Saturday, February 27, 2010

ഭീകരതാമുദ്രക്ക് മറുപടി കാരുണ്യ പ്രദര്‍ശനമോ?

ഹിന്ദു ഭൂരിപക്ഷ രാജ്യമായ ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ വ്യവസായമായ ഹിന്ദി സിനിമയിലെ മുസ്ളിം വംശജനായ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിലൂടെ ഷാറൂഖ് ഖാനെ പരിചയപ്പെടുത്തുമ്പോള്‍ തന്നെ ഇന്ത്യ, ഏഷ്യ, ഹിന്ദി, ഉറുദു, സിനിമ, ബോളിവുഡ് എന്നീ വിസ്മയഘടകങ്ങളുടെ വൈവിധ്യത്തെ ഉള്‍ക്കൊള്ളാനാവും. ഉദാരവത്ക്കരണാനന്തര ഇന്ത്യയുടെ ആഗോളമോഹങ്ങളുടെ പ്രതീകമായിട്ടാണ് ഷാറൂഖ് ഖാന്‍ കഥാപാത്രങ്ങളെ നിരീക്ഷകര്‍ വ്യാഖ്യാനിച്ചെടുത്തിട്ടുള്ളത്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെപ്പോഴും ഇന്ത്യക്കു പുറത്തും അകത്തുമായി വ്യാപിച്ചു നില്‍ക്കുന്ന ഒരാളായിരിക്കും. പിറവി ഇന്ത്യയിലായിരിക്കുകയും കര്‍മ്മ മണ്ഡലവും സമീപനങ്ങളുടെ വിഹായസ്സും രാജ്യാന്തരപരതയിലേക്ക് വികസിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ ഡയസ്പോറയുടെ പ്രതീകമാണ് ഷാറൂഖ് ഖാന്‍. ഈ ട്രെന്റ് തുടങ്ങിവെച്ച ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ(1995) എന്ന ഹിറ്റ് ചിത്രം ഇന്ത്യന്‍ വാണിജ്യ സിനിമയുടെ എല്ലാ റിക്കോഡുകളും ഭേദിച്ച് ഇപ്പോഴും മുംബൈ സെന്‍ട്രലിലെ മറാത്ത മന്ദിര്‍ തിയറ്ററില്‍ പതിനഞ്ചു വര്‍ഷമായി ഒറ്റ ദിവസം പോലും മുടങ്ങാതെ പ്രദര്‍ശിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ആഗോളവത്ക്കരണ കാലത്തിനനുയോജ്യമായ വിധത്തിലുള്ള സംസ്ക്കാരങ്ങളുടെ ലയനവും കൂടിച്ചേരലുമാണ് ഡിഡിഎല്‍ജെ അടക്കം ഈ ജനുസ്സിലുള്ള മിക്ക ചിത്രങ്ങളുടെയും മുഖമുദ്ര. ലോകമെമ്പാടും പരന്നു കിടക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കിടയിലും അല്ലാത്തവര്‍ക്കിടയിലും സംഘടിതമായ ശുഭാപ്തിവിശ്വാസം(കളക്ടീവ് ഹോപ്പ്) രൂപീകരിച്ചെടുക്കുന്നതില്‍ ബോളിവുഡ് സിനിമ നിര്‍വഹിക്കുന്ന പങ്കിനെ ആശാവഹമായിട്ടാണ് സാമൂഹ്യ നിരീക്ഷകര്‍ പരിഗണിക്കുന്നത്. ഷാറൂഖ് ഖാന്റെ ജനപ്രീതിയുടെ ഏറ്റവും സവിശേഷമായ ഒരു സന്ദര്‍ഭം മഹേഷ് ഭട്ട് വിശദീകരിക്കുന്നുണ്ട്. പാക്കിസ്ഥാനിലുള്ള സാധാരണ ജനങ്ങള്‍ക്ക് അദ്ദേഹത്തോട് കടുത്ത ആരാധനയായതിനാല്‍ ഇന്ത്യയുമായി അവര്‍ ഒരിക്കലും ഒരു യുദ്ധത്തിനാഗ്രഹിക്കുന്നില്ലത്രെ. കാരണം, അത് (ഇന്ത്യ) ഷാറൂഖിന്റെ രാജ്യമാണല്ലോ! അറുപതുകളില്‍ നടന്ന ഇന്തോ-പാക്ക് യുദ്ധത്തെതുടര്‍ന്ന് ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനിലെ സിനിമാശാലകളില്‍ പ്രദര്‍ശിപ്പിക്കാനനുമതിയോ വ്യാപാര ഉടമ്പടിയോ ഇല്ല. എന്നാല്‍, ഏത് ഹിന്ദി സിനിമ ഇറങ്ങിക്കഴിഞ്ഞാലും അതിന്റെ വ്യാജ പതിപ്പ് അവിടെ സുലഭമാണു താനും. പാക്കിസ്ഥാനിലെ പത്ര മാസികകളില്‍ ബോളിവുഡ് സിനിമയെക്കുറിച്ചുള്ള നിരൂപണക്കോളങ്ങള്‍ പോലുമുണ്ടെന്നതാണ് കൌതുകകരമായ കാര്യം. വ്യാജ ഡി വി ഡിക്ക് അതിര്‍ത്തിയുദ്ധം ഒഴിവാക്കാനും, ലോക സമാധാനം നിലനിര്‍ത്താനും സാധിക്കുന്നു എന്നു ചുരുക്കം. (ഋഷിരാജ് സിംഗ് കേള്‍ക്കേണ്ട).

അമിതാബ് ബച്ചനാണ് ബോളിവുഡിലെ ഒന്നാമനെങ്കില്‍ ഷാറൂഖ് ഖാനെ രണ്ടാമതായി ജനപ്രീതിയുള്ള താരമായി പരിഗണിക്കുന്നു. അമര്‍ സിംഗും മുലായവും തമ്മില്‍ തെറ്റിയതിനെ തുടര്‍ന്ന് അമിതാബ് ബച്ചന്റെ രാഷ്ട്രീയ പ്രതിനിധാനം ഈയടുത്ത കാലത്ത് റദ്ദായിപ്പോയിരുന്നു. മുമ്പ് കോണ്‍ഗ്രസിന്റെ എം പിയായിരുന്ന അദ്ദേഹം അമര്‍സിംഗ്-മുലായം മുന്നണിയിലായിരുന്ന കാലത്ത് സമാജ് വാദി പാര്‍ടിയുടെ വക്താവായിരുന്നു. ജയാബച്ചന്‍ ഇപ്പോഴും സമാജ് വാദി പാര്‍ടി ലേബലില്‍ രാജ്യസഭാംഗമായി തുടരുന്നുമുണ്ട്. എന്നാല്‍ രാഷ്ട്രീയ പ്രതിനിധാനത്തില്‍ നിന്ന് പുറത്തു കടന്ന ഉടനെ ബച്ചന്‍ നരേന്ദ്രമോഡിയുടെ ഗുജറാത്ത് തിളങ്ങുന്നതിന്റെ പരസ്യവണ്ടിയുടെ നായകനായി അവരോധിക്കപ്പെട്ടു. കോടികള്‍ കിലുങ്ങുന്ന ഒരു അപ്പോയിന്റ്മെന്റാണിതെന്നത് പ്രധാനമല്ല. സിനിമയില്‍ കോടികളല്ലാതെ എന്തു കളികളാണുള്ളത്? എന്നാല്‍, വംശഹത്യ കൊണ്ടും അന്യതാബോധം കൊണ്ടും മുസ്ളിങ്ങള്‍ക്ക് മനുഷ്യോചിതമായ ഒരു ജീവിതം സാധ്യമല്ലാത്ത ഗുജറാത്തിന്റെ പ്രതീകമായി ബച്ചനെ പ്പോലെ ഒരു ഇഷ്ടതാരം അവതരിക്കുമ്പോള്‍ അത് വെള്ളം കൂടാതെ വിഴുങ്ങാന്‍ ബുദ്ധിമുട്ടാണ്. ഈയടുത്ത ദിവസം റസൂല്‍ പൂക്കുട്ടിക്ക് അവാര്‍ഡ് കൊടുക്കാന്‍ കൊച്ചിയിലെത്തിയ ബച്ചന്‍ ഇതു സംബന്ധിച്ച ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നാണ് റിപ്പോര്‍ട്. സ്വന്തം ചിത്രങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കാനും ഉടനെ
ആരംഭിക്കാനാഗ്രഹിക്കുന്ന ഫിലിം സിറ്റിക്ക് സൌജന്യമായി സ്ഥലം നേടിയെടുക്കാനും ഭാര്യക്ക് രാജ്യസഭാംഗത്വം തരപ്പെടുത്തിയെടുക്കാനും വേണ്ടി ബച്ചന്‍ കാണിച്ച സ്വാര്‍ത്ഥതാപരമായ ഒരു നീക്കമാണ് ഈ ബ്രാന്‍ഡ് അംബാസഡര്‍ പണി എന്നാണ് വിഖ്യാത നര്‍ത്തകിയും ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തകയുമായ മല്ലികാ സാരാഭായി അഭിപ്രായപ്പെട്ടത്.

രണ്ടാമനായ ഷാറൂഖാകട്ടെ ഇതിനിടയില്‍ നേര്‍ വിപരീത ദിശയിലുള്ള ഒരു വന്‍ വിവാദത്തില്‍ ചെന്നു കുടുങ്ങി. ഇന്ത്യാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ടീമംഗങ്ങളെ ലേലം വിളിച്ചെടുത്തപ്പോള്‍ പാക്കിസ്ഥാനി കളിക്കാര്‍ ബോധപൂര്‍വമോ അബോധപൂര്‍വമോ ഒഴിവാക്കപ്പെട്ടു എന്ന യാഥാര്‍ത്ഥ്യം; കളിക്കും കളി പ്രതിനിധാനം ചെയ്യുന്ന സമാധാനം, വിനോദം, ഐക്യം, പരസ്പര ധാരണ എന്നീ മാനുഷികമൂല്യങ്ങള്‍ക്കും എതിരാണെന്ന കൃത്യവും വ്യക്തവുമായ കാഴ്ച്ചപ്പാട് ഷാറൂഖ് സംശയലേശമെന്യേ മുന്നോട്ടുവെച്ചു. ഷാറൂഖിന്റെ കൂടി ഉടമസ്ഥതയിലുള്ള ടീമിലും പാക്കിസ്ഥാനികളിക്കാരെ എടുക്കാനായില്ല എന്ന കുറ്റബോധം കൊണ്ടു കൂടിയാണ് ഇത്തരമൊരഭിപ്രായം അദ്ദേഹം തുറന്നു പറഞ്ഞത്. ഈ അഭിപ്രായത്തില്‍ പ്രകോപിതരായ ശിവസേന ഷാറൂഖിനെ ഒറ്റതിരിഞ്ഞാക്രമിക്കാന്‍ ആഹ്വാനം ചെയ്തു. ബാല്‍ താക്കറെയും മകന്‍ ഉദ്ധവും അവരുടെ പത്രം സാമ്നയും ചേര്‍ന്ന അഴിച്ചു വിട്ട വര്‍ഗ്ഗീയ-പ്രാദേശികാക്രമണം ഏതാനും ദിവസത്തേക്ക് മുംബൈ നഗരത്തില്‍ അങ്കലാപ്പുണ്ടാക്കി. ഷാറൂഖ് ഖാന്‍ നായകനും ഭാര്യ ഗൌരി നിര്‍മാണപങ്കാളിയുമായ പുതിയ സിനിമ മൈ നെയിം ഈസ് ഖാന്‍ റിലീസ് ചെയ്യാനിരിക്കെയായിരുന്നു ഈ ഭ്രാന്തന്‍ സംഘങ്ങളുടെ കലാപാഹ്വാനങ്ങള്‍ എന്നത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുമോ എന്നെല്ലാവരും ഭയന്നു. മുപ്പത്തിയെട്ട് കോടി രൂപ ചിലവിട്ട് നിര്‍മിച്ച മൈ നെയിം ഈസ് ഖാന്റെ ഇന്ത്യയിലെയും പുറത്തെയും വിതരണ ചുമതല നേടിയെടുത്തത് റുപെര്‍ട്ട് മര്‍ഡോക്കിന്റെ നിയന്ത്രണത്തിലുള്ള ഹോളിവുഡ് കുത്തകയായ ഫോക്സ് സ്റ്റാര്‍ എന്റര്‍ടെയിന്‍മെന്റാണ്.

വളരെ സവിശേഷമായ ഒരിതിവൃത്തമാണ് ഈ ചിത്രത്തിലാവിഷ്ക്കരിച്ചിരിക്കുന്നത്. അസ്വാഭാവികതയോടെ പെരുമാറുന്നു എന്ന് കാണുന്നവര്‍ക്ക് തോന്നുന്ന ഓട്ടിസം എന്ന രോഗം ബാധിച്ച റിസ്വാന്‍ ഖാന്‍ എന്ന കഥാപാത്രത്തെയാണ് ഷാറൂഖ് അവതരിപ്പിക്കുന്നത്. അമ്മ മരിച്ചതിനെ തുടര്‍ന്ന് ഇളയ സഹോദരന്റെ ക്ഷണപ്രകാരം, റിസ്വാന്‍ അമേരിക്കയില്‍ താമസമാക്കുന്നു. അനിയന്റെ കുടുംബബിസിനസില്‍ സഹായിയായി ചേരുന്നുമുണ്ടയാള്‍. ഹെര്‍ബല്‍ സൌന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉത്പാദനവും വിപണനവുമാണ് ബിസിനസ്. ഇതിന്റെ വില്‍പനക്കിടയിലാണ് അയാള്‍, മന്ദിര (കാജോള്‍) യെ പരിചയപ്പെടുന്നത്. ഹെയര്‍ സ്റൈലിസ്റായ അവള്‍ വിവാഹമോചനം നേടിയവളും ഒരാണ്‍കുട്ടിയുടെ അമ്മയുമായ ഹിന്ദു വംശജയാണ്. അവര്‍ തമ്മില്‍ പ്രണയത്തിലാവുന്നു. (ഷാറൂഖ് ഖാന്റെ യഥാര്‍ത്ഥ ഭാര്യ ഗൌരിയും ഹിന്ദു വംശജയാണ്). സഹോദരന്റെ എതിര്‍പ്പു വകവെക്കാതെ അവര്‍ വിവാഹിതരാവുന്നു. സമീര്‍ അഥവാ സാം(യുവാന്‍ മക്കാര്‍) എന്ന അവളുടെ മകന്റെ പേര് ഖാന്‍ എന്ന സര്‍ നെയിം കൂടി ചേര്‍ത്ത് സമീര്‍ ഖാന്‍ എന്നാക്കി മാറുന്നു. സമീര്‍ എന്ന ഇന്ത്യന്‍ പേര് ഹിന്ദുക്കളും മുസ്ളിങ്ങളും ഒരു പോലെ ഇടാറുണ്ട്. ഹിന്ദു യുവതിയെ വിവാഹം കഴിച്ച മുസ്ളിം കഥാപാത്രത്തിന് സമീര്‍(സമീര്‍ അര്‍ഷദ് ഷെയ്ക്ക് എന്നു മുഴുവന്‍ പേരുള്ള ഈ കഥാപാത്രത്തെ സഞ്ജയ് സൂരി അവതരിപ്പിക്കുന്നു) എന്ന പേരുള്ളതുകൊണ്ട് രക്ഷയാവുന്നതും കുഴപ്പമാവുന്നതും നന്ദിതാദാസിന്റെ ഫിറാഖ്(2008) എന്ന ഗുജറാത്ത് വംശഹത്യാ സംബന്ധിയായ സിനിമയിലും കണ്ടതോര്‍മ്മ വരുന്നു. റിസ്വാന്റെയും മന്ദിരയുടെയും വിവാഹത്തിനു ശേഷമാണ് സെപ്തംബര്‍ 11ന്റെ വേള്‍ഡ് ട്രെയിഡ് സെന്റര്‍ ആക്രമണമുണ്ടാകുന്നത്. ഇതിനെ തുടര്‍ന്ന് അമേരിക്കയിലെ മുസ്ളിങ്ങളുടെ ജീവിതം സംശയത്തിന്റെ നിഴലിലാവുന്നു. മുസ്ളിം സ്ത്രീകളുടെ തട്ടം പരസ്യമായി വലിച്ചു കീറുന്നതും, മുസ്ളിമാണെന്ന ധാരണയില്‍ സിക്കു വംശജന്‍ ആക്രമിക്കപ്പെടുന്നതുമടക്കം നിരവധി മുസ്ളിം വേട്ടയുടെ ദൃശ്യങ്ങള്‍ മൈ നെയിം ഈസ് ഖാനില്‍ ചിത്രീകരിക്കുന്നുണ്ട്. ഷാറൂഖ് ഖാന്‍ തന്നെ വിമാനത്താവളത്തില്‍ വെച്ച് ഇത്തരം പരിശോധനക്ക് വിധേയമായതാണല്ലോ. ഫുട്ബാള്‍ മൈതാനിയില്‍ വെച്ച് വെളുത്ത വംശജരായ മുതിര്‍ന്ന പയ്യന്മാരുമായുണ്ടായ ഒരു കശപിശയില്‍ സമീര്‍ കൊല്ലപ്പെടുന്നു. മുസ്ളിമായ നിങ്ങളെ വിവാഹം കഴിച്ചതുകൊണ്ടാണ് എനിക്കീ ദുര്‍ഗതിയുണ്ടായതെന്ന് പറഞ്ഞ് മന്ദിര റിസ്വാനെ ഉപേക്ഷിക്കുന്നു. നിന്റെ നിരപരാധിത്വം അമേരിക്കയിലെ ജനങ്ങളെ ആദ്യം ബോധ്യപ്പെടുത്ത്, എന്നിട്ടു മതി എന്റെയടുത്ത് വരുന്നത് എന്നാണവള്‍ ആക്രോശിക്കുന്നത്. ഈ ദുരന്താവസ്ഥയിലാണ് റിസ്വാന്‍, മൈ നെയിം ഈസ് ഖാന്‍, ബട്ട് ഐ ആം നോട്ട് എ ടെററിസ്റ്റ് (എന്റെ പേര് ഖാന്‍ എന്നാണെങ്കിലും ഞാനൊരു ഭീകരനല്ല) എന്ന് വിടാതെ ഉച്ചരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡണ്ടിനെ കണ്ട് നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ഓടി നടക്കുന്നത്. ഈ ശ്രമം തെറ്റിദ്ധരിക്കപ്പെട്ട് അയാള്‍ ജയിലിലാവുന്നുണ്ടെങ്കിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും സഹായത്തോടെ വിമോചിതനാവുന്നു. തുടര്‍ന്ന്, അയാള്‍ മഹത്തായ കഴിവുകളുള്ള ഒരു മനുഷ്യസ്നേഹിയാണെന്നും അയാളെ ആദരിക്കേണ്ടതുണ്ടെന്നും തെളിയുകയും പുതിയ പ്രസിഡണ്ട് ഒബാമ അപ്രകാരം പ്രവര്‍ത്തിക്കുകയുമാണ്.

ഈ ഇതിവൃത്തത്തില്‍ സുപ്രധാനമായ രണ്ടു സമസ്യകളാണ് ആലേഖനം ചെയ്യപ്പെടുന്നത്. ഒന്ന്, മുസ്ളിം സമുദായത്തെ മുഴുവന്‍ ഭീകരതയുടെ ഉത്പത്തികേന്ദ്രം എന്ന നിഴലിലേക്ക് തള്ളിവിടുന്നതാരാണ്? രണ്ട്, ഈ നിഴലില്‍ നിന്ന് എപ്രകാരമാണ് മുസ്ളിം സമുദായത്തെ രക്ഷിച്ച് പുറത്തെടുക്കേണ്ടത്? ഒന്നാമത്തെ ചോദ്യത്തിനുള്ള പൊതു ബോധത്തിന്റെ ഉത്തരം, ഏതാനും ഭീകരാക്രമികള്‍ മുസ്ളിം സമുദായത്തിലുണ്ട് എന്നതുകൊണ്ടാണ് ആ സമുദായത്തിനുമേല്‍ കുറ്റം ആരോപിക്കപ്പെടുന്നത് എന്നാണ്. എന്നാല്‍, എന്താണ് വസ്തുത? ഇത്തരത്തിലുള്ള ഏതാനും ഭീകരാക്രമികളെ എടുത്തുകാണിച്ചുകൊണ്ട്, മുസ്ളിം വിരുദ്ധമായ സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും അജണ്ടകള്‍ പ്രാവര്‍ത്തികമാക്കപ്പെടുകയാണ് വാസ്തവത്തില്‍ സംഭവിക്കുന്ന കാര്യം. ഇസ്ളാം കാരുണ്യമാണെന്നും മനുഷ്യ സ്നേഹമാണെന്നും നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നതിലൂടെ മാത്രമേ ഭീകരതാഭൂതബാധയില്‍ നിന്ന് മുസ്ളിം സമുദായത്തെ വിടര്‍ത്തിയെടുക്കാന്‍ പറ്റുകയുള്ളൂ എന്നാണ് പൊതുബോധം രണ്ടാമത്തെ ചോദ്യത്തിനുള്ള മറുപടിയായി എഴുന്നള്ളിക്കുന്നത്. അത്തരത്തിലുള്ള ഒരു അബോധത്തില്‍ നിന്നാണ് മൈ നെയിം ഈസ് ഖാന്‍ പോലെ പ്രത്യക്ഷത്തില്‍ അപകടരഹിതമായ ഒരു ഇതിവൃത്തം വിഭാവനം ചെയ്യപ്പെടുന്നത്. എന്നാല്‍, അവസാനം എന്താണ് സംഭവിച്ചത്? ഇത്തരത്തില്‍ കാരുണ്യവാനും മനുഷ്യസ്നേഹിയുമായ മുസ്ളിം കഥാപാത്രത്തെ ഒന്നാന്തരം മുസ്ളിം സൂപ്പര്‍ സ്റ്റാറിനെ വെച്ചു തന്നെ അവതരിപ്പിച്ചിട്ടും അയാളെയും ആ കഥാപാത്രത്തെയും ആ സിനിമയെയും ക്രൂശിക്കാനാണ് ശിവസേന പോലുള്ള ഫാസിസ്റ്റധികാരസംഘം മുന്നിട്ടിറങ്ങിയത്. അതായത്, കാരുണ്യം പ്രദര്‍ശിപ്പിച്ച് ഭീകരതാമുദ്രയില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്നും, ഭീകരതാമുദ്ര സ്ഥാപിക്കുന്ന സാമ്രാജ്യത്വത്തിന്റെയും ഫാസിസത്തിന്റെയും പ്രചരണതന്ത്രങ്ങളെ വിശാലമായ ജനാധിപത്യ ഐക്യം കെട്ടിപ്പടുത്ത് പ്രതിരോധിക്കുക മാത്രമേ കരണീയമായിട്ടുള്ളൂ എന്നും ചുരുക്കം.

16 comments:

Calvin H said...

ചിത്രവിശേഷത്തില്‍ ഇട്ട കമന്റ് ഇവിടെയും ഇട്ടോട്ടെ
======
Was a huge disappointment for me.
സിനിമ എന്ന രീതിയില്‍ യാതൊരു ഗുണവും ഇല്ല. Senseless story and incidents. അതിലേക്ക് കടക്കുന്നില്ല.

പൊളിറ്റിക്കല്‍ ആയി സിനിമ കണ്‍-വെ ചെയ്യുന്നത് :-

൧- മുസ്ലിംസ് എല്ലാവരും തീവ്രവാദികള്‍ അല്ല. എന്നാല്‍ പലരും ആണ്,
൨ താനൊരു terrorist അല്ല എന്ന് ഓരോ മുസ്ലിമും ഓരോ നിമിഷവും തെളിയിച്ചു കൊണ്ടേ ഇരിക്കണം.
൩ അമേരിക്കന്‍ പ്രസിടന്റ്റ് ന്റെ സര്‍ടിഫിക്കറ്റ് കിട്ടിയാല്‍/ കിട്ടിയാലേ ഒരു മുസ്ലീം terrorist അല്ല എന്ന് മടുള്ളവര്‍ വിശ്വസിക്കേണ്ടത് ഉള്ളു..
൪. അമേരിക്കയിലെ പ്രകൃതി ദുരന്തങ്ങളിലും മറ്റും ജീവകാരുണ്യപ്രവര്‍ത്തനം നടത്തി താനൊരു patriot ആണെന്നും തനിക്കറിയാവുന്ന terrorist കളെക്കുറിച്ച് FBI ക്ക് ഇന്‍ഫര്‍മേഷന്‍ നല്‍കി താനൊരു terrorist അല്ലെന്നും തെളിയിക്കുന്ന മുസ്ലിമിന് മാത്രമേ അമേരിക്കയില്‍ ജീവിക്കാന്‍ അവകാശം ഉള്ളു.

ഏറ്റവും വലിയ കഷ്ടം 9/11 നു ശേഷം അമേരിക്കയിലെ മുസ്ലിങ്ങള്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങളെക്കാളും സിനിമയില്‍ പോര്‍ത്രെ ചെയ്യപ്പെട്ടത് മുസ്ലീമിന്റെ ഭാര്യ ആയ ഹിന്ദുവിനും അവരുടെ ഹിന്ദുവായ മകനും ഒക്കെ വരുന്ന ദുരന്തങ്ങളും അതെ പോലെ ക്രിസ്ത്യാനിയായ ഇറാഖില്‍ വെച്ച് കൊല്ലപ്പെട്ട അമേരിക്കന്‍ പട്ടാളക്കാരന്റെ അമ്മയുടെ ദുഹ്ഖവും ഒക്കെയാണ് എന്നതാണ്.. ഇതൊന്നും ലളിതമായി കാണുകയല്ല. ഒരു മുസ്ലീം സ്വയം അനുഭവിക്കുന്ന പ്രശ്നങ്ങളെ കാണിക്കാതെ അവരുമായി ബന്ധപ്പെട്ട ഹിന്ദുവിനും ക്രിസ്ത്യാനിക്കും ഒക്കെ മുസ്ലീം ബന്ധത്താല്‍ ഉണ്ടാവുന്ന വിഷമങ്ങള്‍ എന്ന രീതിയില്‍ ഒതുങ്ങിപ്പോയി എല്ലാം എന്നതാണ്.

തന്റെ ഹിന്ദുവായ ഭാര്യയുടെ മുന്നില്‍ താനൊരു terrorist അല്ല എന്ന്‍ തെളിയിക്കേണം എന്ന് സ്വയം കരുതുന്ന ഒരു മുസ്ലീം ഭര്‍ത്താവു മാത്രമായ നായകകഥാപാത്രം കഥയിലെ എവിടെയെങ്കിലും ഒരു ഇസ്ലാം മാതാവിശ്വസിക്കോ viShvaasathinO നേരിടേണ്ടി വരുന്ന ദുരിതങ്ങളെ ക്കുറിച്ച് bothered ആയതായി കാണിക്കുന്നേ ഇല്ല..

ഒരു മാതിരി പൂക്കുട്ടി മോഡല്‍ രാഷ്ട്രീയം. സംഘപരിവാറിനു സിനിമ സുഖിക്കും നൂര് വട്ടം...

കുരുത്തം കെട്ടവന്‍ said...

ഭരണകൂടത്തിനു ഇഷ്ടമില്ലാത്തവരെൊക്കെ തീവ്രവാദികള്‍ ഭീകരവാദികള്‍. അതിണ്റ്റെ ഒടുവിലത്തെ ഉദാഹരണമായി ജസ്റ്റിസ്‌ രജീന്ദര്‍ സചാറിനെ പോലും തീവ്രവാദി ലേബലില്‍ മുദ്ര കുത്താന്‍ നമ്മുടെ കേന്ദ്ര സര്‍ക്കാറിനു പോലും മടിയില്ല. അരുന്ദതി റോയ്‌, മല്ലികാ സാരഭായി, ടീസ്റ്റ സെറ്റില്‍ വാദ്‌ തുടങ്ങിയവരെ നേരത്തെ തന്നെ വര്‍ഗീയ ഫാഷിസ്റ്റുകള്‍ "ബുക്ക്‌" ചെയ്തതാണു. ഇവരെയൊക്കെ തരം കിട്ടിംബോഴൊക്കെ "രാജ്യദ്രോഹി" പട്ടം നല്‍കി ആദരിക്കാറുണ്ട്‌. മുസ്ളിം ആണോ അവര്‍ക്ക്‌ സ്വൈരമായി ജീവിക്കാന്‍ സാധിക്കില്ല എന്നുള്ളത്‌ ഇന്ന് വ്യക്തമാണു. ഈ കൊചു കേരളത്തില്‍ പോലും ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട്‌ വര്‍ഗീയ ഫാഷിസ്റ്റുകള്‍ "ലൌ ജിഹാദ്‌" ഇറക്കി കളിച്ചത്‌. കോടതിയില്‍ എന്‍ ഐ എ പോലും വ്യക്തമാക്കിയത്‌ കളമശ്ശേരി ബസ്‌ കത്തിക്കല്‍ മദനിക്ക്‌ ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു എന്നാണു. ഏേത്‌ കോടതിയോ അന്യേഷണ ഏേജന്‍സിയോ എന്ത്‌ തന്നെ പറഞ്ഞാലും "ഞങ്ങള്‍" പറയും "നിങ്ങള്‍" ഭീകരവാദികളാണു അതു മറ്റുള്ളവരും അംഗീകരിക്കുക അല്ലെങ്കില്‍ നിങ്ങളെയും "ഞങ്ങള്‍" ഭീകരരാക്കും. ഇതാണു ഇന്ന് "മതേതര"ത്തിണ്റ്റെ ലേബലില്‍ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. ഇതിനൊയൊക്കെ ന്യായീകരിക്കാന്‍ ഇവിടെ കുറേ ഉദര ജീവികളും. ജി പി യെ പോലുള്ളവര്‍ ഇവര്‍ക്ക്‌ രാജ്യദ്രോഹികളാകാന്‍ അധികം ദൂരമില്ല.

നന്ദന said...

ഇങ്ങനെ ഓരോ മനുഷ്യരും തെളിയിക്കേണ്ടതുണ്ടോ?? ഇങ്ങനെ തെളിയിക്കുന്നത് കാപട്യമാകില്ലെന്ന് എങ്ങിനെ പറയാൻ കഴിയും. കാലം കഴിയും തോറും മനുഷ്യമനസ്സുകളുടെ അകലം വർധിച്ചു കൊണ്ടേയിരിക്കുകയാണ്, അത്കൊണ്ട് ഇങ്ങനെയുള്ള സിനിമകൽ കൊണ്ടൊന്നും അകന്നുപോകുന്ന മനസ്സുകളെ അടുപ്പിക്കാൻ കഴിയില്ല!! അതി ശക്തമായ ബോദവൽക്കരണം കൊണ്ടും ഇനിയുള്ള കാലം ഫലം കാണുമെന്ന് പറയാൻ വയ്യ!! മതങ്ങൽ മാറിനിൽക്കട്ടെ!! മനുഷ്യൻ ഒന്നിക്കട്ടെ!! എങ്കിൽ മാത്രമേ ഇതിനൊക്കെ ശ്വാശത പരിഹാരം കണാൻ കഴിയുകയുള്ളൂ.

ശാശ്വത്‌ :: Saswath S Suryansh said...

കാല്‍വിന്‍, പടത്തില്‍ കാണിച്ചിരിക്കുന്ന സംഭവങ്ങള്‍ പലതും senseless ആണ് എന്ന കാഴ്ചപ്പാടിനോട് യോജിക്കുന്നു. പക്ഷേ, എല്ലാം നല്ല രീതിയില്‍ പോയിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ 9 /11 കടന്നു വരുമ്പോള്‍ ആദ്യം കാണിക്കുന്നത്, റിസ്വാന്റെ സഹോദര ഭാര്യയുടെ തട്ടം വലിച്ചൂരുന്ന കാഴ്ചയല്ലേ? അത് മുസ്ലിങ്ങള്‍ക്ക്‌ നേരിടേണ്ടി വന്ന അപമാനം അല്ലേ? അത് പോലെ, താന്‍, അല്ലെങ്കില്‍ തന്റെ മതം മൂലം തന്നോട് ബന്ധപ്പെട്ടവര്‍ ഓരോരുത്തരായി കഷ്ടപ്പെടുന്നത് കാണേണ്ടി വരുന്ന മുസ്ലീമിനെ അതില്‍ ചിത്രീകരിച്ചിട്ടില്ലേ?

താങ്കള്‍ പറഞ്ഞത് പോലെ ഒരു നല്ല പടം കഴിഞ്ഞ കൊല്ലം ഇറങ്ങിയിരുന്നു: ന്യൂയോര്‍ക്ക്‌. ഗിമ്മിക്കുകളും മെലോ ഡ്രാമയും ഇല്ലാതെ തന്നെ ആ കഥ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനു ശേഷം ഇതേ വിഷയത്തില്‍ വന്ന, കരണ്‍ ജോഹറിന്റെ തന്നെ കുര്‍ബാന്‍ എല്ലാ അര്‍ത്ഥത്തിലും നിരാശപ്പെടുത്തിയ സിനിമ ആയിരുന്നു. എഫ് ബി ഐയെക്കുറിച്ചും അമേരിക്കന്‍ പോലീസിനെക്കുറിച്ചും ഹിന്ദി സിനിമാക്കാരുടെ വികല സങ്കല്‍പ്പങ്ങള്‍ വെളിവാക്കിയ ഒരു പടം. മുംബൈ പോലീസിന്റെ നിലവാരത്തില്‍ എഫ് ബി ഐ യെ താഴ്ത്തിയത് ഒട്ടേറെ വിമര്‍ശന വിധേയം ആയതിനാലാവും, ഇത്തവണ അത്രയും തരം താണില്ല. എങ്കിലും, ഇംഗ്ലീഷ് സിനിമാ പ്രേമികള്‍ കണ്ടാല്‍ ചിരിക്കുന്ന പലതും സിനിമയില്‍ ഉണ്ട് താനും. ഇന്ത്യന്‍ സിനിമയ്ക്ക് ലോക മുഖം നല്‍കിയ ഷാറൂഖ് ഖാനെങ്കിലും അല്പം ഉത്തരവാദിത്വം കാണിക്കേണ്ടതായിരുന്നു. Forrest Gump എന്ന ക്ലാസ്സിക്‌ സിനിമയിലെ നായകന്റെ (ടോം ഹാങ്ക്സ്)ഒരു അനുകരണം ആണ് അദ്ദേഹം കാഴ്ച വെച്ചത്. (ഒരിക്കല്‍ ഫെയ്സ്ബുക്ക് ചാറ്റില്‍ പരിചയപ്പെട്ട ഇന്തോനേഷ്യന്‍ സുഹൃത്ത്‌ ചെന്നൈ എന്നത് ഇന്ത്യയിലാണെന്ന് അറിഞ്ഞപ്പോള്‍, ഓ, ഷാറൂഖ് ഖാന്റെ നാട്ടുകാരന്‍ ആണല്ലേ എന്നാണു ചോദിച്ചത്. സാന്ദര്‍ഭികമായി ഇവിടെ പറഞ്ഞെന്നു മാത്രം.)

മൊത്തത്തില്‍ കരണ്‍ ജോഹറിന്റെ 'ഖാന്‍' അത്ര വലിയ ഒരു സിനിമ ഒന്നും അല്ല. പക്ഷേ ബാല്‍ താക്കറെമാര്‍ക്ക് വിധേയനാകാതെ ഒരു ചിത്രം ബോളിവുഡില്‍ വിജയം നേടി എന്ന ഒറ്റക്കാരണം കൊണ്ട്, ഈ ഖാന്‍ എന്നും ഓര്‍മിക്കപ്പെടും. ആദ്യമായി സ്വന്തം നട്ടെല്ലോടെ അഭിപ്രായം പറഞ്ഞ സിനിമാ താരം എന്ന നിലയില്‍ ഷാറൂഖ്, നിങ്ങളുടെ ചിത്രത്തിന് താഴെ എന്റെ ഒരു ഒപ്പ്. മലയാള സിനിമയുടെ ചീഞ്ഞു നാറിയ മുഖം കാണേണ്ടി വരുന്ന ഈ അവസ്ഥയില്‍പ്രത്യേകിച്ച്.

ശാശ്വത്‌ :: Saswath S Suryansh said...

വിട്ടു പോയ ഒരു കാര്യം കൂടി പറഞ്ഞോട്ടെ, സിനിമ കണ്‍വേ ചെയ്യുന്ന സന്ദേശം ഇതാണ്: ലോകത്തില്‍ രണ്ടു തരം മനുഷ്യര്‍ ഉണ്ട്- നല്ലവരും ചീത്തവരും. അല്ലാതെ മറ്റൊരു വേര്‍തിരിവും ഇല്ല; പാടില്ല.

ആ സന്ദേശം ആദ്യമായി പറയുന്ന രംഗം വളരെ വികാര നിര്‍ഭരമായി ആണ് ചിത്രീകരിച്ചിരിക്കുന്നതും. ഇതു തന്നെയല്ലേ ശ്രീ നാരായണ ഗുരുവും പറഞ്ഞത്?

word verification... Oh.. Not again..! How many times we have to enter this?

Bachoo said...

എന്നത്തേയും പോലെ സദ്ചിന്തയെ ഉണര്ത്തുന്ന മറ്റൊരു RGP special:

മുംബൈ നരമേധം കഴിഞ്ഞപ്പോഴും, താക്കറെ സൌഹൃദവും മറ്റുമായി ബച്ചന് മുന്പും തന്റെ മതേതര കൂറ് നമുക്ക് കാട്ടി തന്നിട്ടുണ്ട്. ആ നിലക്ക് ഇപ്പോഴത്തെ മോഡി പ്രണയത്തിലും അത്ഭുതം കൂറേണ്ടതില്ല. ടീസ്റ്റയെ പോലെയോ മല്ലികയെ പോലെയോ വേദികള് പ്രസംഗിച്ചു നടക്കാമെന്നല്ലാതെ എളുപ്പം എന്കാഷ് ചെയ്യാവുന്ന ചെക്കല്ല മതേതരത്വം എന്ന് മാര്ക്കറ്റിംഗ് സാധ്യതകള് വിജയകരമായി പരീക്ഷിക്കുന്ന ബച്ചനു നല്ല പോലെ അറിയാം.

തങ്ങളെ 'ടെറര് കാറ്റഗറൈസ്' ചെയ്യുന്ന കുതന്ത്രത്തെ എങ്ങനെ മറികടക്കുമെന്ന ദിശാബോധം ഇല്ലാത്ത ഇരകള്‍ക്ക് വേട്ടക്കാരുടെ കാരുണ്യകടാക്ഷത്തിന് മുന്നില് തന്നെ വേണം നിരപരാധിത്വം തെളിയിക്കാമെന്ന മൂഢസന്ദേശം...
ഫാസിസ്റ്റ് ബഹളം കാരണം കിട്ടിയ ജനശ്രദ്ധ ഈ തെറ്റായ സന്ദേശത്തെ അറക്കിട്ടുറപ്പിക്കാം എന്നത് മറ്റൊരു ദുരന്തക്കാഴ്ച.

Joker said...

നന്ദന said...
ഇങ്ങനെ ഓരോ മനുഷ്യരും തെളിയിക്കേണ്ടതുണ്ടോ?? ഇങ്ങനെ തെളിയിക്കുന്നത് കാപട്യമാകില്ലെന്ന് എങ്ങിനെ പറയാൻ കഴിയും. എങ്കിൽ മാത്രമേ ഇതിനൊക്കെ ശ്വാശത പരിഹാരം കണാൻ കഴിയുകയുള്ളൂ.

====================
ദാ, ഇപ്പറഞ്ഞതാണ് കാര്യം. ഇങ്ങനെ മാപ്ലമാര്‍ തെളീയിച്ചത് കൊണ്ടൊന്നും കാര്യമില്ല.അത് കാപട്യം അല്ലെന്ന് കൂടി തെളിയിക്കണം.മാപ്ല മാരെ വിശ്വസിക്കാന്‍ കൊള്ളില്ല. അവര്‍ എപ്പോഴാണ് തീവ്രവാദിയാകുക എന്ന് പറയാന്‍ പറ്റില്ല.അത് കൊണ്ണ്ട് അവര്‍ നിരന്തരം അത് തെളിയിച്ചു കൊണ്ടേഎ ഇരിക്കണം. ഇന്തയിലെ ഏതെങ്കിലും സംഘപരിവാര്‍ ഔട്ട് ലെറ്റില്‍ നിന്നോ സി ഐ എ ഔട്ട് ലെറ്റില്‍ നിന്നോ ഒരു ഐഡന്റീ കാഡ് വാങ്ങികൈയില്‍ വെക്കണം.എത് കൊണ്ടേ കാര്യമുള്ളൂ.

നന്ദന said...

Joker പ്ലീസ് എഴുതാപ്പുറം വായിക്കരുത്, ആളൊരു ജോക്കറാണെന്നറിയാമെങ്കിലും പറയാം, ഒരു ജനാധിപത്യസമൂഹത്തിൽ ഇങ്ങനെയൊരു തെളിയിക്കപ്പെടലിന്റെ ആവശ്യകതയിലേക്കാണ് ഞാൻ വിരൽ ചൂണ്ടിയത്. ഇങ്ങനെ ഓരോ ആളും/ താങ്കൽ പറഞ്ഞത് പോലെ ഓരോ മുസ്ലിമും/മാപ്ലമാര്‍ തെളിയിക്കുമ്പോൾ, ആർക്ക് വേണ്ടിയാണോ തെളിവുകൽ ഹാജരാക്കുന്നത് അവരുടെ മനസ്സിൽ സ്വാഭാവികമായും ഈ തെളിയിക്കപ്പെടലുകളെകുറിച്ചുള്ള സംശയം മാത്രമേ ബാക്കിയുണ്ടാവുകയുള്ളൂ, ഇത്തരുണത്തിൽ തെളിയിക്കപ്പെടലുകളുടെ അർത്ഥമെന്തെന്ന് മാത്രമേ ഞാൻ ചോദിച്ചതിന് അർത്ഥം നൽകേണ്ടതുള്ളൂ.


ഇത് അർത്ഥമാക്കുന്നത് മുസ്ലിമും/മാപ്ലമാര്‍ എത്ര തെളിയിച്ചാലും ഫാസിസ്റ്റുകളുടെ കണ്ണിൽ ഇവർ എന്നും കരടായിരിക്കുകയേയുള്ളൂ, ഇങ്ങനെ തെളിയിക്കപ്പെടലുകൽ കാണിക്കുന്നത് മനസ്സിന്റെ അടിമത്വ സ്വഭാവമാണ് എന്നുകൂടി പറയട്ടെ!!! എന്തായാലും താങ്കളേ പോലുള്ളവർ കൊത്തുന്ന ചൂണ്ട ഒരുപ്രത്യേക സ്വഭാവമുള്ളതാണെന്ന് കാണാൻ കഴിയുന്നുണ്ട്.

ഇതിനൊക്കെ ചെയ്യാൻ കഴിയുന്ന ഒരുകാര്യം തെളിവ്കൊടുക്കലല്ല മറിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വന്ന് രാഷ്ട്രീയമായി പരിഹാരം കാണുകയാണ്, അതിന് ഏറ്റവും നല്ല വഴി ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇടതുധാരയിൽ അണിചേരുക എന്നതാണ്.

ശാശ്വത്‌ :: Saswath S Suryansh said...

നന്ദന, അബ്സ്ട്രാക്റ്റ് ആയി പറയാതെ ആദ്യമേ ഇതങ്ങു വ്യക്തമാക്കിയിരുന്നെങ്കില്‍ പ്രശ്നം തീരുമായിരുന്നില്ലേ?

ആദ്യം പറഞ്ഞത് എങ്ങനെ വേണമെങ്കിലും വ്യഖ്യാനിക്കാമായിരുന്നു. കൂടുതല്‍ സാധ്യത ജോക്കെറുടെ വ്യാഖ്യാനത്തിനാണ് താനും. അത് വായിച്ചു ആ പറഞ്ഞതിന്റെ അര്‍ഥം ഞാനും ഒന്ന് അപഗ്രഥിച്ചു നോക്കിയിരുന്നു. എന്തായാലും ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തം.

പിന്നെ അദ്ദേഹം തന്നെ വിദൂഷകന്‍ എന്ന അര്‍ത്ഥത്തില്‍ joker എന്ന പേര് തെരഞ്ഞെടുത്തിരിക്കുമ്പോള്‍ പിന്നെ അഴീക്കോട്‌ ഇന്നസെന്റിനെ വിളിച്ചത് പോലെ 'കഥയില്ലാത്തവന്‍' എന്ന അര്‍ത്ഥത്തില്‍ വീണ്ടും ആളെ ജോക്കര്‍ ആക്കണ്ടിയിരുന്നില്ല. താങ്കള്‍ ഉദ്ദേശിച്ച അര്‍ത്ഥമല്ലെങ്കില്‍ പോലും "തെളിയിക്കുന്നത് കാപട്യമാകില്ലെന്ന് എങ്ങിനെ പറയാൻ കഴിയും" എന്നതിന് എഴുതാപ്പുറം വായിക്കാതെ തന്നെ ഒരു പ്രകടാര്‍ത്ഥം കൈ വരുന്നു. ജോക്കര്‍ അത് കുറച്ചു elaborate ചെയ്തു എഴുതി, അത്രേയുള്ളൂ.

LOHIAN LOHITHAKSHAN said...

Most of the religions of our world organizationally as well as their propagandist level have been survived till with seeking unjustified space for domination disregarding their true spirits.A big brother always there to humiliate or deprive the younger.All religions have basically hidden seeds of hate or other form of deadly manifestations once we put them on our heads thus demeaning ourselves.
Capitalism and its mindless and aggressive consumerism make the things worst.

enaran said...

സുരക്ഷിതത്വത്തിനായി പരിശോധന നടത്തുവാൻ അവർക്ക് അധികാരം ഉണ്ട്. സൗകര്യം ഉള്ളവർ പോയാൽ പോരേ?
ആരെങ്കിലും അഫ്ഗാനിൽ ടൂറിനു പോകുന്നുണ്ടോ? എന്താ കാരണം നമ്മുടെ സൗകര്യത്തിനു അവിടെ കഴിയുവാൻ പറ്റില്ല.അതുപോലെ ഷാരൂക്കിനടാക്കം ഉള്ളവർക്ക് തങ്ങളുടെ രീതിക്കും താല്പര്യത്തിനും അനുസരിച്ച് ഉള്ള ഇടങ്ങളിൽ പോയാൽ പോരെ? എന്തിനു അമേരിക്കയിലേക്ക് പറക്കണം?

ഇങ്ങേർക്കിപ്പോൾ എന്താവേണ്ടേ
ഒന്നുകിൽ സിനിമയിൽ നിന്നും മുസ്ലീം കഥാപാത്രങ്ങളെയും അവരെ ബന്ധപ്പെടുന്ന സംഭവങ്ങ്ളേയും ഒര്ഴിവാക്കണമെന്നോ? കുറേ നാളായി സാഹിത്യം സിനിമ എന്നിവയിലൊക്കെ ഉള്ള സംഭവങ്ങളെ ചുരണ്ടിപുറത്തിട്ടു എഴുതിക്കൊണ്ടിരിക്കുന്നു.

കാശ്മീരിൽ നുഴഞ്ഞുകയറുന്നതും ഭീകരപ്രവർത്തനം നടത്തുന്നതും തടിയന്റവിടമരാരും എല്ലാം സവർണ്ണരാണോ?
തടിയന്റവിടയെപ്പോലുള്ളവർ നമ്പൂതിരിയാണോ?

എനിക്കു മുമ്പ് പലരും ചോദിച്ചതാണ്‌ എനികിലും ചോദിക്കാതിരിക്കുവാൻ ആകുന്നില്ല. ജോക്കറും കുരുത്തം കെട്ടവനും ഒക്കെ സപ്പോർട് ചെയ്യുന്നത് കണ്ട് അവരെ വിശ്വസിച്ച് ഇമ്മാതിരി സംഗതികൾ എഴുതി പിടിപ്പിക്കുമ്പോൾ ഒരുനിമിഷം ഒന്ന് ചുറ്റുപാടുകളിലേക്ക് നോക്കുക. എന്നിട്ട് എഴുതുക.

iotamundur said...

enaran chodichathaanu shari
കാശ്മീരിൽ നുഴഞ്ഞുകയറുന്നതും ഭീകരപ്രവർത്തനം നടത്തുന്നതും തടിയന്റവിടമരാരും എല്ലാം സവർണ്ണരാണോ?
തടിയന്റവിടയെപ്പോലുള്ളവർ നമ്പൂതിരിയാണോ?....
ഷാരൂക്കിനടാക്കം ഉള്ളവർക്ക് തങ്ങളുടെ രീതിക്കും താല്പര്യത്തിനും അനുസരിച്ച് ഉള്ള ഇടങ്ങളിൽ പോയാൽ പോരെ? എന്തിനു അമേരിക്കയിലേക്ക് പറക്കണം?


chuttum ullavar ellaam ithu thanneyaanu chodikkunnathu.
ennaalum enikku chila samshayangal ..pakshe parayaan vayya...pandu Mohanlal paranha pole' naale raavile Vigilancine' kani kaanano??

Unknown said...

ഭീകരതാ മുദ്രക്ക്‌ എപ്രകരം മറുപടി നൽകണം എന്ന് ലേഖകൻ പറയുന്നില്ല.
ജി.പി രാമചന്ദ്രനെപ്പോലുള്ളവർ വരികൾക്കുള്ളിൽ ഒളിപ്പിക്കുന്നത്‌ അപകടകരമായ ചിന്തകളും ആശയങ്ങളുമാണെന്ന്തിൽ സംശയം ഇല്ല. നിരുത്തരവാദപരമായ നിരീക്ഷണങ്ങൾ നടത്തുവാൻ എങ്ങിനെ ഇദ്ദേഹത്തിനാകുന്നു? ഇത്‌ ഒരു കൂട്ടം ബുദ്ധിജീവികളുടെ സംഘടിതമായ ശ്രമം ആണോ എന്ന് പലപ്പോഴും തോന്നാറുണ്ട്‌.ഇക്കൂട്ടരെ സപ്പോർട്ട്‌ ചെയ്യുവാൻ കമന്റുകളൂമായി ചില തികഞ്ഞ വർഗ്ഗീയ ഭ്രാന്തന്മാരും ഉണ്ടാകുക സ്വാഭാവികം. ജോക്കറെപ്പോലുള്ളവരുടെ ബ്ലോഗ്ഗുകളിൽ എന്താണ്‌?

ഭീകരതയ്ക്കെതിരായ നീക്കങ്ങളെ വർഗ്ഗീയവൽക്കരിക്കുന്നതിലൂടേ യദാർത്ഥത്തിൽ ഭീകരന്മാർക്ക്‌ സപ്പോർട്ട്‌ ആകുകയാണ്‌ ചെയ്യുന്നത്‌.മറിച്ച്‌ ഭീകരനെ പിടികൂടുവാൻ സഹായിക്കുകയും അത്തരക്കാർക്ക്‌ മതത്തെ ദുരുപയോഗം ചെയ്യുവാൻ കഴിയാത്ത വിധം വിശ്വാസികൾ ജാഗ്രതപുലർത്തുകയും ആണ്‌ വേണ്ടത്‌.

അവൈറ്റ്‌ പരിശോധന കർശനമാണേൽ അമേരിക്കയിലേക്ക്‌ പോണ്ടടോ. അമേരിക്ക നിങ്ങളെ ക്ഷണീച്ചോണ്ട്‌ പോയിട്ടല്ലോ നിങ്ങൾ അപേശ്കഹ്കൊടുത്ത്‌ പോണതല്ലേ? സ്വന്തം രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുവാൻ ഉത്തരവാദിത്വപെട്ടവർ നടത്തുന്ന ഇടപെടലുകളെ നിങ്ങൾക്ക്‌ ഇഷ്ടമില്ലേൽ എന്തിനവിടെ പോണം.അല്ലാതെ ആ രാജ്യത്തെ കുറ്റം പറയുവാൻ നമുക്ക്‌ എന്ത്‌ അവകശാം?

കുരുത്തം കെട്ടവന്‍ said...

ജിപിയുടെ പോസ്റ്റുകള്‍ വായിച്ചിട്ട്‌ ജിപി യിലും ഭീകരത ദര്‍ശിക്കുകയാണു നമ്മുടെ "ഡി". ഇതേ "ഡി" യുടെ ഒരു മിനിപതിപ്പ്‌ നേരത്തെ "പാര്‍പ്പിടം" എന്ന പേരില്‍ പ്രത്യക്ഷപെടാറുണ്ട്‌. രണ്ടിണ്റ്റെയും ആശയം ഒന്നു തന്നെ ബ്ളോഗേഴ്സിനോട്‌ ഒരു ഇടതുപക്ഷ ലൈനില്‍ എഴുതി തുടങ്ങുകയും എന്നാല്‍ വരികള്‍ക്കിടയില്‍ സംഘ്പരിവാറിണ്റ്റെ എല്ലാവദഗതികളും അതേ പടി പ്രതിഫലിപ്പിക്കുകയും ചെയ്യും, എന്നിട്ടോ ആരെങ്കിലും താങ്കള്‍ സംഘ്പരിവാറിണ്റ്റെ വാദങ്ങളാണു ഉന്നയിക്കുന്നത്‌ അത്‌ കേരളത്തില്‍ വിലപോകില്ലെന്നൊക്കെ ചൂണ്ടികാണിക്കുബ്ബോള്‍ എന്നെ പരിവാറാക്കുന്നേ എന്നു പറയുകയും കൂട്ടത്തില്‍ മറ്റു ബ്ളോഗേഴ്സിനു ഒരു വിശ്വാസിത ഉണ്ടാകാന്‍ ഞാന്‍ അച്യുതാനന്ദണ്റ്റെ ആളാണെന്ന് തട്ടിവിടുകയും ചെയ്യും. എന്നാല്‍ ഇവര്‍ ഒരിക്കലും വര്‍ഗീയ ഫാഷിസ്റ്റുകളൂടെ ചെറ്റത്തരത്തിനെതിരില്‍ ഒരു കമണ്റ്റു പോലും എവിടെയും എഴുതാതിരിക്കാന്‍ പ്രത്യാകം ശ്രദ്ദിക്കുന്നു. ഫാഷിസ്റ്റുകളെ എതിര്‍ക്കുന്നവരുടെ ബ്ളോഗില്‍ ഇവര്‍ ശക്തമായി ഫാഷിസ്റ്റ്‌ വീക്ഷണം അവതരിപ്പിക്കുകയും ചെയ്യും. മുംബീ ആക്രമണം ഭീകരാക്രമണമാണെന്നതില്‍ സംശയമില്ല എന്നാല്‍ ഇതേ കുറിച്ച്‌ നാഴികക്ക്‌ നാല്‍പതുവട്ടം പോസ്റ്റുകളിടുന്ന ഇവര്‍ ഒന്നാമത്തെയും രണ്ടാമത്തെയും ഭീകരാക്രമണങ്ങളായ ഗാന്ധി വധത്തെയും ബാബരി മസ്ജിദ്‌ ധ്വംസനത്തെയും കുറിച്ച്‌ മിണ്ടില്ല!! എന്നിട്ട്‌ പറയും ഇവരാണു "രാജ്യസ്നേഹികള്‍" എങ്ങിനെയുണ്ട്‌. ഇനി ജോക്കറിണ്റ്റെ ബ്ളോഗിനെന്താണു കുഴപ്പം? വര്‍ഗീയ ഫാഷിസ്റ്റുകളുടെ "രാജ്യസ്നേഹം" തുറന്നു കാണിക്കുന്ന പോസ്റ്റുകള്‍ ഉള്ളതു കൊണ്ടാണോ? അങ്ങിനെയും ചിലര്‍ വേണ്ടേ? കമ്മ്യൂണിസ്റ്റുകള്‍ ഉള്ളതുകൊണ്ടാണു കേരളത്തില്‍ വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്ക്‌ കാലുറപ്പിക്കാനാകാത്തത്‌ എന്നുള്ളതുപോലെ ജോക്കറിനെ പോലുള്ള ബ്ളോഗേഴ്സും വേണ്ടേ അല്ലെങ്കില്‍ ഗാന്ധിവധവും, ബാബരിമസ്ജിദ്‌ തകര്‍ക്കലും, മക്കാ മസ്ജിദ്‌,നന്ദേഡ്‌, മാലഗോവ്‌, മാര്‍ഗോവ സ്ഫോടനങ്ങളും ഒറീസ, ഗുജറാത്ത്‌ കലാപങ്ങളും ഒക്കെ മാലോകരെ സോറി ബൂലോകരെ അറിയിക്കാന്‍ ആളില്ലാതെ പോകില്ലേ?

Unknown said...

"ഡി"യുടെ മിനിപതിപ്പ്‌... അപ്പോൾ ഡി വലിയപതിപ്പാണെന്നാണോ ഇയ്യാൾ പറഞ്ഞുവരുന്നേ? അതേതായാലും നന്നായി..ഈ കുരുത്തം കെട്ടവൻ കാരണം ആൾക്കാർക്ക്‌ സ്വന്തമായി കമന്റിടുവാൻ പറ്റാണ്ടായീന്നേ. ഒരേതൂവൽ പക്ഷികൾ ആണെങ്കിലും കുരുത്തം കെട്ടവനും ജോക്കറും ഒന്നാണെന്ന് ഞാൻ പറയില്ല. വിരുദ്ധാഭിപ്രായം ഉള്ളവർ ഒക്കെ ഒരേ ആൾക്കാർ ആണെന്ന് പറയുന്നത്‌ എന്റെ രീതിയല്ല.

Unknown said...

അപ്പോള്‍ മാധ്യമത്തിന്റെ ലൈന്‍ അല്ലെ കുരുത്തം കെട്ടവനെ. അതൊരു നല്ല ഐഡിയതന്നെ. വരികള്‍ക്കിടയില്‍ മറ്റൊരു ആശയം മറച്ചുവെക്കുക എന്നത്. പാര്‍പ്പിടത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന നിങ്ങളുടെ വരികള്‍ക്കിടയിലും ചില ആശയങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.ഭംഗിയായി പൊതിയുവാന്‍ ശ്രമിച്ചിട്ടും അത് പുറത്തുവരുന്നുമുണ്ട്.നിങ്ങള്‍ ഫാസിസം അമേരിക്കന്‍ വിരുദ്ധം എന്നൊക്കെ പറയുന്നത് സാമ്രാജ്യത്വത്തിനെതിരായ സമരത്തിന്റെ ഭാഗം ഒന്നും അല്ല.അത് കേവലം വംശീയമായ വിദ്വേഷത്തിന്റെ ഭാഗം മാത്രം. അത്തരം ഒരു നിലപാടെടുക്കുവാന്‍ നിങ്ങള്‍ക്ക് ആകും എന്ന് തോന്നുന്നില്ല.കാരണം ആത്യന്തികമായി നിങ്ങളും ഒരു കടുത്ത വര്‍ഗ്ഗീയവാദിയാണെന്ന് വ്യക്തം.

ജി.പിയുടെ ലേഖനം സിനിമയും കടന്ന് മറ്റുചിലയിടങ്ങളില്‍ വിശാലമായി മേയുന്നു.എന്നാല്‍ ഈ ലേഖനത്തില്‍ സിനിമയേക്കാള്‍ പ്രാധാന്യം അദ്ദേഹത്തിന്റെ മറ്റു ചില നിരീക്ഷണങ്ങള്‍ക്കാണ്. എങ്കിലും പൊതുചര്‍ച്ചക്കായി തുറന്നിടുമ്പോള്‍ അതിനെ നിയന്ത്രിക്കുവാന്‍ ലേഖകന്‍ തയ്യാറായില്ലെങ്കില്‍ വര്‍ഗ്ഗീയമായും രാഷ്ടീയമായും തങ്ങളുടെ താ‍ല്പര്യാര്‍ഥം ആളുകള്‍ ഹൈജാക്ക് ചെയ്യുക സ്വാഭാവികം. ഇവിടെയും സംഭവിച്ചത് മറ്റൊന്നുമല്ല.ഒരു ചര്‍ച്ചയില്‍ പങ്കെടുക്ക്മ്പൊള്‍ ഒരേ ആശയം ഉള്ളവര്‍ ഒക്കെ ഒരാള്‍ ആകണം എന്നില്ല. ഇവിടെ ജി.പിയുടെ ബ്ലോഗ്ഗാണ് മലീമസമാകുന്നത്.