Thursday, January 24, 2013

പ്രണയത്തിന്റെ സങ്കീര്‍ണ യാത്രകള്‍

മുസ്ളിം വംശജനായ റസൂലും(ഫഹദ് ഫാസില്‍) കൃസ്തു മതക്കാരിയായ അന്നയും (ആന്‍ഡ്രിയ ജെറീമിയ) തമ്മിലുള്ള പ്രണയമാണ് ഏറെ ലളിതവും തികച്ചും യഥാതഥവും ആയ രീതിയില്‍ അന്നയും റസൂലും എന്ന സിനിമയില്‍ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ളത്. ഗാംഗ്സ് ഓഫ് വാസയര്‍പൂര്‍(ഒന്നും രണ്ടും ഭാഗങ്ങള്‍), ദേവ് ഡി(രണ്ടും അനുരാഗ് കാശ്യപിന്റെ സിനിമകള്‍), ചാന്ദ്നി ബാര്‍(മധുര്‍ ഭണ്ഡാര്‍ക്കര്‍) തൊട്ട് അന്യര്‍(ലെനിന്‍ രാജേന്ദ്രന്‍), ശേഷം(ടി കെ രാജീവ്കുമാര്‍), ക്ളാസ് മേറ്റ്സ്(ലാല്‍ജോസ്), ഇവന്‍ മേഘരൂപന്‍(പി ബാലചന്ദ്രന്‍) വരെ കുറെയധികം ശ്രദ്ധേയ സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള രാജീവ് രവിയുടെ ആദ്യ സംവിധാന സംരംഭമാണ് അന്നയും റസൂലും. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീത സംവിധാനം കെ(യുദ്ധം ശെയ്, മുഖമൂടി)യും എഡിറ്റിംഗ് ബി അജിത്കുമാറും നിര്‍വഹിച്ചിരിക്കുന്നു. റഫീക് തിരുവള്ളൂര്‍ എഴുതിയ സമ്മിലൂന്നി എന്ന പാട്ടിന്റെ രചനയും ഷഹബാസ് അമന്റെ ആലാപനവും വളരെ വ്യത്യസ്തവും സവിശേഷവുമായിട്ടുണ്ട്.

ശാരീരികാകര്‍ഷണം എന്ന ലൈംഗിക പ്രക്രിയയെ അതല്ലാതാക്കി തീര്‍ക്കുകയോ അതില്‍ നിന്നുയര്‍ത്തുന്നു എന്നു ഭാവിക്കുകയോ ചെയ്യുന്നതിലൂടെ നിര്‍മിക്കപ്പെടുന്ന പ്രണയം എന്ന ഭാവന/യാഥാര്‍ത്ഥ്യത്തെ ചൂഴ്ന്നു നില്‍ക്കുന്ന ആശയം, സന്ദര്‍ഭം, പ്രദേശം, മതം/മതവൈജാത്യം എന്നിവയും ഇതിലെല്ലാമുപരിയായി ചലച്ചിത്രവത്ക്കരണത്തിന്റെ രൂപ/നിര്‍വഹണപരമായ പ്രത്യേകതകളുമാണ് മറ്റനവധി പ്രണയ സിനിമകളിലെന്നതു പോലെ അന്നയും റസൂലും എന്ന സിനിമയിലും അന്വേഷിക്കപ്പെടുന്നത്.
മട്ടാഞ്ചേരിക്കാരനാണ് റസൂലെങ്കില്‍, കായലിനപ്പുറത്തുള്ള വൈപ്പിന്‍കരയിലാണ് അന്ന താമസിക്കുന്നത്. ഭരതേട്ടന്‍(ഇയാള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നേ ഇല്ല) എന്നയാളുടെ ഉടമസ്ഥതയിലുള്ള കുമാര്‍ ടാക്സിക്കമ്പനിയുടെ ടാക്സി ഓടിക്കുന്ന ഡ്രൈവറാണ് റസൂല്‍. ഭരതേട്ടനെ എവിടെയും കാണാനാകുന്നില്ലെങ്കിലും, ഡ്രൈവറെയും യാത്രക്കാരെയും മേല്‍ നോട്ടം നടത്താനായി ഒരു ഗണപതി വിഗ്രഹം കാറിന്റെ മുന്‍ഭാഗത്ത് അയാള്‍ ഒട്ടിച്ചു വെച്ചിട്ടുണ്ട്. മറൈന്‍ ഡ്രൈവിലുള്ള സീമാസ് എന്ന പല നിലകളിലുള്ള കൂറ്റന്‍ തുണിക്കടയിലെ സെയില്‍സ് ഗേളാണ് അന്ന. വസന്തബാലന്റെ അങ്ങാടിത്തെരു(രചന-ജയമോഹന്‍) എന്ന തമിഴ് സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ള അത്ര തീവ്രമായിട്ടില്ലെങ്കിലും, ദാരിദ്യ്രം കൊണ്ടും നിവൃത്തികേടു കൊണ്ടും ഇത്തരം പടുകൂറ്റന്‍ തുണിക്കടയില്‍ തൊഴിലാളികളായ യുവാക്കള്‍ (ആണും പെണ്ണും) അനുഭവിക്കുന്ന അടിമത്തവും നിസ്സഹായതയും അതികഠിനമായ തൊഴില്‍ സാഹചര്യങ്ങളും അന്നയുടെ തൊഴിലിടം വിശദമാക്കുന്നതിലൂടെ ഈ ചിത്രവും അനാവരണം ചെയ്യുന്നുണ്ട്. താരാധിപത്യ-തമ്പുരാന്‍ സിനിമകളുടെ ആക്രോശങ്ങളും ന്യൂ ജനറേഷന്‍ എന്ന പേരിലിറങ്ങിയ കള്ളനാണയങ്ങളിലെ കപട ലൈംഗികാവിഷ്ക്കാരങ്ങളും (നഴ്സുമാര്‍ പട്ടിണിയെങ്കിലും അകറ്റാനുള്ള വേതനത്തിനു വേണ്ടി സമരം ചെയ്തപ്പോള്‍ അവരെ മഹത്വവത്ക്കരിക്കപ്പെട്ട ലൈംഗികത്തൊഴിലാളികളായി പരിചയപ്പെടുത്തിയ 22ഫീമെയില്‍ കോട്ടയം അടക്കമുള്ള സിനിമകള്‍) മാറ്റിവെച്ചുകൊണ്ട്; നവോത്ഥാന-പുരോഗമന-മതനിരപേക്ഷ-സമരോത്സുക കേരളത്തില്‍ മലയാളികള്‍ തന്നെയായ അസംഘടിത തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരന്തം തീക്ഷ്ണമായി വെളിപ്പെടുത്തുന്നതിന്റെ പേരില്‍ രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ള രാജീവ് രവിയും സന്തോഷ് ഏച്ചിക്കാനവും ജി സേതുനാഥും അഭിനന്ദനം അര്‍ഹിക്കുന്നു. അന്നയെ പിന്തുടര്‍ന്ന് തുണിക്കടയുടെ ഫ്ളോറുകളില്‍ കയറുന്ന റസൂല്‍ എന്ന വിഭ്രാന്തനായ കാമുകനെ നിഷ്ക്കരുണം പുറന്തള്ളുന്ന സൂപ്പര്‍വൈസര്‍; പഴയ ആഖ്യാനങ്ങളില്‍ പതിവുള്ള അഛന്‍/സഹോദരന്‍/അമ്മാവന്‍/അമ്മ എന്നീ  പ്രണയവില്ല•ാരുടേതിനേക്കാള്‍ വിശ്വാസ്യതയും സമകാലികതയും ജനിപ്പിക്കുന്ന കഥാപാത്രവത്ക്കരണമാണ്. മാത്രമല്ല, ഇയാള്‍ പ്രണയവില്ലനാകുന്നത് കമിതാക്കളിലൊരാളുടെ സംരക്ഷകനായതു കൊണ്ടോ, രക്ഷാകര്‍തൃത്വം/വിധേയത്വത്തിന് വിരുദ്ധമാണ് പ്രണയം എന്ന നിലപാട് കൊണ്ടോ അല്ല. മറിച്ച്, കേവല ലാഭാധിഷ്ഠിതമായ തൊഴില്‍ മേല്‍നോട്ടത്തിന്റെ ഭാഗമായുള്ള കഴുത്തറുപ്പന്‍ മനോഭാവം മാത്രമാണത്.

ആഖ്യാതാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ശരാശരി മട്ടാഞ്ചേരിക്കാരന്റെ എടുത്തു ചാട്ടവും സാഹസികതയുമാണ് റസൂലിന്റെ സുഹൃത്തുക്കളായ കോളിനും അബുവിനുമുള്ളത്. വണ്ടി പിടുത്തവും പെരുന്നാളാഘോഷത്തിനിടെ മദ്യലഹരിയില്‍ വീമ്പു കാണിക്കാന്‍ വേണ്ടി മുമ്പില്‍ തടഞ്ഞ ചെക്കനെ വിരട്ടി അവന്റെ സംഘത്തിന്റെ അടി മേടിക്കലും പോലുള്ള ക്വട്ടേഷനുകളിലൂടെയാണ് അവരുടെ ജീവിതം. അവരുടെ സുഹൃത്ത് എന്ന നിലയില്‍ റസൂലും ഈ അനിശ്ചിതത്വങ്ങളില്‍ കുടുങ്ങുന്നു. പെരുന്നാളടി സമയത്ത് അവനോടി രക്ഷപ്പെടുന്നുണ്ടെങ്കിലും അതിന്റെ അനുബന്ധ സംഘട്ടനത്തില്‍ അവന് ഭാഗഭാക്കാവേണ്ടി വരുന്നു. ഈ സംഭവം നേരിട്ടു കണ്ട അവന്റെ കാമുകി അന്ന അവനോട് നീരസം പ്രകടിപ്പിക്കുന്നുമുണ്ട്. ഇതിന്റെ മറ്റൊരു തുടര്‍ച്ചയായിട്ടാണ്, കുഴല്‍പ്പണ ലോബിയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന അവരുടെ കാരിയര്‍ കൂടിയായ അബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റസൂല്‍ തടവിലാകുന്നത്. ഈ തടവുകാലം കാമുകനാണ് അനുഭവിക്കുന്നതെങ്കിലും അത് സൃഷ്ടിക്കുന്ന ദുസ്സഹത നേരിടാനാകാതെ ആത്മഹത്യ ചെയ്യുന്നത് അന്നയാണ്. പ്രണയരൂപീകരണത്തിന്റെ അനവധി അസാധ്യതകളെ അവര്‍ക്ക് മറി കടക്കാനാകുന്നുണ്ടെങ്കിലും ഈ ഘട്ടത്തോടെ അവര്‍ പരാജയമടയുന്നു. വെള്ളത്തിനടിയിലേക്ക് ഊളിയിട്ടതിനു ശേഷം കണ്ണു തുറന്നാല്‍ നിനക്ക് നിന്റെ പ്രേയസിയെ കാണാനാകും എന്ന പൊന്നാനിയിലെ സഹപ്രവര്‍ത്തകന്റെ നിര്‍ദേശത്തെ പ്രാവര്‍ത്തികമാക്കിക്കൊണ്ട് വെള്ളത്തിലേക്ക് സ്ഥിരമായി മുങ്ങുകയാണ് നായകന്‍ എന്ന അവ്യക്തതയിലാണ് അന്നയും റസൂലും സമാപിക്കുന്നത്.
നേരത്തെ സൂചിപ്പിച്ചതു പോലെ; പ്രണയത്തിന്റെ സ്റിരിയോടൈപ്പ് തടസ്സക്കാരായ അഛന്‍, അമ്മ, അമ്മാവന്‍, സഹോദരന്‍ എന്നീ ശല്യക്കാര്‍ക്കൊന്നും ഈ കഥയില്‍ നിര്‍ണായക സ്ഥാനമില്ല. പ്രണയത്തിന്റെ ആന്തരികവും ആത്യന്തികവുമായ അര്‍ത്ഥമായ ശാരീരികാകര്‍ഷണം വേണ്ടത്ര വ്യക്തവുമല്ല. വെറി പിടിച്ച മെലിഞ്ഞ പ്രകൃതക്കാരനാണ് റസൂല്‍. ഫഹദ് ഫാസിലിന്റെ ശരീരവും ചലനങ്ങളും ഈ കഥാപാത്രത്തിന് തികച്ചും അനുയോജ്യം. അന്നയാകട്ടെ, വിളര്‍ത്തു മെലിഞ്ഞാണിരിക്കുന്നത്. അവളുടെ ചിരി പോലും മങ്ങിയാണ് പ്രകടിപ്പിക്കപ്പെടുന്നത്. വീട്ടിലെയും തൊഴിലിടത്തെയും ദുസ്സഹമായ സാഹചര്യങ്ങള്‍ അവളുടെ പ്രകൃതത്തില്‍ പ്രതിഫലിക്കുന്നുണ്ട്. എന്നാലും അവളില്‍ ദിവ്യമായ ഒരാകര്‍ഷണം അവന്‍ ദര്‍ശിക്കുന്നുണ്ട്. ഇത് ശാരീരികമായിരിക്കെ തന്നെ അവ്യാഖ്യേയമായ വിധത്തില്‍ ആന്തരികമായി വികസിക്കുന്ന ഒരു പരസ്പരാശ്രയത്വമാണ്. ഇത് അവര്‍ പരസ്പരം തിരിച്ചറിയുന്നു എന്നത് സുവ്യക്തമാണ്. കവിളത്തും ചുണ്ടിലുമുള്ള ചുംബനം, രതി എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള ബന്ധവുമല്ല അവരുടേത് എന്നും വ്യക്തമാക്കപ്പെടുന്നുണ്ട്. അന്നയും റസൂലും തമ്മിലുള്ളത് ഏറ്റവും വിശുദ്ധമായ പ്രണയമായി പരിണമിക്കുന്നത് ഈ കാരണങ്ങള്‍ കൊണ്ടു തന്നെ.

പ്രണയത്തെ സാധ്യമാക്കുകയും അസാധ്യമാക്കുകയും ചെയ്യുന്ന സാമ്പ്രദായികവും സാധാരണവുമായി നാം പരിഗണിക്കാറുള്ള ഘടകങ്ങള്‍ക്കപ്പുറത്തുള്ളതും എന്നാല്‍ അസാധാരണമല്ലാത്തതുമായ ഒരു ഘടകത്തെയാണ് അന്നയും റസൂലും പിന്തുടരുന്നതെന്നതാണ് സത്യത്തില്‍ ഈ ചിത്രത്തിന്റെ സവിശേഷത. അതിപ്രകാരമാണ്. മറൈന്‍ഡ്രൈവില്‍ വെച്ചുണ്ടായ അടികലശല്‍ കഴിഞ്ഞ്, ആഷ്ലി(സണ്ണി വെയ്ന്‍)യുടെ വീട്ടില്‍ വെച്ച് അവര്‍ തമ്മില്‍ നടത്തുന്ന ഹ്രസ്വമായ സന്ധി സംഭാഷണത്തിനിടയില്‍, അന്ന സ്വയം വിശദീകരിക്കുന്നു. ഇരുപതു വര്‍ഷമായി വായ് തുറക്കാതെ എന്തോ വിഷാദം ചവച്ചിറക്കി ജീവിക്കുന്ന ജോസഫ്(ജോയ് മാത്യു) എന്ന തന്റെ പിതാവിനും, തല തെറിച്ച കുഞ്ഞുമോന്‍ എന്ന സഹോദരനും വകയിലുള്ള ഒരു ബന്ധുവിനും ഇടയില്‍; വീട്, കുടുംബം എന്നീ സങ്കല്‍പ/യാഥാര്‍ത്ഥ്യത്തിന്റെ അകത്ത് എല്ലാ പ്രതീക്ഷകളും അറ്റു പോയ ജീവിതമാണവളുടേത്. തൊഴിലിടമാകട്ടെ മറ്റൊരു ദുസ്സഹമായ അന്തരീക്ഷവും. ഇടയില്‍ ബോട്ടിലുള്ള യാത്രയും നടത്തവുമായിരിക്കും അങ്ങനെ പറയുന്നില്ലെങ്കിലും ഒരല്‍പം ആശ്വാസം ലഭിക്കുന്ന ഘട്ടങ്ങള്‍. ഇതിനിടയിലാണ് നിന്നെ(റസൂലിനെ) കണ്ടു മുട്ടുന്നത്. ജീവിതം എവിടെയോ തിരിച്ചു പിടിച്ചതു പോലെ തോന്നിച്ചു എന്നവള്‍ പറയുന്നു. ഇതാണ് പ്രണയത്തിന്റെ സത്യസന്ധവും പ്രയോജനപ്രദവും ആയ സാധൂകരണം. അതവള്‍ക്ക് അനിവാര്യമായിരുന്നു.
ആ അനിവാര്യമായ പ്രണയത്തിലേക്കവള്‍ എത്തിച്ചേര്‍ന്നതും അതില്‍ നിന്നുള്ള വേറിട്ടു പോക്കും എന്നതു തന്നെയാണ് നിര്‍ണായകമായ പ്രതിസന്ധി. കുഴല്‍പ്പണ ലോബിയുടെയും പൊലീസിന്റെയും ഒത്തുകളിയെത്തുടര്‍ന്ന് റസൂല്‍ ജയിലിലാവുന്നതോടെ; അവളെ തേടി, ബ്ളേഡുകാരനായ ഫ്രാന്‍സിസ്/പ്രാഞ്ചിയുടെ രണ്ടാം കെട്ട് എന്ന സുരക്ഷിതത്വ വാള്‍ എത്തുന്നു. ഇതു ഭയന്ന് അവള്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. യാത്രക്കിടയില്‍ നിന്നു പോകുന്ന ബോട്ട് മറ്റൊരു ബോട്ടില്‍ കെട്ടി വലിച്ച് കരക്കണയുന്ന സമയത്ത്, പുറത്തേക്കിറങ്ങുമ്പോഴാണ് റസൂല്‍ അന്നയോട് തന്റെ പ്രണയം അറിയിക്കുന്നത്. എനിക്ക് നിന്നെ ഇഷ്ടാണ്. അവള്‍ക്ക് അപ്പോള്‍ എന്നല്ല പിന്നീട് കുറേ ദിവസത്തേക്കും അതിനോട് പൊരുത്തപ്പെടാനാവുന്നില്ല. ദരിദ്രവും ദുസ്സഹവുമായ തന്റെ ജീവിതത്തിന്റെ ഈ ഒരേയൊരു പ്രതീക്ഷ; അത് അസാധ്യമാണെന്ന സ്ഥായിയായ തിരിച്ചറിവ് ഭൂതബാധ പോലെ അവളെ എപ്പോഴും പിന്തുടരുന്നുണ്ട്. കലൂരിലെ ഫ്രാന്‍സിസ് പുണ്യാളന്റെ ആരാധനാലയത്തിനു മുന്നില്‍ മെഴുകുതിരി കത്തിച്ചുവെച്ചതിനു ശേഷം, റോഡ് മുറിച്ചു കടന്നും ജെട്ടി വരെ ഓട്ടോയില്‍ യാത്ര ചെയ്തും അവനോട് അവള്‍ പറയുന്നത് ഈ ഭൂതബാധയുടെ യാഥാര്‍ത്ഥ്യ ബോധത്തില്‍ നിന്നാണ്. ഇത് ശരിയാവൂല്ല. കാരണം, ഞാന്‍ കൃസ്ത്യാനിയാണ്. നീ മുസ്ളിമാണ് എന്ന് പറയാതെ പറയുകയും ചെയ്യുന്നു. സാധ്യതകള്‍ അവനാണ് ലളിതമായ മറുപടിയായി പറയുന്നത്. (ഹിന്ദുവായ) ഭരതേട്ടന്റെ വണ്ടിയാണ് ഞാന്‍ ഓടിക്കുന്നത്. എന്റെ  വീട്ടില്‍ നിന്നതെന്നതിനേക്കാള്‍ ഞാന്‍ ഭക്ഷണം കഴിച്ചിട്ടുള്ളത് (കൃസ്ത്യാനിയായ) കോളിന്റെ വീട്ടില്‍ നിന്നാണ്. പ്രണയത്തെ സുസ്സാധ്യമാക്കുന്ന റസൂലിന്റെ പരിഹാരങ്ങള്‍ തികച്ചും നിഷ്കളങ്കവും ലളിതവുമാണ്.
പ്രണയത്തോടെ അവര്‍ക്കു രണ്ടു പേര്‍ക്കും തിരിച്ചു ലഭിക്കുന്ന ജീവിതം പ്രാഥമികമായി അസാധ്യമാക്കുന്നത് പക്ഷെ, മതം മാറ്റം എന്ന സാമൂഹിക പരിഹാരത്തോടുള്ള നിരാസമാണ്. ഒന്നാമതായി അവരോടിയെത്തുന്നത്, പൊന്നാനിയിലെ റസൂലിന്റെ ബാപ്പ ഉസ്മാന്റെ(രഞ്ജിത്ത്) പുരയിലാണ്. അവിടെ അയാളുടെ രണ്ടാം കെട്ടും മൂന്നു പെണ്‍കുട്ടികളുമുള്ളതു കൊണ്ട്, അവളെ മുസ്ളിമാക്കി പരിവര്‍ത്തിപ്പിക്കാതെ നില്‍ക്കക്കള്ളിയില്ല. പിന്നീട് കുരിശുപാറയിലെത്തുമ്പോഴാകട്ടെ, റസൂലിന് കൃസ്ത്യാനിയായി സ്വയം പരിഹരിക്കാം. പുരുഷോത്തമക്കൈമള്‍ പീറ്ററായ മുന്നനുഭവവും അവര്‍ക്കു മേല്‍ നിവരുന്നു. അതും പക്ഷെ അവര്‍ സ്വീകരിക്കുന്നില്ല. അപ്പോഴേക്കും കുഴല്‍പ്പണ ലോബി, പൊലീസ് തുടങ്ങിയ ഭൂതകാല യാഥാര്‍ത്ഥ്യങ്ങള്‍ അവനെ പിടി കൂടുകയും ദൈനം ദിന ജീവിതം അസാധ്യമാക്കുന്ന വിധത്തില്‍ തടവിലടക്കപ്പെടുകയും ചെയ്യുന്നു. ദാരിദ്യ്രവും മിശ്ര മത ദാമ്പത്യവും സെക്കുലര്‍ നിയമത്തിന്റെ പരിരക്ഷയില്ലായ്മയും എല്ലാം ചേര്‍ന്ന് കാത്തിരിക്കാനുള്ള അവളുടെ സ്ഥലവും കാലവും പ്രതീക്ഷയും ഇല്ലാതാക്കുന്നു. ഏതു കടലാസ്, ഏത് അയല്‍ക്കാര്‍, ഏതു സുഹൃത്തുക്കള്‍, ഏതു പണി വെച്ച് അവള്‍ക്ക് അവന്റെ തടവു കഴിയുന്നതു വരെ കാത്തിരിക്കാനാവും? നവോത്ഥാന-പുരോഗമന-മതേതര-ജനാധിപത്യ-ആധുനിക കേരളത്തിന്റെ ദുസ്സഹമായ അന്തരീക്ഷത്തെ സത്യസന്ധമായി പരിചയപ്പെടുത്തുന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ചരിത്രബോധത്തെ അംഗീകരിക്കുക തന്നെ വേണം.

എന്തു കൊണ്ടാണ്, റസൂല്‍ മതം മാറ്റം എന്ന നിര്‍ദേശത്തെ എതിര്‍ക്കുന്നതെന്നും ഈ എതിര്‍പ്പിനെ അന്ന നിസ്സംഗമായി അനുകൂലിക്കുന്നതെന്നും ഉള്ള പ്രശ്നത്തിന്റെ ഉള്ളറകള്‍ അന്വേഷിക്കേണ്ടതുണ്ട്. അന്നയും റസൂലും അവരവരുടെ മതത്തില്‍ വിശ്വസിക്കുന്നവരാണ്, എന്നാല്‍ കടുത്ത മതമൌലികവാദികളോ ഭ്രാന്ത•ാരോ അല്ല. റസൂല്‍ നിസ്ക്കരിക്കുന്നതും; അന്ന പള്ളിക്കു മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിക്കുന്നതും കുര്‍ബാന കൊള്ളുന്നതും കുമ്പസാരം ചെയ്യുന്നതും മറ്റും കാണിക്കുന്നതിലൂടെ ഇവര്‍ തങ്ങള്‍ ജനിച്ചു വീണതും പരിചയപ്പെട്ടതുമായ മതത്തിലും വിശ്വാസത്തിലും തുടരുന്നവരാണെന്നത് വ്യക്തമാക്കപ്പെടുന്നു. സുദൃഢമായ കുടുംബ ഭദ്രത ഉള്ളവരല്ല രണ്ടു പേരുമെന്നിരിക്കെ, കുടുംബത്തെ പേടിച്ചാണ് ഈ നിലപാടെടുക്കുന്നത് എന്നു പറയാനുമാവില്ല. അതായത്, ശരാശരി കേരളീയരുടെ മതബോധം, വിശ്വാസം എന്ന യാഥാര്‍ത്ഥ്യം തന്നെയാണ് ഈ കഥാപാത്രവത്ക്കരണങ്ങളെ സാധ്യമാക്കിയത് എന്നു ചുരുക്കം. അമിതമായ മതഭ്രാന്തും പുരോഹിതപ്പേടിയും ഉള്ളവരും ഊരുവിലക്ക് നേരിടേണ്ടതിനെക്കുറിച്ച് ഭയപ്പാടുള്ളവരുമായിരുന്നെങ്കില്‍ അവര്‍ ഏതെങ്കിലുമൊരു മതത്തിലേക്ക് സൌകര്യപൂര്‍വം ഒത്തു ചേര്‍ന്നേനെ. എന്നാലവരതിനു തുനിയുന്നില്ല. ബുദ്ധിമുട്ടേറിയ ഇത്തരമൊരു തീരുമാനത്തിലേക്ക് ഇവരെ ആനയിക്കുന്നത് സത്യത്തില്‍ തിരക്കഥാകൃത്തും സംവിധായകനുമാണെന്നു കാണാം. തങ്ങള്‍ക്ക് പരസ്പരമുള്ള പ്രണയമല്ലാതെ മറ്റൊരു കാര്യവും സത്യത്തില്‍ അവരുടെ തുടര്‍ ജീവിതത്തിന് പ്രേരകമായിട്ടില്ലാത്തവരാണ് രണ്ടു പേരും. അങ്ങനെയിരിക്കെ, ദാമ്പത്യ/കുടുംബ ജീവിതത്തിന്റെ സുഗമമായ മുന്നോട്ടു പോക്കിനു വേണ്ടി മറ്റൊരു പുരുഷോത്തമക്കൈമള്‍-പീറ്ററാവുന്ന എളുപ്പത്തിലേക്ക് റസൂലിന് കൂറുമാറാവുന്നതുമാണ്. അന്നയാകട്ടെ, മതം മാറണമെങ്കില്‍ മാറാം; ഇല്ലെങ്കില്‍ വേണ്ട എന്ന നിസ്സംഗമായ നിലപാടിലാണ് എപ്പോഴും. അത്തരമൊരു ലളിത പരിഹാരത്തിന് വിസമ്മതം പ്രകടിപ്പിക്കത്തക്ക വിധത്തില്‍, കടുത്ത രാഷ്ട്രീയ-സെക്കുലറിസ്റ്-യുക്തിവാദ നിലപാടൊന്നും ഉള്ള ആളാണ് റസൂലെന്ന സൂചനയുമില്ല. അതിലൂടെ, ഈ നിലപാട് അയാളിലേക്ക് കുത്തിവെക്കുന്നതും അതിലൂടെ പ്രാവര്‍ത്തികമാക്കുന്നതും കഥാ-തിരക്കഥാകൃത്തുക്കളുടെയും സംവിധായകന്റെയും രാഷ്ട്രീയ/ചരിത്ര സമീപനങ്ങളാണെന്ന് വ്യക്തമാകുന്നു. നീലക്കുയില്‍ മുതല്ക്കുള്ള പുരോഗമന മലയാള സിനിമകളില്‍, ഇതുപോലെ രചയിതാക്കളുടെ ആദര്‍ശ-അപരങ്ങളായി നായക/ഉപനായക കഥാപാത്രങ്ങളെ കൃത്രിമവത്ക്കരിക്കുന്നത് പതിവാണ്. റസൂലിന്റെ ജ്യേഷ്ഠന്‍ ഹൈദര്‍, മുസ്ളിം തീവ്രവാദ സംഘടനാ ബന്ധമുള്ള ആളാണെന്ന തെറ്റായ മുദ്ര ചാര്‍ത്തപ്പെട്ട് പാസ് പോര്‍ട് നിഷേധിക്കപ്പെട്ടവനാണെന്ന കഥായാഥാര്‍ത്ഥ്യം വ്യക്തമാക്കപ്പെടുന്നതും ഈ ആദര്‍ശ-ഒളിപ്പുരയോട് ചേര്‍ത്തു വെക്കണം. പോലീസിന്റെ നോട്ടപ്പുള്ളിയായി മാറുന്ന ഹൈദരുടെ സഹോദരന്‍, കൃസ്തുമതക്കാരിയായ കാമുകിയെ പൊന്നാനിയില്‍ കൊണ്ടു പോയി മുസ്ളിമാക്കിയാല്‍ എന്തായിരിക്കും പുകില്‍ എന്നു പറയേണ്ടതില്ലല്ലോ! ലവ് ജിഹാദ് പോലുള്ള ദുരാരോപണങ്ങള്‍ കടന്നു പോന്ന കാലത്തെ ഇതിവൃത്ത സ്വീകരണത്തില്‍ ആഖ്യാതാക്കള്‍ അനുഭവിക്കുന്ന പ്രതിസന്ധികളെന്തൊക്കെയെന്ന് വെളിപ്പെടുത്തുന്ന ഒരു തുറന്നു പറച്ചിലിലേക്ക് ഈ അന്വേഷണം പരിണമിക്കേണ്ടതുണ്ട്. അതുവരെ ഈ അവ്യക്തതകള്‍ അന്തരീക്ഷത്തില്‍ അവശേഷിക്കട്ടെ.
കൊച്ചിയെ ഒരു സ്ളോമോഷന്‍-അധോലോക കേന്ദ്രമാക്കി നിശ്ചയിച്ചുറപ്പിക്കുന്നതില്‍ സമീപകാല മലയാള സിനിമ വഹിച്ച പങ്ക് സുവ്യക്തമാണ്. ബഹുസ്വരതയുടെയും സഹവാസ ജീവിതത്തിന്റെയും മിശ്രസംസ്ക്കാരത്തിന്റെയും മറ്റും മറ്റും ആഴങ്ങള്‍ ഉള്‍വഹിക്കുന്ന കൊച്ചിയെയും മട്ടാഞ്ചേരിയെയും ഇപ്രകാരം പരിഹസിക്കുകയും സങ്കോചിപ്പിക്കുകയും ചെയ്യുന്ന മലയാള സിനിമയുടെ അപകടകരമായ പ്രാദേശികതാരാഷ്ട്രീയത്തില്‍ നിന്ന് മുഴുവനായി വിമോചിതമാകാന്‍ അന്നയും റസൂലിനുമാകുന്നില്ല എന്നത് കൂടുതല്‍ ഗൌരവമുള്ള ഒരു പ്രതിസന്ധിയാണ്. അവരുടെ പ്രണയ ജീവിതത്തിന്റെ സുഗമമായ മുന്നോട്ടു പോക്കിന് തടസ്സം സൃഷ്ടിക്കുന്ന ചില പ്രശ്നങ്ങള്‍ കഥയില്‍ വേണമെന്നുള്ളതു കൊണ്ടായിരിക്കണം, എളുപ്പത്തില്‍ അടിപിടിക്കാരായും ക്വട്ടേഷന്‍കാരായും മട്ടാഞ്ചേരിക്കാരെയും വൈപ്പിന്‍കാരെയും സ്ഥാനപ്പെടുത്താന്‍ കഥാ-തിരക്കഥാകൃത്തുക്കള്‍ മുതിര്‍ന്നിട്ടുണ്ടാവുക. രാജീവ് രവി തന്നെ നിര്‍മാണത്തില്‍ പങ്കാളിയായ ഐഡി (കമല്‍ കെ എം) എന്ന ഹിന്ദി ചിത്രത്തില്‍ മുംബൈയിലെ ഒരു ചേരി പ്രദേശത്തെ ഇപ്രകാരമുള്ള പുറം നോട്ടത്തിന് വിധേയമാക്കുന്നതു കാണാം. മരണപ്പെട്ട പെയിന്റു പണിക്കാരന്റെ മേല്‍വിലാസം അന്വേഷിച്ച് അവിടെയെത്തുന്ന നായികയുടെ സ്മാര്‍ട്ഫോണ്‍ ആ കോളണിയിലെ ഒരു ആണ്‍കുട്ടി തട്ടിപ്പറിക്കുന്നു. പിടിവലിയില്‍ ആ ഫോണ്‍ അഴുക്കു വെള്ളത്തില്‍ വീഴുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള അപകടങ്ങളുള്ളതു കൊണ്ട് ചേരികളിലേക്കും ന്യൂനപക്ഷങ്ങളും ദളിതരും ദരിദ്രരും തിങ്ങിത്താമസിക്കുന്ന കോളനികളിലേക്കും പോകാതിരിക്കുന്നതാണ് മധ്യവര്‍ഗക്കാര്‍ക്ക് ഭൂഷണം എന്ന ഗുണപാഠം സിനിമയില്‍ മുഴങ്ങി നില്‍ക്കുന്നുണ്ട്. കൊച്ചിയെ സംബന്ധിച്ച് ഇതുപോലുള്ള ഗുണപാഠം നിരവധിയായ മലയാള സിനിമകള്‍ ചേര്‍ന്ന് നിര്‍മിച്ചു വെച്ചിട്ടുണ്ട്. അത് ലംഘിക്കാന്‍, യാഥാര്‍ത്ഥ്യപൂര്‍ണവും  ലളിതവും സത്യസന്ധവുമായ പ്രതിപാദനരീതി പിന്തുടരുന്നവരായിട്ടും സന്തോഷ് ഏച്ചിക്കാനവും രാജീവ് രവിയും ജി സേതുനാഥും തുനിഞ്ഞില്ല എന്നത് ഖേദകരമായി.

10 comments:

pravaahiny said...

നല്ലൊരു സിനിമയാകും എന്നു പ്രതീക്ഷിക്കാം . ആസംസകള്‍. ഈ വേഡ് വെരിഫിക്കേഷന്‍ ഒന്നു മാറ്റിയാല്‍ നന്നായിരുന്നു
@PRAVAAHINY

nandakumar said...

ഗംഭീരമായിരിക്കുന്നു വിശകലനം. സിനിമ പോലെ തന്നെ.
സിനിമ ഏറെ ഇഷ്ടപ്പെട്ടു, ഈ കുറിപ്പും.

G P RAMACHANDRAN said...

വേഡ് വെരിഫിക്കേഷന്‍?

Pradeep Kumar said...

സിനിമ കണ്ടിട്ടില്ല. എന്നാലും ലേഖനത്തിലൂടെ സിനിമയെ അറിയാനാവുന്നു. ഒരു സിനിമ കാണേണ്ടതെങ്ങിനെ എന്നുകൂടി പഠിപ്പിച്ചുതരുന്നുണ്ട് ഈ നല്ല ലേഖനം.

Akbarali Charankav said...

സിനിമ കണ്ടിരുന്നു.
കുറിപ്പിലെ പരാമര്‍ശങ്ങളില്‍ പലതും എനിക്കുകൂടി തോന്നി,
പ്രത്യേകിച്ച മതംമാറാതെയുള്ള അവരുടെ സ്വത്വാവിഷ്‌ക്കാരമൊക്കെ മികച്ചതായെന്ന് തോന്നുന്നു

ajay joy said...

ഒരു തിരുത്ത് ആവശ്യം ഉണ്ടന്ന് തോന്നുന്നു. കലൂരിലെ പള്ളി അന്തോനീസിന്റെ പള്ളി അല്ലെ? ഫ്രാന്‍സിസിന്റെ അല്ലല്ലോ?
ആന കാര്യത്തിനിടയില്‍ ചേന കാര്യം എന്ന് തോന്നാം , എന്നാലും വസ്തുതാപരമായ തെറ്റ് പാടില്ലല്ലോ? :)

kochumol(കുങ്കുമം) said...

സിനിമ കണ്ടില്ല ..ഏകദേശ രൂപം കിട്ടി

Unknown said...

have to watch movie
thanks

Dious said...

നന്നായി

Deepu George said...

പലരും പറഞ്ഞു കേട്ടതും ,പലയിടത്തും മികച്ചത് എന്ന് വായിച്ചതു കൊണ്ടും സിനിമ കാണണം എന്ന് കരുതി ഇരിക്കുന്നു ..ഈ സിനിമയെ പറ്റി ഞാന്‍ വായിച്ചതില്‍ ഏറ്റവും മികച്ച കുറിപ്പ് ..