Friday, August 27, 2010

അഭയാര്‍ത്ഥിത്വവും അധിനിവേശവും - കലയുടെ പ്രസക്തിയെന്ത് ?

ഇസ്രയേലി-ഫലസ്‌തീന്‍ ചലച്ചിത്രകാരനായ ഏലിയ സുലൈമാന്റെ ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍ (പരിശുദ്ധമായ ഇടപെടല്‍/2002- ഫ്രാന്‍സ്, ജര്‍മനി, മൊറോക്കോ, ഫലസ്‌തീന്‍) സര്‍റിയലിസ്‌റ്റിക് രീതിയിലെടുത്ത ഒരു സിനിമയാണ്. നര്‍മമാണ് ചിത്രത്തിന്റെ മുഖമുദ്രയെന്ന് തോന്നുമെങ്കിലും എല്ലാ മഹത്തായ നര്‍മ്മസിനിമകളിലുമെന്നതുപോലെ, നിഷ്‌ഠൂരവും പരിഹാരങ്ങളില്ലാത്തതുമായ ദുരന്തങ്ങളാണ് ആഖ്യാനത്തെ ചൂഴ്ന്നു നില്‍ക്കുന്നത്. 2002ലെ ഏറ്റവും നല്ല വിദേശ സിനിമക്കുള്ള ഓസ്‌ക്കാര്‍ പുരസ്‌ക്കാരത്തിനായി ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍ സമര്‍പ്പിച്ചുവെങ്കിലും ഫലസ്‌തീന്‍ എന്ന ഒരു രാജ്യം തങ്ങളുടെ ലിസ്‌റ്റിലില്ലെന്ന കാരണം പറഞ്ഞ് അവസരം നിഷേധിക്കുകയാണ് അമേരിക്കന്‍ മോഷന്‍ പിക് ‌ചേഴ്‌സ് അക്കാദമി ചെയ്‌തത്. എന്നാല്‍, അടുത്ത വര്‍ഷം ഇതേ കാറ്റഗറിയില്‍ ചിത്രം പരിഗണിച്ചെങ്കിലും സമ്മാനത്തിനായി തെരഞ്ഞെടുത്തില്ല. ലോകത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ മേളയായ കാന്‍ ഫെസ്‌റ്റിവലില്‍ ജൂറി, ഫിപ്രെസി പുരസ്‌ക്കാരങ്ങള്‍ ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍ നേടുകയുണ്ടായി. സങ്കീര്‍ണവും സമകാലികപ്രസക്തിയുള്ളതുമായ ഒരു സാഹചര്യത്തെയും അതിന്റെ ദുരന്താത്മകമായ പര്യവസാനങ്ങളെയും വൈകാരികവും ആക്ഷേപഹാസ്യപരവും നൂതനവുമായ ശൈലിയില്‍ ദൃശ്യവത്ക്കരിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത എന്ന് ജൂറി വിലയിരുത്തി.

പരസ്‌പരം ബന്ധമുള്ളതെന്ന് തോന്നിപ്പിക്കുന്ന കുറെയധികം സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ഈ സിനിമക്ക് നിയതമായ ഒരു കഥയുണ്ടെന്ന് പറയാനാവില്ല. ഇസ്രായേലിന്റെ അറബ് തലസ്ഥാനം എന്നു വിളിക്കപ്പെടുന്ന വടക്കേ ഇസ്രായേല്‍ ജില്ലയിലെ മുഖ്യ നഗരമായ നസറേത്തില്‍ ജീവിക്കുന്ന ഒരു ഫലസ്‌തീനിയന്‍ യുവാവും നിരവധി ചെക്ക് പോസ്‌റ്റുകള്‍ക്കപ്പുറം വെസ്‌റ്റ് ബാങ്കിലെ റമള്ളയില്‍ ജീവിക്കുന്ന കാമുകിയും തമ്മില്‍ കണ്ടുമുട്ടാന്‍ നടത്തുന്ന പരിശ്രമങ്ങളും നോ മാന്‍സ് ലാന്റിലെ കാര്‍ പാര്‍ക്കില്‍ വെച്ചുള്ള അവരുടെ കണ്ടുമുട്ടലുമാണ് ചിത്രത്തിലുള്ളത്. നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായകനായ ഏലിയ സുലൈമാന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ മറ്റു നിരവധി ചിത്രങ്ങളിലെന്നതു പോലെ, ഈ നായകനും ഒന്നും സംസാരിക്കുന്നില്ല. ക്രൂര കലുഷിതവും അനിശ്ചിതവും ഏതു സമയവും തകര്‍ന്നു തരിപ്പണമായേക്കാവുന്നതുമായ ഒരു ശബ്‌ദായമാന ലോകത്ത് മൌനം കൊണ്ട് പിടിച്ചു നില്‍ക്കാനാവുമോ എന്നായിരിക്കണം അയാള്‍ കരുതുന്നത്. മരണാസന്നനായി കിടക്കുന്ന പിതാവിനും ഒറ്റപ്പെട്ടുപോയ കാമുകിക്കുമിടയിലാണ് അയാള്‍ സഞ്ചരിക്കുന്നത്. അവരുടെ രണ്ടു പേരുടെയും ജീവന്‍ നിലനിര്‍ത്താനാണ് ഈ ഓട്ടങ്ങള്‍.

അധിനിവേശത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ അവരുടെ പ്രണയകാല്‍പനികതകള്‍ക്കാവുന്നില്ല. ഏതു നിമിഷവും കീഴ്പ്പെടുത്തപ്പെട്ടേക്കാം എന്ന ഭീഷണി നിലനില്‍ക്കെ, അവരുടെ അടുപ്പം തന്നെ ഏതു കാലം വരെ എന്ന പ്രശ്‌നത്തെ നേരിടുന്നു. അവിശ്വസനീയമായ ഒരു മായക്കാഴ്‌ചയുടെ ഞടുക്കവുമായി അവരുടെ രോഷഹൃദയങ്ങള്‍ കെട്ടുപിണയുകയാണ്. പവിത്രമായ ഒരു ആസക്തിയാണ് അവരുടെയിടയില്‍ ഊര്‍ജ്ജചൈതന്യമായി പ്രവര്‍ത്തിക്കുന്നത്. കാറിന്റെ മുന്‍ സീറ്റില്‍ അടുത്തടുത്തിരിക്കുമ്പോള്‍, പട്ടാളക്കാരുടെ കണ്ണു ചെന്നെത്താത്ത വിധത്തില്‍ അയാളുടെ വലതു കൈയും അവളുടെ ഇടതു കൈയും തമ്മില്‍ തമ്മില്‍ കോര്‍ത്തു പിടിക്കാന്‍ മാത്രമേ അവര്‍ക്കാവുന്നുള്ളൂ. എന്നാല്‍, ചുകന്ന ബലൂണ്‍ വീര്‍പ്പിച്ച് അതില്‍ യാസര്‍ അറഫാത്തിന്റെ ചിത്രം വരച്ച് അതിര്‍ത്തിയിലേക്ക് പറപ്പിക്കുമ്പോള്‍ പട്ടാളക്കാര്‍ അന്തം വിടുകയാണ്. കാറ്റിന്റെ ഗതിക്കനുസരിച്ച് ബലൂണ്‍ അതിര്‍ത്തി കടക്കുമ്പോള്‍ നിയമവ്യവസ്ഥകള്‍ അപഹാസ്യമാകുന്നു.


1960ല്‍ നസറേത്തില്‍ ജനിച്ച സുലൈമാന്‍ മിനിമം കൂലി മേടിച്ച് ന്യൂയോര്‍ക്കിലെ ഒരു ക്ളിപ്പിംഗ് ലൈബ്രറിയില്‍ ജോലി ചെയ്യവേയാണ് സിനിമ പഠിക്കുന്നത്. 1981 മുതല്‍ 1984 വരെ ന്യൂയോര്‍ക്കിലെ വിവിധ സര്‍വകലാശാലകളിലും കലാസ്ഥാപനങ്ങളിലും മ്യൂസിയങ്ങളിലും പ്രസംഗത്തിനായി അദ്ദേഹം ക്ഷണിക്കപ്പെട്ടു. 1994ല്‍ ഫലസ്‌തീനിലേക്ക് തിരിച്ചു വന്ന സുലൈമാന്‍ റമള്ളക്കു സമീപം ബിര്‍സീത്ത് സര്‍വകലാശാലയില്‍ ഫിലിം ആന്റ് മീഡിയ വിഭാഗം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ക്രോണിക്കിള്‍ ഓഫ് എ ഡിസപ്പിയറന്‍സ് 1996ല്‍ വെനീസ് മേളയില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍ എന്ന ചിത്രം സങ്കല്‍പ്പിക്കുന്ന വേളയില്‍ ഒരുപാട് ആത്മപരിശോധനകള്‍ ഞാന്‍ നടത്തുകയുണ്ടായി. വെറും നിസ്സാരം എന്ന് കരുതി മുമ്പ് ഞാന്‍ തന്നെ ഉപേക്ഷിച്ചിരുന്ന നിരവധി അടിസ്ഥാന മൂല്യങ്ങളിലേക്ക് തിരിച്ചെത്തി എന്നതായിരുന്നു ആ ആത്മപരിശോധനകളില്‍ ലഭിച്ച പരിഹാരങ്ങള്‍. സത്യത്തിന്റെ നിമിഷം എന്ന് ചലച്ചിത്രകാരന്‍ കരുതുന്നതും കാണി കണ്ടെടുക്കുന്നതും തമ്മിലുള്ള ബന്ധമാണ് അവിശ്വസനീയമായിട്ടുള്ളത്. സംവേദനത്തിന്റെ ദൈവികത അതാണ് എന്നാണ് ഞാന്‍ കരുതുന്നത്. എനിക്കിപ്പോഴും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്; (ഞാനതൊട്ട് വിശകലനം ചെയ്യാനും പോകുന്നില്ല) അതെന്താണെന്നു വെച്ചാല്‍ തികച്ചും വ്യത്യസ്‌തമായ പരിതസ്ഥിതികളില്‍ ജീവിക്കുന്ന ഫലസ്‌തീനിലെയും നോര്‍വെയിലെയും അമേരിക്കയിലെയും ജനങ്ങള്‍ ചിത്രത്തിലെ പ്രത്യേക ചില മുഹൂര്‍ത്തങ്ങളിലെത്തുമ്പോള്‍ ഒരേ പോലെ ചിരിക്കുന്നു.(യുകെ വെബ്‌സൈറ്റായ കാമറക്കു നല്‍കിയ അഭിമുഖത്തില്‍ ഏലിയ സുലൈമാന്‍ പറഞ്ഞത്) .

4 comments:

paarppidam said...

സമൂഹത്തിനോ സാമാന്യ ജനത്തിനോ വായനക്കാരനോ പ്രയോജനരഹിതമായ വിഷയങ്ങളുമായി ബന്ധപ്പെട്ട് സുദീര്‍ഘമായ ലേഖനങ്ങള്‍ക്കായി താങ്കള്‍ ഒത്തിരി സമയം കണ്ടെത്തുകയും എന്നാല്‍ ഇത്തരം വിഷയങ്ങള്‍ ചെറിയ പോസ്റ്റില്‍ ഒതുക്കുകയും ചെയ്യുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല.
സമൂഹത്തില്‍ അസ്വാസ്ത്യങ്ങള്‍ അനുദിനം വര്‍ദ്ധിക്കുമ്പോള്‍ ജി.പിയുടെ വികലവീക്ഷണങ്ങളുടെ -പലരിലും വര്‍ഗ്ഗീയമായ ചിന്തകള്‍ക്ക് വളമേകുന്ന- നീളന്‍ പോസ്റ്റുകളുടെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല. അതിന്റെ ഉദ്ദേശ്യം എന്തോ ആകട്ടെ താങ്കള്‍ ഈ സിനിമയെയും സംവിധായകനേയും പറ്റി ഇത്രയും എഴുതിയതിനു നന്ദി. ഇനിയും ഇത്തരം പരിചയപ്പെടുത്തലുകള്‍ പ്രതീക്ഷിക്കുന്നു.

മനോഹര്‍ കെവി said...

അതിനു കാരണമുണ്ട് മാഷേ.... നമ്മള്‍ "ലുങ്കി" ബുദ്ധിജീവികള്‍ കേരളം എന്ന "ഠ" വട്ടത്തില്‍ ഘോരഘോരം പ്രസംഗിക്കുന്നവരാണ്. ഇംഗ്ലിഷ് , ഹിന്ദി ഭാഷകളിലെ പ്രാവീണ്യം ആവശ്യപെടുന്ന വിഷയങ്ങള്‍ വന്നാല്‍ വാലും പൊക്കി ഓടും. കേരള മുഖ്യമന്ത്രിയെക്കള്‍ 100% പിന്തിരിപ്പനായ ഒരു ഹരിയാന-മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ക്ക് എതിരെ റോഡ്‌ തടയാന്‍ നമുക്ക് ധൈര്യമില്ല...അപ്പൊ എന്ത് ചെയ്യും.. കേരളത്തിലേക്ക് തിരിച്ചു വന്നു, ഇവിടെ പറ്റാവുന്ന ഗോഷ്ടി, അടിച്ചു തകര്‍ക്കല്‍ നടത്തും... അതിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു ജനതയും നേതൃത്വവും കേരളത്തില്‍ അല്ലാതെ വേറെ എവിടെ ?
പിന്നെ ഒരു കാര്യം -- "ധൈര്യ"ത്തിനു ദേശീയനയമില്ല

Pranavam Ravikumar a.k.a. Kochuravi said...

ആശംസകള്‍...

ഞാന്‍ : Njan said...

കമെന്റുകള്‍ക്കു മറുപടി പറയുന്ന ശീലം ഒന്നും ഇല്ലല്ലേ?? മുന്‍പത്തെ പോസ്റ്റിനെ ഉദ്ദേശിച്ചു ചോദിച്ചതാണ്..