Friday, March 18, 2011
ചീത്ത പെണ്ണുങ്ങള്‍
ക്ളോദ് ഷാബ്രോള്‍ സംവിധാനം ചെയ്ത ലെസ് ബിച്ചെസ്(പെണ്‍മാനുകള്‍ അഥവാ പെണ്ണുങ്ങള്‍ അഥവാ ചീത്ത പെണ്ണുങ്ങള്‍/ഫ്രാന്‍സ്-1968) സാംസ്ക്കാരിക രാഷ്ട്രീയത്തെ തികച്ചും വ്യത്യസ്തമായ തലത്തിലാണ് പരിചരിക്കുന്നത്. 1960കളിലെ യൂറോപ്പിനെ പിടിച്ചുകുലുക്കിയ സാംസ്ക്കാരിക വിപ്ളവത്താല്‍ ബാധിക്കപ്പെട്ടവരല്ല ഈ സിനിമയിലെ കഥാപാത്രങ്ങള്‍. അവര്‍ ലൈംഗിക സദാചാര പരിണാമത്തിന്റെ ഇരകളാണെന്ന് വേണമെങ്കില്‍ പറയാം. അങ്ങിനെ പരിണമിക്കുന്ന ലൈംഗിക സദാചാരത്തില്‍ സ്ത്രീ ഏതു സ്ഥാനത്താണുള്ളത്? പുരുഷന്‍ എത്തരക്കാരനായിരിക്കും? എന്നീ അടിസ്ഥാന പ്രഹേളികകളെയാണ് ഷാബ്രോള്‍ അഭിമുഖീകരിക്കുന്നത്. പെണ്‍ കഥാപാത്രങ്ങള്‍ പെട്ടെന്ന് ഉടഞ്ഞുപോകുന്നവരാണെന്ന് തോന്നിപ്പിക്കുന്നു. ആണാകട്ടെ വേട്ടക്കാരന്റേതുപോലെ ഇരയെ തേടിയിറങ്ങിയിരിക്കുകയാണ്. രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്ന് രൂപപ്പെടുന്ന പ്രണയ/ലൈംഗിക ത്രികോണം(അഥവാ വൃത്തം), ആസക്തിയും ചിത്തഭ്രമവും അനിവാര്യമായ ദുരന്തവും കൊണ്ട് കൂടിക്കുഴയുന്നു. ലൈംഗികത എന്ന പ്രാഥമികമായ ജൈവ പ്രതിഭാസത്തെ പ്രണയം എന്ന ഉദാത്തമായ വികാര-സങ്കല്‍പ-നിര്‍വഹണമാക്കി വളര്‍ത്താനുള്ള മനുഷ്യരുടെ പ്രേരണകള്‍ നേരിടുന്ന പ്രതിസന്ധികളാണ് മനോഹരമായ ചായത്തില്‍ കലക്കി ഷാബ്രോള്‍ ആവിഷ്ക്കരിക്കുന്നത്. ലെസ് ബിച്ചെസ് പിന്തുടരുന്നത് ഒരു പ്രത്യേക ശൈലിയേയാണ്, ആ ശൈലിയിലൂടെ തന്നെ അത് വിജയം കാണുന്നു എന്നതാണ് വിസ്മയകരമായ കാര്യം. കഥയിലോ അത് എപ്രകാരം പറയുന്നു എന്ന കാര്യത്തിലോ ഷാബ്രോള്‍ അത്ര വേവലാതിപ്പെടുന്നില്ല. തിളക്കമാര്‍ന്നതും അതേ സമയം കണ്ണിന് ആകര്‍ഷകവുമായ നിറങ്ങളുടെ പശ്ചാത്തലത്തില്‍ വിഭാവനം ചെയ്യപ്പെട്ടതും ചിത്രീകരിച്ചതുമായ ഈ സിനിമ അപൂര്‍വ്വമായ അനുഭവങ്ങളിലൊന്നാണ്.
ലൈംഗികത മുഖ്യ പ്രമേയമാണെങ്കിലും കാണികളുടെ ആസക്തികളെ മുതലെടുക്കാനുള്ള ശ്രമമായി ഒരു തരത്തിലും മാറാത്ത വിധത്തില്‍ ഗംഭീരമായ അവതരണമാണ് ലെസ് ബിച്ചെസിനുള്ളത്. കഥാപാത്രങ്ങളുടെ മനോഭാവങ്ങളാലാണ് നാം വശീകരിക്കപ്പെടുന്നത്. വ്യത്യസ്തരായ മൂന്നു പ്രധാന കഥാപാത്രങ്ങള്‍ക്കും ഒരു കാര്യത്തില്‍ സമാനതയുണ്ട്. അവരെല്ലാം അവരവരുടെ ഉള്‍നിലകളോട് അമിതമായി വിധേയപ്പെട്ടിരിക്കുന്നവരാണ്. തങ്ങളുടെ തന്നെ മനസ്സുകളാലും വിചാരങ്ങളാലും ആന്തരിക വികാരങ്ങളാലും വശീകരിക്കപ്പെട്ടവരാണവര്‍. ശാരീരികമെന്നതിനേക്കാള്‍ മാനസികമായ ചലനങ്ങളാണ് അവരെ നിര്‍ണയിക്കുന്നതും നിയന്ത്രിക്കുന്നതുമെന്നും കരുതാവുന്നതാണ്.
പാരീസ് നഗരത്തിലും സെന്റ് ട്രോപ്പെസിലുമായാണ് കഥ നടക്കുന്നത്. കുലീനയായ ധനിക യുവതി ഫ്രെഡെറിക്ക് തെരുവില്‍ ചിത്രം വരക്കുന്ന വൈയില്‍ ആകൃഷ്ടയാകുന്നു. അഞ്ഞൂറു ഫ്രാങ്കിന്റെ ഒരു കറന്‍സി നോട്ട് അവള്‍ക്ക് മുമ്പിലേക്കിട്ട് കൊടുത്താണ് ഫ്രെഡെറിക്ക് വൈയിനെ ഏറ്റെടുക്കുന്നത്. അവര്‍ തമ്മിലുടലെടുക്കുന്ന ലെസ്ബിയന്‍ ബന്ധം സാക്ഷാത്ക്കരിക്കാനായി അവര്‍ സെന്റ് ട്രോപ്പെസിലുള്ള വില്ലയിലേക്ക് പോകുന്നു.
കോമാളികളായ ഏതാനും വേലക്കാരാണ് അവിടെയുള്ളത്. ലെസ്ബിയനിസത്തിലേക്ക് സാമ്പത്തിക സുരക്ഷിതത്വം/കുടുംബം/സ്വകാര്യസ്വത്ത്/വര്‍ഗഘടന എന്ന അടിസ്ഥാന ഘടകത്തെ ഘടിപ്പിക്കാനുള്ള ഷാബ്രോളിയന്‍ ദാര്‍ശനിക തന്ത്രമായും ഇതിനെ കാണാവുന്നതാണ്. എന്നാല്‍, ആര്‍ക്കിടെക്റ്റായ പോള്‍ അവിടെയെത്തുന്നതോടെ ബന്ധങ്ങളും സൌഹൃദങ്ങളും കൂടുതല്‍ സങ്കീര്‍ണമാകുന്നു. വൈയാണ് ആദ്യം അയാളെ വശീകരിക്കുന്നതെങ്കില്‍ പുറകെ ഫ്രെഡെറിക്കും അയാളെ പിടികൂടുന്നു. ത്രികോണ രൂപത്തിലോ വര്‍ത്തുളാകൃതിയിലോ ഉള്ള ഒരു പ്രണയ വനമായി അവര്‍ മാറുന്നു. ചിലര്‍ വിജയിക്കും, ചിലര്‍ പരാജയപ്പെടും അതാണ് ജീവിതം എന്നാണ് ചീട്ടുകളിക്കിടയിലുണ്ടായ വിജയത്തിനിടെ ഫ്രെഡെറിക്ക് പറയുന്നത്. അതാണ് ഈ സിനിമയുടെ മോട്ടിഫ്. കാണികളെ വിഭ്രമിപ്പിച്ചുകൊണ്ട് വിജയത്തിനും പരാജയത്തിനും മുകളില്‍ കരിമ്പടപ്പുതപ്പു വിരിക്കുകയാണ് ഷാബ്രോള്‍ ചെയ്യുന്നത്. ഷാബ്രോളിന്റെ മാതൃകാ ചലച്ചിത്രകാരനായ ഹിച്ച്കോക്കിന്റെ വെര്‍ട്ടിഗോയിലുള്ളതു പോലെ, ഒരു സ്ത്രീ മറ്റൊരു സ്ത്രൈണാത്മാവിലേക്ക് പരകായപ്രവേശം നടത്തുകയോ ഒരാള്‍ മറ്റൊരാളായി മാറുകയോ ഒരാള്‍ മറ്റൊരാളെ ആഗിരണം ചെയ്യുകയോ ചെയ്യുന്നതായി ഈ ഇതിവൃത്തത്തെ വ്യാഖ്യാനിക്കാം. ഒരേ തൊലി, ഒരേ മുടി, ഒരേ വായ, ഒരേ പെരുമാറ്റം, ഒരേ രുചി എന്നിങ്ങനെ തങ്ങള്‍ ഒരാള്‍ തന്നെയല്ലേ എന്ന് ഫ്രെഡറിക്കിനെ പുറകില്‍ നിന്ന് ആശ്ളേഷിച്ച് പട്ടാളക്കത്തി കൊണ്ട് വധിച്ചതിനു(!)ശേഷം വൈ പറയുന്നുണ്ട്. മറ്റൊരാളുടെ സാധനങ്ങള്‍ ഉപയോഗിക്കുന്നത് തൊലി മാറുന്നതു പോലെയാണെന്ന് അവള്‍ മുമ്പൊരിക്കല്‍ പോളിനോടും പറയുന്നുണ്ടല്ലോ.
ലൈംഗികത എന്നത് ഒരവസ്ഥ എന്നതിനേക്കാള്‍ ഒരവസ്ഥയുടെ ലക്ഷണമായി മാറിയിരിക്കുന്നുവെന്നാണ് ഷാബ്രോള്‍ തെളിയിക്കുന്നത്. ബൂര്‍ഷ്വാ ജീവിതത്തിന്റെ അപചയം എന്ന സ്ഥിരം പ്രമേയത്തിലേക്ക് ആ വഴിക്ക് ഷാബ്രോള്‍ എത്തിച്ചേരുന്നു. പ്രണയം, സ്നേഹം, സൌഹൃദം എന്നീ വികാരങ്ങളെ ആധിപത്യ-വിധേയത്വത്തിന്റെ അധികാരക്കളികളാക്കി മാറ്റിയ ബൂര്‍ഷ്വാ വ്യവസ്ഥയെ വെളിപ്പെടുത്തുകയാണ് ഷാബ്രോള്‍ ചെയ്യുന്നത്. അതായത്, ലെസ് ബിച്ചെസ് പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള ഒരു സിനിമയാണെന്നു തോന്നിപ്പിക്കുമെങ്കിലും അത് യഥാര്‍ത്ഥത്തില്‍, അധികാരക്കളിയുടെ ആസക്തിയെക്കുറിച്ചുള്ള സിനിമയാണ്. സമൃദ്ധിയുടെയും വിരസതയുടെയും ലോകത്ത് ആ കളി മാത്രമാണല്ലോ