Friday, February 15, 2013

രഹസ്യങ്ങളുടെ കൈക്കാരന്‍




മലയാള സിനിമയുടെ നവ-രക്ഷക വേഷം സ്വയമെടുത്തണിഞ്ഞിരിക്കുന്ന രഞ്ജിത്തിന് ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രം വിചാരിച്ചെടുക്കുമ്പോള്‍ തന്റെ മുന്നിലുണ്ടായിരുന്ന പരിഗണനകള്‍ എന്തൊക്കെയായിരിക്കും എന്നൊന്ന് സങ്കല്‍പിച്ചു നോക്കുന്നത് കൌതുകകരമായിരിക്കും. അദ്ദേഹം തിരക്കഥയെഴുതി, മെഗാഹിറ്റുകാരായ ഐ വി ശശിക്കും ഷാജി കൈലാസിനും ഏല്‍പ്പിച്ചുകൊടുത്തതും സ്വയം സംവിധാനം ചെയ്തതുമായ ദേവാസുരം, ആറാംതമ്പുരാന്‍, നരസിംഹം,
ഉസ്താദ്, വല്യേട്ടന്‍, രാവണപ്രഭു പോലുള്ള സവര്‍ണ-അക്രമാസക്ത-ആണധികാര-നാടുവാഴിത്ത ഘോഷണ സിനിമകളില്‍ നിന്ന് പ്രേക്ഷകരെ സാധാരണവും സമകാലികവുമായ ജീവിതത്തിന്റെ നനവിലേക്കും പച്ചപ്പിലേക്കും (വെയിലിലേക്കും) മടക്കിക്കൊണ്ടുവരണം. ഇതു പോലുള്ള വേഷങ്ങളിലൂടെ അസഹനീയരായിക്കഴിഞ്ഞ സൂപ്പര്‍ താരങ്ങളില്‍ മുഖ്യനായ മമ്മൂട്ടിയെ അതിസാധാരണക്കാരനാക്കണം. മൂപ്പര്‍ക്കോ വയസ്സറുപതായി എങ്കിലും നായകനാകാതെ വയ്യ താനും. മോഹന്‍ലാലിന്റെ കാര്യവും തഥൈവ. ഇവര്‍ക്കായി; ഡ്രൈവര്‍, വേലക്കാരന്‍, കാര്യസ്ഥന്‍, കാവല്‍ക്കാരന്‍, ജയിലില്‍ പോയി തിരിച്ചു വരുന്നയാള്‍, കല്യാണം കഴിക്കാന്‍ മറന്നു പോയ ആള്‍, കാമുകിയുമായി തെറ്റി ദീര്‍ഘനാള്‍ കഴിഞ്ഞ കാമുകന്‍, ഭാര്യ മരിച്ചു പോയ ആള്‍, കള്ളുകുടിയന്‍, പൊങ്ങച്ചക്കാരന്‍ എന്നിങ്ങനെ വിവിധ വേഷങ്ങള്‍ തുന്നിയുണ്ടാക്കുകയാണ് രഞ്ജിത്തും സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും പിന്നെ പാവം പാവം സംവിധായകരും തിരക്കഥാകൃത്തുക്കളും. (ഇവരുടെ പങ്കപ്പാടുകള്‍ അറിയാതെ നിരൂപണ ഖഡ്ഗവുമായി ഇറങ്ങിത്തിരിക്കുന്നവരെ ലാല്‍ ജോസ് പറയുന്നതു പോലെ വധശിക്ഷക്കു വിധിക്കുക തന്നെ വേണം). സൂപ്പര്‍സ്റാര്‍ മമ്മൂട്ടി ഇന്‍ എന്നതിനു പകരം മമ്മൂക്ക ഇന്‍ എന്ന പരസ്യ വിശേഷണം പോലും സൂപ്പര്‍ താരത്തെ നിലത്തിറക്കാനുള്ള തത്രപ്പാടാണ്. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍/മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍.

സവര്‍ണ-ബ്രാഹ്മണ-മൃദു/തീവ്ര ഹിന്ദുത്വ സിനിമകളിലൂടെ മുസ്ളിം വിരുദ്ധ മഹാ പരിസരം ഉണ്ടാക്കിക്കഴിഞ്ഞതു കൊണ്ട്, ഇനി ബാലന്‍സൊപ്പിച്ച് തിരിച്ചു നടക്കാനായി മുസ്ളിം നല്ലവനാണെന്ന സര്‍ട്ടിഫിക്കറ്റ് ഉദാരതയോടെ നിര്‍മ്മിച്ചുണ്ടാക്കണം. മലപ്പുറത്തിഷ്ടം പോലെ ബോംബു കിട്ടുമല്ലോ(ആറാം തമ്പുരാന്‍) എന്നെഴുതിയ അതേ കൈ കൊണ്ട്, ഏറ്റവും കൂടുതല്‍ റിലീസ് സെന്ററുള്ള - നിലമ്പൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, കൊണ്ടോട്ടി, കോട്ടക്കല്‍, താനൂര്‍, തിരൂര്‍, വളാഞ്ചേരി, പൊന്നാനി, പരപ്പനങ്ങാടി - ജില്ലയിലെ പ്രേക്ഷകരോട് അല്‍പം സഹതാപവുമെഴുതിച്ചേര്‍ത്ത് സമഭാവപ്പെടാം എന്ന പശ്ചാത്താപവുമുദിച്ചു തുടങ്ങി. പത്തു വര്‍ഷത്തോളമായി പടമില്ലാതെ നടന്നിരുന്ന ജി എസ് വിജയന് നല്ല ഒരു ഹിറ്റ് സമ്മാനിക്കാന്‍ കഴിഞ്ഞാല്‍ അതും കാര്യം. ഈ തമാശകളാണ് സത്യത്തില്‍ ബാവുട്ടിയുടെ നാമത്തില്‍ എന്ന സിനിമയെ ഒരൊന്നൊന്നര തമാശ പടമാക്കി ഉയര്‍ത്തുന്നത്.
ഈ തമാശക്കായി സ്വരൂപിക്കുന്ന പ്രധാന ഘടകങ്ങള്‍; കണ്ണൂരിലെ കമ്യൂണിസ്റ് പാര്‍ടി, മലപ്പുറത്തെ മുസ്ളിം സമുദായം, യത്തീം ഖാന, ഗള്‍ഫുകാരന്‍, റിയല്‍ എസ്റേറ്റ് ബിസിനസ്, അഗമ്യഗമനം, പഴയ കാമുകന്റെ പുനര്‍ സന്ദര്‍ശനം, ദാമ്പത്യം, മദ്യപാനം, ബീഫ്, ഗര്‍ഭ നിരോധന ഉറ, ഹോം സിനിമ എന്നിവയൊക്കെയാണ്. ഏറ്റവും പ്രധാനപ്പെട്ട കൌതുകം, രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്ത് സ്വയവും അനുചരവൃന്ദത്തിനാലും പുകഴ്ത്തിപ്പാടുകയും നികുതിയിളവ് നേടിയെടുക്കുകയും ചെയ്ത രണ്ടു സമീപകാല ചിത്രങ്ങളുടെ പ്രഖ്യാപിത ഗുണപാഠപ്രഘോഷണങ്ങളെ അദ്ദേഹം തന്നെ നിഷ്ക്കരുണം തച്ചു തകര്‍ക്കുന്നു എന്നതാണ്. ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലൂടെ റിയല്‍ എസ്റേറ്റ് എന്ന 'ഭീകരമായ' സാമൂഹ്യ വിരുദ്ധ കച്ചവടത്തെക്കുറിച്ച് ഗുണദോഷിച്ച അദ്ദേഹം ഈ ചിത്രത്തിലെ മുഖ്യ കഥാപാത്രം സേതു(ശങ്കര്‍ രാമകൃഷ്ണന്‍) എളുപ്പത്തില്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടുകയും വില്‍ക്കുകയും പങ്കാളിയാകുകയും അല്ലാതാകുകയും ചെയ്യുന്ന മറിമായത്തെ മഹത്വവത്ക്കരിക്കുന്നു. ഇതിനായി, ദുബായിലേക്കും
 കൊളംബോയിലേക്കും നിഷ്പ്രയാസം സഞ്ചരിക്കുന്ന ഇവനാരാ മോന്‍. തീര്‍ന്നില്ല. സ്പിരിറ്റ് എന്ന സിനിമയിലൂടെ 'മദ്യവിരുദ്ധ' സന്ദേശം പടര്‍ത്തി, നികുതിയിളവ് സംഘടിപ്പിച്ചെടുത്ത സംവിധായകന്‍, മദ്യപാനത്തെ മഹത്വവത്ക്കരിക്കുന്നതിനും ബാവുട്ടിയുടെ നാമത്തില്‍ തയ്യാറായിരിക്കുന്നു. സ്പിരിറ്റിന് ലഭിച്ച നികുതിയിളവ് ബാവുട്ടിയുടെ നാമത്തില്‍ തിരിച്ചടക്കണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.
തങ്ങള്‍ കൂടിയ കഥാകൃത്തുക്കളും തിരക്കഥാകൃത്തുക്കളും സംവിധായകരുമാണെന്ന നാട്യമുള്ളതു കൊണ്ടാണ്, പൈങ്കിളി നോവലിസ്റുകളെയും പാവപ്പെട്ടവരുടെ കച്ചവടസിനിമയായ ഹോം സിനിമയെയും ഭര്‍ത്സിക്കാന്‍ മുഖ്യധാരാ സിനിമാക്കാര്‍ തയ്യാറാകുന്നത്. സ്പാനിഷ് മസാല(ബെന്നി പി
നായരമ്പലം/ലാല്‍ജോസ്)യില്‍ ഏതു സന്ദര്‍ഭം വന്നാലും അത് ട്വിസ്റാണെന്ന് പറഞ്ഞ് പൈങ്കിളി നോവല്‍ നീട്ടിവലിക്കുന്ന കഥാപാത്രത്തെ പരിഹസിക്കുന്നതു പോലെ, മലബാറില്‍ പ്രചരിപ്പിക്കപ്പെടുന്ന ഹോം സിനിമയെ ബാവുട്ടിയുടെ നാമത്തില്‍ ക്രൂരമായി പരിഹസിക്കുന്നു. ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന ഇത്തരം അറുബോറന്‍ ഹോം സിനിമകളിലും ചാനലുകളിലെ സീരിയലുകളിലും കണ്ടു മടുക്കാത്ത ഏതു കഥാപാത്രവും ഏതു കഥാ സന്ദര്‍ഭവുമാണ് ബാവുട്ടിയുടെ നാമത്തിലുള്ളതെന്നു കൂടി ഒന്നു വ്യക്തമാക്കിയാല്‍ കൊള്ളാം.
കണ്ണൂരിലെ കമ്യൂണിസ്റ് പാര്‍ടിയെ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലുള്ളതു പോലത്തെ ഒരു ദുരഭിമാന മത/ജാതി അവാന്തര വിഭാഗമാക്കി (സെക്റ്റ്) സ്ഥാപിച്ചിരിക്കുകയാണ് രഞ്ജിത്. മറ്റു രാഷ്ട്രീയ വിശ്വാസമുള്ളവരുമായോ അവരുടെ കുടുംബാംഗങ്ങളുമായോ പ്രണയത്തില്‍ ഏര്‍പ്പെടുന്ന സ്വന്തം സഹോദരിയെ ഭയപ്പെടുത്തി ആ ബന്ധത്തില്‍ നിന്ന് വേര്‍പെടുത്തുകയും അവളെയും കാമുകനെയും അപായപ്പെടുത്താന്‍ വരെ മടിക്കാതിരിക്കുകയും ചെയ്യുന്ന ദുരഭിമാനക്കൊലപാതകികളും അക്രമികളുമായവരുടെ ഖാപ് പഞ്ചായത്തുകളാണ് കണ്ണൂരിലെ 'കമ്യൂണിസ്റുഗ്രാമ'ങ്ങള്‍ എന്നാണ് ചിത്രം
തെളിയിക്കുന്നത്. ദുരഭിമാനക്കൊല(ഹോണര്‍ കില്ലിംഗ്)യെക്കുറിച്ച് ഗവേഷണം നടത്തുകയോ ഡോക്കുമെന്ററി എടുക്കുകയോ ചെയ്യുന്നവര്‍ കണ്ണൂരിലേക്ക് വണ്ടി കയറുവിന്‍.
മുസ്ളിം സമുദായത്തെ തീവ്രവാദികള്‍, കള്ളക്കടത്തുകാര്‍, കൂട്ടിക്കൊടുപ്പുകാര്‍, വഞ്ചകര്‍, ദേശദ്രോഹികള്‍, ബോംബു നിര്‍മാതാക്കള്‍, ഗള്‍ഫില്‍ പോയി പുത്തന്‍ പണവുമായി വന്ന് സവര്‍ണഗൃഹങ്ങളും പുരയിടവും വിലക്കു വാങ്ങാന്‍ നോക്കുന്ന അഹമ്മതിക്കാര്‍, ലവ് ജിഹാദുകാര്‍ എന്നിങ്ങനെയുള്ള പ്രതിനിധാനങ്ങളിലുറപ്പിച്ചതിനു ശേഷം തിരിച്ചു നടക്കുന്ന കഥാകൃത്ത്; യജമാനനെയും യജമാനത്തിയെയും അവരുടെ കുഞ്ഞുങ്ങളെയും സ്വത്തുക്കളെയും കുടുംബഭദ്രതയെയും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന വിനീത വിധേയനായ മുസ്ളിം എന്ന നല്ലവനായ അപരനെ രൂപീകരിച്ചെടുക്കാനുള്ള പരിശ്രമത്തിലാണ്. നല്ലവനാ(ളാ)യ അയല്‍ക്കാരന്‍(രി), വേലക്കാരന്‍/വേലക്കാരി, ഡ്രൈവര്‍, ട്യൂഷന്‍ ടീച്ചര്‍ എന്നിങ്ങനെയുള്ള വേഷങ്ങളിലേക്ക് മുസ്ളിമിനെ ഒതുക്കി പരിഹസിക്കുകയാണ് ഈ ഇതിവൃത്തം. നായക-നേതൃ സ്ഥാനത്തിരിക്കാന്‍ മുസ്ളിമിനുള്ള അയോഗ്യതയാണ് ഇതിലൂടെ കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.
മാത്രമല്ല, യത്തീംഖാനകളില്‍ മൊല്ലാക്കമാരുടെയും മുതിര്‍ന്ന കുണ്ട•ാരുടെയും സ്വവര്‍ഗാക്രമണങ്ങള്‍ക്ക് വിധേയരാവാന്‍ വിധിക്കപ്പെട്ടവരാണ് ഇളമുറക്കാര്‍ എന്ന ദൃശ്യധ്വനിയും ചിത്രാരംഭത്തില്‍ കാണാം. ഈ ആക്രമണത്തിന്റെ ചോര പൊടിഞ്ഞാണ് ബാവുട്ടിയും കൂട്ടുകാരന്‍ അലവി(ഹരിശ്രീ അശോകനായി മുതിരുന്നു)യും യത്തീം ഖാന ചാടുന്നത്. മുസ്ളിം സമുദായത്തിനകത്ത് സ്വവര്‍ഗ ലൈംഗികത കൂടുതലാണെന്ന പൊതുബോധത്തിന്, മറ്റൊരു ക്രിസ്മസ് ചിത്രമായ ടാ തടിയാ(ആഷിക് അബു)യും കൂട്ടു നില്‍ക്കുന്നുണ്ട്. വി കെ ശ്രീരാമന്‍ അവതരിപ്പിക്കുന്ന അധോലോകത്തലവനായ ഹാജിയാര്‍, കുണ്ടന്‍ വിളിയിലൂടെയാണ് പ്രത്യക്ഷപ്പെടുന്നത്.

വീട്ടുടമകള്‍ കസാരയിലിരിക്കുമ്പോള്‍, ബാവുട്ടി എപ്പോഴും തറയിലിരിക്കുന്നു. ഡ്രൈവര്‍ ഡ്രൈവറുടെ സ്ഥാനത്തിരിക്കണം എന്ന സംഭാഷണവും വെറുതെയല്ല ഉച്ചരിക്കപ്പെടുന്നത്. മതവിവേചനം പോലെ വര്‍ഗവിവേചനവും അരക്കിട്ടുറപ്പിക്കുന്നതിലൂടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നവകേരളം കെട്ടിപ്പടുക്കാം. നാടുവാഴിത്താനന്തര കേരളത്തില്‍ ഗൃഹാതുരത്വത്തോടെ, പണക്കാരന്‍/പണിക്കാരന്‍ ബന്ധത്തെ ഉദാത്തവത്ക്കരിക്കാനും പുതിയ പഴമയെ സൃഷ്ടിക്കാനുമുള്ള പിന്തിരിഞ്ഞു നടത്തങ്ങള്‍ ആണ് ബാവുട്ടിയുടെ നാമത്തില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.
അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയെ ചില്ലറ ലൈംഗികപരാമര്‍ശങ്ങള്‍ തുറന്നു പറയുന്നതിലൂടെ ഉത്തേജിപ്പിച്ചു കൊണ്ട് കാശ് പിടുങ്ങുന്ന ന്യൂ ജനറേഷന്‍ രീതിയുടെ(റണ്‍ ബേബി റണ്‍(സച്ചി/ജോഷി), ട്രിവാന്‍ഡ്രം ലോഡ്ജ്(അനൂപ് മേനോന്‍/വി കെ പ്രകാശ്)) തുടര്‍ച്ചയായിട്ടാണ്, ഗര്‍ഭ നിരോധന ഉറയെ എന്തോ മഹാകാര്യം/തമാശ എന്ന നിലക്ക് പ്രദര്‍ശിപ്പിക്കാനുള്ള രഞ്ജിത്തിന്റെ ത്വര. സ്പിരിറ്റിന്റെ തുടര്‍ച്ചയായി ബാവുട്ടിയുടെ നാമത്തിലും ഉറ കടന്നു വരുന്നു. ലൈംഗിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കേരളത്തിലെ കുട്ടികള്‍ക്കുള്ള രഞ്ജിത്തിന്റെ സംഭാവനയായി ഈ രംഗത്തെ കണക്കിലെടുത്ത് ഒരു നികുതിയിളവ് ശുപാര്‍ശ ചെയ്യുന്നു.
കുടുംബസംരക്ഷണം എന്നതിന് ഭാര്യ/അമ്മ/മകള്‍/സഹോദരി എന്നീ നിലകളില്‍ സ്ത്രീ അനുവര്‍ത്തിക്കേണ്ട ത്യാഗവും വിട്ടുവീഴ്ചയും അരക്കിട്ടുറപ്പിക്കുകയാണ് ബാവുട്ടിയുടെ നാമത്തില്‍ എന്ന ഇതിവൃത്തം. തോളില്‍ കൈയിട്ടാല്‍, അവിഹിത ബന്ധമായി എന്ന സൂചനയോടെ അവതരിപ്പിച്ചിരിക്കുന്ന പെണ്‍ കഥാപാത്ര(ലെന)വുമായുള്ള സേതുവിന്റെ ബന്ധം അറിഞ്ഞിട്ടും വിശ്വസ്ത ഡ്രൈവറായ ബാവുട്ടി, സേതുവിന്റെ ഭാര്യ വനജ(കാവ്യാ മാധവന്‍)യില്‍ നിന്ന് അത് മറച്ചു വെക്കുന്നു. എന്നാല്‍, വനജയുടെ പൂര്‍വപ്രണയമാകട്ടെ അവള്‍ക്കും ബാവുട്ടിക്കും മൂടിവെക്കാനാവുന്നുമില്ല. തോളില്‍ കൈയിടല്‍ മുതല്‍ക്കുള്ള എല്ലാ വേലി ചാടലുകളും താന്‍ മറച്ചു വെച്ചത് കുടുംബഭദ്രതയെക്കരുതിയാണെന്ന ബാവുട്ടിയുടെ ബ്ളാക്ക് മെയ്ലിംഗില്‍ വീണ് സേതു വിശ്വസ്തകുടുംബത്തില്‍ ഒട്ടിച്ചേരുകയും ചെയ്യുന്നു. പെണ്ണുങ്ങള്‍ ഭര്‍ത്താക്ക•ാരുടെ രഹസ്യയാത്രകള്‍ അറിയേണ്ടതില്ലെന്നും അറിഞ്ഞാല്‍ തന്നെ കുഞ്ഞുങ്ങളെക്കരുതിയും നിവൃത്തികേടു കൊണ്ടും പൊറുക്കേണ്ടതാണെന്നുമുള്ള ഗുണപാഠമാണ് വ്യവസ്ഥാപിതമാകുന്നത്. ഇതിന്റെ നിമിത്തമായിട്ടാണ് ബാവുട്ടിയുടെ വിധേയന്‍ കഥാപാത്രത്തെ ഭാര്യക്കും ഭര്‍ത്താവിനും ഇടയിലായി തിരുകിയിരിക്കുന്നത്. ഭര്‍ത്താവിന്റെ അവിഹിത ബന്ധം എന്നാല്‍ തമാശക്കുള്ള ചുറ്റിക്കളി എന്നും ഭാര്യയുടേത് പവിത്രത നഷ്ടപ്പെടലും എന്ന പരമ്പരാഗത വിവേചനത്തില്‍ തന്നെയാണ് ചിത്രം ഊറ്റം കൊള്ളുന്നത്.
കുടുംബം എന്ന ഉള്ളു പൊള്ളയായതും സ്നേഹം നഷ്ടമായതുമായ ബന്ധരൂപീകരണത്തെ നിലനിര്‍ത്തിക്കൊണ്ടു പോകാനായി, ഭാര്യക്കും ഭര്‍ത്താവിനും ഇടയില്‍ അവരുടെ രഹസ്യങ്ങള്‍ പരസ്പരം അറിയാതെ സംരക്ഷിക്കാനും അമര്‍ത്തിവെക്കാനുമായി ഒരു കൈക്കാരന്‍, കാര്യസ്ഥ വേഷത്തിലോ ഡ്രൈവര്‍ വേഷത്തിലോ വേലക്കാരന്‍ വേഷത്തിലോ വേണമെന്ന ധനിക-വരേണ്യ-പൈതൃകാധികാര വ്യവസ്ഥിതിയുടെ നിഗൂഢമായ താല്‍പര്യമാണ് ബാവുട്ടി എന്ന കഥാപാത്രത്തെ നിര്‍മിച്ചെടുക്കുന്നത്. ഇയാള്‍ അനാഥനും അവിവാഹിതനും സ്വത്തില്ലാത്തവനും ഉള്ള സ്വത്ത് വിറ്റ് രഹസ്യം കൂടുതല്‍ ശക്തമായി മൂടി വെക്കുന്നവനും ത്യാഗനിധിയും സകലകലാവല്ലഭനും സത്ഗുണസമ്പന്നനും മറ്റും മറ്റുമാണ്. തൊഴിലുറപ്പു പദ്ധതിയും ഗള്‍ഫ് വിസകളും മോഹിക്കാത്ത ഈ നിഷ്ക്കാമകര്‍മിയെ ഭഗവത്ഗീതയില്‍ നിന്നായിരിക്കണം തിരക്കഥാകൃത്തും സംവിധായകനും ചേര്‍ന്ന് കണ്ടെടുത്തിട്ടുണ്ടാവുക.

അതിമാനുഷരെ കണ്ട് പുളകം കൊള്ളാനും, അതി സാധാരണക്കാരെ കണ്ട് താദാത്മ്യപ്പെടാനും മറ്റും മലയാള സംവിധായകര്‍ അതാതു കാലത്ത് ഉത്തരവിടുമ്പോള്‍ അതിനനുസരിച്ച് തുള്ളുന്ന പാവകളായി പ്രേക്ഷകര്‍ അധ:പതിച്ചിരിക്കുന്നു എന്നായിരിക്കും ഇത്തരം പൊള്ളയായ സിനിമകള്‍ വിജയിച്ചാല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക.

8 comments:

Yasmin NK said...

Good review. congrats..

uma devi said...

CINIMA KANDILLA..EZHUTHINU NANDI

Unknown said...
This comment has been removed by the author.
Anonymous said...

ആരോഗ്യകരമായ വിമർശ്ശനം വായിച്ചു. അഭിനന്ദനങ്ങൾ...

G P RAMACHANDRAN said...

thank you all for your supporting comments

Prof T B Vijayakumar said...

Wonderful review.. MR G.P IS DIFFERRNT FROM OTHER REVIEWERS....HE IS ONLY UPPER CASTE INTELLECTUAL IN THIS THIS LUNATIC ASYLUM... CONGRATS...
LOWER CASTE INTLECYUALS ARE GALORE....NATURALLY....WITHOUT ANY SPACE ....INTHE MAINSTREAM..... ONLY SURVIVING INDUSTRY IN KERALA.....IS INTELLECTUAL PROSTITUTION....

Unknown said...

yeah. guys go to keralarachana.blogspot.com

പ്രവീണ്‍ ശേഖര്‍ said...

An excellent criticism.. i agree with you