Tuesday, November 17, 2015

ഫാസിസവും സിനിമയും 18


ഗ്രേറ്റ്‌ ഡിക്‌റ്റേറ്ററിന്റെ അവസാനരംഗത്ത്‌ നടത്തിയ  ഈ പ്രസംഗത്തിലെ അമിതമായ രാഷ്‌ട്രീയ ധ്വനികളാണ്‌ പില്‍ക്കാലത്ത്‌ മക്കാര്‍ത്തിയന്‍ കമ്യൂണിസ്റ്റ്‌ വേട്ടയുടെ കാലത്ത്‌ ചാപ്ലിനെ തിരിച്ചു വരാനാകാത്ത വിധത്തില്‍ അമേരിക്കയില്‍ നിന്ന്‌ നാടുകടത്തുന്നതിന്‌ പ്രേരകമായത്‌. ഹിറ്റ്‌ലര്‍ രണ്ടു തവണ ഈ സിനിമ കണ്ടെന്നും ഗീബല്‍സ്‌ ഒരിക്കല്‍ പോലും കാണാന്‍ കൂട്ടാക്കിയില്ലെന്നും പറയപ്പെടുന്നു. ചിത്രം കണ്ട്‌ പ്രകോപിതനായ ഹിറ്റ്‌ലര്‍ ചാപ്ലിന്‌ ജന്മം കൊടുത്ത ലണ്ടന്‍ നഗരം ചുട്ടുകരിക്കാന്‍ ആജ്ഞാപിച്ചതായി സ്ഥിരീകരിക്കപ്പെടാത്ത ഒരു കേട്ടുകേള്‍വിയുമുണ്ട്‌. അതിക്രൂരനായ ഹിറ്റ്‌ലറെ കേവലം ഒരു മന്ദനും ഭോഷനുമായി അവതരിപ്പിച്ചത്‌ തെറ്റായി എന്ന്‌ പിന്നീട്‌ ചാപ്ലിന്‍ പശ്ചാത്തപിച്ചിരുന്നു. അതെന്തായാലും, സിനിമയുടെ ചരിത്രത്തില്‍ മാത്രമല്ല ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത സ്ഥാനം എക്കാലത്തേക്കുമായി പിടിച്ചു വാങ്ങിയ മഹത്തായ സിനിമയായി ദ ഗ്രേറ്റ്‌ ഡിക്‌റ്റേറ്റര്‍ ജനാധിപത്യവിശ്വാസികള്‍ കണ്ടുകൊണ്ടേയിരിക്കും എന്നതാണ്‌ വസ്‌തുത.
#fightfascism

No comments: