Sunday, March 29, 2015

സദാചാരം - ചില കുറിപ്പുകള്‍ 1 ആമുഖം
ധാര്‍മിക ജീവിതത്തിന് അത്യന്താപേക്ഷിതമായ ആചാരം എന്നും നീതിശാസ്ത്രം അനുശാസിക്കുന്ന ആചാരം എന്നും ചാരിത്ര പാലനം എന്നുമാണ് ശബ്ദസാഗര(മലയാള നിഘണ്ടു)ത്തില്‍ സദാചാരം എന്ന പദത്തിന് കൊടുത്തിരിക്കുന്ന അര്‍ത്ഥ വ്യാഖ്യാനങ്ങള്‍. മറഞ്ഞിരിക്കുന്നതോ തുറന്നിരിക്കുന്നതോ ആയ ഈ അര്‍ത്ഥവ്യാഖ്യാനങ്ങളിലൂടെ തന്നെ പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രമായി സദാചാരം ഇക്കാലത്തിനിടയില്‍ മാറിത്തീര്‍ന്നിരിക്കുന്നു.
വ്യക്തിക്കു മേല്‍ നിര്‍ദേശിക്കപ്പെടുന്ന കുറെയധികം മൂല്യങ്ങളും പ്രയോഗത്തിന്റെ നിയമങ്ങളും ആണ് സദാചാരം എന്ന പ്രത്യയശാസ്ത്രം.കുടുംബം, വിദ്യാഭ്യാസം, മതം, ജാതി, പള്ളി, പൊലീസ്, കോടതി, രാഷ്ട്രീയ കക്ഷികള്‍, സാമൂഹ്യ സംഘടനകള്‍, സമുദായ നേതൃത്വം, കല, സിനിമ, സാഹിത്യം എന്നിങ്ങനെയുള്ള സ്ഥാപനങ്ങളുടെ ചികിത്സാ കുറിപ്പടികള്‍ വഴിയാണ് സദാചാരം നടപ്പില്‍ വരുന്നതും പ്രവര്‍ത്തനക്ഷമമാകുന്നതും.
ലൈംഗിക സദാചാര സംഹിതയുടെ പ്രത്യഘാതങ്ങള്‍ എറ്റവുമധികം വൈവിധ്യപൂര്‍ണമാണ് - വ്യക്തിപരവും വൈവാഹികവും കുടുംബപരവും, പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവും ആയി, ഇവയില്‍ ചില കാര്യങ്ങളില്‍ ഈ പ്രത്യാഘാതങ്ങള്‍ നല്ലതും മറ്റു ചിലവയില്‍ മോശവുമായേക്കും. പ്രകൃതി നല്‍കിയതു മാത്രമല്ല, സംസ്‌ക്കാരമായിത്തീര്‍ന്നതും - അതുയര്‍ന്നതോ താഴ്ന്നതോ ആവട്ടെ - ആയ ഘടകങ്ങള്‍ക്ക് ലൈംഗിക ജീവിതത്തില്‍ പങ്കുണ്ട്. സ്ത്രീ പുരുഷ ബന്ധങ്ങള്‍, സമ്പദ് ഘടനയും ശാരീരികാവശ്യവും തമ്മിലുള്ള സംയുക്തസ്വാധീനത്തിന്റെ വെറും പ്രകാശനമല്ല. ഇത്തരം ബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങളെ സമൂഹത്തിന്റെ സാമ്പത്തികാടിത്തറയുമായി ബന്ധപ്പെടുത്തി തത്ത്വശാസ്ത്രത്തില്‍ നിന്ന് പൂര്‍ണമായി വേര്‍പെടുത്തി പരിശോധിക്കാനുമാവില്ല. രണ്ടു പേര്‍ പ്രണയിക്കുകയും മൂന്നാമതൊരു വ്യക്തിക്ക് ജന്മം നല്‍കുകയും ചെയ്യുന്നത് സാമൂഹ്യമായ ഒരു സങ്കീര്‍ണ പ്രക്രിയയാണ്. ഇതില്‍ സമുദായത്തോടുള്ളതും സമുദായത്തിന് തിരിച്ച് വ്യക്തിയോ(കളോ)ടുള്ളതുമായ കര്‍ത്തവ്യങ്ങളുടെ തലങ്ങളുമുണ്ട്.
കണ്ടാലറക്കുന്ന ലജ്ജാഗോഷ്ഠികള്‍ക്കും ആര്‍ത്തി പൂണ്ട ഉള്ളിലിരിപ്പുകള്‍ക്കുമിടയിലായി പിളര്‍ന്നു പോയ കേരളീയരുടെ ലൈംഗിക കാമനകള്‍, സദാചാര-ക്രമ സമാധാനപ്രശ്‌നങ്ങള്‍ മാത്രമല്ല, സാമൂഹ്യ-രാഷ്ട്രീയ പ്രതിസന്ധിയുമാണെ് നാം തിരിച്ചറിയണം.
സാമ്പത്തികവും സൈനികവുമായ ഭൗതികാധിനിവേശത്തോടൊപ്പം കൊളോണിയല്‍ സമൂഹങ്ങളുടെ ആത്മീയചിന്താലോകങ്ങളെ കീഴ്‌പ്പെടുത്താന്‍ മിഷണറി പ്രവര്‍ത്തനങ്ങളെ കൈയാളായി നിയോഗിച്ച കൊളോണിയലിസം പക്ഷേ, കോളനികളില്‍ തികച്ചും പ്രയോജനമാത്രപരമായൊരു മൂല്യാധിനിവേശമാണ് സാധിച്ചത്. നഗ്നമായ പണാധിപത്യത്തോടും അതോടു ചേര്‍ന്ന വ്യഭിചാരവൃത്തികളോടുമൊപ്പം, യൂറോപ്പ് തന്നെയും കൈയൊഴിച്ച മധ്യകാല ക്രിസ്തീയ മൂല്യസംഹിതകളെ ഈ പിന്നോക്ക സാമൂഹിക ഘടനകള്‍ക്കു മേല്‍ പ്രതിപ്രവര്‍ത്തിപ്പിക്കുകയും ആധിപത്യത്തിന്റെ പുതിയൊരു പാഠം തീര്‍ക്കുകയുമാണവര്‍ ചെയ്തത്. കൊളോണിയല്‍ സമൂഹങ്ങള്‍ക്ക് തുടര്‍ന്ന് സ്വന്തം ഭൂതകാലത്തെ ഈ സങ്കരജീവിതസ്വത്വത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുക തന്നെ എളുപ്പമല്ലാതായിത്തീരുകയും ചെയ്യുന്നു. മാത്രവുമല്ല, ഒഴുകിപ്പോയ ചരിത്രകാലത്തെപ്പോലെ തന്നെ, അതതേപടി ഇനി തിരിച്ചുപിടിക്കുക അസാധ്യമായൊരു സങ്കല്‍പസ്വപ്നം മാത്രവുമാണ്. 

2 comments:

ajith said...

വന്നുവന്ന് സദാചാരമെന്ന വാക്ക് പോലും ഇപ്പോള്‍ അശ്ലീലമാണെന്ന് കരുതുന്ന അവസ്ഥയുമുണ്ട്

Cv Thankappan said...

ഒഴുകിപ്പോയ ചരിത്രകാലത്തെപ്പോലെ തന്നെ, അതതേപടി ഇനി തിരിച്ചുപിടിക്കുക അസാധ്യമായൊരു സങ്കല്‍പസ്വപ്നം മാത്രവുമാണ്.
ആശംസകള്‍