Wednesday, June 2, 2010

കണ്ണടച്ചാലും മാഞ്ഞുപോകാത്ത ഇമേജുകള്‍




ആഗോളവത്ക്കരണ കാലത്തെ മനുഷ്യരുടെ വിശപ്പിന്റെയും പട്ടിണിയുടെയും വ്യാപ്തി വിശദീകരിക്കാന്‍ വെറും ആറ് മിനുട്ടും ഒമ്പത് സെക്കന്റും മാത്രം ദൈര്‍ഘ്യമുള്ള ഒരു സിനിമയിലൂടെ ഫെര്‍ദിനാണ്ട് ദിമാദുറക്ക് (Ferdinand Dimadura ) സാധ്യമായിരിക്കുന്നു. അദ്ദേഹം സംവിധാനം ചെയ്ത ചിക്കന്‍ അ ല കാര്‍ട്ടെ 2005ലാണ് നിര്‍മ്മിച്ചത്. ഭക്ഷണം, രുചി, വിശപ്പ് എന്നീ പ്രമേയങ്ങള്‍ അടിസ്ഥാനമാക്കി, അമ്പത്തിയാറാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയുടെ ഉപവിഭാഗമായ ബെര്‍ലിനാല്‍ ടാലന്റ് കാമ്പസില്‍ നടന്ന മത്സരവിഭാഗത്തിലൂടെയാണ് ഈ സിനിമ ലോകശ്രദ്ധ പിടിച്ചു പറ്റിയത്. കുറഞ്ഞ സമയം മാത്രമേ ദൈര്‍ഘ്യമുള്ളൂ എന്നതിനാല്‍, യു ട്യൂബിലും മറ്റ് സൈറ്റുകളിലുമായി അപ്ലോഡ് ചെയ്യപ്പെട്ട ചിക്കന്‍ അ ല കാര്‍ട്ടെ ലക്ഷക്കണക്കിന് പ്രേക്ഷകര്‍ ഇതിനകം കണ്ടു കഴിഞ്ഞു. ആഗോളവത്ക്കരണത്തിന്റെ തന്നെ മാറ്റപ്പേരായി പരിഗണിക്കപ്പെടുന്ന സൈബര്‍ലോകത്തെ ചലച്ചിത്രാഭിരുചിയെയും നിര്‍ണായകമായി സ്വാധീനിക്കുന്നതിലൂടെ പുതിയ കാലത്തിന്റെ സൂക്ഷ്മ വൈരുദ്ധ്യപ്രകടനങ്ങളിലൊന്നായും ഈ ചിത്രത്തെ വിലയിരുത്താം. ഇതിനകം വന്‍ പ്രചാരം നേടിക്കഴിഞ്ഞിട്ടുള്ള ഓണ്‍ലൈന്‍ ഫിലിം ഫെസ്റിവല്‍ സൈറ്റുകളിലും ചിക്കന്‍ അ ല കാര്‍ട്ടെ മികച്ച രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കള്‍ച്ചര്‍ അണ്‍പ്ളഗ്ഗ്ഡ് പോലുള്ള ഓണ്‍ലൈന്‍ മേളകളില്‍ ഈ ചിത്രം മെച്ചപ്പെട്ട റേറ്റിംഗ് നേടിയിട്ടുണ്ട്. ഓണ്‍ലൈന്‍ മേളകളെ തുടര്‍ന്ന് ഓണ്‍ലൈന്‍ സിനിമാത്തെക്കുകളും രൂപപ്പെട്ടിട്ടുണ്ട്. ഓത്തിയേഴ്സ് പോലുള്ള സിനിമാത്തെക്കുകളും മേളകളും ചേര്‍ന്ന്, ഗൌരവമനസ്കര്‍ക്കും വിമോചന-പ്രതിരോധ പ്രവര്‍ത്തകര്‍ക്കും സൈബര്‍ ലോകം ഗുണപരമായി പ്രയോജനപ്പെടുത്താനുള്ള കൂടുതല്‍ വഴികള്‍ തുറന്നിരിക്കുകയാണ്.

ചൂടോടെ മേശയിലെത്തുമ്പോള്‍ നാം വാരിവിഴുങ്ങുകയും മൊത്തിക്കുടിക്കുകയും ബാക്കി അലക്ഷ്യമായി വലിച്ചെറിഞ്ഞ് കൈ കഴുകി ഉല്ലസിക്കുകയും ചെയ്യുമ്പോള്‍; ഭക്ഷണം എന്ന നിത്യയാഥാര്‍ത്ഥ്യത്തെ നാം കണ്ടിട്ടും കാണാതെ പോകുകയാണെന്നതാണ് ഈ ചിത്രം നമ്മെ പ്രാഥമികമായി ഓര്‍മ്മപ്പെടുത്തുന്നത്. ഈ ഓര്‍മ്മപ്പെടുത്തല്‍ എളുപ്പത്തില്‍ മായാത്തതും നീറുന്നതുമായ ഒരനുഭവമായി സാക്ഷാത്ക്കരിക്കാന്‍ സംവിധായകന് നിഷ്പ്രയാസം സാധ്യമായിരിക്കുന്നു. നമ്മുടെ കുട്ടികളോട് നാം ഭക്ഷണത്തെ പ്രത്യേക ശ്രദ്ധയോടെ പരിഗണിക്കണമെന്നും ഭക്ഷണം എത്തിച്ചു തരുന്ന ജഗന്നിയന്താവിനോട് നന്ദിയുണ്ടായിരിക്കണമെന്നും ഓര്‍മ്മിപ്പിക്കാറുണ്ടെങ്കിലും അതൊരു അനുഷ്ഠാനം എന്ന നിലക്ക് ആവര്‍ത്തിക്കുന്നു എന്നതിനപ്പുറം നാം തന്നെ ഗൌരവത്തിലെടുക്കാറില്ല. ഭക്ഷണം പാഴാക്കി കളയരുതെന്ന് പഴഞ്ചന്‍ മട്ടില്‍ ഉപദേശിക്കുമ്പോള്‍; നമുക്ക് മുന്നില്‍ വിളമ്പി വെച്ചിരിക്കുന്ന ഭക്ഷണം പൂര്‍ണമായി അകത്താക്കി എന്നതുകൊണ്ട് ലോകത്ത് പട്ടിണി കിടക്കുന്ന കോടിക്കണക്കിന് ദരിദ്രര്‍ക്ക് എന്തു മെച്ചം എന്ന മറുചോദ്യവുമുയര്‍ന്നേക്കാം.

ബെര്‍ലിന്‍ ചലച്ചിത്രമേള 1951ലാരംഭിച്ചെങ്കിലും ടാലന്റ് കാമ്പസ് തുടങ്ങിയത് 2003ല്‍ മാത്രമാണ്. മേളസ്ഥലത്തു തന്നെ നടക്കുന്ന ഈ ക്യാമ്പ് ഉയര്‍ന്നു പൊന്തി വരുന്ന പുതിയ തലമുറ ചലച്ചിത്രകാരന്മാര്‍ക്ക് ഉത്തേജനവും ഉന്മേഷവും പകരുന്നതിനായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളതാണ്. വിം വെന്റേഴ്സും റാവുള്‍ പെക്കും വാള്‍ട്ടര്‍ സാലസും അടക്കം നമ്മുടെ കാലത്ത് സജീവരായിരിക്കുന്ന അനവധി പ്രശസ്ത ചലച്ചിത്രകാരന്മാര്‍ ടാലന്റ് കാമ്പസില്‍ ക്ളാസെടുക്കുകയോ പഠിതാക്കളുമായി ഇടപഴകുകയോ ചെയ്യാറുണ്ട്. സാധാരണ ഗതിയില്‍ മുന്നൂറ്റമ്പത് പേരെയാണ് കാമ്പസില്‍ ഉള്‍പ്പെടുത്താറുള്ളത്. 2006 ഫെബ്രുവരിയില്‍ നടന്ന ബെര്‍ലിന്‍ മേളയുടെ ഭാഗമായുള്ള കാമ്പസിലേക്ക് ഏകദേശം 3600 അപേക്ഷകള്‍ ലഭിക്കുകയുണ്ടായി. ഇതില്‍ നിന്ന് തെരഞ്ഞെടുത്ത 32 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുടെ വോട്ട് നേടിയെടുത്ത ചിക്കന്‍ അ ല കാര്‍ട്ടെ ചുരുങ്ങിയ നിമിഷങ്ങള്‍ കൊണ്ടു തന്നെ ദൃശ്യ യാഥാര്‍ത്ഥ്യത്തിന്റെ അസാമാന്യമായ സംവേദനാത്മകത വെളിപ്പെടുത്താനാകുമെന്ന ചലച്ചിത്രയാഥാര്‍ത്ഥ്യമായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നു.

കെ എഫ് സി(കെന്റക്കി ഫ്രൈഡ് ചിക്കന്‍)യുടെയും മക് ഡൊണാള്‍ഡ്സിന്റെയും ജോളീ ബിയുടെയും ചൌക്കിംഗിന്റെയും പോലുള്ള വന്‍കിട ചിക്കന്‍ ഫാസ്റ് ഫുഡ് ജോയിന്റ് ശൃംഖലകളുടെ ബില്‍ബോര്‍ഡുകള്‍ തെളിയുകയും മിന്നിമറയുകയും ചെയ്യുന്ന നഗരവീഥികളുടെ സന്ധ്യാ ദൃശ്യങ്ങളോടെയാണ് ചിക്കന്‍ അ ല കാര്‍ട്ടെ ആരംഭിക്കുന്നത്. ചിക്കന്‍ വിഭവങ്ങളെക്കുറിച്ചുള്ള ഒരു പരസ്യ ചിത്രത്തിനും, ആഗോളവത്ക്കരണത്തെക്കുറിച്ച് കൂലിയെഴുത്തുകാരെക്കൊണ്ടെഴുതിച്ച് പത്രസ്ഥലം നിറക്കുന്ന സാംസ്ക്കാരിക നായകരുടെ വിവരണാത്മക ഡോക്കുമെന്ററിക്കും യോജിച്ച വിധത്തിലുള്ള ഈ തുടക്കം ആരിലും ഒരമ്പരപ്പും ഉണ്ടാക്കുന്നില്ല. തുടര്‍ന്നുള്ള ഏതാനും ദൃശ്യങ്ങളും ഇവ്വിധത്തില്‍ സാധാരണം എന്നു പറയാവുന്നതു തന്നെയാണ്. രണ്ടു കൌമാരപ്രായക്കാരികള്‍ ഇത്തരമൊരു ഹൈടെക്ക് ചിക്കന്‍ ഫാസ്റ് ഫുഡ് ജോയന്റില്‍ ഉല്ലാസത്തോടെ കയറുന്നു. മെനു നോക്കി രുചിയോടെ വെള്ളമിറക്കുന്നു. ഓര്‍ഡര്‍ ചെയ്യുന്നു. അടുക്കളയിലേക്ക് ഓര്‍ഡര്‍ പാസ് ചെയ്യുന്നു. ലിഫ്റ്റ് വഴി ചിക്കന്‍ പ്ളേറ്റ് എത്തുന്നു. ചിരിച്ചുല്ലസിച്ച് കഴിച്ച് ബാക്കി കുറെ പ്ളേറ്റില്‍ തന്നെ വെച്ച് പുറത്തു പോവുന്നു.

ഇനിയാണ് ഞെട്ടിക്കുന്ന രംഗങ്ങള്‍. ചവിട്ടു സൈക്കിള്‍ വണ്ടിയില്‍ ഒരു വീപ്പയുമായി ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കുന്നയാള്‍ എത്തുന്നു. ആളുകള്‍ കഴിച്ച് ഉപേക്ഷിച്ച ചിക്കന്‍ വിഭവ അവശിഷ്ടങ്ങളില്‍ നിന്ന് അയാള്‍ (അയാളെപ്പോലെ നിരവധിയാളുകള്‍)തെരഞ്ഞെടുപ്പ് നടത്തുന്നു. ഇറച്ചി മുഴുവനും അകത്താക്കി ബാക്കിയാക്കിയ എല്ലുകള്‍ പ്രത്യേകം, കുറച്ചും ധാരാളവും ഇറച്ചി ഉള്ളത് ശ്രദ്ധയോടെ വേറെ ബാഗില്‍. ചേരി പ്രദേശത്തേക്ക് അയാളുടെ വണ്ടി എത്തുമ്പോള്‍ കുട്ടികള്‍ ഓടിക്കൂടുന്നു. നായകള്‍ക്ക് എല്ലുകള്‍ എറിഞ്ഞുകൊടുത്ത് കുട്ടികള്‍ക്ക് മറ്റ് കഷണങ്ങള്‍ വിതരണം ചെയ്യുന്നു. ആര്‍ത്തിയോടെയും സമൃദ്ധമായ നിറവോടെയും അവര്‍ സസന്തോഷം ആ ഭക്ഷണം അകത്താക്കുന്ന ദൃശ്യങ്ങള്‍ ഏതാനും മിനുറ്റുകള്‍ മാത്രമേ നീണ്ടു നില്‍ക്കുന്നുള്ളൂവെങ്കിലും മണിക്കൂറുകള്‍, ദിവസങ്ങള്‍ കഴിഞ്ഞാലും നമ്മുടെ ദൃശ്യപഥത്തില്‍ നിന്ന് മാഞ്ഞു പോകുകയേയില്ല.

ഞാനവരുടെ കഥ പറയട്ടെ, ആര്‍ക്കും കേള്‍ക്കേണ്ടാത്ത കഥ, എങ്ങനെയാണ് ചിലരുടെ ചിരികള്‍ എന്നെ കരച്ചിലിന്റെ വക്കത്തെത്തിച്ചത് ! നിങ്ങളിതൊന്നുമറിയാന്‍ പോവുന്നില്ല, കാരണം നിങ്ങളവിടെ പോയിട്ടില്ലല്ലോ! ഇതു കാണൂ, ഇതു കാണൂ. എന്നിട്ട് കണ്ണടച്ചോളൂ. ഞാനവരുടെ കഥ പറയട്ടെ, നിങ്ങളിത് സത്യമാണെന്ന് വിശ്വസിച്ചു കൊള്ളണമെന്നില്ല. എനിക്കിത് മറക്കാനാവുന്നില്ല, അതുകൊണ്ടാണ് നിങ്ങളോടിത് ഞാന്‍ പങ്കു വെക്കുന്നത്. എല്ലാ അറിവുകളില്‍ നിന്നുമായി ഇത്രയും നാള്‍ കൊണ്ട് എന്താണ് നാം പഠിച്ചെടുത്തത്? ഞാനെന്റെ കണ്ണുകള്‍ മൂടി, പക്ഷെ ഇമേജുകള്‍ മാഞ്ഞുപോകുന്നതേ ഇല്ല. പിന്നെ അവരുടെ കഥകള്‍ വീണ്ടുമാരംഭിക്കുകയായി. ദൃശ്യങ്ങള്‍ക്ക് പശ്ചാത്തലമായി സംവിധായകനായ ഫെര്‍ദിനാണ്ട് ദിമാദുറ തന്നെ എഴുതി കമ്പോസ് ചെയ്ത് പാടിയ പാട്ടിന്റെ വരികളേതാണ്ട് മുകളില്‍ പറഞ്ഞ വിധത്തില്‍ പരിഭാഷപ്പെടുത്താം.

എന്തിന് പരിഭാഷപ്പെടുത്തണം? ആറു മിനിട്ടിനകത്തെ രണ്ടോ മൂന്നോ മിനുട്ടുകള്‍ മാത്രമുള്ള, ദരിദ്രരുടെ 'ഭക്ഷണാവശിഷ്ട ഭക്ഷണം' എന്ന ഇമേജ് ആറു വര്‍ഷം കഴിഞ്ഞാലും നമ്മുടെ ബോധമണ്ഡലത്തില്‍ നിന്ന് മാഞ്ഞുപോകുകയേയില്ല. അവശിഷ്ടം ശേഖരിച്ചു കൊണ്ടുവരുന്നയാളുടെ വീട്ടില്‍, അത്താഴമായി കുടുംബമൊന്നിച്ചാണ് ഈ എച്ചില്‍ ഭക്ഷിക്കുന്നത്. അവിടെ പ്ളേറ്റുകള്‍ മേശമേല്‍ നിരത്തി, മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ത്ഥന നടത്തി. എന്നും ഇതു പോലെ മഹത്തായ ഭക്ഷണം എത്തിച്ചു തരുന്ന കര്‍ത്താവിന് സ്തുതി. ലോകമെമ്പാടുമായി ദിവസേന ഇരുപത്തയ്യായിരത്തിലധികം ആളുകളാണ് പട്ടിണി കൊണ്ട് മരിക്കുന്നത് എന്ന ടൈറ്റിലോടെയാണ് സിനിമ സമാപിക്കുന്നത്. നമുക്കറിയാമെങ്കിലും അറിഞ്ഞുകൂടാ എന്ന് ധരിച്ചുകൊണ്ട് കോട്ടും പാപ്പാസുമണിഞ്ഞ് എ സി മുറിയില്‍ യാത്ര ചെയ്തും ജോലി ചെയ്തും ഉണ്ടുറങ്ങിയും നാളുകള്‍ കഴിയുമ്പോഴും സമൂഹത്തിന്റെ വലിയ പങ്ക് ജനങ്ങള്‍ ഇപ്രകാരം പട്ടിണിയിലും പട്ടിണിയേക്കാള്‍ കൂടിയ അഭിമാനക്ഷതജീവിതങ്ങളിലും കുടുങ്ങിക്കിടക്കുകയും തകര്‍ന്നില്ലാതാവുകയുമാണ്. ആ സമൂഹത്തെ നമുക്ക് മറന്നു കളയാനോ ഉപേക്ഷിക്കാനോ കഴിയുമെന്നാണ് സൌകര്യങ്ങളുള്ളവര്‍ എല്ലായ്പോഴും കരുതിപ്പോരുന്നത്. ആഗോളവത്ക്കരണം ഉണ്ടാക്കിയെടുത്തിട്ടുള്ള മായികക്കാഴ്ചകള്‍ കൊണ്ടും ലോകഗ്രാമ സങ്കല്‍പം കൊണ്ടും ഉത്തരാധുനികതയുടെ നഷ്ട മഹാഖ്യാനങ്ങള്‍ കൊണ്ടും മൂടാന്‍ ശ്രമിച്ചാലും സത്യം പുറത്തുവന്നു കൊണ്ടേയിരിക്കും എന്നതിന്റെ വിസ്മയകരമായ തെളിവാണ് ചിക്കന്‍ അ ല കാര്‍ട്ടെ.
യൂ ട്യൂബ് ലിങ്ക്

6 comments:

കൂതറHashimܓ said...

ഷോട്ട് ഫിലീം കണ്ടിരുന്നു
കണ്ടപ്പോ സങ്കടായി, ഇനി എന്റെ ഭക്ഷണത്തില്‍ ഞാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കും

വിനയന്‍ said...

ഞാന്‍ കുറെ മുന്‍പ് യൂടൂബില്‍ കണ്ടതാണ് ഇത്. ഒരു സുഹൃത്ത് ഫോര്‍വേര്‍ഡ് ചെയ്തു തന്നതായിരുന്നു.വല്ലാത്തൊരു സങ്കടമായിരുന്നു കണ്ടു കഴിഞ്ഞപ്പോള്‍. മാഞ്ഞുപോകാത്ത ചില ചിത്രങ്ങള്‍.

ചിത്ര said...

കണ്ണടച്ചാലും മാഞ്ഞു പോകരുതാത്ത ഇമേജുകള്‍!!

Unknown said...

ഫിലിം കണ്ടിരുന്നു, വല്ലാത്ത ഒരു അലോസരപ്പെടുത്തുന്ന കാഴ്ച.

Mohamed Salahudheen said...

നേരത്തേ കണ്ടതാണ്. റിവ്യൂ ഹൃദയസ്പര്ശിയായി

JS said...

ഈ ചിത്രം ഇവിടെ.