Tuesday, February 23, 2010

ബ്ളാക്ക് ആന്റ് വൈറ്റിലെ വര്‍ണരാജികള്‍

ബ്ളാക്ക് ആന്റ് വൈറ്റ് സിനിമയുടെ കാലം അവസാനിച്ചതിനെ തുടര്‍ന്ന് ചലച്ചിത്ര പഠനങ്ങളിലും ഗവേഷണങ്ങളിലും ചരിത്രാന്വേഷണങ്ങളിലും പിന്നെ ഗൃഹാതുരത്വങ്ങളിലും മാത്രമേ കറുപ്പിനും വെളുപ്പിനും അവക്കിടയില്‍ സൃഷ്ടിക്കപ്പെടുന്ന ചാരനിറങ്ങള്‍ക്കും നിഴലുകള്‍ക്കും സ്ഥാനമുള്ളൂ എന്നാണ് പൊതുധാരണ. എല്ലാ കാഴ്ചസ്ഥലങ്ങളും കടുത്ത വര്‍ണങ്ങള്‍ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. ഈ കുറിപ്പ് പക്ഷെ അതിനെക്കുറിച്ചൊന്നുമല്ല. ബ്ളാക്ക് ആന്റ് വൈറ്റില്‍ ചിത്രീകരിക്കുകയും സിനിമാചരിത്രത്തില്‍ നിഷ്ക്കാസിതമാക്കാനാവാത്ത വിധം സ്ഥാനം പിടിച്ചെടുക്കുകയും ചെയ്ത ചില ചലച്ചിത്ര/ദൃശ്യങ്ങളിലെ വര്‍ണപ്രതീതികളുടെ അത്ഭുതവും സന്ത്രാസവും പങ്കുവെക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്. അതായത്, കറുപ്പിലും വെളുപ്പിലും മാത്രം ചിത്രീകരിച്ചിട്ടും ചുകപ്പ്, പച്ച പോലുള്ള കടും നിറങ്ങളില്‍ തിരിച്ചറിയപ്പെട്ട ചില ദൃശ്യപദാര്‍ത്ഥങ്ങളും അവയെ അപ്രകാരം തിരിച്ചറിയപ്പെടാന്‍ പ്രേരിപ്പിക്കപ്പെട്ട ചരിത്ര/ദൃശ്യ ബോധവുമാണ് അന്വേഷിക്കപ്പെടുന്നത്.

ചാര്‍ളി ചാപ്ളിന്റെ മോഡേണ്‍ ടൈംസിലെ ഒരു മുഖ്യദൃശ്യം ഇപ്രകാരമാണ്. ആധുനിക വ്യവസായ ശാലയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ചാപ്ളിന്‍ തന്റെ സ്ഥിരം തെണ്ടി വേഷത്തിലേക്കും തെരുവിലേക്കും എടുത്തെറിയപ്പെടുന്നു. അലക്ഷ്യമായി തെരുവില്‍ അലയുന്ന അയാളുടെ അരികിലൂടെ ഒരു ലോറി കടന്നു പോകുന്നു. ലോറിയില്‍ വൈദ്യുതി വകുപ്പിന്റെയോ ടെലിഫോണ്‍ വകുപ്പിന്റെയോ ആവശ്യത്തിനു കൊണ്ടു പോകുന്ന കോണ്‍ക്രീറ്റ്/കമ്പിക്കാലുകളാണുള്ളത്. അത്തരം കമ്പിക്കാലുകള്‍ ലോറിയുടെ ബോഡിയെ കടന്ന് പുറത്തേക്ക് തെറിച്ചു നില്‍ക്കുന്നുണ്ടാവും. അത് അപകടത്തെ ക്ഷണിച്ചുവരുത്തുന്ന ഒരു തുറിച്ചു നില്‍പാണ്. അതുകൊണ്ടു തന്നെ അപായം എന്ന് സൂചിപ്പിക്കുന്ന ഒരു ചുകന്ന കൊടി അതിന്റെ അറ്റത്തായി കെട്ടിവെച്ചിട്ടുമുണ്ടാവും. ഈ സ്ഥിരാനുഭവം തന്നെയാണ് മോഡേണ്‍ ടൈംസിലെ തെണ്ടിയും കാണുന്നത്. സിനിമ ബ്ളാക്ക് ആന്റ് വൈറ്റായതുകൊണ്ട് കൊടിയുടെ നിറം ചുകപ്പാണെന്ന് കാണി ഊഹിക്കുകയും ഊഹത്തിലൂടെ ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്. ലോറി റോഡിലെ കുഴിയില്‍ ചാടിയിട്ടോ എന്തോ, പെട്ടെന്ന് ആ ചുകന്ന കൊടി കെട്ടു വിട്ട് താഴെ വീഴുന്നു. അത് കണ്ടങ്കലാപ്പിലായ ചാപ്ളിന്‍ കൊടിയെടുത്ത് വീശിക്കാണിച്ച് പാഞ്ഞുപോകുന്ന ലോറിയെ നോക്കി എന്തോ ആക്രോശിക്കുന്നു. നിശ്ശബ്ദ സിനിമയായതുകൊണ്ട് എന്താണയാള്‍ പറയുന്നതെന്നതും നമുക്ക് ഊഹിക്കുകയേ നിവൃത്തിയുള്ളൂ. ലോറി പാഞ്ഞുപോകുകയും കൊടി വീശിക്കാണിക്കുന്ന തെണ്ടി റോഡിന്റെ നടുവില്‍ ഇതികര്‍ത്തവ്യതാമൂഢനായി നില്‍ക്കുകയും ചെയ്യുമ്പോഴാണ് പുറകില്‍ നിന്ന് തൊഴിലാളികളുടെ ഒരു ജാഥ റോഡു നിറഞ്ഞ് വരുന്നത്. റോഡിന്റെ നടുവില്‍ നില്‍ക്കുന്ന കുള്ളനും ദുര്‍ബലനുമായ ചാപ്ളിന്‍ ജാഥയുടെ ഭാഗമായി മാറുകയും മുമ്പില്‍ ചുകന്ന കൊടി വീശിക്കാണിക്കുന്ന നേതാവായി കാഴ്ചയില്‍ പരിണമിക്കുകയും ചെയ്യുന്നു. അടുത്തതായി സംഭവിക്കുന്നത്, പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജാണ്. ലാത്തിച്ചാര്‍ജ്ജിനെ മുന്‍കൂട്ടി മണത്തറിഞ്ഞിരുന്ന പ്രകടനക്കാര്‍ പൊലീസിന് പിടി കൊടുക്കാതെ വളരെ പെട്ടെന്ന് ഊടുവഴികളിലൂടെ രക്ഷപ്പെടുന്നു. പലതരം സംഭവങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെ നടക്കുന്നതിനിടയില്‍ പെടുന്ന ചാപ്ളിനാകട്ടെ റോഡിലുള്ള ഒരു മാന്‍ഹോളില്‍ വീഴുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ കാണാനുള്ളത്, രക്ഷിക്കൂ രക്ഷിക്കൂ എന്ന് നിലവിളിച്ചു കൊണ്ട് പുറത്തേക്കു പറക്കുന്ന ഒരു ചുകന്ന കൊടി മാത്രമാണ്. അതാ അവനാണ് നേതാവ് അവനെ പിടി കൂടൂ എന്നാക്രോശിച്ച് ചാപ്ളിനെ കൈയോടെ പോലീസ് പിടികൂടി കല്‍ത്തുറുങ്കിലടക്കുന്നു.

വര്‍ണവിസ്മയങ്ങള്‍ ചലച്ചിത്രത്തിലുള്‍പ്പെടുത്താനുള്ള സാങ്കേതികവിദ്യ വികസിക്കുന്നതിന് മുമ്പേ നടന്ന ഒരു 'വര്‍ണ' പരീക്ഷണമായി ഇതിനെ വ്യാഖ്യാനിക്കാവുന്നതാണ്. കാണിയുടെ ചരിത്ര ബോധവും ദൃശ്യബോധവുമാണ് ഇവിടെ വര്‍ണത്തെ സൃഷ്ടിക്കുന്നത്; അല്ലാതെ സിനിമയുടെ സാങ്കേതിക വികാസമല്ലെന്നര്‍ത്ഥം. അപായത്തെയും വിപ്ളവാഹ്വാനത്തെയും ഒരേ സമയം വെളിപ്പെടുത്താനുള്ള ചുകന്ന കൊടിയുടെ നിയോഗത്തെയാണ് ചാപ്ളിന്‍ ഈ ദ്വന്ദ്വതയിലൂടെ രസനീയമായി ആവിഷ്ക്കരിക്കുന്നത്. അതോടൊപ്പം തെണ്ടിയുടെ കഥാപാത്രത്തിലൂടെ പെര്‍സൊണിഫൈ ചെയ്യപ്പെടുന്ന ചാപ്ളിന്റെ പ്രത്യയശാസ്ത്ര സന്ദിഗ്ദ്ധതയുമാകാം ഈ രംഗത്തെ രൂപീകരിച്ചത്. തൊഴില്‍ നഷ്ടപ്പെട്ടിട്ടും മുതലാളിത്തത്തിനെതിരായ യൂണിയന്റെയോ പാര്‍ടിയുടെയോ പ്രകടനത്തില്‍ അയാള്‍ സ്വയമേവ പങ്കെടുക്കുന്നില്ല. തെരുവിലെ യാദൃശ്ചികമായ ഒരു സംഭവത്തെ തുടര്‍ന്ന് അയാള്‍ അതിലേക്ക് അണി ചേര്‍ക്കപ്പെടുകയാണ്(ചാപ്ളിന്‍ സിനിമാഭിനയത്തിലേക്കും ഇതേ പോലെ എടുത്തെറിയപ്പെടുകയായിരുന്നു/അല്ലാതെ ചില ഉന്നതരെ പോലെ, ------ ഫിലിം ഇന്‍സ്റിറ്റ്യൂട്ടിന്റെ സന്തതിയാണ് ചാപ്ളിന്‍ എന്ന് ജീവചരിത്രം എഴുതാറില്ലല്ലോ). മിക്കവാറും എല്ലാ തൊഴില്‍ രഹിതരും പീഡിതരും ഇപ്രകാരമല്ലെങ്കിലും മറ്റു വിധത്തില്‍ യാദൃശ്ചികമായി ത്തന്നെയാണ് സംഘടനയിലേക്കും പാര്‍ടിയിലേക്കും അണി ചേര്‍ക്കപ്പെടുന്നത്. ഇവിടെ അതിനെ കുറേക്കൂടി നാടകീയമായി അവതരിപ്പിച്ചിരിക്കുന്നു എന്നും സമര്‍ത്ഥിക്കാം. എന്തായാലും, കറുപ്പിന്റെയും വെളുപ്പിന്റെയും സങ്കേതം മാത്രമുപയോഗിച്ചുകൊണ്ട്, ചുകപ്പിനെ സൃഷ്ടിച്ച ഈ അഭൂതപൂര്‍വ്വമായ സര്‍ഗ്ഗാത്മകതയെ വര്‍ണങ്ങളുടെ കുത്തൊഴുക്കുണ്ടായ പില്‍ക്കാലത്തും മറികടക്കാന്‍ ആര്‍ക്കും എളുപ്പത്തില്‍ സാധിച്ചിട്ടില്ലെന്നത് പ്രസ്താവ്യമാണ്.

നവീകരിക്കപ്പെട്ട മലയാള സിനിമയില്‍ നിന്നാണ് അടുത്ത ഉദാഹരണം. ലോകസിനിമയിലും മലയാളസിനിമയിലും വര്‍ണം പതിവായിക്കഴിഞ്ഞിട്ടും എഴുപതുകളില്‍ ധാരാളം ബ്ളാക്ക് ആന്റ് വൈറ്റ് സിനിമകളിറങ്ങുന്നത് സാധാരണമായിരുന്നു. മുടക്കുമുതലിലുള്ള വന്‍ വ്യത്യാസം കൊണ്ടായിരുന്നു ഈ പ്രവണത. കൂടാതെ ജനപ്രിയ/മുഖ്യധാരാ/കച്ചവട സിനിമകളുടെ ധാരാളിത്തം വേണ്ടെന്നു വെക്കുന്ന സിനിമകള്‍ക്ക് സൌന്ദര്യാത്മകസിനിമയുടെ കാറ്റഗറൈസേഷനില്‍ കടന്നു കൂടാനും കളറില്ലായ്മ എളുപ്പമായിരുന്നു. ദേവിയുടെ പ്രതിപുരുഷനായ വെളിച്ചപ്പാട് (ഈ കഥാപാത്രത്തെ ഹൃദയസ്പൃക്കായി അവതരിപ്പിച്ച പി ജെ ആന്റണിക്ക് ഭരത് അവാര്‍ഡ് ലഭിക്കുകയുണ്ടായി) ജീവിത പരാജയത്തെ തുടര്‍ന്ന് താനിത്രയും കാലം ഉപാസിച്ചിരുന്ന ദേവീ വിഗ്രഹത്തിനു മുകളിലേക്ക് തല വെട്ടിപ്പൊളിച്ചെത്തിയ ചോര കൂടി കലര്‍ത്തി ശക്തമായി തുപ്പുന്ന അന്ത്യരംഗത്തിലൂടെ യുക്തിവാദപ്രത്യക്ഷമനസ്സുള്ളവരെ കോരിത്തരിപ്പിച്ച എം ടിയുടെ നിര്‍മ്മാല്യവും ബ്ളാക്ക് ആന്റ് വൈറ്റ് ചിത്രമായിരുന്നു. വര്‍ഗീയതക്കും മതബോധത്തിനുമെതിരായ ശക്തമായ ആഖ്യാനമായി നിര്‍മാല്യം കൊണ്ടാടപ്പെട്ടു. അന്ത്യത്തിന് തൊട്ടു മുമ്പായി, വെളിച്ചപ്പാടിനെ ഇത്ര കടുപ്പത്തില്‍ വേദനിപ്പിച്ച സംഭവം എന്തായിരുന്നു? പലചരക്കു കടയിലെ കടം പല തവണ ആവശ്യപ്പെട്ടിട്ടും വീട്ടാത്തതിനെ തുടര്‍ന്ന് അതു മുതലാക്കാന്‍ ആണുങ്ങളില്ലാത്ത തക്കം നോക്കി വെളിച്ചപ്പാടിന്റെ വീട്ടിലെത്തി അയാളുടെ ഭാര്യയെ ലൈംഗികമായി പ്രാപിക്കുന്ന കടയുടമ വാതില്‍ തുറന്നിറങ്ങിവരുന്നതും അയാള്‍ക്കു പിന്നിലായി തന്റെ ഭാര്യ(കവിയൂര്‍ പൊന്നമ്മ) സംഭോഗത്തിനു ശേഷം തലമുടി കെട്ടി വെച്ച് പുറത്തേക്കു വരുന്നതും കണ്ടതിന്റെ ഷോക്കിലാണ് വെളിച്ചപ്പാട് മരണത്തിലേക്കു കുതിക്കുന്നത്. ഈ കടയുടമ ഒരു മുസ്ളിമായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമായ രൂപത്തില്‍ എപ്രകാരമാണ് സ്ഥാപിക്കപ്പെടുന്നത് എന്ന് ശ്രദ്ധിക്കുക. തലേക്കെട്ടും കള്ളിമുണ്ടും തുളവീണ ബനിയനും ധരിച്ച അയാള്‍ തന്റെ വീതി കൂടിയ ബെല്‍റ്റ് മുറുക്കുന്ന ദൃശ്യത്തിലൂടെയാണ് മുസ്ളിം സ്വത്വം ഉറപ്പിക്കപ്പെടുന്നത്. സിനിമകളിലെ മുസ്ളിം സ്റ്റീരിയോടൈപ്പിന്റെ നിര്‍ബന്ധിത വേഷമായിരുന്നു ഈ ബെല്‍റ്റ്. ആ ബെല്‍റ്റിന്റെ നിറമാകട്ടെ പച്ചയാകണം എന്നും നിര്‍ബന്ധമാണ്. നിര്‍മാല്യം ബ്ളാക്ക് ആന്റ് വൈറ്റ് സിനിമയായിട്ടും കാണുന്നവര്‍ക്ക് ഈ 'പച്ച' ഫീല്‍ ചെയ്തു എന്നതാണ് വാസ്തവം.


തന്റെ കള്ളിമുണ്ടിനെ അരയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ വേണ്ടിയെന്നോണം ധരിക്കുന്ന ഈ പച്ച ബെല്‍റ്റ് പലതരത്തില്‍, പൊതു(മൃദുഹിന്ദുത്വ) കാണിയുടെ കാഴ്ചയിലും ബോധത്തിലും ഉറച്ചിരിക്കുന്ന മുസ്ളിം സ്വത്വത്തെ പുന:സ്ഥാപിക്കാനും ന്യായീകരിച്ചെടുക്കാനും പര്യാപ്തമാണ്. അക്കാലത്ത്, മലബാറിലെ മുസ്ളിങ്ങള്‍/മാപ്പിളമാര്‍ മുണ്ടിനടിയിലെ അടിവസ്ത്രമായ ജെട്ടിയോ ട്രൌസറോ ധരിക്കാറില്ലെന്നാണ് വി കെ എന്‍ സാക്ഷ്യപ്പെടുത്തുന്നത്. അടിവസ്ത്രമില്ലായ്മയുടെ ഈ മലപ്പുറം രീതിയെ, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനേക്കാള്‍ സുഖകരം എന്നോ മറ്റോ ഒരു കഥയില്‍ മാപ്പിള കഥാപാത്രം നിര്‍വ്വാണം അടയുന്നതായി വി കെ എന്‍ പരിഹാസരൂപേണ വിവരിക്കുന്നുണ്ട്. അക്കാലത്ത്, പ്രബലമായിരുന്ന ഗള്‍ഫ് വിരുദ്ധ/മുസ്ളിം വിരുദ്ധ തമാശകളിലൊന്ന് ഇപ്രകാരമായിരുന്നു(സീതിഹാജി വിരുദ്ധ തമാശകളിലും ഇത് കേട്ടിട്ടുണ്ട്). ദുബായ്ക്കാരനായ തന്റെ മകന്‍ ലീവില്‍ വീട്ടില്‍ വന്നതിന്റെ പത്രാസ് പുറം ലോകത്തെ അറിയിക്കാന്‍; പൊതുസ്ഥലത്തെ സൊറക്കൂട്ടത്തില്‍ വെച്ച് ബാപ്പ, തന്റെ മോന്‍ കൊണ്ടു വന്ന പോളിസ്ററിന്റെ അണ്ടര്‍വെയറിനെക്കുറിച്ച് വിവരിക്കുന്നു. തുടര്‍ന്ന് അത്തരത്തിലൊരു അണ്ടര്‍വെയര്‍ കാണിക്കാനായി അയാള്‍ മുണ്ടു പൊക്കി പറയുന്നത്: ഇതു പോലെ വേറെയും വീട്ടിലുണ്ട് എന്നായിരുന്നു. തമാശ എന്താണെന്നു വെച്ചാല്‍, അയാള്‍ അണ്ടര്‍ വെയര്‍ ധരിക്കാന്‍ മറന്നു പോയിരുന്നു എന്നതാണ്. അതു പോലെ അണ്ടര്‍ വെയര്‍ ധരിക്കാതെ മാപ്പിളമാര്‍ ലോകം ചുറ്റുന്നത്, സൌകര്യം കിട്ടിയിടത്തെല്ലാം സ്ത്രീകളെ ഭോഗിക്കാനാണെന്നും പൊതു(മൃദുഹിന്ദുത്വ) ബോധം കരുതിപ്പോന്നിരുന്നുവെന്നു വേണം അനുമാനിക്കാന്‍. അണ്ടര്‍വെയര്‍ ഇല്ലാത്തതിനാല്‍, മുണ്ടിന് ഇരട്ടി ബലം നല്‍കാന്‍ വേണ്ടിയാണ് വീതി കൂടിയ പച്ച ബെല്‍റ്റ് മാപ്പിളമാര്‍ ധരിക്കുന്നത് എന്ന ധാരണ ഉറപ്പിക്കാന്‍ വേണ്ടിയാണ്, നിര്‍മാല്യത്തിലെ പലചരക്കുകടക്കാരനായ മുസ്ളിമിന്റെയും പച്ച ബെല്‍റ്റ് ക്ളോസപ്പിലേക്ക് കടന്നു വരുന്നത്. പച്ച നോട്ടുകള്‍ എത്രയുണ്ടെങ്കിലും അത് തിരുകിവെക്കാനുള്ള അനവധി അത്ഭുത ഉള്ളറകളും സഞ്ചികളും അടങ്ങിയ പച്ച ബെല്‍റ്റ്; മാപ്പിള, ധനാര്‍ത്തനും (കപട) കച്ചവടക്കാരനും എല്ലാം നോട്ടിനെ അടിസ്ഥാനപ്പെടുത്തി കണക്കു കൂട്ടുന്നവനാണെന്നും ധ്വനിപ്പിക്കാനും ഉതകുന്നു. എല്ലാം പണത്തിന് കീഴ്പ്പെടുത്തിയവനും സര്‍വ്വസമയവും കാമോത്തേജിതനും ആയ ഒരു നികൃഷ്ട പുരുഷ ജന്മമാണ് മാപ്പിളയുടേത് എന്നാണ് ഈ പ്രതിനിധാനത്തിലൂടെ സ്ഥാപിക്കപ്പെടുന്നത്. 2009ല്‍ ലവ് ജിഹാദ് എന്ന വ്യാജമായ ആരോപണത്തിലൂടെ മലയാളി മുസ്ളിം പയ്യന്മാരെ കീഴ്പ്പെടുത്താനുള്ള പരിശ്രമത്തിന്റെയും വേരുകള്‍ ഈ പ്രതിനിധാനത്തിലും അതില്‍ കാണിക്കാതെയും തെളിയുന്ന പച്ച നിറത്തിലും കണ്ടെടുക്കാന്‍ കഴിയും.

വര്‍ണമെന്നത് കേവലം നേര്‍ക്കു നേരായുള്ള കാഴ്ചയില്‍ തെളിയുകയും മിന്നുകയും ചെയ്യുന്ന ഒരു യാഥാര്‍ത്ഥ്യം മാത്രമല്ലെന്നും, അത് പുറകോട്ടും മുമ്പോട്ടും സഞ്ചരിക്കാന്‍ കെല്‍പുള്ള ഒരു അനുഭൂതിയും രാഷ്ട്രീയ അനുഭവവുമാണെന്നാണ് ഈ ഉദാഹരണങ്ങള്‍ തെളിയിക്കുന്നത്. ബ്ളാക്ക് ആന്റ് വൈറ്റ് സിനിമയില്‍ തന്നെ അപൂര്‍വ്വം അവസരങ്ങളിലാണെങ്കിലും തെളിഞ്ഞു വന്ന ആ ചുവപ്പും പച്ചയും ചരിത്രബോധം, മുന്‍വിധികള്‍, ഭയങ്ങള്‍, ഭൂതാവേശങ്ങള്‍, ആസക്തികള്‍ എന്നീ പ്രക്രിയകളിലൂടെയാണ് ഭാവന ചെയ്യപ്പെടുന്നത്.

5 comments:

ടി പി സക്കറിയ said...

മുന്‍ വിധികളുടെ പ്രത്യയശാസ്ത്ര ഭാരങ്ങള്‍ പ്രബലമാണ് സിനിമയില്‍.അബോധമായി രൂപപ്പെടുത്തുന്ന ഫ്രെയിമിനകത്തും വര്‍ണങ്ങള്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നു.സോദ്ദേശ സിനിമകള്‍ പോലും ഇതിന്നപവാദമല്ല എന്നതാണ് സങ്കടകരം.എഴുത്തിന്ന് ആസംസകള്‍..

Unknown said...

ദൃശ്യവത്കരിക്കുന്ന വസ്തുക്കളുടെ അടയാളവും വര്‍ണ്ണബോധവും അരക്കിട്ടുറപ്പിച്ച പ്രേക്ഷകനു മാത്രമേ ബ്ലാക്ക് & വൈറ്റിലെ വര്‍ണ്ണങ്ങളെ ഗണിച്ചെടുക്കാനാവൂ..രക്തം, അപകടസൂചന നല്‍കുന്ന കൊടി, പച്ച ബെല്‍റ്റ്(പച്ച മാത്രമല്ല,കറുപ്പും ക്രീമും ചേര്‍ന്ന ബെല്‍റ്റും സാധാരണമാണ്) എന്നിവ നല്‍കുന്ന വര്‍ണ്ണബോധത്തെ സാമാന്യവത്കരിക്കാന്‍ കഴിയുമോ..?

paarppidam said...

ആദ്യഭാഗം വായിച്ചപ്പോൾ കരുതി ചാപ്ലിൻ സിനിമയെ കുറിച്ചോ ബ്ലാക്‌ ആന്റ്‌ വൈറ്റ്‌ സിനിമയെ പറ്റിയോ ആയിരിക്കും എന്ന്. ജ്‌.പി പതിവുപോലെ എത്തിയത്‌ സ്ഥിരം ആശയത്തിൽ തന്നെ.നമ്പൂതിരിമാർ ഭോഗപ്രിയരാണെന്ന് കാണിക്കുന്നത്‌ വിപ്ലവകരവും മറ്റുള്ളവർ അത്തരം സംഗതികൾ ചെയ്യുന്നത്‌ ഹൈന്ദവ ഫാസിസം/പരിവാർ വീക്ഷണം എന്നൊക്കെ കാണുന്നത്‌ കഷ്ടമാണ്‌.

താങ്ക്ല് ഇത്തരം വിഷയത്തിൽ നിന്നും മുന്നോട്ടുപ്പോകാതെ നിൽക്കുന്നതിൽ ദു:ഖം ഉണ്ട്‌. ഈ എഴുത്തിലൂടേ ഉൽപാദിപ്പിക്കപ്പെടുന്നത്‌ എന്താണെന്ന് ഞാൻ മുന്നേ സൂചിപ്പിച്ചിരുന്നു അതിനാൽ ആവർത്തിക്കുന്നില്ല. പ്ലീസ്‌ സിനിമയെ സിനിമയായി കാണുവാൻ പ്രേക്ഷകനെ/ആസ്വാദകനെ അനുവദിക്കുക.അവന്റെ ബോധത്തിലേക്ക്‌ അനാവശ്യമായ വീക്ഷണങ്ങൾ കയറ്റിവിടാതിരിക്കുക. ഇത്തരം നിരീക്ഷണങ്ങൾ വെറുപ്പു വിതക്കാനേ ഉപകരിക്കൂ..

Anonymous said...

I am really sorry about you sir. Your understanding of ‘Nirmalyam’ is so pathetic that it doesn’t even deserve a comment.

മിര്‍സ said...

nirmaalyathil thuppumpol kaanunna karutha chorayum chuvanna choreyekkal aasayam velippeduthunnu..