Tuesday, August 10, 2010

പ്രകോപനത്തിന്റെ ഏജന്‍സിപ്പണിക്കാര്‍

സാധാരണ ഗതിയില്‍ അച്ചടി മാധ്യമങ്ങള്‍ക്കു വേണ്ടി ഞാനെഴുതുന്ന ലേഖനങ്ങള്‍ അതാത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ എന്റെ ബ്ളോഗായ ഉള്‍ക്കാഴ്ചയില്‍ പോസ്റ്റു ചെയ്യാറുണ്ട്. ജാതി, മതം, കക്ഷി, പ്രായം, പ്രദേശം, സംസ്ഥാനം, രാജ്യം എന്നിവയുടെ അതിര്‍ത്തികളൊന്നുമില്ലാതെ മലയാളം വായിക്കാവുന്നവരൊക്കെയും വായിക്കട്ടെ എന്ന ഉദ്ദേശ്യം മാത്രമേ ഈ പ്രവൃത്തിയുടെ പിന്നിലുള്ളൂ. അഞ്ചു മുതല്‍ പത്തും പതിനഞ്ചും വരെ വായനക്കാര്‍ ചില കമന്റുകളൊക്കെ ഇടുന്നത് വിജ്ഞാനപ്രദമായിത്തീരാറുമുണ്ട്. എന്നാലിത്തവണ, ആശ്ചര്യകരമെന്നു പറയട്ടെ, ജൂലൈ 26ന്റെ സിറാജില്‍ പ്രസിദ്ധീകരിച്ച സാംസ്ക്കാരികപ്രവര്‍ത്തനങ്ങള്‍ എന്ന ലേഖനം പോസ്റ്റു ചെയ്തപ്പോള്‍ അഭൂതപൂര്‍വ്വമായ വിധത്തില്‍ പ്രതികരണങ്ങള്‍ പ്രവഹിക്കുകയായിരുന്നു. ഇതെഴുതുന്ന ദിവസമായപ്പോഴേക്ക് എഴുപത്തിയേഴ് കമന്റുകളാണ് പ്രസ്തുത പോസ്റ്റിന് ലഭിച്ചത്. അതില്‍ അഞ്ചാറെണ്ണം കമന്റ് തുടച്ചുനീക്കിയിരിക്കുന്നു എന്നു മാത്രം കാണാവുന്ന തരത്തില്‍ അതിഹീനമായ ഏതോ ഭാഷ ഉപയോഗിച്ചതിനു ശേഷം മായ്ച്ചുകളഞ്ഞതായും കാണാം. ഇപ്രകാരം തുടച്ചു നീക്കപ്പെടാത്ത ഒട്ടേറെ കമന്റുകളും, എന്റെ ലേഖനത്തെ കടന്നാക്രമിക്കുകയാണ് ചെയ്യുന്നത്. ഹിന്ദുത്വ ഭീകരവാദവുമായി ആര്‍ എസ് എസ്സിനു നേരിട്ടുള്ള ബന്ധമുണ്ടെന്ന വാര്‍ത്തയെ ഉപജീവിച്ച് എഴുതിയ ആ ലേഖനം ബൂലോകത്ത് വലിയ കോളിളക്കമാണുണ്ടാക്കിയിരിക്കുന്നത് എന്നു ചുരുക്കം. പ്രൊഫൈല്‍ വെളിപ്പെടുത്താത്ത കുറെയധികം തീവ്ര ഹിന്ദുത്വ വാദികളും മൃദുഹിന്ദുത്വ വാദികളുമായ 'രസികര്‍' നടത്തിയിട്ടുള്ള മുഴുവന്‍ പ്രയോഗങ്ങളും ബൂലോകത്തിന് യോജിക്കുമെങ്കിലും പത്രമാധ്യമങ്ങളുടെ സദാചാര അതിര്‍ത്തികള്‍ ലംഘിക്കുന്നവയാണെന്നതിനാല്‍ ഇവിടെ ഉദ്ധരിക്കുന്നില്ല. ഈ ജി പി രാമചന്ദ്രന് ഇസ്ളാമിക മതഭീകരരില്‍ നിന്നും ഏതാണ്ട് എന്തൊക്കെ ഫേവര്‍ ഒരു മാസം കിട്ടും എന്നാണ് 'ചിത്രകാരന്‍' ചോദിക്കുന്നത്. ഈ ലേഖനത്തിലൂടെ ജി പി രാമചന്ദ്രന്‍ പുര കത്തുമ്പോള്‍ വാഴ വെട്ടുകയാണ് ചെയ്യുന്നതെന്ന സത്യം ചിത്രകാരന്‍ പറഞ്ഞുകൊള്ളുന്നു എന്നാണ് ആ മാന്യ ദേഹം അവസാനിപ്പിക്കുന്നത്. കേരളത്തില്‍ ഒരു വലിയ സംഭവം നടന്നിട്ടും അതിനെ കണ്ടില്ലെന്നു നടിക്കുക, എന്നിട്ട് തനിക്ക് താല്പര്യമുള്ളതിനെ എടുത്ത് പ്രയോഗിക്കുക എന്നതാണ് എന്റെ ലേഖനത്തിന്റെ കൌശലം എന്നാണ് ജയ്സണ്‍ പറയുന്നത്.

ഈ വ്യാഖ്യാനങ്ങളില്‍ നിന്ന് തെളിയുന്നതെന്താണെന്ന് കൃത്യമായി വിശകലനം ചെയ്യേണ്ടതുണ്ട്. മുവാറ്റുപുഴയില്‍ നടന്ന അതിഹീനവും നിഷ്ഠൂരവുമായ ആക്രമണത്തെ കേരളം ഒറ്റക്കെട്ടായി അപലപിച്ചു. സര്‍ക്കാര്‍ ഈ കാര്യത്തിലെടുക്കുന്ന ഭരണപരവും നിയമപരവുമായ നടപടികള്‍ക്ക് പൊതു സമൂഹം എല്ലാ പിന്തുണയും കൊടുത്തു. കേരളത്തിലെ മുഴുവന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ടികളും സമാധാനം ആഗ്രഹിക്കുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്ന സമുദായ സംഘടനകളും കൈവെട്ടിന്റെ 'ഭീകരത'യെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. മതം എന്നുള്ളത് പെട്ടെന്ന് വികാരം കൊള്ളാനും പ്രകോപിതരാകാനും മറ്റുള്ളവരുടെ മേല്‍ ക്രൂരതകള്‍ ചൊരിയാനുമുള്ള എന്തോ ഒന്നാണെന്ന് തോന്നിപ്പിക്കും വിധമുള്ള മതസംബന്ധിയായ തീവ്രവാദതത്വങ്ങളും പ്രയോഗങ്ങളും മതങ്ങള്‍ സംബോധന ചെയ്യാന്‍ ശ്രമിക്കുന്ന പ്രപഞ്ചബോധത്തെയും ദൈവത്തിന്റെ അപാരമായ കാരുണ്യത്തേയുമാണ് നിവര്‍ന്നു നിന്ന് പരിഹസിക്കുന്നത്. മൃതദേഹങ്ങളെപ്പോലും അപമാനിച്ചുകൊണ്ട് മതത്തിന്റെ പേരില്‍ കൊലപാതകങ്ങളെ തത്വവത്ക്കരിക്കുന്ന താലിബാനിസ്റ്റ് മാതൃകയാണ് പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. നമ്മുടെ ചിന്തയുടെ പരിധി ചുരുങ്ങിച്ചുരുങ്ങി വരുമ്പോഴാണ് കേവലമായ വികാരങ്ങള്‍ ക്രൂരതയുടെ സ്ഫോടനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ കഴിയും വിധത്തില്‍ വളരുന്നത് എന്നാണ് ചിന്തകനും പ്രക്ഷോഭകാരിയും പ്രത്യക്ഷ മതരഹിതനായി ജീവിക്കുന്നയാളുമായിട്ടും, മൃദു ഇസ്ളാമിസ്റ്റ് എന്നും മൌദൂദിസത്തിന്റെ മുഖം മൂടി എന്നും സ്ഥിരമായി ആക്രമിക്കപ്പെടുന്ന കെ ഇ എന്‍ അസന്ദിഗ്ദ്ധമായി കൈവെട്ടാക്രമണത്തെ അപലപിച്ചത്. അതായത്, വ്യത്യസ്തതകളും വിഭിന്നതകളും ഉണ്ടായിരിക്കെ തന്നെ, ആധുനിക കേരളത്തിന്റെ മതനിരപേക്ഷ-ജനാധിപത്യ-പുരോഗമന സ്വഭാവം നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല എന്ന നിശ്ചയദാര്‍ഢ്യത്തില്‍ ഏതാനും ചിലരൊഴിച്ച് മുഴുവന്‍ മലയാളികളും യോജിക്കുന്നു എന്നു തന്നെയാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍, മുവാറ്റുപുഴ കൈവെട്ട് മറ്റൊരു ഗോധ്രയാവാഞ്ഞതില്‍ നിരാശ കൊള്ളുന്നവരെയാണ് ബൂലോകത്ത് നേരത്തെ ഉദ്ധരിച്ചതടക്കമുള്ള പ്രതികരണങ്ങളിലൂടെ കാണാന്‍ കഴിയുന്നത്. അതായത്, കേരളത്തിന്റെ പുരോഗമന സ്വഭാവവും, ലോകത്തെവിടെ മനുഷ്യവിരുദ്ധമായ പ്രവൃത്തികള്‍ നടന്നാലും അതില്‍ കാലതാമസം കൂടാതെ പ്രതികരിക്കുന്ന രാഷ്ട്രീയ ജാഗ്രതയും കൈവെടിയണമെന്നാണ് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നത്.

ഇത്, ഒരു പക്ഷെ കൈവെട്ടിന്റെ പ്രത്യക്ഷമായ പ്രയോഗ-അര്‍ത്ഥ തലങ്ങളെക്കാളും ഭീകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന മനസ്സുകളെ പാകപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങളെ സൂക്ഷിക്കേണ്ടതുണ്ടെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഗുജറാത്തിലും ഒറീസ്സയിലും കര്‍ണാടകയിലും സംഭവിച്ചതു പോലെ, കേരളവും സാമുദായികമായി വെട്ടി മുറിക്കപ്പെടുമോ എന്നു പോലും ഭയക്കേണ്ടിയിരിക്കുന്നു. ഫാസിസ്റ്റുകള്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നല്ല പ്രാവീണ്യമുള്ളവരാണ്. അഥവാ അവരുടെ പ്രാവീണ്യം തെളിയിക്കാന്‍ ഉതകുന്ന വിധത്തില്‍ തയ്യാര്‍ ചെയ്തുകൊടുക്കുന്നതല്ലേ ഇത്തരം ഭീകര ആക്രമണങ്ങള്‍ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. സി ഐ എയുടെ ഗറില്ലാ പരിശീലനക്ളാസുകളില്‍ പഠിച്ചു പാസായ ബിന്‍ ലാദനാണ്; പിന്നീട് ഭീകരതക്കെതിരെ യുദ്ധം എന്ന, ലോകത്തെ മുള്‍ മുനയില്‍ നിര്‍ത്തിയ ബുഷിന്റെ പ്രയോഗത്തെ സാധൂകരിക്കുന്ന ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് എന്നത് അത്ര സങ്കീര്‍ണമല്ലാത്ത ഒരു ലളിത യാഥാര്‍ത്ഥ്യം മാത്രമാണ്.

കൈവെട്ട് പോലുള്ള ഭീകരാക്രമണങ്ങള്‍, പോപ്പുലര്‍ ഫ്രണ്ട് പ്രതിനിധാനം ചെയ്യുന്നതായി അവകാശപ്പെടുന്ന മുസ്ളിം സമുദായത്തെ മുഴുവനായി കുഴപ്പത്തില്‍ ചാടിക്കുകയാണ് പ്രാഥമികമായിത്തന്നെ ചെയ്യുന്നത്. മുഴുവന്‍ മുസ്ളിങ്ങളെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും പീഡനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വിധേയരാക്കുകയും വംശഹത്യകളിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുന്ന ഈ ഹീനപ്രവൃത്തിയുടെ മാനങ്ങള്‍ അവിടെയും നില്‍ക്കുന്നില്ല. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും പുരോഗമനവീക്ഷണത്തിലും വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്നവരെയും സമ്മര്‍ദ്ദത്തില്‍ പെടുത്തുകയും അപ്രസക്തരാക്കിത്തീര്‍ക്കുകയും ചെയ്യുന്ന മനുഷ്യത്വവിരുദ്ധ നടപടിയാണ് കൈവെട്ട് എന്ന് നാം തിരിച്ചറിയണം.

രാജ്യങ്ങള്‍ പരസ്പരം ചാരന്മാരെ നിയോഗിക്കുന്നതു പോലെ ഭരണകൂടവും ഫാസിസ്റ്റുകളും തങ്ങളുടെ എതിരാളികളുടെ ഇടയിലേക്ക് പ്രകോപന ഏജന്റുമാരെ പരിശീലനം ചെയ്ത് നിയോഗിക്കാറുണ്ടെന്ന സംഗതി പലപ്പോഴും പിന്നീട് വെളിപ്പെട്ടിട്ടുണ്ട്. ഏജന്റ് പ്രൊവോക്കേറ്റേഴ്സ് എന്നു വിളിക്കപ്പെടുന്ന ഇക്കൂട്ടര്‍, അവര്‍ നിയോഗിക്കപ്പെടുന്ന സമൂഹങ്ങള്‍ പൊതുജനമധ്യത്തില്‍ ഇകഴ്ത്തിക്കാട്ടപ്പെടുന്ന വിധത്തിലുള്ള പ്രവൃത്തികളാണ് ചെയ്യുക. അതിനാവശ്യമുള്ള പണവും സൈദ്ധാന്തിക പിന്‍ബലവും ആവശ്യാനുസരണം വിതരണം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍, ഈ പ്രകോപനങ്ങളെ അതിജീവിച്ചുകൊണ്ട്, കേരളത്തിലെ മുസ്ളിം സമുദായമൊന്നടങ്കവും പൊതു സമൂഹമപ്പാടെയും അക്രമികളെ തള്ളിപ്പറഞ്ഞു എന്നതു മാത്രമല്ല സവിശേഷത. അവരെ ചൂണ്ടിക്കാട്ടിക്കൊണ്ട്, ഒരു സമൂഹത്തെ വംശഹത്യ ചെയ്യാനുള്ള പ്രകോപനങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്തിരിക്കുന്നു. വരും നാളുകളിലും ഇത്തരം പ്രകോപനങ്ങളെ അതിജീവിക്കാനും സമാധാനത്തിന്റെ പതാക ഉയര്‍ത്തിപ്പിടിക്കാനും കേരളീയര്‍ക്ക് സാധിക്കുമെന്നു തന്നെ വിശ്വസിക്കുകയേ നിവൃത്തിയുള്ളൂ.

19 comments:

S.V.Ramanunni said...

ഏറ്റവും നല്ല ലിറ്റ്മസ് ‘വാക്ക്’ തന്നെ. എത്ര പെട്ടെന്നാ ആ‍ളുകളുടെ തരം തിരിയുന്നത്!

an-e-motion said...

ഈ ലേഖനത്തിന്റെ പ്രിന്റ്‌ കോപ്പി ഉണ്ടാകാത്തത് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു .കേരളത്തിന്റെ സാംസ്കാരിക -ഇടതു വായനകളെ ഒളിച്ച്ച്ചുകടത്തുന്ന സാംസ്കാരിക മുഖം മൂടി അണിഞ്ഞ പ്രൊ-ഇസ്ലാമിസ്റ്റുകള്‍
മലയാളത്തെ കടത്തികൊണ്ടു
പോകുന്നുണ്ട് !

Anonymous said...

ജി പി രാമചന്ദ്രന്‍ നടത്തുന്ന "സാംസ്കാരിക" പ്രവര്‍ത്തനങ്ങള്‍ പഴേ പോലെ ഫലിക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞു എന്നതില്‍ സന്തോഷം! ഗുജറാത്തും ഒറീസയും എന്ത് കൊണ്ട് സംഭവിച്ചു എന്നൊന്നും വിശദീകരിക്കാതെ, ഹിന്ദുക്കളിലെ സംഘടനകള്‍ ഇതര സമുദായങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, നിങ്ങളെ രക്ഷിക്കാന്‍ ഞങ്ങള്‍ ചില "സാംസ്കാരിക" പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് വരുത്തി, പൊതുവേ തീവ്രവികാരത്തിന് അടിമപ്പെടാവുന്ന ജനങ്ങളെ സമ്പൂര്‍ണ്ണ അടിമത്തത്തിലേക്ക് നയിക്കാന്‍ മാത്രം സഹായിക്കുന്ന ജി പി രാമചന്ദ്രന്‍, നിങ്ങളുടെ എഴുത്ത് വികാരം ഇല്ലാത്തവനെക്കൂടി അസത്യ പ്രചാരണത്തിലൂടെ തീവ്രവാദിയാക്കും എന്ന സവിശേഷത ഉണ്ട്.

മുസ്ലീം സുന്നി വിഭാഗത്തിന്റെ സിറാജില്‍ എഴുതാന്‍ ഈ ഗുണങ്ങള്‍ മതി, ആരും തിരിച്ചു ചോദിക്കില്ല,, എന്നാല്‍ ബ്ലോഗില്‍ ആ സൌജന്യം കിട്ടില്ല. സിറാജിന്റെ മാത്രം വായനക്കാര്‍ അല്ലല്ലോ ഇത് വായിക്കുന്നത്??

മനപ്പൂര്‍വം നടത്തുന്ന സാമൂഹികവിരുദ്ധ, യാഥാര്‍ത്യവിരുദ്ധ എഴുത്തുകള്‍ ചില ഉദ്ദേശങ്ങള്‍ കൊണ്ട് മാത്രമാണ്. അതിനെ ന്യായീകരിക്കാന്‍ ഈ പോസ്റ്റിന്റെ ഒഴുകഴാന്ന വിശദീകരണം കൊണ്ട് മാത്രം സാധിക്കില്ല!!

chithrakaran:ചിത്രകാരന്‍ said...

ഏജന്‍സി പണത്തിനായി സിറാജിലൊക്കെ
കോളമെഴുതി നടക്കുന്ന ഇസ്ലാമിസ്റ്റ് ബുജികളെക്കുറിച്ച്
കൂടുതല്‍ എന്തു പറയാന്‍ !!!
പ്രിന്റ് മീഡിയയില്‍ കാണിക്കുന്ന മാടമ്പിത്വവും,കാപട്യവും,മൂല്യബോധത്തിലുള്ള ചെറ്റത്തരവും ബൂലോകത്ത് ചിലവാകില്ല ജി.പി.രാമചന്ദ്രന്‍.
ഇതുതന്നെ ധാരാളം :) പുര കത്തുമ്പോള്‍ വാഴവെട്ടുന്ന ജി.പി.രാമചന്ദ്രന്‍

Joker said...

പറ്റുമെങ്കില്‍ മാത്യഭൂമിയിലോ ജന്മ ഭൂമിയിലോ‍ മാത്രം കോളമെഴുതുക.ബ്ലോഗില്‍ ലേഖനമിടുമ്പോള്‍ മുന്‍ കൂര്‍ അനുമതിയും ഒരു ദേശസ്നേഹ സര്‍ട്ടിഫിക്കറ്റും സംഘപരിവാര്‍ ബ്ലോഗ്ഗ് ആപ്പീസില്‍നിന്നോ, ചില പടം വരപ്പ് കാരില്‍ നിന്നോ മുന്‍ കൂര്‍ വാങ്ങി കൈയില്‍ വെക്കുക. അത് ബ്ലോഗ് പോഒസ്റ്റിന്റെ ആദ്യം പ്രദര്‍ശിപ്പിക്കുക. ഇതൊന്നും ചെയ്തില്ലെങ്കില്‍ പിന്നെ തെറി കമന്റുകളുമായി ചിലര്‍ പറന്നു വരും. ബ്ലോഗില്‍ ഉള്ള ഒരു വ്യത്യാസമാണിത്. തീവ്ര ഹൈന്ദവര്‍ കാളപ്പൂട്ട് നടത്തുന്ന ഈ ബൂലോഗത്ത് പിഴച്ചു പോകാന്‍ ഇച്ചിരി പാട്റ്റുണ്ട് എന്ന് ജി പി യും തിരിച്ചറ്രിയുന്നത് നന്ന്.

കുരുത്തം കെട്ടവന്‍ said...

പോപ്പുലര്‍ ഫ്രണ്ടുകാരന്‍ അധ്യാപകണ്റ്റെ കൈവെട്ടിയപ്പോള്‍ അത്‌ ഇസ്‌ലാമിക ശരീഅത്ത്‌, താലിബാന്‍ കോടതി.. മാങ്ങാതൊലി! അതേ നാട്ടില്‍ ആര്‍ എസ്‌ എസുകാരന്‍ സി പി എമ്മുകാരണ്റ്റെ കൈവെട്ടിയപ്പോള്‍ അത്‌ രാമണ്റ്റെ നിയമമല്ല! രാവണണ്റ്റെ കോടതി വിധിയും അല്ല!! ഹ ഹ. ഓരോരുത്തരുടെ സഹിഷ്ണുതയും മതേതരത്വവും ഈ രണ്ട്‌ സംഭവങ്ങളിലും വ്യക്ത്മായി കാണാം. എന്നിട്ട്‌ മുടി അഴിച്ചിട്ട്‌ ഉറഞ്ഞു തുള്ളുന്നു!! പറച്ചിലോ 'മനുഷ്യത്വത്തിനു'വേണ്ടി!! കാര്യങ്ങള്‍ വസ്തുതാപരമായി പറഞ്ഞിരിക്കുന്നു. 'കൊഞ്ഞനം' കുത്തലല്ലാതെ മറ്റൊരു മറുപടി പ്രതീക്ഷിക്കേണ്ട. ഈ അഭിനവ മതേതരുടെ പോഴത്തരങ്ങള്‍ എത്രെത്തോളം ഉണ്ടെന്നറിയാന്‍ അവര്‍, തികച്ചും നാസ്തികനായ കെ ഇ എനിനെ കുറിച്ച്‌ 'ഭരണി പാട്ട്‌' പാടുന്നത്‌ നോക്കിയാല്‍ മതി. മതമില്ല ദൈവമില്ല എന്ന് പറഞ്ഞ്‌ ജീവിതം തുടങ്ങുകയും തണ്റ്റെ ജീവിതത്തിലുടനീളം അതങ്ങിനെതന്നെയാണെന്ന് ജീവിച്ച്‌ കാണിക്കുകയും ചെയ്ത കെ ഇ എനിനെ ഈ പരിഷകള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ശൂറാ മെബ്ബറാക്കി!! സത്യത്തില്‍ 'മുഖം മൂടി' ഉള്ളത്‌ സംഘ്പരിവാറിനു 'വിടു വേല' ചെയ്യുന്ന ഇവറ്റകള്‍ക്കാണെന്ന് കാലം സാക്ഷി. ഇസ്‌ലാമിനെയും മുസ്ളീങ്ങളെയും എത്രെ വേണമെങ്കിലും വിമറ്‍ശിച്ചോ നാറ്റിച്ചോ, കൂലി എഴുത്തുകാരന്‍ എന്ന് വിളിക്കില്ല, മാത്രമല്ല 916 പരിശുദ്ദിയോട്‌ കൂടിയ 'പ്രശംസകള്‍' കമണ്റ്റ്‌ ബോക്സില്‍ കാണാം. അങ്ങിനെയാണു ഹമീദ്‌ ചേന്ദമംഗലൂരും ഇ എ ജബ്ബാറുമൊക്കെ ഇവിടെ 'ഹീറോ' ആകുന്നാത്‌. അങ്ങിനെ തന്നെയാണു കെ പി രാമനുണ്ണിയും ജി പി രാമചന്ദ്രനുമൊക്കെ ഇവിടേ 'വില്ലന്‍'മാരാകുന്നത്‌! നിങ്ങള്‍ ഇസ്‌ലാമിനെ തെറി പറയാന്‍ പടിക്കൂ അന്ന് നിങ്ങളെ 'ഞങ്ങള്‍' മതേതരര്‍ എന്ന് വിളൊച്ചോളാം. അല്ലാത്ത പക്ഷം നിങ്ങളെ 'ഞങ്ങള്‍' രാജ്യദ്രോഹി, കൂലി എഴുത്തുകാരന്‍ തുടങ്ങീ പദങ്ങള്‍കൊണ്ട്‌ 'അഭിഷേകം' ചെയ്യും. കാരണം കേരളം വളരുകയാണു സംഘ്പരിവാറിനു വളക്കൂറുള്ള മണ്ണായി. അതിനാദ്യം അവര്‍ക്ക്‌ വേണ്ടത്‌ നിഷ്പക്ഷരായ എഴുത്തുകാരെയും സാഹിത്യകാരന്‍മാരെയും 'കൂലി എഴുത്തുകാര്‍' എന്ന് വിളിച്ച്‌ എറിഞ്ഞുവീഴ്ത്തുകയാണൂ. അതവര്‍ ഹമീദിനെയും ജബ്ബാറിനെയും ഒക്കെ കൂട്ട്‌ പിടിച്ച്‌ ഭംഗിയായി തുടരുന്നു.

pakkaran said...
This comment has been removed by the author.
pakkaran said...

രാജ്യങ്ങള്‍ പരസ്പരം ചാരന്മാരെ നിയോഗിക്കുന്നതു പോലെ ഭരണകൂടവും ഫാസിസ്റ്റുകളും തങ്ങളുടെ എതിരാളികളുടെ ഇടയിലേക്ക് പ്രകോപന ഏജന്റുമാരെ പരിശീലനം ചെയ്ത് നിയോഗിക്കാറുണ്ടെന്ന സംഗതി പലപ്പോഴും പിന്നീട് വെളിപ്പെട്ടിട്ടുണ്ട്. ഏജന്റ് പ്രൊവോക്കേറ്റേഴ്സ് എന്നു വിളിക്കപ്പെടുന്ന ഇക്കൂട്ടര്‍, അവര്‍ നിയോഗിക്കപ്പെടുന്ന സമൂഹങ്ങള്‍ പൊതുജനമധ്യത്തില്‍ ഇകഴ്ത്തിക്കാട്ടപ്പെടുന്ന വിധത്തിലുള്ള പ്രവൃത്തികളാണ് ചെയ്യുക. അതിനാവശ്യമുള്ള പണവും സൈദ്ധാന്തിക പിന്‍ബലവും ആവശ്യാനുസരണം വിതരണം ചെയ്യപ്പെടുന്നുണ്ട്.


വെറുതെ പണി കളയണോ ...?

അക്‌ബറലി ചാരങ്കാവ്‌ said...

നിസ്സാഹയതയാണോ....അരക്ഷിതാവസ്ഥയാണോ എന്നറിയില്ല.....സിറാജില്‍ ലേഖനമെഴുതി. അതും രാജേട്ടനു തോന്നിയ സത്യം....കേള്‍ക്കുന്നുണ്ടല്ലോ....പലരുടെയും രോഷങ്ങള്‍....അവര്‍ ഇനിയും പ്രകടിപ്പിക്കും. കാരണം മാതൃഭൂമിയില്‍ മാത്രമല്ലേ....ഇവിടെ ലേഖനം എഴുതാന്‍ ചിലര്‍ സമ്മതിക്കുകയുള്ളൂ...അറിയാത്തതുകൊണ്ട്‌ ചോദിക്കുകയാണ്‌....ഇവിടെ മഅ്‌ദനിക്കും, മോഡിക്കും രണ്ടു നീതിയുണ്ടോ.....? ഒന്നു കൂടി സാക്ഷ്യപ്പെടുത്തട്ടേ.....അല്ലെങ്കില്‍ ഞാന്‍ ഭീകരവാദിയായിപോകുമോ....എന്ന ഭയം ഉണ്ട്‌....ഞാന്‍ മഅ്‌ദനിയുടെയോ....ജമാഅത്തിന്റെയോ ആളല്ല....ഇസ്‌്‌ലാം മതവിശ്വാസിയായ പിതാവിന്‌ പിറന്നു ......

paarppidam said...

ജി.പി ഇവിടെ പറഞ്ഞത് പലതും പണ്ടേ പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു. എല്ലാ ഇസ്ലാം വിശ്വാസികളും അക്രമകാരികളാണെന്ന് വരുത്തുവാൻ ഒരു വിഭാഗം ശ്രമിക്കുന്നു, മറുപക്ഷത്ത് ഇസ്ലാമിന്റെ പേരിൽ ഒരു ചെറുസംഘം കൊള്ളരുതായ്മകൾ ചെയ്യുന്നു. എന്നിട്ട് അവർ മതത്തിന്റെ പേരു പറഞ്ഞ് രക്ഷപ്പെടുവാൻ ശ്രമിക്കുന്നു. ഇവർ അക്രമം ഒപ്പിക്കും പിന്നെ നിയമം അതിനെതിരെ നടപടിക്ക് തിരിഞ്ഞാൽ ദേ ഞങ്ങളെ പിടിക്കാൻ വരുന്നേ ഇന്ന വിഭാഗത്തിൽ പെട്ടവർ ആയതുകൊണ്ടാണേ സമുദായത്തെ പീഠിപ്പിക്കണേ എന്ന് അവർ തെറ്റിദ്ധരണ പരത്തുന്നു. ഈ പറഞ്ഞ കൈവെട്ടു സംഭവത്തിലെ അവസാന സ്ഥിതി എന്താണെന്ന് ഒന്ന് നോക്കുക. ജി.പിയെപോലുള്ളവർ എഴുതുമ്പോൾ ഇത്തരം സംഗതി പൊളിച്ചു കാണിക്കുക കൂടെ ചെയ്താൽ എത്ര നന്നായി. കൈവെട്ടിനെ പറ്റി ഈ കമന്റ് ബഹളങ്ങൾ ഒക്കെ ഉണ്ടായതിനു ശേഷം മാത്രമാണ് ജി.പി കമാന്ന് മിണ്ടുന്നത്. ഇതു തന്നെ ആണ് താങ്കൾ പറയുന്ന തെറ്റിദ്ധാരണക്ക് ഇടനൽകുന്നതും. നിഷ്പക്ഷമായി ഭൂരിപക്ഷ വർഗ്ഗീയതയയേയും ന്യൂനപക്ഷ വർഗ്ഗീയതയേയും ഒരേ പോലെ എതിർക്കുകയും അതിന്റെ അപകടം തുറന്നു കാണിക്കുകയും ചെയ്യുക. ഇവിടെ പക്ഷെ പലപ്പോഴും താങ്കളും കെ.ഈ.എൻ കുഞ്ഞമ്മദും ഒക്കെ പരാജയപ്പെടുന്നു.

അല്ലാതെ ന്യൂനപക്ഷങ്ങൾ ദാ പീഠിപ്പിക്കപ്പെടുന്നേ/അവഹേളിക്കപ്പെടുന്നേ എന്ന് മനപൂർവ്വം സമർഥിക്കുവാൻ വേണ്ടി എന്തൊക്കെ ഗവേഷണങ്ങൾ ആണ് താങ്കൾ നടത്തുന്നതെന്ന് സ്വയം ചിന്തിക്കുക. ഇതിന്റെ ഭവിഷ്യത്തിനെ പറ്റിയും.

രാഷ്ടീയ സംഘർഷങ്ങൾ/സംഘട്ടനങ്ങളും വർഗ്ഗീയ സംഘർഷങ്ങളും/സംഘട്ടനങ്ങളും രണ്ടും രണ്ടാണ്. മരണം/ആക്രമണം ഒരുപോലെ ആണെങ്കിലും അതിന്റെ ഭവിഷ്യത്ത് അജഗജാന്തരം ഉണ്ട്. അത് മനസ്സിലാക്കുന്നവർക്ക് മനസ്സിലാക്കുവാൻ പറ്റും. വർഗ്ഗീയ സ്വത്വബോധം ഉണർന്നാൽ അത് സമൂഹത്തിൽ വലിയ വിള്ളലുകൾക്കും വെറുപ്പുകൾക്കും ആകും വഴിവെക്കുക.

കെ.ഈ.എൻ ഒക്കെ ഉയർത്തുന്ന സ്വത്വബോധ സിദ്ധന്തത്തെ എതിർക്കെണ്ടതും അതുകൊണ്ടുതന്നെ. തൊഴിലാളി-മുതലാളി എന്ന സ്വത്വത്തത്തിനപ്പുറം ഹിന്ദു-മുസ്ലീം-ക്രിസ്ത്യൻ എന്നൊക്കെ വിവിധ വിഭാഗമായുള്ള സ്വത്വബോധം ഉയർന്നാൽ ഉണ്ടാകുക വർഗ്ഗീയ വിഭജനമാണ്.

ഗുജറാത്തും, ഓറീസ്സയും ഒന്നും നമ്മുടെ നാട്ടിൽ ആവർത്തിക്കില്ലെന്ന് പ്രത്യാശിക്കാം. അതൊടൊപ്പം കേരളം കാശ്മീരാകാതെ ഇരിക്കണമെങ്കിൽ തുടക്കത്തിലെ വിഷവിത്തുകളെ ഒഴിവാക്കുവാനും ഒറ്റപ്പെടുത്തുവാനും ശ്രമിക്കണം. മതത്തിന്റെ മറവിൽ ഒളിക്കാൻ അവസരം നൽകരുത്.

പൊട്ടിത്തെറിക്കുന്ന ബോംബ് മതവും ജാതിയും ഉപജാതിയും നോക്കിയല്ല മനുഷ്യ ശരീരത്തെ ചിഹ്നഭിന്നമാക്കുക.ജാതിയും മതവും മനുഷ്യന്റെ വിശപ്പിനേയും വേദനയെയും ദുരിതത്തേയും വ്യത്യസ്ഥമാക്കുന്നുമില്ല.

enaran said...

സാമൂഹിക ഇടപെടലുകള്‍ എഴുത്തിലൂടെ നടത്തുന്ന ഒരു വ്യക്തിയുടെ പരാജയം എന്താണെന്ന് തീര്‍ച്ചറിയുവാന്‍ ജി.പി രാമചന്ദ്രന്റെ ബ്ലോഗ്ഗിലെ ലേഖനങ്ങളിലൂടെ ഒന്ന് കടന്നുപോയാല്‍ മതി.
തൊട്ടുമുന്നത്തെ പോസ്റ്റില്‍ പോലും സമൂഹം സ്തീത്വത്തെ പറ്റിയുള്ള വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ അടുത്ത കാലത്ത് അബ്ദുള്ളക്കുട്ടി വിഷയത്തില്‍ ഉണ്ടായ സ്തീവിരുദ്ധതയെ ബോധപൂര്‍വ്വം ഒഴിവാക്കിയിരിക്കുന്നു.ഇതുതന്നെ ആണ് അതിനു മുമ്പത്തെ പോസ്റ്റിലും മൊറ്റൊരു രീതിയില്‍ കാണുന്നത്. വര്‍ഗ്ഗീയതയെ പറ്റി പറയുമ്പോള്‍ ഒരിക്കലും ഇസ്ലാമിക വര്‍ഗ്ഗീയതതയെ പറ്റി സംസാരിക്കില്ല.

ജി.പിയുടെ കാഴ്ചപ്പാടിന്റെ വര്‍ഗ്ഗീയ വൈകൃതം തിരിച്ചറിയുവാന്‍ അദ്ദേഹത്തിന്റെ ബ്ലോഗ്ഗിലെ ഓരോ പോസ്റ്റും എടുത്ത് പരിശോധിച്ചാല്‍ മനസ്സിലാക്കാം.
അദ്ദേഹം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത് ന്യൂനപക്ഷങ്ങളെ പിന്തുണക്കുവാനല്ല മറിച്ച് “ദ്രോഹിക്കുവാന്‍” ആണെന്ന്
പെട്ടെന്ന് മനസ്സിലാകില്ലെങ്കിലും ഇരുത്തി ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാം. ഹൈന്ദവതയുമായി ബന്ധമുള്ള എല്ലാ സംഗതികളോടും അദ്ദേഹത്തിന്റെ പുഛം എല്ലാ പോസ്റ്റിലും നിറഞ്ഞുനില്‍ക്കുന്നുണ്ട്.

അധ്യാപാകന്റെ കൈവെട്ടിയ സംഭവത്തെ കേരള സമൂഹം ജാതി-മത-രാഷ്ടീയ-സാമൂഹിക വ്യതിയാനം ഇല്ലാതെ ഒരുമാതിരിപെട്ട ആളുകള്‍ ഒക്കെ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. നിവൃത്തികേടുകൊണ്ട് മൌദൂദിസത്തിന്റെ കുഴലൂത്തുകാര കൂട്ടത്തില്‍ കൂടിയിരുന്നു.ഇത് ലേഖകനും സമ്മതിക്കുന്നു ഇപ്രകാരം ഒരു സംഭവത്തെ സമൂഹത്തിന്റെ മുഴുവന്‍ വിഭാഗങ്ങളും അപലപിച്ചിട്ടും ജി.പി രാമചന്ദ്രന്‍ എന്ന എഴുത്തുകാരന്‍ യാതൊരു രീതിയിലും അനുകൂലിച്ചോ/പ്രതികൂലിച്ചോ എഴുതിയില്ല. മാത്രമല്ല ആ വിഷയം സജീവമായി
നില്‍ക്കുന്ന സമയത്ത് അദ്ദേഹം ഹൈന്ദവ ഭീകരതയെ പറ്റി എഴുതുവാന്‍ പോകുകയും ചെയ്തു. രാമചന്ദ്രന്റെ വ്യക്തിപരമായ സ്വാതന്ത്രം ആണത്. തീര്‍ച്ചയായും അദ്ദേഹത്തിനു അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്താനും.
കൈവെട്ടിനെ ന്യായീകരിച്ചെഴുതുവാനും അദ്ദേഹത്തിനു ആഗ്രഹം ഉണ്ടെങ്കില്‍ അതും ആകാം. ഇന്ത്യയെ പാക്കിസ്ഥാന്‍ ആക്രമിക്കുമ്പോള്‍ അതില്‍ ആഹ്ലാദം കൊള്ളുവാനും അണിചേരുവാനും ഭാവിയില്‍ കേരളത്തില്‍ നിന്നും കേഡറുകള്‍ ഉണ്ടാകാം.
ആയുധം കൊണ്ട് മാത്രമല്ല സാംസ്കാരികമായും ആക്രമണം ഉണ്ടാകുമല്ലോ?

തന്റെ പോസ്റ്റിനു കമന്റ് അനുവദിക്കുമ്പോള്‍ അതില്‍ എതിര്‍പ്പുകള്‍ കാണുന്നതില്‍ അലോസരം ഉണ്ടാകുന്നതിനെ അര്‍ഥം മനസ്സിലാകുന്നില്ല.
കാരണം ഒരു ചര്‍ച്ചയ്ക്ക് വെക്കുവാന്‍ വേണ്ടിയാണ് അദ്ദേഹം അതിനുള്ള ഓപ്ഷന്‍ വെച്ചിരിക്കുന്നത്. പ്രിന്റ് മീഡിയായില്‍ എഴുതുമ്പോള്‍ ഇത്തരം ചര്‍ച്ചക്ക് പല പരിമിതിയും ഉണ്ട്.കമന്റുകളിലെ പ്രയോഗം ഭൂലോകത്തിനു യോജിക്കുമെങ്കിലും എന്നതിലൂടെ ഉദ്ദേശിക്കുന്നത് കടുത്ത ഭാഷയിലെ വിമര്‍ശനം അല്ലെങ്കില്‍ ചീത്തവിളി ഭൂലോകത്തിന്റെ മാത്രം സംസ്കാരം എന്നാണൊ?
ലേഖകന്‍ മനസ്സിലാക്കേണ്ട ഒരു വസ്തുത ഭൂലോകത്തെ മുഴുവന്‍ ആളുകളും വര്‍ഗ്ഗീയവാദികളോ അലോസരമുളവാക്കുന്ന കമന്റുകള്‍ ഇടുന്നവരോ അല്ലെന്നാണ്.ജോക്കറേ പോലെയും,കുരുത്തം കെട്ടവനേയും പോലെ ഉള്ള ചില തീവ്ര വര്‍ഗ്ഗീയവാദികള്‍ ഇരുപക്ഷത്തും ഉണ്ടാകാം. അത്തരക്കാര്‍ ഈയ്യിടെ ആണ് രംഗം കയ്യടക്കിയത്.

ഈ മെയില്‍ ഐഡിയില്‍ ലോഗിന്‍ ചെയ്തു കമന്റിടുന്നവരെ ആയിരിക്കാം ഈ പ്രൊഫൈല്‍ ഇല്ലാത്തവരെന്ന് കരുതുന്നത്. ഇതില്‍ ജെയ്‌സണ്‍, കുരുത്തം കെട്ടവന്‍, വിവേക് തുടങ്ങി ചിലരെ ഒഴിവാക്കിയാല്‍ ഒരു വിധം ആളുകള്‍
കൃത്യമായി ബ്ലോഗ്ഗ് എഴുതുന്നവര്‍ ആണ്. ഇത് കൈവെട്ടിനെയോ മറ്റു ഇസ്ലാമിക ഭീകരതയേയോ വിമര്‍ശിച്ചായിരുന്നെങ്കില്‍ എത്രമാത്രം കമന്റുകള്‍ വന്ന് നിറയുമായിരുന്നു എന്ന് ജി.പി ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്നത് അദ്ദേഹത്തിന്റെ മനസ്സിന്റെ വിശാലതകുറവുകൊണ്ടാകാം.

ലേഖകന്‍ ചുമ്മാ പറയുന്ന രീതിയില്‍ കേരളത്തില്‍ ഒരു ധോഗ്ര സംഭവിക്കില്ല. കാരണം കേരളത്തില്‍ നിങ്ങളെ പോലുള്ളവര്‍ എഴുതിയും പറഞ്ഞും ഉണ്ടാക്കിയ പേപ്പര്‍ പുലി മാത്രമാണ് ഭൂരിപക്ഷ വര്‍ഗ്ഗീയത. മറിച്ച് ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ ശക്തിയും കരുത്തും എന്താണെന്ന് മാറാട് സംഭവവും ഈ കൈവെട്ടും വ്യക്തമാക്കുന്നു. അന്വേഷണം സംസ്ഥാന നേതൃത്വത്തിലേക്ക് വരെ എത്തി.

Kumar said...

U can b called "പ്രകോപനത്തിന്റെ ഏജന്‍സിപ്പണിക്കാര്‍"

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ ശ്രീ ജി.പി.രാമചന്ദ്രന്‍,
വൈകിയാണ്‌ താങ്കളുടെ ബ്ലോഗിലെത്തിയത്‌.ആനുകാലികങ്ങളില്‍ വരുന്ന താങ്കളുടെ ലേഖനങ്ങള്‍ വായിക്കാറുണ്ടായിരുന്നു.പലതിനോടും യോജിപ്പും വിയോജിപ്പും ഉണ്ട്‌്‌്‌.അതവിടെ നില്‍ക്കട്ടെ.
പാഠഭേദത്തില്‍ ഹര്‍ഷദ്‌ മന്ദറും ടോമിയുമായുള്ള കത്തുകുത്തുകള്‍ വായിച്ചപ്പോള്‍ ഞാന്‍ സംശയത്തിലായി.വാസ്‌തവത്തില്‍ പല വിഷയങ്ങളിലും മാധ്യമങ്ങള്‍ വല്ലാതെ വായനക്കാരെ സംശയത്തിലാക്കുന്നുണ്ട്‌്‌്‌.പോപ്പുലര്‍ ഫ്രണ്ടിനെ-നമ്മളറിഞ്ഞിടത്തോളം-ന്യായീകരിക്കാന്‍ കഴിയുന്നതെങ്ങനെയാണ്‌.?ഇറോം ശര്‍മ്മിളയെ അംഗീകരിക്കാം.നരേന്ദ്രമോഡിയെ വയ്യ.എ.കെ.ജിയെ അംഗീകരിക്കാം.പ്രകാശ്‌ കാരാട്ടിനെ കണ്ണടച്ചെടുക്കാന്‍ വയ്യ. ഇന്നത്തെ മഅദ്‌നിയുടെ നിസ്സഹായതകള്‍-മനുഷ്യത്വപരമായി,നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരെന്ന ബോധത്തില്‍-പരിഗണിക്കാം.പഴയ മഅദ്‌നിയുടെ പ്രകോപനങ്ങള്‍ സ്വീകരിക്കാന്‍ വയ്യ.ആര്‍.എസ്‌.എസും പോപ്പുലര്‍ഫ്രണ്ടും മതേതരവിരുദ്ധനീക്കങ്ങള്‍ പ്രചരിപ്പിക്കുന്നവരാണ്‌.വേഷത്തിലും ഭാഷയിലും.ഇതാണ്‌ എന്റെ നിലപാടുകള്‍.
മതേതരത്വമാണ്‌ പുലരേണ്ടത്‌്‌.വര്‍ഗ്ഗീയചിന്തകളല്ല.

chithrakaran:ചിത്രകാരന്‍ said...

ജി.പി.രാമചന്ദ്രന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്...
വാക്കുകള്‍ കൊണ്ടുള്ള ലിറ്റ്മസ്സ് ടെസ്റ്റ് സാങ്കേതിക വിദ്യ
തന്റെ കമന്റിലൂടെ അവതരിപ്പിച്ച എസ്.വി.രാമനുണ്ണി
തന്റെ ബ്ലോഗില്‍ ദുഷ്ടനായ ഈ ചിത്രകാരന്‍ എഴുതിയ ഒരു കമന്റിന്റെ
ലിറ്റ്മസ്സ് റ്റെസ്റ്റ് റിസല്‍റ്റ് പുറത്തുവിടാനാകാതെ, തന്റെ
ലാബിന്റെ കമന്റു ബോക്സുതന്നെ പൂട്ടി സ്ഥലം വിട്ടതായി കാണുന്നു. ഛേ ഛേ ഛേ.... ലജ്ജാവതിയെ...:)

രാമനുണ്ണിയുടെ കാട്ടു കോഴിക്കെന്തു ചങ്കരാന്തി പോസ്റ്റിനുള്ള ചിത്രകാരന്റെ കമന്റ് ലിറ്റ്മസ്സ് ടേസ്റ്റ് ചെയ്യപ്പെടാത്തതിലുള്ള വൈക്ലബ്യത്തോടെ
കമന്റു ഭരണിയില്‍ സൂക്ഷിക്കേണ്ടിവന്നിരിക്കുന്നു.

മൌദൂതികള്‍ക്ക് എസ്.വി.രാമനുണ്ണിയുടെ കര്‍ക്കടക കഞ്ഞി !!!

നിസ്സഹായന്‍ said...

മനുഷ്യത്വമുള്ളവരെ മുഴുവന്‍ നടുക്കിയ കൈവെട്ടു സംഭവത്തെക്കുറിച്ച് ധാരാളം പോസ്റ്റുകള്‍ വന്നു. കേരളീയരെ ഈ വിഷയം അഗാധമായി നടുക്കിയതു കൊണ്ട് ബൂലോകത്തും ഇതൊരു സുപ്രധാന സംഭവമായി മാറി. ഈയുള്ളവനും അത്തരം പോസ്റ്റുകളില്‍ എന്റേതായ അഭിപ്രായങ്ങളും പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. മുസ്ലീം തീവ്രവാദത്തെക്കുറിച്ചുള്ള ധാരണ എത്ര വ്യത്യസ്തവും വൈരുദ്ധ്യവുമുള്ളതായിരുന്നാല്‍ തന്നെയും ആ പ്രതിഭാസത്തെക്കുറിച്ച് കൈവെട്ടിയ നാള്‍ മുതല്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിലാണ് അദൃശ്യമായിരിക്കുന്നതോ ഇല്ലെന്നു തോന്നിക്കുന്നതോ ആയ ഹിന്ദുഭീകരതയുടെ കര്‍തൃത്വം വ്യക്തമാക്കുന്ന, ഇതുവരെ പൊതുബോധത്തിന്റെ ശ്രദ്ധയില്‍ ഇടംപിടിക്കാത്ത അതിന്റെ ഭാഗധേയത്വം ബോധ്യപ്പെടുത്തുന്ന 'സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍' എന്ന പോസ്റ്റ്, ഇടതുപക്ഷക്കാര്‍ തന്ത്രപരമായി നിശബ്ദത പാലിക്കുമ്പോള്‍ ഇടതുപക്ഷ വക്താവായ ജി.പി. പ്രസിദ്ധീകരിച്ചത്. എന്നാല്‍ സാമാന്യ മര്യാദയില്ലാതെ, ഹിന്ദു ഭീകരതയെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഈ പോസ്റ്റില്‍ വന്ന് അതിലൊരു കമന്റ് (രണ്ടാമത്തെ) വീശി,.....തുടര്‍ന്ന് വായിക്കുക

കുരുത്തം കെട്ടവന്‍ said...

വ്യത്യസ്ഥ അന്വേഷണ കമ്മീഷനുകള്‍ വിവിധ കലാപങ്ങളില്‍ കുറ്റക്കാര്‍ എന്നും ക്രിമിനലുകള്‍ എന്നും കണ്ടെത്തിയ പ്രമോദ്‌ മുത്തലിഖ്‌, എല്‍ കെ അദ്വാനി, തൊഗാഡിയ, ബാല്‍ താക്കറെ തുടങ്ങിയവരെ ഒരു ദിവസമെങ്കിലും തടങ്കലിലിടാന്‍; നിരന്തരമായി മഅദനിക്കെതിരില്‍ കൊഞ്ഞനം കുത്തുന്ന നിയമത്തിനോ പോലീസിനോ ആര്‍ജവമുണ്ടോ?!!

ആയിരത്തിയൊന്നാംരാവ് said...

ബ്ലോഗിലെ നപുംസകങ്ങളെ തൂത്തെറിയുക ജി.പി

jaison said...

ജെയ്സന്റെ കമന്റുകൊണ്ടാണേലും ജി.പി എൻ.ഡി.എഫിനെയും കൈവെട്ടിനേയും പറ്റി കമാന്ന് ഒന്ന് ഉരിയാടിയല്ലോ? സന്തോഷമായി. ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്റ്യൂഷൻസിനെയും, ഹിന്ദുക്കളേയും, ക‌മ്യൂണിസത്തെ വിമർശിക്കുന്നവരേയും മാത്രം തെറിവിളിക്കുവാനും വിമർശിക്കുവാനും കടതുറന്നിരിക്കുന്നവർ അത് മേലെ എഴുതിവച്ചാൽ മതി. ചിത്രകാരനും ജോക്കറും ഈ-നരനും ഒക്കെ അവരവരുടെ ബ്ലോഗ്ഗിൽ ഇന്നതാണ് സംഗതീന്നും ഇന്നോരൊക്കെ വായിക്കണ്ടാന്നും ആദ്യം തന്നെ പറഞ്ഞിരിക്കുന്നു. അതവരുടെ മാന്യത. അല്ലാതെ മതേതര-മാർക്കിസ്റ്റ് കുപ്പായം ഇട്ട് കൈവെട്ടുകാർക്കും മറ്റു പലർക്കും വളഞ്ഞവഴി സ്തുതിപാടിയിരിക്കുന്ന കുറച്ച് ആൾക്കാരുടെ കമന്റും വച്ച് ബ്ലോഗ്ഗും തുറന്ന് ഇരുന്നാൽ ചിലപ്പോൾ ആരെങ്കിലും ഒക്കെ ചിലതു ചൂണ്ടിക്കാട്ടും. വിമർശനങ്ങളോട് വിയോജിപ്പുണ്ടേൽ ഇത്തരം സംഗതികൾ ബ്ലോഗ്ഗിൽ എഴുതാതിരിക്കാ‍ലോ? നിങ്ങൾ തന്നെ പറയുന്ന പോലെ പത്രത്തിന്റെ സംസ്കാരം അല്ല ബ്ലോഗ്ഗിൽ. അതുകൊണ്ട് വിമർശന ഭയം/വിരോധം ഉണ്ടെങ്കിൽ മാധ്യമം, സിറാജ്, തേജസ്, ദേശാഭിമാനി,യുവധാര തുടങ്ങി ഇടതു ഗ്രൂപ്പിലെ പത്രങ്ങൾ അടക്കം ഉള്ള പല പ്രസിദ്ധീകരണങ്ങളിൽ യഥേഷ്ടം എഴുതാം. അപ്പോൾ ആരും ഇത്തരം ചർച്ചക്ക് നിൽക്കില്ലല്ലോ?

chithrakaran:ചിത്രകാരന്‍ said...

ഇസ്ലാമിസ്റ്റ് ബുജികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണ്. റംസാന്‍ മാസം കഴിയുബോഴേക്കും ഇസ്ലാമിസ്റ്റുകള്‍ ബൂലോകം ഇഫ്ത്താര്‍ വിരുന്നുകള്‍കൊണ്ട് കീഴടക്കുമെന്നും ... കാലാവസ്ഥ പ്രവചന കേന്ദ്രങ്ങളുടെ റിപ്പോര്‍ട്ടുണ്ടാകാന്‍ സാധ്യതയുണ്ട് :) കെ.പി.രാമനുണ്ണിമാര്‍ക്കും, ജി.പി.രാമചന്ദ്രന്മാര്‍ക്കും,എസ്.വി.രാമനുണ്ണിമാര്‍ക്കും,രാജീവ് ശങ്കരന്മാര്‍ക്കും,ചാര്‍വാക, നിസ്സഹായ,സത്യാന്വേഷികള്‍ക്കും,വാണീദാസ് എളയാവൂരിനെപ്പോലുള്ള മഹാസാഹിത്യകാരന്മാര്‍ക്കും ശേഷം കാരിരുമ്പുപോലെ കരുത്തുറ്റ പ്രത്യയശാസ്ത്രത്തിന്റെ ബൂലോക നിറ സാന്നിദ്ധ്യമായ
ശ്രീ.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി അവര്‍കളും ഇസ്ലാമിസ്റ്റ് ആകാശത്തിന്റെ നെടും തൂണാകാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഇത്രയും വലിയൊരു ഭൂരിപക്ഷ ശക്തിക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ആറ്റുകാല്‍ ഭഗവതിയേ..., പഴവങ്ങാടി ഗണപതിയെ.., യുക്തിവാദി ദൈവങ്ങളെ..., നിരീശ്വര ഋഷീശ്വരന്മാരെ.... ഈ ചിത്രകാരനു ശക്തി നല്‍കു !!!
ഇസ്ലാമിസ്റ്റ് ഹൈന്ദവ (അ./സ.)ബുജികള്‍ക്കായി ചിത്രകാരന്‍ തയ്യാറാക്കിയ ഛര്‍ദ്ദ്യാതിസാര നിയന്ത്രണത്തിനായുള്ള അലോപ്പതി മരുന്ന് : വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ?