Tuesday, February 22, 2011

അസുരന്മാരായ അറബികള്‍ മലപ്പുറം എന്ന ഭീകരജില്ല

മലയാള സിനിമ എത്ര മാറിയാലും അതിന്റെ കമ്യൂണിസ്റ് വിരുദ്ധവും മുസ്ളിം വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ മുന്‍വിധികള്‍ മാറില്ല എന്നതിന്റെ ഉദാഹരണമാണ് ട്രാഫിക്ക് എന്ന പുതിയ സിനിമ. ബോബി സഞ്ജയ് തിരക്കഥയെഴുതി രാജേഷ് പിള്ള സംവിധാനം ചെയ്ത ഈ സിനിമ, മലയാള സിനിമയുടെ മാറ്റത്തിന്റെ സൂചകം എന്ന വിധത്തില്‍ അച്ചടി/ദൃശ്യ മാധ്യമങ്ങളിലും ബ്ളോഗുകളിലും ഗൂഗിള്‍ ബസ്സ്/ഫേസ് ബുക്ക് ചര്‍ച്ചകളിലും കൊണ്ടാടപ്പെടുകയും തിയറ്റര്‍ സര്‍ക്യൂട്ടില്‍ സാമാന്യം തിരക്കോടെ ഓടുകയും ചെയ്യുന്നുണ്ട്. സിനിമയുടെ തുടക്കത്തില്‍ തന്നെ കാണിക്കുന്നത്, കൈക്കൂലിക്കേസില്‍ സസ്പെന്‍ഷനിലായ സുദേവന്‍ (ശ്രീനിവാസന്‍) എന്ന പോലീസുകാരന്‍ കമ്യൂണിസ്റ് പാര്‍ടി ആപ്പീസില്‍ പോയി പതിനായിരങ്ങള്‍ കവറിലിട്ട് പാര്‍ടി സെക്രട്ടറിക്ക് കൈക്കൂലി കൊടുത്ത് അയാളെക്കൊണ്ട് മന്ത്രിക്ക് ശുപാര്‍ശ നടത്തി ജോലിയില്‍ തിരികെ കയറുന്ന സീനാണ്. പാര്‍ടി സെക്രട്ടറി ആഭ്യന്തര മന്ത്രിക്ക് വിളിക്കുമ്പോഴാകട്ടെ സസ്പെന്‍ഷനിലായ പോലീസുകാരന്‍ നായരാണെന്ന കാര്യം മറക്കേണ്ട എന്നും പറയുന്നുണ്ട്. പാര്‍ടി സവര്‍ണഹിന്ദുത്വത്തിനും ജാതിക്കോയ്മക്കും കീഴ്പ്പെട്ടിരിക്കുന്നുവെന്ന മാധ്യമ പ്രചാരണമാണ് തിരക്കഥാകാരന്മാര്‍ക്കും സംവിധായകനും പ്രേരകമായതെന്നും കരുതാം. സുപ്രീം കോടതി ജഡ്ജിക്കു വരെ കൈക്കൂലി കൊടുത്ത് മദ്യ ശാലാ ലൈസന്‍സ് പിന്‍വാതിലിലൂടെ നേടിയെടുക്കുന്നവരും, മുപ്പതു കൊല്ലത്തിനു ശേഷം അണക്കെട്ടഴിമതിയുടെ പേരില്‍ അഴിയെണ്ണുന്നവരും, വ്യഭിചാരക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അഞ്ചു കോടിയും ആയിരം ഏക്കറും ഇല്ലാത്തതിന്റെ പേരില്‍ ബ്ളാക്ക് മെയില്‍ ചെയ്യപ്പെടുന്നവരും വിരാജിക്കുന്ന കേരളത്തില്‍ കമ്യൂണിസ്റ് പാര്‍ടിയാണ് ഏറ്റവും വലിയ അഴിമതിക്കാര്‍ എന്ന് സ്ഥാപിക്കുന്ന ട്രാഫിക്കിന്റെ വിജയം എന്തിന്റെ സൂചകമാണെന്ന് കാലം തെളിയിക്കട്ടെ.

കൊച്ചി നഗരത്തിലെ തിരക്കുള്ള ഒരു നാല്‍ക്കവലയിലുണ്ടാകുന്ന അപകടത്തില്‍ പെട്ട് റെയ്ഹാന്‍ (വിനീത് ശ്രീനിവാസന്‍) എന്ന യുവാവ് മരണാസന്നനാകുന്നു. ഇനിയും മിടിപ്പ് നിലച്ചിട്ടില്ലാത്ത അയാളുടെ ഹൃദയം രണ്ടര മണിക്കൂര്‍ കൊണ്ട് പാലക്കാട്ടുള്ള അഹല്യ ഹോസ്പിറ്റലിലെത്തിച്ചാല്‍ അവിടെ മരിക്കാന്‍ കിടക്കുന്ന കൌമാരക്കാരിയുടെ ജീവന്‍ രക്ഷിക്കാനാവും എന്ന കണ്ടെത്തലിനെ തുടര്‍ന്ന് വഴിയിലുള്ള ട്രാഫിക്ക് മുഴുവനും മരവിപ്പിച്ചു നിര്‍ത്തി പൊലീസ് വാഹനത്തില്‍ ഹൃദയവുമായി കുതിക്കുന്നതാണ് കഥാതന്തു. ചെന്നൈ നഗരത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ്; അല്ലാതെ, കോപ്പിയടിച്ച ഏതോ വിദേശ സിനിമയല്ല ട്രാഫിക്കിന്റെ ഹേതു എന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വളരെ നല്ലത്.

ബോധത്തിലും അബോധത്തിലുമുള്ള മുസ്ളിം വിരുദ്ധതയാണ് ട്രാഫിക്കില്‍ പ്രകടമായി നില്‍ക്കുന്ന ഏറ്റവും ആശങ്കാകുലമായ ഘടകം. റെയ്ഹാന്റെ ഹൃദയം പറിച്ചെടുത്ത് അവനെ മരണത്തിലേക്ക് കുറേക്കൂടി നേരത്തെ തള്ളിവിടാന്‍ അനുവാദം കൊടുത്ത അവന്റെ മാതാപിതാക്കള്‍ ത്യാഗത്തിലൂടെ ഇസ്ളാമിന്റെ മഹാമനസ്കത ഉയര്‍ത്തിപ്പിടിച്ചു എന്ന് വരുത്തി തീര്‍ക്കുന്ന തിരക്കഥാകൃത്തുക്കളും സംവിധായകനും, ഹൃദയം പോകുന്ന പോക്കില്‍ ഒരു ബിലാല്‍ കോളനിയെ ഘടിപ്പിച്ചാണ് പ്രശ്നം രൂക്ഷമാക്കുന്നത്.

മൈനോറിറ്റിയുടെ കോളനിയാണത്, മുമ്പേ റെയ്ഡിനു പോയപ്പോള്‍ പൊലീസിനെ തടഞ്ഞവരാണ് എന്നെല്ലാമുള്ള മുന്‍വിധിയോടെ ഈ മുസ്ളിം കോളനിയായിരിക്കും വിശാലമായ മാനുഷിക കാരുണ്യ പ്രവര്‍ത്തനത്തിന് വിഘാതമാകുക എന്ന് പ്രഖ്യാപിക്കുന്ന ബോബി, സഞ്ജയ്, രാജേഷ് പിള്ള എന്നിവര്‍ കൊച്ചിയില്‍ നിന്ന് പാലക്കാട്ടേക്ക് എന്നതിനു പകരം കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്കോ അല്ലെങ്കില്‍ പാലക്കാട്ടു നിന്നു കോഴിക്കോട്ടേക്കോ ഒന്നു യാത്ര ചെയ്യണം. ഇത്തിരി സ്പീഡില്‍ വിട്ടാലും തരക്കേടില്ല. കൊച്ചിയില്‍ നിന്നാണെങ്കില്‍, ചങ്ങരം കുളം വിട്ടാലും; പാലക്കാട്ടു നിന്നാണെങ്കില്‍ കരിങ്കല്ലത്താണി വിട്ടാലും നിങ്ങള്‍ പ്രവേശിക്കുന്നത് മലപ്പുറം ജില്ലയിലേക്കായിരിക്കും. പിന്നെ ഏതാണ്ട് രാമനാട്ടുകര എത്തുന്നതു വരെയും, സംഘപരിവാറിന്റെയും മലയാള സിനിമാക്കാരുടെയും ഭാഷയില്‍ പറഞ്ഞാല്‍ ഈ 'ഭീകര'ജില്ലയിലൂടെ (ബോംബിവിടെ മലപ്പുറത്ത് ഇഷ്ടം പോലെ ലഭിക്കുമല്ലോ(ആറാം തമ്പുരാന്‍), മലപ്പുറത്തുണ്ടായ വര്‍ഗീയ ലഹള(വിനോദയാത്ര)) നിങ്ങള്‍ക്ക് യാത്ര ചെയ്തേ മതിയാവൂ. പക്ഷെ ഒരു കാര്യമുണ്ട്. അപകടം പറ്റുകയാണെങ്കില്‍ മലപ്പുറത്തു വെച്ച് പറ്റണം എന്നാണ് തെക്കന്‍ മലബാറിലെ പ്രയോഗം. കേസു വരുമോ; പൊലീസ് സ്റേഷനിലും കോടതിയിലും കയറിയിറങ്ങി കാലു തേയുമോ; രക്തം കൊടുക്കേണ്ടി വരുമോ; ആശുപത്രിയില്‍ പണമടച്ച് കറങ്ങേണ്ടി വരുമോ എന്നൊന്നും പേടിക്കാതെ അപകടത്തില്‍ പെട്ടവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുകയും വേണ്ട വൈദ്യ ശുശ്രൂഷ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന കാര്യത്തില്‍ മലപ്പുറം ജില്ലയിലുള്ള മുസ്ളിങ്ങളും ഹിന്ദുക്കളും അല്ലാത്തവരുമടങ്ങുന്ന മുഴുവന്‍ ജനങ്ങളും കാണിക്കുന്ന ശുഷ്ക്കാന്തി ലോകോത്തരമാണ്. അതു മനസ്സിലാക്കാതിരിക്കുകയോ അല്ലെങ്കില്‍ മനസ്സിലാക്കിയിട്ടും മറച്ചു വെക്കുകയോ ചെയ്തിട്ട്, മുസ്ളിം കോളനിക്കാരെ നിയന്ത്രിക്കാന്‍ സൂപ്പര്‍ സ്റാറിന്റെ ഫാന്‍സ് അസോസിയേഷന്‍ എന്ന കൂവല്‍/അലവലാതി സംഘത്തെ ഇറക്കുന്നതായി കാണിക്കുന്ന ട്രാഫിക്ക് എന്ന സിനിമ ഒരു സാംസ്ക്കാരിക കുറ്റകൃത്യമാണെന്ന് സധൈര്യം അഭിപ്രായപ്പെട്ട ബി അബൂബക്കര്‍ (മലയാള്‍ ഡോട്ട് എഎം) അഭിനന്ദനമര്‍ഹിക്കുന്നു.

എന്‍ട്രന്‍സ് ജ്വരത്തെക്കാളും മികച്ചത് റിയാലിറ്റി ഷോയാണെന്ന അസംബന്ധം എഴുന്നള്ളിച്ച മകന്റെ അഛനെ വിജയിപ്പിച്ച മലയാളികള്‍ ട്രാഫിക്കിനെയും വിജയിപ്പിച്ചു എന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. (ഓരോ വര്‍ഷവും ആദ്യം റിലീസാകുന്ന സിനിമകള്‍ വിപണിയില്‍ ഫ്ളോപ്പാകാറുണ്ടെന്നാണ് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന വാണിജ്യ നിരീക്ഷകര്‍ രേഖപ്പെടുത്തുന്നത്. ആ അന്ധവിശ്വാസത്തെ മറികടന്നുകൊണ്ടാണ് ട്രാഫിക്ക് വാണിജ്യ വിജയം കൊയ്തതെന്നത് കേരളത്തില്‍ അന്ധവിശ്വാസങ്ങള്‍ക്ക് രക്ഷയില്ലാതായി എന്ന പുരോഗമന വിജയയാത്രയുടെ ലക്ഷണമായും പരിഗണിക്കാം.)

യഥാര്‍ത്ഥ മനുഷ്യാനുഭവങ്ങള്‍ കഥാസിനിമകളായി വരുന്നത് അപൂര്‍വ്വമായ പ്രവണതയല്ല. അക്കൂട്ടത്തില്‍ പെട്ട മറ്റൊന്നാണ്, കെ യു ഇക്ബാലിന്റെ അനുഭവകഥയെ മുന്‍നിര്‍ത്തി സംവിധായകനോട് ചേര്‍ന്ന് കെ ഗിരീഷ്‌കുമാര്‍ എഴുതിയ തിരക്കഥയെ ആസ്പദമാക്കി പ്രശസ്ത സംവിധായകനായ കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ. കമലിന്റെ മാസ്റര്‍പീസ് സിനിമ, കാവ്യ യഥാര്‍ത്ഥ ജിവിതത്തില്‍ അനുഭവിച്ചത് സിനിമാഭിനയത്തില്‍ പകര്‍ത്തുന്നു എന്നൊക്കെയുള്ള കിടുകിടിലന്‍ പരസ്യ വാചകങ്ങളും ചുമരില്‍ നിറയുന്നുണ്ട്. ഗള്‍ഫില്‍ വീട്ടുവേലക്കാരിയായി ജോലിക്കു പോകുന്ന അശ്വതി(കാവ്യാ മാധവന്‍) എന്ന മലയാളി വിധവ അനുഭവിക്കുന്ന കടുത്ത പീഡനങ്ങളും മര്‍ദനങ്ങളും തടവും മറ്റുമാണ് ഇതിവൃത്തം. അതിഭാവുകത്വം നിറഞ്ഞതും അറബികളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ളതുമായ അവതരണം ചിത്രത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടെങ്കിലും വാണിജ്യ വിജയത്തെ അത് ബാധിക്കാനിടയില്ല. ഗള്‍ഫുകാരാണ് കേരളത്തില്‍ ഭൂമിക്കു മുതല്‍ മത്തിക്കു വരെ വില കയറ്റുന്നത്; ഗള്‍ഫുകാരാണ് പള്ളി മിനാരങ്ങളും അമ്പലങ്ങളും കെട്ടിയുയര്‍ത്തി വര്‍ഗീയത വളര്‍ത്തുന്നത്; ഗള്‍ഫുകാര്‍ പൊതുവെ വിഡ്ഢികളാണ്, അഥവാ നാട്ടില്‍ ജോലിക്കു കൊള്ളാത്തവരാണ് ഗള്‍ഫില്‍ അഭയം തേടുന്നത്; അതിനാല്‍ അവരെ പറ്റിക്കാനെളുപ്പമാണ്; അവര്‍ അറബികളുടെ അടിമപ്പണിയാണെടുക്കുന്നത് തുടങ്ങിയ ധാരാളം പൊതുധാരണകള്‍ കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. അത്തരം പൊതുബോധനിര്‍മിതിയുടെ പശ്ചാത്തലം തന്നെയാണ് ഗദ്ദാമയെയും ജനപ്രിയമാക്കുന്നത്.

സാരി വിപരീതം പര്‍ദ, പട്ടാമ്പി വിപരീതം കൊണ്ടോട്ടി, കേരളത്തിലെ മതേതര പരിസരം വിപരീതം സൌദി അറേബ്യയിലെ മതാത്മക പരിസരം, ഇവിടത്തെ ജനാധിപത്യ ഭരണം വിപരീതം അവിടത്തെ രാജഭരണം, എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളെയാണ് ഗദ്ദാമ അവലംബമാക്കുന്നത്. 1992 അവസാനം മുസ്ളിം പശ്ചാത്തലമുള്ള ഗസല്‍ എന്ന സിനിമ കമല്‍ സംവിധാനം ചെയ്ത് റിലീസ് ചെയ്തിരുന്നു. ധ്രുവം(എസ് എന്‍ സ്വാമി/ജോഷി) പോലെ പ്രകടവും വ്യക്തവുമായ രീതിയില്‍ മുസ്ളിം വിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും സവര്‍ണവീരഗാഥയും പ്രത്യക്ഷപ്പെടുത്തിയ സിനിമകള്‍ ബാബരി മസ്ജിദ് തകര്‍ത്ത പശ്ചാത്തലത്തില്‍ വിജയം ആഘോഷിക്കുകയും ഗസല്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു. മുസ്ളിം വംശജന്‍ കൂടിയായ കമല്‍ ഇതിനെ തുടര്‍ന്ന് പരാജയഭാവമണിഞ്ഞ് പല നിരീക്ഷണങ്ങളിലും വിലയിരുത്തപ്പെട്ടു. ഏതായാലും വാണിജ്യ സിനിമയില്‍ വിജയം കൊയ്യണമെങ്കില്‍, ധ്രുവം മുന്നോട്ടു വെച്ച രാഷ്ട്രീയ ഫോര്‍മുലകള്‍ ഏതെങ്കിലും തരത്തില്‍ പിന്തുടരുന്നതാണ് ബുദ്ധി എന്ന് അദ്ദേഹത്തിനും തീരുമാനിക്കാന്‍ സാധിച്ചിട്ടുണ്ടാവും. പിന്നീടുള്ള സിനിമകളില്‍ അതിന്റെ ലക്ഷണങ്ങള്‍ വ്യക്തമായിരുന്നു. പെരുമഴക്കാലം എന്ന ചിത്രം ബ്രാഹ്മണജാതിയും ഇസ്ളാമും തമ്മിലുള്ള വൈരുദ്ധ്യത്തെ അടിസ്ഥാനപ്പെടുത്തിയ ഒന്നായിരുന്നു.


കേരളത്തിലെ സാധാരണക്കാരുടെ ദൈന്യാവസ്ഥയുടെ സാമൂഹിക കാരണങ്ങള്‍ ഇത്തരം സിനിമകളില്‍ വിശകലനം ചെയ്യാതെ പോകുന്നു. വിധവയായ ഒരു യുവതി എന്തുകൊണ്ടാണ് കേരളത്തില്‍ അനാഥത്വം അനുഭവിക്കുന്നത് എന്നും അത്തരം അനാഥത്വം കേരളം പോലുള്ള ഒരു സമൂഹത്തിന്റെ ആധുനികവത്ക്കരണത്തിലെ സന്ദിഗ്ദ്ധതകളെയാണ് വെളിപ്പെടുത്തുന്നത് എന്നതും പെരുമഴക്കാലവും ഗദ്ദാമയും മറച്ചു വെക്കുന്നു. സൌദി അറേബ്യയിലെത്തി വിമാനത്താവളത്തില്‍ സ്പോണ്‍സറെ കാത്തിരിക്കുന്ന അശ്വതിയുടെ വേഷം ശ്രദ്ധിക്കുക. ചന്ദനക്കുറി അണിഞ്ഞ് സാരി ഉടുത്ത്, കവിവര്‍ണനകളില്‍ വിവരിക്കാറുള്ളതു പോലെ നാടന്‍ ശാലീനയുവതിയായി ഇരിക്കുന്ന അവള്‍ക്കടുത്തേക്ക് പര്‍ദയണിഞ്ഞ്, മുഖത്ത് കോറിവരകളും ദൈന്യതയുടെയും ദാരിദ്ര്യത്തിന്റെയും വടുക്കളുമായി ഒരു മലയാളി മുസ്ളിം യുവതി എത്തുന്നു. ഞാന്‍ മുമ്പും ഗദ്ദാമയായി പണിയെടുത്തിരുന്നു; പിന്നീട് നാട്ടില്‍ പോയിട്ടും രക്ഷയുണ്ടായില്ല, അതാണ് തിരിച്ചു വന്നത് എന്ന് സ്വയം പരിചയപ്പെടുത്തിയ അവര്‍, തന്റെ ബാഗില്‍ നിന്ന് അശ്വതിക്ക് തലമൂടാനുള്ള ആവരണം കൊടുക്കുന്നു. അശ്വതിയുടെ വീട് പട്ടാമ്പിയിലാണെന്നും മുസ്ളിം യുവതിയുടെത് കൊണ്ടോട്ടിയിലാണെന്നും വ്യക്തമാക്കുന്നുണ്ട്. ട്രാഫിക്കിലെ ബിലാല്‍ കോളനി പോലെ ഒരു ഭീകര കേന്ദ്രമായിട്ടാണ് കൊണ്ടോട്ടി ഇവിടെ വിവക്ഷിക്കപ്പെടുന്നത്. അഥവാ, പട്ടാമ്പിയിലുള്ള ഒരു അശ്വതി അനുഭവിക്കുന്ന പീഡനത്തോളം വരില്ല കൊണ്ടോട്ടിയിലുള്ള ഒരു ഫാത്തിമ അല്ലെങ്കില്‍ ജമീല അനുഭവിക്കുന്ന പീഡനം എന്നും നിര്‍ണയിച്ചെടുക്കാം. എന്റെ ഒരു സുഹൃത്തായ മഹമൂദ് മൂടാടി അയച്ച എസ് എം എസില്‍ പറയുന്നതു പോലെ, അറബികള്‍ അസുരന്മാരും മലയാളികള്‍ ദേവന്മാരും ആണെന്ന് ഡിക്ളയര്‍ ചെയ്യുന്ന ഗദ്ദാമ 9/11നു ശേഷം ഇറങ്ങിയ ഹോളിവുഡ് സിനിമകളിലെ അറബ് വിരുദ്ധതയെ കേരളത്തിലേക്ക് പറിച്ചു നടുകയാണെന്നും പറയാതിരിക്കാനാവില്ല.

22 comments:

Unknown said...

“സുപ്രീം കോടതി ജഡ്ജിക്കു വരെ കൈക്കൂലി കൊടുത്ത് മദ്യ ശാലാ ലൈസന്‍സ് പിന്‍വാതിലിലൂടെ നേടിയെടുക്കുന്നവരും, മുപ്പതു കൊല്ലത്തിനു ശേഷം അണക്കെട്ടഴിമതിയുടെ പേരില്‍ അഴിയെണ്ണുന്നവരും, വ്യഭിചാരക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അഞ്ചു കോടിയും ആയിരം ഏക്കറും ഇല്ലാത്തതിന്റെ പേരില്‍ ബ്ളാക്ക് മെയില്‍ ചെയ്യപ്പെടുന്നവരും വിരാജിക്കുന്ന കേരളത്തില്‍ കമ്യൂണിസ്റ് പാര്‍ടിയാണ് ഏറ്റവും വലിയ അഴിമതിക്കാര്‍ എന്ന് സ്ഥാപിക്കുന്ന ട്രാഫിക്കിന്റെ വിജയം എന്തിന്റെ സൂചകമാണെന്ന് കാലം തെളിയിക്കട്ടെ.”
എന്നാണോ അതില്‍ നിന്നും മനസിലാവുന്നത്!!
എനിക്ക് അങ്ങനെയല്ല തോന്നിയത്. അഴിമതി രഹിതമെന്ന കമ്മ്യൂണിസ്റ്റ് സെറ്റപ്പിലും ഇതൊക്കെ ഉണ്ടെന്ന് ചിത്രം പറയുന്നു എന്നു വായിക്കാം. ഇക്കണക്കിനു പറഞ്ഞാല്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ ചിത്രം ന്യായീകരിച്ചു എന്നും പറയേണ്ടി വരും. കാരണം അധിനിവേശത്തിനെതിരൊന്നും ചിത്രത്തില്‍ പറയുന്നില്ലല്ലോ!!

“റെയ്ഹാന്റെ ഹൃദയം പറിച്ചെടുത്ത് അവനെ മരണത്തിലേക്ക് കുറേക്കൂടി നേരത്തെ തള്ളിവിടാന്‍ അനുവാദം കൊടുത്ത അവന്റെ മാതാപിതാക്കള്‍ ത്യാഗത്തിലൂടെ ഇസ്ളാമിന്റെ മഹാമനസ്കത ഉയര്‍ത്തിപ്പിടിച്ചു എന്ന് വരുത്തി തീര്‍ക്കുന്ന....”
അതിലും ജാതി വായിച്ചോ!!! സത്യം പറഞ്ഞാല്‍ ഇമ്മാ‍തിരി മഞ്ഞക്കണ്ണടവെച്ച പോസ്റ്റ്മോര്‍ട്ടങ്ങളല്ലേ ശരിക്കും ജാതിവിരുദ്ധം!!

“അതിഭാവുകത്വം നിറഞ്ഞതും അറബികളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ളതുമായ അവതരണം ചിത്രത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടെങ്കിലും വാണിജ്യ വിജയത്തെ അത് ബാധിക്കാനിടയില്ല.”
അപ്പോള്‍ ആടുജീവിതവും അറബികളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നുണ്ടാവുമല്ലേ!! അതിന് അവാ‍ര്‍ഡ് കൊടുത്ത കേരള സാഹിത്യ അക്കാദമിയെ പിരിച്ചുവിടണം എന്നും പറയാം. എന്തിനേയും സാമാന്യവത്കരിക്കുന്ന ഒരു ദുഷിച്ച ചിന്താഗതിയല്ലേ ഇങ്ങനെ ചിന്തിപ്പിക്കുന്നത്!

പിന്നെ ഇതൊക്കെ വായിച്ചിട്ട് ഞാന്‍ ഒരു സവര്‍ണ്ണനാണെന്നോ, ഒരു കമ്യൂണിസ്റ്റ് വിരുദ്ധനാണെന്നോ, മുസ്ലീം വിരുദ്ധനാണെന്നോ, ഗദ്ദാമയും ട്രാഫിക്കും അതുല്യ സൃഷ്ടികളാണെന്നു കരുതുന്നയാളാണെന്നോ കരുതരുതെ!! ചിലപ്പോള്‍ ആ കണ്ണടയിലൂടെ നോക്കിയാല്‍ അങ്ങനെയെ കാണൂ..

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

തോറ്റു ..സുല്ല് :(

Rajesh said...

Sorry for writing in English. In office, not much time.Kshamikkanam.

I saw Traffic on the second day of its release. When a friend asked me how it was, I told him it is different from normal Malayalam movies, but the most important scenes at the end ruins the quality which was built up until then, obviously referring to the wayward running here and there of the 2 actors in the colony scenes which were mediocre Malayalam stuff. I also told him that they have really tried to reinforce the idea that in India, it is really easy to use a minority community as the major obstruction for whatever goal, the script and director was unable to think about anything else to find a last minute thrill. The whole India will easily buy it. My friend who is a right wing Hindu activist laughed at me. He called me after the movie and said - I will agree with you about the quality of the Colony scenes, they are poor, but they didnt had anything against the Minority community.
What can I say, It is clear that the script needed a last minute thrill and is the only reason they looked for this Colony scene. I live in Kochi and I know so many people who regularly drive between Palakkad and Kochi in two and half hours. In fact I know couple of drivers who have covered Coimbatore/Kochi in less than 3 hours. We all know the time with which our late Sri K Karunakaran covered the distance betwen Guruvayoor and Thiruvananthapuram. Anyways for the sake of Cinema lets just forget all about that. Why the hell a Bilaal colony. If a congested colony was the only idea the writers could think about, then why did they not name it as Gandhi colony or Lakshamveedu colony or a Nair/Pillai colony. The lack of imagination to find a worthwhile thrill element was easily saved by bringing an anti minority idea. Whoever thinks its not, I would say are still not able to understand the sufferings of a normal Muslim in our state.

Inspite of all the advertisements and promotions, Gaddama is not a great movie. 'Perumazhakkalam' was a better star on Kamal's list. He got it really wrong in the caricaturing of most characters, so was the casting which was absolutely poor. Kamal should have taken a cue from Tamil cinema and looked for somebody, even if they were beginners, who would have suited the characters played by Kavya and Sreenivasan.

For me both Traffic and Gaddama are only films which can be considered slightly above the average mark for Malayalam movies. Just because we dont have anything to celebrate, while our neighbours are making gems like Mynaa, Aadukalam, Yudham Sei, we just celebrate our average, cliched stuff. But frankly we cant blame our directors. How many Malayaalees watch a good Malayalam movie, I am referring to movies like TD Dasan Std VI B, Aatmakadha, even Kamals Perumazhakkalam.

Rajesh said...

“റെയ്ഹാന്റെ ഹൃദയം പറിച്ചെടുത്ത് അവനെ മരണത്തിലേക്ക് കുറേക്കൂടി നേരത്തെ തള്ളിവിടാന്‍ അനുവാദം കൊടുത്ത അവന്റെ മാതാപിതാക്കള്‍ ത്യാഗത്തിലൂടെ ഇസ്ളാമിന്റെ മഹാമനസ്കത ഉയര്‍ത്തിപ്പിടിച്ചു എന്ന് വരുത്തി തീര്‍ക്കുന്ന....”
അതിലും ജാതി വായിച്ചോ!!! സത്യം പറഞ്ഞാല്‍ ഇമ്മാ‍തിരി മഞ്ഞക്കണ്ണടവെച്ച പോസ്റ്റ്മോര്‍ട്ടങ്ങളല്ലേ ശരിക്കും ജാതിവിരുദ്ധം!! -- True, Rakesh.
But this also shows your innocence in these matters. I just happened to be present during the discussion of a new TV serial project by a group of youngsters, some of them were introduced as renowned. A shocking experience, let me tell you. Not just from the major characters, but even for finding some second level technicians -these young professionals were talking about thier religion and caste. Cinema might not be exactly same as TV. But I was later told by my Brahmin friend it is even worse.
We are growing downwards into a fascit country, which could prompt Swami Vivekananda to commit suicide if he lived now. Religion and caster is every where, from politics to administration to entertainment to what not, even the ayalkkoottams in our villages are caste based.

Unknown said...

Even I hate these references of caste and religion. And I don't believe in those craps. I want myself to be know as a human being without any label.

But I was talking about bringing each and every stuff under scanner. Indeed it's not required in every case.

ദുശ്ശാസ്സനന്‍ said...

കൊള്ളാം. നന്നായിട്ടുണ്ട് വിശകലനം. തകര്‍ത്തു !!!
ഇനിയും ഇത് പോലത്തെതു എഴുതുമ്പോ അറിയിക്കണേ .. മിസ്സ്‌ ആകാതിരിക്കാനാ

BIG B said...

മമ്മൂക്ക ,ലാലേട്ടന്‍ , അല്ലെങ്കില്‍ മറ്റു താരങ്ങള്‍ ,, അല്ലെങ്കില്‍ മറ്റു സംവിധായകര്‍ ,,,,,ഇത്തരം പരിഗണനകള്‍ വെച്ചാണ് പലരും സിനിമയെ
വിലയിരുതാരുള്ളത് ...അതിനു പിന്നിലെ രാഷ്ട്രീയം ,അജണ്ടകള്‍ ആരും ചികയാന്‍ മിനക്കെടില്ല.. സ്വന്തം തന്തക്കു പറഞ്ഞാലും അത് തിരിച്ചറിയപ്പെടനമേന്നില്ല................ചില നിരൂപകര്‍ നോക്കുന്നത് holywood perfection ഉണ്ടോ ...താരങ്ങള്‍ തിളങ്ങിയോ എന്നൊക്കെ മാത്രമാണ്..
ചിത്രത്തിന്റെ സാമൂഹ്യ പാഠം നോക്കാറില്ല.. .....ആരെങ്കിലും വേറിട്ട രീതിയില്‍ അഭിപ്രായം പ്രകടിപ്പിച്ചാല്‍ ......ഹമ്മോ പേടിയാവുന്നു.. എനിയെന്തോക്കെയാ നടക്കുക ...........അബൂബക്കര്‍ അനുഭവിച്ചതാ ........!!!!!!!!1

എന്‍.പി മുനീര്‍ said...

മലയാള സിനിമയിലെ മുസ്ലീം വിരുദ്ധത നാള്‍ക്കു നാള്‍
കൂടി വരുകയാണ്..‘വിനോദം’ മാത്രം ലക്ഷ്യമാക്കിയിടുക്കുന്ന സിനിമകളില്‍ പോലും വളരെ സമര്‍ത്ഥമായി ഇസ്ലാമിക ചിഹ്നങ്ങളെയും മറ്റും ദുരുപയോഗപ്പെടുത്തുന്നത് ശ്രദ്ധയില്‍
പെട്ടുണ്ട്..’ബെസ്റ്റ് ആക്ടര്‍’ എന്ന സിനിമയില്‍
ഗുണ്ടാനേതാവിനെ കാണിക്കുമ്പോള്‍ പള്ളിയില്‍ നിന്നു
ബാങ്ക് കൊടുക്കുന്ന ശബ്ദം കേള്‍ക്കുന്നു.. അതേ പോലെ ‘കോക്ക്ടൈല്‍’ എന്ന സിനിമയിലും ഇതു പോലെ ആവര്‍ത്തിച്ചു കണ്ടു... എന്തിനാണീ തേജോവധം?

paarppidam said...

ബീമാപള്ളിക്കടുത്തോ മറ്റൊ ഒരിടത്ത് വ്യാജ സി.ഡി ഉള്‍പ്പെടെ ഉള്ള സംഗതികളില്‍ റെയ്ഡ് നടത്തുവാന്‍ പോലും പറ്റാത്ത അവസ്ഥയുള്ളതായി കേട്ടിട്ടുണ്ട് അവിടെ തിങ്ങി പ്ര്‍ക്കുന്നത് നമ്പൂതിരിമാരാണോ അതോ ദളിതരാണോ എന്ന് അറിവുള്ള ആരെങ്കിലും പറഞ്ഞുതരിക.

ബെന്യാമീന്റെ ആടുജീവിതം അങ്ങിനെയെങ്കില്‍ “അറമ്പി വിരുദ്ധതയുടെ“ നിറകുടമല്ലേ? അങ്ങിനെ ഒരു പുസ്തകത്തിനു കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയതിലൂടെ താങ്കാള്‍ഉടെ കാഴ്ചപ്പാടിലെ “അറബിവിരുദ്ധതയെ” അടിവരയിട്ട് അംഗീകരിക്കുകയല്ലേ ചെയ്തത്? അതും എം.എ ബേബി കേരളത്തിലെ സാംസ്കാരിക മന്ത്രിയായിരിക്കുമ്പോള്‍? പ്രിയ ജി.പി അബൂബക്കര്‍ എഴുതിക്കൂട്ടിയ നിരൂപണ വൈകൃതങ്ങളെ താങ്കള്‍ ഇവിടെ പിന്താങ്ങുന്നത് കഷ്ടം തന്നെ. സിനിമയേയും കഥാപാത്രങ്ങള്‍ അഭിനേതാക്കള്‍ എന്നിവരേയും വര്‍ഗ്ഗീയമായി ഇഴപിരിച്ചെടുക്കുന്നത് മാനസീക വൈകൃതമാണ്. (ക്ഷമിക്കുക പല തവണ ആവര്‍ത്തിച്ചതു തന്നെയാണിത്)

അറബികളുടെ നാട്ടില്‍ പണിയെടുത്ത് ഉണ്ടാക്കിയ പണമാണ് ഇന്ന് കേരളത്തിന്റെ പകിട്ടിന്റെ 80% ശതാമാനവും. അല്ലാതെ കമ്യൂണിസ്റ്റുകാരുടേയോ കോണ്‍ഗ്രസ്സുകാരുടേയോ ഭരണ മികവല്ല. അറബിയെ പറ്റിച്ചവരും ഉണ്ട് അറബിയാല്‍ പറ്റിക്കപ്പെട്ട പീഠിപ്പിക്കപ്പെട്ടവരും ഉണ്ട്.

കമല്‍ ചിത്രത്തില്‍ അറബികള്‍ മുഴുവന്‍ അസുരന്മാരാണെന്ന് ഒരിടത്തും കാണിക്കുന്നില്ല/പറയുന്നില്ല എന്നാണ് അറിയുന്നത്. താങ്കള്‍ ചില മാധ്യമങ്ങളെ പോലെ വിഷയത്തെ സങ്കുചിതത്വത്തിലേക്കും അത്തരം താല്പര്യങ്ങളീലേക്കും ചുരുക്കുന്നു. ഇന്ത്യന്‍ എംബസ്സികളില്‍ ഒന്ന് അന്വേഷിച്ചാല്‍ ഇത്തരം കേസുകള്‍ ധാരാളം കണ്ടെത്തുവാനാകും. ഒരു കഥയില് ഇത്തരം ഒരു വിഷയം കൈകാര്യം ചെയ്തു എന്ന് വച്ച് എല്ലാ അറബിയും അത്തരക്കാരന്‍ ആണെന്നോ എല്ലാ ഗദ്ദാമ മാരുടേയും ജീവിതം അപ്രകാരം ആണെന്നോ ആവണമെന്നില്ല‍. താങ്കളുടെ വീക്ഷണത്തിലൂടെ നോക്കിയാല്‍ ഗദ്ദാമ എന്ന കഥയ്കോ നജീബിനെ ജീവിതാനുഭവം പറഞ്ഞ ആടുജീവിതത്തിനോ ആയുസ്സില്ല.

“അതിഭാവുകത്വം നിറഞ്ഞതും അറബികളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ളതുമായ അവതരണം ചിത്രത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടെങ്കിലും വാണിജ്യ വിജയത്തെ അത് ബാധിക്കാനിടയില്ല“ താങ്കള്‍ക്ക് പ്രവാസാനുഭവം ഇല്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇത്തരം അനുഭവം ഉണ്ടായിട്ടുള്ള ആരെങ്കിലുമായി സംസാരിക്കുന്നത് വരും ലേഖനങ്ങളില്‍ പരാമര്‍ശിച്ചില്ലെങ്കിലും അറിവില്‍ സൂക്ഷിക്കുവാന്‍ നനായിരിക്കും എന്ന് കരുതുന്നു.

കമ്യൂണിസ്റ്റുകാരും, മലപ്പുറത്തുകാരും വിമര്‍ശനാതീതരോ പരാമര്‍ശിക്കപ്പെടാന്‍ പാടില്ലാത്തവരും ആണെന്ന പൊതു ബോധം ഉണ്ടാക്കിയെടുക്കുന്നത് ലളിതമായി പറഞ്ഞാല്‍ ഒരു തരം മൌലീകവാദം തന്നെ ആണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ കൈക്കൂലി വാങ്ങിക്കുന്നവരില്‍ ഇടതു യൂണിയനില്‍ പെട്ടവരും ഇല്ലേ? വയനാട്ടിലെ കളക്ടറേറ്റില്‍ വ്യാജനിയമനം നടത്തിയ വ്യക്തി ഏതു യൂണിയനില്‍ പെട്ടവന്‍ ആയിരുന്നു. അത് സിനിമയില്‍ ചിത്രീകരിക്കുമ്പോള്‍ താങ്കളെ പോലുള്ളവര്‍ എന്തു പറയും?

പി.എസ്.സിയെ നോക്കുകുത്തിയാക്കികൊണ്ട് ഇടതുപക്ഷം ഭരിക്കുമ്പോള്‍ പിന്‍‌വാതില്‍ നിയമനം നടത്തിയ്തായി ഇക്കഴിഞ്ഞ ആഴ്ച വ്യക്തമായില്ലേ? താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതും ഒരു തരത്തില്‍ പറഞ്ഞാല്‍ മറ്റുള്ളവരോട് കാണിക്കുന്ന വഞ്ചനയാണ്. എല്ലാ നിയമനവും സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളെ കൊണ്ട് മാത്രം ചെയ്യീക്കണം. മുമ്പ് യു.ഡി.ഫ് ചെയ്ത്ഇട്ടുണ്ട് എന്ന് ചില മന്ദബുദ്ധി നേതാക്കന്മാര്‍ പറയുന്നത് കേള്‍ക്കാം. ഇങ്ങനെ ആണെങ്കില്‍ മറ്റൊരു സന്ദര്‍ഭത്തില്‍ ലീഗുകാരന്‍ ഉള്‍പ്പെട്ടതായി പറയപ്പെടുന്ന ഐസ്ക്രീം പെണ്‍‌വാണിഭം പ്രസിദ്ധമല്ലേ അപ്പോള്‍ കമ്യൂണീസ്റ്റുകാരനും ആകാം എന്ന് സാമാന്യ ബോധം ഉള്ള കമ്യൂണിസ്റ്റുകാര്‍ പറയുമോ? അംഗീകരിക്കുമോ?

paarppidam said...

എന്തായാലും സിനിമയില്‍ ഫാന്‍സ് അലവലാതികളെ പുകഴ്ത്തിയതിനോട് ഞാനും ശക്തമായി പ്രതിഷേധിക്കുന്നു. മോഹന്‍‌ലാല്‍ എന്ന നടനെ കോട്ടുമിടീച്ച് കൊടും ചൂടില്‍ നടത്തിക്കുന്നതും ഉള്‍ക്കാമ്പില്ലാത്ത നിരവധിച്ചിത്രങ്ങലില്‍ അഭിനയിപ്പിക്കുന്നതും ഒരു പരിധിവരെ ഇത്തരം അലമ്പ് കൂട്ടങ്ങളെ പ്രീതിപ്പെടുത്തുവാന്‍ ആണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. കഷ്ടം. ഒന്നുകില്‍ ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ഭരത് നടനു തന്നെ പറ്റി ബോധമുണ്ടാകണം. ഏയഞ്ചല്‍ ജോണ്‍, സഗര്‍ ഏലിയ്സ് റീലോഡഡ്, വാമന പുരം ബ്സ്‌റൂട്ട്, റെഡ് ചില്ലീസ് ഇതുപോലെ ലിസ്റ്റ് നീളുന്നു. കഴിഞ്ഞ മൂന്നു നാലു വര്‍ഷത്തിനിടെ തീയേറ്റര്‍ വിജയം നേടിയ (സാറ്റ്ലൈറ്റ് റേറ്റ് വിടാം) ചിത്രങ്ങള്‍ ഒരു കൈയ്യിലെ വിരൈല്‍ എണ്ണാന്‍ പോലും തികയും എന്ന് തോന്നുന്നില്ല.

വാക്കേറുകള്‍ said...

അവൂ‍വക്കറിന്റെ ആയാലും അബ്ദുള്ളാക്കാന്റെ ആയാലും ആമാതിരി ആഖ്യാനങ്ങള്‍ ആളോള്‍ക്ക് അലോസരം ഉണ്ടാക്കാണസംഭവാണ്. ന്റെ ഗഡ്യേ ഇമ്മളീമ്മാതിരി നിരൂ “ഫണം“ വായ്ചിട്ടോന്നല്ല സില്‍മക്ക് പോണത്. സില്‍മേല്‍ സില്‍ക്ക്സ്മ്താണോ ഷക്കീലയാണോന്ന് സെക്സീന്ന് നോക്ക്യാ സീന്‍ അതിന്റെ പാട്ടിനു പോകും. എന്തായാലും സെറ്റപ്പ് പടമാണ് ട്രാഫിക്ക്. അസൂയക്കും പ്രത്യയശാസ്ത്രത്തിനും മരുന്നില്ല.

enaran said...

മലപ്പുറത്ത് കിട്ടിയില്ലെങ്കില്‍ പോട്ടെ സാറേ ദാ നാദാപുരത്ത് ഉണ്ടല്ലോ? മൂന്നു മുസ്ലീം യുവാക്കള്‍ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ചിരിക്കുന്നു. ഒരാളുടെ നില ഗുരുതരം. ഇനിയെങ്കിലും ആ പരാതി തീര്‍ന്നല്ലോ. അബൂബക്കറിന്റെ നിരൂപണവും വായിച്ചു, മറ്റൊരു മനോരോഗിയുടെ വിക്രിയയായി മാത്രമേ കാണാനാകൂ. എന്തായാലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എടുത്ത രാജേഷ് പിള്ളയുടെ ചിത്രം എത്രയോ മനോഹരമായിരിക്കുന്നു . പിള്ളയ്ക്ം തിരക്കഥാകൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍.

മാര്‍ക്കിസ്റ്റു പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറി കോടതി കയറുന്നതും അഴിമതിമതിക്കേസില്‍ തന്നെ ആണ്. പി.ശശി പുറത്തേക്ക് പോകുന്നതിന്റെ കാരണം എന്തെന്ന് ജി.പി സഖാവ് സൌകര്യപൂര്‍വ്വം മിണ്ടാതെയിരിക്കുന്നു. പി.ശശിയുടെ കേസ് പുറത്തു പറയുവാന്‍ പറ്റില്ലെങ്കില്‍ പിന്നെ കുഞ്ഞാലിക്കുട്ടിയുടെ കേസ് അയാളുടെ പാര്‍ട്ടി അന്വേഷിച്ചാല്‍ പോരെ?

jaleel said...

ഞാന്‍ സിനിമ കണ്ടു .കാണുന്നതിനു മുന്‍പ് G P യുടെ റിവ്യൂ വായിച്ചിരുന്നു. ആ ഒരു മുന്‍വിധിയോട് കൂടിയാണ് ഫിലിം കണ്ടത്.

നല്ല ഒരു സിനിമ. വഴിവിട്ട പോക്കില്‍ നിന്നും മലയാളം സിനിമയെ ലോകോത്തര സിനിമയുടെ തിരക്കുകളിലേക്ക് കാറോടിച്ചു കൊണ്ടുപോകുകയാണ് ഈ സിനിമ .

താങ്കള്‍ ചൂണ്ടി കാണിച്ച പോലെ ഭീകരമായ രീതിയിലുള്ള ഒരു ന്യൂന പക്ഷ വിമര്‍ശം ഉണ്ടെന്നു തോന്നുന്നില്ല. തീര്‍ച്ചയായും ബിലാല്‍ കോളനിയെ പരാമര്‍ശിക്കുന്നത് വേണമെങ്ങില്‍ അങ്ങനെ വായിച്ചെടുക്കാം. പക്ഷെ സിനിമയില്‍ പറയുന്നത് പോലെ , ഒരു ന്യൂന പക്ഷ കോളനി raid ചെയ്യാന്‍ ശ്രമിച്ചു police പരാജയപ്പെട്ട ഒരു സംഭവം കേരളത്തില്‍ നടന്നിട്ടുണ്ടെന്ന സത്യം മറക്കരുത്. ഒരു യഥാര്‍ത്ഥ സംഭവത്തെ പരാമര്‍ശിക്കുന്നത് ഒരു വലിയ തെറ്റൊന്നുമല്ല; പ്രത്യേകിച്ചും ഒരു ജനാധിപത്യ രാഷ്ട്രത്തില്‍.

പിന്നെ മലയാള സിനിമയുടെ പൊതുവായ ന്യൂനപക്ഷ വിമര്‍ശം ഒരു സത്യം തന്നെ ആണെന്ന് എനിക്കും അഭിപ്രായമുണ്ട്. ബോംബിവിടെ മലപ്പുറത്ത് ഇഷ്ടം പോലെ ലഭിക്കുമല്ലോ(ആറാം തമ്പുരാന്‍), മലപ്പുറത്തുണ്ടായ വര്‍ഗീയ ലഹള(വിനോദയാത്ര) എന്ന താങ്കള്‍ എടുത്തു പറഞ്ഞ സന്ദര്‍ഭങ്ങള്‍ . അവിടെയൊക്കെ ഒരു കാരണവുമില്ലാതെ ന്യൂന പക്ഷം പ്രതികള്‍ ആക്കപ്പെടുകയാണ് .

മറ്റൊന്ന് , ശ്രീനിവസെന്റെ കഥാപാത്രത്തെ നായര്‍ എന്ന് പറയുന്നത് , കേരള്തിലിന്നും ഒളിഞ്ഞും തെളിഞ്ഞും കാണുന്ന ജാതി തോന്നലുകല്‍ക്കെതിരെയുള്ള ഒരു ആക്ഷേപ ഹാസ്യം ആയിട്ടാണ് എനിക്ക് തോന്നിയത്

ശ്രീജിത് കൊണ്ടോട്ടി. said...

ഈ പോസ്റ്റിലെ പല നിരീക്ഷങ്ങളോടും വിയോജിപ്പ്‌ തോന്നിയെങ്കിലും ചിലതെല്ലാം യാഥാര്‍ഥ്യങ്ങള്‍ ആണെന്നും തോന്നി..കെ.യു. ഇക്ബാലിന്റെ കഥയാണ്‌ പ്രസിദ്ധ മലയാളം സംവിധായകന്‍ കമല്‍ ഗദ്ദാമ എന്ന പേരില്‍ സിനിമ ആക്കിയത്. സത്യത്തില്‍ സിനിമ ഇതുവരെ കണ്ടിട്ടില്ല. എന്നാലും സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയത്തെ കുറിച്ച് ഒരുവിധം ബോധ്യം ഉണ്ട്. ഞാനും ഒരു അറബിനാട്ടില്‍ ജോലി ചെയ്യുന്ന ആള്‍ ആണ്. ഞാന്‍ പരിച്ചപ്പെട്ട, സുഹൃത്തുകള്‍ ആയ അറബികള്‍ മിക്കവാറും നന്മ ഉള്ളവര്‍ ആയിരുന്നു. പക്ഷെ ചിലര്‍ക്ക് ഇവരില്‍ നിന്ന് ദുരനുഭവങ്ങളും ഉണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്. ഇവിടെ ഗദ്ദാമ എന്ന സിനിമ അറബികളെ മൊത്തം അടച്ചാക്ഷേപിക്കുന്ന ഒന്നാണ് എന്ന് ഞാന്‍ കരുതുന്നില്ല. ഒരു സ്ത്രീക്ക് പ്രത്യേക ചുറ്റുപാടുകളില്‍ അറബിയില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ആണ് ഇവിടെ ഇക്ബാല്‍ വിവരിക്കുന്നത്, എല്ലാ മനുഷ്യരിലും നല്ലവരും, ദുഷിച്ചവരും ഉണ്ട്. എല്ലാ സമൂഹത്തിലും ഇതേ അവസ്ഥ തന്നെ. ഒരു ഗദ്ദാമക്ക് ഇങ്ങനെ ക്രൂരമായ അനുഭവം ഉണ്ടായി എന്നതിനാല്‍ എല്ലാവര്‍ക്കും ഇതേ അനുഭവം തന്നെ ആയിരിക്കും എന്നും സാമന്യവല്‍ക്കരിക്കേണ്ട ആവശ്യം ഇല്ല. ആ സിനിമ കാണാതെ ഇങ്ങനെ ഒരു അഭിപ്രായം പ്രകടിപ്പിക്കുന്നത് തന്നെ ശരിയല്ല എന്നും തോന്നുന്നു. മറ്റുള്ള ഇടങ്ങളില്‍ പീഡനങ്ങള്‍, അക്രമങ്ങള്‍ എന്നിവ എല്ലാം നടക്കുന്നുണ്ട്, അവയെല്ലാം സിനിമ അടക്കം ഉള്ള ദ്രിശ്യ,ശ്രവ്യ മാധ്യമങ്ങളിലൂടെ പൊതുജനം അറിയുന്നും ഉണ്ട്, അവയെ എല്ലാം മനുഷ്യത്വപരമായ കണ്ണിലൂടെ കണ്ടു നമ്മള്‍ അപലപിക്കാറും ഉണ്ട്, അതുപോലെ തന്നെ കണ്ടാല്‍ പോരെ ഈ ഗദ്ദാമക്കുണ്ടായ അനുഭവത്തെയും, സിനിമയെയും. ഇത്തരത്തില്‍ ഉള്ള ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കേണ്ട ആവശ്യം ഉണ്ടോ ഇതിന്.. ബെന്യാമന്റെ ആടുജീവിതം എന്ന കഥക്കെതിരെയും ഇതേ വ്യാഖ്യാനങ്ങള്‍ തന്നെ നല്‍കാന്‍ ആകുമോ? അതൊരു യഥാര്‍ത്ഥ കഥ ആയിരുന്നല്ലോ. അതിലെ കഥാപാത്രം ജീവിചിരിക്കുന്നും ഉണ്ട്. എനിക്ക് തോന്നുന്നത് ഇതുപോലുള്ള ഗദ്ദാമകള്‍ ഇപ്പോഴും പലയിടത്തും ജീവിചിരിക്കുന്നുണ്ടാകും എന്നാണ്. അത് നമ്മുടെ കേരളത്തിലോ, അല്ലെങ്കില്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലോ, മറ്റു രാജ്യങ്ങളിലോ എവിടെയെങ്കിലും..! എല്ലാ മനുഷ്യരിലും ക്രൂരന്മാരും, നന്മയുള്ളവരും ഉണ്ട്. ചിലരുടെ ചില ദുരനുഭവങ്ങളെ നമുക്ക്‌ കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല.. :)

paarppidam said...

ജി.പി എന്ന നിരൂപകന്റെ നല്ല നല്ല ആസ്വാദനക്കുറിപ്പുകള്‍ക്കിടയില്‍ ഇടയ്ക്കിടെ വൈകല്യം നിറഞ്ഞ വിഷയത്തിലേക്കായി വാദങ്ങള്‍ സ്ഥാപിച്ചെടുക്കുവാന്‍ തിരഞ്ഞെടുക്കുന്ന ഉപമകള്‍ പലപ്പോഴും പാളുന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഗദ്ദാമയെയും അതുവഴി അറബികളെയും പറ്റി പറയുന്നതും.വര്‍ഗ്ഗീയ വിഷം ചീറ്റുന്നവര്‍ എഴുതുമ്പോള്‍ അത് മനസ്സിലാക്കാം എന്നാല്‍ എന്തുകൊണ്ട് ജി.പിയില്‍ നിന്നുംഇത്തരം കുറിപ്പുകള്‍ എന്നത് അല്‍ഭുതപ്പെടുത്തുന്നു. ബെന്യാമീന്റെ ആടുജീവിതം എന്ന യാദാര്‍ഥ്യം നമുക്ക് മുന്നിലുണ്ട്, അത് നിഷേധിക്കുവാന്‍ ആകുമോ? ഒരു ഒറ്റക്കയ്യന്‍ ട്രെയിന്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി ഈ യാദാര്‍ഥ്യം സിനിമയില്‍ കൊണ്ടുവന്നാല്‍ അത് എല്ലാ വികലാംഗരും അത്തരക്കാരാണെന്ന് പറഞ്ഞാല്‍ അല്ലെങ്കില്‍ അവര്‍ക്കെതിരെ ഉള്ള അജണ്ടയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? ജി.പി തന്റെ പ്രതിഭയെയും വിലപ്പെട്ട സമയത്തേയും ഇത്തരം കാര്യങ്ങളിലേക്ക് തിരിച്ചുവിടുന്നതില്‍ വിഷമം ഉണ്ട്.

പ്രാഗ്യഗ്ന്യാ സിന്നും കേണല്‍ പുരോഹിതുമെല്ലാം സാദൃശ്യ രൂപങ്ങളായി സിനിമകളില്‍ വന്നാ‍ല്‍ അതിനെ ആര്‍ക്കെങ്കിലും ഇത്തരത്തില്‍ എല്ലാ കാഷായവേഷക്കാരും പട്ടാ‍ളക്കാരും ഇത്തരക്കാര്‍ ആണെന്ന് സ്ഥാപിക്കുവാന്‍ സംവിധാകന്‍/തിരക്കഥാകൃത്ത് ശ്രമിക്കുന്നു എന്ന് കരുതാന്‍ ആകുമോ? മുംബൈ ആക്രമണത്തെ പറ്റി സിനിമയെടുത്താല്‍ അത് ഏതെങ്കിലും വിഭാഗത്തിനെതിരായുള്ള സിനിമ എന്ന് പറയുവാന്‍ ആകുമോ? കഥാപാത്രങ്ങള്‍/അവതരിപ്പിക്കുന്ന നടീനടന്മാര്‍ ഇവരെ നോക്കി വര്‍ഗ്ഗീയത ചികഞ്ഞെടുക്കണം അല്ലെങ്കില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന ഏതെങ്കിലും കഥാപാത്രത്തെ പറ്റി ഒന്നും പറയരുത് എന്ന് വാശിപിടിക്കുന്നത് എത്ര ബാലിശമാണ്. ഇത്തരം ലേഖനങ്ങള്‍ “സന്മനസ്സുള്ള മഹാന്മാരായ മതതീവ്രവാദികള്‍ക്ക്” മലയ്‍ാളക്കരയില്‍ വളരുവാന്‍ പ്രചോദനമാകില്ലേ?

മലപ്പുറത്ത് സിനിമാ തീയേറ്ററുകളില്‍ വിശാല മനസ്കാരായ ചിലര്‍ “പേന” ബോംബും മറ്റും ഇട്ടിരുന്ന കഥകള്‍ വന്നിരുന്ന കാലഘട്ടത്തിലാണെന്ന് തോന്നുന്നു ആറാം തമ്പുരാന്‍ ഇറങ്ങിയിട്ടുള്ളത്. കള്ളസാമിമാര്‍ ഇഷ്ടപോലെ ഉള്ള ഒരു നാട്ടില്‍ “ഏകല്യവനിലെ” “അമൂര്‍ത്താനന്ദ“ യെ മറക്കാനാവുമോ? “ദി കിങ്ങില്‍” പറയുന്ന പ്രകാരം കോഴിക്കോട് കലാപം ഉണ്ടായിട്ടുണ്ടോ? എന്നാല്‍ മാറാട് കലാപം ഒരു യാദാര്‍ഥ്യമല്ലേ? ഇടയ്ക്കിടെ കലുഷിതമാകുന്ന നാദാപുരത്ത് ഇപ്പോള്‍ ബോംബ് നിര്‍മ്മാണത്തിനിടെ അഞ്ചുപേര്‍ മരിച്ചിരിക്കുന്നു.

ബെഞ്ചാലി said...

ക്രൂരന്മാർ എല്ലാ ലോകത്തും ഉണ്ട്. അതിൽ ആർക്കും സംശയമില്ല. ആടുജീവിതം എന്നത് ‘ബധു‘ക്കളിലെ ഒറ്റപെട്ടവരാണ്. വിദ്യാഭ്യാസവും സംസ്കാരവും പഠിക്കാത്ത, അറിയാത്തവർ.. അവരിൽ കാടന്മാരുണ്ടാകാം. എന്നാൽ അതു പോലെയാണോ നമ്മുടെ ആളുകൾ കാടന്മാരായി കുഞ്ഞുങ്ങളെ അടിമകളാക്കി പീഡിപ്പിച്ച് കൊല്ലുന്നത്? മാസ്റ്റർ ഡിഗ്രിവരെ എടുത്തവരാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ മുഴുകുന്നത്.
ഗദ്ദാമകളേയും അതു പോലുള്ള കാരക്ടറുകളേയും പൂർണ്ണതയോടെ ചിത്രീകരിക്കാൻ ഡബിൾ സ്റ്റാർ ഡയലോഗും അത് പോലുള്ള ക്രിമിനൽ സ്വഭാവങ്ങളും കാണിക്കുക വഴി നാം അറബികളെ നന്നാക്കുകയല്ല, മലയാളി സമൂഹത്തെ മോശമാക്കുകയാണ് ചെയ്യുന്നത്. വിഭാഗീയതയും തീവ്രചിന്തകൾക്ക് തിരികൊളുത്തുന്നതിനും സിനിമകളുടെ പങ്ക് വലുതാണ്.
ജാതീയതയെ കുറിച്ചും അസഹിഷ്ണുതയെ കുറിച്ചും ചിലത് ഇവിടെ പറഞ്ഞിട്ടുണ്ട്.
സിനിമാ കഥകൾക്കുള്ളിലടങ്ങിയ ഹിഡൻ അജണ്ടകളെ ജി.പി.നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ.

7171u said...

You need to grow up, Friend and I am unfollowing from this blog.

Unknown said...

arabikal nammal malayalikalodu kaanikkunna sahishnutha polum nammal malayalikal keralatthil joli aavashyaartham varunna tamizhanmaarodum bengalikalodum kaanikkunnilla ennu ee avasaratthil naam orkendathundu...

djhn said...

സത്യം പറഞ്ഞാല്‍ ഇമ്മാ‍തിരി മഞ്ഞക്കണ്ണടവെച്ച പോസ്റ്റ്മോര്‍ട്ടങ്ങളല്ലേ ശരിക്കും ജാതിവിരുദ്ധം!!.... rakesh you said it...എന്തിലും ഏതിലും വര്‍ഗീയത കാണുന്ന ഇത്തരം ആളുകള്‍ ആണ് നമ്മുടെ നാടിന്‍റെ ശാപം . !!! ഉള്ളിലെ വിഷ കാഴചകള്‍..!! കഷ്ടം

ശ്രീക്കുട്ടന്‍ said...

രാകേഷ്,

താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍.കുറച്ചുനാളുകള്‍ക്കുള്ളിലാണ് എന്തിലും ഏതിലും ജാതിയുടെ വിഷം പുരട്ടലുകള്‍ തേയ്ച്ചുകൊണ്ട് ചിലര്‍ രംഗപ്രവേശം ചെയ്യാനാരംഭിച്ചത്.ഒരു വിനോദോപാധിയായ സിനിമയെപോലും അതു വെറുതേവിടുന്നില്ല.ട്രാഫിക്ക് എന്ന ചിത്രം എന്തു തേങ്ങയിലെ മുസ്ലീം വിരുദ്ധതയാണ് കാണിയ്ക്കുന്നത് എന്ന്‍ എനിയ്ക്കു മനസ്സിലാകുന്നില്ല.രോമകൂപത്തിന്റെ തുമ്പില്‍പോലും വര്‍ഗ്ഗീയവിഷവുമായി നടക്കുന്ന നാറികള്‍ സ്നേഹം എന്ന വികാരത്തെ കുഴിച്ചുമൂടി ചെകുത്താന്‍ ബാധിച്ച ഒരു ജനതയെ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണു.

paarppidam said...

മാധ്യമ പ്രവര്‍ത്തകനായ ഷാജഹാന്‍ എന്ന “മുസ്ലീമിനെ” കണ്ണൂരില്‍ ആക്രമിച്ചതും..“ഇതു കണ്ണൂരാണെന്ന് ..... “ഓര്‍മ്മപ്പെടുത്തിയതും” “സാംസ്കാരിക” കേരളത്തിലാണ്.
വ്യക്തിയെന്ന നിലയില്‍ അയാളെ തൊഴില്‍ ചെയ്യുന്നതില്‍ തടസ്സപ്പെടുത്തുകയും അതോടൊപ്പം ഒരു മാധ്യമപ്രവര്‍ത്തകന്‍ ( എന്തിലും ന്യൂനപക്ഷ പീഠനം എന്ന് വ്യഖ്യാനിക്കുവാന്‍ താല്പര്യം പ്രകടിപ്പിക്കണവര്‍ക്ക് വേണമെങ്കില്‍ മുസ്ലീം മാധ്യമപ്രവര്‍ത്തകന്‍ എന്നും ചുരുക്കാം) എന്ന നിലയില്‍ അയാള്‍ നല്‍കുന്ന വാര്‍ത്ത അറിയുവാന്‍ ഉള്ള പൊതു സമൂഹത്തിന്റെ അവകാശത്തെ തടയുകയും കൂടെയല്ലേ ചെയ്തത്?

ഷാജഹാനെയും, ഷാഹിനയേയും ഒക്കെ കേവലം ഒരു മതത്തിന്റെ പ്രധിനിധാനമായി കാണുവാന്‍ ഒരിക്കലും എനിക്ക് താല്പര്യം ഇല്ല.

SANTHAN said...

കേരളത്തില്‍ അധികം കേട്ടു കേള്‍വിയില്ലാത്ത സംഭവം ഉണ്ടായത് മലപ്പുറം ജില്ലയിലാണ് . മദ്യപിച്ച് മദോന്മത്തരായ മലപ്പുറം ജില്ലയിലെ നാലു ചെറുപ്പക്കാര് അതും മദ്യം ഹറാമായി കണക്കാന്ന വിഭാഗക്കാര്‍ എന്നത് പ്രത്യേകം ശ്രദ്ധിക്കുക, വഴിയരികില്‍ ബസ്സുകാത്തുനില്‍ക്കുകയയിരുന്ന ഭാര്യയും, ഭര്‍ത്താവും അനിയത്തിയുമടങ്ങുന്ന ഫാമിലിയെ ആക്രമിച്ച് പെണ്ണുങ്ങളെ തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമിച്ചത് അടുത്ത കാലത്താണ്.

കമല്‍ സംവിധാനം ചെയ്ത ഗദ്ദാമ ഗള്‍ഫ് രാജ്യങ്ങളില്‍ നിരോധിച്ചിരിക്കുന്നു എന്ന വാര്‍ത്ത ആഹ്ലാദം പകര്‍ന്നുകാണും ഇവിടെ പലര്‍ക്കും. ചില യാദാര്‍ഥ്യങ്ങള്‍ കടന്നുവരുന്ന സിനിമയായിരുന്നു അത്.
ബീമാപ്പള്ളിയ്ക്കു സമീപം ഉള്ള അനധികൃത കച്ചവട കേന്ദ്രങ്ങളും നമ്മുടെ നാട്ടിലാണ്. അവിടെ റെയ്ഡ് നടത്തുവാന്‍ ചില ബുദ്ധിമുട്ടുകള്‍ ഉള്ളതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നല്ലോ, ഒരു പക്ഷെ ട്രാഫികില്‍ പ്രചോദനമായത് ആ സംഭവം ആണെങ്കിലോ? കൊമേഴ്സ്യല്‍ ചേരുവയെന്ന നിലയില്‍ ഇത്തരം പല ഘടകങ്ങളും ഉണ്ടാകും. ഇന്നലെ സൂര്യ ടിവിയില്‍ കാണിച്ച എന്‍.എച്ച് 14 എന്ന സിനിമയില്‍ വില്ലന്മാര്‍ എല്ലാം സവര്‍ണ്ണര്‍ ആയിരുന്നു. കൊല്ലപ്പെട്ടത് സുകുമാരന്‍ അവതരിപ്പിച്ച റഹീം എന്ന കഥാപാത്രവും.