1965ലെ ഇന്തോ പാക്ക് യുദ്ധത്തിനു ശേഷം ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനില്‍ വാണിജ്യ റിലീസ് ചെയ്യാറില്ല. കറാച്ചിയില്‍ വര്‍ഷം തോറും നടക്കാറുള്ള കാര ഫിലിം ഫെസ്റിവല്‍ പോലുള്ള മേളകളില്‍ മറ്റ് വിദേശ സിനിമകള്‍ക്കൊപ്പം ഇന്ത്യന്‍ സിനിമകളും കാണിക്കാറുണ്ടെങ്കിലും അത് സാമാന്യ പ്രേക്ഷകരിലേക്കെത്തില്ലല്ലോ. 2003ല്‍ നടന്ന മൂന്നാമത് കാര മേളയില്‍ പ്രസിദ്ധ ബോളിവുഡ് സംവിധായകനായ മഹേഷ് ഭട്ട് അദ്ദേഹത്തിന്റെ പാപ് എന്ന സിനിമയുമായെത്തിയിരുന്നു. ബോളിവുഡിലെ മസാല സിനിമകളുടെ വക്താവും പ്രയോക്താവുമായിരിക്കെ തന്നെ കടുത്ത ഫാസിസ്റ് വിരുദ്ധന്‍, യുദ്ധ വിരുദ്ധന്‍, ഇന്തോ-പാക്ക് സൌഹൃദ സൊസൈറ്റി പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തിത്വം തെളിയിച്ചിട്ടുള്ള വ്യത്യസ്തനാണ് മഹേഷ് ഭട്ട് എന്നത് എടുത്തു പറയേണ്ടതാണ്. ഇന്ത്യാ വിഭജനത്തിനു മുമ്പ് ഒരേ സിനിമയുടെ പ്രേക്ഷകരായിരുന്നവരാണ് ഇന്ത്യക്കാരും പാക്കിസ്ഥാനികളും. രാജാ ഹരിശ്ചന്ദ്രയില്‍ നിന്നാരംഭിക്കുന്നത് ഇന്ത്യന്‍ സിനിമയുടെ മാത്രമല്ല, പാക്കിസ്ഥാനി സിനിമയുടെ കൂടി ചരിത്രമാണ്. ഒരേ തരം ഭാഷകളും ഒരേ തരം സംസ്ക്കാരങ്ങളും ഒരേ തരം സാമ്രാജ്യത്വ ഭൂതകാലവും ഒരേ തരം ഭൂപ്രദേശങ്ങളും ഒരേ തരം കാലാവസ്ഥകളും പങ്കിടുന്ന ഇന്ത്യക്കും പാക്കിസ്ഥാനും തമ്മില്‍ സിനിമ എന്ന ഇരുപതാം നൂറ്റാണ്ടിന്റെ മഹത്തായ മാധ്യമം പങ്കിടാനാവുന്നില്ല എന്നത് കഷ്ടം തന്നെയാണ്. 1990ല്‍ 750ലധികം സിനിമാ തിയറ്ററുകളുണ്ടായിരുന്ന പാക്കിസ്ഥാനില്‍ 2002 ആയപ്പോഴേക്കും അത് 175ഓളമായി കുറഞ്ഞു. നിലവിലുള്ള തിയറ്ററുകളുടെ സ്ഥിതിയാകട്ടെ പരമ ദയനീയമാണു താനും. 2002ല്‍ തന്നെയാണ് പാക്കിസ്ഥാനിലെ ആദ്യത്തെ മള്‍ട്ടിപ്ളെക്സ് കറാച്ചിയില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. രാജ്യത്താകമാനം മള്‍ട്ടിപ്ളെക്സ് ചെയിനുകള്‍ പണിതുയര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സിനിപാക്സ് എന്ന കമ്പനി കറാച്ചിക്കു പുറമെ ലഹോര്‍, ഇസ്ളാമാബാദ്, ഫൈസലാബാദ്, ഗുജ്റാന്‍വാല, മുല്‍ത്താന്‍, ഹൈദരാബാദ് എന്നീ നഗരങ്ങളിലെല്ലാമായി 120 സ്ക്രീനുകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്.
എന്നാല്‍, പാക്കിസ്ഥാന്‍ വിനോദ വ്യവസായം നേരിടുന്ന പ്രധാന പ്രശ്നം, മള്‍ട്ടിപ്ളെക്സുകള്‍ അടക്കമുള്ള ഈ തിയറ്ററുകളില്‍ കാണിക്കാനാവശ്യമായത്ര സിനിമകള്‍ ലഭ്യമല്ല എന്നതാണ്. അതോടൊപ്പം, തികച്ചും വ്യക്തമായ കാരണങ്ങളാല്‍ പാക്കിസ്ഥാനികള്‍ക്ക് ഇഷ്ടമായ ബോളിവുഡ് സിനിമ കഴിഞ്ഞ നാല്‍പത്താറു വര്‍ഷമായി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നില്ല എന്നതും അതിഗുരുതരമായ പ്രശ്നമാണ്. ശത്രു രാജ്യങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയിലും പാക്കിസ്ഥാനിലും സമാധാനവും സൌഹാര്‍ദ മനോഭാവവും പരസ്പര വിശ്വാസവും ഉറപ്പുവരുത്താന്‍ ക്രിക്കറ്റു കളിക്കുകയും മുഖ്യ ഭരണാധികാരികള്‍ സ്റേഡിയത്തിലൊന്നിച്ചിരുന്ന് കളി കാണുകയും ഇടവേളകളില്‍ ചര്‍ച്ച നടത്തുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കില്‍ ഏറ്റവും ജനപ്രിയമായ മാധ്യമ-കലാ-വ്യവസായമായ സിനിമക്കു മാത്രം എന്തിനാണ് ഈ അസ്പൃശ്യത കല്‍പ്പിച്ചിരിക്കുന്നത് എന്ന ചോദ്യമാണ് സമാധാന വാദികള്‍ ഉയര്‍ത്തുന്നത്. ബോര്‍ഡര്‍, സര്‍ഫറോഷ്, റോജ പോലുള്ള; പാക്കിസ്ഥാനി വിരോധവും മുസ്ളിം വിരോധവും പ്രകടമാക്കുന്ന നിരവധി സിനിമകള്‍ ഇന്ത്യയില്‍ ഇറങ്ങുകയും വിജയം വരിക്കുകയും ചെയ്യുന്നുണ്ടെന്നത് വസ്തുതയാണ്. അത്തരം യുദ്ധപ്രേരിതവും വിദ്വേഷജനകവുമായ സിനിമകള്‍ ഒഴിവാക്കുന്നതിന് സെന്‍സര്‍ഷിപ്പ് അടക്കമുള്ള എന്തെങ്കിലും ക്രമീകരണങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍, നീണ്ട നാല്‍പത്തഞ്ചു വര്‍ഷമായിട്ടും ലോകത്തിലെ രണ്ടാമത്തെ ശക്തമായ സിനിമാ വ്യവസായമായ ബോളിവുഡിന് അതിന്റെ പ്രിയ ഉപഭോക്താക്കളായ പാക്കിസ്ഥാനില്‍ പ്രവേശനം കിട്ടുന്നില്ല എന്നത് കഷ്ടം തന്നെയാണ്.
പക്ഷെ, സിനിമയുടെ മഹത്തായ സ്നേഹ-സാഹോദര്യ-സമാധാന ദൌത്യം ഈ നിരോധനം മൂലം ഇല്ലാതാവുന്നില്ല എന്നതാണ് ഏറ്റവും ശുഭോദര്‍ക്കമായ കാര്യം. അനുപമ ചോപ്ര എഴുതിയ കിംഗ് ഓഫ് ബോളിവുഡ്-ഷാറൂഖ് ഖാന്‍ ആന്റ് ദ സെഡക്റ്റീവ് വേള്‍ഡ് ഓഫ് ഇന്ത്യന്‍ സിനിമ (ബോളിവുഡിലെ രാജാവ്- ഷാറൂഖ് ഖാനും ഇന്ത്യന്‍ സിനിമയുടെ മോഹിതലോകവും -വാര്‍ണര്‍ ബുക്ക്സ് 2007)എന്ന പുസ്തകത്തിന്റെ ഒമ്പതാമത്തെ പേജിലെ ഒരു ഖണ്ഡിക ഇപ്രകാരം പരിഭാഷപ്പെടുത്താം. പാക്കിസ്ഥാനില്‍, ബോളിവുഡിന് വിലക്കപ്പെട്ടതിന്റെ അതിവൈകാരിക കമ്പനം എന്ന സ്ഥാനമാണുള്ളത്. 1965ല്‍ നടന്ന രണ്ടാമത് ഇന്തോ-പാക്ക് യുദ്ധത്തിനു ശേഷം, ഇന്ത്യന്‍ സിനിമകള്‍ ഇറക്കുമതി ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്. പക്ഷെ എവിടെ നോക്കിയാലും ബോളിവുഡ് തരംഗം ദൃശ്യമാണ്. റിലീസ് ദിവസം തന്നെ ഏറ്റവും പുതിയ സിനിമകളുടെ കള്ളപ്പകര്‍പ്പുകള്‍ വ്യാപകമായി ലഭ്യമാകും. പ്രാദേശിക ഭാഷയിലുള്ളതും ഇംഗ്ളീഷിലുള്ളതുമായ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ഈ പുതിയ ബോളിവുഡ് സിനിമകളുടെ നിരൂപണങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. റേഡിയോ പാക്കിസ്ഥാന്‍ ഹിന്ദി സിനിമാ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യാറില്ലെങ്കിലും; ബോളിവുഡിലെ പുതിയ ഹിറ്റ് നമ്പറുകളും നൃത്തങ്ങളും ഫാഷനുകളും താരങ്ങളുടെ ഗോസിപ്പുകളും ആരാധകര്‍ക്ക് കാണാപ്പാഠമാണ്. കറാച്ചിയിലെയും ലഹോറിലെയും തെരുവോരങ്ങളിലെ കൂറ്റന്‍ പരസ്യപ്പലകകളില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനായുള്ള പരസ്യങ്ങളില്‍ ഷാറൂഖ് ഖാന്റെ പടുകൂറ്റന്‍ ഫ്ളക്സുകള്‍ നിരന്നു നില്‍ക്കുന്നു. ഷാറൂഖ് ഖാന്റെ പെഷാവറിലുള്ള പൈതൃക ഗൃഹം ടൂറിസ്റുകളുടെ ഒരു സന്ദര്‍ശകകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. ചലച്ചിത്രകാരനായ മഹേഷ്ഭട്ട് അഭിപ്രായപ്പെട്ടതുപോലെ; ഇന്ത്യയുമായി ഒരു യുദ്ധത്തിന് പാക്കിസ്ഥാനികള്‍ ആഗ്രഹിക്കാത്തതിന്റെ പല കാരണങ്ങളിലൊന്ന് ഷാറൂഖ് ഇന്ത്യയിലാണ് താമസിക്കുന്നത് എന്നതാണ്.
കാര്യങ്ങള്‍ ഇനി ഈ വഴിക്കൊന്ന് വിശദമാക്കി നോക്കുക. പാക്കിസ്ഥാനില്‍ ഇപ്പോള്‍ ജീവിക്കുന്ന സാധാരണക്കാരുടെ, ബോളിവുഡ് സിനിമയോടുള്ള ഭ്രമം കൊണ്ട്; സാമാന്യമായി അതുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വ്യവസായ-വാണിജ്യ-സര്‍ക്കാര്‍ മേഖലകള്‍ക്ക് യാതൊരു പ്രയോജനവുമില്ല. അതായത്; ബോളിവുഡ് സിനിമാ നിര്‍മാതാക്കള്‍, സംവിധായകര്‍, അഭിനേതാക്കള്‍, മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍, ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള ചലച്ചിത്ര വിതരണക്കാര്‍, കയറ്റുമതിക്കാര്‍, ഓഡിയോ/വീഡിയോ സിഡി/ഡിവിഡി വില്‍പനക്കാര്‍, പാക്കിസ്ഥാനിലെ തിയറ്ററുടമകള്‍, ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സര്‍ക്കാരുകള്‍ എന്നിവര്‍ക്കൊന്നും തന്നെ നയാപൈസ വരുമാനമോ ലാഭമോ നികുതിയോ ഈ സിനിമാഭ്രമം കൊണ്ട് ലഭിക്കുന്നില്ല. ആകെ വാണിജ്യ വിജയമുള്ളത്, പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും വ്യാജ സിഡി കോപ്പിയടിക്കാര്‍ക്കും വിതരണക്കാരായ പെട്ടിക്കടക്കാര്‍ക്കുമാണ്. അതായത്, തികച്ചും വാണിജ്യ ഉത്പന്നമായ ബോളിവുഡ് മസാല സിനിമ കൊണ്ട്, മുതല്‍മുടക്ക്/ലാഭം/നികുതി എന്നീ വരുമാന ലഭ്യതകളുണ്ടാകേണ്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കമ്പനികള്‍ക്കും അതൊട്ടും തന്നെ ഇല്ലാതിരിക്കുന്ന രാജ്യാന്തരവും നിയമവിരുദ്ധവുമായ ഒരു പ്രതിഭാസം അഥവാ പ്രക്രിയയിലൂടെ, രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം കുറച്ചു കാലത്തേക്കെങ്കിലും നീട്ടിവെക്കപ്പെടുന്നു എന്നത് എത്രമാത്രം ആശ്വാസകരമാണ്! സ്വകാര്യ/ഔദ്യോഗിക തലത്തിലുള്ള ഈ ഘടകങ്ങള്‍ക്ക് ലഭ്യമാവുന്ന കോടികള്‍ ലഭ്യമായാലും അവരത് തിരിച്ചു ചിലവഴിച്ചാലും സാധ്യമാവാന്‍ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് സമാധാന വാഴ്ച എന്നതും ശ്രദ്ധിക്കേണ്ടതാണ്.
കലയുടെ നിര്‍വചനങ്ങളിലൊന്ന്, അത് സര്‍ഗാത്മകമായ നിയമലംഘനമാണ് അഥവാ സര്‍ഗാത്മകതയുടെ നിയമലംഘനം ആണെന്നാണ്. ഭാഷയുടെയും വ്യാകരണത്തിന്റെയും ആവിഷ്ക്കാരത്തിന്റെയും സൌന്ദര്യ സങ്കല്‍പങ്ങളുടെയും നിയമങ്ങള്‍ രൂപപ്പെടുന്നതിനു പുറകെ തന്നെ അവ ലംഘിക്കപ്പെടുമ്പാഴാണ് പുതിയ സാഹിത്യം, കല, ഭാവുകത്വം എന്നിവ സൃഷ്ടിക്കപ്പെടുന്നത് എന്നത് കലാ ചരിത്രത്തിലെ ഒരു നിത്യ യാഥാര്‍ത്ഥ്യമാണ്. സദാചാര-കുടുംബ-സമൂഹ നിയമങ്ങളും പലപ്പോഴും മാറ്റിയെഴുതുന്നത്, കലയിലും സാഹിത്യത്തിലും ഉയര്‍ന്നു വരുന്ന നിയമലംഘനങ്ങളുടെ പ്രേരണയാലാണ് എന്നതും ചരിത്രവസ്തുതയാണ്. ഇവിടെ സംഭവിക്കുന്നത് പക്ഷെ, കലാപരമോ സര്‍ഗാത്മകമോ ഭാവുകത്വപരമോ ആയ ഒരു നിയമലംഘനമല്ല. തികച്ചും സാങ്കേതികവും നിയമപരവും വാണിജ്യ പരവുമായ ഒരു നിയമലംഘനം. ആ നിയമലംഘനം തന്നെ ഡിജിറ്റല്‍ സാധ്യതകളിലൂടെ നിയന്ത്രണാതീതമായ രൂപത്തില്‍ ലോകത്തെങ്ങും വ്യാപിച്ചിരിക്കുകയുമാണ്. ഈ വ്യാപനത്തെ ഡിജിറ്റല്‍ പൂര്‍വമായ അഥവാ അനലോഗിലുള്ള നിയമങ്ങള്‍ കൊണ്ടോ പരിഹാര സാധ്യതകള്‍ കൊണ്ടോ നേരിടാനാവില്ല എന്ന യാഥാര്‍ത്ഥ്യത്തെയും നാം അഭിമുഖീകരിച്ചേ മതിയാവൂ. പല തരത്തിലുള്ള തിരിഞ്ഞു നോട്ടങ്ങളും വീണ്ടു വിചാരങ്ങളും നടത്താന്‍ ഈ നിയമലംഘനവും അതിന്റെ പശ്ചാത്തലങ്ങളും നമ്മെ പ്രേരിപ്പിക്കേണ്ടതുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഡിജിറ്റല്‍ കാലഘട്ടത്തിന്റെ സാധ്യതകളും പരിമിതികളും, മുമ്പ് നിലനിന്നിരുന്ന വാണിജ്യ സാധ്യതകളെയും ലാഭങ്ങളെയും പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്തേക്കുമെന്ന യാഥാര്‍ത്ഥ്യം നാം കണ്ണടച്ചതു കൊണ്ട് ഇല്ലാതാവുകയില്ല. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ വിസ്ഫോടനം തുറന്നു വിട്ട ആ സാധ്യതകളെ, എല്ലാവരും ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. ബോളിവുഡ് സിനിമകളുടെ കള്ളപ്പകര്‍പ്പുകള്‍ പെട്ടിക്കടകള്‍ വഴിയും ഇന്റര്‍നെറ്റ് ഡൌണ്‍ലോഡിംഗ് വഴിയും പാക്കിസ്ഥാനില്‍ പ്രചരിക്കുന്നത്, യുദ്ധ വിരുദ്ധ പ്രസ്ഥാനത്തെ സഹായിക്കുന്നുണ്ടെന്ന നിരീക്ഷണം വാസ്തവമാകാന്‍ തന്നെയാണ് സാധ്യത. വ്യാജ സി ഡി മാത്രമല്ല, ഫാന്‍സ് അസോസിയേഷന്‍ പോലുള്ള മറ്റൊരു സാമൂഹ്യ 'അനൌചിത്യ'ത്തെയും നാം ഈ ഘട്ടത്തില്‍ സ്വാഗതം ചെയ്യേണ്ടി വരും. ഷാറൂഖ് ഖാന്റെ പാക്കിസ്ഥാനിലുള്ള ആരാധകവൃന്ദങ്ങള്‍ എത്ര കണ്ട് സംഘടിതരാണെന്നറിയില്ല.
സംഘടിതരാണെങ്കിലും അല്ലെങ്കിലും അവരുടെ മനോഭാവം നേരത്തെ വ്യക്തമാക്കിയതു പോലെ, ഷാറൂഖ് ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രാജ്യമായ ഇന്ത്യയുമായി ഒരു സംഘര്‍ഷം തങ്ങളുടെ രാജ്യത്തിനുണ്ടാവരുത് എന്ന വികാരം അവരെ നയിക്കുന്നു എന്നത് എത്ര മാത്രം ആശ്വാസകരമാണ്. വേഷ ധാരണങ്ങളിലും ഇതിവൃത്ത പരിചരണങ്ങളിലും ജനവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ മാതൃകകള്‍ കൊണ്ടാടുന്ന അതേ ബോളിവുഡ് തന്നെയാണ് ഈ ധര്‍മം നിര്‍വഹിക്കുന്നതെന്ന വൈരുദ്ധ്യവും നാം കാണാതിരിക്കേണ്ടതില്ല. തങ്ങള്‍ പങ്കിടുന്ന ഒരു സാംസ്കാരിക ഭൂതകാലത്തിലേക്ക് സഞ്ചരിക്കാന്‍ ഇന്ത്യയിലും പാക്കിസ്ഥാനിലും പുറത്തുമായി ചിതറിക്കിടക്കുന്ന ദക്ഷിണേഷ്യന്‍ സമുദായങ്ങള്‍ക്ക് ബോളിവുഡ് പ്രേരിതമാവുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സിനിമാ വണിക്കുകളും ഈ വ്യാജ സി ഡി പ്രളയത്തില്‍ നിരാശപ്പെടേണ്ടതില്ല. കാരണം, ബോളിവുഡിനോട് പാക്കിസ്ഥാനികള്‍ക്കുള്ള ഭ്രമം തുടര്‍ച്ചയോടെ നിലനിര്‍ത്താന്‍ ഈ പ്രവണത ഏറെ സഹായകരമാണ്. അടുത്ത വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഇന്തോ - പാക്കിസ്ഥാന്‍ ഔദ്യോഗിക ചര്‍ച്ചകളില്‍ ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനില്‍ വാണിജ്യ റിലീസിംഗും തിയറ്റര്‍ പ്രദര്‍ശനവും പുനരാരംഭിക്കണം എന്ന ആവശ്യം ഉയര്‍ന്നു വരാനും നിരവധി ആലോചനകള്‍ക്കു ശേഷം അംഗീകരിക്കപ്പെടാനും സാധ്യതയുണ്ട്. ഈ തീരുമാനം പ്രാവര്‍ത്തികമാകുകയാണെങ്കില്‍, ഹിന്ദി സിനിമയെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യാന്‍, ആവേശഭരിതരായ ഒരു പ്രേക്ഷകവൃന്ദത്തെ പാക്കിസ്ഥാനില്‍ സ്ഥിരതയോടെ ബോളിവുഡിനാവശ്യമുണ്ട്. അത് നിലനിര്‍ത്തുന്നത് ഈ വ്യാജ സിഡി ഉപഭോഗമായിരിക്കുമെന്നതുറപ്പാണ്.
3 comments:
നല്ല വിഷയം.
വ്യാജ സിഡികളും, ഡി.വി.ഡി.കളും പാക്കിസ്ഥാനിലായാലും, ഇന്ത്യയിലായാലും, ലോകത്തെവിടെയെല്ലാമായാലും അത് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. നിര്‍മ്മാതാക്കളുടെ അമിത ലാഭേഛയാണ് വ്യാജന് സമൂഹത്തില്‍ ഇടം നല്‍കുന്നത് എന്നതിനാല്‍ വ്യാജ സിഡികള്‍ക്കും, ഡിവിഡി കള്‍ക്കും അറിവുകളുടേയും സംസ്ക്കാരത്തിന്റേയും വ്യാപനത്തില്‍ മാനവികമായ കര്‍ത്തവ്യമാണ് അനുഷ്ടിക്കാന്‍ ഭാഗ്യം സിദ്ധിക്കുന്നത്.
വ്യാജ സിഡികള്‍, വ്യാജ ഡിവിഡികള്‍, നെറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ട സിനിമ, സാഹിത്യം,കല,ശാസ്ത്രജ്ഞാനം എന്നിവയെല്ലാം പുണ്യാളന്മാരുടെ അത്ഭുതപ്രവര്‍ത്തികളെപ്പോലെ ആദരണീയ മഹനീയ പ്രവര്‍ത്തനങ്ങളാകുന്നു.
നിയമം, അധികാരം, മറ്റുവികാരങ്ങൾ എന്നിവകൊണ്ട് എത്രയൊക്കെ തടഞ്ഞാലും കലയുടെ-കലാസ്വാദനത്തിന്റെ പ്രവാഹം തടയാനാവില്ല. ഇതിനെ വ്യാജനെന്നല്ല ഒറിജിനൽ എന്നു പറയണം. കാരണം അതു നൽകുന്നത് സത്യസന്ധമായ കലാസ്വാദനമാണല്ലോ. ഒറിജിനൽ എന്നു പറയപ്പെടുന്നവ സാമ്പത്തിക പ്രവർത്തനം മാത്രമേ നിർവഹിക്കുന്നുള്ളൂ.
(കർക്കടകത്തിൽ ചേന കട്ടിട്ടായാലും തിന്നിരിക്കണം എന്ന അറിവ് കേരളീയർക്കെങ്കിലുമുണ്ടല്ലോ)
@S.V.Ramanunniയുടെ കമന്റില്‍ ദാര്‍ശനികതയും യാഥാര്‍ത്ഥ്യബോധവും കലശലായുണ്ട്. താങ്കളുടെ കമന്റ് “ബസ്സില്‍” റിഷെയര്‍ ചെയ്യുന്നു. (ബസ്സില്‍ നേരത്തെതന്നെ ജി.പി.രാമചന്ദ്രന്റെ പോസ്റ്റിന്റെ ലിങ്കും ചിത്രകാരന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്)“ബസ്സ് യാത്രക്കാര്‍ക്ക്” പൊതുവെ ഉള്‍ക്കൊള്ളാനാകാത്ത പിലോസഫിയാണെങ്കിലും ചിലരുടെ കമന്റുകള്‍ രസകരമാണ് :) ബസ്സിലെ ലിങ്ക് ഇവിടെ
Post a Comment