Tuesday, June 22, 2010

കുറ്റങ്ങളും പ്രായശ്ചിത്തങ്ങളും - സിനിമയുടെ പഠന ദുരവസ്ഥകള്‍

ടെലിവിഷനു ശേഷം പ്രചാരത്തില്‍ വന്ന മള്‍ട്ടിമീഡിയ സാധ്യതകളുള്ള കമ്പ്യൂട്ടര്‍,
ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, ഐ പോഡ്, എം പി ത്രീ/ഫോര്‍ പ്ളെയറുകള്‍ തുടങ്ങിയ നവ മാധ്യമങ്ങളുടെ പ്രസരിപ്പ് നിറഞ്ഞുനില്‍ക്കുന്ന കാലമാണ് നമ്മുടേത് എന്നെല്ലാവര്‍ക്കുമറിയാം. ഇവ നവ മാധ്യമങ്ങളാണെങ്കില്‍, സിനിമ 'പഴയ' തരം മാധ്യമമായിക്കഴിഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ! മേല്‍ വിവരിച്ച നവമാധ്യമങ്ങളുടെ നേര്‍ക്ക് കേരളീയ പൊതു സമൂഹം നടപ്പു കാലത്ത് സ്വീകരിക്കുന്ന അമ്പരപ്പും പേടിയും വൈരാഗ്യവും ചേര്‍ന്ന കുറ്റാരോപണ മഹാഖ്യാനം, മുന്‍കാലത്ത് സിനിമയുടെ നേര്‍ക്കും ഉണ്ടായിരുന്നു എന്നതാണ് കൌതുകകരമായ സാമ്യങ്ങളിലൊന്ന്. പുതിയ മാധ്യമങ്ങളോട് പുതിയ തലമുറക്ക് അടുപ്പവും പ്രവര്‍ത്തന പരിചയവും കൂടും. അതുകൊണ്ടു തന്നെ സമൂഹത്തിന്റെ പൊതുബോധരൂപീകരണം നടത്തുന്ന അധ്യാപക-രക്ഷാകര്‍തൃ സമിതി തങ്ങള്‍ക്ക് ഇവയോടുള്ള അപ്രാപ്യതയും പരിചയക്കുറവും അടിസ്ഥാനമാക്കിയുള്ള അസൂയാപരവും ഭീതിജനകവുമായ അവബോധമാണ് സ്വയം കല്‍പ്പിച്ചുണ്ടാക്കുന്നത്. മുന്‍കാലത്ത് സിനിമ ഇത്തരമൊരു അവഗണനയും കുറ്റബാധയും നേരിട്ടിരുന്നു. അക്കാലത്ത്, സിനിമക്കു പോകുക എന്നത് കള്ളുഷാപ്പില്‍ പോകുന്നതു പോലെയോ മറ്റ് അനാശാസ്യമായ പ്രവൃത്തികള്‍ ചെയ്യുന്നതു പോലെയോ ആയിരുന്നു. സമൂഹത്തിന് ഏറ്റവും ഗുണകരമായ സാധ്യതകള്‍ പ്രദാനം ചെയ്യുന്ന ഇത്തരമൊരു വിനിമയ വ്യവസ്ഥയെ കുറ്റത്തില്‍ മുക്കുന്നതോടെ പല രീതിയിലുള്ള കുഴപ്പങ്ങളാണ് സംഭവിക്കുന്നത്. പ്രധാനപ്പെട്ട കുഴപ്പം ഈ വിനിമയ വ്യവസ്ഥ കുറ്റം ചെയ്യാനുള്ള ഒരു ഉപാധിയാണെന്ന പൊതു ബോധം പ്രബലമാവുന്നു എന്നതാണ്. വന്‍ മുതല്‍ മുടക്ക് ആവശ്യമായതിനാല്‍ സാധാരണക്കാര്‍ക്ക് അക്കാലത്ത് സിനിമയെടുക്കല്‍ അസാധ്യമായിരുന്നതിനാല്‍ 'കുറ്റം' ചെയ്യുന്നവരുടെ സംഖ്യ താരതമ്യേന കുറവായിരുന്നു എന്നു മാത്രം.

ഇങ്ങനെ സിനിമയെ കുറ്റപ്പെടുത്തി നാം കുറെ കാലം വെറുതെ കളഞ്ഞു. ഇപ്പോഴവസാനം സിനിമ പഠിക്കണമെന്ന കാഴ്ചപ്പാടില്‍ എല്ലാവരും എത്തിക്കൊണ്ടിരിക്കുകയാണ്. അതിനുള്ള കാരണം പലതാണ്. അതെന്തൊക്കെയാണെന്ന വിശദമായ ആലോചന മറ്റൊരവസരത്തിലാവട്ടെ. സിനിമ പഠിക്കണമെന്ന വിചാരം ശക്തമായപ്പോള്‍ എല്ലാവരും പുസ്തകരൂപത്തിലാക്കിയ തിരക്കഥ പഠിക്കാന്‍ തുടങ്ങി. എസ് എസ് എല്‍ സി പരീക്ഷ പോലെ, ഒരു വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമായ പരീക്ഷയില്‍ വരെ താഴെ കാണിച്ചിരിക്കുന്ന സന്ദര്‍ഭത്തെ മുന്‍നിര്‍ത്തി തിരക്കഥ തയ്യാറാക്കുക പോലുള്ള അസംബന്ധചോദ്യങ്ങള്‍ കടന്നു വന്നു. കട്ട് ടു, ഡിസോള്‍വ്, ഫെയ്ഡ് ഔട്ട്, ഫെയ്ഡ് ഇന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ അങ്ങിങ്ങായി പെറുക്കി അടുക്കിക്കൊണ്ട് ഒരു അക്ഷരകൊലപാതകം നടത്താന്‍ വിദ്യാര്‍ത്ഥികള്‍ പ്രേരിതരാവുന്നു. അതുകൊണ്ട് കുട്ടികള്‍ക്കുണ്ടാകുന്ന മാനസികവിഭ്രാന്തികളും സിനിമാ പഠനത്തിന്റെ ചെലവില്‍ നാളെ വിചാരണ ചെയ്യപ്പെടും. കോഴിക്കോട്ട് ഒരു സംഘടന നടത്തിയ തിരക്കഥാ രചനാ ശില്‍പശാലയില്‍ പ്രവേശനം ലഭിക്കാന്‍ ആയിരക്കണക്കിന് അപേക്ഷകളാണത്രെ ലഭിച്ചത്. തിരക്കഥയാണ് സിനിമയുടെ അടിസ്ഥാനം എന്നാണ് ചില വിരുദ്ധജ്ഞാനികളായ സിനിമാടീച്ചര്‍മാര്‍ പഠിപ്പിക്കുന്നത്. ദൃശ്യഭാവനയാണ് വാസ്തവത്തില്‍ സിനിമയുടെ അടിസ്ഥാനം. ഗുട്ടന്‍ബര്‍ഗ് യുഗത്തോടെ പ്രാബല്യത്തിലായ ലിഖിതഭാഷയുടെയും അച്ചടിയുടെയും വായനയുടെയും മഹാഭാരങ്ങള്‍ സ്വരൂപിച്ചെടുത്ത ചിന്താപദ്ധതികളും വിചാരമാതൃകകളും ആശയ-പ്രത്യയശാസ്ത്രങ്ങളും വിദ്യാഭ്യാസ-സാഹിത്യ സിദ്ധാന്തങ്ങളും ആണ് തിരക്കഥാപഠനം പോലുള്ള കടുത്ത പീഡനങ്ങളിലേക്ക് അധ്യാപകനെയും കുട്ടിയെയും നയിച്ചത്.


സൂപ്പര്‍ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളായി കേരളം പിളര്‍ന്നു പോകുന്ന അതീവ ഗുരുതരമായ രാഷ്ട്രീയ അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ പുകമറയിലിരുന്നാണ് തിരക്കഥകളുടെ ചിതലുകള്‍ പാവം കുട്ടികളെക്കൊണ്ട് ഭക്ഷിപ്പിക്കുന്നത്. സിനിമ എങ്ങനെയാണ് ആഖ്യാനം ചെയ്യപ്പെടുന്നത്; അതിത്രയും കാലം സമൂഹത്തെ എപ്രകാരം ആഖ്യാനം ചെയ്തു; സമൂഹം സിനിമയെ എങ്ങനെ ആഖ്യാനം ചെയ്തു എന്നിങ്ങനെയുള്ള അന്വേഷണങ്ങളിലൂടെ ആരംഭിക്കുന്ന പുതിയ ഗുണപരമായ പരിവര്‍ത്തനങ്ങളിലേക്ക് സ്കൂള്‍-കോളേജ് തലങ്ങളിലുള്ള സിനിമാപഠനം അടിയന്തിരമായി പുനരാവിഷ്ക്കരിച്ചില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന തിരിച്ചടികള്‍ പ്രവചനാതീതമായിരിക്കും.

5 comments:

Mohamed Salahudheen said...

ദൃശ്യഭാവനയാണ് വാസ്തവത്തില്‍ സിനിമയുടെ അടിസ്ഥാനം.

തിരക്കഥയല്ലെങ്കില് ഇതുകൊണ്ടുദ്ദേശിക്കുന്നത് മൂലകഥയാണോ ജി പി,

നമ്മുടെ പുതിയ തലമുറ ചലച്ചിത്രപഠനം ഗൌരവമായെടുത്തിട്ടുണ്ടോയെന്നു സംശയമാണ്. കാരണം മിക്കവരുടെയും ഉദ്ദേശ്യം പണമോ, താരമൂല്യമോ തന്നെയാണ്. മുന്പ് പാണ്ടിക്കാട്ട്, ലക്ഷക്കണക്കിനു രൂപയുമായി മുങ്ങിയ ക്ലാസി സിനിമാ ലിമിറ്റഡെന്ന സിനിമാപിടുത്തക്കന്പനിയുടെ വലയില്പ്പെട്ട പതിനായിരക്കണക്കിന് യുവതീയുവാക്കളുടെ മുഖ്യലക്ഷ്യം ചലച്ചിത്രാഭിനയം മാത്രമായിരുന്നുവെന്ന്, വാര്ത്താന്വേഷണത്തിനിടെ മനസ്സിലാക്കാനായി. പിന്നെ, എല്ലാ മേഖലയിലുമെന്ന പോലെ, ഈ പഠനമേഖലയും കച്ചവടവല്ക്കരിക്കപ്പെട്ടു. പണമുള്ളവനേ ഭാവന യാഥാര്ഥ്യമാക്കാനാവൂ എന്ന അവസ്ഥ

Anonymous said...

മേല്‍ വിവരിച്ച നവമാധ്യമങ്ങളുടെ നേര്‍ക്ക് കേരളീയ പൊതു സമൂഹം നടപ്പു കാലത്ത് സ്വീകരിക്കുന്ന അമ്പരപ്പും പേടിയും വൈരാഗ്യവും ചേര്‍ന്ന കുറ്റാരോപണ മഹാഖ്യാനം, മുന്‍കാലത്ത് സിനിമയുടെ നേര്‍ക്കും ഉണ്ടായിരുന്നു എന്നതാണ് കൌതുകകരമായ സാമ്യങ്ങളിലൊന്ന്.
ഈ കേരളീയ പൊതു സമൂഹത്തില്‍ നിന്ന് സഖാക്കന്മാരെങ്കിലും മാറിനിന്നിരുന്നെങ്കില്‍.......

paarppidam said...

സത്യം പറഞ്ഞാൽ സൂപ്പർ എന്നു പറഞ്ഞ് വേഷം കെട്ടിച്ചു നടക്കുന്ന മധ്യവസ്കന്റെ ചിത്രങ്ങൾ കാണുമ്പോൾ ചർദ്ധിക്കുവാൻ വരുന്ന അവസ്ഥയാണ്. എന്തൊരു ബോറാണ് കൊച്ചു പെൺപിള്ളാരുമായി ആടിപ്പാടുന്നത് കാണുവാൻ. അതും പോരാഞ്ഞ് ഒരു മാനസീക വിഭ്രാന്തിയുള്ള വ്യക്തിയുടെ മുഖഭാവം ആണ് ഈയ്യിടെ മിക്ക കഥാപാങ്ങൾക്കും

ഇനി തിരക്കഥാപഠനത്തിലേക്ക്, സിനിമയെ പറ്റി നല്ല രീതിയിൽ പഠനം പോലും നടക്കാത്ത ഒരു സ്ഥലത്താണ് തിരക്കഥയെ പറ്റി പഠിപ്പിക്കുവാൻ നിൽക്കുന്നത്. സാഹിത്യം, ക്യാമറ, അഭിനയം, എഡിറ്റിങ്ങ്, ശബ്ദ മിശ്രണം തുടങ്ങി വിവിധ കാര്യങ്ങളെകൂടെ പറഞ്ഞുകൊടുക്കാതെ എന്ത് തിരക്കഥാ പഠനം? എത്ര ടീച്ചർമാർക്ക് ഇതിനെ പറ്റി അറിയും?

മാർക്കുവാങ്ങുവാനായി ഡയലോഗും മറ്റു ചില സാങ്കേതിക പദങ്ങളും ചേർത്തെഴുതുന്നതാണോ തിരക്കഥ? തിരക്കഥാ രചനയുടെ സങ്കേതത്തെ പറ്റി വിശദമാക്കുന്ന എത്ര പുസ്തകങ്ങൾ മലയാളത്തിൽ ഉണ്ട്?

Sunny Joseph said...

"Drishyabhavanayaanu vaasthavathil cinemayude adisthanam" Theerthum sariyaya nireekshanam. Thirakkadayil polum athanu vendathu. Oru thirakkadayude aadya pakarppil sambhashanangal upayogikkathe katha parayan sramikkanamennu Carrier e polulla viswa prasiddharaaya thirakkatha rachayithakkal parayunnu. Namukkinnum sambhashanam thanneyanu thirakkatha. Enthu cheyyan!!

Roby said...

ദൃശ്യഭാവനയാണ് വാസ്തവത്തില്‍ സിനിമയുടെ അടിസ്ഥാനം.

എം.ടിയെപ്പോലുള്ള കഥയെഴുത്തുകാരെ സിലിമാക്കഥയുടെ രാജാക്കന്മാരായി അവരോധിക്കുന്നതിനു മുന്നെ ഓര്‍ക്കണമായിരുന്നു.