Tuesday, April 13, 2010

ഇന്ത്യക്കു വേണ്ടി കളിക്കുന്നതാര്?




പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരമായ ശുഐബ് മാലിക്കുമായി ഇന്ത്യന്‍ ടെന്നീസ് ഇതിഹാസമായ സാനിയ മിര്‍സയുടെ പ്രണയവും വിവാഹനീക്കങ്ങളും മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. കോടികള്‍ കിലുങ്ങുന്ന കളികളും കളികള്‍ക്കുള്ളിലെ 'കളി'കളും ഗ്ളാമറും എല്ലാം നിറഞ്ഞു കവിയുന്ന ഒരു വിഷയം എന്ന നിലയില്‍ അതില്‍ അസ്വാഭാവികതയൊന്നുമില്ല. പാപ്പരാസികളും ഒളിക്യാമറകളും മാധ്യമധര്‍മ്മം വിശദീകരിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ അത്തരം അഭ്യാസങ്ങളൊക്കെ അരങ്ങു തകര്‍ക്കട്ടെ! എന്നാല്‍; ദേശീയത, പൌരത്വം, അതിര്‍ത്തി, യുദ്ധങ്ങള്‍, ശത്രുത, മതം, വിശ്വാസം, ന്യൂനപക്ഷം, മാന്യത, എന്നിങ്ങനെ 'അപകടം' പിടിച്ച മേഖലകളിലേക്ക് ഈ വിവാദത്തെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നതിലാണ് ഇന്ത്യന്‍ സവര്‍ണ വര്‍ഗീയ ഫാസിസ്റുകളുടെ പ്രവര്‍ത്തനവിജയം ഒളിഞ്ഞും തെളിഞ്ഞും പ്രകടമാകുന്നത്.

പാക്കിസ്ഥാനി ക്രിക്കറ്റു താരമായ ശുഐബിനെ നിക്കാഹ് കഴിക്കാനുള്ള സാനിയയുടെ തീരുമാനത്തെ കടുത്ത ഭാഷയിലാണ് ശിവസേന തലവന്‍ ബാല്‍ ഠാക്കറെ അപലപിച്ചത്. വെറുപ്പിന്റെ പര്യായമെന്നോണം ദിവസേന പുറത്തിറങ്ങുന്ന ശിവസേന മുഖപത്രമായ സാമ്നയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഠാക്കറെ എഴുതിയ മുഖപ്രസംഗം ആരംഭിക്കുന്നത് ഇപ്രകാരമാണ്: സാനിയ ആരെ പ്രണയിക്കുന്നുവെന്നതോ ആരെ വിവാഹം കഴിക്കുന്നുവെന്നതോ ആരെയും ബാധിക്കുന്ന കാര്യമൊന്നുമല്ല. പക്ഷെ അത് ശുഐബിനെയാണ് എന്നതും അയാള്‍ പാക്കിസ്ഥാനി ക്രിക്കറ്റ് താരമാണെന്നതും സംഗതി ഗുരുതരമാക്കുന്നു. കാരണം, യുദ്ധത്തിലെന്നതു പോലെ ക്രിക്കറ്റിലും പാക്കിസ്ഥാന്‍ ഇന്ത്യയുടെ ശത്രു രാജ്യമാണല്ലോ! സാനിയയുടെ ഹൃദയം എല്ലാ അര്‍ത്ഥത്തിലും ഒരിന്ത്യക്കാരിയുടേതായിരുന്നുവെങ്കില്‍ അത് ഒരു പാക്കിസ്ഥാനിക്കു വേണ്ടി മിടിക്കില്ലായിരുന്നുവെന്നാണ് കാര്‍ടൂണിസ്റ്റു കൂടിയായ ഠാക്കറെ കാവ്യാത്മകമായി പരിഹസിക്കുന്നത്. പാക്കിസ്ഥാന്‍ പൌരനുമായുള്ള വിവാഹശേഷവും സാനിയ ഇന്ത്യക്കു വേണ്ടി തന്നെ കളിക്കുമെന്ന അവരുടെ കുടുംബത്തിന്റെ പ്രസ്താവനയെ ഠാക്കറെ തികഞ്ഞ എതിര്‍പ്പോടെയാണ് നേരിടുന്നത്. ഇതെങ്ങിനെ അനുവദിക്കാനാവും? പാക്കിസ്ഥാന്‍ പുരുഷ പൌരനുമായുള്ള വിവാഹശേഷം അവള്‍ ഒരു പാക്കിസ്ഥാനിയായി മാറും. അപ്പോള്‍ ഒരു നിലക്കും അവള്‍ക്ക് ഇന്ത്യക്കു വേണ്ടി കളിക്കാനാവില്ല. വിവാഹത്തിന്റെ ഉറപ്പിനും സുരക്ഷിതത്വത്തിനും വേണ്ടി പാക്കിസ്ഥാനിലേക്ക് പോകുന്നവള്‍, പ്രശസ്തിക്കും ശോഭന ഭാവിക്കും വേണ്ടി ഇന്ത്യക്കു വേണ്ടി കളിക്കാനാഗ്രഹിക്കുന്നുവത്രെ എന്നാണ് ഠാക്കറെ പരിഹസിക്കുന്നത്. ഇത് ഒരു നിലക്കും അനുവദിക്കാനാവില്ല എന്നദ്ദേഹം തറപ്പിച്ചു പറയുന്നു.

ഇന്ത്യന്‍ യുവാക്കളുടെ ഇഷ്ട നോവലിസ്റ്റായ ചേതന്‍ ഭഗത്തിന്റെ പ്രസിദ്ധ നോവലായ ദ ത്രീ മിസ്റ്റേക്ക്സ് ഇന്‍ മൈ ലൈഫിലെ (എന്റെ ജീവിതത്തിലെ മൂന്ന് തെറ്റുകള്‍) പ്രധാന കഥാപാത്രമായ അലിയെ അഹമ്മദാബാദിലെ തെരുവില്‍ നിന്നാണ് ഗോവിന്ദും ഓമിയും ഐഷും കണ്ടെടുക്കുന്നത്. തനിക്കു നേരെ ചീറിപ്പാഞ്ഞുവരുന്ന ബാളുകളെ അസാമാന്യവും അസാധാരണവുമായ കൃത്യതയോടെ തടുത്ത് തെറിപ്പിക്കുന്ന അലി ദൈവത്തിന്റെ കൈയൊപ്പുള്ള ഒരു ബാറ്റ്സ്മാനാണെന്ന് അവര്‍ കണ്ടെത്തുന്നു. അവനെ പരിശീലിപ്പിച്ച് ലോകോത്തര ബാറ്റ്സ്മാനാക്കാനുള്ള പ്രയത്നത്തിലാണ് പിന്നെ അവര്‍ ഏര്‍പ്പെടുന്നത്. അതിന്‍ പ്രകാരം ആസ്ത്രേലിയന്‍ ക്രിക്കറ്റ് ടീമുമായും കോച്ചുമായും ബന്ധം സ്ഥാപിക്കുകയും ആസ്ത്രേലിയയിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്നുണ്ടവര്‍. അലിയുടെ മികവ് കണ്ട്, അവനെ തങ്ങള്‍ ദത്തെടുക്കാമെന്നും മുഴുവന്‍ ചെലവുകളും അതിനു പുറമെ നല്ലൊരു തുക കുടുംബബോണസായും അനുവദിച്ച് വളര്‍ത്തി ലോകോത്തര ക്രിക്കറ്ററാക്കാമെന്നും ആസ്ത്രേലിയയിലെ ക്രിക്കറ്റ് ബോര്‍ഡധികൃതര്‍ അറിയിക്കുന്നു. പക്ഷെ, അപ്പോഴാണ് അലി നിര്‍ണായകമായ ഒരു ചോദ്യം ചോദിക്കുന്നത്. പിന്നെ എനിക്ക് ഇന്ത്യക്കു വേണ്ടി കളിക്കാനാവില്ലല്ലോ? 2002ലെ വംശഹത്യക്കു ശേഷമുള്ള കലുഷിതവും ഒറ്റപ്പെടലുകള്‍ കൊണ്ട് അനാഥവും അനിശ്ചിതവുമായ ഗുജറാത്തി മുസ്ളിം പരിസരത്തു നിന്നാണ് അലി എന്ന കഥാപാത്രത്തെ ജനപ്രിയ നോവലിസ്റ്റായ ചേതന്‍ ഭഗത്ത് ഭാവന ചെയ്തെടുക്കുന്നത്. അതേ ഗുജറാത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഠാക്കറെ ഭാവന ചെയ്തെടുക്കുന്നതോ, ഇന്ത്യയുടെ അഭിമാനതാരമായ സാനിയയെ എങ്ങിനെ തള്ളിപ്പുറത്താക്കി ഇന്ത്യയെ ശുദ്ധീകരിക്കാമെന്നും. ചേതന്‍ ഭഗത്തില്‍ നിന്ന് ബാല്‍ ഠാക്കറെയിലേക്കുള്ള ദൂരം തന്നെയാണ് ഇന്ത്യയുടെ ഭാവനാവിസ്തീര്‍ണ്ണം എന്നു ചുരുക്കം.

2003ലെ വിംബിള്‍ഡണില്‍, ഗേള്‍സ് ഡബിള്‍സില്‍ റഷ്യയുടെ അലീസ ക്ളെയ്ബനോവയുമായി ചേര്‍ന്നാണ് സാനിയ ആദ്യ ലോക കിരീടം നേടിയെടുക്കുന്നത്. ഇന്ത്യന്‍ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മുന്തിയ റാങ്കുകള്‍ സ്ഥിരമായി നിലനിര്‍ത്തിയ പെണ്‍താരമാണ് സാനിയ. സാനിയ മിര്‍സയെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും ഷാറൂഖ് ഖാനെയും ഏ ആര്‍ റഹ്മാനെയും റസൂല്‍ പൂക്കുട്ടിയെയും പോലുള്ളവരുടെ പേരിലാണ് ഇന്ത്യക്കാര്‍ അഭിമാനം കൊള്ളുന്നത്; അല്ലാതെ ബാല്‍ ഠാക്കറെമാരുടെയും പ്രമോദ് മുത്തലിക്കുമാരുടെയും പേരിലല്ല. 2005 യു എസ് ഓപ്പണില്‍ നാലാം റൌണ്ടിലെത്തിയ സാനിയ, 2009 ആസ്ത്രേലിയന്‍ ഓപ്പണില്‍ മഹേഷ് ഭൂപതിയോടൊപ്പം ചേര്‍ന്ന് മിക്സഡ് ഡബിള്‍സില്‍ ഗ്രാന്റ് സ്ളാം നേടി ഇന്ത്യയിലേക്കു കൊണ്ടു വന്നു. അത് ഇന്ത്യയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. 2006 ദോഹ ഏഷ്യന്‍ ഗെയിംസില്‍ സിംഗിളില്‍ വെള്ളിയും മിക്സഡ് ഡബിള്‍സില്‍ ലിയാണ്ടര്‍ പെയ്സിനോടൊപ്പം ചേര്‍ന്ന് സ്വര്‍ണവും നേടി ഇന്ത്യയുടെ അഭിമാനം കാത്തവളാണ് സാനിയ. 2006ല്‍ അന്ന് ഇരുപതു വയസ്സു മാത്രമുണ്ടായിരുന്ന സാനിയക്ക് ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ സിവില്‍ ബഹുമതിയായ പത്മശ്രീ സമ്മാനിക്കപ്പെട്ടു.

ഇത്തരത്തില്‍ ഇന്ത്യയുടെ അഭിമാനമായി മാറുകയും കോടിക്കണക്കിനാളുകളാല്‍ ആരാധിക്കപ്പെടുകയും ചെയ്ത, സാനിയയെ ബാല്‍ ഠാക്കറെ ഭര്‍ത്സനപരമായ പദങ്ങളാല്‍ കുറ്റപ്പെടുത്തുന്നു. ഠാക്കറെ ചോദിക്കുന്നു. എന്ത് ടെന്നീസ്. അതൊക്കെ ഒരു കളിയാണോ? ഇറുകിക്കിടക്കുന്ന വേഷമണിഞ്ഞ്, അര്‍ദ്ധ നഗ്നയായി കളിക്കുന്ന സാനിയ അവളുടെ ഫാഷന്‍ പരേഡുകളുടെയും പ്രണയബന്ധങ്ങളുടെയും വ്യത്യസ്തമായ തരത്തിലുള്ള ഒരു 'കളി'യുടെയും പേരിലാണ് അറിയപ്പെടുന്നത് എന്നാണ് ഠാക്കറെ വിവരിക്കുന്നത്. മുമ്പ്, സാനിയയുടെ വേഷത്തിന്റെ പേരില്‍ മുസ്ളിം പണ്ഡിതന്മാര്‍ ഉയര്‍ത്തിയ പ്രതിഷേധത്തെ സൂചിപ്പിച്ചുകൊണ്ട് ഠാക്കറെ ചോദിക്കുന്നു. താലിബന്‍വല്‍ക്കരിക്കപ്പെട്ട പാക്കിസ്ഥാനില്‍, ബുര്‍ഖ ധരിച്ചുകൊണ്ടാണോ സാനിയ ടെന്നീസ് കളിക്കാന്‍ പോകുന്നത്? സാനിയയുടെ കുടുംബാംഗങ്ങള്‍ക്ക് വളരെ പെട്ടെന്നു തന്നെ പാക്കിസ്ഥാനി വിസ ലഭിച്ചുവെന്നും ഠാക്കറെ ആരോപിക്കുന്നു. ലവ് ജിഹാദ് വിവാദങ്ങള്‍ തുടങ്ങിവെച്ചവരും മംഗളൂരുവില്‍ പബ്ബുകള്‍ ആക്രമിക്കുകയും പൊതുസ്ഥലങ്ങളില്‍ സംസാരിച്ചു നില്‍ക്കുന്ന പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തല്ലിച്ചതക്കുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്യുന്നതിലൂടെ കുപ്രസിദ്ധി നേടിയവരുമായ ശ്രീരാമ സേന പറയുന്നത്, ഇനി മുതല്‍ സാനിയയെ ഇന്ത്യക്കു വേണ്ടി കളിക്കാനനുവദിക്കില്ലെന്നാണ്. താലി കെട്ടിക്കഴിഞ്ഞാല്‍ പിന്നെ അവള്‍ ഇന്ത്യക്കു വേണ്ടി കളിക്കാമെന്ന് വ്യാമോഹിക്കണ്ട; ഇന്ത്യക്കാര്‍ക്കു തന്നെ ഒരപമാനമായി മാറിയിരിക്കുകയാണവള്‍ എന്നാണ് ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്തലിക്ക് പ്രഖ്യാപിക്കുന്നത്. നൂറു കോടി ഇന്ത്യക്കാരില്‍ നിന്നും ഇന്ത്യയിലെ പതിനഞ്ച് കോടി മുസ്ളിമിങ്ങളില്‍ നിന്നും ഒരാളെ പ്പോലും സാനിയക്ക് തിരഞ്ഞെടുക്കാനായില്ലേ എന്നാണ് മുത്തലിക്ക് ചോദിക്കുന്നത്. അവളുടെ പ്രശസ്തിക്ക് അടിസ്ഥാനമായത് ഇന്ത്യയാണെന്നതുകൊണ്ട്, പാക്കിസ്ഥാനി ക്രിക്കറ്റ് താരത്തെ ജീവിത പങ്കാളിയാക്കാന്‍ അവള്‍ തീരുമാനിക്കുകയാണെങ്കില്‍ അത് ഇന്ത്യയുടെ നേര്‍ക്കുള്ള ഒരു വെല്ലുവിളിയായിട്ടാണ് തങ്ങള്‍ കണക്കിലെടുക്കുക എന്ന് മുത്തലിക്ക് തുറന്നടിക്കുന്നു.

സ്പോര്‍ട്സ് പോലെ അതിഗംഭീരവും സൌന്ദര്യാത്മകവുമായ മാനുഷികാഖ്യാനത്തെ രാഷ്ട്രം, ദേശീയത, ശത്രുത, പൌരത്വം, എന്നിങ്ങനെയുള്ള 'മഹത്തായ' കളികളുടെ നിയമങ്ങളിലേക്ക് വെട്ടിച്ചുരുക്കുന്ന ഫാസിസ്റ്റുകളുടെ രീതി ഹിറ്റ്ലറില്‍ നിന്നാണ് ആരംഭിക്കുന്നത്. 1936ല്‍ ബെര്‍ലിനില്‍ നടന്ന ഒളിമ്പിക്സിലൂടെ ജര്‍മന്‍ നാഗരികതയും പരിഷ്ക്കാരവും നേടിയ 'വിജയ'ങ്ങളെ ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കാനായി ഉപയോഗിക്കാമെന്നാണ് ഹിറ്റ്ലര്‍ കരുതിയിരുന്നത്. അമേരിക്കന്‍ ഐക്യനാടുകളെ പ്രതിനിധീകരിച്ച് ഓട്ടത്തിലും ചാട്ടത്തിലും പങ്കെടുത്ത കറുത്ത താരമായ ജെസ്സി ഓവന്‍സ് ആയിരുന്നു പക്ഷെ, ബര്‍ലിന്‍ ഒളിമ്പിക്സിനെ കീഴടക്കിയത്. 100 മീറ്റര്‍ സ്പ്രിന്റിലും ലോംഗ്ജമ്പിലും 200 മീറ്റര്‍ സ്പ്രിന്റിലും 4ത100 മീറ്റര്‍ റിലേയിലുമായി നാല് സ്വര്‍ണമെഡലുകളാണ് ജെസ്സി ഓവന്‍സ് നേടിയെടുത്തത്. കളിക്കളത്തില്‍ വന്ന് വിജയികള്‍ക്ക് കൈ കൊടുക്കേണ്ട രാജ്യാധിപനായ ഹിറ്റ്ലര്‍ പക്ഷെ ജെസ്സി ഓവന്‍സ് എന്ന കറുത്ത നിറമുള്ള കളിക്കാരന് കൈ കൊടുക്കേണ്ടി വരുമെന്നതിനാല്‍ സ്റേഡിയം വിട്ടു പോയി. ഹിറ്റ്ലര്‍ മാത്രമല്ല, അമേരിക്കയുടെ പേര് ലോകത്തിന്റെ നെറുകയിലെത്തിച്ച ജെസ്സി ഓവന്‍സിനെ വൈറ്റ് ഹൌസില്‍ വിളിച്ച് അഭിനന്ദിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ടുമാരായിരുന്ന ഫ്രാങ്ക്ളിന്‍ ഡി റൂസ്വെല്‍ട്ടും ഹാരി എസ് ട്രൂമാനും തയ്യാറായില്ല. വെളുത്തവരുടെയും ആര്യന്മാരുടെയും ഈ വര്‍ണവെറി തന്നെയാണ് ഠാക്കറെമാരിലൂടെയും മുത്തലിക്കുമാരിലൂടെയും ഇന്ത്യയിലും ജൈത്രയാത്ര നടത്തുന്നത്.

6 comments:

Unknown said...

ohooooooooo very good post realy appreciate you .. kaiyil adhikaravaum kashum ullavanu ahankaram thaniye akum thakeremaranu indiaye nashippikkunnathu

paarppidam said...

വായിച്ചു.

Mohamed Salahudheen said...

വര്‍ണവെറിയുടെ ദേശീയമുഖം സംരക്ഷിക്കുന്നത് കോണ്ഗ്രസ് സര്ക്കാര്, മറ്റുള്ളവര് മൌനവാല്മീകത്തിലും,
സാനിയ ഇന്ത്യക്കു വേണ്ടി ഇനി കളിക്കണ്ട. പകരം താക്കറെയുണ്ടല്ലോ.

Unknown said...

രാജ്യാതിര്തികളെ ലംഘിക്കുന്ന പ്രണയങ്ങള്‍ പൂത്തുലയട്ടെ .അലന്‍ റെനെയുടെ ഹിരോഷിമ മോന്‍ അമര്‍ ഓര്‍മ വരുന്നു.

Joker said...

കളികള്‍ക്ക് കളിക്കപ്പുറത്തും ചില മാനങ്ങള്‍ ഉണ്ടെന്ന് ഇന്ത്യയും പാകിസ്ഥാനും മുമ്പേ കാണിച്ചു കൊടുത്തത് ഹിറ്റ്ലര്‍ ആയിരുന്നു. ഹിറ്റ്ലര്‍ പറയുന്നതെന്താ‍ണോ അത് തന്നെയാണ് ഇന്ന് സംഘപരിവാര്‍ പറയുന്നത്. ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് കളിക്കുമ്പോള്‍ അതിന് ശത്രു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിനപ്പുറം രണ്ട്റ്റ് മതങ്ങള്‍ തമ്മിലുള്ള യുദ്ദവുമായി കൂടി വിലയിരുത്തപ്പെടുന്നു. ഇന്ത്യാ പാക് ക്രിക്കറ്റ് മല്‍ സരങ്ങളില്‍ ഇന്ത്യ പരാജയപ്പെടുന്ന ദിവസങ്ങള്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ദയുണ്ടാകുന്ന തരത്തിലേക്ക് പലപ്പോഴും ഈ കയ്യാങ്കളികള്‍ല്‍ മാറുന്നു. ഈ യുദ്ധത്തെ പരമാവധി മുതലാക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിച്ചു പോരുന്നുണ്ട്. കളികളുടെ പേരിലുള്ള ഈ അമിത ദേശീയത പലപ്പോഴും അപകടമാകുന്നുണ്ട് എന്നത് തിരിച്ചറിയണമെങ്കില്‍ ഇന്ത്യാ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ യൂ ടൂബ് വീഡിയോക്ലിപ്പുകളുടെ ചുവട്ടിലുള്ള കമന്റ് തെറിവിളികള്‍ നോക്കിയാല്‍ മതി. കളികളില്‍ കൂടിയും യുദ്ധങ്ങളില്‍ കൂടിയും ഉണ്ടാക്കിയെട്റ്റുക്കുന്ന വിറ കൊള്ളുന്ന ദേശീയതയുടെ ഉപയോക്തക്കള്‍ അന്തര്‍ ദേശീയ ആയുദ്ധ കമ്പനികളാണ്‍ന് എന്നത് രസകരമായ വസ്തുതകളാണ്. പട്ടിണീ മാറ്റാന്‍ വേണ്ട പണം ഇന്ത്യയും പാകിസ്ഥാനും തുപ്പാക്കിക്കും ഉണ്ടകള്‍ക്കും വേണ്ടി ചിലവഴിക്കുന്നു. അന്താ രാഷ്ട്റ ആയുധ കമ്പനികള്‍ പണം അടിച്ചു മാറ്റി പോകുന്നു. കളി യുദ്ധങ്ങളിലൂടെ വിഷ ദ്രാവകങ്ങളുടെ വില്പനയില്‍ കൂട്റ്റെയും, ജല മൂറ്റലില്‍ കൂടെയും കോര്‍പറേറ്റുകള്‍ നമ്മളില്‍ നിന്നും കവര്‍ന്നു പോകുന്നു. സത്യത്തില്‍ കളികള്‍ക്കിടയിലെ കളി അറിയാതെ കോടിക്കണക്കിന് വിഡ്ഡികള്‍ കളി കണ്ടു കൊണ്ടിരിക്കുകയാണ്. ഇത് കളിയല്ല കാര്യമാണ്.

കുരുത്തം കെട്ടവന്‍ said...

ഈയിടെ കേരളത്തിലും താക്കറെ, മുത്തലിഖ്‌ 'പ്രേതബാധ' കൂടിയ ചിലരെ നമുക്ക്‌ കാണാം (സംഘ്പരിവാറിനെ അല്ല ഉദ്ദേശിച്ചത്‌ കാരണം അവര്‍ നേരത്തെ തന്നെ അവരുടെ താക്കറേ, മുത്തലിഖ്‌, മോഡി, തൊഗാഡിയ തുടങ്ങിയവരാണു തങ്ങളുടെ റോള്‍ മോഡല്‍ എന്ന് പരസ്യമായി പറഞ്ഞാവരാണു). ഞാന്‍ പറഞ്ഞത്‌ രഹസ്യമായി ഇത്തരം 'വിഷ' ജന്തുക്കളെ പിന്തുണക്കുകയും എന്നാല്‍ കേരള ജനത അത്തരക്കാരെ ഇഷ്ടപെടുന്നില്ലെന്ന് മനസ്സിലാക്കി മുഖ്യധാരയില്‍ ഇടം കിട്ടാന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നവരെയാണു. അവര്‍ക്ക്‌ ഇത്തരം വിഷയങ്ങളിലൊന്നും മേല്‍പറഞ്ഞ 'വിഷ' ജന്തുക്കെള്‍ക്കെതിരില്‍ ഒരെതിരഭിപ്രായവും ഇല്ലെന്ന് അവരുടെ കമണ്റ്റുകളും പ്രസ്താവനകളും കണ്ടാല്‍ അറിയാം. എന്നാല്‍ ഇവരെ പിന്തുണക്കുന്നത്‌ ആരും 'അറിയാനും' പാടില്ല ഒപ്പം 'മതേതരന്‍' എന്നറിയപ്പെടുകയും ചെയ്യണം. ഇത്തരം ആളുകള്‍ക്കെതിരില്‍ നല്ല ഒരു പോസ്റ്റാണു ജി പി പോസ്റ്റിയത്‌. അതു കൊണ്ടു തന്നെ 'ലെവന്‍മാര്‍ക്ക്‌' ഒരഭിപ്രായവും ഇല്ലെന്നും കാണാം. ഇത്തരം 'വിഷ' ജന്തുക്കള്‍ ഈ നാടിനെ എവിടെ കൊണ്ടെത്തിക്കും എന്തോ? എന്നിട്ട്‌ ഇവരാണത്രെ വലിയ 'രാജ്യസ്നേഹികള്‍'. ബ്രിട്ടീഷുകാര്‍ക്കെതിരില്‍ ഗാന്ധിജിയുടെ നേത്രത്തത്തില്‍ സ്വാതന്ത്യ സമരം കൊടുബ്ബിരികൊണ്ടപ്പോള്‍ അതിനെതിരെ പുറം തിരിഞ്ഞു നിന്നവരാണിവര്‍. അക്കാലത്ത്‌ യുവാക്കളായിരുന്ന അദ്വാനി, വാജ്പേയ്‌ തുടങ്ങിയ 'രാജ്യസ്നേഹികള്‍' ബ്രിട്ടിഷുകാര്‍ക്കെതിരില്‍ ഒരു കല്ലും പോലും എറിഞ്ഞില്ലെന്ന് മാത്രമല്ല സ്വാതന്ത്യ പോരാളികളെ ഒറ്റികൊടുക്കുകയും ചെയ്തു. എന്നിട്ട്‌, ആര്‍ എസ്‌ എസ്‌ അവരുടെ സ്കൂളുകളിലും കരിക്കുലം കമ്മിറ്റികളിലും പടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതുമായിട്ടുള്ള ചരിത്രമോ യഥാര്‍ത്ഥ്യവുമായി പുലബന്ദമില്ലാത്തതും!