Saturday, September 4, 2010

തൂലികയിലൊളിപ്പിച്ച ബുദ്ധിയും ആസക്തിയും

I never talk about Sartre, but he was still my starting point - Eric Rohmer

വിശ്വ സൌന്ദര്യം എന്ന അടിസ്ഥാന വിഷയത്തെ സിനിമയില്‍ പരിചരിക്കേണ്ടി വരുമ്പോള്‍ ചലച്ചിത്രകലയെക്കുറിച്ചുള്ള തന്റെ അഗാധമായ പരിജ്ഞാനം മറന്നുകളയുകയാണ് എറിക് റോമര്‍ ചെയ്തിരുന്നതെന്നാണ് 2010ലെ സീസര്‍ പുരസ്കാര വേളയില്‍ അദ്ദേഹത്തിനുള്ള ചരമോപചാരം അര്‍പ്പിച്ചുകൊണ്ട് തിരക്കഥാരചയിതാവായ ഴാക് ഫീഷി വ്യാഖ്യാനിച്ചത്. ഇത്തരത്തില്‍ പ്രകടവും അതേ സമയം അജ്ഞേയവുമായ ദ്വൈതഭാവങ്ങളാണ് ഫ്രഞ്ച് ന്യൂവേവിനെ അമ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും അചഞ്ചലമായ ഒരു പ്രയോഗ/വിശ്വാസ രീതിയായി നെഞ്ചില്‍ സ്വീകരിച്ചു കൊണ്ടു നടന്ന റോമറുടെ ശൈലിയെ സവിശേഷമാക്കുന്നത്. 2010 ജനുവരി 11നാണ് എണ്‍പത്തിയൊമ്പതാമത്തെ വയസ്സില്‍ അദ്ദേഹം മരണമടയുന്നത്. ഫെബ്രുവരി 8ന് പാരീസിലെ പ്രസിദ്ധ ചലച്ചിത്ര മ്യൂസിയമായ സിനിമാത്തെക്ക് ഫ്രാങ്കെയ്സില്‍ അദ്ദേഹത്തിനുള്ള ചരമോപചാരം നടന്നു. അദ്ദേഹത്തിന്റെ ക്ളെയര്‍സ് നീ എന്ന ഫീച്ചറിനൊപ്പം റോമറെക്കുറിച്ച് ഗൊദാര്‍ദ് നിര്‍മിച്ച ഓര്‍മ്മച്ചിത്രവും പ്രദര്‍ശിപ്പിച്ചു. ഗൊദാര്‍ദ് ഏറ്റവുമവസാനം പൂര്‍ത്തിയാക്കിയ സിനിമയുമാണിത്.

സ്വന്തം ആസക്തികളോട് നീതി പുലര്‍ത്താന്‍ സാധ്യമാവാതെ വരുന്നവരും അതേ സമയം തുറന്നതും വ്യക്തവുമായ നയസമീപനങ്ങളുള്ളവരുമായ ബുദ്ധിമാന്മാരായ നായകരാണ് അദ്ദേഹത്തിന്റെ സിനിമകളിലുള്ളത്. ഈ വൈരുദ്ധ്യം റോമറുടെ തന്നെ വ്യക്തിത്വത്തെ ചൂഴ്ന്നു നില്‍ക്കുന്ന ഒന്നാണെന്നതാണ് വാസ്തവം. ലോക പ്രശസ്തനായ ഒരു ചലച്ചിത്രകാരനും തിരക്കഥാ രചയിതാവും വിമര്‍ശകനും നോവലിസ്റും അധ്യാപകനുമായിരുന്ന എറിക് റോമര്‍ അത്തരത്തിലുള്ള ഒരു മഹദ് വ്യക്തിത്വമാണെന്ന വിവരം സ്വന്തം അമ്മയില്‍ നിന്നു പോലും (ഭാര്യയില്‍ നിന്നും?) അദ്ദേഹത്തിന് ഏറെക്കാലം മറച്ചു വെക്കാനായി. പല തൂലികാ നാമങ്ങള്‍ക്കുള്ളില്‍ ഒളിച്ചു താമസിക്കുകയായിരുന്നു അദ്ദേഹം. മോറിസ് ഹെന്റി ജോസഫ് ഷെറര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. പ്രസിദ്ധ അഭിനേതാവും സംവിധായകനുമായ എറിക് വോണ്‍ സ്ട്രോം, ഫു മാഞ്ഞു സീരീസിന്റെ രചയിതാവായ സാക്സ് റോമര്‍ എന്നിവരുടെ പേരുകളുടെ പകുതികള്‍ ചേര്‍ത്ത് തന്റെ തൂലികാനാമം രൂപീകരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് തൂലികാ നാമങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. 1950ല്‍ ഗൊദാര്‍ദിനും ഴാക് റിവെക്കുമൊപ്പം ല ഗസെറ്റെ ദു സിനിമ എന്ന പ്രസിദ്ധീകരണത്തിനു തുടക്കമിട്ട റോമര്‍ പിന്നീട് ഏറെക്കാലം കഹേ ദു സിനിമയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. കേവലം വിനോദസിനിമ മാത്രമായി കണക്കു കൂട്ടി മാറ്റി നിര്‍ത്തപ്പെട്ടിരുന്ന ഹോളിവുഡിലെ ഹൊറര്‍-സസ്പെന്‍സ്-ത്രില്ലര്‍ മാസ്റ്റര്‍ ആല്‍ഫ്രഡ് ഹിച്ച്കോക്കിന്റെ സിനിമകളെ സംബന്ധിച്ച് ക്ളോദ് ഷാബ്രോളിനൊപ്പം ചേര്‍ന്ന് റോമറെഴുതിയ പഠനം ഹിച്ച്കോക്ക് സിനിമയെക്കുറിച്ചു മാത്രമല്ല, സിനിമ എന്ന കലാരൂപത്തെ സംബന്ധിച്ചും ചലച്ചിത്രവിമര്‍ശനം എന്ന പഠന ശാഖയെ സംബന്ധിച്ചും മുമ്പുണ്ടായിരുന്ന ധാരണകളെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു.


നിരൂപകരുടെ ചലച്ചിത്രപരീക്ഷണങ്ങള്‍ കൂടിയായ ഫ്രഞ്ച് ന്യൂവേവിനെ ചിരസ്ഥായിയാക്കുന്നതില്‍ അദ്ദേഹം പിന്നീടുള്ള മുഴുവന്‍ ദശകങ്ങളിലും തളരാതെ നിലനിന്നു. ധൂര്‍ത്തില്ലാത്ത തരത്തില്‍ ക്യാമറ ഉപയോഗിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ റൊമാന്റിക് കോമഡികള്‍, അവയുടെ വിരോധാഭാസ യുക്തികള്‍ കൊണ്ടും യുവതയോടുള്ള ആഭിമുഖ്യം കൊണ്ടും സ്ഥലകാലങ്ങളോടുള്ള ഭ്രമം കൊണ്ടും നൂതനമായ ചാരുതകള്‍ സൃഷ്ടിച്ചു. ഫ്രഞ്ച് ന്യൂവേവിനെ പ്രസക്തമാക്കിയ ഗൊദാര്‍ദും ത്രൂഫോയും ഷാബ്രോളും അടക്കമുള്ള പ്രസിദ്ധരെ പ്പോലെ സാഹസിക-വിപ്ളവ ശൈലിയായിരുന്നില്ല റോമര്‍ അവലംബിച്ചത്. ആദ്യ ഘട്ടത്തിനു ശേഷം അദ്ദേഹം സംവിധാനം ചെയ്ത ആറു സദാചാര കഥകള്‍ (സിക്സ് മോറല്‍ ടേല്‍സ്-കോണ്ടസ് മൊറാസ്-1963-1972) അങ്ങേയറ്റം വൈയക്തികവും മനശ്ശാസ്ത്രപരവുമായ അപഗ്രഥനങ്ങളിലൂടെ സമകാലിക മനുഷ്യബന്ധങ്ങളിലെ വ്യാമോഹം എന്ന ഘടകത്തെ തുറന്നു കാട്ടി. ഈ സീരീസിലെ മൂന്നാമത്തെ ചിത്രവും ആദ്യ വര്‍ണ ചിത്രവുമായ ല കളെക്ഷന്യൂസ്(ശേഖരണക്കാരന്‍-1966) ബെര്‍ലിന്‍ മേളയില്‍ സില്‍വര്‍ ബിയര്‍ നേടി.

1981നും 1987നും ഇടയില്‍ പൂര്‍ത്തിയാക്കിയ പ്രഹസനങ്ങളും പഴമൊഴികളും(കോമഡീസ് ആന്റ് പ്രൊവെര്‍ബ്സ്) അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ മറ്റൊരു സീരീസാണ്. ഇതിലുള്‍പ്പെട്ട കടല്‍ത്തീരത്ത് പോളിന്‍ (പോളിന്‍ അ ല പ്ളേഗേ-1983) വീണ്ടും ബെര്‍ലിനില്‍ സില്‍വര്‍ ബിയര്‍ നേടിക്കൊടുത്തു. അതിനു തൊട്ടു പിന്നാലെയെടുത്ത പാരീസിലെ പൌര്‍ണമി(ലെ ന്യൂട്ട്സ് ദെ ല പ്ളെയിന്‍ ല്യൂണ-1984) വെനീസില്‍ ഗോള്‍ഡന്‍ ലയണ്‍ നേടിയിട്ടും തിയറ്റര്‍ സര്‍ക്യൂട്ടില്‍ വിതരണം ചെയ്യാതെ ഫ്രഞ്ച് പേ ടെലിവിഷനില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച് റോമര്‍ യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചു. മാറ്റങ്ങളെ ആകാശവേഗത്തില്‍ പിടിച്ചെടുക്കുന്നതാണ് നവതരംഗം എന്ന് അക്ഷരാര്‍ത്ഥത്തില്‍ തെളിയിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിന്റെ മാധ്യമം ടെലിവിഷനും വീഡിയോയും ആണെന്ന് മനസ്സിലാക്കാന്‍ 1964ല്‍ ഫ്രഞ്ച് ടെലിവിഷനില്‍ അദ്ദേഹം സ്വീകരിച്ച ജോലി തന്നെ ധാരാളമായിരുന്നു. അക്കാലത്ത്, ലൂമിയറെയും ഡ്രെയറെയും സംബന്ധിച്ചുള്ളതടക്കം നിരവധി പ്രൊഫൈലുകളും ഡോക്കുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. മൂന്നാമതായി നാലു കാലങ്ങളുടെ കഥകള്‍(കോണ്‍ട്രേ ദെസ് ക്വാര്‍ട്ടെ സൈസണ്‍സ്-1990-1998) എന്ന ഒരു സീരീസ് കൂടി അദ്ദേഹം സംവിധാനം ചെയ്തു.

സീരീസ് സിനിമകള്‍ക്കു പുറമെ നിരവധി ഫീച്ചറുകളും ഡോക്കുമെന്ററികളും സംവിധാനം ചെയ്ത അദ്ദേഹം നോവലുകളും കഥകളും എഴുതിയിട്ടുണ്ട്. മറ്റ് ന്യൂവേവുകാരില്‍ നിന്ന് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നത് നോവലിസ്റ്റിന്റെ ശൈലിയാണെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സിനിമക്കുള്ളില്‍ കുടുങ്ങിപ്പോയ ഒരു നോവലിസ്റ്റാണ് എറിക് റോമര്‍ എന്നും പറയാവുന്നതാണ്. ഫ്രഞ്ച് മധ്യവര്‍ഗ ബൂര്‍ഷ്വാ ജീവിതത്തിന്റെ സദാചാര സന്ദിഗ്ദ്ധതകളും സ്ത്രീ പുരുഷ ബന്ധത്തിന്റെ ധാര്‍മിക യുക്തി/അയുക്തി എന്ന വൈരുദ്ധ്യവുമാണ് അദ്ദേഹത്തെ എല്ലായ്പോഴും പ്രചോദിപ്പിച്ചു പോന്നത്.

3 comments:

ആയിരത്തിയൊന്നാംരാവ് said...

:-)

ചാർ‌വാകൻ‌ said...

:tracking.

paarppidam said...

തിരക്കിലാണ് വിശദമായ വായന നടന്നില്ല. എങ്കിലും ലേഖനത്തിനു നന്ദി.