Saturday, November 19, 2011

ഞങ്ങടെ പോലീസ് ഞങ്ങളെ തല്ല്യാല്‍ നിങ്ങക്കെന്താ?

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍ കലാമിനെ ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ വെച്ച് കഴിഞ്ഞ സെപ്തംബര്‍ 29ന് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വസ്ത്രമഴിച്ച് ദേഹപരിശോധന നടത്തി അപമാനിച്ച സംഭവം തീര്‍ത്തും ലജ്ജാകരവും അപലപനീയവുമാണ്. ബന്ധപ്പെട്ടവര്‍ ഈ സംഭവം മൂടിവെച്ചെങ്കിലും മൂന്നു നാലാഴ്ചക്കകം വിവരം പുറത്തു വന്നു. എന്നാല്‍, ഇന്ത്യാ സര്‍ക്കാര്‍ ഇത് കണ്ടില്ലെന്നു നടിക്കുകയാണ് നല്ലത് എന്ന വിധത്തില്‍ ശബ്ദം താഴ്ത്തി, വാതിലടച്ചുള്ള പ്രതികരണം നടത്തി ഒളിക്കാന്‍ ശ്രമിക്കുകയാണെന്നത് അതിലേറെ അപമാനകരമായ സംഭവമായിരിക്കുന്നു. അമേരിക്കയുടെ പാദസേവകരായ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇന്ത്യയിലെ മുഖ്യഭരണാധികാരികള്‍ എന്ന ആരോപണം ശരിവെക്കുന്ന വിധത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പെരുമാറ്റം. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള അടിമ മനോഭാവം കാരണമാണ് ലോക പ്രശസ്തനായ ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധന്‍ കൂടിയായ കലാമിന് ഈ അപമാനം സഹിക്കേണ്ടിവരുന്നത്. 2009ല്‍ ന്യൂദില്ലി വിമാനത്താവളത്തില്‍ വെച്ചു തന്നെ അമേരിക്കന്‍ വിമാനക്കമ്പനിയായ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സുകാര്‍ കലാമിനെ ദേഹപരിശോധന നടത്തി അഭിമാനക്ഷതം ഏല്‍പ്പിച്ചിരുന്നു. മുന്‍ രാഷ്ട്രപതിയെന്ന നിലയില്‍; ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ പട്ടിക പ്രകാരം ഇന്ത്യയില്‍ സുരക്ഷാപരിശോധനകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരിലൊരാളാണ് കലാം എന്നിരിക്കെയായിരുന്നു അന്ന് ഈ നാണം കെട്ട പരിശോധന. അത്, കലാമടക്കം ഇന്ത്യന്‍ ഭരണാധികാരികള്‍ കഴിയാവുന്നത്ര മറച്ചു വെച്ചു. അമേരിക്കയുടെ മുമ്പില്‍ നാണം കെട്ടിഴയുന്ന ഭരണാധികാരികളും പൊതുബോധവുമാണ് ഇന്ത്യയിലുള്ളത് എന്നതുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്. ആ തെറ്റ് അന്ന് തിരുത്താതിരുന്നതിനാലാണ് വീണ്ടും ഈ അപമാനം കലാമിന് സഹിക്കേണ്ടി വന്നത്.

ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധനായ കലാം ലോക/ദേശീയ രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ച് മിക്കപ്പോഴും കുറ്റകരമായ അജ്ഞതയാണ് നടിക്കാറുള്ളത്. അത് അദ്ദേഹത്തെ തീവ്ര പ്രതികരണത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിക്കുക മാത്രമല്ല, ചെയ്തത്. പുറമേക്ക് ദേശസ്നേഹം നടിക്കുകയും ആഗോളവത്ക്കരണ-ഉദാരവത്ക്കരണ നടപടികള്‍ അതിവേഗം നടപ്പിലാക്കുകയും ചെയ്യുന്ന സംഘപരിവാറിനും ദേശ-വിദേശ കുത്തകകള്‍ക്ക് ഓശാന പാടുന്ന കോണ്‍ഗ്രസിനും ഒരേ സമയം ഓമനയായിരിക്കുകയും ചെയ്യുന്നതിലൂടെയായിരുന്നു കലാമിന്റെ നിഷ്പക്ഷ വ്യക്തിത്വം രാഷ്ട്രപതി/മുന്‍ രാഷ്ട്രപതി എന്നീ വിതാനങ്ങളിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഇത്തരത്തിലുള്ള അജ്ഞതയും ഒഴിഞ്ഞുമാറലുകളും പക്ഷെ, ഇന്ത്യക്കാരന്‍, മുസ്ളിം എന്നീ പ്രതിനിധാനങ്ങളിലൂടെ ഒരാള്‍ കടന്നു പോവേണ്ട സംശയത്തിന്റെയും അപമാനത്തിന്റെയും കടമ്പകളില്‍ നിന്ന് അദ്ദേഹത്തെ രക്ഷിച്ചെടുത്തതുമില്ല.

9/11നു ശേഷം അമേരിക്കയില്‍ വര്‍ദ്ധിച്ചുവന്ന മുസ്ളിംഭീതിയുടെ പശ്ചാത്തലത്തില്‍, കമല്‍ഹാസന്‍ അമേരിക്കന്‍ പര്യടനത്തിനായി വിമാനമിറങ്ങിയപ്പോള്‍ സമ്പൂര്‍ണ വസ്ത്രാക്ഷേപമടക്കമുള്ള പരിശോധനക്ക് വിധേയമാകുകയുണ്ടായി. തെന്നിന്ത്യന്‍ സിനിമയുടെ അഭിമാനതാരമായ കമല്‍ഹാസനെ, ഉലകനായകന്‍ അഥവാ യൂണിവേഴ്സല്‍ ഹീറോ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. കമല്‍ ഹാസനെ അപമാനിക്കുമ്പോള്‍ ആ അപമാനം എല്ലാ ഇന്ത്യക്കാര്‍ക്കും മേല്‍ ചൊരിയപ്പെടുന്നു. കലാമിന്റെ കാര്യത്തിലും അപ്രകാരം തന്നെ. ഇന്ത്യന്‍ സിനിമയുടെ മറ്റ് അഭിമാനങ്ങളായ മമ്മൂട്ടിക്കും ഷാറൂഖ് ഖാനും മുസ്ളിമായതിന്റെ പേരില്‍ അമേരിക്കയില്‍ ഇത്തരത്തിലുള്ള അപമാനം നേരിടേണ്ടിവന്നിട്ടുണ്ട്. മുസ്ളിമാണെങ്കിലും ഭീകരനല്ല എന്നുള്ള പ്ളക്കാര്‍ഡും പിടിച്ചുകൊണ്ട് അഭിനയിക്കുന്ന മൈ നെയിം ഈസ് ഖാന്‍ എന്ന മുസ്ളിം ഭീതിയെ ഭംഗ്യന്തരേണ സാധൂകരിക്കുന്ന സിനിമയെടുക്കാനും ഷാറൂഖിനെ പ്രേരിപ്പിച്ചത് ഈ സംഭവമായിരിക്കണം. കമല്‍ ഹാസന്റെ പേര് സത്യത്തില്‍ കമലാഹാസന്‍ എന്നായിരുന്നു. അതില്‍ സ്ത്രൈണനാമത്തിന്റെ ഒരു ഛായ ഉള്ളതുകൊണ്ടാണ് അദ്ദേഹം പേര് പരിഷ്ക്കരിച്ച് കമല്‍ ഹാസന്‍ എന്നാക്കിയത്. തന്റെ ശരീരത്തില്‍ തന്നെ ഒരു സ്ത്രൈണത ഉള്ളതുകൊണ്ട് അതില്‍ നിന്നുള്ള സമ്പൂര്‍ണ വിടുതിക്ക് അദ്ദേഹത്തിന് ഇത് അന്ന് അനിവാര്യമായിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് നിയന്ത്രണാതീതമായ വിധത്തിലുള്ള മുസ്ളിംഭീതി ലോകത്തെയാകെ കീഴടക്കുമെന്ന് നിരൂപിക്കാന്‍ കമല്‍ ഹാസന് സാധ്യമായില്ല. അതിനാല്‍ സ്ത്രൈണതയില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം സ്വീകരിച്ച പേരുമാറ്റം എന്ന സുരക്ഷാകവചം പിന്നീട് മറ്റൊരു അരക്ഷിതത്വമായി പരിണമിച്ചു. കമാല്‍ എന്നും ഹസ്സന്‍ എന്നുമുള്ള രണ്ട് മുസ്ളിം പേരായി അദ്ദേഹത്തിന്റെ പേര് ലോകമാകെ പ്രത്യേകിച്ചും മുസ്ളിം വിരോധവും മുസ്ളിം ഭീതിയും അടക്കി ഭരിക്കുന്ന അമേരിക്കയില്‍ മാറ്റി വായിക്കപ്പെട്ടു. അതിനെ തുടര്‍ന്നാണ് കമല്‍ ഹാസന്‍ നഗ്നപരിശോധനക്ക് വിധേയനായി അപമാനിതനായത്.

എണ്‍പതു വയസ്സു പ്രായമുള്ള മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം കാഴ്ചക്കെന്നതു പോലെ സ്വഭാവത്തിലും സമാധാനപ്രിയനാണെന്നതില്‍ ലോകത്താര്‍ക്കും തന്നെ സംശയമില്ല. ആധാര്‍ എന്ന യൂണിവേഴ്സല്‍ ഐഡിയുടെ പരിപൂര്‍ണതയിലേക്ക് ഇന്ത്യ മുന്നേറണം എന്നാഗ്രഹിക്കുന്നവരുടെ കാലത്ത്, ഇത്തരമൊരു പ്രമുഖന്റെ മുന്‍ ചരിത്രം ന്യൂയോര്‍ക്ക് ജെ എഫ് കെ വിമാനത്താവളത്തിലെ കമ്പ്യൂട്ടറില്‍ തെളിഞ്ഞില്ല എന്നതുകൊണ്ടായിരിക്കില്ല; വസ്ത്രമഴിച്ചും ദേഹമടച്ചുമുള്ള പരിശോധനക്ക് അദ്ദേഹത്തെ വിധേയനാക്കിയിട്ടുണ്ടാവുക. അദ്ദേഹത്തിന്റെ പേര് പ്രകടനാത്മകാം വിധം മുസ്ളിമാണെന്നതിനാലാണ് ഈ അപമാനം സഹിക്കേണ്ടിവന്നത്. ലോകത്തുള്ള മുസ്ളിങ്ങളൊക്കെയും അവര്‍ക്ക് ഭാവിയില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ബുഷ് എന്നോ ഒബാമ എന്നോ ഷ്വാര്‍സനഗ്ഗര്‍ എന്നോ പേരിടുന്നതായിരിക്കും ഉചിതം. വിശ്വാസം അതല്ലേ എല്ലാം എന്നു കരുതിയതു കൊണ്ട് കുഴപ്പം സംഭവിച്ചേക്കാം എന്നു ചുരുക്കം.

സെപ്തംബര്‍ 29ന് ഒരു പ്രത്യേക മുറിയിലേക്ക് വലിച്ചിഴച്ചുള്ള ദേഹപരിശോധനക്കാണ് കലാം വിധേയനായത്. യു എസ് നിയമപ്രകാരം സുരക്ഷാ പരിശോധന ഒഴിവാക്കപ്പെട്ടിട്ടുള്ള പ്രത്യേക വിഭാഗത്തില്‍ കലാം പെടുന്നില്ല എന്ന സാങ്കേതിക കാരണത്താലാണ് ഇത് നടന്നത് എന്നാണ് ന്യായീകരണവാദം. അപ്പോഴും, നെറ്റ് വര്‍ക്ക് ചെയ്യപ്പെട്ടിട്ടുള്ള കമ്പ്യൂട്ടറിലൂടെ ഒരാളുടെ പ്രൊഫൈല്‍ പരിശോധിച്ചുകൂടേ എന്ന മറുചോദ്യം ഉന്നയിക്കരുത്. കാരണം, അമേരിക്കക്കാര്‍ ചെയ്യുന്നത് തെറ്റാണ് എന്നു പറയാന്‍ ദാസന്മാരും അടിമകളുമായ ഇന്ത്യക്കാര്‍ക്ക് അവകാശമില്ലല്ലോ.

കലാമും കമലും മമ്മൂട്ടിയും ഷാറൂഖും അപമാനിതരായെങ്കിലും, 9/11നു ശേഷം അമേരിക്കയില്‍ ഭീകരസ്ഫോടനങ്ങളൊന്നുമുണ്ടാകാത്തത് ഇത്തരം കടുത്ത പരിശോധനകള്‍ കൊണ്ടാണെന്ന് കരുതുന്ന ശുദ്ധാത്മാക്കളും നമുക്കിടയിലുണ്ട്. അവരറിയുന്നില്ലല്ലോ, ലോകത്തെമ്പാടുമുള്ള മുസ്ളിം തീവ്രവാദവും ഭീകരതയും അമേരിക്ക തന്നെ ഉത്പാദിപ്പിക്കുന്നതാണെന്ന്. ബിന്‍ലാദന്‍ തന്നെ അമേരിക്കയുടെ ഓമനയായിരുന്നു. ബിന്‍ലാദന് ഗറില്ലാ പരിശീലനം നല്‍കിയത് സി ഐ എ ആയിരുന്നു എന്ന് റിപ്പോര്‍ടു ചെയ്യപ്പെട്ടിട്ടുണ്ട്. സോവിയറ്റ് യൂണിയനെതിരായ ശക്തികള്‍ക്ക് അമേരിക്ക നല്‍കിയ സാമ്പത്തികവും സൈനികവുമായ സഹായത്തിലൂടെയാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ തഴച്ചു വളര്‍ന്നത് എന്ന കാര്യം എല്ലാവര്‍ക്കുമറിയാം. സദ്ദാം ഹുസൈന്‍, ഗദ്ദാഫി തുടങ്ങി അമേരിക്ക കൊലപ്പെടുത്തിയ ഭരണാധികാരികളൊക്കെയും ഓരോ ഘട്ടത്തില്‍ അമേരിക്ക തന്നെ വളര്‍ത്തി വലുതാക്കിയവരാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ഗ്വാണ്ടനാമയിലും മറ്റനേകം രാജ്യങ്ങളിലും അമേരിക്ക മുസ്ളിങ്ങള്‍ക്കെതിരെയും മറ്റു പാവപ്പെട്ടവര്‍ക്കെതിരെയും നടത്തുന്ന നിഷ്ഠൂരമായ ആക്രമണങ്ങള്‍, സാധാരണ ജനങ്ങളെ അമേരിക്കക്കെതിരെ ചിന്തിക്കുന്നതിന് പ്രേരിപ്പിക്കും എന്ന വാസ്തവവും ഇതോടൊപ്പം കാണാതിരുന്നുകൂടാ.

ഇതൊന്നും ബാധകമല്ലാത്തവിധത്തില്‍ അമേരിക്കക്ക് പാദസേവ ചെയ്യുന്നതില്‍; ഇന്ത്യന്‍ ഭരണാധികാരികളും അവരും മാധ്യമങ്ങളും ചേര്‍ന്ന് സൃഷ്ടിക്കുന്ന പൊതുബോധത്തിന് കീഴ്പ്പെട്ടവരും മുന്നിട്ടിറങ്ങുന്ന ലജ്ജാകരമായ അവസ്ഥ കാരണമാണ്, കലാം നേരിട്ട പീഡനം മൂടിവെക്കാന്‍ അദ്ദേഹമടക്കമുള്ളവരെ പ്രേരിപ്പിച്ചത്. പണ്ടേതോ കേരള ഭരണകാലത്ത്, ഭരണകക്ഷിയിലുള്ളവരെ തന്നെ പോലീസ് തല്ലിച്ചതച്ചപ്പോള്‍, 'ഞങ്ങടെ പോലീസ് ഞങ്ങളെ തല്ല്യാല്‍ നിങ്ങക്കെന്താ പ്രതിപക്ഷേ' എന്ന് മുദ്രാവാക്യം വിളിച്ചതായി കേട്ടിട്ടുണ്ട്. അതുപോലെ, ഇന്ത്യന്‍ ഭരണാധികാരികളുടെ സ്വന്തക്കാരായ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ വസ്ത്രമഴിപ്പിച്ചാല്‍ നിങ്ങക്കെന്താ ഇന്ത്യക്കാരേ എന്ന് വിളിക്കാനും അടിമകളായ അവര്‍ മടിച്ചുകൂടായ്കയില്ല.

എന്നാല്‍, ഇന്ത്യ എന്നത് വൈറ്റ് ഹൌസ് പുല്‍ത്തകിടിയിലെ പ്രസിഡണ്ടിന്റെ വളര്‍ത്തുപൂച്ചക്കിടാവുന്ന പേരാണെന്ന്, “ലോകത്തിന്റെ തന്നെ പ്രസിഡന്റാവാന്‍” പോകുന്ന ഒബാമ തെറ്റിദ്ധരിക്കരുത് എന്നാണ് ബുഷിനോടെന്നതു പോലെ അദ്ദേഹത്തോടും സ്വാഭിമാനികളായ ഇന്ത്യക്കാര്‍ക്ക് ഈ അവസരത്തില്‍ പറയാനുള്ളത്. സ്നേഹപൂര്‍വ്വം വാലാട്ടിക്കാണിക്കുന്ന ഞങ്ങളുടെ നേതാക്കന്‍മാര്‍ വളര്‍ത്തുപട്ടികള്‍ ആണെന്നും അമേരിക്കന്‍ ഭരണകൂടം കരുതേണ്ടതില്ല.

മറിച്ച്, ഒരുപാട് കാലത്തെ ചരിത്രത്തില്‍, അമേരിക്കന്‍ പ്രസിഡണ്ടുമാരെപ്പോലെ ഒരുപാട് സ്വേഛാധിപതികളെ കണ്ട, ഒരു ബില്യണിലേറെ മനുഷ്യരുടെ ഊര്‍ജ്ജസ്വലമായ നാടാണിത് എന്നത് അവരും ഇന്ത്യയിലെ വാലാട്ടികളെ പോലെ തോന്നിപ്പിക്കുന്ന നേതാക്കളും മറന്നാലും അത് സത്യമല്ലാതായി മാറില്ല. അരനൂറ്റാണ്ടു മുമ്പ് ബ്രിട്ടീഷ്സാമ്രാജ്യത്വത്തെ തൂത്തെറിഞ്ഞ ഞങ്ങള്‍ക്ക് അതിന്റെ അവിഹിത അമേരിക്കന്‍ സന്തതികളെ തലയിലേറ്റാന്‍ യാതൊരു ഉദ്ദേശവുമില്ല എന്ന് ഇന്നല്ലെങ്കില്‍ നാളെ ലോകം തിരിച്ചറിയുക തന്നെ ചെയ്യും.

ഭൂമിയില്‍ സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ ഇന്ത്യക്കാര്‍ ഒറ്റക്കല്ല. വിയറ്റ്നാം മുതല്‍ വെനിസ്വേല വരെയും ഇറാക്ക് മുതല്‍ ഇന്‍ഡോനേഷ്യ വരെയും സ്വദേശത്തിന്റ മാനവും പരമാധികാരവും സ്വയം നിര്‍ണ്ണയാവകാശവും കാക്കാന്‍ പോരാടുന്ന ജനതയുമായി ഇന്ത്യക്കാര്‍ക്ക് ഗാഢസൌഹൃദം ഉണ്ട്. ലോകത്തെങ്ങും അമേരിക്ക ചെയ്തുകൂട്ടിയ കൊടുംക്രൂരതകളുടെ ചരിത്രം നാം ഓര്‍ത്തെടുക്കുക തന്നെ ചെയ്യും. ഹിരോഷിമ, ഹെയ്തി, ഗ്രീസ്, ഗ്വാട്ടിമാല, കംബോഡിയ, ചിലി - എണ്ണമറ്റ ധീരന്‍മാരുടെ രക്തസാക്ഷിത്വം വെറുതെയാവില്ല. ഇറാനെതിരെയുള്ള കടന്നുകയറ്റത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തെ പേടിപ്പിച്ചും പ്രലോഭിപ്പിച്ചും കൂടെ കൂട്ടാനുള്ള ഒടുവിലത്തെ ശ്രമവും ഒരു ഘട്ടം കഴിഞ്ഞാല്‍ വൃഥാവിലാകുന്ന വിധത്തില്‍ ഇന്ത്യയില്‍ ജനകീയ ഐക്യം ഉയര്‍ന്നു വരും. കാരണം, ദുര്‍ബലരാജ്യങ്ങളുടെ സമ്പത്ത് കൈവശപ്പെടുത്താനുള്ള അധാര്‍മ്മികശ്രമങ്ങളെ ഈ ജനത എക്കാലത്തും ചെറുക്കും. അവ്യക്തമായ ഒരു ആണവപദ്ധതിയുടെ പേരില്‍ വിഡ്ഢികളായ ഇന്ത്യന്‍ ഭരണാധികാരികളെ സ്വാധീനിച്ച് വികസ്വരരാജ്യങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് അമേരിക്ക ശ്രമിച്ചത്. ഈ സാമ്രാജ്യത്വരാഷ്ട്രീയം തിരിച്ചറിയാനും പൊളിച്ചുകാട്ടാനും ഇന്ത്യക്കാര്‍ക്ക് കഴിയുക തന്നെ ചെയ്യും.

തങ്ങള്‍ തന്നെ അപമാനിതരായാലും അമേരിക്കന്‍ പാദസേവ തുടരുമെന്ന് പ്രഖ്യാപിക്കുന്നവരുടേത് മാത്രമാവില്ല ഇന്ത്യ എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ദിവസം അതിവിദൂരമല്ല. അന്നായിരിക്കും ഇന്ത്യയുടെ അഭിമാനം കൂടുതല്‍ ഉയരങ്ങളിലെത്തുക.

9 comments:

ശിവപ്രസാദ് പാലോട് said...

കലാമിന് ഈ അനുഭവമെന്കില്‍ മറ്റു അനേകം സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? ഫാസിസം ജനാധിപത്യത്തിന്റെ വേഷമിടുന്നതാണ് ഈ നൂട്ടാണ്ടിന്റെ പ്രസക്തി...


sivaprasadpalode
kurumkathakal.blogspot.com.

manoj kumar said...

ഇത്തരത്തിലുള്ള അജ്ഞതയും ഒഴിഞ്ഞുമാറലുകളും പക്ഷെ, ഇന്ത്യക്കാരന്‍, മുസ്ളിം എന്നീ പ്രതിനിധാനങ്ങളിലൂടെ ഒരാള്‍ കടന്നു പോവേണ്ട സംശയത്തിന്റെയും അപമാനത്തിന്റെയും കടമ്പകളില്‍ നിന്ന് അദ്ദേഹത്തെ രക്ഷിച്ചെടുത്തതുമില്ല.

========..............
ഇതാണ് പോയിന്റ്. കലാം ഇതര്‍ഹിച്ചതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

Ajith said...

"ഇതാണ് പോയിന്റ്. കലാം ഇതര്‍ഹിച്ചതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്."

Here Mr manoj Kumar is raising this point towards the likes of
Dr MN Karassery, Dr Farooq Abdullah, Prof Hameed Chenna mangalore, Ghulam Nabi Azad and other nationalist (read pro-Hindutva) intellectuals.

ReJointer :

All the officials involved in the search of dr Kalam have been suspended and the Dept itself apologised. This at a time a chinese diplomat asked our media to shut up here in delhi.

paarppidam said...

സമുന്നതനായ ഒരിന്ത്യക്കാരന്‍ തുടര്‍ച്ചയായി ഇത്തരത്തില്‍ അവഹേളിക്കപ്പെടുന്നത് ഇന്ത്യാ ഗവണ്മെന്റിന്റെ പിടിപ്പുകേടായി തന്നെ വേണം കരുതുവാന്‍. കലാം മുസ്ലീമാണോ, തീയനാണോ, നായരാണോ എന്ന് വേറ്തിരിച്ച് ആകുലത പ്രകടിപ്പിക്കുന്നത് വര്‍ഗ്ഗീയവാദികളും അവരുടെ പാദപൂജ ചെയ്യുന്നവര്‍ക്ക്കും മാതമാണ്. സാധാരണക്കാരായ ഇന്ത്യക്കാരനെ സംബന്ധിച്ച് അപമാനിതനാകുന്ന കലാം എന്ന വ്യക്തി ആ‍ത്യന്തികമായി അവര്‍ക്കിടയിലെ സമുന്നതനായ ഇന്ത്യക്കാരന്‍ ആണ്. അദ്ദേഹത്തിനേല്‍ക്കുന്ന അപമാനം ഓരോ ഇന്ത്യക്കാരന്റേതുമാണ്. കലാമെന്ന വ്യക്തിത്വം സാധാരണക്കാരായ ഇന്ത്യക്കാരന്റെ മനസ്സില്‍ സങ്കുചിത മതതാല്പര്യക്കാരുടെ സങ്കല്പങ്ങളേക്കാള്‍ വളരെ വലുതാണ്.

manoj kumar said...

പാര്‍പ്പിടം,

കലാമും, കമല ഹാസനും, മമ്മൂട്ടിയും, ഷാരൂഖ് ഖാനും ഒക്കെ പരിശോധിക്കപ്പെടുന്നത് മുസ്ലിം പേര്‍ ആയത് കൊണ്ടാണെന്നാണ് ലേഖകന്‍ പറയുന്നത്. അപ്പോള്‍ പിന്നെ അത് പറഞ്ഞല്ലേ പറ്റൂ. കലാം മാത്രമല്ല ആരെങ്കിലും മതമോ, ജാതിയോ, ലിംഗമോ ഒക്കെ അനുസരിച്ച് ഏതെങ്കിലും നീതി നിഷേധത്തിന് കാരണമാകുന്നുണ്ടെങ്കില്‍ അത് പറഞ്ഞേ പറ്റൂ.കലാം എന്ന വ്യക്തിക്ക് താങ്കള്‍ പറഞ്ഞ പോലെ ഇന്ത്യക്കാരെ മുഴുവന്‍ അപമാനിച്ചതില്‍ യാതൊരു പ്രശ്നവ്മില്ല. അയാള്‍ എവിടെയും ഒരു പരാതി പോലും പറഞ്ഞിട്ടില്ല. പ്രഥമ പൌരന് ഇല്ലാത്ത അഭിമാനം പിന്നെ ആര്‍ക്കു വേണം.പിന്നെ നായരും, നമ്പൂരാരും ഒക്കെ നോക്കിയാണ് പാര്‍പ്പിടം ഇവിടെ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. താങ്കള്‍ക്ക് അതില്‍ പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാം പക്ഷെ പ്രശ്നങ്ങള്‍ കാണുന്നവര്‍ പറയും അതാണ് കാര്യം.

manoj kumar said...
This comment has been removed by the author.
Ajith said...

'പക്ഷെ പ്രശ്നങ്ങള്‍ കാണുന്നവര്‍ പറയും അതാണ് കാര്യം'

Even paarppidam mentioned that only with exception for using it for a specific agenda. Its known that in the post 9-11 scenario there are security excesses committed in US , but its not an lone incident , Mrs Vimala sharma , wife of former pres. S.Dayal sharma was insisted upon wearing a head scarf in Iran while on transit to Turkey. Same with Omar Abdullah who was refused Visa to KSA.
So these are not isolated incidents
Atleast the US authorities tendered an apology !!!!

sameer kavad said...

കൂടംകുളത്തെ ജനങ്ങളുടെ ശാപമാണിത്, കലാമിനിത് കിട്ടണം

ChethuVasu said...

പ്രത്യേകമായി ചിലര്‍ക്ക് കല്‍പ്പിച്ചു കൊടുക്കുന്ന ആനുകൂല്യങ്ങള്‍ എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല ! in democracy some are more equal is it..?