കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പതിമൂന്നാമത് പതിപ്പാണ് 2008 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് നടന്നത്. ഐ എഫ് എഫ് കെ ക്ക് അന്താരാഷ്ട്ര ചലച്ചിത്രരംഗത്ത് ഈ കുറഞ്ഞ കാലത്തിനകം ലഭിച്ചിട്ടുള്ള സമ്മതി തെളിയിക്കുന്ന വിധത്തില്‍, ഏറ്റവും പുതിയ ലോകസിനിമകളില്‍ മികച്ചവയെല്ലാം തന്നെ വിവിധ വിഭാഗങ്ങളിലായി ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടു. മത്സരവിഭാഗത്തിലേക്ക് പ്രവേശിച്ച ചിത്രങ്ങളില്‍ ബഹുഭൂരിഭാഗവും കൂടിയ നിലവാരം പുലര്‍ത്തി എന്നത് മേളയുടെ സംഘാടകരെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമാണ്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ പ്രതിഭാശാലികളായ ചലച്ചിത്രകാരന്മാർ ഈ മേളയെ ഗൌരവത്തോടെ കാണുന്നു എന്നതിന്റെ ലക്ഷണമാണ് അവരുടെ പുതിയ സൃഷ്ടികള്‍ കേരള മേളയിലേക്ക് മത്സരത്തിനായി സമര്‍പ്പിക്കുന്നു എന്നത്.
അമോര്‍ ഹക്കര്‍ സംവിധാനം ചെയ്ത മഞ്ഞവീട് (യെല്ലോ ഹൌസ്/അള്‍ജീരിയ, ഫ്രാന്‍സ് / 2007 / അറബി) ഏറെ ലളിതമായ ഒരു കഥാഖ്യാനം മാത്രമാണെന്നു തോന്നിപ്പിക്കുമെങ്കിലും മനുഷ്യജീവിതത്തെ നിര്‍ണയിക്കുന്ന മൌലികമായ പ്രശ്നങ്ങളെ ഹൃദയസ്പൃക്കായി ചിത്രീകരിക്കുന്നതിനാല്‍ ശ്രദ്ധേയമായി. കിഴക്കന്‍ അള്‍ജീരിയയിലെ ഓറസ് മലനിരകളുടെ താഴ്വാരത്തിലാണ് ഉരുളക്കിഴങ്ങുകൃഷിക്കാരനായ മൌലൂദ് എന്ന നായക കഥാപാത്രവും ഭാര്യയും മൂന്നു പെണ്മക്കളും താമസിക്കുന്നത്. ദൂരെയുള്ള സ്ഥലത്ത് വിളയിക്കുന്ന കിഴങ്ങു പറിച്ചെടുത്ത് തന്റെ ലാംബ്രട്ട ടിപ്പറില്‍ കൊണ്ടുപോയി അടുത്ത നഗരമായ ബാട്നയില്‍ വിറ്റാണ് അവര്‍ ജീവിക്കുന്നത്. അയാളുടെ മൂത്ത മകന് ബെര്‍ക്കാസിം പട്ടാളത്തിലാണ്. അവന് ഒരു കാറപകടത്തില്‍ മരണപ്പെട്ടതായി പൊലീസ് അയാളെ അറിയിക്കുന്നു. മകന്റെ മൃതദേഹം തിരിച്ചറിയാനും ഏറ്റുവാങ്ങാനുമായി അയാളോട് നഗരത്തിലെ പോലീസ് സ്റ്റേഷനിലെത്തണമെന്ന സമന്‍സും പോലീസ് കൊടുക്കുന്നു.
ഇതിനെ തുടര്‍ന്ന് അയാള്‍ ബാട്ന നഗരത്തിലേക്ക് തന്റെ ലാംബ്രട്ടയില്‍ നടത്തുന്ന യാത്ര ഏറെ കൌതുകകരമാണ്. ഹെഡ് ലൈറ്റൊന്നുമില്ലാത്ത ആ വണ്ടി ചെക്ക് പോസ്റ്റില്‍ തടഞ്ഞിടപ്പെടുന്നു. എന്നാല്‍, മകന്റെ ശവശരീരത്തിനായിട്ടാണ് താന്‍ പോകുന്നത് എന്നു പറയുമ്പോള്‍ ചെക്ക് പോസ്റ്റിലെ പോലീസ് തങ്ങളുടെ വണ്ടിക്കു മുകളില്‍ പിടിപ്പിച്ചിരിക്കുന്ന ചുകന്നതും കറങ്ങിത്തിരയുന്നതുമായ ലൈറ്റ് പറിച്ചെടുത്ത് അയാളുടെ വണ്ടിയില്‍ ഘടിപ്പിക്കുന്നു. നഗരപ്രാന്തത്തിലെത്തുമ്പോള്‍ അയാളെ സഹായിക്കുന്ന ടാക്സിക്കാരനും മറ്റും ഇതേ സഹായമനസ്ഥിതിക്കാരാണ്. വഴി കാണിച്ചുകൊടുത്തതിന് എന്താണ് പ്രതിഫലം വേണ്ടതെന്ന് ചോദിക്കുമ്പോള്‍ ഒന്നും വേണ്ടെന്ന് ടാൿസിക്കാരന് പറയുന്നു. അപ്പോള്‍, വഴിയില്‍ ഭക്ഷിക്കാനായി കരുതിയ റൊട്ടിയുടെ ഒരു കഷണം താങ്കളുടെ കുട്ടികള്‍ക്ക് കൊടുക്കൂ എന്നു പറഞ്ഞ് അയാള്‍ നല്കുമ്പോള് ടാൿസിക്കാരന് അത് സ്വീകരിക്കുന്നു. പിന്നീട് മോര്‍ച്ചറിയില്‍ മകന്റെ മൃതദേഹം കാണിച്ചുകൊടുത്ത അവിടത്തെ ഉദ്യോഗസ്ഥന് കടലാസുപണികള്‍ അത്യാവശ്യമായി ചെയ്യാന്‍ കാത്തിരിക്കണമെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ മൃതദേഹം സ്വയം ഒരു പെട്ടിയിലാക്കി തന്റെ ടിപ്പറിന്റെ കാരിയറിലാക്കി അയാള്‍ കടന്നു കളയുന്നു. വണ്ടി കേടുവന്ന് വഴിയിലെ ഗാരേജില്‍ നന്നാക്കിക്കൊണ്ടിരിക്കുന്നതിനിടെ പിറകെ കാറില്‍ പാഞ്ഞെത്തുന്ന മോര്‍ച്ചറി ഉദ്യോഗസ്ഥന് പൊലീസിനെ കൂട്ടി അയാളെ അറസ്റ്റ് ചെയ്യുമെന്നാണ് നാം കരുതുക എങ്കിലും അത്യാവശ്യമായ മരണ സര്‍ട്ടിഫിക്കറ്റ് മൌലൂദിനെ ഏല്പിക്കാനാണ് അയാളെത്തിയത്.
ശവസംസ്ക്കാരമെല്ലാം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതോടെ അഛനും മക്കളും പൂര്‍വ്വ സ്ഥിതി വീണ്ടെടുക്കുന്നുണ്ടെങ്കിലും അമ്മക്കതിനാവുന്നില്ല. അവര്‍ ഭക്ഷണം കഴിക്കാതെയും എഴുന്നേല്ക്കാതെയും വിഷാദമൂകയായി ഒരു മൂലയില്‍ കിടക്കുക മാത്രമാണ് ചെയ്യുന്നത്. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ നഗരത്തിലെ ഒരു മരുന്നുകടയില്‍ ചെന്ന് ദു:ഖം അകറ്റാനുള്ള മരുന്ന് തരണമെന്ന് അയാള്‍ ഫാര്‍മസിസ്റ്റിനോട് അഭ്യര്‍ത്ഥിക്കുന്നു. എന്നാലപ്രകാരമുള്ള മരുന്നൊന്നും ഇവിടെയില്ലെന്നു പറഞ്ഞ ഫാര്‍മസിസ്റ്റ് ചില പ്രതിവിധികള്‍ നിര്‍ദേശിക്കുന്നു. അതിലൊന്ന് ഇതു പോലെ ദു:ഖിതയായ ഒരു ഭാര്യയെ സമാശ്വസിപ്പിക്കാന്‍ അവരുടെ ഭര്‍ത്താവ് വീടിന്റെ ചുമരില്‍ പുതിയ ചായം തേച്ച കാര്യമായിരുന്നു. ഏത് നിറമാണ് അയാളടിച്ചത് എന്നാരാഞ്ഞപ്പോള്‍ മഞ്ഞ എന്ന ഉത്തരം ലഭിച്ചതനുസരിച്ച് വലിയ ഒരു ബക്കറ്റ് നിറയെ മഞ്ഞ പെയിന്റും വാങ്ങി കഥാനായകന് തന്റെ പാറക്കഷണങ്ങള്‍ ചളി കൂട്ടി അടുക്കിയുണ്ടാക്കിയ വീടിനെ മുഴുവന്‍ മഞ്ഞയാക്കി മാറ്റുന്നു. മക്കളായിരുന്നു അയാളുടെ പണി സഹായികള്‍. അത് പക്ഷെ അവരുടെ അമ്മയിലൊരു ഭാവമാറ്റവും ഉണ്ടാക്കുന്നില്ല. എല്ലാവര്ക്കും ഒരേ നിറമായിരിക്കില്ല സമാശ്വാസം നല്‍കുക എന്ന അറിവ് ഒരു പക്ഷെ അതിലൂടെ അയാള്‍ സമ്പാദിച്ചിട്ടുണ്ടാവും.
പിന്നീട് കുട്ടിക്കാലത്ത് തന്റെ ഭാര്യ, വീട്ടിലെ നായയെ നഷ്ടപ്പെട്ടതില്‍ ദു:ഖിതയായതും പിന്നീട് ആറു ദിവസത്തിനു ശേഷം അവളുടെ പിതാവ് പുതിയ നായക്കുട്ടിയെ കൊണ്ടുവന്നപ്പോഴാണ് അവള് പൂര്‍വസ്ഥിതി പ്രാപിച്ചതെന്നതുമായ കാര്യം അയാള്‍ ഓര്‍മ്മിച്ചെടുക്കുകയും അതുപ്രകാരം അയാളൊരു പുതിയ നായയെ വാങ്ങിക്കൊണ്ടുവരുകയും ചെയ്യുന്നു. അതും പക്ഷെ ഫലം ചെയ്യുന്നില്ല. പിന്നീട് നിരാശനായിക്കൊണ്ടാണെങ്കിലും തന്റെ ഉരുളക്കിഴങ്ങു വില്പനയുമായി ജീവിതം തള്ളിനീക്കിക്കൊണ്ടിരിക്കുന്ന അയാള്‍ പുതിയതായി കച്ചവടബന്ധം സ്ഥാപിച്ച റെസ്റ്റോറന്റില്‍ ഒരത്ഭുതവസ്തു ശ്രദ്ധിക്കുന്നു. ഒരു കളര്‍ ടെലിവിഷനും വിസിആറുമായിരുന്നു അത്. മോര്‍ച്ചറിയില്‍ നിന്ന് മകന്റെ മൃതദേഹത്തോടൊപ്പം ഒരു വീഡിയോ കാസറ്റു കൂടി അയാള്‍ക്ക് ലഭിച്ചിരുന്നു. ആ കാസറ്റ് പ്ലെയറിലിട്ടപ്പോളാണ് മകന് അവര്‍ക്കയച്ച ഒരു വീഡിയോ കത്തായിരുന്നു അത് എന്ന് അയാളറിയുന്നത്. അയാള്‍ 80 ലോഡ് ഉരുളക്കിഴങ്ങ് കുറെക്കാലം കൊണ്ട് എത്തിച്ചുകൊള്ളാം എന്ന ഉറപ്പില്‍ ആ ടിവിയും വിസിആറും വീട്ടിലെത്തിക്കുന്നു. അപ്പോഴാണ് പുതിയ പ്രശ്നം. വീട്ടില്‍ വൈദ്യുതിയില്ല. പിന്നീട് നഗരത്തിലെ മേയറെയും പോലീസ് അധികാരിയെയും സമീപിച്ച് വൈദ്യുതി ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് അവര്‍ക്കൊന്നിച്ചിരുന്ന് മകന്റെ വീഡിയോദൃശ്യം കാണാന്‍ കഴിയുന്നത്. അപ്പോഴവര്‍ക്ക് മരിച്ചുപോയ മകനെ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു. നിഷ്ക്കളങ്കമായ സ്നേഹത്തിന്റെ പ്രത്യക്ഷമായിരിക്കെ തന്നെ രേഖപ്പെടുത്തപ്പെട്ട ഇമേജ് എന്ന ചലച്ചിത്ര / വീഡിയോയുടെ ജൈവചൈതന്യം എന്ന മഹത്തായ ആശയത്തെയാണ് മഞ്ഞവീട് സാക്ഷാത്ക്കരിക്കുന്നത്.
പ്രമുഖ ഇന്ത്യന്‍ അഭിനേത്രി നന്ദിതാ ദാസ് ആദ്യമായി സംവിധാനം ചെയ്ത ഫിറാഖ് (ഹിന്ദി, ഉര്‍ദു, ഗുജറാത്തി, ഇംഗ്ലീഷ് -2008) ഗുജറാത്ത് വംശഹത്യക്കു ശേഷമുള്ള നാളുകളിലെ ഹൃദയഭേദകമായ സംഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ് കഥാരൂപത്തിലവതരിപ്പിക്കുന്നത്. ഇത് ഭാവനാകല്പിതമായ ഒരു കഥയാണ് , പക്ഷെ ആയിരക്കണക്കിന് യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞത് എന്ന ആമുഖത്തോടെയാണ് ഫിറാഖ് ആരംഭിക്കുന്നത്. ഗുജറാത്ത് പോലെയും ഇന്ത്യ പോലെയും നാം ജീവിക്കുന്ന പൊതുവായ പ്രദേശം / രാജ്യത്തിന്റെ ചരിത്രം, വര്‍ത്തമാനം, ഭൂമിശാസ്ത്രം, മതബോധം, പൌരത്വസങ്കല്‍പം, എന്നിങ്ങനെ സങ്കീര്‍ണമായ ഘടകങ്ങളുടെ പശ്ചാത്തലത്തെയാണ് ഫിറാഖ് ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ അതിസങ്കീര്‍ണമായ ഒരു പശ്ചാത്തലവും അതിനുള്ളില്‍ രൂപപ്പെടുന്ന വെറുപ്പ് എന്ന രാസഘടകവും ചേര്‍ന്നുണ്ടാക്കുന്ന ജീവിതപരിസരങ്ങളെ അഥവാ ജീവിതവ്യമല്ലാത്ത പരിതോവസ്ഥയെയാണ് നന്ദിതാദാസ് അസാമാന്യമായ മികവോടെ ചലച്ചിത്രവത്ക്കരിക്കുന്നത്.
അകല്‍ച്ച എന്നും അന്വേഷണം എന്നും അര്‍ത്ഥം കല്പിക്കാവുന്ന ഒരു ഉര്‍ദു പദമാണ് ഫിറാഖ്. അത് യുക്തമായ ഒരു ശീര്‍ഷകം തന്നെയാണ്. സമീര്‍ അഖ്തറും അനുരാധ ദേശായിയും ഭിന്ന മതത്തില്‍ പെട്ട ദമ്പതികളാണ്. അനുവിന്റെ സഹോദരീഭര്‍ത്താവും സമീറും ചേര്‍ന്നുള്ള പാര്‍ട്ണര്‍ഷിപ്പ് ബിസിനസില്‍ സമീര്‍ ഉണ്ടെന്നുള്ള വിവരം പ്രത്യക്ഷത്തില്‍ ആര്‍ക്കുമറിയുമായിരുന്നില്ല. എന്നിട്ടും അവരുടെ ബിസിനസ് സ്ഥാപനം നിഷ്ഠൂരമായ വിധത്തില്‍ കൊള്ളയടിക്കപ്പെടുന്നു. സംഘപരിവാര്‍ അക്രമികള്‍ സര്‍ക്കാര്‍ സഹായത്തോടെ വിപുലമായ ഡാറ്റാബേസ് തയ്യാറാക്കിയാണ് അക്രമത്തിന് കോപ്പു കൂട്ടിയത് എന്നതിന്റെ പ്രത്യക്ഷോദാഹരണമായിരുന്നു ഇത്. ആധുനികമായ ജീവിതം നയിക്കുന്ന ധനികരായ അവര്‍ക്ക് താങ്ങാവുന്നതായിരുന്നില്ല ഈ ആക്രമണം. പള്ളിയില്‍ പോവാറില്ലാത്ത, മദ്യപിക്കുന്ന അയാളുടെ സമീര്‍ എന്ന പേര് സമുദായപ്പേര് മാറ്റി ഉപയോഗിച്ചാല്‍ ഹിന്ദുവായും അറിയപ്പെടാന്‍ സഹായകമാണ്. അതായത് ഭാര്യയുടെ സമുദായപ്പേരായ ദേശായ് എന്ന് ചേര്‍ത്താല്‍ സമീര്‍ ദേശായ് ആയി. ലൿഷ്മിനാരായണ് ക്ഷേത്രത്തിന്റെ പിരിവിനായി എത്തുന്നവരോട് അയാളിപ്രകാരമാണ് പേരു പറയുന്നതും.
തങ്ങളുടെ വസ്തുവകകളെല്ലാം പാക്ക് ചെയ്ത് ദില്ലിയിലേക്ക് ജീവിതം പറിച്ചുനടാനുള്ള ഒരുക്കങ്ങള്‍ അവര്‍ പൂര്‍ത്തിയാക്കുന്നു. അവളാദ്യമത് എതിര്‍ക്കുന്നുണ്ടെങ്കിലും പിന്നീട് സമ്മതിക്കുന്നു. പോകാനുള്ള ദിവസത്തിന്റെ തലേന്ന് രാത്രിയില്‍ ഉറക്കം കിട്ടാതെ എഴുന്നേറ്റിരിക്കുന്ന സമീറിനോട് അനു എന്താണ് പ്രശ്നം എന്നു ചോദിക്കുമ്പോള്‍ പാക്ക് ചെയ്തു വെച്ചിരിക്കുന്ന എല്ലാ പെട്ടികളിലും അടക്കം ചെയ്തിരിക്കുന്നത് തന്റെ ഭയം ആണെന്നും എവിടെ പ്പോയാലും അത് നമ്മെ പിന്തുടരുമെന്നും അതുകൊണ്് ഗുജറാത്ത് വിട്ടുപോകുന്നില്ലെന്നും അയാള്‍ പറയുന്നു. ചിത്രത്തെ പൊതിഞ്ഞു നില്ക്കുന്ന നിരാശയുടെയും ഭയത്തിന്റെയും കണികകള്‍ തന്നെയാണ് ഈ മുഹൂര്‍ത്തത്തെയും സാധ്യമാക്കുന്നത്.
തൊഴിലാളിയായ അമീറിനെ പോലീസ് ഓടിക്കുന്നതിനിടെ തെരുവോരത്തുള്ള വീട്ടിന്റെ മട്ടുപ്പാവിലിരുന്ന ആളോട് (നിശ്ചയമായും ഒരു ഹിന്ദുവായിരിക്കണം അയാള്‍) പന്ന മുസ്ലീം ഇതുവഴി കടന്നുപോയതു കണ്ടോ എന്ന് പോലീസ് ചോദിക്കുന്നതും, പിന്നീട് പൊലീസ് തിരിച്ചുപോയതറിഞ്ഞ് തിരിച്ചുവരുന്ന അമീറിനെ മുകളില്‍ നിന്ന് സ്ലാബ് തലയിലേക്കിട്ട് ആ കാണി (!) കൊല്ലുന്നതും അത് അമീര്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്ന മൊഹ്സിന്‍ എന്ന കൊച്ചുകുട്ടി കാണുന്നതും കരളിനെ പിളര്‍ക്കുന്ന കാഴ്ചയാണ്. തലമുറകളും ദശകങ്ങളും എന്തിന് നൂറ്റാണ്ടുകളും കടന്നാലും ഇത്തരത്തിലുണ്ടായിട്ടുള്ള വെറുപ്പ്, അകല്‍ച്ച, കൊലപാതക / ബലാത്സംഗ ത്വര എന്നിവയുണ്ടാക്കിയിട്ടുള്ള മുറിവുകള്‍ ഉണങ്ങുമോ? അതേ പോലെ, സമീര്‍ തന്റെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവിനോട് ചോദിക്കുന്ന ചോദ്യവും ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. ഏതെങ്കിലും ഒരു ഹിന്ദു അക്രമി ബീഭത്സമായ അക്രമപ്രവൃത്തി നടത്തി എന്നു പറഞ്ഞാലും ഹിന്ദുവായ നിങ്ങളെ അത് ബാധിക്കുന്നില്ല എന്നാണെങ്കില്‍ ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍ ഒരു 'ജിഹാദി' ബോംബെറിഞ്ഞാല്‍ എല്ലാ മുസ്ലീങ്ങളും നാണിച്ചു തല കുനിക്കണം എന്നല്ലേ സ്ഥിതി എന്നായിരുന്നു ആ ചോദ്യം.
ഹുസയിന്‍ കരാബേ സംവിധാനം ചെയ്ത മൈ മര്‍ലന്‍ ആന്റ് ബ്രാന്‍ഡോ (തുര്‍ക്കി / ടര്‍ക്കിഷ്, ഇംഗ്ലീഷ് ) രാഷ്ട്രീയവും പ്രണയവും വിരഹവും അതിര്‍ത്തികളും അഭയാര്‍ത്ഥിത്വവും അഭിനയവും എല്ലാം കൂടിക്കുഴയുന്ന ഒരു യാത്രാചിത്രമാണ്. തുര്‍ക്കിയുടെ തലസ്ഥാനത്ത് ജീവിക്കുന്ന നാടകനടിയായ ഐസയുടെ കാമുകനായ ഹമാ അലി വടക്കന്‍ ഇറാഖിലെ ഖുര്‍ദ് ദേശത്താണ് ജീവിക്കുന്നത്. തന്റെ ഹാൻഡികാമില്‍ ചിത്രീകരിച്ച പ്രണയലേഖനങ്ങള്‍ അയാള്‍ ട്രക്ക് ഡ്രൈവര്‍മാരുടെ സഹായത്തോടെയും മറ്റും അവള്‍ക്കെത്തിക്കുന്നു. അയാളെ കാണാനുള്ള യാത്രക്കായി പല ശ്രമങ്ങള്‍ അവള് നടത്തുന്നുണ്ടെങ്കിലും ഓരോ ശ്രമവും സങ്കീര്‍ണമായിക്കൊണ്ടേയിരിക്കുകയാണ്. അതിനിടെയാണ് ഇറാഖില്‍ അമേരിക്കന്‍ അധിനിവേശം ആരംഭിക്കുന്നത്. ഇതോടെ അതിര്‍ത്തികള്‍ അടക്കപ്പെടുകയും അവളുടെ എല്ലാ പ്രണയപ്രതീക്ഷകളും നശിക്കുകയുമാണ്. വടക്കനിറാഖിലെ സുലൈമാനിയ്യയിലാണ് ഹമാ അലി താമസിക്കുന്നത്. അവള്, ഇറാനിലെ ഉര്‍മുയ്യ വരെ സാഹസപ്പെട്ട് എത്തുന്നുണ്ടെങ്കിലും അവിടെ വെച്ച് അവളുടെ വഴി മുട്ടുന്നു. മറ്റുള്ളവരില്‍ ഒരാളുടെയെങ്കിലും കഥ ദിവസേന കേട്ടുകൊണ്ടിരുന്നാല്‍ സംസ്ക്കാരത്തെക്കുറിച്ചും സാംസ്ക്കാരിക സവിശേഷതകളെക്കുറിച്ചുമുള്ള നമ്മുടെ അവബോധത്തില്‍ ഗുണകരമായ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് താന്‍ കരുതുന്നതെന്നാണ് സംവിധായകന് പറയുന്നത്.
മറിയാനാ റോണ്ടൻ സംവിധാനം ചെയ്ത ലെനിന്‍ഗ്രാഡില്‍ നിന്നുള്ള പോസ്റ്റുകാര്‍ഡുകള്‍ (പോസ്റ്റ് കാർഡ്സ് ഫ്രം ലെനിന്‍ഗ്രാഡ് /വെനിസ്വേല, സ്പാനിഷ്) അറുപതുകളില്‍ വെനിസ്വേലയില്‍ നടന്ന ഇടതുപക്ഷ ഗറില്ലാ സമരങ്ങളുടെ സ്മരണകള്‍ ആവിഷ്ക്കരിക്കുന്ന സവിശേഷമായ ഒരു ആഖ്യാനമാണ്. ഗറില്ലാ പോരാളികളായ കാമുകീകാമുകന്മാര് പട്ടാളത്തിന്റെ വെടിയേല്‍ക്കുമെന്നും പിടിക്കപ്പെടുമെന്നും ഉറപ്പാകുന്നതിനു തൊട്ടുമുമ്പ് ഇണ ചേരുകയും അതു പ്രകാരം പിന്നീട് ഒളിവിലിരിക്കെ തന്നെ ആശുപത്രിയില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കുകയുമാണ് അമ്മ. അങ്ങിനെ ജനിച്ച ലാ നിന അമ്മയോടൊപ്പവും പിന്നീട് അവരെ പിരിഞ്ഞ് അമ്മൂമ്മയോടൊപ്പവുമായി ജീവിക്കുകയാണ്. അവരുടെ കളികളിലും ജീവിതത്തിലും ഗറില്ലാ സമരത്തിന്റെ ഘടകങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. എന്നാല്‍ അമ്മയെയും അഛനെയും ഇനി കാണാനാകുമോ എന്നവര്‍ക്ക് ഉറപ്പുമില്ല. ലെനിന് ഗ്രാഡില്‍ നിന്ന് ലഭിക്കുന്ന പോസ്റ്റുകാര്‍ഡുകളിലൂടെ അവരുടെ സാന്നിദ്ധ്യം അനുഭവിക്കുക മാത്രമാണവര്‍.
മത്സരവിഭാഗത്തിലെ മറ്റു ശ്രദ്ധേയ ചിത്രങ്ങള്‍, റെഫ്യൂജി (തുര്‍ക്കി - ടര്‍ക്കിഷ്, ജര്‍മന്‍, കുര്‍ദിഷ്, സംവിധാനം റെയ്സ് സെലിക്ക് ), ഡ്രീംസ് ഓഫ് ഡസ്റ്റ് (ബര്‍ക്കിനോ ഫാസോ, ഫ്രാന്‍സ്, കാനഡ / ഫ്രഞ്ച്, സംവിധാനം ലോറന്റ് സാല്‍ഗസ്), ദ ഫോട്ടോഗ്രാഫ് (ഇന്തോനേഷ്യ, സംവിധാനം നാന് ടി അച്നാസ്), എന്നിവയായിരുന്നു.
മലയാളത്തില്‍ നിന്ന് രണ്ടു സിനിമകളാണ് മത്സരവിഭാഗത്തിലുണ്ടായിരുന്നത്. എം ജി ശശി സംവിധാനം ചെയ്ത അടയാളങ്ങളും കെ പി കുമാരന് സംവിധാനം ചെയ്ത ആകാശ ഗോപുരവും. നൂറ്റാണ്ടുകളെ അതിജീവിക്കുന്നതും രാഷ്ട്രങ്ങളുടെ അതിര്‍ത്തികളെ ഭേദിക്കുന്നതും മനുഷ്യ സമുദായത്തെയാകെ ബാധിക്കുന്നതുമായ ഒരു പ്രമേയത്തെ സ്വീകരിക്കാന്‍ മലയാള ഭാഷയെയും സിനിമയെയും പാകപ്പെടുത്തിയെടുക്കാനും വളര്‍ത്തിയെടുക്കാനും സാധിച്ചു എന്നതാണ് ഏറ്റവും പ്രാഥമികമായ അര്‍ത്ഥത്തില്‍ ആകാശഗോപുരത്തിന്റെ വിജയം.
ലോകസിനിമയിലും ശ്രദ്ധേയമായ അനവധി സിനിമകളുണ്ടായിരുന്നു. റോജെലിയോ പാരീസ് സംവിധാനം ചെയ്ത കംഗാംബ ക്യൂബന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും (ICAIC)ക്യൂബന്‍ സര്‍ക്കാരിന്റെ വിപ്ലവ - പ്രതിരോധ വകുപ്പും (MINFAR) ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. താന്‍ കണ്ടതില്‍ വെച്ചേറ്റവും ഗൌരവമുള്ളതും നാടകീയസ്വഭാവമാര്‍ന്നതുമായ ഗംഭീര സിനിമ എന്നാണ് കംഗാംബയെ ഫിദല്‍ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ലേഖനം ഇപ്രകാരം തുടരുന്നു. തീൿഷ്ണവും മൂല്യവത്തായതുമായ ചരിത്രസ്മരണകള്‍ എന്റെ നിഗമനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാവും; ഞാന്‍ സിനിമ കണ്ത് ടെലിവിഷന്റെ കൊച്ചു സ്ക്രീനിലാണു താനും. എങ്കിലും ചരിത്രത്തെ വിപ്ലവത്തിന്റെ ആവേശം നിലനിര്‍ത്തിക്കൊണ്ട് പുന:പ്രകാശിപ്പിക്കുന്നതില്‍ ചിത്രം വലിയ തോതില്‍ വിജയിച്ചിട്ടുണ്ട്. ലക്ഷക്കണക്കിനുള്ള ക്യൂബന്‍ ജനതക്ക് ചിത്രം സിനിമാതിയറ്ററുകളുടെ വലിയ സ്ക്രീനുകളില്‍ കാണാന്‍ കഴിയുന്നുവെന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ക്യൂബന്‍ അഭിനേതാക്കളുടെ പ്രകടനം അത്യന്തം തന്മയത്വത്തോടുകൂടിയതാണെന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഫിദല്‍ കാസ്ട്രോ എഴുതുന്നു.
ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയന്‍ ഭരണകൂടത്തിനെതിരെ അംഗോളന്‍ ജനത ക്യൂബയുടെയും സോവിയറ്റ് യൂണിയന്റെയും സഹായത്തോടെ നടത്തിയ ചെറുത്തു നില്പും വിമോചനപ്പോരാട്ടവും സ്വാതന്ത്ര്യ സമരവുമാണ് കംഗാംബയിലെ പ്രതിപാദ്യവിഷയം. അത്യന്തം ഹീനവും മനുഷ്യത്വവിരുദ്ധവും വംശീയവിദ്വേഷം നിറഞ്ഞതുമായിരുന്നു ഭരണകൂടത്തിന്റെയും അതിന്റെ പിണിയാളുകളുടെയും മനോഭാവവും പ്രവൃത്തികളും. ആഫ്രിക്കന്‍ സംസ്ക്കാരത്തെയും പെരുമാറ്റ മര്യാദകളെയും ഭാഷകളെയും വേഷങ്ങളെയും, വെള്ളഭരണകൂടങ്ങള്‍ രൂപീകരിച്ച സാമാന്യബോധത്തിലൂടെ കഴിഞ്ഞ നൂറ്റാണ്ടുകളത്രയും വിലകെടുത്തുകയും താഴ്ത്തിക്കെട്ടുകയുമായിരുന്നു എന്ന് പുതിയ കാലത്തെ ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. കുറെയധികം വീടുകള്‍ റോക്കറ്റാക്രമണത്തിലൂടെ തീ കത്തിച്ച് നശിപ്പിച്ചതിനു ശേഷം ആഫ്രിക്കക്കാരായ കറുത്ത വംശജരെക്കൊണ്ടു തന്നെ അംഗോളക്കാര്‍ക്കെതിരെ പട നയിക്കുന്നതിന് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനഞ്ഞതും അതില്‍ ഒരു പരിധി വരെ വിജയിച്ചതും കംഗാംബയില്‍ വിശദമായി ചിത്രീകരിക്കുന്നുണ്ട്. ഇരകളെ തന്നെ വേട്ടക്കാരാക്കി പരിശീലിപ്പിച്ച് തമ്മില്‍ തല്ലിക്കുകയും കൊല്ലിക്കുകയും ചെയ്യുന്ന പ്രവണത, ബ്രിട്ടീഷുകാരും അവര്‍ക്കു ശേഷം സംഘപരിവാറും പ്രയോഗിക്കുന്നതിന്റെ ദുരന്തങ്ങള്‍ക്ക് ഇന്ത്യയും സാക്ഷിയാണല്ലോ.
സോവിയറ്റനന്തര ലോകത്ത് അനാഥമാക്കപ്പെട്ട സ്വാതന്ത്ര്യസമരങ്ങളുടെയും വിമോചനപ്പോരാട്ടങ്ങളുടെയും കൂടി പശ്ചാത്തലത്തിലാണ് കംഗാംബയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. നിലനിന്നുപോന്ന സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ ആശയം, ആയുധം, സൈനികവിന്യാസം, എന്നീ സഹായങ്ങളിലൂടെ ലോകത്തെമ്പാടുമുള്ള ജനാധിപത്യ-സ്വാതന്ത്ര്യപ്പോരാട്ടങ്ങള്‍ക്ക് സഹായമായി വര്‍ത്തിച്ചിരുന്നു. സോവിയറ്റനന്തരലോകത്ത്, അമേരിക്കന്‍ സാമ്രാജ്യത്വം രൂപീകരിച്ചുകൊണ്ടിരിക്കുന്ന സാമാന്യബോധത്തിനടിപ്പെട്ടാണ് ഇന്ത്യയടക്കമുള്ള മിക്കവാറും രാജ്യങ്ങള്‍ രാഷ്ട്രീയ-സാംസ്ക്കാരിക-സാമ്പത്തിക- സാങ്കേതിക വീക്ഷണങ്ങള്‍ രൂപപ്പെടുത്തുന്നത്. അതനുസരിച്ച് എല്ലാ സ്വാതന്ത്ര്യസമരങ്ങളും ഭീകരവാദവും അവ ജനാധിപത്യത്തെയും പരിഷ്ക്കാരങ്ങളെയും തകര്‍ക്കുന്ന പ്രാകൃതത്വങ്ങളുമാണ്. വംശീയതയിലും വര്‍ഗവിവേചനത്തിലും അധിഷ്ഠിതമായ സാമ്രാജ്യത്വ ചൂഷണങ്ങളെ അധസ്ഥിത ജനതകള്‍ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്ന ദൃഢനിശ്ചയത്തിന്റെ സ്വരം ഉച്ചത്തിലുയര്‍ത്തുന്നു എന്നതാണ് കംഗാംബയുടെ സവിശേഷത.
ആറ്റില ഗിഗോര്‍ സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേറ്റര്‍ (ഹംഗേറിയന്‍) മുഖ്യധാരാ കുറ്റാന്വേഷണ ചിത്രങ്ങളുടെ ശൈലിയിലാണ് അവതരിപ്പിക്കപ്പെടുന്നതെങ്കിലും, കുറ്റം, അന്വേഷണം, ബന്ധങ്ങള്‍, രതി, അഗമ്യഗമനം, പിതൃത്വം, സ്വത്ത്, രോഗം, ചികിത്സ എന്നിങ്ങനെ നിരവധി പ്രശ്നങ്ങളെ ആഴത്തില്‍ പ്രശ്നവത്ക്കരിക്കുന്നു. ഇംഗ്മെര്‍ ബർഗ്മാന്റെ സാറാബന്ദ് (സ്വീഡന്) കിംകി ഡുക്കിന്റെ ബ്രെത്ത് (തെക്കന്‍ കൊറിയ), നൂറി ബില്‍ജെ സീലാന്റെ ത്രീ മങ്കീസ് (തുര്‍ക്കി) ദാസ് വെര്‍ഗസ്സനെ ലീഷ്തിന്റെ ഉല്‍ഷാന്‍ (ഖസാൿസ്ഥാന്) എന്നീ ചിത്രങ്ങളും ലോകസിനിമാവിഭാഗത്തിലുണ്ടായിരുന്നു.
റെട്രോസ്പെൿടീവ് വിഭാഗത്തില്‍ ശ്രദ്ധേയമായത് ഫ്രഞ്ച് നവതരംഗ സംവിധായകനായ അലന് റെനെയുടെ പാക്കേജ് തന്നെയായിരുന്നു. ഭൂതം, വര്‍ത്തമാനം, ഭാവി, - മുഴുവന്‍ കാലത്തിന്റെയും പീഡാവസ്ഥകളെയാണ് 'ഹിരോഷിമാ മോണ്‍ അമര്‍' അഭിമുഖീകരിക്കുന്നത്. അലന് റെനെയുടെ ഈ ആദ്യ ഫീച്ചര്‍ 1959ലാണ് റിലീസ് ചെയ്തത്. മാര്‍ഗരറ്റ് ഡുറാസ് ആയിരുന്നു രചന നിര്‍വഹിച്ചത്. യുദ്ധാനന്തര ഹിരോഷിമയില്‍ സമാധാനത്തെക്കുറിച്ച് ചിത്രീകരിക്കുന്ന ഒരു സിനിമയില്‍ അഭിനയിക്കാനെത്തിയ ഫ്രഞ്ച് നടിയും (ഇമ്മാനുവെല്‍ റിമ) ജപ്പാന്‍കാരനായ ഒരു ആര്‍ക്കിടെൿറ്റും (ഈജി ഒക്കാഡ) തമ്മില്‍ ഉണ്ടാകുന്ന അപൂര്‍വ പ്രണയബന്ധത്തിന്റെ കഥയാണ് 'ഹിരോഷിമാ എന്റെ സ്നേഹം'.
സിനിമക്കു മാത്രം സാധ്യമാകുന്ന വിചിത്രവും സങ്കീര്‍ണവുമായ ഒരു ആഖ്യാനഘടനയാണ് ഈ സിനിമക്കുള്ളത്. ചിത്രത്തിന്റെ ആരംഭത്തില്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്ന കമിതാക്കളുടെ അതിസമീപദൃശ്യങ്ങളാണുള്ളത്. കമിതാക്കളുടെ തൊലിപ്പുറമെ വിയര്‍പ്പുതുള്ളികള്‍ക്കു പകരം മണല്‍ത്തരികളും ലോഹമണല്‍ത്തരികളുമാണുള്ളത്. അണുബോംബ് വര്‍ഷിച്ചതിനെതുടര്‍ന്ന് ഇരകളാക്കപ്പെട്ട മനുഷ്യജീവികളുടെ പൊള്ളിയ തൊലികളിലും സമാനമായ ദൃശ്യങ്ങളാണുണ്ടായിരുന്നത്. രണ്ടുലക്ഷം പേര് മരിച്ചുവീഴുകയും എണ്‍പതിനായിരം പേര് മുറിവേറ്റ് നിത്യരോഗികളായിത്തീരുകയും ചെയ്ത ഒമ്പതുമിനുറ്റു നേരത്തെ അണു ബോംബു വര്‍ഷത്തിലൂടെ അമേരിക്ക എന്താണ് സ്ഥാപിച്ചെടുത്തത്? 'ഇത് വെറും ഔദ്യോഗികകണക്കുകള്‍. എല്ലാം വീണ്ടും ആരംഭിച്ചേക്കാം. പതിനായിരം ഡിഗ്രിയായി ഭൂമിയിലെ താപനില ഉയരും. പതിനായിരം സൂര്യന്മാര് ഒന്നിച്ചുദിച്ചുയര്‍ന്നതുപോലെ. മണ്ണിന്റെ ഉപരിതലം കത്തിത്തീരും. എല്ലാം അലങ്കോലപ്പെടും. പടുത്തുയര്‍ത്തപ്പെട്ട ഒരു മുഴുവന്‍ നഗരം വെറും ചാരമായിത്തീരും'(ചിത്രത്തിലെ ഒരു സംഭാഷണശകലം).
ഹിരോഷിമ എന്തിന്റെ പ്രതീകമാണ് ? ശാസ്ത്രവിസ്ഫോടനത്തിന്റെ? യുദ്ധവിജയങ്ങളുടെ? മനുഷ്യരാശിയുടെ തകര്‍ച്ചയുടെയോ അതോ അതിജീവനത്തിന്റെയോ? ദുരന്തം വിനോദസഞ്ചാരമായിത്തീരുന്ന പില്ക്കാല പരിണതിയുടെ പശ്ചാത്തലത്തിലാണ് സിനിമയിലെ പ്രണയവും ഓര്‍മകളും മറവികളും പുന:സമാഗമങ്ങളും വിടപറയലുകളും നടക്കുന്നത്. സിനിമയിലെ ആദ്യ ഇരുപത് മിനുറ്റുകള്‍ ന്യൂസ്റീലുകളും കല്‍പിതഭാവനയും ഇടകലര്‍ന്ന രീതിയിലാണുള്ളത്. ബോംബ് വര്‍ഷത്തെതുടര്‍ന്ന് ഹിരോഷിമാ നഗരത്തിലുണ്ടായ ഭീതിജനകവും സംഭ്രമകരവുമായ രംഗങ്ങളുടെ ദൃശ്യങ്ങള്‍ സാമൂഹികമായ ഓര്‍മകള്‍ എന്ന രീതിയിലാണ്, കമിതാക്കളുടെ പരസ്പരസംഭാഷണത്തിനു പശ്ചാത്തലമായി ചേര്‍ത്തുവെക്കുന്നത്. ശബ്ദപഥവും ദൃശ്യതലവും തമ്മിലുള്ള അത്യപൂര്‍വമായ ഈ പാരസ്പര്യം സങ്കീര്‍ണവും ദുരൂഹവുമായി അനുഭവപ്പെടാനുമിടയുണ്ട്.
അലന് റെനെയുടെ പില്ക്കാല ക്ലാസിക്കായ 'ലാസ്റ്റ് ഇയര്‍ അറ്റ് മരിയന്‍ബാദി'ലും സംഭാഷണം, ഫ്ലാഷ്ബാക്കുകള്‍ എന്നിവ സവിശേഷമായി ഇടകലര്‍ത്തിയിരിക്കുന്നതു കാണാം. ഏതു കാലത്തിലാണ് നാം ജീവിക്കുന്നത്, പ്രണയിക്കുന്നത്, അഭിനയിക്കുന്നത്, കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തുന്നത്, ഏതു മുന്കാലമാണ് ഈ കാലത്തിലേക്ക് എത്തിച്ചുതന്നത് എന്ന ദാര്‍ശനികമായ ചോദ്യമാണ് അലന് റെനെ ഉയര്‍ത്തുന്നത്. നാസി കോണ്സെന്ട്രേഷന് ക്യാമ്പുകളെക്കുറിച്ചുള്ള 'നിശയും മൂടല്‍മഞ്ഞും' (നൈറ്റ് ആന്റ് ഫോഗ്) എന്ന ഡോക്കുമെന്ററിയില്‍ തന്നെ രാഷ്ട്രീയവും മാനവികതയും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ബന്ധത്തെക്കുറിച്ചുള്ള സംശയങ്ങള്‍ റെനെ ഉയര്‍ത്തുന്നുണ്ട്.
ശബ്ദസിനിമയിലെ ആദ്യത്തെ ആധുനികസൃഷ്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ഹിരോഷിമാ മോണ്‍ അമര്‍' സങ്കല്പനത്തിലും നിര്‍വഹണത്തിലും ഒരേ പോലെ നൂതനത്വം പുലര്‍ത്തി. ചിത്രീകരണ ഘടന, എഡിറ്റിംഗിന്റെ താളം, സംഭാഷണങ്ങളിലെ കാവ്യാത്മകതയും രാഷ്ട്രീയവും ദാര്‍ശനികവുമായ അന്തരാര്‍ത്ഥങ്ങളും, അഭിനയത്തിന്റെയും അവതരണത്തിന്റെയും ശൈലി, നിര്‍മാണകാലഘട്ടത്തോട് നൈതികമായ സത്യസന്ധത കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ കാലാതീതമായി വികസിക്കാനുള്ള സര്‍ഗാത്മകപ്രേരണ, സംഗീതത്തിന്റെ സാന്ദ്രമായ പശ്ചാത്തലം എന്നിങ്ങനെ ഈ സിനിമ വിസ്മയകരമായ സൃഷ്ടിപ്രക്രിയയുടെയും ആസ്വാദനത്തിന്റെയും ഏകോപനമായി തിരിച്ചറിയപ്പെട്ടു.
1955ല്‍ പൂര്‍ത്തിയാക്കിയ 'നൈറ്റ് ആന്റ് ഫോഗ്' എന്ന 32 മിനുറ്റ് മാത്രം ദൈര്‍ഘ്യമുള്ള അസാധാരണമായ സിനിമയെ മുഴുവന്‍ കാലത്തെയും മഹത്തായ സിനിമ എന്നാണ് ഫ്രാങ്കോ ത്രൂഫോ വിശേഷിപ്പിച്ചത്. വര്‍ണത്തിലും ബ്ലാക്ക് & വൈറ്റിലുമായുള്ള ഈ സിനിമ ഒരു കഥേതരചിത്രമാണെങ്കിലും ന്യൂസ് റീല്‍ സ്റ്റോക്കിനെ സവിശേഷമായി മാറ്റി ഉപയോഗിച്ചതിലൂടെ അത് ഒരു പ്രതി-ഡോക്കുമെന്ററി ആയി പരിണമിച്ചു. സിനിമയെടുത്ത കാലത്ത് ആളൊഴിഞ്ഞ ക്യാമ്പു കെട്ടിടങ്ങളും മതില്ക്കകങ്ങളും നിസ്സംഗമായി അവതരിപ്പിച്ചുകൊണ്ടാണ് സിനിമയുടെ വര്‍ത്തമാനപ്രകൃതി പ്രവര്‍ത്തിക്കുന്നത്. ചരിത്രമറിയാതെ കാണുകയാണെങ്കില്‍ ഇതൊക്കെ ഒരു പിൿചര് പോസ്റ്റ്കാര്‍ഡിനു യോജിച്ച ദൃശ്യങ്ങളായും കരുതാമെന്നാണ് ആഖ്യാനം. ഈ തടവറകളില്‍ എന്താണ് നടന്നത് എന്ന് ഇനി വിശദീകരിച്ചതുകൊണ്ട് പ്രത്യേക പ്രയോജനമൊന്നുമില്ല, വാക്കുകള്‍ അപര്യാപ്തമാണ്, ഒരു വിവരണത്തിനും ഒരു ചിത്രത്തിനും ആ പീഡനത്തിന്റെ യഥാര്‍ത്ഥ ആഘാതം വെളിപ്പെടുത്താനാകില്ല. അല്ലെങ്കില്‍ തന്നെ ഓര്‍മിക്കല്‍ എന്ന പ്രക്രിയ കൊണ്ട് എന്ത് കാര്യമാണുള്ളത് എന്നിങ്ങനെ വിരുദ്ധാര്‍ത്ഥവും നിരാസവും ധ്വനിക്കുന്ന ആഖ്യാനങ്ങള്‍ കൊണ്ട് കാണിയുടെ വികാരത്തെ ഏറ്റവും താഴ്ത്തിയിട്ടുകൊണ്ടാണ് അസഹനീയമായ പീഡനത്തിന്റെ ദൃശ്യങ്ങള്‍ അനാവരണം ചെയ്യുന്നത്. അങ്ങിനെ ഓര്‍മിക്കുക എന്നതിന്റെ ആവശ്യകതയും ഓര്‍മിക്കുന്നതിന്റെ അസാധ്യതയും ഒരേ സമയത്ത് അനുഭവിപ്പിക്കുകയാണ് റെനെ.
അമേരിക്ക കരിമ്പട്ടികയില്‍ പെടുത്തുകയും ഇറ്റലി പുറത്താക്കുകയും ഫ്രാന്‍സ് ആശ്ലേഷിക്കുകയും ഗ്രീസ് ദേശീയ നായകനായി ആഘോഷിക്കുകയും ചെയ്ത വിശുദ്ധനായ പ്രതിഭാശാലിയാണ്, തിരക്കഥാകൃത്തും സംവിധായകനുമായ ജൂള്‍സ് ഡാസിന്‍. ഹോളിവുഡിലെ കമ്യൂണിസ്റ്റുകാരെയും അനുഭാവികളെയും അനുഭാവികളും പ്രവര്‍ത്തകരും അംഗങ്ങളുമെന്ന് ആരോപിക്കപ്പെട്ടവരെയും കൂട്ടത്തോടെ നാടുകടത്തിയ കുപ്രസിദ്ധമായ മക്കാര്‍ത്തിയന്‍ കാലഘട്ടത്തിലാണ് മുമ്പ് പാര്‍ടിയിലംഗത്വമെടുത്തിരുന്ന ഡാസിനും പുറത്താക്കപ്പെട്ടത്. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഭ്രാന്തന് കാലങ്ങളിലൊന്നായി പിന്നീട് വ്യാഖ്യാനിക്കപ്പെട്ട അക്കാലത്ത് ചാപ്ലിനടക്കമുള്ള നിരവധി പ്രതിഭാശാലികളെയാണ് മുന്നും പിന്നും നോക്കാതെ നാടുകടത്തിയത്. ഹോളിവുഡ് ബ്ലാക്ൿലിസ്റ്റ് എന്നറിയപ്പെട്ട അന്നത്തെ പുറത്താക്കേണ്ടവരുടെ പട്ടികയില്‍ തിരക്കഥാകൃത്തുക്കള്‍, അഭിനേതാക്കള്‍, സംവിധായകര്‍, സംഗീതജ്ഞര്‍, വിനോദവ്യവസായ രംഗത്തുള്ള മറ്റു പ്രൊഫഷനലുകള്‍ എന്നിവരൊക്കെയുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധമുള്ളവരും അല്ലാത്തവരുമായ നിരവധി പേര് ഈ പട്ടികയിലുള്‍പ്പെടുത്തപ്പെട്ടു. അധികാരിവര്‍ഗത്തിന്റെ പക്ഷം പിടിച്ചവരുടെ ഒരു 'വംശഹത്യാവിനോദം' തന്നെയായിരുന്നു അത്. അമേരിക്ക ഉയര്‍ത്തിപ്പിടിച്ചതായി നടിച്ചിരുന്ന ലിബറല്‍ ജനാധിപത്യം എത്ര വ്യര്‍ത്ഥവും വ്യാജവുമായിരുന്നു എന്നു പരസ്യമായി തെളിയിക്കപ്പെട്ട അവസരവുമായിരുന്നു ആ വേട്ടക്കാലം.
'മഹത്തായ' സാമ്പത്തിക തകര്‍ച്ച (ഗ്രേറ്റ് ഡിപ്രഷന്)യുടെയും പിന്നീട് രണ്ടാം ലോക മഹായുദ്ധത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ ക്രൂരവിനോദം അരങ്ങേറിയത്. അമേരിക്ക ഭയത്തിന്റെ കൂടി അടിത്തറയിലാണ് കെട്ടിപ്പടുക്കപ്പെട്ടത് എന്നു തെളിയിക്കുന്നതു കൂടിയായിരുന്നു ഈ വേട്ട. 1957ല്‍ സംവിധാനം ചെയ്ത ഹി ഹു മസ്റ്റ് ഡൈയില്‍ ക്രെറ്റെ ദ്വീപിലെ നഗരവാസികള്‍ വര്‍ഷാന്ത്യ നാടകം കളിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് ഇതിവൃത്തമായി വരുന്നത്. അധിനിവേശിതരായ ഗ്രീക്കുകാരാണ് ദ്വീപു നിവാസികള്‍. തുര്‍ക്കിയുടെ ആധിപത്യമായിരുന്നു അവരനുഭവിച്ചിരുന്നത്. പൌരോഹിത്യവും നാടകവും അധിനിവേശത്തിന്റെ സ്മരണകളും വീണ്ടുമാവര്‍ത്തിക്കുന്ന അധിനിവേശം എന്ന ദുസ്വപ്നവും കൂടിക്കുഴയുന്ന ഹി ഹു മസ്റ്റ് ഡൈയുടെ കഥാഗാത്രം വിസ്മയാവഹമാണ്. നിക്കോസ് കസാന്‍ദാക്കീസിന്റെ ക്രൈസ്റ്റ് റീക്രൂസിഫൈഡിനെ ആസ്പദമാക്കിയാണ് ഈ സിനിമ ഡാസിന്‍ വിഭാവനം ചെയ്തത്.
മലയാള സിനിമ ഇന്ന്, ഇന്ത്യന്‍ സിനിമ ഇന്ന്, ഇന്ത്യന്‍ മാസ്റ്റേഴ്സിന്റെ പുതിയ സിനിമകള്‍, ഡോക്കുമെന്ററികള്‍, ഹ്രസ്വചിത്രങ്ങള്‍, അമോസ് ഗിതായ്, ഫെര്‍ണാണ്ടോ ബിറി, കാരെന് ഷൿനാസറോവ്, ഇദ്രിസ്സ ഓഡ്രാഗോ, സമീറ മഖ്മല്‍ബഫ്, ഫതീ അകിന്, ഭരതന് എന്നിവരുടെ റെട്രോകള്‍, റഷ്യന്‍ കണ്ട്രി ഫോക്കസ്, അമ്പതു കൊല്ലത്തിനു മുമ്പ്, ഫുട്ബാള്‍ സിനിമകള്‍, സംഗീതവും സിനിമയും, യൂസഫ് ചാഹിന്, പി എന്‍ മേനോന്, കെ ടി മുഹമ്മദ്, ഭരത് ഗോപി, രഘുവരന് എന്നിവര്‍ക്കുള്ള ആദര പാക്കേജുകളുമുണ്ടായിരുന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട്: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഔദ്യോഗിക വെബ് സൈറ്റ്
4 comments:
വയിച്ചു...അഭിനന്ദനം....സൌദി സിനിമയെ കുറിച്ചു മാതൃഭൂമിയിൽ വായിച്ചപ്പോൾ ..വല്ലാത്ത ഒരു അവസ്ഥ.....ഇവിടെയൊക്കെ എത്ര സുഖം..
പിന്നെ മൊബൈലിൽ എടുക്കുന്ന ചെറു സിനിമകളെ കുറിച്ച് എഴുതുമല്ലോ....ഫൂട്ടേജ് ബാങ്ക് എന്നൊക്കെ പറഞ്ഞിരുന്നില്ലെ...
ഈ വിവരങ്ങള്‍ക്ക് നന്ദി..... ഒരുപാട് നന്ദി.....
ക്രിയാത്മകവും സമഗ്രവുമായ വിവരങ്ങൾ ചേത്ത് എഴുതിയിരിക്കുന്നു...തീർച്ചയായും താങ്കൾ ഇതിനു നല്ല ഒരു എഫേർട് എടുത്തിരിക്കണം അഭിനന്ദങ്ങൾ...
priyappetta ramachandran sir,
enne manassilaayo?
njaan chintha publishersil work cheyyunna ajeesh aanu...
puhuvalsaraashamsakal..
Post a Comment