മനുഷ്യന്‍ കണ്ടു പിടിച്ച ഏറ്റവും വലിയ വിഡ്‌ഢിത്തമാണ് ജനാധിപത്യമെന്ന് മുസോളിനി വിശ്വസിച്ചിരുന്നു. അങ്ങനെയൊരു നിര്‍വ്വചനത്തോടെയാണ് ഫാസിസത്തെക്കുറിച്ചുള്ള ചര്‍ച്ച അദ്ദേഹം തുടങ്ങിയത്. അധികാരങ്ങളെല്ലാം ഒരാളില്‍ കേന്ദ്രീകരിക്കുന്ന ഫാസിസത്തിന് ഒരിക്കലും പിഴവു പറ്റില്ലെന്ന് മുസോളിനി പറഞ്ഞു. എന്നാല്‍, ഏതു മനുഷ്യനും തെറ്റു സംഭവിക്കാമെന്ന ചിന്തയാണ് ജനാധിപത്യത്തിന്റേത്. ഫാസിസം ഇത് അംഗീകരിക്കുന്നില്ല. രാഷ്ട്രീയത്തിലെന്ന പോലെ ഭാഷയിലും ജീവിതത്തിന്റെ സമസ്‌ത മേഖലയിലും ഫാസിസം സ്വാധീനിക്കുന്നു. അത് ആകര്‍ഷകമായ ഒരു തത്വമാണെന്ന് പലര്‍ക്കും തോന്നിപ്പോവുന്നു. നമ്മുടെ ജനാധിപത്യസമൂഹത്തില്‍ ഫാസിസം നുഴഞ്ഞു കയറി പ്രതിഷ്‌ഠിക്കപ്പെടുകയാണ്. അതിനെയെല്ലാം നമ്മള്‍ നിശബ്ദമായി അംഗീകരിച്ചു കൊണ്ടിരിക്കുന്നു. എപ്പോഴും കാതുകളടയ്‌ക്കുകയും ചുണ്ടുകള്‍ നിശബ്‌ദമാവുകയും നിര്‍ദ്ദേശങ്ങള്‍ക്കു മാത്രം കാതോര്‍ക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാക്കാന്‍ മനുഷ്യരെ മൂകരാക്കണമെന്ന് ഫാസിസം തിരിച്ചറിയുന്നു. വിദ്യാഭ്യാസം, ചരിത്രം, സംസ്‌കാരം, തത്വചിന്ത, നീതിവ്യവസ്ഥ, ദേശീയത, വിശ്വാസങ്ങള്‍, കല, സംസ്‌കാരം, മാധ്യമങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും ഫാസിസം സ്വാധീനമുറപ്പിക്കുന്നു. തീര്‍ച്ചയായും ഇരുപതാം നൂറ്റാണ്ടിനെ ചലിക്കുന്ന നൂറ്റാണ്ടായി ചരിത്രത്തിലടയാളപ്പെടുത്തിയ സിനിമയിലും ഫാസിസത്തിന്റെ കയ്യേറ്റങ്ങള്‍ സ്‌പഷ്‌ടമാണ്.
#fightfascism
No comments:
Post a Comment