-
സാംസ്കാരിക/ചലച്ചിത്ര പഠനങ്ങളില്‍ ഒരു സാര്‍വദേശീയ സമീപനം
രൂപപ്പെട്ടുവന്നതിനു ശേഷം, ഇന്ത്യന്‍ സിനിമയെ വിശിഷ്യാ ബോളിവുഡ് എന്ന
അപരനാമത്തിലറിയപ്പെടുന്ന ഹിന്ദി മുഖ്യധാരാ സിനിമയെ എവിടെയാണ്
സ്ഥാനപ്പെടുത്തേണ്ടത് എന്നതിനെ സംബന്ധിച്ച് പല ആശയങ്ങളും
ഉയര്‍ന്നുവരുന്നുണ്ട്. സാംസ്കാരിക കൊളോണിയലിസത്തിനും, ലോകരുചികളെ
ഒന്നാക്കിയും ഒരുപോലെയാക്കിയും പരുവപ്പെടുത്താനുള്ള
പാശ്ചാത്യസംസ്കാരത്തിന്റെ ശ്രമങ്ങള്‍ക്കും എതിരായ ഒരു ദേശീയ പ്രതിരോധമായി
ബോളിവുഡിന്റെ വിജയങ്ങളെ നിര്‍ണയിക്കാനാവുമോ എന്ന ചോദ്യവും
ഉന്നയിക്കപ്പെടുന്നുണ്ട്. സാംസ്കാരിക സ്വാശ്രയത്വത്തെ സംബന്ധിച്ച ദേശീയ
അവകാശ വാദത്തിന്റെ എക്കാലത്തെയും വീര്യങ്ങളിലൊന്നാണ് അഥവാ പ്രമുഖമാണ്
ബോളിവുഡ്.
ജ്യോതിക വിര്‍ദി ഉപന്യസിക്കുന്നതുപോലെ, ഹിന്ദി സിനിമ എന്ന സാംസ്ക്കാരിക രൂപം നിശ്ചയമായും ഇന്ത്യന്‍ ദേശീയതയെ വൈരുദ്ധ്യാത്മകമായിട്ടാണ് അനാവരണം ചെയ്യുന്നത്. അധീശത്വപരവും വരേണ്യവുമായ ഒരു വ്യവഹാരം; സാമ്രാജ്യത്വപരവും ബഹു സാംസ്കാരികപരവും ആയ പാരമ്പര്യം; പ്രാദേശിക വൈവിധ്യങ്ങളെ ചിലപ്പോള്‍ ഉള്‍പ്പെടുത്തിയും മറ്റു ചിലപ്പോള്‍ പരിഹാസ്യമാക്കിയും ഇനിയും ചിലപ്പോള്‍ തമസ്കരിച്ചും ഉള്ള ദേശത്തിനകത്തെ ആധിപത്യവാസനകളുടെ ആഘോഷം എന്നിങ്ങനെ നിരവധി പ്രതലങ്ങളാണ് ബോളിവുഡിനുള്ളത്. മത-ഭാഷാ-പ്രാദേശിക സ്വത്വങ്ങള്‍ക്കകത്തും പുറത്തുമായി ആവിഷ്കരിക്കപ്പെടുന്ന ദേശീയതയുടെയും ഉപദേശീയതകളുടെയും പ്രതിനിധാനങ്ങളാണ് ബോളിവുഡിനെയും ഇതര ഇന്ത്യന്‍ സിനിമകളെയും സവിശേഷ ശ്രദ്ധയാകര്‍ഷിക്കപ്പെടുന്ന പഠനമേഖലയാക്കി മാറ്റുന്നത്. ഈ പഠനപശ്ചാത്തലത്തിലാണ്, ബോളിവുഡിലെ ആദ്യ സൂപ്പര്‍സ്റ്റാറും രാജ്യത്തിനകത്തും പുറത്തുമുള്ള സുന്ദരികളുടെ മനം കവര്‍ന്ന നിത്യഹരിത കാമുകനും മറ്റുമായി വിശേഷിപ്പിക്കപ്പെട്ടയാളുമായ രാജേഷ് ഖന്നയുടെ തിരശ്ശീലയിലുള്ളതും അല്ലാത്തതുമായ ജീവിതവും വിശകലനം ചെയ്യപ്പെടുന്നത്.
സെല്ലുലോയ്ഡിന്റെ ഗംഭീരമായ ശക്തിചൈതന്യങ്ങള്‍ കൊടികുത്തിവാണിരുന്ന ദശകങ്ങളാണ് രാജേഷ് ഖന്നയുടെ ഹിറ്റു സിനിമകളുടെ കാലവും. സിനിമാതാരങ്ങള്‍ക്കു ചുറ്റും വലയം ചെയ്യപ്പെട്ടുനിന്ന ഗോസിപ്പുകളുടെയും ആരാധനകളുടെയും വെള്ളിവെളിച്ചങ്ങള്‍ക്കകത്ത് ജീവിക്കുകയും ജീവിക്കാനാകാതെ പോകുകയും ചെയ്യുന്ന അനേകം താരങ്ങളിലൊരാളായി രാജേഷ് ഖന്നയും നമ്മുടെ ദേശീയ ആനന്ദത്തെ നിര്‍മിച്ചെടുത്തു. അഥവാ, ഇന്ത്യക്കകത്തും പുറത്തുമായി ആഹ്ലാദാരവങ്ങളിലൂടെയും കാല്പനികവും കാമാതുരവുമായ പ്രണയചേഷ്ടകളിലൂടെയും ഗാനലീലകളിലൂടെയും ഒരു രാഷ്ട്രത്തെ പുനരാവിഷ്കരിച്ചുകൊണ്ടേ ഇരുന്നു. അമിതാഭ് ബച്ചന് എന്ന രോഷാകുലനായ യുവനായകന് അവതരിക്കുന്നതിനു മുമ്പുള്ള ഈ ചോക്ലേറ്റ് നായകന് ദരിദ്രരായിക്കൊണ്ടേയിരുന്ന സ്വതന്ത്ര ഇന്ത്യയുടെ പൗരന്മാര്ക്ക് കപടമാണെങ്കിലും നിത്യാശ്വാസം പകര്‍ന്നേകിയ ആഹ്ലാദത്തിന്റെ, ഹ്രസ്വമായ ആശ്വാസത്തിന്റെ പ്രഭവമായി നിലകൊണ്ടു. ദാരിദ്ര്യംകൊണ്ടും അനാഥത്വംകൊണ്ടും പിന്നീട് തീര്‍ച്ചയായും വ്യക്തമായ സംരക്ഷണം കൊണ്ടും ശിഥിലമായതും സങ്കീര്‍ണമായതുമായ ഒരു പഞ്ചാബി ബാല്യം കടന്നാണ് രാജേഷ് ഖന്ന ഗ്ലാമറിന്റെ തലസ്ഥാനമായ ബോംബെയിലെത്തുന്നത്.
ഭൂമിയുടെ അറ്റമെന്നു തന്നെ തോന്നിപ്പിക്കുന്ന താഴ്വാരങ്ങള്‍ക്കു തൊട്ടരികെ നടത്തിയ സാഹസികമായ നൂല്‍പ്പാലനടത്തങ്ങളിലൂടെയും ഉപേക്ഷകള്‍ക്കു മേല്‍ കളിക്കുന്ന അതിജീവനങ്ങളിലൂടെയും നിരാശകളില്ലാത്ത തെരഞ്ഞെടുപ്പുകളിലൂടെയും ഖന്ന ആവിഷ്കരിച്ച ആഹ്ലാദനടനങ്ങള്‍ തന്നെയായിരുന്നു ആ സുന്ദരവദനത്തിന്റെ ഉള്ളടക്കം. പ്രണയാതുരതയുടെയും ഒളിച്ചോട്ടത്തിന്റെയും നിര്‍വചനങ്ങള്‍കൊണ്ട് അത് ഒരു കാലത്തെ അടയാളപ്പെടുത്തി. സത്യത്തില്‍, മുഖ്യധാരയില്‍ പ്രണയം ഏതൊക്കെ കുറവോടു കൂടിയാണെങ്കിലും മഹത്വവത്ക്കരിക്കപ്പെട്ടിരുന്നതിനാലായിരിക്കണം ഇന്നത്തേതുപോലെ കമിതാക്കളെ വേട്ടയാടുന്ന ലവ് ജിഹാദ് ആരോപണവും സദാചാര പൊലീസ് നാട്യങ്ങളും അന്ന് രൂപപ്പെടാഞ്ഞതും നിലനില്‍ക്കാതിരുന്നതും. പൈങ്കിളി ഭാഷ കടമെടുത്താല്‍ ഇന്ത്യയിലെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെയും ഇന്ത്യന്‍ ഡയസ്പോറയിലെയും പെണ്‍കിടാങ്ങളുടെ ഹൃദയം കവര്‍ന്ന കാമുകപ്രതീതിയായിരുന്നു രാജേഷ് ഖന്നയുടെ കഥാപാത്രങ്ങളുടെ തിരശ്ശീലക്കു പുറത്തുള്ള പ്രണയജീവിതവും ഗോസിപ്പുകളും പകര്‍ന്നു നല്‍കിയിരുന്നത്. ഏറ്റവും അടുത്ത ആളായും കോളേജ് കുമാരനായും ആ സാമര്‍ഥ്യത്തിന്റെ മുഖം അരങ്ങു വാണു. ഒറ്റയാനായി നിറഞ്ഞാടുകയും തിരശ്ശീലക്കകത്തെ ഇതിവൃത്തത്തെയും ആഖ്യാനത്തെയും മുഴുവനായി നിര്‍ണയിക്കുകയും ചെയ്യുന്ന അതിമാനുഷകഥാപാത്രങ്ങളായിരുന്നില്ല ഖന്നയുടേത്. ആരാധന, കടീ പതംഗ്, അമര്‍ പ്രേം പോലുള്ള ഹിറ്റുകളിലൊക്കെയും ഒപ്പമുള്ള അഭിനേത്രികള്‍ക്ക് തുല്യമോ അധികമോ ആയ സ്ഥാനമുള്ള രീതിയായിരുന്നു സ്വീകരിക്കപ്പെട്ടിരുന്നത്. പാട്ടിനുള്ള പ്രാധാന്യവും വര്‍ധിച്ചതായിരുന്നു. രാജേഷ് ഖന്നയുടെ ആള്‍രൂപത്തിലേക്ക് വിലയിച്ചു ചേര്‍ന്നതാണെങ്കിലും കിഷോര്‍ കുമാറടക്കമുള്ള ഗായകരുടെ പ്രസക്തിയും ജനപ്രിയതയും പ്രകടമാകുന്ന തരത്തിലായിരുന്നു ഈ സിനിമകളുടെ ആവിഷ്കാരങ്ങള്‍. മേരേ സപ്നോം കി റാണി http://www.youtube.com/watch?v=EofAlMh2Huoപാടി ഹില്‍സ്റ്റേഷനിലേക്കുള്ള തീവണ്ടിക്ക് സമാന്തരമായി ജീപ്പില്‍ ഖന്ന ആടിയുലയുമ്പോള്‍, തീവണ്ടി ജനാലയിലൂടെ തെളിയുന്ന ഷര്‍മിളാ ടാഗോറിന്റെ നാണം തുടുത്ത മുഖമായിരുന്നു പ്രേക്ഷകഹൃദയത്തില്‍ പതിഞ്ഞത്. തന്നെയും കവിഞ്ഞ് സഹതാരത്തിന് പ്രാമുഖ്യം കൈവരുന്നത് സഹിക്കാത്ത പില്ക്കാല നാര്‍സിസിസ്റ്റുകളെ സ്വാധീനിച്ചത് ഏതായാലും രാജേഷ് ഖന്നയായിരിക്കില്ല.
വ്യക്തിജീവിതത്തിലെ സംഘര്‍ഷങ്ങളൊന്നും പ്രതിഫലിക്കാത്തതും മാന്യവും അതേ സമയം ആധുനികവും യാഥാസ്ഥിതികത്വത്തോടു ചേര്‍ന്നു പോകാത്തതുമായ കഥാപാത്രവല്‍ക്കരണം പ്രണയത്തിനും ആസക്തിക്കും വേണ്ടി നിലകൊണ്ടു. ലൈംഗികത എപ്രകാരമാണ് ഹിന്ദി സിനിമയില്‍ ചിത്രീകരിക്കപ്പെടുന്നത് എന്ന് സെന്‍സര്‍ഷിപ്പിനാല്‍ നിര്‍ണയിക്കപ്പെട്ടുകൊണ്ടിരുന്ന ദശകങ്ങളിലാണ് രാജേഷ് ഖന്ന ലൈംഗികതയുടെ മൂര്‍ത്തരൂപമായി അവതരിക്കപ്പെട്ടത്. അടിച്ചമര്‍ത്തലിന്റേതും മൂടിവയ്ക്കപ്പെടലിന്റേതുമായ നിരോധനതന്ത്രങ്ങളെ പ്രതീകങ്ങള്‍കൊണ്ടും സമര്‍ഥമായ പ്രകടനങ്ങള്‍കൊണ്ടും ഖന്നയടക്കമുള്ള നടീനടന്മാരുടെ കാലത്ത് ബോളിവുഡ് അതിജീവിച്ചു. കവിളിലുള്ള ഒരു ചുംബനംപോലും മുന്‍കാലത്ത് മറച്ചുവയ്ക്കപ്പെട്ടിരുന്നു. കിളികള്‍ പരസ്പരം കൊക്കുരുമ്മുകയും ചിത്രശലഭങ്ങള്‍ പാറിപ്പറക്കുകയും അരുവികള്‍ കുണുങ്ങിയൊഴുകുകയും ചെയ്യുന്ന ദൃശ്യങ്ങളിലൂടെയാണ് ലൈംഗികകാമനകള്‍ ആവിഷ്ക്കരിക്കപ്പെട്ടത്. ഇത്തരം ക്ലീഷേകളെ ദശകങ്ങളോളം പ്രേക്ഷകര്‍ സഹിച്ചത്, അവക്കു മുമ്പും പിമ്പുമായി കടന്നു വരുന്ന ഖന്നയുടെയും ഷര്‍മിള ടാഗോറടക്കമുള്ള സുന്ദരികളുടെയും ശരീരങ്ങളുള്ളതുകൊണ്ടായിരുന്നു. പില്ക്കാലത്ത്, സെന്‍സര്‍ഷിപ്പ് അപ്രസക്തമാക്കുന്ന രീതിയിലുള്ള അശ്ലീലത്തിന്റെ അഴിഞ്ഞാട്ടം സംഭവ്യമായത് കിളികളും ചിത്രശലഭങ്ങളും അരുവികളും ചേര്‍ന്ന് മറച്ചുവച്ച ഈ കാല്പനിക കാലത്തിന്റെ നഷ്ടദൃശ്യങ്ങളില്‍ നിന്നായിരിക്കണം. ബോളിവുഡ് സിനിമകളിലെ കൗമാരത്തെ കിടപ്പറയിലെ യൗവനത്തിലേക്ക് ആനയിച്ചത് -ആരാധനയിലെ രൂപ് തേരാ മസ്താനാ എന്ന ഗാനാവിഷ്കാരം കാണുക - രാജേഷ് ഖന്നയായിരുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് മാന്യത നഷ്ടപ്പെടുത്തേണ്ടി വന്നില്ല. സംശുദ്ധനായ മധ്യവര്‍ഗക്കാരനായി മിക്ക കഥാപാത്രങ്ങളും നിലനിന്നു. ധനിക ധൂര്ത്തന്മാരും വ്യാജനാമങ്ങള്‍ പുറത്തു കാട്ടുന്ന കപടനാട്യക്കാരും കുറവായിരുന്നു. അറുപതുകളോടെ ഉയര്‍ന്നു വന്ന "മഹത്തായ" ഇന്ത്യന്‍ മധ്യവര്‍ഗത്തെയാണ് രാജേഷ് ഖന്ന ആദര്‍ശവല്‍ക്കരിച്ചത്. പ്രൊഫഷണല്‍ ജോലികളില്‍ തിളങ്ങിയ പൈലറ്റുമാരായും എന്‍ജിനിയര്‍മാരായും കലാകാരന്മാരായും രാഷ്ട്ര ഭൂപടത്തെ അടയാളപ്പെടുത്തിയ യുവാക്കളായിരുന്നു ആ കഥാപാത്രങ്ങളിലൂടെ മാതൃകയാക്കപ്പെട്ടത്; അഥവാ കഥാപാത്രങ്ങളെ അനുകരിച്ച് മധ്യവര്‍ഗ യുവാക്കള്‍ സ്വയം നിര്‍ണയിച്ചത്. ഗ്രാമനായകര്‍ കുറവായിരുന്നു. പക്വമായ ഒരു ഇടത്തരം നഗരത്തില്‍നിന്ന് വന്‍ മെട്രോപോളീസിലേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചയെ ആവേശഭരിതമാക്കുന്ന പശ്ചാത്തലങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകളെ സജീവമാക്കിയത്. ഡാക്ക് ബംഗ്ലാവുകളില്‍നിന്ന് നിശാക്ലബ്ബുകളിലേക്ക് രാത്രിഞ്ചരന്മാര് കൂടു മാറി. ശാഖകള്‍ ശക്തമാകുകയും വേരുകള്‍ ദുര്‍ബലമാകുകയും ചെയ്യുന്ന ഒരു വന്മരത്തിന്റെ വളര്‍ച്ച പോലെയായിരുന്നു അത് എന്നത് മറ്റൊരു കാര്യം. ഇത്തരത്തിലുള്ള ഒരിന്ത്യയെയായിരുന്നു വരയ്ക്കപ്പെടേണ്ടതും അളക്കപ്പെടേണ്ടതും അടയാളപ്പെടുത്തേണ്ടതും എന്നായിരുന്നു അന്ന് കരുതപ്പെട്ടിരുന്നത്. വിദേശ ലൊക്കേഷന്‍ തെരഞ്ഞെടുപ്പുകള്‍ ഖന്നയുടെ കാലത്തുണ്ടായിരുന്നില്ല. ഇന്ത്യയിലുള്ള ഹില്‍സ്റ്റേഷനുകളും തേയില എസ്റ്റേറ്റുകളും തടാകതീരങ്ങളും നഗരങ്ങളും പട്ടണങ്ങളുമാണ് സ്വര്‍ഗം സൃഷ്ടിച്ചത്. സിഐഡികള്‍ക്കും അധോലോക നായകന്മാര്ക്കും പകരം; മധ്യവര്‍ഗക്കാരന്റെ കേവലതകള്‍ - കാരുണ്യം, അല്പത്തം, വര്‍ഗ വൈരുധ്യം, കുടുംബമൂല്യങ്ങള്‍, മരണം - ആയിരുന്നു പരിഗണിക്കപ്പെട്ടത്. മദ്യവും നാടന്‍ ലഹരി പദാര്‍ഥമായ ഭാംഗും രാജേഷ് ഖന്നയുടെ സിനിമകളില്‍ പതഞ്ഞൊഴുകി. നിയമപരമായ മുന്നറിയിപ്പുകള്‍ അലോസരമായി എഴുതിക്കാണിക്കുന്നുണ്ടായിരുന്നില്ല. സംവിധായകന്റെ നടനായിരുന്നു രാജേഷ് ഖന്ന. ആദ്യത്തെ സൂപ്പര്‍ സ്റ്റാറായിരുന്നതുകൊണ്ട്, സംവിധായകനെ നിര്‍ണയിക്കുന്ന പില്ക്കാല അതിമാനുഷന്മാരുടെ ഗണത്തിലേക്ക് അദ്ദേഹം കടന്നിരുന്നില്ല. കാമുകനും ഭ്രാന്തനുമായുള്ള അദ്ദേഹത്തിന്റെ നടനങ്ങള്‍ പക്ഷേ മിക്കപ്പോഴും താരമൂല്യത്തിന് കീഴ്പ്പെട്ടുകൊണ്ടുമാത്രമായിരുന്നു. മൃദുലവും കവിത ഉദ്ധരിക്കുകയും നര്മസംഭാഷണങ്ങള് ഉച്ചരിക്കുകയും കുര്‍ത്ത ധരിക്കുകയും ഇരിപ്പുമുറി തത്വശാസ്ത്രങ്ങള്‍ വിളമ്പുകയും ചെയ്യുന്ന കഥാപാത്രങ്ങളിലേക്ക് നായകത്വം പരിണമിച്ചത് രാജേഷ് ഖന്നയുടെ കാലത്തായിരുന്നു. മാന്യവും ഭദ്രലോക് സംസ്കാരത്തിന് ഇണങ്ങുന്നതുമായ ഒരു വിശാല ഇന്ത്യയെയായിരുന്നു ഋഷികേശ് മുഖര്‍ജി അടക്കമുള്ള സംവിധായകര്‍ വിഭാവനം ചെയ്തിരുന്നത്. ഖന്നയ്ക്കു പുറകെ കടന്നു വന്ന സംഘര്‍ഷഭരിതവും ഭീതിജനകവുമായ രാഷ്ട്രീയ ദശകങ്ങള്‍, രോഷാകുലനായ യുവനായകനെ രൂപീകരിക്കുകയും എല്ലാം തച്ചുടക്കുകയും ചെയ്തു. നാണം കുണുങ്ങുന്ന എന്‍ജിനിയര്‍മാരെയും അസൂയാലുക്കളായ ഭര്ത്താക്കന്മാരെയും വിജ്ഞാനകുതുകികളായ പാചകക്കാരെയും ആര്‍ക്കും വേണ്ടാതായി. "കത്തിക്കും ഞാന്‍" എന്ന് ആക്രോശിക്കുന്ന അതിനായകത്വകാലത്ത് അദ്ദേഹത്തിന് പിടിച്ചു നില്ക്കാനായില്ല. നൂറ്റമ്പതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള രാജേഷ് ഖന്നയുടെ ഏറ്റവും പ്രസിദ്ധമായ പതിനഞ്ചു സിനിമകള്‍ ഇവയാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് സാക്ഷ്യപ്പെടുത്തുന്നത്: ഇത്തെഫാക്ക്(1969) - യാഷ് ചോപ്ര സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഒരു പെയിന്ററായിട്ടാണ് രാജേഷ് ഖന്നയുടെ നായകവേഷം. തന്റെ ഭാര്യയെ കൊലപ്പെടുത്തി എന്ന കുറ്റത്തിന് വിചാരണ നേരിടുകയാണയാള്‍. ആരാധന (1969) - ശക്തി സാമന്ത സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഖന്നയുടെ വിജയജോഡി ഷര്‍മിളാ ടാഗോര്‍ ആയിരുന്നു നായികാകഥാപാത്രം. രൂപ് തേരാ മസ്താനാ, മേരേ സപ്നോം കി റാണി തുടങ്ങിയ സര്‍വകാല ഹിറ്റുകള്‍ ഈ ചിത്രത്തിലേതാണ്. സച്ചാ ഝൂട്ടാ (1970) - മന്മോഹന് ദേശായി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സാധാരണക്കാരനായ ഗ്രാമീണന്റെ വേഷമാണ് രാജേഷ് ഖന്ന കൈകാര്യം ചെയ്തത്. അയാളെപ്പോലെ തന്നെ തോന്നിപ്പിക്കുന്ന മറ്റൊരു കൗശലക്കാരനായ കഥാപാത്രം മൂലമുണ്ടാകുന്ന കുഴപ്പങ്ങളാണ് രസകരമായ സിനിമയിലുള്ളത്. ഹാത്തി മേരാ സാത്തി(1971) - 1971ലെ ഏറ്റവും വലിയ ഹിറ്റായ ഈ ചിത്രത്തിന്റെ സംവിധായകന് എം എ തിരുമുഖമാണ്. കുട്ടികള്‍ക്കേറെ ഇഷ്ടപ്പെട്ട ഈ ചിത്രം രാജേഷ് ഖന്നയുടെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റു കൂടിയാണ്. കടി പതംഗ് (1971) - ആശാപരേഖ് നായികയായഭിനയിച്ച ചിത്രത്തില്‍ രാജേഷ് ഖന്നയുടെ കഥാപാത്രത്തിന്റെ പേര് കമല്‍ സിഹ്ന എന്നാണ്. ശക്തിസാമന്ത തന്നെയാണ് സംവിധായകന്. ഇവര്‍ രണ്ടു പേരും യോജിച്ച ഒമ്പതു സിനിമകളില്‍ രണ്ടാമത്തേതാണിത്. യേ ജോ മൊഹബത്ത് ഹൈ, യേ ശാം മസ്താനി, പ്യാര് ദീവാനാ ഹോത്താ ഹൈ, മസ്താനാ ഹോത്താ ഹൈ തുടങ്ങിയ ഹിറ്റു നമ്പറുകള്‍ കടി പതംഗിലേതാണ്. ആനന്ദ്(1971) - രാജേഷ് ഖന്നയും അമിതാഭ് ബച്ചനും മത്സരിച്ചഭിനയിച്ച ആനന്ദിലെ മുഖ്യവേഷം ഖന്നയുടേതു തന്നെ. ഋഷികേശ് മുഖര്‍ജി സംവിധാനം ചെയ്ത ആനന്ദ്, ക്യാന്‍സര്‍ രോഗമാണ് തനിക്കെന്നറിഞ്ഞിട്ടും ജീവിതാസക്തി കൈവിടാത്ത നായകന്റെ കഥ പറയുന്നു. അമര്‍ പ്രേം (1972) - വീണ്ടും ശക്തി സാമന്ത തന്നെ സംവിധായകന്. പഥേര്‍ പാഞ്ചാലിക്കാസ്പദമായ നോവലെഴുതിയ ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായയുടെ നിഷിപത്മ എന്ന കഥയാണ് അമര്‍ പ്രേമിനാസ്പദം.
ഷര്‍മിളാ ടാഗോര്‍ നായികയായഭിനയിച്ചു. ചിംഗാരി കോയ് ബഡ്ക്കേ എന്ന കിഷോര്‍കുമാറിന്റെ പ്രസിദ്ധ ഗാനം ഈ ചിത്രത്തിലേതാണ്. ബാവര്‍ച്ചി (1972) - ഋഷികേശ് മുഖര്‍ജി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജയാ ഭാദുരിയാണ് നായികയെ അവതരിപ്പിച്ചത്. രഘു എന്ന പാചകക്കാരനായി ഒരു ധനിക കുടുംബത്തിലെത്തുന്ന നായകന് കുടുംബാംഗങ്ങളുടെ ഹൃദയം കവരുന്ന സ്ഥിരം കഥ തന്നെയാണ് ആവിഷ്ക്കരിക്കപ്പെടുന്നത്. ദുശ്മന്‍ (1972) - സുര്‍ജിത് സിംഗ് എന്ന നായക കഥാപാത്രത്തെ രാജേഷ് ഖന്ന അവതരിപ്പിക്കുന്ന ഈ ചിത്രം വമ്പന്‍ ബോക്സോഫീസ് ഹിറ്റായി. മുംതാസാണ് നായികയെ അവതരിപ്പിച്ചത്. നമക്ക് ഹറാം (1973) - ഋഷികേശ് മുഖര്‍ജി ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. കിഷോര്‍ കുമാര്‍ പാടിയ ഗംഭീര ഗാനങ്ങളായ ദിയേ ജല്ത്തേ ഹേ, ഫൂല് കില്‍ത്തേ ഹൈ, നദിയാ സേ ദരിയാ, ദരിയാ സേ സാഗര്‍, മെയിന്‍ ശായര് ബദ്നാം എന്നീ പാട്ടുകള്‍ ആകര്‍ഷകങ്ങളാണ്.
പ്രേം നഗര്‍(1974) - ഹേമമാലിനിയോടൊപ്പം രാജേഷ് ഖന്ന അഭിനയിച്ച ഈ ചിത്രത്തിന്റെ സംവിധായകന് കെ എസ് പ്രകാശ് റാവുവാണ്. പ്രസിദ്ധ തെന്നിന്ത്യന്‍ നിര്‍മാതാവ് ഡി രാമനായിഡുവാണ് നിര്‍മാണം. പ്രേം കഹാനി(1975) - രാജ് ഖോസ്ല സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മുംതാസാണ് നായിക. ലക്ഷ്മികാന്ത് പ്യാരേലാല്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. ചക്രവ്യൂഹ(1978) - ബാസു ചാറ്റര്‍ജി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നീതു സിംഗ് ആണ് നായികയെ അവതരിപ്പിച്ചത്. ആജ് കാ എം എല്‍ എ രാം അവതാര്‍(1984) - കക്ഷി രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. ഹം ദോനോ (1985) - ബി എസ് ഗ്ലാദ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഹേമമാലിനി ആണ് നായികയെ അവതരിപ്പിച്ചത്. ആര് ഡി ബര്മന് ഈണമിട്ട ഗാനങ്ങള്‍ കിഷോര്‍കുമാറും ആശാ ഭോണ്‍സ്ലേയും ആലപിച്ചു. ഉയരത്തിലായിരിക്കുമ്പോള്‍ നമ്മള് ദൈവത്തിനടുത്തെത്തി എന്ന തോന്നലിലെത്തുന്നു എന്ന് രാജേഷ് ഖന്ന സ്വയം വിലയിരുത്തുന്നുണ്ട്. എന്നാല്‍ രാജേഷ് ഖന്നയെ അടുത്തറിയുമ്പോള്‍ അദ്ദേഹത്തിന്റെ അഭിനേതാവിലും വ്യക്തിത്വത്തിലുമുള്‍ച്ചേര്‍ന്നിരിക്കുന്ന വൈരുധ്യം വെളിപ്പെടുമെന്നാണ് പ്രസിദ്ധ നടി ശബാനാ ആസ്മി വിലയിരുത്തുന്നത്.
ആര്‍ക്കും കൈയെത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍, ദൈവത്തിന് തൊട്ടടുത്തുള്ള സൂപ്പര്‍സ്റ്റാറായിരിക്കുമ്പോള്‍ തന്നെ, അടുത്ത വീട്ടിലെ പയ്യന് (ബോയ് ഇന്‍ ദ നെക്സ്റ്റ് ഡോര്‍) എന്ന സ്നേഹമസൃണതയിലേക്കും രാജേഷ് ഖന്ന യോജ്യനാകും. അദ്ദേഹത്തെ ആശ്ലേഷിക്കാന്‍ മണിക്കൂറുകള്‍ കാത്തുനില്ക്കുന്ന യുവതികളുടെ നിര തന്നെ താന്‍ നിരവധി തവണ കണ്ടിട്ടുണ്ടെന്ന് ശബാന ആസ്മി അനുസ്മരിക്കുന്നു. ചിലര്‍ക്കാകട്ടെ അദ്ദേഹത്തെ ഒരു നോക്ക് കണ്ടാല്‍ മതി. രാജേഷ് ഖന്നയുടെ ഫോട്ടോഗ്രാഫിനെ വിവാഹം ചെയ്ത നൂറുകണക്കിന് പെണ്‍കുട്ടികളുണ്ടായിരുന്നുവെന്നാണ് ജേര്‍ണലിസ്റ്റായ മോണോജിത് ലാഹിരി സാക്ഷ്യപ്പെടുത്തുന്നത്.
സ്വന്തം വിരല്‍ മുറിച്ച് അതില്‍നിന്നു വരുന്ന ചോര കൊണ്ട് സിന്ദൂരം അണിഞ്ഞാണത്രെ അവര്‍ സ്വയം വിവാഹിതരാവുന്നത്. ഫാഷന്‍ ഡിസൈനറായ അഞ്ജു മഹേന്ദ്രുവുമായി ഏഴു വര്‍ഷം നീണ്ടുനിന്ന പ്രണയം തകര്‍ന്നതിനു ശേഷം രാജേഷ് ഖന്ന, പ്രസിദ്ധ നടി ഡിംപിള്‍ കപാഡിയയെ വിവാഹം കഴിച്ചു. രണ്ടു പെണ്‍കുട്ടികളാണവര്‍ക്ക്. പതിനൊന്നു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം, 1984ല്‍ അവര്‍ വേര്‍പിരിഞ്ഞു. മരണസമയത്ത് രാജേഷ് ഖന്നയുടെ ജീവിത പങ്കാളി അനിത അഡ്വാനി ആയിരുന്നു എന്ന ഒരു അവകാശ വാദവും വാര്‍ത്തകളില്‍ നിറയുകയുണ്ടായി. തിരശ്ശീലക്കകത്തും പുറത്തുമായി പ്രണയത്തിന്റെ വിവിധ ഭൂപടങ്ങള്‍ വരച്ചിട്ട ആ റൊമാന്റിക് ഹീറോയോട് വിട പറയാം.
Friday, August 3, 2012
പ്രണയത്തിന്റെ ഭൂപടങ്ങള്‍
Subscribe to:
Post Comments (Atom)
3 comments:
അതിമനോഹരമായ അനുസ്മരണം സര്. താങ്കള്‍ കൂടെ കൂടെ (മാസത്തില്‍ ഒരിക്കലെങ്കിലും) എഴുതണം. കാമ്പുള്ള, നട്ടെല്ലുള്ള, ഉജ്ജ്വലങ്ങളായ താങ്കളുടെ എഴുത്തുകള്‍ മൂന്നു മാസത്തിലൊരിക്കല്‍ എന്ന രീതിയില്‍ നീട്ടരുത് എന്നൊരെളിയ അഭ്യര്‍ത്ഥന എനിക്കുണ്ട്, ഇതൊരു അപേക്ഷയായി കരുതുക.
thank you cheated continuously. how it and what it cheated?
മറുപടിക്ക് നന്ദി സര്. തുടര്‍ച്ചയായി ചതിക്കപെട്ടുകൊണ്ടിരിക്കുന്ന സാധാരണക്കാരുടെ പ്രതിനിധി എന്ന നിലയില്‍ സ്വയം ഒരു ഐഡി മെനഞ്ഞെടുത്തതാണ്, ഒരു സോഷ്യലിസ്റ്റ് വിപ്ലവം ഉണ്ടാവും വരെ (ഞാന്‍ ഉണ്ടെങ്കില്‍) ഇങ്ങനെ തുടരാന്‍ ആണ് സര് ആഗ്രഹം.
Post a Comment