-
ഐക്യ കേരള രൂപീകരണ/നിര്‍മാണത്തെ സന്ദിഗ്ധമാക്കുന്ന നിരവധി
പ്രതിനിധാനങ്ങളുടെ കുഴമറിച്ചിലുകളും, പരസ്പരവിരുദ്ധവും സങ്കീര്‍ണവുമായ
ആശ്ലേഷണ-വിശ്ലേഷണങ്ങളുംകൊണ്ട് സജീവവും ചടുലവുമായ ദൃശ്യ/ചലന ചിത്രങ്ങളാണ്
നോര്‍ത്ത് 24 കാതം എന്ന ന്യൂജനറേഷന്(?) സിനിമയിലുള്ളത്. പരിചിതരും
അപരിചിതരുമായ നിരവധി ന്യൂജനറേഷന് അഭിനേതാക്കള്‍ക്കൊപ്പം, മലയാള സിനിമയിലെ
ഇരുത്തം വന്ന കാരണവര്‍ നെടുമുടി വേണുവും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം
സൂക്ഷ്മമായ പഠനം ആവശ്യപ്പെടുന്നുണ്ട്. അനില്‍ രാധാകൃഷ്ണന് മേനോന് എന്ന്
സ്വന്തം പേര് വിശദമായി രേഖപ്പെടുത്തുന്ന ആളാണ് സംവിധായകന്. സംഗീതസംവിധാനം
നിര്‍വഹിച്ചിരിക്കുന്നത് ഗോവിന്ദ് മേനോനും ഛായാഗ്രാഹകന്‍ ജയേഷ് നായരുമാണ്.
ജാതിപ്പേരും സവര്‍ണ-തറവാടിത്തവും ഘോഷണം ചെയ്യുന്നതിനായിട്ടാണ് ന്യൂജനറേഷന് കാലത്തും ഇത്തരം പേരുകള്‍ കെട്ടിയുണ്ടാക്കിയിരിക്കുന്നതെന്നു കരുതാവുന്നതാണ്. ""ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍"" (ഇടശ്ശേരി). എഴുപതുകളില്‍ നാടകക്കളരിയിലൂടെയും കവിതാചൊല്‍ക്കാഴ്ചകളിലൂടെയും ആര്‍ട്ട്/മധ്യവര്‍ത്തി സിനിമകളിലൂടെയും സജീവമായ കലാജീവിതം ആരംഭിച്ച നെടുമുടി വേണു അടക്കമുള്ള പുതുമുറക്കാര്‍ (അക്കാലത്തെ) ജാതിപ്പേര് അഥവാ ജാതിവാല് സധൈര്യം ഉപേക്ഷിച്ചിരുന്നു. കേരളീയ സമൂഹം മുറിച്ചിട്ട ആ വാല് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, ചങ്കൂറ്റത്തോടെ എടുത്തണിയുന്നവരുടെ പുതുമയെ നവപ്പഴമ എന്നു വിളിക്കാവുന്നതാണ്.
നോര്‍ത്ത് 24 കാതം മുഴുവനും നാം നടന്നും ഓടിയും വണ്ടിപിടിച്ചും വണ്ടിയില്‍ നിന്നിറക്കി വിടപ്പെട്ടും എല്ലാം യാത്ര പൂര്‍ത്തിയാക്കിയാല്‍ എത്തിച്ചേരുന്നത് ഒരു നവപ്പഴമാ സ്ഥല-കാലത്തിലേക്കായിരിക്കും എന്നതാണ് വിധി. മുതിര്‍ന്നവര്‍/ചെറുപ്പക്കാര്‍, പുരുഷന്/സ്ത്രീ, ഐടിക്കാര്‍/സാധാരണക്കാര്‍, വൃത്തിബോധം അമിതമായുള്ളവര്‍/അങ്ങനെയല്ലാതെ നോര്‍മലായുള്ളവര്‍, കേരളത്തിനകത്തുള്ള മലയാളികള്‍/മറുനാടന്‍ മലയാളികള്‍, മലയാളികള്‍/മലയാളികളല്ലാത്തവര്‍, രാഷ്ട്രീയ-ചരിത്രബോധമുള്ളവര്‍/അല്ലാത്തവര്‍ എന്നിങ്ങനെ പലതരം വൈരുധ്യങ്ങളും ദ്വന്ദ്വങ്ങളും ആണ് നോര്‍ത്ത് 24 കാതത്തിലെ കഥാപാത്രവ്യതിരിക്തതകള്‍. ആഗോളവത്ക്കരണകാലത്ത് സാധാരണമായിക്കഴിഞ്ഞ ചില ജോലികളായ ഐടി പ്രോഗ്രാം ഡിസൈനിങ്ങും എന്‍ജിഒ ലേബല്‍ സാമൂഹ്യ സേവനവും യഥാക്രമം നടത്തുന്നവരാണ് മുഖ്യ കഥാപാത്രങ്ങളായ ഹരികൃഷ്ണനും (ഫഹദ് ഫാസില്‍), നാരായണി എന്ന നാണി (സ്വാതി റെഡ്ഡി)യും. തുല്യ പ്രാധാന്യത്തോടെയുള്ള പഴമുറക്കാരനായ നെടുമുടി വേണുവിന്റെ എണ്‍പത്തിനാലു വയസ്സുള്ള കഥാപാത്രമാകട്ടെ മുന്‍പ് പൊതുപ്രവര്‍ത്തകനായിരുന്നു എന്നു മാത്രമേ അറിയുന്നുള്ളൂ. മൂപ്പത്തിയാര് എന്ന് അയാള്‍ വിളിക്കുന്ന ഭാര്യ പ്രൈമറി സ്കൂള്‍ അധ്യാപികയായിരുന്നു എന്ന് അയാള്‍ തന്നെ പരിചയപ്പെടുത്തുന്നുണ്ട്. അയാളുടെ പേര് ചിത്രത്തിലുടനീളം വ്യക്തമാകുന്നേയില്ല. സഖാവ് എന്നാണ് ടൈറ്റില്‍ കാര്‍ഡില്‍ കൊടുത്തിരിക്കുന്നത്. വിക്കിപ്പീഡിയയില്‍ ഗോപാലേട്ടന് എന്നും ചുമര്‍പോസ്റ്ററില്‍ ഗോപാലകൃഷ്ണേട്ടന്‍ എന്നും ഇയാളുടെ പേര് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍, അത് ചിത്രത്തിലെവിടെയെങ്കിലും ഉച്ചരിക്കുന്നതായി കേള്‍ക്കുന്നില്ല. വര്‍ത്തമാനകാല മലയാള സിനിമയില്‍ ഇത്തരമൊരു പ്രധാന കഥാപാത്രത്തിന്റെ പേര് ഡിഫോള്‍ട്ടായി വരുക, മിനിമം നായരെങ്കിലും എന്നു തോന്നിപ്പിക്കുന്ന സവര്‍ണ ഹിന്ദുവിന്റേതായിട്ടായിരിക്കും എന്നതിനാല്‍ പേരിന്റെ മറിമായങ്ങളില്‍ അസ്വാഭാവികത തോന്നേണ്ടതുമില്ല. അയാളും ഭാര്യയും ഇപ്പോള്‍ പാര്‍ടിയിലുണ്ടോ എന്ന് വ്യക്തമല്ല/അല്ലെങ്കില്‍ ഇല്ല എന്നായിരിക്കും വ്യക്തം.
ബേപ്പൂരില്‍ ഇറങ്ങി രാമനാട്ടുകരയിലേക്ക് ഓട്ടോയില്‍ പോകുന്ന വഴി, തങ്ങള്‍ ഒളിവിലിരുന്നതും പിന്നീട് പാര്‍ടിക്ക് ആപ്പീസായി വിട്ടുകൊടുത്തതുമായ കെട്ടിടം അയാള്‍ നാണിക്കും ഹരിക്കും കാണിച്ചു കൊടുക്കുന്നുണ്ട്. ഭാര്യയുടെ മൃതശരീരത്തില്‍ പുതപ്പിക്കാനായുള്ള അരിവാളും ചുറ്റികയും അങ്കിതമായ ചെങ്കൊടി പാര്‍ടി ആപ്പീസില്‍നിന്ന് സെക്രട്ടറി അല്ല കൊണ്ടു വരുന്നത്. അയാളുടേതോ അവരുടേതോ ആയ, പുരാവസ്തുമൂല്യമുള്ള തരം കാല്പ്പെട്ടിയില് ഭദ്രമായി മടക്കി വച്ചിരുന്ന കൊടിയാണയാള്‍ എടുത്തു കൊണ്ടു വന്ന് പുതപ്പിക്കുന്നത്. തന്റെ ഭാര്യയുടെ മൃതദേഹത്തില്‍ പുതപ്പിക്കാനുള്ള ചെങ്കൊടി കൊണ്ടുവരാന്‍ തക്കവിധത്തില്‍ നിലവാരമുള്ള ഒരു പാര്‍ടി ആപ്പീസ് ഇക്കാലത്തില്ല/ഉണ്ടാവില്ല എന്ന തിരിച്ചറിവോടെ ചെങ്കൊടി വീട്ടിലെ കാല്പ്പെട്ടിയില് സൂക്ഷിച്ചിരിക്കയാണയാള്‍. അയാളും അയാളുടെ ഭാര്യയും അവരുടെ പ്രത്യയശാസ്ത്രവും പ്രത്യയശാസ്ത്രത്തോടും മനുഷ്യ സമൂഹത്തോടും ഉള്ള പ്രതിബദ്ധതയും ജീവിത സമീപനങ്ങളും എല്ലാം പുരാവസ്തു ആയിക്കഴിഞ്ഞു എന്നതായിരിക്കണം വ്യംഗ്യം. അയാള്‍ തന്നെ ഒരു മ്യൂസിയം പീസ് ആര്‍ടാണ്. അയാളെ സുരക്ഷിതമായി കോഴിക്കോട്ടുള്ള വീട്ടില്‍ ഭാര്യയുടെ മൃതശരീരത്തിനും സുഹൃത്ത് മൊയ്തീനും പിന്നെ നിരവധി അയല്‍ക്കാര്‍ക്കും അടുത്തെത്തിക്കുന്നതോടെ തങ്ങളുടെ നിയോഗം അവസാനിച്ചു എന്നു മനസ്സിലാക്കി സ്ഥലം കാലിയാക്കുകയും ഭക്ഷണം കഴിക്കാനാരംഭിക്കുകയും ചെയ്യുന്ന ഹരിയും നാണിയും അപ്രകാരം ധ്വനിപ്പിക്കുന്നുമുണ്ട്. മൂപ്പത്തിയാരുടെ മൃതദേഹം ദൃശ്യങ്ങളിലെവിടെയും കാണിക്കുന്നില്ല. അവര്‍ ഒളിവിലിരുന്നതും പിന്നീട് പാര്‍ടി ആപ്പീസായതുമായ കെട്ടിടം പോലെ ആ മൃതദേഹവും കഥാപാത്രങ്ങളുടെ മുഖഭാവങ്ങളില്‍നിന്ന് കാണിക്ക് ഊഹിച്ചെടുക്കുകയേ നിവൃത്തിയുള്ളൂ. പ്രത്യക്ഷ ദൃശ്യത്തിനു പകരം പരോക്ഷ പ്രതിനിധാനമായി പാര്‍ടി ആപ്പീസും, മരിച്ച ആദര്‍ശാത്മക സഖാവ്/വനിത/ഭാര്യയും കടന്നു വരുന്നത് അവയുടെ എതിര് പ്രതിനിധാനങ്ങളെ - ആദര്‍ശരാഹിത്യം, കാപട്യം, അഴിമതി - ആരോപിച്ച് ഉറപ്പിച്ചെടുക്കാനുമാണ്. ആദര്‍ശാത്മകവ്യക്തിത്വങ്ങളും ആദര്‍ശ രാഷ്ട്രീയവും അന്യംനിന്നു പോയിരിക്കുന്നു എന്ന ഫ്യൂഡല്‍ നിര്‍മിത നൊസ്റ്റാള്‍ജിയയാണിവിടെ പതിവുപോലെ വേവുന്നത്.
പെര്ഫെക്ഷനിസ്റ്റും ജോലിയില്‍ മികവു പുലര്‍ത്തുന്നയാളും ആയ ഹരികൃഷ്ണന് വ്യക്തിശുചിത്വം പാലിക്കുന്നതില്‍ അമിത ശ്രദ്ധാലുവാണ്. സവര്‍ണ നാടുവാഴിത്ത കാലത്തുണ്ടായിരുന്ന ജലപ്പിശാച് ബാധിച്ചവരെപ്പോലെയാണിയാളുടെ പെരുമാറ്റം. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ പഴയകാലത്തെ അമിതവൃത്തി ബോധത്തിന്റെ ഒരു നവ്യാവതാരം ആണിയാള്‍. കാലത്ത് കൃത്യം നാല് അമ്പതിന് എണീറ്റ് ബ്രഷു കൊണ്ടും പേസ്റ്റു കൊണ്ടും മൗത്ത് വാഷ് കൊണ്ടും പല്ലു തേച്ചതിനും കുലുക്കുഴിഞ്ഞതിനും ശേഷം, ലഘു യോഗാസനങ്ങളും ഏകാന്ത ചിരിക്ലബ്ബുമാണ് അയാളുടെ ചര്യകള്‍. കമ്മോഡ് മുഴുവന്‍ ക്ലീനിങ് ദ്രാവകം തളിച്ച് തുടച്ചെടുത്തതിനു ശേഷം ടോയ്ലറ്റ് പേപ്പര്‍ കൊണ്ട് വീണ്ടും തുടച്ച് അത് വിരിച്ചതിനു ശേഷമാണ് അയാള്‍ കക്കൂസില്‍ മലവിസര്‍ജനം നടത്തുക. തൂക്കത്തിലും അളവിലും കൃത്യമാക്കിയതു പോലെ ഇഡ്ഡലിയും സാമ്പാറും ചട്ണിയും ഭക്ഷിക്കുന്നതിനു മുമ്പ് എന്തെങ്കിലും മോശമായ ഗന്ധം ഉണ്ടോ എന്ന് മൂക്ക് കൊണ്ട് മണത്തു പരിശോധിക്കുന്നു. വീട്ടില്‍ തന്നെ അമ്മയും അച്ഛനും സഹോദരനും അടക്കമുള്ള ആരെയും അയാള്‍ വിശ്വാസത്തിലെടുക്കുന്നില്ല. അച്ഛന് പ്രോഗ്രാമിങ്ങിലെ വിശേഷം ചോദിക്കുമ്പോള്‍ അതിന് വിശദമായതും ചടുലമായതുമായ മറുപടി പറയുന്ന അയാള്‍ അച്ഛന് ഒന്നും പിടികിട്ടുന്നില്ല എന്ന വിവരം സഹോദരന് പറയുമ്പോഴാണറിയുന്നത്. അത് മനസ്സിലാക്കുമ്പോള്‍ അയാള്‍ക്ക് ദേഷ്യം വര്‍ധിക്കുന്നു. ഓരോ പ്രാവശ്യം സംസാരിക്കുമ്പോഴും നമ്മുടെ എനര്‍ജി നഷ്ടമാകുന്നുണ്ടെന്നും അതിനാല്‍ അനാവശ്യമായി സംസാരിക്കരുതെന്നുമുള്ള ആരോഗ്യ തത്വം അയാള്‍ ഉരുക്കഴിക്കുന്നു. പിന്നീട് ആപ്പീസിലെത്തുമ്പോഴാകട്ടെ കാര്യങ്ങള്‍ കൂടുതല്‍ ഗൗരവമാകുന്നു. അയാളിരിക്കുന്ന സീറ്റിലോ ക്യാബിനിലോ മറ്റാരും ഇരിക്കാന്‍ പാടുള്ളതല്ല. വാഷ്റൂമിന്റെ വാതില്‍ തുറക്കാനായി പിടിയില്‍ പിടിച്ചാലും വെള്ളത്തിന്റെ ടാപ്പ് തുറന്നാലും കൈയിന്മേലേക്കും വിരലുകളിലേക്കും രോഗാണു കയറുമോ എന്നാണയാളുടെ ശങ്ക. ഒബ്സസ്സീവ് കമ്പല്‍സീവ് ഡിസോഡര്‍(ഒസിഡി) എന്ന അസുഖമാണ് ഹരിയുടേത് എന്നും അനുമാനിക്കാം.
ഐടി കമ്പനിയുടെ വിജയത്തിനു പിന്നിലെ മുഖ്യ ശക്തി അയാളാണ് എന്ന ആനുകൂല്യം ഉണ്ടെങ്കിലും സഹപ്രവര്‍ത്തകര്‍ക്ക് അയാളെ തീരെ സഹിക്കാനാവുന്നില്ല. രാത്രിയിലെ പാര്‍ടിയില്‍ മദ്യം പോയിട്ട് ശീതളപാനീയം പോലും അയാള്‍ തൊടുന്നില്ല. ഐടി/ആഗോളവത്ക്കരണകാലത്ത് എല്ലാവരും (ചെറുപ്പക്കാരെങ്കിലും) ഒരു പോലെയായിരിക്കും എന്നും ആയിരിക്കണം എന്നുമുള്ള സാമാന്യബോധമാണിവിടെ സങ്കല്‍പിക്കപ്പെട്ടിരിക്കുന്നതെന്നു കാണാം. ഹരിയുടെ അനുജനായ, ശ്രീനാഥ് ഭാസി അഭിനയിക്കുന്ന റേഡിയോ ജോക്കിയുടേതുപോലെയുള്ള തെറിച്ചതായി തോന്നിപ്പിക്കുകയും പുതിയ അധികാര/അധീശത്വ/വിനോദ വ്യവസ്ഥകളെ പുനരുത്പാദിപ്പിക്കുകയും ചെയ്യുന്ന അടിമകളാണ് കാലത്തിനനുയോജ്യം എന്നാണ് വിവക്ഷ. അതില്‍നിന്ന് വഴിമാറിനടക്കുന്നവര്‍ എത്ര പ്രസക്തിയുള്ളവരാണെങ്കിലും മനോരോഗികളായി ചിത്രീകരിക്കപ്പെടുന്നു. ഹരികൃഷ്ണനും നേരിടുന്നത് സമാനമായ വിധിയാണ്. ഒരു ദിവസമെങ്കില്‍ ഒരു ദിവസം ഹരിക്കിട്ട് ഒരു പണി കൊടുക്കണമെന്ന ഉദ്ദേശത്തോടെയാണ് തിരുവനന്തപുരത്ത് നടക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി അയാളെ നിര്‍ബന്ധിച്ച് ട്രെയിന്‍ ടിക്കറ്റ് എടുത്തു പറഞ്ഞയക്കുന്നത്. ഈ യാത്രയാണ് കാര്യങ്ങളാകെ തകിടം മറിക്കുന്നത്.
തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയിലെ തേര്‍ഡ് എ സി കമ്പാര്‍ടുമെന്റിലെ അയാള്‍ക്കനുവദിച്ചിരുന്ന ലോവര്‍ ബര്‍ത്തില്‍ അയാള്‍ കയറേണ്ട എറണാകുളം സ്റ്റേഷനു മുമ്പ് ഒരു സ്ത്രീ കയറിക്കിടന്നിരുന്നു. വിരിപ്പും പുതപ്പും തലയണയും അവര്‍ ഉപയോഗിച്ചു കഴിഞ്ഞതിനാല്‍ അയാള്‍ക്ക് അവിടെ നീണ്ടു നിവര്‍ന്നു കിടക്കാനാവുന്നില്ല. ഒരു മൂലയില്‍ ഇരുന്ന് നേരം വെളുപ്പിക്കാനായിരുന്നു അയാളുടെ പദ്ധതി. അതിനിടയില്‍ കൊല്ലത്തെത്തിയപ്പോഴാണ് തൊട്ടപ്പുറത്തുള്ള സീറ്റിലെ യാത്രക്കാരന് (നെടുമുടി) ഫോണ്‍ കാള്‍ വരുന്നത്. ഭാര്യ അത്യധികം രോഗബാധിതയാണെന്ന, സുഹൃത്തും അയല്‍വാസിയും ആയ മൊയ്തീന്റെ ഫോണ്‍ കേട്ടയുടനെ സഖാവിന് തല കറങ്ങുന്നു. വൃത്തിശുചിത്വത്തില്‍ അമിത ശ്രദ്ധാലുവായ ഹരി അയാളെ താങ്ങാനോ പിടിച്ചെഴുന്നേല്‍പ്പിക്കാനോ തയ്യാറാവുന്നില്ല. അപ്പര്‍ ബെര്‍ത്തിലുണ്ടായിരുന്ന നാരായണി അവിടേക്ക് ഡൈവ് ചെയ്തിറങ്ങിയാണ് സഖാവിനെ പിടിച്ച് നേരെയിരുത്തുന്നത്. പിന്നീട് സഖാവും നാരായണിയും സഖാവിന്റെ വീടുള്ള രാമനാട്ടുകരയിലേക്ക് തിരിച്ചു പോകാനായി അടുത്ത സ്റ്റേഷനായ പരവൂരിലിറങ്ങുന്നു. ഇതിനിടയില്‍, സഖാവിന്റെ മൊബൈല്‍ ഫോണ്‍ താഴെ വീണിരുന്നു. മൊയ്തീന്റെ അടുത്ത വിളി എടുക്കുന്നത് ഹരിയാണ്. ഭാര്യ മരിച്ചു എന്ന വിവരമാണ് അയാള്‍ അറിയിക്കുന്നത് എന്ന് ഹരിയുടെ മുഖഭാവത്തില്‍നിന്ന് വ്യക്തമാകും. ഉടനെ അയാളും പരവൂരില്‍ ചാടിയിറങ്ങുന്നു. ഫോണ്‍ സഖാവിന് തിരിച്ചേല്പ്പിച്ചാല്, ഭാര്യയുടെ മരണം അദ്ദേഹത്തിന് താങ്ങാനാവുമോ എന്നറിയാത്തതിനാല്‍ അത് കൊടുക്കാനാവാതെ ഹരിയും അവരെ രാമനാട്ടുകരയിലേക്ക് അനുഗമിക്കുകയാണ്. തെക്കോട്ടാരംഭിച്ച കേരളയാത്ര വടക്കോട്ടേക്കാക്കേണ്ടി വന്നതിന്റെ ഗതിമാറ്റം കൂടിയാണ് നോര്‍ത്ത് 24 കാതത്തിലെ ധ്വനികള്‍. കേരളത്തിന്റെ വികസനാനുകൂല്യങ്ങള്‍ തെക്കുള്ളവര്‍ക്കാണ് ലഭ്യമായിരിക്കുന്നത് എന്ന ആരോപണവും തെക്കുള്ളവരേക്കാള്‍ മനുഷ്യത്വമുള്ളവര്‍ വടക്കുള്ളവരാണ് എന്ന ഊഹവും പരോക്ഷമായി തൊടുത്തുവിടുന്നുണ്ടീ സിനിമയില്‍. ചാപ്പാക്കുരിശിനു ശേഷം മൊബൈല്‍ ഫോണ്‍ പ്രധാന കഥാപാത്രമാകുന്ന ഒരു മലയാള സിനിമാ സന്ദര്‍ഭമാണിത്. ചാപ്പാകുരിശിലേത് അത്യന്താധുനിക സൗകര്യങ്ങളുള്ള ഐ ഫോണായിരുന്നുവെങ്കില്‍ നോര്‍ത്ത് 24 കാതത്തില് നോക്കിയയുടെ ബേസിക് ഫീച്ചറുകളുള്ള 1100 എന്ന സാധാരണ ഫോണാണ്. വയസ്സനും സഖാവുമായ കഥാപാത്രത്തിന് യോജിച്ച ഫോണ്‍. പരിപ്പുവട/കട്ടന്‍ ചായ ശൈലിയുടെ മൊബൈല്‍ ഫോണ്‍ പ്രതിനിധാനം എന്നും പറയാം. ചാപ്പാകുരിശില്‍ ഫോണ്‍ നഷ്ടപ്പെടുന്നത് പണക്കാരനും കൊച്ചിക്കാരനുമായ ന്യൂജനറേഷന് ചെറുപ്പക്കാരന് അര്ജുന് സാമുവലിനും(ആ വേഷം ചെയ്തതും ഫഹദ് ഫാസില്‍ തന്നെ); ലഭിക്കുന്നത് വടക്കന്‍ കേരളക്കാരനും മുസ്ലിമുമായ സാധാരണതൊഴിലാളി അന്‍സാരി(ഡിപ്പാര്‍ട്മെന്റ് സ്റ്റോറിലെ സെയില്‍സ് മാന്‍/വിനീത് ശ്രീനിവാസന്)ക്കുമാണ്. ലഭിക്കുന്നയാളുടെ മാനസികവും സാമുദായികവും രാഷ്ട്രീയപരവും ലിംഗപരവുമായ അസഹിഷ്ണുതകളും അരക്ഷിതത്വങ്ങളും അനിശ്ചിതത്വങ്ങളും നിസ്സഹായതകളും പ്രതികാരവാഞ്ഛകളും എല്ലാം പരിഹരിക്കാനുള്ള ഒരു ഒറ്റമൂലിയായിട്ടാണ് ആ ഫോണിനെ അയാള്‍ പരിഗണിക്കുന്നത്.
അര്‍ജുന്റെ ഫോണ്‍ എന്നത് പുതിയ അധികാരലബ്ധിയും തനിക്ക് ചുറ്റുമുള്ളതും തന്നെ ഇന്നേവരെ അടിച്ചമര്‍ത്തുകയും വേട്ടയാടുകയും ഒറ്റപ്പെടുത്തുകയും ചെയ്തു കൊണ്ടിരുന്ന സമൂഹത്തെ കുറച്ചു നേരത്തേക്കെങ്കിലും നിയന്ത്രിക്കാനുള്ള ഒരു ഉപാധിയുമായി അന്‍സാരിക്ക് അനുഭവപ്പെടുന്നു. അത്രയും സ്ഥല-കാലത്തേക്ക് അതയാളുടെ ദൈവം പോലുമാണ്. നോര്‍ത്ത് 24 കാതത്തിലാവട്ടെ തികച്ചും വ്യത്യസ്തമായ പ്രതിനിധാനങ്ങളാണ് മൊബൈല്‍ ഫോണിനുള്ളത്. പുതിയ മോഡലിനു പകരം ഏറ്റവും പഴയതും ബേസിക്കുമായ മോഡല്‍. ചാപ്പാകുരിശില്‍ എറണാകുളത്തുള്ള ആള്‍ക്കാണ് ഫോണ്‍ നഷ്ടപ്പെടുന്നതെങ്കില്‍ ഇവിടെയത് രാമനാട്ടുകര(രാമനാട്ടുകര മലപ്പുറം ജില്ലയിലല്ലേ എന്ന ചോദ്യത്തിന് കോഴിക്കോട് ജില്ലയില്‍ മലപ്പുറത്തിന്റെ അതിര്‍ത്തിയില്‍ എന്ന വിശദീകരണം ശ്രദ്ധേയമാണ്/തെക്കു നിന്നായാലും കിഴക്കു നിന്നായാലുമുള്ള ദേശീയ പാതകള്‍ കോഴിക്കോട്ടേക്ക് പ്രവേശിക്കുന്നയിടമാണ് രാമനാട്ടുകര)ക്കാരനാണ്. എറണാകുളത്തുകാരനാണ് ഫോണ്‍ ലഭിക്കുന്നതെന്ന വിശേഷവുമുണ്ട്. ചാപ്പാകുരിശിലത് തലശ്ശേരിക്കാരനായിരുന്നു. അവിടെ രണ്ടു പേരും ചെറുപ്പക്കാരായിരുന്നെങ്കില്‍, ഇവിടെ നഷ്ടപ്പെട്ടയാള്‍ എണ്‍പത്തിനാലുകാരനും കിട്ടിയയാള്‍ ഇരുപതുകളിലുള്ളയാളും. ചാപ്പാകുരിശില്‍ ഫോണ്‍ ലഭിക്കുന്ന കഥാപാത്രത്തിന്റെ കൈയില്‍ സ്വന്തമായുണ്ടായിരുന്ന ഫോണ്‍ നോക്കിയയുടെ തന്നെ ബേസിക്ക് മോഡല്‍, ബോഡി അഴിഞ്ഞു പോകാതിരിക്കാന്‍ എപ്പോഴും റബര്‍ ബാന്റിട്ട് വച്ചതുമായിരുന്നു. നോര്‍ത്ത് 24 കാതത്തിലാകട്ടെ, ഫോണ്‍ ലഭിക്കുന്ന ഹരി സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളാണ്. പിന്നീട്; കൊല്ലം കെഎസ്ആര്‍ടിസി സ്റ്റാന്റിലിരിക്കവെ, നാരായണി അവളുടെ ഫോണില്‍ ചാര്‍ജ് തീരുമ്പോള്‍ അവന്റെ ഫോണ്‍ ചോദിക്കുമ്പോള്‍ തനിക്ക് ഫോണില്ല എന്നവന് തെളിച്ചുപറയുന്നതിലൂടെ ഇത് കൂടുതല്‍ വ്യക്തമാക്കുന്നുമുണ്ട്. എന്ത്? എന്നാണ് ദേഷ്യത്തോടെയും പകപ്പോടെയും പരിഹാസത്തോടെയും സഹതാപത്തോടെയും നാരായണി ഈ ഫോണില്ല എന്ന മറുപടിയോട് പ്രതികരിക്കുന്നത്. ഇക്കാലത്ത്, അതും ന്യൂജനറേഷന് ലുക്കുള്ള ഐടിക്കാരനായ ഒരു ക്ലീന്‍ ഷേവ് ചെറുപ്പക്കാരന് മൊബൈല്‍ ഫോണില്ലാതെ ജീവിക്കുകയോ!
ഹരികൃഷ്ണനാകട്ടെ മൊബൈല്‍ ഫോണില്ലാതിരിക്കുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. അതൊന്നും അയാള്‍ വ്യക്തമാക്കുന്നില്ലെങ്കിലും അയാളുടെ സ്വഭാവസവിശേഷതകള്‍ പരിശോധിച്ചാല്‍ നമുക്ക് ബോധ്യപ്പെടും. ഒന്നാമതായി, സുഹൃദ്/പ്രണയ/രക്ത ബന്ധങ്ങളൊന്നും സാമ്പ്രദായികമായി നിലനിര്‍ത്താന്‍ താല്പര്യമുള്ള ആളല്ല അയാള്‍. സ്വന്തം വ്യക്തിത്വം, വ്യക്തി ശുചിത്വം, ആരോഗ്യം, ദിനചര്യകള്‍, മൂല്യങ്ങള്‍ എന്നിവയില്‍ അമിതമായ ആഭിമുഖ്യവും കൃത്യതയും വിശ്വാസവും അതുകൊണ്ടുതന്നെ സംശയങ്ങളും ഉള്ള സ്വയം കേന്ദ്രീകൃതനായ ഒരു സവര്‍ണ-പുരുഷ യൗവനമാണയാളുടേത്. ഏറിയും കുറഞ്ഞും പുതിയ തലമുറക്കാര്‍, അതും ഐടിക്കാര്‍ ഇങ്ങനെത്തന്നെയായിരിക്കും എന്നാണ് സംവിധായകന് പിന്തുടരുന്ന പൊതുബോധം എന്നും കരുതാം. ഇതുകൊണ്ടാണ് ഹരി സ്വന്തമായി ഫോണ്‍ കൊണ്ടു നടക്കാത്തത്. മാത്രമല്ല, അയാള്‍ സ്വന്തമായി ഒരു ഫോണ്‍ കൊണ്ടു നടന്നിരുന്നു എന്നു കരുതുക. ഈ ചിത്രത്തില്‍ കാണുന്നതുപോലുള്ള അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അത് മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യേണ്ടിവരും. അവരുടെ കൈകളിലും ചെവിയിലും വായിലുമുള്ള രോഗാണുക്കളും ദുഷിച്ച വായുവും അതിലേക്ക് സംക്രമിക്കുമെന്നതിനാല്‍ ആ റിസ്ക് ഒഴിവാക്കാന്‍ ഫോണ്‍ കൊണ്ടു നടക്കാതിരിക്കുന്നതല്ലേ ബുദ്ധി എന്നാവും ഹരി തീരുമാനിച്ചിട്ടുണ്ടാവുക. വീട്ടില്‍ തന്നെ ഉദ്ദേശിച്ചു വരുന്ന ലാന്റ് ഫോണ്‍ കോളുകള്‍പോലും അയാള്‍ സ്വീകരിക്കുന്നില്ല. തെറിച്ചുനടക്കുന്ന റേഡിയോ ജോക്കിയായ സഹോദരനും (ശ്രീനാഥ് ഭാസി) വക്കീലായ അമ്മ(ഗീത)യും കൈകാര്യം ചെയ്യുന്ന ഫോണ്‍ എങ്ങനെ വിശ്വസിച്ച് തൊടും? ചെവിക്കും വായക്കും അടുത്തുവയ്ക്കും? കേള്‍ക്കും? സംസാരിക്കും? രാവിലെ ഓഫീസിലേക്ക് പുറപ്പെടുന്നതിനു മുമ്പ് സ്വന്തം മുറി വൃത്തിയാക്കി, വേലക്കാരി അവിടേക്ക് കടക്കേണ്ട എന്ന ഉത്തരവ് കല്പ്പിച്ചിട്ടാണ് അയാള്‍ പോകുന്നതുതന്നെ.
ചാപ്പാക്കുരിശിലെന്നതു പോലെ, നോര്‍ത്ത് 24 കാതത്തിലും ഹാന്റ് സെറ്റ് എന്ന ഹാര്‍ഡ് വെയറല്ല അതിന്റെ പ്രാതിനിധ്യത്തെ രൂക്ഷമാക്കുന്നത്. ചാപ്പാക്കുരിശിലെ ഐ ഫോണില്‍, ഫോണിന്റെ ഉടമസ്ഥനായ അര്ജുന് സാമുവല്‍(ഫഹദ് ഫാസില്‍) അയാളുടെ കീഴ്ജീവനക്കാരി(രമ്യാ നമ്പീശന്)യുമായി നടത്തിയ ലൈംഗികബന്ധത്തിന്റെ ക്ലിപ്പിങ്ങുണ്ടായിരുന്നു. അത് ഫോണ്‍ കിട്ടിയ ആള് കാണുമോ? യുട്യൂബ് വഴി വൈറലാക്കുമോ എന്നൊക്കെയായിരുന്നു അയാളുടെ ഭീതി. എന്തോ കാര്യം അയാളെ ബേജാറാക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ മറ്റേയാളാകട്ടെ അത് വച്ച് മുതലാക്കുകയുമാണ്. ഇവിടെയാകട്ടെ, ഫോണ്‍ സഖാവിന് കൈമാറിക്കഴിഞ്ഞാല്‍ മൊയ്തീന്റെ വിളി വീണ്ടും വരുകയും ഭാര്യയുടെ മരണവിവരം അയാളറിയുകയും ചെയ്യും. അതൊഴിവാക്കാനായിട്ടാണ് ഫോണ്‍ തിരിച്ചേല്‍പ്പിക്കാതിരിക്കുകയും കൈയിലുണ്ടെന്ന കാര്യം മറച്ചുവയ്ക്കുകയും ചെയ്തുകൊണ്ട് ഹരി സഖാവിനെയും നാണിയെയും പിന്തുടരുന്നത്. സ്വാത്മകേന്ദ്രീകൃതനായ ഹരിക്ക് മറ്റു മനുഷ്യജീവികളോടുള്ള മനോഭാവം മാറ്റിയെടുക്കാനും അതിലൂടെ അയാളെ സാമൂഹ്യവത്ക്കരിക്കാനുമുള്ള സംവിധായകന്റെ ഉപകരണമാണ് മൊബൈല്‍ ഫോണ്‍. മൂന്നു പ്രധാന കഥാപാത്രങ്ങളുടെയും ആത്മവ്യക്തിത്വത്തിനതീതമായ സാമൂഹിക ബോധം വിന്യസിപ്പിച്ചിരിക്കുന്നതെപ്രകാരമാണെന്ന് നോക്കുക. ഹരികൃഷ്ണന് തനിക്ക് ചുറ്റുമുള്ള സമൂഹത്തെ -കുടുംബം, ഓഫീസ്, മറ്റു ജനങ്ങള്‍- ഭയപ്പാടോടെയും അകല്‍ച്ചയോടെയും കാണുന്നു. സഖാവ് തികച്ചും സ്നേഹത്തോടെയും വിശ്വാസത്തോടെയും സമഭാവത്തോടെയും എല്ലാവരെയും കാണുന്നു; പക്ഷെ, അയാള്‍ പഴയ തലമുറക്കാരനാണ്, അതിനാല്‍ അത്തരം സാമൂഹ്യ ബോധക്കാര്‍ ഇനിയുള്ള കാലത്ത് അപ്രസക്തരാണ് എന്നും ധ്വനിപ്പിച്ചതായി കരുതാം. നാരായണിക്ക് സഹജീവി സ്നേഹവും പക്വതയും എല്ലാമുണ്ട്; പക്ഷേ, അവള് സര്‍ക്കാരിതര സംഘടന(എന്‍ജിഒ)യില്‍ പ്രതിഫലത്തിന് സാമൂഹ്യ സേവനം നടത്തുന്നവളാണ്. പേരില്‍ പഴക്കച്ചുവ ഉള്ളതുതന്നെ പഴമക്കാര്‍ക്കു മാത്രമുള്ള സാമൂഹ്യ പ്രതിബദ്ധതയെ ഭംഗ്യന്തരേണ ഓര്‍മിപ്പിക്കാനുമാവും. പരവൂരില്‍ വണ്ടി തിരിച്ചിറങ്ങിയ അവരെ കാത്തുനിന്നത് ഹര്‍ത്താല്‍ എന്ന സ്ഥിരകേരള പ്രതിഭാസമാണ്. മഴക്കാലത്തെക്കുറിച്ച് പറയുമ്പോള്‍, പ്രതികൂല കാലാവസ്ഥ എന്നാണ് സ്വാഗതപ്രാസംഗികരും നന്ദിക്കാരും വിശേഷിപ്പിക്കാറുള്ളത്. ഇക്കുറിയത്തെ മഴ കാണുമ്പോള്‍ ആരും മനസ്സിലൊന്ന് ചെടിക്കുമെങ്കിലും പ്രകൃതിയുടെ അനുഗ്രഹമായ മഴയെ ഇപ്രകാരം പൈശാചികവത്ക്കരിച്ചുകൊണ്ടാണ് സാഹിത്യ-രാഷ്ട്രീയ-സാംസ്കാരിക-വിദ്യാഭ്യാസ സദസ്സുകള്‍ ആരംഭിക്കുകയും സമാപിക്കുകയും ചെയ്യാറുള്ളത് എന്നത് എന്തൊരു വിരോധാഭാസമാണ്! എന്തായാലും സര്‍ക്കാര്‍ ഔദ്യോഗിക വിചാരങ്ങളില്‍ ഇതിന് ചെറിയ ഒരു മാറ്റം കഴിഞ്ഞ കാലത്തുണ്ടായി. ടൂറിസമാണ് ഭാവി എന്ന ചിന്താഗതി ഔപചാരികമായിക്കഴിഞ്ഞതിനാല്‍; മഴക്കാലത്ത് ടൂറിസം വ്യാപിപ്പിച്ച് ദൈവത്തിന്റെ സ്വന്തം രാജ്യം എന്ന കേരള ടൂറിസ വാണിജ്യം ബലപ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടു. ഇതിനോട് അനുബന്ധമായി, ടൂറിസം/ആഭ്യന്തരമന്ത്രിയോട് ഒരു പത്ര പ്രതിനിധി ഇപ്രകാരം ചോദിക്കുകയുണ്ടായി. മഴക്കാല ടൂറിസം വ്യാപിപ്പിച്ചതുപോലെ, ഹര്‍ത്താല്‍ നിത്യപ്പതിവായിക്കഴിഞ്ഞ സംസ്ഥാനത്ത് ഹര്‍ത്താല്‍ ടൂറിസവും ഏര്‍പ്പെടുത്തിക്കൂടേ എന്നായിരുന്നു ചോദ്യം. അത്തരമൊരു ആലോചന ഇപ്പോള്‍ സര്‍ക്കാരിനില്ല എന്ന സാങ്കേതികമായ സര്‍ക്കാര്‍ ഭാഷ്യമായിരുന്നു മന്ത്രിയുടെ മറുപടി. സമരരൂപം എന്ന നിലയില്‍ നിന്ന് ഹര്‍ത്താല്‍, കേവലമൊരു അനുഷ്ഠാനവും ആഘോഷവുമായിക്കഴിഞ്ഞു എന്ന കാമ്പുള്ളതെങ്കിലും അരാഷ്ട്രീയ മാനങ്ങളുള്ള പരിഹാസമാണ് നോര്‍ത്ത് 24 കാതത്തിന്റെയും പ്രേരണകളിലൊന്ന്. ഹര്‍ത്താല്‍ ദിനം യാത്രയുടെ പുനര്‍ജനിനൂഴലായി; അതായത് നടത്തം, തീവണ്ടി, ഓട്ടോ, ബസ്, മോട്ടോര്‍ ബൈക്ക്, വഞ്ചി, ജീപ്പ്, ആംബുലന്‍സ്, ടെമ്പോ, കാര്‍, ബോട്ട്/പത്തേമാരി എന്നിങ്ങനെ മുഴുവന്‍ സഞ്ചാരരീതികളും കൂട്ടിഘടിപ്പിച്ചിരിക്കുകയാണീ സിനിമയില്‍. ഹര്‍ത്താലില്‍ വണ്ടികളൊന്നും മര്യാദക്കും ക്രമത്തിലും ഓടില്ല, കടകള്‍ തുറക്കില്ല, ജീവിതം സ്തംഭിക്കുന്നു എന്ന യാഥാര്‍ഥ്യത്തെ വക്രീകരിച്ചുകൊണ്ട് കേരളത്തിന്റെ ഭൂമിശാസ്ത്രവും സാംസ്കാരിക-രാഷ്ട്രീയ ചരിത്രവും കീഴ്മേല്‍ മറിക്കുകയാണ് നോര്‍ത്ത് 24 കാതം ചെയ്യുന്നത്. പരവൂരില്‍നിന്ന് കൊല്ലത്തേക്ക് ഓട്ടോറിക്ഷക്കാരന് അമിതമായ ചാര്‍ജ് ഈടാക്കുന്നു എന്നു മാത്രമല്ല, വഴിയിലിറക്കി വിടുകയും ചെയ്യുന്നു. കൊല്ലത്തുനിന്ന് ആലപ്പുഴക്കുള്ള കെഎസ്ആര്‍ടിസി ബസ് വഴിയില്‍ ആക്സിലൊടിഞ്ഞ് കട്ടപ്പുറത്താകുമ്പോള്‍ ഇനിയെങ്ങിനെ ഇന്ന് കോഴിക്കോട്ടെത്തും എന്ന ചോദ്യത്തിന് കണ്ടക്ടര്‍ കൊടുക്കുന്ന മറുപടി ഇപ്രകാരമാണ്. നേരെ നടന്നോ, കായലിലെത്തി കപ്പല്‍ കയറുകയേ നിവൃത്തിയുള്ളൂ. അപ്രകാരം ഒരു കപ്പല്‍ സര്‍വീസ് നിലവിലില്ല എന്നിരിക്കെ, അത് കേട്ട പാതി കേള്‍ക്കാത്ത പാതി മൂന്നുതരക്കാരായ ഹരി, നാണി, സഖാവ് എന്നിവര്‍ വച്ചു പിടിക്കുന്നു. അവര്‍ക്ക് വഴിയിലുണ്ടാകുന്ന വിചിത്രമായ അനുഭവങ്ങളിലൂടെ ഹര്‍ത്താല്‍ദിന കേരളത്തെയും അതുവഴി കേരളത്തെ തന്നെയും കീറി മുറിച്ച് പരിഹസിക്കുകയാണ് ചിത്രം ചെയ്യുന്നത്. അതിവേഗ പാതക്കും മറ്റുംമറ്റുമായി പോരടിക്കുന്ന കേരളത്തെ കായലും നാട്ടുവഴിയും കാടുമായി വേറിട്ടു വിടര്‍ത്തിക്കാട്ടുകയാണ് ഹര്‍ത്താല്‍ എന്ന ഗതാഗതരഹിതവും വാണിജ്യരഹിതവുമായ സ്ഥലകാലത്തെ പകര്‍ത്തുന്നതിലൂടെ സംവിധായകന് ചെയ്യുന്നത്. പത്തൊമ്പതിന് ഹര്‍ത്താലാണ് എന്ന വിവരം ഹരിയുടെ അമ്മ വക്കീലും അവരുടെ ജൂനിയറും നേരത്തെ തന്നെ പത്രദ്വാരാ അറിയുകയും കോടതിയില്‍ അതിനുള്ള മുന്‍കരുതല്‍ ആരംഭിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, എന്താണീ ഹര്‍ത്താലിന് കാരണം എന്ന രാഷ്ട്രീയ ചോദ്യത്തിന് ഹരിയുടെ അച്ഛന് (തലൈവാസല്‍ വിജയ്) പെട്രോളിന്റെ വിലക്കയറ്റം പോലുള്ള ഉത്തരങ്ങള്‍ കൊടുക്കുന്നുമുണ്ട്. ഇങ്ങനെയായിട്ടും ഹരി ഈ വിവരം അറിയുന്നില്ല. ഒന്നാമത് ഏകാന്ത ചിരിക്ലബ്ബു പോലുള്ള ദിനചര്യകളുണ്ടെന്നല്ലാതെ പത്രം അതും മലയാള പത്രം അയാള്‍ വായിക്കുന്നതായി കാണിക്കുന്നില്ല. അപ്പോള്‍ അയാള്‍ക്ക് ഹര്‍ത്താല്‍ ബാധകമല്ലല്ലോ! മാത്രവുമല്ല, ഹര്‍ത്താല്‍ ദിവസം കമ്പനി വണ്ടിയില്‍ ഓഫീസിലെത്തുന്ന മുഴുമൊട്ടയായ പ്രൊഫഷണല്‍ സ്വയം പങ്കുവയ്ക്കുന്നത് ഈ ഹര്‍ത്താല്‍ ഐടിക്കാര്‍ക്കും പൊലീസുകാര്‍ക്കും മാത്രം ബാധകമല്ല എന്ന സങ്കടമാണ്. അത്തരമൊരു ഹര്‍ത്താല്‍ദിനത്തിന് മകള്‍ക്ക് തുല്യമായ സ്ഥാനത്തുള്ള ഒരു കുട്ടിയുടെ സര്‍ട്ടിഫിക്കറ്റ് ശരിയാക്കാന്‍ തിരുവനന്തപുരത്തെത്തുന്ന വിധത്തില്‍ സഖാവിനെപ്പോലെ, രാഷ്ട്രീയ-കാലിക-ചരിത്ര ബോധ്യമുള്ള ഒരാള്‍ എന്തിന് പുറപ്പെട്ടു എന്ന കാര്യം അവ്യക്തമായി തുടരുന്നു.
ഇപ്പോള്‍ പ്രചാരത്തിലില്ലാത്ത ദൂരനിയമമായ കാതത്തിന് (പതിനാറ് കിലോമീറ്റര്‍) ശീര്‍ഷകത്തില്‍ കൊടുത്തിരിക്കുന്ന ഊന്നലിനു പുറമെ സംഭാഷണത്തിലൂടെ വിശദീകരിക്കുന്നുമുണ്ട്. ആധുനിക നിയമങ്ങളും ഗതാഗത സൗകര്യങ്ങളും അപ്രസക്തമായാല്‍ കാതം പോലെ അന്യംനിന്നുപോയ അടിസ്ഥാനങ്ങള്‍ പുനരവതരിപ്പിക്കപ്പെടും എന്നുമാവാം ധ്വനി. കണ്ടക്ടറുടെ വീണ്‍വാക്കു കേട്ട് കായല്‍ക്കരയിലെത്തുന്ന അവര്‍ മീന്‍പിടുത്തക്കാരനായ വഞ്ചിക്കാരനെയാണ് ആദ്യം കണ്ടുമുട്ടുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തില്‍ അത്യാവശ്യക്കാരായവരെ സാധാരണക്കാര്‍ സഹായിക്കും എന്ന പൊതു വിശ്വാസത്തെ അട്ടിമറിച്ചുകൊണ്ട് പണം വാഗ്ദാനം ചെയ്യുമ്പോള്‍ മാത്രമാണയാള്‍ അവരെ കടത്തിവിടുന്നത്. കാരണോര്‍ക്ക് വിവരമുണ്ട് എന്നാണയാള്‍ പറയുന്നത്. ഓട്ടോറിക്ഷക്കാരന്, കണ്ടക്ടര്‍, മീന്‍ പിടുത്തക്കാരന് എന്നിങ്ങനെ സാധാരണ തൊഴിലാളികളൊക്കെയും പിടിച്ചുപറിക്കാരോ വഴി തെറ്റിക്കുന്നവരോ ഉത്തരവാദിത്തമില്ലാത്തവരോ സാമൂഹിക പ്രതിബദ്ധതയില്ലാത്തവരോ ആയിക്കഴിഞ്ഞു എന്നത്, അവരുടെ തൊഴില്‍ സ്വത്വത്തെയും സംഘടനാ ബന്ധ/ബന്ധരാഹിത്യത്തെയും വിചാരണ ചെയ്യുന്ന വിലയിരുത്തലാണ്. ഇതിന്റെ തുടര്‍ച്ചയായി തന്നെയാണ്; പാര്‍ടി ആപ്പീസില് നിന്നെന്നതിനു പകരം കാല്പ്പെട്ടിയില് മടക്കിയടക്കി വച്ച ചെങ്കൊടി കൊണ്ട് സഖാവിന്റെ ഭാര്യക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതായി കാണിക്കുന്നതും. കള്ളുഷാപ്പില്‍ കപ്പയും മീനും കഴിക്കാന്‍ കയറുന്ന അവര്‍ ആമേനിലുള്ളതുപോലെ ഗ്രാമീണ സുരഭിലവും നാട്ടുവഴക്കങ്ങളാല്‍ ചേതോഹരവുമായ കാഴ്ചയൊന്നും കാണുന്നില്ലെന്നു മാത്രമല്ല, ബൈക്കോടിച്ചെത്തിയ ഏതാനും യുവാക്കളുടെ വഞ്ചനക്ക് കീഴ്പ്പെടുകയും ചെയ്യുന്നു. എന്താണ് നടന്നതെന്ന് വ്യക്തമാകുന്നില്ലെങ്കിലും ഇടയില്‍നിന്ന് ഷോര്‍ട്ട് കട്ടാണെന്നു തെറ്റിദ്ധരിപ്പിച്ച് വഴി മാറ്റിവിട്ട ചെക്കനൊരുവനെ നാരായണി അടിച്ചോടിക്കുകയാണ് ചെയ്തതെന്നു വേണം കരുതാന്‍. കള്ളുഷാപ്പില്‍ കയറിയപ്പോള്‍, സ്വാതന്ത്ര്യ സമരകാലത്തെ കള്ളുഷാപ്പ് തൊഴിലാളികളെ സംഘടിപ്പിക്കാനെത്തിയ താനും മദ്യവിരുദ്ധ സമരത്തിനെത്തിയ മൂപ്പത്തിയാരും തമ്മില്‍ കണ്ടു മുട്ടിയതും പ്രണയിച്ചതും സഖാവിന് ഗൃഹാതുരസ്മരണയോടെ ഓര്‍ത്തെടുക്കാനായി എന്നതു മാത്രം മിച്ചം. പിന്നീടവര്‍ ചില ടിപ്പിക്കല്‍ കഥാപാത്രങ്ങളെയാണ് പരിചയപ്പെടുന്നത്. വിടുവായന്മാരും വിഡ്ഢികളുമായ പൊലീസുകാരും മന്ത്രിയും അനുചരന്മാരും; ഭാഷയറിയില്ലെങ്കിലും പരസ്പരം പ്രേമിച്ച് കുഴയുന്ന തമിഴ്നാട്ടുകാരനും(പ്രേംജി അമരന്) ഗുജറാത്തിലെ കച്ച് സ്വദേശിയായ ഭാര്യയും(കനി); ദുബായില്‍ ജോലി ചെയ്യുകയും സ്ഥിരമായി നാട്ടിലെത്തി ഭാര്യയില്‍ പ്രത്യുല്പാദനം നടത്തി പ്രസവത്തിന് ലീവിലെത്തുകയും ചെയ്യുന്ന ചാവക്കാട്ടുകാരനായ മുസ്ലിം പ്രവാസി(ചെമ്പന്‍ വിനോദ്) (കാര്യമായ വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും ഗള്‍ഫില്‍ പോയി മണല്ക്കാട്ടില് ചോര നീരാക്കി നാട്ടില്‍ മടങ്ങിയെത്തുന്ന ഒരു പ്രവാസിയോട് കസ്റ്റംസ് ഓഫീസര്‍ മുതല്‍ ടാക്സിക്കാരനും അമ്പല/പള്ളിക്കമ്മിറ്റി പിരിവുകാരും പുലര്‍ത്തുന്ന അതേ പുച്ഛമനോഭാവമാണ് തിരക്കഥാകൃത്തു കൂടിയായ സംവിധായകനും കാണിക്കുന്നത്/വൃത്തിരാക്ഷസന്റെ വടക്കു നോക്കി യാത്ര/മാറ്റിനി/കെ കെ രാഗിണി/ഡൂള്‍ ന്യൂസ്. കോം); തുള വീണ ബനിയനിട്ട് നടക്കുകയും കീറിയ തോര്‍ത്ത് മുണ്ട് കൊണ്ട് കക്ഷം തുടക്കുകയും ചെയ്യുകയും ത്രിമൂര്‍ത്തികള്‍ക്ക് കോഴിക്കോട്ടെത്തണം എന്ന ആവശ്യം കേട്ട ഉടനെ വീതി കൂടിയ ബെല്‍റ്റിലെ അറ തുറന്ന് മൊബൈലെടുത്ത് വിളിച്ച് മീന്‍ പിടുത്ത ബോട്ടില്‍ കയറ്റിവിടുകയും ചെയ്യുന്ന അമ്മോസാക്ക(അമ്മായിയപ്പന്); കൂളിങ് ഗ്ലാസുകാരായ ബോട്ടുകാര് എന്നിങ്ങനെ വേറെയും തമാശക്കാര്‍ നിറയെയുണ്ട്.
ഗുജറാത്തിന്റെ ഒരു റഫറന്‍സ് ഇക്കാലത്തെ പല സിനിമകളിലും (കാഴ്ച, ഇമ്മാനുവല്‍, ആഗസ്ത് ക്ലബ്, മുംബൈ പോലീസ്) സ്ഥിരമായിട്ടുണ്ട്. പ്രചരിപ്പിക്കുമ്പോലെ ഗുജറാത്തില്‍ കുഴപ്പമൊന്നുമില്ല; എല്ലാം സമാധാനമാണ്; എല്ലാം വികസനമാണ് എന്നു ധ്വനിപ്പിക്കുന്നതിനാണ് ഇത്തരം വരവുപോക്കുകള്‍ ഘടിപ്പിച്ചു വിടുന്നത്. അമിത ഉപഭോഗത്തിന്റെയും പരിസ്ഥിതി മലിനീകരണത്തിന്റെയും തീരാവ്യാധിയനുഭവിക്കുന്ന നഗരങ്ങള്‍ക്ക് ആശ്വാസത്തിന്റെ ഒരു ദിനമാണ് അപൂര്‍വമായി വീണുകിട്ടുന്ന ബന്ദ്(ഹര്‍ത്താല്‍). നഗരത്തിന് അത്യന്താപേക്ഷിതമായ, എന്നാല്‍ നിഷേധിക്കപ്പെടുന്ന, സമ്പൂര്‍ണ വിശ്രമത്തിന്റെ അവസരമാണ് ബന്ദ്. നഗരത്തിന്റെ ധമനികളില്‍ വിഷപ്പുക നിക്ഷേപിക്കുന്ന വാഹനങ്ങള്‍ അന്ന് ബന്ധിക്കപ്പെടുന്നു. പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നത് അന്തസ്സിന് ചേര്‍ന്നതല്ലെന്ന് കരുതുന്ന ഒരു വിഭാഗമുള്ള നമ്മുടെ നാട്ടില്‍ ഒരു പക്ഷേ, വിധി കൊണ്ടെത്തുന്ന കാര്‍ഫ്രീ ദിനങ്ങളാണ് ബന്ദു ദിവസങ്ങള്‍.
ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്റ്റിവിറ്റിക്ക്(ജിഡിപി - മൊത്ത ആഭ്യന്തര ഉത്പാദനം) പകരം ഗ്രോസ് ഡൊമസ്റ്റിക് ഹാപ്പിനെസ് (ജിഡിഎച്ച്- മൊത്ത ആഭ്യന്തര സന്തോഷം) വര്‍ധിപ്പിക്കുന്ന ബന്ദുകള്‍ വ്യവസ്ഥാപിതമാക്കാനുള്ള വഴികള്‍ തേടേണ്ടതാണ്. ഒരു ജൈവ വ്യവസ്ഥയായ നഗരത്തിന് അത്യന്താപേക്ഷിതമായ ഉപവാസമാണ് ബന്ദ്. അത് നഗരത്തെ ശാരീരികമായും ആത്മീയമായും ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. (ബന്ദ്, പരിസ്ഥിതി - എസ് ഫൈസി (മാതൃഭൂമി ദിനപത്രം).
ആധുനികീകരണത്തിലൂടെ പുരോഗമിച്ച ഗതാഗതവഴികളിലൂടെ ഏകീകരിച്ച കേരളം ഹര്‍ത്താല്‍ദിനത്തില്‍ ഉടഞ്ഞു പല നാടുകളും നാട്ടുവഴികളുമായി പിരിയുകയും വടക്കുനിന്ന് തെക്കോട്ട് എന്നതിനു പകരം തെക്കുനിന്ന് വടക്കോട്ട് എന്ന് പിറകോട്ട് സഞ്ചരിക്കുകയും ചെയ്യുകയാണ് സിനിമയില്‍. വടക്കുനിന്ന് തെക്കോട്ട് കെട്ടിപ്പടുത്ത കേരളത്തെ പുനഃക്രമീകരിച്ച്, വടക്കുള്ള (ഉണ്ടായിരുന്ന) മനുഷ്യസ്നേഹവും ആത്മാര്‍ഥതയും ആദര്‍ശാത്മകതയും പരിചയപ്പെടാന്‍ ആഹ്വാനം ചെയ്യുകയാണ് നോര്‍ത്ത് 24 കാതം. കാതം എത്ര കിലോമീറ്ററാണെന്ന ഫോര്‍മുല കൃത്യമായറിയാവുന്ന ഹരി തന്നെയാണ് അത്യാവശ്യമായപ്പോള്‍ വടക്കു നോക്കിയന്ത്രവുമുണ്ടാക്കുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലെ അരിപ്പൊടി യന്ത്രത്തിന്റെ തുടര്‍ച്ചയായ ഈ വടക്കു നോക്കിയന്ത്രം, യുവജനോത്സവകലാപ്രതിഭകള്‍ക്കും മിമിക്രിക്കാര്‍ക്കുമെന്നതിനു പകരം സ്കൂള്‍ ശാസ്ത്രമേളയുടെ പരിസരത്തേക്ക് മലയാള സിനിമയെ കൊണ്ടു ചെന്നെത്തിക്കുന്നു. ക്യൂബ് പോലെ, കുറച്ചു സമയമെടുത്ത് തല പുകച്ച് പരിഹരിക്കാവുന്ന ഒരു ആധുനിക കളി(പസ്സില്‍) എന്ന വിധത്തിലാണ് ന്യൂ ജനറേഷന് സിനിമാക്കാര് തങ്ങളുടെ ചലച്ചിത്രത്തെ സങ്കല്‍പ്പിക്കുന്നത്. അത്തരത്തിലൊരു കളി തന്നെയാണ് നോര്‍ത്ത് 24 കാതവും.
Wednesday, October 30, 2013
നവപ്പഴമയുടെ വടക്കുതെക്കുകള്‍
Subscribe to:
Post Comments (Atom)
5 comments:
സിനിമയുടെ കലാമുല്യം, നടിനടന്മാരുടെ അഭിനയ തികവ് ,ചിത്രീകരണത്തിന്റെ പൂർണത ,മിഴിവ്, കഥ ,അത് പറഞ്ഞ രീതി ,നൂറു രൂപ മുടക്കുമ്പോൾ രണ്ടര മണിക്കൂർ വേറെ ചിന്തകളില്ലാതെ സിനിമ ആസ്വദിക്കാൻ പറ്റുന്നുണ്ടോ ,ഇവ അല്ലാതെ സാധാരണ പൊതു ജനങ്ങൾക്ക് വേറെ ഇതിൽ ഉന്നയിച്ച പലകാര്യങ്ങളിലും വലിയ ബോധമുണ്ടെന്ന് തന്നെ തോന്നുന്നില്ല ..ആ പടം കണ്ടു,... കൊള്ളാം എനിക്കിഷ്ടപ്പെട്ടു ..ഫാമിലി എന്ജോയ് ചെയ്തു ...പോയി കണ്ടുകൊള്ളൂ ...അല്ലെങ്കിൽ കൂതറ പടം കാശു പോയിതീർക്കാവുന്ന ..വെറുതെ കാശു കളയണ്ട...കഴിഞ്ഞു ...ഞാനടക്കമുള്ള എണ്‍പത് ശതമാനം മലയാളികളുടെ സിനിമ ബോധം ..
Pramod Raveendran:- ">>ഫാമിലി എന്ജോയ് ചെയ്തു ...പോയി കണ്ടുകൊള്ളൂ ...അല്ലെങ്കിൽ കൂതറ പടം കാശു പോയിതീർക്കാവുന്ന ..വെറുതെ കാശു കളയണ്ട...കഴിഞ്ഞു ...ഞാനടക്കമുള്ള എണ്‍പത് ശതമാനം മലയാളികളുടെ സിനിമ ബോധം ..<<
അത്തരം എന്റർടൈൻന്മെന്റുകളെ മിനി സ്ക്രീൻ "ഔധാര്യമായി തരുന്നുണ്ടല്ലോ" 6.pm to 10 pm every malayalam include india's all over language channels :- താലിമാല , അമ്മ, കോപ്പ് ഹ്ചീപു കണ്ണാടി :- അങ്ങിനെ വമ്പന മെഗാ) അങ്ങിനെയെങ്ങിൽ അതിനയങ്ങു പ്രമോട്ട് ചെയ് സുഹൃത്തേ... ഇത്തരം "നായര്‍ കമ്മ്യൂണിസ്റ്റു സിനിമകളെ " ഫാമിലി എന്റെർതൈന്മേന്റ്റ് :ആസ്വദിക്കാൻ പറ്റുന്നുണ്ടോ എങ്കിൽ ഒ കെ :- ഒരു പാട് ചന്ദ്രശേഖരന്മ്മാർ മരിഛാലും "ഈ മാമിളി ഡ്രാമ ഇങ്ങനെ ഗൃഹാതുര "ന്യൂ ജെൻ" വഴികളിലൂടെ "കള്ളുഷാപ്പ് വഞ്ചി, ഹർത്താൽ" കോപ്പ് എന്നൂക്കെ പറഞ്ഞങ്ങു "ഫാമിലി" എന്നാ സാങ്കല്‍പ്പിക കൃതൃമ വീമ്പുകളിൽ അഭിരമിക്കുക സ്വാഭാവികം മാത്രമാണു
ആഭിനന്ദനങൽ ജി പി
ആശംസകള്‍
Post a Comment