Saturday, July 10, 2010

ആരുടെ പൊതു സ്ഥലം?





പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും ഉത്പത്തിയെ സംബന്ധിച്ച്‌ ദൈവവിശ്വാസികളും നിരീശ്വരവാദികളും തമ്മിൽ പല തർക്കങ്ങളും നിലനില്‍ക്കുന്നുണ്ട്‌. അഞ്ച്‌ ബില്യൺ (നൂറ്‌ കോടി) വർഷങ്ങൾക്ക്‌ മുമ്പ്‌ സൂര്യനിലുണ്ടായ മഹാസ്ഫോടനത്തെത്തുടർന്ന്‌ പൊടിയും വാതകവും ചേർന്ന്‌ ഭൂമിയുടെ ഉത്പത്തി ആരംഭിച്ചു എന്ന്‌ ഭൂമിശാസ്ത്രം വിശദീകരിക്കുന്നു. പിന്നീട്‌, വെള്ളം, വായു, ജീവൻ, കാലാവസ്ഥ, സംസ്ക്കാരങ്ങൾ എന്തെല്ലാം എന്തെല്ലാം ഉണ്ടായി! എന്തായാലും ഒരു കാര്യം ഉറപ്പ്‌. ഭൂമി ഉണ്ടായ അക്കാലത്ത്‌ രണ്ടു കാര്യങ്ങൾ ഉണ്ടായിരുന്നില്ല. ഒന്ന്‌ പൊതുസ്ഥലവും പൊതു വഴിയും ആണെങ്കിൽ, മറ്റൊന്ന്‌ കോടതികളാണ്‌. ഇവ രണ്ടും മനുഷ്യസംസ്ക്കാരത്തിന്റെ വളർച്ചയുടെ ഭാഗമായി വികസിച്ചു വന്നതാണ്‌. സംസ്ക്കാരത്തിന്റെയും പരിഷ്ക്കാരത്തിന്റെയും മാനവികതയുടെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പുരോഗമനചിന്തയുടെയും നവോത്ഥാനത്തിന്റെയും നിയമത്തിന്റെയും നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും ഭരണഘടനകളുടെയും രാഷ്ട്രരൂപീകരണങ്ങളുടെയും എല്ലാം നീണ്ട ചരിത്രങ്ങൾ നമ്മളെങ്ങിനെ നമ്മളായെന്ന്‌ ഓരോരുത്തരെയും ഓരോ നിമിഷവും ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്‌. ഇപ്രകാരം ചരിത്രത്തിന്റെയും ആധുനിക സംസ്ക്കാരത്തിന്റെയും ഭാഗമായ കോടതി, പൊതുസ്ഥലത്തെ പൊതു ഉടമസ്ഥതയിൽ നിന്ന്‌ മാറ്റാനുള്ള നീക്കങ്ങൾക്ക്‌ അറിഞ്ഞോ അറിയാതെയോ പിന്തുണ നൽകും എന്ന്‌ എപ്രകാരമാണ്‌ വിശ്വസിക്കാൻ സാധിക്കുക?

എന്നാലങ്ങിനെ കരുതേണ്ട വിധത്തിലുള്ള ചില നിഗമനങ്ങൾ വിധിരൂപത്തിൽ കോടതി പുറപ്പെടുവിച്ചിരിക്കുന്നു എന്നതാണ്‌ കൗതുകകരമായ കാര്യം. പൊതുസ്ഥലത്ത്‌ പൊതുയോഗം നിരോധിച്ചു എന്ന കേരള ഹൈക്കോടതി വിധി ഇത്തരത്തിലുള്ള ഒന്നാണ്‌. ഭാഷാപരമായി തന്നെ ഈ വിധി ഒരു ഊരാക്കുടുക്കാണ്‌. പൊതുസ്ഥലത്ത്‌ പൊതുയോഗം എന്ന പ്രയോഗത്തിൽ രണ്ട്‌ 'പൊതു' വരുന്നുണ്ട്‌. പൊതുസ്ഥലത്ത്‌ പൊതുയോഗമല്ലെങ്കിൽ രഹസ്യയോഗമാണോ സാധ്യമാവുക? ഇത്തരം ഭാഷാപരമായ കുഴപ്പങ്ങളിൽ മുമ്പും കോടതി ചെന്നു പെട്ടിട്ടുണ്ട്‌. ബന്ദ് നിരോധിച്ചു എന്ന വിധിക്കുണ്ടായ അവസ്ഥ ഇതാണ്‌. ബന്ദ് നിരോധിച്ചതോടെ എല്ലാവരും ഹർത്താൽ പ്രഖ്യാപിക്കാൻ തുടങ്ങി. ബന്ദ് കൊണ്ട്‌ എന്തൊക്കെയാണോ ഉദ്ദേശിച്ചിരുന്നത്‌ അതൊക്കെയും ഹർത്താൽ എന്ന പദപ്രയോഗത്തിലൂടെ സാധ്യമായി തുടങ്ങി. അപ്പോൾ, ഫലത്തിൽ ബന്ദ് എന്ന പദം അഥവാ പദപ്രയോഗം മാത്രമാണ്‌ കോടതി നിരോധിച്ചതു എന്നർത്ഥം. ഇനി ഹർത്താലും നിരോധിച്ചു എന്നു വെക്കുക. അപ്പോൾ പുതിയ ഒരു പദപ്രയോഗം പ്രാബല്യത്തിൽ കൊണ്ടു വരാവുന്നതേ ഉള്ളൂ. അതായത്‌; ബന്ദ്, ഹർത്താൽ എന്നിവ കൊണ്ടുദ്ദേശിക്കുന്ന കാര്യങ്ങൾ ഫലപ്രദമായി നിരോധിക്കണമെങ്കിൽ ഇപ്പോൾ ഈ വക ആഹ്വാനങ്ങളിലൂടെ നടത്തപ്പെടുന്ന കാര്യങ്ങൾ മാത്രമല്ല നിരോധിക്കേണ്ടത്‌; അതോടൊപ്പം ഇതിനു പകരം ഏതെങ്കിലും വാക്കുകൾ കണ്ടു പിടിക്കാനുള്ള സാധ്യതകൾ കൂടി നിരോധിക്കപ്പെടണം. പൊതുസ്ഥലത്ത്‌ തുപ്പൽ നിരോധിച്ചു എന്ന വിധിക്കുമുണ്ടായത്‌ സമാനമായ അനുഭവമായിരുന്നു. ഇന്നാരെങ്കിലും ആ വിധി ഓർക്കുന്നുണ്ടോ എന്നു തന്നെ അറിയില്ല. കാരണം, തുപ്പലിനെ കോടതി വ്യാഖ്യാനിച്ചിരുന്നില്ല. മിക്കവാറും മനുഷ്യർ സംസാരിക്കുമ്പോഴും മറ്റ്‌ കാര്യങ്ങൾക്ക്‌ വായ്‌ തുറക്കുമ്പോഴും കുറച്ച്‌ തുപ്പൽ തെറിക്കും. ഇത്‌ പ്രാകൃതികമായ ഒരു വാസ്തവമാണ്‌. ഇപ്രകാരം തുപ്പൽ തെറിപ്പിക്കുന്നയാളുകളെ മുഴുവൻ അറസ്റ്റ്‌ ചെയ്യാൻ തുടങ്ങിയാൽ കാര്യങ്ങൾ എവിടെ ചെന്നെത്തും? മാത്രമല്ല, പൊതുസ്ഥലത്ത്‌ തുപ്പി എന്ന കുറ്റത്തിന്‌ ഒരാളെ അറസ്റ്റ്‌ ചെയ്താൽ തന്നെ തെളിവായി അയാൾ തുപ്പിയിട്ടത്‌ പോലീസുകാരൻ കോരിയെടുത്തു കൊണ്ടു പോകേണ്ടി വരുമോ? ഏതായാലും, ഈ വിധി നടപ്പാക്കിയതു പ്രകാരം ഏതെങ്കിലും ഒരാൾക്കെതിരെയെങ്കിലും നടപടിയെടുത്തത്തായി വാർത്തകളൊന്നും ശ്രദ്ധയിൽ പെട്ടില്ല.

മധ്യവർഗബോധത്തിന്റെ അചരിത്രപരതയിൽ കോടതി പോലെ ആധുനികതയുടെയും പുരോഗമന ചിന്തയുടെയും പരിഷ്ക്കാരത്തിന്റെയും പ്രതീകവും പ്രതീക്ഷയുമായി നിലകൊള്ളേണ്ട ഒരു വ്യവസ്ഥ അഭിരമിക്കുന്നു എന്നു കരുതേണ്ടി വരുന്ന വിധത്തിലാണ്‌ ഇത്തരം വിധികൾ പുറപ്പെടുവിക്കപ്പെടുന്നത്‌. ഇപ്പോൾ തന്നെ നോക്കുക, ഈ വിധിയുടെ അപ്രായോഗികതയും അസംബന്ധപരതയും ചർച്ച ചെയ്യുന്നതിനു പകരം അതിനെ വിമർശിച്ച സി പി ഐ (എം) നേതാക്കളുടെ ഭാഷാപ്രയോഗമാണ്‌ ചർച്ചക്ക്‌ വിധേയമായത്‌. അതായത്‌, ഭാഷയാണ്‌ എല്ലാ പ്രശ്നത്തിന്റെയും അടിസ്ഥാനം എന്നു ചുരുക്കം.

തുടക്കത്തിൽ പറഞ്ഞതു പോലെ, ഭൂമിയുടെ ഉത്പത്തികാലത്ത്‌ ഇല്ലാതിരുന്ന പൊതു വഴികളും പൊതുസ്ഥലങ്ങളും രൂപപ്പെട്ടത്‌ എങ്ങിനെയെന്ന്‌ ആലോചിക്കുകയെങ്കിലും ചെയ്യേണ്ട ബാധ്യത കോടതിക്കുണ്ടായിരുന്നു. മനുഷ്യരുടെ പൊതുബോധം വികസിച്ചതിന്റെയും യാത്രകളും കൊടുക്കൽ വാങ്ങലുകളും വർധിച്ചതിന്റെയും ഭാഗമായാണ്‌ പൊതുവഴികൾ ഉണ്ടായതും വലുതായതും. ആദ്യം കാൽനടയാത്രക്കും പിന്നീട്‌, കുതിരപ്പുറത്തും കാള/കുതിര/പോത്തു വണ്ടികളിലും ഉള്ള യാത്രകൾക്കും ഏറ്റവുമൊടുവിൽ മോട്ടോർ വാഹനങ്ങൾക്കും വേണ്ടി ഉപയോഗിക്കപ്പെടുന്ന പൊതുവഴികൾ കാലത്തിനനുസരിച്ച്‌ വീതി കൂടിയും സൗകര്യങ്ങൾ കൂടിയും വികസിച്ചു വരികയാണുണ്ടായത്‌. ഇടവഴികളിൽ നിന്നും ഹൈവേകളിലേക്കുള്ള വികാസം ഒരു കോടതി വിധിയുടെയും ഭാഗമായുണ്ടായതല്ല. ജനങ്ങളുടെ ഐക്യത്തിന്റെയും വിട്ടുവീഴ്ചകളുടെയും സഹനങ്ങളുടെയും സംഭാവനകളുടെയും നികുതിപ്പണത്തിന്റെയും പിടിച്ചെടുക്കലിന്റെയും സർക്കാർ തീരുമാനങ്ങളുടെയും ഭാഗമായാണ്‌ പൊതുവഴികൾ വികസിച്ചതെന്ന്‌ കാണാം. ഇപ്പറഞ്ഞ കാര്യങ്ങളിലൊക്കെ രാഷ്ട്രീയ കക്ഷികളും സംഘടനകളും മറ്റും മറ്റും നടത്തിയിട്ടുള്ള ഇടപെടലുകൾ ചരിത്രം മുഴുവനും നിറഞ്ഞു നിൽക്കുന്നു. അതുകൊണ്ടു തന്നെ പൊതുവെ കരുതപ്പെടുന്നതു പോലെ, മോട്ടോർ വാഹനങ്ങൾക്ക്‌ ചീറിപ്പായുന്നതിനു മാത്രമുള്ളതല്ല പൊതുവഴികൾ. അത്‌ ജനങ്ങൾക്ക്‌ കൂട്ടം കൂടി നിൽക്കുന്നതിനും യോഗങ്ങൾ നടത്തുന്നതിനും ചിലപ്പോഴൊക്കെ ഗതാഗതം സ്തംഭിപ്പിക്കുന്നതിനും അവകാശമുള്ള പൊതു ഉടമസ്ഥതയിലുള്ള ഭൂവിന്യാസങ്ങളാണ്‌.

കേരളീയാചാരങ്ങളെ നിശ്ചിതവൃത്തങ്ങളിലൊതുക്കി പരിരക്ഷിച്ചതിൽ മുഖ്യഘടകമായി വർത്തിച്ചതു റോഡുകളുടെ ശൂന്യത തന്നെയായിരുന്നു. റോഡ്‌ എന്ന ആശയം തന്നെ ആദ്യമായി കേരളത്തിൽ അവതരിപ്പിച്ചതും നടപ്പാക്കിയതും ടിപ്പുവായിരുന്നു. ബ്രിട്ടീഷുകാരുടെ റോഡുനിര്‍മ്മാണത്തിലേത്‌ എന്ന പോലെ, ടിപ്പുവിന്റെ റോഡുനിർമ്മാണത്തിന്റേതും ലക്ഷ്യം പട്ടാളത്തേയും തോക്കുവണ്ടികളേയും നിശ്ചിതസ്ഥാനത്ത്‌, നിശ്ചിത സമയത്തിനുള്ളിൽ എത്തിക്കുകയായിരുന്നു. അത്‌ തുടങ്ങിയവരുടെ നിശ്ചിത ലക്ഷ്യത്തിന്റെ പരിധി വിട്ട്‌, അതിവിടുത്തെ ജനങ്ങളുടെ ബോധനവീകരണത്തിനു സഹായിക്കുമാറ്‌ ജനങ്ങളുടെ അന്യോന്യസഹകരണത്തിനും പരിചയത്തിനും ആശയാദർശങ്ങളുടെ സുഗമമായ വിനിമയത്തിനും മനുഷ്യബന്ധങ്ങളുടെ പുതുതായ തുടക്കത്തിനും ആരംഭമിട്ടു. അതു മൂലമുണ്ടായ മനുഷ്യസംസ്ക്കാരത്തിന്റെയും പരിഷ്ക്കാരത്തിന്റെയും പുരോഗതി, പറഞ്ഞറിയിക്കാവുന്നതിൽ വലുതാണ്‌. (പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം - പി ഭാസ്ക്കരനുണ്ണി/കേരള സാഹിത്യ അക്കാദമി - പേജ്‌ 1149, 1150). കേരളത്തിലെ റോഡു നിർമ്മാണത്തെപ്പറ്റിയും ഗതാഗത വികാസത്തെപ്പറ്റിയും നിരവധി പേജുകളിലായി ഈ ഗവേഷണം തുടരുന്നു. റോഡുകളുടെ ചരിത്രമെന്നത്‌ കേവലം മോട്ടോർ വണ്ടികളുടെ ഹോണടികളല്ലെന്ന്‌ സമക്ഷത്തിങ്കൽ ദയവുണ്ടായി ബോധ്യപ്പെടണം. നോക്കുക: പില്‍ക്കാലത്ത്‌ ജനങ്ങളുടെ സർവ്വതോന്മുഖമായ പുരോഗതിക്ക്‌ പ്രയോജകീഭവിച്ച ഈ റോഡുകൾ, സുൽത്താന്റെ ഭാവനാസമ്പന്നമായ ദീര്‍ഘവീക്ഷണത്തിനും 'കല്ലേപ്പിളർക്കുന്ന' ആജ്ഞാശക്തിക്കും പ്രത്യക്ഷദൃഷ്ടാന്തമായി ഭവിച്ച പോലെ, കേരളത്തിലെ എണ്ണമറ്റ നിരാധാരരും നിസ്സഹായരുമായ അവർണ്ണ സമുദായത്തിൽ നിന്നുള്ള വേലക്കാരുടെ ദൈന്യമാർന്നത്തെങ്കിലും ഏതു യജമാനവൃന്ദത്തിന്റേയും പ്രശംസാവചനങ്ങള്‍ക്ക്‌ പാത്രമാകും വിധമുള്ള അധ്വാനശേഷിക്കും ഉദാഹരണങ്ങളായി ഭവിച്ചു. ഒടുവിലൊടുവിൽ തിരുവിതാംകൂറിനും കൊച്ചിക്കും, റോഡുകളും ആറുകളും തോടുകളും വേണ്ടി വന്നപ്പോൾ നിസ്സാരമായ ഒരു നേരത്തെ കഞ്ഞി പറ്റിക്കൊണ്ട്‌ 'ഊഴിയം' വേലകളായി അതെല്ലാം മറുമൊഴി കൂടാതെ നിറവേറ്റിയതും ഇവിടുത്തെ അവർണ്ണ വിഭാഗം തന്നെയായിരുന്നു. വിശേഷമായി പറയാൻ ഒന്നു കൂടിയുണ്ട്‌. അവർ വെട്ടി നിരപ്പാക്കി ഗതാഗത യോഗ്യമാക്കിയ പാതകൾ ഭാവിയിൽ അവർക്ക്‌ അപ്രാപ്യമായിരുന്നു; അവർക്ക്‌ ആ റോഡുകളിലൂടെ നടന്നു കൂടായിരുന്നു. നടക്കാനും വാഹനങ്ങളിലൂടെ സഞ്ചരിക്കാനും മറ്റൊരു ദീർഘകാലസമരം അവർ ചെയ്യേണ്ടി വന്നു. (പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം - പി ഭാസ്ക്കരനുണ്ണി/കേരള സാഹിത്യ അക്കാദമി - പേജ്‌ 1152).

ഇതു തന്നെയാണ്‌ ഇപ്പോഴും സംഭവിക്കാൻ പോകുന്നത്‌. കേരളത്തെ കേരളമാക്കി മാറ്റിയത്‌, സാമൂഹ്യവത്ക്കരണം എന്ന പ്രക്രിയയാണ്‌. പൊതുയോഗങ്ങളും പ്രതിഷേധങ്ങളും പ്രകടനങ്ങളും പ്രതിരോധങ്ങളും എല്ലാം ചേർന്ന ആ പൊതുബോധത്തെ പൊതുസ്ഥലത്തു നിന്നു തന്നെ നിര്‍മാർജ്ജനം ചെയ്തു കഴിഞ്ഞാൽ പിന്നെ ആ പൊതു സ്ഥലം/പൊതുവഴി എന്നീ പദങ്ങളിലെ 'പൊതു' കൂടി എടുത്തുകളയുന്നതായിരിക്കും നല്ലത്‌. കണ്ടില്ലേ, എല്ലാം ഭാഷയുടെ കളികൾ തന്നെ!

6 comments:

സന്ദേഹി-cinic said...
This comment has been removed by the author.
സന്ദേഹി-cinic said...

അരാഷ്ട്രീയവൽക്കരണം കോടതികളും സർക്കാരുകളും രാഷ്ട്രീയപാർട്ടികളും മാധ്യമങ്ങളും കൂടി ചേർന്ന് എങ്ങനെ പതുക്കെ പതുക്കെ നടപ്പാക്കുന്നു എന്നതിന്റെ അവസാനത്തെ ഉദാഹരണമാണിത്.
കോടതി വിധികളെ സ്വീകരിക്കാൻ തക്ക മനസ് പാകപ്പെടുത്തി കൊടുക്കുന്നതിൽ പാർട്ടികൾക്കും പങ്കില്ലേ? പാതകൾ ഉപയോഗിക്കുന്ന എല്ലാവരുടെയും പൊതു പാതയാണെന്ന് പാർട്ടികളും മതസംഘടനക്കളും മറ്റും മറന്നു പോകുന്നു
http://www.svathvam.blogspot.com/

aniljose said...

A few organised people are hijacking the basic rights of all others by means of bandh/Harthal, strike, public meeting, etc. As a person have the right to strike other have the right to work. As a person have the right to gather other person have the right to travel. But when we analyse the basic right for work has to have a higher privilage than strike and the basic right for travel have to be given a better previlage than meeting.

Anil Jose
94474 98430

Kavil said...

These sort of judgments occur when personal prejudices are mixed with the case in hand.

Anonymous said...

റോഡുകളുടെ ചരിത്രത്തേയും ഭൂമിശാസ്ത്രത്തേയും പറ്റിയൊക്കെ ഗവേഷണമൊന്നും നടത്തിയിട്ടില്ലാത്ത എന്റെ അഭിപ്രായം അപക്വമാണെങ്കിൽ ക്ഷമിക്കുക. പൊതുനിരത്തുകൾ പൊതുസ്ഥലങ്ങളാണെങ്കിലും അത്‌ പൊതുയോഗങ്ങൾ നടത്തുവാനുള്ള ഇടങ്ങളാണെന്ന അഭിപ്രായം സാമാന്യ ബുദ്ധിക്ക്‌ നിരക്കുന്നതല്ല. (പൊതുനിരത്തുകൾ പൊതുകക്കൂസുകളായി മാറുന്ന കാഴ്ച കണ്ടിട്ടുണ്ടെങ്കിലും!) പൊതുനിരത്തുകളിൽ പൊതുയോഗങ്ങളും പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഒക്കെ നടത്തിയാലേ 'സാമൂഹ്യവത്കരണം' എന്ന മഹാപ്രക്രിയ നടക്കൂ എന്നുണ്ടോ സഖാവേ? അത്‌ പൊതുമൈതാനങ്ങളിലും മറ്റുമാണെങ്കിലും നടക്കാവുന്നതല്ലേയുള്ളൂ?

പാർട്ടിയിൽ അടുത്തിടെ ഉണ്ടായ സത്വ-വർഗ്ഗ പ്രതിസന്ധിക്കു ശേഷം മുസ്ലിം സത്വ പ്രശ്നങ്ങൾ പൊലുള്ള അനാവശ്യ കാര്യങ്ങൾ എഴുതാതെ പാർട്ടിയിൽ പൊതുസമ്മതങ്ങളായ കാര്യങ്ങൾ മാത്രമെഴുതുവാൻ ശ്രദ്ധിക്കുന്ന താങ്കളുടെ ബുദ്ധിവൈഭവം അപാരം തന്നെ!

Reji M D said...

വിധിക്കു മുൻ‌കാലപ്രാബല്യം ഇല്ലാത്തതിനാൽ‌ ഗാന്ധിജിയും വിനോബഭാവെയും ജെ. പിയും മയിലമ്മയും ഗ്രോ വാസുവും (മാവൂർ‌ സമരം) ഒക്കെ രക്ഷപ്പെട്ടേക്കും. പൊതുസ്ഥലത്ത് നടക്കുന്ന പൊങ്കാലയും മറ്റും മറ്റും തടഞ്ഞേക്കും. കൽ‌പ്പാത്തി സംഗീതോത്സവത്തിന്റെ കാര്യം കട്ടപ്പൊക!! (റോഡ് ബ്ലോക്ക് ചെയ്താണ് പന്തലും സ്റ്റേജും)