Monday, January 10, 2011

ഇറാനിയന്‍ ഭരണകൂടം ഈ പച്ച ഭൂതത്തെ പേടിക്കുന്നതെന്തിന്?

ഞെട്ടിക്കുന്ന ഭീകരവാര്‍ത്തകളാണ് ഇറാനില്‍ നിന്ന് പുറത്തു വരുന്നത്. വിഖ്യാത ചലച്ചിത്രകാരനായ ജാഫര്‍ പനാഹിയെ ആറു വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ജയിലിലടക്കുകയും അദ്ദേഹത്തിന് ഇരുപതു വര്‍ഷത്തേക്ക് സിനിമയെടുക്കാന്‍ പാടില്ല എന്ന് ഉത്തരവിടുകയും ചെയ്തിരിക്കുകയാണ് ഇറാനിയന്‍ ഭരണകൂടം. ഒരു സമൂഹജീവി എന്ന നിലക്കുള്ള അദ്ദേഹത്തിന്റെ എല്ലാ അവകാശങ്ങളും എടുത്തുകളഞ്ഞിരിക്കുന്നു. സിനിമയെടുക്കുന്നതിനു മാത്രമല്ല; തിരക്കഥകളെഴുതുക, അഭിമുഖങ്ങള്‍ നല്‍കുക, വിദേശയാത്രകള്‍ ചെയ്യുക എന്നീ കാര്യങ്ങള്‍ക്കൊന്നും അദ്ദേഹത്തിന് അവകാശമില്ല. ഭരണകൂടത്തിനെതിരായ പ്രചാരണങ്ങള്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം. ഇറാനിയന്‍ ഭരണ/മത നേതൃത്വത്തിന് കലയോട് അസഹിഷ്ണുതാപൂര്‍ണമായ സമീപനമാണുള്ളത് എന്ന ഖൊമേനിക്കാലത്തെ പഴയ ആരോപണത്തെ വീണ്ടും ശരി വെക്കുന്ന തരത്തിലുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് ഈ കുടില സംഭവം തെളിയിക്കുന്നു. ലോക പ്രശസ്തി നേടിയെടുത്ത ഇറാനിയന്‍ സിനിമയുടെ ദുരന്തവും ഒരു പക്ഷെ അവസാനവും കുറിച്ചേക്കാവുന്ന ഒരു ഭരണകൂട ഭീകരപ്രവൃത്തിയായിട്ടാണ് സ്വതന്ത്ര-ജനാധിപത്യ ലോകം ഈ സംഭവത്തെ കണക്കാക്കുന്നത്.

മഹത്തായ ചരിത്രമുള്ളതും വിപുലമായ പ്രേക്ഷക ശൃംഖലയെ ഇന്നും നിലനിര്‍ത്തിപ്പോരുന്നതുമായ അഭിവൃദ്ധിയുള്ള ഒരു സിനിമയാണ് ഇറാനിയന്‍ സിനിമ അഥവാ പേര്‍സ്യന്‍ സിനിമ. സ്വയം പര്യാപ്തമായ രീതിയില്‍ സ്വന്തം രാജ്യത്തും അയല്‍ രാജ്യങ്ങളിലുമായി വാണിജ്യ വിജയങ്ങള്‍ നേടുന്നവയ്ക്കു പുറമെ ലോകവ്യാപകമായി മേളകളിലൂടെ അവാര്‍ഡുകളും പ്രശംസകളും ഏറ്റു വാങ്ങുന്ന സൌന്ദര്യാത്മക സൃഷ്ടികള്‍ വരെ അനവധി സിനിമകള്‍ വര്‍ഷം തോറും ഇറാനില്‍ നിന്ന് പുറത്തിറങ്ങിക്കൊണ്ടേ ഇരിക്കുന്നുണ്ട്. ലോകത്തെമ്പാടും ഇറാനിയന്‍ സിനിമകള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇറാനിയന്‍ ചലച്ചിത്ര മേളകള്‍ തന്നെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. 1990 കളോടെ ചൈനയെപ്പോലെ ചലച്ചിത്രക്കയറ്റുമതിയുടെ കാര്യത്തില്‍ ഇറാനും ശ്രദ്ധേയമായ പുരോഗതി നേടിക്കഴിഞ്ഞു. ചില നിരൂപകര്‍ ലോകത്തുള്ളതില്‍ വെച്ചേറ്റവും മികച്ച ദേശീയ സവിശേഷതകള്‍ നിലനിര്‍ത്തുന്ന കലാവ്യവസ്ഥകളിലൊന്നായി ഇറാനിയന്‍ സിനിമയെ പരിഗണിക്കുന്നുമുണ്ട്. മുന്‍ ദശകങ്ങളില്‍ സജീവമായിരുന്ന ഇറ്റാലിയന്‍ നിയോ റിയലിസം പോലെ സ്വന്തം സംസ്ക്കാരത്തെയും ഇതര സംസ്ക്കാരങ്ങളെയും ആഴത്തില്‍ സ്വാധീനിക്കാവുന്ന ഒരു ദിശാബോധം തന്നെ ഇറാനിയന്‍ സിനിമ രൂപീകരിച്ചതായിട്ടാണ് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. വിഖ്യാത ജര്‍മന്‍ ചലച്ചിത്രകാരനായ വെര്‍ണര്‍ ഹെര്‍സോഗിനെപ്പോലുള്ളവര്‍ ലോകത്തെ ഏറ്റവും പ്രധാനമായ കലാസിനിമകളിലൊന്നായിട്ടാണ് ഇറാനിയന്‍ സിനിമയെ വിശേഷിപ്പിക്കുന്നത്. ഷാക്കെതിരെ 1979ല്‍ നടന്ന വിപ്ളവത്തോടെ പരിപൂര്‍ണമായി പരിവര്‍ത്തിതമായ ഇറാനിയന്‍ സാംസ്ക്കാരിക-രാഷ്ട്രീയ അവസ്ഥയുടെ സങ്കുലതകളും വൈവിധ്യങ്ങളും പ്രതിഫലിപ്പിക്കുന്ന ആധുനിക ഇറാനിയന്‍ സിനിമ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. സിനിമയുടെ ലോക ചരിത്രത്തില്‍ എക്കാലവും സ്ഥാനം പിടിക്കാവുന്ന നിരവധി സിനിമകളും മാസ്റര്‍മാരും ഇറാനില്‍ നിന്ന് ഇതിനെ തുടര്‍ന്ന് പുറത്തുവരുകയുണ്ടായി. വ്യത്യസ്തമായ ശൈലികള്‍, ഇതിവൃത്തങ്ങള്‍, സംവിധായകര്‍, ദേശ രാഷ്ട്ര സങ്കല്‍പത്തെക്കുറിച്ചുള്ള ആശയം, സാംസ്ക്കാരികമായി സവിശേഷമായ സന്ദര്‍ഭത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നിവയിലൂടെയാണ് ഇറാനിയന്‍ സിനിമ ആരാലും ശ്രദ്ധിക്കപ്പെടുന്നത്.

1960കളിലാണ് ഇറാനിയന്‍ നവതരംഗ സിനിമകളുടെ കാലം ആരംഭിക്കുന്നത്. രാഷ്ട്രീയവും തത്വശാസ്ത്രപരവുമായ അര്‍ത്ഥ തലങ്ങളുണ്ടായിരിക്കെ തന്നെ കാവ്യാത്മകമായ ഒരു ആഖ്യാന രീതി ഈ ചിത്രങ്ങളില്‍ കാണാം. ഇവയുടെ ശക്തമായ സ്വാധീനത്തെ തുടര്‍ന്ന് പുതിയ ഇറാനിയന്‍ സിനിമ എന്ന സംജ്ഞയും പ്രയോഗത്തില്‍ വന്നു. അബ്ബാസ് ഖൈരസ്തമി, ജാഫര്‍ പനാഹി, മാജിദ് മജീദി, ബഹ്റാം ബെയസായ്, ദറിയൂസ് മെഹ്റൂജി, മൊഹ്സെന്‍ മഖ്മല്‍ബഫ്, ഖോസ്റോ സിനായ്, സൊഹ്റാബ് ഷാഹിസ് സാലെസ്സ്, പര്‍വീസ് കിമിയാവി, അമീര്‍ നദേരി, അബോല്‍ ഫാസി ജലീലി എന്നീ പേരുകള്‍ ഇറാനിയന്‍ നവതരംഗസിനിമകളിലൂടെ ലോകപ്രശസ്തമായിത്തീര്‍ന്നു. ആ കാലഘട്ടത്തിലെ ബുദ്ധിജീവി മണ്ഡലത്തിലും രാഷ്ട്രീയ മണ്ഡലത്തിലുമുണ്ടായ രാസപരിണാമങ്ങളെ തുടര്‍ന്നാണ് ചൈതന്യവത്തായ ഒരു ചലച്ചിത്രാഖ്യാന രീതി ഇറാന്‍ സ്വായത്തമാക്കിയത്. പുതിയ ഇറാനിയന്‍ സിനിമയെ ഉത്തരാധുനിക കലയുടെ ഉദാഹരണങ്ങളായി കണക്കു കൂട്ടുന്ന നിരൂപകരുമുണ്ട്. ഇറ്റാലിയന്‍ നിയോ റിയലിസത്തോട് ഒരു ചാര്‍ച്ച ഇറാനിയന്‍ സിനിമക്കുണ്ടെന്ന നിരീക്ഷണം പ്രബലമാണെങ്കിലും ഇറാനിയന്‍ സിനിമയുടെ സ്വത്വം പ്രത്യേകം രൂപീകൃതമായിട്ടുണ്ടെന്നാണ് വിദഗ്ദ്ധമതം.

നവതരംഗ സിനിമകള്‍ മാറ്റിയെഴുതിയ ചലച്ചിത്ര ഭാഷയെക്കുറിച്ച് റിയല്‍ ഫിക്ഷന്‍സ് എന്ന ലേഖനത്തില്‍ റോസ് ഈസ ഇപ്രകാരമെഴുതി. ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുള്ളതും കഥാസിനിമയും ഡോക്കുമെന്ററിയും തമ്മിലുള്ളതുമായ അതിര്‍വരമ്പുകള്‍ മായ്ച്ചുകളഞ്ഞുകൊണ്ട് സാധാരണ മനുഷ്യരിലും ദൈനം ദിന ജീവിതത്തിലും കാവ്യാത്മക കാല്‍പനികത കണ്ടെത്താന്‍ കഴിഞ്ഞു എന്നതാണ് ഇറാനിയന്‍ സിനിമയുടെ വിജയം.
ചലച്ചിത്രകാരന്മാരുടെ വൈയക്തികവും ദേശീയവുമായ സ്വത്വബോധത്തില്‍ നിന്ന് ഉയിര്‍ക്കൊണ്ട ഈ പുതിയ മാനവികവും സൌന്ദര്യാത്മകവുമായ ചലച്ചിത്ര ഭാഷ ആഗോളീയതയുടെ ശാക്തേയതയെ മറികടന്നുകൊണ്ട് സ്വന്തം രാജ്യത്തു മാത്രമല്ല, ലോകവ്യാപകമായ പ്രേക്ഷക സമൂഹത്തിനോട് സര്‍ഗാത്മകമായി സംവദിക്കാന്‍ പ്രാപ്തി നേടിയിരിക്കുന്നു.
ക്ളോസപ്പ് - ഇറാനിയന്‍ സിനിമ, പാസ്റ്റ്, പ്രസന്റ്, ഫ്യൂച്ചര്‍ എന്ന ഗ്രന്ഥത്തില്‍ കൊളമ്പിയ സര്‍വകലാശാലയിലെ ഇറാനിയന്‍ പഠനങ്ങള്‍ക്കുള്ള വിഭാഗത്തിലെ പ്രൊഫസറായ ഹമീദ് ദബാഷി പറയുന്നത് ആധുനിക ഇറാനിയന്‍ സിനിമയും ദേശീയ സിനിമ എന്ന പ്രതിഭാസവും സാംസ്ക്കാരിക ആധുനികതയുടെ രൂപമായി വിശദീകരിക്കപ്പെടേണ്ടതുണ്ടെന്നാണ്. അനാദിയായ മനുഷ്യനെക്കുറിച്ചുള്ള ഖുര്‍ ആന്‍ വ്യാഖ്യാനത്തിനു പകരം ചരിത്രപരമായ സ്ഥലകാലനിബന്ധനകളില്‍ കൃത്യമായി സ്ഥാനപ്പെടുത്താവുന്ന തരം ആധുനിക മനുഷ്യനെ ദൃശ്യവത്ക്കരിക്കുന്നു എന്ന ഒറ്റ കാര്യം തന്നെ ആധുനികതയോട് ഇറാനിയന്‍ സമൂഹത്തെ ബന്ധിപ്പിക്കുന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറയുന്നു.

ഇറാനില്‍ സിനിമക്ക് ഇത്തരത്തില്‍ ആകര്‍ഷണീയമായ ഒട്ടനവധി അവസ്ഥകളുണ്ടെങ്കിലും വിപ്ളവത്തിനു മുമ്പും പിമ്പുമായി പല തരത്തില്‍ സജീവമായ സെന്‍സര്‍ഷിപ്പ് കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പിച്ച് ചലച്ചിത്രകാര•ാരുടെ സ്വാതന്ത്ര്യത്തെ പ്രശ്നഭരിതമാക്കി. അതോടൊപ്പം, ഇറാനിയന്‍ സിനിമകളോട് ചില രാജ്യങ്ങളിലുള്ള വിദ്വേഷവും പഠനവിധേയമാക്കേണ്ടതുണ്ട്. പല ഇറാനിയന്‍ സിനിമകളും രാജ്യത്തിനകത്ത് പ്രദര്‍ശനം നിരോധിക്കപ്പെട്ടവയാണ്. ഇസ്ളാമിക വിപ്ളവത്തിനു ശേഷം സെന്‍സര്‍ഷിപ്പ് കൂടുതല്‍ ശക്തമായി. ജാഫര്‍ പനാഹിയുടെ എല്ലാ ചിത്രങ്ങളും രാജ്യത്തിനകത്ത് നിരോധിക്കപ്പെട്ടവയാണ്. വനിതകള്‍ ഫുട്ബാള്‍ കാണാന്‍ നടത്തുന്ന ശ്രമത്തെക്കുറിച്ചുള്ള ഓഫ്സൈഡ് (2006) എന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്.

എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും ഇറാനിയന്‍ സിനിമ പൊതുജനസംസ്ക്കാരത്തില്‍ സൃഷ്ടിച്ച സ്വാധീനത്തിനു സമാനമായ ഒന്ന് അമ്പതുകള്‍ മുതല്‍ എഴുപതുകള്‍ വരെ ഇറാനിയന്‍ കവിത സൃഷ്ടിച്ച സ്വാധീനം മാത്രമേ ഉള്ളൂ എന്നാണ് ഹമീദ് ദബാഷി പറയുന്നത്. എന്നാല്‍ കവിതയേക്കാളേറെ, രാജ്യത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ഇറാനിയന്‍ വംശജരെ ഒരേ സമയം അഭിസംബോധന ചെയ്തു എന്നതും അവരാല്‍ ആ ചിത്രങ്ങള്‍ സാമാന്യേന സ്വീകരിക്കപ്പെട്ടും എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അതുപോലെ തന്നെ പേര്‍സ്യന്‍ ഭാഷയോടുള്ള അപരിചിതത്വം കൊണ്ട് ലോകമെമ്പാടും വായിക്കപ്പെടാതിരുന്ന കവിതയില്‍ നിന്ന് വ്യത്യസ്തമായി ഇറാനിയന്‍ സിനിമ ലോകപ്രേക്ഷകസമൂഹം ആദരവോടെയും ആരാധനയോടെയും ഏറ്റുവാങ്ങി എന്നുള്ളതും എടുത്തു പറയേണ്ടതാണ്. സത്തയില്‍ വാചികമായ സാംസ്കാരിക അടിത്തറയുള്ള ഒരു സമൂഹം ദൃശ്യ സംസ്ക്കാരത്തിലേക്ക് പാകപ്പെടുന്നതിന്റെ ദൃഷ്ടാന്തങ്ങള്‍ കൂടിയായിരുന്നു ആ പതിറ്റാണ്ടുകളില്‍ കണ്ടത്. അങ്ങിനെ കഥകളിലൂടെയും കവിതകളിലൂടെയും ആവിഷ്കൃതമായിരുന്ന ഉത്ക്കണ്ഠകളും പ്രതീക്ഷകളും ആധുനികമായ ഒരു പൊതുസ്ഥലത്തെ രൂപീകരിച്ചെടുത്ത സിനിമയെന്ന മാധ്യമത്തിലൂടെ പ്രതിഫലിപ്പിക്കപ്പെട്ടു. പുതിയ തലമുറയെ സംബന്ധിച്ചിടത്തോളം സിനിമക്കു പോകുക എന്നതു വിലക്കുകളെ ധിക്കരിക്കാനുള്ള നൈസര്‍ഗിക ചോദനയുടെ ഒരു ആവിഷ്ക്കാരം കൂടിയായിരുന്നു. ഷാ ഭരണകൂടം സിനിമയെ പ്രചാരണാവശ്യങ്ങള്‍ക്ക് ദുരുപയോഗപ്പെടുത്തിയിരുന്നു എന്നതുകൊണ്ട് ഇസ്ളാമിസ്റുകള്‍ സിനിമക്കെതിരായി അക്രമാസക്തമായ കലാപങ്ങള്‍ തന്നെ സംഘടിപ്പിച്ചിരുന്നു. നിരവധി സിനിമാശാലകള്‍ തീയിട്ടും ബോംബിട്ടും തകര്‍ത്തു. ഇക്കൂട്ടത്തില്‍ അബദാന്‍ നഗരത്തിലെ സിനിമാ റെക്സ് 1979ല്‍ അകത്തുള്ള പ്രേക്ഷകരെ പുറത്തുവിടാതെ തീയിട്ടതായിരുന്നു ഏറ്റവും ദാരുണമായ സംഭവം. നൂറുകണക്കിന് നിരപരാധികളാണ് സിനിമാ റെക്സില്‍ ചുട്ടു കൊല്ലപ്പെട്ടത്.
ഇസ്ളാമിക വിപ്ളവത്തിനു ശേഷം പുതിയ ഭരണകൂടം അധികാരത്തില്‍ വന്നതോടെ പ്രതിപക്ഷാവിഷ്ക്കാരത്തിനുള്ള ഒരു സ്ഥലമായി സിനിമാശാലകള്‍ പരിണമിക്കുന്നതിന് ഇസ്ളാമിസ്റുകളുടെ ഈ മനോഭാവവും ഒരു കാരണമായിട്ടുണ്ട്. നിയമത്തെ ഉല്ലംഘിക്കാനുള്ള ഒരു നിമിത്തവും സ്ഥലവുമെന്ന അതിയാഥാര്‍ത്ഥ്യമായി സിനിമാതിയറ്ററുകള്‍ മാറി ത്തീര്‍ന്നു. ഇരുട്ടില്‍ കൈ കോര്‍ക്കാനും ചുംബിക്കാനും ദേശീയഗാനം പാടുമ്പോള്‍ എഴുന്നേല്‍ക്കാതിരിക്കാനും ഉള്ള നിഷേധത്തിന്റെ ആഘോഷസ്ഥലമായി സിനിമാശാലകള്‍ കൊണ്ടാടപ്പെട്ടു. അസാധാരണമായ ഒരു നൂതനത്വം, ആകര്‍ഷണം, നിരോധത്തെ മറികടക്കല്‍, അപ്രതീക്ഷിതത്വം എല്ലാം കൂടിച്ചേര്‍ന്നതായിരുന്നു സിനിമ.

ലോകസിനിമയുടെ വൈവിധ്യങ്ങള്‍ കഴിഞ്ഞകാലത്ത് കാണുകയും ഗ്രഹിക്കുകയും അവയുടെ സ്വത്വ പ്രതിനിധാനങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തതിന്റെ ഒരു മറുപടിയാണ് പില്‍ക്കാല ഇറാനിയന്‍ സിനിമ എന്നാണ് ഹമീദ് ദബാഷി നിര്‍വചിക്കുന്നത്. എന്താണോ തങ്ങള്‍ പണ്ട് കണ്ടത് അതിനെ തങ്ങളുടെ സാംസ്കാരിക വര്‍ണഛായയില്‍ മുക്കി ലോകത്തിനെ തിരിച്ചേല്‍പ്പിക്കുകയാണ് ഇറാന്‍ സിനിമ ചെയ്യുന്നത്. ഇന്ത്യയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള സംഗീത സിനിമകള്‍, അമേരിക്കന്‍ വെസ്റേണ്‍ ഴാങ്റിലുള്ളവ, യൂറോപ്യന്‍ അവാങ് ഗാര്‍ദ്, സോവിയറ്റ് യൂണിയനില്‍ നിന്നു വന്ന സാമൂഹ്യ യഥാതഥ സിനിമകള്‍ എന്നിവയെല്ലാം കണ്ട് അപഗ്രഥിച്ചതിന്റെ ഒരു ഭൂതകാലത്തില്‍ നിന്നാണ് പുതിയ ഇറാനിയന്‍ സിനിമ ഉദയം കൊണ്ടത്. ഇസ്ളാമിക വിപ്ളവത്തിന്റെ മഹാഖ്യാനത്തിനുള്ളില്‍ മാത്രം ഇറാനിയന്‍ സംസ്ക്കാരത്തെ പരിമിതപ്പെടുത്തിയ പാശ്ചാത്യ വീക്ഷണത്തെ സിനിമകളിലൂടെ ആവിഷ്ക്കരിക്കുന്ന നൂതനവും വ്യത്യസ്തവുമായ ലാവണ്യം കൊണ്ട് അത്ഭുതപ്പെടുത്തുകയാണ് അത് ചെയ്തത്. ഒളിച്ചുവെക്കപ്പെട്ട ആഗ്രഹങ്ങളൊക്കെയും സിനിമകളിലൂടെ വെളിച്ചം കണ്ടു. രാഷ്ട്രീയവും മതാത്മകവുമായ സെന്‍സര്‍ഷിപ്പുകള്‍ക്കു ശേഷവും മാരിവില്ലിന്റെ സൌന്ദര്യം കൊണ്ട് മെനഞ്ഞ പകല്‍ക്കിനാവുകള്‍ ഇറാനിയന്‍ സിനിമക്ക് നെയ്തെടുക്കാനായി എന്നത് ശ്രദ്ധേയമാണ്.

കാനില്‍ പാം ദ ഓറും വെനീസ് മേളയില്‍ ഗോള്‍ഡന്‍ ലയണും ബെര്‍ലിനില്‍ സില്‍വര്‍ ബിയറും അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയ ജാഫര്‍ പനാഹിയെ പ്പോലൊരു ചലച്ചിത്രകാരനെ തടവിലിട്ടത് ലോകമാനവികതയെ തന്നെ തടവിലിട്ടതിന് തുല്യമാണ്. കുട്ടിക്കാലത്തേ സാഹിത്യ-കലാ വാസനകള്‍ പ്രകടിപ്പിച്ചിരുന്ന പനാഹി പില്‍ക്കാലത്ത് ഫോട്ടോഗ്രാഫിയും ഡോക്കുമെന്ററികളും എടുത്തുകൊണ്ടാണ് ചലച്ചിത്രകലയിലേക്ക് ആകൃഷ്ടനാകുന്നത്. 1980-1988 കാലത്തെ ഇറാന്‍ ഇറാഖ് യുദ്ധകാലത്ത് സൈനിക സര്‍വ്വീസിലുണ്ടായിരുന്ന പനാഹി ആ യുദ്ധത്തെക്കുറിച്ച് ഒരു ഡോക്കുമെന്ററി തയ്യാറാക്കിയിട്ടുണ്ട്. അബ്ബാസ് ഖൈരസ്തമിയുടെ ത്രൂ ദ ഒലീവ് ട്രീസിന്റെ സഹസംവിധായകനായിരുന്നു പനാഹി.


1995ല്‍ സംവിധാനം ചെയ്ത വൈറ്റ് ബലൂണ്‍ കാനില്‍ പാം ദ ഓര്‍ നേടി. ഖൈരസ്തമിയാണ് തിരക്കഥ രചിച്ചത്. ഏഴു വയസ്സുകാരിയായ റസിയയും അവളുടെ അമ്മയും നവവത്സരപ്പിറവിയുടെ തലേന്ന് തെഹ്റാന്‍ നഗരത്തിലെ മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തുകയായിരുന്നു. അവള്‍ക്ക് ഇഷ്ടപ്പെട്ട സ്വര്‍ണമത്സ്യത്തെ അമ്മ വാങ്ങിച്ചുകൊടുക്കുന്നില്ല. പിന്നീട് പണം കിട്ടിയെങ്കിലും അതു വാങ്ങാനുള്ള നെട്ടോട്ടത്തിനിടയില്‍ പണം നഷ്ടപ്പെടുന്നു. അത് തിരഞ്ഞുള്ള ഓട്ടമായി പിന്നെ. സിനിമ അവസാനിക്കുമ്പോള്‍ പ്രധാന കഥാപാത്രങ്ങളില്‍ പലരും അപ്രസക്തരാവുന്നു. പകരം പുതിയ കഥാപാത്രങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടാണ് പനാഹി നമ്മെ അമ്പരപ്പിക്കുന്നത്. ഇസ്ളാമികഭരണകാലത്തെ സ്ത്രീ ജീവിതത്തെ സത്യസന്ധമായി ആവിഷ്ക്കരിക്കുന്ന ദ സര്‍ക്കിള്‍(2000) ആണ് പനാഹിയെ ലോകപ്രശസ്തനാക്കിയത്. അള്‍ട്രാസൌണ്ട് സ്കാനിംഗില്‍ കണ്ടത് ആണ്‍കുട്ടിയെ ആയിരുന്നുവെങ്കിലും സോള്‍മാസ് ഗോലാമി പ്രസവിക്കുന്നത് പെണ്‍കുട്ടിയെയാണ്. അവളുടെ അമ്മ തികച്ചും അസ്വസ്ഥയാകുന്നു. അവളെ ഭര്‍തൃഗൃഹക്കാര്‍ ഉപേക്ഷിച്ചേക്കുമോ എന്ന് ഭയന്ന്, മറ്റൊരു പെണ്‍കുട്ടിയെക്കൊണ്ട് ഭര്‍തൃസഹോദരന്മാരെ അമ്മാവാ എന്നു വിളിപ്പിക്കുകയാണ് അവര്‍. ഫോണ്‍ ബൂത്തിലുള്ളത് മൂന്നു പേരാണ്. അതില്‍ പാരിയുടെ കാര്യം കഷ്ടമാണ്. അവള്‍ ഗര്‍ഭിണിയാണ്; പക്ഷെ കുഞ്ഞിന്റെ അഛന്‍ വധിക്കപ്പെട്ടിരിക്കുന്നു. അവള്‍ക്ക് ഗര്‍ഭഛിദ്രം നടത്തണമെന്നുണ്ട്; പക്ഷെ അതിനുള്ള അപേക്ഷയില്‍ ഒപ്പിടാനുള്ള ആളാണ് മരണപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള പല നിരാശാഭരിതരുടെ ദൂഷിത വൃത്തമായിട്ടാണ് സിനിമ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇറാനിലെ സ്ത്രീകള്‍ നേരിടുന്ന ദുരവസ്ഥകളാണ് ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതു തന്നെയാണ് യാഥാസ്ഥിതിക ഭരണകൂടത്തെ പ്രകോപനം കൊള്ളിക്കുന്നതും. ഒറ്റക്ക് യാത്ര ചെയ്യാനുള്ള സ്ത്രീകളുടെ ബുദ്ധിമുട്ട്, വസ്ത്ര ധാരണത്തിലെ നിബന്ധനകള്‍ എന്നിവ ഹൃദയസ്പര്‍ശകമായി ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. തെഹ്റാന്‍ നഗരക്കാഴ്ചകളില്‍, ദുരന്തവും സന്തോഷവും സമാന്തരമായിരിക്കുന്നത് പനാഹി ചിത്രീകരിക്കുന്നത് ചലച്ചിത്രകലയുടെ ആഖ്യാനരീതിയെ സമ്പുഷ്ടമാക്കുന്ന തരത്തിലാണ്. ഒരു ഭാഗത്ത്, ഒരു പെണ്‍കുട്ടി ഉപേക്ഷിക്കപ്പെടുമ്പോള്‍ തൊട്ടടുത്ത് ഒരു വിവാഹപാര്‍ടിയുടെ ആരവങ്ങളാണ്. ദ സര്‍ക്കിളിന് വെനീസില്‍ ഗോള്‍ഡന്‍ ലയണും സാന്‍ സെബാസ്റ്യനില്‍ മികച്ച ചിത്രത്തിനുള്ള ഫിപ്രെസ്കി പുരസ്കാരവും ലഭിച്ചു. ഈ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുമ്പോള്‍ ന്യൂയോര്‍ക്കിലെ ജെ എഫ് കെ വിമാനത്താവളത്തില്‍ വെച്ച് പനാഹി തടഞ്ഞുവെക്കപ്പെടുകയുണ്ടായി. ഇറാനിലെ പൊതു ഫുട്ബാള്‍ സ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ആവേശകരമായ ഒരു കളി കാണാന്‍ വേഷപ്രഛന്നരായി ഗാലറിയില്‍ കടന്നിരിക്കുന്ന പെണ്‍കുട്ടികളുടെ കഥയായ ഓഫ്സൈഡ്(2006) ഇറാനില്‍ നിരോധിക്കപ്പെട്ടു; ബെര്‍ലിനില്‍ സില്‍വര്‍ ബെയര്‍ നേടി. ക്രിമ്സണ്‍ ഗോള്‍ഡാണ് ജാഫര്‍ പനാഹിയുടെ പ്രസിദ്ധമായ മറ്റൊരു സിനിമ.


2009 ജൂലായില്‍ പനാഹി അറസ്റ്റ് ചെയ്യപ്പെട്ടതായി ഒരു ഇറാനിയന്‍ ബ്ളോഗര്‍ പുറം ലോകത്തെ അറിയിച്ചിരുന്നു. ബെര്‍ലിന്‍ മേളയില്‍ അതിഥിയായി പങ്കെടുത്ത് ഇറാനിയന്‍ സിനിമയുടെ വര്‍ത്തമാനകാല പരിതസ്ഥിതിയെക്കുറിച്ച് പ്രഭാഷണം നടത്താനിരിക്കുകയായിരുന്നു പനാഹി. അത് നടന്നില്ല. പിന്നീട് 2010 മാര്‍ച്ചില്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തെ 48 മണിക്കൂര്‍ കഴിഞ്ഞാണ് വിട്ടയച്ചത്. ലോകത്തെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ അറസ്റിനെ അപലപിച്ചിരുന്നു. തന്റെയും സഹപ്രവര്‍ത്തകരുടെയും തടവിനെ പനാഹി വിശേഷിപ്പിക്കുന്നത്, കലയെയും കലാകാരന്മാരെയും റാഞ്ചാനുള്ള ഇറാനിയന്‍ ഭരണകൂടത്തിന്റെ ശ്രമം എന്നാണ്. ഇറാനില്‍ അധിനിവേശം നടത്താനും ജനങ്ങളെ ബന്ദിയാക്കാനുമുള്ള അമേരിക്കയടക്കമുള്ള ഏതെങ്കിലും വൈദേശിക ശക്തികളുടെ ശ്രമങ്ങള്‍ക്കും താന്‍ എതിരാണെന്ന് ജാഫര്‍ പനാഹി അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. (ക്രിസ് വിസ്നീസ്ക്കി പനാഹിയുമായി നടത്തിയ അഭിമുഖം റിവേഴ്സ് ഷോട്ട് എന്ന വെബ്സൈറ്റില്‍ വായിക്കുക ). ഇറാനിലും പുറത്തും വേട്ടയാടപ്പെടുന്ന കലാകാരനായ ജാഫര്‍ പനാഹി സമകാലിക ലോകാവസ്ഥയുടെ കൃത്യമായ ഒരു നിദര്‍ശനം തന്നെയാണ്. ഇറാനകത്ത് യാഥാസ്ഥിതികത്വം ദൈനം ദിന ജീവിതത്തെ ദുസ്സഹവും പീഡാത്മകവുമാക്കുന്നു. ഈ യാഥാസ്ഥിതികത്വത്തിനെതിരായ പോരാട്ടത്തില്‍ അണി ചേര്‍ന്നാല്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെന്ന ഭാവേന അമേരിക്കന്‍ സാമ്രാജ്യത്വം നിങ്ങളെ ഒരു ഭാഗത്ത് പ്രയോജനപ്പെടുത്തുകയും മറു ഭാഗത്ത് പീഡിപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്നു തന്നെയാണ് ഈ ദുരന്തം തെളിയിക്കുന്നത്.

24 comments:

ജനശക്തി said...

യാഥാസ്ഥിതികത്വത്തിനെതിരായ പോരാട്ടത്തില്‍ അണി ചേര്‍ന്നാല്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെന്ന ഭാവേന അമേരിക്കന്‍ സാമ്രാജ്യത്വം നിങ്ങളെ ഒരു ഭാഗത്ത് പ്രയോജനപ്പെടുത്തുകയും മറു ഭാഗത്ത് പീഡിപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്നു തന്നെയാണ് ഈ ദുരന്തം തെളിയിക്കുന്നത്.
+1

Unknown said...

മനുഷ്യാവകാശം മനുഷ്യവിരുദ്ധമാണന്ന് കരുതുന്ന ഭരണകുടങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ നമ്മള്‍ പ്രദിക്ഷിക്കണം. എങ്കിലും ഇറാനില്‍ന്നിന്നുമുള്ള സിനിമകള്‍ കാണുബോള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, അധികാരിവര്‍ഗത്തെ വെല്ലുവിളിച്ചുകൊണ്ട് ഇത്തരം ചലച്ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നത് വിപ്ലവപ്രവര്‍ത്തനമായാണ് കാണേണ്ടത്... നമ്മള്‍ ജനാധിപത്ത്യത്തില്‍ പോലും പേടിച്ചു മാളത്തിലേക്ക് ഒളിചോടുന്നവരാനല്ലോ..................

Unknown said...

മനുഷ്യാവകാശം മനുഷ്യവിരുദ്ധമാണന്ന് കരുതുന്ന ഭരണകുടങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ നമ്മള്‍ പ്രദിക്ഷിക്കണം. എങ്കിലും ഇറാനില്‍ന്നിന്നുമുള്ള സിനിമകള്‍ കാണുബോള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, അധികാരിവര്‍ഗത്തെ വെല്ലുവിളിച്ചുകൊണ്ട് ഇത്തരം ചലച്ചിത്രങ്ങള്‍ രൂപപ്പെടുത്തുന്നത് വിപ്ലവപ്രവര്‍ത്തനമായാണ് കാണേണ്ടത്... നമ്മള്‍ ജനാധിപത്ത്യത്തില്‍ പോലും പേടിച്ചു മാളത്തിലേക്ക് ഒളിചോടുന്നവരാനല്ലോ..................

Unknown said...
This comment has been removed by the author.
ShajiKumar P V said...

nince look...

http://www.mathrubhumi.com/books/bloglinks.php?cat_id=518

Ramachandretta..
tihu nokkoo..

mumsy-മുംസി said...

നന്ദി സര്‍, അമേരിക്കന്‍ സാമ്രാജ്യത്വത്തോട് കൊമ്പുകോര്‍ക്കുന്ന ഇറാനും ഒട്ടും ഭേദമല്ല പല കാര്യങ്ങളിലും..വിമത സ്വരം നജാദ് മാത്രമല്ല അദ്ദേഹത്തിന്‌ മുമ്പുള്ള ഇറാനിയന്‍ ഭരണകര്‍ത്താക്കളും വച്ചു പൊറുപ്പിച്ചിരുന്നില്ല. ഞാനീ ലേഖനം ഫേസ് ബുക്കില്‍ പങ്കുവെക്കാനുള്ള അനുവാദം എടുക്കുന്നു.:)

vijayakumarblathur said...

കലാകാരന്മാരെ കയർക്കുടുക്കിലാക്കാം എന്നത് വ്യാമോഹം മാത്രമാണെന്ന് ഇവർ എപ്പഴാണു തിരിച്ചറിയുക

Fazil said...
This comment has been removed by the author.
Fazil said...

ഇത് ഇറാനിലെ മാത്രം അവസ്ഥയല്ല. ഭരണഘൂടത്തെ എതിര്‍കുന്നവരെ ചൈന ഒരിക്കലും വച്ച് പൊറിപ്പിച്ചിട്ടില്ല. സമീപകാലത്ത് അരുന്തതീറായിയെക്കുറിച്ച് വന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത് ഇന്ത്യയിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല എന്ന് തന്നെയാണ്. ഇനി കലയുടെ കാര്യത്തിലാണെങ്കില്‍ എം എഫ് ഹുസൈനെ നാടുകടത്തിയവരല്ലേ നമ്മള്‍.

പിന്നെ ഇറാന്‍ ജാഫര്‍ പനാഹിയെ ബലാത്സഗകേസില്‍ ഒന്നും കുടുക്കിയില്ല എന്നെങ്കിലും ആശ്വസിക്കാം.. :)

paarppidam said...

ഒരു കൂട്ടരുടെ വിശ്വാസത്തേയും അവരുടെ ആരാധ്യനായ ദൈവത്തേയും കാര്‍ടൂണില്‍ വരച്ചാല്‍, അല്ലെങ്കില്‍ ഏതെങ്കിലും കലാരൂപത്തില്‍ കൊണ്ടുവന്നാല്‍ അത് മതത്തെ അപകീര്‍ത്തിപ്പെടുത്തല്‍. അപലപനീയം.
രാമന്‍ സീതയെ പരിപാടി ചെയ്യുന്നത് നോക്കിയിരിക്കുന്ന ഹനുമാന്റെ ചിത്രം അല്ലെങ്കില്‍ അത്തരം സംഗതികള്‍ വരെ ഉള്ളത് ഉദാത്തമായ കല!! ( ഭരതന്റെ ചിത്രത്തിലെ രതിയും സാ-ജെ-ജാന്‍, കിന്നാരത്തുമ്പി സീരീസ് ചിത്രങ്ങളിലെ രതിയും തമ്മില്‍ താരതമ്യം ചെയ്യുന്ന ശീലം ചിലര്‍ക്കുണ്ട് അതുകൊണ്ട് ഖജൂരാഹോയിലേക്ക് ആരും പെട്ടെന്ന് ഓടണ്ട.) അത് വരച്ചവനെ വിശ്വാസികള്‍ അപലപിച്ചാല്‍ എതിര്‍ത്താ‍ല്‍ അത് കലാകാരന്റെ അവകാശത്തിനും ആവിഷ്കാര സ്വാതന്ത്രത്തിനും നേരെയുള്ള കടന്നുകയറ്റം.

ഹുസൈന്‍ വരച്ച വിവാദമായ ചിത്രങ്ങള്‍ ഉദാത്തമാണെന്ന് യദാര്‍ഥ വിശ്വാസികളായ എത്രപേര്‍ പറയും? ഹുസൈന്‍ എന്തുകൊണ്ട് ഇതര വിഭാഗങ്ങളുടെ ദൈവങ്ങളെ രചനകളില്‍ കൊണ്ടുവന്നില്ല?

ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്രത്തെ 20 വര്‍ഷത്തേക്ക് തടയുകയും ഇന്റവ്രൂകള്‍ എന്തിനു യാത്രപോലും നിരോധിക്കുകയും ചെയ്യുന്ന ഭരണകൂടം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. കാരണം ഇത്തരം ഭരണകൂടങ്ങളെ പുകഴ്ത്തുകയും ജനാധിപത്യത്തെ മോശമായി കാണുകയും ചെയ്യുന്നവര്‍ക്ക് മുമ്പില്‍ ദാ ഇങ്ങനെയും കലാകാരന്മാരെ ട്രീറ്റ് ചെയ്യുന്ന ഭരണകൂടം ഉണ്ടെന്നും തങ്ങള്‍ മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഇതായിരിക്കും അനുഭവം എന്നും ലോകത്തിനു അറിയുവാന്‍ ആയി.

ഇത്രയധികം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്യുന്ന ഇറാനിയന്‍ സിനിമകള്‍ ശ്രദ്ധിക്കപ്പെടുമ്പോള്‍/ലോക നിലവാരം നിലനിര്‍ത്തുമ്പോള്‍ അത് നമ്മുടെ സിനിമാ കാര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടെആണ്. ഇത്രയും സൌകര്യങ്ങള്‍ ഉണ്ടായിട്ടും “കൂതറ” സിനിമകള്‍ പടച്ചുവിടുകയാണല്ലോ നമ്മള്‍.

വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ലേഖനം എഴുതിയ ജി.പിക്ക് അഭിവാദ്യങ്ങള്‍.

chithrakaran:ചിത്രകാരന്‍ said...

ഇസ്ലാമിന്റെ യഥാര്‍ത്ഥ ഭീകര മുഖം ഇറാനിലെ ഇസ്ലാമിക വിശ്വാസികളായ ജനവിഭാഗങ്ങളെത്തന്നെ ഭീതിയിലാഴ്ത്തിയിരിക്കുന്നു എന്നത്
ആശ്വാസകരം തന്നെ ! ഇസ്ലാമികതയെ അതിജീവിക്കാനുള്ള ശേഷി അവര്‍ക്കുണ്ടാകാന്‍ ഈ സംഭവം കാരണമാകട്ടെ.
ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും മഹനീയ
പാരംബര്യവും,കലയും,സംസ്ക്കാരവും പിന്‍പറ്റുന്ന
ഇറാനില്‍ നിന്നും കലാകാരനും,ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ളതുമായ മത ഭീകരത
ഇതിനാല്‍ ലോകം തിരിച്ചറിയട്ടെ. ഇറാനിലെ
മതാധിഷ്ടിത ഭരണത്തെ മാനവികസ്നേഹത്തിന്റെ നന്മനിറഞ്ഞ മത നിരപേക്ഷ വ്യവസ്ഥിതിയായി പരിവര്‍ത്തിപ്പിക്കാന്‍ ... ഇറാനിലെ ജനങ്ങള്‍
പ്രബുദ്ധതനേടട്ടെ എന്ന് ആശംസിക്കുന്നു.
ആ മഹനീയ സംസ്ക്കാരം ഇസ്ലമിക മത ഭ്രാന്തില്‍ നിന്നും ജനങ്ങളെയും,രാഷ്ട്രട്ത്തേയും സംരക്ഷിക്കട്ടെ എന്നും ആശംസിക്കുന്നു.
ഇങ്ങനെ നല്ലൊരു പോസ്റ്റ് എഴുതിയതിന് ജി.പി.രാമചന്ദ്രന് ചിത്രകാരന്റെ വക അഭിനന്ദനങ്ങള്‍ക്കൊപ്പം
അരക്കിലോ സവാള(വലിയ ഉള്ളി)
ആശംസയായി നല്‍കുന്നു.

SMASH said...

ഇറാനില്‍ ജനാതിപത്യമാണ്, പക്ഷെ ആരൊക്കെ സ്ഥാനാര്‍ഥികള്‍ ആകണമെന്ന് മതമൌലീകവാദി ആചാര്യന്മാര്‍ തീരുമാനിക്കും. 2004 ഇലക്ഷനില്‍ ഖാത്തമിക്കെതിരെ നമ്മള്‍ അത് കണ്ടതുമാണ്!

വാക്കേറുകള്‍ said...

ഇറാനെ പറയാന്ന് പറഞ്ഞാല്‍ അത് ആരാ?
ആരാ അവിടെ ഭരിക്കുന്നേ? ആ “ആരെ“ പറ്റിയാണോ ഇദ്ദ്യേം എഴുതുന്നേ? അപ്പോ ജി.പി സാര്‍ പറയുന്നത് ഈ ഭരണകൂടം ശരിയല്ലാന്നാണോ? ഇറാനിലെ മതം ഏതാണ്?
ഇറാനായാലും ഇറാക്കായാലും ഇസ്ലാമാബാദായാലും ഒന്നെന്നെ അപ്പോള്‍ അതിന്റെ പിന്‍‌തുടര്‍ച്ച ഇന്ത്യയില്‍ വന്നാലോ?

ഇനി ചൈനയാണോ മഹത്തരം ഗൂഗിള്‍ വരെ നിരോധിച്ചുകൊണ്ട് ഒട്ടും ലജ്ജയില്ലാതെ മനുഷ്യാവകാശത്തെ പറ്റി പറയുന്ന ജനങ്ങളുടെ അറിയുവാനുള്ള അവകാശത്തെയും അഭിപ്രായ സ്വാതന്ത്രത്തെയും തടഞ്ഞുകൊണ്ട് ജനങ്ങളെ കഷ്ടപ്പെടുത്തുന്നതാണോ മഹത്തായ കമ്യൂണിസം?

K.P.Sukumaran said...
This comment has been removed by the author.
എതിരാളി said...

ഈ പോസ്റ്റ്കൊണ്ട്‌ ഒരു ഗുണം കിട്ടി... വര്‍ഷങ്ങളായി ജി പിയുടെ സിനിമാ നിരൂപണം 'തറ'യാണെന്നും ഇത്തരക്കാരാണു സമൂഹത്തില്‍ ചിദ്രത ഉണ്ടാക്കുന്നതെന്നും ജി പിയുടെ ഓരോ പോസ്റ്റിനും കമണ്റ്റിയിരുന്ന 'പാര്‍പ്പിട'വും അതിണ്റ്റെ ത്രിശൂര്‍ സ്ളാങ്ങായ 'വാക്കേറുകളും' ജി പിയെ 'അഭിനന്ദിച്ചിരിക്കുന്നു'!! എം എഫ്‌ ഹുസൈന്‍ ചെയ്തത്‌ വളരെയധികം നീചമായ പ്രവര്‍ത്തിയാണെന്നും 'ഇന്ത്യയുടെ പിക്കാസോ' നാടുകടത്തപെടേണ്ടവനാണെന്നും പറയുന്ന അതേ ശ്വാസത്തില്‍ എതെങ്കിലും രാജ്യത്ത്‌ (അവിടെ ഇസ്‌ലാം എന്നോ മുസ്ളിം എന്നോ പേരുണ്ടെങ്കില്‍ ഭേഷായി!) നടക്കുന്ന സംഭവങ്ങളെ വളരെയധികം 'ഉത്കണ്ഡ'യോടെ കാണുന്നത്‌ രസാവഹമാണു. തസ്ളീമാ നസ്റീന്‍ ആയാലും സല്‍മാന്‍ റുഷ്ദി ആയാലും ഇത്തരക്കാറുറ്റെ വാദഗതികളില്‍ ഒരു മാറ്റവുമില്ല! എന്നാല്‍ അതേ വാദം എം എഫ്‌ ഹുസൈനു ബാധകമല്ലേ?! എയ്‌ അല്ലേ അല്ല!! ഹ ഹ... ഇതിനാണോ വൈരുദ്ദ്യാത്മമ 'ആവിഷ്കാര' സ്വാതന്ത്ര്യം എന്ന് പറയുന്നത്‌! ഈ ഇരട്ടതാപ്പ്‌ എല്ലാ കാര്യത്തിലും കാണാം. രാജ്യത്ത്‌ നടക്കുന്ന എല്ലാ സ്ഫോടനങ്ങളിലും ഒരു 'തെളിവിണ്റ്റെ'യും കണിക പോലും ഇല്ലാതെ, സംഘ്പരിവാറിണ്റ്റെ അച്ചാരം വാങ്ങിയവര്‍ മുസ്ളിം സമുദായത്തിലെ ചെറുപ്പക്കാരെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചപ്പോള്‍ ഈ കൊച്ചു കേരളത്തില്‍ പോലും അതു 'ന്യൂസ്‌ ഹൌര്‍' ആയും 'ഫോക്കസ്‌' ആയും പകലന്തിയോളം ചര്‍ച്ച ചെയ്തവര്‍, ഇന്ന് ആ സ്ഫോടങ്ങളുടെ പുറകില്‍ മുഴുന്‍ സവര്‍ണ ഹൈന്ദവ ഫാസിസ്റ്റുകളായിരുന്നു എന്ന സത്യം ഒരു വാര്‍ത്തയായി പോലും കൊടുക്കാന്‍ മടിക്കുന്നു! അഥവാ കൊടുത്താല്‍ തന്നെ ആരും ശ്രദ്ദിക്കരുതെന്ന വാശി!! മനുഷ്യാവകാശ ലംഘനം ഇറാനിലായാലും ഇന്ത്യയിലായാലും ഒരു പോലെ എതിര്‍ക്കണം. ഇന്ത്യയിലേത്‌ എതിര്‍ക്കുബ്ബോള്‍ ജി പി മതം നോക്കി നിരൂപിക്കുന്നു എന്ന് ആരോപിക്കുന്ന 'ഇടങ്ങളും' 'എറുകളൂം' ഇറാനിലേക്കെത്തുബ്ബോള്‍ കൈയ്യടിക്കുന്നു! നമ്മള്‍ എന്ന് മാറ്റും ഈ ഇരട്ടതാപ്പ്‌!

paarppidam said...

ജി.പിയുടെ സിനിമാ നിരൂപണം തറയാണെന്ന് ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല. താങ്കളുടേ പോലെ തറയല്ല ഞാന്‍. ധാരാളം സിനിമകള്‍ കാണുകയും അതേ പറ്റി അറിയുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ജി.പി എന്ന നിരൂപകന്‍ എഴുതുമ്പോള്‍ സിനിമയെ പറ്റി അറിയുവാന്‍ ഉള്ള അവസരം ലഭിക്കാറുണ്ട്. എന്നാല്‍ ജി.പി. സിനിമയില്‍ വര്‍ഗ്ഗീയത വേര്‍തിരിച്ചുകൊണ്ട് നടത്തുന്ന ചില പ്രത്യേക രീതിയില്‍ ഉള്ള പരാമരശങ്ങളെ/കാഴ്ചപ്പാടുകളെ നിരന്തരം എതിരഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. അതേ പറ്റി അപകടകരമായ ഒരു നിരീക്ഷണമാണെന്ന് പറഞ്ഞ് സ്വന്തം ബ്ലോഗ്ഗിലും പോസ്റ്റിട്ടിട്ടുണ്ട്. സിനിമയെ സംവിധായകന്‍/കഥാപാത്രം/ഡയലോഗ്/അഭിനേതാവ്/തിരക്കഥാകൃത്ത് തുടങ്ങി സമസ്ത രീതിയിലും വര്‍ഗ്ഗീയമായി വ്യഖ്യാനം ചെയ്തെടുത്താല്‍ അത് വലിയ ദുരന്തത്തിലേക്കായിരിക്കും സമൂഹത്തെ നയിക്കുക എന്നതില്‍ തര്‍ക്കം ഉണ്ടാകും എന്ന് തോന്നുന്നില്ല. അഭിപ്രായ ഐക്യം/ഭിന്നതകള്‍ രേഖപ്പെടുത്തുവാനാണല്ലോ അദ്ദേഹം അവിടെ കമന്റ് ബോക്സ് ജനാതിപത്യപരമായ രീതിയില്‍ തുറന്ന് വച്ചിരിക്കുന്നത്.

അന്യഭാഷാ/ദേശ ചിത്രങ്ങളെ പറ്റി ജി.പി എഴുതുന്ന നിരൂപണങ്ങള്‍ നല്ലവണ്ണം ആസ്വദിക്കാറുമുണ്ട്, പ്രോത്സാഹിപ്പിക്കാറുമുണ്ട്. ഒരു വ്യക്തിയെ എല്ലാത്തിലും എതിര്‍ക്കുക എന്ന് പറയുമ്പോള്‍ അത് മത/രാഷ്ടീയ മൌലീകവാദികളുടെ ലക്ഷണമാണ്. ഞാനീ രണ്ടു വിഭാഗത്തിലും ചേര്‍ന്നിട്ടില്ല ഇതുവരെ ഉദ്ദേശ്യവും ഇല്ല.

സിനിമയെ പറ്റിയുള്ള് അപോസ്റ്റുകള്‍ വായിക്കും എന്നാല്‍ ജിപിയുടെ പതിവു നിലപാടിലുള്ള പോസ്റ്റുകളോട്/നിരീക്ഷണങ്ങളോട് കുറച്ചുനാളായി ഞാന്‍ ഇടപെടാറേ ഇല്ലല്ലോ എതിരാളീ.

അവര്‍ണന്‍ said...

പതിവ് പോലെ ജി പിയുടെ ലേഖനം നന്നായിരിക്കുന്നു. ഇറാനിയന്‍ ഭരണകൂടത്തെ കുറിച്ച് ഒരു പാട് വ്യാജ വാര്‍ത്തകള്‍ വരാവുന്ന ഒരു അവസ്ഥ നില നില്കുന്നുന്ടെങ്കിലും ഉദാരമായ വ്യക്തി സ്വാതന്ത്ര്യത്തിനു ഇറാനിയന്‍ ഭരണകൂടം ഇനിയും ഒരുക്കമല്ലെന്നത് ശരിയാണ്. ഇറാനിയന്‍ സിനിമകള്‍ കാണുന്ന ഏവര്‍ക്കും തോന്നാവുന്ന ഒരു വികാരം തന്നെയാണിത്

zuhail said...

നല്ല കാമ്പും അക്കാദമിക നിലവാരവുമുള്ള നിരീക്ഷണം
ലോക ചലച്ചിത്ര ആസ്വാദനത്തിനു പുതിയ മാനം പകര്‍ന്നത് ഇറാനിയന്‍ സിനിമയാണെന്ന് പറഞ്ഞാല്‍ തന്നെ തെറ്റി പോകില്ല. ഉത്തരാധുനിക സിനിമയുടെ ഐക്കണ്‍ ആയി പോലും ചിലര്‍ ഇറാനിയന്‍ സിനിമയെ അടയാളപ്പെടുതുന്നത് തന്നെ. പനാഹി പകര്‍ന്ന കാഴ്ചകളിലെ രാഷ്ട്രീയ പരിപ്രേക്ഷ്യവും ചിന്ത രീതിയും കലയുടെ മഹത്വത്തെ ഉത്ഗോഷിക്കുന്നതായിരുന്നു. ഇസ്ലാമിക്‌ രവലൂഷന് ശേഷം ഉണ്ടായ ഭരണകൂട ഇടപെടലുകള്‍ സിനിമയിലെ കലയെ അറിഞ്ഞോ അറിയാതെയോ സംസ്കരിച്ചു എന്ന് കരുതിയവര്‍ക്ക് തെറ്റി എന്നാണു പനാഹിക്കെതിരായ പുതിയ നടപടി പറയുന്നത് . വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ നേരിടാനുള്ള രാഷ്ട്രീയ പക്വത എന്നാണു ഈ ഭരണകൂടങ്ങള്‍ നേടുക?

Unknown said...

A movie must satisfy viewers aesthetic sense. Cotroversies- I do not believe in it.I belong in the category of John Mathew of Rafeeque Ahammed's latest poem 'John Mathew-vilekkulla Vazhi'. There is a short cut from super market to evening bar. We do not have to go to evening bar through fish market, slums, ect, ect. There is a short cut. A very very easy short cut.
I want to see good malayalam movies without compromises like Piravi, Chidambaram, Pondanmada, so on.
Aarokkeyanu nammute malayala sinimakale prumazhayathu nirthiyechum poyathu? Enne poleyulla John Mathew-markk nalla oru malayalam sinima iniyennanu short cattil theateril poyi kanan pattuka. Thallippoli malayalam sinimakale patti orthorthirikkunna John Mathew-markk Iranile sinimakale patti orkkan evite samayam kittan?

ഒരില വെറുതെ said...

ഈജിപ്തിലെയും തുനീഷ്യയിലെയും മുല്ലപ്പൂ വിപ്ലവം കണ്ട് ആവേശം കൂറിയവരൊന്നും
ഇറാനില്‍ വീണ്ടും ശക്തിപ്പെടുന്ന പ്രക്ഷോഭവും ബഹറൈനിലും കുവൈത്തിലുമടക്കം ഗള്‍ഫ് നാടുകളില്‍
പടരുന്ന വിപ്ലവവീര്യവും കണ്ടില്ലെന്ന് നടിക്കുന്നത് എന്താവും. ഇക്കാര്യത്തില്‍ ഇസ്ലാമിസ്റ്റുകളും
കമ്യൂണിസ്റ്റുകളും ഒരേ തട്ടിലാണോ.
ഈ ബോറന്‍ കമ്യൂണിസ്റ്റുകളേക്കാള്‍ ഭേദം അമേരിക്ക തന്നെയെന്നു തോന്നിപ്പോവും.
യുക്തിവാദികളെപ്പോലെ സദാ ബോറടിപ്പിച്ചു കൊണ്ടേയിരിക്കും ഈ ഇടതുപക്ഷ ഞരമ്പുരോഗികള്‍.

Nachiketa said...

Stand with the Communist Party of Iran not with the oppressive regime. CPIran has always stood with the reformists. The stand taken by CPM in this case is pathetic. Deshabhimani writes articles supporting jasmine revolution and series of revolts but quite funnily approaches iranian reformists cautiously;) apprehensive of the so called american support. Get a life, I mean, this bankrupt CPM writers. They should be forcefully made to read about Iranian history. About the bloody massacres this iranian regime has done. They should know about the socialist, communist, progressive leaders, writers, poets, journalists who have been killed by the current regime.

നീലാഭം said...

വിപ്ലവാത്മക ചിന്തകള്‍ ഒരു വിഭാഗം ജനങ്ങളില്‍ അടിചെല്‍പ്പിക്കുമ്പോള്‍
ഇറാനെ പോലുള്ള അറബ് രാജ്യങ്ങള്‍ ആധുനീക മനുഷ്യ ജീവിതങ്ങള്‍ ദ്രിശ്യ വല്ക്കര്‍ക്ക പ്പെടുന്നതിലെ "പോരുതക്കെടുകള്‍ " .............? കുറച്ചു കൂടി കാത്തിരിക്കാം..

ഷാഹിദ്.സി said...
This comment has been removed by the author.
ഷാഹിദ്.സി said...

“ജാഫര്‍ പനാഹിയുടെ എല്ലാ ചിത്രങ്ങളും രാജ്യത്തിനകത്ത് നിരോധിക്കപ്പെട്ടവയാണ്. വനിതകള്‍ ഫുട്ബാള്‍ കാണാന്‍ നടത്തുന്ന ശ്രമത്തെക്കുറിച്ചുള്ള ഓഫ്സൈഡ് (2006) എന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്.“------------------
കലയുടെ പേരിലായാലും മറ്റെന്തിന്റെ പേരിലായാലും അന്യ സ്ത്രീ പുരുഷന്മാർ കൂടിച്ചേരുന്നത് ഇസ്ലാമിൽ നിഷിദ്ധമാണ്.ഓഫ്സൈഡ് ആ തലത്തിൽ 100% അനിസ്ലാമികമായ സിനിമതന്നെയാണ്.രസകരമായ കാര്യം മുസ്ലിം ലീഗിന്റെ വിദ്യാർത്ഥിപ്രസ്ഥാനമായ MSF filim fesival എന്ന പേരും പറഞ്ഞ് കോഴിക്കോട് അടുത്തിടെ ഈ ചിത്രം കാണിക്കുകയുണ്ടായി ! ! !കാട്ടുകോഴിക്കെന്ത് സംക്രാന്തി!!!!!!!!!!!!!!!!!!!!!