Tuesday, March 27, 2012

ശ്വാസവും ഭീകരതയും

ജീവനകല എന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്തപ്പെടുന്ന ആര്‍ട് ഓഫ് ലിവിംഗ് എന്നാണ് ശ്രീ ശ്രീ രവിശങ്കറിന്റെ ഫൌണ്ടേഷന്റെ പേര്. ശ്വാസം വിട്ടും ശ്വാസം പിടിച്ചും ആശ്രമങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും കെട്ടിയുയര്‍ത്തിയും ലോകമെമ്പാടും സഞ്ചരിച്ചും പാര്‍ലമെന്റുകളിലും അന്താരാഷ്ട്ര സഭകളിലും മറ്റും പ്രസംഗങ്ങള്‍ നടത്തിയും മനുഷ്യകുലത്തിന് ആശ്വാസം പകരുകയാണ് ഈ ആള്‍ദൈവത്തിന്റെ പ്രവര്‍ത്തന പരിപാടി. ആശ്വാസം ലഭിക്കുന്നവര്‍ക്ക് എത്ര വേണമെങ്കിലും ലഭിക്കട്ടെ. അത് അവരുടെ കാര്യം. ഇദ്ദേഹത്തിന്റെ മുമ്പിലും പിമ്പിലും പിന്നാമ്പുറങ്ങളിലുമുള്ള കാര്യങ്ങള്‍ അറിഞ്ഞും അറിയാതെയും ഈ ക്രിയകളില്‍ നിന്ന് ആശ്വാസം ലഭിക്കാത്തവരായി കോടിക്കണക്കിന് ജനങ്ങള്‍ ഇനിയും ഇന്ത്യയിലും പുറത്തും ജീവിക്കുന്നുണ്ടെന്ന കാര്യം പക്ഷെ ശ്രീ ശ്രീ മറക്കരുത്. അപ്രകാരം മറക്കുമ്പോഴാണ്, അഹിംസയിലും സാമൂഹിക സമാധാനത്തിലും വ്യക്തികളുടെ മനസംഘര്‍ഷ നിവാരണത്തിലും വിശ്വസിക്കുന്നു എന്നു കരുതപ്പെടുന്ന ആത്മീയഗുരു വെറുപ്പിന്റെ ഭാഷ വളച്ചുകെട്ടില്ലാതെ ഉച്ചരിക്കുന്നത്.

അത്തരമൊരു സത്യസന്ധത അദ്ദേഹം കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചു. അതിപ്രകാരമായിരുന്നു. സര്‍ക്കാര്‍ സ്കൂളുകളെല്ലാം നക്സലിസത്തിന്റെ നഴ്സറികളാണെന്നാണ് തന്റെ വ്യക്തമായ അഭിപ്രായമെന്ന് അദ്ദേഹം ആത്മാര്‍ത്ഥനായി. ജയ്പൂരിലെ ഒരു സ്കൂളില്‍ ഹിന്ദിയില്‍ സംസാരിക്കവെയാണ് മഹാനായ രവിശങ്കര്‍ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്തു നിന്ന് പിന്മാറണമെന്ന് ആഹ്വാനിച്ചത്. വിദ്യാഭ്യാസം മുഴുവനായി സ്വകാര്യവത്ക്കരിക്കണമെന്നാണ് അദ്ദേഹം ഉരുവിടുന്ന മറ്റൊരു മഹാമന്ത്രം. സ്വകാര്യ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അവരുടെ ഗുരുക്കന്മാര്‍ രൂപപ്പെടുത്തുന്ന മഹത്തായ മാര്‍ഗത്തിലൂടെ മുന്നേറാനാകുമെന്നാണ് ശ്രീ ശ്രീയുടെ കണ്ടുപിടുത്തം. (സ്വകാര്യ വിദ്യാഭ്യാസത്തിന്റെ വിജയയാത്രകള്‍ ദിവസേന കണ്ടുകൊണ്ടാണ് ഞാന്‍ എന്റെ പ്രഭാതങ്ങളും സായാഹ്നങ്ങളും സമ്പന്നമാക്കുന്നത്. നൂറുകണക്കിന് സ്വാശ്രയകോളേജുകളുടെ ബസുകളാണ് പാലക്കാട് കോട്ടമൈതാനം ചുറ്റി കോയമ്പത്തൂരേക്ക് പായുന്നതും തിരിച്ചുവരുന്നതും. അവര്‍ക്കൊക്കെയും പാലക്കാട്ടു നിന്ന് കോയമ്പത്തൂരേക്കും തിരിച്ചുമുള്ള വഴി എന്ന മഹത്തായ മാര്‍ഗം കോഴ്സുകള്‍ കഴിയുമ്പോഴേക്ക് കാണാപ്പാഠമായിട്ടുണ്ടാവും. ഇതു തന്നെയാണ് അവരുടെ മഹത്തായ പഠിത്തം. അപ്പോള്‍ അവരുടെ ബസുകളിലെ ഡ്രൈവര്‍മാരാണ് മഹാന്മാരായ ഗുരുക്കന്മാര്‍. ശ്രീ ശ്രീ വിജയിക്കട്ടെ).

തലക്ക് വെളിവുള്ള ഒരാള്‍ ഇപ്രകാരമൊരു വിഡ്ഢിത്തം പറയില്ലെന്ന കൃത്യമായ പ്രസ്താവനയുമായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി കപില്‍ സിബല്‍ രംഗത്തു വന്നത് ഇന്ത്യാ രാജ്യക്കാരനാണ് എന്നഭിമാനിക്കാന്‍ തന്നെ നമുക്ക് വക നല്‍കുന്നതാണ്. ശ്രീ ശ്രീയും അമ്മയും ബാബാ രാംദേവും അണ്ണാ ഹസാരെയും പോലെ മാനസികവിഭ്രാന്തി ബാധിച്ചവരാല്‍ നയിക്കപ്പെടാന്‍ വിധിക്കപ്പെട്ട ഇന്ത്യാക്കാരുടെ ഗതികേടുകള്‍ക്കിടയിലും ഇത്തരം തലയില്‍ അല്‍പം വിവരം ബാക്കിയുള്ളവര്‍ മന്ത്രിമാരായി നിലനില്‍ക്കുന്നു എന്നത് ആശ്വാസകരമാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍, ആറു മുതല്‍ പതിനാലു വരെ വയസ്സുള്ള പതിനാറു കോടി വിദ്യാര്‍ത്ഥികളാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. ഇവരെല്ലാം അക്രമത്തിലേക്കും നക്സലിസത്തിലേക്കുമാണ് ചെന്നെത്തുന്നത് എന്നുള്ള ക്രൂരമായ പ്രസ്താവനക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും നഴ്സുകളും കമ്പ്യൂട്ടര്‍ വിദഗ്ദ്ധരും സര്‍ക്കാര്‍ ജീവനക്കാരും പൊലീസുകാരും പട്ടാളക്കാരും പുരോഹിതന്മാരും കലാകാരന്മാരും സാഹിത്യകാരന്മാരും സിനിമാപ്രവര്‍ത്തകരും പത്ര മാധ്യമ പ്രവര്‍ത്തകരും ഫാക്ടറി തൊഴിലാളികളും എന്നു വേണ്ട ഇന്ത്യക്കകത്തും പുറത്തുമായി വികാസം പ്രാപിച്ച് മാനവകുലത്തിനു തന്നെ സംഭാവനയായി തീരുന്ന കോടിക്കണക്കിന് മനുഷ്യരാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ അഭിമാനകരമാം വിധം പഠിച്ച് മുന്നേറി ജീവിതം അര്‍ത്ഥപൂര്‍ണമാക്കുന്നത്. ഒരു രാഷ്ട്രത്തിന്റെ അടിസ്ഥാനവും പശ്ചാത്തലവുമായ മാനവശേഷിയെയാണ്, ഈ ജീവനകലാ ബിസിനസുകാരനായ കപട ആത്മീയഗുരു~നൃശംസിക്കുന്നത്.

ആഗോള കോര്‍പ്പറേറ്റുകളുടെ അരുമ ശിഷ്യനായ രവിശങ്കര്‍ അക്കൂട്ടര്‍ക്കു വേണ്ടി വിദ്യാഭ്യാസത്തെ മുഴുവനായി കൈക്കലാക്കാനുള്ള തന്ത്രമാണ് പ്രയോഗിച്ചിരിക്കുന്നത്. ആറു മുതല്‍ പതിനാലു വയസ്സു വരെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കേണ്ട ബാധ്യത സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 എയുടെ നഗ്നമായ ലംഘനമാണ് സാമി നടത്തിയിരിക്കുന്നത്. ഇന്ത്യന്‍ പാര്‍ലമെന്റാണ് ഭരണഘടന പാസാക്കിയിരിക്കുന്നതും അതില്‍ വേണ്ടപ്പോള്‍ ഭേദഗതി വരുത്തിക്കൊണ്ടിരിക്കുന്നതും. അതായത്, സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഇന്ത്യയിലെ കുട്ടികള്‍ക്കു നല്‍കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നത് ഇന്ത്യന്‍ പാര്‍ലമെന്റ് തന്നെയാണെന്നര്‍ത്ഥം. അപ്പോള്‍, അക്രമത്തെയും നക്സലിസത്തെയും വളര്‍ത്തുന്നതില്‍ പാര്‍ലമെന്റിനാണ് മുഖ്യ പങ്കെന്നാണ് ശ്വാസ/നിശ്വാസ ഗുരുജിയുടെ വാദം ചെന്നെത്തുക. പാര്‍ലമെന്റിന്റെ അവകാശങ്ങളും ഇയാള്‍ നഗ്നമായി ലംഘിച്ചിരിക്കുന്നു. അതിന്റെ പേരില്‍ കുറ്റവിചാരണ നടത്തുകയും ശിക്ഷ വിധിക്കുകയും ചെയ്യണമെന്ന് പാര്‍ലമെന്റിനോട് അപേക്ഷിക്കുന്നു. മാത്രമല്ല, ഈയടുത്ത് നടപ്പിലാക്കാന്‍ തുടങ്ങിയ വിദ്യാഭ്യാസ അവകാശ നിയമം കടലിലേക്ക് എറിഞ്ഞു കളയണമെന്നാണ് സ്വാമിജിയുടെ നിര്‍ദേശം.
ആദര്‍ശ വിദ്യാലയങ്ങള്‍ എല്ലായിടത്തും വ്യാപിപ്പിക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നുണ്ട്. ഭാരതീയ സംസ്കൃതിയുടെ പരിപോഷണത്തിനെന്ന പേരില്‍, ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സ്കൂളുകളാണ് ആദര്‍ശ വിദ്യാലയങ്ങള്‍. ജയ്പൂരില്‍ ശ്രീ ശ്രീ പ്രസംഗിച്ച വേദി രാജസ്ഥാനില്‍ മാത്രം ഒരായിരം ആദര്‍ശവിദ്യാലയങ്ങള്‍ നടത്തുന്ന ആദര്‍ശ് വിദ്യാ സൊസൈറ്റിയുടെ പ്ളാറ്റ്ഫോമിലായിരുന്നു. സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്തു നിന്ന് പിന്മാറിക്കഴിയുമ്പോള്‍, വര്‍ഗീയ ശക്തികള്‍ക്കും മറ്റു കച്ചവടക്കാര്‍ക്കും സ്കൂളുകളും കോളേജുകളും സര്‍വകലാശാലകളും സമ്പൂര്‍ണമായി കൈക്കലാക്കാം. മാത്രമല്ല, സാര്‍വത്രിക വിദ്യാഭ്യാസം എന്ന ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ തന്നെ അടിസ്ഥാന ലക്ഷ്യം നിറവേറാതെ പോകുകയും ചെയ്യും. അതും ധനികവര്‍ഗത്തിന് ഗുണം തന്നെ. കൂലിപ്പണിക്ക് ഇഷ്ടം പോലെ ആളെ കിട്ടും. കൂലിപ്പണിക്ക് ആളെ കിട്ടുന്നില്ല എന്ന് വിലപിക്കുന്നവരൊക്കെയും സത്യത്തില്‍ ഈ അത്ഭുതഗുരുവിന് പിന്നില്‍ അണിനിരക്കേണ്ടതാണ്.

ഒന്നു കൂടി സൂക്ഷ്മമായി വ്യാഖ്യാനിച്ചാല്‍, സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന കോടിക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ, വെറുപ്പിന്റെയും അപമാനത്തിന്റെയും അപഹാസ്യത്തിന്റെയും മലിനജലം തീര്‍ത്ഥമെന്ന വണ്ണം ചൊരിയുകയാണ് ഗുരുജി ചെയ്യുന്നത്. ഇക്കൂട്ടരെയൊക്കെ കല്ലെറിഞ്ഞു കൊല്ലുവിന്‍ എന്നാണ് പ്രത്യക്ഷമല്ലാതെ തന്നെ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. കൊലവെറി നിര്‍ത്തി ശ്വാസ നിശ്വാസത്തിന്റെ കളിയിലേക്ക് തിരിച്ചു പോകുന്നതാണ് സ്വാമിക്കും ശിഷ്യന്മാര്‍ക്കും നല്ലത് എന്ന് പറയാതിരിക്കാനാവില്ല.

അനീതിയും ദാരിദ്ര്യവും അടിച്ചമര്‍ത്തലും വിവേചനവുമാണ് നക്സലിസവും മാവോയിസവുമടക്കമുള്ള തീവ്രവാദങ്ങളെ ഉത്ഭവിപ്പിക്കുന്നതും വളര്‍ത്തുന്നതും. അവയെ നേരിടാനെന്ന പേരില്‍; ആദിവാസികളും ന്യൂനപക്ഷങ്ങളും ദളിതരുമടക്കമുള്ള ദരിദ്രജനവിഭാഗങ്ങളെ ആക്രാമകമായി നേരിടുകയും കൂടി ചെയ്യുമ്പോള്‍, തീവ്രവാദവും ഭീകരതയും വര്‍ദ്ധിക്കുകയും നിയന്ത്രണാതീതമായിത്തീരുകയും ചെയ്യുന്നു. ഇപ്പോള്‍, മുഖ്യ ചര്‍ച്ചാവിഷയമായിട്ടുള്ള ഭീകരതാവിരുദ്ധ കേന്ദ്രം പോലുള്ള, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ വീണ്ടും ഭീകരത വര്‍ദ്ധിപ്പിക്കുന്നതിലേക്കാണ് ആത്യന്തികമായി ചെന്നെത്തിക്കുക എന്ന് കണ്ണും കാതും തുറന്നു പിടിച്ച് ചരിത്രത്തെ നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യപ്പെടും.

ലോകവ്യാപകമായി, വിശേഷിച്ചും പാശ്ചാത്യ വികസിത രാഷ്ട്രങ്ങളില്‍ വിദ്യാഭ്യാസം സമ്പൂര്‍ണമായി സ്വകാര്യവത്ക്കരിക്കുകയോ, ലാഭത്തിന്റെ ശക്തികള്‍ക്ക് വിട്ടുകൊടുക്കുകയോ ചെയ്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അവിടത്തെ സ്വകാര്യവത്ക്കരണത്തിന്റെ വക്താക്കള്‍ പോലും വിദ്യാഭ്യാസത്തില്‍ തൊട്ടുകളിക്കാറില്ല. കാരണം, വരും കാല സമൂഹനിര്‍മിതി തന്നെ ശിഥിലീകരിക്കപ്പെടുകയും രാഷ്ട്രത്തിന്റെ ഭാവി തന്നെ അവതാളത്തിലാവുകയും ചെയ്യുകയായിരിക്കും അത്തരമൊരു നീക്കത്തിലൂടെ ചെന്നെത്തുന്ന വിപരിണാമങ്ങളെന്ന തിരിച്ചറിവ് ആ രാഷ്ട്രങ്ങളിലെ ചിന്തകര്‍ക്കും വിദ്യാഭ്യാസ വിചക്ഷണര്‍ക്കും ഭരണകൂടത്തിനുമുണ്ടെന്നതു തന്നെ. ഇന്ത്യയിലെ കൊട്ടിഘോഷിക്കപ്പെട്ട സ്വാശ്രയവിദ്യാഭ്യാസ രംഗം ഇന്ന് എത്രമാത്രം ഭീകരമായ പതനത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നത്, വിസ്തരഭയത്താല്‍ ഇവിടെ പരിശോധിക്കുന്നില്ല. യാതൊരു ദിശാബോധവുമില്ലാതെയും വിവരമില്ലാത്ത അധ്യാപകരാല്‍ നയിക്കപ്പെട്ടും അത്തരം വിദ്യാലയങ്ങളില്‍ വന്‍ കോഴ കൊടുത്ത് പഠിക്കുന്നവര്‍, വരും നാളുകളില്‍ ഭീകരരായി മാറി സ്വന്തം മാതാപിതാക്കള്‍, അധ്യാപകര്‍, സ്വാശ്രയകോളേജ് നടത്തിപ്പുകാര്‍ എന്നിവരെയൊക്കെയും വെടിവെച്ചു കൊല്ലാന്‍ വരെ സാധ്യതയുണ്ട്. അപ്പോള്‍ ആ ഭീകരതയെ സമാധാനിപ്പിക്കാന്‍ ശ്വാസവുമായി ശ്രീ ശ്രീ രവിശങ്കര്‍ ബാക്കിയുണ്ടാവണേ എന്നാശംസിക്കുന്നു.

4 comments:

paarppidam said...

ലോകനന്മയ്ക്കെന്നും പറഞ്ഞ് ഗുരുജി/മാതാജി/സ്വാമിനിയെന്നെല്ലാം (സമാനമായ അർഥം വരുന്ന വിശേഷണ പദങ്ങൾ അന്യംതസ്ഥരും ആൾദൈവങ്ങൾക്കായി ഉപയോഗിക്കുന്നു) ഉള്ള പദം ഉപയോഗിച്ച് കച്ചവടം നടത്തി കൊള്ളലാഭം ഉന്റാക്കുന്ന കോർപ്പറേറ്റ് മനുഷ്യരെ ഇനിയും വേന്റവൺനം തുറന്നു കാണിക്കുവാൻ സമൂഹം തയ്യാറാകുന്നില്ല. കള്ളത്തരം ഈ സംഭാഷണത്തിലൂടെ പുറത്തുവന്നു.

ശ്വസനക്രിയക്ക് പണം വാങ്ങി പെട്ടിയിലിടുന്നവന്റെ നാറിയ വർത്തമാനമനുസരിച്ച് നോക്കിയാൽ ദരിദ്ര-ദളിത് വിഭാഗങ്ങൾക്ക് സർക്കാരിന്റെ സൌജന്യ വിദ്യാഭ്യാസം ലഭിക്കുന്നതിണോടുള്ള അസഹിഷ്ണുത ഫീൽ ചെയ്യുന്നുണ്ട്.
സർക്കാർ സ്കൂളുകളെ അടച്ചാക്ഷേപിക്കുകയും സ്വകാര്യ കുത്തകകൾക്ക് ഓശാന പാടുകയും ചെയ്യുന്ന രവിശങ്കർ എന്തുകൊണ്ട് നക്സലിസം ശക്തിപ്രാപിക്കുന്നു എന്നതിന്റെ കാരണത്തിലേക്ക് പോകുന്നില. ഒരു പക്ഷെ സർക്കാർ സ്കൂളുകൾ കൂടെ ഇല്ലായിരുന്നെങ്കിൽ ആ പ്രദേശത്ത് എഴുത്തും വായനയും അറിയാതെ വിധേയപ്പെട്ടു ജീവിക്കുന്ന ഇരുകാലികൾ നിറയുമായിരുന്നു. സാദാരണ രീതിയിൽ മാനവ നന്മ മനുഷ്യത്വം ഈശ്വരത്വം തുടങ്ങിയ മഹദ് വാചകങ്ങൾ പറയുന്ന ഇത്തരം പരനാറി “ദിവ്യന്മാർ/ദിവ്യണികൾ” സ്ഥാപിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ ദരിദ്രർക്ക് അപ്രാപ്യമാണല്ലോ.

അവസരോചിതം ഈ പോസ്റ്റ്.

ഒരു കാര്യം കൂടെ ഓർമ്മിപ്പിക്കട്ടെ. മെഡിക്കൽ മുതൽ സാദാ നേഴ്സിങ്ങ് വരെ കോഴ്സുകൾക്ക് ക്യാപിറ്റേഷൻ എന്ന പേരിൽ ലക്ഷങ്ങൾ തൽക്ക് എണ്ണീവാങ്ങുന്നവരിൽ സവർണ്ണ ഫാ‍സിസ്റ്റുകൾ മാത്രമല്ല വിദ്യയെ വിറ്റു കാശാക്കുന്നതിൽ ന്യൂനപക്ഷങ്ങളും ഒട്ടും മോശമല്ലെന്ന് ഓരോ വർഷവും പുറത്തുവരുന്ന വിവിധ വാർത്തകളിൽ നിന്നും അറിയുന്നു.

ശ്രീജിത് കൊണ്ടോട്ടി. said...

ശക്തമായ പ്രതികരണം. അവസരോചിതമായ പോസ്റ്റ്‌.

anoopmon said...

നന്നായി, നല്ല ലേഖനം....
"കൊലവെറി നിര്‍ത്തി ശ്വാസ നിശ്വാസത്തിന്റെ കളിയിലേക്ക് തിരിച്ചു പോകുന്നതാണ് സ്വാമിക്കും ശിഷ്യന്മാര്‍ക്കും നല്ലത് എന്ന് പറയാതിരിക്കാനാവില്ല."
തീര്‍ച്ചയായും....

sreeraj said...

“I did not say all Govt schools (where lakhs study) breed Naxalism. Great talents have emerged from these schools & I would never generalize,” the Art of Living founder tweeted.

“I specifically referred to sick government schools in Naxal affected areas. Many who have turned to Naxalism have come from these schools,” he further tweeted, adding, “The Art of Living is running 185 free schools in such areas. I urge more institutions to join this effort to spread peace through education.”