009) ഐനോക്സ് സ്ക്രീന്‍ വണ്ണില്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചു. വെനീസില്‍ പ്രത്യേക ജൂറി പുരസ്കാരം നേടിയ ചിത്രമാണ് സോള്‍ കിച്ചന്. ബ്രിസ്ബേനിലും അഡലൈഡിലും സോള്‍ കിച്ചനായിരുന്നു ഉദ്ഘാടന ചിത്രം.
കഠിനമായ ആശയങ്ങള്‍ കൈകാര്യം ചെയ്ത ഹെഡ് ഓണ്‍, ദ എഡ്ജ് ഓഫ് ഹെവന്‍ എന്നീ ഗംഭീര സിനിമകള്‍ക്കു ശേഷം, ലളിത മാനസികാവസ്ഥയോടെ താന്‍ പൂര്‍ത്തിയാക്കിയ കോമഡിയാണ് സോള്‍ കിച്ചന് എന്നാണ് ഫത്തി അക്കിന്‍ പറയുന്നത്. ഈ കോമഡി കണ്ട് പക്ഷെ കാണികള്‍ക്ക് അധികമൊന്നും ചിരിക്കാനാവില്ല എന്നതാണ് ഏറ്റവും വലിയ തമാശ. ആത്മാവിനുള്ള ഭക്ഷണം ലഭിക്കുന്ന റെസ്റോറന്റാണ്, ആത്മാവുള്ളതെന്നോ ആത്മാവിന്റേതെന്നോ പരിഭാഷപ്പെടുത്താവുന്ന അടുക്കള (അതുമല്ലെങ്കില്‍ അടുക്കളയുടെ ആത്മാവ് എന്നുമാവാം) എന്നു പേരുള്ള സോള്‍ കിച്ചന്. റെസ്റോറന്റിന്റെ ഉടമ കൂടിയായ പാചകക്കാരന് തന്നെക്കാള്‍ മികവു കൂടിയ ഒരു പാചകക്കാരനെ നിയമിച്ച് സ്ഥിരം തീറ്റക്കാരെ വിഭ്രമിപ്പിക്കുന്നതാണ് ഒരര്‍ത്ഥത്തില്‍ ഈ സിനിമയുടെ കഥ എന്നു തോന്നാം. അഞ്ചേ അഞ്ചു ദിവസം കൊണ്ടാണ് താന്‍ ഇതിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്; പക്ഷെ അത് അഞ്ചു വര്‍ഷം മുമ്പായിരുന്നു എന്നാണ് അക്കിന്‍ പറഞ്ഞത്.
ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ ലക്ഷക്കണക്കിന് തുര്‍ക്കി വംശജരെയാണ് ഫത്തി അക്കിന്‍ പ്രതിനിധീകരിക്കുന്നത്. സാംസ്ക്കാരിക-മത-വംശീയ-രാഷ്ട്രീയ-ലൈംഗിക-സദാചാര മേഖലകളില്‍ ജര്‍മന്‍/തുര്‍ക്കിക്കാര്‍ അഭിമുഖീകരിക്കുന്ന ആശയക്കുഴപ്പങ്ങളും പ്രായോഗികപ്രശ്നങ്ങളും നിത്യ സംഘര്‍ഷങ്ങളുമാണ് അക്കിനെ പ്രകോപിപ്പിക്കുന്ന മുഖ്യ ഇതിവൃത്തം. സ്നേഹം, മരണം, പൈശാചികത എന്നീ മൂന്നു വിഷയങ്ങളെ അധികരിച്ചുള്ള ത്രയമാണ് അക്കിന്‍ വിഭാവനം ചെയ്തിട്ടുള്ളത്. വൈകാരികവും ആന്തരിക ചൈതന്യം കൊണ്ട് തേജോമയവുമായ ഹെഡ് ഓണ്‍, മെക്സിക്കന്‍ ചലച്ചിത്രകാരനായ അലെജാന്ദ്രോ ഗൊണ്‍സാലെസ് ഇനാറിത്തുവിന്റെ സങ്കീര്‍ണ ശൈലിയെ അതിശയിക്കുന്ന തരത്തിലെടുത്തതും അഭയാര്‍ത്ഥിപ്രശ്നത്തെ ഇതിവൃത്തമാക്കുന്നതുമായ എഡ്ജ് ഓഫ് ഹെവന്‍ എന്നീ സിനിമകള്‍ക്കു ശേഷമുള്ള മൂന്നാമത്തെ ചിത്രമായ ദ ഡെവിള്‍ തുടങ്ങുന്നതിനു മുമ്പുള്ള ഇടവേളയിലാണ് തമാശക്കു വേണ്ടി സോള്‍ കിച്ചന് പൂര്‍ത്തീകരിച്ചതെന്നും അക്കിന്‍ പ്രദര്‍ശനത്തിനു തൊട്ടുമുമ്പുള്ള അവതരണത്തില്‍ പറയുകയുണ്ടായി.
ജര്‍മനിയിലെ രണ്ടാമത്തേതും യൂറോപ്യന്‍ യൂണിയനിലെ ഏഴാമത്തേതുമായ നഗരമായ ഹാംബര്‍ഗിലെ ബോഹീമിയന്‍ ഉപ സംസ്ക്കാരത്തിന്റെ രീതികളും വേരുകളുമാണ്, കാതടപ്പിക്കുന്നതും അവിശ്വസനീയവുമായ സംഗീത ശബ്ദ ബഹളങ്ങളുടെ പശ്ചാത്തലത്തിലൊരുക്കിയ ചടുല ദൃശ്യ സമന്വയങ്ങളോടെ അക്കിന്‍ അന്വേഷിക്കുന്നത്. കൌമാരകാലത്തും യൌവനത്തിന്റെ ആരംഭത്തിലും താന്‍ ജീവിച്ച അടി പൊളി ജീവിതത്തിനോടുള്ള പ്രേമലേഖനമാണ് ഈ ചിത്രമെന്നും അക്കിന്‍ വിശേഷിപ്പിക്കുന്നു. ഇതില്‍ കാണിക്കുന്നതു പോലുള്ള ഒരു റെസ്റോറണ്ടിലെ സ്ഥിരക്കാരനായിരുന്നു അക്കിന്‍. അഥവാ, ഹാംബര്‍ഗ് നഗരത്തിലെ വില്ലെംസ്ബര്‍ഗ് ഭാഗത്തുള്ള ആ റെസ്റോറണ്ടു തന്നെയല്ലേ സിനിമയിലും ചിത്രീകരിച്ചിരിക്കുന്നത്? സോള്‍ കിച്ചന് ഒരേ സമയം ഒരു റെസ്റോറണ്ടും ഒരു മാനസികാവസ്ഥയുമാണ്. കസാന്ത്സാക്കീസ്, സോക്രട്ടീസ് എന്നിങ്ങനെയുള്ള ഞെട്ടിപ്പിക്കുന്ന പേരുകളാണ് കഥാപാത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഗ്രീക്ക് വംശജനും അഭയാര്‍ത്ഥിയുമായ സിനോസ് കസാന്ത്സാക്കീസ് ആണ് സോള്‍ കിച്ചന്റെ നടത്തിപ്പുകാരന്. ഏതോ പാണ്ടികശാല പോലെ തോന്നിപ്പിക്കുന്ന ഈ ഭക്ഷണശാലയില്‍ ബീറിന്റെയും സോസേജിന്റെയും ചൈനീസ് സ്വാദുവര്‍ദ്ധിനികളുടെയും മാത്രമല്ല; ഗ്രീസിന്റെയും വിയര്‍പ്പിന്റെയും ചോരയുടെയും ഗന്ധങ്ങളും നിറഞ്ഞതായി അനുഭവപ്പെടും. അവിടെ മധുരവും ചവര്‍പ്പും എരിവും കയ്പ്പും മാത്രമല്ല, രസങ്ങളായുള്ളത്; വേദനയും പ്രതികാരവും രതിയും നിയമലംഘനവും വംശവെറിയും എല്ലാം അവിടത്തെ രസങ്ങളാണ്. ജര്‍മനിയിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ തുര്‍ക്കിത്തലമുറക്കാരുടെ വികാരവിചാരങ്ങളാണ് ആത്മപരിഹാസങ്ങളെന്നോണം സിനിമയിലെ കോമഡിയെ നിര്‍മ്മിച്ചെടുക്കുന്നത്. കോമഡി എന്നത് വംശവെറിയും വൈരാഗ്യവും ആണെന്ന പരമമായ യാഥാര്‍ത്ഥ്യത്തെയാണ് അക്കിന്‍ നിസ്സാരമായ അവതരണരീതിയിലൂടെ വെളിപ്പെടുത്തുന്നത്.
ആരോഗ്യ പരിപാലനക്കാരുടെ നിര്‍ദേശങ്ങള്‍ക്ക് കടകവിരുദ്ധമായ ഭക്ഷണ ശൈലികളാണ് സോള്‍ കിച്ചനിലുണ്ടായിരുന്നത്. പരിസ്ഥിതിസംരക്ഷണവും സന്തുലിതാഹാര രീതിയും സവര്‍ണ-വരേണ്യ പശ്ചാത്തലത്തില്‍ മാത്രമേ യാഥാര്‍ത്ഥ്യവത്ക്കരിക്കാനാകൂ എന്ന് ലോകമെമ്പാടും തെളിയുന്നതായി സിനിമ സധൈര്യം തെളിയിക്കുന്നു. കക്കൂസിലുപയോഗിക്കുന്ന തരം ബക്കറ്റില്‍ നിന്നാണ് ബീറും വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങളും ഉരുളക്കിഴങ്ങു സലാഡും വിളമ്പുന്നത്. സന്തോഷമാകട്ടെ അധികം നീണ്ടു നില്ക്കുന്നുമില്ല. നികുതി കുടിശ്ശികയുടെ പേരില്‍ സിനോസ് പീഡിപ്പിക്കപ്പെടുന്നു; അവന്റെ കാമുകി നദീന്‍ അവനെ വിട്ട് ചൈനയിലേക്ക് പോകുന്നു; ചൂടനും തല്ലിപ്പൊളിയുമായ സഹോദരന് ഇല്ല്യാസ് പരോളിലിറങ്ങിയതിനെ തുടര്‍ന്ന് അവിടെ അഭയം തേടുന്നു; പ്രതിഭാശാലിയെങ്കിലും അക്രമോത്സുകനായി തോന്നിപ്പിക്കുന്ന പുതിയ പാചകക്കാരന് അമേരിക്കന്‍ പാട്ടഭക്ഷണ(ജങ്ക്ഫുഡ്)ത്തിനു പകരം പരമ്പരാഗത ഭക്ഷണം നല്കി ഉപഭോക്താക്കളെ അകറ്റുന്നു; സിനോസിന്റെ നട്ടെല്ലിന്റെ ഡിസ്ക് ഇളകുന്നു; എല്ലാം പോരാഞ്ഞ് ആര്യവംശജനായ ഒരു റിയല്‍ എസ്റേറ്റ് മാഫിയക്കാരന് റെസ്റോറണ്ടിന്റെ ടൈറ്റില്‍ തട്ടിയെടുക്കാനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ കൂട്ടു പിടിച്ച് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു. പരസ്പര ബന്ധമില്ലാത്തതെന്നു തോന്നിപ്പിക്കുന്നതും അതേ സമയം അങ്ങേയറ്റം രാഷ്ട്രീയവുമായ കുഴപ്പങ്ങളാണ് ഇതിവൃത്തത്തെ ചുറ്റിവരിയുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യപ്പെടും. ആരും യാഥാര്‍ത്ഥ്യബോധത്തോടെ ചലിക്കുന്നവരല്ല; എല്ലാവരും കാരിക്കേച്ചറുകള്‍ എന്നിങ്ങനെ ദാര്‍ശനികലോകത്തെ കീഴ്മേല്‍ മറിച്ചിടുകയാണ് അക്കിന്‍.
നിലനില്‍ക്കുന്ന എല്ലാ മുന്‍വിധികളെയും നിരാകരിച്ചു കൊണ്ട്, പ്രണയം, സൌഹൃദം, വിശ്വാസം എന്നീ ഘടകങ്ങളെ കൂട്ടി യോജിപ്പിക്കുകയാണ് അക്കിന്‍ ചെയ്യുന്നത്. ചലച്ചിത്രപാചകത്തിലെ നൂതനത്വമുള്ളതും ഭ്രാന്തു പിടിച്ചതുമായ പരീക്ഷണക്കാരനായി ഫത്തി അക്കിന്‍ മാറുന്നത് ഈ അടിസ്ഥാന തീരുമാനം കൊണ്ടാണ്. ചൈതന്യവും ശക്തിയും ആകര്‍ഷണീയതയും സൌന്ദര്യവും നിറഞ്ഞു നില്ക്കുന്ന തന്റെ ശരീരവും ശരീരഭാഷയും പോലെ ത്തന്നെയാണ് അക്കിന്റെ സിനിമകളും. അധികം വേവിച്ച ഭക്ഷണം പോലെ അതിഭാവുകത്വം നിറഞ്ഞ സോള്‍ കിച്ചന് പക്ഷെ കാണിയില്‍ അപ്രീതി ജനിപ്പിക്കുന്നില്ല; കാരണം, മാനവികതയും കാരുണ്യവുമാണ് സംവിധായകന്റെ ദിശാബോധത്തെ നിര്‍ണയിക്കുന്നത് എന്നത് തിരിച്ചറിയപ്പെടുന്നുണ്ടെന്നതു തന്നെ. ഐസ്ലി സഹോദരങ്ങള്‍, കൂള്‍ & ദ ഗാംഗ്, കര്‍ട്ടിസ് മേയ്ഫീല്‍ഡ്, തുടങ്ങി ബ്ളൂസും റെഗ്ഗെയും റോക്കും ഇലക്ട്രോണിക്സ് സംഗീതവും എല്ലാം കൂടിക്കുഴയുന്ന ചിത്രത്തിന്റെ ശബ്ദപഥം വിസ്മയകരമായ അനുഭൂതിയാണ് സൃഷ്ടിച്ചെടുക്കുന്നത്. കഥയും ഇതിവൃത്തവും എന്തുമാകട്ടെ, അതീവം ഹൃദ്യവും മത്തു പിടിപ്പിക്കുന്നതുമായ ഒരു ഡാന്‍സ് പാര്‍ടിയില്‍ പെട്ടു പോയതു പോലെ നിങ്ങള്‍ക്ക് സിനിമയില്‍ രസിച്ചിരിക്കുകയേ നിവൃത്തിയുള്ളൂ. കോമഡി കൊണ്ട് കദനകഥകള്‍ ആവിഷ്ക്കരിച്ച ചാര്‍ളി ചാപ്ളിന്റെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പിന്‍ഗാമി തന്നെയാണ് ഫത്തി അക്കിന്‍ എന്ന് സോള്‍ കിച്ചന് തെളിയിക്കുന്നു.
വെള്ളത്തിനു മുകളിലൂടെ നടക്കാനുള്ള തരം വിഫലശ്രമങ്ങളാണ് മുഖ്യ കഥാപാത്രമായ സിനോസ് നടത്തുന്നത്. ഇതു പക്ഷെ ജര്‍മനിയില്‍ അധിവസിക്കുന്ന അനവധി ഇതര വംശജരുടെ നിത്യയാഥാര്‍ത്ഥ്യമാണു താനും. പല സംസ്ക്കാരങ്ങള്‍ കൂടിക്കലരുന്ന ആധുനിക യാഥാര്‍ത്ഥ്യത്തെ ആഘോഷിക്കുന്നതിലൂടെ, സവര്‍ണ വംശീയത ഉയര്‍ത്തിപ്പിടിക്കുന്ന നവനാസിസത്തെ ചെറുക്കുകയാണ് അക്കിന്‍ ചെയ്യുന്നത്. ജര്‍മന്‍കാരല്ലാത്തവര്‍ക്ക് ജര്‍മനിയിലെ ജീവിതം എന്നത് ഏറ്റവും വിഷമകരമായ ഒരു പോരാട്ടമാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിനെ ആവിഷ്ക്കരിക്കാന്‍ രൂപപ്പെട്ട നവ സിനിമാ ഭാവുകത്വത്തിന്റെ മൌനങ്ങളും വ്യസനങ്ങളും ഏകമാനമായ അസ്തിത്വ വ്യഥകളുമല്ല, അഭയാര്‍ത്ഥിത്വവും പ്രവാസവും ദാരിദ്യ്രവും വംശവെറിയും നേരിടുന്നവരുടെ ഭാവങ്ങളെന്ന് വ്യക്തമായി തെളിയിക്കുകയാണ് അക്കിന്‍ ചെയ്യുന്നത്. പ്രതി-യൂറോപ്യന്‍ സിനിമ എന്നു വിളിക്കാവുന്ന തരത്തിലുള്ള ത്രിമാനവും ബഹുമുഖവുമായ ചലനങ്ങളിലൂടെ ശബ്ദ-വര്‍ണ ബഹളങ്ങള്‍ സൃഷ്ടിക്കുന്ന അക്കിന്‍ കിഴക്കു നിന്നുള്ള മൌലികവാദാഹ്വാനങ്ങളെയും നിരാകരിക്കുന്നു. ഈ സിനിമയിലെ കഥാപാത്രങ്ങളിലൂടെ പ്രത്യക്ഷവത്ക്കരിക്കുന്ന യൂറോപ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അവരുടെ ചുറ്റുപാടുകളുമായി അഗാധമായ ബന്ധമാണുള്ളത്; പക്ഷെ ഒരിക്കലും അവര്‍ക്കതില്‍ മുഴുവനര്‍ത്ഥത്തില്‍ ആശ്രയം ലഭ്യമാവുന്നുമില്ല. ആ ആശ്രയരാഹിത്യമാണ് അവരെ പരസ്പരം സംശയിപ്പിക്കുന്നതിലേക്കും അകറ്റുന്നതിലേക്കും നയിക്കുന്നത്. ദുരന്തത്തിന്റെ ശരീരത്തെ പൊതിയുന്ന ഉടുപ്പാണ് ഫത്തി അക്കിന്റെ തമാശകള്‍ എന്നതിനാലാണ് അത് ചിരിയന്ത്രമായി ഒടുങ്ങിപ്പോകാത്തത്. എല്ലാ തരത്തിലുമുള്ള സ്നേഹങ്ങള്‍ കൊണ്ടാണ് സോള്‍ കിച്ചന് ഊഷ്മളമാകുന്നത്. കഥാപാത്രങ്ങള്‍ക്ക് റെസ്റോറണ്ടിനോടുള്ള സ്നേഹം; അക്കിനും സഹപ്രവര്‍ത്തകര്‍ക്കും കഥാപാത്രങ്ങളോടുള്ള സ്നേഹം; ആത്മാവിന് ശരീരത്തോടും തിരിച്ചുമുള്ള സ്നേഹം എന്നിങ്ങനെ പല തരത്തിലുള്ളതും വിചിത്രവുമായ സ്നേഹങ്ങള്‍ സോള്‍ കിച്ചനില്‍ നിന്ന് കണ്ടെടുക്കാനാകും. കൃത്യതയോടെ തുന്നിച്ചേര്‍ത്ത ഒരു പ്രഹസനമാണ് സോള്‍ കിച്ചന്. എത്ര മാത്രം വിസ്മയകരവും വിചിത്രവുമായ സ്വഭാവവിശേഷങ്ങളുള്ളവരാണ് മനുഷ്യരൊക്കെയും എന്ന യാഥാര്‍ത്ഥ്യമാണ് അക്കിനെ ഉത്സാഹഭരിതനാക്കുന്നത്. ഈ ഉത്സാഹമാണ് ദുരന്തങ്ങളുടെ പെരുമഴക്കിടയില്‍ നിന്നും മാനവികതയുടെ ആത്യന്തികമായ മൂല്യത്തെക്കുറിച്ച് വിഭാവനം ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.
3 comments:
മാധ്യമം ആഴ്ചപ്പതിപ്പില്‍ "ആത്മാവിനുള്ള ഭക്ഷണം" വായിച്ചിരുന്നു..
നന്നായിരിക്കുന്നു ജി.പി. ഈ പോസ്റ്റ്. പലകാരണങ്ങളാല്‍ ഫിലിം ഫെസ്റ്റിവെലുകള്‍ ആസ്വദിക്കുവാന്‍ കഴിയാത്തവര്‍ക്ക് ചുരുങ്ങിയ പക്ഷം ഇത്തരം ലേഖനങ്ങളിലൂടെ നല്ല സിനിമകളേയും അതിനു പുറകിലെ പ്രവര്‍ത്തകരേയും അതിന്റെ പശ്ചാത്തലത്തേയും പറ്റി അറിയുവാന്‍ സാധിക്കുന്നു. സിനിമ കണ്ടില്ലെങ്കിലും ഈ സിനിമയിലൂടെ ഫത്തി അക്കിന്‍ പറയുന്നതെന്തെന്ന് താങ്കളുടെ ലേഖനത്തിലൂടെ വളരെ വ്യക്തം. ഇനിയും സിനിമാ സംബന്ധിയായ മികച്ച ലേഖനങ്ങള്‍ വരട്ടെ....
തിരുവനന്തപുരം ഫെസ്റ്റിവെലിന്റെ വിശേഷങ്ങള്‍ ഉടനെ പ്രതീക്ഷിക്കുന്നു.
താങ്കളുടെ ലേഖനം വായിച്ച ശേഷം ചിത്രം കണ്ടേ മതിയാവൂ എന്നു തോന്നി.. തപ്പിപ്പിടിച്ചു കണ്ടു.. നന്നായിരിക്കുന്നു ലേഖനവും സിനിമയും...
Post a Comment