Tuesday, March 27, 2012

സദാചാരവും സമാധാനവാഴ്ചയും

സമാധാന വാഴ്ചക്ക് ബ്ളൂ ഫിലിമിന്റെ പിന്തുണ എന്ന കുറേക്കൂടി സെന്‍സേഷനലായ തലക്കെട്ടായിരുന്നു ഈ കുറിപ്പിന് നല്‍കേണ്ടിയിരുന്നത്. സെന്‍സേഷനലായ വായന ഒഴിവാക്കാന്‍ വേണ്ടി ആ എളുപ്പവഴി ഉപേക്ഷിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യയിലെ ഫെബ്രുവരി പതിനാലുകള്‍ അതിഭീകരമായ സംഭവങ്ങളുടെ അകമ്പടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ ആചരിച്ചിരുന്ന വാലന്റൈന്‍സ് ദിനം; ഗ്രീറ്റിംഗ് കാര്‍ഡുകാരും ടെലിവിഷന്‍ ചാനലുകളും പത്രങ്ങളും അവരുടെ വാണിജ്യ മുന്നേറ്റത്തിനു വേണ്ടി, കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയിലും കോപ്പിയടിക്കാന്‍ തീരുമാനിച്ചതിനു ശേഷമായിരുന്നു ഈ അക്രമവാഴ്ചയുടെയും ആരംഭം. പാശ്ചാത്യ സംസ്ക്കാരം ഇന്ത്യയെ കാര്‍ന്നു തിന്നുന്നു എന്ന മട്ടിലുള്ള, നെടുനെടുങ്കന്‍ പ്രസംഗവാദികളായ തനിമാവാദക്കാരുടെ നിലപാടുകള്‍ അമിതമായി ബോറടിപ്പിക്കുന്നതായിരുന്നതിനാല്‍ ആരും കാര്യമായി ശ്രദ്ധിക്കുകയുണ്ടായില്ല. എന്നാല്‍, തീവ്ര/മൃദു ഹിന്ദുത്വ വാദികള്‍ സദാചാരപ്പോലീസ് ചമഞ്ഞുകൊണ്ട് വാലന്റൈന്‍സ് ദിനാചരണത്തിനെതിരായി അക്രമാസക്തമായി രംഗത്തു വന്നത്, ഇന്ത്യന്‍ റിപ്പബ്ളിക്കിന്റെ തന്നെ നിലനില്‍പിനെ അപ്രസക്തമാക്കുന്ന വിധത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഖജൂരാഹോയുടെയും കാമസൂത്രയുടെയും മഹത്തായ പാരമ്പര്യമുള്ള ഭാരതത്തില്‍; പ്രണയത്തിനും ലൈംഗികതക്കുമെതിരായി സാംസ്ക്കാരികരാഷ്ട്രീയക്കാര്‍ പരസ്യമായി രംഗത്തു വന്നത് ഫലപ്രദമായി ചോദ്യം ചെയ്യാന്‍ ആരും തയ്യാറായില്ല. ലൈംഗികതയെ വന്‍ തോതില്‍ അടിച്ചമര്‍ത്തിയ വിക്ടോറിയന്‍ സദാചാരത്തിന്റെ സ്വാധീനം മൂലമാണ് കൊളോണിയല്‍ രാജ്യമായിരുന്ന ഇന്ത്യയില്‍ പരിശുദ്ധി വാദത്തിന്റെ പേരില്‍ സദാചാരപ്പൊലീസുകാര്‍ അരങ്ങു വാഴാന്‍ തുടങ്ങിയത്. പുറമെക്ക് ജനാധിപത്യവും പുരോഗമനവും പ്രസംഗിക്കുന്നവര്‍ പോലും ഉള്ളാലെ യാഥാസ്ഥിതികവാദികളായതുകൊണ്ട് സദാചാരപ്പോലീസുകാരുടെ മേധാവിത്വത്തെ രഹസ്യമായും പരസ്യമായും പ്രശംസിച്ചുപോരുന്നതും പതിവായിരുന്നു.

തെക്കേ ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി മാറിക്കൊണ്ടിരിക്കുന്ന കര്‍ണാടകത്തില്‍, അക്രമാസക്തരായ സദാചാരപ്പൊലീസുകാര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അഴിഞ്ഞാടുക തന്നെയായിരുന്നു. ബംഗളൂരുവിലും മംഗലാപുരത്തും ഇവര്‍ സാമൂഹിക ജീവിതത്തെ തന്നെ ഇല്ലാതാക്കുന്ന വിധത്തില്‍ മേധാവിത്വം സ്ഥാപിച്ചു. സമാധാന വാദികളും പുരോഗമന-ജനാധിപത്യ വിശ്വാസികളും തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ ഇക്കൂട്ടര്‍ക്കെതിരായ പ്രതിരോധത്തിന് ശ്രമിച്ചിരുന്നുവെങ്കിലും അവയെ ദുര്‍ബലമാക്കുന്ന വിധത്തില്‍ പ്രമോദ് മുത്തലിക്കും മറ്റും മനുഷ്യ ജീവിതത്തിന്റെ അജണ്ട നിശ്ചയിച്ചുകൊണ്ടേയിരുന്നു. 2009 ഫെബ്രുവരിയില്‍ നടത്തിയ പിങ്ക് ജഡ്ഡി പ്രചാരണം പോലെ നൂതനമായ ചില പ്രതിഷേധങ്ങള്‍ അല്‍പം ചലനമുണ്ടാക്കിയെന്നത് വാസ്തവമാണ്. മംഗലാപുരത്തെ ഒരു പബ്ബില്‍ ഏതാനും പെണ്‍കുട്ടികളെ ശ്രീരാമസേനക്കാര്‍ കടന്നാക്രമിച്ച സംഭവത്തിനെതിരായിട്ടാണ് പിങ്ക് ജഡ്ഡി സമരം ആഹ്വാനം ചെയ്യപ്പെട്ടത്. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തില്‍ ഒന്നിച്ച് നടക്കുന്ന കമിതാക്കളെന്നു വേണ്ട, ആണ്‍കുട്ടി/പെണ്‍കുട്ടി മാരെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കാനായി പുരോഹിതനും താലിമാലയും അതില്‍ കോര്‍ത്തിടാനുള്ള മഞ്ഞള്‍കമ്പും കൊണ്ട് ചാടി വീഴുകയായിരുന്നു പ്രമോദ് മുത്തലിക്കിന്റെ സംഘം. ഈ അക്രമാസക്തര്‍ക്കെതിരായി ഗാന്ധിയന്‍ രീതിയിലുള്ള പ്രതിഷേധമായിരുന്നു പിങ്ക് ജഡ്ഡി സമരം. പിങ്ക് നിറമുള്ള ജഡ്ഡികള്‍ കൊറിയര്‍ വഴിയും തപാല്‍ വഴിയും ശ്രീരാമസേന ആപ്പീസിലേക്ക് അയക്കുന്ന സമാധാനപരമായ സമരമാണ് നടത്തപ്പെട്ടത്. ദ പിങ്ക് പാന്റീസ് കാമ്പയിന്‍- ദ ഇന്ത്യന്‍ വുമണ്‍സ് സെക്ഷ്വല്‍ റവല്യൂഷന്‍ എന്ന റീത്താ ബാനര്‍ജി എഴുതിയ ലേഖന( http://intersections.anu.edu.au/issue23/banerji1.htm)ത്തില്‍ ഈ സമരത്തിന്റെ ആശയ-പ്രായോഗിക-തലങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.


എന്നാല്‍, ചരിത്രത്തെ കീഴ് മേല്‍ മിറച്ചു കൊണ്ടുള്ള സംഭവം നടന്നത്, കഴിഞ്ഞ ആഴ്ചയാണ്. ബംഗളൂരുവിലെ വിധാന്‍ സൌധയില്‍ കര്‍ണാടക അസംബ്ളി നടന്നുകൊണ്ടിരിക്കെ, സംസ്ഥാനത്ത് അധികാരത്തിലുള്ള ബി ജെ പിയില്‍ പെട്ട സഹകരണ മന്ത്രി ലക്ഷ്മണ്‍ സവാദി, വനിതാ ശിശുക്ഷേമ മന്ത്രി സി സി പാട്ടീല്‍, തുറമുഖ-ശാസ്ത്ര സാങ്കേതിക മന്ത്രി കൃഷ്ണ പാലേമര്‍ എന്നിവര്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍ അശ്ളീല ചിത്രങ്ങള്‍ അഥവാ നീലച്ചിത്രം കണ്ടാസ്വദിക്കുന്ന രംഗം ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ അസംബ്ളി കവറേജില്‍ സ്ഥാനം പിടിക്കുകയും തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഈ മൂന്നു മന്ത്രിമാരും രാജി വെച്ചതുമായ സംഭവം തന്നെയാണ് പരാമര്‍ശിക്കുന്നത്. ഭാരതീയ സംസ്ക്കാരത്തിന്റെ കാവലാളുകളും സര്‍വാധികാരികളുമായി ചമയുന്ന സംഘപരിവാറില്‍ പെട്ട മന്ത്രിമാരാണ്, പൊതുസ്ഥലത്തിന്റെയും അസംബ്ളിയുടെയും മാന്യത കെടുത്തിക്കൊണ്ട് ഈ അശ്ളീലകൃത്യം നിര്‍വഹിച്ചിരിക്കുന്നത്. അശ്ളീല ചുവയുള്ള കാര്യങ്ങള്‍ വില്‍ക്കുക, വാങ്ങുക, വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ നിരോധിക്കുന്ന സെക്ഷന്‍ 292, 294 അനുസരിച്ച് വിചാരണക്ക് വിധേയരാവാന്‍ തയ്യാറെടുക്കുകയാണ് മന്ത്രിമാര്‍. ഏറ്റവും കൌതുകകരമായ കാര്യം, സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതാണ് അവര്‍ ആക്രമിക്കപ്പെടുന്നതിന് കാരണം എന്ന് പ്രഘോഷിച്ച ആളാണ് വനിതാ ശിശുക്ഷേമ മന്ത്രി സി സി പാട്ടീല്‍ എന്നതാണ്. സ്ത്രീകളുടെ വസ്ത്രധാരണത്തിലല്ല പ്രശ്നം എന്നതും കാണുന്ന ആളുകളുടെ കണ്ണിലും മനോഭാവത്തിലുമാണ് പ്രശ്നമെന്നുമുള്ള ആധുനികതാ വാദികളുടെ അഭിപ്രായം ശരിവെക്കുന്ന സംഭവങ്ങളാണ് നടന്നിരിക്കുന്നത്.


ഏറ്റവും പ്രധാനപ്പെട്ട കാര്യം അതൊന്നുമല്ല. ഈ കോലാഹലത്തിനു തൊട്ടുപുറകെയായിരുന്നു ഈ വര്‍ഷത്തെ വാലന്റൈന്‍സ് ദിനാഘോഷം. പ്രണയികളുടെ ദിവസമായി ലോകമെമ്പാടും ആഘോഷിക്കുന്ന വാലന്റൈന്‍സ് ദിനത്തിലിത്തവണ പ്രതിഷേധം നടന്നത് മധ്യപ്രദേശിലെ ഇന്തോറിലും ആന്ധ്രയിലെ ഹൈദരാബാദിലും കശ്മീരിലും തമിഴ്നാട്ടിലും മറ്റും മാത്രമാണ്. ബംഗളൂരുവിലോ മംഗലാപുരത്തോ കര്‍ണാടകത്തില്‍ മറ്റെവിടെയെങ്കിലുമോ സമാന സംഭവങ്ങള്‍ നടന്നതായി പത്രമാധ്യമങ്ങളോ ടെലിവിഷന്‍ ചാനലുകളോ റിപ്പോര്‍ട് ചെയ്യുകയുണ്ടായില്ല. ഇന്റര്‍നെറ്റില്‍ പരതി നോക്കിയെങ്കിലും കര്‍ണാടകത്തില്‍ നിന്ന് വാര്‍ത്തകളൊന്നുമുണ്ടായിരുന്നില്ല. എന്തൊരു സമാധാനം! എന്താണ് കാരണം? മറ്റൊന്നുമല്ല. ലൈംഗികാസംതൃപ്തരായ ബഹുഭൂരിപക്ഷം സാധാരണ ഇന്ത്യക്കാരെയും പോലെ അതി സാധാരണക്കാര്‍ തന്നെയാണ് സാംസ്ക്കാരിക പരിശുദ്ധി വാദക്കാരായ ബിജെപിക്കാരും എന്ന സത്യം പുറത്തുവന്നതിന്റെ ജാള്യതയിലാണ് സദാചാരപ്പൊലീസുകാര്‍ മാളത്തിലൊളിച്ചിരിക്കുന്നത്.

ചലച്ചിത്രങ്ങള്‍ രൂപപ്പെട്ട കാലത്ത്, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ബ്ളൂഫിലിം എന്നറിയപ്പെടുന്ന അശ്ളീല സിനിമകളുടെ(പോര്‍ണോഗ്രാഫിക് മൂവീസ്) വ്യവസായവും ആരംഭിച്ചിരുന്നു. ചരിത്രത്തിലുടനീളം ലൈംഗികതയും അശ്ളീലദൃശ്യങ്ങളും ചിത്രീകരിക്കാന്‍ വേണ്ടി ചലച്ചിത്ര ക്യാമറ ഉപയോഗിക്കപ്പെട്ടതിന് രേഖകളുണ്ട്. മുഖ്യധാരാ സിനിമകളാകട്ടെ തൊണ്ണൂറ്റൊമ്പത് ശതമാനവും മൃദു ലൈംഗികോത്തേജന ചിത്രങ്ങളുമാണ്. ലോകസിനിമയുടെ ചരിത്രമെന്നത്, ആണുങ്ങള്‍ പെണ്ണുങ്ങളുടെ ഫോട്ടോയെടുത്തുകൊണ്ടിരുന്നതിന്റെ ചരിത്രമാണെന്ന് പരിഹസിച്ചത് വിഖ്യാത ചലച്ചിത്രകാരനായ ഴാങ് ലുക് ഗൊദാര്‍ദ് തന്നെയായിരുന്നു. ഡിജിറ്റല്‍ വിപ്ളവവും ഇന്റര്‍നെറ്റും വ്യാപിച്ചതോടെ, അശ്ളീല സിനിമകള്‍ ലോകത്താര്‍ക്കും എപ്പോഴും എവിടെയും സുലഭമായി ലഭ്യമായി തുടങ്ങുകയും ചെയ്തു. പാവം മന്ത്രിമാര്‍ക്ക് ഇതൊക്കെ കാണാന്‍ വിലക്കുകള്‍ ഉള്ളതു കൊണ്ട്, ആദ്യമായി ലഭ്യമായപ്പോള്‍ കൌതുകത്തോടെ വിശദമായി കാണുകയായിരുന്നുവെന്ന് വേണം കരുതാന്‍.

1900കളില്‍ തന്നെ ആരംഭിച്ച നീലച്ചിത്ര വിപണി, മുഖ്യധാരാ സിനിമക്കും സൌന്ദര്യാത്മക സിനിമക്കും ഒപ്പം തഴച്ചു വളര്‍ന്നു. വ്യഭിചാരവ്യവസായം പോലുള്ള സംഘടിത കുറ്റകൃത്യക്കാരായ അധോലോകത്തിന്റെ നിയന്ത്രണത്തിലുള്ളതായതിനാല്‍ അത് ഒരു വഴിക്കും നിയമങ്ങള്‍ മറ്റൊരു വഴിക്കും എന്ന നിലയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടേയിരുന്നു. 1960കളോടെ, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം ചിത്രങ്ങളോടുള്ള സാമൂഹികമായ മനോഭാവത്തില്‍ മാറ്റങ്ങള്‍ രൂപപ്പെട്ടു തുടങ്ങി. നെതര്‍ലാന്റ്സില്‍ 1969ല്‍ തന്നെ പോര്‍ണോഗ്രാഫി നിയമവിധേയമാക്കുകയും തുടര്‍ന്ന് ബ്ളൂ ഫിലിം വാണിജ്യത്തില്‍ വന്‍ കുതിച്ചു ചാട്ടം തന്നെ ഉണ്ടാവുകയും ചെയ്തു. 1970കളില്‍, അമേരിക്കന്‍ ഐക്യ നാടുകളടക്കമുള്ള നിരവധി പാശ്ചാത്യ രാജ്യങ്ങളില്‍, അഡല്‍ട്ട് തിയേറ്ററുകള്‍ പ്രത്യേകമായി ഉയര്‍ന്നു വന്നു. തുറന്ന ലൈംഗിക പ്രദര്‍ശനം ധാരാളമായി സ്വീകരിക്കപ്പെടുമെന്ന് കരുതിയിരുന്നുവെങ്കിലും, യാഥാസ്ഥിതികതക്കു തന്നെയാണ് മുന്‍തൂക്കം കൈവന്നത് എന്നതും കാണാതിരിക്കേണ്ടതില്ല. ലൈംഗിക ബന്ധത്തിന് മലയാളത്തിലുള്ള വിളിപ്പേരുകളിലൊന്നായ 'ഒളിസേവ'യിലായിരുന്നു മാന്യസമൂഹത്തിന് താല്‍പര്യം. 1980കളില്‍ ഹോം വീഡിയോ പ്രചാരത്തിലായതോടെ, ജനങ്ങള്‍ക്ക് മാന്യത പുറത്ത് സംരക്ഷിക്കാനും തങ്ങളുടെ വീടുകളിലോ മറ്റ് സ്വകാര്യസ്ഥലങ്ങളിലോ വെച്ച് ബ്ളൂഫിലിം സൌകര്യമായി കാണുന്നതിനുള്ള അവസരം വര്‍ദ്ധിക്കുകയും ചെയ്തു. ഇന്ത്യയടക്കമുള്ള സകല രാജ്യങ്ങളിലും തുടര്‍ന്നുള്ള കാലയളവില്‍, ബ്ളൂഫിലിം വിപണനം വന്‍ തോതില്‍ വ്യാപിച്ചു. 1990കളില്‍ ഇന്റര്‍നെറ്റ് യാഥാര്‍ത്ഥ്യമായതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ മാറി മറിഞ്ഞു. കടകളില്‍ പോയി രഹസ്യമായി വാങ്ങുകയോ, തപാലില്‍ വരുത്തുകയോ വേണ്ടതില്ലാത്ത വിധത്തില്‍ അവരവരുടെ കമ്പ്യൂട്ടറില്‍ തന്നെ വിവിധ സൈറ്റുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്തോ ഓണ്‍ലൈനായോ നീലച്ചിത്രങ്ങള്‍ കാണാവുന്ന സ്ഥിതി വന്നു. സാങ്കേതികവിദ്യയുടെ വികാസത്തിന്റെ ഓരോ ഘട്ടത്തിലും ജനങ്ങള്‍ക്ക് പുറമേക്ക് മാന്യരായി നടിക്കുകയും തങ്ങളുടെ സ്വകാര്യതകളില്‍ നിയമം ലംഘിക്കുകയും ചെയ്യാവുന്ന സ്ഥിതി കൂടുതല്‍ കൂടുതല്‍ സൌകര്യപ്രദമായിക്കൊണ്ടിരുന്നുവെന്നു കാണാം. മാത്രമല്ല, നിയമപരവും സാമൂഹികവുമായ കാരണങ്ങളാല്‍ ബ്ളൂഫിലിം കാണാന്‍ സൌകര്യം കിട്ടാതിരുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് ആ സൌകര്യം സാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ ലഭിച്ചു തുടങ്ങി എന്നതും ബോധ്യപ്പെടേണ്ടതാണ്.

1998ല്‍ ഓസ്കാര്‍ അവാര്‍ഡുകളിലടക്കം നോമിനേഷന്‍ ലഭിച്ചിട്ടുള്ള അനവധി ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള ഡാനിഷ് നിര്‍മാണക്കമ്പനിയായ സെന്‍ട്രോപ്പ, പോര്‍ണോഗ്രാഫിക് സിനിമകളുടെ നിര്‍മാണരംഗത്തേക്കും പ്രവേശിക്കുകയുണ്ടായി. ലോകപ്രശസ്ത സംവിധായകനായ ലാര്‍സ് വോണ്‍ ട്രയറുടെ ഇഡിയോടെം(1998)
നിര്‍മിച്ചത് സെന്‍ട്രോപ്പയാണ്. ബ്ളൂഫിലിമുകളില്‍ കാണാറുള്ളതു പോലെ, നേരിട്ടുള്ള ലൈംഗികതാ പ്രദര്‍ശനം ഈ സിനിമയിലുമുണ്ട്. 1999ല്‍ കോപ്പന്‍ഹേഗന്‍ മേഖലയില്‍ ഏത് ഉപഭോക്താവിനും കാണാവുന്ന വിധത്തില്‍, കനാല്‍ കോബനാന്‍ എന്ന ചാനല്‍ രാത്രികളില്‍ പോര്‍ണോഗ്രാഫിക് സിനിമകള്‍ കേബിള്‍ ടി വി ശ്രൃംഖലയിലൂടെ പ്രദര്‍ശിപ്പിക്കാനാരംഭിച്ചു. ആഗോള പോര്‍ണോഗ്രാഫിക് വ്യവസായത്തിന്റെ സിരാകേന്ദ്രം, അമേരിക്ക തന്നെയാണ്. ഹോളിവുഡിന് തൊട്ടടുത്ത്; കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചലസ് നഗരത്തിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലാണ് ബ്ളൂഫിലിം നിര്‍മാണത്തിന്റെ ഹൃദയവും തലച്ചോറും കോര്‍പ്പറേറ്റ് കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത്. 1975ല്‍ 5 മുതല്‍ 10വരെ മില്യന്‍ ഡോളര്‍ മാത്രമായിരുന്നു, പോര്‍ണോഗ്രാഫി ബിസിനസിന്റെ അമേരിക്കയിലെ മൊത്തം വിറ്റുവരവെങ്കില്‍; 1979ല്‍ ഇത് 100 മില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇപ്പോഴിത് 10 മുതല്‍ 13 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചിരിക്കുന്നു. ഇതില്‍ തന്നെ 6 ബില്യണ്‍ വരെ നിയമാനുസൃത സമ്പത്തും ബാക്കി കള്ളപ്പണവുമാണ്.

ലോകത്ത് ഇങ്ങിനെയൊക്കെയാണ്, അതുകൊണ്ട് ഇന്ത്യയിലും ബ്ളൂഫിലിം നിയമവിധേയമാക്കണം എന്നൊന്നുമല്ല ഈ കുറിപ്പിലൂടെ അഭിപ്രായപ്പെടാന്‍ ഉദ്ദേശിക്കുന്നത്. ലോകത്തെമ്പാടും നടക്കുന്നതെന്തൊക്കെയാണെന്ന് നാം മനസ്സിലാക്കണമെന്നു മാത്രം. അതുമല്ല; ബ്ളൂഫിലിം നിയമാനുസൃതമായ രാജ്യങ്ങളും ഇന്ത്യയടക്കം അത് നിരോധിച്ചിട്ടുള്ള രാജ്യങ്ങളും തമ്മില്‍, ലൈംഗിക കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ താരതമ്യപ്പെടുത്തി നോക്കാവുന്നതുമാണ്. അടിച്ചമര്‍ത്തലാണോ തുറന്നു വിടലാണോ ആളുകളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത് എന്നത് മനശ്ശാസ്ത്രജ്ഞ•ാര്‍ കണ്ടെത്തട്ടെ. പ്രശ്നം തുടങ്ങിയിടത്തേക്കു തന്നെ എത്തിക്കാം. നിരോധിക്കപ്പെട്ടതിനാലാണ്, ഇന്ത്യയില്‍ ബ്ളൂഫിലിമിനോട് മന്ത്രിമാര്‍ തുടങ്ങി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് വലിയ കൌതുകവും ആകാംക്ഷയും നിലനില്‍ക്കുന്നത്. ഇഷ്ടം പോലെ ലഭ്യമായിരുന്നുവെങ്കില്‍, നിയമസഭക്കുള്ളില്‍ വെച്ച് മൊബൈലില്‍ കണ്ട് പരിഹാസ്യരാകേണ്ടതില്ലായിരുന്നുവല്ലോ. അപ്രകാരം; നിയമസഭയെ അപമാനിക്കുകയാണ് പ്രാഥമികമായി ഈ സാംസ്ക്കാരിക ദേശീയതാ വാദികള്‍ ചെയ്തതെങ്കിലും, അതിലൂടെ വാലന്റൈന്‍സ് ദിനത്തിലും മറ്റും പരസ്യമായി മിണ്ടിപ്പറയാന്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സ്വാതന്ത്യ്രം പുനരംഗീകരിച്ചുകൊടുക്കാനായി ശ്രീരാമസേനയെ നിശ്ശബ്ദരാക്കുന്ന വിരുദ്ധ പ്രവൃത്തിയായി അത് പരിണമിക്കുകയും ചെയ്തു. അതിനാല്‍ അവര്‍ക്ക് സ്തുതി പറഞ്ഞുകൊണ്ട് ഈ കുറിപ്പവസാനിപ്പിക്കുന്നു.

7 comments:

Vishnu N V said...

നന്ദി ജി പി ചേട്ടാ

nigil d said...

മുസ്ലിം ഭീകരത/വര്‍ഗ്ഗീയതക്കെതിരെ സംസാരിക്കുവാന്‍ പുരോഗമന വാദികള്‍ക്കും ഭയമാണ് എന്ന് ലേഖകന്‍ ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുന്നു. കേരളത്തില്‍ ഇവര്‍ നടത്തിയ സദാചാര കൊലപാതകങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. മദ്യം വാങ്ങുവാന്‍ ബീവറേജിനു മുമ്പില്‍ ക്യൂ നിന്ന സ്ത്രീയെയും അവരുടെ ഭര്‍ത്താവിനേയും ഭീകരമായി മര്‍ദ്ദ്ദികുകയും വൃത്തികേട് പറയുകയും ചെയ്ത സംഭവം 1921-ലെ മാപ്പിള ലഹള നടന്ന പ്രദേശമായ ഇന്നത്തെ മലപ്പുറം ജില്ലയിലാണ്.

VeeYes said...
This comment has been removed by the author.
VeeYes said...

നിരോധിക്കപ്പെട്ടതിനാലാണ്, ഇന്ത്യയില്‍ ബ്ളൂഫിലിമിനോട് മന്ത്രിമാര്‍ തുടങ്ങി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് വലിയ കൌതുകവും ആകാംക്ഷയും നിലനില്‍ക്കുന്നത്. ഇഷ്ടം പോലെ ലഭ്യമായിരുന്നുവെങ്കില്‍, നിയമസഭക്കുള്ളില്‍ വെച്ച് മൊബൈലില്‍ കണ്ട് പരിഹാസ്യരാകേണ്ടതില്ലായിരുന്നുവല്ലോ....
Sir, is this principle applicable to alchoholism also?

G P RAMACHANDRAN said...

thank you veeyes for the comment and question. yes it is applicable to alcoholism too. in gujarath genocide 2002, alcohol was supplied among the goondas.

nigil d said...

ടി.പി ചന്ദ്രശേഖരന്‍ വധം ആരുടെ ഫാസിസ്റ്റത്തെ ആണ് വ്യക്തമാക്കുന്നത്? മാക്സിസത്തിന്റെ മുഖം മൂടി അണിഞ്ഞ ഫാസിസ്റ്റ് നിലപാടിനെ കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തിരിച്ചറിവ് വൈകിയതാണ് കേരളത്തിന്റെ കുഴപ്പം.

ജോസഫ് ഗീഭത്സിന്റെ അനുയായികള്‍ നൂറ്റൊന്നാവര്‍ത്തിച്ചാലും ടി.പിയെ അരിഞ്ഞുതള്ളിയതിനെ സംബന്ധിച്ചുള്ള സത്യം സത്യമല്ലാതാകില്ല.

nigil d said...

താലിബാനിസ്റ്റുകള്‍ കേരളത്തില്‍ സദാചാര പോലീസ് വേഷം അണിഞ്ഞ് ഹിന്ദുക്കളെയും ആക്രമിക്കുന്നു.
ഒരു പെണ്ണിനും ആണും തമ്മില്‍ മിണ്ടിയതിനു പത്തിരിപ്പാലയില്‍ ആണ്‍കുട്ടിയ ഭീകരന്മായിമര്‍ദ്ദിച്ചു പെണ്‍കുട്ടിയെ ബന്ദിയാക്കി വച്ചു. അരിയാഹാരം കഴിക്കുന്ന മലയാളികള്‍ ഇനിയെങ്കിലും ഇവര്‍ ഇരകള്‍ അല്ല വേട്ടക്കാരാ‍ണെന്ന് തിരിച്ചറിയുക. ആര്‍.എസ്.എസ്സുകാര്‍ തെണ്ടികള്‍ അവര്‍ക്ക് ഇതിനെതിരെ പ്രതികരിക്കുവാന്‍ ആണത്തമില്ല.