എല്ലാ ഞായറാഴ്ചയും രാവിലെ ഓമഞ്ചിക്ക് ഒരു എണ്ണതേച്ചുകുളിയുണ്ട്.....അയ്യപ്പന്‍ ഒരു വലിയ പലകക്കട്ടില്‍, പനിനീര്‍പ്പൂന്തോപ്പിന്റെ മദ്ധ്യത്തില്‍ ഒരൊഴിഞ്ഞ സ്ഥലത്ത്, കൊണ്ടുവന്നു സ്ഥാപിക്കും-ഓമഞ്ചിയുടെ അഭ്യംഗസ്നാനപര്യങ്കം! ഓമഞ്ചി അതില്‍ മലര്‍ന്നു കിടക്കും, ചത്തുമലച്ച പോക്കാന്തവളയെപ്പോലെ.
'കൊണ്ടുവാടാ ബൈനോക്കുലര്‍സ്',
അയ്യപ്പന്‍ ഓടി അകത്തെ മേശപ്പുറത്തു നിന്ന് ഒരു പഴയ മിലിട്രി ബൈനോക്കുലര്‍സ് എടുത്തുകൊണ്ടുവന്ന് ഓമഞ്ചിയുടെ കൈയില്‍ കൊടുക്കും.
ആ കുന്നിന്‍ നെറുകയിലെ പറമ്പില്‍ നിന്നു നോക്കിയാല്‍ താഴെ നാലുപാടും വയലുകളും പറമ്പുകളും വയലിന്‍ നടുവിലായി ചില പുലയരുടെ പൊറ്റകളും തോടും തെളിഞ്ഞുകാണാം. തൊട്ടു താഴെയുള്ള വയലിന്റെ മറുകരയില്‍ ഒരു പഴയ ക്ഷേത്രവും, ക്ഷേത്രത്തിന്റെ പിറകില്‍ വലിയൊരു കുളവും കാണാം. സ്ഥലത്തെ ചില സ്ത്രീജനങ്ങള്‍ രാവിലെ ഈ കുളത്തില്‍ നിന്നു കൂട്ടത്തോടെ കുളിക്കുന്നുണ്ടാകും. ആ കാഴ്ചയും ഓമഞ്ചിയുടെ ആരാമത്തില്‍ നിന്നു നോക്കിയാല്‍ കാണാം. ഈ വനിതകളുടെ സ്നാനചര്യകള്‍ നോക്കിക്കൊണ്ടാണ് ഓമഞ്ചിയുടെ ഞായറാഴ്ചക്കുളി. ആ രംഗങ്ങള്‍ വ്യക്തമായി മനസ്സിലാക്കുന്നതിനുവേണ്ടിയാണ് ഈ ദൂരദര്‍ശിനിക്കുഴല്‍. ദൂരദര്‍ശിനിയും മുഖത്തു ചേര്‍ത്തുവെച്ച്, പലകക്കട്ടിലില്‍ തരം പോലെ മലര്‍ന്നും തിരിഞ്ഞും ചെരിഞ്ഞും കിടന്ന് ഓമഞ്ചി കുളക്കടവിലെ തമാശകള്‍ വീക്ഷിക്കും. അപ്പോള്‍ അയ്യപ്പന്‍, ചീനിക്കായോ അരച്ച ചെറുപയറോ കൊണ്ട് ഓമഞ്ചിയുടെ ദേഹത്തില്‍ മാലീസ് നടത്തി മെഴുക്കിളക്കിക്കൊണ്ടിരിക്കും. അങ്ങനെയിരിക്കെ ഓമഞ്ചിക്ക് പാട്ടും കവിതയും വരും.
വെണ്ണതോല്ക്കുമുടലില്‍ സുഗന്ധിയാം
എണ്ണതേച്ചരയിലൊറ്റമുണ്ടുമായ്
തിണ്ണമേലമരുമാ നതാംഗി മു-
ക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം.
(ഒരു തെരുവിന്റെ കഥ- അധ്യായം 10- എസ് കെ പൊറ്റക്കാട്ട്-ആദ്യമായി പ്രസിദ്ധീകരിച്ചത് സെപ്തംബര്‍ 1960)
*
മലയാളിക്ക് മൊബൈലിനോട് പ്രത്യേകമായി ഒരു ഭയമുണ്ടോ? നിയമസഭ, ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ടെലിവിഷന്‍ ചര്‍ച്ചകള്‍, പത്രത്തിലെ മുഖപ്രസംഗങ്ങള്‍, ദേശീയ/അന്തര്‍ദേശീയ/പ്രാദേശിക പേജുകള്‍, സാങ്കേതിക വികാസത്തെ സംബന്ധിക്കുന്നതും അറിവ് പകരാനുദ്ദേശിച്ചിട്ടുള്ളതുമായ പുള്ളൌട്ട് പേജുകള്‍, വനിതാ മാസികകള്‍, രാഷ്ട്രീയ വാരികകള്‍, രാഷ്ട്രീയ പ്രസംഗങ്ങള്‍, സാംസ്കാരിക നായകരുടെ പ്രഘോഷണങ്ങള്‍, മനശ്ശാസ്ത്രജ്ഞമാരുടെ 'കണ്ടെത്തല്‍' ലേഖനങ്ങളും മറുപടികളും എന്നിങ്ങനെ എല്ലായിടത്തും മൊബൈല്‍ വരുത്തിവെക്കുന്ന സദാചാര അപഭ്രംശത്തെക്കുറിച്ചും പുതിയ തലമുറയുടെ തെറ്റായ പോക്കിനെ സംബന്ധിച്ചുമുള്ള വിഭ്രമജനകമായ ഉത്ക്കണ്ഠകളാണ് നിറഞ്ഞുനില്‍ക്കുന്നത്. കേരള സംസ്ഥാനത്തിനകത്തെ വിദ്യാലയങ്ങളില്‍ പല തവണ മൊബൈല്‍ ഫോണ്‍ നിരോധിച്ചുകഴിഞ്ഞു. ഏത് ഉത്തരവാണ്, ഏത് നിയമമാണ്, ഏത് കോടതി വിധിയാണ്, ഏത് സര്‍ക്കാര്‍ ഓര്‍ഡറാണ്, ഏത് ഗസറ്റ് നോട്ടിഫിക്കേഷനാണ് ഇതു സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് എന്നത് പക്ഷെ വ്യക്തവുമല്ല. ഈ ലേഖനത്തിന്റെ ഉദ്ദേശ്യം, നിയമമെന്താണെന്നോ അതെങ്ങിനെ നടപ്പിലാക്കപ്പെടുന്നുവെന്നോ ലംഘിക്കപ്പെടുന്നുവെന്നോ ഉള്ള തരം പോലീസ് വേവലാതികള്‍ അല്ലാത്തതുകൊണ്ട് അതെന്തുമാവട്ടെ എന്നു കരുതി ഉപേക്ഷിക്കുന്നു. എന്നാല്‍, സാമാന്യ വ്യവഹാരത്തില്‍ മൊബൈല്‍ ഫോണ്‍ അതീവ ഗുരുതരമായ സദാചാര/ആരോഗ്യ/ലൈംഗിക പ്രശ്നങ്ങള്‍ വരുത്തിവെച്ചേക്കാവുന്ന ഒരു കുഴപ്പം പിടിച്ച ഉപകരണമാണെന്ന ധാരണ പ്രബലമായിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ('മുതിര്‍ന്നവര്‍' ഇതു സംബന്ധിച്ച വേവലാതികള്‍ പങ്കു വെക്കുന്നതിനും മൊബൈല്‍ ഫോണ്‍ മാധ്യമമായി ഉപയോഗിക്കുന്നുവെന്ന വിരോധാഭാസം കണ്ടില്ലെന്നു നടിക്കാം.)
മൊബൈല്‍ ഫോണിന്റെ ഏറ്റവും വലിയ ഉപദ്രവമായി സദാചാരസംരക്ഷകരായി സ്വയം അവരോധിക്കുന്ന ഭരണാധികാരികള്‍/പോലീസ്/പട്ടാളം/അധ്യാപക രക്ഷാകര്‍തൃ സമിതി/സാംസ്കാരിക പ്രഭാഷകര്‍/എഴുത്തുകാര്‍ കരുതുന്ന കാര്യം അത് വീഡിയോയും സ്റ്റില്‍ ഫോട്ടോയും എടുക്കാനുപയോഗിക്കുന്നു എന്നതാണ്. വേണമെങ്കില്‍ ഫോട്ടോയെടുക്കാനും വീഡിയോ ചിത്രീകരിക്കാനും പറ്റാത്ത തരം മൊബൈല്‍ ഹാന്റ്സെറ്റുകള്‍ കുട്ടികള്‍ ഉപയോഗിച്ചോട്ടെ എന്ന് മിതവാദികളായ ചില സദാചാര സംരക്ഷകര്‍ സ്വരം താഴ്ത്തി പറയുന്നുമുണ്ട്. അപ്പോഴും റിങ്ടോണുകള്‍, എസ് എം എസ്, മിസ്ഡ് കോള്‍, എഫ് എം റേഡിയോ തുടങ്ങിയ ഉപദ്രവങ്ങള്‍ ഒഴിവാകുന്നില്ല എന്നതിനാല്‍ സമ്പൂര്‍ണ മൊബൈല്‍ നിരോധനം മാത്രമാണ് അഭികാമ്യം എന്ന് സദാചാര തീവ്രവാദികള്‍ അവരെ തിരുത്തുന്നതോടെ മിതവാദികള്‍ മാളത്തിലേക്കൊളിക്കുന്നു.
സത്യത്തില്‍ ആരാണ് മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമാക്കിയത്? ഇപ്പോള്‍ കുറ്റവാളികളായി കരുതപ്പെടുന്ന പാവം വിദ്യാര്‍ത്ഥികളല്ല. സാങ്കേതിക/സാമ്പത്തിക ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവുമാണ് ഓരോ പുതിയ സാങ്കേതിക വിപ്ളവത്തെയും വ്യാപകമായ പരസ്യങ്ങളിലൂടെയും വിലകളിലും വാടകകളിലും മറ്റും അനുവദിക്കുന്ന കിഴിവുകളിലൂടെയും ഫാഷനിലൂടെയും മറ്റും മറ്റുമായി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത്. ഡിജിറ്റല്‍ വിപ്ളവം ആഗോള മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും കോര്‍പ്പറേറ്റിസത്തിന്റെയും അമിതാധികാരത്തെ ഉറപ്പിച്ചെടുക്കാന്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നത് വാസ്തവവുമാണ്. എന്നാല്‍, മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ സവിശേഷതയായ സര്‍ഗാത്മകതയും ഭാവനയും ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ നിരവധി വാതിലുകള്‍ അതോടൊപ്പം തുറന്നിടുന്നുണ്ടെന്ന ആഹ്ളാദകരമായ സത്യത്തെ കണ്ണടച്ചുകൊണ്ടില്ലാതാക്കാന്‍ ശ്രമിക്കുക എന്ന കുറ്റകരമായ വിഡ്ഢിത്തമാണ് സദാചാരസംരക്ഷണത്തിന്റെ പേരില്‍ കേരളീയ സമൂഹം ചെയ്തുകൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തെ പ്രതിരോധിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ ജാഗ്രതാരൂപമായി ആരും മൊബൈല്‍ ഫോണ്‍ നിരോധനത്തെയോ നിയന്ത്രണത്തെയോ പരിഗണിക്കുന്നില്ല. മൊബൈല്‍ സ്ക്രീനിലെ വാള്‍ പേപ്പറായോ സ്ക്രീന്‍ സേവറായോ ചെഗുവേരയുടെ ഒരു ചിത്രവും ഡയലര്‍ ടോണായി അറബിക്കഥയിലെ ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരത്തെക്കുറിച്ച് കഠോര ശബ്ദത്തിലുള്ള വിപ്ളവനാട്യ ഗാനവും സെറ്റ് ചെയ്താല്‍ താനൊരു കൂടിയതരം വിപ്ളവകാരിയാണെന്ന സ്വത്വബോധം ആര്‍ജ്ജിക്കാനും കഴിഞ്ഞേക്കുമെന്നിരിക്കെ ആരാണ് പരിധിക്കു പുറത്ത് കടക്കാന്‍ മാത്രം വിഡ്ഢിത്തം കാണിക്കുക!
ഫോട്ടോഗ്രാഫി, സിനിമോട്ടോഗ്രാഫി എന്നിവയുടെ വികാസത്തിനും വ്യവസ്ഥാപനത്തിനും ശേഷം പ്രചരിച്ച വീഡിയോഗ്രാഫിയുടെ ആദ്യ ദശകങ്ങളിലും സാമാന്യജനതക്ക് ക്യാമറ പ്രാപ്യമായിരുന്നില്ല. വീഡിയോ ക്യാമറക്ക് ഒരു ലക്ഷം രൂപയും വീഡിയോ കാസറ്റ് പ്ളെയറിനും റെക്കോഡറിനും പതിനായിരത്തില്‍ താഴെ രൂപയും എന്നിങ്ങനെയായിരുന്നു വിലനിലവാരം. അതായത്, ദൃശ്യങ്ങള്‍ ചിത്രീകരിക്കുക എന്നത് പരിമിതപ്പെടുത്താനും അതു വഴി കുത്തകാധികാരത്തിന് കീഴ്പ്പെടുത്താനും അതേ സമയം കാണികള്‍ എന്ന ഉപഭോക്തൃവിഭാഗത്തെ വളര്‍ത്തിയെടുക്കാനും ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു ആ വിലനിലവാരപ്പട്ടിക എന്നര്‍ത്ഥം. എന്നാല്‍, അനുനിമിഷം ആപ്ളിക്കേഷനുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന മൊബൈല്‍ ഹാന്റ്സെറ്റുകളും കണക്ഷനുകളും വ്യാപകമായി വിറ്റഴിച്ചുകൊണ്ടു മാത്രമേ അതുമായി ബന്ധപ്പെട്ട ഹാന്റ്സെറ്റ് നിര്‍മാതാക്കള്‍, സര്‍വീസ് പ്രൊവൈഡര്‍മാര്‍ എന്നിങ്ങനെയുള്ള കോര്‍പ്പറേറ്റ് മുതലാളിത്തത്തിന് വികസിക്കാനാവൂ എന്നതുകൊണ്ട് സൃഷ്ടിയെ പരിമിതപ്പെടുത്തുകയും കാണലിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പഴയ തന്ത്രത്തെ ബാക്ക്‍സ്പേസ് കൊണ്ട് ഇറേസു ചെയ്ത് മുന്നേറുകയാണ് അവര്‍ ചെയ്തത്. അപ്രകാരമാണ്, വികസിക്കാന്‍ വെമ്പുന്ന മറ്റേതൊരു സമൂഹവുമെന്നതുപോലെ കേരളീയരുടെയും മുഖ്യ കളിപ്പാട്ടവും വിഗ്രഹവും ആയി മൊബൈല്‍ ഫോണ്‍ പരിണമിച്ചത്.
ടെലഫോണ്‍ എന്ന അടിസ്ഥാനപരമായ സൌകര്യത്തിനു പുറമെ, അക്ഷരങ്ങളും വാക്യങ്ങളും ചിഹ്നങ്ങളും വിടവുകളും ഉപയോഗിച്ചുള്ള ടെക്സ്റ്റ് സന്ദേശങ്ങള്‍ അയക്കാവുന്ന എസ് എം എസ്, ഇ മെയില്‍, ഇന്റര്‍നെറ്റ്, ഗെയിമുകള്‍, ബ്ളൂടൂത്ത്, ഇന്‍ഫ്രാറെഡ്, വീഡിയോ റെക്കോഡിംഗ് സൌകര്യമുള്ള ക്യാമറയും ക്യാംകോഡേഴ്സും, ശബ്ദം റെക്കോഡ് ചെയ്യുന്നതിനുള്ള സൌകര്യം, എഫ് എം റേഡിയോ, ടെലിവിഷന്‍, എം പി ത്രീ, എം പി ഫോര്‍ സൌകര്യങ്ങള്‍, ഫോട്ടോ/വീഡിയോ ഫയലുകള്‍ കൈമാറുന്ന എം എം എസ് സൌകര്യങ്ങള്‍, വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളുടെ രേഖീകരണം, അലാറം, കാല്‍ക്കുലേറ്റര്‍, കലണ്ടര്‍, ഡയല്‍ ചെയ്തതും സ്വീകരിച്ചതും മുടങ്ങിപ്പോയതുമായ കോളുകളുടെ വിശദവിവരങ്ങള്‍, പെഴ്സണല്‍ കമ്പ്യൂട്ടറിലും ലാപ്ടോപ്പിലും ഉപയോഗിക്കാവുന്ന ഒരു വയര്‍ലെസ് മോഡം തുടങ്ങി നൂറ്റാണ്ടുകളിലൂടെ ശാസ്ത്രസാങ്കേതിക വിദ്യ സ്വായത്തമാക്കിയ നിരവധി കാര്യങ്ങള്‍ ഈ ചെറിയ കളിപ്പാട്ടം പോലുള്ള 'യന്ത്രകുന്ത്രാണ്ട'ത്തില്‍ സംയോജിപ്പിച്ചിരിക്കുന്നു എന്നതാണ് വിസ്മയകരമായ വസ്തുത. മൊബൈല്‍ ഫോണ്‍ മത്സരിക്കുന്നത് ഇന്റര്‍നെറ്റിനോടാണ്. മൊബൈല്‍ ഫോണിലെ വാണിജ്യ സൌകര്യങ്ങളുടെ മൊത്തം വിറ്റുവരവ് ഇന്റര്‍നെറ്റിലേതിനെ കവച്ചു വെച്ചു കഴിഞ്ഞു.
എസ് എം എസിലൂടെ അശ്ളീല ടെക്സ്റ്റ് സന്ദേശങ്ങള്‍ കൈമാറുന്നു, ക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും രഹസ്യഭാഗങ്ങളുടെ ഫോട്ടോ എടുക്കുന്നു, അവരുടെ മുഖത്തിന്റെ ഫോട്ടോ എടുത്ത് അശ്ളീല ഭാഗങ്ങളുമായി മോര്‍ഫ് ചെയ്ത് ചേര്‍ക്കുന്നു, എന്നിട്ടിവയെല്ലാം എം എം എസ് വഴിയും ബ്ളൂടൂത്ത് വഴിയും കൈമാറ്റം ചെയ്യുന്നു എന്നതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികള്‍, പക്വതയില്ലാത്തവര്‍ എന്നിവര്‍ക്ക് അനുവദിക്കാന്‍ പാടില്ല എന്നാണ് പൊതുവായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന അഭിപ്രായം. ഈ ആരോപണങ്ങള്‍ വ്യാപകമായി ഉന്നയിക്കപ്പെടുന്നതിന്റെ ഭാഗമായി ചില വാര്‍ത്തകള്‍ അമിത പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കപ്പെടുന്നതായും കാണാം. ഹോട്ടലിലെ ടോയ്ലറ്റിന്റെ പൊട്ടിയ വെന്റിലേറ്ററിലൂടെ സ്ത്രീ മൂത്രമൊഴിക്കുന്നത് പകര്‍ത്താന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍, സ്കൂളിലെ അധ്യാപികമാരുടെ മുഖത്തിന്റെ ഫോട്ടോ എടുത്ത് നഗ്ന ചിത്രങ്ങളില്‍ മോര്‍ഫ് ചെയ്ത് ചേര്‍ത്ത് സൂക്ഷിച്ച പ്യൂണ്‍ അറസ്റ്റിലും സസ്പെന്‍ഷനിലും, സഹപാഠിയായ വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക കേളി നടത്തി അത് മൊബൈല്‍ ഫോണ്‍ വീഡിയോവില്‍ പകര്‍ത്തി എം എം എസ് ആയി പ്രചരിപ്പിച്ച സ്കൂള്‍ വിദ്യാര്‍ത്ഥി ദില്ലിയില്‍ അറസ്റ്റില്‍ എന്നിങ്ങനെയുള്ള വാര്‍ത്തകളാണ് വിഭ്രമം ജനിപ്പിച്ചുകൊണ്ട് അടുത്ത കാലത്ത് പത്രങ്ങളിലും ടിവിയിലും നിറഞ്ഞുനിന്നത്. പ്രാധാന്യം കിട്ടാതെ പോയ ഒരു വാര്‍ത്ത, മധ്യകേരളത്തിലെ ഒരു സ്വാശ്രയ കോളേജില്‍ കലോത്സവം നടന്നുകൊണ്ടിരിക്കെ പെണ്‍കുട്ടികള്‍ വസ്ത്രങ്ങള്‍ മാറ്റിയിരുന്ന മുറിയില്‍ സ്ഥാപിച്ച ക്ളോസ്ഡ് സര്‍ക്യൂട്ട് സര്‍വിലന്‍സ് ക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ നഗ്നത കണ്ടു രസിച്ചിരുന്ന പ്രിന്‍സിപ്പാളിനെക്കുറിച്ചുള്ളതാണ്. ആ പ്രിന്‍സിപ്പാളിന് സസ്പെന്‍ഷനെ അറസ്റ്റോ നേരിടേണ്ടതായി വന്നോ എന്നറിഞ്ഞില്ല. അതായത്, അധികാരം കൈയാളുന്നവരും അറിവിന്റെ അധിപന്മാരുമായ അധ്യാപകകേസരികള്‍ക്കും സാംസ്കാരിക നായകന്മാര്‍ക്കും ഏതു തരത്തിലും പുതിയ സാങ്കേതിക വിദ്യയുടെ അശ്ളീലാഹ്ളാദം നുകരാമെന്നും സ്കൂള്‍/കോളേജ് കുട്ടികള്‍, ഹോട്ടല്‍ ജീവനക്കാര്‍, ശിപായിമാര്‍ തുടങ്ങിയ അധഃസ്ഥിതരുടെ കൈയില്‍ ഈ ഉപകരണം എത്തുന്നതാണ് അപകടമെന്നുമുള്ള ഒരു വാദമാണ് ഇവിടെ പ്രബലമാവുന്നത്.
ലൈംഗിക കൌതുകം മുതല്‍ വികൃതമായ മാനസികാവസ്ഥ വരെ കൈമുതലായുള്ള ഏതാനും പേര്‍ ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് നവീനവും അതിവിപുലവുമായ ഉപയോഗങ്ങള്‍ ഉള്ള ഒരു ഉപകരണത്തെ(ഗാഡ്ജറ്റ്) പാടെ നിരോധിക്കുക എന്നതിലൂടെ സമൂഹത്തിന് പൊതുവെയും വിദ്യാര്‍ത്ഥി സമൂഹത്തിന് പ്രത്യേകിച്ചും ലഭിക്കുന്ന സന്ദേശവും പാഠവും എന്താണ്? കാര്യക്ഷമമായ രീതിയിലും വളരെ കുറഞ്ഞ ചിലവിലും സന്ദേശങ്ങള്‍ കൈമാറാനുള്ള ഉപകരണം എന്ന പ്രാഥമിക ധര്‍മമുള്ള മൊബൈല്‍ ഫോണിനെ കുറ്റങ്ങള്‍ നടത്താനുള്ള ഒരു ആയുധം എന്ന് സ്ഥാനപ്പെടുത്തുകയും ആ കുറ്റം ഉറപ്പിച്ച് സ്ഥാപിച്ചെടുക്കുകയും ചെയ്യപ്പെടുകയാണിവിടെ. സാങ്കേതികവിദ്യയെയും കുറ്റത്തെയും കൂടി കൂട്ടിക്കുഴക്കുന്നതിലൂടെ, പുതിയ കാലത്തെയും അതിന്റെ മാധ്യമ-സാങ്കേതിക-ആശയ സംവിധാനത്തെയും അഭിമുഖീകരിക്കാനുള്ള വ്യക്തിയുടെ മാനസിക-ബൌദ്ധിക വളര്‍ച്ച തടയപ്പെടുന്നു. ഇത്തരത്തിലുള്ള കുറ്റങ്ങളും സാമൂഹ്യ വിരുദ്ധ പ്രവൃത്തികളും ചെയ്യാന്‍ ഈ ഉപകരണങ്ങള്‍ വഴി സാധിക്കുമെന്ന ഒരു പാഠം അത് ശ്രദ്ധിച്ചിട്ടില്ലാത്തവരിലേക്കും ഉപയോഗിച്ചിട്ടില്ലാത്തവരിലേക്കും ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ തന്നെ സാമൂഹ്യവിരുദ്ധമായി ഒന്നും ചെയ്യാത്തവരിലേക്കും വിനിമയം ചെയ്യപ്പെടുകയും അവരുടെ പ്രാഥമിക കാഴ്ചപ്പാട് തന്നെ അപ്രകാരമായി രൂപപ്പെടുകയും ഉറപ്പിക്കപ്പെടുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളിലും കുട്ടികളിലും ഈ പാഠമാണ് ആദ്യം കുത്തിച്ചെലുത്തപ്പെടുന്നത് എന്നോര്‍ക്കുക. തടയുന്നതിനെ സ്വായത്തമാക്കുക എന്ന മനുഷ്യസഹജമായ മനോഭാവം ഇതിലൂടെ പ്രവര്‍ത്തനക്ഷമമാകുകയും അങ്ങിനെ ഈ സാമൂഹ്യവിരുദ്ധ കാര്യങ്ങള്‍ക്കു മാത്രമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള ഇഛ ബഹുഭൂരിപക്ഷം പേരിലും ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നു.
2007 നവംബറിലെ കണക്കുകള്‍ കാണിക്കുന്നത് ലോകജനസംഖ്യയുടെ അമ്പതു ശതമാനം വരുന്ന ആളുകള്‍, അതായത് മുന്നൂറ് കോടിയാളുകള്‍ മൊബൈല്‍ ഫോണ്‍ വരിക്കാരായിക്കഴിഞ്ഞു എന്നാണ്(ഇതില്‍ കുറെയെണ്ണം ഒന്നില്‍ കൂടുതല്‍ കണക്ഷനുകളുള്ളവരും ഒരിക്കലെടുത്തതും ഇപ്പോള്‍ പ്രവര്‍ത്തനം ഉപേക്ഷിച്ചതുമായ കണക്ഷനുകളും ആവാന്‍ സാധ്യതയുണ്ട്). അതായത്, ലോകചരിത്രത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വ്യാപിച്ച സാങ്കേതികവിദ്യയും ഏറ്റവും സാധാരണമായിക്കഴിഞ്ഞ ഇലക്ട്രോണിക് ഉപകരണവുമാണ് മൊബൈല്‍ ഫോണ്‍ എന്നര്‍ത്ഥം. മനുഷ്യകുലത്തിന്റെ വളര്‍ച്ച വിനാശത്തിലേക്കു മാത്രമാണ് നയിക്കപ്പെടുന്നത് എന്നും മനുഷ്യര്‍ മുഴുവന്‍ കുറ്റവാളികളാണ് എന്നുമുള്ള നിരാശാജനകമായ(നെഗറ്റീവ്)തും പരാജയത്തെ പ്രതീക്ഷിക്കുന്നതുമായ ജനാധിപത്യവിരുദ്ധ മനോഭാവമാണ്, ലോകജനതയില്‍ പകുതിയും സ്വന്തം അവയവം പോലെ ചേര്‍ത്തു വെച്ച് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിനെ കുറ്റം മാത്രം പേറുന്ന ഒരു ഉപദ്രവമായി സ്ഥാനപ്പെടുത്താന്‍ വെമ്പുന്നതെന്നു സാരം.
കുത്തകകള്‍ മുതല്‍ തീരെ ചെറിയ സംഘങ്ങള്‍ വരെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് മൊബൈല്‍ ഫോണിനെയാണ്. റോയിട്ടറും യാഹൂവും മുതല്‍ ശ്രീലങ്കയിലെ ചെറുകിട സ്വതന്ത്ര നെറ്റ്വര്‍ക്കായ ജാസ്മിന്‍ ന്യൂസ് വരെ എല്ലാ ഏജന്‍സികളും വാര്‍ത്താവിതരണത്തിനും ശേഖരണത്തിനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു. ജേര്‍ണലിസത്തിന്റെ പഴയ രീതിയിലുള്ള എല്ലാ ആധിപത്യ/വിധേയത്വ രീതികളും അധികാര സംഘടനാ രൂപങ്ങളും (ഹൈറാര്‍ക്കി) വിശ്വാസ്യതാപ്രമാണങ്ങളും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പൊതുജനം തന്നെ വാര്‍ത്തകള്‍ വിനിമയം ചെയ്തു തുടങ്ങിയതിലൂടെ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ടെലിവിഷന്‍ ഫ്ളാഷ് ന്യൂസുകളെ അപ്രസക്തമാക്കുന്നത് ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളാണ്. എല്ലാ ആക്ടിവിസ്റ്റുകളും മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമാക്കിക്കഴിഞ്ഞു. സാംസ്കാരിക സംഘടനകളുടെയും ഫിലിം സൊസൈറ്റികളുടെയും അറിയിപ്പുകള്‍ പോസ്റ്റ് കാര്‍ഡുകള്‍ക്കു പകരം എസ് എം എസിലൂടെ വേഗത പ്രാപിച്ചു കഴിഞ്ഞു. സ്വകാര്യത, കാര്യക്ഷമത, സ്വീകാര്യത, ശ്രദ്ധ, ശേഖരിച്ചു വെക്കുന്നതിനുള്ള സൌകര്യം എന്നിങ്ങനെ എഴുത്തുകുത്തുകളെ ഉപേക്ഷിക്കേണ്ടുന്ന വിധത്തില്‍ എസ് എം എസ് മുഴുവന്‍ ജനതയെയും ആവേശിച്ചുകഴിഞ്ഞിരിക്കുകയാണ്.
പ്രണയലേഖനങ്ങള്‍ മുതല്‍ വോട്ടഭ്യര്‍ത്ഥന വരെയും ബിസിനസ് പ്രചരണങ്ങള്‍ മുതല്‍ വിവാഹക്ഷണങ്ങള്‍ വരെയും നടത്തുന്നതിന് എസ് എം എസ് ആണ് ഏറ്റവും ഫലപ്രദമായ വിനിമയോപാധി എന്നതാണ് വര്‍ത്തമാനകാലയാഥാര്‍ത്ഥ്യം. ഇ-ടിക്കറ്റിംഗ് വ്യാപകമായതോടെ വിമാനത്തിലും തീവണ്ടിയിലും യാത്ര ചെയ്യുന്നതിനുള്ള ഐഡന്റിറ്റിയും ടിക്കറ്റും മൊബൈല്‍ ഫോണായി മാറിക്കൊണ്ടിരിക്കുകയാണ്. ബാങ്കിടപാടുകളും മൊബൈലിലൂടെ അറിയാനും നടത്താനുമുള്ള സൌകര്യങ്ങള്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രൊഫഷണല്‍ കോഴ്സുകളിലേക്കും പ്ളസ് ടുവിലേക്കുമുള്ള പ്രവേശനം വിജയകരമായി ഏകജാലകം എന്ന സംവിധാനത്തിലൂടെ അഴിമതിമുക്തമാക്കിയ കേരള സര്‍ക്കാരടക്കം ഏത് ഔദ്യോഗിക വകുപ്പുകള്‍ക്കും ഹാള്‍ ടിക്കറ്റുകള്‍, പരീക്ഷാ അറിയിപ്പുകള്‍, ഫലങ്ങള്‍, ജോലി അറിയിപ്പുകള്‍, സ്ഥലം മാറ്റങ്ങള്‍, സ്ഥാനക്കയറ്റങ്ങള്‍ എന്നിവ കാര്യക്ഷമമായും കുറഞ്ഞ ചിലവിലും ഗുണഭോക്താവിനെ അറിയിക്കാന്‍ മൊബൈല്‍ ഫോണ്‍ സംവിധാനം ഉപയോഗിക്കേണ്ട കാലം സമാഗതമായിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ വകുപ്പുകളില്‍ ശമ്പള/പെന്‍ഷന്‍ വിതരണം ബാങ്കുകളിലേക്കാക്കി സുഗമവും കേന്ദ്രീകൃതവുമാക്കി മാറ്റുമ്പോള്‍ ഇതു സംബന്ധിച്ച അറിയിപ്പുകള്‍, സാക്ഷ്യപ്പെടുത്തലുകള്‍ എന്നിവക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും അഭികാമ്യമാവും. മത്സ്യബന്ധനത്തൊഴിലാളികള്‍, ഓട്ടോറിക്ഷക്കാരും ടാക്സിക്കാരും എന്നിവര്‍ക്കൊക്കെ മൊബൈല്‍ ഇല്ലാത്ത തൊഴിലവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധ്യമല്ല.
കുറ്റകൃത്യത്തിനുള്ള ഉപകരണമാണ് മൊബൈല്‍ ഫോണ്‍ എന്ന തെറ്റും തെറ്റിദ്ധാരണാജനകവുമായ ജ്ഞാനത്തിനു പകരം, കുറ്റവാളികളെ പിടികൂടുന്നതിനും കുറ്റകൃത്യങ്ങളെ നിയന്ത്രണവിധേയമാക്കുന്നതിനും ഏറ്റവും നല്ല ഉപാധിയാണതെന്ന യാഥാര്‍ത്ഥ്യമാണ് ബോധ്യപ്പെടേണ്ടത്. എസ്തോണിയയില്‍ കാര്‍ പാര്‍ക്കിംഗ് ഫീസ് ക്രിമിനലുകള്‍ പിരിച്ചെടുക്കുന്നത് നിയന്ത്രിക്കാന്‍ പോലീസിന് സാധ്യമല്ലാതെ വന്നപ്പോള്‍, മൊബൈലിലൂടെ മാത്രം പാര്‍ക്കിംഗ് ഫീസ് അടക്കാനുള്ള രീതി വ്യവസ്ഥാപിതമാക്കുകയാണ് ചെയ്തത്. ചേലേമ്പ്ര ബാങ്ക് കൊള്ളയടക്കം കേരളത്തിലടുത്ത കാലത്ത് നടന്ന മിക്കവാറും കുറ്റകൃത്യങ്ങള്‍ പൊലീസിന് തെളിയിക്കാനായത്, കുറ്റവാളികളുടെ മൊബൈല്‍ ഫോണ്‍ സംസാരങ്ങള്‍ ട്രാക്ക് ചെയ്തതിലൂടെയാണ്. ഒരു ലക്ഷം കോളുകളാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കേരള പോലീസ് ഈ കേസില്‍ പരിശോധിച്ചത്. ഭീകരവാദികള്‍ നടത്തുന്നതായി ഭരണാധികാരികള്‍ കണ്ടെത്തുന്ന ബോംബ് സ്ഫോടനങ്ങളെ സംബന്ധിച്ച അന്വേഷണങ്ങളും മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലായ്പോഴും മുന്നേറുന്നത്. ഇരുട്ടില്‍ തപ്പുന്ന പഴയ രീതിയാണ് അഭികാമ്യം എന്നോ പാലം കെട്ടിക്കഴിഞ്ഞിട്ടും ഞാന്‍ പുഴയില്‍ ചാടി നീന്തിയേ അക്കര പിടിക്കൂ എന്നും വാശി പിടിക്കുന്നതിന് തുല്യമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും നമുക്ക് ജീവിക്കാം എന്നു തെളിയിക്കാനായി കേരള സമൂഹം പെടാപ്പാടു പെടുന്നതായി അഭിനയിക്കുന്നതു കാണുമ്പോള്‍ തോന്നുന്നത്.
ഏതായാലും വിദ്യാലയങ്ങളിലെ മൊബൈല്‍ നിരോധനം കേരളത്തില്‍ മാത്രമല്ല നടപ്പിലാക്കിയിട്ടുള്ളത്. അമേരിക്കന്‍ ഐക്യനാടുകളിലെ ഒട്ടു മിക്ക സ്കൂളുകളിലും ക്ളാസ് മുറികളില്‍ ശല്യമുണ്ടാക്കുന്നതിന്റെ പേരില്‍ മൊബൈല്‍ നിരോധിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ പരീക്ഷാഹാളില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. ഫിന്‍ലാന്റില്‍ പൊതുവാഹനങ്ങളില്‍ മൊബൈല്‍ ഉപയോഗിക്കുമ്പോള്‍ സംഭാഷണങ്ങളെപ്രകാരമായിരിക്കണമെന്നതിനെ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, മൊബൈലിന്റെ ഉപയോഗം പ്രത്യേകിച്ച് അടിയന്തിരസാഹചര്യങ്ങളില്‍ അനിവാര്യമായതിനാല്‍ ലോകവ്യാപകമായിത്തന്നെ അതു സംബന്ധിച്ച നിയന്ത്രണങ്ങളില്‍ പുനര്‍ചിന്തനം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലും, ഹാളുകളിലും മറ്റും സ്ഥാപിക്കപ്പെട്ടിരുന്ന ജാമറുകള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. അതേ സമയം ടവറുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങള്‍, ഇ-വേസ്റ്റുകള്‍ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രതിസന്ധികള്‍ എന്നിവ ഗൌരവത്തോടെ നേരിടേണ്ടതുമാണ്. ഇതു സംബന്ധിച്ചുള്ള നിരവധി സര്‍വേകളും ശാസ്ത്രീയാന്വേഷണങ്ങളും ലോകവ്യാപകമായി നടന്നു വരുന്നുണ്ട്. എന്നാല്‍, തര്‍ക്കവിഷയമായ സദാചാരത്തിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ഫോണുകള്‍ കൂടുതലും സദാചാരവിരുദ്ധമായാണ് ഉപയോഗിക്കുന്നത് എന്ന കാര്യം ഏതെങ്കിലും സര്‍വേകളിലൂടെയും മറ്റും ഇതേ വരെ അന്വേഷിക്കപ്പെട്ടിട്ടില്ല. ഊഹാപോഹങ്ങളും അമിതമായി പ്രാധാന്യം നല്‍കപ്പെടുന്ന ചില വാര്‍ത്തകളും അടിസ്ഥാനപ്പെടുത്തി സ്വരൂപിക്കപ്പെടുന്ന സാമൂഹ്യ ഭയമാണ് മൊബൈല്‍ ഫോണിനു നേരെ ഉന്നയിക്കപ്പെട്ടിരിക്കുന്നത്. മുതിര്‍ന്നവരുടെ സാങ്കേതികഭയവും ഈ പൊതുബോധനിര്‍മിതിയെ രൂക്ഷമാക്കുന്നുണ്ട്. തീരെ ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ മുതല്‍ കൌമാരക്കാര്‍ വരെ തങ്ങളെക്കാള്‍ വേഗത്തില്‍ മൊബൈല്‍ ആപ്ളിക്കേഷനുകളില്‍ പ്രാവീണ്യം നേടുന്നതില്‍ അസൂയ പൂണ്ടവരായ വയസ്സന്മാര്‍ സ്വന്തം കഴിവുകേടിനെ മറച്ചു വെക്കാനായും നിരോധനം എന്ന ആയുധത്തെ ആശ്രയിക്കുന്നു.
ആറ് എമ്മുകളെ അടിസ്ഥാനപ്പെടുത്തിയാണ് മൊബൈല്‍ ഫോണ്‍ ആപ്ളിക്കേഷനുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. മൂവ്മെന്റ്, മൊമെന്റ്, മി, മള്‍ട്ടി യൂസര്‍, മണി, മെഷീന്‍ എന്നീ എമ്മുകളിലൂടെ സ്ഥലം, സമയം, വ്യക്തി, സമൂഹം, പണം, യന്ത്രം എന്നിവയുടെ പരിമിതികള്‍ മറികടക്കുകയും സൌകര്യങ്ങളെ വിപുലീകരിക്കുകയുമാണ് മൊബൈല്‍ ഫോണ്‍ ചെയ്യുന്നത്. (Services for UMTS by Ahonen & Barrett). സിനിമക്കും ടെലിവിഷനും പിസിക്കും ശേഷം രൂപപ്പെട്ട നാലാമത്തെ സ്ക്രീനായും അച്ചടി, റെക്കോഡിംഗ്, സിനിമ, റേഡിയോ, ടിവി, ഇന്റര്‍നെറ്റ് എന്നിവക്കു ശേഷം രൂപപ്പെട്ട ഏഴാമത്തെ മാസ് മീഡിയ ആയും മൊബൈല്‍ ഫോണ്‍ നിര്‍വചിക്കപ്പെടുന്നു.
മൊബൈലിനെ പ്രധാനമായും ഭയക്കുന്നത് കുത്തകാധികാരമാണ്. സംഗീതം, വീഡിയോ എന്നിവയുടെ കുത്തകവല്‍ക്കരണത്തിനും അവകാശവില്‍പനക്കും വേണ്ടി വാദിക്കുന്ന പ്രോപ്പര്‍ട്ടി റൈറ്റ്സ് നിയമങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ പരസ്യസ്ഥലങ്ങളില്‍ വെച്ചു തന്നെ വെല്ലുവിളിച്ച് തകര്‍ക്കുന്നു. നാമെല്ലാവരും എംപി ത്രീയിലും എംപി ഫോറിലും ശേഖരിച്ചു വെച്ച് ബസിലും തീവണ്ടിയിലുമിരുന്ന് കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ആഹ്ളാദനിമിഷങ്ങളൊക്കെയും കോപ്പിറൈറ്റ് നിബന്ധനകളെ അപ്രസക്തമാക്കുന്നു. റിങ്ടോണുകളുടെയും ഡയലര്‍ ടോണുകളുടെയും അനുകരണസാധ്യതകളും ഇപ്രകാരം തന്നെ. കോപ്പിലെഫ്റ്റ് എന്ന വിജ്ഞാനമേഖലയിലെ സ്വതന്ത്ര-ജനാധിപത്യ വിമോചനപ്രസ്ഥാനക്കാര്‍ക്ക് കുത്തകകളുടെ വാണിജ്യവാഴ്ചയെ ഇത്രമാത്രം പരസ്യമായി വെല്ലുവിളിക്കാന്‍ മറ്റൊരുപകരണം കൊണ്ടും സാധിക്കുന്നില്ല.
മൊബൈല്‍ ക്യാമറയുടെ വ്യാപകമായ ഉപയോഗത്തിലൂടെ എല്ലാ വിദ്യാര്‍ത്ഥികളും പൌരന്മാരും സംഭവങ്ങള്‍ രേഖപ്പെടുത്തുന്ന പ്രവണത വ്യാപിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. ഡിജിറ്റല്‍ വിപ്ളവത്തിലൂടെ ക്യാമറയുടെ മേലുള്ളതും അതുവഴി ശേഖരിക്കപ്പെടുകയും വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്ന കാഴ്ച (സിനിമ, ടെലിവിഷന്‍, ഇന്റര്‍നെറ്റ്) യുടെ മേലുള്ളതുമായ കുത്തകാധികാരം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ഫിലിം ഇന്‍സ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങാത്ത ഏതു സാധാരണക്കാരനും തനിക്കു ചുറ്റുമുള്ള കാര്യങ്ങള്‍ ചിത്രീകരിക്കാന്‍ കഴിയും വിധത്തില്‍ ഉപകരണങ്ങള്‍ സാര്‍വജനീനമായിത്തീര്‍ന്നിരിക്കുന്നു. വിം വെന്റേഴ്സ് ലിസ്ബണ്‍ സ്റോറിയില്‍ ഭയപ്പെടുന്നതുപോലെ എല്ലാ കുട്ടികളും സിനിമ പിടിക്കാനായി ചെറിയ ക്യാമറകളുമായി ചുറ്റിത്തിരിയുമ്പോള്‍ ചലച്ചിത്രകാരന്‍ എന്ന ബിംബത്തിനും വിഗ്രഹത്തിനും എന്തു പ്രസക്തി? മ്യൂണിച്ച് ഫിലിം സ്കൂളില്‍ നിന്ന് കട്ടെടുത്ത ഒരു ക്യാമറ കൊണ്ടാണ് വെര്‍ണര്‍ ഹെര്‍സോഗ് തന്റെ പ്രസിദ്ധമായ അഗിറെ ദ റാത്ത് ഓഫ് ഗോഡ് (1972) ചിത്രീകരിച്ചത്. ഈ മോഷണത്തെക്കുറിച്ച് ഹെര്‍സോഗ് കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്രകാരം പറഞ്ഞു.
“അതൊരു സാധാരണ 35 എം എം ക്യാമറയായിരുന്നു. മറ്റനവധി സിനിമകള്‍ ഞാനതു വെച്ച് ചിത്രീകരിച്ചിട്ടുണ്ട്, അതുകൊണ്ട് ഞാനതൊരു മോഷണമായി കണക്കാക്കുന്നില്ല. എനിക്കത് വളരെ അത്യാവശ്യമായിരുന്നു. എനിക്ക് സിനിമകളെടുക്കേണ്ടതുണ്ട്, അതിന് ക്യാമറ ആവശ്യവുമാണ്. ഈ ഉപകരണത്തില്‍ എനിക്കൊരു നിലക്ക് സ്വാഭാവികമായ അവകാശം തന്നെയുണ്ട്. നിങ്ങളൊരു മുറിയില്‍ തടവിലകപ്പെട്ടിരിക്കുകയാണെന്നു കരുതുക, നിങ്ങള്‍ക്ക് ശ്വസിക്കാന്‍ വായു അത്യാവശ്യവുമാണ്. ഒരു ഉളിയും ചുറ്റികയും ഉപയോഗിച്ച് നിങ്ങള്‍ ചുമര്‍ കുത്തിപ്പൊളിക്കുക തന്നെ ചെയ്യും. അത് നിങ്ങളുടെ നിശ്ചിതമായ അവകാശമാണെന്നതില്‍ ഒരു സംശയവുമില്ല.“
ഇതു തെളിയിക്കുന്നത്, ചില കുറ്റവാളി മനോഭാവക്കാരോ, ലൈംഗികാഭാസക്കാരോ ദുരുപയോഗം ചെയ്തു എന്നതിന്റെ പേരില്‍ മൊബൈല്‍ ക്യാമറപോലെ നാനാവിധത്തില്‍ ഉപകാരമുള്ള ഒരു ഉപകരണം പാടെ നിരോധിക്കുക എന്നത് കൂടിയ തോതിലുള്ള വിഡ്ഢിത്തമാണെന്നാണ്. എന്തുകൊണ്ടാണ് അത്തരമൊരു വിഡ്ഢിത്തത്തിലേക്ക് മലയാളിയുടെ പൊതുബോധം വളരെ പെട്ടെന്ന് ചെന്നെത്തിയിട്ടുണ്ടാവുക? മലയാളിയില്‍ നിരന്തരമായി കുടികൊള്ളുന്ന നവയാഥാസ്ഥിതികത്വം (പ്രയോഗത്തിന് കടപ്പാട്: സക്കറിയ) തന്നെയാണ് ഒരു കാരണം. മറ്റൊന്ന് ജനാധിപത്യത്തോടുള്ള ഭയമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയ നിരോധനം, തുപ്പല്‍ നിരോധനം, അടക്കം പല കാര്യങ്ങളിലും ഇത്തരത്തില്‍ ജനാധിപത്യത്തെ അഭിമുഖീകരിക്കുന്നതില്‍ ഭയചകിതനാകുന്ന പൊതു മലയാളിയെ നാം അടുത്തകാലത്ത് പരിചയപ്പെടുകയുണ്ടായി. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മൊബൈല്‍ ക്യാമറ എന്ന ലളിതമായ ഉപകരണത്തിലൂടെ കുട്ടികളും തൊഴിലാളികളും സ്ത്രീകളും ദളിതരും മത്സ്യബന്ധനക്കാരും ചുമട്ടുകാരും ബാര്‍ബര്‍മാരും വേശ്യകളും തങ്ങള്‍ക്കു ചുറ്റുമുള്ള അനീതികള്‍ ചിത്രീകരിക്കട്ടെ. അല്ലെങ്കില്‍ വിസ്മയകരമെന്ന് അവര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ ശേഖരിക്കട്ടെ. അവരെല്ലാം സിനിമാക്കാരോ അതിനാവശ്യമുള്ള പ്രാഥമികമായ ശ്രദ്ധയും അര്‍പ്പണബോധവും പ്രകടിപ്പിക്കാന്‍ സൌകര്യമില്ലാത്തവരോ ആയിരിക്കാം. എങ്കിലും അവര്‍ ശേഖരിക്കുന്ന ഫൂട്ടേജുകള്‍ ഭാവനയുള്ളവരും ജനാധിപത്യ ജാഗ്രതയുള്ളവരുമായ സംവിധായകര്‍ക്കും എഡിറ്റര്‍മാര്‍ക്കും അടിസ്ഥാനമായി സ്വീകരിക്കാവുന്നതാണ്.
2002ലെ വംശഹത്യക്കു ശേഷമുള്ള ഗുജറാത്തില്‍ കാഴ്ചകളുടെ ഇത്തരം ശേഖരം പലര്‍/അനേകര്‍ ചേര്‍ന്ന് രൂപപ്പെടുത്തിവരുന്നുണ്ട്. രാകേശ് ശര്‍മക്കും ശുഭ്രദീപ് ചക്രവര്‍ത്തിക്കും ശബ്നം ഹാശ്മിക്കും മുതല്‍ ഗുജറാത്തില്‍ പ്രവേശിക്കാന്‍ മടിക്കുന്ന ആനന്ദ് പട്വര്‍ദ്ധനു വരെയുള്ള ഏതു ഡോക്കുമെന്ററി ആക്ടിവിസ്റുകള്‍ക്കും ഈ ശേഖരങ്ങള്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ഒരു കോമണ്‍ പൂളില്‍ നിക്ഷേപിക്കുകയാണ് ആക്ടിവിസ്റ്റുകള്‍ ചെയ്യുന്നത്. ഗുജറാത്തിലേതു പോലെ പ്രത്യക്ഷ ആക്രമണങ്ങള്‍ സജീവമല്ലെങ്കിലും നിശ്ശബ്ദവും പരോക്ഷവുമായ നിരവധി ആക്രമണങ്ങള്‍ കൊണ്ട് പീഡിപ്പിക്കപ്പെടുന്ന കേരളീയ സമൂഹത്തിലെ അധസ്ഥിതരുടെ വേദനകള്‍ ഇപ്രകാരം ആവിഷ്ക്കരിക്കാനും പൊതുജനമധ്യത്തിലെത്തിക്കാനും ഈ മാര്‍ഗത്തിലൂടെ സാധ്യമാവുന്നതാണ്. വ്യവസ്ഥാപിതത്വത്തിന്റെ വക്താക്കള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ഭയക്കുന്നതും നിരോധിക്കുന്നതും മറ്റൊരു കാരണം കൊണ്ടല്ല.
നാവിഗേറ്റര്‍ സൌകര്യമുള്ള ഹാന്റ് സെറ്റുകളും സര്‍വിലന്‍സ് ക്യാമറകളുടെ വിപുലമായ ശൃംഖലകളും ഗ്ളോബല്‍ പൊസിഷനിംഗ് സിസ്റ്റവും (ജിപിഎസ്) ഇപ്പോഴുള്ള അവസ്ഥയില്‍ നിന്ന് കൂടുതല്‍ വ്യവസ്ഥാപിതവും സുദൃഢവുമാകുന്നതോടെ വ്യക്തിയുടെ സ്വതന്ത്ര സഞ്ചാരം, സ്വകാര്യത എന്നിവ മുഴുവനായും ഇല്ലാതാവാന്‍ പോകുകയാണ്. റെയില്‍വേ സ്റ്റേഷനുകള്‍, കമ്പാര്‍ടുമെന്റുകള്‍, ബസ് സ്റ്റേഷനുകള്‍, ബസ്സുകള്‍, എയര്‍പോര്‍ടുകള്‍, വിമാനങ്ങള്‍, ബാങ്കുകള്‍, എ ടി എമ്മുകള്‍, സര്‍ക്കാര്‍ ആപ്പീസുകള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ഇന്റര്‍നെറ്റ് കഫേകള്‍, റസ്റ്റാറന്റുകള്‍, ഹോട്ടലുകളും മോട്ടലുകളും റിസോര്‍ടുകളും ട്രാവലേഴ്സ് ബംഗ്ളാവുകളും, സിനിമാശാലകള്‍, പൊതുഹാളുകള്‍, മാളുകളും മള്‍ട്ടിപ്ളെക്സുകളും, പ്രധാന റോഡുകളും ഹൈവേകളും ജങ്ക്ഷനുകളും, സ്റേഡിയങ്ങള്‍, എന്നിങ്ങനെ മര്‍മപ്രധാനമെന്ന് അധികാരികളിലേതെങ്കിലും ഒരു വിഭാഗത്തിന് തോന്നലുള്ള മുഴുവന്‍ കേന്ദ്രങ്ങളും സര്‍വിലന്‍സ് ക്യാമറയുടെ ദൃഷ്ടിക്ക് കീഴ്പ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലണ്ടന്‍ പോലുള്ള നഗരത്തിലെ ഏതെങ്കിലുമൊരു മൂലയില്‍ നില്‍ക്കുന്ന ഒരു വ്യക്തി ശരാശരി പത്തു സര്‍വിലന്‍സ് ക്യാമറകളുടെയെങ്കിലും പരിധിക്കുള്ളിലായിരിക്കുമെന്നാണ് ഇതു സംബന്ധിച്ച വസ്തുതകള്‍ സൂചിപ്പിക്കുന്നത്. അതായത് ഓരോ വ്യക്തിയുടെയും ചലനം, ശരീരഭാഷ, സംഭാഷണങ്ങള്‍, ചെയ്തികള്‍ തുടങ്ങി എല്ലാം നിരന്തരം വീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയും റെക്കോഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. സുരക്ഷാകാരണങ്ങളാല്‍ ഇത് അനിവാര്യമാണെന്നാണ് ഭരണാധികാരികളുടെ മതം. ഇതേ അനിവാര്യതയുടെ പിന്‍ബലത്തിലാണ് മധ്യകേരളത്തിലെ സ്വാശ്രയകോളേജില്‍ പെണ്‍കുട്ടികളുടെ വസ്ത്രം മാറല്‍ പ്രിന്‍സിപ്പല്‍ കണ്ടു രസിച്ചത്. പസോളിനിയുടെ സാലോ ഓര്‍ 120 ഡേയ്സ് ഓഫ് സോദോമില്‍ ആഖ്യാനം ചെയ്തതുപോലെ പരപീഡനരതിയില്‍ ആസക്തരായ ഭരണാധികാരികള്‍ അവരുടെ സൌകര്യത്തിനും ആനന്ദത്തിനും അന്തമില്ലാത്ത അധികാരസ്ഥാപനത്തിനും വേണ്ടി ഇരകളായി പിടിച്ചെടുത്ത കൌമാരക്കാരെ പീഡിപ്പിച്ചും നിരീക്ഷിച്ചും സുഖിക്കുന്നതുപോലെ മുതിര്‍ന്നവര്‍/അധ്യാപക രക്ഷാകര്‍തൃ സമിതി കുട്ടികളെ നിയന്ത്രിച്ചു നിര്‍ത്തുന്നതിനു വേണ്ടിയാണ് ക്യാമറയുടെ ഉപയോഗത്തെ തങ്ങളിലേക്കു മാത്രമായി പരിമിതപ്പെടുത്തുന്നത്.
നാടുവാഴിത്തവും ജന്മിത്തവ്യവസ്ഥയും കൊടികുത്തിവാണിരുന്ന മുന്‍ നൂറ്റാണ്ടുകളില്‍ കാഴ്ച എപ്രകാരമായിരുന്നുവെന്ന് വെണ്‍മണിക്കവിതകളിലൂടെയും, നവോത്ഥാനത്തിനു ശേഷം കടന്നു വന്ന ആധുനികതയുടെ ആദ്യഘട്ടങ്ങളില്‍ അത് എപ്രകാരമായിരുന്നുവെന്ന് ഒരു തെരുവിന്റെ കഥയില്‍ ഓമഞ്ചിയുടെ ബൈനോക്കുലര്‍ കാഴ്ചയിലൂടെയും മലയാള സാഹിത്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ധാരാളമായി എടുത്തുദ്ധരിക്കാവുന്ന അനവധി ഉദാഹരണങ്ങളിലൂടെ തെളിയിക്കാവുന്ന പഴയ നൂറ്റാണ്ടുകളിലെയും ദശകങ്ങളിലെയും കാഴ്ചയുടെയും ആഹ്ളാദക്കാഴ്ചയുടെയും അധികാരം പുതിയ ജനാധിപത്യ അവകാശബോധത്തിന്റെ കാലത്താണ് വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടു തുടങ്ങുന്നത്. മാറുമറക്കല്‍ സമരം മുതല്‍, സാരിക്കു പകരം ചുരിദാര്‍ വേണം തുടങ്ങിയ കാര്യങ്ങളിലെ സംവാദങ്ങളും നിയമനിര്‍മാണവും വരെ പുരുഷക്കാഴ്ചയെ പ്രതിരോധിക്കുന്ന സ്ത്രൈണ ജനാധിപത്യത്തിന്റെ പുതിയ അടയാളങ്ങളായി തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഫിലിം ക്യാമറയും വീഡിയോ ക്യാമറയും കൈയടക്കിവെച്ചിരിക്കുന്ന പുരുഷാധികാരം സ്ത്രീകളെ ചിത്രീകരിക്കുന്നതിനു വേണ്ടിത്തന്നെയാണ് മൊബൈല്‍ ഫോണിലെ ക്യാമറയും വ്യാപകമായി ഉപയോഗിക്കുക എന്ന കാര്യത്തിലും തര്‍ക്കമില്ല. (The history of cinema is the history of boys photographing girls - Jean-Luc Godard). പുരുഷാധികാരത്തിന് ഇപ്രകാരം കീഴടക്കപ്പെട്ടു എന്നതുകൊണ്ട് സിനിമയും ടെലിവിഷനും വീഡിയോവും വിമോചനത്തിന്റെ സാധ്യതകളില്ലാത്ത മാധ്യമങ്ങളായി തീര്‍ന്നു എന്നു പക്ഷെ ആര്‍ക്കും പരാതിപ്പെടാനാവില്ല. പുരുഷാധികാരത്തിന്റെ കാഴ്ചാശേഖരണപ്രക്രിയയെ തുറന്നുകാട്ടുകയും ഗൊദാര്‍ദ് തന്നെ പറഞ്ഞതു പോലെ ക്യാമറയെ തോക്കായി സ്വയം ഉപയോഗിക്കുകയുമാണ് സ്ത്രീകളും ജനാധിപത്യവാദികളും ചെയ്യേണ്ടത്. അത്തരം വിമോചനാത്മക രാഷ്ട്രീയവല്‍ക്കരണത്തിന് മൊബൈല്‍ ക്യാമറയെ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള നിരോധനം സഹായകരമല്ലെന്നു മാത്രമല്ല, തെറ്റായ ദിശാബോധത്തിലേക്ക് മുഴുവനാളുകളെയും നയിക്കുകയാണത് ചെയ്യന്നത്.
2 comments:
അതു കറക്റ്റ്.നിരോധനംനിരോധനം എന്നു പറഞ്ഞ് നടക്കുന്നത് ഇവിടുത്തെ കടൽക്കിഴവന്മാരും കപടസദാചാരവാദികളുമാണ്.നമ്മുടെ വയസ്സന്മാർക്ക് കൃത്യമായി ചെയ്യാനറിയുന്ന ഏകകാര്യം,കുട്ടികളെ നോക്കി അസൂയപ്പെടലാണ്.ബസ്സിന്റെ മുൻ തിരക്കിലും,ഷക്കീലപ്പടത്തിന്റെ ക്യൂതിരക്കിലും തിക്കിത്തിരക്കുന്ന മലയാളിവാർദ്ധക്യം,കുട്ടികളെ സദാചാരം പഠിപ്പിക്കാനിറങ്ങിയിരിക്കുന്നു!
കറിക്കത്തികൊണ്ട് വെട്ടിക്കൊന്നു, കൊട്‌വാള്‍ കൊണ്ട് പൊതുവാളിന് വെട്ട്, ബസ്മറിഞ്ഞാളുകള്മരിക്കുന്നു.......ഇതൊക്കെ അങ്ങറ്റ് നിരോധിക്കാം..ന്താ...
Post a Comment