Thursday, October 22, 2009

കമല്‍ ഹാസന്‍ - നടനവാഴ്വിന്റെ അരനൂറ്റാണ്ട്


അമ്പത്തഞ്ചുകാരനായ കമല്‍ ഹാസന്‍ അമ്പതു വര്‍ഷത്തെ ചലച്ചിത്രാഭിനയ ചരിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നു. അതായത്, സിനിമ ഒഴിച്ചു നിര്‍ത്തിയാല്‍ കമല്‍ ഹാസന്‍ എന്ന വ്യക്തിത്വത്തെക്കുറിച്ച് കാര്യമായി ഒന്നും പരാമര്‍ശിക്കാനുണ്ടാവില്ല എന്നു ചുരുക്കം. അത് അത്ര വലിയ ഒരു സംഗതിയല്ലായിരിക്കാം. കാരണം, അമ്പതു വര്‍ഷത്തെ അഭിനയ ജീവിതം പൂര്‍ത്തിയാക്കുന്ന ഒരു താരജീവിതത്തില്‍ നിന്ന് സിനിമയെ ഒഴിച്ചു നിര്‍ത്തി ചിന്തിക്കാനാവില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ടതായ ഒരു കാര്യമല്ലല്ലോ. എന്നാല്‍, കഴിഞ്ഞ അമ്പതു വര്‍ഷത്തെ തെന്നിന്ത്യന്‍ സിനിമയുടെ ചരിത്രം, കമല്‍ഹാസനെ ഒഴിച്ചു നിര്‍ത്തിക്കൊണ്ട് അന്വേഷിക്കാനേ ആവില്ല എന്നതാണ് പ്രധാനം. ചരിത്രത്തിനൊപ്പം നീങ്ങുക മാത്രമായിരുന്നില്ല കമല്‍, മിക്കപ്പോഴും ചരിത്രത്തിനെതിരെ നീങ്ങി, ചിലപ്പോള്‍ ചരിത്രം സൃഷ്ടിച്ചു.

ആറു വയസ്സുള്ളപ്പോള്‍ ആദ്യചിത്രത്തിലഭിനയിക്കുകയും ആ അഭിനയത്തിന് ഏറ്റവും നല്ല ബാലനടനുള്ള ദേശീയ പുരസ്കാരം നേടിയെടുക്കുകയും ചെയ്തുകൊണ്ടാണ് കമല്‍ ഹാസന്‍ തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. സിനിമയുമായുള്ള തന്റെ ബന്ധത്തെ അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെയാണ്. അത് ഓര്‍മ്മയില്‍ പ്രത്യേകം അന്വേഷിക്കേണ്ട ഒന്നല്ല. ഞാന്‍ സിനിമയിലേക്ക് ഉണര്‍ന്നെണീക്കുകയായിരുന്നു. (ഐ വോക്ക് അപ്പ് ടു സിനിമ -സി എന്‍ എന്‍ ഐ ബി എന്ന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്). താങ്കള്‍ ക്യാമറക്കാവശ്യമുള്ള തരം ശക്തി കൂടിയ പ്രകാശത്തെ ഏതെങ്കിലും കാലത്ത് ഭയന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി, അതെന്നെങ്കിലും നിലച്ചുപോയാലാണെനിക്ക് അസ്വസ്ഥത തുടങ്ങുക എന്നാണ്(സിനിമ ഇന്‍ ഇന്ത്യ വാര്‍ഷികപ്പതിപ്പ് 1992). ബാലതാരമായി വിലസിയതിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ അദ്ദേഹം ഈ ക്യാമറാപ്രകാശമില്ലാത്ത 'ഇരുട്ടി'ല്‍ പെട്ടു പോയിരുന്നു.

വിരുദ്ധങ്ങളുടെ സമ്മേളനം കൊണ്ട് കലുഷമായ ആന്തരിക/ബാഹ്യ സത്തകളുടെ സാന്നിദ്ധ്യമാണ് കമല്‍ ഹാസന്റെ നടന/വ്യക്തിജീവിത പ്രതിനിധാനത്തെക്കുറിച്ചുള്ള അന്വേഷണത്തെ പ്രശ്നഭരിതമാക്കുന്നത്. ബ്രാഹ്മണനായി ജനിച്ച അദ്ദേഹം മതരഹിതനായും നാസ്തികനായും ജീവിക്കുന്നു. യുദ്ധവിരുദ്ധനായി സ്വയം പ്രഖ്യാപിക്കുന്ന കമല്‍ അമേരിക്കന്‍/ബ്രിട്ടീഷ് വ്യവസായികളുമായും മറ്റും കരാറുകളിലേര്‍പ്പെടുന്നതില്‍ ജാള്യത കാണിക്കുന്നില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സഹയാത്രികനായി കരുതപ്പെടുന്ന - അന്‍പേശിവം(തമിഴ്/2003/സുന്ദര്‍ സി) കമ്യൂണിസ്റ്റ് പാര്‍ടിയോടുള്ള അദ്ദേഹത്തിന്റെ അനുഭാവത്തിന്റെ തെളിവായി വായിച്ചെടുക്കാം - കമല്‍ഹാസന്‍, ചലച്ചിത്രതാരങ്ങള്‍ക്ക് വന്‍ സ്വാധീനമുള്ള തമിഴകരാഷ്ട്രീയത്തില്‍ പ്രകടമായ ഒരു നിലപാടുമെടുക്കാതെ മാറിനില്‍ക്കുന്നു. പല ദാമ്പത്യങ്ങളും പ്രണയങ്ങളും കൊണ്ട് കുഴഞ്ഞുമറിഞ്ഞ അദ്ദേഹത്തിന്റെ പിതൃത്വമാണ് സരിക എന്ന അമ്മയെക്കാളും വിലമതിക്കുന്നതെന്ന് മകള്‍ ശ്രുതി അടയാളപ്പെടുത്തുമ്പോള്‍ സ്നേഹത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചും കുടുംബകത്തെക്കുറിച്ചുമുള്ള സാമ്പ്രദായിക ധാരണകള്‍ തകിടം മറിയുന്നു. ചലച്ചിത്രത്തോടുള്ള ആസക്തിയുമായി ജീവിക്കുന്ന അദ്ദേഹം പക്ഷെ, നടന്‍ സംവിധായകന് കീഴ്പ്പെടണം എന്ന അടിസ്ഥാന തത്വത്തെ പലപ്പോഴും വിഗണിക്കുന്നു; അങ്ങിനെ താനഭിനയിച്ച പല സിനിമകളുടെയും പരിപൂര്‍ണതക്ക് സ്വയം തടസ്സമായി മാറുകയും ചെയ്തു. എന്നാല്‍ ഈ വസ്തുത അംഗീകരിച്ചു തരാന്‍ അദ്ദേഹം ഒരിക്കലും തയ്യാറായില്ല. അതിനാല്‍, ഒരായുസ്സു മുഴുവനും കൊണ്ട് തീരാത്തത്ര അഭിനയപദ്ധതികള്‍ ഏറ്റെടുക്കാന്‍ പാകമായ നടനാസൂത്രണരീതി സ്വായത്തമാക്കിയ കമല്‍; നിര്‍മാണം, സംവിധാനം, സംഗീത സംവിധാനം, ഗാന രചന, ഗാനാലാപനം എന്നീ മേഖലകളിലൊക്കെയും എടുത്തു ചാടി തന്റെ പരീക്ഷണങ്ങള്‍ തുടരുന്നു.

ക്രിമിനല്‍ വക്കീലായി പ്രവര്‍ത്തിച്ചിരുന്ന ഡി ശ്രീനിവാസന്റെ മകനായി ഒരു അയ്യങ്കാര്‍ കുടുംബത്തില്‍ ജനിച്ച കമല്‍ ഒമ്പതാം ക്ളാസില്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തുകയും പിന്നീട് സിനിമാരംഗത്ത് സജീവമാകുകയുമായിരുന്നു. എ ഭീംസിംഗ് സംവിധാനം ചെയ്ത കളത്തൂര്‍ കണ്ണമ്മ(1960)യില്‍ ജമിനി ഗണേശനോടും സാവിത്രിയോടുമൊപ്പമാണ് ആ ബാല താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് അക്കാലത്തെ സൂപ്പര്‍ താരങ്ങളായിരുന്ന മക്കള്‍ തിലകം എം ജി ആറിനോടൊപ്പവും നടികര്‍ തിലകം ശിവാജി ഗണേശനോടൊപ്പവുമടക്കം അഞ്ച് സിനിമകളിലും കൂടി കമല്‍ കുട്ടിവേഷങ്ങളിലഭിനയിച്ചു. കലക്കു വേണ്ടി തന്നെ തന്റെ പിതാവ് ദാനം ചെയ്യുകയായിരുന്നു എന്നാണ് ഇതിനെക്കുറിച്ച് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. തന്റെ രണ്ടാണ്‍മക്കള്‍ നിയമബിരുദമെടുക്കുകയും ഏകമകള്‍ ശാസ്ത്ര ബിരുദമെടുക്കുകയും ചെയ്തു. എന്നാലതുകൊണ്ട് കാര്യമില്ല, ഒരാളെ കലക്കു വേണ്ടി പരിപൂര്‍ണമായി അര്‍പ്പിക്കേണ്ടതുണ്ട് എന്നും അതാണ് കമല്‍ഹാസന്റെ ജീവിതത്തിലെ നിര്‍ണായകവും പ്രാഥമികവുമായ തീരുമാനം എന്നുമാണ് ആ പിതാവ് പ്രഖ്യാപിച്ചത്. ഗാന്ധിയനും തികഞ്ഞ മത നിരപേക്ഷ വാദിയുമായിരുന്ന ശ്രീനിവാസന്‍ തന്റെ ഒരു മുസ്ളിം സുഹൃത്തുമായുള്ള സൌഹൃദത്തിന്റെ പേരിലാണ് മക്കള്‍ക്കു ഹാസന്‍ എന്ന സര്‍നെയിം നല്‍കിയത് എന്നും പറയപ്പെടുന്നു. കമലിന്റെ ജ്യേഷ്ഠ സഹോദരനായ ചാരുഹാസന്‍ നിയമബിരുദമെടുത്തെങ്കിലും സിനിമയിലഭിനയിക്കുകയും ദേശീയ അവാര്‍ഡടക്കം നേടുകയും ചെയ്തു. ചാരുഹാസന്റെ മകളായ സുഹാസിനിയും അവരുടെ ഭര്‍ത്താവ് മണിരത്നവും സിനിമയിലെ സജീവ സാന്നിദ്ധ്യങ്ങളാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഹാസന്‍ എന്ന ഈ സര്‍ നെയിം പക്ഷെ കമലിന് പില്‍ക്കാലത്ത് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. 9/11 നുശേഷം അമേരിക്കയില്‍ വര്‍ദ്ധിച്ചു വന്ന മുസ്ളിം ഭീതിയുടെ പശ്ചാത്തലത്തില്‍, കമല്‍ഹാസന്‍ അമേരിക്കന്‍ പര്യടനത്തിനായി വിമാനമിറങ്ങിയപ്പോള്‍ സമ്പൂര്‍ണ വസ്ത്രാക്ഷേപമടക്കമുള്ള പരിശോധനക്ക് വിധേയനായി. തെന്നിന്ത്യന്‍ സിനിമയുടെ എന്നല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനതാരമായ - ഉലകനായകന്‍/യൂണിവേഴ്സല്‍ ഹീറോ എന്നാണ് കമല്‍ ഹാസന്റെ പ്രശംസാവിശേഷണം - കമല്‍ ഹാസന്‍ അമേരിക്കയിലെ സെക്യൂരിറ്റിപോലീസിനാല്‍ അപമാനിതനായപ്പോള്‍ - മമ്മൂട്ടിക്കും ഷാറൂഖ് ഖാനും എ പി ജെ അബ്ദുള്‍കലാമിനും മുസ്ളിമായതിന്റെ പേരില്‍ സമാനമായ അപമാനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട് - ആ അപമാനം എല്ലാ ഇന്ത്യക്കാര്‍ക്കും മേല്‍ ചൊരിയപ്പെട്ടു എന്നതാണ് വാസ്തവം. കമലിന്റെ പേരിന് ഈയൊരു സവിശേഷത മാത്രമല്ല ഉള്ളത്. അദ്ദേഹത്തിന്റെ പേര് ആദ്യഘട്ടത്തില്‍ എഴുതിയിരുന്നതും ഉച്ചരിച്ചിരുന്നതും കമലാഹാസന്‍ എന്നായിരുന്നു. കേട്ടാല്‍ ഒരു സ്ത്രീയുടെ പേരാണ് ഇത് എന്ന തോന്നലിനെ തുടര്‍ന്നാണ് ചെറുതായി പരിഷ്ക്കരിച്ച് കമല്‍ ഹാസന്‍ എന്നാക്കി മാറ്റിയത്.

യൌവനകാലം മുതല്‍ തന്നെ തെന്നിന്ത്യന്‍ സിനിമയുടെയും ഏക് ദൂജേ കേലിയേ(ഹിന്ദി/കെ ബാലചന്ദര്‍/1981) പോലുള്ള ഏതാനും സിനിമകളിലൂടെ ഹിന്ദി സിനിമയുടെയും മാറ്റിനി ഐഡളായി മാറിത്തീരാന്‍ കഴിഞ്ഞെങ്കിലും തന്റെ ശരീരഭാഷയെ ചൂഴ്ന്നു നിന്നിരുന്ന സ്ത്രൈണത കമലിന്റെ പൌരുഷസത്തയെ ആശങ്കാകുലമാക്കി. ഈറ്റ(മലയാളം/ഐ വി ശശി/1978) പോലുള്ള പല സിനിമകളിലും കമലിന്റെ കഥാപാത്രം അദ്ദേഹത്തിന്റെ ശരീരത്തിലുള്ള സ്ത്രൈണതയെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. ഒരേ സമയത്ത് രണ്ടു സ്ത്രീകളാല്‍ (ഷീലയും സീമയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍) കാമിക്കപ്പെടാനും ഓമനിക്കപ്പെടാനും പ്രാപ്തമായ തരത്തിലുള്ള കൌതുകങ്ങള്‍ കമലിന്റെ ശരീരത്തിനകത്തും പുറത്തും ഒളിഞ്ഞും തെളിഞ്ഞും നിറയുന്നുണ്ടായിരുന്നു. കരുത്തനും തങ്ങളെ കീഴടക്കുന്നവനുമായ പൌരുഷാധീശത്വം എന്ന സ്ഥിരം നായകസങ്കല്‍പമായിരുന്നില്ല കമല്‍ അവതരിപ്പിച്ച രാമു എന്ന കഥാപാത്രത്തില്‍ ഈ കാമിനിമാര്‍ ദര്‍ശിച്ചത്. സ്വവര്‍ഗാനുരാഗത്തിന്റെയും സ്പര്‍ശമുള്ളതിനാല്‍ കമലിന്റെ ഈറ്റയിലേതടക്കം പല കഥാപാത്രങ്ങളും സിസ്സി എന്നു വിളിക്കുന്ന സ്ത്രൈണസ്വഭാവമുള്ള പുരുഷരൂപങ്ങളില്‍ വാര്‍ത്തെടുത്തവയായിരുന്നു. സ്ത്രൈണതയുടെ ആധിക്യം മൂലം തന്റെ മേല്‍ ആരോപിക്കപ്പെട്ടേക്കാവുന്ന നപുംസകത്വത്തെ ഭയപ്പെട്ടുകൊണ്ടായിരിക്കണം, പേരിലുള്ള സ്ത്രൈണച്ചുവ അദ്ദേഹം മായിച്ചു നീക്കിയിട്ടുണ്ടാവുക. പല തരം മാനസികാവസ്ഥകള്‍ക്കു വിധേയനായിരുന്നു കമല്‍ഹാസന്‍ എന്നത് സുവ്യക്തമാണ്. ഇത്തരത്തിലുള്ള മാനസികസന്ദിഗ്ധാവസ്ഥകള്‍ ചലച്ചിത്രജീവിതത്തിലുടനീളം അദ്ദേഹത്തെ വേട്ടയാടിയിട്ടുമുണ്ടെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ബോധ്യമാവും.

ആഭാസകരമായ പ്രത്യക്ഷങ്ങളില്‍ സ്ത്രീശരീരത്തെ കഷണം കഷണമാക്കി ലൈംഗിക ഉപഭോഗവസ്തുക്കളാക്കി പ്രദര്‍ശിപ്പിക്കുകയും അതോടൊപ്പം ചാരിത്ര്യം, സദാചാരം, വിവാഹം, താലി എന്നിവയെക്കുറിച്ച് പഴഞ്ചനും പുരുഷാധിപത്യപരവുമായ ധാരണകള്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്ന തമിഴ് സിനിമയുടെ ദ്വിമുഖപ്രയാണത്തില്‍നിന്ന് മാറിയുള്ള കമല്‍ ഹാസന്റെ പരിചരണത്തെ എളുപ്പത്തില്‍ സ്വീകരിക്കാന്‍ ശരാശരി തമിഴന് അസാധ്യമാണെന്നതിനാലാണ് ആളവന്താന്‍(തമിഴ്/സുരേഷ്കൃഷ്ണ/2000) പോലെ മുഖ്യധാരക്കകത്തു തന്നെ നടത്തിയ ഒരു പരീക്ഷണത്തെ ശരാശരി തമിഴ് പ്രേക്ഷകര്‍ തള്ളിക്കളഞ്ഞത്. കമല്‍ നായകനായി അഭിനയിച്ച നായകന്‍(തമിഴ്/മണിരത്നം/1987), ഇന്ത്യന്‍(തമിഴ്/ഷങ്കര്‍/1996) പോലുള്ള സിനിമകളില്‍ നായക കഥാപാത്രങ്ങള്‍ നടത്തുന്ന കൂട്ടക്കൊലപാതകങ്ങളുടെ തുടര്‍ച്ച തന്നെയാണുള്ളത്. ഈ കഥാപാത്രങ്ങള്‍ ആദ്യകാലങ്ങളിലനുഭവിച്ച അനീതികള്‍ക്കും പീഡനങ്ങള്‍ക്കും എതിരായ പ്രതിവിധി എന്ന നിലക്കാണ് ഈ പ്രതികാരനിര്‍വഹണങ്ങള്‍ ആഖ്യാനത്തില്‍ ന്യായീകരിച്ചെടുക്കുന്നത്. അതേ ന്യായീകരണം തന്നെ ആളവന്താനിലെ മുഖ്യ കഥാപാത്രവും ഉന്മാദിയുമായ നന്ദു നടത്തുന്ന കൊലപാതകങ്ങളോടും ബന്ധപ്പെടുത്താവുന്നതാണ്. കണ്ണിന് കണ്ണ്, ചോരക്ക് ചോര എന്ന തരം അക്രമതന്ത്രം, ഉന്മാദത്തിന്റെയും മാനസികരോഗത്തിന്റെയും ലക്ഷണമാണെന്നും ദൈവാംശം മറഞ്ഞുപോയ മൃഗീയത പുറത്തു വരുന്ന അവസരമാണെന്നും സമര്‍ത്ഥിക്കുന്നതിലൂടെയാണ് ആളവന്താന്‍ പ്രസക്തമായ ഒരിടപെടലാകുന്നത്.

തമിഴ് സിനിമകളില്‍ കൊണ്ടാടിപ്പോന്നിരുന്ന തരം ലൈംഗിക സദാചാര മൂല്യങ്ങളെ അനുസരിക്കുന്ന ധാരാളം സിനിമകളില്‍ കമല്‍ നായകനായി വിരാജിച്ചിട്ടുണ്ടെങ്കിലും അത്തരം മൂല്യസംഹിതകളെ പ്രകോപിപ്പിക്കുന്ന, ആളവന്താനടക്കമുള്ള ഏതാനും സിനിമകളുടെ പേരിലായിരിക്കും അദ്ദേഹം ഓര്‍മ്മിക്കപ്പെടുക. ബാലതാരമായി വിജയിച്ചതിനെ തുടര്‍ന്ന് ഏതാനും വര്‍ഷത്തെ അപ്രശസ്തമായ ജീവിതത്തിനു ശേഷമാണ് കമല്‍ അഭിനയജീവിതത്തില്‍ വീണ്ടും സജീവമാകുന്നത്. ആ രണ്ടാം വരവിന്റെ പ്രസക്തി തെളിയിക്കുന്ന സിനിമയായിരുന്നു അപൂര്‍വരാഗങ്ങള്‍(തമിഴ്/കെ ബാലചന്ദര്‍/1975). രജനീകാന്ത് ആദ്യമായി അഭിനയിച്ച ഈ സിനിമയാണ് മുതിര്‍ന്ന കമലിന്റെ ആദ്യത്തെ വാണിജ്യഹിറ്റു ചിത്രം. ശാസ്ത്രീയ സംഗീതജ്ഞയായ ഭൈരവി (ശ്രീവിദ്യ) തെരുവുസംഘട്ടനത്തില്‍ മുറിവുകളേറ്റ പ്രസന്ന(കമല്‍)യെ ശുശ്രൂഷിച്ച് തിരികെ ആരോഗ്യവാനാക്കുന്നു. പ്രായപൂര്‍ത്തിയെത്തിയ ഒരു മകളുടെ അമ്മയായ ഭൈരവിയും അവരെക്കാള്‍ എത്രയോ പ്രായത്തിനിളയതായ പ്രസന്നയും തമ്മിലുടലെടുക്കുന്ന പ്രണയബന്ധത്തിന്റെ ഊഷ്മളതയും സത്യസന്ധതയുമാണ് ഇതിവൃത്തത്തെ സംഘര്‍ഷാത്മകവും വിവാദാസ്പദവുമാക്കുന്നത്. നായകന്റെ പിതാവ് അവന് ഇളം പ്രായക്കാരിയായ ഒരു പെണ്‍കുട്ടിയുടെ കല്യാണാലോചന കൊണ്ടുവരുന്നുണ്ട്. രഞ്ജിനി(ജയസുധ) എന്ന ആ പെണ്‍കുട്ടി ഭൈരവിയുടെ മകള്‍ തന്നെയായിരുന്നു. ഇത്തരത്തില്‍ പൊതുബോധത്തിന്റെ ലോലസദാചാരബോധത്തെ തകിടം മറിക്കുന്ന ആഖ്യാനത്തിനകത്ത് നിറയാന്‍ കമലിന് ആദ്യഘട്ടത്തിലേ സാധ്യമായി എന്നത് ശ്രദ്ധേയമാണ്.

രജനീകാന്തിന്റെ പ്രതിനായകവേഷത്തിന് തെളിച്ചം പകര്‍ന്ന മൂണ്ട്രുമുടിച്ച്(മൂന്നു കെട്ടുകള്‍/തമിഴ്/കെ ബാലചന്ദര്‍/1976) കമലും ശ്രീദേവിയും ചേര്‍ന്നുള്ള നിരവധി കഥാപാത്രവത്ക്കരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഭാരതിരാജയുടെ ആദ്യചിത്രമായ പതിനാറ് വയതിനിലെ (തമിഴ്/1977)യിലും ഈ മൂന്നു പേര്‍ തന്നെയായിരുന്നു പ്രധാന അഭിനേതാക്കള്‍. മുഴുവനായും വാതില്‍പ്പുറചിത്രീകരണം നടത്തിയ പതിനാറ് വയതിനിലെ തമിഴ് സിനിമാലോകത്തിന് അക്കാലത്ത് നവ്യോര്‍ജം പകര്‍ന്നു നല്‍കിയ സിനിമയാണ്. മന്ദബുദ്ധിയായ ഒരു യുവാവായ ചപ്പാണിയുടെ വേഷമായിരുന്നു കമലിന് ഈ സിനിമയില്‍. സുന്ദരിയായ പതിനാറുകാരി മയിലി(ശ്രീദേവി)ന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. ഭാരതിരാജ തന്നെ സംവിധാനം ചെയ്ത ശികപ്പു റോജാക്കളി(ചുകന്ന പനിനീര്‍പ്പൂവുകള്‍/തമിഴ്/1978)ല്‍ പ്രതിനായക പരിവേഷമുള്ള വേഷമായിരുന്നു കമലിന്. ശ്രീദേവി തന്നെയായിരുന്നു നായികയെ അവതരിപ്പിച്ചത്. മാനസികരോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ദിലീപ്(കമല്‍) പുറമേക്ക് ബിസിനസുകാരനാണെങ്കിലും നിഗൂഢമായ ചില പ്രക്രിയകളിലേര്‍പ്പെടുന്ന ആളാണ്. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുക എന്നതാണയാളുടെ ഹോബി.

മറോചരിത്ര(തെലുങ്ക്/കെ ബാലചന്ദര്‍/1978)യും ആ ചിത്രത്തിന്റെ റീമേക്കായ ഏക് ദൂജേ കേലിയേ(ഹിന്ദി/ കെ ബാലചന്ദര്‍/1981)യും കമലിന് തമിഴകത്തിനും കേരളത്തിനും പുറത്ത് വന്‍ ജനപ്രീതി നേടിക്കൊടുത്ത ചിത്രങ്ങളാണ്. ഈ രണ്ടു ചിത്രങ്ങളിലും ഇതര ഭാഷ സംസാരിക്കുന്ന കാമുകിമാരാണ് കമലിനുള്ളത്. ആദ്യത്തേതില്‍ തെലുങ്കാണവള്‍ സംസാരിക്കുന്നതെങ്കില്‍, രണ്ടാമത്തേതില്‍ ഹിന്ദി. രണ്ടിലും കമല്‍ അന്യസംസ്ഥാനത്ത് താമസിക്കുന്ന തമിഴ് യുവാവായി അഭിനയിച്ചു. ഇന്ത്യയുടെ മുന്നില്‍ തമിഴന്റെ ബ്രാന്റ് അംബാസിഡറായി അവതരിക്കുക എന്ന ചരിത്ര നിയോഗം കൂടിയാണീ ആഖ്യാനത്തിലൂടെ കമലിനു മേല്‍ വന്നു പതിച്ചത്. മറ്റിന്ത്യന്‍ ഭാഷകളോടും ദേശീയോദ്ഗ്രഥനം പോലുള്ള സങ്കല്‍പത്തോടും ജനപ്രിയ സംസ്ക്കാരത്തിന്റെ നിലപാടെന്താണ് എന്ന സങ്കീര്‍ണമായ ചോദ്യം ഉള്ളിലൊളിപ്പിച്ചു വെച്ചവയായിരുന്നു ഈ സിനിമകളുടെ ഇതിവൃത്തങ്ങള്‍. അയല്‍ സംസ്ഥാനത്തെ ഭാഷ സംസാരിക്കുന്നവരെ പരിഹസിക്കുകയും വെറുപ്പോടെ പരിഗണിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പില്‍ക്കാലത്ത് കൈയടി നേടുന്ന സാഹചര്യങ്ങള്‍, ഇന്ത്യയില്‍ രൂപപ്പെട്ടു വന്ന മണ്ണിന്റെ മക്കള്‍ വാദത്തെയും അതിന്റെ പ്രകടനമായ അസഹിഷ്ണുതയെയും പ്രതിഫലിപ്പിക്കുന്ന തരത്തില്‍ സൃഷ്ടിക്കപ്പെടുകയുണ്ടായി.

1983ല്‍ കമലിന് ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്കാരം ആദ്യമായി ലഭിച്ചു. മൂണ്ട്രാംപിറൈ(തമിഴ്/ബാലു മഹേന്ദ്ര/1983)യിലെ ഓര്‍മ നഷ്ടപ്പെട്ട നായികയെ ശുശ്രൂഷിക്കുന്ന ഊട്ടിയിലെ സ്കൂള്‍ മാസ്റ്ററുടെ വേഷം ഹൃദയസ്പൃക്കായി അവതരിപ്പിച്ചതു കണക്കിലെടുത്തായിരുന്നു അത്. കെ വിശ്വനാഥ് സംവിധാനം ചെയ്ത സാഗരസംഗമം(1983/തമിഴില്‍ ശലങ്കൈ ഒലി), സ്വാതിമുത്യം(1986/തമിഴില്‍ സിപ്പിക്കുള്‍ മുത്ത്) എന്നീ തെലുങ്ക് ചിത്രങ്ങള്‍ എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും വന്‍ വാണിജ്യ ഹിറ്റുകളായി മാറുകയും കമലിന് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒരു ഭാഷാതീത പരിവേഷം ലഭിക്കുകയും ചെയ്തു. യുവാവായ കമലിന് ആദ്യഘട്ടത്തില്‍ ധാരാളമായി അഭിനയിക്കാന്‍ അവസരങ്ങള്‍ കിട്ടിയത് മലയാളത്തിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. കന്യാകുമാരി, വിഷ്ണുവിജയം/1974, ഞാന്‍ നിന്നെ പ്രേമിക്കുന്നു, തിരുവോണം, മറ്റൊരു സീത, രാസലീല/1975, അഗ്നിപുഷ്പം, അപ്പൂപ്പന്‍, സമസ്യ, സ്വിമ്മിംഗ് പൂള്‍, അരുത്, കുറ്റവും ശിക്ഷയും, പൊന്നി, നീ എന്റെ ലഹരി/1976, വേളാങ്കണ്ണി മാതാവ്, ശിവതാണ്ഡവം, ആശീര്‍വാദം, മധുര സ്വപ്നം, ശ്രീദേവി, അഷ്ടമംഗല്യം, നിറകുടം, ഓര്‍മ്മകള്‍ മരിക്കുമോ. ആനന്ദം പരമാനന്ദം, സത്യവാന്‍ സാവിത്രി, ആദ്യപാദം/1977, അനുമോദനം, വയനാടന്‍ തമ്പാന്‍/1978 എന്നിങ്ങനെ ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടാന്‍ മാത്രം സവിശേഷതയൊന്നുമില്ലാത്ത അനവധി മലയാള സിനിമകള്‍ അക്കാലത്ത് കമല്‍ അഭിനയിച്ചു തള്ളി. വിഷ്ണു വിജയം, മദനോത്സവം(എന്‍ ശങ്കരന്‍ നായര്‍), ഈറ്റ(ഐ വി ശശി) എന്നീ സിനിമകള്‍ മാത്രമാണ് ഇക്കൂട്ടത്തില്‍ പല കാരണങ്ങളാലും അല്‍പമെങ്കിലും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത്. പില്‍ക്കാലത്ത് പ്രതിഫലത്തുക വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മലയാള സിനിമയുടെ ബജറ്റിന് കമലിനെ താങ്ങാതായി എന്നാണ് വ്യവസായപണ്ഡിറ്റുകള്‍ വ്യാഖ്യാനിച്ചത്. അതെന്തുമാവട്ടെ, രജനീകാന്തും ചിരഞ്ജീവിയും മുതല്‍ വിക്രമും വിജയ്യും വരെയുള്ള നിരവധി താരങ്ങള്‍ തമിഴിലും തെലുങ്കിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും മാറി മാറി അഭിനയിച്ചും മൊഴിമാറ്റച്ചിത്രങ്ങളിലൂടെയും സമാന പ്രശസ്തി നേടിയിട്ടുണ്ടെങ്കിലും കമല്‍ ഹാസന് ലഭ്യമായ തരത്തില്‍ സമഗ്ര തെന്നിന്ത്യന്‍ താരം എന്ന പരിവേഷം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

എന്നാല്‍ തന്റെ സമകാലീനനായ രജനീകാന്തുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്നാട്ടിനുള്ളില്‍ ജനപ്രീതിയുടെയും വാണിജ്യവിജയങ്ങളുടെയും കാര്യത്തില്‍ കമലിന് രണ്ടാം സ്ഥാനം മാത്രമാണ് എല്ലായ്പോഴും ഉള്ളതെന്നു കാണാം. പ്രാദേശിക സങ്കുചിതത്വബോധം കൂടുതലുള്ളവരാണ് തമിഴര്‍ എന്നാരോപിക്കപ്പെടാറുണ്ടെങ്കിലും കര്‍ണാടകക്കാരനായ അതും മറാത്തി തായ്‌ഭാഷയായുള്ള രജനി അവരുടെ സ്വന്തം ഹീറോയായി വാഴ്ത്തപ്പെട്ടു എന്നത് സവിശേഷമായി പഠനവിധേയമാക്കേണ്ട സംഗതിയാണ്. ബ്രാഹ്മണവിരുദ്ധവും സ്വത്വബോധം കൊണ്ട് ത്രസിച്ചിരുന്നതുമായ ഒരു ദ്രാവിഡ അടിസ്ഥാന ചിന്തയെയാണ് എം ജി ആര്‍-ജയലളിത പ്രഭൃതികള്‍ വെള്ളം ചേര്‍ത്ത് വെള്ളം ചേര്‍ത്ത് വികലമാക്കി എവിടെ തുടങ്ങി എവിടെ അവസാനിപ്പിച്ചു എന്നറിയാത്ത തരത്തിലാക്കി തീര്‍ത്തത്. ജയലളിതയിലെത്തിയപ്പോള്‍ അമിതാധികാരപ്രവണതകളുള്ള ഒരു സ്ത്രീ മേധാവിത്തം എന്ന ഘടകം വ്യക്തമാകുകയും ചെയ്തു. ഈ ഉയര്‍ച്ചയുടെ പ്രതിപ്രവര്‍ത്തനം ബ്രാഹ്മണമേധാവിത്തം, സ്ത്രീ മേധാവിത്തം, വെളുത്ത തൊലി നിറം എന്നീ രാഷ്ട്രീയ-സൌന്ദര്യ ഘടകങ്ങളോട് എതിരിടുന്നതും അവയെ വെല്ലുവിളിക്കാന്‍ പ്രാപ്തിയുള്ളതുമായ ഒരു പ്രതീകത്തെ അന്വേഷിക്കുകയായിരുന്നു. ഈ അന്വേഷണമാണ് രജനീകാന്തില്‍ കൃത്യമായ ഉത്തരം കണ്ടെത്തുന്നത്. ശിവാജി ഗണേശനും എം ജി ആറിനും ഉള്ളതുപോലുള്ള വെളുത്ത തൊലിനിറമുള്ളവര്‍ക്ക് രജനിക്കുശേഷമുള്ള കാലത്തെ സിനിമകളില്‍ സ്ഥിരമായി രണ്ടാം സ്ഥാനമേ കിട്ടിവരുന്നുള്ളൂ എന്നത് ശ്രദ്ധിക്കുക. പതിന്മടങ്ങ് അഭിനയശേഷിയും വ്യത്യസ്തമായ കഥാപാത്രവൈപുല്യവും വേണ്ടതിലേറെ ഗ്ളാമറുമുള്ള കമല്‍ ഹാസന് എപ്പോഴും രജനികാന്തിനൊപ്പമെത്താന്‍ കഴിയാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. കമല്‍ തന്റെ ചലച്ചിത്ര പരീക്ഷണങ്ങള്‍ മറ്റ് വഴിക്ക് തിരിച്ചുവിട്ടതു കൊണ്ട് അവരുടേത് ഒരു മത്സരമല്ലാതായിത്തീരുകയും കമലിന്റെ സിനിമകള്‍ വിജയ-പരാജയത്തെക്കുറിച്ചുള്ള നടപ്പു വിശകലനത്തിനു പുറത്താകുകയും ചെയ്തതിനാലാണ് ഈ മത്സരത്തിന്റെ രൂക്ഷത പില്‍ക്കാലത്ത് അനുഭവപ്പെടാതെ പോയത്. രജനീകാന്തിന്റെ തലമുറക്കു ശേഷം വന്ന പ്രധാന താരങ്ങളില്‍ അഭിനയ ശേഷി കുറവായവരാണെങ്കിലും കറുപ്പു തൊലി നിറമുള്ളവരാണ് എപ്പോഴും ഒന്നാം സ്ഥാനത്തെത്തുന്നത്. വിജയകാന്ത്, വിജയ്, പ്രഭുദേവ, മുരളി, ധനുഷ്, കലാഭവന്‍ മണി, വിശാല്‍, ജീവ, ഭരത് എന്നിങ്ങനെയുള്ളവരുടെയൊക്കെ വിജയങ്ങള്‍ക്കു പുറകില്‍ ഈ ഘടകം വ്യക്തമാണ്. അജിത്, മാധവന്‍, വിക്രം, സൂര്യ, അബ്ബാസ്, പ്രശാന്ത്, അര്‍ജുന്‍, പ്രഭു, ജയം രവി, എന്നിങ്ങനെയുള്ള താരങ്ങള്‍ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിക്കാനായെങ്കിലും തുടര്‍ച്ചയായ വിജയങ്ങളും ജനപ്രിയതയും നിലനിര്‍ത്താനാവാത്തത് കറുത്ത തൊലിനിറത്തിന്റെ അഭാവം കൊണ്ടാണെന്നു കരുതാം.

ചാര്‍ളി ചാപ്ളിനെ പ്രകടമായി അനുകരിച്ചുകൊണ്ടുള്ള ഒരു വേഷമടക്കം ഇരട്ടവേഷങ്ങളിലഭിനയിച്ച പുന്നഗൈമന്നനെ(തമിഴ്/കെ ബാലചന്ദര്‍/1986) തുടര്‍ന്നാണ് നായകന്‍(തമിഴ്/മണിരത്നം/1987) പുറത്തു വരുന്നത്. രണ്ട് പ്രകട സ്വാധീനങ്ങളാണ് ശ്രദ്ധേയമായ ഈ സിനിമക്കു മേല്‍ ആരോപിക്കപ്പെട്ടത്. ഹോളിവുഡ് ക്ളാസിക്കായ ഗോഡ്‌ഫാദര്‍ സീരീസിന്റെ അനുകരണം എന്നും മുംബൈ നഗരത്തിലെ അധോലോക രാജാവായിരുന്ന വരദരാജമുതലിയാരുടെ ജീവിതകഥ എന്നുമായിരുന്നു ആ ആരോപണങ്ങള്‍ അഥവാ പ്രശംസാവിശേഷണങ്ങള്‍. എന്നാല്‍, ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് തിരിഞ്ഞു നോക്കുമ്പോഴറിയാം നായകനെ ഏറ്റവും സവിശേഷമാക്കിയത് കമല്‍ ഹാസന്റെ അഭിനയം തന്നെയായിരുന്നു എന്നത്. വേലുനായ്ക്കര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്. കുറ്റം, അധോലോകം, അധികാരം, പോലീസ്/നിയമവാഴ്ചയുടെ അസംബന്ധ നാടകങ്ങള്‍ എന്നിങ്ങനെ സിനിമയുടെ സ്ഥിരം വിഷയങ്ങള്‍ തന്നെയായിരുന്നു നായകനിലുമുണ്ടായിരുന്നതെങ്കിലും മണിരത്നത്തെ പോലെ സീനുകളെ ക്രമീകരിക്കുന്നതിലും ആഖ്യാനത്തെ ആകര്‍ഷകമാക്കി നിലനിര്‍ത്തുന്നതിലും മുന്നോട്ടു കൊണ്ടുപോകുന്നതിലും ദത്തശ്രദ്ധനായ ഒരു പുതുതലമുറ സംവിധായകന്റെ കരസ്പര്‍ശം ചിത്രത്തെ ജനപ്രിയതയിലും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കും വിധത്തിലും ശ്രദ്ധേയമാക്കി മാറ്റി. കോടതിയിലേക്ക് വിചാരണക്കു പോകുന്ന ഘട്ടത്തില്‍, പെരിയപ്പാ താങ്കള്‍ ഒരു നല്ല മനുഷ്യനാണോ എന്ന പേരമകന്റെ ചോദ്യത്തിനു മുന്നില്‍ എനിക്ക് വ്യക്തമായറിയില്ല എന്നുത്തരം പറയേണ്ടി വരുന്ന ഘട്ടത്തിലും മറ്റുമുള്ള കമലിന്റെ മുഖവിന്യാസവും ശാരീരിക പ്രകടനവും അനനുകരണീയവും അസാമാന്യമാം വിധം മികച്ചതുമായിരുന്നു. അദ്ദേഹത്തിന് നല്ല നടനുള്ള രണ്ടാമത് ദേശീയ പുരസ്കാരം നായകന്‍ നേടിക്കൊടുത്തു. കമലിന്റേതു പോലെ, ഒരര്‍ത്ഥത്തില്‍ ആസൂത്രിതവും മറ്റൊരര്‍ത്ഥത്തില്‍ സ്വാഭാവികവുമായതും അതേ സമയം അങ്ങേയറ്റം മാനുഷികവുമായ അഭിനയശൈലിയിലൂടെ അധോലോകരാജാവിനോടും അധോലോകത്തോടു തന്നെയുമുള്ള കാണിയുടെ ആരാധന വര്‍ദ്ധിക്കുകയായിരുന്നു എന്നതും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളാണ് കമല്‍ഹാസന്‍ എന്ന് നായകന്‍ പോലുള്ള സിനിമകള്‍ തെളിയിച്ചെടുത്തു.

നിശ്ശബ്ദസിനിമാകാലത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് രൂപപ്പെടുത്തിയ സവിശേഷ സിനിമയായ പുഷ്പക്(കന്നടയിലും എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും/ശിങ്കിതം ശ്രീനിവാസ റാവു/1988) കമലിന്റെ ചലച്ചിത്രജീവിതത്തിലെ തന്നെ എടുത്തു പറയേണ്ട മികവുള്ള ഒന്നാണ്. ഒറ്റ ദിവസം രാജാവാകുക എന്ന ആവര്‍ത്തിക്കപ്പെടുന്ന ഇതിവൃത്തം തന്നെയാണ് ആഖ്യാനം ചെയ്യപ്പെടുന്നതെങ്കിലും ദൃശ്യഭാഷയുടെ ചേതോഹരമായ ഉപയോഗമാണീ സിനിമയിലുള്ളത്. സംഭാഷണമില്ലെങ്കിലും പശ്ചാത്തലശബ്ദങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള പുഷ്പക്, ശബ്ദം ഏറ്റവും സൂക്ഷ്മമായി പ്രയോജനപ്പെടുത്തുന്നതിന് പോലും നല്ല ഉദാഹരണങ്ങള്‍ സൃഷ്ടിച്ചു. തൊഴില്‍രഹിതനായ നായകന്‍ ഒരു തല്ലിപ്പൊളി സിനിമാതിയറ്ററിനു തൊട്ടടുത്തുള്ള താഴ്ന്ന തരം ലോഡ്ജിലാണ് താമസം. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ തിയറ്ററില്‍ കളിക്കുന്ന ഹോങ്കോങ് കുങ്ഫു സിനിമയിലെ ഡിഷ്യും ഡിഷ്യും കേട്ടു ശീലിക്കുകയാണ് നായകന്‍. മദ്യപാനിയായ പണക്കാരന്‍ താമസിക്കുന്ന പഞ്ച നക്ഷത്രഹോട്ടല്‍ മുറിയുടെ താക്കോല്‍ കൈയില്‍ കിട്ടി അവിടത്തെ ഏ സിയുടെ സുഖത്തില്‍ ഉറങ്ങാന്‍ കിടക്കുന്ന നായകന്‍ ഉറക്കം വരാതെ ഞെളിപിരികൊള്ളുകയാണ്. കാരണം മനസ്സിലാക്കിയ അയാള്‍ തന്റെ മുറിയില്‍ വന്ന് ടേപ്പ് റിക്കാര്‍ഡറില്‍ ഡിഷ്യും ഡിഷ്യും ശേഖരിച്ചതിനു ശേഷം ഹോട്ടലില്‍ കൊണ്ടുപോയി അത് പ്രവര്‍ത്തിച്ചിപ്പാണ് ഉറക്കം തിരിച്ചു പിടിക്കുന്നത്. ശബ്ദത്തിന് ജീവിതത്തിലും സിനിമയിലും ഉള്ള പരമപ്രാധാന്യം ഈ തമാശ സീക്വന്‍സിലൂടെ അനുഭവവേദ്യമാകുകയാണ്. സിനിമയുടെ ചരിത്രത്തോട് എന്നും പ്രതിബദ്ധനാണ് കമല്‍ ഹാസന്‍ എന്നതിന് ധാരാളം തെളിവുകളുള്ളതില്‍ പ്രധാനപ്പെട്ടതാണ് പുഷ്പക്.

1989ലാണ് അപൂര്‍വ സഹോദരങ്ങള്‍(തമിഴ്, പിന്നീട് അപ്പുരാജ എന്ന പേരില്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെട്ടു/ ശിങ്കിതം ശ്രീനിവാസ റാവു/1989) പുറത്തു വന്നത്. വന്‍ വാണിജ്യ ഹിറ്റായ ഈ സിനിമയില്‍ കമല്‍ മൂന്നു വേഷങ്ങളിലാണഭിനയിച്ചത്. അതിലൊന്ന് സര്‍ക്കസു കോമാളിയായ കുള്ളനായിട്ടായിരുന്നു. ഈ വേഷത്തിന്റെ വിജയത്തെ തുടര്‍ന്ന്, തന്റെ ശരീരം കൊണ്ടുള്ള പരീക്ഷണങ്ങള്‍ക്ക് കമല്‍ തുടരെ തുടരെ തയ്യാറായി തുടങ്ങി. 'ആര്‍ട് ഫിലി'മായി ഗണിക്കപ്പെടുന്ന ഗുണ(തമിഴ്/സന്താനഭാരതി/1992), അവ്വൈ ഷണ്‍മുഖി(തമിഴ്, ഹിന്ദിയിലേക്ക് ചാച്ചി 420 എന്ന പേരില്‍ റീമേക്ക് ചെയ്യപ്പെട്ടു/കെ എസ് രവികുമാര്‍/1996), ആളവന്താന്‍(തമിഴ്/സുരേഷ്‌കൃഷ്ണ/2000), അന്‍പേശിവം(തമിഴ്/2003/സുന്ദര്‍ സി), ദശാവതാരം(തമിഴ്/കെ എസ് രവികുമാര്‍/2008) എന്നീ സിനിമകളിലൊക്കെ തന്റെ ശരീരം കൊണ്ട് പരീക്ഷണം നടത്തുന്ന കമല്‍ ഹാസനെ നമുക്ക് കാണാം.

ഒന്നില്‍ കൂടുതല്‍ വേഷങ്ങളിലഭിനയിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന വിദ്യയും ഒരൊഴിയാബാധ പോലെ കമല്‍ കൊണ്ടു നടക്കുന്നു. രണ്ടില്‍ തുടങ്ങി പത്തു വരെയെത്തിയ ഈ പരീക്ഷണങ്ങളില്‍ ഏറ്റവും രസകരമായ സിനിമ മൈക്കിള്‍ മദന്‍ കാമരാജന്‍ (തമിഴ്/ശിങ്കിതം ശ്രീനിവാസ റാവു/1990) ആണ്. തീവ്രവാദിയുടെയും പൊലീസുകാരന്റെയും ആത്മാര്‍ത്ഥതയും കുടുംബബന്ധങ്ങളും കൂടിയുള്ള കുഴമറിച്ചിലുകളും ദൌര്‍ബല്യങ്ങളും ചേര്‍ന്നുണ്ടാവുന്ന എട്ടുകാലി വലപോലത്തെ സമസ്യകളില്‍ നിന്ന് രൂപം കൊണ്ട ഗോവിന്ദ് നിഹലാനിയുടെ ഇതിവൃത്തത്തെ(ദ്രോഹ്കാല്‍) കുരുതി പ്പുനല്‍(തമിഴ്/പി സി ശ്രീറാം/1995) എന്ന പേരില്‍ മികവോടെ പുനപ്രകാശനം ചെയ്യാന്‍ കഴിഞ്ഞ കമല്‍ ഹാസന്‍ എ വെനസ്ഡേ എന്ന സിനിമ ഉന്നൈപ്പോല്‍ ഒരുവന്‍(തമിഴ്/ചക്രി തൊലേത്തി/2009) എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോള്‍ വേണ്ടത്ര ശ്രദ്ധേയമായില്ല. അനുപം ഖേറും നസീറുദ്ദീന്‍ ഷായും മിനിമലിസ്റുകളായി അഭിനയിച്ചപ്പോള്‍, കമലിനും മോഹന്‍ലാലിനും താരപരിവേഷത്തില്‍ നിന്ന് പുറത്തുകടക്കാനായില്ല എന്നതാണ് പരാജയം.

വിനോദത്തിന്റെയും കഥാഖ്യാനത്തിന്റെയും രീതികളില്‍, അധികാരവും സ്വേഛാധിപത്യ പ്രവണതയും എങ്ങനെയാണ് ഇട കലര്‍ന്ന് മേധാവിത്തം സ്ഥാപിക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്ത്യന്‍(തമിഴ്, ഹിന്ദിയില്‍ ഹിന്ദുസ്ഥാനി/ഷങ്കര്‍/1996). സമൂഹത്തിലെ അനീതികള്‍, അഴിമതികള്‍, കൊള്ളരുതായ്മകള്‍, ദുഷിച്ച അധികാരവ്യവസ്ഥ എന്നിവയെ ശാസ്ത്രീയമായി അപഗ്രഥിച്ച് ജനാധിപത്യപരമായ വിമോചനപദ്ധതി ആവിഷ്ക്കരിക്കുന്ന ജനമുന്നേറ്റത്തെ നിഷ്പ്രഭമാക്കുന്ന ഒറ്റയാന്‍ അവതാരങ്ങളെ വാഴ്ത്തുന്ന ഇന്ത്യന്റെ വിജയത്തില്‍ നിന്ന് നരേന്ദ്രമോഡിയുടെയും രാജ് താക്കറെയുടെയും പടയോട്ടങ്ങളിലേക്ക് വലിയ ദൂരമില്ല. ഇന്ത്യനിലെ അഭിനയത്തിനും കമലിന് ദേശീയ പുരസ്കാരം ലഭിച്ചു.

ഹേ റാം(തമിഴും ഹിന്ദിയും/സംവിധാനം കമല്‍ ഹാസന്‍/2000) പോലെ ഒരു സിനിമ എന്താണ് അര്‍ഥവും അന്തരാര്‍ത്ഥവുമാക്കിയതെന്നല്ല, മറിച്ച് അത് എങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്നതായിരുന്നു ശ്രദ്ധേയമായ സംഗതി. ഹിന്ദു വര്‍ഗീയ ഫാസിസത്തോട് അനുഭാവമുള്ള പ്രേക്ഷകര്‍ ഈ സിനിമ കണ്ടപ്പോള്‍ ഇത് അവരുടെ ആശയഗതിക്ക് അനുയോജ്യമായ സിനിമയായിട്ടാണ് അനുഭവപ്പെട്ടത്. വിരുദ്ധാശയക്കാരെ കൊന്നൊടുക്കുന്നതിലും രക്തഘോഷയാത്രകള്‍ സംഘടിപ്പിക്കുന്നതിലും സ്വയം ആനന്ദം കണ്ടെത്തുന്നവരാണ് ഫാസിസ്റുകള്‍ എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. ഹിന്ദു വര്‍ഗീയവാദത്തെ പ്രത്യക്ഷമായി അംഗീകരിച്ച് പ്രയോഗവത്ക്കരിക്കുന്ന സാകേത് റാം (കമല്‍ ഹാസന്‍) എന്ന നായക കഥാപാത്രത്തോട് സമഭാവപ്പെട്ടുകൊണ്ട് ഹേ റാം കാണുന്ന ഒരു ഹിന്ദു വര്‍ഗീയാശയക്കാരന് പ്രത്യക്ഷവും പരോക്ഷവുമായ ആനന്ദം ഈ ചിത്രം ഏകിയിരുന്നു. അവസാന ദൃശ്യത്തില്‍ സാകേത് റാം മനം മാറുന്നതോ ഗാന്ധിയാശയത്തില്‍ ലയിക്കുന്നതോ അത്തരമൊരു പ്രേക്ഷകനെ താല്‍ക്കാലിക നൈരാശ്യത്തിലെത്തിച്ചേക്കാമെങ്കിലും അതുവരെയുള്ള കാഴ്ചകളിലൂടെ സംഭവിച്ച വിജൃംഭണം അതുകൊണ്ടു മാത്രം മരവിക്കുന്നില്ല. വ്യത്യസ്തമായ രാഷ്ട്രീയ-ചരിത്ര വീക്ഷണകോണ്‍ സ്വീകരിക്കുന്ന മറ്റു പ്രേക്ഷകര്‍ക്ക് ഈ സിനിമയെ ഗാന്ധിയെ കണ്ടെത്തുന്ന ഒന്നായിട്ടും അനുഭവിക്കാന്‍ എല്ലാ സാധ്യതകളുമുണ്ടായിരുന്നു താനും. തന്റെ ഉള്ളില്‍ നിവസിക്കുന്ന കാട്ടുമൃഗത്തെയും സമാധാനകാംക്ഷിയെയും ഒരേസമയം തുറന്നുകാണിക്കുന്നതിനാണ് താന്‍ ഹേ റാം എടുത്തത് എന്ന കമല്‍ഹാസന്റെ വാദം അവരെ സംബന്ധിച്ചിടത്തോളം മാത്രമാണ് പ്രസക്തമാവുന്നത്.

വധശിക്ഷക്കെതിരായ വികാരത്തെ പിന്തുണക്കുന്നതിനുവേണ്ടി കമല്‍ ഹാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് വിരുമാണ്ടി(തമിഴ്/2004). തന്റെ പിതാവിനെ വധശിക്ഷക്കു വിധേയമാക്കിയതിലെ തീക്ഷ്ണമായ വ്യാകുലതയെ തുടര്‍ന്നാണ് ഏഞ്ചല കാത്തമുത്തു (രോഹിണി) സിവില്‍ നിയമത്തില്‍ ഡോക്ടറേറ്റെടുക്കുന്നതും വധശിക്ഷക്കെതിരായ ലോകവ്യാപകപ്രചാരണത്തില്‍ പങ്കു ചേരുന്നതും. സങ്കീര്‍ണമായ നീതിന്യായ നിര്‍വഹണത്തിന്റെ ഫലമായി നിരപരാധികള്‍ പോലും ശിക്ഷിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അങ്ങിനെ ശിക്ഷിക്കപ്പെടുന്ന ഒരു നിരപരാധിക്ക് വധശിക്ഷ തന്നെയാണ് ലഭിക്കുന്നതെങ്കില്‍, അതെത്രമാത്രം മനുഷ്യത്വ വിരുദ്ധമാണ് എന്ന പോയന്റാണ് ഈ ചിത്രത്തിന്റെ അവതാരക എന്ന നിലയില്‍ ഏഞ്ചല ശക്തമായി ഉന്നയിക്കുന്നത്. കൊത്താളത്തേവരെ(പശുപതി) ജീവപര്യന്തം തടവിനും വിരുമാണ്ടി(കമല്‍ ഹാസന്‍)യെ വധശിക്ഷക്കും വിധേയമാക്കിയ സംഭവങ്ങളെയും കോടതി വാദങ്ങളെയും വിധികളെയും തടവിനെയും ഒക്കെ വികാരതീവ്രമായി ആവിഷ്ക്കരിച്ചിരിക്കുന്നു. ‘വിരുമാണ്ടിക്ക് എ സര്‍ടിഫിക്കറ്റ് നല്‍കിയതിലൂടെ സെന്‍സറിംഗിന്റെ വൈകല്യം ബോധ്യപ്പെട്ടെന്നും സെന്‍സറിംഗ് ഇനിയും നാം തുടരേണ്ടതുണ്ടോ എന്നാലോചിക്കാനുള്ള സമയം അതിക്രമിച്ചെന്നും കമല്‍ അഭിപ്രായപ്പെടുകയുണ്ടായി.

സെന്‍സറിംഗ് കാലഹരണപ്പെട്ട ഒരു ഭരണകൂട മര്‍ദനോപാധിയാണെന്ന അഭിപ്രായത്തോട് ചരിത്രബോധവും ജനാധിപത്യ വീക്ഷണവും കലാഭിരുചിയും ഉള്ള ഏതാളും യോജിക്കും. എന്നാല്‍, ‘വിരുമാണ്ടിയില്‍ ദൃശ്യവല്‍ക്കരിച്ചതു പോലുള്ള അമിതവും ബീഭത്സവുമായ അക്രമരംഗങ്ങളുടെ ന്യായീകരണത്തിനു വേണ്ടി സെന്‍സറിംഗ് വിരോധം എന്ന പുരോഗമനനിലപാട് സ്വീകരിക്കുന്നതും ശരിയാണെന്നു തോന്നുന്നില്ല. കൈയും കാലും വെട്ടിമുറിച്ച് ആ അവയവ ഭാഗങ്ങളെ തെറിപ്പിക്കുന്നതിന്റെ സമീപദൃശ്യങ്ങള്‍ക്ക് എത്ര സാങ്കേതിക മികവുണ്ടെങ്കിലും വിശ്വാസ്യതയില്ലാത്തതു കൊണ്ട് വലിയ കുഴപ്പമില്ല. എന്നാല്‍, അന്ത്യരംഗത്തില്‍ മുഖ്യപ്രതിനായകനായ കൊത്താളത്തേവരുടെ കഴുത്തിലെ മര്‍മത്തില്‍ ചൂണ്ടാണി വിരല്‍ അമര്‍ത്തി ചോര തെറിപ്പിച്ച് അയാളെ നിഗ്രഹിക്കുന്നതിന്റെ സമീപദൃശ്യം തികച്ചും ഭയാനകവും ഹീനവുമാണ്. മര്‍മ്മങ്ങളില്‍ ചൂണ്ടാണി വിരലമര്‍ത്തി അഴിമതിക്കാരെയും ജനദ്രോഹികളെയും നിഗ്രഹിക്കുന്ന ‘ഇന്ത്യനിലെ താന്‍ തന്നെ അവതരിപ്പിച്ച നായകകഥാപാത്രം ഫാസിസത്തിന്റെ ന്യായീകരണമാണെന്ന് കമല്‍ ഹാസന്‍ തന്നെ ഒരിക്കല്‍ സമ്മതിച്ചിരുന്നതാണ്. ജാതി സ്പര്‍ധ, പ്രാദേശികത്തനിമ, മണ്ണിനോടും കാര്‍ഷികവൃത്തിയോടും ഉള്ള മനുഷ്യരുടെ നൈസര്‍ഗികബന്ധം, സമുദായങ്ങള്‍ മുറിച്ചുകടന്നു കൊണ്ടുള്ള പ്രണയം എന്നിങ്ങനെ നിരവധി പ്രസക്തമായ വിഷയങ്ങള്‍ ‘വിരുമാണ്ടിയിലുണ്ട്. ഇവയൊക്കെ പ്രാധാന്യത്തോടെയും സാങ്കേതികവും യുക്തിസഹവുമായ പ്രതിപാദനത്തിലൂടെയും വിശദമാക്കിയിട്ടുമുണ്ട്. കൂടാതെ, പ്രതിനായകന്റെ കഥാവിവരണവും അതേ ദൃശ്യങ്ങളെ തന്നെ തുടര്‍ന്നവതരിപ്പിച്ചുകൊണ്ട് നായകനായ വിരുമാണ്ടിയുടെ കഥാവിവരണവും പോലുള്ള ‘റാഷമോണ്‍’ ശൈലിയും ചിത്രത്തിന്റെ ചടുലതക്കും ചലച്ചിത്രപരതക്കും മാറ്റു കൂട്ടിയിട്ടുണ്ട്. എന്നാല്‍, വധശിക്ഷാവിരോധം എന്ന പ്രഖ്യാപിത മുഖ്യ ഗുണപാഠവും മറ്റനവധി സഹായ ഗുണപാഠങ്ങളും സിനിമക്കുണ്ടെങ്കിലും രക്തരൂഷിതമായ അക്രമദൃശ്യങ്ങളും പ്രതികാരക്കഥയിലെ കണ്ടുമടുത്ത നന്മ/തിന്മ ദ്വന്ദ്വങ്ങളും മറ്റും നിറഞ്ഞു നില്‍ക്കുന്ന പാഠം ഈ ഗുണപാഠങ്ങള്‍ക്കു വിരുദ്ധദിശയിലാണ് സഞ്ചരിക്കുന്നത്.

മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന തന്റെ രാഷ്ട്രീയ-ചരിത്ര-പൌരാണിക-സദാചാര-ദൈവ-മത വീക്ഷണങ്ങളെ ആഖ്യാനത്തിലേക്ക് കൂട്ടിക്കുഴക്കുന്നതിലൂടെ നിരൂപകരുടെയും നിരീക്ഷകരുടെയും മതമൌലികവാദികളുടെയും കോടതികളുടെ തന്നെയും ശരാശരി വ്യാഖ്യാനങ്ങളെ സങ്കീര്‍ണമാക്കുന്നതാണ് ഒരു പക്ഷെ കമലിന്റെ ബ്രഹ്മാണ്ഡ പരീക്ഷണ ചിത്രമായ ദശാവതാര(തമിഴ്/കെ എസ് രവികുമാര്‍/2008)ത്തില്‍ ദര്‍ശിച്ച ഏറ്റവും കൌതുകകരമായ കാഴ്ച. ശൈവ-വൈഷ്ണവ സംഘര്‍ഷം മുതല്‍ മുന്‍ സി ഐ എ ക്കാരനായ പ്രതിനായകന്‍, ബുഷ് പോലെ ഏറ്റവും വെറുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡണ്ട് എന്നിങ്ങനെ കാല-ചരിത്ര-രാഷ്ട്രീയ സങ്കല്‍പങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും കുഴച്ചു മറിക്കുന്ന കമലിന്റെ ഈ അതിഭൌതിക സിനിമ 'അത്ഭുതങ്ങള്‍' സൃഷ്ടിക്കുമെന്നു പ്രചരിപ്പിക്കപ്പെട്ടെങ്കിലും കുറച്ചു ദിവസത്തെ കൌതുകങ്ങള്‍ക്കു ശേഷം വിസ്മൃതിയിലേക്ക് മറഞ്ഞുപോയി.

കടവുള്‍ പാതി മിറിഗം പാതി (പകുതി ദൈവവും പകുതി മൃഗവുമാണ് ഞാന്‍) എന്നാണ് ആളവന്താനിലെ മുഖ്യ കഥാപാത്രമായ നന്ദു എന്ന മാനസികരോഗി(കമല്‍ഹാസന്‍) തന്നെക്കുറിച്ചു പാടുന്ന കവിതയിലെ വരികള്‍. പുറമെ മൃഗവും ഉള്ളില്‍ ദൈവവുമാണ് താന്‍ എന്നാണയാളുടെ സ്വയം ന്യായീകരണം. നന്ദുവിന്റെയും ഇരട്ടയായ വിജയ് എന്ന കരസേനാ മേജറുടെയും അതുവഴി മുഴുവന്‍ മനുഷ്യരുടെയും വ്യക്തിത്വങ്ങളിലും സ്വഭാവസങ്കീര്‍ണതകളിലും ഇടകലര്‍ന്നു കിടക്കുന്ന മൃഗീയവും ദൈവികവുമായ പ്രത്യേകതകളെ സൂചിപ്പിക്കാനായിരുന്നു കമലിന്റെ ശ്രമം. സമാധാനത്തിനും അഹിംസക്കും വേണ്ടി സംസാരിക്കുന്നതിന് അക്രമത്തിന്റെയും ഹിംസയുടെയും മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോഴുണ്ടാകുന്ന ഇരുതലമൂര്‍ച്ചയാണ് കമല്‍ഹാസന്റെ ഈ സിനിമകളിലൊക്കെയും സംഭവിച്ചത്. ഉദ്ദേശിക്കുന്നതായി പുറമെക്ക് പറയുന്നത് ഒന്ന്, ചലച്ചിത്രവത്ക്കരണത്തില്‍ സംഭവിക്കുന്നത് നേര്‍വിപരീതമായ ഒന്ന് എന്നിങ്ങനെ കമലിന്റെ പദ്ധതികള്‍ എല്ലായ്പോഴും തിരിഞ്ഞു പ്രവര്‍ത്തിക്കുന്നു.

ബ്രിട്ടീഷുകാരാല്‍ തൂക്കിക്കൊല്ലപ്പെട്ട പടയാളി മരുതനായകത്തെക്കുറിച്ചുള്ള സിനിമ മുടങ്ങിപ്പോയതിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വെളിവായിട്ടില്ല. ആ ധീര പോരാളി മുഹമ്മദ് യൂസഫ് ഖാനായി മതപരിവര്‍ത്തനം ചെയ്തിട്ടുണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ഇപ്രകാരം മതം മാറ്റം എന്ന പാത സ്വയം തിരഞ്ഞെടുത്ത ഒരു പോരാളി ബ്രിട്ടീഷുകാരാല്‍ തൂക്കിക്കൊല്ലപ്പെട്ടു എന്ന ചരിത്ര സത്യം പുറത്തു വരുന്നതില്‍ ഭയക്കുന്ന ഏതെങ്കിലും സ്വേഛാധിപത്യ സംഘടനയുടെ സാംസ്ക്കാരിക/സദാചാര പോലീസിങാണോ മരുതനായകത്തെ അനിശ്ചിതത്വത്തിലാക്കിയത് എന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും അത് തുറന്നു പറയാന്‍ ഇതേവരേയും കമല്‍ ഹാസന്‍ തയ്യാറായിട്ടില്ല എന്നത് അദ്ദേഹത്തിന്റെ മാനസികസന്ദിഗ്ദ്ധാവസ്ഥയുടെ മറ്റൊരു ലക്ഷണമായി എഴുതിത്തള്ളാവുന്നതാണോ?

ഹിന്ദു-ബ്രാഹ്മണനായി ജനിച്ചെങ്കിലും മത-ജാതി രഹിതനെന്നും അവിശ്വാസിയെന്നും സ്വയം പ്രഖ്യാപിക്കുന്ന കമല്‍ ഹാസന്‍ അന്‍പേ ശിവം - സ്നേഹമാണ് ദൈവം എന്നതാണ് തന്റെ വിശ്വാസപ്രമാണം എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഇതില്‍ നിന്ന് ഒരു കാര്യം ഉറപ്പിക്കാം. സിനിമയാണ് കമലിന്റെ മതവും ജാതിയും ദൈവവും കുടുംബവും പ്രണയ-കാമങ്ങളും. മാജിക്കും കലയും സാങ്കേതിക വിദ്യയും മുതലാളിത്തവും ചേര്‍ന്ന് രൂപം കൊടുത്ത അത്ഭുതമതമായ സിനിമയില്‍ അത്ഭുതം പൂണ്ട് നില്‍ക്കുകയും നടക്കുകയും നടിക്കുകയും പാടുകയും ആടുകയും കലഹിക്കുകയും തല കുത്തി വീഴുകയും ചെയ്യുന്ന നിഷ്കളങ്കനായ ഒരു ശിശുവാണ് കമല്‍ ഹാസന്‍. സിനിമയോടുള്ള ആസക്തി എന്ന ഒറ്റ ഊര്‍ജ്ജം കൊണ്ട് ജീവിക്കുന്ന കമല്‍, സിനിമയില്‍ ഏതറ്റം വരെയും പോകുന്ന സാഹസിക പരീക്ഷണങ്ങള്‍ക്ക് തയ്യാറാകുമ്പോഴും സിനിമയെ ജനപ്രിയമാക്കിത്തീര്‍ക്കുന്നതിനും അതിനെ വാണിജ്യവിജയമാക്കുന്നതിനും പരിശ്രമിക്കുന്നതു കാണാം; പലപ്പോഴും പരാജയപ്പെടാറുണ്ടെങ്കിലും. ചലച്ചിത്ര പരീക്ഷണങ്ങള്‍ കേവല സൌന്ദര്യമാത്ര/ആര്‍ട് ഹൌസ് സിനിമകളിലേ സാധിക്കൂ എന്ന ധാരണ അദ്ദേഹം അംഗീകരിക്കുന്നില്ല. ജനപ്രിയതക്കും പരീക്ഷണങ്ങള്‍ക്കും ഇടയില്‍ ചാഞ്ചാട്ടം നടത്തുന്ന കമലിന്റെ ആസൂത്രണങ്ങള്‍ അതുകൊണ്ടു തന്നെ വിജയ-പരാജയങ്ങളെക്കുറിച്ചുള്ള സാമ്പ്രദായിക അളവുകോല്‍ വെച്ച് തിട്ടപ്പെടുത്താനാവില്ല എന്നതാണ് സത്യം.

12 comments:

Roby said...

അസാമാന്യമായ സ്ക്രീൻ ടോളറബിലിറ്റി ഉള്ള നടനാണു കമൽ. ബുദ്ധിമാനായ, കഴിവുള്ള നടനും താരവും. പക്ഷെ, നോട്ട് എ ഗ്രേറ്റ് ആക്ടർ ലൈക്ക് നസറുദ്ദീൻ ഷാ.

എല്ലാ താരങ്ങൾക്കുമുള്ള പ്രശ്നം, കഥാപാത്രമായി മാറാനുള്ള കഴിവില്ല്ലായ്മ, കമലിനുമുണ്ട്. സ്വന്തം മാനറിസങ്ങൾ ഇടക്കൊക്കെ പൊങ്ങിവരും.(ഈ പ്രശ്നം ചില വേഷങ്ങളിലെങ്കിലും മമ്മൂട്ടി പരിഹരിച്ചിട്ടുണ്ടെന്നു തോന്നുന്നു)

സ്വയം പ്രകടിപ്പിക്കാനുള്ള ഈ ത്വര കാരണമാണെന്നു തോന്നുന്നു പലപ്പോഴും അഭിനയിക്കാനായി ശ്രദ്ധാപൂർവ്വം രൂപപ്പെടുത്തിയ(പാത്രസൃഷ്ടിയിലെ പോരായ്മകളും തന്റെ പരിമിതികളും മേക്കപ്പ് കൊണ്ട് പരിഹരിക്കും) ഒരു കഥാപാത്രവും, ഹീറോ കളിക്കാനായി മറ്റൊന്നും മിക്ക കമൽ സിനിമകളിലുമുള്ളത്.

Melethil said...

overact ചെയ്യാനുള്ള tendency ഉണ്ട് കമലിന്. ചാണക്യന്‍ പോലെയുള്ള പടങ്ങള്‍ കണ്ടാലറിയാം.പ്രത്യേകിച്ചും തിലകന്റെയൊക്കെ ഒപ്പം നില്‍ക്കുമ്പോള്‍ അത് വ്യക്തമായി കാണാം.

Devadas V.M. said...
This comment has been removed by the author.
Devadas V.M. said...

കമലിന്റെ ഒരു നടന്‍ എന്നതിലുപരിയായി താരം എന്ന നിലയിലാണ്‌ കാണുന്നത്.
അഭിനയത്തില്‍ പലപ്പോഴും കൃത്രിമത്വം തോന്നാറുമുണ്ട്. എന്നാലും നായകന്‍ , വീരുമാണ്ടി, തേവര്‍ മകന്‍, മഹാനദി, അന്‍പേ ശിവം, മൈക്കീള്‍‌മദന്‍.. എന്നിങ്ങനെയുള്ള സിനിമകളില്‍ നന്നായി ചെയ്തെന്ന് തോന്നിയിട്ടുണ്ട്, കൊട്ടിഘോഷിക്കപ്പെട്ട ഒരു തമിഴ് പടവുത്തിലും കമലിനെ അത്ര ഇഷ്ടമായിട്ടില്ല (ഹേറാം, ദശാവതാരം പോലെയുള്ളത്) . കഥാപാത്രങ്ങളില്‍ കമല്‍ കയറി വരുന്നത് തന്നെ ആണ് പുള്ളീടെ പ്രധാന പ്രശ്നം എന്ന് തോന്നുന്നു ('ബ ബ ബബ' എന്ന വിറ ഡയലോഗ് വരെ)

Calvin H said...

കമലിന്റെ അഭിനയത്തേക്കാൾ എനിക്കിഷ്ടം അദ്ദേഹത്തിന്റെ നിലപാടുകൾ ആണ്

സുജനിക said...

കമലിന്റെ മഹാനഗരം എന്ന സിനിമയിലെ അഭിനയം എടുത്തു പറയണം എന്നു തോന്നി.

പിന്നെ പൊതുവെ എല്ലാ സിനിമയിലും വേഷമെന്തായാലും മൂപ്പരുടെ സ്റ്റയിൽ ഒരു മാറ്റവുമില്ല. വേഷപ്പകർച്ച എന്നൊന്ന് ഇല്ലെന്നാണു എന്റെ നിരീക്ഷണം.

സുജനിക said...

മഹാ നഗരം അല്ല ‘മഹാനദി’ തെറ്റുപറ്റിപ്പോയി.

nandakumar said...

അപാര സൌന്ദര്യങ്ങളുള്ള ലേഖനം. തീര്‍ച്ചയായും കമലിന്റെ അഭിനയത്തിന്റെ-വിശകലനങ്ങളുടെ ഒരു റഫറന്‍സായി ഈ ലേഖനത്തെ എടുത്തുവെക്കാവുന്നതാണ്.
അസാമാന്യവും സൂക്ഷ്മവുമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കമലിന്റെ ഏതു കഥാപാത്രങ്ങളിലും കാണാം. അമ്പേ പരാജയപ്പെടുന്ന സിനിമളിലടക്കം. എങ്കിലും പലപ്പോഴും അല്‍പ്പാച്ചിനോയുടേയും ടോം ഹാങ്ക്സിന്റേയും സ്വാധീനം(..പോലെ) കമലിന്റെ അഭിനയത്തില്‍ (എനിക്ക്) ചിലപ്പോഴൊക്കെ ദര്‍ശിക്കാനാവുന്നു.

(ആ അവസാന പാരഗ്രാഫിലെ വരികള്‍ ക്വോട്ട് ചെയ്യണമെന്നുണ്ട് ആവര്‍ത്തന ഭയം കാരണം ചെയ്യുന്നില്ല :))

ശ്രീ said...

കമലിനെ പറ്റി എത്ര പറഞ്ഞാലാണ് അധികമാകുക?

വളരെ നല്ലൊരു ലേഖനം.

ഗന്ധർവൻ said...

ഇത്ര വിശദമായ ഒരു ലേഖനം എഴുതിയതിന് നന്ദി.തീർച്ചയായും കമൽഹാസൻ എന്ന നടന്റെ ജീവിതത്തിലേക്ക് ഒരു ഓട്ടപ്രദക്ഷിണത്തിന് ഈ ലേഖനം ഉപകരിക്കും

NANZ said...

പ്രൌഡഗംഭീരമായ ലേഖനം. തികച്ചും വസ്തുനിഷ്ഠമായി എഴുതിയിരിക്കുന്നു. തികച്ചും പ്രയോജനപ്രദം.
വളരെ നന്ദി.

G P RAMACHANDRAN said...

thanks to all