Saturday, November 7, 2015

ഫാസിസവും സിനിമയും 9



കമന്ററിയില്ല എന്നൂറ്റം കൊള്ളുന്ന മറ്റേതൊരു അരാഷ്‌ട്രീയ ഡോക്കുമെന്ററിയിലേതിലുമെന്നതു പോലെ, പ്രത്യേക ചുവയുള്ള തരം എഴുത്തോടെയാണ്‌ 'ട്രയംഫ്‌ ഓഫ്‌ വില്‍? തുടങ്ങുന്നതെന്ന്‌ സൂസന്‍ സൊന്റാഗ്‌ ചൂണ്ടിക്കാണിക്കുന്നു. യാഥാര്‍ത്ഥ്യത്തിന്റെ വിജയം കണ്ടതും വിസ്‌ഫോടനാത്മകവുമായ ഒരു പരിവര്‍ത്തനത്തെ ഈ ചിത്രം സൂചിപ്പിക്കുന്നു - ചരിത്രം നാടകമായി മാറുന്നു. പിന്നീട്‌ ഇക്കാര്യം ലെനി റീഫന്താള്‍ തന്നെ ഭംഗ്യന്തരേണ സമ്മതിക്കുന്നുമുണ്ട്‌. നാസി സര്‍ക്കാര്‍ കമ്മീഷന്‍ ചെയ്‌ത ലെനിയുടെ എല്ലാ ഡോക്കുമെന്ററികളും ശരീരത്തിന്റെയും സമുദായത്തിന്റെയും പുനര്‍ജന്മത്തെ ആഘോഷിക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിന്‌ നിമിത്തമാകുന്നതാകട്ടെ, അപ്രതിരോധ്യനായ ഒരു നേതൃരൂപത്തിന്റെ ശക്തിസ്വരൂപവും. ഈ സിനിമകളിലെ സൗന്ദര്യത്തിന്റെയും രൂപഭംഗിയുടെയും പേരില്‍ പില്‍ക്കാലത്ത്‌ അവര്‍ വന്‍തോതില്‍ പ്രകീര്‍ത്തിക്കപ്പെട്ടു. ഇത്‌ നമ്മുടെ സൗന്ദര്യ സങ്കല്‍പങ്ങളുടെയും ലാവണ്യനിയമങ്ങളുടെയും നൈതികതയെ പരിശോധിക്കുന്നതിന്‌ പ്രേരിപ്പിക്കേണ്ടതുണ്ടെന്ന്‌ സൂസന്‍ സൊന്റാഗ്‌ നിരീക്ഷിക്കുന്നു. 
#fightfascism

No comments: