Thursday, December 29, 2011

ഒളിഞ്ഞുനോട്ടത്തിന്റെ രാഷ്ട്ര നിര്‍മാണം




ആണ്‍ കാണികളില്‍ വിഭ്രമം ജനിപ്പിക്കുന്ന വിധത്തില്‍, മാധ്യമങ്ങളിലൂടെ വന്‍ കോലാഹലങ്ങള്‍ ബോധപൂര്‍വം സൃഷ്ടിച്ചുകൊണ്ടാണ് ദ ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ഹിന്ദി സിനിമ പ്രദര്‍ശനത്തിനെത്തിയത്. ആദ്യ മൂന്നു ദിവസം കൊണ്ടു തന്നെ മുപ്പതു കോടി രൂപ ബോക്സാപ്പീസില്‍ നിന്ന് ഈ 'വൃത്തികെട്ട ചിത്രം' നേടിയെടുത്തു എന്നാണ് പണ്ഡിറ്റുകള്‍ റിപ്പോര്‍ടു ചെയ്യുന്നത്. എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ മാദകറാണിപ്പട്ടമുണ്ടായിരുന്ന സില്‍ക്ക് സ്മിതയുടെ വിജയ-പരാജയ കഥയാണ് സിനിമക്കാസ്പദം എന്ന പ്രചാരണവും ആദ്യമേ അഴിച്ചു വിട്ടിരുന്നു. സിനിമ എന്ന ആണ്‍നോട്ട വികൃതിയുടെ വിഗ്രഹവും ഇരയുമായി ഒരേ സമയം ആഘോഷിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത സ്ത്രൈണശരീരങ്ങളില്‍ ഒന്നായിരുന്നു സില്‍ക്ക് സ്മിതയുടേതും. എന്നാലതു മാത്രമായിരുന്നില്ല. കൊടി കുത്തി വാണ പല പുരുഷ താരപദവികളുടെയും കമ്പോള മൂല്യങ്ങളെ അവള്‍ വെല്ലുവിളിക്കുകയും ഇടിച്ചു താഴ്ത്തുകയും വലിച്ചു കീറി ചവറ്റുകുട്ടയിലിടുകയും ചെയ്തു. അറുപതും എഴുപതും വയസ്സുള്ള താരരാജാക്കന്മാര്‍, വില്ലന്മാരെ പിടികൂടാന്‍ പോകുമ്പോള്‍ വില്ലന്‍ എന്ന സദാചാര വിരുദ്ധ പരിഷ മുക്കാലും നഗ്നയായ ഒരു 'ഒരുമ്പെട്ടവളു'മൊത്ത് കാബറെ നൃത്തമാടുകയായിരിക്കും. നൃത്തം കഴിയുന്നതു വരെയും താരരാജാവും ക്യാമറയും ഒപ്പം കാമാര്‍ത്തനായ കാണിയും അവളുടെ ശരീരത്തെ നയനഭോഗം ചെയ്ത് ഉന്മാദഭരിതരാകും. പൊടുന്നനെ, സംവിധായകന്റെയും അയാളെ സാധ്യമാക്കിയ സദാചാരപൊലീസിന്റെയും ഫോര്‍മുല പ്രകാരം, താരനായകന്‍ സട കുടഞ്ഞെണീക്കുകയും ആ കാമക്കൂത്താട്ടത്തെ നിമിഷാര്‍ധം കൊണ്ട് അവസാനിപ്പിച്ച് വില്ലനെ സംഘട്ടനത്തിലൂടെ കീഴ്പ്പെടുത്തുകയും ചെയ്യുന്നു(രവീന്ദ്രന്റെ(ചിന്ത രവി) നിരീക്ഷണത്തോട് കടപ്പാട്). ഇതിനിടയില്‍, മുക്കാലും നഗ്നയായ ഐറ്റം ഡാന്‍സര്‍ക്ക് ഒരു ഷാള്‍ കൊടുക്കാനും സദാചാരപൊലീസുകാരനായ നായകന്‍ മറക്കാറില്ല. ഇത്തരത്തിലുള്ള നൂറു കണക്കിന് ഐറ്റം ഡാന്‍സുകളില്‍ പ്രത്യക്ഷപ്പെട്ട്, ആദ്യം കാണിയുടെ കാമോത്തേജനത്തിനും പുറകെ സദാചാരപൊലീസിംഗിനും വിധേയരായി പുറന്തള്ളപ്പെടുന്ന നിരവധി ശരീരവില്‍പനക്കാരികളിലൊരാളായി ഒടുങ്ങുന്നതിനു പകരം സില്‍ക്ക് സ്മിത, താരരാജാക്കന്മാരുടെ സിംഹാസനങ്ങളുടെ കാലിളക്കി എന്നതാണ് ചരിത്രം. താരസിംഹങ്ങളുടെ സ്ക്രീന്‍ സാന്നിദ്ധ്യം അളന്ന് തീരുമാനിച്ചിരുന്ന തെന്നിന്ത്യന്‍ കമ്പോള സിനിമയുടെ വിപണിമൂല്യം, അതിനു പകരം സില്‍ക്ക് സ്മിതയുടെ ഡേറ്റിനു വേണ്ടി കാത്തിരുന്നു. ആ അട്ടിമറി നിഷ്ക്കരുണം രേഖപ്പെടുത്തുന്നതിലൂടെ ദ ഡേര്‍ട്ടി പിക്ച്ചര്‍ ഇത്തരത്തിലുള്ള മുന്‍ശ്രമങ്ങളില്‍ നിന്ന് ഒരു പടി മുന്നോട്ട് സഞ്ചരിക്കുന്നുണ്ട്.


സാമൂഹികഭാവനയെ അടക്കിഭരിച്ചുകൊണ്ട് ആള്‍ക്കൂട്ട ആഹ്ളാദത്തിന്റെ പരകോടിയിലാണ് സില്‍ക്ക് ഏതാനും വര്‍ഷങ്ങള്‍ നിലനിന്നത്. നര്‍ത്തകിയുടെയും അഭിസാരികയുടെയും വെപ്പാട്ടിയുടെയും മറ്റും മറ്റും റോളുകളില്‍ നിറഞ്ഞു നിന്ന് തെന്നിന്ത്യന്‍ സിനിമയുടെ മൊത്തം ഇതിവൃത്തപരികല്‍പനയെ തന്നെ സില്‍ക്ക് വര്‍ഷങ്ങളോളം നിയന്ത്രിച്ചു. മധ്യവര്‍ഗത്താല്‍ നിര്‍ണീതമാകുന്ന ഇന്ത്യന്‍ സദാചാരസങ്കല്‍പത്തിന്റെ നിഗൂഢമായ പ്രകോപനമായിരുന്നു സില്‍ക്ക്. സില്‍ക്ക് വെളിപ്പെടുത്തുകയും ആവിഷ്ക്കരിക്കുകയും ചെയ്ത സ്ത്രൈണശരീരത്തെ പരസ്യമായി ഇന്ത്യന്‍ പുരുഷപ്രത്യയശാസ്ത്രം തള്ളിപ്പറയുകയും രഹസ്യമായി അഭിനിവേശം ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ പുരുഷത്വത്തിന്റെ ഇരട്ട ബോധത്തിന്റെ ഉത്പന്നമായിരുന്നു സില്‍ക്ക് സ്മിത എന്ന സക്കറിയയുടെ നിരീക്ഷണം(ഇക്കണോമിക് ടൈംസ്) ശ്രദ്ധേയമാണ്. അവളുടെ ശരീരം തന്നെയായിരുന്നു അവളുടെ ആശയവും സന്ദേശവും. ഇതാ ഒളിഞ്ഞു നോക്കിയും തുറിച്ചു നോക്കിയും തൃപ്തിയടയുവിന്‍ എന്ന ആഹ്വാനത്തോടെ അവള്‍ പുരുഷകാണിക്കു മുമ്പില്‍ അവതീര്‍ണയായി. അവളുടെ കണ്ണുകളില്‍ നിരാസക്തി പ്രകടമായിരുന്നു; എന്നാല്‍ പുരുഷകാണിയെ ത്രസിപ്പിക്കുന്ന വശ്യത അഭിനയിച്ചു ഫലിപ്പിക്കുന്നുമുണ്ടായിരുന്നു. അവള്‍ തന്റെ കാമോത്തേജനപരമായ നടനത്തിലൂടെയും നൃത്തത്തിലൂടെയും പ്രത്യക്ഷപ്പെടുത്തിയത്, ഇന്ത്യന്‍ സ്ത്രീത്വത്തെയെന്നതിലുപരി പുരുഷത്വത്തിന്റെ അഭിമുഖീകരണത്തെയായിരുന്നു. പുരുഷത്വം കാണാന്‍ കൊതിച്ചതും എന്നാല്‍ തുറന്നു പറയാന്‍ ഭയക്കുന്നതുമായ സ്ത്രൈണ ലൈംഗികതയുടെ തുറസ്സുകളെയും മറവുകളെയും അവള്‍ നിഷ്പ്രയാസം പ്രദര്‍ശിപ്പിച്ചു. ലക്ഷക്കണക്കിന് പുരുഷന്മാരുടെ മനസ്സുകളില്‍ (സിനിമാ പാട്ടെഴുത്തുകാരുടെ വാക്കുകള്‍ കടമെടുത്താല്‍, ഹൃദയങ്ങളിലും കരളുകളിലും) അവള്‍ തീ കോരിയിട്ടു. ലൈംഗികതയെ സംബന്ധിച്ചും കാമത്തെ സംബന്ധിച്ചും ഇന്ത്യന്‍ പുരുഷത്വം രഹസ്യമായി വെച്ചു പുലര്‍ത്തിപ്പോന്ന അഭിനിവേശങ്ങളെ സില്‍ക്ക് നേരിടുകയും വിമോചിപ്പിക്കുകയും ചെയ്തു. പുരുഷത്വത്തിന്റെ ഉള്ളില്‍ കിടന്ന് വെന്തു പൊള്ളിയ നിഗൂഢമായ ആസക്തികളെ, തുണിയഴിച്ചു കാണിച്ചും മുലയും മൂടും കുലുക്കി നൃത്തമാടിയും അവള്‍ ആഭിചാരപ്രക്രിയയിലൂടെ വിമോചിപ്പിച്ചു. സിനിമാകച്ചവടക്കാര്‍ക്കായി സ്വയം വിട്ടുകൊടുക്കപ്പെട്ട ഒരു ചരക്കായിരുന്ന സില്‍ക്കെങ്കിലും, ആത്യന്തികമായി അവളുടെ പ്രകടനത്തിന്റെ അഗ്നിയെ നിയന്ത്രണവിധേയമാക്കാന്‍ അവര്‍ക്കും സാധ്യമാകുമായിരുന്നില്ല. നിങ്ങള്‍ അഭിനിവേശം കൊണ്ടത് ഒരു തീക്കട്ടയെ നോക്കിക്കൊണ്ടായിരുന്നു എന്നോര്‍മപ്പെടുത്തിക്കൊണ്ട് അവള്‍ സ്വയം ഹത്യ നടത്തിയതും ഈ അനിയന്ത്രിതത്വത്തിന്റെ വെളിപ്പെടലായിരുന്നു.

ഡേര്‍ട്ടി പിക്ച്ചറിലെ രേഖപ്പെടുത്തല്‍ പ്രക്രിയയില്‍ ഒരു കാര്യം കൂടി സംഭവിക്കുന്നുണ്ട്. ലൈംഗികാടിച്ചമര്‍ത്തലിന് വിധേയരാകുന്ന കോടിക്കണക്കിന് ഇന്ത്യന്‍ ആണുങ്ങളുടെ പ്രതീതി-കാമപൂര്‍ത്തീകരണ സ്ഥലമായിട്ടാണ് ഇന്ത്യന്‍ സിനിമ എല്ലായ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന യാഥാര്‍ത്ഥ്യവും വെളിപ്പെടുന്നു. അതുകൊണ്ടാണ്, ലോകത്തിലേക്കും വെച്ച് ഏറ്റവും കാമോത്തേജനപരമായ (മോസ്റ് ഇറോട്ടിക്) സിനിമ ഇന്ത്യന്‍ സിനിമയാണെന്ന നിരീക്ഷണം പ്രസക്തമാകുന്നത്. ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്, കാമോത്തേജനപരമായ കമ്പോള സിനിമയുടെ അതേ ആവിഷ്ക്കാരശൈലി(ഇഡിയം) തന്നെ പ്രയോജനപ്പെടുത്തിക്കൊണ്ടാണെന്നതാണ് ദ ഡേര്‍ട്ടി പിക്ച്ചറിന്റെ ഏറ്റവും വലിയ പരിമിതിയും വൈരുദ്ധ്യവും. ലൈസന്‍സ് കിട്ടിക്കഴിഞ്ഞു;ഇനി എത്ര വേണമെങ്കിലും തുറന്നുകാണിക്കാം എന്ന നിലക്ക് ഈ അവസരം സംവിധായകന്‍ മിലന്‍ ലുത്രിയ ദുരുപയോഗപ്പെടുത്തുന്നുണ്ടെന്ന ശശി ബലിഗയുടെ(ദ ഹിന്ദു ബിസിനസ് ലൈന്‍) കുറ്റപ്പെടുത്തല്‍ തള്ളിക്കളയാനാവില്ല. നസീറുദ്ദീന്‍ ഷാ അടക്കമുള്ളവരുടെ ഗംഭീരമായ അഭിനയങ്ങളെ നിഷ്പ്രഭമാക്കുന്ന വിദ്യാബാലന്റെ അഭൂതപൂര്‍വമായ പ്രകടനത്തിന്റെ പ്രസക്തി എന്നാല്‍ കുറയുന്നുമില്ല.


ആന്ധ്രയിലെ ഏതോ ഒരു കുഗ്രാമത്തില്‍ നിന്ന് സിനിമയിലഭിനയിക്കാനുള്ള തീവ്രമായ അഭിവാഞ്ഛയോടെയാണ് രേഷ്മ എന്ന ആ പെണ്‍കുട്ടി ചെന്നൈ(അന്നത്തെ മദിരാശി)യിലെത്തുന്നത്. കോടമ്പാക്കം തെരുവോരത്തെ ചായക്കടയില്‍ പണിയെടുത്ത് ചേരിയില്‍ താമസിച്ച് അവള്‍ എക്സ്ട്രയായി സിനിമയില്‍ കയറിക്കൂടുന്നുണ്ടെങ്കിലും തുടര്‍ച്ചയായ അവഹേളനങ്ങള്‍ക്ക് പാത്രമാകുന്നു. നിരനിരയായി നില്‍ക്കുന്ന പെണ്‍ എക്സ്ട്രകളില്‍ അവളൊഴിച്ച് എല്ലാവരെയും ചിത്രീകരണത്തിനായി തെരഞ്ഞെടുത്തപ്പോഴും അവള്‍ പുറന്തള്ളപ്പെടുന്നു. എന്താണ് കാരണം എന്ന് കങ്കാണിയോട് ചോദിക്കുമ്പോള്‍, ഇന്നത്തെ പശിയടക്കാന്‍ അഞ്ചു രൂപ ഭിക്ഷ കൊടുത്ത് അവളെ പരിഹസിക്കുകയാണയാള്‍. സിനിമയുടെ ഗ്ളാമറിനു പുറകിലുള്ള ഇത്തരം അഴുകിയ സത്യങ്ങള്‍ പല പ്രാവശ്യം പുറത്തു വന്നിട്ടുണ്ടെങ്കിലും, വിദ്യാബാലന്റെ നൂതനത്വമാര്‍ന്ന അഭിനയമികവ് കൊണ്ട് ഈ രംഗം ശ്രദ്ധേയമായിട്ടുണ്ട്.
ഏറ്റവും സവിശേഷമായ കാര്യം അതല്ല. ആണ്‍ നോട്ടത്തിന്റെ വിഗ്രഹവത്ക്കരണത്തിലൂടെ പൊന്തിപ്പറക്കുന്ന സില്‍ക്കിന്റെ താരപദവി, എല്ലാ പുരുഷസാന്നിദ്ധ്യങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടാണ് സ്വയം വീണുടയുന്നത് എന്നതാണത്. കാമപൂര്‍ത്തീകരണത്തിനായി ഒരാളും (സൂര്യ/നസീറുദ്ദീന്‍ ഷാ), പ്രണയത്തിനായി രണ്ടാമത്തെയാളും(നന്ദ/തുഷാര്‍ കപൂര്‍), വെറുപ്പിനു വേണ്ടി മൂന്നാമത്തെയാളും (ഏബ്രഹാം/ഇമ്റാന്‍ ഹാശ്മി) അവളെ മനസ്സിലും ശരീരത്തിലും കൊണ്ടു നടക്കുന്നു. അവരെയെല്ലാവരെയും പല തരത്തില്‍ പല ഘട്ടങ്ങളിലായി അപ്രസക്തരാക്കിക്കൊണ്ടാണ് തന്റെ സാന്നിദ്ധ്യവും തിരോധാനവും അവള്‍ ആഘോഷിക്കുന്നത്. അതോടൊപ്പം, ആണ്‍ കാണി എന്ന അസംതൃപ്തനും കാമോത്തേജിതനുമായ രാക്ഷസരൂപവും ശിഥിലമാകുന്നു. വിനോദം, വിനോദം, വിനോദം (എന്റര്‍ടെയിന്‍മെന്റ്, എന്റര്‍ടെയിന്‍മെന്റ്, എന്റര്‍ടെയിന്‍മെന്റ്) മാത്രമാണ് സിനിമ എന്നും ഞാന്‍ വിനോദമാണെന്നുമുള്ള സില്‍ക്കി(രേഷ്മ)ന്റെ ആപ്തവാക്യം സിനിമ ശുദ്ധ കലയാണെന്ന ധാരണയുമായി നടക്കുന്ന സംവിധായകനെ ഞെട്ടിക്കുന്നുണ്ട്. സ്വന്തം ശരീരവും അതിന്റെ ലൈംഗികധര്‍മവും പ്രത്യക്ഷപ്പെടുത്തിക്കൊണ്ട് നടി നടത്തുന്ന ഒരു തേരോട്ടമാണ് സിനിമ എന്നാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. സ്ത്രൈണ ലൈംഗികത ഒരേ സമയം അവളുടെ വിമോചനത്തിനുള്ള മാര്‍ഗവും തടവറയുമായി പരിണമിക്കുന്നു.

ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ വില്‍പന ഘടകം, മൃദു ലൈംഗികത(സോഫ്റ്റ് പോണ്‍) തന്നെയാണ്. മദിരാശിയിലെത്തിയ നാളുകളിലൊന്നില്‍, തൊട്ടടുത്ത മുറിയില്‍ സംഭോഗത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ശബ്ദ പശ്ചാത്തലമൊരുക്കിക്കൊണ്ട് 'ഊ ആ' എന്ന് ഡബ്ബ് ചെയ്യുന്ന നായികയുടെ പ്രവൃത്തി ചിന്തോദ്ദീപകമാണ്. മുഖ്യധാരാ സിനിമയുടെ എല്ലാ സദാചാര ആവരണങ്ങളും അഴിഞ്ഞുവീഴുന്ന സ്വയം വെളിപ്പെടുത്തലായി ഈ ശബ്ദമിശ്രണം അടയാളപ്പെടുത്തപ്പെടുന്നു. തുണിയഴിച്ചഭിനയിക്കുന്നതിന്റെ പേരില്‍ പിന്നീട് പശ്ചാത്താപവിവശയായി, സ്വയം പഴിക്കുന്ന ഒരാളായിരുന്നില്ല സില്‍ക്ക് സ്മിത എന്നതാണ് ഇരട്ടമുഖമുള്ള പുരുഷലോകത്തെ പ്രകോപിപ്പിച്ചത്. തന്റെ ശരീരത്തിന്മേല്‍ പതിക്കുന്ന നോട്ടത്തിലൂടെ, ഒരു സമൂഹം കാമപൂര്‍ത്തീകരണവും പ്രതീതിവിജയങ്ങളും നേടുന്നു എന്ന കൃത്യമായ തിരിച്ചറിവോടെയാണവള്‍ തിരശ്ശീല കീഴടക്കിയത്. ഈ കീഴടക്കല്‍ അതു കൊണ്ടു തന്നെ, ഇരുട്ടില്‍ കാര്യം സാധിക്കുകയും വെളിച്ചത്തില്‍ തള്ളിപ്പറയുകയും ചെയ്യുന്ന സദാചാരപ്പൊലീസിനെ പിച്ചിച്ചീന്തി.

എന്നാല്‍, പുരുഷലോകത്തിന്മേല്‍ നടത്തുന്ന ഈ വിജയ രഥയാത്ര സ്വന്തം വ്യക്തിത്വത്തെയും ശരീരത്തെയും മനസ്സിനെയും ആത്മാഭിമാനത്തെയും എല്ലാം നശിപ്പിക്കുന്നുവെന്ന തിരിച്ചറിവില്‍ സില്‍ക്ക് എത്തിച്ചേരുന്നുമുണ്ട്. പ്രണയം പോയിട്ട്, സൌഹൃദപൂര്‍ണവും പ്രാകൃതികവുമായ കാമം പോലും അവള്‍ക്ക് നിഷേധിക്കപ്പെടുന്ന ഒരു രംഗം ഹൃദയഭേദകമാണ്. സൂപ്പര്‍താരമായ സൂര്യയുടെ ഫാം ഹൌസില്‍ അയാളും അവളും തമ്മില്‍ രതിയിലേര്‍പ്പെട്ടുകൊണ്ടിരിക്കെ, പൊടുന്നനെ വാതിലില്‍ മുട്ടു കേള്‍ക്കുന്നു. അതയാളുടെ ഭാര്യയായിരുന്നു. എത്ര വൃത്തികെട്ട ജീവിതം ജീവിക്കുമ്പോഴും വിവാഹം എന്ന സുഘടിതവ്യവസ്ഥയിലേക്ക് മടങ്ങിപ്പോവേണ്ടയാളാണ് ഇന്ത്യന്‍ പുരുഷന്‍ എന്ന ആത്യന്തിക സത്യത്തെ പുനരാനയിക്കുന്നതാണ് ഈ രംഗം. ഭാര്യയുടേത് ഉദാത്തമായ കുലീനധര്‍മവും, അഭിസാരിണിയുടേത് രഹസ്യ പ്രണയത്തിന്റെയും ആസക്തിയുടെയും വന്യഭാവനകളുടെയും അപരയാഥാര്‍ത്ഥ്യവുമാണെന്ന കുടുംബത്തിനകം/പുറം എന്ന ധാരണ തന്നെയാണ് ആത്യന്തികമായി പ്രാവര്‍ത്തികമാകുന്നത്. ഭാര്യയില്‍ നിന്നൊളിക്കാനായി സില്‍ക്ക്, കുളിമുറിയില്‍ ആ രാത്രി മുഴുവന്‍ ഒളിച്ചിരിക്കേണ്ടി വരുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റപ്പെടലുകളും തിരിച്ചടികളും, അവളെ മദ്യത്തിനും സിഗരറ്റിനും അടിമയാക്കുന്നു. മാത്രമല്ല, ശരീരത്തിന്റെ ഒടിവുകളും വളവുകള്‍ക്കും (മുതലാളിത്ത ഭാഷയില്‍ പറഞ്ഞാല്‍ അഴകളവുകള്‍) സംഭവിക്കുന്ന രൂപഭേദങ്ങളെ തുടര്‍ന്ന് അവള്‍ കാഴ്ചാ കച്ചവടത്തിന് കൊള്ളാത്തവളുമാകുന്നു. ഈ അപരിഹാര്യമായ വീഴ്ചകളാണ് അവളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ഒരു സ്ത്രീയുടെ ശരീരം എല്ലായ്പോഴും പുരുഷന്റെ മനസ്സില്‍ കുറ്റവാഹകയായി പ്രവര്‍ത്തിക്കുന്ന ഒരു വൃത്തികെട്ട ചിത്രമാണെന്ന് നസീറുദ്ദീന്‍ ഷായുടെ പക്കല്‍ നിന്ന് പുരസ്കാരം മേടിച്ചതിനു ശേഷം നടത്തുന്ന പ്രകോപനാത്മകമായ പ്രസംഗത്തില്‍ സില്‍ക്ക് തുറന്നടിക്കുന്നുണ്ട്. ഈ വൃത്തികെട്ട രഹസ്യത്തെ സിനിമ തീരും മുമ്പ് കാണിസംഘം ശിക്ഷിച്ചു പരിഹരിക്കുകയും ചെയ്യും.

ചലച്ചിത്രത്തിന്റെ ദൃഷ്ടിയെ ആഘോഷിക്കാനുള്ള ഒരു കാരണമായിട്ടാണ് ഡേര്‍ട്ടി പിക്ച്ചര്‍ പ്രവര്‍ത്തിക്കുന്നത്. സില്‍ക്കിന്റെ സൌന്ദര്യം ആരംഭിക്കുന്നത് അവളുടെ മാതാപിതാക്കള്‍ ഉത്പാദിപ്പിച്ച ഒരു പെണ്‍ശരീരം എന്ന നിലയില്‍ നിന്നല്ല. ക്യാമറ അവളുടെ മേല്‍ പതിക്കുന്നതു മുതല്‍ക്കാണ് അവളുടെ സൌന്ദര്യം ആരംഭിക്കുന്നത്. വെളിച്ചം അവളെ നിര്‍മിച്ചെടുക്കുകയും, കാണിയുടെ കണ്ണുകള്‍ അവളെ ഉപഭോഗം ചെയ്തു തുടങ്ങുകയും ചെയ്യുമ്പോഴാണ് അവള്‍ തുടങ്ങുന്നത്. ഈ താരജന്മം തന്നെ അവളുടെ(ഏതു നടിയുടെയും) വിജയവും ആത്യന്തികമായ വന്‍ പരാജയവുമായി പരിണമിക്കുന്നു. ആണ്‍നോട്ടമാണവളെ കണ്ടു പിടിക്കുന്നതും ഉപഭോഗം ചെയ്യുന്നതും ഉത്പാദിപ്പിക്കുന്നതും. ലക്ഷക്കണക്കിന് ആണുങ്ങളുടെ കണ്ണിലൂടെയാണ് അവള്‍ ജീവിക്കുന്നത്. ഈ ജീവിതമാണ് നടിയുടെ ആത്യന്തികമായ ദൌര്‍ബല്യമെന്ന തിരിച്ചറിവിലേക്കാണ് അവസാന ഘട്ടത്തില്‍ അവളെത്തിച്ചേരുന്നത്. കണ്ണിനു മുമ്പില്‍ മാത്രമാണ് അവള്‍ നിലനില്‍ക്കുന്നത്. കണ്ണുകള്‍ തെന്നിമാറുമ്പോള്‍, താരം ഇല്ലാതാവുന്നു. സാമൂഹിക കാഴ്ചയുടെ ഈ തെന്നിമാറലാണ് അവളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്.

2 comments:

Sreekumar B said...

good

chithrakaran:ചിത്രകാരന്‍ said...

സിനിമ എന്ന അത്യന്തം ശക്തമായ കലാരൂപത്തെ സ്ത്രീകളുടെ മാംസം വില്‍ക്കാനുള്ള വ്യാപാര-വ്യവസായമായാണ് നാം ഉപയോഗപ്പെടുത്തുന്നത്. കൈ നനയാനെ മീന്‍ പിടിക്കുക എന്നു പറയുന്നതുപോലെ മാനഹാനിയില്ലാതെ ഒളിഞ്ഞുനോട്ടത്തിന്റെ സംതൃപ്തി അനുഭവിക്കുക എന്ന സൌകര്യമാണ് ഇറച്ചി സിനിമകള്‍ നമുക്കു നല്‍കുന്നത്.ഗൂഗിള്‍ പ്ലസ് ലിങ്ക്