Sunday, May 30, 2010

വികസന ഭീകരതയും മാധ്യമ ഭീകരതയും

വീഡിയോ പങ്കിടല്‍ വെബ്സൈറ്റായ യു ട്യൂബില്‍ 'കിനാലൂര്‍' എന്നടിച്ച് പരതിയപ്പോള്‍ കിനാലൂരില്‍ സംഘട്ടനം, വാസ്തവം, കവര്‍ സ്റ്റോറി, സര്‍വ കക്ഷി യോഗം, യു ഡി എഫിന്റെയും സോളിഡാരിറ്റിയുടെയും നിലപാടുകള്‍, മന്ത്രിയുടെ വിശദീകരണം എന്നിങ്ങനെ അനവധി വീഡിയോ ഖണ്ഡങ്ങള്‍ തെളിഞ്ഞു വന്നു. ടെലിവിഷനില്‍ അന്നന്ന് കണ്ട് പിറ്റേന്നത്തെ മറവിയുടെ ചവറ്റുകുട്ടയിലേക്ക് യാത്രയാകുന്ന പല വെല്ലുവിളികളും വാഗ്വാദങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും സമരാഹ്വാനങ്ങളും; ദിവസങ്ങളും മാസങ്ങളും മായ്ക്കാന്‍ കഴിയാതെ ശേഖരിക്കപ്പെട്ട് കിടക്കുന്നതിനാല്‍, മാധ്യമ വിമര്‍ശകരെ സംബന്ധിച്ചിടത്തോളം യു ട്യൂബ് അത്യന്താപേക്ഷിതമായ ഒരു അന്വേഷണ മേഖലയായി മാറിയതിന്റെ തെളിവാണീ സംഭവം. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ കിനാലൂര്‍ സംബന്ധമായ പ്രസ്താവന/പത്രപ്രവര്‍ത്തകരോടുള്ള വിശദീകരണം (ചാനലുകളില്‍ കണ്ടത് ആരോ യുട്യൂബില്‍ നിക്ഷേപിച്ചിരിക്കുന്നു) ഇപ്രകാരമാണ്: കേരളത്തിലൊരിടത്തും ഇല്ലാത്തതുപോലെ നൂറു മീറ്റര്‍ വീതിയിലുള്ള പാത കിനാലൂരിലെ ജനങ്ങളുടെ നെഞ്ചത്തോട്ട് വേണോ? 275 ഏക്കര്‍ വ്യവസായ പാര്‍ക്കിലേക്കുള്ള വഴിക്കു വേണ്ടി 625 ഏക്കര്‍ അക്വയര്‍ ചെയ്യണോ? എന്നൊക്കെയാണ് അദ്ദേഹം ചോദിക്കുന്നത്. വസ്തുതാവിരുദ്ധമായും പ്രകോപനപരമായും ചില സംഘടനകള്‍ വ്യാപകമായി നടത്തിയ ദുഷ്പ്രചാരണങ്ങളില്‍ അദ്ദേഹവും വീണു പോയിയെന്ന് വ്യക്തം. കാബിനറ്റ് പദവിയുള്ള പ്രതിപക്ഷനേതാവിനെ വരെ ഇപ്രകാരം തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെങ്കില്‍, സാധാരണക്കാരായ ജനങ്ങള്‍ എത്രമാത്രം പ്രചാരണവഞ്ചനകളില്‍ കുടുങ്ങിപ്പോയിട്ടുണ്ടാവും എന്നൂഹിക്കാവുന്നതേ ഉള്ളൂ. കുറ്റിച്ചൂലും ചാണകവെള്ളവും ഉപയോഗിച്ച് റോഡുപണിയാന്‍ വരുന്നവരെ നേരിടാനുള്ള 'ആര്‍ജ്ജവം' ഉമ്മമാര്‍ കാണിക്കണമെന്ന ആഹ്വാനവും മറ്റൊരു വീഡിയോ(വട്ടോളി ബസാറിലോ മോരിക്കരയിലോ നന്മണ്ടയിലോ മാത്രം സംപ്രേക്ഷണം ചെയ്യുന്ന ഒരു പ്രാദേശിക ചാനലിലേതായിരുന്നു ഈ വാര്‍ത്താദൃശ്യം)യില്‍ കണ്ടു. ടെലിവിഷനാനന്തര മാധ്യമലോകത്തെ അഭിമുഖീകരിക്കാന്‍ നമ്മുടെ നേതാക്കളും സംഘടനകളും പഠിച്ചു തുടങ്ങിയിട്ടില്ല എന്നതിന്റെ തെളിവായി ഈ കൂട്ടിപ്പറയല്‍/ശേഖരണം/പരതല്‍ എന്ന പ്രക്രിയയെ വ്യാഖ്യാനിക്കാവുന്നതാണ്.

കഴിഞ്ഞ ദിവസം ബാലുശ്ശേരിയില്‍ നടന്ന ഒരു യോഗത്തില്‍ സംസാരിക്കാന്‍ പോകുന്നതിനു മുമ്പായിട്ടാണ് ഈ പരതല്‍ നടത്തിയത്. അവിടെ സംസാരിക്കാനുള്ള നിര്‍ണായക വിവരങ്ങള്‍ തന്നെ ആ പരതല്‍ കാഴ്ചയില്‍ നിന്ന് ലഭ്യമാവുകയും ചെയ്തു. അത്യന്താധുനികം എന്നു വിളിക്കാവുന്ന ഈ അറിവ് മാത്രമായിരുന്നില്ല അന്നേ ദിവസം എനിക്ക് ലഭിച്ചത്. യാദൃഛികമായി അന്ന് കണ്ടുമുട്ടിയ ഒരു സുഹൃത്ത്, ഞാനും അദ്ദേഹവും താമസിക്കുന്ന നാട്ടിന്റെ പത്തു നാല്‍പതു വര്‍ഷം മുമ്പത്തെ സ്ഥിതി ഓര്‍മ്മിച്ചെടുത്തു. മണ്ണാര്‍ക്കാട് അങ്ങാടിയില്‍ നിന്ന് പൊമ്പ്ര എന്ന സ്ഥലത്തേക്ക് ഏകദേശം എട്ടു കിലോമീറ്റര്‍ ദൂരം വരും. അന്നവിടേക്ക് റോഡോ പാലങ്ങളോ ബസ് സര്‍വീസോ കാളവണ്ടി പോലുമോ ഇല്ല. ചുമട്ടു തൊഴിലാളി യൂണിയനുമില്ല. പൊമ്പ്രയിലെ പലചരക്കു കടയിലേക്ക് സാധനങ്ങള്‍ തലച്ചുമടായിട്ടാണ് കൊണ്ടു പോകുക. അമ്പതറുപതു കിലോ തൂക്കമുള്ള ഉപ്പിന്‍ ചാക്ക് തലയില്‍ വെച്ച് കാരാടന്‍ ഹംസാക്ക നടന്നു വരുന്നത് സുഹൃത്ത് ഓര്‍മ്മിച്ചെടുത്തു. വഴിമധ്യേ ഏകദേശം നാലു കിലോമീറ്റര്‍ തികയുന്നിടത്താണ് സുഹൃത്തിന്റെ വീട്. വീടിനു ചുറ്റും നെല്‍പാടങ്ങളാണ്. ആ പാടത്തെ ഉയരം കൂടിയ ഒരു വരമ്പ് നോക്കി ഹംസാക്ക ഉപ്പിന്‍ ചാക്കൊന്നിറക്കി വെക്കും. തലയില്‍ നിന്ന് തറയിലേക്കിറക്കാനും തിരിച്ച് കയറ്റാനും കൈസഹായം കിട്ടിയില്ലെങ്കിലോ എന്നു കരുതിയാണ് കണ്ടത്തിലിറങ്ങിയ ശേഷം ഉയരം കൂടിയ വരമ്പത്തേക്ക് ചാക്കിറക്കുന്നത്. ഇറക്കി കഴിഞ്ഞ് നോക്കിയാല്‍, അദ്ദേഹത്തിന്റെ അര്‍ദ്ധനഗ്നമായ ശരീരത്തിലാകെ വിയര്‍പ്പും ഉപ്പിന്‍ കല്ലുകളും കൂടി പരന്നൊലിക്കുന്ന കാഴ്ച കാണാം. സുഹൃത്തിന്റെ വീട്ടിലെത്തി ഒരു പിഞ്ഞാണം കഞ്ഞിവെള്ളം ചോദിച്ചു വാങ്ങി കുടിച്ച് കുറച്ചിരുന്ന് വിശ്രമിച്ച് വീണ്ടും ചാക്ക് തലയിലേറ്റി ലക്ഷ്യസ്ഥാനത്തേക്ക് നടപ്പു തുടരുന്ന കഥാ നായകനെപ്പോലൊരാളെ പുതിയ കാലത്ത് അഞ്ഞൂറു രൂപ കൂലി കൊടുത്താലും കിട്ടാന്‍ പോകുന്നില്ല എന്ന അഭിപ്രായത്തോടെയാണ് സുഹൃത്ത് സ്ഥലകാലത്തിന്റെ മാറ്റങ്ങളെക്കുറിച്ചുള്ള ആശ്ചര്യങ്ങള്‍ പങ്കുവെച്ചത്.

വിവരവിനിമയത്തിന്റെ പഴയതും ഏറ്റവും പുതിയതുമായ രണ്ടവസ്ഥകളില്‍ നിന്നുമായി ഒരു കാര്യം തെളിഞ്ഞു വരുന്നുണ്ട്. അതിതാണ്. റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ജനങ്ങള്‍ ആഗ്രഹിച്ച് ഒത്തൊരുമിച്ച് പ്രയത്നിച്ച് സര്‍ക്കാരിനെക്കൊണ്ട് നടത്തിയെടുത്തതാണ്. ചിലപ്പോഴൊക്കെ ശ്രമദാനത്തിലൂടെ, ചിലപ്പോള്‍ വിട്ടുകൊടുക്കലിലൂടെ, മറ്റു ചിലപ്പോള്‍ പൊന്നും വിലക്ക്, അപൂര്‍വ്വം ചിലപ്പോള്‍ സംഘര്‍ഷങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും ശേഷം എന്നിങ്ങനെയാണ് റോഡുകള്‍ നീണ്ടും വളഞ്ഞു പുളഞ്ഞും പെരുകിപ്പെരുകി നാടിനെ നീട്ടിയതും ചെറുതാക്കിയതും. വഴികള്‍ തനിയെ വന്നതോ ഭരണകൂടം നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിച്ചതോ അല്ല. വാഹനങ്ങളുടെ പെരുപ്പം, യാത്രകളുടെ അത്യാവശ്യങ്ങള്‍, തൊഴിലില്ലായ്മ, വിദ്യാഭ്യാസ വളര്‍ച്ച, വ്യവസായങ്ങളുടെ വിപുലീകരണം എന്നിങ്ങനെ കുറെയധികം ഘടകങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന വികസനപ്രക്രിയയെ 'വികസനഭീകരത' എന്ന് വലിയ വായില്‍ വിശേഷിപ്പിച്ച് പാവപ്പെട്ട ജനങ്ങളെ ഇളക്കിവിടുന്നത് ഏതുതരത്തിലുള്ള ന്യായത്തിന്റെയും ചരിത്രബോധത്തിന്റെയും പിന്‍ബലത്തിലാണ് എന്ന് അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ സത്യത്തില്‍ ആലോചിക്കേണ്ടതാണ്. ഇത്തരക്കാരുടെ ദുഷ്പ്രചാരണങ്ങളെ ജനങ്ങള്‍ക്കിടയില്‍ നിമിഷനേരം കൊണ്ട് പ്രചരിപ്പിച്ച് സ്ഫോടനാത്മകമായ സ്ഥിതിവിശേഷങ്ങള്‍ സൃഷ്ടിക്കുന്ന മാധ്യമനീതിയെ 'മാധ്യമ ഭീകരത' എന്ന് വിളിക്കുന്നതായിരിക്കും യുക്തം എങ്കിലും അത്തരം ജനാധിപത്യ വിരുദ്ധ പദപ്രയോഗങ്ങളും പദസംയുക്തങ്ങളും സാമൂഹികബോധത്തിന് യോജിക്കുന്നതല്ല എന്നതുകൊണ്ട് അതിനു മുതിരുന്നില്ല. റുപ്പെര്‍ട് മര്‍ഡോക്കിനെപ്പോലുള്ള ആഗോള മാധ്യമ ഭീമന്മാരാണ്, കേരളത്തില്‍ ഇടതു തീവ്രവാദത്തിന്റെയും ഇസ്ളാം മതമൌലികവാദത്തിന്റെയും ഹൈന്ദവഭീകരതയുടെയും രാഷ്ട്രീയ വലതുപക്ഷത്തിന്റെയും സംയുക്തമുന്നണിക്ക് പ്രചാരമുണ്ടാക്കിക്കൊടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കമ്യൂണിസ്റ്റുകാരും ഇടതുപക്ഷക്കാരും തൊഴിലാളി യൂണിയനുകളായി അണിനിരന്ന് വ്യവസായം മുടക്കികളായി കാലം കഴിക്കണമെന്ന സൈദ്ധാന്തിക ഉപദേശവുമായി കറങ്ങിനടക്കുന്നവരുടെ ബോറടികള്‍ അസഹനീയമായിക്കഴിഞ്ഞിരിക്കുന്നു. യഥാര്‍ത്ഥത്തില്‍, കേരളത്തില്‍ ഏറ്റവും സജീവമായ വ്യവസായത്തിന്റെ തന്നെ വ്യാപനത്തെ തുടര്‍ന്നാണ് ഈ ദുസ്ഥിതി സംജാതമായതെന്നാണ് സത്യം. കമ്യൂണിസ്റ്റ് വിരുദ്ധ-ഇടതുപക്ഷ വിരുദ്ധ പ്രചാരണം എന്ന വ്യവസായമാണ് കേരളത്തില്‍ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും ഹിറ്റായി വികസിച്ചുകൊണ്ടിരിക്കുന്നത്. ന്യൂസ് ചാനലുകളുടെയും പ്രധാന കുത്തക പത്രങ്ങളുടെയും മുഖ്യ സമയവും സ്ഥലവും ഈ വ്യവസായത്തിന്റെ പ്രവര്‍ത്തനത്തിനായി നീക്കിവെക്കപ്പെട്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ വരുമാനം പരസ്യങ്ങളിലൂടെയും സര്‍ക്കുലേഷനിലൂടെയും ഈ പ്രചാരണമികവനുസരിച്ചാണ് ലഭിക്കുന്നത് എന്നു പോലും സമര്‍ത്ഥിക്കാവുന്നതാണ്. പണ്ട് അവസാനത്തെ ബസ്സില്‍ മുഷിഞ്ഞ ഷര്‍ട്ടുമിട്ട് മാധ്യമപ്രവര്‍ത്തകരോടൊപ്പം കടലകൊറിച്ച് സൊറ പറഞ്ഞ് നാടുപിടിച്ചിരുന്ന കരീമിന്റെ ശരീര ഭാഷയും സംസാര ഭാഷയും മാറി മറിഞ്ഞിരിക്കുന്നു എന്നൊക്കെയാണ് പരിസ്ഥിതിക്കനുകൂലവും ജനങ്ങള്‍ക്കനുകൂലവും എന്ന മട്ടില്‍ പടച്ചു വിടുന്ന റിപ്പോര്‍ടുകളില്‍ ചിലര്‍ എഴുതി നിറക്കുന്നത്.

സ്ഫോടനാത്മകമായ വിധത്തില്‍ സമരം സംഘടിപ്പിച്ചു കൊടുക്കുന്ന പ്രൊഫഷനലുകളും വിദേശ ഫണ്ട് മേടിക്കുന്ന എന്‍ ജി ഒ കളും ചേര്‍ന്ന് പടച്ചു വിടുന്ന നുണകളും വിവാദങ്ങളും മാധ്യമങ്ങള്‍ ഏറ്റു പിടിക്കുകയാണെന്നു കാണാം. എച്ച് എം ടി ഭൂമി വിവാദത്തില്‍ ഇതു നാം കണ്ടതാണ്. അറുപതിനായിരം പേര്‍ക്ക് ജോലി ലഭ്യമാവുമെന്ന പ്രതീക്ഷയോടെയാണ് കേരള സര്‍ക്കാര്‍ ഹൈടെക് വ്യവസായത്തിന് അനുമതി നല്‍കിയത്. കുടിയൊഴിപ്പിക്കലോ സ്വകാര്യ സ്വത്തേറ്റെടുക്കലോ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളേറ്റെടുക്കലോ നെല്‍വയല്‍ നികത്തലോ ഇല്ലാത്തതും, കോടിക്കണക്കിന് രൂപ നിക്ഷേപവും ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലും പ്രതീക്ഷിച്ചിരുന്നതുമായ വ്യവസായ വല്‍ക്കരണം ഇല്ലാതാക്കാന്‍ സമരക്കാരും മാധ്യമങ്ങളും ചേര്‍ന്നുള്ള ജനവിരുദ്ധ ശക്തികള്‍ക്ക് സാധ്യമായി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഉന്നത നിയമപീഠങ്ങളെല്ലാം കേരള സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നടപടികള്‍ നിയമാനുസൃതം തന്നെയായിരുന്നു എന്ന് വിധി പുറപ്പെടുവിക്കുകയുണ്ടായി എന്നത് മാധ്യമങ്ങള്‍ തമസ്കരിച്ചാലും ചരിത്രയാഥാര്‍ത്ഥ്യമമായി നിലനില്‍ക്കും.

ജനങ്ങള്‍ക്ക് ഭരണകൂടത്തിനെതിരെയും ഭരണകൂടത്തിന് ജനങ്ങള്‍ക്കെതിരെയും ഉപയോഗിക്കാവുന്ന ഒരു ഉപാധിയാണ് ജനാധിപത്യം എന്നാരോ പറഞ്ഞിട്ടുണ്ട്. അതു പോലെ; ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാനും, ജനങ്ങളുടേതെന്ന വ്യാജേന ചില തല്‍പരകക്ഷികളുടെ പിന്തിരിപ്പന്‍ അഭിപ്രായങ്ങള്‍ പ്രചരിപ്പിക്കാനും, മാധ്യമ മുതലാളിമാര്‍ക്കും 'സര്‍വതന്ത്ര സ്വതന്ത്ര'രായ മാധ്യമപ്രവര്‍ത്തകര്‍ക്കും അവരുടെ തന്നിഷ്ടങ്ങള്‍ നടപ്പിലാക്കാനും എല്ലാം ഉതകുന്ന ഒന്നായി കേരളത്തിലെ മാധ്യമരംഗം വികസിച്ചിരിക്കുന്നു അഥവാ സങ്കോചിച്ചിരിക്കുന്നു എന്നു ചുരുക്കം.

14 comments:

തഥാഗതന്‍ said...

വളരെ കൃത്യമായ നിരീക്ഷണം ജി പി

വീരഭൂമിയും മാത്തുരമയും തീരുമാനിക്കുന്ന അസംബന്ധങ്ങൾ സത്യങ്ങളായി കേരള ജനതയ്ക്ക് വിശ്വസിക്കേണ്ടി വന്നിരിക്കുന്നു എന്നതാണ് ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ സാമൂഹികവിപത്ത്. ഇടത് ഗവണ്മെന്റല്ലാതെ മറ്റൊന്ന് അധികാരത്തിൽ വന്നാൽ ഇപ്പോൾ പറഞ്ഞതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങും ഈ “മഞ്ഞ”കൾ

Venu Ezhuthunnu said...

ഏതു കാര്യവുംകറുപ്പും വെളുപ്പുമായി കാണാൻ ആണു ഏവർക്കും താല്പര്യം.വികസനം സംബന്ധിചു ഇടതു പക്ഷ വീക്ഷണത്തിന്റെ ജനപക്ഷ നിലപാടുകൾ മാർക്സിസ്റ്റ് കാഴ്ചപ്പാടിന് വിരുധമാണെന്നു പറയുന്നവർ ആരാണെന്നു നൊക്കുക. അതു മാർക്സിസ്റ്റ് വിരുധരാണ്.അതയതു മാത്രുഭൂമിയും മലയാള മനൊരയും തന്നെ!ഈ ദിനപ്പത്രങൾ എന്നെങ്കിലും ഇടതു കഴ്ചപ്പാട് ശരിവെച്ചിട്ടുണ്ടൊ? ഇപ്പൊൾ ഉയർന്നു വന്നിട്ടുള്ള സ്വത്വ വാദത്തിലും അവരുടെ പക്ഷം ഏതെന്നു നമുക്കു കാണാം.............

കുരുത്തം കെട്ടവന്‍ said...

ജി പിയുടെ ചില നിരീക്ഷണങ്ങളെങ്കിലും പിഴവു പറ്റി എന്ന് ഈ പോസ്റ്റ്‌ സൂചിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ വളരെയധികം പ്രതീക്ഷയോടെ അധികാരത്തിലേക്ക്‌ തിരഞ്ഞെടുത്തതാണു ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ. കോണ്‍ഗ്രസിണ്റ്റെ ഗ്രുപ്പ്‌ കളിയും കുതികാല്‍ വെട്ടും ഒന്നിലും നിലപടില്ലായ്മയാണു നിലപാടെന്നും വെളിവാക്കിയവരെ കണ്ടുമടുത്ത ജനം ഒത്തിരി പ്രതീക്ഷിച്ചു. പരബാരാഗതമായി ലീഗിനെ പിന്തുണച്ചിരുന്നവര്‍ വരെ 'മാറ്റ'ത്തിനു വേണ്ടി ഇടതുപക്ഷത്തെ പിന്തുണച്ചു. എന്നിട്ടോ 'പിടിച്ചതിലും വലുത്‌ മാളത്തില്‍' എന്നു പറഞ്ഞപോലെ പരസ്യമായ വിഴുപ്പലക്കലുകളും മുഖ്യമന്ത്രിയെ ചങ്ങലക്കിടലുമായി ഇടതുമുന്നണി കാലം കഴിച്ചു. ഫലമോ ജനങ്ങള്‍ അവരെ വെറുത്തു. പിന്തുണച്ചിരുന്നവര്‍ 'അയ്യേ' എന്ന് പറഞ്ഞു. മാധ്യമങ്ങള്‍ നാറ്റം തുറന്ന് കാണിച്ചു. അപ്പോഴെന്തായി മാധ്യമങ്ങള്‍ തെമ്മാടികളും സിന്‍ഡിക്കേറ്റുകളുമായി. പിന്തുണച്ചിരുന്നവര്‍ തീവ്രവാദികളും ജനാധിപത്യ വിരുദ്ദരുമായി!! നോക്കണേ, ഭരണത്തിണ്റ്റെ പോക്ക്‌. പാര്‍ട്ടി സെക്രട്ടറിയുടെ വഴിവിട്ട പോക്കിനെകുരിച്ച്‌ പാര്‍ട്ടിക്ക്‌ ഒരു വേവലാതിയുമില്ല. കിനാലുറിലേക്ക്‌ വരാം. സാധാരണ പൌരന്‍മാര്‍ നടത്തിയ സമരത്തെ പോലീസും സിപീമ്മും എങ്ങിനെയാണു നേരിട്ടത്‌. 'വികസനം തെങ്ങിണ്റ്റെ മണ്ടയിലല്ല മനുഷ്യരുടെ തലയില്‍' തന്നെ വേണമെന്ന് വാശിയുള്ള മന്ത്ര്യിയും പോലീസുമാണു ഒരു സാധാരണ സമരം 'ഭീകര'മാക്കിയത്‌. 'ചാണകം' 'ഭീകരായുധ'മായി.! ഇതൊക്കെ പറയുന്നവരാരാ, അത്‌ രസാവഹമാണു. രാഷ്ട്രീയ വിരോധത്തിണ്റ്റെ പേരില്‍ അധ്യാപകനെ സ്വന്തം വിദ്യാര്‍ത്ഥികളുടെ മുന്‍പില്‍ വെച്ച്‌ തുണ്ടം തുണ്ടമാക്കിയ്വര്‍ (സാര്‍, ഇവര്‍ തീവ്രവാദികളെല്ലെ?), സമരം മറയാക്കി എതിരാളികളുടെ മേല്‍ കരി ഒായില്‍ ഒഴിച്ചവര്‍ (ഇവര്‍ എത്‌ വാദിയാണു?) സാധു മിണ്ടാപ്രാണികളായ ജന്തുജീവജാലങ്ങളെ ചുട്ടെരിച്ചവര്‍ (ഇവര്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നവരോ?) അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത അക്രമങ്ങള്‍ കേരളക്കരക്ക്‌ 'സംഭാവന' ചെയതവര്‍ ഇപ്പോഴും കണ്ണൂരിലും മറ്റും 'സംഭാവന' ചെയ്യുന്നവര്‍. സാര്‍, ഈ കൊടും പാതകികളോന്നും 'തീവ്രവാദി'കളെല്ലെങ്കില്‍ പിന്നെ പോലീസിണ്റ്റെ മര്‍ദ്ദനം എറ്റവര്‍ മാത്രം എങ്ങിനെയാണു 'തീവ്രവാദി'യായത്‌?! അതിണ്റ്റെ രസതത്ന്രം എന്താണു?

കുരുത്തം കെട്ടവന്‍ said...

മുകളിലെ കമണ്റ്റില്‍ വിട്ടുപോയ ചിലതുകൂടി. റോഡിണ്റ്റെ വീതി നൂറുമീറ്റര്‍ എന്നുള്ളത്‌ ജനങ്ങളോ പ്രതിപക്ഷ നേതാവോ തെറ്റിദ്ദരിച്ചതല്ല, തുടക്കത്തില്‍ അങ്ങിനെതന്നെയാണു ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നത്‌. പിന്നിടെപ്പൊഴൊ മുപ്പത്‌ മീറ്ററിലായി (പദ്ദതി പോലെ തന്നെ, എത്ര തവണയാണു പദ്ദതി മാറിയത്‌!!). ഇപ്പോഴും ഇല്ലാത്ത പദ്ദതിക്ക്‌ വേണ്ടി 'നാലുവരി'പാത നിര്‍ബന്ധം!! സി പി എമ്മിണ്റ്റെ ചില പിണിയാളുകള്‍ അവിടെ ഭൂമി വാങ്ങികൂട്ടിയതും വാങ്ങാന്‍ കരാറുണ്ടാക്കിയതും ഈ 'നിര്‍ബന്ധത്തോട്‌' ചേര്‍ത്തുവായിക്കുക. 'വികസന' മന്ത്രിയും ജനങ്ങളുടെ 'തെറ്റിദ്ദാരണ' മാറ്റാന്‍ അബ്ദുറഹിമാനിക്കയെ കൊണ്ട്‌ കളിച്ച കളി ചാനലുകളില്‍ കണ്ടായിരുന്നു. ഈ മന്ത്രിയുടെ കൊക്കോകോളയോടുള്ള സമീപനവും ഈയിടെ മനസ്സിലായി. ശരിക്കും ഇടതുപക്ഷമല്ലേ 'പൊയ്മുഖം' അണിഞ്ഞതെന്ന് ഇപ്പോള്‍ സംശയിക്കുന്നു. അത്‌ വെളിവാകും എന്ന് വന്നപ്പോള്‍ ഇതുവരെ പിന്തുണച്ചിരുന്നവര്‍ 'മുഖം മൂടി'കളായി. കൊള്ളാം. പോകുന്ന പോക്കില്‍ മോന്തക്കിട്ടൊരേറ്‍!

കാക്കര - kaakkara said...

എന്റെ പോസ്റ്റിൽ നിന്ന്‌;

http://georos.blogspot.com/2010/05/blog-post_11.html

"സമൂഹത്തിന്റെ ആകമാനമുള്ള വികസനത്തിനുവേണ്ടി കുടിയൊഴുപ്പിക്കൽ അത്യാവശ്യമായി വരുന്ന സമയങ്ങളിൽ ജനങ്ങളെ കുടിയൊഴുപ്പിച്ചേ മതിയാവു എന്ന കാര്യത്തിൽ കാക്കരയും യോജിക്കുന്നു. പക്ഷെ അത്‌ എങ്ങനെ എന്നതാണ്‌ നാം ചിന്തിക്കേണ്ടത്‌ അല്ലാതെ എന്റെ പാർട്ടി എവിടെ നിൽക്കുന്നു എന്നതല്ല..."

jaison said...

പരസ്പരം ഉള്ള മത്സരത്തിനിടയിൽ ഏതു ചെറിയ വിഷയങ്ങളെ പെരുപ്പിച്ച് വാർത്തയാക്കുവാൻ ഉള്ള അത്യുത്സാഹവും മറ്റും സത്യം തന്നെ ആണ്. എന്നാൽ ഒരു പ്രധാന സംഗതി ജി.പി വിട്ടുപോയി. പൊതുവെദിയിൽ സമരക്കാരുടെ കല്ലേറ് കൊണ്ടാണ് തനിക്ക് പരിക്ക് പറ്റിയതെന്ന് പറയുന്ന വ്യക്തി പോലീസിന്റെ അടികൊണ്ട് തലയും പൊത്തി കരഞ്ഞു വിളിച്ച് ഓടുന്നതും ഇടയ്ക്ക് വീഴുന്നതും ഈ തിരച്ചിലിനിടയിൽ കാണാഞ്ഞിട്ടോ അതോ കണ്ടില്ലെന്ന് നടിക്കുന്നതോ?

കണ്ടിട്ട് കണ്ടില്ലെന്ന് നടിക്കുകയും കേട്ടിട്ട് കേൾക്കാത്ത ഭാവം കാണിക്കുകയും ചെയ്യുന്നവരെ ... കെ.ഈ.എൻ ശൈലിയിൽ എന്തെന്ന് പറയും?

jaison said...

കിടപ്പാടം നഷ്ടപ്പെടും എന്ന് വരുമ്പോൾ പ്രതിഷേധിക്കുവാൻ ആരും പ്രേരിപ്പിച്ചീട്ടു വേണ്ട. ചാണകവും ചൂലുമായി സമർക്കാർ -നിങ്ങളെപ്പോലുളവരുടെ ഭാഷയിൽ പറഞ്ഞാൽ ഭരണകൂടെ ഭീകരതയെ- പോലീസിനെ നേരിട്ടതിനെ ഭീക്ർരപവർത്തനം ആക്കി ചിത്രീകരിക്കുന്നത് നിർഭാഗ്യകരമായിപ്പൊയി. പ്രതികരിക്കുവാനോ പ്രതിഷേധിക്കുവാനോ മറ്റുള്ളവരെ പോലെ ന്യൂനപക്ഷങ്ങൾക്ക് അവക്‍ാശമില്ലേ? സംഘപരിവാറിന്റെ ജല്പനങ്ങളിലേക്ക് ജി.പിയും എത്തുന്നത് കഷ്ടം.

സിനിമയിൽ പോലും ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്നവരെ വാക്കുകൊണ്ടോ നോക്കുകൊന്റോ അല്പം തമാശക്ക് പോലും ‘മോശക്കാർരക്കിയാൽ’ നെടുങ്കൻ ലേഖനങ്ങൾ എഴുതുന്ന ജി.പി എന്തേ ഇവിടെ പർദ്ധയിട്ടവരെ കുടുമ്പത്ത് ചെന്ന് പോലു ആക്രമിക്കുന്നത് കണ്ടിട്ട് നിശ്ശബ്ദത പാ‍ലിക്കുന്നു. ഓരോ തിരഞെടുപ്പിലും ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങളെ മ്‍ാരിയും മറിഞ്ഞും പ്രീണിപ്പിച്ചു വോട്ട് വാങ്ങുന്ന പദ്ധതിയാണോ ഇപ്പോൾ ഉള്ള ഈ ചുവടുമാറ്റത്തിനു കാരണം. ഈ തിരഞ്ഞെടുപ്പിൽ പർദ്ദയിട്ടവരെ ഭീകരരയി ചിത്രീകരിച്ച് ഭൂരിപക്ഷ വോട്ടു തട്ടുവാൻ ഉള്ള പ്‍ാർടി തന്ത്രത്തിനു അരങ്ങൊരുക്കുകയാണോ?

Calicocentric കാലിക്കോസെന്‍ട്രിക് said...

സ്വത്വം രക്ഷിക്കാനുള്ള തത്രപ്പാട്.

Anonymous said...

ചമരമായാലും ഫരണമായാലും നുമ്മട പാര്‍ട്ടി ചെയ്താല്‍ അത് പുരോഗമനം.മറ്റെതെല്ലാം പിന്തിരിപ്പന്‍,സാമ്രാജ്യത്വ സൃഷ്ടി.എയര്‍ ഇന്‍ഡ്യക്കാരുടെ സമരമാണു സമരം

arivu thedi said...

കിനാലൂരില്‍ സമരക്കാര്‍ക്കെതില്‍ പോലീസ്‌ അതിക്രമം നടന്നപ്പോള്‍ എല്‍ ഡി എഫ്‌ ഗവണ്‍മെണ്റ്റിനു പകരം യു ഡി എഫ്‌ ഗവണ്‍മെണ്റ്റാണു അധികാരത്തില്‍ എന്ന് സങ്കല്‍പ്പിക്കുക. എന്തായിരിക്കും നമ്മുടെ 'സഖാക്കളുടെ' പ്രസ്താവനകള്‍ എന്ന് നോക്കുന്നത്‌ കൌതുകകരമായിരിക്കും. ഉദാഹരണത്തിനു: ശ്രീ പിണറായി പറയും " അവിടെ നിരായുധരായ അമ്മമാരെയും നാട്ടുകാരെയുമാണു യു ഡി എഫ്‌ ഗവണ്‍മെണ്റ്റും മന്ത്രിയും തീവ്രവാദികളെ കൈകാര്യം ചെയ്യുബ്ബോലെ ചെയ്തത്‌. വെടിവെപ്പ്‌ നടക്കാതിരുന്നത്‌ ഭാഗ്യം കൊണ്ട്‌ മാത്രമാണു!.....". ശ്രീ എളമരം "വ്യവസായം കൊണ്ടുവരേണ്ടത്‌ സാധാരണക്കാരായ ജനങ്ങളുടെ നെഞ്ചത്ത്‌ പോലീസ്‌ പരേഡ്‌ നടത്തികൊണ്ടല്ല. അവിടെ സമരം നടത്തിയവരാരും പുറത്തു നിന്നുള്ളവരായിരുന്നില്ല. എന്തായാലും ഇവരെ തീവ്രാവാദികള്‍ എന്നു വിളീച്ച മന്ത്രിയും മറ്റും ജനാധിപത്യത്തിനെതിരാണു എന്നാണു സംഭവം കാണിക്കുന്നത്‌.....". ഹ ഹ. ഇവര്‍ അധികാരത്തില്‍ തന്നെയുണ്ടായത്‌ ഇവരുടെ 'പൊയ്മുഖം' ജനങ്ങള്‍ക്ക്‌ മനസ്സിലാക്കാന്‍ വേണ്ടി 'ദൈവം'(യുക്തിവാദികള്‍ ക്ഷമിക്കുക) തന്നെ ചെയ്തതാണെന്ന് തോന്നുന്നു.

കുരുത്തം കെട്ടവന്‍ said...

സി പി എമ്മിണ്റ്റെയും വിദേശ ഫണ്ട്‌ സംരക്ഷകനയ മന്ത്രിയുടെയും കള്ളകളികള്‍ പൊളിയുന്നു.

രാമൊഴി said...

കിനാലൂരിലെ 'വികസന' പദ്ധതിയുടെ ലക്‌ഷ്യം എന്തെന്നത് വിശദമായ ചര്‍ച്ച വേണ്ട ഒന്നാണ്..അതിരിക്കട്ടെ..കേരളത്തിലെ പല വികസന പദ്ധതികളിലും നടന്നു കൊണ്ടിരിക്കുന്ന സമരങ്ങള്‍ക്ക് പ്രധാന കാരണം ഭൂമി നഷ്ടപ്പെടുന്നവര്‍ക്കായി വ്യക്തമായ ഒരു പുനരധിവാസ നയം ഇവിടെ ഇല്ല എന്നുള്ളതാണ്..പലപ്പോഴും ഒരു സുപ്രഭാതത്തില്‍ കിടപ്പാടം നഷ്ടപ്പെട്ടവരായി മാറുന്നു വികസനത്തിന്റെ രക്തസാക്ഷികള്‍..വിട്ടു കൊടുത്ത ഭൂമിക്ക് പകരമായി കയറിക്കിടക്കാന്‍ ഒരു തുണ്ടിനു വേണ്ടി സമരം ചെയ്യേണ്ടി വരുന്ന ഭീകരമായ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ ..പല സമരങ്ങളിലും അത് നടത്തുന്നവര്‍ പറയുന്നത് ഞങ്ങള്‍ വികസനത്തിനെതിരല്ല ഞങ്ങള്‍ക്ക് താമസിക്കാന്‍ ഭൂമി തരു എന്ന് മാത്രമാണ്.. പുനരധിവാസം എന്നത് ഒരു അവകാശം തന്നെയാണ്..മറ്റൊന്ന്..സമരത്തിന്റെ തോതനുസരിച്ച് ഓരോ സ്ഥലത്തും വ്യത്യസ്തങ്ങളായ പുനരധിവാസ പാക്കേജുകള്‍ ഉണ്ടാവുന്നു..ഒരേ ജില്ലയില്‍ തന്നെ വ്യത്യസ്തമായ പാക്കേജുകള്‍..ചിലപ്പോള്‍ ഒരേ പദ്ധതിയുടെ ഭാഗമായി പല ഭാഗങ്ങളില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് തന്നെ വ്യത്യസ്തമായ പാക്കേജുകള്‍..അന്യായമല്ലേ?നിയമപ്രകാരമുള്ള പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ നടത്താതെ കൃഷിഭൂമികളും തണ്ണീര്‍ തടങ്ങളും വ്യവസായ ആവശ്യത്തിനു വേണ്ടി വന്നേക്കാം എന്ന പേരില്‍ നികത്തുന്നത് അന്യായമല്ലേ?..ഇങ്ങനെയുള്ള അവസരങ്ങളില്‍ 'വികസനം' ഒരു ഭീകര പ്രവര്‍ത്തനം തന്നെയായി മാറുന്നില്ലേ? ..

കുരുത്തം കെട്ടവന്‍ said...

കിനാലൂര്‍: സര്‍ക്കാര്‍ വിശദീകരിക്കണം -പരിഷത്ത്

കുരുത്തം കെട്ടവന്‍ said...

സി.പി.എം പോളിറ്റ്ബ്യൂറോയുടെ ശീര്‍ഷാസനം