സ്ലം ഡോഗ് മില്യണയറിന്റെ ഗംഭീരമായ ഓസ്‌ക്കാര്‍ വിജയം കേരളത്തിലും ഇന്ത്യയിലൊട്ടാകെയും വലിയ ആവേശത്തള്ളിച്ച തന്നെ ഉണ്ടാക്കി. അവാര്‍ഡുകളുടെ ആവേശത്തിന് കേവലം ഒരു ദിവസത്തെ ആയുസ്സേ ഉള്ളൂ എന്ന യാഥാര്‍ത്ഥ്യം മാറ്റി വെച്ചാലും ഇന്ത്യയുടെ വിശേഷിച്ച് തെക്കേ ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ന്നു എന്ന കാര്യം ആവര്‍ത്തിക്കുന്നതില്‍ തര്‍ക്കമുണ്ടാവേണ്ട കാര്യമില്ല. കൊല്ലം ജില്ലയിലെ ഒരു മലയോരഗ്രാമത്തിലുള്ള അരപ്പട്ടിണിക്കാരനും സാധാരണക്കാരനുമായ കമ്യൂണിസ്‌റ്റ് പാര്‍ടി പ്രവര്‍ത്തകന്റെ എട്ടാമത്തെ മകനായി പിറന്ന് സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ പഠിച്ച് വളര്‍ന്ന റസൂല്‍ പൂക്കുട്ടി ലോകത്തിന്റെ നെറുകയിലെത്തിയത്, സിനിമയോടുള്ള ആസക്തി കൊണ്ടും നിര്‍വഹിക്കുന്ന ജോലിയോടുള്ള അര്‍പ്പണ ബോധം കൊണ്ടും താനുദ്ദേശിച്ചത് നേടിയെടുക്കാനുള്ള ശ്രമകരമായ നിശ്ചയദാര്‍ഢ്യം കൊണ്ടുമാണ്. ഇത് ഏതു വിജയത്തെ സംബന്ധിച്ചും പറയാവുന്ന സംഗതികളാണെങ്കിലും റസൂലിന്റെ മേഖലയെ സൂക്ഷ്‌മമായി വിലയിരുത്തുമ്പോള്‍ അവ കേവലം ഭംഗിവാക്കുകളല്ലെന്ന് മനസ്സിലാവും.
ഔട്ട് ഡോര്‍ ഷൂട്ടിംഗ് വ്യാപകമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമയില്‍ ലൈവ് സൌണ്ട് റെക്കോഡിംഗ് തീരെ കുറവായി തീര്‍ന്നു. അതായത്, കുറഞ്ഞ സമയം കൊണ്ട് ചിത്രീകരിച്ചെടുക്കേണ്ടതിനാല്‍, ഷൂട്ടിംഗ് സമയത്ത് സംഭാഷണങ്ങളും പശ്ചാത്തല ശബ്‌ദങ്ങളും റെക്കോഡ് ചെയ്യുമെങ്കിലും അവ തീരെ ഉപയോഗപ്പെടുത്താതെ, രണ്ടാമത് നടീനടന്മാരെക്കൊണ്ടും പ്രൊഫഷണല്‍ ഡബ്ബിംഗ് ആര്‍ടിസ്‌റ്റുകളക്കൊണ്ടും ഡബ്ബിംഗ് നിര്‍വഹിക്കുകയും മറ്റ് ശബ്‌ദങ്ങള്‍ കൃത്രിമമായി ഉണ്ടാക്കി മിശ്രണം ചെയ്യുകയുമാണ് പതിവ്. പശ്ചാത്തലസംഗീതത്തിന്റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. കാണിയെ (കേള്‍വിക്കാരനെ) ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ വേണ്ട വിധം ഘോര കഠോര ശബ്‌ദങ്ങള്‍ കൂടിയ ആവേഗത്തില്‍ കുത്തി നിറക്കുകയാണ് പതിവ്. ഡോള്‍ബി /ഡി ടി എസ് സംവിധാനമുള്ളതുമല്ലാത്തതുമായ തിയറ്ററുകളിലാവട്ടെ, പ്രൊജക്ഷനിസ്‌റ്റ് ഈ ശബ്‌ദത്തെ കൂടുതല്‍ ഡെസിബലുകളിലേക്ക് ഉയര്‍ത്തുകയും കാണിയായെത്തുന്നവരുടെ കര്‍ണപടങ്ങളെ പരീക്ഷിക്കുകയുമാണ് പതിവ്.
ഫിലിം ഇന്‍സ്റിറ്റ്യൂട്ടുകളില്‍ നിന്നും പഠിച്ചിറങ്ങിയ അര്‍പ്പണ ബോധമുള്ള പുതിയ തലമുറയില്‍ പെട്ട ശബ്‌ദ മിശ്രണ സംവിധായകര്‍ ഈ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ വിസ്‌മയകരമാണ്. സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്‌ത ബ്ലാക്ക് എന്ന മുഖ്യധാരാ സിനിമയില്‍ നിശ്ശബ്‌ദതയും മര്‍മരം പോലുള്ള ചെറിയ ശബ്‌ദങ്ങളും കൃത്യമായി രേഖപ്പെടുത്തി ആസ്വാദനത്തിന്റെ മാനങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഈ മേഖലയുടെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചത് റസൂല്‍ പൂക്കുട്ടി തന്നെയാണ്. ഏറ്റവും അവസാനം പുറത്തു വന്ന ഗജിനിയുടെ ഹിന്ദി പതിപ്പിലും (സംവിധാനം മുരുകദാസ്) റസൂലിന്റെ കയ്യൊപ്പ് (അഥവാ കാതൊപ്പ്) പതിഞ്ഞിരുന്നു.
ഹോളിവുഡിലും മറ്റ് വിദേശ സിനിമകളിലും ശബ്‌ദത്തിന്റെ പ്രാധാന്യം നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സിനിമയുടെ തുടര്‍ന്നുള്ള കാലത്തെ മികവിന് ഈ സാങ്കേതികമേഖലയുടെ പ്രാധാന്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നുള്ള തിരിച്ചറിവ് റസൂലിന്റെ നേട്ടത്തിലൂടെ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഉണ്ടായിത്തീരുകയാണെങ്കില്‍ നല്ലതാണ്. റസൂലിനെ ആദ്യഘട്ടത്തില്‍ പ്രചോദിപ്പിച്ച ചിത്രങ്ങളായ എലിപ്പത്തായത്തിന്റെ(അടൂര്‍)യും കുമ്മാട്ടി(അരവിന്ദന്‍)യുടെയും നാട്ടിലാകട്ടെ സിനിമ അര്‍പ്പണബോധത്തോടെ ചെയ്യേണ്ടതാണെന്ന ബോധ്യം തന്നെ കുറഞ്ഞു വരികയാണ്. ഇനി ഉണ്ടാക്കിയാലാകട്ടെ കാണിക്കാനുള്ള നല്ല തിയറ്ററുകളുമില്ല. റസൂലിനോട് ഒരഭ്യര്‍ത്ഥന. മലയാള സിനിമയിലേക്കു വന്ന് താങ്കളുടെയും ഇന്ത്യന്‍ സിനിമയുടെയും ഭാവി നശിപ്പിക്കരുത്.
എ ആര്‍ റഹ്‌മാന്റെ സംഗീതയാത്രകള്‍ക്കു ലഭിക്കുന്ന അംഗീകാരമാകട്ടെ, ശുദ്ധ സംഗീതം ഉപാസിക്കുന്ന വരേണ്യാധികാര സങ്കല്‍പ്പത്തെ ഞെട്ടിക്കുന്നതാണ്. ഏത് ശബ്‌ദഖണ്ഡമാണ്, അല്ലെങ്കില്‍ അതിന്റെ ഏത് ആപ്ലിക്കേഷനാണ്, ഏത് സംഗീതശാഖയാണ്, അതാത് സവിശേഷ ഘട്ടങ്ങളില്‍ ആഹ്ലാദം ജനിപ്പിക്കുന്നത് അഥവാ സൌന്ദര്യാനുഭൂതി ജനിപ്പിക്കുന്നത് അഥവാ വൈകാരികത ഉയര്‍ത്തുന്നത് എന്നതാണ് റഹ്‌മാന്റെ പ്രതിഭ പരിഗണിക്കുന്ന അടിസ്ഥാന ഘടകം. അപ്പോള്‍, നിയമങ്ങള്‍ വഴിമാറുകയും അധികാരത്തിന്റെ ലാവണ്യ ശില്‍പങ്ങള്‍ ഉടഞ്ഞു വീഴുകയും സ്വാതന്ത്ര്യത്തിന്റെ നവീനവും ചേതോഹരവുമായ വിഹായസ്സുകള്‍ വിടര്‍ന്നു വരുകയും ചെയ്യുന്നു. ഇന്ത്യയിലെ മുഴുവന്‍ സാധാരണക്കാര്‍ക്കും കഴിഞ്ഞ രണ്ടു ദശകങ്ങളില്‍ അവരുടെ നിത്യ ദുരിതങ്ങള്‍ക്കിടയില്‍ അനല്‍പമായ ആഹ്ലാദാനുഭൂതി പകര്‍ന്നു നല്‍കാനും അവരെ ജീവിതത്തിലുറപ്പിച്ചു നിര്‍ത്താനും റഹ്‌മാന്റെ സംഗീതത്തിന് സാധ്യമായിട്ടുണ്ട്. ഇത് ലോകത്തിലേക്ക് മുഴുവന്‍ പടര്‍ത്താന്‍ അദ്ദേഹത്തിന് ഈ അംഗീകാരത്തിലൂടെ സാധിക്കുന്നു.
കറുത്ത തൊലിനിറമുള്ളവനായി പിറന്ന് പിന്നീട് ശസ്‌ത്രക്രിയയിലൂടെ (അതോ രോഗത്തിലൂടെയോ) വെളുത്തവനായി മാറിയിട്ടും മൈക്കിള്‍ ജാക്സനെതിരായ വംശീയ വെറി അവസാനിച്ചില്ല. രണ്ടു തവണ വിവാഹിതനാവുകയും മൂന്നു മക്കള്‍ക്ക് അഛനാവുകയും ചെയ്തിട്ടും അദ്ദേഹം ചെറിയ ആണ്‍കുട്ടികളെ പീഡിപ്പിക്കുന്നയാളായി മുദ്ര കുത്തപ്പെട്ടു. പിന്നീട് തെളിവുകളില്ലാതെ ഈ കേസ് തള്ളിപ്പോയി. പീഡിത വര്‍ഗത്തില്‍ നിന്നും വംശങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നവരെ വ്യക്തിഹത്യകളിലൂടെ നശിപ്പിക്കാന്‍ വരേണ്യ-സാമ്രാജ്യത്വാധികാരം എല്ലായ്‌പോഴും ശ്രമിച്ചുകൊണ്ടിരിക്കുമെന്നതിന്റെ ഉദാഹരണമാണ് മൈക്കിള്‍ ജാൿസന്റെ ജീവിതവും. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ബ്ളാക്ക് ഓര്‍ വൈറ്റ് (ഒക്ടോബര്‍ 1991ല്‍ റിലീസ് ചെയ്ത ഡേഞ്ചറസ് എന്ന ആല്‍ബത്തിലുള്ളത്) എന്ന വീഡിയോവില്‍ അതി ഗംഭീരമായി അനാവരണം ചെയ്യുന്നതുപോലെ വംശീയമായ ഒരുമക്കും ലോകസമാധാനത്തിനും വേണ്ടി നിലക്കൊള്ളുന്ന സംഗീതം എന്ന മഹത്തായ സൌന്ദര്യശാഖയുടെ ആഗോള പ്രതീകം മാത്രമല്ല മൈക്കിള്‍ ജാക്സണ്‍. ഈ ആല്‍ബത്തിലവതരിപ്പിക്കുന്നതുപോലുള്ള നിരവധി മനുഷ്യരൂപങ്ങള്‍ - പുരുഷന്‍, സ്‌ത്രീ, വെളുത്തവന്‍(ള്‍), കറുത്തവന്‍(ള്‍), കുറിയവന്‍(ള്‍), നീളം കൂടിയവന്‍(ള്‍), ആഫ്രിക്കന്‍, ഇന്ത്യന്‍, അമേരിക്കന്‍, യൂറോപ്യന്‍, കുരങ്ങുമുഖമുള്ളവന്‍(ള്‍), ചിമ്പാന്‍സി - ഒരാളില്‍ ഒന്നായി വിലയിച്ചതുപോലുള്ള ശരീരരൂപവും ജീവിതരേഖയുമാണ് മൈക്കിള്‍ ജാൿസന്റേത്. 1999ല്‍ ജര്‍മനിയിലെ മ്യൂണിച്ചില്‍ വെച്ച് മൈക്കിള്‍ ജാൿസനോടൊത്ത് സംഗീതമവതരിപ്പിച്ച ഏ ആര്‍ റഹ്‌മാനും അത്തരം രൂപ-സ്ഥല-വിശ്വാസ-ശബ്ദ-സംഗീത പരിണാമങ്ങളിലൂടെ ലോകത്തിന്റെ ഒത്തൊരുമയും സമാധാനവും കാംക്ഷിക്കുന്ന മഹാനായ സംഗീതജ്ഞനാണെന്ന് നാം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കാരണം, ശുദ്ധിയെക്കുറിച്ചും പരിശുദ്ധിയെക്കുറിച്ചും വ്യാകുലപ്പെടുന്നവരാണല്ലോ നമ്മുടെ പൊതു ബോധം നിര്‍ണയിച്ചെടുക്കുന്നത്.
സംഗീതജ്ഞനായ ആര്‍ കെ ശേഖറിന്റെ മകനായി പിറന്ന് പിതാവിന്റെ അകാലമരണത്തിലൂടെ ദരിദ്രനായി മാറിയ ദിലീപ് സംഗീതോപകരണങ്ങള്‍ വാടകക്ക് കൊടുത്തും കീബോര്‍ഡ് വായിച്ചും ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് സഹോദരിയുടെ രോഗബാധ ശമിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു സൂഫി വര്യനെ കണ്ടുമുട്ടുന്നത്. അദ്ദേഹത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ഇസ്ളാം മതത്തിലേക്ക് പരിവര്‍ത്തനപ്പെട്ട ദിലീപ് അള്ളാ രാഖ റഹ്‌മാന്‍ എന്ന് പേരുമാറ്റുകയും ചെയ്‌തു. പിന്നീട് തമിഴ്, ഹിന്ദി സിനിമാസംഗീത രംഗത്ത് അദ്ദേഹം നടത്തിയ ജൈത്രയാത്രകള്‍ ചരിത്രത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. നാടോടിയും കര്‍ണാട്ടിക്കും ഹിന്ദുസ്ഥാനിയും സൂഫിയും അറേബ്യനും റോക്ക് /ശാസ്‌ത്രീയ ഭേദമില്ലാതെ പാശ്ചാത്യവുമായ സംഗീതങ്ങളെ മുഴുവന്‍ റഹ്‌മാന്‍ തന്റെ മാന്ത്രികമായ സംഗീതദണ്ഡിലേക്ക് കോര്‍ത്തെടുത്തു. അതു മാത്രമോ, ഹീനമെന്നു കരുതി നമ്മുടെ വരേണ്യ സൌന്ദര്യാധികാരികള്‍ അധിക്ഷേപിക്കുന്ന നിരവധി പ്രാകൃതികവും അപ്രാകൃതികവുമായ ശബ്‌ദങ്ങള്‍ അദ്ദേഹത്തിന്റെ സൌന്ദര്യനിര്‍മാണ പ്രക്രിയയില്‍ സ്ഥാനം പിടിച്ചു. നായയുടെ കരച്ചിലും വണ്ടിയുടെ ഹോണും അങ്ങിനെയെന്തും. ഉത്തരാധുനികവും ആഗോളവത്കൃതവുമായ മുതലാളിത്ത സൌന്ദര്യ നിര്‍മിതിയുടെ മിശ്രണ രൂപങ്ങളും സ്ഥലജലവിഭ്രാന്തിയും ചേര്‍ന്ന ഒരു സാമ്പത്തിക-രാഷ്‌ട്രീയ-ലാവണ്യ കാലഘട്ടമാണ് റഹ്‌മാനെ പ്പോലുള്ള ഒരു പ്രതിഭയുടെ പശ്ചാത്തലം എന്ന കാര്യവും നാം വിസ്മരിക്കേണ്ടതില്ല. ആഗോള വിപണിക്ക് ഇന്ത്യനവസ്ഥയിലേക്കും തിരിച്ചുമുള്ള പാലം പണിയപ്പെടുന്ന കാലമാണ് റഹ്‌മാന്റെ വിജയത്തെ സാധ്യമാക്കിയത് എന്നും വ്യാഖ്യാനിക്കാവുന്നതാണ്.
അനില്‍ അംബാനിയും(റിലയന്‍സ്) സുനില്‍ മിത്തലും(എയര്‍ടെല്‍) രത്തന്‍ ടാറ്റയും, നരേന്ദ്രമോഡി എന്ന രക്തരൂഷിത സ്വേഛാധികാര ബിംബത്തെ വികസിത ഇന്ത്യയുടെ ചാമ്പ്യനായി ഉയര്‍ത്തിക്കാട്ടുമ്പോള്‍, മോഡിയുടെ പരീക്ഷണത്തിന്റെ ആവര്‍ത്തനങ്ങള്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ ഒറീസയിലും പാശ്ചാത്യവത്ക്കരണത്തിന്റെ പേരില്‍ കര്‍ണാടകയിലെ മംഗളൂരുവിലും അരങ്ങേറുമ്പോള്‍ രണ്ട് ഇന്ത്യന്‍ പ്രതിഭകള്‍ ലോകത്തിന്റെ നെറുകയിലേക്ക് കയറിയിരുന്നു എന്നതിന്റെ സൌന്ദര്യമാണ് ഇവിടെ ത്രസിച്ചു നില്‍ക്കുന്നത്. എയര്‍ടെല്‍ മൊബൈല്‍ ശൃംഖലയുടെ വിജയവ്യാപനത്തില്‍ ഏ ആര്‍ റഹ്‌മാന്റെ സംഗീതം നല്‍കിയ പിന്തുണയെങ്കിലും മിത്തലിന് ഓര്‍ക്കാമായിരുന്നു. (അതിനുള്ള പേയ്‌മെന്റ് ഞാന്‍ കൊടുത്തുകഴിഞ്ഞു, ഇനി ഞങ്ങള്‍ക്ക് മോഡി ശരണം എന്നായിരിക്കും മിത്തലിന്റെ മറുപടി). ലക്ഷക്കണക്കിന് അനുയായികളോടൊപ്പം പരസ്യമായി മതപരിവര്‍ത്തനം നടത്തിയ അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഭരണഘടന അനുസരിക്കുന്ന ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ യഥാര്‍ത്ഥ പ്രതീകമാണ് മാനസികാശ്വാസത്തിനു വേണ്ടി മതപരിവര്‍ത്തനം നടത്തിയ എ ആര്‍ റഹ്‌മാന്‍, എന്ന യാഥാര്‍ത്ഥ്യമാണ് ഈ വൈരുദ്ധ്യങ്ങള്‍ക്കിടയിലും ഉയര്‍ന്നു വരുന്നത്.
വന്ദേമാതരത്തിനു പുറകെ ജനഗണമന പുനരാവിഷ്‌ക്കരിച്ചപ്പോള്‍ കോടതിയിലദ്ദേഹത്തിനെതിരെ കേസുമായി രംഗത്തു വന്ന രാജ്യസ്‌നേഹപ്രകടനക്കാര്‍ തന്നെയാണല്ലോ മറ്റൊരിന്ത്യന്‍ അഭിമാനമായ എം എഫ് ഹുസൈനെതിരെയും ചാടിവീണത്. അഹിംസയുടെ തത്വശാസ്‌ത്രം കൊണ്ട് ഒരു രാഷ്‌ട്രനിര്‍മാണ സങ്കല്‍പം രൂപീകരിച്ച ഇന്ത്യയെ കൊലപാതകികള്‍ക്കും വംശഹത്യാവീരന്മാര്‍ക്കും പകരം സൌന്ദര്യവും സംഗീതവും ആവാഹിച്ചെടുക്കുന്ന പ്രതിഭകളിലൂടെ അടയാളപ്പെടുന്ന അപൂര്‍വഘട്ടങ്ങളെങ്കിലുമുണ്ടാകുന്നതാണ് രാജ്യരക്ഷയെ വീണ്ടും വീണ്ടും സാധ്യമാക്കുന്നത് എന്നതാണ് വാസ്തവം. തോക്കുകളും വടിവാളുകളും പോയിത്തുലയട്ടെ. സംഗീതം കൊണ്ട് ഇന്ത്യക്ക് പൂമൂടുക!
സ്വാതന്ത്ര്യം 'കൊടുത്തിട്ട്' അറുപതു വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യയിലെ 'പക്വതയെത്താത്ത' ഭരണകര്‍ത്താക്കള്‍ക്ക് ദാരിദ്ര്യം മുതല്‍ പരിസരശുചിത്വം വരെയുള്ള അടിസ്ഥാനപ്രശ്നങ്ങളൊന്നും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല എന്ന കൊളോണിയല്‍ മനസ്സിന്റെ ഊറ്റം കൊള്ളലാണ് 'സ്ലംഡോഗ് മില്യണയറി'നെപ്പോലുള്ള ഒരു സിനിമയുടെ പ്രചോദനം എന്ന വസ്‌തുത ഇതിനകം തന്നെ വിമര്‍ശകര്‍ ശക്തമായി ഉന്നയിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സിനിമ എന്ന തെറ്റായ ഒരു പ്രതിനിധാനം ഈ ചിത്രത്തിനു മേല്‍ ആദ്യമേ കെട്ടിവെക്കപ്പെട്ടിരിക്കുകയാണ്. പല ഘട്ടങ്ങളിലും രീതികളിലും ഇന്ത്യക്കാരുടെ സംഭാവനകള്‍ സ്വീകരിച്ചുകൊണ്ട് ഇന്ത്യന്‍ ഇതിവൃത്തത്തില്‍ നിന്ന് സായിപ്പന്മാര്‍ രൂപപ്പെടുത്തിയതാണ് 'സ്ലംഡോഗ് മില്യണയര്‍' എന്ന് കാര്യം വിശദമാക്കിയാല്‍ മാത്രമേ വസ്‌തുതകള്‍ക്ക് തെളിച്ചമുണ്ടാവുകയുള്ളൂ.
ഡിപ്ളോമാറ്റു കൂടിയായ വികാസ് സ്വരൂപിന്റെ ആദ്യനോവലായ ക്യൂ ആന്റ് എ യെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. നോവലില്‍ നിന്നുള്ള ഒരു പ്രധാന മാറ്റം മുഖ്യ കഥാപാത്രത്തിന്റെ പേരിലുള്ള മാറ്റമാണ്. രാം മുഹമ്മദ് തോമസ് എന്നാണ് നോവലിലെ കഥാപാത്രത്തിന്റെ പേരെങ്കില്‍ സിനിമയിലത് ജമാല്‍ മാലിക്കായി മാറുന്നു. കൃത്രിമത്വമുണ്ടെങ്കിലും വര്‍ഗീയതയും മതവും പൊള്ളുന്ന പ്രശ്‌നമായ ഇന്ത്യയില്‍ മൂന്നു പ്രധാന മതത്തിലുമുള്ളത് എന്നാലൊന്നില്‍ മാത്രമായി നിശ്ചയപ്പെടുത്താനാവാത്തത് എന്ന നിലക്കുള്ള ഒരു പേരാണ് നോവലിസ്റ്റ് സ്വീകരിക്കുന്നതെങ്കില്‍ അതിനെ മുസ്ളിം എന്ന ഒറ്റ പ്രതിനിധാനത്തിലേക്ക് വെട്ടിച്ചുരുക്കാന്‍ ഡാനി ബോയല്‍ എങ്ങിനെ ധൈര്യപ്പെട്ടു? കുറ്റം, അധ:സ്ഥിതാവസ്ഥ, മാലിന്യം, അധോലോകം, കള്ളക്കടത്ത് എന്നീ അവസ്ഥകളോട് മുസ്ളിം പ്രതിനിധാനത്തെ ചേര്‍ത്തുവെക്കാനുള്ള പ്രചോദനം, ഹോളിവുഡിന്റെ പ്രതിനായക - അപര രൂപീകരണ പ്രക്രിയയില്‍ നിന്നു തന്നെയായിരിക്കണം സംവിധായകനും അവലംബിതതിരക്കഥാകൃത്തിനും ലഭിച്ചിട്ടുണ്ടാവുക. മതവിശ്വാസത്തെയും കുറ്റത്തെയും കൂട്ടിഘടിപ്പിക്കാനുള്ള ചിത്രത്തിന്റെ ശ്രമത്തെ സി എസ് വെങ്കിടേശ്വരന്‍ ഇപ്രകാരം കൃത്യമായി വിലയിരുത്തുന്നു:
മാഫിയത്തലവന്റെ ഫോണ്‍വിളിയെത്തുടര്‍ന്ന് ഏതോ ഇരുണ്ട ദൌത്യം നിര്‍വഹിക്കാനായി തിരക്കിട്ടിറങ്ങുന്ന സലീമിന്റെ നിസ്‌ക്കാരത്തെ-പരമകാരുണികനായ ദൈവത്തോട് മാപ്പു ചോദിക്കുന്ന രംഗം- അതിലും തിരക്കു പിടിച്ചോടുന്ന ഈ ചിത്രം ഇത്രയും സമയമെടുത്ത് വിസ്‌തരിക്കാനുമിടയില്ല. ഒടുവില്‍ സലിം വെടിയേറ്റു മരിക്കുമ്പോഴും ആ മരണത്തെ വീണ്ടും ദൈവവുമായി ബന്ധപ്പെടുത്തുന്നുണ്ട്. (ദൈവം മഹാനാണ് എന്നാണ് സലീമിന്റെ അന്ത്യവചനം). ഒരു തെരുവുഗുണ്ടയുടെ നിത്യ ദൌത്യത്തെയും മരണത്തെയും ഈ രീതിയില്‍ അയാളുടെ ദൈവവുമായി ബന്ധപ്പെടുത്തി അതിന് അടിസ്ഥാനപരമായി മതപരമായ മാനം നല്‍കുന്നതിന്റെ പിന്നിലെ രാഷ്‌ട്രീയം നമുക്ക് അപരിചിതമല്ല. (ഒളിക്കേണ്ട അപമാനങ്ങള്‍/മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 ഫിബ്രവരി 15-21)
ബോളിവുഡും ഹോളിവുഡും തമ്മിലുള്ള അഭിമുഖീകരണമാണ് (മീറ്റിംഗ് പോയിന്റ്) സ്ലംഡോഗ് മില്യണയറിന്റെ ശ്രദ്ധേയവിജയത്തിന് കാരണമായത് എന്നതാണ് വാസ്‌തവം. ലളിതാ ഗോപാലന്‍ അവരുടെ പ്രസിദ്ധമായ പഠനത്തില്‍ (സിനിമ ഓഫ് ഇന്ററപ്‌ഷന്‍സ് - ബി എഫ് ഐ /ഓക്സ്ഫോര്‍ഡ് 2002/2003) വ്യാഖ്യാനിക്കുന്നതുപോലെ, ഇന്ത്യക്കു പുറത്തുള്ള സിനിമ തുടര്‍ച്ചയുടെ സിനിമ (സിനിമ ഓഫ് കണ്ടിന്യൂയിറ്റി)യാണെങ്കില്‍, ഇന്ത്യന്‍ സിനിമ ഇടര്‍ച്ചകളുടെ സിനിമ (സിനിമ ഓഫ് ഇന്ററപ്‌ഷന്‍സ്)യാണ്. മൂന്നു തരം ഇടര്‍ച്ചകളാണ് ഇന്ത്യന്‍ സിനിമകളില്‍ പ്രധാനം. നൃത്ത ഗാന സീക്വന്‍സുകള്‍, ഇടവേള, സെന്‍സര്‍ഷിപ്പ് എന്നിവയാണവ. നൃത്തഗാന സീക്വന്‍സുകള്‍ സ്വരൂപിക്കുന്ന പലായനാത്മകമായ ഭാവപശ്ചാത്തലമാണ് ഇന്ത്യന്‍ സിനിമയെ വീണ്ടും വീണ്ടും ജനപ്രിയമാക്കുന്നത്. ഈ രീതികള്‍ ടൈറ്റാനിക്കില്‍ പരീക്ഷിച്ച് ഹോളിവുഡ് വിജയം കൊയ്‌തതാണ്. അതിന്റെ വ്യത്യസ്‌തമായ ആവര്‍ത്തനം തന്നെയാണ് സ്ലംഡോഗിലുമുള്ളത്. ദരിദ്രന്‍ സമ്പന്നനാകുന്ന സാധ്യതകളുടെ കഥയും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിരവധി തവണ പ്രയോഗിച്ച് വിജയം കണ്ടതാണ്. അന്താരാഷ്‌ട്ര ചലച്ചിത്രവിപണയിലേക്ക് ലയിച്ചുചേര്‍ന്നു കഴിഞ്ഞ ബോളിവുഡ് /തമിഴ് സിനിമകളുടെ വളര്‍ച്ചയെ ഗൌരവത്തോടെ ഹോളിവുഡ് കാണുന്നുണ്ടോ എന്നറിയില്ല. എന്തായാലും, ബോളിവുഡിന്റെ വിജയഫോര്‍മുലകളെ കൂടുതല്‍ കൂടുതലായി ഏറ്റെടുക്കാന്‍ ടൈറ്റാനിക്കിനു ശേഷം സ്ലംഡോഗിന്റെയും വിജയം അവരെ പ്രേരിപ്പിച്ചേക്കും.
2 comments:
നല്ല വിശകലനം. ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാനാഗ്രഹിക്കുന്നു.
“സ്വാതന്ത്ര്യം 'കൊടുത്തിട്ട്' അറുപതു വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യയിലെ 'പക്വതയെത്താത്ത' ഭരണകര്‍ത്താക്കള്‍ക്ക് ദാരിദ്ര്യം മുതല്‍ പരിസരശുചിത്വം വരെയുള്ള അടിസ്ഥാനപ്രശ്നങ്ങളൊന്നും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല എന്ന കൊളോണിയല്‍ മനസ്സിന്റെ ഊറ്റം കൊള്ളലാണ് 'സ്ലംഡോഗ് മില്യണയറി'നെപ്പോലുള്ള ഒരു സിനിമയുടെ പ്രചോദനം എന്ന വസ്‌തുത ഇതിനകം തന്നെ വിമര്‍ശകര്‍ ശക്തമായി ഉന്നയിച്ചു കഴിഞ്ഞു.“ എന്നു പറയുന്നത് ശരിയാണോ?
ഒന്നാമതായി സ്വാതന്ത്ര്യം ഒരു വെറും കൊടുക്കലായിരുന്നില്ല. അതു നമ്മള്‍ സ്വാതന്ത്ര്യസമരത്തിലൂടെ “നേടിയെടുത്തതാണ്”.ലാഘവത്വത്തോടെ കാണാവുന്ന ഒരു വെറും കൊടുക്കല്‍ വാങ്ങല്‍ അല്ലായിരുന്നു അത്. അത് സായിപ്പിന്റെ കോളോണിയല്‍ മോഹങ്ങള്‍ക്കേറ്റ ഏറ്റവും വലിയ മുറിവു കൂടിയായിരുന്നു.
പിന്നെ കൊളോണിയല്‍ മനസ്സിന്റെ ഊറ്റം കൊള്ളല്‍ എന്നതിനേക്കാള്‍ “സ്വാതന്ത്ര്യം കിട്ടിയിട്ടും ദാരിദ്ര്യം മുതല്‍ പരിസരശുചിത്വം വരെയുള്ള അടിസ്ഥാനപ്രശ്നങ്ങളൊന്നും പരിഹരിക്കാന്‍ ഇന്ത്യയിലെ ഭരണകര്‍ത്താക്കള്‍ക്ക് സാധിച്ചിട്ടില്ല“ എന്നത് നമുക്ക് സായിപ്പ് പറഞ്ഞു തരേണ്ട കാര്യമില്ല. നാം ആഡംബരങ്ങളിലേക്കു തിരിച്ചു വച്ച ക്യാമറ ഒന്നു താഴ്ത്തി ട്രൈപോഡിരിക്കുന്നിടത്തേക്ക് ഒന്ന് സൂം ചെയ്താല്‍ മാത്രം മതി. ഇതാണ് സത്യം എന്ന് അംഗീകരിക്കാന്‍ സന്നദ്ധമാവാതെ, ഇന്ത്യയില്‍ ദാരിദ്ര്യമേയില്ല, ധാരാവിയെന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശത്തിന് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുമായി ഒരു ബന്ധവുമില്ല, ഇത്തരം സംഗതികള്‍ കാണിക്കുന്ന സിനിമകള്‍ ഇന്ത്യയെ ലോകത്തിനു മുന്നില്‍ താഴ്ത്തിക്കെട്ടാനുദ്ദേശിച്ചു കൊണ്ട് ഗൂഢ ലക്ഷ്യങ്ങളോടെ നിര്‍മ്മിക്കപ്പെടുന്നവയാണ് എന്ന ശുദ്ധ ഭോഷ്ക്കത്തരം പ്രചരിപ്പിക്കുന്ന കപട നാട്യം അതാണ് നാം നമ്മുടെ മനസ്സില്‍ നിന്നും തുടച്ചു മാറ്റേണ്ടത്.
ഈ കപട്യമാണ് , ഈ രക്ഷപ്പെടലാണ്, ഉത്തരവാദിത്വങ്ങളില്‍ നിന്നുമുള്ള ഒളിച്ചോട്ടമാണ് എല്ലാത്തിനു പിറകിലും മതത്തിന്റെ ചിഹ്നങ്ങള്‍ പരതിയെടുത്ത് അതിനെ പെരുപ്പിച്ചുകാട്ടി മാറിനില്‍ക്കുവാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. മതം സുരക്ഷിതമായ ഒരു കവചമായി മാറിക്കഴിഞ്ഞല്ലോ. മതത്തെ തൊട്ടാല്‍ എല്ലാവര്‍ക്കും പൊള്ളും.
ഒരു സത്യം നാം മനസ്സിലാക്കണം. ഇവിടെ ദാരിദ്ര്യമില്ലെങ്കില്‍, ചേരികളില്ലെങ്കില്‍ പുറത്തു നിന്ന് ഒരു സായിപ്പും അങ്ങിനെയൊന്നുണ്ട് എന്ന് വരുത്തിത്തീര്‍ക്കാനായി ചിത്രമെടുക്കുകയില്ല. ഇന്ത്യയിലെ സമ്പന്നരുടെതായ ലോകം (ഈ ലോകത്തിന്റെ കൈകളിലേക്കാണ് സായിപ്പ് സ്വാതന്ത്ര്യത്തിന്റെ താക്കോല്‍ തിരിച്ചേല്‍പ്പിച്ച് നാടുവിട്ടത് ) ഇവിടെയുള്ള ദരിദ്രരുടെ ലോകത്തെ, മറ്റു മാലോകരുടെ കണ്ണില്‍ നിന്നും മറച്ചു പിടിക്കാന്‍ ശ്രമിക്കുന്ന കാപട്യത്തിന്റെ മലീമസമായ ശബ്ദമാണ് സ്ലംഡോഗിനെതിരെയും, ഇതിനു മുന്‍പ് സത്യജിത് റേ തുടങ്ങിയ സംവിധായകര്‍ക്കു നേരെയും ഇടക്കിടെ ഉയരുന്ന കുരയായി മുഴങ്ങിക്കൊണ്ടിരിക്കുന്നത്.
ഈയുള്ളവന്റെ പോസ്റ്റില്‍ - “സ്ലംഡോഗിനെ തള്ളിപ്പറയുമ്പോള്‍ “ http://thooneeram.blogspot.com/2009/02/blog-post_28.html
ഇക്കാര്യം വ്യക്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
വളരെ നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍
Post a Comment