Sunday, November 1, 2015

ഫാസിസവും സിനിമയും 3



ഹോളിവുഡ്‌ അധിനിവേശം എന്ന പരോക്ഷഫാസിസം
മുതലാളിത്തത്തിന്റെ വ്യവസ്ഥാപനത്തോടനുബന്ധിച്ചാണ്‌ സിനിമ എന്ന കലാരൂപം അഥവാ വ്യവസായരൂപം വികസിച്ചതും വ്യാപകമായതും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിന്റെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിന്റെയും മുതലാളിത്തത്തിന്റെ സവിശേഷതകള്‍ സിനിമാവ്യവസായത്തിന്റെ അടിസ്ഥാനശിലകള്‍ പാകി. സ്റ്റുഡിയോകള്‍,(കൊളമ്പിയ, ട്വന്റിയത്ത്‌ സെഞ്ച്വറി ഫോക്‌സ്‌, യുണൈറ്റഡ്‌ ആര്‍ടിസ്റ്റ്‌സ്‌, എംസിഎ/യുണിവേഴ്‌സല്‍, വാര്‍ണര്‍ ബ്രദേഴ്‌സ്‌, എംജിഎം, പാരമൗണ്ട്‌) വിതരണസംവിധാനം, പ്രദര്‍ശനസംവിധാനം, പരസ്യങ്ങള്‍, ലാഭം, മുതല്‍മുടക്ക്‌ എന്നിവ സിനിമയുടെ വ്യാപനവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ കൊളോണിയല്‍ ശക്തിയായ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‌ ഹോളിവുഡ്‌ സിനിമ നല്‍കിയ സാംസ്‌ക്കാരിക-രാഷ്‌ട്രീയ-സാമ്പത്തിക പിന്തുണ നിര്‍ണായകമാണ്‌. 1914ല്‍ ലോകചലച്ചിത്രപ്രേക്ഷകരില്‍ 85 ശതമാനവും അമേരിക്കന്‍ സിനിമകളാണ്‌ കണ്ടിരുന്നത്‌. 1925ല്‍ അമേരിക്കന്‍ ചിത്രങ്ങളാണ്‌ യുകെ, കാനഡ, അര്‍ജന്റീന, ആസ്‌ത്രേലിയ, ന്യൂസിലാന്റ്‌ എന്നീ രാജ്യങ്ങളിലെ 90 ശതമാനം ബോക്‌സാഫീസ്‌ വരുമാനവും ഫ്രാന്‍സ്‌, ബ്രസീല്‍, സ്‌കാന്‍ഡിനേവിയ എന്നീ രാജ്യങ്ങളിലെ 70 ശതമാനം ബോക്‌സാഫീസ്‌ വരുമാനവും നേടിക്കൊടുത്തിരുന്നത്‌. ശബ്‌ദചിത്രങ്ങള്‍-ടാക്കീസ്‌- വന്നപ്പോള്‍ ഇതില്‍ കുറെ കുറവുണ്ടായിട്ടുണ്ട്‌, എന്നാല്‍ ഹോളിവുഡിന്റെ ആധിപത്യം ഒരുകാലത്തും ചോദ്യം ചെയ്യപ്പെട്ടതേ ഇല്ല. 1960ലെ കണക്കനുസരിച്ച്‌, അന്നത്തെ സോഷ്യലിസ്റ്റേതര രാജ്യങ്ങളിലെ പകുതി തിയറ്ററുകളും ഹോളിവുഡ്‌ സിനിമകളാണ്‌ കാണിച്ചിരുന്നത്‌. പരിഷ്‌ക്കാരം, ജനാധിപത്യം, സദാചാരം, സ്‌നേഹം, ലൈംഗികത, പ്രതികാരം, സംരക്ഷണം എന്നീ പ്രതിഭാസങ്ങളൊക്കെ അമേരിക്കന്‍ നീതി ബോധത്തിന്റെ അടിസ്ഥാനത്തില്‍ ലോകവ്യാപകമായി സ്ഥാപനവല്‍ക്കരിച്ചെടുക്കാന്‍ ഹോളിവുഡ്‌ സിനിമ സഹായിച്ചു. ജെയിംസ്‌ ബോണ്ട്‌ സീരീസ്‌, റാംബോ-സില്‍വസ്റ്റര്‍ സ്റ്റാലന്‍, ഷ്വാര്‍സനെഗ്ഗര്‍-ട്രൂലൈസ്‌, ടെര്‍മിനേറ്റര്‍ എന്നീ ചിത്രങ്ങളൊക്കെ അമേരിക്കന്‍ അധീശത്വത്തെ ഉറപ്പിച്ചെടുക്കാന്‍ സഹായിച്ചു. ജൂറാസിക്‌ പാര്‍ക്‌, ജോസ്‌, ഏലിയന്‍, ക്ലോസ്‌ എന്‍കൗണ്ടേഴ്‌സ്‌ ഓഫ്‌ ദ തേര്‍ഡ്‌ കൈന്റ്‌, ഇന്‍ഡിപെന്റന്‍സ്‌ ഡേ, വാട്ടര്‍ വേള്‍ഡ്‌, ടൈറ്റാനിക്‌, സ്റ്റാര്‍ വാര്‍സ്‌ എന്നിങ്ങനെ വ്യാപാരവിജയം നേടിയ ഹോളിവുഡ്‌ ചിത്രങ്ങളൊക്കെ അമേരിക്കന്‍ അധീശത്വത്തിന്റെയും രക്ഷാകര്‍തൃത്വത്തിന്റെയും അപ്രമാദിത്വം തെളിയിക്കാനുള്ളതാണ്‌. 

#fightfascism

No comments: