Saturday, April 28, 2012

കാഴ്ചയുടെ അകം/പുറം

സാമ്പ്രദായികമോ കണിശമോ ആയ അര്‍ത്ഥങ്ങളിലുള്ള സിനിമാ നിരൂപണങ്ങളോ സിനിമാ പഠനങ്ങളോ അല്ല, സി എസ് വെങ്കിടേശ്വരന്‍ എഴുതുന്നത്. ഒരേ സമയം ആന്തരികലോകത്തേക്കും ബാഹ്യലോകത്തേക്കും സഞ്ചരിക്കുന്ന; സര്‍ഗാത്മകതയും മൌലികതയും കൊണ്ട് സജീവമായ അകം/പുറം അന്വേഷണങ്ങളാണ് അവ. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികം കാലമായി, ഇംഗ്ളീഷിലും മലയാളത്തിലും ഒരേ പോലെ അനായാസമായി എഴുതിക്കൊണ്ടിരിക്കുന്ന വെങ്കിടേശ്വരന്റെ സൂക്ഷ്മവും വിപുലവുമായ നിരീക്ഷണങ്ങളെ അതീവ ഗൌരവത്തോടെയും ശ്രദ്ധയോടെയുമാണ് വായനക്കാര്‍ സമീപിക്കുന്നത്. വിവിധ ആനുകാലികങ്ങളില്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ നിരവധി ലേഖനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവ, മൂന്നു ടൈറ്റിലുകളിലുള്ള പുസ്തകങ്ങളാക്കി ഡി സി ബുക്സ് പുറത്തിറക്കിയിരിക്കുന്നു. സിനിമാടോക്കീസ്, മലയാള സിനിമാപഠനങ്ങള്‍, ഉടലിന്റെ താരസഞ്ചാരങ്ങള്‍ എന്നിവ; സിനിമയെ സംബന്ധിച്ച് മലയാളത്തിലെഴുതപ്പെട്ടിട്ടുള്ള ഏറ്റവും സുപ്രധാനമായ പുസ്തകങ്ങളായി പരിണമിച്ചിരിക്കുന്നു. സര്‍വകലാശാലകളും കലാലയങ്ങളും അക്കാദമികളുമടക്കമുള്ള പെയ്ഡ് ആന്റ് സ്പോണ്‍സേര്‍ഡ് ലോകത്തിനു പുറത്ത് നടത്തപ്പെടുന്ന സൂക്ഷ്മവും ഗാഢവുമായ ചിന്തകളെന്ന നിലക്ക് ഈ സമാഹരണങ്ങള്‍ മലയാളത്തിലുള്ള സിനിമാ പഠനങ്ങളെന്നതു പോലെ തന്നെ, ദൃശ്യമാധ്യമ വിമര്‍ശനരംഗത്തും ഏറെ ആലോചനകള്‍ക്ക് വഴി വെക്കുന്ന കൃതികളാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലദ്ദേഹം കൈകാര്യം ചെയ്തിരുന്ന സിനിമാടോക്കീസ് എന്ന കോളത്തിലെ ഏതാനും ലേഖനങ്ങളാണ് അതേ പേരിലുള്ള പുസ്തകത്തിലുള്ളത്. അതോടൊപ്പം, പ്രസക്തമായ മൂന്നു നാലു മറ്റു ലേഖനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോളമെഴുത്തിന്റെ സമയ/സ്ഥല പരിമിതിയുടെ നിര്‍ബന്ധം മൂലമെന്ന് പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കുന്ന കൊച്ചു കൊച്ചു കുറിപ്പുകളാണ് എല്ലാം. എന്നാല്‍, അതിന്റെ സവിശേഷത അതല്ല; അവയെല്ലാം തന്നെ കോഡീകൃത ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത് എന്നതാണ്. സിനിമയുടെയും ടെലിവിഷന്റെയും സാങ്കേതികത, അവയുടെ ചലന പരിണാമങ്ങളും ചരിത്രങ്ങളും, പൊതു ചരിത്രം, രാഷ്ട്രീയ/പരിസ്ഥിതി/ലിംഗ/സാമ്പത്തിക പരിതോവസ്ഥകള്‍, എന്നീ മേഖലകളെക്കുറിച്ചെല്ലാം നിരന്തരമായി ആലോചിക്കുകയും പഠിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന ഒരു വായനാ സമൂഹത്തെയാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ അഭിസംബോധന ചെയ്യുന്നത്. അതുകൊണ്ടു തന്നെ, സിനിമയും ടിവിയുമല്ലേ; അതിലിത്ര ഗൌരവമെന്തിരിക്കുന്നു എന്ന മട്ടിലുള്ള വരേണ്യവും അതേസമയം അലസവുമായ വായനകളെ അവ പ്രകോപിപ്പിക്കുവാനും സാധ്യതയുണ്ട്.
സ്ത്രീകളുടെ പിന്മാറ്റം തിയേറ്ററുകളിലെ അന്തരീക്ഷത്തെ- സ്വാഭാവികമായും പൊതു ഇടങ്ങളില്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ നിലപാടുകള്‍ പുലരുന്ന കേരളം പോലെയുള്ള സ്ഥലങ്ങളില്‍- സാരമായി ബാധിച്ചു. ആണുങ്ങള്‍ക്ക് മഹാഭൂരിപക്ഷമുള്ള ആണ്‍താരങ്ങളുടേതു മാത്രമായ ഫാന്‍ക്ളബ്ബുകള്‍ക്ക് പ്രചാരം ലഭിക്കുന്നതും അവരുടെ സാന്നിദ്ധ്യം ഇത്രയ്ക്ക് പ്രകട(നപര)വും വ്യാപകവുമാകുന്നതും ടെലിവിഷനനാന്തര കേരളത്തിലാണ് എന്നത് യാദൃഛികമല്ല.(പേജ് 10). ഇതുപോലെ, പല വീക്ഷണ കോണുകളില്‍ നിന്ന് പ്രശ്നയാഥാര്‍ത്ഥ്യത്തെ സമീപിക്കുകയും നിഗമനങ്ങളിലോ സന്ദിഗ്ദ്ധമായ നിരീക്ഷണങ്ങളിലോ ചെന്നെത്തുകയോ, അല്ലെങ്കില്‍ പ്രശ്നത്തിന്റെ പരിഹാരരാഹിത്യങ്ങളിലേക്ക് ചിതറുകയോ ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്റെ ചിന്തകളിലധികവുമുള്ളത്. സിനിമ എന്ന വല്യേട്ടനെ ഭയന്ന് അതിന്റെ ചിലവിലും തണലിലും നിലനില്‍ക്കുന്നതെന്ന് സ്വയം കരുതുന്ന ടെലിവിഷന്‍ ചാനലുകളിലെ സിനിമാ പരിചയ പരിപാടികളെ പരിഹസിച്ചുകൊണ്ട് വെങ്കിടി എഴുതുന്നു: ഈ വിവേചനമില്ലായ്മ (ടെലിവിഷന്‍ മലയാളത്തിലിറങ്ങുന്ന എല്ലാ സിനിമകളെയും ലോകോത്തരം, വ്യത്യസ്തം, ഗംഭീരം എന്നവതരിപ്പിക്കുന്നത്) അതിന്റെ ആധിക്യത്താലും പെരുപ്പിച്ചുപറയല്‍ കൊണ്ടും സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തുകയും പ്രേക്ഷകരെ സിനിമാതിയറ്ററുകളില്‍ എത്തിക്കാന്‍ പ്രയോജനപ്പെടാത്ത ഒന്നായി മാറുകയും ചെയ്തു. ടെലിവിഷനും സിനിമയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളില്‍ ഇതിനകം സംഭവിക്കേണ്ടിയിരുന്ന ഗുണപരമായ പരിണാമങ്ങള്‍ സംഭവിക്കാത്തത്, ടെലിവിഷന്‍ വ്യവസായത്തിന്റെ പരാന്നഭോജനപ്രവണതയുടെ കൃത്യമായ തെളിവാണെന്ന് അദ്ദേഹം സങ്കോചങ്ങളേതുമില്ലാതെ സമര്‍ത്ഥിക്കുന്നു. ടെലിവിഷനാന്തര നവമാധ്യമങ്ങളും മാനവികതയും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെ സംബന്ധിച്ച്, വെങ്കിടി നടത്തുന്ന അന്വേഷണങ്ങള്‍ പുതിയ കേരളത്തെ സംബന്ധിച്ച ആലോചനകളുടെ അടിസ്ഥാനത്തിലുള്ളതാണ്. ടെലിവിഷനും ഇന്റര്‍നെറ്റും ഇലക്ട്രോണിക് പരസ്യപ്പലകകളും മൊബൈല്‍ ഫോണും നിരന്തരം എല്ലായിടത്തും പിന്‍തുടരുന്ന നിരീക്ഷണ ക്യാമറകളുമെല്ലാം ചേര്‍ന്ന് നമ്മെ ചൂഴ്ന്നു നില്‍ക്കുന്ന ഈ സാഹചര്യം അപൂര്‍വ്വമായ ഒന്നാണ്. അത് ഒരേ സമയം നമ്മില്‍ നിന്ന് അതീവമായ ശ്രദ്ധ ആവശ്യപ്പെടുന്നു. ഒപ്പം നമ്മുടെ ശ്രദ്ധയെ നിരന്തരം ചിതറിക്കുകയും ചെയ്യുന്നു(പേജ് 24). സിനിമയുടെ രണ്ട് പ്രധാനപ്പെട്ട ആദ്യകാല പദ്ധതികള്‍ - യാഥാര്‍ത്ഥ്യവും മായികതയും - ഇന്ന് യഥാക്രമം ടെലിവിഷനിലൂടെയും ഡിജിറ്റല്‍ സിനിമയിലൂടെയും അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു എന്നാണ് വെങ്കിടി ഉദാഹരണ സഹിതം സമര്‍ത്ഥിക്കുന്നത്. ഈ പുസ്തകത്തിലുള്ള ചായക്കടയിലെ മിശ്രഭോജനം എന്ന ലേഖനം(പേജ് 33 മുതല്‍), സ്കൂള്‍ പാഠപുസ്തകത്തിലുള്‍പ്പെടുത്തിയതിലൂടെ ഇതിനകം കേരളീയ പൊതുബോധത്തിലേക്ക് വ്യാപിക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ഭക്ഷണം, പരിഷ്കരണം, കേരളീയ നവോത്ഥാനം, സാമുദായിക പ്രതിനിധാനവും മൈത്രിയും സഹവര്‍ത്തിത്വവും, തുറസ്സുകളും അടവുകളും, എന്നിങ്ങനെ; മലയാള സിനിമകളിലെ ചായക്കടാ ചിത്രീകരണത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ചെറു ലേഖനത്തിലൂടെ കേരള ചരിത്ര/വര്‍ത്തമാനത്തെ ആഴത്തില്‍ സ്പര്‍ശിക്കാനും തുറന്നു കാണിക്കാനും അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു. സബ്ടൈറ്റിലുകള്‍ രൂപീകരിച്ചെടുക്കുന്ന നവീനവും വ്യത്യസ്തവും വിചിത്രവുമായ ദൃശ്യലോകത്തെ സംബന്ധിച്ച ചിന്തകളുള്‍പ്പെടുത്തിയിട്ടുള്ള സിനിമയുടെ ഉപശീര്‍ഷാസനം എന്ന ലേഖനവും ശ്രദ്ധേയമാണ്. ലാര്‍സ് വോണ്‍ ട്രയറുടെ ആന്റിക്രൈസ്റ്, അബ്ബാസ് ഖൈരസ്തമിയുടെ ഷിറിന്‍ എന്നീ വളരെ വ്യത്യസ്തമായ രണ്ടു ആധുനിക സിനിമകളെ താരതമ്യപ്പെടുത്തിക്കൊണ്ട് അദ്ദേഹം സ്വതസ്സിദ്ധമായ രൂപത്തില്‍ പ്രതികരിക്കുന്നു: ഒരുപക്ഷെ, ഈ രണ്ടു ചിത്രങ്ങളും നമ്മുടെ മുന്നില്‍ രണ്ടു തരം ദൃശ്യരതിസാദ്ധ്യതകള്‍ കൂടിയാണ് ഉയ(ണ)ര്‍ത്തുന്നത്. ഒന്ന് സാംസ്ക്കാരികവും വംശീയവുമായ ഒരുതരം ഒളിഞ്ഞുനോട്ടം സാദ്ധ്യമാക്കുമ്പോള്‍ മറ്റേത് വെളുത്ത പാശ്ചാത്യശരീരങ്ങളിലേക്കുള്ള നേര്‍ക്കാഴ്ചകള്‍ നല്‍കുന്നു(പേജ് 60). സിനിമാനിരൂപണം എന്ന, എല്ലായ്പോഴും അവഗണിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ഭര്‍ത്സിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയെ സംബന്ധിച്ച ആത്മവിമര്‍ശനപരമായ കുറിപ്പാണ് നിരൂപണത്തിലെ ജാരന്മാര്‍(പേജ് 90 മുതല്‍). മലയാളത്തിലെ സിനിമാവിമര്‍ശനം ഇപ്പോഴും ഒന്നുകില്‍ കേവലമായ ചില ലാവണ്യമാനങ്ങളില്‍ മാത്രമൂന്നുന്നവയോ അല്ലെങ്കില്‍, പ്രത്യയശാസ്ത്രപരമായ ചില കടുംപിടുത്തങ്ങളെ തെളിയിക്കാന്‍ മാത്രമുള്ളവയോ ആണ്. ഇത്തരം ഏകദിശാമുഖമായ വിമര്‍ശനരീതികള്‍ സിനിമ എന്ന സ്ഥാപനത്തെയും ബഹുതല സ്പര്‍ശിയായ അതിന്റെ അനുഭവത്തെയും പ്രയോഗത്തിലും പരികല്‍പനകളിലും കൊണ്ടുവരുന്നതില്‍ പരാജയപ്പെടുന്നു. അതുകൊണ്ടു തന്നെ നമ്മുടെ വിമര്‍ശനങ്ങളുടെ സംവാദശേഷി പലപ്പോഴും വളരെ വ്യക്തിപരമായ തലത്തില്‍ തന്നെ ചുറ്റിക്കറങ്ങുന്നു. അത്തരമൊരവസ്ഥയില്‍ സിനിമാവിമര്‍ശനത്തിനു സമകാലികത നഷ്ടപ്പെടുന്നു(പേജ് 94) എന്നാണ് നിര്‍ദാക്ഷിണ്യമായി അദ്ദേഹം കൃത്യമാകുന്നത്.
താരങ്ങളും അല്ലാത്തവരുമായ അഭിനേതാക്കളുടെ നടനജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് ഉടലിന്റെ താരസഞ്ചാരങ്ങള്‍. പല തരം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളിലും പശ്ചാത്തലങ്ങളിലും എഴുതിയതിന്റെ ശക്തി ദൌര്‍ബല്യങ്ങള്‍ പ്രകടമാണെങ്കിലും; മലയാള സിനിമ പോലെ, താരപ്രാമുഖ്യമുള്ള സാംസ്ക്കാരികപ്രത്യക്ഷത്തിന്റെ മുഖ്യഭൂമികകളിലൊന്നായ അഭിനയം എന്ന പ്രതിഭാസത്തെ വിശകലനം ചെയ്യാന്‍ ഈ പുസ്തകം പര്യാപ്തമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ഭരത് ഗോപി, ജഗതി, കലാഭവന്‍ മണി, സില്‍ക്ക് സ്മിത, കമല്‍ഹാസന്‍, ഷക്കീല, അടൂര്‍ ഭവാനി, കൊച്ചിന്‍ ഹനീഫ, നെടുമുടി എന്നിവരുടെ അഭിനയങ്ങളാണ് വിവിധ അധ്യായങ്ങളിലുള്ളത്. അപ്പോള്‍ ഒരു ആരാധക സമൂഹത്തിന്റെ തിരിച്ചറിവില്ലായ്മ((misrecognition) അല്ലെങ്കില്‍ വ്യാജമായ ഒരുതരം അറിവ് ആണോ താരമൂല്യം/താരത്വം? ചലച്ചിത്രാഖ്യാനങ്ങളില്‍ നിന്നുള്ള മൂല്യങ്ങളുടെ ഒരു പകര്‍ന്നാട്ടമാണോ ഒരു താരത്തെ ഉണ്ടാക്കുന്നത്?(പേജ് 12) എന്നതാണ് തന്റെ അന്വേഷണത്തെ സാധ്യമാക്കുന്നതും സങ്കീര്‍ണമാക്കുന്നതുമായ ഘടകങ്ങള്‍ എന്ന് വെങ്കിടി വിശദീകരിക്കുന്നു. അന്തസ്സ്, അധ്വാനം, പുരുഷത്വം, സ്ത്രൈണത, വീരത്വം, ജളത്വം, വരേണ്യത, തുടങ്ങി സമൂഹത്തില്‍ കറങ്ങിത്തിരിയുന്നതും നിരന്തരം നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ സങ്കല്‍പ(ന)ങ്ങളുടെ കണ്ണാടി കൂടിയാണ് ഒരര്‍ത്ഥത്തില്‍ താരങ്ങള്‍ (പേജ് 13)എന്ന അടിസ്ഥാനപരമായ നിഗമനമാണ് അദ്ദേഹത്തിന്റെ അന്വേഷണത്തെ നിര്‍ണയിക്കുകയും പുനര്‍ നിര്‍ണയിക്കുകയും ചെയ്യുന്നത്. അസാധാരണത്വത്തെയും അപരത്വത്തെയും രൂപാന്തരത്തെയും മൂര്‍ത്തവത്ക്കരിക്കുകയും അവയിലേക്കൊക്കെ പ്രവേശനം അനുവദിക്കുകയും ചെയ്യുന്ന മമ്മൂട്ടി എന്ന താരസ്വരൂപത്തിന്റെ മുഖമുദ്ര ഏകാന്തമായ പോരാട്ടമോ പതനമോ ആണെന്ന് ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നു. അത് മലയാളി ആണത്ത സങ്കല്‍പത്തിന്റെ ഒരു ധ്രുവത്തെ അഥവാ ആഭിമുഖ്യത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇതര ധ്രുവമായ മോഹന്‍ലാലിന് സിനിമക്കകത്തും പുറത്തും ലോകത്തിന്റെ ബന്ധ(ന)ത്തില്‍നിന്ന് വിടുതി നേടി ഒന്നാകാന്‍ കഴിയാത്തതിനാല്‍, ലോകത്തിന്റെ ബാധ്യതകള്‍ അയാളെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. എണ്ണിയെണ്ണി കണക്കു തീര്‍ക്കുമ്പോഴും, ചിലത് വി(വീ)ടാതെ ബാക്കി നില്‍ക്കുന്നു - ഒഴിയാത്ത ഭൂതകാലമായി, പിന്തുടരുന്ന ഓര്‍മയായി, നല്കേണ്ട നന്ദിയായി, വിടാത്ത പാരമ്പര്യമായി, വീട്ടാത്ത കടമായി, ചെയ്യാത്ത ശ്രാദ്ധമായി.. സിനിമക്കു പുറത്താകട്ടെ, ഇത്തരം രൂപമാറ്റങ്ങളെ ആഘോഷിച്ചുകൊണ്ടും ഇരട്ടിപ്പിച്ചുകൊണ്ടും; മോഹന്‍ലാല്‍ ഒരുവശത്ത് ഓഷോയെപ്പോലെ ഒരു അരാജകവാദിയായ ദാര്‍ശനികനെ പിന്തുടരുകയും മറുവശത്ത് ഭരണകൂടത്തിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി അണിയുകയും ചെയ്യുന്നു. മറ്റെല്ലാവരും സദാചാരവാദികളായിരിക്കുമ്പോഴും മദ്യത്തിന്റെ പരസ്യത്തില്‍ ആര്‍ജ്ജവത്തോടെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഒരര്‍ത്ഥത്തില്‍ രാഷ്ട്രത്തിന്റെ തന്നെ മധ്യവയസ്കതയെയും അതിന്റെ വൈകാരികവും വൈചാരികവും ദൌത്യപരവുമായ കുഴമറിച്ചിലുകളെയും മോഹഭംഗങ്ങളെയും അവതരിപ്പിക്കുന്ന ഗോപിയുടെ കഥാപാത്രങ്ങള്‍; പാരമ്പര്യത്തിനും ആധുനികതക്കുമിടയിലും യൌവനത്തിനും വാര്‍ധക്യത്തിനുമിടയിലും ആസക്തിക്കും സദാചാരത്തിനുമിടയിലും ധര്‍മത്തിനും കാമത്തിനുമിടയിലും കുടുങ്ങിപ്പോയവരാണ്. ജഗതിയും നായകനും തമ്മിലുള്ള ബന്ധത്തിലാകട്ടെ ജാതിയുടെയും വര്‍ഗത്തിന്റെയും അടയാളങ്ങള്‍ക്ക് തെളിച്ചം കുറവാണെന്നാണ് വെങ്കിടിയുടെ അഭിപ്രായം. മിക്കപ്പോഴും ഒരേ സമൂഹശ്രേണിയില്‍ നിന്ന് വരുന്നതാണ് ഈ യുഗ്മം. ജഗതി കഥാപാത്രങ്ങളുടെ അപരത്വം മധ്യവര്‍ഗത്തിന്റെ പൌരുഷത്തെയും മാന്യതയെയും നായകത്വത്തെയും മറ്റും ചുറ്റിപ്പറ്റിയുള്ളതാണ്. ഹാസ്യതാരം എന്ന നില വിട്ട് ആക്ഷന്‍ ഹീറോയായി പരിണമിക്കാന്‍ ശ്രമിച്ച കലാഭവന്‍ മണിയുടെ പുതിയ അവസ്ഥ സ്വയം തീര്‍ത്തതോ വരിച്ചതോ ആയ ഒരു തടവറയായി തീരുന്ന അവസ്ഥയാണെന്ന കണ്ടെത്തല്‍ തികച്ചും സത്യമാണ്. ഒരര്‍ത്ഥത്തിലുള്ള തിരിച്ചുപോക്കാണിത്. മണി എന്ന നടന്റെ ആന്തരികത പിന്‍വാങ്ങുകയും ശരീരം തന്നെ വീണ്ടും അരങ്ങില്‍ നിറയുന്നതുമായ ഒരു സ്ഥിതിവിശേഷം, വരേണ്യതാരങ്ങള്‍ക്ക് സംഭവിച്ച അതേ അപകട-അമാനുഷന്‍ അഥവാ വാര്‍പ്പുമാതൃക ആയിത്തീരുക-ത്തിലേക്കാണ് മണിയെ എത്തിച്ചതെന്ന് വെങ്കിടി നിരീക്ഷിക്കുന്നു. അഴിഞ്ഞാട്ടക്കാരിയായി നടിച്ചും പ്രത്യക്ഷപ്പെട്ടും, ആണ്‍ കാണികളുടെ ഗൂഢവും അല്ലാത്തതുമായ ആസക്തികളെ അഭിമുഖീകരിച്ച സില്‍ക്ക് സ്മിത, കുടുംബാധികാരഘടനയുടെ പുറത്താണ് നിലയുറപ്പിച്ചത്. സ്ഥാപനത്തിന്റെയും അധികാരത്തിന്റെയും ചെളി പുരളാതെ, ശരീരത്തിന്റെ ഒരു ആനന്ദ സാധ്യതയായി, ക്ഷണമായി, ആഖ്യാന സദാചാരങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കത്തിപ്പടര്‍ന്ന സ്മിത സ്വയം ഒരു ചാരമായി മാറി വ്യവസ്ഥക്ക് കീഴ്പ്പെടുകയും ചെയ്തു. ഷക്കീല - ചില തുണ്ട് ചിന്തകള്‍ എന്ന അന്യഥാ പ്രസിദ്ധമായ ലേഖനത്തില്‍, വെങ്കിടി ഷക്കീലപ്പടങ്ങളെ മഹത്വവത്ക്കരിക്കുന്നതിപ്രകാരമാണ്: യഥാര്‍ത്ഥത്തില്‍ ഷക്കീല/പടങ്ങള്‍ നമ്മുടെ ആണ്‍കോയ്മ വ്യവസ്ഥയെയാണ് വെല്ലുവിളിക്കുന്നത്. താരനിരയും അതിമാനുഷ പരിവേഷവുമുള്ള നായകവൃന്ദവും, സിനിമാവ്യവസായ സ്ഥാപന ശൃംഖലകളും സെന്‍സര്‍ബോര്‍ഡു പോലുള്ള സദാചാര-അധികാര കേന്ദ്രങ്ങളും, സിനിമാപ്രസിദ്ധീകരണങ്ങളും സാങ്കേതിക വിദ്യയും എല്ലാമടങ്ങിയ ഒരു പുരുഷവ്യവസ്ഥയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്(പേജ് 109). കമല്‍ഹാസന്‍, അടൂര്‍ ഭവാനി, കൊച്ചിന്‍ ഹനീഫ് എന്നിവരെ സംബന്ധിച്ച കുറിപ്പുകളും നെടുമുടി വേണുവുമായി നടത്തിയ ദീര്‍ഘമായ ഒരു സംഭാഷണവും ഈ പുസ്തകത്തിലുള്‍ക്കൊള്ളിച്ചിട്ടുണ്ട്. നെടുമുടി പറയുന്നതു പോലെ, ഏതബോധാവസ്ഥയിലാണെങ്കില്‍ പോലും ക്യാമറയുടെ മുന്നിലെത്തിയാല്‍ ചില കാര്യങ്ങള്‍ നമ്മള്‍ ചെയ്യും. അതു നമ്മുടെ ശീലം കൊണ്ടുള്ളതാണ്. അത്തരം ശീലങ്ങള്‍ വിട്ടിട്ട്, നമ്മുടെയുള്ളില്‍ നിന്ന് നമ്മുടെ മറ്റൊരു മുഖം എടുക്കാന്‍ കഴിവുള്ള സിനിമകള്‍ ഉണ്ടാവണം, നമ്മളെ വെല്ലുവിളിക്കുന്ന അത്തരം സംവിധായകരെയാണ് എനിക്കിഷ്ടം(പേജ് 142). താരപദവികളും അഭിനയമികവുകളും ഒന്നുമല്ല യഥാര്‍ത്ഥ വെല്ലുവിളി എന്നും സിനിമയെ സംബന്ധിച്ച ഭാവന-സങ്കല്‍പനം-നിര്‍വഹണം എന്ന സംവിധാന പ്രക്രിയയാണെന്നുമുള്ള അഭിനേതാവിന്റെ തുറന്നു പറച്ചില്‍ ഈ പുസ്തകത്തിന്റെ സന്ദേശം തന്നെയാണ്. മലയാള സിനിമാ പഠനങ്ങള്‍ എന്ന പുസ്തകത്തെക്കുറിച്ചുള്ള അവലോകനം മറ്റൊരു ലക്കത്തില്‍.

5 comments:

പ്രേമന്‍ മാഷ്‌ said...

സി എസ് വെങ്കിടേശ്വരന്റെ കാഴ്ചകളും ഉള്‍ക്കാഴ്ചകളും സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ്. ഒരു മുന്‍വിധിയില്ലാതെ, അതിന്റെ സമഗ്രതയില്‍ ഊന്നി ഒന്നിനെ നോക്കിക്കാണാനുള്ള അദ്ദേഹത്തിന്റെ തുറന്ന സമീപനം പുതിയകാലത്ത് വലിയ കാര്യമാണ്. സിനിമയെയും കാഴ്ചയും സംബന്ധിച്ച ദാര്‍ശനികമായ നിലപാടാണ് അദേഹത്തിന്റെ എഴുത്തിന്റെ കരുത്ത്. അദ്ദേഹത്തിന്‍റെ എഴുത്തുകള്‍ പുസ്തക രൂപത്തില്‍ വരുന്നത് വളരെ സന്തോഷകരമായ കാര്യമാണ്.

സുജനിക said...

സവിശേഷമായ ഒരു സിനിമാനിരീക്ഷണം CSV ക്ക് ഉണ്ട് എന്നതില്‍ തര്‍ക്കമില്ല. പലയിടത്തുമായി വന്നവ പുസ്തകരൂപത്തിലാക്കിയത് അത്രയും നന്നായി.
out of focus:
വെറും കച്ചവടസിനിമകള്‍ എന്ന നില മാത്രമുള്ളതാണ്` നമ്മുടെ മിക്ക സിനിമകളും. ഉള്ളടക്കപരമായോ, സൃഷ്ടിപരമായോ [ സംവിധായകന്റെ ഭാഗത്തു] അത്രയധികം ആലോചകളും ബുദ്ധിപരമായ inputഉം വളരെ കുറഞ്ഞ സിനിമകളെ, അഭിനയങ്ങളെ, ഇത്രയധികം സാങ്കേതികമായും ബുദ്ധിപരമായും നിരീക്ഷിക്കുന്നതില്‍ എന്തോ കുഴപ്പമില്ലേ?
ഒരു സാധാരണ മുക്കുപണ്ടത്തെ ജ്വല്ലറിയുടെ ഉന്നത ശാസ്ത്രസങ്കേതങ്ങളും ജ്ഞാനകല്‍പ്പനകളും വെച്ച് വിലയിരുത്തുന്നപോലല്ലേ?
[ ഒരു പക്ഷെ, ഒരു മണ്ടന്‍ സംശയം]

paarppidam said...

വെങ്കിടേശിന്റെ രചനകല്‍ പുസ്തകരൂപത്തില്‍ വന്നതിനും അതിനെ ഇവിടെ പരിചയപ്പെടുത്തിയതിനും നന്ദി. ടെലിവിഷന്‍ ചാനലുകളുടെ പൊള്ളത്തരം ഇനിയും വേണ്ടത്ര തുറന്നു കാട്ടപ്പെട്ടിട്ടില്ല.
ഹിജഡമോഹിനികളും കോബ്രായങ്ങളും അവര്‍ പുകഴ്ത്തിക്കൊണ്ട് താരാധിപത്യത്തിനു ചൂട്ടുപിടിക്കും. തല്ലിപ്പൊളി സിനിമയെ കുറിച്ച് വല്ലാതെ വ്ച്ാരാകും. വ്യത്യസ്ഥത എന്ന വാക്കിനെ വ്യഭിചരിച്ചു വ്യഭിചരിച്ച് ഒരു വഴിക്കാക്കി. ഇടയ്ക്ക് മലയാളസിനിമയെ പറ്റി വേവലാതിപ്പെടുന്നതിലും മടികാണിക്കില്ല. മണ്ടന്മാരായ പ്രേക്ഷകര്‍ പണവും സമയവും ഊര്‍ജ്ജവും ചിലവിട്ട് തീയേറ്ററില്‍ എത്തുകയും വഞ്ചിതരാകുകയും ചെയ്യുന്നു.

സുദേഷ് എം രഘു said...

Kindly add search option in this blog.

ബിന്ദു .വി എസ് said...

നവ സിനിമയുടെ പാഠങ്ങള്‍ സി എസ് വി യുടെ എഴുത്തില്‍ പുതിയ സിനിമ തന്നെയാണ് സൃഷ്ടിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് .നിരീക്ഷണത്തില്‍ സിനിമയുടെ സൌന്ദര്യവും സാമൂഹികവും കലാപരവുമായ കലാപങ്ങളെ അന്വേഷിച്ചു വിജയിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി .